Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, November 14, 2014

ഡോട്കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ - എബന്‍ മോഗ്ലന്‍ - (ജനുവരി 2003)



മലയാളം തര്‍ജ്ജമയ്ക്കുള്ള ആമുഖം

(നവമ്പര്‍ 2014)

എബന്‍ മോഗ്ലന്‍ കൊളംബിയ സര്‍വ്വകലാശാലാ നിയമ വിദ്യാലയത്തില്‍ പ്രൊഫസറാണു്. സ്വതന്ത്ര (ഫ്രീ) സോഫ്റ്റ്‌വെയറിന്റെ വിതരണാനുമതിപത്രമായ പൊതു സമൂഹ ഉപയോഗാനുമതി പത്രത്തിന്റെ (Gnu General Public License - GPL) സൃഷ്ടിയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ നിയമോപദേഷ്ടാവായിരുന്നു. തുടര്‍ന്നു് ഫ്രീസോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചു. അതില്‍ നിന്നൊഴിഞ്ഞ ശേഷം 2005 ല്‍ അദ്ദേഹം സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ സ്ഥാപിച്ചു. അതിന്റെ സ്ഥാപക ഡയറക്ടറും കൌണ്‍സലും ആയിരുന്നു. ഇപ്പോള്‍ ചെയര്‍മാനാണു്. 2011 ല്‍ അദ്ദേഹം ഫ്രീഡം ബോക്സു് എന്ന പേരില്‍ ചെറിയ സെര്‍വ്വര്‍ വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു് പ്രവര്‍ത്തിച്ചു് തുടങ്ങി. എബന്‍ മോഗ്ലന്‍ 2003 ല്‍ തന്റെ http://moglen.law.columbia.edu/publications/dcm.html എന്ന വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണു് ഈ രേഖ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവപാഠങ്ങളില്‍ നിന്നു് അദ്ദേഹത്തിനുണ്ടായ ഉള്‍ക്കാഴ്ചകള്‍ കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയുടെ ശൈലിയിലും ആശയാനുവാദ രീതിയിലുമാണു് അദ്ദേഹം എഴുതിയിരിക്കുന്നതു് എന്നതു് പ്രത്യേകം ശ്രദ്ധേയമാണു്. മാത്രമല്ല, “പക്ഷെ, വിപ്ലവം യഥാര്‍ത്ഥത്തില്‍ നടന്നില്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഉയര്‍ന്നു് വന്നിടത്തു്, അഥവാ വന്നു എന്നു് അവകാശപ്പെട്ടിടത്തു്, സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനു് കഴിയില്ലെന്നു് തെളിഞ്ഞു. പകരം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുതലാളിത്തം അതിനു് വലിയൊരളവു് സമ്മതി നേടിയെടുത്തു.” എന്നു് പറയുന്നിടത്തെ വിമര്‍ശനം ഒഴിച്ചാല്‍ ഒരിടത്തും അദ്ദേഹം കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയേയോ അതു് ഇന്നും ഉയര്‍ത്തിപ്പിടിച്ചു് സാമൂഹ്യമാറ്റത്തിനായി നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റുകാരേയോ തള്ളിപ്പറയുന്നില്ല. മേല്പറഞ്ഞതാകട്ടെ, വിശദാംശങ്ങളില്‍ വ്യത്യസ്തമായ വിശദീകരണമോ വ്യാഖ്യാനമോ തര്‍ക്കമോ ആര്‍ക്കെങ്കിലുമൊക്കെ ഉണ്ടാകാമെങ്കിലും, വസ്തുതകള്‍ മാത്രവുമാണു്. സോവിയറ്റു്-കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസറ്റു് പരീക്ഷണങ്ങളുടെ തകര്‍ച്ചയോടെ ആഗോള ധനമൂലധനാധിപത്യം കൈവരിച്ച മേല്കൈ കണ്ടു് വിവിധ കമ്യൂണിസ്റ്റു് പാര്‍ടികള്‍ പോലും കമ്യൂണിസം തള്ളിപ്പറഞ്ഞു് സോഷ്യല്‍ ഡെമോക്രസി ലക്ഷ്യമായി പ്രഖ്യാപിച്ചപ്പോഴും എബന്‍ മോഗ്ലന്‍ കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയെ ഇത്രയേറെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതു് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയിലെ ഒരൊറ്റ നിഗമനത്തേയും നിരീക്ഷണത്തേയും പോലും അദ്ദേഹം ഈ രേഖയില്‍ നിരാകരിക്കുന്നില്ല. കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ തൊഴിലാളി വര്‍ഗ്ഗത്തേക്കുറിച്ചു് പൊതുവെ പറയുന്ന കാര്യങ്ങള്‍ ഡിജിറ്റല്‍ തൊഴിലാളികളുടെ പ്രത്യേകള്‍ക്കനുസരിച്ചു് അവതരിപ്പിക്കുകയാണു് അദ്ദേഹം ഇതില്‍ ചെയ്തിരിക്കുന്നതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവം

1980 കളുടെ ആദ്യ പാദം മുതല്‍ പ്രതിഫലത്തോടെയും പ്രതിഫലമില്ലാതെ സന്നദ്ധമായും ലോകമാകെയുള്ള പ്രോഗ്രാമര്‍മാരുടെ അദ്ധ്വാനം ഉപയോഗപ്പെടുത്തിയാണു് ഗ്നൂ/ലിനക്സ് എന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കപ്പെട്ടതു്. ഗ്നൂ ലിനക്സും അനുബന്ധ സോഫ്റ്റ്‌വെയറുകളും അതുപയോഗിക്കുന്നവര്‍ക്കെല്ലാം സ്വതന്ത്രമായി ആവശ്യാനുസരണം ഉപയോഗിക്കുകയും പഠിക്കുകയും പകര്‍ത്തുകയും മെച്ചപ്പെടുത്തുകയും വിസിപ്പിക്കുകയും കൈമാറുകയും ചെയ്യാവുന്നതാണു്. ഇത്തരമൊരു സാങ്കേതിക പരിതോവസ്ഥ, ഇപ്പോള്‍ എല്ലായിടത്തും ലഭ്യവും മത്സരക്ഷമവും സ്വകാര്യ വ്യവസായ കമ്പനികളുടെ ഉല്പന്നങ്ങളേക്കാള്‍ ബഹുവിധം മേന്മയേറിയതുമാണു്. അവ പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മുതലാളിത്തം മുന്നില്‍ കണ്ട വിധത്തിലുള്ള കുത്തകകളുടെ സാങ്കേതിക നിയന്ത്രണത്തില്‍ നിന്നു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരെ മോചിതരാക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ ഉല്പന്നങ്ങളേക്കാള്‍ ഗുണമേന്മയുള്ളതും അവയേക്കാള്‍ വേഗം മെച്ചപ്പെടുത്തപ്പെടുന്നതുമായ സൃഷ്ടികള്‍ നിലവില്‍ വരുത്തുകയും തുടര്‍ന്നു് കാല്‍ നൂറ്റാണ്ടോളം നിലനിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെയും അതിലൂടെ സോഫ്റ്റ്‌വെയര്‍ കുത്തക അവസാനിപ്പിച്ചതിലൂടെയും ഡിജിറ്റല്‍ തൊഴിലാളികളുടെ കൂട്ടായ്മയ്ക്കു് സ്വകാര്യ കമ്പനികളേക്കാള്‍ മെച്ചപ്പെട്ട ഗുണമേന്മയുള്ള സേവനങ്ങളും വിജ്ഞാനോപകരണങ്ങളും സൃഷ്ടിക്കാനാവുമെന്നും നാമമാത്രമായ ചെലവില്‍ അവ വിതരണം ചെയ്യാനാവുമെന്നും ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തെളിയിച്ചു. മൂലധന-കുത്തക-സാമ്രാജ്യ വിരുദ്ധ സമരത്തിലെ വിജയ ഗാഥയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ചരിത്രം.

സ്വതന്ത്ര സൃഷ്ടികളും പൊതു സാമൂഹ്യ ഉടമസ്ഥതയും ഇതര മേഖലകളിലും

വിജ്ഞാനത്തിന്റെ ഇതരമേഖലകളില്‍ സമാന പ്രസ്ഥാനങ്ങള്‍ മുന്നേറുന്നു. വിജ്ഞാനത്തിന്റെ രംഗത്തു് പൊതു ഉടമസ്ഥതയുടെ മേന്മ തെളിയിക്കപ്പെട്ടതു് മുഴുവന്‍ ജീവിതോപാധികളുടെ കാര്യത്തിലും പൊതു ഉടമസ്ഥതയുടെ സാധ്യതകള്‍ മുന്നോട്ടു് കൊണ്ടു് വന്നിരിക്കുന്നു. മറ്റിതര ജീവിതോപാധികള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും സമൂഹത്തിനും അദ്ധ്വാനിക്കുന്നവര്‍ക്കും കാല്‍ ചങ്ങലകളയായി മാറിക്കഴിഞ്ഞ മുതലാളിത്ത സ്വത്തുടമാ ബന്ധം അവസാനിപ്പിച്ചു് പൊതു ഉടമസ്ഥത സ്ഥാപിക്കാനാവുമെന്ന മാര്‍ക്സിസത്തിന്റെ പ്രതീക്ഷാ നിര്‍ഭരമായ കാഴ്ചപ്പാടിന്റെ സാധൂകരണമാണിതു്. എബന്‍ മോഗ്ലന്‍ പൊതു ഉടമസ്ഥതയുടെ സാധ്യത തന്റെ രേഖയില്‍ മുന്നോട്ടു് വെയ്ക്കുന്നു. ഇതിനേക്കാള്‍ മാര്‍ക്സിസത്തേയും കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയേയും ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു അഭിപ്രായ പ്രകടനം നാളിതു് വരെ കണ്ടിട്ടില്ല.

അദ്ധ്വാനിക്കുന്നവരുടെ ഭാവി രൂപം

മാര്‍ക്സോ എംഗത്സോ തങ്ങളുടെ കാലഘട്ടത്തിന്റെ പരിമിതി മൂലം അഭിപ്രായം പറയാതെ വിട്ടുകളഞ്ഞ ചില പ്രസക്തമായ ചോദ്യങ്ങള്‍ക്കു് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഘട്ടത്തിലെ തൊഴിലാളിയുടെ അദ്ധ്വാന രീതിയും അതിന്റെ പ്രതിഫലവും എങ്ങിനെയായിരിക്കുമെന്നു് അവര്‍ പറഞ്ഞിട്ടില്ല. ഭാവി സമൂഹത്തില്‍ മൂലധനം കയ്യാളുന്നതും പണിയെടുപ്പിക്കുന്നതും കൂലി കൊടുക്കുന്നതും മുതലാളിയാകില്ല. കാരണം മുതലാളിത്തം അവസാനിപ്പിച്ചാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കപ്പെടുന്നതു്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നു് നിര്‍വ്വചിക്കപ്പെട്ട ഭരണകൂടമാകും മുതലാളിയുടെ ധര്‍മ്മം ഏറ്റെടുക്കുക എന്ന ധാരണയാണു് നാളിതു് വരെ പൊതുവെ വെച്ചു് പുലര്‍ത്തി പോരുന്നതു്. ഭരണകൂടം തന്നെ മൂലധനം നേരിട്ടു് നിയന്ത്രിക്കുന്ന സംവിധാനത്തെ, പക്ഷെ, ഭരണകൂട മുതലാളിത്തമായി (State Capitalism) മാത്രമേ കാണാനാവൂ. കാരണം, ഭരണ കൂടം മര്‍ദ്ദനോപകരണമാണു്. അധികാര കേന്ദ്രീകരണത്തിന്റെ ഉപകരണമാണു്. അതു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമായാലും അതിന്റെ കേന്ദ്രീകരണ സ്വഭാവം അവസാനിക്കുന്നില്ല. ലോകത്ത് നിന്നാകെ മുതലാളിത്ത ഭരണ കൂടങ്ങള്‍ തുടച്ചു് നീക്കപ്പെടുവോളം അതി കേന്ദ്രീകൃതമായ ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളില്‍ നിന്നും മര്‍ദ്ദനങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിച്ചു് പുതിയ സോഷ്യലിസ്റ്റു് സമൂഹം നിര്‍മ്മിക്കാനും തുടര്‍ന്നു് സംരക്ഷിക്കാനും സമാനമായി കേന്ദ്രീകൃതമായ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം കൂടിയേ തീരൂ എന്നതാണു് മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടു്. അത്തരം ഒരു വ്യവസ്ഥ അതിന്റെ കേന്ദ്രീകരണ സ്വഭാവം കൊണ്ടു് തന്നെ ഉദ്യോഗസ്ഥ കേന്ദ്രീകരണത്തിലേക്കു് എത്തുമെന്നതു് ഇന്നു് നമ്മുടെ അനുഭവവുമാണു്. ജനാധിപത്യവികാസവും സ്വാതന്ത്ര്യവും മുന്‍കാല സോഷ്യലിസ്റ്റു് പരീക്ഷണങ്ങളില്‍ ഉറപ്പിക്കാനാവാതെ പോയതു് മൂലധന മാനേജ്മെന്റും ഉല്പാദന മാനേജ്മെന്റും വിതരണ-വിനിമയ മാനേജ്മെന്റും അടക്കം മുതലാളിയുടെ ധര്‍മ്മം കൂടി തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം നേരിട്ടു് ഏറ്റെടുത്തതു് കൊണ്ടാണെന്നു് വ്യക്തമാണു്.

തൊഴിലാളികളല്ല പകരം സ്വതന്ത്ര സ്രഷ്ടാക്കള്‍

അവിടെയാണു് ഇന്നത്തെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാവി രൂപം അവതരിപ്പിക്കുന്ന എബന്‍ മോഗ്ലന്റെ ഈ രേഖയുടെ പ്രസക്തി. അദ്ദേഹം ഇതില്‍ പറയുന്നതു് ഭാവിയില്‍ തൊഴിലാളി അല്ല, സ്വതന്ത്ര സ്രഷ്ടാവാണു് ഉണ്ടാവുക എന്നാണു്. കാരണം, അന്നു് കൂലിത്തൊഴിലാകാന്‍ തരമില്ല. കൂലി കൊടുക്കുന്നവനും കൂലി പറ്റുന്നവനും എന്ന അവസ്ഥ വര്‍ഗ്ഗ വിഭജനം നിലനില്‍ക്കാനിടയാക്കും. ഭാവി സ്രഷ്ടാവിന്റെ ഭ്രൂണ രൂപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാവില്‍ അദ്ദേഹം കാണുന്നു. ഭാവിയില്‍ നിലവില്‍ വരുന്ന ഉല്പാദന ബന്ധത്തെ അദ്ദേഹം സ്വതന്ത്ര സ്രഷ്ടാക്കളുടെ പരസ്പര ബന്ധമായിട്ടാണു് കാണുന്നതു്. സ്രഷ്ടാക്കളും ഉപഭോക്താക്കളും രണ്ടല്ല. പരസ്പര കൈമാറ്റമുണ്ടാകും. പക്ഷെ, എല്ലാവരും സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെടുന്നവരും അവ ജീവിതോപാധികളായി എടുക്കുന്നവരുമായിരിക്കും. സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെടാത്തവരായി ആരുമുണ്ടാകില്ല. എല്ലാവരും പണിയെടുക്കുന്നവരായിരിക്കും.

ചരക്കല്ല പകരം സ്വതന്ത്ര സൃഷ്ടികള്‍

മുതലാളിത്തത്തിന്റെ പ്രത്യേകത ചരക്കുകളുടെ സാര്‍വ്വത്രികതയാണു്. ആരും സ്വന്തം ആവശ്യത്തിനായി ഉല്പാദിപ്പിക്കുന്നില്ല. അഥവാ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ നശിപ്പിച്ചു് ചരക്കുല്പാദനം വര്‍ദ്ധിപ്പിക്കുകയാണു് മുതലാളിത്തത്തില്‍ നടക്കുന്നതു്. ചരക്കാണു്, മറ്റുള്ളവര്‍ക്കു് വില്കാന്‍ വേണ്ടിയാണു് ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നതു് മൂലമാണു് ഇന്നു് സമൂഹം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ടാകുന്നതു്. പച്ചക്കറികളിലെ അമിതമായ വിഷപ്രയോഗം, ഫോര്‍മാലിനിലിട്ട മത്സ്യം, പാരഫിന്‍ ചേര്‍ത്ത എണ്ണ, എണ്ണയുടെ ചെലവു് കുറയ്ക്കാനും പലഹാരം കേടു് വരാതിരിക്കാനും കരുകരുപ്പു് നിലനിര്‍ത്താനും മണ്ണെണ്ണയെന്നു് വിളിക്കേണ്ട പെട്രോളിയത്തിന്റെ ഉപോല്പന്നമായ എണ്ണയില്‍ ഉണ്ടാക്കുന്ന വറപൊരികള്‍ തുടങ്ങി ഭക്ഷണത്തിലും മരുന്നുകളിലും ഉള്ള കൃത്രിമങ്ങളെല്ലാം ചരക്കുകളാണു് ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നതു് കൊണ്ടുണ്ടാകുന്നതാണു്. സ്വന്തം ആവശ്യത്തിനാണു് ഉല്പാദിപ്പിക്കുന്നതെങ്കില്‍ ആരും ഇങ്ങിനെ ചെയ്യില്ല.

ഉല്പാദനമല്ല, സൃഷ്ടിയാണു് നടക്കുന്നതു്

പ്രകൃതി വിഭവങ്ങളുടെ സൃഷ്ടി പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചാണു് നടക്കുന്നതു്. അതിന്റെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടി നടക്കുകയാണു് ചെയ്യുന്നതു്. അതില്‍ പ്രകൃതിയിലെ ജൈവ-അജൈവ ഘടകങ്ങളെല്ലാം പരസ്പര പൂരകമായി വര്‍ത്തിക്കുന്നു. ആ പ്രകൃതി പ്രതിഭാസങ്ങളുടെ ഫലം മനുഷ്യര്‍ക്കു് വിഭവങ്ങളായി പ്രയോജനപ്പെടുന്നു. മനുഷ്യര്‍ പ്രകൃതി വിഭവങ്ങളുപയോഗിച്ചു് മുന്‍ സാമൂഹ്യ ക്രമങ്ങളില്‍ നടത്തി വന്ന ഉല്പന്ന നിര്‍മ്മാണവും മുതലാളിത്തത്തില്‍ നടത്തുന്ന ചരക്കുല്പാദനവും പ്രകൃതി വിഭവങ്ങളുടെ ധൂര്‍ത്തിനും പരിസ്ഥിതി നാശത്തിനും ഇടയായിട്ടുണ്ടു്. മുതലാളിത്തമാകട്ടെ, ലാഭത്തിനു് വേണ്ടിയുള്ള ആക്രാന്തത്തില്‍ പ്രകൃതി വിഭവങ്ങളുടെ ദുരുപോഗവും പരിസ്ഥിതി നാശവും ബോധ പൂര്‍വ്വം തന്നെ നടത്തുന്നു. സ്വതന്ത്ര സൃഷ്ടാക്കള്‍ വില്പന ലക്ഷ്യം വെച്ചുള്ള ചരക്കുല്പാദനം നടത്തുന്നില്ല. ഇനിയങ്ങോട്ടു് അവശ്യം ആവശ്യമായ ജീവിതോപാധികളുടെ സൃഷ്ടി മാത്രമാണു് നടക്കുക. ലാഭം ആരുടേയും ലക്ഷ്യമാകില്ല. പരമാവധി പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചു് പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചു് കൊണ്ടു്, പ്രകൃതി നടത്തുന്ന സൃഷ്ടിയുടെ തലത്തിലേയ്ക്കു് ജീവിതോപാധികളുടെ സൃഷ്ടി ഉയര്‍ത്തപ്പെടും. വിഭവ വിനിയോഗം കാര്യക്ഷമമാകുന്നു. പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നു. ഇന്നു് സമൂഹം നേരിടുന്ന മിക്ക പ്രശ്നങ്ങളും അതോടെ അവസാനിക്കുന്നു.

സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്നതു് സാമൂഹ്യമായി തന്നെ ഉപയോഗിക്കപ്പെടുന്നു

മുതലാളിത്തത്തില്‍ ഉല്പാദനം സാമൂഹ്യമായിരുന്നെങ്കിലും ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കുകള്‍ മുതലാളി സ്വകാര്യമായി സ്വന്തമാക്കുകയായിരുന്നു. അതായിരുന്നു ചൂഷണത്തിന്റെ മാര്‍ഗ്ഗം. അതായിരുന്നു മുതലാളിത്തം നേരിടുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണമായ വൈരുദ്ധ്യം. അതു് മൂലമാണു് തൊഴിലാളികള്‍ ദുരിതം പേറേണ്ടി വന്നതും ജനങ്ങള്‍ പൊതുവെ പാപ്പരീകരിക്കപ്പെട്ടതും ചരക്കുകള്‍ വിറ്റഴിയപ്പെടാതെ കെട്ടിക്കിടക്കുന്ന അമിതോല്പാദന കുഴപ്പത്തിലേയ്ക്കു് മുതലാളിത്തം എത്തിയതും. സ്വതന്ത്ര സ്രഷ്ടാക്കളുടെ സമൂഹത്തില്‍ സാമൂഹ്യമായി സൃഷ്ടിക്കപ്പടുന്നതു് സാമൂഹ്യമായി തന്നെ കൈകാര്യം ചെയ്യുപ്പെടുന്നതോടെ മുതലാളിത്തത്തിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ തുടര്‍ന്നങ്ങോട്ടു് സമൂഹത്തിനു് അനുഭവിക്കേണ്ടി വരില്ല. പാപ്പരീകരണമില്ല. ഒരു വശത്തു് അമിതോല്പാദനവും മറുവശത്തു് ഇല്ലായ്മയും എന്ന വൈരുദ്ധ്യമില്ല. സ്വതന്ത്ര സ്രഷ്ടാക്കള്‍ തങ്ങള്‍ക്കാവശ്യമുള്ള ജീവിതോപാധികള്‍ നേടാനാവശ്യമായത്ര സൃഷ്ടിക്കുന്നു. ആവശ്യമായത്ര ഉപയോഗിക്കുന്നു. മിച്ചമുള്ളവയെല്ലാം സമൂഹത്തിന്റേതായി മാറുന്നു. ഒന്നും സ്വന്തമായി സൂക്ഷിച്ചു് വെച്ച് സമൂഹത്തിനു് നിഷേധിക്കുന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൃഷ്ടിയുടേയും വിതരണത്തിന്റേയും അനുഭവം ഈ സാമൂഹ്യ ബന്ധത്തിന്റെ പ്രായോഗികത തെളിയിച്ചിരിക്കുന്നു.

സ്വയം തൊഴില്‍ സംരംഭകരും കര്‍ഷകരും സ്വതന്ത്ര സ്രഷ്ടാക്കളാകണം

സംഘടിത തൊഴിലാളികളുടെ വിലപേശല്‍ കഴിവും സംഘടനാ ശേഷിയും ഇടിക്കുന്നതിനായി അടുത്ത കാലത്തായി മുതലാളിത്തം തന്നെ പ്രോത്സാഹിപ്പിക്കുന്ന സ്വയം തൊഴില്‍ സംരംഭകര്‍ ഉല്പാദിപ്പിക്കുന്നതു് ചരക്കുകളാണെങ്കിലും അവരുടേയും സാമൂഹ്യ നില കര്‍ഷകരുടേതു് തന്നെയാണു്. ഈ രണ്ടു് വര്‍ഗ്ഗങ്ങളും സ്വതന്ത്ര സ്രഷ്ടാക്കളുടെ പ്രാഗ് രൂപങ്ങളാണു്. സ്വതന്ത്ര സൃഷ്ടാക്കളായി മാറാന്‍ കഴിയുന്നവയാണു്. കൂലി തൊഴിലാളികളാകട്ടെ, മുതലാളി ഇല്ലാതാകുന്നതോടെ സ്വയം സ്വതന്ത്ര സ്രഷ്ടാവാകാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യും.

വിഭവങ്ങളെല്ലാം പൊതു ഉടമസ്ഥതയില്‍

സൃഷ്ടിക്കാവശ്യമുള്ള വിഭവങ്ങളുടെ ലഭ്യതയാണു് മറ്റൊരു വിഷയം. ഭാവിയില്‍ വിഭവങ്ങളെല്ലാം സ്വതന്ത്രമായി എടുത്തുപയോഗിക്കാനാവുന്ന പൊതു ഉടമസ്ഥതയില്‍ ലഭ്യമാകും. അടിസ്ഥാന വിഭവങ്ങളെല്ലാം, ഭൂമി, വായു, ജലം, സ്പെക്ട്രം തുടങ്ങിയ പ്രകൃതി വിഭവങ്ങളും വന്‍കിട യന്ത്രോപകരണങ്ങള്‍, ഫാക്ടറികള്‍, സാങ്കേതിക വിദ്യ, വിജ്ഞാനം, സോഫ്റ്റ്‌വെയര്‍ തുടങ്ങി സമൂഹ സൃഷ്ടമായവയും പൊതു ഉടമസ്ഥതയിലായിരിക്കും. സാങ്കേതിക വിവരങ്ങളടക്കം വിജ്ഞാനം ശൃംഖലയില്‍ ലഭ്യമാകും. ഭൂമിയുടെ മേല്‍ എല്ലാക്കാലത്തും പൊതു ഉടമസ്ഥത തന്നെയാണു് നിലനിന്നു് പോന്നിട്ടുള്ളതു്. ഉപയോഗാവകാശമാണു് രാജേച്ഛയോ നിയമമോ മൂലം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കപ്പെട്ടു് പോന്നതു്. കൃഷി ഭൂമി കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അവര്‍ക്കു് സാധ്യമായത്ര നല്‍കുകയാണു് സമൂഹത്തിന്റെ താല്പര്യം. തരിശിടുന്നതിനോ ഉപയോഗിക്കാതിരിക്കുന്നതിനോ അവകാശമുണ്ടാവില്ല. തരിശിടപ്പെടുന്നവ ഉപയോഗിക്കുന്നവര്‍ക്കു് പുനര്‍വിതരണം നടക്കും. വന്‍കിട ഫാക്ടറികളും യന്ത്രങ്ങളും അടക്കം മറ്റുല്പാദനോപാധികള്‍ ഇപ്പോള്‍ തന്നെ വിവിധ തലങ്ങളിലുള്ള മാനേജര്‍മാരടങ്ങുന്ന തൊഴിലാളികളാണു് കൈകാര്യം ചെയ്യുന്നതു്. തൊഴിലാളികളുടെ കൂട്ടായ്മകളുടെ നിയന്ത്രണത്തില്‍ അവ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കപ്പെടും. നിലവില്‍ പൊതു മേഖല നശിപ്പിക്കുന്നതു് അവയുടെ ആസ്തികളും അവയുടെ കമ്പോളവും ധന മൂലധാനാധിപത്യത്തിനു് കൈമാറാനുള്ള വ്യഗ്രതയില്‍ അവയുടെ ഉടമാവകാശം മാത്രമുള്ള സര്‍ക്കാരാണെന്നതു് നമ്മുടെ ഇന്നത്തെ അനുഭവം. ചുരുക്കത്തില്‍, ഉല്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥതയിലും അവയുടെ ഉപയോഗാവകാശം ജീവിതോപാധികളുടെ സ്രഷ്ടാക്കളായ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും എന്നതായിരിക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോലെ പൊതു ഉടമാവകാശം ഏര്‍പ്പെടുത്തുമ്പോള്‍ ലഭിക്കുന്ന സ്വത്തുടമാ ബന്ധം. ഇതിനെല്ലാം ആവശ്യമായ നിയമം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പൊതു സമൂഹ ഉപയോഗാനുമതി പോലെ സമൂഹം തന്നെ സൃഷ്ടിക്കുന്നതായിരിക്കും.

സൃഷ്ടിക്കുള്ള പ്രേരണ ലാഭത്തിനു് പകരം ജീവിതോപാധികളുടെ നേട്ടം

സോഷ്യലിസത്തില്‍ എല്ലാവര്‍ക്കും വിവേചനമില്ലാതെ ജീവിതോപാധികള്‍ ലഭിക്കുമ്പള്‍ പണിയെടുക്കാനുള്ള പ്രേരണയുണ്ടാവില്ലെന്നും ലാഭം മാത്രമാണാ പ്രേരണ ഉണ്ടാക്കുന്നതെന്നുമാണു് മുതലാളിത്ത ഭാഷ്യം. മേല്പറഞ്ഞ പൊതു ഉടമാവകാശവും സ്രഷ്ടാക്കളുടെ ഉപയോഗ സ്വാതന്ത്ര്യവും എന്നതിലൂടെ പണിയെടുക്കുന്നവര്‍ക്കു് അവസര സമത്വവും സ്വന്തം സൃഷ്ടിപരമായ ശേഷി ഉപയോഗിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നതോടൊപ്പം പണിയെടുക്കാതെ ആര്‍ക്കും ഒന്നും വെറുതെ കിട്ടുന്നില്ല എന്നുറപ്പാക്കപ്പെടുക കൂടിയാണു്. ആര്‍ക്കു് എന്തു് വേണമെങ്കിലും അവര്‍ പണിയെടുത്തു് സൃഷ്ടിച്ചാല്‍ മാത്രമേ ലഭിക്കൂ എന്നതാണു് പുതിയ സാമൂഹ്യ ക്രമം. അവിടെ എല്ലാവരും പണിയെടുക്കണം എന്നതാണു് മര്‍ദ്ദനമോ കയ്യേറ്റമോ അടിച്ചമര്‍ത്തലോ ഒന്നുമില്ലാതെ സ്വാഭാവികയും നൈസര്‍ഗ്ഗികമായും ചെലുത്തപ്പെടുന്ന നിര്‍ബ്ബന്ധം. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കൊഴിച്ചു് പണിയെടുക്കാത്തവര്‍ക്കു് ജീവിതോപാധികള്‍ ലഭിക്കില്ല. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ കാര്യത്തില്‍ സമൂഹം അതു് നല്‍കും.

മുതലാളി-തൊഴിലാളി ഉല്പാദന ബന്ധത്തിനു് പകരം സ്വതന്ത്ര സ്രഷ്ടാക്കളുടെ കൂട്ടായ്മ

സ്വതന്ത്ര സ്രഷ്ടാക്കള്‍ സൃഷ്ടിക്കുന്നതു് സ്വന്തം ജീവിതോപാധികള്‍ നേടാനായി സ്വതന്ത്രമായി ഉപയോഗിക്കാം. മിച്ചമുള്ളവ സമൂഹത്തിനു് നല്‍കാം. സമൂഹത്തിലാകെയുള്ള മിച്ചം വരും കാലത്തേയ്ക്കു് വെയ്ക്കാം. ഓരോരുത്തര്‍ക്കും അവരവരുടെ സൃഷ്ടികള്‍ സ്വന്തമായി ഉപയോഗിക്കുകയോ മറ്റാവശ്യക്കാരുമായി പങ്ക് വെയ്ക്കുകയോ ചെയ്യാം. അത്തരത്തില്‍ ജീവിതോപാധികളുടെ ആവശ്യവും ലഭ്യതയും ശൃംഖലയിലൂടെ ആര്‍ക്കും അറിയാവുന്നതും അതനുസരിച്ചു് കൊടുക്കുകയോ വാങ്ങുകയോ ചെയ്യാവുന്നതുമാണു്. പ്രാദേശികമായി നേരിട്ടുള്ള കൈമാറ്റവും ദൂരേയ്ക്കടക്കം ശൃംഖലയിലുള്ള കൈമാറ്റവും ആണു് നടക്കുക. അത്തരത്തില്‍ ശൃംഖലയുടെ ഉപയോഗം കമ്പോളത്തിന്റെ സമഗ്രമായ ആസൂത്രണത്തിനു് സഹായിക്കും. നിലവില്‍ മുതലാളിത്തത്തില്‍ കമ്പോളം സമൂഹത്തെ ഭരിക്കുന്ന സ്ഥിതിക്കു് പകരം ഭാവി സമൂഹത്തില്‍ കമ്പോളം സമൂഹത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാകും. പണത്തിന്റെ ആധിപത്യവും താനേ ഇല്ലാതാകും.

നിയമ നിര്‍മ്മാണവും നിര്‍വ്വഹണവും ഏറ്റെടുക്കുന്ന സമൂഹം - ഭരണ കൂടം കൊഴിഞ്ഞു് പോകുന്ന അവസ്ഥ

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ അവയുടെ വിതരണത്തിന്റെ ക്രമീകരണത്തിനായി സൃഷ്ടിച്ച പൊതു സമൂഹ ഉപയോഗാനുമതിയെന്ന (GPL) നിയമം പാര്‍ലമെണ്ടു് നിര്‍മ്മിച്ചതോ കോടതിയോ പോലീസോ നടപ്പാക്കുന്നതോ അല്ല. നിയമ നിര്‍മ്മാണ സഭയും സര്‍ക്കാരും പോലീസും കോടതിയുമടക്കം ഭരണ കൂടത്തിന്റെ യാതൊരു ഇടപെടലുമില്ലാതെ ഈ നിയമം കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സ്വതന്ത്ര സോഫ്റ്റ്‌വെറിന്റെ വികാസത്തിനും വിതരണത്തിനും വിനിമയത്തിനുമുള്ള നിയമാവലിയായി നടപ്പാക്കപ്പെട്ടു് വരികയാണു്. മര്‍ദ്ദനോപകരണമായ ഭരണകൂടം വര്‍ഗ്ഗ വിഭജിത സമൂഹത്തിന്റെ സൃഷ്ടിയാണെന്നും വര്‍ഗ്ഗങ്ങളില്ലാതായാല്‍ അത്തരം ഭരണകൂടത്തിന്റെ ആവശ്യമില്ലതാകുമെന്നും ഭാവിയില്‍ ഭരണ കൂടം കൊഴിഞ്ഞു് പോകുമെന്നും മാര്‍ക്സിസം പറയുന്നതു്, ഇവിടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടു് കാലം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിജ്ഞാനത്തിന്റെ മേഖലയില്‍ പ്രസ്ഥാനം പ്രായോഗികമായി തെളിയിച്ചിരിക്കുകയാണു്.

വര്‍ഗ്ഗ രഹിത സമൂഹത്തിന്റെ മാതൃക

ഇതാണു് എബന്‍ മോഗ്ലന്റെ രേഖയുടെ പശ്ചാത്തലം. മോഗ്ലന്‍ മുന്നോട്ടു് വെയ്ക്കുന്ന സ്വതന്ത്ര സ്രഷ്ടാക്കളുടെ സ്വതന്ത്ര സൃഷ്ടികളുടെ സ്വതന്ത്ര കൈമാറ്റത്തിന്റെ സൃഷ്ടി ബന്ധം തുടര്‍ന്നങ്ങോട്ടു് സമൂഹത്തിലുള്ള എല്ലാ വര്‍ഗ്ഗ വൈരങ്ങളും ഇല്ലാതാക്കപ്പെടുന്നതിനും സമൂഹവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ നിര്‍ദ്ധാരണത്തിനു് സമൂഹം ഒറ്റക്കെട്ടായി പ്രകൃതി നിയമങ്ങളനുസരിച്ചു് പ്രവര്‍ത്തിക്കുന്നതിനും വഴിയൊരുക്കും. ഭാവിയില്‍ ചരക്കുകളല്ല, അതു് കൊണ്ടു് തന്നെ ഉല്പാദനമല്ല, നടക്കുക. സ്വന്തം ആവശ്യത്തിനുള്ള സൃഷ്ടികളാണു് നടക്കുക. അതു് നടത്തുന്നതു് സ്വതന്ത്ര സ്രഷ്ടാക്കളും. അവരുടെ സ്വന്തം ആവശ്യത്തിനായാണു് സൃഷ്ടിക്കുന്നതു്. അതു് ആഹാരമാകാം. വസ്ത്രമാകാം, മരുന്നാകാം. സോഫ്റ്റ്‌വെയര്‍ ആകാം. പാട്ടാകാം. കവിതയാകാം. ഇതര വിജ്ഞാനമോ ജീവിതോപാധിയോ ആകാം. അവരവരുടെ ആവശ്യം കഴിഞ്ഞു് ബാക്കി മറ്റുള്ളവരുമായി പങ്കു് വെയ്ക്കുന്നു. അതോടെ അന്യവല്കരണത്തിന്റെ എല്ലാ ഘടകങ്ങളും ഫലങ്ങളും പ്രത്യാഘാതങ്ങളും ഒഴിവാക്കപ്പെടും. മായം ചേര്‍ക്കലടക്കം എല്ലാ കൃത്രിമങ്ങളും ഇല്ലാതാകും. അതോടെ പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗവും പരിസ്ഥിതി നാശവും കടങ്കഥയായി മാറുകയും ചെയ്യും.

മുതലാളിത്തത്തിന്റെ ഗര്‍ഭത്തില്‍ ഭാവി സോഷ്യലിസത്തിന്റെ ഭ്രൂണം

പുതിയ സമൂഹത്തിന്റേയും പുതിയ സമൂഹാംഗങ്ങളുടേയും അവരുടെ സൃഷ്ടിപരതയുടേയും അവരേര്‍പ്പെടുന്ന സൃഷ്ടി-ഉപഭോഗ ബന്ധത്തിന്റേയും ഭ്രൂണ രൂപങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കളിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും കാണാം. എബന്‍ മോഗ്ലന്റെ ഈ രേഖ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സമൂഹത്തിന്റെ പ്രകടന പത്രികയാണു്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സാധ്യമായ വിജ്ഞാനമടക്കം വിഭവോപയോഗത്തിനുള്ള സ്വാതന്ത്ര്യത്തിലും അവസര സമത്വത്തിലും ഊന്നിയ ജനാധിപത്യ ക്രമം എന്ന നിലയില്‍ ശാസ്ത്രീയ സോഷ്യലിസം നിര്‍വ്വചിക്കുന്നതിലേയ്ക്കു് ഒട്ടേറെ അടിസ്ഥാന ധാരണകള്‍ രൂപപ്പെടുത്താന്‍ എബന്‍ മോഗ്ലന്റെ ഈ രേഖ ഉപകരിക്കും.

തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും സ്വതന്ത്ര സ്രഷ്ടാക്കളായി ഉയരണം

ഈ രേഖ ആഹ്വാനം ചെയ്യുന്നതു് എല്ലാവരും സ്വതന്ത്ര സ്രഷ്ടാക്കളായി മാറിക്കൊണ്ടു് സാമൂഹ്യമാറ്റം കൈവരിക്കാനാണു്. അവരുടെ ഭ്രൂണ രൂപം വിജ്ഞാന വിഭവങ്ങളുടെ രംഗത്തു് നിലവില്‍ വന്നു് കഴിഞ്ഞു. മുതലാളിത്തത്തിന്റെ ഗര്‍ഭപാത്രത്തില്‍ തന്നെ. അതു് വളരണം. വളരുന്നതു് അത്തരത്തിലുള്ള വളര്‍ച്ചയ്ക്കു് പാകമായ കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും തൊഴിലാളികളും അത്തരത്തിലുള്ള പരിവര്‍ത്തനത്തിനു് തയ്യാറാകുന്നതിലൂടെയാണു്. അവര്‍ അവരവരുടെ മേഖലകളില്‍ സ്വതന്ത്ര സ്രഷ്ടാക്കളായി ഉയരുകയാണു് വേണ്ടതു്. അവര്‍ക്കു് നഷ്ടപ്പെടാനൊന്നുമില്ല. നേടാന്‍ പുതിയൊരു ലോകമുണ്ടു് താനും. അതിന്റെ ചിത്രം വ്യക്തമാക്കുകയാണിവിടെ. അറിവും ബൌദ്ധികാദ്ധ്വാന ശേഷിയും ശാരീരികാദ്ധ്വാന ശേഷിയും കൈമുതലായുള്ള സ്വതന്ത്ര സ്രഷ്ടാക്കളെ നേരിടാന്‍ അയുക്തികമായ സ്വത്തുടമാവകാശം മാത്രം കൈവശമുള്ള ഇത്തിക്കണ്ണികളായ ചൂഷകര്‍ക്കു് കഴിയില്ലെന്നാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവ പാഠങ്ങളെ ആധാരമാക്കി ഈ രേഖ സമര്‍ത്ഥിക്കുന്നതും പ്രഖ്യാപിക്കുന്നതും.

പരിവര്‍ത്തനം സമാധാനപരമായി നടക്കും

സമാധാന പരമായ പരിവര്‍ത്തനമാണു് എല്ലാവരും ആഗ്രഹിക്കുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് അങ്ങിനെയാണ് നടന്നതു്. അവിടെ സാമൂഹ്യമായിരുന്ന സോഫ്റ്റ്‌വെയര്‍ സ്വകാര്യമാക്കുകയാണു് മൂലധന ശക്തികള്‍ ചെയ്തതു്. അവരുടെ സ്വകാര്യമെന്നു് പറഞ്ഞവയൊന്നും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ പിടിച്ചെടുത്തില്ല. പകരം പൊതു സമൂഹ ഉടമസ്ഥതയിലൂണ്ടായിരുന്ന വിഭവങ്ങളുപയോഗിച്ചു് സ്വന്തമായി പുതിയവ സൃഷ്ടിക്കുകയാണു് ചെയ്തതു്. സ്വതന്ത്ര സ്രഷ്ടാക്കളുടെ സാര്‍വ്വദേശീയ കൂട്ടായ്മയുടെ സംഘടിതമായ ബൌദ്ധിക ശേഷി, ഏതു് കോര്‍പ്പറേറ്റു് സ്ഥാപനത്തിലെ കൂലിത്തൊഴിലാളികളുടെ ആകെ ശേഷിയേക്കാള്‍ എത്രയോ മികച്ചതാണെന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയുടെ വിജയം തെളിയിക്കുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മുന്നേറ്റം പൊതു ഉടമസ്ഥതയുടെ സാമൂഹ്യ മേന്മകളും സാങ്കേതിക മേന്മകളും വെളിപ്പെടുത്തുകയും ചെയ്യുന്നു. ബല പ്രയോഗമോ പിടിച്ചെടുക്കലോ ഒന്നുമില്ലാതെ നടന്ന ഈ വിപ്ലവം മറ്റിതര ജീവിതോപാധികളുടെ കാര്യത്തിലും സമൂഹത്തിനു് കൊണ്ടു് വരാനാകും.

ബല പ്രയോഗം ഉണ്ടായിട്ടുള്ളതു് സ്വകാര്യ ഉടമാവകാശം സ്ഥാപിച്ചപ്പോള്‍

ഭൌതിക സ്വത്തുക്കളുടെ ഉടമസ്ഥതയുടെ കാര്യത്തിലും ബല പ്രയോഗം നടത്തിയിരിക്കുന്നതു് ഉടമാ വര്‍ഗ്ഗമാണു്. ഭൂമി മുഴുവനും ഏതാനും ചിലരുടെ കയ്യില്‍ കേന്ദ്രീകരിച്ചിരിക്കുന്നതു് നഗ്നമായ പിടിച്ചു് പറിയിലൂടെയാണു്. തുടര്‍ന്നു് പരമ്പരാഗതമായി കൈമാറിപ്പോന്നു. ഉപയോഗാവകാശത്തെ ഉടമാവകാശമായി വ്യാഖ്യാനിക്കുന്നതിലൂടെയാണു് ആ പ്രക്രിയ നടന്നതു്. അതു് രാജാധികാരത്തിന്റേയും വര്‍ഗ്ഗ ഭരണ കൂടത്തിന്റേയും സഹായത്തോടെയാണു് നടത്തിയതു്. മൂലധനാധിപതികള്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സ്വത്തിന്റെ ഒരു രൂപവും സമൂഹം പിടിച്ചെടുക്കേണ്ടതില്ല. സാമൂഹ്യമായ ഉല്പാദന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു വിഭവത്തിന്റെ മേലും ആര്‍ക്കും സ്വകാര്യമായ ഉടമാവകാശം അംഗീകരിച്ചു് നല്കാനും കഴിയില്ല. സ്വന്തമായി ഉപയോഗിക്കാത്ത സ്വത്തിന്റെ ഒരു രൂപവും ഉടമാവകാശത്തിന്റെ പേരില്‍ ഉപയോഗാവകാശം കൈമാറുന്നതില്‍ നിന്നു് സമൂഹത്തെ തടയാനും അവര്‍ക്കാവില്ല. സമൂഹത്തിന്റെ താല്പര്യം അവയെല്ലാം ഉപയോഗിക്കുകയാണു്. അതിലൂടെ എല്ലാവര്‍ക്കും ആവശ്യമുള്ള ജീവിതോപാധികള്‍ സൃഷ്ടിക്കുക എന്നതാണു്. ചുരുക്കത്തില്‍, അന്യായമായി പിടിച്ചു് പറിച്ചതു് തിരിച്ചു് സാമൂഹ്യ ഉടമസ്ഥതയിലാക്കുക മാത്രമാണു് കുത്തക ഉടമാവകാശത്തിലുള്ള സ്വത്തുക്കള്‍ പൊതു ഉടമസ്ഥത സ്ഥാപിക്കുമ്പോള്‍ നടക്കുന്നതു്. ചെറുകിട സ്വത്തുടമകള്‍ക്കു് അവരുപയോഗിക്കുന്നവയ്ക്കു് അവരുടെ ഉപയോഗാവകാശത്തിലും കൈവശാവകാശത്തിലും യാതൊരു മാറ്റവും അനുഭവിക്കേണ്ടി വരില്ല. വിഭവ പരിമിതികൊണ്ടു് അവ ഉപയോഗിക്കാന്‍ കഴിയാതിരുന്നവര്‍ക്കു് അവ ഉപയോഗിക്കുന്നതിനും അതിലൂടെ അവര്‍ക്കാവശ്യമായ ജീവിതോപാധികള്‍ നേടുന്നതിനും സമൂഹത്തെ സേവിക്കുന്നതിനും കൂടുതല്‍ സൌകര്യങ്ങള്‍ ലഭിക്കുകയാണു് ഈ സാമൂഹ്യ മാറ്റത്തിലൂടെ ഉണ്ടാകുന്നതു്.

ഭരണ വര്‍ഗ്ഗം ബലപ്രയോഗത്തിനു് മുതിരാതിരുന്നാല്‍ സാമൂഹ്യ മാറ്റം സമാധാനപരമായിരിക്കും

സാമൂഹ്യമാറ്റം സമാധാനപരമാകുമോ എന്നതു് നിലവില്‍ അധികാരം കയ്യാളുന്നവര്‍ ജനാധിപത്യത്തിനു് വഴങ്ങുമോ എന്നതിനെ മാത്രം ആശ്രയിച്ചാണിരിക്കുന്നതു്. ജനാധിപത്യത്തിന്റെ അവശ്യോപാധിയായ വിവരവും വിജ്ഞാനവും എല്ലാവര്‍ക്കും ലഭ്യമായിരിക്കുക എന്നതു് സ്വതന്ത്ര ശൃംഖല ഉറപ്പു് വരുത്തുന്നു. സ്വതന്ത്ര ശൃംഖല സൃഷ്ടിച്ചുപയോഗിക്കുന്ന കാര്യത്തില്‍ സ്വതന്ത്ര സ്രഷ്ടാക്കള്‍ക്കു് യാതൊരു പരിമിതിയുമില്ല. അദ്ധ്വാനിക്കുന്നവര്‍ സ്വതന്ത്ര സ്രഷ്ടാക്കളായി മാറുന്നതിലൂടെ വിജ്ഞാന ലഭ്യതയും വിജ്ഞാനാര്‍ജ്ജനവും അതിലൂടെ ജനാധിപത്യ വികാസവും സ്വാഭാവികമായി നടക്കും. മാറ്റവും സ്വാഭാവികമായി നടക്കും. സ്വാഭാവികമായി നടക്കുന്ന മാറ്റത്തെ ചെറുക്കാനോ അതിനായി ഈ മാറ്റത്തിലൂടെ വളര്‍ന്നു് വരുന്ന സ്വതന്ത്ര സ്രഷ്ടാക്കള്‍ക്കു് മേല്‍ മര്‍ദ്ദനം അഴിച്ചു് വിടാനോ ഭരണാധികാരികളായ ചൂഷക വര്‍ഗ്ഗം ശ്രമിക്കുന്നതാണു് ബല പ്രയോഗം. അതുണ്ടായാല്‍ വിജ്ഞാനവും അദ്ധ്വാനവും പോലെ ആയുധവും പുതിയ വര്‍ഗ്ഗത്തിനു് വഴങ്ങുമെന്ന കാര്യം വ്യക്തമാകും. ഒരു വശത്തു് അറിവും ശാരീരിക ശേഷിയും ആയുധോപയോഗ ശേഷിയും അവയുടെ യഥാര്‍ത്ഥമായ ഉടമസ്ഥതയും മാത്രമല്ല ഉപയോഗിച്ചു് നല്ല പരിചയവും ഓരോരുത്തര്‍ക്കും സ്വന്തമായുള്ള സ്വതന്ത്ര സ്രഷ്ടാക്കളും മറുവശത്തു് അറിവിന്റേയും വിഭവങ്ങളുടേയും ആയുധത്തിന്റേയും അയുക്തികവും അന്യായവുമായ ഉടമാവകാശം മാത്രം കയ്യിലുള്ളവരും അവ പ്രയോഗിക്കാന്‍ കൂലി തൊഴിലാളികളില്ലാതെ നിസ്സഹായരുമായ ഇത്തിക്കണ്ണികളുമാണു്. യഥാര്‍ത്ഥ ഉടമസ്ഥതയും ഉടമാവകാശവും തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ ആരു് ജയിക്കുമെന്നതു് പ്രവചനം ആവശ്യമുള്ള കാര്യമേയല്ല. വിജ്ഞാനത്തിന്റെ മേഖലയില്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തെളിയിച്ചും കഴിഞ്ഞു.

നിലവിലുള്ള പ്രതിസന്ധി നിറഞ്ഞ അയുക്തികമായ സ്വകാര്യ സ്വത്തുടമാവകാശത്തില്‍ അധിഷ്ഠിതമായ സമൂഹ ഘടന മാറ്റി വിഭവങ്ങളുടെ പൊതു സാമൂഹ്യ ഉടമസ്ഥതയിലും അവയുടെ അവസര സമത്വത്തോടെയുള്ള ഉപയോഗാവകാശത്തിലും ഊന്നിയ പുതിയൊരു സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സമൂഹ സൃഷ്ടിയില്‍ താല്പര്യമുള്ള ഏവരും മനസിരുത്തി വായിച്ചിരിക്കേണ്ട ഒന്നാണിതു്.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

കൊച്ചി

14-11-2014





ഡോട്കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ - എബന്‍ മോഗ്ലന്‍

2003

(വിവര്‍ത്തനം - ജോസഫ് തോമസ്)

'ബഹുരാഷ്ട്ര മുതലാളിത്തത്തെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു'. -- 'സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭൂതം'. ആഗോളമേധാവിത്വത്തിന്റെ എല്ലാ ശക്തികളും ആ ഭൂതത്തെ ഒഴിപ്പിക്കാനായി ഒരു അവിശുദ്ധ കൂട്ടുകെട്ടിലേര്‍പ്പെട്ടിരിക്കുന്നു : മൈക്രോസോഫ്റ്റും ഡിസ്നിയും, ലോക വ്യാപാര സംഘടനയും, ഐക്യ അമേരിക്കന്‍ കോണ്‍ഗ്രസും യുറോപ്യന്‍ കമ്മീഷനും. കൊള്ളക്കാരെന്നും അരാജകവാദികളെന്നും കമ്യൂണിസ്റ്റുകാരെന്നും വിളിച്ചാക്ഷേപിക്കപ്പെടാത്തവരായി സ്വാതന്ത്ര്യത്തിന്റെ വക്താക്കളെവിടെയാണുള്ളതു് ? ആ വാക്കു് നമുക്കെതിരെ എടുത്തെറിയുന്ന അധികം പേരും അധികാരത്തിലിരിക്കുന്ന കള്ളന്മാരും ബൌദ്ധിക സ്വത്തവകാശത്തേക്കുറിച്ചുള്ള അവരുടെ വാക്കുകള്‍ തിരിച്ചു് വരാനാവാത്ത വിധം മാറിക്കൊണ്ടിരിക്കുന്നൊരു ലോകത്തു് അന്യായമായ പ്രത്യേകാധികാരങ്ങള്‍ സംരക്ഷിക്കാനാഗ്രഹിക്കുന്നവരുമാണെന്ന കാര്യം നാം കാണുന്നില്ലേ ? എന്നാല്‍ ആഗോള മേധാവിത്വത്തിന്റെ എല്ലാ ശക്തികളും സ്വാതന്ത്ര്യത്തിനു് വേണ്ടിയുള്ള പ്രസ്ഥാനം അതില്‍ത്തന്നെ ഒരു ശക്തി തന്നെയാണെന്നു് അംഗീകരിച്ചിരിക്കുന്നു. സ്വതന്ത്ര വിജ്ഞാനമെന്ന 'ഭൂതത്തേക്കുറിച്ചുള്ള' ഈ താരാട്ടു് കഥ നേരിടാന്‍ നമ്മുടേതായ ഒരു പ്രകടന പത്രിക ഇറക്കി മുഴുവന്‍ ലോകത്തിനു് മുമ്പിലും നമ്മുടെ നിലപാടുകള്‍ വിശദീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഉടമസ്ഥരും സ്രഷ്ടാക്കളും

ലോകമാകെ, സ്വതന്ത്ര വിജ്ഞാനത്തിനായുള്ള പ്രസ്ഥാനം പുതിയൊരു സാമൂഹ്യ ഘടനയുടെ വരവു് പ്രഖ്യാപിക്കുന്നു. സ്വന്തം കണ്ടു് പിടുത്തമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യവഴിയുണ്ടാകുന്ന പരിവര്‍ത്തനത്തിലൂടെ ബൂര്‍ഷ്വാ വ്യവസായ സമൂഹത്തില്‍ നിന്നു് ജനിക്കുന്ന പുതിയ സമൂഹം. നാളിതു് വരെ നിലവില്‍ വന്ന സമൂഹങ്ങളുടെ ചരിത്രം വര്‍ഗ്ഗ സമരങ്ങളുടെ ചരിത്രമാണു് വെളിപ്പെടുത്തുന്നതു്. സ്വതന്ത്രനും അടിമയും, പാട്രീഷ്യനും പ്ലേബിയനും ജന്മിയും കുടിയാനും, ഗില്‍ഡ്‌മാസ്റ്ററും അപ്രന്റീസും ബൂര്‍ഷ്വായും തൊഴിലാളിയും സാമ്രാജ്യവാദിയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവനും, ഒരു വാക്കില്‍ പറഞ്ഞാല്‍, അടിച്ചമര്‍ത്തുന്നവനും അടിച്ചമര്‍ത്തപ്പെടുന്നവനും നേര്‍ക്കുനേര്‍ നിന്നു്, ചിലപ്പോള്‍ ഒളിഞ്ഞും, ചിലപ്പോള്‍ തെളിഞ്ഞും, സമൂഹത്തിന്റെയാകെ പുനസംഘാടനത്തിലോ സംഘട്ടനത്തിലേര്‍പ്പെടുന്ന വര്‍ഗ്ഗങ്ങളുടെ പൊതു നാശത്തിലോ കലാശിക്കുന്ന പരസ്പര ഏറ്റുമുട്ടല്‍ തുടര്‍ന്നു വരുന്നു.

ആധുനികത കൊണ്ടുവന്ന യൂറോപ്യന്‍ അധികാരത്തിന്റെ ആഗോള വ്യാപനത്തിലൂടെ മുളച്ച വ്യവസായ സമൂഹം വര്‍ഗ്ഗ വൈരുദ്ധ്യം അവസാനിപ്പിച്ചില്ല. അതു്, പക്ഷെ, പഴയവയുടെ സ്ഥാനത്തു് പുതിയ വര്‍ഗ്ഗങ്ങളും പുതിയ മര്‍ദ്ദനത്തിന്റെ മാര്‍ഗ്ഗങ്ങളും പുതിയ സമര രൂപങ്ങളും സൃഷ്ടിച്ചു. ബൂര്‍ഷ്വാ കാലഘട്ടം വര്‍ഗ്ഗ വൈരങ്ങള്‍ ലളിതമാക്കി. സമൂഹമാകെ രണ്ടു് ശത്രു വര്‍ഗ്ഗങ്ങളായി, രണ്ടു് വലിയ വര്‍ഗ്ഗങ്ങളായി - ബൂര്‍ഷ്വാസിയും തൊഴിലാളിയും - തിരിഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു.

പക്ഷെ, വിപ്ലവം യഥാര്‍ത്ഥത്തില്‍ നടന്നില്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഉയര്‍ന്നു് വന്നിടത്തു്, അഥവാ വന്നു എന്നു് അവകാശപ്പെട്ടിടത്തു്, സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനു് കഴിയില്ലെന്നു് തെളിഞ്ഞു. പകരം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുതലാളിത്തം അതിനു് വലിയൊരളവു് സമ്മതി നേടിയെടുത്തു. വികസിത സമൂഹങ്ങളില്‍, വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം, സ്വന്തം വര്‍ഗ്ഗത്തിന്റെ നിലനില്പിന്റെ മാനദണ്ഡങ്ങള്‍ക്കു് കീഴേയ്ക്കു് കൂടുതല്‍ കൂടുതല്‍ താണു് പോകുന്നതിനു് പകരം, ആധുനിക തൊഴിലാളി ഉയര്‍ന്നു് വന്നു. ജനസംഖ്യയുടേയും സമ്പത്തിന്റേയും വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ പാപ്പരീകരണം ഉണ്ടായില്ല. ഫോര്‍ഡിസ്റ്റു് രീതിയില്‍ ഏകീകരിക്കപ്പെട്ട വ്യവസായം തൊഴിലാളികളെ പാപ്പരീകരിക്കപ്പെട്ട തൊഴിലാളികളായല്ല മറിച്ചു് വന്‍തോതില്‍ ഉല്പാദിപ്പിക്കപ്പെട്ട ചരക്കുകളുടെ ഉപഭോക്താക്കളായാണു് മാറ്റിയതു്. തൊഴിലാളി വര്‍ഗ്ഗത്തെ പരിഷ്കരിക്കുന്നതു് ബൂര്‍ഷ്വാസിയുടെ സ്വയം സംരക്ഷണത്തിനുള്ള പരിപാടിയുടെ ഭാഗമായി.

ഇത്തരത്തില്‍, സാര്‍വ്വത്രിക വിദ്യാഭ്യാസവും വ്യവസായങ്ങള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതവസാനിപ്പിക്കലും തൊഴിലാളി വര്‍ഗ്ഗ വിപ്ലവകാരികളുടെ ശപിക്കപ്പെട്ട (despised) പരിപാടികളല്ലാതായി, പകരം ബൂര്‍ഷ്വാസിയുടെ സാമൂഹ്യ ധാര്‍മ്മികതയുടെ മാനദണ്ഡമായി മാറി. സാര്‍വ്വത്രിക വിദ്യാഭ്യാസത്തോടെ, കൂടുതല്‍ ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധം തൊഴിലാളികള്‍ മാധ്യമങ്ങളില്‍ സാക്ഷരരായി. ശബ്ദരേഖയുടേയും ടെലിഫോണിന്റേയും സിനിമയുടേയും റേഡിയോയുടേയും ടെലിവിഷന്‍ പ്രസരണത്തിന്റേയും വികാസം സംസ്കാരത്തെ തന്നെ വലിയ തോതില്‍ മാറ്റി മറിക്കുന്നതോടൊപ്പം ബുര്‍ഷ്വാ സംസ്കാരത്തോടുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ ബന്ധത്തിലും മാറ്റം വരുത്തി.

ഉദാഹരണത്തിനു്, നാളിതു് വരേയുള്ള മാനവ സംസ്കാരത്തില്‍, സംഗീതം അതിന്റെ സ്രഷ്ടാക്കളെന്നോ ഉപഭോഗം ചെയ്യുന്നവരെന്നോ വ്യത്യാസമില്ലാതെ ഒരു സ്ഥലത്തു് ഒരു സമയത്ത് സൃഷ്ടിക്കുകയും അവിടെ അവര്‍ തന്നെ ഉപഭോഗം ചെയ്യുകയും ചെയ്യുന്ന, വളരെ വേഗം നശിച്ചു് പോകുന്ന (Acutely perishable commodity, സൃഷ്ടിയുടെ സമയം കഴിഞ്ഞാല്‍ ഉപഭോഗം സാദ്ധ്യമല്ലാത്ത - വിവര്‍ത്തകന്‍), ഒരു സാമൂഹ്യ പ്രക്രിയയായിരുന്നു. റെക്കോഡിങ്ങിന്റെ വരവോടെ, സംഗീതം ബഹുദൂരം നീക്കാവുന്നതും അതു് മൂലം സ്രഷ്ടാക്കളില്‍ നിന്നു് അന്യവല്കരിക്കപ്പെടുന്നതുമായ നാശമടയാത്ത ചരക്കായി മാറി. സംഗീതം, അതിന്റെ ഉടമസ്തര്‍ക്കു് പുതിയ ഉപഭോഗം നിര്‍ണ്ണയിക്കാനും ഉപഭോഗം ചെയ്യുന്ന വര്‍ഗ്ഗത്തിനു് പുതിയ ആവശ്യം സൃഷ്ടിക്കാനും ഉടമസ്തര്‍ക്കു് ലാഭം സാധ്യമാകും വിധം വിവിധ ദിശകളില്‍ ആവശ്യം സൃഷ്ടിക്കാനും ഉതകും വിധം പുതിയൊരു അവസരം നല്‍കുന്ന ഉപഭോഗം ചെയ്യാവുന്ന ചരക്കായി മാറി. അതേപോലെ തന്നെ, സിനിമയെന്ന പുതിയ മാധ്യമം, ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍, ഓരോ തൊഴിലാളിയുടേയും പ്രവൃത്തി ദിവസത്തിന്റെ ഗണ്യമായ ഒരു ഭാഗം കൂടുതല്‍ ഉപഭോഗത്തിനായുള്ള സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി നീക്കിവെയ്പിച്ചുകൊണ്ടു് മനുഷ്യന്റെ അറിവു് സമ്പാദനത്തിന്റെ രീതിയേത്തന്നെ മാറ്റിത്തീര്‍ത്തു. ഉല്പാദനയന്ത്രത്തിന്റെ (ഫാക്ടറിയില്‍ അവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു് നോക്കിയിരുന്നതു് ഏറെയും കുട്ടികളായിരുന്നു - ബാലവേല) അടിമത്തത്തില്‍ നിന്നു് രക്ഷപ്പെട്ട ഓരോ കുട്ടിയുടേയും കണ്ണുകള്‍ക്കു് മുമ്പിലൂടെ, ഉപഭോഗത്തിന്റെ യന്ത്രം നോക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടു് ഓരോ വര്‍ഷവും പതിനായിരക്കണക്കിനു് അത്തരം പരസ്യങ്ങള്‍ കടന്നു് പോയി.

അങ്ങിനെ ബൂര്‍ഷ്വാ സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍, അവര്‍ സൃഷ്ടിച്ച സമ്പത്തു് ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ഇടുങ്ങിയതല്ലാതാക്കി. അത്തരത്തിലാണു്, ആവര്‍ത്തിച്ചുണ്ടായ അയുക്തികമായ അമിതോല്പാദനക്കുഴപ്പം പരിഹരിച്ചതു്. അമിതമായ നാഗരികതയില്ലാതായി, അമിതമായ ജീവിതോപാധികളില്ലാതായി, അമിതമായ വ്യവസായങ്ങളില്ലാതായി, അമിതമായ കച്ചവടവും ഇല്ലാതായി. (കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയുടെ പ്രവചനം നടക്കാതെ നോക്കാന്‍ മുതലാളിത്തത്തിന്റെ ശ്രമം ഇതിലൂടെ ഒരു പരിധിവരെ വിജയിച്ചു. എങ്കിലും അതിലേറെ കുഴപ്പം സൃഷ്ടിക്കപ്പെട്ടുകൊണ്ടാണതു് സാധിച്ചതു് - വിവര്‍ത്തകന്‍)

പക്ഷെ, ബൂര്‍ഷ്വാസിക്കു് ഉല്പാദനോപകരണങ്ങളും അതു് കൊണ്ടു് തന്നെ ഉല്പാദന ബന്ധങ്ങളും അതോടൊപ്പം മൊത്തം സാമൂഹ്യ ബന്ധങ്ങളും ഇടതടവില്ലാതെ വിപ്ലവകരമായി പരിഷ്കരിച്ചുകൊണ്ടല്ലാതെ നിലനില്കാനാവില്ല. ഉല്പാദനത്തിന്റെ ഇടതടവില്ലാത്ത വിപ്ലവകരമായ പരിഷ്കാരം, സാമൂഹ്യോപാധികളുടെ ഇടതടവില്ലാത്ത മാറ്റംമറിക്കലുകള്‍, അവസാനിക്കാത്ത അനിശ്ചിതത്വവും കുഴപ്പങ്ങളും ബൂര്‍ഷ്വാ കാലഘട്ടത്തെ മുന്‍ കാലഘട്ടങ്ങളില്‍ നിന്നു് വ്യത്യസ്തമാക്കുന്നു. എല്ലാ ഉറച്ചതും ഉറഞ്ഞു് കട്ടിയായതുമായ ബന്ധങ്ങളും, അവയുടെ പുരാതനവും അഭിജാതവുമായ മുന്‍വിധികളുടേയും അഭിപ്രായങ്ങളുടേയും നീണ്ട നിരയ്ക്കൊപ്പം ഒഴുകിപ്പോകുന്നു. പുതിയതായുണ്ടാകുന്നവ ഉറയ്ക്കുന്നതിനു് മുമ്പു് പഴഞ്ചനാകുന്നു. കട്ടിയായതെല്ലാം ഉരുകി ആവിയാകുന്നു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ, വമ്പിച്ച ഉപഭോഗ സംസ്കാരത്തിന്റെ പിന്തുണയോടെ, വമ്പിച്ച ഉപഭോഗ ഉല്പാദന വ്യവസ്ഥ പുതിയ സാമൂഹ്യ (മാനദണ്ഡങ്ങള്‍ക്കു്) ജന്മം നല്‍കി. അതില്‍ നിന്നു് പുതിയ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ ഘടന ഉറഞ്ഞു് കൂടുന്നു. ബൂര്‍ഷ്വാസി, ഉല്പാദനോപകരണങ്ങളുടെ അതിവേഗത്തിലുള്ള മെച്ചപ്പെടുത്തലിലൂടെ, വന്‍തോതില്‍ സാധ്യമാകുന്ന ആശയ വിനിമയ ബന്ധങ്ങളിലൂടെ, ഏറ്റവും കാടത്വത്തില്‍ കഴിയുന്നവയടക്കം എല്ലാ രാഷ്ട്രങ്ങളേയും നാഗരികതയിലേയ്ക്കു് വലിച്ചടുപ്പിക്കുന്നു. ചരക്കുകളുടെ കുറഞ്ഞ വില എന്ന ആയുധമുപയോഗിച്ചു് എല്ലാ ചൈനീസ് മതിലുകളും അവര്‍ തകര്‍ത്തെറിയുന്നു, അതുപയോഗിച്ചു് വിദേശികളോടു് കടുത്ത വിരോധം വെച്ചുപുലര്‍ത്തുന്ന അപരിഷ്കൃതരെ പോലും കീഴടങ്ങാന്‍ നിര്‍ബ്ബന്ധിക്കുന്നു. നിലനില്പപകടപ്പെടുന്നതിന്റെ വേദനയില്‍, അതെല്ലാ രാഷ്ട്രങ്ങളേയും, തങ്ങളുടെ സംസ്കാരവും ബൌദ്ധിക ഉടമസ്തതയുടെ നിയമങ്ങളും അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു, അവര്‍ നാഗരികതയെന്നു് പറയുന്നതു് തങ്ങളുടെ ഇടയിലും ഏര്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിക്കുന്നു, അതായതു്, സ്വയം ബൂര്‍ഷ്വാ ആയി മാറാന്‍ നിര്‍ബ്ബന്ധിക്കുന്നു. ഒറ്റവാക്കില്‍ സ്വന്തം ഛായയില്‍ ബൂര്‍ഷ്വാസി ഒരു ലോകത്തെ സൃഷ്ടിക്കുന്നു. പക്ഷെ, അവര്‍ സൃഷ്ടിച്ച ആശയ വിനിമയ മാധ്യമത്തിന്റേയും മാറ്റത്തിന്റേയും അതേ ഉപകരണങ്ങള്‍ ചെറുത്തുനില്പിന്റെ ഉപാധികളായി അവര്‍ക്കെതിരെ തിരിയുന്നു.

ഡിജിറ്റല്‍ ടെക്നോളജി ബൂര്‍ഷ്വാ സമ്പദ്ഘടനയെ മാറ്റത്തിനു് വിധേയമാക്കുന്നു. ഉല്പാദന വ്യവസ്ഥയിലെ പ്രധാന ചരക്കായ, ഒരേ സമയം വില്കപ്പെടുന്ന ചരക്കുകളും അതേ സമയം എന്തു് എങ്ങിനെ വാങ്ങണമെന്നുള്ള നിര്‍ദ്ദേശങ്ങളായ സാംസ്കാരിക ഉപഭോഗത്തിനുള്ള വസ്തുക്കള്‍ കൂടുതലായുണ്ടാക്കാനുള്ള ചെലവു് ഇപ്പോള്‍ പൂജ്യത്തിലേക്കെത്തിയിരിക്കുന്നു. ആര്‍ക്കും, എല്ലാവര്‍ക്കും തന്നെ, എല്ലാ സാംസ്കാരികോല്പന്നങ്ങളുടേയും : സംഗീതം, കല, സാഹിത്യം, സാങ്കേതിക വിജ്ഞാനം, ശാസ്ത്രം തടങ്ങി വിജ്ഞാനത്തിന്റെ എല്ലാ രൂപങ്ങളുടേയും നേട്ടം കൈവരിക്കാനാകുന്നു. സാമൂഹ്യാസമത്വത്തിന്റേയും ഭൂപരമായ ഒറ്റപ്പെടലിന്റേയും കടമ്പകള്‍ അലിഞ്ഞില്ലാതാകുന്നു. പ്രാദേശികവും ദേശീയവുമായ പഴയ ഒറ്റപ്പെടലിന്റേയും സ്വയം പര്യാപ്തതയുടേയും സ്ഥാനത്തു്, ജനങ്ങളുടെ എല്ലാ ദിശകളിലുമുള്ള പരസ്പര വിനിമയവും സാര്‍വ്വത്രിക പരസ്പരാശ്രിതത്വവും നമുക്കുണ്ടാകുന്നു. ദ്രവ്യോല്പാദനത്തിലെന്ന പോലെ ബൌദ്ധികോല്പാദനത്തിലും. വ്യക്തിപരമായി സൃഷ്ടിക്കപ്പെടുന്ന ബൌദ്ധികോല്പന്നങ്ങള്‍ പൊതു സ്വത്തായി മാറുന്നു. വമ്പിച്ച ഉല്പാദന-വിതരണ വ്യവസ്ഥ സൃഷ്ടിച്ചെടുത്ത ആധുനിക ബൂര്‍ഷ്വാ സമൂഹം അതിന്റെ ഉല്പാദന-വിതരണ-ഉടമാ ബന്ധങ്ങള്‍ മൂലം ഭൂതബാധ ഉച്ചാടനം ചെയ്യുന്ന മന്ത്രവാദിയുടെ ശിഷ്യനേപ്പോലെയാണു്, അതിന്റെ കഴിവു് മൂലം പാതാളത്തില്‍ നിന്നു് ആവാഹിച്ചു് കൊണ്ടു് വന്ന ഭൂതത്തെ നിയന്ത്രിക്കാന്‍ കഴിയാതെ അന്തം വിട്ടു് നില്കുകയാണു്.

ഈ മാറ്റത്തോടെ, മനുഷ്യന്‍ അവന്റെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളേയും സ്വന്തം സഹജീവികളുമായുള്ള ബന്ധങ്ങളേയും സമചിത്തതയോടെ സമീപിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയാണു്. വിജ്ഞാന വര്‍ദ്ധനയുടെ എല്ലാ മാനുഷിക മൂല്യങ്ങളും അതു് മറ്റേതൊരു വ്യക്തിക്കും കരഗതമാക്കാനാവശ്യമായ ചെലവില്‍ തന്നെ കൊയ്തെടുക്കാമെന്ന ലളിത സത്യം - - എല്ലാവര്‍ക്കും എല്ലാ സൌന്ദര്യാത്മകവും ഉപയോഗപ്രദവുമായ ബൌദ്ധിക സൃഷ്ടികളും കയ്യാളാമെന്ന ലളിതമായ വസ്തുത - - സമൂഹം നേരിടുന്നു - - ആരേയും ഒഴിവാക്കുന്നതു് ധാര്‍മ്മികമല്ലാതായിരിക്കുന്നു. സീസറിന്റെ തീന്‍മേശയിലെ വിഭവം കൊണ്ടു് എല്ലാവരേയും മതിയാകും വിധം തീറ്റിപ്പോറ്റാനുള്ള ശേഷി റോമിനുണ്ടായിരുന്നെങ്കില്‍, ആരെയെങ്കിലും പട്ടിണിക്കിട്ടാല്‍ ജനങ്ങള്‍ സീസറെ തൂത്തെറിയുമായിരുന്നു. പക്ഷെ, വിജ്ഞാനവും സാംസ്കാരവും വില നല്‍കാനുള്ള ശേഷിക്കനുസരിച്ചു് റേഷന്‍ നല്‍കണമെന്നു് ബൂര്‍ഷ്വാ സ്വത്തുടമാ വ്യവസ്ഥ ആവശ്യപ്പെടുന്നു.

പരസ്പര ശൃംഖലാ ബന്ധത്തിന്റെ സാങ്കേതിക വിദ്യ പുതുതായി സാധ്യമാക്കുന്ന പരമ്പരാഗത രൂപങ്ങള്‍, സൃഷ്ടിക്കുന്നവരുടേയും പിന്തുണക്കുന്നവരുടേയും സന്നദ്ധ കൂട്ടായ്മകള്‍ ഉള്‍ക്കൊള്ളുന്ന ബദലുകള്‍, ഊഹാതീതമായ ശേഷിയുള്ള വമ്പന്‍ വിജ്ഞാന വിനിമയ വ്യവസ്ഥയുടെ ഉടമസ്ഥതയുമായി, അസമമായ മത്സരത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. മറുവശത്തു്, ഈ വമ്പന്‍ വിനിമയ വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു്, എലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തില്‍, ജനങ്ങളുടെ പൊതു അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെയാണു്. ഡിജിറ്റല്‍ സമൂഹത്തിലാകെ, വിജ്ഞാന സ്രഷ്ടാക്കള്‍ - - കലാകാരന്മാര്‍, സംഗീതജ്ഞര്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങി വിജ്ഞാനം പകര്‍ത്തിയും മെച്ചപ്പെടുത്തിയും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന മറ്റെല്ലാവരും അതു് സാധ്യമാണെന്ന അവരുടെ അറിവും ബൂര്‍ഷ്വാസി അവരെ അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന തങ്ങളുടെ പ്രത്യയശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യം മൂലം വ്യവസ്ഥാ മാറ്റത്തെ അനുകൂലിക്കുന്നവരാക്കുന്നു. ഈ വൈരുദ്ധ്യത്തില്‍ നിന്നു് പുതിയ വര്‍ഗ്ഗത്തിന്റെ ബോധം ഉരുത്തിരിയുന്നു, അതിന്റെ സ്വയം ബോധത്തിലേയ്ക്കുള്ള ഉയര്‍ച്ചയില്‍ നിന്നു് ഉടമസ്തതയുടെ പതനം ആരംഭിക്കുന്നു.

മത്സരം മൂലം, ബൂര്‍ഷ്വാസി അബോധപൂര്‍വ്വമായി പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റല്‍ സമൂഹത്തിന്റെ മുന്നേറ്റം, സ്രഷ്ടാക്കളുടെ ഒറ്റപ്പെടലിന്റെ സ്ഥാനത്തു്, കൂട്ടായ്മയിലൂടെ ഉരുത്തിരിയുന്ന വിപ്ലവ സംഘടന പകരം വെയ്ക്കുന്നു. വിജ്ഞാനത്തിന്റേയും സാങ്കേതികവിദ്യയുടേയും സംസ്കാരത്തിന്റേയും സ്രഷ്ടാക്കള്‍ അവര്‍ക്കിനിയങ്ങോട്ടു് ഉടമസ്ഥതയിലൂന്നിയ ഉല്പാദന ഘടനയും വില നിര്‍ബ്ബന്ധിക്കുന്ന വിതരണ ഘടനയും ആവശ്യമില്ലെന്നു് തിരിച്ചറിയുന്നു. കൂട്ടായ്മയും, അതിന്റെ അരാജക മാതൃകയായ സ്വത്തവകാശമില്ലാത്ത ഉല്പാദനവും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാദ്ധ്യമാക്കിയിരിക്കുന്നു. അതിലൂടെ, അവയുടെ സ്രഷ്ടാക്കള്‍ തുടര്‍ന്നുള്ള ഉല്പാദനത്തിന്റെ സാങ്കേതിക വിദ്യയുടെ മേല്‍ നിയന്ത്രണം കൈവരിച്ചിരിക്കുന്നു. ബ്രോഡ്കാസ്റ്റര്‍മാരുടേയും ബാന്‍ഡ്‌വിഡ്ത്തു് ഉടമകളുടേയും പിടിയില്‍ നിന്നു് മോചിപ്പിക്കപ്പെടുന്ന ശൃംഖല തന്നെ, ശ്രേണീഘടനയുടെ നിയന്ത്രണമില്ലാതെ വ്യക്തികള്‍ സ്വയം പരസ്പരം ബന്ധപ്പെടുന്ന ശൃംഖല, വിതരണത്തിന്റെ പുതിയ വ്യവസ്ഥയായി മാറുന്നു. അതു് സംഗീതത്തിന്റേയും വീഡിയോയുടേയും അടക്കം ഇതര വിജ്ഞാനോല്പന്നങ്ങളുടെ വില നിര്‍ബ്ബന്ധമാക്കുന്ന വിതരണ ഘടനയ്ക്കു് പകരം വെയ്ക്കപ്പെടുന്നു. യൂണിവേഴ്സിറ്റികളും ലൈബ്രറികളും ബന്ധപ്പെട്ട മറ്റു് സ്ഥാപനങ്ങളും പുതിയ കാലഘട്ടം തങ്ങളിലര്‍പ്പിച്ചിരിക്കുന്ന, വിജ്ഞാനത്തിന്റെ വിതരണക്കാരെന്ന നിലയില്‍ തങ്ങളുടെ പക്കലുള്ള വിജ്ഞാന ശേഖരത്തിലേയ്ക്കു് എല്ലാ ജനങ്ങള്‍ക്കും സ്വതന്ത്രവും തടസ്സങ്ങളില്ലാത്തതുമായ പ്രവേശനം ഉറപ്പുവരുത്തുകയെന്ന ചരിത്രപരമായ ദൌത്യം നിറവേറ്റിക്കൊണ്ടു് പുതിയ വര്‍ഗ്ഗത്തിന്റെ സഖ്യശക്തികളായി മാറുന്നു. ഉടമസ്ഥാവകാശത്തിന്റെ നിയന്ത്രണത്തില്‍ നിന്നുള്ള വിജ്ഞാനത്തിന്റെ മോചനം തൊഴിലാളിയെ യന്ത്രത്തിന്റെ കാവല്‍ക്കാരന്‍ എന്ന പദവിയില്‍ നിന്നു് മോചിപ്പിക്കുന്നു. സ്വതന്ത്രമായ അറിവു് തൊഴിലാളിയെ തന്റെ സമയം ബൂര്‍ഷ്വാ സംസ്കാരത്തിന്റെ വന്ധ്യമായ ഉപഭോഗത്തിനു് വേണ്ടി കൂടുതല്‍ കൂടുതല്‍ അടിയന്തിരമായി ക്ഷണിക്കുന്ന അതിന്റെ ഉപഭോക്താവെന്ന നിലയില്‍ വിനിയോഗിക്കുന്നതിനു് പകരം അവളുടെ മനസും കഴിവുകളും സംസ്കരിക്കാനായി ഉപയോഗിക്കും. അവളുടെ സൃഷ്ടിക്കാനുള്ള ശേഷിയില്‍ ബോധവതിയാകുന്ന അവള്‍, ബര്‍ഷ്വാ സമൂഹം കുരുക്കിയിട്ടിരിക്കുന്ന ആ ഉല്പാദനത്തിന്റേയും അതിന്റെ അനാവശ്യ ചരക്കുകളുടെ ഉപഭോഗത്തിന്റേയും വ്യവസ്ഥകളില്‍ സക്രിയമല്ലാത്ത പങ്കാളിത്തം അവസാനിപ്പിക്കുന്നു.

പക്ഷെ, ബൂര്‍ഷ്വാസി, എവിടെവിടെ അതിനു് മേല്‍ക്കൈ ഉണ്ടോ, അവിടെയൊക്കെ, ഫ്യൂഡല്‍, പിതൃതന്ത്രാത്മക, അകൃത്രിമ ഗ്രാമ്യ ബന്ധങ്ങള്‍ക്കു് അറുതിവരുത്തി. മനുഷ്യരെ അവരുടെ സ്വാഭാവിക മേലധികാരികളുമായി ബന്ധിപ്പിക്കുന്ന വിവിധങ്ങളായ ഫ്യൂഡല്‍ ബന്ധങ്ങള്‍ അതു് ദാക്ഷിണ്യമില്ലാതെ പിച്ചിച്ചീന്തിയെറിയുക തന്നെ ചെയ്തു. നഗ്നമായ വ്യക്തി താല്പര്യവും ദയാരഹിതമായ രൊക്കം പണക്കൈമാറ്റവുമല്ലാതെ മറ്റൊരു ബന്ധവും മനുഷ്യനും മനുഷ്യനും തമ്മില്‍ അവശേഷിപ്പിച്ചില്ല. മതത്തിന്റെ പേരിലുള്ള ആവശത്തിന്റേയും നിസ്വാര്‍ത്ഥമായ വീരശൂരപരാക്രമണങ്ങളുടേയും ഫിലിസ്റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അതു് സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലുകളുടെ മഞ്ഞുവെള്ളത്തിലാഴ്ത്തി.

അതു് വ്യക്തിയോഗ്യതകളെ വിനിമയ മൂല്യമാക്കി മാറ്റി. അനുവദിച്ചു് കിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്തു് അതു് മനസാക്ഷിക്കു് നിരക്കാത്ത സ്വതന്ത്ര വ്യാപാരമെന്ന ഒരേയൊരു സ്വാതന്ത്ര്യത്തെ കുടിയിരുത്തി. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതാത്മകവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളില്‍ പൊതിഞ്ഞ ചൂഷണത്തിനു് പകരം നഗ്നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു് നടപ്പാക്കി. തൊഴിലാളി വര്‍ഗ്ഗങ്ങള്‍ ഭാവിയില്‍ കൈവരിക്കാന്‍ പോകുന്ന മഹത്തായ വിമോചനത്തിന്റെ പശ്ചാത്തലത്തില്‍, ലഭ്യമാകുന്ന വിജ്ഞാനവും അറിവും ബൂര്‍ഷ്വാ സംസ്കാരത്തിന്റെ ഉപഭോക്താക്കളെന്ന അവരുടെ മുന്‍കാല സങ്കുചിത പങ്കിന്റെ അതിരുകള്‍ ഭേദിക്കുന്നു, ബൂര്‍ഷ്വാ ഉടമാവ്യവസ്ഥ അതിനാല്‍ സ്വാഭാവികമായി അതിന്റെ അവസാനം വരെ മത്സരത്തിലേര്‍പ്പെടുന്നു. അതു് ഒരിക്കല്‍ ഭയപ്പെട്ടിരുന്ന അമിതോല്പാദനം അതിന്റെ ഇഷ്ടപ്പെട്ട ഉപാധിയായ സ്വതന്ത്ര വ്യാപാരം ഉപയോഗിച്ചു് തിരിച്ചു് കൊണ്ടുവരാന്‍ ഉടമാവ്യവസ്ഥ പരിശ്രമിക്കുന്നു. സ്രഷ്ടാക്കളെ ബൂര്‍ഷ്വാ ഉടമാവ്യവസ്ഥയുടെ കൂലിവേലക്കാരായ ഉപഭോക്താക്കളെന്ന നിലയില്‍ കുടുക്കിയിടാനുള്ള അങ്ങേയറ്റം നിരാശപൂണ്ട തത്രപ്പാടില്‍, കാടന്മാരെയല്ല, മറിച്ചു്, ഏറ്റവും വികസിത സമൂഹങ്ങളിലെ അവരുടെ ഏറ്റവും മഹത്തായ നേട്ടമായഭിമാനിക്കുന്ന വിദ്യാസമ്പന്നരായ സാങ്കേതിക വിദഗ്ദ്ധര്‍ക്കു് അവരുടെ സാംസ്കാരിക നിഷ്ക്രിയത്വത്തിനുള്ള കൈക്കൂലിയായി ഭൂഗോളത്തിന്റെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വസ്തുക്കളുടെ ക്ഷാമത്തെ വിലകുറഞ്ഞ ചരക്കുകളുടെ സ്രോതസാക്കി മാറ്റാന്‍ പരിശ്രമിക്കുന്നു.

ഈ അവസരത്തില്‍, തൊഴിലാളികളും സ്രഷ്ടാക്കളും തങ്ങളുടെ പരസ്പര മത്സരത്തിലൂടെ വിഭജിക്കപ്പെട്ടു് ഭൂഗോളമാകെ ചിന്നിച്ചിതറി അസംഘടിത ശക്തിയായി തുടരുന്നു. ചിലപ്പോഴൊക്കെ സ്രഷ്ടാക്കള്‍ വിജയികളാകുന്നു, പക്ഷെ, കുറച്ചു് സമയത്തേയ്ക്കു് മാത്രം. അവരുടെ സമരങ്ങളുടെ യഥാര്‍ത്ഥ നേട്ടം കിടക്കുന്നതു്, അടിയന്തിര ഫലങ്ങളിലല്ല, മറിച്ചു്, നിരന്തരം വികസിച്ചു് വരുന്ന ഐക്യത്തിലാണു്. ആധുനിക വ്യവസായം സൃഷ്ടിച്ച നിരന്തരം വികസിച്ചു് വരുന്ന മെച്ചപ്പെട്ട വിവര വിനിമയോപാധികള്‍ വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികളേയും സ്രഷ്ടാക്കളേയും പരസ്പരം ബന്ധപ്പെടാന്‍ ഇടയാക്കുന്നതിലൂടെ ഈ ഐക്യത്തെ സഹായിക്കുന്നു. ഈ പരസ്പര ബന്ധമാണു്, ഒരേ പോലുള്ള അസംഖ്യം പ്രാദേശിക സമരങ്ങളെ ദേശീയാടിസ്ഥാനത്തില്‍ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഒരു സമരമായി കേന്ദ്രീകരിക്കാന്‍ ആവശ്യമായിരുന്നതു്. പക്ഷെ, ഓരോ വര്‍ഗ്ഗ സമരവും ഒരു രാഷ്ട്രീയ സമരമാണു്. ആ ഐക്യം നേടാന്‍, മധ്യകാലഘട്ടത്തിലെ ബര്‍ഗ്ഗര്‍മാര്‍ക്കു് , അവരുടെ ഗതികെട്ട പെരുവഴികള്‍ ഉപയോഗിച്ചു് നൂറ്റാണ്ടുകള്‍ വേണ്ടിയിരുന്നിടത്തു്, ശൃംഖലയ്ക്കു് നന്ദി, ആധുനിക വിജ്ഞാന തൊഴിലാളികള്‍ക്കു് ഏതാനും വര്‍ഷങ്ങള്‍ മതി.

സ്വാതന്ത്ര്യവും സൃഷ്ടിയും

ബൂര്‍ഷ്വാസി അതിന്റെ മരണം ഉറപ്പാക്കുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, ആ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളേയും സൃഷ്ടിച്ചു - - ഡിജിറ്റല്‍ തൊഴിലാളി വര്‍ഗ്ഗം - സ്രഷ്ടാക്കള്‍. സാമൂഹ്യമൂല്യവും വിനിമയ മൂല്യവും സൃഷ്ടിക്കുകയും അവയെ ചരക്കുകളായി തരം താഴ്ത്തുന്നതിനെ ചെറുക്കുകയും സ്വതന്ത്ര സാങ്കേതിക വിദ്യ കൂട്ടായി സൃഷ്ടിക്കുകയും ചെയ്യാന്‍ പര്യാപ്തമായ വൈദഗ്ദ്ധ്യവും അറിവും സ്വന്തമായുള്ള തൊഴിലാളികളെ യന്ത്രത്തിന്റെ അനുബന്ധമായി തരം താഴ്ത്താനാവില്ല.

ഒരിക്കല്‍, തൊഴിലാളികള്‍, അജ്ഞതയുടെ കെട്ടുപാടുകളും ഭൂപരമായ ഒറ്റപ്പെടലും കൊണ്ടു് വേര്‍തിരിച്ചു് കാണാനാവാത്തതും ഒഴിവാക്കപ്പെടാവുന്നതുമായ വ്യവസായ പട്ടാളമായി കെട്ടിയിടപ്പെട്ടിരുന്നിടത്തു്, മനുഷ്യന്റെ വിവര വിനിമയ ശൃംഖലയ്ക്കു് മേല്‍ കൂട്ടായ നിയന്ത്രണമുള്ള സ്രഷ്ടാക്കള്‍, അവരുടെ വ്യക്തിത്വം കാത്തു് സൂക്ഷിക്കുകയും അവരുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും, ബൂര്‍ഷ്വാ ഉടമാവകാശ വ്യവസ്ഥ മുമ്പേതു് കാലത്തും അനുവദിച്ചതിനേക്കാളും കൂടുതല്‍, അനുകൂലമായ അസംഖ്യം മാര്‍ഗ്ഗങ്ങളിലൂടെ അവരുടെ ബൌദ്ധിക അദ്ധ്വാനത്തിന്റെ മൂല്യം നല്‍കുകയും ചെയ്യുന്നു.

എന്നാല്‍, ശരിയായ സ്വതന്ത്ര സമ്പദ്ഘടന സ്ഥാപിക്കുന്നതില്‍ സ്രഷ്ടാക്കളുടെ വിജയത്തിന്റെ കൃത്യമായ അനുപാതത്തില്‍, "സ്വതന്ത്ര" കമ്പോളത്തോടും "സ്വതന്ത്ര" വ്യാപാരത്തോടും അതിനുണ്ടെന്നു് കാണിക്കപ്പെടുന്ന ആഭിമുഖ്യത്തിന്റെ മറവില്‍, ഉല്പാദനത്തിന്റേയും വിതരണത്തിന്റേയും മര്‍ദ്ദന ഘടന ബൂര്‍ഷ്വാസി ഉറപ്പിച്ചു് നിര്‍ത്തുക തന്നെ ചെയ്യും. വളരെയേറെ മറച്ചു് പിടിക്കപ്പെട്ട ബലപ്രയോഗത്തിന്റെ രൂപങ്ങളുപയോഗിച്ചു് അവസാനം ബലപ്രയോഗത്തിലൂടെ പ്രതിരോധിക്കാന്‍ ബൂര്‍ഷ്വാസി തയ്യാറാണെന്നിരിക്കിലും, ആദ്യ ഘട്ടത്തില്‍ അതിനാഭിമുഖ്യമുള്ള സമ്മര്‍ദ്ദത്തിന്റെ ഉപാധികളായ അതിന്റെ നിയമ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടു് അവര്‍ത്തിച്ചു് നിര്‍ബ്ബന്ധം ചെലുത്താന്‍ ശ്രമിക്കുന്നു. സമൂഹം ആധുനികവല്‍ക്കരിക്കപ്പെട്ടപ്പോഴും യാഥാസ്ഥിതിക നിയമ വ്യവസ്ഥകളിലൂടെ ഫ്യൂഡല്‍ സ്വത്തുടമാ സമ്പ്രദായം നിലനിര്‍ത്താമെന്നു് വിശ്വസിച്ച ഫ്രാന്‍സിലെ വിപ്ലവപൂര്‍വ്വ ഭരണക്രമം പോലെ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ ഉടമകളും അവര്‍ തന്നെ ഇറക്കിവിട്ട ശക്തികള്‍ക്കെതിരായ സംരക്ഷണത്തിന്റെ മാന്ത്രിക കോട്ടയായി അവരുടെ സ്വത്തുടമാ വ്യവസ്ഥ വര്‍ത്തിക്കുമെന്നു് പ്രതീക്ഷിക്കുന്നു.

ഉല്പാദനത്തിന്റേയും വിനിമയത്തിന്റേയും ഉപാധികളുടെ വികാസത്തിന്റെ ഒരു ഘട്ടത്തില്‍, ഫ്യൂഡല്‍ സമൂഹം ഉല്പാദിപ്പിക്കുകയും വിനിമയം ചെയ്യുകയും ചെയ്ത വ്യവസ്ഥകള്‍, കൃഷിയുടേയും നിര്‍മ്മാണ വ്യവസായത്തിന്റേയും ഫ്യൂഡല്‍ സംഘടന, ഒറ്റവാക്കില്‍, ഫ്യൂഡല്‍ സ്വത്തുടമാ ബന്ധം, വികസിച്ചു് വന്ന ഉല്പാദന ശക്തികളുമായി പൊരുത്തപ്പെടാതായി, അവ കാല്‍ ചങ്ങലകളായി. അവ പൊട്ടിച്ചെറിയപ്പെടേണ്ടതുണ്ടായിരുന്നു; പൊട്ടിച്ചെറിയപ്പെടുകയും ചെയ്തു.

അവയുടെ സ്ഥാനത്തു്, അവയോടു് പൊരുത്തപ്പെടുന്ന സാമൂഹ്യ-രാഷ്ട്രീയ ഭരണഘടനയോടും ബൂര്‍ഷ്വാ വര്‍ഗ്ഗത്തോടു് ചായ്‌വുള്ള സാമ്പത്തിക-രാഷ്ടീയത്തോടുമൊപ്പം സ്വതന്ത്ര മത്സരം കടന്നു് വന്നു.

എന്നാല്‍, മുതലുടമകള്‍ക്കു് നിരന്തം കുത്തകയോടുണ്ടായിരുന്ന അദമ്യമായ ആഭിമുഖ്യം അനുഭവപ്പെട്ടിരുന്ന "സ്വതന്ത്ര മത്സരം" ബൂര്‍ഷ്വാ സമൂഹത്തിന്റെ ഒരാഗ്രഹത്തിനപ്പുറം ഒന്നുമായിരുന്നില്ല. ബൂര്‍ഷ്വാ നിയമം തുടര്‍ച്ചയായി പ്രഘോഷിക്കുന്ന സ്വാതന്ത്ര്യം എന്ന ആശയം പ്രായോഗിക തലങ്ങളില്‍ തള്ളിക്കളഞ്ഞു് കൊണ്ടു്, ബൂര്‍ഷ്വാ സ്വത്തു് കുത്തകയെന്ന കാഴ്ചപ്പാടു് ഉയര്‍ത്തിപ്പിടിച്ചു. പുതിയ ഡിജിറ്റല്‍ സമൂഹത്തില്‍, സ്രഷ്ടാക്കള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായ സാമ്പത്തിക പ്രവര്‍ത്തന രൂപങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ബൂര്‍ഷ്വാ സ്വത്തുടമസ്ഥതയുടെ തത്വങ്ങളും ബൂര്‍ഷ്വാ സ്വാതന്ത്ര്യത്തിന്റെ തത്വങ്ങളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടാനിടയാക്കുന്നു. ആശയങ്ങളുടെ ഉടമസ്ഥത സംരക്ഷിക്കാന്‍ സ്വതന്ത്ര സാങ്കേതിക വിദ്യ അടിച്ചമര്‍ത്തേണ്ടതു് ആവശ്യമാകുന്നു, അതിനര്‍ത്ഥം, അഭിപ്രായ സ്വാതന്ത്ര്യത്തെ തന്നെ അടിച്ചമര്‍ത്തുന്നു എന്നാണു്. സ്വതന്ത്രമായ സൃഷ്ടി തടയാന്‍ ഭരണകൂടത്തിന്റെ ശക്തി പ്രയോഗിക്കുന്നു. സാംസ്കാരിക ഉല്പാദന-വിനിമയ വ്യവസ്ഥയില്‍ ഉടമസ്ഥരുടെ സ്വത്തു് അപകടപ്പെടുന്നതിന്റെ പേരില്‍ ശാസ്ത്രജ്ഞരും കലാകാരന്മാരും വിദ്യാര്‍ത്ഥികളും സ്വതന്ത്രമായി വിജ്ഞാനം സൃഷ്ടിക്കുന്നതും പങ്കു് വെയ്ക്കുന്നതും തടയപ്പെടുന്നു. ഉടമസ്ഥരുടെ കോടതികളിലാണു് സ്രഷ്ടാക്കള്‍ അവരുടെ വര്‍ഗ്ഗ വ്യക്തിത്വം ഏറ്റവും വ്യക്തമായി തിരിച്ചറിയുന്നതും, അതിനാല്‍ തന്നെ, അവിടെയാണു് ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതും.

പക്ഷെ, ബൂര്‍ഷ്വാ സ്വത്തിന്റെ നിയമങ്ങള്‍ ബൂര്‍ഷ്വാ സാങ്കേതിക വിദ്യയുടെ പ്രത്യാഘാതങ്ങള്‍ക്കെതിരെ സംരക്ഷണമൊരുക്കുന്ന മാന്ത്രിക കവചമൊന്നുമല്ല : മാന്ത്രികന്റെ ശിഷ്യന്റെ (അപ്രന്റീസ്) ചൂലു് തൂത്തു്കൊണ്ടേയിരുക്കുന്നു, വെള്ളം പൊങ്ങിക്കൊണ്ടുമിരിക്കുന്നു. പുതിയ ഉല്പാദനക്രമവും വിതരണക്രമവും കാലഹരണപ്പെട്ട നിയമങ്ങളാകുന്ന കാല്‍ച്ചങ്ങല പൊട്ടിക്കുന്നതോടെ സാങ്കേതിക വിദ്യയുടെ മേഖലയിലാണു് അവസാനം ഉടമസ്ഥതയുടെ പരാജയം സംഭവിക്കുന്നതു്.

മേല്‍ക്കൈ നേടിയ എല്ലാ മുന്‍ വര്‍ഗ്ഗങ്ങളും, മൊത്തം സമൂഹത്തിനു് മേല്‍ അവരുടെ സ്വായത്തമാക്കലിന്റെ മാര്‍ഗ്ഗം അടിച്ചേല്പിച്ചുകൊണ്ടു് അവര്‍ക്കു് കിട്ടിയ സ്ഥാനം കോട്ടകെട്ടി സംരക്ഷിക്കാനാണു് ശ്രമിച്ചതു്. വിജ്ഞാന തൊഴിലാളികള്‍ക്കു്, അവരുടെ മുന്‍ സ്വായത്തമാക്കലിന്റെ മാര്‍ഗ്ഗം ഇല്ലായ്മ ചെയ്തുകൊണ്ടല്ലാതെ, അതിലൂടെ എല്ലാ മുന്‍ സ്വായത്തമാക്കലിന്റേയും മാര്‍ഗ്ഗങ്ങള്‍ ഇല്ലായ്മ ചെയ്തുകൊണ്ടല്ലാതെ, സമൂഹത്തിന്റേയാകെ ഉല്പാദന ശക്തികളുടെ നിയന്താക്കളായി മാറാനാവില്ല. അവരുടേതു് സ്വാതന്ത്ര്യത്തിനു് വേണ്ടിയുള്ള, വിജ്ഞാനത്തിന്റെ മേലുള്ള ഉടമസ്ഥാവകാശം ഇല്ലായ്മ ചെയ്യാനുള്ള, വിജ്ഞാനത്തിന്റെ സ്വതന്ത്രമായ ചംക്രണത്തിനുള്ള, അതേപോലെ, എല്ലാ മനുഷ്യരും പങ്കുവെയ്ക്കുന്ന പൊതു ബിംബമായി സംസ്കാരത്തെ പുനപ്രതിഷ്ഠിക്കാനുള്ള, വിപ്ലവസമര്‍പ്പണമാണു്.

സംസ്കാരത്തിന്റെ ഉടമസ്ഥരോടു് നമ്മള്‍ പറയുന്നു : ആശയത്തിന്റെ സ്വകാര്യ ഉടമസ്ഥത ഞങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിങ്ങള്‍ സംഭീതരാണു്. പക്ഷെ, നിങ്ങളുടെ നിലവിലുള്ള സമൂഹത്തില്‍ പത്തിലൊമ്പതു് ആളുകള്‍ക്കും സ്വകാര്യ സ്വത്തില്ലാതാക്കപ്പെട്ടിരിക്കുന്നു. അവരെന്തു് സൃഷ്ടിച്ചാലും, ഉടന്‍, അവരുടെ ബൌദ്ധികാദ്ധ്വാനത്തിന്റെ ഫലം പേറ്റന്റു്, പകര്‍പ്പവകാശം, വ്യാപാര രഹസ്യം തുടങ്ങി വിവിധ ബൌദ്ധിക സ്വത്തവകാശം പറഞ്ഞു് അവരെ കൂലിക്കു് വെച്ചവര്‍ സ്വായത്തമാക്കുകയാണു്.

നാമമാത്രമായ ചെലവിലും സ്വതന്ത്രമായും എല്ലാവര്‍ക്കും മറ്റെല്ലാവരുമായി ആശയ വിനിമയം ചെയ്യാനും പരസ്പരം പഠിക്കാനും അനുവദിക്കുന്നതും ഉപയോഗത്താല്‍ തീര്‍ന്നു് പോകാത്തതുമായ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിലുള്ള അവരുടെ ജന്മാവകാശം ബൂര്‍ഷ്വാസി കയ്യടക്കുകയും വലിയ വില നല്‍കേണ്ടതായിട്ടുള്ള സംസ്കാര പ്രസരണം, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ തുടങ്ങിയ ഉപഭോഗ ചരക്കുകളായി അവര്‍ക്കു് തിരിയെ നല്‍കുകയും ചെയ്തിരിക്കുന്നു. അവരുടെ ക്രിയാത്മകതയ്ക്കു് ബഹിര്‍ഗമനമാര്‍ഗ്ഗമില്ല : അവരുടെ സംഗീതം, അവരുടെ കല, അവരുടെ കഥ പറച്ചില്‍ തുടങ്ങിയവ മൂലധന സംസ്കാരത്തിന്റെ ചരക്കുകള്‍ക്കിടയില്‍ മുങ്ങിപ്പോയിരിക്കുന്നു, കുത്തകാവകാശത്തിന്റെ സമാഹൃത ശക്തിയാല്‍ ആക്കം കൂട്ടപ്പെട്ട "പ്രസരണത്തിനു്" മുമ്പില്‍ നിഷ്ക്രിയരായി, സൃഷ്ടിക്കുന്നതിനു് പകരം ഉപഭോഗം ചെയ്യുന്നു. ചുരുക്കത്തില്‍, നിങ്ങള്‍ വിലപിക്കുന്ന സ്വത്തു് കൊള്ളമുതലാണു്, കുറച്ചു് പേര്‍ക്കു് ഉണ്ടെന്നുള്ളതു് മറ്റുള്ള ആരുടേയും കയ്യിലില്ലാതാകുന്നതു് കൊണ്ടു് മാത്രമാണു്.

അതിനാല്‍, സമൂഹത്തിലെ വലിയ ഭൂരിപക്ഷത്തിനും സ്വത്തവകാശം നിഷേധിക്കുന്ന സ്വത്തിന്റെ മാതൃക ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നതിനു് നിങ്ങള്‍ ഞങ്ങളോടു് പരിഭവിക്കുന്നു.

ബൌദ്ധിക സ്വകാര്യ സ്വത്തിന്റേയും അതിലധിഷ്ഠിതമായ സംസ്കാരത്തിന്റേയും ഉച്ഛാടനത്തോടെ, "പ്രോത്സാഹന"മില്ലാത്തതിന്റെ പേരില്‍ എല്ലാ സൃഷ്ടികളും നിലയ്ക്കുമെന്നും സാര്‍വ്വത്രിക അലസത ബാധിക്കുമെന്നുമാണു് എതിര്‍പ്പു്.

അതംഗീകരിച്ചാല്‍, വിജ്ഞാനത്തേയും സംസ്കാരത്തേയും, മുഴുവനായും, പണവ്യവസ്ഥയുമായി ബന്ധപ്പെടുത്തുന്ന സാധ്യത കണ്ടെത്തിയ ബൂര്‍ഷ്വാസിയുടെ വരവിനു് മുമ്പു് സംഗീതമോ കലയോ സാങ്കേതിക വിദ്യയോ പഠനമോ ഉണ്ടാകുമായിരുന്നില്ല. സ്വതന്ത്ര ഉല്പാദനവും സ്വതന്ത്ര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ ഫലമായുണ്ടായ വികാസവും സാങ്കേതിക വിദ്യയുടെ സ്വതന്ത്ര വിതരണക്രമവും രംഗത്തെത്തി കണ്ടതോടെ, ഇത്തരം വാദഗതികള്‍, കാണപ്പെടുന്നതും ഉത്തരം പറയാനാവാത്തതുമായ വസ്തുതകളെ നിഷേധിക്കുക മാത്രമാണെന്നു് വ്യക്തമായിരിക്കുന്നു. ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും തെളിവുകള്‍ നിലനില്‍ക്കേ, ബൂര്‍ഷ്വാസിയുടെ കുറഞ്ഞ കാലത്തേതു് മാത്രമാണു് ബൌദ്ധികോല്പാദനത്തിന്റേയും സാംസ്കാരിക വിതരണത്തിന്റേയും സാധ്യമായ ഒരേയൊരു ഘടന എന്ന വാദം കൊണ്ടു് വസ്തുതകളെ വാദത്തിനു് കീഴ്പ്പെടുത്തുന്നു.

അങ്ങിനെ, നാം ഉടമകളോടു് പറയുന്നു : എക്കാലത്തേയ്ക്കും ബാധകമായ പ്രകൃതി നിയമങ്ങളും യുക്തിയും എന്നതിലേയ്ക്കെത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന തെറ്റിദ്ധാരണ, നിങ്ങളുടെ നിലവിലുള്ള ഉല്പാദന രീതിയില്‍ നിന്നും സ്വത്തുടമാരൂപത്തില്‍ നിന്നും ഉരുത്തിരിയുന്ന സാമൂഹ്യ ഘടനകള്‍ - - ഉല്പാദനവളര്‍ച്ചയുടെ ഗതിക്രമത്തില്‍ ഉയരുകയും അസ്തമിക്കുകയും ചെയ്യുന്ന ചരിത്രപരമായ ബന്ധങ്ങള്‍ - - നിങ്ങള്‍ക്ക് മുമ്പേ കടന്നു് പോയ എല്ലാ ഭരണ വര്‍ഗ്ഗങ്ങളുമായി നിങ്ങള്‍ ഈ തെറ്റിദ്ധാരണ പങ്കു് വെയ്ക്കുന്നു.

നമ്മുടെ ദാര്‍ശനിക നിഗമനങ്ങള്‍ ഒരു വിധത്തിലും ലോക പരിഷ്കര്‍ത്താവെന്നറിയപ്പെടാന്‍ പോകുന്ന ആരെങ്കിലും കണ്ടു് പിടിച്ച ആശയങ്ങളേയോ തത്വങ്ങളേയോ അടിസ്ഥാനപ്പെടുത്തിയതല്ല. അവ, നിലവില്‍ നടക്കുന്ന വര്‍ഗ്ഗ സമരത്തില്‍ നിന്നു്, നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ പ്രസ്ഥാനത്തില്‍ നിന്നു് ഉയരുന്ന യഥാര്‍ത്ഥ ബന്ധങ്ങളെക്കുറിച്ചു് പ്രകടിപ്പിക്കപ്പെടുന്ന പൊതു പ്രസ്താവനകള്‍ മാത്രമാണു്.

സമൂഹത്തെ വിപ്ലവവല്‍ക്കരിക്കുന്ന ആശയങ്ങളേക്കുറിച്ചു് ജനങ്ങള്‍ പറയുമ്പോള്‍, അവര്‍, പക്ഷെ, പഴയ സമൂഹത്തിനകത്തു്, പുതിയതിന്റെ ഘടകങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടു് എന്നും പഴയ ആശയങ്ങളുടെ നിരാകരണം പഴയ നിലനില്പിന്റെ സാഹചര്യങ്ങളുടെ തിരോധാനത്തോടു് പൊരുത്തപ്പെടുന്നതാണെന്നുമുള്ള വസ്തുതകള്‍ പ്രകടിപ്പിക്കുക മാത്രമാണു്.

നാം, സ്വതന്ത്ര വിജ്ഞാന സമൂഹത്തിന്റെ സ്രഷ്ടാക്കള്‍, മനുഷ്യ സമൂഹത്തിന്റെ പങ്കാളിത്ത പൈതൃകം (Shared patrimony) ബൂര്‍ഷ്വാസിയില്‍ നിന്നു് ക്രമാനുഗതമായി പിടിച്ചെടുക്കാനാണു് ഉദ്ദേശിക്കുന്നതു്. ബൌദ്ധിക സ്വത്തവകാശത്തിന്റയും ഇലക്ട്രോമാഗ്നറ്റിക് വിനിമയ മാധ്യമത്തിന്റേയും പേരില്‍ കവര്‍ന്നെടുക്കപ്പെട്ട സാംസ്കാരിക പൈതൃകം തിരിച്ചു് പിടിക്കാനാണു് നാം ദ്ദേശിക്കുന്നതു്. നാം സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും സ്വതന്ത്ര വിജ്ഞാനത്തിനും സ്വതന്ത്ര സാങ്കേതിക വിദ്യയ്ക്കും വേണ്ടിയുള്ള സമരത്തിനു് വേണ്ടി നിലകൊള്ളുന്നു. ആ സമരത്തിന്റെ മുന്നേറ്റത്തിനു് നാം കൈക്കൊള്ളുന്ന നടപടികള്‍, തീര്‍ച്ചയായും, വിവിധ രാജ്യങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കും, പക്ഷെ, താഴെപ്പറയുന്നവ പൊതുവെ ബാധകമായിരിക്കും.

1. ആശയ രംഗത്തു് എല്ലാ തരത്തിലുമുള്ള സ്വകാര്യ സ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനം

2. ഇലക്ട്രോണിക് സ്പെക്ട്രം ഉപയോഗിക്കാനുള്ള എല്ലാ ലൈസന്‍സുകളും പ്രത്യേകാധികാരങ്ങളും അവകാശങ്ങളും റദ്ദാക്കല്‍, ഇലക്ട്രോമാഗ്നറ്റിക് ഫ്രീക്വന്‍സികള്‍ക്കു് സ്ഥിരമായ അവകാശം നല്‍കിക്കൊണ്ടുള്ള രേഖകള്‍ റദ്ദാക്കല്‍

3. ഓരോ വ്യക്തിക്കും വിവിര വിനിമയത്തിനുള്ള തുല്യ അവകാശം നടപ്പാക്കും വിധം ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിന്റെ പശ്ചാത്തല സൌകര്യ വികസനം

4. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടേയും ജനറ്റിക് വിവരം അടക്കം മറ്റിതര സോഫ്റ്റ്‌വെയറുകളുടേയും പൊതു സാമഗ്രികളെന്ന നിലവിലുള്ള പൊതു സാമൂഹ്യ വികാസം.

5. സാങ്കേതിക മാധ്യമങ്ങളുപയോഗിച്ചുള്ളവയടക്കം എല്ലാ വിധ അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള പൂര്‍ണ്ണമായ ബഹുമാനം.

6. സൃഷ്ടികള്‍ക്കുള്ള സംരക്ഷണം.

7. പൊതു വിഭവം ഉപയോഗിച്ചു് സൃഷ്ടിക്കപ്പെടുന്നതും പൊതു വിദ്യാസ സ്ഥാപനങ്ങളുപയോഗിക്കുന്നതുമായ എല്ലാ വിവരങ്ങളും സ്വതന്ത്രമായും തുല്യതയോടെയും പ്രാപ്യതയും ലഭ്യതയും.

ഈ മാര്‍ഗ്ഗങ്ങളിലൂടെ, മറ്റുള്ളവയടക്കം, നാം മനുഷ്യ മനസിനെ മോചിപ്പിക്കുന്ന വിപ്ലവത്തോടു് പ്രതിബദ്ധരായിരിക്കുന്നു. ആശയ രംഗത്തു് സ്വകാര്യ സ്വത്തുടമാ സമ്പ്രദായം തൂത്തെറിയുന്നതിലൂടെ നാം ഓരോരുത്തരുടേയും സ്വതന്ത്രമായ വികാസം എല്ലാവരുടേയും വികാസത്തിനുള്ള ഉപാധിയാകുന്ന യഥാര്‍ത്ഥത്തില്‍ നീതി പൂര്‍വ്വമായ സമൂഹം നിലവില്‍ വരുത്തുകയാണു്.

Blog Archive