Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, July 26, 2016

അദ്ധ്വാനമാണു് ഏറ്റവും മെച്ചപ്പെട്ട വ്യായാമവും യോഗവും, കാല്‍നട യാത്ര ഏറ്റവും സന്തുലിതമായ വ്യായാമവും



നരേന്ദ്ര മോദി സര്‍ക്കാരിന്റെ യോഗ പ്രോത്സാഹന പരിപാടി ഏറ്റെടുത്തു് പലരും അതിന്റെ പുറകേ പോകുന്ന അവസ്ഥയുടെ പശ്ചാത്തലത്തിലാകാം "യോഗയല്ല, യോഗമാണു്" എന്ന ഡോ. മഹേശ്വരന്‍ നായരുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതു്.

ശാരീരികവും മാനസികവുമായ ഒരു വ്യായാമ മുറ എന്ന നിലയിലാണു് യോഗം വിലയിരുത്തപ്പെടേണ്ടതു്. എല്ലാ വ്യായാമ മുറകളിലും ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നുണ്ടു്, ഏറ്റക്കുറച്ചിലുണ്ടാകുമെന്നു് മാത്രം.

വൃഥാ വ്യായാമമോ യോഗയോ യോഗമോ അല്ല, അദ്ധ്വാനമാണു് പ്രാഥമികവും പ്രധാനവുമെന്ന കാര്യം സമൂഹം മറന്നേ പോയിരിക്കുന്നതായി കാണുന്നു. യോഗവും അതിന്റെ പേരിലുള്ള ആത്മീയാതിപ്രസരവും ഒരു മേലാള താല്പര്യ സംരക്ഷണത്തിന്റെ ഭാഗമായി കാണേണ്ടതാണു്. കാരണം, അദ്ധ്വാനത്തിലാണു് ശരീരവും മനസും ലയിച്ചു് യോഗം പ്രായോഗികമാകുന്നതോടൊപ്പം ഫലദായകവുമാകുന്നതു്. അദ്ധ്വാനത്തിലൂടെ സിദ്ധിക്കുന്ന യോഗഫലങ്ങള്‍ പണിയെടുക്കാത്ത ചൂഷകര്‍ക്കു് ലഭ്യമാക്കാനും അദ്ധ്വാനിക്കുന്നവരെ കൂലിയടിമത്തത്തില്‍ തുടര്‍ന്നും തളച്ചിടാനുമുള്ള വക്രബുദ്ധിയുടെ ഭാഗമായാണു് വീണ്ടും യോഗയും യോഗവുമൊക്കെയായി ചൂഷകര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതു്.

രാജയോഗവും ഹഠയോഗവും കര്‍മ്മയോഗവും ജ്ഞാനയോഗവുമെല്ലാം അദ്ധ്വാനിത്തിലടങ്ങിയിട്ടുണ്ടു്. അവയിലെല്ലാം മനസും ശ്വാസവും ശരീരവും തമ്മിലുള്ള പാരസ്പര്യം പരമാവധി പൊരുത്തപ്പെടുത്തപ്പെടുകയാണു്. അദ്ധ്വാനത്തിലും ഇതെല്ലാമുണ്ടു്. അദ്ധ്വാനിക്കുന്നവര്‍ക്കു് അവയുടേയെല്ലാം ഗുണം കിട്ടുന്നുമുണ്ടു്. ബോധപൂര്‍വ്വം ശ്വാസോച്ഛ്വാസം ചെയ്താല്‍ മനസ് പ്രവര്‍ത്തന രഹിതമാകും. ഇതു് ആര്‍ക്കും ഒരൊറ്റ ശ്വാസം കൊണ്ടു് തന്നെ ബോധ്യപ്പെടാവുന്നതാണു്. ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ടു് ശ്വാസോച്ഛ്വാസം ചെയ്യുക എന്നതാണു് ബോധപൂര്‍വ്വം എന്നതുകൊണ്ടുദ്ദേശിക്കുന്നതു്. യോഗാസനങ്ങള്‍ വ്യായാമത്തിനുള്ള വിധികളാണു്.

അദ്ധ്വാനിക്കുന്നവര്‍ക്കു്, പക്ഷെ, യോഗങ്ങളുടെ ഗുണം കിട്ടുമ്പോഴും അവര്‍ക്കു് അവകാശപ്പെട്ട അദ്ധ്വാനഫലം ചൂഷകര്‍ തട്ടിയെടുക്കുന്നതിലൂടെ അവരുടെ ജീവിതം എല്ലാക്കാലത്തും ദുരിതപൂര്‍ണ്ണമായി തുടരുകയും യോഗത്തിന്റെ ഇതര ഗുണഫലങ്ങള്‍ പോലും അനുഭവവേദ്യമല്ലാതായി തീരുകയും ചെയ്യുന്നു. അപരന്റെ അദ്ധ്വാനഫലം ചൂ‍ണം ചെയ്യുന്നതു് അവസാനിപ്പിക്കുകയും എല്ലാവരും അദ്ധ്വാനിക്കുകയുമാണു് വേണ്ടതു്. അദ്ധ്വാനമല്ല, വ്യായാമവും യോഗവുമാണു് മെച്ചമെന്ന വാദം നിലവിലുള്ള സമൂഹത്തിനു് അദ്ധ്വാനത്തോടുള്ള അവജ്ഞ സ്ഥായിയാക്കാനേ ഉപകരിക്കൂ.

നാളിതു് വരെ യോഗികളെന്നു് സ്വയം വിശേഷിപ്പിക്കുന്ന ചിലരും ചികിത്സയുടെ ഭാഗമായി ചികിത്സകരും രോഗികളും മാത്രമാണു് യോഗം കൊണ്ടു് നടന്നിരുന്നതു്. ഇന്നു് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടര്‍ന്നു് രാഷ്ട്രീയക്കാരും യുവജന സംഘടനകളും വിദ്യാര്‍ത്ഥികളുമെല്ലാം അതിലേയ്ക്കു് തിരിയുന്ന കാഴ്ചയാണുള്ളതു്. അവരും രോഗികളായി മാറുന്നതിന്റെ പശ്ചാത്തലത്തിലാകാം യോഗങ്ങള്‍ പ്രസക്തമായി അവര്‍ക്കും തോന്നിത്തുടങ്ങിയതു്. വര്‍ഗ്ഗീയതയെ പ്രതിരോധിക്കാനും യോഗയുടെ മതേതര മൂല്യം ഉയര്‍ത്താനും ഇത്തരത്തിലുള്ള ഇടപെടല്‍ അനിവാര്യമാണെന്ന വാദം ഉയര്‍ത്തപ്പെടുന്നുണ്ടു്. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷെ, അതു് സാധ്യമാകുന്നതു് മതാന്ധരും വര്‍ഗ്ഗീയ വാദികളും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുചെ പിന്നാലെ പായുകയും അവരുന്നയിക്കുന്ന അജണ്ട ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ വര്‍ഗ്ഗീയത ഇല്ലാതാകുകയല്ല, അതു് കൂടുതല്‍ അപകടകരമായി വളരുകയാണു് ചെയ്യുന്നതെന്ന കാര്യം ബന്ധപ്പെട്ടവര്‍ കാണുന്നില്ല. ഇതിന്റേയെല്ലാം ആത്യന്തിക ഫലം, അദ്ധ്വാനിക്കുന്നവരുടെ തലയില്‍ വീണ്ടും ഭാരം കയറ്റപ്പെടുക എന്നതു് മാത്രമാണു്. ചൂഷണം തുടരുക എന്നതാണു്.

അദ്ധ്വാനത്തിന്റെ മഹത്വം എല്ലാവരും മനസിലാക്കുകയും അതു് വീടുകളിലും സ്കൂളുകളിലും തൊഴിലിടങ്ങളിലും നിത്യ ജീവിതത്തിന്റെ ഭാഗമായി ഒരു നിശ്ചിത സമയം ശാരീരികവും മാനസികവുമായ അദ്ധ്വാനം നിര്‍ബ്ബന്ധമായും ചെയ്യുകയുമാണു് വേണ്ടതു്.

എല്ലാവരും അദ്ധ്വാനിക്കുക. ഓരോരുത്തര്‍ക്കും രണ്ടു് മണിക്കൂര്‍ ശാരീരികാദ്ധ്വാനവും രണ്ടു് മണിക്കൂര്‍ മാനസികാദ്ധ്വാനവും മുക്കാല്‍ മണിക്കൂറെങ്കിലും നടപ്പും എന്നതാവണം സമൂഹത്തിന്റെ പൊതു നിയമം. ആരും എട്ടുമണിക്കൂറും അദ്ധ്വാനിക്കേണ്ട ആവശ്യം ഇന്നില്ല. ഇത്തിക്കണ്ണികളെ തീറ്റിപ്പോറ്റാനായി ഒരു പിടി ആളുകള്‍ പകലന്തിയോളം പണിയെടുക്കുന്ന അവസ്ഥ മാറണം.

എട്ടുമണിക്കൂര്‍ അദ്ധ്വാനം എട്ടുമണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന 1886 ലെ ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുദ്രാവാക്യത്തിന്റേയും ചിക്കാഗോ പണിമുടക്കിന്റെ ആവശ്യത്തിന്റേയും സ്ഥാനത്തു് ഇന്നു് അതു് രണ്ടു് മണിക്കൂറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അദ്ധ്വാനത്തിന്റെ ഫലദാതകത്വം അത്രയോറെ ഉയര്‍ന്നിരിക്കുന്നു ഇന്നു്.

അതേ പോലെ തന്നെ പ്രധാനപ്പെട്ട ഒരു വ്യായാമ മുറയാണു് നടപ്പു്. ജീവിതായോധനത്തിന്റെ ഭാഗമായി മുക്കാല്‍ മണിക്കൂറെങ്കിലും തുടര്‍ച്ചയായി ദിവസേന നടക്കുന്നവര്‍ക്കു് ശാരീരിക പ്രവര്‍ത്തനങ്ങളെല്ലാം ശരിയാം വണ്ണം നടക്കും. നടക്കുമ്പോഴും ഓടുമ്പോഴും രണ്ടു കാലുകളും ഹൃദയത്തെ സഹായിക്കുന്ന രണ്ടു് പമ്പുകളായി പ്രവര്‍ത്തിക്കുകയാണു് ചെയ്യുന്നതു്. ഹൃദയം ഇടതടവില്ലാതെ രക്തം പമ്പു് ചെയ്യുന്നുണ്ടെങ്കിലും ജീവിത ശൈലികളിലുള്ള വ്യത്യസ്തതകള്‍ കാരണം എല്ലാ ശരീര ഭാഗങ്ങള്‍ക്കും രക്തം ആവശ്യാനുസരണം കിട്ടിക്കൊള്ളണമെന്നില്ല. പ്രവര്‍ത്തനം നടക്കുന്ന ശരീര ഭാഗങ്ങള്‍ക്കു് കൂടുതല്‍ രക്തം കൊടുക്കാനുതകുന്ന വിധമാണു് രക്തചംക്രമണം ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നതു്. ആഹാരം കഴിച്ചു് കഴിഞ്ഞാല്‍ ആമാശയത്തിനും പചന വ്യൂഹത്തിനും കൂടുതല്‍ രക്തം കിട്ടും. അതാണു് വയറു നിറച്ചു് ആഹാരം കഴിച്ചു് കഴിഞ്ഞാല്‍ ഉടന്‍ ക്ഷീണം തോന്നുന്നതിനും ഉറക്കം വരുന്നതിനും കാരണം. പണിയെടുക്കുമ്പോള്‍ കൈകാലുകള്‍ക്കും ബന്ധപ്പെട്ട ഇതര ശരീര ഭാഗങ്ങള്‍ക്കും കൂടുതല്‍ രക്തം കിട്ടും. അപ്പോഴെല്ലാം മറ്റു് ഭാഗങ്ങള്‍ക്കും, പ്രത്യേകിച്ചു്, ആന്തരികാവയവങ്ങള്‍ക്കും വേണ്ടത്ര രക്തം കിട്ടുന്നില്ല. വിശ്രമത്തിലാണു് അവയ്ക്കെല്ലാം ആവശ്യാനുസരണം രക്തം കിട്ടുക. ആധുനിക സമൂഹത്തില്‍ മതിയായ വിശ്രമമില്ലാതെ നെട്ടോട്ടമോടുന്നതിനാല്‍ ആന്തരികാവയവങ്ങള്‍ക്കു് ആവശ്യമായ തോതില്‍ പോഷണം ലഭിക്കാത്തതും അവിടെ നിന്നു് മാലിന്യം നീക്കം ചെയ്യപ്പെടാത്തതും മൂലമാണു് പ്രമേഹവും കരള്‍-വൃക്ക-ശ്വാസകോശ രോഗങ്ങളും രക്താതി സമ്മര്‍ദ്ദവും മറ്റും പെരുകി വരുന്നതു്.

മനുഷ്യന്‍ മനുഷ്യനായതു് രണ്ടു് കാലില്‍ നടന്നും അങ്ങിനെ സ്വതന്ത്രമായി കിട്ടിയ കൈകള്‍കൊണ്ടു് പണിയെടുത്തുമാണെന്നതു് ചരിത്രം. പണിയെടുക്കുമ്പോള്‍ കൂടുതല്‍ വിജ്ഞാനം നേടുകയും തലച്ചോറു് വികസിക്കുകയും അവയില്‍ നിന്നു് കൂടുതല്‍ ഫലപ്രദമായും കാര്യക്ഷ്മമായും പണിയെടുക്കാനുള്ള കഴിവും ശേഷിയും ശരീര ഭാഗങ്ങള്‍ക്കു് ലഭിക്കുകയും ചെയ്യുന്നു. അവ തുടരേണ്ടതു് ആരോഗ്യമുള്ള മനുഷ്യനായി തുടരാന്‍ ആവശ്യമാണു്. ആരോഗ്യമുള്ള സമൂഹ സൃഷ്ടിക്കു് മുക്കാല്‍ മണിക്കൂര്‍ നടപ്പും രണ്ടു് മണിക്കൂര്‍ ശാരീരികാദ്ധ്വാനവും രണ്ടു് മണിക്കൂര്‍ മാനസികാദ്ധ്വാനവും ആവശ്യം ആവശ്യമാണു്. ബാക്കി സമയം സാമൂഹ്യാവശ്യങ്ങള്‍ക്കും വിനോദത്തിനും വിശ്രമത്തിനുമാകണം.

യോഗയും യോഗവുമല്ല അദ്ധ്വാനവും കാല്‍നട യാത്രയുമാണു് ചര്‍ച്ച ചെയ്യേണ്ടതും പ്രയോഗത്തിലാക്കേണ്ടതും. ഗാന്ധിജിയുടെ 'അന്നാദ്ധ്വാനം' എന്ന സങ്കല്പവും മാര്‍ക്സിന്റെ 'സോഷ്യലിസ്റ്റു് പരിവര്‍ത്തനത്തിലൂടെ അദ്ധ്വാനിക്കുന്നവരുടെ മോചനം' എന്ന ശാസ്ത്രീയ സോഷ്യലിസ്റ്റു് സിദ്ധാന്തവും പൊരുത്തപ്പെടുന്നതിവിടെയാണു്.

യോഗയല്ല യോഗമാണ് - ഡോ. കെ മഹേശ്വരന്‍നായര്‍



ഡോ. കെ മഹേശ്വരന്‍നായര്‍

Courtesy : Deshabhimani - http://www.deshabhimani.com/articles/news-articles-26-07-2016/577688

യോഗ ഇന്ന് വിശ്വപ്രസിദ്ധമാണ്. യോഗഃ എന്ന സംസ്കൃതപദത്തിന്റെ ആംഗലീകൃതരൂപമാണ് യോഗ. യോഗം എന്ന് മലയാളത്തില്‍ പറയാം. ഐക്യരാഷ്ട്രസഭ യോഗത്തിന് നല്‍കിയ അംഗീകാരം ഭാരതത്തിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടമാണ്. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനമായി ലോകം ആചരിക്കുന്നു.

ഭാരതീയ സംസ്കാരം വര്‍ണാഭമായ സങ്കരസംസ്കാരമാണ്. ആദ്യം നടന്നത് ആര്യദ്രാവിഡ സങ്കരം. പിന്നീട് കാലങ്ങളായി പല ദേശങ്ങളില്‍നിന്ന് വന്നുകൂടിയവരും സമൂഹത്തില്‍ ഇടകലരുകയും ഭാരതീയ സംസ്കാരത്തിന് സംഭാവനകള്‍ നല്‍കുകയമുണ്ടായി. അതുകൊണ്ട് ഭാരതീയ സംസ്കാരത്തിന്റെ ഈടുവയ്പുകള്‍ ഏതെങ്കിലും ഒരു ജനവിഭാഗത്തിനോ മതവിഭാഗത്തിനോ മാത്രമായി അവകാശപ്പെടാവുന്നവയല്ല. യോഗമെന്ന ഭാരതീയ വിജ്ഞാനത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

ഭാരതീയമായ എല്ലാ വിജ്ഞാനവും വേദങ്ങളില്‍നിന്ന് കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഋഗ്വേദത്തില്‍ യുഗശബ്ദം പല അര്‍ഥങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. അതിലൊന്നിലും യോഗം എന്ന അര്‍ഥമില്ല. എങ്കിലും ചിലര്‍ യുഗശബ്ദത്തെ യോഗാര്‍ഥത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. സമാധിയില്‍ പര്യവസാനിക്കുന്ന ഒരു ശാരീരിക, മാനസികവിദ്യ എന്ന അര്‍ഥത്തില്‍ യോഗപദത്തെ വേദങ്ങളിലോ പ്രാചീനങ്ങളായ ഉപനിഷത്തുക്കളിലോ പ്രയോഗിച്ചിട്ടുമില്ല. ഹിംസാത്മകവും ചൂഷണാത്മകവുമായ വൈദിക യാഗമാര്‍ഗത്തില്‍നിന്ന് അത്യന്തം വ്യത്യസ്തമാണ് അഹിംസാത്മകവും നിരുപദ്രവകരവുമായ യോഗമാര്‍ഗം.

ആദിമദ്രാവിഡ ജനതകളുടെ ഇടയില്‍ ആവിര്‍ഭവിച്ചതാണ് യോഗം. സിദ്ധം എന്നായിരുന്നു അന്ന് ആ സമ്പ്രദായം അറിയപ്പെട്ടത്. സിദ്ധശബ്ദവും യോഗിശബ്ദവും പര്യായങ്ങളാണ്. സിദ്ധിയുണ്ടായവന്‍ സിദ്ധന്‍. യോഗമുണ്ടായവന്‍ യോഗി. സിദ്ധപരം യോഗത്തെമാത്രമല്ല ശൈവസിദ്ധാന്തത്തെയും കുറിക്കുന്നു. സിദ്ധസമ്പ്രദായത്തിന്റെ പരമാചാര്യന്‍ സാക്ഷാല്‍ ശിവന്‍ അഥവാ ദക്ഷിണാമൂര്‍ത്തി ആണെന്നത്രേ ദ്രാവിഡപണ്ഡിതരുടെ അഭിപ്രായം. സൈന്തമ സംസ്കാര അവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ കിട്ടിയിട്ടുള്ള ആസനസ്ഥനായ ശിവന്റെ രൂപം ശ്രദ്ധേയമാണ്. ബ്ളവാസ്കിയെപ്പോലുള്ള പണ്ഡിതന്മാര്‍ ക്രി.മു. നാലായിരാമാണ്ട് സിദ്ധത്തിന്റെ കാലമായി കാണുന്നത് ഇവിടെ സംഗതമാണ്.

അഗസ്ത്യമുനി വലിയ സിദ്ധനായിരുന്നത്രേ. ഒന്നാം സംഘകവികളില്‍ ഒരാളായ അഗസ്ത്യന്‍ 'അകത്തീയം' എന്ന തമിഴ് വ്യാകരണവും 'പേരകത്തീയം' എന്ന യോഗശാസ്ത്രഗ്രന്ഥവും സിദ്ധവൈദ്യത്തിന്റെ സൂത്രഗ്രന്ഥവും എഴുതിയിട്ടുണ്ട്. അഗസ്ത്യരുടെ യോഗസൂത്രം യോഗനൂല്‍ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ആവിഷ്കരിച്ച യോഗസമ്പ്രദായം ഹംസയോഗം എന്നും അറിയപ്പെടുന്നു. സിദ്ധസമ്പ്രദായത്തിലെ യോഗമായതിനാല്‍ സിദ്ധയോഗമെന്നും പറയാം. പ്രാണായാമത്തിനാണ് ഹംസയോഗത്തില്‍ പ്രാധാന്യം.

യോഗം ഭാരതീയദര്‍ശനങ്ങളിലൊന്നാണ്. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം, ചാര്‍വാകം, ജൈനം, ബൌദ്ധം എന്നിങ്ങനെ ഒമ്പതാണ് പാരമ്പര്യമതമനുസരിച്ച് ഭാരതീയദര്‍ശനങ്ങള്‍. സാംഖ്യം പ്രധാനമായും സിദ്ധാന്തവും യോഗം പ്രധാനമായും സാംഖ്യമതമനുസരിച്ചുള്ള പ്രയോഗവും ആകയാല്‍ സാംഖ്യയോഗമെന്ന് രണ്ടുംചേര്‍ത്ത് ഒറ്റ ദര്‍ശനമായി പില്‍ക്കാലത്ത് അറിയപ്പെടാന്‍ തുടങ്ങി. യോഗദര്‍ശനത്തിന്റെ സമഗ്രമായ ഒരു പ്രതിപാദനത്തിന് ഇവിടെ ഇടമില്ല. ദ്രാവിഡമായ ഹംസയോഗംപോലെ ജൈനന്മാര്‍ക്കും ബൌദ്ധന്മാര്‍ക്കും അവരുടെ യോഗസമ്പ്രദായങ്ങളുണ്ട്. ജൈനമതത്തിന്റെ ത്രിരത്നങ്ങളില്‍ ഒന്നായ ചാരിത്രത്തില്‍ അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം എന്നിവ പ്രധാനമാണ്. തപസിന് അവര്‍ അങ്ങേയറ്റം പ്രാധാന്യം കല്‍പ്പിച്ചു. ബൌദ്ധന്മാരുടെ യോഗം വിപശ്യന എന്ന പേരിലാണ് അറിയപ്പെടുന്നത്. രാമായണത്തിലും മഹാഭാരതത്തിലും യോഗത്തെ സംബന്ധിച്ച വിശദമായ പ്രതിപാദനങ്ങളുണ്ട്. ഭഗവത്ഗീത മഹാഭാരതത്തിന്റെ ഭീഷ്മപര്‍വത്തിലെ 25 മുതല്‍ 42 വരെയുള്ള അധ്യായങ്ങളാണല്ലോ. ഭഗവദ്ഗീതയുടെ ഓരോ അധ്യായവും ഓരോ യോഗമായിട്ടാണ് അറിയപ്പെടുന്നത്. ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം, ഹംസയോഗം, മന്ത്രയോഗം, ലയയോഗം, കുണ്ഡലിനിയോഗം എന്നുതുടങ്ങി യോഗത്തിന്റെ തിബറ്റന്‍, ചൈനീസ് ഭേദങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്.

തന്റെ കാലംവരെയുണ്ടായ വിവിധ യോഗസമ്പ്രദായങ്ങളെ സമന്വയിപ്പിച്ചാണ് പതഞ്ജലി (ക്രി.മു രണ്ടാംനൂറ്റാണ്ട്) യോഗസൂത്രം നിര്‍മിച്ചത്. പതഞ്ജലിയുടെ യോഗസൂത്രം യോഗത്തിന്റെ വേദാന്തവല്‍കൃതവും ഹൈന്ദവീകൃതവും ആയ രൂപമായി പരിഗണിക്കപ്പെടുന്നു. ഘേരണ്ഡസംഹിതപോലെയുള്ള യോഗപരങ്ങളായ കൃതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പതഞ്ജലിയുടെ യോഗസൂത്രംപോലെ പ്രസിദ്ധമായ മറ്റൊരു യോഗഗ്രന്ഥമില്ല. പതഞ്ജലിയുടെ യോഗം രാജയോഗമെന്നാണറിയപ്പെടുന്നത്. പതഞ്ജലിയുടെ യോഗസൂത്രം സേശ്വരവാദ നിരീശ്വരവാദ സമ്മിശ്രമാണ്. ഒരാള്‍ ഈശ്വരവാദിയോ നിരീശ്വരവാദിയോ ആയതുകൊണ്ടുമാത്രം അയാളെ പാടെ തള്ളിക്കളയേണ്ടതില്ലാത്തതുപോലെ യോഗസൂത്രത്തെയും കാണാം. സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നിങ്ങനെ നാല് പാദങ്ങളിലായി 195 സൂത്രങ്ങളുള്ള ഗ്രന്ഥമാണ് പതഞ്ജലിയുടെ യോഗസൂത്രം. പ്രസ്തുത സൂത്രത്തിന് ഭാഷ്യങ്ങളും വൃത്തികളും വ്യാഖ്യാനങ്ങളും പരിഭാഷകളും പഠനങ്ങളും ഒക്കെയായി ഉണ്ടായ കൃതികള്‍ ഏറെയുണ്ട്.

യോഗസൂത്രത്തിലെ ഒന്നാംപാദത്തിലെ രണ്ടാംസൂത്രത്തില്‍ എന്താണ് യോഗം എന്ന് പതഞ്ജലി നിര്‍വചിച്ചിരിക്കുന്നു. മനുഷ്യമനസ്സിന്റെ വൃത്തികളെ നിരോധിക്കുന്നതാണ് യോഗം. പ്രമാണം, വിപര്യയം, വികല്‍പ്പം, നിദ്ര, സ്മൃതി എന്നിങ്ങനെ അഞ്ചാണ് വൃത്തികള്‍. പ്രത്യക്ഷം, അനുമാനം, ആഗമം എന്നിവയാണ് പ്രമാണങ്ങള്‍. എന്നുവച്ചാല്‍ ഇവകൊണ്ട് ഉണ്ടാകുന്ന ജ്ഞാനം പ്രാമാണികമാണ്, അത് യഥാര്‍ഥമാണ്, സത്യമാണ് എന്നര്‍ഥം. ഒരു വസ്തുവില്‍ മറ്റൊരു വസ്തുവിന്റെ ജ്ഞാനമാണ് വിപര്യയം. പേരില്‍മാത്രം നിലനില്‍ക്കുന്നതും സത്യത്തില്‍ ഇല്ലാത്തതുമായ ആകാശകുസുമംപോലെയുള്ള വസ്തുക്കളാണ് വികല്‍പ്പങ്ങള്‍. ഒന്നുമറിയാത്ത അവസ്ഥയാണ് നിദ്ര. അനുഭവിച്ച വിഷയങ്ങളെ ഓര്‍മിക്കുന്നതാണ് സ്മൃതി. പ്രപഞ്ചവ്യവഹാരത്തില്‍ ഇവയെല്ലാം ഉണ്ടാവുക സ്വാഭാവികമാണല്ലോ. ഈ വൃത്തികളില്‍ വ്യാപരിക്കുന്ന മനുഷ്യന് സ്വസ്ഥവും ഏകാഗ്രവുമായ ഒരവസ്ഥ സാധാരണ ഉണ്ടാവുകയില്ല. അത് ഉണ്ടാക്കിയെടുക്കലാണ് യോഗം. ഇത് തികച്ചും ഭൌതികമായ ഒരാവശ്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ശരിയായ നിലനില്‍പ്പിനും ഇപ്പറഞ്ഞ യോഗം ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കംവരാനിടയില്ല.

യോഗം എങ്ങനെ സമ്പാദിക്കാം എന്നാണ് പതഞ്ജലി അടുത്തതായി പ്രതിപാദിക്കുന്നത്. അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും അത് സമ്പാദിക്കാം എന്നാണ് പതഞ്ജലി പറയുന്നത്. മനസ്സിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമമാണ് അഭ്യാസം. ഒന്നോ രണ്ടോ ശ്രമംകൊണ്ട് അത് സാധ്യമായി എന്നു വരില്ല. നിരന്തരമായ പരിശ്രമം ആവശ്യമാണ്. ഇന്ദ്രിയങ്ങള്‍ മുഖേനയും മനസ്സുകൊണ്ടും അറിയാന്‍ കഴിയുന്ന സകലതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുക എന്നതുതന്നെ വൈരാഗ്യം. ചുരുക്കത്തില്‍ വൈരാഗ്യവും അഭ്യാസവും തികച്ചും മനുഷ്യസാധ്യമായ ഭൌതിക യാഥാര്‍ഥ്യമാണെന്നു വരുന്നു. മനസ്സിനെ സ്വസ്ഥമാക്കി നിര്‍ത്തുന്ന ഈ അവസ്ഥതന്നെയാണ് സമാധിയെന്ന് തുടര്‍ന്ന് പതഞ്ജലി പ്രതിപാദിക്കുന്നു. സമാധി രണ്ടുവിധത്തിലുണ്ടെന്നും പറയുന്നു. സംപ്രജ്ഞാത സമാധിയും അസംപ്രജ്ഞാത സമാധിയും. ഇവയ്ക്ക് അവാന്തരഭേദങ്ങളുമുണ്ട്.

ഏറ്റവും ശ്രദ്ധേയമായ വസ്തുത ഈ സമാധി ഏതൊരു സാധാരണ മനുഷ്യനും സ്വന്തം പരിശ്രമംകൊണ്ട് നേടാവുന്ന മനസ്സിന്റെ സ്വസ്ഥതയാണ് എന്നതത്രേ. ഇതിനുതന്നെയാണ് കൈവല്യമെന്നു പറയുക. യോഗസൂത്രത്തിന്റെ ആദ്യത്തെ 22 സൂത്രങ്ങള്‍കൊണ്ട് പതഞ്ജലി അവതരിപ്പിക്കുന്നത് തികച്ചും ഭൌതികവാദപരമായ യോഗശാസ്ത്രമാണ്്. ആര്‍ക്കും അത് അനുസരിക്കാവുന്നതുമാണ്.

തുടര്‍ന്ന് പതഞ്ജലി ആത്മീയവാദപരമെന്നോ ഈശ്വരവാദപരമെന്നോ വിശേഷിപ്പിക്കാവുന്ന യോഗത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. ഒന്നാംപാദത്തിലെ ഇരുപത്തിമൂന്നാമത്തെ സൂത്രംകൊണ്ട് പതഞ്ജലി പറയുന്നത് മുകളില്‍ പറഞ്ഞ യോഗം ഈശ്വരനെ സര്‍വാത്മനാ അഭയംപ്രാപിക്കുകവഴി വേണമെങ്കിലും നേടാം എന്നാണ്. തുടര്‍ന്ന് യോഗസൂത്രത്തില്‍ പ്രതിപാദിക്കുന്ന യോഗമാണ് അഷ്ടാംഗയോഗം. അല്ലെങ്കില്‍ സേശ്വരയോഗം. അതനുസരിച്ച് യോഗത്തിന്റെ എട്ട് അംഗങ്ങള്‍ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ് യമങ്ങള്‍. ശൌചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് നിയമങ്ങള്‍. സുഖമായി സ്ഥിതിചെയ്യലാണ് ആസനം. ഇരിപ്പും കിടപ്പും നില്‍പ്പും ഒക്കെയാകാം അത്. ഇരിപ്പിടവുമാകാം. ശ്വാസോച്ഛ്വാസങ്ങളെ ശരിയാംവണ്ണം ചെയ്യലാണ് പ്രാണായാമം. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍നിന്ന് പിന്‍വലിക്കലാണ് പ്രത്യാഹാരം. മനസ്സിനെ ഒരു സ്ഥാനത്ത് കേന്ദ്രീകരിക്കുന്നതാണ് ധാരണ. ഒരേവിഷയത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നതാണ് ധ്യാനം. മനസ്സിനെ സ്വസ്ഥമാക്കി നിര്‍ത്തുന്നതാണ് സമാധി.

അഷ്ടാംഗങ്ങളില്‍ ആസനം എന്ന അംഗമാണ് യോഗ എന്ന പേരില്‍ ലോകത്ത് പ്രസിദ്ധമായത്. പ്രാണായാമത്തിനും പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഈ അംഗങ്ങളില്‍ നിയമത്തിന്റെ ഭാഗമായ ഈശ്വരപ്രണിധാനം ഒഴിച്ച് മറ്റെല്ലാംതന്നെ ഏതൊരു ഭൌതികവാദിക്കും അനുഷ്ഠിക്കാവുന്നതും പ്രയോജനപ്രദവുമാണ്.

യോഗത്തിന്റെ മറവില്‍ പല തട്ടിപ്പുകളും നടക്കുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നു. ചില സ്വാമിമാര്‍ യോഗത്തെ വന്‍ കച്ചവടച്ചരക്കാക്കി മാറ്റിയിരിക്കുകയാണ്. പതജ്ഞലിയുടെ യോഗസൂത്രത്തിലെ 'ധാരണ' എന്ന അംഗത്തെ ആസ്പദമാക്കി യോഗത്തിന്റെ പുതിയ ബ്രാന്‍ഡുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. മനസ്സിനെ ഒരുസ്ഥാനത്ത് കേന്ദ്രീകരിക്കണമെന്നേ പതഞ്ജലി പറഞ്ഞിട്ടുള്ളൂ. സ്വാമിമാരും സ്വാമിനിമാരും പലപ്പോഴും ചെയ്യുന്നത് തങ്ങള്‍ക്കിഷ്ടമുള്ള ഒരു സ്ഥാനം തീരുമാനിക്കും. പലപ്പോഴും അത് ഒരു ദേവന്റെയോ ദേവിയുടെയോ രൂപമായിരിക്കും. എന്നിട്ട് അവിടെ മനസ്സ് കേന്ദ്രീകരിക്കാന്‍ നിര്‍ദേശിക്കും. അതുവഴി യോഗത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കുന്നു. ചിലര്‍ സ്വന്തം രൂപംതന്നെ സ്ഥാനമായി നിശ്ചയിച്ച് ശിഷ്യന്മാര്‍ക്ക് നല്‍കുന്നുമുണ്ട്. ലൈംഗിക അരാജകത്വത്തിലേക്കും എ കെ 47 തോക്കുകളുടെ അകമ്പടിയോടെ സ്വന്തം സൈന്യത്തെ കെട്ടിപ്പടുക്കുന്നതിലേക്കുംവരെ യോഗത്തിന്റെ മറവില്‍ പ്രവര്‍ത്തനങ്ങള്‍ നീളുന്നത് പത്രാദിമാധ്യമങ്ങളിലൂടെ നാം അറിയുന്നുണ്ടല്ലോ.

Read more: http://www.deshabhimani.com/articles/news-articles-26-07-2016/577688

Blog Archive