Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, July 22, 2011

അഴിമതി - മുതലാളിത്ത അതിജീവനത്തിന്റെ മാര്‍ഗ്ഗം, സ്വത്തവകാശത്തിനു് പകരം ഉപയോഗിക്കുന്നവരുടെ സ്വത്തുടമസ്ഥത പരിഹാരം.

ഇന്ത്യന്‍ ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. പണ്ടൊക്കെ രാഷ്ട്രീയ രംഗത്തു് പതിറ്റാണ്ടുകളില്‍ ഒറ്റപ്പെട്ട അഴിമതിക്കേസുകളാണു് കേട്ടിരുന്നതെങ്കില്‍ ഇന്നു് ഒരോ വര്‍ഷവും അഴിമതികളുടെ ഘോഷയാത്ര തന്നെ നടക്കുന്നു. കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എം. പി. മാരും തീഹാര്‍ ജയിലില്‍ ഇടം കണ്ടെത്തിയിരിക്കുന്നു. പണ്ടൊക്കെ അഴിമതിക്കെതിരെ ശക്തമായ നിലപാടു് എടുത്തിരുന്നതു് ഇടതു് പക്ഷം മാത്രമായിരുന്നു. വലതു് പക്ഷ പ്രതിപക്ഷം പേരിനു് ആരോപണങ്ങള്‍ ഉന്നയിക്കുന്ന പതിവേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്നു്, രാഷ്ട്രീയേതര കോണുകളില്‍ നിന്നും അഴിമതിക്കെതിരെ സമര മുഖങ്ങള്‍ തുറക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനം എന്ന ഖ്യാതിയിന്മേല്‍ ഭരണത്തിലേറിപ്പോന്ന കോണ്‍ഗ്രസും ഭൂരിപക്ഷ മത പ്രാതിനിധ്യം അവകാശപ്പെട്ടു് രാഷ്ട്രീയം കയ്യാളുന്ന ബിജെപിയും ഇന്നു് അധികാരത്തിലിരിക്കുന്നിടങ്ങളിലെല്ലാം അഴിമതി ആരോപണങ്ങള്‍ കൊണ്ടു് വലയുകയാണു്. അഴിമതി ലാഭാധിഷ്ഠിത മൂലധനാധിപത്യ വ്യവസ്ഥയുടെ സഹജ സ്വഭാവമാണെന്ന കാര്യം ഈ അഴിമതികളോടുള്ള മുതലാളിത്ത ഭരണ കൂടത്തിന്റേയും വലതു് പക്ഷ രാഷ്ട്രീയ പാര്‍ടികളുടേയും സമീപനം തെളിയിക്കുന്നു.

ഇന്നു് അഴിമതിയുടെ വേലിയേറ്റത്തിനുള്ള പ്രധാന പ്രേരക ഘടകം ആഗോള ധന മൂലധനവും അതിന്റെ ഭാഗമായി മാറുന്ന ദേശീയ കോര്‍പ്പറേറ്റുകളും നേരിടുന്ന പ്രതിസന്ധിക്കു് പരിഹാരം കാണാനുള്ള മാര്‍ഗ്ഗമായി പൊതു സ്വത്തിന്റെ കൊള്ള മാറിയിരിക്കുന്നു എന്നതാണു്. പ്രാകൃത മൂലധന സമാഹരണ രീതികളാണു് അനുവര്‍ത്തിക്കപ്പെടുന്നതു്, തനി കൊള്ള. നവ ഉദാരവല്‍ക്കരണ നയ ചട്ടക്കൂടിന്റെ ഉള്ളടക്കം തന്നെ പൊതു സ്വത്തിന്റെ കൊള്ളയാണു്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണ കൂടവും നവ ഉദാരവല്‍ക്കരണ നയ ചട്ടക്കൂടു് അംഗീകരിച്ചു് മുന്നേറാന്‍ ശ്രമിക്കുന്നതിനു് കാരണം ഇന്ത്യന്‍ ഭരണ കൂടത്തിനു് മുതലാളിത്ത വ്യവസ്ഥിതിയോടുള്ള പ്രതിബദ്ധതയും അതിന്റെ നിലനില്പിനായുള്ള താല്പര്യവുമാണു്.

തദ്ദേശീയ ഭരണ വര്‍ഗ്ഗങ്ങള്‍ ആഗോള പടുമൂലധന പങ്കാളികളായി മാറുകയാണു്. ലാഭത്തിനു് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത മൂലധനാധിപത്യത്തിന്റെ ചരിത്രത്തില്‍ അഴിമതിയുടെ കാര്യത്തിലും ഏറ്റവും ഉയര്‍ന്ന ഘട്ടം തന്നെയാണു് ആഗോള പടു (ധന) മൂലധനാധിപത്യ ഘട്ടം. അവര്‍ നയിക്കുന്ന ഭരണകൂടങ്ങള്‍ അഴിമതിയുടെ ആസൂത്രണ കേന്ദ്രങ്ങളായി മാറുന്നു. അഴിമതിയിലൂടെ ചോര്‍ത്തപ്പെടുന്ന ദേശീയ സമ്പത്തു് സാമ്രാജ്യത്വ അതിജീവനത്തിന്റെ മാര്‍ഗ്ഗമായും വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപങ്ങളായും വിഘടനവാദത്തിന്റേയും ഭീകരവാദത്തിന്റേയും സ്രോതസായും മാറുന്നു. ദേശീയ സമ്പത്തിന്റെ ഈ നഷ്ടം, മറുവശത്തു്, ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നു. അഴിമതി കൊണ്ടു് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര നാളുകളില്‍ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടു് തുടര്‍ന്ന ആദ്യ നാലു് പതിറ്റാണ്ടുകളില്‍ സൃഷ്ടിക്കപ്പെട്ട കള്ളപ്പണത്തിന്റേയും വിദേശത്തു് നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റേയും ഇരട്ടിയിലേറെയാണു് തുടര്‍ന്നു് വന്ന നവഉദാര കാലഘട്ടത്തിന്റെ രണ്ടു് പതിറ്റാണ്ടുകളില്‍ സൃഷ്ടിക്കപ്പെട്ടതു് എന്നു് കണക്കുകള്‍ കാണിക്കുന്നു.

ദേശീയവാദത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സമാധാനത്തിന്റേയും അഹിംസയുടേയും മറ്റും പേരില്‍ നാളിതു് വരെ നടന്ന മൂലധന കൊള്ളക്കും ചുഷണത്തിനും നവ ഉദാരവല്കരണത്തിന്റെ വരവിനും നേരെ കണ്ണടച്ചവര്‍ പോലും ഇന്നു് നിലവിലുള്ള വ്യവസ്ഥിതിയുടെ നിലനില്പിനായി അഴിമതിക്കാരെ ശിക്ഷിക്കുക എന്ന മുദ്രാവാക്യവുമായി രംഗത്തെത്താന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. അഴിമതിയുടെ പേരില്‍ രാഷ്ട്രീയ രംഗത്തേയാകെ അടച്ചാക്ഷേപിച്ചു്, അരാഷ്ട്രീയ വാദം പ്രചരിപ്പിച്ചു്, അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ ഭിന്നിപ്പിച്ചു് അഴിമതിയുടെ യഥാര്‍ത്ഥ ഉറവിടവും പ്രേരകശക്തിയുമായ മൂലധനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടു്. ജനങ്ങളുടെ അഴിമതി വിരുദ്ധവികാരത്തെ വഴിതെറ്റിച്ചു് നിഷ്ഫലമാക്കാന്‍ സിവില്‍ സമൂഹമെന്ന പേരില്‍ സര്‍ക്കാരിതര-രാഷ്ട്രീയേതര സംഘടനകളുടെ കൂട്ടായ്മകളാണു് ഉപയോഗിക്കപ്പെടുന്നതു്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന അവമതിപ്പിനു് പൊതു ധാരാ രാഷ്ട്രീയ പാര്‍ടികള്‍ ഉത്തരവാദികളായിരിക്കേ തന്നെ, രാഷ്ട്രീയത്തേയാകെ അവമതിക്കുന്ന ഈ പ്രവണത മൂലധനാധിപത്യം തന്നെ പ്രോത്സാഹിപ്പിക്കുന്നതും നാം കാണുന്നു. മൂലധനാധിപത്യ വ്യവസ്ഥിതിയെ ജനരോഷത്തില്‍ നിന്നു് രക്ഷിക്കാനുള്ള മാര്‍ഗ്ഗമായാണു് ജനാധിപത്യ രാഷ്ട്രീയ പ്രക്രിയക്കെതിരെയുള്ള ഈ കടന്നാക്രമണം സംഘടിപ്പിക്കപ്പെടുന്നതു്.പൊതു ധാരാ രാഷ്ട്രീയപാര്‍ടികളെയെല്ലാം പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും മൂലധനാധിപത്യമാണു്. പൊതു ധാരാ രാഷ്ട്രീയത്തിന്റെ നാളിതു് വരെയുള്ള ഗുണഭോക്താക്കളും മൂലധനാധിപത്യ വ്യവസ്ഥ തന്നെയായിരുന്നു. അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കുകയല്ല, ജനാധിപത്യത്തിനും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും അവമതിപ്പുണ്ടാക്കി ഏകാധിപത്യമോ മതാധിപത്യമോ പട്ടാളാധിപത്യമോ പോലെയുള്ള ഏതെങ്കിലും സമഗ്രാധിപത്യം സ്ഥാപിച്ചു് തങ്ങളുടെ മേധാവിത്വം തൂടരാനുള്ള വഴി തേടുന്നതിന്റെ ഭാഗമായാണു് മൂലധനാധിപത്യം അരാഷ്ട്രീയ-അരാജക പ്രസ്ഥാനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതു്.

അത്തരം പ്രസ്ഥാനങ്ങളില്‍ ഏറിയ പങ്കും ഈ ഉദാരവല്ക്കരണത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ പുത്തന്‍ സേവന മേഖലകളുടെ (ഷെയര്‍ മാര്‍ക്കറ്റു്, നവയുഗ ധനകാര്യ-ഇന്‍ഷുറന്‍സ് മേഖല, വിവിര സാങ്കേതിക സേവന രംഗം തുടങ്ങിയവ) സൃഷ്ടികളും ഗുണഭോക്താക്കളുമാണു്. അവരില്‍ ചെറു ന്യൂനപക്ഷം മാത്രം മെച്ചപ്പെട്ട കൂലി വാങ്ങുന്നവരും ബാക്കി ഭൂരിപക്ഷവും പട്ടിണിക്കൂലി മാത്രം വാങ്ങുന്നവരുമാണു്. എന്നാല്‍, പുതിയ തൊഴില്‍ ലഭിച്ചതും അതു് മൂലം അവരുടെ മുന്‍കാല സ്ഥിതിയില്‍ നിന്നു് മെച്ചമുണ്ടായതും ഈ പുതിയ ഉദാര നയങ്ങള്‍ മൂലമാണെന്നു് അവര്‍ കാണുന്നു. മറുവശത്തു്, അവര്‍ക്കു് മാന്യമായ തൊഴില്‍ വ്യവസ്ഥകളും വേതനവും നിഷേധിക്കപ്പെടുകയാണുണ്ടായിട്ടുള്ളതെന്ന കാര്യം അവര്‍ ഇന്നു് തിരിച്ചറിയുന്നില്ല. ക്രമേണ മൂലധനത്തിന്റെ ചൂഷണ സ്വഭാവം അനുഭവപ്പെടുമ്പോള്‍ അവരും തൊഴിലാളിവര്‍ഗ്ഗത്തോടൊപ്പം അണി ചേരേണ്ടവര്‍ തന്നെയാണു്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഒട്ടെല്ലാ വിഭാഗങ്ങളും ഈ അന്തരാള ഘട്ടത്തിലൂടെ കടന്നു് പോയിട്ടുള്ളവര്‍ തന്നെയാണു്. അഴിമതിയും കള്ളപ്പണവും വഴിവിട്ട പൊതു മൂതല്‍ ധൂര്‍ത്തും പരിസ്ഥിതി നാശവും അനുവദിക്കപ്പെടുന്നതു് ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു് മേല്‍ പിടിമുറുക്കിയ മൂലധനാധിപത്യത്തിന്റെ താല്പര്യത്തിലാണെന്നും അവരത്തരം മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നുമുള്ള കാര്യം ബഹുജനങ്ങളിലേക്കെത്തിച്ചുകൊണ്ടു് മാത്രമേ ജനാധിപത്യം സംരക്ഷിക്കാനും വികസിപ്പിക്കാനും കഴിയൂ. ഇന്നു് ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു് മേല്‍ നടക്കുന്ന ഈ കടന്നാക്രമണം തുടരാന്‍ അനുവദിച്ചാല്‍ മൂലധനാധിപത്യം അതിന്റെ നിലനില്പിനായി ജനാധിപത്യ നിഷേധത്തിലേക്കു് മാറും. പ്രസക്തമായ കാര്യം ഇന്നത്തെ സ്ഥിതിക്കു് കാരണം ജനാധിപത്യമല്ല, മൂലധനാധിപത്യം ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു് മേല്‍ പിടി മുറുക്കിയതാണു്. ആ പിടി വിടുവിക്കുകയും യഥാര്‍ത്ഥ ജനാധിപത്യത്തിലേക്കു് മുന്നേറുകയും ചെയ്യണമെങ്കില്‍ മൂലധനാധിപത്യത്തിന്റെ ഉപകരണങ്ങളും അവര്‍ക്കു് വേണ്ടി ഇക്കണ്ട അഴിമതിക്കെല്ലാം കൂട്ടു നില്കുന്നതുമായ വലതു് പക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിരാകരിക്കുകയാണു് വേണ്ടതു്.

അഴിമതിയുടെ നാള്‍വഴി വളരെ പഴയതും ചൂഷണ വ്യവസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുമാണിരിക്കുന്നതെന്നു് കേവലമായും രാഷ്ട്രീയേതരമായും അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ കാണാതെ പോകുന്നുണ്ടു്. പൊതു സ്വത്തായിരുന്ന ഭൂമി വളച്ചു് കെട്ടി ചെറുകിട ഉല്പാദനം ആരംഭിച്ച സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടെ തുടങ്ങിയ സ്വായത്തമാക്കലിന്റെ രീതികള്‍ നഗ്നമായ മര്‍ദ്ദനത്തിലൂം കൊള്ളയിലും ഊന്നിയവയായിരുന്നു. അടിമപ്പണിയും അടിയാളപ്പണിയും കൂലിത്തൊഴിലും ആയി വികസിച്ച അദ്ധ്വാന ശേഷിയുടെ കൈമാറ്റം സൃഷ്ടിക്കുന്ന മിച്ചം തന്നെയാണു് ആഗോള മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിനാധാരമായ ചൂഷണത്തിന്റെ അടിത്തറ. മുതലാളിത്തത്തില്‍, ഉല്പന്നത്തിന്റെ ചരക്കു് രൂപവും മൂല്യത്തിന്റെ പണ രൂപവും ചൂഷണം മറച്ചു് പിടിക്കാന്‍ സഹായിക്കുന്നു. കര്‍ഷകരെ കുടിയൊഴിപ്പിച്ചും കൈവേലക്കാരെ നിരായുധരാക്കിയും ചെറുകിട കര്‍ഷകരേയും സംരംഭകരേയും കുത്തുപാളയെടുപ്പിച്ചും പണിയെടുക്കുന്നവരുടെ എണ്ണം പെരുപ്പിച്ചുകൊണ്ടു് അദ്ധ്വാന ശേഷിയുടെ ചുഷണ സാധ്യത വികസിപ്പിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

അയല്‍ നാടുകള്‍ കൊള്ളയടിച്ചും കടല്‍ കൊള്ള നടത്തിയുമാണു് മുതലാളിത്തത്തിന്റെ ആദ്യകാലത്തു് മൂലധന സമാഹരണം നടത്തിയതു്. ഇതിനേയാണു് പ്രാകൃത മൂലധന സമാഹരണമെന്നു് വിളിക്കുന്നതു്. മറ്റു് രാജ്യങ്ങള്‍ കീഴടക്കി കോളനികളാക്കി ദേശീയ സമ്പത്തു് കടത്തിക്കൊണ്ടു് പോയി വികസിച്ച സാമ്രാജ്യത്വ ഘട്ടത്തില്‍ മൂലധന ഘടനയിലും വ്യത്യാസം വന്നു. അദ്ധ്വാന ശേഷിയെ ചൂഷണം ചെയ്താണു് മൂലധനം പെരുകുന്നതു്. ആദ്യ ഘട്ടത്തില്‍ വ്യവസായ നിക്ഷേപത്തിനു് ഉപയോഗിക്കപ്പെടുന്ന ആസ്തികള്‍ മാത്രമാണു് മൂലധനം എന്നു് വ്യവഹരിക്കപ്പെട്ടിരുന്നതു്. വ്യവസായ മൂലധനം മാത്രമാണു് മിച്ചമൂല്യം സൃഷ്ടിക്കുന്നതു്. അങ്ങിനെ കിട്ടുന്ന മിച്ച മൂല്യം പക്ഷെ, ഭൂ ഉടമയ്ക്കും ബാങ്കു് ഉടമയ്ക്കും സര്‍ക്കാരിനും മറ്റുമായി വീതിക്കപ്പെടുമായിരുന്നു. പക്ഷെ, സാമ്രാജ്യത്വ ഘട്ടത്തില്‍ വ്യവസായ മൂലധനവും ബാങ്കിങ്ങു് മൂലധനവും കൂടിച്ചേര്‍ന്നു് പണ മൂലധനം സൃഷ്ടിക്കപ്പെട്ടു. ഈ ഘട്ടത്തേയാണു് ലെനിന്‍ 'സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടം' എന്നു് വിശേഷിപ്പിച്ചിട്ടുള്ളതു്. യൂറോപ്പും അമേരിക്കന്‍ ഭൂഖണ്ഡവും അടങ്ങുന്ന ഭൂപ്രദേശത്തു്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പണ മൂലധനവും സാമ്രാജ്യത്വവും രൂപപ്പെട്ടിരിന്നു. പണമൂലധനത്തിന്റെ ഘട്ടത്തില്‍ മിച്ചമൂല്യത്തില്‍ നിന്നുരുത്തിരിയുന്ന ലാഭം മൊത്തം മൂലധനത്തിനും സര്‍ക്കാരിനു് നികുതിയുമായി പങ്കു് വെക്കപ്പെടുകയാണു്. പണ്ടു് വ്യവസായ മൂലധനത്തിനു് മാത്രമാണു് മിച്ചമൂല്യം സൃഷ്ടിക്കുക എന്ന ധര്‍മ്മം കല്പിച്ചു് നല്‍കിയിരുന്നതെങ്കില്‍ ധനമൂലധന ഘട്ടത്തില്‍ മൊത്തം ധന മൂലധനത്തിനും മിച്ചമൂല്യം ഉറപ്പാക്കേണ്ടതു് ആവശ്യമായി തീര്‍ന്നു. കെട്ടിക്കിടക്കുന്ന മൂലധനത്തിനും ഒഹരി ഉടമകള്‍ക്കു് ലാഭവിഹിതം കൊടുത്തേ തീരൂ. സ്വാഭാവികമായും കമ്പോള മാന്ദ്യം ലാഭം ഇടിക്കുന്നു. ലാഭ നിരക്കു് ഇടിയുന്നതു് ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചക്കു് വഴി വെക്കും. മുതലാളിത്ത പ്രതിസന്ധിക്കു് പരിഹാരം അന്നു് കണ്ടിരുന്നതു് ഉല്പന്നങ്ങള്‍ തീയിട്ടും കടലില്‍ തള്ളിയും യുദ്ധത്തിലൂടെ ഉല്പാദന ശക്തികളെ നശിപ്പിച്ചും പുതിയ കമ്പോളം വെട്ടിപ്പിടിച്ചും യുദ്ധ വിജയികള്‍ക്കനുകൂലമായി കമ്പോളം പുനര്‍വിതരണം നടത്തിയും മറ്റും കമ്പോളം സൃഷ്ടിച്ചും വികസിപ്പിച്ചും മാന്ദ്യത്തിനു് പരിഹാരം കണ്ടിട്ടായിരുന്നു.ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്കു് ഈ കാലഘട്ടം സാക്ഷിയായി. ഇക്കാലഘട്ടത്തില്‍ സാമ്രാജ്യത്വ ധന മൂലധന ശൃംഖലയിലെ ഏറ്റവും ദുര്‍ബ്ബല കണ്ണിയായിരുന്ന സോവിയറ്റു് യൂണിയനില്‍ ലെനിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റു് വിപ്ലവം സാമ്രാജ്യത്വത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലേക്കു് നയിച്ച രൂക്ഷമായ പ്രതിസന്ധി ഈ പശ്ചാത്തലത്തിലാണു് ഉരുത്തിരിഞ്ഞതു്.

കോളനികളുടെ മോചനത്തെ തുടര്‍ന്നു്, നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സോവിയറ്റു് യൂണിയന്റെ സഹായം കിട്ടിയതു് വലിയ ആശ്വാസമായിരുന്നു. സാമ്രാജ്യത്വ സമ്മര്‍ദ്ദത്തെ ചെറുക്കാനും സ്വതന്ത്ര വികസന പാത പിന്തുടരാനും അതു് സഹായിച്ചു. ഒരു സോഷ്യലിസ്റ്റു് ചേരി തന്നെ രൂപപ്പെട്ടു. പക്ഷെ, നവ സ്വതന്ത്ര രാജ്യങ്ങളിലെ ഭരണാധികാരികളുടെ മുതലാളിത്തത്തോടുള്ള അഭിനിവേശം മൂലം സോവിയറ്റു് സഹായം സ്വീകരിക്കുമ്പോഴും രാഷ്ട്രീയമായി മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും ആഭിമുഖ്യവും സോഷ്യലിസത്തോടു് അകല്‍ച്ചയും നിലനിര്‍ത്തി പോന്നു. ഈ രാഷ്ട്രീയാഭിമുഖ്യം മുതലെടുത്തു് ലോക ധനകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ദേശീയ രാഷ്ട്രങ്ങളെ കടക്കെണിയിലാക്കി ചൂഷണം തുടര്‍ന്നു. സാമ്രാജ്യത്വ സ്വാധിനം വ്യാപിപ്പിച്ചും കമ്പോളം വികസിപ്പിച്ചും സാമ്രാജ്യത്വത്തിന്റെ പുതിയൊരു വികാസ ഘട്ടത്തിലൂടെ വലിയ പ്രതിസന്ധി കൂടാതെ മുതലാളിത്തം യഥാര്‍ത്ഥ ആഗോള വ്യവസ്ഥയായി വളര്‍ന്നു. സോവിയറ്റു് സമ്പത്തു് സാമ്രാജ്യത്വ വിരുദ്ധ മുന്നണിക്കു് വേണ്ടി ചെലവഴിക്കുമ്പോഴും അതിന്റെ ഗുണഭോക്താക്കളായ മൂന്നാം ലോക രാഷ്ട്രങ്ങള്‍ അവയുടെ സമ്പത്തു് സാമ്രാജ്യത്വത്തിനു് ചോര്‍ത്തി കൊടുത്തു കൊണ്ടേയിരുന്നു. ചുരുക്കത്തില്‍ സോഷ്യലിസ്റ്റു് സമ്പത്തു് മൂന്നാം ലോക രാഷ്ട്രങ്ങളിലൂടെ സാമ്രാജ്യത്വ നിലനില്പിനു് ഉപകരിച്ചു. സ്വാഭാവികമായും ഈ ശീത സമര കാലഘട്ടത്തില്‍ സോവിയറ്റു് യൂണിയന്റെ പുരോഗതിക്കു് അവര്‍ മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്കു് നല്‍കി വന്ന ഈ സഹായം വിനയായി. സോവിയറ്റു് യൂണിയന്റെ തകര്‍ച്ച അനിവാര്യമായി.

ഇതോടെ സാമ്രാജ്യത്വത്തിനു് വന്ന മേല്‍ക്കൈ ഉപയോഗിച്ചു് മുതലാളിത്തം മുന്നേറുമെന്ന വലിയ പ്രതീക്ഷയാണു് മുതലാളിത്ത കോണുകളില്‍ സൃഷ്ടിക്കപ്പെട്ടതു്. പക്ഷെ, പ്രതീക്ഷിച്ചതു് പോലെ ഏക ധൃവ ലോകവും മുതലാളിത്ത പറുദീസയും യാഥാര്‍ത്ഥ്യമായില്ല. ചൈന ലോക വ്യാപാര രംഗത്തു് ശക്തമായ സാന്നിദ്ധ്യം കൈവരിച്ചതും ലാറ്റിനമേരിക്കയില്‍ സാമ്രാജ്യ വിരുദ്ധ മുന്നേറ്റം സൃഷ്ടിക്കപ്പെട്ടതും സാമ്രാജ്യത്വത്തിനു് തിരിച്ചടിയായി. മുതലാളിത്ത പ്രതിസന്ധി തുടരുക തന്നെയാണു്. എന്നാല്‍, തദ്ദേശീയ മൂലധന കുത്തകകളെ ആഗോള പടുമൂലധന പങ്കാളികളാക്കിയും ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൂലധനത്തിന്റെ ചലനാത്മകത പരമാവധി ഉയര്‍ത്തി ലാഭം കൊയ്യുന്ന നവ-ഉദാര നയങ്ങളില്‍ ആകൃഷ്ടരാക്കിയും തദ്ദേശീയ ഭരണകൂടങ്ങളെ ഉപയോഗപ്പെടുത്തി സാമ്രാജ്യത്വ ചൂഷണം തുടരുക തന്നെയാണു്. പക്ഷെ, കൂടുതല്‍ പരോക്ഷമായെന്നു് മാത്രം. ഇന്നു് നടക്കുന്നതു്, മുതലാളിത്ത ആഗോളവല്കരണമാണു്. ധന മൂലധനത്തിന്റെ ആഗോളവല്‍ക്കരണമാണു്. അതിലൂടെ നടക്കുന്നതു് ധന മൂലധനത്തിന്റെ ഏകീകരണമാണു്. കുറെ ലാഭകരമായ കമ്പോളം ഉല്‍ഗ്രഥിക്കപ്പെടുന്നുണ്ടെങ്കിലും അതിലേറെ ധന മൂലധനവും കൂട്ടിച്ചേര്‍ക്കപ്പെടുക തന്നെയാണു്. അതിനും കൂടി ലാഭമുണ്ടാക്കാനുള്ള ബാധ്യത വ്യവസ്ഥയിടെ മേല്‍ വന്നു് ചേരുകയാണു്.സാമ്രാജ്യത്വ ചേരിക്കു് പുറത്തുള്ള അവശിഷ്ട സോഷ്യലിസ്റ്റു് രാജ്യങ്ങളും പുതുതായി വികസിക്കുന്ന ലാറ്റിനമേരിക്കന്‍ ചെറുത്തു നില്പും സാമ്രാജ്യത്വത്തിനു് ഭീഷണിയുമാണു്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ അമേരിക്കന്‍ ധനമേഖലാ പ്രതിസന്ധിയും ഇപ്പോള്‍ യൂറോപ്പില്‍ ആഞ്ഞു വീശുന്ന ധനക്കുഴപ്പങ്ങളും മുതലാളിത്തത്തിന്റെ വിശ്വാസ്യതക്കു് ഏറെ ഇളക്കം തട്ടിക്കുക തന്നെയാണു്. അക്കൂട്ടത്തിലാണു്, മൂലധന ഒഴുക്കിനും പുത്തന്‍ മാനേജു്മെന്റു് സംവിധാനങ്ങള്‍ക്കും വഴിയൊരുക്കിയ പുത്തന്‍ വിവര സാങ്കേതിക വിദ്യ സാമ്രാജ്യത്വ കുടിലതകള്‍ വെളിവാക്കുന്ന ഇടിത്തീയായി മാറുന്നതു്. വിവര സാങ്കേതിക വിദ്യ സാധ്യമാക്കുന്ന സുതാര്യത, പക്ഷെ, മൂലധനാധിപത്യത്തിന്റെ കുടിലതകള്‍ക്കു് ഒട്ടും യോജിക്കുന്നതല്ല. അതേ സമയം ജനാധിപത്യവികാസത്തിനു് ഏറെ പ്രയോജനപ്പെടുത്താവുന്നതുമാണു്. എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ പ്രയോഗത്തില്‍ നിന്നു് പിന്നോക്കം പോകാനും മുതലാളിത്തത്തിനു് കഴിയില്ല. കാരണം, ഇന്നത്തെ ഉല്പാദന-വിപണന-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അത്രമേല്‍ വിവര സാങ്കേതിക വിദ്യയിന്മേല്‍ ആശ്രയിച്ചാണു് ഉല്‍ഗ്രഥിക്കപ്പെട്ടിരിക്കുന്നതു്. ഇന്നു് നടക്കുന്ന ധന മൂലധനത്തിന്റെ ആഗോളവല്കരണം പുതിയ സാങ്കേതിക വിദ്യയും അതൊരുക്കുന്ന മാനേജു്മെന്റു് സാധ്യതകളും ഉപയോഗപ്പെടുത്തി മുന്നേറുന്ന പുതിയൊരു തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതക്കു് വഴിമാറുന്ന ഉദ്ദിഗ്ന ദശാസന്ധിയിലാണു് ലോകമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്.

ഉല്പാദനം കൂടുതല്‍ കൂടുതല്‍ സാമൂഹ്യമാകുന്നതോടെ സ്വകാര്യ സ്വായത്തമാക്കല്‍ രീതികളുമായുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചു വരുന്നു. കടുത്ത ചൂഷണത്തിലൂടെ ബഹുജനങ്ങളെ പാപ്പരാക്കുന്നതു് മൂലം ഉരുത്തിരിയുന്ന കമ്പോള മാന്ദ്യവും അമിതോല്പാദനക്കുഴപ്പവും ചൂഷണ വ്യവസ്ഥയുടെ സ്വാഭാവിക പ്രതിസന്ധിയായി ഇന്നും തുടരുന്നുണ്ടെന്നു് മാത്രമല്ല രൂക്ഷമാകുക മാത്രമാണു് ചെയ്തിരിക്കുന്നതു്. ധാന്യങ്ങള്‍ കെട്ടിക്കിടന്നു് നശിക്കുമ്പോഴും റേഷന്‍ നിഷേധിക്കുന്നതിലൂടെയും ജനക്ഷേമ രംഗങ്ങളില്‍ സാമൂഹ്യോത്തരവാദിത്വങ്ങളില്‍ നിന്നു് പിന്തിരിയുന്നതിലൂടെയും മാന്ദ്യം അനുഭവപ്പെടുന്ന മേഖലകളില്‍ കമ്പോളത്തെ ഉപയോഗിച്ചു് പരോക്ഷമായി ഉല്പാദനം വെട്ടിക്കുറയ്ക്കപ്പെടുക തന്നെയാണു്. ഇടിയുന്ന ലാഭ നിരക്കുയര്‍ത്താന്‍ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ അവഗണിക്കുന്നതും വ്യാപകമായിരിക്കുന്നു. ഇതു് ആവാസ വ്യവസ്ഥ തന്നെ തകരാറിലാക്കുന്നു. അഴിമതിയുടെ വിവിധ രൂപങ്ങളിലൂടെ, പൊതു സ്വത്തു് കൊള്ളയടിച്ചു് പരോക്ഷമായ (പ്രാകൃത) മൂലധന സമാഹരണം നടത്തി ലാഭനിരക്കു് കൃത്രിമമായി ഉയര്‍ത്തിക്കാട്ടി ഉല്പാദന വ്യവസ്ഥയുടെ പ്രതിസന്ധി മറച്ചു് പിടിക്കുകയും പുതിയ ഉല്പന്നങ്ങളും സേവനങ്ങളും സേവനത്തുറകളും സൃഷ്ടിച്ചു് മൊത്തത്തില്‍ കമ്പോളം വികസിപ്പിക്കുകയുമാണു്. ചൂഷണമെന്നതു് പോലെ പ്രാകൃത മൂലധന സമാഹരണ രീതികളും പരോക്ഷമാക്കിക്കൊണ്ടാണു് ചൂഷണ വ്യവസ്ഥ തുടരുന്നതു്.

ഇന്നു്, സാമൂഹ്യ സേവനച്ചെലവുകള്‍ വെട്ടിക്കുറച്ചു് കിട്ടുന്ന മിച്ചം ഉപയോഗിച്ചു് മൂലധന കുത്തകകള്‍ക്കു് നികുതിയിളവുകള്‍ വാരിക്കോരി കൊടുത്തും പൊതു മേഖല സ്വകാര്യവല്‍ക്കരിച്ചും പെന്‍ഷന്‍ ഫണ്ടു് കൈമാറിയും വനഭൂമി, ഖനികള്‍, എണ്ണപ്പാടങ്ങള്‍, വൈദ്യുതോല്പാദന സ്രോതസുകള്‍, ജലസ്രോതസുകള്‍, മൊബൈല്‍ കമ്യൂണിക്കേഷന്‍ സ്പെക്ട്രം എന്നിത്യാദി പ്രകൃതി വിഭവങ്ങള്‍ അന്യാധീനപ്പെടുത്തിയും ദേശീയ സര്‍ക്കാര്‍ ആഗോള ധന മൂലധനത്തിന്റെ മൂലധന സമാഹരണക്കൊള്ളയെ സഹായിക്കുന്നു. അദ്ധ്വാന ശേഷിയുടെ ചൂഷണവും പ്രാകൃത മൂലധന സമാഹരണ മാര്‍ഗ്ഗങ്ങളും പോലെ തന്നെ മേല്പറഞ്ഞ ആധുനിക മൂലധന സമാഹരണ മാര്‍ഗ്ഗങ്ങളും അഴിമതിയുടേയും കടുത്ത കൊള്ളയുടേയും വിവിധ രൂപങ്ങളാണു്.

ഈ അഴിമതിക്കെതിരെ എന്തുകൊണ്ടു് ഭരണ കൂടം നിസംഗമായി നില്‍ക്കുന്നു എന്നതു് പല സുമനസുകളേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടു്. പക്ഷെ, ഒരു മുതലാളിത്ത ഭരണ കൂടത്തെ സംബന്ധിച്ചേടത്തോളം മുതലാളിത്ത വ്യവസ്ഥയുടെ നിലനില്‍പിന്റെ അവശ്യോപാധിയായി ധന മൂലധന ഉടമകളിലേക്കു് പൊതു മുതലിന്റെ കൈമാറ്റം മാറിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ (നിയമ നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം, നീതിന്യായം), ഉല്പാദനം, വിപണനം, വ്യാപാരം, ഉപഭോഗം, മാധ്യമം, സാംസ്കാരിക രംഗം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളും നിയന്ത്രിക്കുന്നതു് ധന മൂലധനമാണു് എന്ന സ്ഥിതിയാണിന്നു് നിലനില്‍ക്കുന്നതു്. ഇതു് ധനമൂലധനം നിയന്ത്രിക്കുന്നവര്‍ക്കും (അതിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുകയും നേട്ടം കൊയ്യുകയും ചെയ്യുന്ന വളരെ ചെറിയൊരു വിഭാഗം) അതിന്റെ ഇരകളായിരിക്കുന്നവര്‍ക്കും (മിച്ചമൂല്യം സൃഷ്ടിക്കുന്നവരും ചരക്കുകളുടെ ഉപഭോക്താക്കളും അടക്കം ധന മൂലധനത്തിന്റെ വളര്‍ച്ചക്കായി സ്വയം എരിഞ്ഞു് തീരുന്നവരും അടക്കം ബാക്കി വരുന്നവരെല്ലാം) ബാധമായിരിക്കുന്നു. നേരിട്ടും അല്ലാതെയും ധന മൂലധനം സമൂഹത്തേയാകെ വരുതിയിലാക്കുന്നു. അതിനാല്‍ അഴമതിയേതു്, ഏതെല്ലാം അഴിമതിയല്ല എന്നതു് പോലും ധനമൂലധനത്തിന്റെ താല്പര്യത്തിനനുസരിച്ചു് നിര്‍വ്വചിക്കപ്പെടുന്ന സ്ഥിതിയും നിലനില്‍ക്കുന്നു.

ധന മൂലധന ഉടമകള്‍ക്കായി പൊതു മുതലിന്റെ കൈമാറ്റം നിയമാനുസൃതമായി അനുവദിക്കപ്പെടുമ്പോള്‍ അതു് കൈകാര്യം ചെയ്യുന്ന വ്യക്തികളും അവര്‍ക്കു് പങ്കുള്ള സ്ഥാപനങ്ങളും ഈ കൊള്ളയില്‍ പങ്കാളികളാകുക സ്വാഭാവികം മാത്രമാണു്. അതാണു് സ്പെക്ട്രം ഇടപാടിലും മറ്റും നാം കാണുന്നതു്. സ്പെക്ട്രം വിറ്റു് കാശുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതുപയോഗിച്ചു് ആസ്തി വര്‍ദ്ധിപ്പിക്കുക എന്നതു് ഏതെങ്കിലും ഒരു വ്യവസായ ഗ്രൂപ്പിന്റേയോ ദേശീയ മൂലധനത്തിന്റേയോ മാത്രമല്ല, മൊത്തം മൂലധന വ്യവസ്ഥയുടെ തന്നെ ആവശ്യമായി മാറിയിരിക്കുന്നു. കാരണം, ഇന്നു് ആഗോള പണ മൂലധനം എത്തിപ്പെട്ടിട്ടുള്ള പതനത്തിനുള്ള പരിഹാരം പ്രാകൃത മൂലധന സമാഹരണം ശക്തമാക്കുക എന്നതു് മാത്രമായി മാറിയിരിക്കുന്നു.

ഏതെങ്കിലും ഒരു വ്യവസായത്തില്‍ ലാഭനിരക്കു് കുറവാണെന്നു് സമ്മതിക്കാന്‍ പോലും ഇന്നു് ആധുനിക മുതലാളിത്തത്തിനു് കഴിയാതായിരിക്കുന്നു. ആഗോള സാമ്രാജ്യത്വഘട്ടത്തിലെ പണ മൂലധനം ഒരൊറ്റ നിധിയായി പരസ്പരം കെട്ടിപ്പിടിച്ചു് നില്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ലാഭ നിരക്കു് കുറവാണെന്നു് കണ്ടാല്‍ ഓഹരി കമ്പോളത്തില്‍ ഉണ്ടാകുന്ന ഇടിവു് സാമ്രാജ്യത്വത്തെ മൊത്തം ബാധിക്കത്തക്ക തരത്തിലാണു് മൂലധനം ഉല്‍ഗ്രഥിതമായിരിക്കുന്നതു്. അതിനാലിന്നു് ലാഭനിരക്കു് യഥാര്‍ത്ഥത്തില്‍ ഇടിയുമ്പോള്‍ പോലും നിരന്തരം ഉയര്‍ത്തിക്കാണിച്ചു് ഓഹരി കമ്പോളത്തിന്റെ വിശ്വാസ്യതയും സ്ഥിരതയും ഉറപ്പു് വരുത്തുക എന്ന കാപട്യമാണു് ആഗോള ധനമൂലധനം അതു് നയിക്കുന്ന മുതലാളിത്ത വ്യവസ്ഥ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമായി കണ്ടരിക്കുന്നതു്. സര്‍ക്കാര്‍ കൈമാറുന്നതും കൊള്ളയടിക്കുന്നതും മറ്റുമായ ആസ്തികളും അദൃശ്യാസ്തികളും പെരുപ്പിച്ചു് കാട്ടി ലാഭം കൂട്ടുകയാണു് കണക്കിലെ കളി. അടുത്ത വര്‍ഷം ഇങ്ങിനെ കൂട്ടിച്ചേര്‍ക്കപ്പെട്ട ആസ്തികളും പണ മൂലധനത്തിന്റെ ഭാഗമാണു്. അതിനും കൂടി ലാഭം കണ്ടെത്തണം. പക്ഷെ, മൂലധനം പെരുകിയതിനനുസരിച്ചു് മിച്ചമൂല്യം വര്‍ദ്ധിക്കുന്നില്ല. മിച്ചമൂല്യം വര്‍ദ്ധിക്കണമെങ്കില്‍ കൂടുതല്‍ തൊഴിലാളികളെ വെച്ചു് കൂടുതല്‍ ഉല്പാദനം നടക്കണം. തൊഴില്‍ രഹിത വളര്‍ച്ച മിച്ചമൂല്യം ഉയര്‍ത്തുന്നില്ല. സമ്പദ്ഘടന വികസിക്കുമ്പോഴും തൊഴില്‍ വര്‍ദ്ധിക്കുന്നില്ലെന്ന പ്രതിഭാസത്തേയാണു് തൊഴില്‍ രഹിത വളര്‍ച്ച എന്നു് പറയുന്നതു്. ലാഭം ഉയര്‍ത്തിക്കാട്ടാന്‍ പൊതു സ്വത്തു് സ്വന്തം കണക്കിലേക്കു് മാറ്റുന്നതിലൂടെ ലാഭ വര്‍ദ്ധനവും മൂലധന വളര്‍ച്ചയും കൃത്രിമമായി കാട്ടുന്നതു് മൂലമാണു് ഇന്നു് തൊഴില്‍ ഉയരാതെ തന്നെ സമ്പദ്ഘടന വളര്‍ന്നു എന്നു് പറയാന്‍ കഴിയുന്നതു്. യഥാര്‍ത്ഥത്തില്‍ ഇത്തരം തട്ടിപ്പിലൂടെ ഉല്പാദനം വികസിക്കുകയോ (ആപേക്ഷികമായി വികസിക്കുന്നില്ലെന്നല്ല, മറിച്ചു് ലാഭത്തോതിനനുസരിച്ചു് ഉല്പാദനം ഉയരുന്നില്ല) മിച്ചമൂല്യം വര്‍ദ്ധിക്കുകയോ ലാഭനിരക്കു് ഉയരുകയോ സമ്പദ്ഘടന വളരുകയോ ചെയ്യുന്നില്ല.

അകെ മൂലധനത്തിന്മേല്‍ മിച്ചമൂല്യം വീണ്ടും ഇടിയുക മാത്രമാണു് ഇത്തരം തട്ടിപ്പു് പരിഹാരത്തിന്റെ ഫലം. ലാഭം കൂട്ടാന്‍ വീണ്ടും ആസ്തികള്‍ കൂട്ടിക്കാണിക്കുക തന്നെ വേണം. അതു് തുടര്‍ന്നും ലാഭ നിരക്കില്‍ ഇടിവുണ്ടാക്കും. ഈ വിഷമ വൃത്തത്തിലാണു് ആഗോള പണ മൂലധന വ്യവസ്ഥ ചെന്നു പെട്ടിട്ടുള്ളതു്. പക്ഷെ, ഇത്തരം തട്ടിപ്പിലൂടെയും അഴിമതിയിലൂടെയുമാണെങ്കിലും ആസ്തി കൂടുന്നതും പുതിയ മേഖലകള്‍ സൃഷ്ടിക്കപ്പെടുന്നതും നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാന്‍ പണ മൂലധനത്തെ സഹായിക്കുന്നുണ്ടു്. മാത്രമല്ല, കൂടുതലാളുകളെ വ്യവസ്ഥ നിലനിന്നു് കാണാനാഗ്രഹിക്കുന്നവരായി മാറ്റാനും ഓഹരി കമ്പോളത്തിലെ ഈ സജീവത ഉപകരിക്കപ്പെടുന്നുണ്ടു്.

ഇത്തരത്തില്‍ പൊതു സ്വത്തിന്റെ കൊള്ളയും അഴിമതിയും മുതലാളിത്ത വ്യവസ്ഥിതിയുടെ നിലനില്പിന്റെ ഉപാധിയായി മാറിയിരിക്കുന്നു. അഴിമതിയെന്നതു്, സമൂഹത്തിനെതിരെ അതിന്റെ സുസ്ഥിതിക്കെതിരെ അതിലെ അംഗങ്ങളായ വ്യക്തികളുടെ താല്പര്യങ്ങള്‍ക്കെതിരെ വ്യക്തികളോ വര്‍ഗ്ഗങ്ങളോ ഭരണകൂടങ്ങളോ നടത്തുന്ന കൊള്ളകളാണു്. സമയത്തു് ജോലിക്കെത്താതെയും നേരത്തേ ഒഫീസില്‍ നിന്നിറങ്ങിയും ഉത്തരവാദപ്പെട്ട ജോലി ചെയ്യാതെയും കൈക്കൂലി വാങ്ങിയും ഉപഭോഗസംസ്കാരത്തിനടിപ്പെട്ടും ജനങ്ങള്‍ക്കു് അര്‍ഹതപ്പെട്ട സേവനം സമയത്തു് നല്‍കാതെ അവരെ പിഴിയുന്ന ഉദ്യോഗസ്ഥരുടെ നടപടിമുതല്‍ മൂലധനാധിപത്യ വ്യവസ്ഥിതിയുടെ നിലനില്പിനായും വര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായും സാമൂഹ്യ ക്ഷേമ നടപടികളില്‍ നിന്നു് പിന്‍വലിയുകയും കോര്‍പ്പറേറ്റുകള്‍ക്കു് നികുതിയിളവു് നല്‍കുകയും വരെ, ഇതിനിടയിലുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ-കോണ്‍ട്രാക്ടു് കൂട്ടുകെട്ടും ബോഫോഴ്സ്, കോമണ്‍വെല്‍ത്തു് തുടങ്ങിയ രാഷ്ട്രീയാഴിമതികളും സ്പെക്ട്രം, പ്രകൃതിവാതക ഇടപാടു്, പെട്രോളിയം വില നിശ്ചയിക്കാനുള്ള അവകാശം റിഫൈനറി മുതലാളിമാര്‍ക്കു് നല്‍കിയ തീരുമാനങ്ങളും മയക്കു് മരുന്നു് കള്ളക്കടത്തും ഭീകരവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആണവക്കരാര്‍, സ്വതന്ത്ര വ്യാപാരകരാറുകള്‍, ആയുധ ഇറക്കുമതി തുടങ്ങി സാമ്രാജ്യത്വ പ്രീണനങ്ങളും വരെ അഴിമതി തന്നെയാണു്. ഇവയെല്ലാം നടത്തുന്നതു് ആഗോള ധന മൂലധന വ്യവസ്ഥയുടെ നിലനില്പിന്റെ ഉപാധിയായോ ഫലമായോ ആണു്. അവയ്ക്കെതിരായ ഏതു് സമരവും ഈ വ്യവസ്ഥിതിക്കെതിരായ രാഷ്ട്രീയ സമരവുമാണു്.

ചുരുക്കത്തില്‍, ഇന്നു്, അഴിമതിയുടെ ഉറവിടം, ഉല്പാദനം സാമൂഹ്യമായിരിക്കുമ്പോഴും സ്വകാര്യമായ സ്വായത്തമാക്കല്‍ തുടരുന്ന കാലഹരണപ്പെട്ട, മൂലധനാധിപത്യ വ്യവസ്ഥിതി തന്നെയാണെന്നും പൊതു മുതലിന്റേയും ദേശീയ സമ്പത്തിന്റേയും കൊള്ളയെല്ലാം നവ-ഉദാര നയ ചട്ടക്കൂടു് സൃഷ്ടിച്ചിട്ടുള്ള സാംസ്കാരിക പരിതോവസ്ഥ അനുവദിക്കുന്ന പരോക്ഷ മൂലധന സമാഹരണത്തിനായുള്ള തട്ടിപ്പുകളും കൊള്ളകളും ആണെന്നുമുള്ള കാര്യം കാണാതെ ഇവയേയെല്ലാം സര്‍ക്കാരുദ്യോഗസ്ഥര്‍ ജോലിയില്‍ വീഴ്ചവരുത്തുന്നതും കൈക്കൂലി വാങ്ങുന്നതുമായ പ്രവണതകളുടെ ഭാഗമായവതരിപ്പിച്ചു് ഈ വ്യവസ്ഥിതിയെ രക്ഷിക്കാനുള്ള ശ്രമം തുറന്നു് കാട്ടപ്പെടേണ്ടതുണ്ടു്. അതേസമയം വ്യവസ്ഥയെ കുറ്റം പറഞ്ഞു് വ്യക്തിപരമായ അഴിമതികളുടെ ഉത്തരവാദിത്വത്തില്‍ നിന്നു് ഒഴിഞ്ഞു് മാറിക്കൊണ്ടു് സമൂഹത്തിനു് അഴിമതിമുക്തമാകാനും കഴിയില്ല. സാമൂഹ്യതലത്തിലും വ്യക്തിപരമായ തലത്തിലും അഴിമതിക്കെതിരായ സാംസ്കാരിക പരിതോവസ്ഥ സൃഷ്ടിച്ചുകൊണ്ടു് അഴിമതിയുടെ എല്ലാ രൂപങ്ങള്‍ക്കുമെതിരായ സമരം ഉയര്‍ന്നു് വരേണ്ടതുണ്ടു്.

നവ ഉദാര നയ ചട്ടക്കൂടില്‍ നിന്നും സാമ്രാജ്യത്വ കെട്ടു് പിണയലില്‍ നിന്നും പുറത്തു് കടന്നും അഴിമതി അവസാനിപ്പിച്ചും വിദേശ ബാങ്കു് നിക്ഷേപം തിരിയെ പിടിച്ചും കള്ളപ്പണം കണ്ടെടുത്തും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായുള്ള പ്രസ്ഥാനത്തിലൂടെയല്ലാതെ ഇന്ത്യയില്‍ ജനജീവിതം മെച്ചപ്പടുത്താന്‍ പോയിട്ടു് നിലനിര്‍ത്താന്‍ പോലും കഴിയാത്ത സ്ഥിതി ഈ അഴിമതിയുടെ പ്രളയം സൃഷ്ടിച്ചിട്ടുണ്ടു്. ആഗോള ധന മൂലധന കൂട്ടു് കെട്ടു് ഇന്ത്യയ്ക്കു് തീരാ നഷ്ടങ്ങളായിരിക്കും വരുത്തിവെക്കുക. ധന മൂലധനത്തിന്റെ എല്ലാ ഗതി വിഗതികള്‍ക്കും അതു് വിധേയമായിരിക്കും. എല്ലാ കെടുതികളും പേറേണ്ടിവരും. മറിച്ചു്, വിട്ടു് നിന്നാല്‍ സ്വതന്ത്രമായ നയ സമീപനങ്ങള്‍ അനുവര്‍ത്തിച്ചാല്‍, ആഗോള ധന മൂലധനവുമായി തന്നെ വിലപേശാനും അതില്‍ നിന്നു് സ്വതന്ത്രമായി പുരോഗമിക്കാനും എല്ലാ സാഹചര്യവും ഇന്ത്യക്കുണ്ടു്. ദിശാബോധം നഷ്ടപ്പെട്ടു് അതിക്രമങ്ങളില്‍ മുഴുകി മുങ്ങാന്‍ പോകുന്ന ആഗോള ധന മൂലധന കൂട്ടുകെട്ടിനൊപ്പം തുഴയാതെ ഈ വിശാലമായ ലോകത്തു് സ്വന്തമായൊരു വികസന പാത ചൈനയേപ്പോലെ, ലാറ്റിനമേരിക്കന്‍ നാടുകളേപ്പോലെ ഇന്ത്യക്കും സാദ്ധ്യമാണു്.
ഇന്നു് അഴിമതിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ജന വികാരത്തെ ആഗോള ധന മൂലധനാധിപത്യ വ്യവസ്ഥക്കും അതിനു് കൂട്ടുനില്‍ക്കുന്ന എല്ലാ ജനദ്രോഹ ശക്തികള്‍ക്കുമെതിരായ സമരമായി വികസിപ്പിക്കുകയാണു് സ്വന്തം ജീവിതം നിലനിര്‍ത്താനാഗ്രഹിക്കുന്നവര്‍ ഏറ്റെടുക്കേണ്ട കടമ. ഈ സമരത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തോടൊപ്പം കൃഷിക്കാരും പ്രാദേശിക ചെറുകിട-ഇടത്തരം ഉല്പാദകരും വ്യാപാരി-വ്യവസായികളും താല്പര്യമുള്ളവരാണു്. കാരണം, അവരെല്ലാം ആഗോള ധന മൂലധനത്തിന്റെ കൊള്ളയുടെ ഇരകളാണിന്നു്.

ഈ മൂലധന കൊള്ളയും തട്ടിപ്പും അതു് അനുവദിക്കുന്ന ചെറുന്യൂനപക്ഷത്തിന്റെ ധൂര്‍ത്തും അതിനായി ലോകമാകെ വരുതിയിലാക്കാനായി ആയുധക്കൂമ്പാരം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും അവയ്ക്കു് ന്യായീകരണമായി യുദ്ധവും ഭീകരവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കപ്പെടുകയും (ഇവയ്ക്കെല്ലാമുള്ള വിഭവം പോകുന്നതു് അഴിമതിയിലൂടെ സമാഹരിക്കപ്പെടുന്ന സമ്പത്തില്‍ നിന്നാണു്) ഇവയുടെലെല്ലാം ഫലമായി ബഹുഭൂരിപക്ഷത്തിന്റേയും പാപ്പരീകരണവും പട്ടിണിയും ദുരിതവും നിലനിര്‍ത്തുകയുചെയ്യുന്ന ആ ഭ്രാന്തന്‍ വ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമയവും സമാഗതമായിരിക്കുന്നു.

നാളിതു് വരെ ഉല്പാദനോപാധികളിലും ഉല്പാദനോപകരണങ്ങളിലും ഉടമസ്ഥാവകാശം സ്ഥാപിച്ചു് അവ തങ്ങളുടെ സ്വാഭാവികാവകാശമാണെന്നു് സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയാണു് മേധാവി വര്‍ഗ്ഗം അവരുടെ നിലനില്പു് ഉറപ്പു് വരുത്തിയിരുന്നതു്. എന്നാല്‍, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വികസിച്ചു് വന്ന വിവര സാങ്കേതിക വിദ്യയും ആ രംഗത്തെ അറിവും മറ്റേതും പോലെ ആദ്യം സാമൂഹ്യവും സാമൂഹ്യ ഉടമസ്ഥതയിലുമായിരുന്നു. എന്നാല്‍ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താന്‍ ഈ രംഗത്തും ഉടമസ്ഥാവകാശം സ്ഥാപിക്കേണ്ടതു് മൂലധനാധിപത്യത്തിനു് ആവശ്യമായി വന്നു. അവരതിനു് തുനിഞ്ഞപ്പോള്‍ തന്നെ, ആഗോള വിവര ശൃംഖലയാല്‍ സംഘടിതരായ ഈ രംഗത്തെ തൊഴിലാളികള്‍ തങ്ങളുടെ കണ്‍മുമ്പില്‍ നടക്കുന്ന ഈ പിടിച്ചു പറിക്കെതിരെ രംഗത്തു് വരികയും നാളതു് വരെ സാമൂഹ്യമായി നിലനിന്നതു് പോലെ ബൌദ്ധിക സ്വത്തു് സാമൂഹ്യ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്താനുള്ള സാമൂഹ്യ സ്വത്തുടമസ്ഥതയുടെ നിയമ ചട്ടക്കൂടു് സൃഷ്ടിക്കുകയും ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ കൈമാറ്റത്തിനു് ജനറല്‍ പബ്ലിക് ലൈസന്‍സ് (GPL) എന്ന നിയമ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നു. സാമൂഹ്യ ഉടമസ്ഥതയില്‍ ഇന്നു് ഒട്ടെല്ലാ സൌകര്യങ്ങള്‍ക്കും ഇതു് പ്രകാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലഭ്യമാണു്. ഈ രംഗത്തു് മൂലധനാധിപത്യം നിര്‍ണ്ണായകമായി പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഇതിന്റെ അലകള്‍ മറ്റിതര സ്വത്തുടമസ്ഥതയുടെ മേഖലകളിലും സൃഷ്ടിക്കപ്പെടുകയാണു്. കലാ സാഹിത്യ രംഗങ്ങളില്‍ മാത്രമല്ല, മരുന്നു്, ഓട്ടോ മൊബൈല്‍, യന്ത്രങ്ങള്‍ തുടങ്ങി അനേകം മേഖലകളില്‍ സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ഇതു് തെളിയിക്കുന്നതു് സ്വത്തവകാശം ചോദ്യം ചെയ്യപ്പെടാവുന്നതു് തന്നെയാണെന്നാണു്. ഭൂമിയില്‍ ആയിരത്താണ്ടുകള്‍ കൊണ്ടും ഉല്പാദനോപകരണങ്ങളില്‍ നൂറ്റാണ്ടുകള്‍ കൊണ്ടുമാണു് മേധാവി വര്‍ഗ്ഗം സ്വത്തുടമസ്തത സ്ഥാപിച്ചെടുത്തതു്. സ്വാഭാവികമായും അവയ്ക്കെതിരായ ചെറുത്തു നില്പുകള്‍ സാമൂഹ്യവും സാംസ്കാരികവുമായ മേല്‍ക്കൈ ഉപയോഗിച്ചു് ക്രമേണ ഇല്ലാതാക്കാന്‍ മേധാവി വര്‍ഗ്ഗങ്ങള്‍ക്കു് കഴിഞ്ഞു. മാത്രമല്ല, പുതിയ സ്വത്തുടമസ്ഥത ഉല്പാദന വര്‍ദ്ധനവിനു് ഉപകരിച്ചതിനാല്‍ അതിനെതിരായ സമരത്തിനു് മേല്‍ക്കൈ കിട്ടുക എളുപ്പവുമായിരുന്നില്ല. എന്നാല്‍, സോഫ്റ്റ്‌വെയര്‍ രംഗത്തു് സ്വകാര്യ ഉടമസ്ഥത സ്ഥാപിക്കാനുള്ള ശ്രമം നടന്നതു്, സ്വകാര്യ സ്വത്തുടമസ്ഥതയില്‍ അധിഷ്ഠിതമായ സാമൂഹ്യ ക്രമം ചോദ്യം ചെയ്യപ്പെട്ടു് കഴിഞ്ഞതിനു് ശേഷമാണു്. അതിനു് പല പ്രായോഗിക ബദലുകളും നിലവില്‍ വന്ന ശേഷമാണു്. മാത്രമല്ല, ഈ തട്ടിപ്പു് ചെറുക്കാനുള്ള സാദ്ധ്യതകളെല്ലാം സമൂഹത്തില്‍ ഒരുങ്ങിയിരുന്നു. സ്വത്തുടമസ്ഥാവകാശത്തിനെതിരായ സമരം അങ്ങിനെ വിജയം കണ്ടു.

ഇവിടെ പ്രസക്തമാകുന്ന കാര്യം സ്വത്തുടമസ്ഥാവകാശം സമൂഹത്തിനു് മേലുള്ള ചുരുക്കം ചിലരുടെ കടന്നാക്രമണമാണെന്നും സമൂഹത്തിന്റേയും ഉപയോഗിക്കുന്ന വ്യക്തികളുടേയും സ്വത്തുടമസ്ഥത എന്നതാണു് ശരിയായ കാഴ്ചപ്പാടു് എന്നുമാണു്. ഉടമസ്ഥാവകാശം അയഥാര്‍ത്ഥമാണു്. നിഷേധാത്മകമാണു്. അക്രമത്തിലൂടെയാണു് നേടുന്നതും നിലനിര്‍ത്തപ്പെടുന്നതും. ഇന്നു് അതു് സമൂഹത്തിലെ എല്ലാ അഴുക്കുകളുടേയും കൊള്ളരുതായ്മകളുടേയും ഉറവിടമാണു്. സമൂഹത്തിന്റെ സുസ്ഥിതിയെ, പുരോഗതിയെ, അതിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടേയും താല്പര്യങ്ങളെ അതു് പ്രതികൂലമായി മാത്രം ബാധിക്കുകയാണു്. ഉടമസ്ഥതയാകട്ടെ യഥാര്‍ത്ഥമാണു്. സ്വാഭാവികമാണു്. സൃഷ്ടിപരമാണു്. ഇനിയങ്ങോട്ടു് സാമൂഹ്യ പുരോഗതി ഉറപ്പാക്കുന്നതാണു്. ആര്‍ക്കും ഉടമസ്ഥാവകാശമില്ല. ഉപയോഗിക്കുന്നവര്‍ക്കു് ഉടമസ്ഥത ഉണ്ടായിരിക്കും. ഉപയോഗിക്കാതിരുന്നാല്‍ സമൂഹത്തിനു് അതു് ഉപയോഗിക്കാന്‍ തയ്യാറുള്ള മറ്റൊരാള്‍ക്കു് കൈമാറാം. ഇതായിരിക്കാം, അന്തരാള ഘട്ടത്തിലെ സ്വത്തുടമസ്ഥതയുടെ രീതി. ക്രമേണ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു് നിയതമായ ചട്ടക്കൂടു് ഉണ്ടാക്കപ്പെടുകയുമാകാം.
സമൂഹത്തിന്റെ നിലവിലുള്ള ഉപഭോഗാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നിലവിലുള്ള ഉടമസ്ഥാവകാശത്തെ ആധാരമാക്കിയ സംവിധാനത്തിനു് കഴിയാതായിരിക്കുന്നു. നിലവിലുള്ള വ്യവസ്ഥിതി ബഹുഭൂരിപക്ഷത്തിനും താങ്ങാനാവാത്ത ഭാരമാണു് ഏല്പിക്കുന്നതു്. അതേസമയം സ്വത്തുടമസ്ഥത ഉപയോഗിക്കുന്നവര്‍ക്കു് എന്ന പുതിയ വ്യവസ്ഥ നിലവില്‍ അനുഭവപ്പെടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാകും. മാത്രമല്ല, അതു് സമൂഹത്തിന്റെ ഭാവി താല്പര്യം സംരക്ഷിക്കാനുപകരിക്കുന്നതുമാണു്. കൃഷി ചെയ്യുന്നവനു് ഭൂമി. ഉല്പാദനം നടത്തുന്നവനു് ഉപാധികളും ഉപകരണങ്ങളും. ഇതു് ഉല്പാദന വര്‍ദ്ധനവിനും സാമൂഹ്യ പുരോഗതിക്കുമുള്ള മാര്‍ഗ്ഗമാണു്.
ബൌദ്ധിക സ്വത്തിന്റെ രംഗത്താകട്ടെ, ബൌദ്ധിക സ്വത്തുപയോഗിക്കുന്നവര്‍ പണിയെടുക്കുന്നവര്‍ മാത്രമാണു്. ഉപയോഗിക്കുന്നവരെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. അവരാണു് ഉല്പാദിപ്പിക്കുന്നതു്. അവരാണു് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതു്. അവരാണു് ഭരണം നടത്തുന്നതു്. അവകാശികളെ മാറ്റി നിര്‍ത്തിയാലും ലോകത്തിനു് ഒരു പ്രശ്നവും ഉണ്ടാകാനില്ല. ഷെയറുടമകളും ധന മൂലധനാധിപത്യവും എന്നേ അവര്‍ക്കവകാശമുണ്ടെന്നു് പറയുന്ന സ്വത്തുമായുള്ള ബന്ധം അവസാനിപ്പിച്ചു് കഴിഞ്ഞിരിക്കുന്നു. അവകാശങ്ങള്‍ക്കു് വേണ്ടിയുള്ള ഭ്രാന്തമായ പോരാട്ടമാണു്, അവകാശികള്‍ക്കു് വേണ്ടിയുള്ള ഇന്നത്തെ വ്യവസ്ഥയാണു്, അതു് സംരക്ഷിക്കാനും തുടരാനുമുള്ള അക്രമമാണു് ഇന്നു് ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അവയെല്ലാം ഒഴിവാക്കാനാവട്ടെ ആവശ്യമായതു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. തൊഴിലെടുക്കുന്നവരുടെ, അദ്ധ്വാനിക്കുന്നവരുടെ, ഭൂമിയും ഫാക്ടറികളും മറ്റുപാധികളും ഉപകരണങ്ങളും അറിവും ഉപയോഗിക്കുന്നവരുടെ ആധിപത്യം - തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം - എന്നതു് എത്രമാത്രം സ്വാഭാവികവും നിര്‍മ്മലവും സാദ്ധ്യവും ആവശ്യവുമാണെന്നു് പൊതു മുതലിന്റെ കൊള്ളയും അഴിമതിയും ഭീകരവാദവും തീവ്രവാദവും അടക്കമുള്ള ഇന്നത്തെ ലോക സാഹചര്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അതു് സാദ്ധ്യമാണെന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും തെളിയിക്കുന്നു.

(കടപ്പാടു് - തൊഴിലാളി വര്‍ഗ്ഗ വീക്ഷണം, സ്വതന്ത്ര വിജ്ഞാന വീക്ഷണം)

ജോസഫ് തോമസ്. 22-07-2011

Blog Archive