Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, June 23, 2011

വംശാധിപത്യം വിഴുങ്ങുന്നു! - സുകുമാര്‍ അഴീക്കോട്

ജനാധിപത്യത്തിന്റെ ജയഘോഷയാത്ര നടക്കുമ്പോള്‍ ഒരുപാട് കപടവേഷങ്ങളും അതില്‍ പങ്കെടുത്ത് ജനങ്ങളുടെ പ്രീതിയും ആദരവും നേടിയതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. രാജഭരണവും പ്രഭുഭരണവും അവസാനിപ്പിച്ചുകൊണ്ടാണ് ജനാധിപത്യം അധികാരത്തില്‍ ഏറിവന്നത്. പക്ഷേ, ജനങ്ങള്‍ വളരെ കരുതലോടെയിരുന്നില്ലെങ്കില്‍ ജനാധിപത്യത്തിന്റെ മറവില്‍ രാജാധിപത്യവും പതുക്കെപ്പതുക്കെ പ്രത്യക്ഷപ്പെടാവുന്നതാണ്. ഇന്ത്യയെ റിപ്പബ്ലിക് എന്ന് വിളിക്കുന്നതും അരചവാഴ്ച അവസാനിച്ചുവെന്നതിന്റെ വിളംബരമാണ്. നമ്മള്‍ മതേതരരാഷ്ട്രമാണ്. എങ്കിലും വര്‍ഗീയശക്തികളെ ഇവിടെ രാഷ്ട്രീയരംഗത്ത് അവഗണിച്ചുകൂടാ. നമ്മുടെ സോഷ്യലിസ്റ്റ് നാടാണ്. പക്ഷേ, ഇവിടെ സമ്പത്ത് കുന്നുകൂടുകയും പൊതുഉടമയിലുള്ള സ്ഥാപനങ്ങള്‍ പരാജയപ്പെടുകയും സ്വകാര്യസമ്പദ്വ്യവസ്ഥ ഏറിയേറി വരികയുമാണ് ചെയ്യുന്നത്. അതേപോലെ രാജാധിപത്യത്തിന്റെ ഒരു ലക്ഷണമായ വംശാധിപത്യം നമ്മുടെ ജനകീയ ഭരണരീതികളെ ആകെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ത്തന്നെ ലോക്സഭയില്‍ നൂറിലധികംപേര്‍ കുടുംബപാരമ്പര്യത്തിലൂടെ കടന്നുകൂടിയ പ്രതിനിധികളുണ്ട്.



ജവാഹര്‍ലാല്‍ നെഹ്റു ജനാധിപത്യസംരക്ഷണത്തില്‍ വളരെ ജാഗരൂകനായിരുന്നു. ഇന്ദിരാഗാന്ധി കടന്നുവന്നത് നെഹ്റു പോയ ദശയിലാണ്. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പഴകിയ ആളായിട്ടും അവര്‍ അംബാസഡറും ലോക്സഭാംഗവും ഗവര്‍ണറും മറ്റും ആയതല്ലാതെ കേന്ദ്രമന്ത്രിപദവിയില്‍ എത്തിയില്ല. വംശാധിപത്യം ആരംഭിച്ചത് ഇന്ദിരാഗാന്ധിയോടെയാണ്. ഈ ആരോഹണപരിപാടി അവര്‍ ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്തു. ഗാന്ധി എന്ന ഉപനാമം അവര്‍ കൈക്കൊണ്ടത് ഭര്‍ത്താവായ ഫിറോസ് ഗാന്‍ഡി (ഗാന്ധിയല്ല)യില്‍നിന്നാണ്. പക്ഷേ, ഗാന്ധിയുമായി ബന്ധപ്പെട്ടാണ് ലോകം ആ നാമത്തെ കണ്ടത്. ഗുജറാത്തിലെ വൈഷ്ണവ കുടുംബാംഗമായ ഗാന്ധിജിയെവിടെ, പാഴ്സിയായ ഫിറോസ് ഗാന്‍ഡി എവിടെ? പക്ഷേ, ആരും ഈ കപട വേഷധാരണത്തെ എതിര്‍ത്തില്ല. പിന്നെ ഒരു ഗാന്ധിപ്പടതന്നെ ആ വഴി ഇറങ്ങുകയായി- രാജീവ്ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി ഇത്യാദി.



സോണിയ ഗാന്ധി പ്രധാനമന്ത്രിപദത്തില്‍നിന്ന് വിട്ടുമാറിയത് ത്യാഗബുദ്ധികൊണ്ടോ സാമര്‍ഥ്യംകൊണ്ടോ എന്നത് ചിന്ത്യമാണ്. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കിയതുകൊണ്ട് അധികാരകേന്ദ്രം തന്റെ പിടിയില്‍ ഒതുങ്ങുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ ഗാന്ധിമാരും കുട്ടിഗാന്ധിമാരും എല്ലാം രാഷ്ട്രീയതട്ടകം വിട്ട് വേറെ കളിയില്ല. രാഹുല്‍ഗാന്ധിയെ പതുക്കെ പ്രധാനമന്ത്രിയുടെ പരിവേഷത്തില്‍ ഇറക്കുന്ന പരിപാടി നടക്കുകയാണ്. ജൂണ്‍ 20ന് ദിഗ്വിജയ്സിങ്ങിന്റെ വെടിപൊട്ടിയത് കേട്ടു- രാഹുല്‍ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത ശരിക്കും ആയിക്കഴിഞ്ഞത്രേ. ആ ചെറുപ്പക്കാരന്റെ ചെറിയ നാടകീയപ്രകടനങ്ങള്‍ (തോന്നുന്ന ചായപ്പീടികയില്‍ കയറുക, പെട്ടെന്ന് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടുക) പക്വത ആര്‍ജിക്കാന്‍ ഇനിയും കാലമേറെ വേണ്ടിവരുമെന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കെ, സ്തുതിപാഠകവൃന്ദം "ജയ് ഹോ" പാടാന്‍ തുടങ്ങിക്കഴിഞ്ഞു. വ്യാജഗാന്ധിമാര്‍ ഇന്ത്യയുടെ അധികാരതലം പിടിച്ചടക്കുമ്പോള്‍ , യഥാര്‍ഥ ഗാന്ധിയുടെ മക്കളോ മരുമക്കളോ പേരക്കുട്ടികളോ ആരും അധികാരസോപാനത്തില്‍ എവിടെയും കയറിപ്പറ്റിക്കാണുന്നില്ല. യഥാര്‍ഥ ഗാന്ധിമാര്‍ അങ്ങനെയിരിക്കും. കപടഗാന്ധിമാര്‍ അധികാരത്തിന്റെ ലായനിയില്‍ ചുകന്നുവരും. അധികാരത്തിന്റെ ലിറ്റ്മസ് പരീക്ഷയാണ് ഇത്. ചെന്നൈയില്‍ കരുണാനിധിയുടെ കാരുണ്യം കുടുംബത്തില്‍ പരന്നിരിക്കുന്നു. മകന്‍ സ്റ്റാലിന്‍ , മകള്‍ കനിമൊഴി തുടങ്ങിയവര്‍ വംശസോപാനം കയറി അധികാരദുര്‍വിനിയോഗത്തില്‍ ബിരുദം നേടിക്കഴിഞ്ഞു.



മുലായംസിങ് യാദവ്, ലാലുപ്രസാദ് യാദവ് തുടങ്ങിയ യാദവവീരന്മാര്‍ വംശപ്രതിഷ്ഠയെ എതിര്‍ത്തുകൊണ്ട് അഗ്നിയില്‍ വീണ് കരിഞ്ഞവരാണ്. ഇന്ത്യ മുഴുവന്‍ വംശവിജയം ആഘോഷിക്കുമ്പോള്‍ കേരളം മാറിനില്‍ക്കുന്നത് ശരിയല്ലല്ലോ. നാമും ഈ ദേശീയമാര്‍ഗത്തില്‍ പിന്നിലല്ലെന്ന് തെളിയിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കേളപ്പന്‍ , പട്ടം താണുപിള്ള, കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് തുടങ്ങിയവര്‍ക്ക് സന്താനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. അധികാരമാര്‍ഗത്തിലൂടെയും ഭരണസോപാനത്തെ നോട്ടം വയ്ക്കാതെയും കുട്ടികളെ വളര്‍ത്താമെന്ന് തെളിയിച്ചവരാണ് അവര്‍ . പക്ഷേ, ഇങ്ങോട്ടിങ്ങോട്ട് വരുമ്പോള്‍ ഈ കാഴ്ചപ്പാട് കാലഹരണപ്പെട്ടുതുടങ്ങി. അതിന്റെ വലിയ തെളിവ് കെ കരുണാകരനും സന്താനങ്ങളുമാണ്. ധീരനും ഭരണതന്ത്ര നിപുണനുമായ കെ കരുണാകരന്‍പോലും പുത്രവാത്സല്യത്തിന്റെ രക്തസാക്ഷിയായി മാറിപ്പോയി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അന്ത്യകാലത്തെ, നിരാശയും സന്താപവും ഗ്രസിച്ചുകളഞ്ഞത് ഈ ദൗര്‍ബല്യംകൊണ്ടാണ്. വേണ്ടതിലേറെയുള്ള സന്താനസ്നേഹം ആപല്‍ക്കരമാണെന്ന് മഹാഭാരതം തെളിയിക്കുന്നു. ധൃതരാഷ്ട്രര്‍ക്ക് അനുജന്‍ പാണ്ഡുവിനോടും ധര്‍മപുത്രാദികളോടും സ്നേഹക്കുറവൊന്നും ഇല്ലായിരുന്നുവെങ്കിലും സ്വന്തം മക്കള്‍ (മാമകഃ എന്ന് ഗീതയില്‍) ജയിച്ച് സിംഹാസനാരൂഢരാകണമെന്ന ആഗ്രഹം അതിരില്ലാത്തതായിരുന്നു. ഫലമുണ്ടായില്ല എന്നുമാത്രം. അതുപോലെ കരുണാകരനും "മാമക" സ്നേഹത്തിന് വശംവദനായി അരുതാത്തത് പലതും ചെയ്യേണ്ടിവരികയും അങ്ങനെ സ്വന്തം അന്തസ്സുവരെ നഷ്ടപ്പെട്ട് ജീവിക്കേണ്ടിവരികയും ചെയ്തു. മക്കള്‍ പിതാവിന്റെ തൊഴില്‍ പരിശീലിക്കുന്നത് നാം സാധാരണയായി കണ്ടുവരുന്നു.



ഡോക്ടര്‍മാരും വക്കീലന്മാരും എന്‍ജിനിയര്‍മാരുമൊക്കെ അങ്ങനെ തൊഴില്‍പരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. നല്ല തൊഴില്‍ കുടുംബത്തിന് നഷ്ടമാകേണ്ടെന്ന വിചാരമല്ല ഈ പാരമ്പര്യപ്രിയത്തിന്റെ അടിയിലുള്ളത്. പാരമ്പര്യപ്രിയമാണ് ഇവരുടെ ചേതോവികാരമെന്ന് പറഞ്ഞുകൂടാ. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് അധ്യാപകരുടെ മക്കളെ ആ വഴിക്ക് രക്ഷിതാക്കള്‍ പറഞ്ഞയക്കുന്നില്ല? ഇപ്പോള്‍ അധ്യാപകവേതനം കൂടിയതുകൊണ്ട് സ്ഥിതി അല്‍പ്പം മാറിയിട്ടുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. രാഷ്ട്രീയത്തൊഴിലില്‍ കയറിക്കൂടാന്‍ ആശിക്കുന്നവരുടെ തിക്കും തിരക്കും അതിരുവിട്ടിരിക്കുന്നു. ഡോക്ടര്‍മാരും മറ്റും ആയിത്തീരാന്‍ ഒരുപാട് വര്‍ഷം മുഷിഞ്ഞിരുന്ന് പഠിക്കണം. മെഡിക്കല്‍ കോളേജ് പ്രവേശനംപോലും എളുപ്പമല്ല. ഈ വക അല്ലലും അലോസരവും ഒന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ നേരിടേണ്ടിവരുന്നില്ല. നേരെ കയറിച്ചെല്ലാം. കെ മുരളീധരന്‍ എത്രവേഗം കെപിസിസി പ്രസിഡന്റായി. പിന്നീട് കടമ്പകള്‍ കുറെ പ്രത്യക്ഷപ്പെട്ടു എന്നത് ശരിതന്നെ. അത്, പക്ഷേ ഗ്രൂപ്പുകളികളുടെ ഫലമായിട്ട് കണ്ടാല്‍മതി. വംശപാരമ്പര്യ സ്ഥാപനത്തില്‍ ഇന്ദിരാഗാന്ധിയും പുത്രപൗത്രാദികളും സൃഷ്ടിച്ച ആ മാതൃക ഇന്നോളം ഇന്ത്യയിലോ വിദേശങ്ങളിലോ അതിവര്‍ത്തിച്ചുകണ്ടിട്ടില്ല.



കരുണാനിധിക്കോ ലാലുവിനോ കരുണാകരനോ അതിനപ്പുറത്ത് കുടുംബത്തില്‍ പുതിയ തലമുറയില്‍ വരുന്നവരെല്ലാം സിംഹാസനത്തില്‍ കയറ്റാന്‍ ആകില്ല. അമേരിക്കയിലോ ബ്രിട്ടനിലോ കുലപരമ്പരയെ ഭരണകേന്ദ്രത്തിലെത്തിക്കാന്‍ ഒരു നേതാവും ആളായില്ല. ഈ ഇന്ത്യന്‍ മാതൃക ലോകത്തിനുതന്നെ അനുകരണീയമായ ഒരു രാഷ്ട്രീയസമ്പ്രദായമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ചീത്തയായ വ്യതിയാനം ലോകദൃഷ്ടിയില്‍ പെട്ടിരിക്കുന്നു എന്ന് ഇതിനിടെ മനസ്സിലായപ്പോള്‍ വല്ലാതെ സ്വയം ലജ്ജിച്ചുപോയി. പാട്രിക് ഫ്രഞ്ച് എന്ന ഇംഗ്ലീഷെഴുത്തുകാരന്‍ ഇതിനിടെ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട് - "ഇന്ത്യ എ പോര്‍ട്രേയ്റ്റ്" ഇന്ത്യ എന്താകണമെന്ന് ആഗ്രഹിച്ചുവോ അത് ആയിത്തീരാതെ മറ്റെന്തോ ആയതിന്റെ സുഖകരമല്ലാത്ത ചിത്രമാണ് ഈ ഗ്രന്ഥം നല്‍കുന്നത്. വി എസ് നെയ്പോള്‍ ഇത്തരത്തില്‍ ചില പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഇതില്‍ പക്ഷപാതദോഷം ഉണ്ടെന്ന് വായനക്കാര്‍ക്ക് തോന്നുകയില്ല. ഇന്നത്തെ ഇന്ത്യയിലെ ജനാധിപത്യവിരുദ്ധമായ, ഏറ്റവും ആശങ്കാജനകമായ ദുഷ്പ്രവണത രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന ഈ വംശാധിപത്യത്തിന്റെ മുന്നേറ്റമാണെന്നാണ് ഈ ഗ്രന്ഥകാരന്റെ അഭിപ്രായം.



നാം ഇപ്പോള്‍ അഴിമതി എന്ന കൂട്ടനിലവിളി നടത്തുന്ന സ്ഥിതിയിലേ എത്തിയിട്ടുള്ളൂ. അഴിമതി കൊടികെട്ടിപ്പറക്കുന്ന അവസ്ഥയിലെത്തിയപ്പോഴേ നാട് കണ്ണുതുറന്നുള്ളൂ. അതുപോലെ വംശാധിപത്യത്തിന്റെ വളര്‍ച്ച ലോകസഭയെ ഒരു കുടുംബക്ഷേമസഭയാക്കി മാറ്റുമെന്ന സ്ഥിതിയിലെത്തുമ്പോള്‍മാത്രമേ ഇതിനെതിരായ മുറവിളി ഉയരുകയുള്ളൂ എന്ന് തോന്നിപ്പോകുന്നു. അപ്പോഴത്തേക്ക് മുറവിളി ഒരു പ്രയോജനവും ഉണ്ടാക്കില്ല എന്നേടത്ത് രാജ്യം എത്തിച്ചേര്‍ന്നിരിക്കും. നമ്മുടെ ദേശീയസ്വഭാവമാണ് ഇത്. വീടിന് തീപിടിക്കുന്ന നേരത്തായിരിക്കും നാം കിണര്‍ കുഴിക്കാന്‍ മുതിരുന്നത്. സംസ്കൃതത്തില്‍ പണ്ടുപണ്ടേ പ്രചാരമാര്‍ന്ന ഒരു പദ്യത്തിന്റെ സാരമാണ് ഇവിടെ കൊടുത്തത്. നമുക്ക് പ്രശ്നം പരിഹരിക്കാനാകുന്ന അതിരെല്ലാം വിട്ട നേരത്തായിരിക്കും എന്തെങ്കിലും ചെയ്യാനായി തുനിയുക. കുഞ്ചന്‍ നമ്പ്യാരും ഈ ദേശീയസ്വഭാവത്തെ കണ്ടറിഞ്ഞ് കളിയാക്കുകയുണ്ടായി "പട വന്ന് പടികള്‍ കേറിയ നേരത്ത് വടിയെടുക്കാന്‍ കുട്ടിപ്പെണ്ണിനോട്" പറയുന്ന മൂഢവീരന്മാരാണ് നമ്മുടെ മുന്‍ഗാമികള്‍ . ഇന്ന് നാം ഈ ദേശീയ ദൗര്‍ബല്യത്തിന്റെ അടിമകളാണ്. അതിനാല്‍ വംശാധിപത്യം ഇവിടെ വളര്‍ന്നുപന്തലിച്ച് ജനാധിപത്യസത്യത്തെ ഉണക്കിക്കളയുമെന്നാണ് എന്റെ ഭയം. ഈ ഭയത്തെ കാര്യമായി കാണുന്നവര്‍ , ഇതിന് ഇരയാകാതിരിക്കാന്‍ നാട്ടുകാരെ ഉദ്ബോധിപ്പിക്കേണ്ടിയിരിക്കുന്നു.

(കടപ്പാടു് - ദേശാഭിമാനി ദിനപ്പത്രം - ൨൨-൦൬-൨൦൧൧, സുകുമാര്‍ അഴീക്കോടിന്റെ ലേഖനം പൂര്‍ണ്ണവും തനതും രൂപത്തില്‍)

Blog Archive