Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, October 14, 2012

കോടതി ഭാഷ മലയാളം ആക്കുക



കേരളത്തിലെ കോടതി നടപടികളും ഭരണനിര്‍വ്വഹണവും മലയാളത്തിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വിജ്ഞാന വ്യാപനത്തിനും സംസ്ഥാനത്തിന്റെ സമഗ്രവും സ്ഥായിയുമായ പുരോഗതിക്കും അതു് അത്യാവശ്യമാണു്. ആറര പതിറ്റാണ്ടിന്റെ സ്വയം ഭരണത്തിനു് ശേഷവും ഭരണ കാര്യങ്ങളും നിയമവും സാധാരണക്കാര്‍ക്കു് മനസിലാക്കാന്‍ കഴിയാതെ പോകുന്നതു് നിലവില്‍ അവ അന്യ ഭാഷയില്‍ കൈകാര്യം ചെയ്യപ്പെടുന്നതുകൊണ്ടാണു്. 'തുടക്കമെന്ന നിലയില്‍ കീഴ്ക്കോടതി നടപടികള്‍ മലയാളത്തിലാക്കണം' എന്ന മലയാളം ഐക്യ പ്രസ്ഥാനത്തിന്റെ ആവശ്യത്തോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ പൂര്‍ണ്ണമായും യോജിക്കുന്നു. ഭരണ ഭാഷയും കോടതിഭാഷയും മലയാളം ആയിരിക്കേണ്ടതു് ജനാധിപത്യ വികാസവും ബഹുജനങ്ങളുടെ വിവര സ്വാതന്ത്ര്യവും പോലെ തന്നെ സമൂഹത്തിന്റെ വിജ്ഞാന സ്വാതന്ത്ര്യത്തിന്റേയും ആവശ്യമാണു്. അതാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ വേദിയുടേയും കാഴ്ചപ്പാടു്.

നിലവില്‍ ഇംഗ്ലീഷിനു് അനുകൂലമായ വാദഗതികള്‍ ശക്തമാണു് ഇംഗ്ലീഷിലാണു് നിയമപുസ്തകങ്ങള്‍ ലഭ്യമാകുന്നതും ആ ഭാഷയിലാണു് പഠിക്കുന്നതു് എന്നതുമാണു് അവ. സ്വാഭാവികമായും ഇന്നു് അവ ഇംഗ്ലീഷില്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു് മാറ്റം പീഢനമാകും, അവര്‍ മലയാളത്തിലേയ്ക്കുള്ള മാറ്റത്തെ എതിര്‍ക്കുന്നു. ഭരണ രംഗത്തും ഇതേ സമീപനം കാണുന്നു. ഈ പ്രശ്നത്തിനു് പരിഹാരം കാണണം.

മലയാളം നിയമ ഭാഷയും കൂടിയായി വളരണം നിയമങ്ങള്‍ മലയാളത്തിലേയ്ക്കു് തര്‍ജ്ജമ ചെയ്യപ്പെടണം, നിയമ പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കപ്പെടണം, നിയമ പഠനത്തിന്റെ ബോധന മാധ്യമം മലയാളമാകണം. ഇവയെല്ലാം സര്‍ക്കാരിന്റെ കടമകളാണു്. ടൈപ്പ്റൈറ്ററുകളില്ലാത്തതിനാലാണു് മലയാളം കോടതി ഭാഷയാക്കാന്‍ കഴിയാത്തതെന്ന വാദം നിലനില്‍ക്കില്ല. കാരണം, ഇന്നു് ടൈപ്പ് റൈറ്ററുകള്‍ക്കു് പകരം കമ്പ്യൂട്ടറുകളാണുപയോഗിക്കുന്നതു് കമ്പ്യൂട്ടറുകളില്‍ മറ്റേതു് ഭാഷയും പോലെ മലയാളവും ഉപയോഗിക്കാം.

സര്‍ക്കാരിനു് മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ആവശ്യമാണു് അതിനു് ജനങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാകണം, പൊതു നിലപാടു് രൂപപ്പെടണം. മലയാളം ഇംഗ്ലീഷ് ഭാഷ പോലെ വികസിക്കുന്നില്ല എന്ന പ്രശ്നം നിലനില്‍ക്കുന്നു. വികസിക്കാത്തതിനു് കാരണം ഉപയോഗിക്കപ്പെടാത്തതാണു്. പ്രായോഗികതാവാദവും വികലമായ ധാരണകളും പലരേയും നയിക്കുന്നു. ജനകീയ സമ്മര്‍ദ്ദത്തിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു.

സമൂഹം മലയാളത്തേക്കാള്‍ ഇംഗ്ലീഷിനു് മേന്മകള്‍ കാണുന്നു വിദേശത്തു് ജോലിക്കു് ബന്ധഭാഷ ഇംഗ്ലീഷാണു്. വിവര സാങ്കേതിക വിദ്യയുടെ ഭാഷ, ശാസ്ത്രത്തിന്റെ ഭാഷ, സാങ്കേതിക വിദ്യയുടെ ഭാഷ, നിയമത്തിന്റെ ഭാഷ ഇവയെല്ലാം ഇംഗ്ലീഷാണെന്നു് സമൂഹം കാണുന്നു. മലയാളികള്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഭരണ ഭാഷയും കോടതി ഭാഷയും ഇംഗ്ലീഷ് ഭാഷതന്നെയായി തുടരുന്നു. ഇംഗ്ലീഷിനൊപ്പം മലയാളവും വികസിപ്പിക്കുകയാണു് പരിഹാരം. വിവര വിനിമയ സങ്കേതങ്ങള്‍ മലയാളത്തിലും വികസിപ്പിക്കണം. അതു് പ്രാദേശികമായി തന്നെ സാദ്ധ്യവുമാണു്.

നിലവില്‍ മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിക്കുന്നില്ല കാരണം, സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകള്‍ മാത്രം ഉപയോഗിക്കുന്നതാണു് അവയുടെ മൂലകോഡുകള്‍ ഉപഭോക്താക്കള്‍ക്കു് ലഭ്യമല്ല. അവയുടെ ലൈസന്‍സ് വ്യവസ്ഥകള്‍ പ്രകാരം പകര്‍ത്തുന്നതും പഠിക്കുന്നതും മാറ്റം വരുത്തുന്നതും പങ്കു് വെയ്ക്കുന്നതും തടയപ്പെട്ടിരിക്കുന്നു. അതിനാല്‍, അവയില്‍ പ്രാദേശിക ഭാഷാ സമൂഹത്തിനു് സ്വന്തമായി ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കാനാവില്ല. ഒപ്പം മലയാളത്തോടുള്ള താല്പര്യക്കുറവും. ഇതൊരു വിഷമ വൃത്തമാണു്. ഫലം, മലയാളം സ്തംഭനാവസ്ഥ നേരിടുകയാണു്.

മാതൃഭാഷയിലാണു് കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ കഴിയുന്നതു് പശ്ചാത്തല വിവരവും വിജ്ഞാനവും പുതിയ ചിന്തയ്ക്കാവശ്യമാണു്. അമൂര്‍ത്തമായ ചിന്തയുടെ ഉപകരണം കൂടിയാണല്ലോ ഭാഷ. മാതൃഭാഷാ വിദ്യാഭ്യാസം ബുദ്ധിവികാസത്തിന്റെ അടിസ്ഥാന ഘടകമാണു്. മറ്റു് ഭാഷകള്‍ നന്നായി പഠിക്കാനും മാതൃഭാഷയിലുള്ള കഴിവു് കൂടിയേ തീരൂ. പുതിയ കാര്യങ്ങള്‍ ചിന്തിച്ചെടുക്കാനുള്ള കഴിവുണ്ടാകാന്‍ ബോധന ഭാഷ മാതൃഭാഷയായിരിക്കുന്നതാണു് നല്ലതു്.

മലയാളത്തിനു് അനുകൂലമായ സമവായം ഉണ്ടാകണം മലയാളത്തിന്റെ പിന്നോക്കാവസ്ഥ തുടരുന്നേടത്തോളം അതു് സാധ്യമല്ല. പിന്നോക്കാവസ്ഥ മാറ്റാനുള്ള സമയബന്ധിത പരിപാടിയാണാവശ്യം. മലയാളികളുടെ സംസ്കാരം സംരക്ഷിക്കാനും വിജ്ഞാനവ്യാപനത്തിനും ഭാഷാശേഷി ഉയര്‍ത്താനും കണക്കും ശാസ്ത്രവും നന്നായി പഠിക്കാനും സാങ്കേതികമികവും തൊഴില്‍ ശേഷിയും കൈവരിക്കാനും ജോലി സാദ്ധ്യത ഉയര്‍ത്താനും ശരിയായ യുക്തി ചിന്ത വളര്‍ത്താനും മലയാളം എല്ലാ രംഗത്തും ബോധന മാധ്യമം ആകണം.

മലയാളത്തെ ഏതൊരു ലോക ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കണം. ചില അടിയന്തിര നടപടികള്‍ കേരള സമൂഹം ഏറ്റെടുക്കണം. മലയാളം ലിപി പരിഷ്കാരം പുനപരിശോധിക്കപ്പെടണം. ഇന്നു് ടൈപ് റൈറ്ററുകളില്ല, കമ്പ്യൂട്ടറുകളാണുപയോഗിക്കപ്പെടുന്നതു് കമ്പ്യൂട്ടറുകള്‍ക്കു് പഴയ ലിപി വഴങ്ങും. മലയാളത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടും സാങ്കേതിക വിദ്യ ഉപയോഗിച്ചും മലയാളത്തെ ഇംഗ്ലീഷിനൊപ്പം വികസിപ്പിക്കണം. അതിനാവശ്യം മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കുകയും അവ ഉപയോഗിക്കുകയുമാണു്. അതിലൂടെ ഏതു് പ്രധാന ലോക ഭാഷയുമായും മലയാളികള്‍ക്കു് എളുപ്പത്തില്‍ സംവദിക്കാന്‍ കഴിയും.

ഭാഷാ സ്നേഹികളും സര്‍ക്കാരും ഏറ്റെടുക്കേണ്ട കടമകള്‍ മലയാളം പ്രസിദ്ധീകരണം യുണീകോഡിലാകണം. ഹിന്ദിയ്ക്കും ഗുജറാത്തിയ്ക്കും ബംഗാളിയ്ക്കും ഉള്ളതു് പോലെ ഇതര ഭാഷകളുമായി ലിപിമാറ്റവും വിവര്‍ത്തനവും മൊഴി ലിപിയായും ലിപി മൊഴിയായും മാറ്റുക തുടങ്ങിയ ഭാഷാ സങ്കേതങ്ങള്‍ മലയാളത്തില്‍ വികസിപ്പിക്കണം നമ്മുടെ ഭാഷാപോഷക വകുപ്പുകളും സ്ഥാപനങ്ങളും അടിയന്തിരമായി ഈ കടമ ഏറ്റെടുക്കണം. അതിലൂടെ മലയാളികള്‍ക്കു് ഏതു് ഭാഷക്കാരുമായും തത്സമയം മലയാളത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയും. കോടതിയില്‍ ഏതു് ഭാഷയില്‍ വാദം നടന്നാലും ഓരോരുത്തര്‍ക്കും തത്സമയം തങ്ങളുടെ ഭാഷയില്‍ അവ കേള്‍ക്കാനും പകര്‍പ്പുകള്‍ ലഭ്യമാക്കാനും സാധിക്കും.

മലയാളം ഭാഷാ സങ്കേതങ്ങള്‍ നമുക്കു് തന്നെ വികസിപ്പിക്കാം സാങ്കേതിക വിദ്യ ലഭ്യമാണു്. ആര്‍ക്കും ഉപയോഗിക്കാനും പഠിക്കാനും വികസിപ്പിക്കാനും പങ്കിട്ടുപയോഗിക്കാനും കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെറും ലഭ്യമാണു്. അവ ഉപയോഗിച്ചു് മലയാളികളായ വിവര സാങ്കേതിക വിദഗ്ദ്ധര്‍ക്കു് മലയാളം ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കാം. ഭാഷാ വിദഗ്ദ്ധര്‍ അതിനു് സഹകരിക്കുകയും സഹായിക്കുകയും വേണം. സര്‍ക്കാര്‍ അതിനുള്ള സംവിധാനവും വിഭവവും ലഭ്യമാക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വ്യാപകമാക്കണം അവ മാത്രമാണു് പ്രാദേശിക-തദ്ദേശീയ ഭാഷാ വികസനവും ജനാധിപത്യ വികാസവും വൈദഗ്ദ്ധ്യ പോഷണവും വ്യവസായവല്കരണവും നേടാനും സാംസ്കാരവും ദേശീയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാനും ഉതകുന്നതു്. അടിയന്തിരമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങണം.

സമവായവും സഹകരണവും മൂര്‍ത്തമായ പ്രവര്‍ത്തന പരിപാടിയുമാണാവശ്യം വര്‍ദ്ധിച്ച സാമൂഹ്യമായ ഇടപെടല്‍ ഉറപ്പാക്കിക്കൊണ്ടു്, മലയാളത്തെ ഭാവിയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുതകും വിധം വികസിപ്പിക്കണം. അതിനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ സൃഷ്ടിക്കപ്പെടണം. അതിനാവശ്യമായ ശക്തി സംഭരിക്കാന്‍ സംഘര്‍ഷങ്ങള്‍ക്കു് പകരം സമവായത്തിന്റെ മാര്‍ഗ്ഗം അവലംബിക്കണം, പരിപാടി തയ്യാറാക്കണം, സഹകരിച്ചു് പ്രവര്‍ത്തിക്കണം.

ആര്‍ക്കും പീഢനമില്ലാതെ എല്ലാവരുടേയും സഹകരണത്തോടെ മലയാളത്തെ കോടതി ഭാഷയായും ഭരണ ഭാഷയായും ഉയര്‍ത്താനും മലയാളികള്‍ മലയാളത്തില്‍ പഠിച്ചും തുടങ്ങാനും വഴിയൊരുക്കുന്നതിനു് മലയാളത്തില്‍ വിവര സങ്കേതങ്ങളുടെ വികസനം അടിയന്തിര കടമയായി ഏറ്റെടുക്കണം സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും മലയാളം വകുപ്പുകളും മലയാളം ഭാഷാ പോഷക വകുപ്പുകളും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയും അവയുടെ വരുതിയിലുള്ള മനുഷ്യ-പണ വിഭവം സമാഹരിച്ചു് സഹകരിച്ചു് പ്രവര്‍ത്തിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മലയാളം ഭാഷാ സങ്കേതങ്ങള്‍ക്കു് അടിത്തറയിടാം. മൂര്‍ത്തമായ പ്രവര്‍ത്തന പരിപാടികള്‍ ഏറ്റെടുക്കണം. അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന സൌകര്യങ്ങള്‍ പ്രയോഗിച്ചു് മെച്ചപ്പെടുത്തുക എന്ന കടമ കേരള സമൂഹവും ഏറ്റെടുക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് മലയാളത്തില്‍ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കുക എന്ന ആവശ്യവും കൂടി ഉള്‍പ്പെടുത്തി സര്‍ക്കാരിനു് കൂട്ടായ നിവേദനം നല്‍കുന്നതിനും സര്‍ക്കാരിനു് മേല്‍ ശക്തമായ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനായി ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചു് മലയാളികളുടെ ഇടയില്‍ മലയാളം ബോധന മാധ്യമമായും ഭരണഭാഷയായും കോടതി ഭാഷയായും മാറ്റുന്നതിനാവശ്യമായ സമവായം സൃഷ്ടിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഐക്യ മലയാള പ്രസ്ഥാനം അടിയന്തിരമായി ഏറ്റെടുക്കണം.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

9447738369, thomasatps@gmail.com, thomas@fsmi.in

No comments:

Blog Archive