Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, July 22, 2013

എഡ്വേഡ് സ്നോഡനെ പിന്തുണയ്ക്കുക - ക്രിയാത്മകമായി പ്രതികരിക്കുക



അടുത്തിടെ നാം കേള്‍ക്കുന്ന ചില വാര്‍ത്തകള്‍ ലോകം ഒരു വലിയ മാറ്റത്തിന്റെ തിരുമുറ്റത്താണെന്ന സൂചനകള്‍ നല്‍കുന്നവയാണു്. വാള്‍സ്ട്രീറ്റു് സമരം. ലോക മുതലാളിത്ത നായക രാഷ്ട്രമായ അമേരിക്കയുടെ ധനകാര്യ സിരാകേന്ദ്രത്തെ മാസങ്ങളോളം വിറപ്പിച്ച സമരം. വിവര സാങ്കേതിക വിദഗ്ദ്ധനായ ജൂലിയന്‍ അസ്സാഞ്ജേ അമേരിക്കന്‍ രഹസ്യ രേഖകള്‍ ചോര്‍ത്തി ലോകത്തിനു് മുമ്പില്‍ അമേരിക്കയെ നാണം കെടുത്തിയതു് മറ്റൊന്നു്. അമേരിക്ക നാളുകളായി ലോക പോലീസുകാരന്‍ ചമഞ്ഞു് നടത്തി വന്ന ചാരപ്പണികളുടേയും അതിലൂടെ ലോകമാകെ ഭരണ കൂടങ്ങള്‍ കാട്ടിയ വൃത്തികേടുകളുടേയും നേര്‍ ചിത്രം ലോകത്തിനു് മുമ്പില്‍ അവയിലൂടെ തുറന്നു് കാട്ടപ്പെട്ടു. ഇപ്പോഴിതാ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്കു് വേണ്ടി പണിയെടുക്കുന്ന കോണ്‍ട്രാക്ടു് സ്ഥാപനത്തിലെ ശൃംഖലാ സുരക്ഷാ വിദഗ്ദ്ധനായിരുന്ന എഡ്വേഡ് സ്നോഡന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചാര നിരീക്ഷണത്തിനായി നടത്തുന്ന വിവരം ചോര്‍ത്തലിന്റേയും അമേരിക്കന്‍ പൌരന്മാര്‍ അനുഭവിക്കുന്ന ഗുരുതരമായ സ്വകാര്യതാ ധ്വംസനത്തിന്റേയും വൈപുല്യം വെളിപ്പടുത്തിയിരിക്കുന്നു. അദ്ദഹം പറയുന്നതു് ലോകത്തെ എല്ലാ രാഷ്ട്രങ്ങളുടേയും വിവരം അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തുന്നുണ്ടെന്നാണു്. അതേ സമയം, റഷ്യയില്‍ നിന്നുള്ളതിനേക്കാള്‍ പോലും കൂടുതല്‍ അമേരിക്കന്‍ പൌരന്മാരുടെ വിവരം അമേരിക്കന്‍ ഭരണകൂടം ചോര്‍ത്തുന്നുണ്ടു്. അമേരിക്കന്‍ പൌരന്മാരുടേതടക്കം സ്വകാര്യത നശിപ്പിക്കുന്ന ഭരണ കൂട പരിപാടി ഇന്റര്‍നെറ്റു് സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നാണു് സ്നോഡന്റെ വെളിപ്പെടുത്തലിനു് അദ്ദേഹത്തെ പ്രേരിപ്പിച്ചതു്. സ്വന്തം ഭാവിയും ജീവനും പണയപ്പെടുത്തിയാണു് ലോക പോലീസുകാരനായ അമേരിക്കന്‍ ഭരണ കൂടത്തിനെതിരെ സ്നോഡന്‍ പ്രതികരിച്ചിട്ടുള്ളതു്. അമേരിക്കന്‍ ഭരണ കൂടത്തെ വലിയൊരു പ്രതിസന്ധിയിലാണു് ഈ സംഭവങ്ങളെല്ലാം കൊണ്ടെത്തിച്ചിരിക്കുന്നതു്.

സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ചാര നിരീക്ഷണ പരിപാടിക്കും ഇന്റര്‍നെറ്റു് ചോര്‍ത്തലിനുമെതിരെ വമ്പിച്ച തോതില്‍ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണു്. അമേരിക്കന്‍പൌരന്മാരുടെ ഫോണുകളും ലോകമാകെയുള്ള ഇന്റര്‍നെറ്റു് ഉപഭോക്താക്കളുടെ സന്ദേശങ്ങളും നിരീക്ഷണത്തിനു് വിധേയമാക്കപ്പെടുന്നുണ്ടു്. മൈക്രോസോഫ്റ്റും ജിമെയിലും ഫേസ്ബുക്കും ട്വിറ്ററും അടക്കം പ്രധാനപ്പെട്ട 10 ഇന്റര്‍നെറ്റു് സന്ദേശ വാഹകരുടേയും സെര്‍വ്വറുകളില്‍ നിന്നു് വിവരം നിരീക്ഷിക്കാനുള്ള 'പ്രിസം' എന്ന പദ്ധതിയാണു് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കി പ്രവര്‍ത്തിപ്പിച്ചു് പോരുന്നതു്. 2001 സെപ്തംബര്‍ 11 നു് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു് നേരെ നടന്ന ആകാശ ഭീകരാക്രമണമടക്കം ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു് വരുന്ന പശ്ചാത്തലത്തിലാണു് ഈ സമഗ്ര ചാര നിരീക്ഷണ സമ്പ്രദായം കരുപ്പിടിപ്പിച്ചതെന്നാണു് അമേരിക്കയുടെ ന്യായീകരണം.

ഭീകരാക്രമണത്തേക്കുറിച്ചോ ഭീകര വാദത്തേക്കുറിച്ചോ തീവ്രവാദത്തേക്കുറിച്ചോ പരാതിപ്പെടാന്‍ അമേരിക്കയ്ക്കു് അര്‍ഹതയില്ല. ലോകമാകെ തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്നതില്‍ മറ്റേതു് രാജ്യത്തിനേക്കാള്‍ കൂടുതല്‍ പങ്കു് അമേരിക്കന്‍ ഭരണകൂടത്തിനുണ്ടു്. തെമ്മാടി രാഷ്ട്രമായി ഇസ്രയേലിനെ വളര്‍ത്തി നിലനിര്‍ത്തി പോരുന്നതു് അമേരിക്കയാണു്. ബിന്‍ലാദനേയും താലിബനേയും പാലൂട്ടി വളര്‍ത്തിയതു് അമേരിക്കന്‍ ഭരണ കൂടമാണു്. അഫ്ഘാനിസ്ഥാനില്‍ അവര്‍ക്കു് താവളമൊരുക്കി കൊടുത്തതു് അമേരിക്കന്‍ ഭരണകൂടമാണു്. പാകിസ്ഥാന്‍ ഐഎസ്ഐ യെ ശക്തിപ്പെടുത്തി നിലനിര്‍ത്തി പോന്നതു് അമേരിക്കന്‍ ഭരണകൂടമാണു്. ശത്രു രാജ്യമെന്നോ മിത്ര രാജ്യമെന്നോ നോക്കാതെ മറ്റെല്ലാ രാജ്യങ്ങളിലും സ്വന്തം ആജ്ഞാനുവര്‍ത്തികളായ മത-ഭാഷാ തീവ്രവാദ-ഭീകരവാദ ഗ്രൂപ്പുകളെ പാലൂട്ടി വളര്‍ത്തി പോരുന്നതു് അമേരിക്കന്‍ ഭരണകൂടമാണു്. ഇരട്ട ചാരനായ കോള്‍മാന്‍ ഹാഡ്ലിയേപ്പോലെ എത്രയോ ജന ദ്രോഹികളെ അമേരിക്കന്‍ ഭരണ നേതൃത്വം സൃഷ്ടിച്ചു് വിട്ടിരിക്കുന്നു ! എത്രയെത്ര രാജ്യങ്ങളില്‍ എത്രയെത്ര ഏകാധിപതികളെ പതിറ്റാണ്ടുകളോളം അമേരിക്ക പിന്തുണച്ചു് നിലനിര്‍ത്തിപ്പോന്നു ! എത്രയെത്ര ജനസേവകരായ ഭരണാധികാരികളേയാണു് അമേരിക്കന്‍ ഭരണകൂടം തീറ്റിപ്പോറ്റുന്ന ചോറ്റു് പട്ടാളം കൊന്നൊടുക്കിയിട്ടുള്ളതു് ! എന്തിനേറെ അമേരിക്ക എന്ന ആധുനിക രാഷ്ട്രം സൃഷ്ടിച്ചതു് തന്നെ ബ്രിട്ടനില്‍ നിന്നു് നാടു് കടത്തപ്പെട്ട കൊലപാതകികളും ക്രിമിനല്‍ കുറ്റവാളികളും ചേര്‍ന്ന് തദ്ദേശീയ ജനവിഭാഗമായ റെഡ്ഡിന്ത്യക്കാരുടെ വംശപരമ്പര തന്നെ ഇല്ലാതാക്കിക്കൊണ്ടാണു്. ലോകമാകെ അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു് സര്‍ക്കാരിതര സ്ഥാപനങ്ങളെ ചെല്ലും ചെലവും കൊടുത്തു് തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി അമേരിക്ക പോറ്റി വളര്‍ത്തി നിലനിര്‍ത്തിപ്പോരുന്നുണ്ടു്. ലോകത്തെല്ലായിടത്തും ആയിരത്തഞ്ഞൂറിലേറെ സൈനിക താവളങ്ങള്‍ അമേരിക്കയും അവര്‍ക്കു് പങ്കാളിത്തമുള്ള സൈനിക സഖ്യങ്ങളും നിലനിര്‍ത്തിപ്പോരുന്നുണ്ടു്. ഇതെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷയുടെ ആവശ്യമാണെന്നാണു് വാദം. ഇന്നിപ്പോഴിതാ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അതും ലോകമാകെ ചാരപ്പണി നടത്താനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധിയായി അമേരിക്കയുടെ കയ്യിലെത്തിയിരിക്കുന്നു. ലോകത്തെല്ലായിടത്തു് നിന്നും വിവരം അവരുടെ കമ്പ്യൂട്ടറിലേയ്ക്കൊഴുകിയെത്തുന്നു. ആവശ്യമുള്ളതെടുത്തു് വിശദമായി പരിശോധിച്ചാല്‍ മാത്രം മതി. മറ്റിതര ചാരപ്പണികള്‍ക്കു് ഇനി മേലാല്‍ വിഭവം മുടക്കേണ്ടതില്ലാത്ത അനുകൂല സാഹചര്യാമാണിതു് സൃഷ്ടിച്ചിട്ടുള്ളതു്.

ഇന്റര്‍നെറ്റു് അമേരിക്കയില്‍ തുടങ്ങിയതാണു്. അമേരിക്കയില്‍ വ്യാപിച്ചു് വളര്‍ന്നു. തുടര്‍ന്നു് പുറത്തേയ്ക്കും. ഇന്നു് ലോകമാകെ അതില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യാപനം മറ്റെന്തിനേക്കാളും വേഗത്തില്‍ നടക്കുന്നു. അതിന്റെ ഉപയോഗം വെറും വ്യക്തിപരമായ ആശയ വിനിമയോപാധി എന്ന നില വിട്ടു് എല്ലാ സാമൂഹ്യ പ്രക്രിയകളുടേയും വിവര വിവരാധിഷ്ഠിത ഘടകങ്ങള്‍ തത്സമയം ദൂര ദേശ പരിധിയില്ലാതെ നടത്താന്‍ പറ്റുന്ന ശൃംഖലയായി വളര്‍ന്നിരിക്കുന്നു. അതു് വികേന്ദ്രീകൃതമാണെങ്കിലും അമേരിക്കയില്‍ തുടങ്ങിയതായതിനാല്‍ അതിന്റെ കേന്ദ്രം അമേരിക്കയാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നു. ആദ്യ പഥികര്‍ എന്ന നിലയില്‍ അമേരിക്കയ്ക്കു് കിട്ടിയ മുന്‍കൈ ഒരു യാഥാര്‍ത്ഥ്യമാണു്. അതിനാല്‍ അവിടെയാണു് ഹാര്‍ഡ്‌വെയര്‍ ഉല്പാദനവും സോഫ്റ്റ്‍വെയര്‍ വികസനവും സെര്‍വ്വറുകളും വിവര സംഭരണികളും വെബ്ബു് ഹോസ്റ്റിങ്ങു് സ്ഥാപനങ്ങളും സാമൂഹ്യ സേവനപ്രദാന സ്ഥാപനങ്ങളും അടക്കം ശൃംഖലാ വിഭവങ്ങളും ശൃംഖലകളും വര്‍ദ്ധിച്ച തോതില്‍, പ്രത്യേകിച്ചും കമ്പോളാടിസ്ഥാനത്തില്‍ നിലവില്‍ വന്നിട്ടുള്ളതു്. എങ്കിലും മറ്റാര്‍ക്കും സ്വന്തം ശൃഖലകള്‍ കെട്ടിപ്പടുക്കുകയും ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചുപയോഗിക്കുകയും ചെയ്യാമെന്നിരിക്കെ ഇന്നും അമേരിക്കന്‍ വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുക എന്ന ശീലമാണു് നിലനില്‍ക്കുന്നതു്. അതു് മൂലം ഭരണ നിര്‍വ്വഹണത്തിനായി ആധുനിക വിവര സംവിധാനങ്ങളുപയോഗിക്കുന്ന ഏതൊരു രാജ്യത്തേയും വിവരങ്ങളൊന്നും അമേരിക്കയ്ക്കു് രഹസ്യമല്ല. അവയെല്ലാം അമേരിക്കയ്ക്കു് തുറന്നു് കിട്ടുന്നു.

ഇത്തരത്തില്‍ ലോകത്താകെ ജനങ്ങള്‍ അമേരിക്കന്‍ സേവന ദാതാക്കളേയും വിഭവങ്ങളേയും ആശ്രയിച്ചു് പോരുന്നതു് മൂലം അമേരിക്കയ്ക്കു് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടായിട്ടുണ്ടു്. ചാരപ്പണിക്കായി ഉപയോഗിച്ചിരുന്ന വിഭവം സംരക്ഷിക്കാന്‍ കഴിയുന്നതു് മാത്രമല്ല. ഏതു് രാജ്യക്കാരും ഉപകരണങ്ങള്‍ വാങ്ങുന്നതു് അവിടെ നിന്നാണു്. പ്രത്യേകിച്ചും കമ്പ്യൂട്ടറുകളുടേയും മറ്റിതര വിവര വിനിമയോപകരണങ്ങളുടേയും പ്രധാന ഘടകമായ മൈക്രോപ്രോസസറുകള്‍. ലോകത്താരു് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാലും അമേരിക്കയക്കു് കപ്പം കിട്ടും.ലോകത്താരു് ഇന്റര്‍നെറ്റുപയോഗിച്ചാലും അമേരിക്കക്കു് വരുമാനം കിട്ടുന്നു. ലോകത്താരു് വെബ്ബ് സൈറ്റുണ്ടാക്കുമ്പോഴും അമേരിക്കയ്ക്കു് നേട്ടമാണു്. യഥാര്‍ത്ഥത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെ കിട്ടുന്ന വരുമാനമാണു് ഇന്നും അമേരിക്കയെ ലോക പോലീസുകാരനായി നിലനിര്‍ത്തുന്നതു്.

1970 കളിലും 1980 കളിലും ലോകം ചര്‍ച്ച ചെയ്തിരുന്ന കാര്യമായിരുന്നു ലോക സാമ്രാജ്യ നേതൃത്വം ഇനിയാരു് വഹിക്കുമെന്നതു്. രണ്ടു് നൂറ്റാണ്ടു് സാമ്രാജ്യത്വ നായക സ്ഥാനം വഹിച്ച ബ്രിട്ടന്‍ രണ്ടാം ലോക മഹായുദ്ധത്തോടെ കിരീടം അമേരിക്കയ്ക്കു് കൈമാറി. വെറും നാല്പതു് വര്‍ഷം കൊണ്ടു് അമേരിക്ക ക്ഷീണിച്ചു. ഫോര്‍ഡും റോക്ക്ഫെല്ലറും വിലസിയിരുന്ന വാഹന നിര്‍മ്മാണ വ്യവസായത്തില്‍ ജപ്പാന്‍ അമേരിക്കയെ പിന്നിലാക്കി. യന്ത്ര നിര്‍മ്മാണ രംഗം ജര്‍മ്മനി കയ്യടക്കി. അങ്ങിനെ അമേരിക്കയ്ക്കു് ലോക പോലീസിന്റെ കടമ നിര്‍വ്വഹിക്കാനാവശ്യമായ സാമ്പത്തിക സ്രോതസില്ലാതെ വലഞ്ഞു് തുടങ്ങി. അപ്പോഴാണു് ഇനിയാരു് നേതൃത്വം ഏറ്റെടുക്കും എന്ന പ്രശ്നം സജീവമായതു്. ജപ്പാനു് തന്നെ പറ്റില്ല. ജര്‍മ്മനിക്കു് തന്നെ പറ്റില്ല. രണ്ടു് രാഷ്ട്രങ്ങളും കൂടിയാലും സാധ്യമാവില്ല. ഇതെല്ലാം ലോക മാധ്യമങ്ങള്‍ അന്നു് ചര്‍ച്ച ചെയ്തിരുന്നു. 1990 ഓടെ ചിത്രം മാറി. സോവിയറ്റു് യൂണിയന്‍ തകര്‍ന്നു. പക്ഷെ, അതു് രാഷ്ട്രീയമായ മേല്‍ക്കൈ അമേരിക്കയ്ക്കു് സൃഷ്ടിച്ചപ്പോഴും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയില്ല. എന്നാല്‍ അപ്പോഴേയ്ക്കും വ്യാപകമായി വന്ന വിവര സാങ്കേതിക മേഖലയും ഇന്റര്‍നെറ്റുമാണു് അമേരിക്കയെ സാമ്പത്തികമായി പിടിച്ചു് നില്‍ക്കാന്‍ സഹായിച്ചതു്. അതിന്നും തുടരുന്നു. ധന മൂലധന പ്രതിസന്ധിയും വ്യാപാര മാന്ദ്യവും ഇതിനേയെല്ലാം മറികടക്കുന്ന തരത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയ്ക്കും ലോക മുതലാളിത്ത വ്യവസ്ഥയ്ക്കും ഭീഷണിയായി മാറിയതു് അടുത്ത കാല സംഭവം. അവയും തുടരുക തന്നെയാണു്..

ചുരുക്കത്തില്‍, ഇന്റര്‍നെറ്റുപയോഗിച്ചുള്ള ചാരപ്പണി അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്പിന്റെ പ്രശ്നമാണു്. അതാകട്ടെ മറ്റു് രാജ്യങ്ങളുടെ വിവരം മാത്രമല്ല, അമേരിക്കക്കാരുടെ സ്വകാര്യതയും നശിപ്പിക്കുന്നുണ്ടു്. ഇതിനെതിരേയാണു് എഡ്വേഡ് സ്നോഡന്‍ പ്രതികരിച്ചിരിക്കുന്നതു്. വ്യക്തിയുടെ സ്വകാര്യതയ്ക്കു് വലിയ പ്രാധാന്യം കൊടുക്കുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ഗണ്യമായ വിഭാഗം സ്നോഡനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ടു്. അമേരിക്കന്‍ മാധ്യമങ്ങള്‍ പലതും സ്നോഡനെ പിന്തുണയ്ക്കുന്നു. ലോകമാകെ സ്നോഡനു് പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉരുത്തിരിയുകയാണു്. സര്‍വ്വ ശക്തമായ അമേരിക്കന്‍ ഭരണകൂടം ഇക്കാര്യത്തില്‍ എന്തും ചെയ്യാന്‍ തയ്യാറാകും. അതിനെ പ്രതിരോധിക്കാന്‍ ലോക ബഹുജനാഭിപ്രായം ഉണരണം.

മാത്രമല്ല, ദേശീയ പരമാധികാരവും രാജ്യ സുരക്ഷയും ആഗ്രഹിക്കുന്നവരും ഭീകരാക്രമണത്തില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരുമായ രാഷ്ട്രങ്ങളുടെ മുമ്പില്‍ വിവര ചോര്‍ച്ച തടയാന്‍ മാര്‍ഗ്ഗങ്ങളുണ്ടു്. വിവര സാങ്കേതിക രംഗത്തും പ്രത്യേകിച്ചു് ഇന്റര്‍നെറ്റിന്റെ കാര്യത്തിലും അമേരിക്കയുടെ മേധാവിത്വം അവസാനിപ്പിക്കുക തന്നെയാണതു്. ഇന്റര്‍നെറ്റിനു് ഒരു വശത്തു് സമഗ്രതയും കേന്ദ്രീകരണ സ്വഭാവവും ഉള്ളപ്പോള്‍ തന്നെ അതിനു് ജനാധിപത്യ സ്വഭാവവുമുണ്ടു്. വളരെ ഉയര്‍ന്ന തോതിലുള്ള ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ സാധ്യതകളുമുണ്ടു്. സ്വന്തം വിവര വിനിമയ ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാന്‍ ഓരോ രാജ്യത്തിനും കഴിയും. അവയെ സാര്‍വ്വദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാകാം. ദേശ രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും അവയുടെ സ്വന്തം ശൃഖലകള്‍ സ്ഥാപിച്ചുപയോഗിക്കാം. സ്വന്തമായി ശൃംഖലാ വിഭവങ്ങളുണ്ടാക്കാം.

അതിനെല്ലാം സഹായിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തു് കൊണ്ടു് സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചും ശൃംഖലകള്‍ കെട്ടിപ്പടുത്തും സ്വന്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിവര സുരക്ഷ ഉറപ്പാക്കാം. രാഷ്ട്രങ്ങള്‍ക്കു് അമേരിക്കയുടെ ലോക പോലീസിങ്ങിനു് കീഴ്പ്പെടാതെ സ്വന്തം ദേശീയ പരമാധികാരം സംരക്ഷിക്കാം. ജന സമൂഹങ്ങള്‍ക്കു് സാമ്രാജ്യത്വ മേധാവിത്വം വലിച്ചെറിഞ്ഞു് സ്വതന്ത്രരാകാം. സ്വന്തം കാലില്‍ വളരാനുള്ള പശ്ചാത്തലമൊരുക്കാം. അതാകട്ടെ, അമേരിക്കയെ സാര്‍വ്വദേശീയ സമൂഹത്തില്‍ അമേരിക്കയുടെ യഥാര്‍ത്ഥ സ്ഥാനവും പങ്കും ബോധ്യപ്പെടുത്താനുതകുകയും ചെയ്യും. അത്തരം ഒരു തീരമാനമാകട്ടെ സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും ദേശീയ പരമാധികാരവും സ്വകാര്യതയും ആഗ്രഹിക്കുന്ന ലോക ജനത സ്വന്തം ജീവന്‍ കൊണ്ടു് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച എഡ്വേഡ് സ്നോഡന്‍ എന്ന ചെറുപ്പക്കാരനു് നല്‍കുന്ന ഉപഹാരം.

സ്നോഡന്‍ ഇന്റര്‍നെറ്റു് സ്വാതന്ത്ര്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൌണ്ടേഷന്റെ' പ്രവര്‍ത്തകനുമായിരുന്നു. അതാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഭാഗവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമ്രാജ്യ വിരുദ്ധ രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ വെളിവായിവരുന്നു. സാമ്രാജ്യത്വം സ്വയം തകരുകയില്ല. തകര്‍ക്കപ്പെടാതെ തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനമില്ല. തകര്‍ക്കാന്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിക്കപ്പെടുന്നിടത്താണു് സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും നാശത്തിന്റെ അനിവാര്യത. അതായതു് സാമ്രാജ്യത്വം തകര്‍ക്കപ്പെടുകയാണു് വേണ്ടതു്. അതിനുള്ള ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നാണു് വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും. നിലവില്‍ സാമ്രാജ്യത്വ നായകനായ അമേരിക്കയുടെ തകര്‍ച്ച ലോക മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാക്കുകയും ചെയ്യും.

സാമ്രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കും ചെറുത്തു് നില്പു് സമരങ്ങള്‍ക്കും ഒപ്പം സാധ്യമായ സമരായുധങ്ങളെല്ലാം സ്വായത്തമാക്കുകയും പ്രയോഗിക്കുകയുമാണു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ കാലിക കടമ. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള വിവര സാങ്കേതിക വിദ്യ അതില്‍ പ്രധാനമാണു്.



ജോസഫ് തോമസ് 19-07-2013

Monday, July 1, 2013

എന്താണു് വിപ്ലവം ? - ഭഗത്‌ സിങ്ങു് കോടതിയില്‍ നല്‍കിയ സ്റ്റേറ്റു്മെന്റു്



(ജോബി ജോണിന്റെ മെയില്‍ വഴി കിട്ടിയതു്)

എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അതിങ്ങനെയായിരുന്നു:

'അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണികള്‍ കോടികള്‍ കൊള്ളയടിക്കുന്നു. ഇവിടെ കാണുന്ന അസമത്വങ്ങള്‍ ഭയാനകമാണ്. പാവപ്പെട്ടവന് അവസരങ്ങളില്ല. ഈ അനീതി അധികകാലം നിലനില്ക്കാന്‍ അനുവദിച്ചുകൂടാ. ഒരഗ്നിപര്‍വതത്തിന്റെ മുകളിലിരുന്നാണ് ചൂഷകവര്‍ഗം തങ്ങളുടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഈ എടുപ്പിനെ ഇപ്പോള്‍ നമുക്ക് രക്ഷപ്പെടുത്താനായില്ലെങ്കില്‍ അതു തകര്‍ന്നുവീഴും. സമൂലമായ ഒരു മാറ്റം ആവശ്യമാണ്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ബോധമുള്ളവര്‍ സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പുനഃസംഘടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ മനുഷ്യരോടും രാഷ്ട്രം രാഷ്ട്രത്തോടും ചെയ്യുന്ന ഈ ചൂഷണം അവസാനിപ്പിക്കുന്നില്ലെങ്കില്‍ സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇവിടെ സൃഷ്ടിക്കുക, അതു നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കുക, തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള മുതലാളിത്തത്തിന്റെ ബന്ധനങ്ങളില്ലാത്ത സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയുണ്ടാകാത്ത ഒരു ലോക ഫെഡറേഷന്‍ രൂപീകരിക്കുക - അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം.

ഞങ്ങള്‍ ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അന്തിമസമരത്തിനു ഞങ്ങള്‍ തയ്യാറാവും. എല്ലാ തടസ്സങ്ങളും ഞങ്ങള്‍ പിഴുതെറിയും. തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള ഒരു ഭരണം ഞങ്ങള്‍ ഇവിടെ സ്ഥാപിക്കും.

മനുഷ്യന്റെ ജന്മാവകാശമാണ് സ്വാതന്ത്ര്യം. സമൂഹത്തെ നിലനിര്‍ത്തുന്നത് തൊഴിലാളിയാണ്. ജനങ്ങളുടെ പരമാധികാരം സ്ഥാപിക്കുക തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള സമരത്തില്‍ എന്തു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളെയും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഞങ്ങള്‍ അണിനിരത്തും. വിപ്ലവത്തിന്റെ പുലരിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം നീണാള്‍ വാഴട്ടെ!

വിപ്ലവം എന്ന പദത്തിന് അര്‍ഥം നല്കുന്നതിലും പല താത്പര്യങ്ങളും കടന്നുവരാറുണ്ട്. രക്തരൂഷിതഭീകരതയായി പലരും ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്. വിപ്ലവകാരികള്‍ക്ക് ഈ പദം വിശുദ്ധമാണ്. വിപ്ലവകാരികള്‍ ബോംബിന്റെയോ തോക്കിന്റെയോ ആരാധകരല്ല. വിപ്ലവം നേടാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇവ.

ഒരു നല്ല നാളേക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് വിപ്ലവം. അതിനു നിലവിലുള്ള വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. നിലവില്‍ എന്താണോ ഉള്ളത്, അതു മുറുകെ പിടിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. മാറ്റം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. ഈ ഒരു ചിന്താഗതി മാറിയാലേ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ. അല്ലെങ്കില്‍ ജീര്‍ണതയായിരിക്കും ഫലം. അതോടെ മനുഷ്യപുരോഗതിതന്നെ സ്തംഭിക്കും. മനുഷ്യന്റെ ആത്മാവിലേക്കായിരിക്കണം വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കടന്നുചെല്ലേണ്ടത്. അല്ലെങ്കില്‍ പ്രതിലോമശക്തികള്‍ വിപ്ലവത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടസ്സം സൃഷ്ടിക്കും.

ഈ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. പക്ഷേ, കൊല്ലപ്പെട്ടയാള്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ദുഷിച്ചുപോയിരുന്നു. അതു നശിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. മനുഷ്യന്റെ മരണത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭീകരവാഴ്ചയുടെ മരണമണിയാണ് നാം കേട്ടത്. ലോകത്തെ ഏറ്റവും ഭീകരമായ ഒരു ഭരണത്തിന്റെ അവകാശികളാണ് ബ്രിട്ടീഷുകാര്‍. ഒരു മനുഷ്യന്റെ ജീവരക്തം ഇവിടെ ചൊരിയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വ്യക്തികളുടെ ത്യാഗങ്ങളിലൂടെയേ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കൂ എന്ന ആശ്വാസം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.

വിപ്ലവം നീണാള്‍ വാഴട്ടെ!'

Blog Archive