Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, March 23, 2012

ആഗോള ധന മൂലധന കാലഘട്ടത്തിലെ മുതലാളിത്തം

അമ്പരപ്പിക്കുന്ന മുതലാളിത്ത വികാസവും ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം നേരിടുന്ന ആഴത്തിലുള്ള ആന്തരിക പ്രതിസന്ധിയും
മുതലാളിത്തം വളര്‍ന്നും വികസിച്ചും അരേയും അമ്പരപ്പിക്കുന്ന സമസ്യയായി വളര്‍ന്നിരിക്കുന്നു. അതിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തെ വിശകലനം ചെയ്താണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവാചാര്യന്മാരായ മാര്‍ക്സും എംഗത്സും വര്‍ഗ്ഗ സമൂഹത്തിന്റെ അന്ത്യവും വര്‍ഗ്ഗ രഹിത സമത്വ സുന്ദര കമ്യൂണിസ്റ്റു് സമൂഹത്തിന്റെ പിറവിയും പ്രവചിച്ചതു്. വളര്‍ന്നു് പന്തലിച്ച ആധുനിക മുതലാളിത്തം തൊഴിലാളി വര്‍ഗ്ഗ പ്രത്യയ ശാസ്ത്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ലെന്നും അതിനെ മറികടന്നു് വകസിച്ചു് മുന്നേറുമെന്നും മറ്റുമാണു് കഴിഞ്ഞ കുറേക്കാലമായി മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയ വിശാരദന്മാരും അവകാശപ്പെട്ടു് പോന്നിരുന്നതു്. എന്നാല്‍ അവര്‍ക്കൊന്നും ഉത്തരം കിട്ടാത്ത സമസ്യയായി മുതലാളിത്തം ഇന്നു് മാറിയിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങളാണു് ഇന്നു് ലോക ജനത നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം തന്നെ നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയും.

വ്യവസായ മുതലാളിത്തഘട്ടവും ധന മൂലധന ഘട്ടവും ആഗോള ധന മൂലധന ഘട്ടവും
ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയും വിശകലനം ചെയ്താല്‍ ആഗോള ധന മൂലധന കാലഘട്ടിത്തിലെത്തിനില്കുന്ന മുതലാളിത്തം മുന്‍കാല മുതലാളിത്തത്തില്‍ നിന്നും വളരെയേറെ മാറിയിരിക്കുന്നുവെന്നു് കാണാം. ഈ മാറ്റങ്ങള്‍ക്കനുസരിച്ചു് മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയമായി ദുരിതം പേറേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗവും മറ്റിതര ജന വിഭാഗങ്ങളും തങ്ങളുടെ സമരവും കരുപ്പിടിപ്പിക്കേണ്ടതുണ്ടു്. മുതലാളിത്തത്തിന്റെ മുന്‍കാല വ്യവസായ മൂലധന ഘട്ടത്തില്‍ നിന്നും ലെനിന്‍ വിശകലനം ചെയ്ത സാമ്രാജ്യത്വ ഘട്ടത്തില്‍ നിന്നും ഇന്നത്തെ ആഗോള ധന മൂലധന ഘട്ടത്തിനുള്ള വ്യത്യാസങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണു് ഇവിടെ നടത്തുന്നതു്.

മുതലാളിത്ത വ്യവസ്ഥ
ലാഭമാണു് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാന ചാലക ശക്തി. മുതലാളിത്തത്തില്‍ വ്യാവസായികോല്പാദനം പ്രാദേശികമോ ദേശീയമോ ആയ അതിര്‍വരമ്പുകള്‍ പോലുമില്ലാത്ത വിധം വിവിധ ജനവിഭാഗങ്ങളും വര്‍ഗ്ഗങ്ങളും പങ്കെടുക്കുന്ന ഒരു സാമൂഹ്യ പ്രക്രിയയായി മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഉല്പന്നങ്ങള്‍ മൂലധന ഉടമകള്‍ സ്വകാര്യമായി കയ്യടക്കപ്പെടുകയാണു്. ഇതാണു് മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം. സാമൂഹ്യമായ ഉല്പാദന പ്രക്രിയയുടെ ഫലമായുണ്ടാക്കപ്പെടുന്ന ഉല്പന്നങ്ങള്‍ സ്വകാര്യമായി കയ്യടക്കപ്പെടുന്നു. അതിലൂടെ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഒരു പങ്കു് മിച്ചമൂല്യമായി മൂലധന ഉടമകള്‍ കയ്യടക്കുന്നു. അതില്‍ നിന്നു് ഭൂഉടമയ്ക്കു് വാടകയും ബാങ്കര്‍ക്കു് പലിശയും സര്‍ക്കാരിനു് നികുതിയും വഴിവിട്ടു് സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലിയും ബാക്കി ഭാഗം വ്യവസായ മുതലാളിയുടെ ലാഭമായും മാറ്റപ്പെടുന്നു. ഉല്പന്നം ചരക്കായി കമ്പോളത്തില്‍ വില്കപ്പെടുന്നു. കൂലി പണമായി നല്‍കപ്പെടുന്നു. ചരക്കിന്റേയും കൂലിയുടേയും യഥാര്‍ത്ഥ മൂല്യം താരതമ്യത്തിനു് വഴങ്ങാത്ത വിധം അവ വേറിട്ട വഴികളിലൂടെ ചലിക്കുന്നു. ചുരുക്കത്തില്‍, ഉല്പന്നത്തിന്റെ ചരക്കു് രൂപവും കൂലിയുടെ പണ രൂപവും മുതലാളിത്ത ചൂഷണം മറച്ചു് വെയ്ക്കാന്‍ ഉപകരിക്കുന്നു. ലാഭത്തിലൊരു ഭാഗം മൂലധനമായി മാറ്റപ്പെടുകയും മൂലധനം പെരുകുകയും ചെയ്യുന്നു.

ഉല്പാദന പ്രക്രിയയില്‍ സൃഷ്ടിക്കപ്പെടുന്ന മിച്ച മൂല്യമാണു് ലാഭത്തിനടിസ്ഥാനം
തൊഴിലാളിയുടെ നിലനില്പിനു് ആവശ്യമായ അവശ്യാദ്ധ്വാനമാണു് കൂലി നിര്‍ണ്ണയിക്കുന്നതു്. അതിലുപരി സാദ്ധ്യമായ മിച്ചാദ്ധ്വാനമാണു് മിച്ചമൂല്യം സൃഷ്ടിക്കുന്നതു്. മിച്ച മൂല്യമാണു് മുതലാളിത്തത്തിലെ ലാഭത്തിന്റെ ഉറവിടം. ഉല്പാദനത്തില്‍ മുടക്കപ്പെടുന്ന അസംസ്കൃത പദാര്‍ത്ഥങ്ങളുടേയും യന്ത്രങ്ങളുടേയും അദ്ധ്വാന ശക്തിയുടേയും ആകെ മൂല്യത്തേക്കാള്‍ കൂടുതലായ മൂല്യം പുതിയ ഉല്പന്നത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. അതിന്റെ യഥാര്‍ത്ഥ സ്രോതസ് തൊഴിലാളിയുടെ അദ്ധ്വാനമാണു്. അതു് മാത്രമാണു് പുതിയ മൂല്യം ഉല്പാദിപ്പിക്കുന്നതിനു് കഴിവുള്ള ജീവത്തും സജീവവുമായ ഒരേയൊരു ഘടകം. ബാക്കിയെല്ലാം, മൂലധനവും കെട്ടിടവും യന്ത്രവുമെല്ലാം, അചേതനങ്ങളാണു്. അവയുടെ നിലവിലുള്ള മൂല്യത്തിനപ്പുറമൊന്നും കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ അവയ്ക്കൊന്നിനും കഴിവില്ല. ചുരുക്കത്തില്‍, ഉല്പാദനത്തിന്റെ ഘട്ടത്തില്‍ മാത്രമാണു് മിച്ച മൂല്യ സൃഷ്ടി നടക്കുന്നതു്. വിനിമയത്തിലോ വിതരണത്തിലോ ആര്‍ക്കെങ്കിലും ലാഭമുണ്ടാകുന്നുണ്ടെങ്കില്‍ അതു് മറ്റാരുടേയെങ്കിലും നഷ്ടമാണു്. ആ ലാഭ നഷ്ടങ്ങള്‍ തട്ടിക്കിഴിച്ചാല്‍ മിച്ചമൊന്നും ബാക്കിയാകുന്നില്ല. മറിച്ചു്, ഉല്പാദനഘട്ടത്തില്‍ വ്യവസായി നേടുന്ന മിച്ചമുല്യമാണു് മുതലാളിത്തത്തിന്റെ ചലനാത്മകതയ്ക്കു് അടിസ്ഥാനമായ ലാഭം. ഇതാണു് മുതലാളിത്തത്തിന്റെ കേവലമായ സ്വഭാവം. പക്ഷെ, ഇതു് ഇന്നു് വളരെയേറെ മാറ്റങ്ങള്‍ക്കു് വിധേയമായിക്കഴിഞ്ഞു.

വ്യവസായ മൂലധന ഘട്ടത്തില്‍ നിന്നു് സാമ്രാജ്യത്വ നേതൃത്വത്തിലുള്ള ധന മൂലധന ഘട്ടത്തിലേയ്ക്കു്
ലെനിന്‍ തന്റെ കാലഘട്ടത്തിലെ മുതലാളിത്തത്തെ വിശകലനം ചെയ്തുകൊണ്ടു് അന്നേവരെ ഉണ്ടായ മാറ്റങ്ങള്‍ വിശദീകരിക്കുകയുണ്ടായി. വ്യവസായ മൂലധനവും ബാങ്കിങ്ങു് മൂലധനവും ചേര്‍ന്നു് ധന മൂലധനം രൂപീകരിക്കപ്പെട്ടതും കുത്തക മൂലധനത്തിന്റെ നേതൃത്വത്തില്‍ സാമ്രാജ്യത്വം നിലനില്‍ക്കുന്നതായും അതു് ലോകമാകെ വിഭജിച്ചെടുത്തിരിക്കുന്നതായും അദ്ദേഹം കണ്ടെത്തി വിശദീകരിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വ്യവസായ മുന്നേറ്റമുണ്ടായതു് യൂറോപ്പിലും അമേരിക്കയിലുമായിരുന്നു. മറ്റു് ഭൂഖണ്ഡങ്ങള്‍ പ്രായേണ അവികസിതവും അവിടങ്ങളിലെ രാജ്യങ്ങള്‍ ഏതെങ്കിലും വികസിത രാജ്യത്തിന്റെ കോളനികളുമായിരുന്നു. ആ കാലത്തു് ധന മൂലധനം യൂറോപ്പും അമേരിക്കയും കേന്ദ്രീകരിച്ചു് നിലവില്‍ വരികയും സാമ്രാജ്യത്വം ഉരുത്തിരിയുകയും സമ്രാജ്യത്വ കിടമത്സരങ്ങള്‍ക്കും ആഗോള യുദ്ധങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു. അന്നു് നില നിന്ന ആഗോള ധന മൂലധന ചങ്ങലയില്‍ ദുര്‍ബ്ബല കണ്ണിയായ റഷ്യയില്‍ മുതലാളിത്തം വലിച്ചെറിഞ്ഞു് സോഷ്യലിസ്റ്റു് പരീക്ഷണം നടത്താന്‍ ലെനിന്റെ ആ ശരിയായ വിശകലനവും നിഗമനവും വഴിയൊരുക്കി.

സോവിയറ്റു് സോഷ്യലിസ്റ്റു് വിജയം മുതലാളിത്തത്തിനേല്പിച്ച പ്രഹരവും സാമൂഹ്യ പുരോഗതിക്കു് നല്‍കിയ സംഭാവനകളും
സോവിയറ്റു് സോഷ്യലിസത്തിന്റെ വിജയവും മുന്നേറ്റവും കോളനികളുടെ സ്വാതന്ത്ര്യത്തിനും ഫാസിസത്തിന്റെ പരാജയത്തിനും മറ്റു് സോഷ്യലിസ്റ്റു് രാഷ്ട്രങ്ങളുടെ ഉദയത്തിനും വഴിവെച്ചു. സോഷ്യലിസ്റ്റു് നാടുകളില്‍ മാത്രമല്ല, ലോകമാകെ മുതലാളിത്ത നാടുകളില്‍ പോലും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിനും തൊഴിലാളികളടക്കം ചൂഷിതരുടെ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വഴിയൊരുക്കിയതും സോവിയറ്റു് യൂണിയനിലെ സോഷ്യലിസ്റ്റു് വിജയവും അതിന്റെ നിലനില്പുമായിരുന്നു. എന്നാല്‍, ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളില്‍ നിന്നു് സോഷ്യലിസത്തെ രക്ഷിച്ചു് നിര്‍ത്താനായി സോവിയറ്റു് യൂണിയനു് അതിന്റെ പരിമിതമായ വിഭവത്തില്‍ നല്ലൊരു പങ്കു് വിനിയോഗിക്കേണ്ടി വന്നതും സാമ്രാജ്യത്വ മേധാവിത്വത്തിനെതിരെ പോരാടുന്ന ലോക ജനതയെ സഹായിക്കേണ്ടി വന്നതും എന്നാല്‍ അത്തരം സഹായം സ്വീകരിക്കുമ്പോഴും അവയെല്ലാം മുതലാളിത്ത താല്പര്യം മൂലം സാമ്രാജ്യത്വത്തോടു് സന്ധി ചെയ്തു് പോന്നതും സോഷ്യലിസ്റ്റു് സമ്പത്തിന്റെ ദുര്‍വ്യയത്തിനും അതു് ശത്രുപക്ഷത്തുള്ള സാമ്രാജ്യത്വ മൂലധനത്തിന്റെ വികാസത്തിനു് ഉപകരിക്കുന്നതിനും ഇടവരുത്തി. അത്തരത്തില്‍ സമ്രാജ്യത്വത്തിനു് സഹായകരവും സോവിയറ്റു് യൂണിയനു് ദോഷകരവുമായി ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടം മുതല്‍ നിലനിന്ന ലോക രാഷ്ട്രീയത്തിലെ സമതുലിതാവസ്ഥ ഏറെക്കാലം നിലനില്‍ക്കുക അസാദ്ധ്യം തന്നെയായിരുന്നു. മാത്രമല്ല, സോവിയറ്റു് സോഷ്യലിസത്തിന്റെ സംരക്ഷണത്തിനായി അമിതമായ അധികാര കേന്ദ്രീകരണം ആവശ്യമായി വന്നതു് മൂലം സോഷ്യലിസത്തിനു് ഒഴിച്ചു കൂടാനാവാത്ത ജനപങ്കാളിത്തത്തോടെയുള്ള ജനാധിപത്യ വികസനവും ജനങ്ങളുടെ ഉത്സാഹപൂര്‍വ്വമുള്ള സോഷ്യലിസ്റ്റു് സമ്പദ് ഘടനയുടെ വികാസവും വേണ്ടത്ര നേടാനായില്ല. അതെല്ലാം ചേര്‍ന്നു് സാമ്രാജ്യത്വ മുന്‍കൈയോടെ സോവിയറ്റു് യൂണിയന്റെ തകര്‍ച്ചക്കു് വഴിയൊരുക്കപ്പെട്ടു. പക്ഷെ, സോവിയറ്റു് സോഷ്യലിസ്റ്റു് പരീക്ഷണത്തിന്റെ നേട്ടങ്ങള്‍ ലോക തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റിതര ചൂഷിത വര്‍ഗ്ഗങ്ങള്‍ക്കും അതു് നിലവില്‍ വന്നതു് മൂലം മുതലാളിത്ത വ്യവസ്ഥയ്ക്കുണ്ടായ ആഘാതം മുതലാളിത്തത്തിനും അവഗണിക്കാനാവാത്തതാണു്.

സോവിയറ്റു് സോഷ്യലിസ്റ്റു് തകര്‍ച്ചയും ആഗോള ധന മൂലധന വ്യാപനവും
സോവിയറ്റു് പിന്നോട്ടടിയോടെ മറ്റു് സോഷ്യലിസ്റ്റു് രാഷ്ട്രങ്ങള്‍ സ്വന്തം സമ്പദ്ഘടനയും സോഷ്യലിസ്റ്റു് വ്യവസ്ഥയും സംരക്ഷിക്കുന്നതിനു് പ്രാമുഖ്യം നല്‍കേണ്ടി വന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയതയുമായി ബന്ധപ്പെട്ട കടമകള്‍ക്കു് വേണ്ടത്ര ശ്രദ്ധ കൊടുക്കാനാവാതായി. ഈ സാഹചര്യമുപയോഗിച്ചു് സാമ്രാജ്യത്വം ആഗോള മേധാവിത്വത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. ധന മൂലധനത്തിന്റെ ആഗോള വ്യാപനം അതിലെ പ്രധാന അജണ്ടയായി നടപ്പാക്കപ്പെട്ടു. രാജ്യാതിര്‍ത്തികളില്ലാത്ത ആഗോള മൂലധനം രൂപപ്പെട്ടു് വികസിച്ചു. പുതുതായി ഉരുത്തിരിഞ്ഞ സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖല മൂലധനത്തെ അതിന്റെ പ്രാദേശിക-ദേശീയ കെട്ടു പാടുകളില്‍ നിന്നു് വിടുവിക്കുന്നതിനുള്ള ഉപകരണമായി വര്‍ത്തിച്ചു. ദേശീയ കുത്തക മൂലധനം ആഗോള ധന മൂലധനത്തോടു് ലയിച്ചു് ചേര്‍ന്നു് മാര്‍ക്സും എംഗത്സും ശരിയായി തന്നെ ഒന്നര നൂറ്റാണ്ടു് മുമ്പു് പ്രവചിച്ചതും ലെനിന്റെ കാലത്തു് യൂറോപ്പിലും അമേരിക്കയിലും മാത്രം നിലനിന്നിരുന്നതും, എന്നാല്‍, അതില്‍ നിന്നു് വളരെയേറെ വിപുലവും ലോക വ്യാപകവുമായ ആഗോള ധന മൂലധനം രൂപപ്പെട്ടു് അതി ദ്രൂതം വികസിച്ചു് വരുന്നു.

മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കും വിതരിതമായ ആസൂത്രിത ഉല്പാദന ഘടനയും സാധ്യമാക്കിയതു് വിവര സാങ്കേതിക വിദ്യ
ചരക്കുകളുടെ സ്വതന്ത്രമായ രാജ്യാന്തര കൊള്ളക്കൊടുക്കകളോടൊപ്പം അതിന്റെ സ്ഥാനത്തു് അതതു് രാജ്യങ്ങളില്‍ ഉല്പാദനം സംഘടിപ്പിക്കുന്ന ആഗോള ധന മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനു് പ്രാധാന്യം കൈവന്നു. വ്യവസായ മൂലധനത്തിന്റെ ഘട്ടത്തില്‍ ഉയര്‍ന്നു് വന്ന അതി ബൃഹത്തായ ഉല്പാദന ശാലകളുടെ കേന്ദ്രീകരണത്തിനു് പകരം രാജ്യമോ ഭൂഖണ്ഡമോ നോക്കാതെ ഏറ്റവും ലാഭക്ഷമവും അനുയോജ്യവുമായ കേന്ദ്രങ്ങളില്‍ വിതരിതമായ (distributed) ഉല്പാദന ശാലകള്‍ സാധ്യമായി. ഒരു യന്ത്രത്തിന്റെ വിവിധ ഘടകങ്ങള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ വെച്ചു് ഏറ്റവും ചെലവു് കുറഞ്ഞിടത്തു് ഉല്പാദിപ്പിച്ചു് മറ്റൊരിടത്തു് കൂട്ടിയിണക്കുന്ന രീതി തന്നെ നിലവില്‍ വന്നിരിക്കുന്നു. ഉല്പാദനം അങ്ങേയറ്റം ആസൂത്രിതമായി ലാഭകരമാക്കാനും വിതരിതമായ ഉല്പാദന കേന്ദ്രങ്ങളെ പരസ്പരവും അവയും കമ്പോളങ്ങളും തമ്മിലും കോര്‍ത്തിണക്കാനും ആധുനിക വിവര വിനിമയ ശൃംഖല ഉപകരിച്ചു.

വിവര സാങ്കേതിക വിദ്യ സോഷ്യലിസ്റ്റാസൂത്രണത്തിനുള്ള ഉപാധിയും
എന്നാല്‍ ലാഭത്തിനു് വേണ്ടി ഉല്പാദനം ആസൂത്രിതമാക്കിയതു് പോലെ വിതരണവും ഉപഭോഗവും കൂടി ആസൂത്രിതമാക്കുക സാധ്യമാണെങ്കിലും മുതലാളിത്തം അതിനു് തയ്യാറാകുന്നില്ല. കാരണം, ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായാല്‍ ധനമൂലധനത്തിനു് ഇന്നു് ലഭ്യമായ ലാഭത്തിന്റെ ഉറവിടം വറ്റിപ്പോകുമെന്നതു് തന്നെ. അത്തരം സമഗ്രമായ ആസൂത്രിത സമ്പദ്ഘടന സോഷ്യലിസമാണു്. സോഷ്യലിസ്റ്റാസൂത്രണത്തിനുള്ള ഭൌതികോപകരണം ആഗോള ധന മൂലധനം തന്നെ സൃഷ്ടിച്ചിരിക്കുന്നു. അതു് ലെനിന്‍ വിശകലനം ചെയ്ത ധന മൂലധന ഘട്ടത്തില്‍ നിലവില്‍ വന്നിരുന്നില്ല. അതും സോവിയറ്റു് ആസൂത്രണം അതി കേന്ദ്രീകൃതമാകാനും സമഗ്രത കൈവരിക്കാനാവാതെ തകര്‍ന്നതിനും ഒരു കാരണം കൂടിയാണു്.

വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള അന്തരം
ഈയൊരു പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ രൂപപ്പെട്ടു് ലെനിന്‍ വിശകലനം ചെയ്ത ധന മൂലധനത്തില്‍ നിന്നു് ഇന്നത്തെ ആഗോള ധന മൂലധനത്തിനു് എന്തെല്ലാം മാറ്റങ്ങളാണു് സംഭവിച്ചിരിക്കുന്നതെന്നു് നോക്കാം. വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള അന്തരം ശ്രദ്ധിക്കേണ്ടതു് ഇതിനാവശ്യമാണു്. മുമ്പു് പറഞ്ഞതു് പോലെ വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിന്മേലാണു് ലാഭം കണക്കാക്കപ്പെട്ടിരുന്നതു്. മൂലധനം സ്വന്തമായെടുക്കാന്‍ കഴിയാത്തവര്‍ക്കു് ബാങ്കു് വായ്പയിലൂടെ മൂലധനം എന്നതായിരുന്നു അന്നത്തെ രീതി. ലാഭത്തിനും വ്യവസ്ഥിതിയുടെ നിലനില്പിനും ഉത്തരവാദിത്വം വ്യവസായ മൂലധന ഉടമകള്‍ക്കായിരുന്നു. പലിശ കിട്ടാന്‍ വേണ്ടിയും വായ്പ തിരിയെ കിട്ടാന്‍ വേണ്ടിയും വ്യവസായ താല്പര്യം സംരക്ഷിക്കപ്പെടണമെന്ന താല്പര്യം മാത്രമായിരുന്നു ബാങ്കുകള്‍ക്കുള്ളതു്. വ്യവസായ മൂലധനവും ബാങ്കു് മൂലധനവും തമ്മില്‍ ലയിച്ചു് ധന മൂലധനം രൂപപ്പെടുമ്പോള്‍ രണ്ടു് കൂട്ടര്‍ക്കും ഒരു പൊതു താല്പര്യം രൂപപ്പെടുന്നു. തങ്ങളുടെ ലാഭത്തിനു് വേണ്ടി വ്യവസായ താല്പര്യം മാത്രമല്ല, പൊതുവെ മൂലധന താല്പര്യം സംരക്ഷിക്കപ്പെടണമെന്ന പൊതു താല്പര്യം വ്യവസായ മൂലധനത്തിനും ബാങ്കു് മൂലധനത്തിനും കൈവന്നു. വിവിധ ദേശീയ ധന മൂലധന വിഭാഗങ്ങള്‍ തമ്മിലുള്ള കിട മത്സരമാണു് പിന്നീടുണ്ടായതു്. സോഷ്യലിസ്റ്റു് വിപ്ലവത്തോടെ മുതലാളിത്ത കമ്പോളത്തില്‍ നിന്നു് ഗണ്യമായ ഒരു ഭാഗം വിട്ടു് പോയതു് മൂലം അത്ര കണ്ടു് പ്രതിസന്ധി മൂര്‍ച്ഛിച്ചു. സാമ്രാജ്യത്വ കിടമത്സരവും രൂക്ഷമായി. രണ്ടാം ലോക മഹായുദ്ധത്തോടെ സോഷ്യലിസ്റ്റു് ചേരിക്കുണ്ടായ മുന്നേറ്റം വിവിധ മൂലധന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നതിനു് സമ്മര്‍ദ്ദം സൃഷ്ടിച്ചു. അതാണു് ആഗോള ധന മൂലധനത്തിന്റെ രൂപീകരണത്തിലേയ്ക്കും തുടര്‍ന്നു് സോവിയറ്റു് തകര്‍ച്ചയിലൂടെ കിട്ടിയ അവസരം ഉപയോഗിച്ചു് ആഗോള ധന മൂലധനത്തിന്റെ മേധാവിത്വം ഒറ്റപ്പെട്ടു് നിന്ന എല്ലാ രാജ്യങ്ങളിലും അടിച്ചേല്പിക്കുന്ന നവ ഉദാരവല്കരണ നയങ്ങളിലേയ്ക്കും നയിച്ചതു്. ദേശീയ മൂലധനത്തിനു് ആഗോള ധന മൂലധന വ്യവസ്ഥയില്‍ പങ്കാളിത്തവും തുല്യതയും സ്വാതന്ത്ര്യവുമെന്നതു് സാമ്രാജ്യത്വത്തോടു് താല്പര്യ സംഘട്ടനമുണ്ടായിരുന്ന ദേശീയ മൂലധന കുത്തകകളേപ്പോലും ആകര്‍ഷിക്കുന്നതിനും ആഗോള ധന മൂലധന പങ്കാളിത്തത്തോടെ അതിന്റെ താല്പര്യം സംരക്ഷിക്കുക എന്ന അജണ്ട സ്വീകരിക്കുന്നതിനും വഴിയൊരുക്കി.

വിവിധ മൂലധന വിഭാഗങ്ങള്‍ക്കിടയില്‍ താല്പര്യ പൊരുത്തം
അതോടെ, മുതലാളിത്ത വ്യവസ്ഥയുടെ അതായതു് ആഗോള ധന മൂലധനത്തിന്റെ നിലനില്പും അതിനാവശ്യമായ വിധം അതിന്റെ വികാസവും ഉറപ്പു് വരുത്താന്‍ ബന്ധപ്പെട്ട എല്ലാ ദേശീയ ഭരണ കൂടങ്ങളും നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈയൊരു ലക്ഷ്യോന്മുഖ ഐക്യ ബോധമാണു് ആഗോള ധന മൂലധനത്തിന്റെ ഉയര്‍ച്ചയോടെ മുതലാളിത്തം കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഈയൊരു താല്പര്യ പൊരുത്തം അതേവരെ നിലനിന്നിരുന്ന കിട മത്സരങ്ങളെല്ലാം പിറകിലേയ്ക്കു് തള്ളപ്പെടാന്‍ ഇടയാക്കി. നിരന്തരം വികസിക്കുന്ന മൂലധനവും അതിനാവശ്യമായ ലാഭ സ്രോതസുകളുമില്ലാതെ ഒരു നിമിഷം പോലും നിലനില്കാനാവില്ലെന്നതിനാല്‍ എല്ലാവരും ചേര്‍ന്നു് മൊത്തം ആഗോള ധന മൂലധനത്തിനും ലാഭം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കാലാകാലം രൂപപ്പെടുത്തുന്നതില്‍ താല്പര്യ പൊരുത്തം കൈവരിക്കാനായി.

നിരന്തരം ഇടിയുന്ന ലാഭനിരക്കെന്ന പുതിയ പൊതു പ്രതിസന്ധി
എന്നാല്‍, ആഗോള ധന മൂലധന രൂപീകരണത്തില്‍ നിന്നുരുത്തിരിയുന്ന പ്രത്യാഘാതം ആഗോള മുതലാളിത്തത്തെ അതി ഗുരുതവും സ്ഥായിയുമായ ഒരു പുതിയ പ്രതിസന്ധിയിലേക്കു് എടുത്തെറിഞ്ഞു എന്നതു് കൂടിയാണു്. വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിനു് മാത്രം ലാഭം കണക്കാക്കിയാല്‍ മതിയായിരുന്നു. ഉല്പാദനത്തില്‍ പങ്കാളിത്തമില്ലാത്തതൊന്നും മൂലധനമായി കണക്കാക്കപ്പെടുക പോലുമില്ലായിരുന്നു. ധന മൂലധന രൂപീകരണത്തോടെ പിരിച്ചെടുക്കപ്പെട്ട ഓഹരികള്‍ക്കെല്ലാം ലാഭം വേണം. ബാങ്കില്‍ കെട്ടിക്കിടക്കുന്നതെങ്കിലും നിക്ഷേപങ്ങള്‍ക്കെല്ലാം ലാഭം വേണം. ലാഭമില്ലാതായാല്‍ മാത്രമല്ല, ലാഭ നിരക്കു് കുറവാണെന്നു് വന്നാല്‍ തന്നെ ഓഹരി കമ്പോളത്തില്‍ ഓഹരി വില കുത്തനെ ഇടിയും. അതു് മൊത്തം ആഗോള ധന മൂലധനത്തെ ബാധിക്കും. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാന്‍ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഭഗീരഥ പരിശ്രമത്തിലാണു് ധന മൂലധന കാലഘട്ടത്തിലെ മുതലാളിത്തം ഏര്‍പ്പെട്ടിട്ടുള്ളതു്.

മിഥ്യാ ചരക്കുകളും അവയുടെ സമാന്തര സമ്പദ്ഘടനയും
മനുഷ്യന്റെ നിത്യ ജീവിതത്തെ ഒരു വിധത്തിലും മെച്ചപ്പെടുത്താന്‍ ഉപകരിക്കാത്തതും എന്നാല്‍ തന്നെപ്പോറ്റികളും തട്ടിത്തീനികളുമായ ഒരു പറ്റം മൂല ധന ഉടമകളായ ഇത്തിക്കണ്ണികള്‍ക്കു് തങ്ങള്‍ തട്ടിച്ചെടുത്ത പണം ഉപയോഗിച്ചു് ചൂതാടാനും അതിലൂടെ മാനസികോല്ലാസം നേടാനും മാത്രം കൊള്ളാവുന്ന അയഥാര്‍ത്ഥ (മിഥ്യാ) ചരക്കുകള്‍ (Virtual Commodities) സൃഷ്ടിക്കുകയും അവയില്‍ ആവര്‍ത്തിച്ചു് ഇടപാടുകള്‍ നടത്തുകയും ചെയ്യുക (ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടെ വകഭേദങ്ങളുടേയും - derivatives - ആവര്‍ത്തിച്ചുള്ള വില്പന), നിലവിലുള്ള സേവനങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണഗണങ്ങളെ മാത്രം അടര്‍ത്തിയെടുത്തു് പ്രത്യേക സേവനങ്ങളായി പെരുപ്പിച്ചു് സേവനോല്പന്നങ്ങള്‍ സൃഷ്ടിക്കുക, ഒരിയ്ക്കല്‍ ഉല്പാദിപ്പിച്ചു് വരുമാനവും ലാഭവും ഉണ്ടാക്കിയ സോഫ്റ്റ്‌വെയറുകള്‍ ആവര്‍ത്തിച്ചു് വിറ്റു് അമിത ലാഭം കുന്നുകൂട്ടുക, പരമ്പരാഗത വിവരങ്ങളെ ക്രോഡീകരിച്ചു് പുതിയ കണ്ടു് പിടുത്തമായി അവതരിപ്പിക്കുക, അവ വിറ്റു് പണമുണ്ടാക്കുക തുടങ്ങി ഒട്ടേറെ പുതിയ മിഥ്യാ ചരക്കുകള്‍ സൃഷ്ടിച്ചു് ധന മൂലധനത്തിന്റെ നേരിട്ടുള്ള വിഹാര രംഗമായ ഒരു മിഥ്യാ സമ്പദ്ഘടന (Virtual Economy) രൂപപ്പെടുത്തപ്പെട്ടിരിക്കുകയാണിന്നു്. അവിടെ ചിലര്‍ ലാഭമുണ്ടാക്കുന്നുണ്ടു്. അതു് മറ്റു് ചിലരുടെ നഷ്ടമാണു്. അവ തട്ടിക്കിഴിച്ചാല്‍ മൊത്തം ലാഭം ഇല്ല. ആ സമാന്തര സമ്പദ്ഘടന മൊത്തത്തില്‍ ലാഭമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു് മനുഷ്യന്റെ നിത്യ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സാധന സാമഗ്രികളും സേവനങ്ങളും ഉല്പാദിപ്പിക്കുന്ന യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വലിച്ചെടുക്കുന്നതാണു്. അതും മൊത്തം സമൂഹത്തില്‍ മിച്ചമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മാത്രമല്ല, ഈ അയഥാര്‍ത്ഥ സമ്പദ്ഘടന അതു് കൈകാര്യം ചെയ്യുന്ന പണത്തിനോ അതു് അവകാശപ്പെടുന്ന മൊത്തം ആഭ്യന്തര ഉല്പാദനത്തിനോ ആനുപാതികമായി തൊഴില്‍ സൃഷ്ടിക്കുന്നുമില്ല. അതായതു്, അതു് അവകാശപ്പെടുന്ന ലാഭത്തിനു് അടിസ്ഥാനമായ മിച്ചമൂല്യം സൃഷ്ടിക്കുന്നില്ല. മറിച്ചു്, മറ്റു് മുതലാളിമാരേയോ മറ്റു് മേഖലകളേയോ തട്ടിച്ചു് പണമുണ്ടാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇതാണു്, ഇന്നത്തെ, ആഗോള ധന മൂലധന കാലത്തെ, മുതലാളിത്ത സജീവതയുടെ പ്രധാനപ്പെട്ട മേഖല. യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്ന പണമിടപാടുകളുടെ അന്‍പതിലേറെ മടങ്ങാണു് ഇന്നു് ഓരോ ദിവസവും അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്നതെന്നാണു് ഒരു കണക്കു്.

യഥാര്‍ത്ഥ സമ്പദ്ഘടനയെ കൊള്ളയടിക്കുന്നു
ഈ അയഥാര്‍ത്ഥ സമ്പദ്ഘടന സൃഷ്ടിക്കുന്ന സജീവതയുടെ നേരര്‍ത്ഥം കായികവും മാനസികവുമായി അദ്ധ്വാനിച്ചു് യഥാര്‍ത്ഥ ജീവിതോപാധികള്‍ സൃഷ്ടിക്കുന്ന തൊഴിലാളികളുടേയും കൃഷിക്കാരുടേയും സ്വയം തൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരുടേയും അദ്ധ്വാന ഫലം തട്ടിയെടുക്കുന്നു എന്നതു് മാത്രമാണു്. ആ മേഖലകളിലൊന്നും മുതല്‍ മുടക്കാതെ, ആമേഖലകളിലൊന്നും അവരുടെ സംരംഭകത്വ കഴിവു് പ്രകടിപ്പിക്കാതെ പണിയെടുക്കുന്ന വിവിധ വിഭാഗങ്ങളുടെ അദ്ധ്വാന ഫലത്തില്‍ നിന്നു് ആ മേഖലകളിലെ സംരംഭകര്‍ ഊറ്റിയെടുക്കുന്ന മിച്ച മൂല്യം മൊത്തത്തില്‍ തട്ടിയെടുക്കുന്നതു് മുതലാളിത്തത്തിന്റെ സഹജമെന്നു് പറയപ്പെടുന്ന സംരംഭകത്വമോ സജീവതയോ മേന്മയോ ആയി പറയാനാവില്ല. അതു് വെറും കൊള്ള മാത്രമാണു്. മുതലാളിത്തം അതിന്റെ തുടക്കത്തില്‍ മൂലധന രൂപീകരണത്തിനായി അനുവര്‍ത്തിച്ച കൊള്ളയുടെ, രാജ്യങ്ങളെ കൊള്ളയടിച്ചും കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്നു് ഒഴിപ്പിച്ചു് ഭൂമി കൈക്കലാക്കിയും മറ്റു് രാജ്യങ്ങളുടെ കപ്പല്‍ കൊള്ളയടിച്ചും മറ്റു് പല തരത്തിലും മറ്റുള്ളവരുടെ സ്വത്തു് പിടിച്ചു് പറിച്ചു് യൂറോപ്യന്‍ മുതലാളിത്തം വളര്‍ന്നതും പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സ് വിശേഷിപ്പിച്ചതുമായ കൊള്ളയുടെ പുതിയൊരാവര്‍ത്തനം മാത്രമാണതു്.

അമിതോല്പാദന കുഴപ്പത്തിനൊപ്പം പെരുകുന്ന മൂലധനവും ഇടിയുന്ന ലാഭനിരക്കും
ഈ പുത്തന്‍ കൊള്ളയെ ആധാരമാക്കി നടക്കുന്ന മൂലധന വികാസത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ആഗോള ധന മൂലധനത്തിന്റെ വളര്‍ച്ചയും പെരുപ്പവും തന്നെ മുതലാളിത്തത്തിനുള്ളില്‍ പരിഹാരമില്ലാത്ത പുതിയൊരു തുടര്‍ പ്രതിസന്ധിയുടെ കാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിന്റെ സഹജമായ പ്രതിസന്ധി എന്നു് പറയുന്നതു് ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടുന്നില്ല എന്നതാണു്. അതു് എല്ലാക്കാലത്തും ഉണ്ടാകാമെങ്കിലും പ്രതിസന്ധിയായി പൊട്ടിപ്പുറപ്പെടുന്നതു് ഇടവിട്ടു് മാത്രമാണു്. അതു് ചാക്രികമാണു്. അതില്‍ നിന്നു് കര കയറാന്‍ മറ്റു് മാര്‍ഗ്ഗങ്ങള്‍, കയറ്റുമതി, ഉല്പന്നങ്ങളുടേയും ഉല്പാദന ശേഷിയുടേയും നശീകരണം, അതിനായി മനുഷ്യരാശിയെ മുച്ചൂടും കൊന്നൊടുക്കുന്ന യുദ്ധമടക്കം എന്തു് ദ്രോഹവും, വായ്പയിലൂടെയും വര്‍ദ്ധിച്ച സര്‍ക്കാര്‍ ചെലവിലൂടെയും സമൂഹത്തിലേയ്ക്കു് പണമെത്തിച്ചു് പണ പെരുപ്പം സൃഷ്ടിച്ചും മറുവശത്തു് വില കയറ്റി ആ പണം കൂടുതലായി തിരിച്ചു് പിടിച്ചും ജനങ്ങളെ കൂടുതല്‍ പാപ്പരീകരിക്കുക തുടങ്ങി പല മറു പരിഹാര മാര്‍ഗ്ഗങ്ങളും അനുവര്‍ത്തിക്കപ്പെടുകയാണു്. അതിലൂടെ പ്രതിസന്ധികള്‍ മുന്നോട്ടു് തള്ളി നീക്കപ്പെടുക മാത്രമാണു്. പരിഹാരം ഉണ്ടാകുന്നില്ല. വളരെ കുറച്ചാളുകള്‍ പണമുണ്ടാക്കുകയും ബഹുഭൂരിപക്ഷം ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കുകയും മാത്രമാണു് മറു പരിഹാര മാര്‍ഗ്ഗങ്ങളുടെ മൊത്തം ഫലം. കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയും അവയ്ക്കു് പുതിയ മറുവഴികളുമായാണു് മുതലാളിത്തം നാളിതു് വരെ വളര്‍ന്നതും വികസിച്ചതും പിടിച്ചു് നില്കുന്നതും. ചാക്രിക പ്രതിസന്ധി വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ വ്യത്യസ്ഥ സമയത്താണു് പൊട്ടിപ്പുറപ്പെടുക. അതിനാല്‍, ആ ഘട്ടത്തില്‍ പൊതുവെ മുതലാളിത്ത വ്യവസ്ഥിതി എല്ലാക്കാലത്തും പൊതുവെ പ്രതിസന്ധിയിലാവില്ല. വ്യവസായ മൂലധന ഘട്ടത്തിലെ അത്തരം ചാക്രിക-പൊതു പ്രതിസന്ധികളില്‍ പരസ്പരം സഹായിച്ചും സ്വന്തം വ്യവസ്ഥ സംരക്ഷിച്ചും വിവിധ മൂലധന വിഭാഗങ്ങള്‍ തകരാതെ പിടിച്ചു് നിന്നു് പോന്നു. തകര്‍ച്ച ഉണ്ടായാല്‍ തന്നെ പ്രത്യേക മേഖലകളിലോ രാജ്യങ്ങളിലോ ഭൂഘണ്ഡങ്ങളിലോ ആയി പരിമിതപ്പെട്ടിരുന്നു. പ്രതിസന്ധിയുടെ ആഘാതമാകട്ടെ, തൊഴിലാളികളടക്കം സാധാരണക്കാരുടേയും അതില്‍ തന്നെ പിന്നോക്ക-അവികസിത-വികസ്വര നാടുകളിലുള്ളവരുടെ മേല്‍ അടിച്ചേല്പിച്ചാണു് മുതലാളിത്തം നാളിതു് വരെ നിലനിന്നതു്.

പരിഹാരമില്ലാത്ത വിഷമ വൃത്തം
മുതലാളിത്തത്തിന്റെ അന്ത്യം മാര്‍ക്സും എംഗത്സും പ്രവചിച്ചതു് വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും അമിതോല്പാദന കുഴപ്പത്തില്‍ നിന്നുരുത്തിരിയുന്ന ചാക്രിക പ്രതിസന്ധി മൂര്‍ച്ഛിച്ചു് ചില ഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ ഒരേ സമയം പ്രതിസന്ധി പൊട്ടി പുറപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയരുന്ന വിപ്ലവ സാഹചര്യം ഉപയോഗപ്പെടുത്തി ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗം അതതു് രാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടത്തെ തകര്‍ത്തു് സോഷ്യലിസ്റ്റു് ഭരണ കൂടം സ്ഥാപിക്കുന്നതു് വഴി നടക്കുമെന്നാണു്. സോഷ്യലിസ്റ്റു് വിപ്ലവം സാരാംശത്തില്‍ (ഉള്ളടക്കത്തില്‍) സാര്‍വ്വദേശീയമാണെങ്കിലും പ്രകൃതത്തില്‍ ദേശീയമാണെന്നു് കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നതു് ഈ പശ്ചാത്തലത്തിലാണു്. ആ വിശകലനം ശരിയാണെന്നു് മുന്‍ കാല സോഷ്യലിസ്റ്റു് വിപ്ലവങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. റഷ്യന്‍ വിപ്ലവം നടന്നതിനു് മുമ്പുള്ള ഘട്ടവും മുപ്പതുകളിലെ വലിയ മാന്ദ്യവും അത്തരത്തിലുള്ള ചാക്രിക കുഴപ്പങ്ങളുടെ ഒത്തുചേരലിലൂടെ രൂപപ്പെട്ട പൊതു കുഴപ്പങ്ങളായിരുന്നു.

ഇടിയുന്ന ലാഭ നിരക്കു് മറച്ചു് പിടിക്കാന്‍ കള്ളക്കണക്കു്
കടുത്ത ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും അതി വേഗത്തിലും ഭീമാകാരമായും വികസിക്കുന്ന മൂലധനത്തിനു് ആനുപാതികമായി ലാഭവും അതിനടിസ്ഥാനമായ മിച്ച മൂല്യവും വര്‍ദ്ധിക്കുന്നില്ല എന്നതാണു് പുതിയ പ്രതിസന്ധി. മൊത്തം ധന മൂലധനത്തിന്മേല്‍ മൊത്തം ലാഭം കണക്കാക്കുമ്പോള്‍ അതു് നിരന്തരം കുറയുന്നു. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടായി തൊഴില്‍ മേഖലയുടെ വളര്‍ച്ച സമ്പദ്ഘടനകളുടേയും മൂലധനത്തിന്റേയും വളര്‍ച്ചയുടെ വളരെ പുറകിലാണു്. തൊഴില്‍ രഹിത വളര്‍ച്ച എന്ന ഓമനപ്പേരും അതിനു് വന്നു് വീണു. തൊഴില്‍ രഹിതമെന്നാല്‍ മിച്ചമൂല്യ സൃഷ്ടി നടക്കുന്നില്ല എന്നു് കൂടിയാണര്‍ത്ഥം. നിലവിലുള്ള തൊഴിലാളികളുടെ അദ്ധ്വാന സമയം വര്‍ദ്ധിപ്പിച്ചും ഉള്ള സമയം തന്നെ കൂടുതല്‍ പണിയെടുപ്പിച്ചും യന്ത്രവല്‍ക്കരണത്തിലൂടെയും മറ്റും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ അതെല്ലാം ചേര്‍ത്താലും മൂലധന പെരുപ്പത്തിനു് ആനുപാതികമായ മിച്ചമൂല്യ വര്‍ദ്ധനവോ ലാഭ സൃഷ്ടിയോ നടക്കുന്നില്ല. അതു് മൂലം പെരുകുന്ന മൂലധനത്തിന്മേല്‍ അത്ര പെരുകാത്ത ലാഭം ലാഭ നിരക്കില്‍ നിരന്തരമായ ഇടിവുണ്ടാക്കുന്നു. ലാഭ നിരക്കു് ഇടിയാതിരുന്നാല്‍ മാത്രം പോര, കൂടിക്കൊണ്ടിരുന്നാലേ ഓഹരി കമ്പോളത്തില്‍ മത്സര ക്ഷമമാകാന്‍ സ്ഥാപനത്തിനു് കഴിയൂ. അതിനാല്‍ ഓരോ സ്ഥാപനവും ലാഭം ഉണ്ടായാലും കുറഞ്ഞാലും ഇല്ലെങ്കിലും കൂടുതല്‍ ലാഭമുണ്ടെന്നു് കാണിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ലാഭം ഇടിയുന്നു എന്ന വസ്തുത ഓഹരി ഉടമകളില്‍ നിന്നു് മറച്ചു് പിടിക്കാനാകട്ടെ ആസ്തി പെരുപ്പിച്ചു് കാട്ടി കള്ളക്കണക്കുണ്ടാക്കുന്നു. ഓഹരി ഉടമകളെ തന്നെ കബളിപ്പിക്കുന്നു. മുതലാളിത്തം മുതലാളിമാരെ തന്നെ കബളിപ്പിക്കുന്നു.

കള്ളക്കണക്കു് മറയ്ക്കാന്‍ പൊതു മുതല്‍ കൊള്ള
കള്ളക്കണക്കിലൂടെ ഏറെക്കാലം നില നില്‍ക്കാനാവില്ല. വര്‍ദ്ധിച്ചതായി കാണിച്ച കണക്കിലെ ആസ്തിക്കു് ഭൌതികാസ്തികള്‍ ഈടുണ്ടാവണം. അതിനായി സര്‍ക്കാരിനു് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നികുതി ഇളവുകള്‍ നേടുന്നു. സാമ്പത്തിക സഹായങ്ങള്‍ നേടുന്നു. പശ്ചാത്തല സൌകര്യങ്ങളെന്ന നിലയില്‍ ഭൂമിയും വനവും എണ്ണപ്പാടങ്ങളും ജല സ്രോതസുകളും കയ്യടക്കുന്നു. അവയുടെ കമ്പോള വില ആസ്തിയായി കാട്ടി ബാക്കി പത്രത്തില്‍ ലാഭം കൂട്ടി കാണിച്ചു് ഓഹരി കമ്പോളത്തില്‍ പിടിച്ചു് നില്കുന്നു. അതു് പക്ഷെ, അതോടൊപ്പം തന്നെ വീണ്ടും ഈ പുതിയ പ്രതിസന്ധി രൂക്ഷമാക്കുക മാത്രമാണു് ചെയ്യുന്നതു്. കാരണം, വര്‍ദ്ധിക്കാതെ തന്നെ വര്‍ദ്ധിച്ചതായി കണക്കില്‍ കാട്ടിയ ആസ്തിയോ സര്‍ക്കാരിലൂടെ നേടിയതോ കൊള്ളയടിച്ചതോ ആയ ആസ്തിയോ ഏതായാലും അതും സ്ഥാപനത്തിന്റെ മൂലധനം കണക്കില്‍ വര്‍ദ്ധിപ്പിക്കുക തന്നെയാണു് ചെയ്യുന്നതു്. അടുത്ത വര്‍ഷത്തെ കണക്കില്‍ അതിനു് കൂടി ലാഭം കാണിക്കണം. ആഗോള വ്യാപാര മാന്ദ്യത്തിന്റെ ഘട്ടമായതു് കൊണ്ടു് മാത്രമല്ല, അല്ലാതെയും കൊള്ളയിലൂടെ നേടിയ മൂലധന പെരുപ്പത്തിനാനുപാതികമായ ലാഭ വര്‍ദ്ധന അസാദ്ധ്യമാണു്. മറിച്ചു്, ഈ കൊള്ളയും പൊതു സമൂഹത്തില്‍ നിന്നു് തട്ടിയെടുക്കുന്ന ലാഭവും സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും പാപ്പരാക്കുകയും വര്‍ദ്ധിച്ച വ്യാപാര മാന്ദ്യത്തിനു് വഴിയൊരുക്കുകയുമാണു്.

കൊള്ള മുതലില്‍ നിന്നു് സ്വകാര്യ നേട്ടത്തിനു് അഴിമതിയും
മാത്രമല്ല, ധന മൂലധന വ്യവസ്ഥ അതിന്റെ നിലനില്പിനു് വേണ്ടി സമാഹരിക്കുന്ന വിഭവങ്ങള്‍, ഭരണ കൂട സഹായത്തോടെ സ്വന്തമാക്കുന്ന സാമൂഹ്യ സമ്പത്തില്‍ നല്ലൊരോഹരി ധന മൂല ധന കൈകാര്യക്കാര്‍ സ്വന്തം പേരില്‍ അടിച്ചു് മാറ്റിക്കൊണ്ടു് ഓഹരി ഉടമകളെ മൊത്തത്തില്‍ പാപ്പരീകരിക്കുകയും കബളിപ്പിക്കുകയും കൂടിയാണു്. അതായതു്, വ്യവസ്ഥിതിയുടെ നിലനില്പിനെന്ന ന്യായീകരിണത്തോടെ ആരംഭിച്ച കള്ളക്കണക്കു് തുടരുകയും ഓഹരി ഉടമകളുടെ സമ്പത്തു് തട്ടിയെടുക്കാന്‍ കൂടി ഉപയോഗിക്കുകയും ചെയ്യുന്നു. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാനും ആസ്തി പെരുപ്പിക്കാനുമായി ഊഹക്കച്ചവടം, അദൃശ്യാസ്തികള്‍, സാമൂഹ്യാസ്തികളുടെ സ്വകാര്യോടമസ്ഥത തുടങ്ങി പല പല മാര്‍ഗ്ഗങ്ങളും നോക്കി അവസാനം തനി കൊള്ള വരെ എത്തി നില്കുന്നു. അതാണു് പ്രകൃതി വിഭവങ്ങളുടേയും സാമൂഹ്യാസ്തികളുടേയും കൊള്ളയിലും അതിനു് കൂട്ടു് നില്കുന്നതിനു് അഴിമതിയുടെ മനം മടുപ്പിക്കുന്ന പെരുപ്പത്തിനും കാരണമാകുന്നതു്.

കൈക്കൂലി പണമായല്ല, പരസ്പര സഹായത്തിലൂടെ, അഴിമതി കൂട്ടുകെട്ടു്
അഴിമതി ഉദ്യോഗസ്ഥ തലത്തില്‍ നിന്നു് രാഷ്ട്രീയ തലത്തിലേയ്ക്കും തുടര്‍ന്നു് കോര്‍പ്പറേറ്റു് തലത്തിലേയ്ക്കും വ്യാപിച്ചു. അവസാനമിതാ ഈ മൂലധന കൊള്ള വ്യവസ്ഥാപിതമാണെന്നു് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വരെ ശ്രമം നടക്കുന്നു. ആരും കൈക്കൂലിയായി പണം കൈപ്പറ്റുന്നില്ല. പക്ഷെ, ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്നു് കൊള്ള മുതല്‍ പങ്കു് വെച്ചനുഭവിക്കുന്നു. അതിനായി കോര്‍പ്പറേറ്റു് നേതൃത്വം തന്നെ രാഷ്ട്രീയക്കാരായും ഉന്നത ഉദ്യോഗസ്ഥരായും സ്ഥാനമേറ്റെടുക്കുന്നു. അങ്ങിനെ കോര്‍പ്പറേറ്റു്-രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ കൂട്ടു് കെട്ടു് രൂപപ്പെട്ടിരിക്കുന്നു. അതാണിന്നു് ലോകം ഭരിക്കുന്നതു്. ഈ അവിശുദ്ധ കൂട്ടുകെട്ടു് സാമ്രാജ്യത്വ നായക രാഷ്ട്രമായ അമേരിക്കയില്‍ പതിറ്റാണ്ടുകള്‍ക്കു് മുമ്പേ ആരംഭിച്ചതാണു്. മിക്ക വികസിത നാടുകളിലേയ്ക്കും അതു് വ്യാപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലും അതു് സംഭവച്ചിരിക്കുന്നു. നാളിതു് വരെ കേട്ടു് തഴമ്പിച്ച ഏതാനും കോടികളുടെ കുംഭകോണങ്ങളുടെ സ്ഥാനത്തു് സാധാരണക്കാര്‍ക്കു് വിശ്വസിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിനു് കോടികളുടെ കുഭകോണങ്ങള്‍ - രണ്ടാം തലമുറ മൊബൈല്‍ സ്പെക്ട്രം, സാറ്റലൈറ്റു് ബാന്റു് സ്പെക്ട്രം, കല്‍ക്കരി ഖനി, കെജിബേസിന്‍ എണ്ണപ്പാടം, കോമണ്‍വെല്‍ത്തു് ഗെയിംസ് തുടങ്ങി സിഏജി ഓഡിറ്റിലൂടെ സ്ഥിരീകരിക്കപ്പെട്ട യുപിഎ സര്‍ക്കാരിന്റെ കോഴ ഇടപാടുകളും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഇരുമ്പയിര്‍ ഖനിയിടപാടുകളും അനധികൃത ഖനനവും ഇരുമ്പയിരിന്റെ അനധികൃത കയറ്റുമതിയും വനം കയ്യേറ്റങ്ങളും - നടക്കുന്നതു് മേല്‍ പറഞ്ഞ മുതലാളിത്ത പൊതു കുഴപ്പം മറച്ചു് പിടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണു്.

മുതലാളിത്തം അവസാനിപ്പിക്കാതെ, സോഷ്യലിസമല്ലാതെ പരിഹാരമില്ല
ഇതെല്ലാം പക്ഷെ, പ്രതിസന്ധിക്കു് പരിഹാരമാകുന്നില്ലെന്നു് മാത്രമല്ല, അതു് പല മടങ്ങു് രൂക്ഷമാക്കുക കൂടിയാണു്. ലാഭം ഇടിയുന്ന പ്രവണത വര്‍ദ്ധിപ്പിക്കുക മാത്രമാണീ കൊള്ളകളുടെ ഫലം. പക്ഷെ, ജനങ്ങള്‍ പാപ്പരാകുന്നു. സാമൂഹ്യ സമ്പത്തു് കൊള്ളയടിക്കപ്പെടുന്നു. സര്‍ക്കാര്‍ പാപ്പരാകുന്നു. മാത്രമല്ല, ലാഭ വര്‍ദ്ധനവിനായി അനാവശ്യമായി ഉപഭോഗം സൃഷ്ടിക്കുന്നതിലൂടെ ഭാവി സമൂഹം അനുഭവിക്കേണ്ട വിഭവങ്ങള്‍ പോലും ധൂര്‍ത്തടിക്കപ്പെടുന്നു. പരിസ്ഥിതി നാശം രൂക്ഷമാകുന്നു. അതിലൂടെയെല്ലാം ഒരു വശത്തു് ജനങ്ങളുടെ ദുരിതവും മറുവശത്തു് ധന മൂലധനവും പെരുകുന്നു.

മുതലാളിത്തം മുതലാളിത്ത ധര്‍മ്മം പോലും നിറവേറ്റാന്‍ അശക്തമായിരിക്കുന്നു
അതായതു്, ആഗോള ധന മൂലധന ഘട്ടത്തിലെ മുതലാളിത്തം മുതലാളിത്തത്തിന്റെ സഹജ ധര്‍മ്മമെന്നു് വിശേഷിപ്പിക്കപ്പെടുന്ന ഉല്പാദന വര്‍ദ്ധനവിലും തൊഴില്‍ സൃഷ്ടിയിലും മിച്ച മൂല്യ വര്‍ദ്ധനവിലും ലാഭ സൃഷ്ടിയിലും പോലും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. വ്യവസായ മൂലധനം പണ്ടു് ചെയ്തിരുന്ന സാമൂഹ്യമായി പ്രസക്തിയുള്ള ഉല്പാദനവും മിച്ച മൂല്യ സൃഷ്ടിയും ഇന്നു് നടത്തുന്നതു് പ്രായേണ ചെറിയ വ്യവസായ സ്ഥാപനങ്ങളോ പൊതു മേഖലാ സ്ഥാപനങ്ങളോ സ്വയംതൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരോ മാത്രമാണു്. അവരൂറ്റിയെടുക്കുന്ന മിച്ച മൂല്യം തട്ടിയെടുക്കുക എന്ന കൊള്ള മാത്രമാണു് ധന മൂലധന സ്ഥാപനങ്ങളും കുത്തകകളും നിലവില്‍ ചെയ്യുന്നതു്. ധന മൂലധന കുത്തകകളുടെ നിലനില്പിനു് മേലാല്‍ യാതൊരു ന്യായീകരണവുമില്ലാതായിരിക്കുന്നു. ധന മൂലധനം ചൂഷണം ചെയ്യുന്നതു് തൊഴിലാളികളേയല്ല, തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംരംഭകരെയാകെയാണു്. ഇവിടെ നടക്കുന്നതു് മുതലാളിമാര്‍ തമ്മിലുള്ള മത്സരമായിപ്പോലും കാണാനാവില്ല. യഥാര്‍ത്ഥ സംരംഭകരെ കൊള്ളയടിക്കുന്ന കൊള്ളക്കാരാണു് ധന മൂലധന കുത്തകകള്‍. അവരെന്നോ സംരംഭകത്വം കാണിക്കാതായിരിക്കുന്നു. മറിച്ചു്, കൊള്ളയുടെ രീതികള്‍ ആസൂത്രണം ചെയ്യുന്നതു് സംരംഭകത്വമായെടുത്താല്‍ പോലും അവരുടെ സ്ഥാപനങ്ങളില്‍ തന്നെ ആ ധര്‍മ്മം നിര്‍വഹിക്കുന്നതു് തൊഴിലാളികളാണു്. ധന മൂലധനത്തിലധിഷ്ഠിതമായ മുതലാളിത്തത്തിനു് നിലനില്പിനുള്ള അവകാശം നഷ്ടമായിരിക്കുന്നു.

വിപ്ലവ സാഹചര്യം സ്ഥായിയായി നിലനില്‍ക്കുന്നു, വിപ്ലവകാരിയായ വര്‍ഗ്ഗം സടകുടഞ്ഞെഴുന്നേല്കുകയേ വേണ്ടൂ
വ്യവസായ മൂലധനാധിഷ്ഠിത മുതലാളിത്ത ഘട്ടത്തില്‍ മിച്ച മൂല്യം വലിച്ചെടുക്കുന്നതു് മൂലം ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടാതെ പോകുന്നുവെന്ന മുതലാളിത്തത്തിലെ സഹജ പ്രതിസന്ധി ധന മൂലധന ഘട്ടത്തില്‍ തുടര്‍ച്ചയായി ഇടിയുന്ന ലാഭ നിരക്കെന്ന പൊതുക്കുഴപ്പത്തിനും കൂടി വഴി വെച്ചിരിക്കുന്നു. മുന്‍ കാല പ്രതിസന്ധി ഇടവിട്ടായിരുന്നെങ്കില്‍ ഇന്നു് നിരന്തരം വര്‍ദ്ധിക്കുന്നതും തുടര്‍ച്ചയായതുമാണു്. പ്രതിസന്ധി മറച്ചു് പിടിക്കാന്‍ കഴിയുന്ന ഘട്ടങ്ങളും അതു് പിടു് വിട്ടു് പോകുന്ന ഘട്ടങ്ങളും എന്ന വ്യത്യാസം മാത്രമാണിന്നു് അനുഭവപ്പെടുന്നതു്. അങ്ങിനെ പ്രതിസന്ധി നിയന്ത്രണം വിട്ടു് പ്രകടമായ ഘട്ടത്തിലൂടെയാണു് ഇന്നു് മുതലാളിത്തം കടന്നു് പോകുന്നതു്. അതാണു് നാം 2008 ല്‍ ആരംഭിച്ചു് ഇന്നും തുടരുന്ന അമേരിക്കന്‍ ധന മേഖലാ പ്രതിസന്ധിയിലും അതേ തുടര്‍ന്നു് നിലനില്‍ക്കുന്ന ആഗോള വ്യാപാര മാന്ദ്യത്തിലും കാണുന്നതു്. ഇടിയുന്ന ലാഭ നിരക്കു് ഉയര്‍ത്തിക്കാട്ടാന്‍ പുതിയ തന്ത്രങ്ങള്‍ അനുവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളും സമ്പദ്ഘടനകളും ആഗോള ധന മൂലധനവും നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടരുതെന്നു് നാളിതു് വരെ വാദിച്ച നവ ഉദാര വാദികളുടെ സര്‍ക്കാരുകള്‍ തന്നെ വലിയ സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാതെ നിവൃത്തിയില്ലെന്ന ന്യായവാദം ഉയര്‍ത്തി പൊതുമുതല്‍ ചോര്‍ത്തിക്കൊടുത്തു് കുത്തകകളെ നേരിട്ടു് സഹായിക്കുന്നതാണു് നാമിന്നു് കാണുന്നതു്. നഗ്നമായ പൊതു മുതല്‍ ധൂര്‍ത്തിലൂടെ ധന മൂലധന കുത്തകകള്‍ക്കു് സമ്പത്തു് ചോര്‍ത്തി കൊടുക്കുകയും ജനക്ഷേമ പദ്ധതികള്‍ പിന്‍വലിക്കുകയോ ഫലത്തില്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്തുമാണു് സര്‍ക്കാരുകള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുന്നതു്. ഇതു് പ്രതിസന്ധി ഘട്ടത്തിലും ധന മൂലധനം കൊഴുക്കുകയും ജനങ്ങള്‍ മാത്രം പാപ്പരാകുകയും ചെയ്യുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. ഇതൊന്നും പ്രതിസന്ധിക്കു് പരിഹാരം കാണാന്‍ ഉതകുന്നുമില്ല. ഇതാണു് ലോകമാകെ വിപ്ലവ വേലിയേറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിനു് പിന്നിലുള്ള ഭൌതിക സാഹചര്യം. 1 ശതമാനത്തിന്റെ കൊള്ളയ്ക്കെതിരെ 99% രംഗത്തു് വരാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. അതായതു്, വിപ്ലവ പരിതസ്ഥിതി പരിപക്വമായും സ്ഥായിയായും നിലനില്‍ക്കുന്നു. വസ്തു നിഷ്ഠ ഘടകം പാകമാണു്. ആത്മ നിഷ്ഠ ഘടകം, വിപ്ലവം അടിയന്തിരവശ്യമാണെന്നു് കാണുന്ന വിപ്ലവ ശക്തി തയ്യാറായാല്‍ മതി. വയറ്റാട്ടി രംഗത്തെത്തുകയേ വേണ്ടൂ.

ജനകീയ ജനാധിപത്യ വിപ്ലവം, യഥാര്‍ത്ഥ സംരംഭകര്‍ ധന മൂലധനത്തിനെതിരെ
ഈ വ്യവസ്ഥിതി മാറ്റേണ്ടതിനു് സംരംഭകര്‍ തന്നെ കലാപത്തിനിറങ്ങുന്ന സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുകയാണു്. എന്നാല്‍, സംഘടിത തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലല്ലാതെ അത്തരമൊരു സമരം വിജയിക്കില്ല. തൊഴിലാളി വര്‍ഗ്ഗം ആഗ്രഹിക്കുന്ന മാറ്റം വരുത്താനുള്ള സമയം സമാഗതമായിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗം സ്വയം തൊഴില്‍ സംരംഭകരേയും കൃഷിക്കാരേയും സഖ്യശക്തികളായി സംഘടിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കു് കൂടി സ്വീകാര്യമായ ജനകീയ ജനാധിപത്യ പരിപാടി മുന്നോട്ടു് വെച്ചു് അവരുമായി ഐക്യപ്പെടുകയുമാണു് കൊള്ള മാത്രം ധര്‍മ്മമായി കാണുന്ന ധന മൂലധന മേധാവിത്വം തകര്‍ക്കാനും സമൂഹത്തെ മുന്നോട്ടു് നയിക്കാനും ആവശ്യമായ അടിയന്തിര കര്‍മ്മ പരിപാടി.

മാര്‍ക്സിസം-ലെനിനിസം ശരിയെന്നു് തെളിയിക്കുന്നു, മുതലാളിത്ത തന്ത്രം പാളുന്നു
സോഷ്യലിസ്റ്റു് വിപ്ലവത്തിനു് പരിപക്വമായ പരിതസ്ഥിതി വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും ചാക്രിക പ്രതിസന്ധി ഒരേ സമയം മൂര്‍ച്ഛിച്ചു് രൂപപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളാണെന്ന മാര്‍ക്സിയന്‍ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പ്രസക്തമായി തുടര്‍ന്നു. എന്നാല്‍ സാമ്രാജ്യത്വം ചാക്രിക പ്രതിസന്ധികള്‍ അത്തരം പൊതു കുഴപ്പങ്ങളായി രൂപപ്പെടാതെ നോക്കുകയും വിപ്ലവ പരിതസ്ഥിതി ഒഴിവാക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു. അതിനര്‍ത്ഥം മാര്‍ക്സിസം തെറ്റിയെന്നല്ല. മറിച്ചു് മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വിരുദ്ധ ശക്തികളുടെ ഐക്യവും സംഘട്ടനവുമെന്ന പ്രകൃതി-സാമൂഹ്യ നിയമം ശരിയായി തന്നെ പ്രവര്‍ത്തിച്ചു എന്നാണു്. ചാക്രിക പ്രതിസന്ധി ഈട്ടം കൂടിയുണ്ടാകുന്ന പൊതു പ്രതിസന്ധി തള്ളി മാറ്റിയതിലൂടെ സാമ്രാജ്യത്വം ലോക മുതലാളിത്തത്തെ തുടര്‍ച്ചയായി നിലനില്‍ക്കുന്നതും നിരന്തരം രൂക്ഷമാകുന്നതുമായ മറ്റൊരു പൊതു പ്രതിസന്ധിയിലേയ്ക്കു് തള്ളി വിടുകയാണു് ചെയ്തിരിക്കുന്നതു്. വിപ്ലവ ശക്തികള്‍ക്കു് ഇനിയങ്ങോട്ടു് വിപ്ലവ സാഹചര്യം ഉരുത്തിരിയുന്നതു് നോക്കി കാത്തിരിക്കേണ്ടതില്ല. പകരം, വിപ്ലവത്തില്‍ താല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ക്കു് തങ്ങളുടെ ശക്തി സമാഹരിച്ചു് അതു് നിര്‍വഹിക്കുക മാത്രമേ വേണ്ടൂ. വിപ്ലവ പരിതസ്ഥിതി സാര്‍വ്വദേശീയമായി തന്നെ രൂപപ്പെട്ടിട്ടുണ്ടെങ്കിലും സോഷ്യലിസ്റ്റു് വിപ്ലവം പ്രകൃതത്തില്‍ ദേശീയമാണെന്ന കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷണം ശരിയായി തന്നെ തുടരും. കാരണം, ആത്മ നിഷ്ഠ ഘടകമായ വിപ്ലവ ശക്തികളുടെ ഏകീകരണവും ദൃഢീകരണവും ഇപ്പോഴും ദേശീയമായി മാത്രം നടക്കുന്നതിനുള്ള സാഹചര്യമേ രൂപപ്പെട്ടിട്ടുള്ളു.

വിപ്ലവ ശക്തികളുടെ ശാക്തീകരണം
വിപ്ലവ ശക്തികളുടെ വളര്‍ച്ച തടയുന്നതിനു് സാമ്രാജ്യത്വം ഉപയോഗിച്ച തന്ത്രങ്ങള്‍ വിതരിത ഉല്പാദന കേന്ദ്രങ്ങളിലൂടെ സംഘടിത തൊഴിലാളികളുടെ വളര്‍ച്ച തടയുകയും സംഘടിത മേഖലകളില്‍ പോലും അസംഘടിത തൊഴില്‍ പെരുപ്പിക്കുകയുമാണു്. ഇതു് മിച്ച മൂല്യ നിരക്കു് ഉയര്‍ത്താനും ഉപകരിച്ചിട്ടുണ്ടു്. പക്ഷെ, വിപ്ലവ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാന്‍ ഒരു പരിധി വരെ സാമ്രാജ്യത്വത്തിനു് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ വിപ്ലവ സ്വഭാവം ഉള്‍ക്കൊള്ളുന്ന തൊഴിലാളി വിഭാഗങ്ങളുടെ വളര്‍ച്ചയാണു് അതിലൂടെ ഉണ്ടായിരിക്കുന്നതു്. പരമ്പരാഗത ധാരണയനുസരിച്ചു് അസംഘടിതരെങ്കിലും ആധുനിക തൊഴിലാളി വര്‍ഗ്ഗം ഇന്നു് ലഭ്യമായിരിക്കുന്ന ആഗോള വിവര വിനിമയ ശൃംഘലയാല്‍ സ്വയം സംഘടിതരാണു്. അവരുടെ രാഷ്ട്രീയവല്‍ക്കരണം തടയാന്‍ ഇനി മേലാല്‍ സാമ്രാജ്യത്വത്തിനു് കഴിയുകയുമില്ല. കാരണം, പുതിയ മുതലാളിത്ത പൊതു കുഴപ്പം തൊഴിലാളികളുടെ മാത്രമല്ല, ഇതര വിഭാഗം ചൂഷിതരുടേയും ഒത്തു ചേരലിനുള്ള ഭൌതിക സാഹചര്യം സൃഷ്ടിക്കുന്നുണ്ടു്. സംഘടിത തൊഴിലാളി വര്‍ഗ്ഗം അതിന്റെ കടമ, വേണ്ടത്ര മുന്നൊരുക്കങ്ങളോടെ വിപ്ലവം നയിക്കാനുള്ള പ്രാപ്തി നേടുക എന്നതു് നിറവേറ്റി കഴിഞ്ഞിരിക്കുന്നു. അസംഘടിത തൊഴിലാളികളും കൃഷിക്കാരും സ്വയം തൊഴില്‍ സംരംഭകരും ആവാസ കേന്ദ്രാടിസ്ഥാനത്തില്‍ സംഘടിക്കുകയും വിവര വിനിമയ ശൃഖലയില്‍ അവയുടെ കേന്ദ്രീകരണം സാധിക്കുകയും ചെയ്യാമെന്നായിരിക്കുന്നു. വിപ്ലവ ശക്തികളുടെ ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ തൃണമൂല്‍ തലത്തിലുള്ള വിപ്ലവ ശക്തികളുടെ ജനാധിപത്യപരമായ ഐക്യ വേദിയാണു്. വിവര വിനിമയ ശൃംഖലയുടെ സഹായത്തോടെ ഉരുത്തിരിയുന്ന അവയുടെ പ്രാദേശിക-ദേശീയ-സാര്‍വ്വ ദേശീയ കേന്ദ്രീകരണം സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ സംഘടനയാണു്. അതു് വിപ്ലവാനന്തരം സോഷ്യലിസ്റ്റു് ജനാധിപത്യ വികാസത്തിന്റെ ഉപകരണവുമായിരിക്കും.

സോഷ്യലിസ്റ്റു് വിപ്ലവം പടി വാതുക്കല്‍
സോഷ്യലിസ്റ്റു് വിപ്ലവത്തിനും സോഷ്യലിസ്റ്റു് സമൂഹ നിര്‍മ്മാണത്തിനും നേതൃത്വം കൊടുക്കാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം ആശയപരമായി ആയുധവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിപ്ലവ ശക്തികള്‍ കര്‍മ്മ പരിപാടി തയ്യാറാക്കി പ്രവര്‍ത്തനോന്മുഖമാകുകയേ വേണ്ടൂ. നിരന്തരം ചൂഷണവും മര്‍ദ്ദനവും പീഢനവും അനുഭവിക്കേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നും അവശേഷിക്കുന്നില്ല. അതാണു് വിപ്ലവത്തിന്റെ അനിവാര്യത. വിപ്ലവ ശക്തികളുടെ വളര്‍ച്ചയും ദൃഢീകരണവും ദേശീയമായ വ്യത്യസ്തതകളോടെ നടക്കും. അത്തരം ഓരോ മുന്നേറ്റവും ആഗോള സോഷ്യലിസ്റ്റു് വിപ്ലവത്തിനു് ആക്കം കൂട്ടുകയും ചെയ്യും.

ജോസഫ് തോമസ്.

Blog Archive