Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, July 23, 2014

കോര്‍പറേറ്റ് ബജറ്റും സാധാരണക്കാരും - പ്രൊഫ. കെ എന്‍ ഗംഗാധരന്‍


(ദേശാഭിമാനി - 21-July-2014) വ്യക്തവും ലളിതവുമാണ് കേന്ദ്രബജറ്റിന്റെ പൊതുസമീപനം; ഒപ്പം അപകടകാരിയും. മനുഷ്യനേക്കാള്‍ പ്രധാനമാണ് മൂലധനം. വിതരണത്തേക്കാള്‍ പ്രധാനമാണ് സാമ്പത്തികവളര്‍ച്ച. അതിനാല്‍, വന്‍തോതില്‍ മൂലധനിക്ഷേപം നടക്കണം. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസം പാടില്ല. മുതല്‍മുടക്കാന്‍ കഴിയുന്ന കോര്‍പറേറ്റുകളുടെ കരങ്ങള്‍ക്ക് കരുത്തുപകരുകയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം. ദേശീയവരുമാനം ഉയര്‍ന്നാല്‍ പട്ടിണി ഒഴിയും, തൊഴിലില്ലായ്മ കടംകഥയാകും, വിലക്കയറ്റം വിദൂരസ്വപ്നമാകും. ഇപ്പോഴത്തെ 4.7 ശതമാനം വളര്‍ച്ചനിരക്ക് രണ്ടുമൂന്ന് വര്‍ഷത്തിനകം എട്ട് ശതമാനത്തിലേക്ക് എത്തിക്കുകയേ വേണ്ടൂ. ഇതാണ് കേന്ദ്രബജറ്റിന്റെ പൊതുസമീപനം. ഈ പൊതുസമീപനത്തിന്റെ അടിസ്ഥാനത്തിലുള്ള ബജറ്റ് അടങ്കലിന്റെ വീതംവയ്പാണ് അരുണ്‍ ജെയ്റ്റ്ലി നടത്തിയത്. സ്ത്രീകളും കുട്ടികളും ഏറ്റവുമധികം പീഡനമേല്‍ക്കുന്ന നാളില്‍ സ്ത്രീസുരക്ഷയ്ക്ക് 150 കോടിയും പട്ടേല്‍ പ്രതിമയ്ക്ക് 200 കോടിയും! ഒരു ഐഐടി പൂര്‍ണരൂപത്തിലെത്തിക്കാന്‍ 1800 കോടി രൂപ വേണമെന്നിരിക്കെ, അഞ്ച് ഐഐടികളും അഞ്ച് ഐഐഎമ്മുകളും തുടങ്ങാന്‍ 450 കോടി രൂപ!. സാമ്പത്തികവളര്‍ച്ച തൊഴിലില്ലായ്മ കുറയ്ക്കുമോ? ഇല്ല എന്നു സാക്ഷ്യപ്പെടുത്തുന്നത് സാമ്പത്തിക സര്‍വേതന്നെ (സര്‍വേ പേജ് 5). സാമ്പത്തികവളര്‍ച്ചയും തൊഴില്‍ ലഭ്യതയും തമ്മിലെ പൊരുത്തക്കേട് അതില്‍ ചേര്‍ത്തിട്ടുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പഠനവിവരങ്ങളാണ് ഉദ്ധരിച്ചിട്ടുള്ളത്. 2004-05ല്‍ അവസാനിച്ച ഏഴുവര്‍ഷം ആണ്ടില്‍ 5.3 ശതമാനം നിരക്കില്‍ സാമ്പത്തികവളര്‍ച്ചയുണ്ടായി. അക്കാലയളവില്‍ ആറുകോടി പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം ആണ്ടില്‍ 8.6 ശതമാനം നിരക്കില്‍ സാമ്പത്തികവളര്‍ച്ച. തൊഴിലവസരങ്ങളുടെ വര്‍ധന ഒന്നരക്കോടി. സാമ്പത്തികവളര്‍ച്ച ഒരു വഴി; തൊഴില്‍വളര്‍ച്ച മറുവഴി. തൊഴിലവസരം ഉയരാന്‍ സാമ്പത്തികവളര്‍ച്ച കുറഞ്ഞിരിക്കണമെന്നല്ല ഇതിന്റെ സന്ദേശം. തൊഴിലിനും സാധാരണക്കാരന്റെ വരുമാനവളര്‍ച്ചയ്ക്കും ഉതകുന്ന നിക്ഷേപങ്ങളും അതിനുസരണമായ സാമ്പത്തിക സമീപനവും ഉണ്ടാകണമെന്നാണ്. വന്‍തോതിലുള്ള നിക്ഷേപങ്ങളും ഉയര്‍ന്ന സാങ്കേതികവിദ്യകളും തൊഴില്‍ലഭ്യത ഇടിക്കും. ചെറുകിട- ഇടത്തരം കൃഷിയും വ്യവസായവും തൊഴില്‍ലഭ്യത കൂട്ടും; വാങ്ങല്‍ശേഷി വളര്‍ത്തും. മിനിമം ഭക്ഷ്യ ഊര്‍ജത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ദരിദ്രരെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയവും അപരിഷ്കൃതവുമായ മാനദണ്ഡമാണ്. കിട്ടുന്നത് ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തിപ്പോന്ന കാട്ടുജാതിക്കാരുടെ കാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ മാനദണ്ഡം. ഭക്ഷണം, വസ്ത്രം, വീട്, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, കുടിവെള്ളം, പാചകത്തിനുള്ള ഇന്ധനം, സാമൂഹ്യസുരക്ഷ ഇവയെല്ലാം ആധുനികസമൂഹത്തിന് ഒഴിവാക്കാന്‍ കഴിയുന്നതല്ല. ഇപ്പറഞ്ഞ ഘടകങ്ങള്‍ മാനദണ്ഡമാക്കി മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനപ്രകാരം ഗ്രാമങ്ങളില്‍ 44 ശതമാനവും (17.1 കോടി), പട്ടണങ്ങളില്‍ 61 ശതമാനവും (50.9 കോടി) ദരിദ്രരാണ്. അതായത്, മൊത്തം 56 ശതമാനം, അഥവാ 68 കോടി ഇന്ത്യക്കാര്‍. ഇതുവരെയുണ്ടായ സാമ്പത്തികവളര്‍ച്ച അടിത്തട്ടിലെ 77 ശതമാനത്തെ സ്പര്‍ശിച്ചില്ല എന്ന അര്‍ജുന്‍സെന്‍ ഗുപ്ത കമ്മിറ്റിയുടെ നിഗമനം പൂര്‍ണമായും ശരിവയ്ക്കുകയല്ലേ മേല്‍ പഠനം? സാധാരണക്കാര്‍ക്ക് ഭൂമിയോ തൊഴിലോ വരുമാനമോ ഉറപ്പാക്കാതെ, എങ്ങനെയാണ് വിദേശമൂലധനവും ഓഹരിക്കമ്പോളവും കോര്‍പറേറ്റ് നിക്ഷേപവും അവരെ രക്ഷപ്പെടുത്തുക? വിലക്കയറ്റം ബുള്ളറ്റ് ട്രെയിനിന്റെ വേഗത്തില്‍ കുതിക്കുകയാണ്. ഭക്ഷ്യവിലക്കയറ്റമാണ് ഏറെ രൂക്ഷം. അരിയുടെയും ഗോതമ്പിന്റെയും ഉല്‍പ്പാദനം സര്‍വകാല റെക്കോഡില്‍ (26.4 കോടി ടണ്‍) എത്തിയ വര്‍ഷംതന്നെ വിലക്കയറ്റം ഉച്ചസ്ഥായിയില്‍ (10 ശതമാനം) എത്തി. ഇതൊരു വൈപരീത്യമാണ്. ഉല്‍പ്പാദനം വര്‍ധിച്ചാലും വില കുറയില്ല; ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയാലേ വില കുറയൂ എന്നാണിതിന്റെ സന്ദേശം. കരിഞ്ചന്തയും പൂഴ്ത്തിവയ്പും അവധിവ്യാപാരവും വിലക്കയറ്റത്തിനിടയാക്കുന്നു എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ അടുത്തനിമിഷം അരിയുടെയും ഗോതമ്പിന്റെയും വില കുറയ്ക്കാം. എഫ്സിഐ ഗോഡൗണുകളില്‍ 3.19 കോടി ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കരുതല്‍ശേഖരം (ബഫര്‍ സ്റ്റോക്ക്) മതി. ഉള്ളത് 6.98 കോടി ടണ്‍. ആവശ്യമായതിനേക്കാള്‍ 118 ശതമാനം കൂടുതല്‍. കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും വിതരണംചെയ്യാന്‍ സര്‍ക്കാരിന് ധൈര്യമില്ല. മില്ലുടമകളുടെയും മൊത്തവ്യാപാരികളുടെയും എതിര്‍പ്പുതന്നെ കാരണം. മാത്രമല്ല, മിനിമം താങ്ങുവിലയ്ക്ക് സംഭരിച്ച ഭക്ഷ്യധാന്യം കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യുമ്പോഴുണ്ടാകുന്ന സബ്സിഡിച്ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. സബ്സിഡി വഹിക്കുന്നതിനേക്കാള്‍ പ്രധാനം മില്ലുടമകളുടെയും കുത്തക വ്യാപാരികളുടെയും ലാഭവും അവരുടെ രാഷ്ട്രീയ പിന്തുണയുമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒറ്റ നിര്‍ദേശമേ ബജറ്റിലുള്ളൂ. അതാകട്ടെ, വിലകള്‍ ഉയര്‍ത്തുന്നതും! ഭക്ഷ്യധാന്യങ്ങള്‍ പൊതുകമ്പോളത്തില്‍ സര്‍ക്കാര്‍തന്നെ ലേലംചെയ്യുന്ന രീതി (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം) മുന്‍ സര്‍ക്കാര്‍ പിന്തുടര്‍ന്നുപോന്നതാണ്. അതു തുടരാനാണ് നിര്‍ദേശം. മൊത്തവ്യാപാരികളും കയറ്റുമതിക്കാരുമാണ് ലേലത്തിലെ പങ്കാളികള്‍. അവര്‍ പരസ്പരധാരണയോടെ ലേലസംഖ്യ കുറച്ച് (മദ്യഷാപ്പുകളുടെയും കൂപ്പുലേലത്തിന്റെയും അതേ രീതി), ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നു. കയറ്റുമതിയും നടത്തുന്നു. രണ്ടായാലും ഫലം വിലനിയന്ത്രണമല്ല, വിലക്കയറ്റമാണ്. ആഭ്യന്തര നിക്ഷേപ ദൗര്‍ലഭ്യംമൂലമാണ് വിദേശ മൂലധനം സ്വാഗതംചെയ്യുന്നതെന്ന വാദം നിരര്‍ഥകമാണ്. പ്രതിരോധ മേഖലയും ഇന്‍ഷുറന്‍സും ചില്ലറ വ്യാപാരവും റെയില്‍വേയും മറ്റും തങ്ങള്‍ക്കുമുന്നില്‍ തുറന്നിടണമെന്ന വിദേശ മൂലധനത്തിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണ്. അതിനുള്ള തൊടുന്യായമാണ് ആഭ്യന്തരനിക്ഷേപത്തിലെ കുറവ്. ആഭ്യന്തര നിക്ഷേപത്തിന്റെ സ്രോതസ്സുകള്‍ രണ്ടാണ്. സര്‍ക്കാരും സ്വകാര്യമേഖലയും. നിക്ഷേപിക്കാനുള്ള സര്‍ക്കാരിന്റെ കഴിവ് ചലനമറ്റതല്ല. വര്‍ധിപ്പിക്കാന്‍ കഴിയും. നികുതിഘടന പരിഷ്കരിച്ചും നികുതിനിരക്ക് ഉയര്‍ത്തിയും വരുമാനവര്‍ധന സാധ്യമാണ്. നികുതിവരുമാനവും ദേശീയവരുമാനവും തമ്മിലെ അനുപാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പത്തുശതമാനമാണ് അനുപാതം. ഇംഗ്ലണ്ടില്‍ 26.9 ശതമാനവും നോര്‍വേയില്‍ 27.3 ശതമാനവും ഡെന്മാര്‍ക്കില്‍ 34.1 ശതമാനവും ബെല്‍ജിയത്തില്‍ 25.7 ശതമാനവുമാണിത്. അനുപാതം ഉയര്‍ത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ട്. പക്ഷേ, നിര്‍ദേശങ്ങളില്ല. വഞ്ചനാപരമാണ് നിര്‍ദേശം എന്നര്‍ഥം. കുറഞ്ഞ നികുതിനിരക്കുകളും ഇളവുകളും വെട്ടിപ്പുകളുമാണ് നികുതിസമാഹരണം കുറയാന്‍ കാരണം. 2013-14 സാമ്പത്തികവര്‍ഷം 5.73 ലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയെന്ന് ബജറ്റ് വെളിപ്പെടുത്തുന്നു. 2014-15 വര്‍ഷത്തെ പദ്ധതി അടങ്കല്‍ 5.75 ലക്ഷം കോടി രൂപയാണ്. അതായത് പദ്ധതിച്ചെലവിന്റെ അത്രതന്നെ തുക നികുതി ഇളവായി നല്‍കുന്നു. കോര്‍പറേറ്റ് നികുതിയിളവു മാത്രം 76,116 കോടി രൂപ. കോര്‍പറേറ്റ് നികുതി ഇളവ് ഉപേക്ഷിച്ച്, പതിനായിരം കോടി രൂപകൂടി ചെലവിട്ടാല്‍ പെട്രോളിയം സബ്സിഡി (85,480 കോടി രൂപ) നിലനിര്‍ത്താം. പെട്രോളും ഡീസലും പാചകവാതകവും മണ്ണെണ്ണയും നിലവിലെ വിലയ്ക്ക് തുടര്‍ന്നും നല്‍കാം. മൊത്തം നികുതി ഇളവുകള്‍ (5.73 ലക്ഷം കോടി രൂപ) ഒഴിവാക്കിയാല്‍ ധനകമ്മി (5.28 കോടി) തുടച്ചുമാറ്റാം. എല്ലാത്തരം സബ്സിഡികളും തുടരാം. പക്ഷേ, ഇവയെല്ലാം സങ്കല്‍പ്പനങ്ങള്‍ മാത്രം. സര്‍ക്കാര്‍ നയം അതല്ല; നികുതിസമാഹരണം ദുര്‍ബലപ്പെടുത്തുകയും സബ്സിഡികള്‍ ഒഴിവാക്കുകയുമാണ്. ഇന്ത്യയില്‍ സ്വകാര്യമേഖല ശക്തമാണ്. ഭൂമിയും വ്യവസായങ്ങളും ധനകാര്യസ്ഥാപനങ്ങളും അവ കൈയടക്കുന്നു; അല്ലെങ്കില്‍ നിയന്ത്രിക്കുന്നു. സ്ഥാപനങ്ങള്‍ വന്‍ ലാഭമുണ്ടാക്കുന്നുണ്ട്. സര്‍ക്കാരില്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ച 6,18,806 കമ്പനികളില്‍ 2,84,697 എണ്ണം ഒരു പൈസപോലും നികുതിയടച്ചില്ല. നഷ്ടമെന്നാണ് വാദം. 3,34,109 (53.99 ശതമാനം) കമ്പനികള്‍ 10.87 ലക്ഷം കോടി രൂപ ലാഭം റിപ്പോര്‍ട്ട് ചെയ്തു. എല്ലാത്തരം ഇളവുകള്‍ക്കും വെട്ടിപ്പുകള്‍ക്കും ശേഷം അവ സ്വയമേവ സമര്‍പ്പിച്ച ടാക്സ് റിട്ടേണുകള്‍ പ്രകാരമാണ് ഈ ലാഭത്തുക. യഥാര്‍ഥ ലാഭം എത്രയോ വലുതായിരിക്കുമെന്ന് ഊഹിക്കുകയേ നിര്‍വാഹമുള്ളൂ. ലാഭവും അവിഹിതമാര്‍ഗങ്ങളിലൂടെ കൈയടക്കുന്ന വരുമാനവും വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്നു. ലാഭം ഇന്ത്യയില്‍ത്തന്നെ പുനര്‍നിക്ഷേപിച്ച് ഉല്‍പ്പാദനം വളര്‍ത്തല്‍ അജന്‍ഡയിലില്ല. നിഷേപത്തിനുള്ള മൂലധനം വിദേശവായ്പകളായി സമാഹരിക്കുന്നു. കാരണം വിദേശവായ്പയ്ക്ക് പലിശനിരക്ക് വളരെ കുറവാണ്. രാജ്യത്തിന്റെ മൊത്തം വിദേശ കടബാധ്യതയുടെ 33.3 ശതമാനം അത്തരം വായ്പകളാണെന്നു സാമ്പത്തികസര്‍വേ പറയുന്നു. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നുണ്ട്. സ്വകാര്യ-പൊതുപങ്കാളിത്ത (പിപിപി) സംരംഭങ്ങള്‍ക്കുള്ള മൂലധന നിക്ഷേപത്തില്‍ സ്വകാര്യമേഖലാ നിക്ഷേപം ബാങ്കുവായ്പയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വന്‍കിട സ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നു. അവസാനം പ്രവര്‍ത്തനക്ഷമമല്ലാത്ത ആസ്തി ആയി അവ എഴുതിത്തള്ളുന്നു. ബാങ്കിങ് മേഖലയുടെ മൊത്തം വായ്പയില്‍ 2011 മാര്‍ച്ചില്‍ 2.36 ശതമാനം കിട്ടാക്കടമായിരുന്നു. 2014 മാര്‍ച്ചില്‍ അത് 3.9 ശതമാനമായി ഉയര്‍ന്നു. ശതമാനക്കണക്ക് പറഞ്ഞാല്‍ ശരിയായ രൂപം ലഭിക്കുകയില്ല. 2,04,249 കോടിയായി ഉയര്‍ന്നു എന്നു പറഞ്ഞാല്‍ ഏകദേശരൂപം കിട്ടും. വിദേശ മൂലധനം ഉല്‍പ്പാദനവും തൊഴിലവസരങ്ങളും ഉയര്‍ത്തുമെന്നു കരുതേണ്ട. ഓഹരിക്കമ്പോളത്തിലേക്കാണ് മൂലധനമെത്തുന്നത്. റെയില്‍വേയുടെയും പ്രതിരോധ ഫാക്ടറികളുടെയും എല്‍ഐസിയുടെയും പൊതുമേഖലാ ബാങ്കുകളുടെയുമെല്ലാം ഓഹരികള്‍ വിദേശ കരങ്ങളിലെത്തുന്നതോടെ ആ മേഖലകളുടെ നിയന്ത്രണവും വിദേശ മൂലധനത്തിനാവും. ഓഹരി ഇടപാടിലാണ് ധനമൂലധനം നിക്ഷേപിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം എത്തിച്ചേര്‍ന്നത് 27.58 ശതകോടി ഡോളറിന്റെ ധനമൂലധനം. ഇക്കൊല്ലമത് 35 ശതകോടി ഡോളറാകുമെന്ന് അസോചം കണക്കാക്കുന്നു. ലാഭം ദേശീയവും വിദേശീയവുമായ ഓഹരി ഇടപാടുകാര്‍ക്ക് ചെന്നുചേരും. ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഒരു ഉദാഹരണം. ജൂലൈ 7നും 14നും ഇടയില്‍ ഇന്‍ഫോസിസിന്റെ ഓഹരി വില 86.6 രൂപ കണ്ട് വര്‍ധിച്ചു. കോടിക്കണക്കിന് ഓഹരികള്‍ കൈമാറ്റപ്പെടുമ്പോള്‍ ലാഭമെത്രയെന്ന് ഊഹിച്ചാല്‍ മതി. - See more at: http://deshabhimani.com/dbnew/news-articles-all-latest_news-385248.html#sthash.Mpyrymxs.dpuf

രാജ്യരക്ഷയും അടിയറവയ്ക്കുന്നു


(ദേശാഭിമാനി - മുഖപ്രസംഗം - on 20-July-2014) രാജ്യസുരക്ഷയുമായി നാഭീനാള ബന്ധമുള്ള പ്രതിരോധ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിന്റെ ഭാഗമായി, ചരക്കുകടത്ത് വിമാന നിര്‍മാണമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് മോഡിസര്‍ക്കാര്‍. നിലവിലുള്ള 56 ആവ്റോ വിമാനങ്ങള്‍ക്കു പകരം പുതിയ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനാണ് വിദേശ പങ്കാളിത്തത്തോടെ ആഭ്യന്തര സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇതോടെ വ്യോമസേനാ വിമാനിര്‍മാണത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനുള്ള കുത്തകാവകാശം പൂര്‍ണമായും ഇല്ലാതാകും. റിലയന്‍സ്, ടാറ്റ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി തുടങ്ങിയ കമ്പനികള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. വിമാന നിര്‍മാണമേഖലയില്‍ ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനികള്‍ക്കാണ് അനുമതി നല്‍കുന്നത്. അതിനര്‍ഥം ഈ ഇന്ത്യന്‍ കമ്പനികള്‍ വിദേശകമ്പനികള്‍ക്ക് കടന്നുവരാനുള്ള വാഹനം മാത്രമായിരിക്കുമെന്നാണ്. പ്രതിരോധ മേഖലയെ പൂര്‍ണമായും വിദേശ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുന്നതിന്റെ ഭാഗമായുള്ള ഏറ്റവും നിര്‍ണായക തീരുമാനമാണ് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതിയില്‍നിന്ന് ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ കോര്‍പറേറ്റുകള്‍ കോടികള്‍ ഒഴുക്കി നല്‍കിയ പിന്തുണയ്ക്ക് മോഡിസര്‍ക്കാര്‍ രാജ്യരക്ഷയെപ്പോലും പണയംവച്ചു നല്‍കുന്ന പ്രത്യുപകാരമാണ് ഇത്. ഡിആര്‍ഡിഒ, മറ്റ് അഞ്ച് പൊതുമേഖലാ യൂണിറ്റുകള്‍, 39 ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ എന്നിവയെ ക്രമേണ സര്‍ക്കാര്‍ അവഗണിക്കുമെന്നും പുതിയ തീരുമാനം സൂചിപ്പിക്കുന്നു.സങ്കുചിതമായ ദേശീയാഭിമാനബോധം പ്രചരിപ്പിക്കുന്ന ബിജെപി സര്‍ക്കാര്‍തന്നെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രതിരോധ മേഖല സ്വകാര്യ-വിദേശ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തത്. 2001ല്‍ വാജ്പേയി സര്‍ക്കാരാണ് പ്രതിരോധ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്. ഇതോടെ പ്രതിരോധമേഖലയിലെ ആയുധ ഉപകരണങ്ങളുടെ ഇറക്കുമതി കുറയുമെന്ന് വാദിച്ചു. എന്നാല്‍, ഈ രംഗത്ത് കാര്യമായ ഒരു സ്വകാര്യ നിക്ഷേപവും കടന്നുവന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയും വിദേശപങ്കാളിത്തത്തോടെ ഒരു പ്രധാന ഫാക്ടറിപോലും തുറന്നിട്ടില്ല. ബജറ്റ് പ്രസംഗത്തിന് മറുപടി പറയവെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞത് ഇപ്പോഴും 70 ശതമാനം പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന്് ഇറക്കുമതി ചെയ്യുന്നുവെന്നാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് സ്വകാര്യ പങ്കാളിത്തം 49 ശതമാനമായി ഉയര്‍ത്താന്‍ മോഡിസര്‍ക്കാര്‍ തയ്യാറായതത്രെ! അമ്പത്തൊന്ന് ശതമാനം ഓഹരികള്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്കായിരിക്കുമെന്നതിനാല്‍ പ്രതിരോധ നിര്‍മാണം വിദേശ കമ്പനികളുടെ കൈവശമെത്തില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എന്നാല്‍, 26 ശതമാനം വിദേശ പങ്കാളിത്തം അനുവദിച്ചപ്പോള്‍ വിദേശ-സ്വദേശ സ്വകാര്യ പങ്കാളിത്തത്തില്‍ പ്രധാന ഫാക്ടറികളൊന്നും തുറക്കാത്തതുപോലെ 49 ശതമാനം അനുവദിച്ച ഈ ഘട്ടത്തിലും അത് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ മോഡിസര്‍ക്കാരിന് സ്വകാര്യ പങ്കാളിത്തം 76 ശതമാനമോ 100 ശതമാനമോ ആക്കി ഉയര്‍ത്തേണ്ടി വരും. അപ്പോള്‍മാത്രമേ അമേരിക്കയിലെ ബോയിങ്ങും ലോക്ക്ഹീഡ് മാര്‍ട്ടിനും റഷ്യയിലെ ഇല്യൂഷിനും ഉക്രൈനിലെ അന്റോനോവും ഇറ്റലിയിലെ അലേനിയ അയര്‍മാച്ചിയും പോലുള്ള ആയുധക്കമ്പനികള്‍ ഇന്ത്യയില്‍ പ്രതിരോധനിര്‍മാണ യൂണിറ്റുകള്‍ തുറക്കൂ. അതുകൊണ്ടുതന്നെ അടുത്ത അഞ്ചു വര്‍ഷത്തിനകം മോഡിസര്‍ക്കാര്‍ പ്രതിരോധമേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് ഉറപ്പാണ്. അധികാരമേറി രണ്ടുമാസം തികയുന്നതിനു മുമ്പ് 49 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മോഡിക്ക് ഇന്ത്യന്‍ പ്രതിരോധമേഖലയെ പൂര്‍ണമായും വിദേശ കമ്പനികള്‍ക്ക് തീറെഴുതുന്നതിന് ഒരു മടിയുമുണ്ടാകില്ല. ഇക്കാര്യത്തില്‍ മോഡിക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുകയും ചെയ്യും.പ്രതിരോധ നിര്‍മാണം പൂര്‍ണമായും സ്വകാര്യമേഖലയുടെ, വിദേശ ശക്തികളുടെ കൈകളിലാകുന്നത് രാജ്യസുരക്ഷയെ അപകടത്തിലാക്കും. കാര്‍ നിര്‍മാണമോ മറ്റേതെങ്കിലും യന്ത്ര നിര്‍മാണമോ പോലെ ലഘുവായ പ്രശ്നമായി ഇതിനെ കാണാനാവില്ല. മൂന്ന് സൈനികദളങ്ങളാണ് അവര്‍ക്കാവശ്യമുള്ള ആയുധങ്ങളുടെ രൂപകല്‍പ്പനചെയ്യുന്നത്. അതിനുസരിച്ചുള്ള ആയുധങ്ങളാണ് നിര്‍മിക്കേണ്ടത്. ഈ രൂപകല്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറുമ്പോള്‍ ശത്രുരാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറ്റംചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഇവിടെ അപകടത്തിലാകുന്നത് രാജ്യസുരക്ഷതന്നെ. അമേരിക്കയിലേതുപോലെ സൈനിക വ്യവസായ കോര്‍പറേഷന്‍ രൂപീകരണത്തിന് വര്‍ധിച്ച സ്വകാര്യവല്‍കരണം വഴിവയ്ക്കും. ഇത്തരം വ്യവസായ സൈനിക കൂട്ടുകെട്ട് അവരുടെ ലാഭത്തില്‍ മാത്രമാകും ശ്രദ്ധിക്കുക. കൂടുതല്‍ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വേണ്ടി അവര്‍ നിലകൊള്ളും. മധ്യപൗരസ്ത്യ മേഖലകളിലെ സംഘര്‍ഷങ്ങളും അമേരിക്കയിലെ സൈനിക-വ്യവസായ കോംപ്ലക്സുകളും തമ്മിലുള്ള ബന്ധം ഉദാഹരണം. രാജ്യത്തെ വിമതര്‍ക്ക് ആയുധം കൈമാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിദേശകമ്പനികളില്‍നിന്ന് ആയുധം വാങ്ങുന്നതാണ് അഴിമതിക്ക് കാരണമെന്നും വിദേശപങ്കാളിത്തത്തോടെ ഇന്ത്യയില്‍ കമ്പനികള്‍ തുറന്നാല്‍ അഴിമതിക്കുള്ള അവസരം കുറയുമെന്നുമാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. 1980 കളിലെ ബൊഫോഴ്സ് ഇടപാടാണ് പ്രതിരോധ മേഖലയിലെ ഏറ്റവും പ്രധാന അഴിമതി. തുടര്‍ന്ന് കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ ആയുധങ്ങളിലും ശവപ്പെട്ടിയിലും വരെ അഴിമതി നിറഞ്ഞു. അവസാനമായി യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലും. പ്രതിരോധമേഖല സ്വകാര്യ മേഖലയ്ക്ക് കൈമാറിയാല്‍ ഈ അഴിമതി പതിന്മടങ്ങ് വര്‍ധിക്കാനാണ് സാധ്യത. ഇന്ത്യന്‍ പ്രതിരോധരംഗത്തെ സ്വാശ്രയവല്‍ക്കരിക്കാനല്ല; മറിച്ച്, കൂടുതല്‍ വിദേശ ആശ്രിതമാക്കാനും അതുവഴി രാജ്യരക്ഷയെത്തന്നെ അപകടപ്പെടുത്താനുംമാത്രമേ സര്‍ക്കാരിന്റെ പുതിയ തീരുമാനം ഉപകരിക്കൂ. - See more at: http://deshabhimani.com/dbnew/news-editorial-all-latest_news-385154.html#sthash.Vwur1j5r.dpuf

Tuesday, July 15, 2014

നവ ലിബറലിസത്തിന്റെ ദുഷ്ടമായ പിടിക്കുള്ളില്‍ : സി പി ചന്ദ്രശേഖര്‍


(Courtesy : Deshabhimani - Posted on: 10-Jul-2014 11:24 PM) ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരിനെ മുന്‍ഗാമിയായ യുപിഎ സര്‍ക്കാരില്‍നിന്ന് വേര്‍തിരിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായാലും സാമ്പത്തികനയം അതില്‍പ്പെടുന്നില്ല. ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി തീര്‍ച്ചയോടെ വോട്ടുചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയതുതന്നെ. ഇതാണ് ശരിയെങ്കില്‍ 2014-15 സാമ്പത്തിക വര്‍ഷത്തിലേക്കായി അവതരിപ്പിച്ച ഈ ആദ്യ ബജറ്റ് കൊണ്ടുതന്നെ മാറ്റത്തിനുവേണ്ടി ആഗ്രഹിച്ച ജനങ്ങള്‍ നിരാശരായിട്ടുണ്ടാകണം. സാമ്പത്തിക നയരംഗത്ത് കാര്യമായി ഒന്നും മാറിയതായി തോന്നുന്നില്ല. മുമ്പത്തെപ്പോലെതന്നെ ധനമന്ത്രിയുടെ പ്രസംഗം ശ്രമകരവും നിസ്സാരതകള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. ആദ്യഭാഗം ദീര്‍ഘവും രണ്ടാംഭാഗം ഹ്രസ്വവും. നിലവിലുള്ള പദ്ധതികള്‍ പുനഃസംഘടിപ്പിച്ചുണ്ടാക്കിയതോ നേരത്തെതന്നെ നിലനില്‍ക്കുന്നവ പുതിയ പേരില്‍ അവതരിപ്പിച്ചതോ ആയിരുന്നു ചില നിര്‍ദേശങ്ങള്‍. ഇവ കൂടി ഉള്‍പ്പെട്ടതും വാര്‍ഷിക പൊതുബജറ്റിന്റെ പരിധിയില്‍ പെടാത്തതുമായ കൊച്ചുകൊച്ചു നടപടികള്‍ നിരത്താനാണ് ഏറെ സമയവുമെടുത്തത്. മറ്റുള്ളവയാകട്ടെ, വന്‍ തുക ആവശ്യമുള്ളയിടത്ത് തുച്ഛമായ തുക മാത്രം നീക്കിവച്ച് നിരര്‍ഥകമാക്കിയിട്ടുള്ളവയായിരുന്നു. യുപിഎയേക്കാള്‍ പരിഷ്കരണവാദികളും ബിസിനസ് അനുകൂലികളുമാണ് എന്‍ഡിഎ എന്ന് വിദേശനിക്ഷേപകരോടും ഇന്ത്യയിലെതന്നെ വന്‍കിട മൂലധനശക്തികളോടും പ്രഖ്യാപിക്കുക എന്നതായിരുന്നു ഈ അഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ. അതുകൊണ്ടുതന്നെ, ഇന്‍ഷുറന്‍സ്-പ്രതിരോധ ഉല്‍പ്പാദന രംഗങ്ങളിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തി. മൂലധന കമ്പോളത്തിലെ നിക്ഷേപകര്‍ക്ക് സുപ്രധാന ഇളവുകള്‍ നല്‍കി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വാണിജ്യ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് ആനുകൂല്യം നല്‍കി. വ്യവസായങ്ങള്‍ക്ക് വിശാലമാക്കപ്പെട്ട നിക്ഷേപ അലവന്‍സ് പദ്ധതി ഉള്‍പ്പെടെ ഇളവുകളും സൗജന്യങ്ങളും നല്‍കി. പക്ഷേ, പ്രശ്നം മറ്റൊരിടത്താണ്. ഈ നടപടികളൊന്നും തന്നെ രാജ്യത്തിനാവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ വികസനത്തെ ത്വരിതപ്പെടുത്തുകയോ ചെയ്യില്ല എന്നിടത്താണ്. വളര്‍ച്ചാനിരക്ക് മുമ്പോട്ടുകൊണ്ടുപോകണമെങ്കില്‍ സര്‍ക്കാര്‍ ഗ്രാമ-നഗര അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പണം ചെലവാക്കണം; വിവിധങ്ങളായ തരത്തില്‍ നിക്ഷേപം നടത്തണം. ചെലവാക്കാന്‍ വേണ്ട പണത്തിനുള്ള വിഭവസ്രോതസ്സ് കണ്ടെത്തണം. എന്‍ഡിഎയുടെ ധനമന്ത്രിയാകട്ടെ, വിഭവങ്ങള്‍ കണ്ടെത്താനുള്ള ഒരു താല്‍പ്പര്യവും പ്രകടിപ്പിക്കുന്നില്ല. പകരം മുന്‍ സര്‍ക്കാരുകളെ അനുകരിച്ചുകൊണ്ട് അദ്ദേഹം മധ്യവിഭാഗ നികുതിദായകര്‍ക്ക് വിപുലീകൃതമായ ആദായനികുതി പരിധി, അല്‍പ്പം ഉയര്‍ന്ന സമ്പാദ്യബന്ധിത സൗജന്യങ്ങള്‍ എന്നിങ്ങനെയുള്ള സാധാരണ നടപടികളിലൂടെ നിശ്ചിത വരുമാനക്കാര്‍ക്ക് അല്‍പ്പം ചിലതു നല്‍കി. അതിലൂടെ, ഇന്ത്യയിലെ അതിസമ്പന്ന വിഭാഗങ്ങള്‍ കുന്നുകൂട്ടുന്ന വമ്പന്‍ മിച്ചങ്ങള്‍ക്കുമേല്‍ നികുതി ചുമത്താതിരിക്കുന്നതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിട്ടു. നികുതി ചുമത്തലിലൂടെ വിഭവസമാഹരണം നടത്തുന്നില്ലെങ്കില്‍ അധികച്ചെലവുകള്‍ സര്‍ക്കാരിന്റെ കമ്മി വര്‍ധിപ്പിക്കും. എന്‍ഡിഎയ്ക്ക് ആവശ്യം മുന്‍ഗാമികളേക്കാള്‍ വലിയ പരിഷ്കരണവാദികളായി സ്വയം അവതരിപ്പിക്കലാണെന്നതുകൊണ്ടുതന്നെ അവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന വഴിയല്ല ഇത്. ധനകാര്യ അച്ചടക്കത്തിനും പണസമാഹരണത്തിനും കാര്യമായ നിലയിലുള സാമ്പത്തിക ഇടപെടലുകള്‍ വഴിതെളിച്ചുകൊള്ളുമെന്നാണ് ധനമന്ത്രി ആണയിടുന്നത്. അങ്ങനെ ദേശീയവരുമാനത്തിന്റെ 4.1 ശതമാനം ധനകമ്മി എന്ന ഇടക്കാല ബജറ്റിലെ ലക്ഷ്യത്തിലദ്ദേഹം ഉറച്ചുനില്‍ക്കുന്നു. ഇത് ധ്വനിപ്പിക്കുന്നത് പരിമിതമായ സാമ്പത്തികമേഖലയെ തങ്ങള്‍ക്ക് നവഉദാരവല്‍ക്കരണ നയങ്ങള്‍ അനുവദിച്ചു തരുന്നുള്ളൂ എന്നും തങ്ങള്‍ അതില്‍ പെട്ടുപോയിരിക്കുന്നു എന്നുമുള്ള സത്യമാണ്. അക്കങ്ങള്‍ കൊണ്ടുള്ള കളികളിലൂടെ ധനകാര്യ സംബന്ധിയായി പെരുമാറാനുള്ള അല്‍പ്പം ഇടം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തനിക്കുതന്നെ അനുവദിച്ചുനല്‍കുന്നുണ്ട്. ഉയര്‍ന്ന പ്രത്യക്ഷനികുതി സമ്പ്രദായം, സിഗരറ്റ് അടക്കം ചിലവയിലുള്ള പരോക്ഷ നികുതി പരിഷ്കാരം എന്നിവയിലൂടെ മൊത്തം നികുതിവരുമാനം 2014-15ല്‍ 2013-14ലെ 1,22,700നെ അപേക്ഷിച്ച് 2014-15ല്‍ 2,20,000 കോടി കണ്ട് ഉയര്‍ത്താമെന്ന് അദ്ദേഹം കരുതുന്നു. നേരത്തെ പറഞ്ഞ നികുതിയിളവുകളെല്ലാം ഉണ്ടായിരിക്കെത്തന്നെയാണിത്. എന്നാല്‍, ഇപ്പറഞ്ഞ വിധമുള്ള ഊതിപ്പെരുപ്പിച്ച നികുതിവരുമാന നിരക്ക് ഉണ്ടായാലും സര്‍ക്കാരിന് ഒരു പ്രശ്നമുണ്ട്. സര്‍ക്കാര്‍ സ്വയം നിജപ്പെടുത്തിയിരിക്കുന്ന കര്‍ക്കശമായ കമ്മി പരിധി എന്ന ലക്ഷ്യംകൊണ്ട് ഉണ്ടാവുന്നതാണിത്. ധനമന്ത്രിയുടെ പക്കലുള്ള പണത്തിന്റെ വലിയ ഒരുഭാഗം വ്യക്തമായ കാര്യത്തിനുവേണ്ടി ചെലവാക്കാന്‍ ബാധ്യസ്ഥമായുള്ളതാണ്. മുന്‍കാലത്തെ കടബാധ്യതയ്ക്ക് പലിശയടയ്ക്കണം. പ്രതിരോധച്ചെലവ് കുറയ്ക്കാനാകാത്തതാണ്. സബ്സിഡികള്‍ എളുപ്പത്തില്‍ കുറയ്ക്കാനാകുന്നതല്ല. അങ്ങനെ വരുമ്പോള്‍, ഭക്ഷ്യസുരക്ഷാനിയമം മുന്‍നിര്‍ത്തിയുള്ള വാഗ്ദാനം ഒരുപരിധി വരെയെങ്കിലും പാലിക്കാന്‍ 2013-14ലെ 92,000 കോടിയില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന 1,15,000 കോടിയുടെ സബ്സിഡി ഭക്ഷ്യരംഗത്തുവേണം. എന്നാല്‍, ചെലവുകള്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രകടമാണ്. തൊഴിലുറപ്പുനിയമം വേണ്ടത്ര വ്യാപിച്ചിട്ടില്ല. അതുപ്രകാരം ഉണ്ടാകേണ്ട തൊഴില്‍ ഉല്‍പ്പാദനലക്ഷ്യങ്ങള്‍ സാധിച്ചിട്ടുമില്ല. എന്നിട്ടും അതിനുള്‍പ്പെടെയായി ഗ്രാമവികസനത്തിന് നീക്കിവച്ചിട്ടുള്ളത് 80,000 കോടി രൂപയാണ്; 2013-14ലെ ബജറ്റിലേതിനെ അപേക്ഷിച്ച് 5,500 കോടി മാത്രം കൂടുതല്‍. ഇത്തരം നടപടികളിലൂടെ റവന്യൂ ചെലവ് വര്‍ധന 2014-15ലേക്കുള്ള ബജറ്റ് 1,50,514 കോടി എന്നു കണക്കാക്കുന്നു. 2013-14ലെ 1,56,000 കോടിയെ അപേക്ഷിച്ച് ശ്രദ്ധേയമായ തോതിലല്ലെങ്കിലും കുറവുതന്നെയാണിത്. 2013-14ലെ 24,036 കോടിയുടേതില്‍നിന്ന് താഴ്ന്ന 2014-15ലെ 22,266 കോടിയുടെ മൂലധനച്ചെലവ് വര്‍ധന കൂടി ഇതോടെ ചേര്‍ത്തുവച്ചാല്‍ ബജറ്ററി ചെലവ് 2013-14ലെ 13 ശതമാനത്തെ അപേക്ഷിച്ച് 2014-15ല്‍ 11 ശതമാനമെന്ന് താരതമ്യേന കുറഞ്ഞ തോതിലാണെങ്കിലും ഉയരുന്നു എന്ന് കാണാം. ഇപ്പോഴത്തെ പണപ്പെരുപ്പ വര്‍ധന നിരക്കുകൂടി കണക്കാക്കിയാല്‍ മൊത്തം ചെലവില്‍ നേരിയ തോതിലുള്ള യഥാര്‍ഥ വര്‍ധനയുണ്ടാകുന്നു. അങ്ങനെ നോക്കുമ്പോള്‍, സാധാരണ മട്ടിലുള്ള കാര്യം നടത്തിപ്പ് എന്നതിനപ്പുറം ബജറ്റ് ഒരു മാറ്റത്തെയും കുറിക്കുന്നില്ല എന്ന് കാണാം. അതിനുമപ്പുറം, വരുമാനലക്ഷ്യങ്ങള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് വരുമെന്നിരിക്കെ ചെലവ്ചെയ്യല്‍ ബജറ്റില്‍ പറയുന്ന തലത്തിനും താഴെ എത്തിനില്‍ക്കുകയാകും ഉണ്ടാവുക. മരവിച്ചുനില്‍ക്കുന്ന സമ്പദ്ഘടനയെ ത്വരിതപ്പെടുത്തുന്നതിനോ 7-8 ശതമാനത്തിന്റെ തുടര്‍വികസനത്തിലേക്കുള്ള യാത്ര തുടങ്ങുന്നതിനോ ഇന്നത്തെ ധനില പര്യാപ്തമല്ല എന്ന് പലരും വാദിച്ചേക്കാം. അരുണ്‍ ജെയ്റ്റ്ലി ഇത് അംഗീകരിക്കുന്നുണ്ട്. ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങളെല്ലാം മന്ത്രിസഭയുണ്ടാക്കി 45 ദിവസത്തിനുള്ളിലവതരിപ്പിക്കുന്ന ആദ്യ ബജറ്റില്‍ പ്രതീക്ഷിക്കുന്നത് ബുദ്ധിയല്ല എന്ന് അദ്ദേഹം മുന്നറിയപ്പ് നല്‍കുന്നുകൂടിയുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വന്‍ പ്രതീക്ഷ സൃഷ്ടിച്ചുകൊണ്ട് ഇന്നത്തെ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നവരാണിവര്‍. അതുകൊണ്ടുതന്നെ രാഷ്ട്രം കാത്തിരിക്കട്ടെ എന്ന് പറഞ്ഞാലത് കുറച്ച് കടന്ന കൈയായിപ്പോകും. ജെയ്റ്റ്ലി നവമധ്യവിഭാഗം എന്നു വിശേഷിപ്പിക്കുന്നവരോ, പാവപ്പെട്ടവരോ അതില്‍ സന്തുഷ്ടരാകാന്‍ പോകുന്നില്ല. ഒപ്പം, മോഹിച്ച "വന്‍കിട" സൗജന്യങ്ങള്‍ കിട്ടാത്തതില്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന വമ്പന്‍ ബിസിനസുകാര്‍ കുപിതരാവുകയും ചെയ്യും. - See more at: http://deshabhimani.com/newscontent.php?id=479764#sthash.WrlLhSAl.dpuf

കേരളം ലഹരി മരുന്നുകളുടെ പിടിയില്‍ -


(Courtesy : Deshabhimani - Posted on : 14-Jul-2014 01:57 AM) 3 ബീച്ചിലെ ലഹരിത്തിരകള്‍ പൂക്കോയയുടെയും കിണ്ടിസുരയുടെയും പൊന്നേട്ടന്റെയും ബിഗ്ഷോപ്പര്‍ സൗമിനിയുടെയും പോപ്പിന്‍സ് റാഫിയുടെയും ലോകമാണ് കോഴിക്കോട് ബീച്ച്. മണല്‍പരപ്പില്‍ കഞ്ചാവ് പൊതികള്‍ പൂഴ്ത്തിവച്ച് ആവശ്യക്കാരനെ തേടും പൂക്കോയ. ആള്‍ക്കൂട്ടത്തിനിടയില്‍ ലഹരി മണപ്പിച്ച് ഇരയെ വലയിലാക്കും കിണ്ടിസുര. ബിഗ് ഷോപ്പറില്‍ പലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നത് ബിഗ്ഷോപ്പര്‍ സൗമിനി. മയക്കുമരുന്നുകള്‍ ഗോലി രൂപത്തിലാക്കി സെല്ലോടേപ്പ് വച്ച് ശരീരത്തില്‍ ഒട്ടിച്ച് മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് പൊന്നേട്ടന്‍ "അവതരിക്കുക". കോഴിക്കോട് നഗരത്തിന്റെ ലഹരിനുരയുന്ന ഇടനാഴികളില്‍ ഇവരുണ്ടാകും. മൊബൈല്‍ ഫോണിലൂടെ കച്ചവടം ഉറപ്പിച്ചശേഷം ബീച്ചില്‍വച്ചാണ് സാധനംകൈമാറുന്നത്. ചുമട്ടുതൊഴിലാളിയുടെ വേഷത്തില്‍ തലേക്കെട്ടിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചെത്തുന്ന തലേക്കെട്ട് സുനി, ഹിന്ദിയും ഇംഗ്ലീഷും കുത്തിയൊലിക്കുന്ന നാവിന്‍തുമ്പില്‍ ലഹരിയുമായെത്തുന്ന ബഹുഭാഷാ പണ്ഡിതന്‍ ഇംഗ്ലീഷ് റാഫി, ഒഴിഞ്ഞ സിഗരറ്റ് പായ്ക്കറ്റുകളില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും നിറച്ച് ബീച്ചില്‍ ഉപേക്ഷിച്ചനിലയില്‍ ഒളിപ്പിച്ച്് ആവശ്യക്കാരെ മൊബൈലില്‍ വിളിച്ചുവരുത്തുന്ന സിഗററ്റ് അനീഷ്... ഇവരെല്ലാം കോഴിക്കോടന്‍ അധോലോകത്തിലെ രാജാക്കന്മാരാണ്. പൊട്ടും ന്യൂജനറേഷന്‍ അങ്കിള്‍സും കോഴിക്കോട് നഗരത്തിലെ ബംഗ്ലാദേശ് കോളനി പാപം കഴുകിക്കളഞ്ഞ് ശാന്തി നഗര്‍ കോളനിയായപ്പോള്‍ അവിടത്തെ മുഴുവന്‍ അഴുക്കും വന്നടിഞ്ഞത് കോഴിക്കോട് ബീച്ചില്‍. നഗരത്തിലെ മയക്കുമരുന്നുകളുടെ മൊത്ത-ചില്ലറ വില്‍പ്പന കേന്ദ്രമായി ബീച്ച് മാറി. അഞ്ചുവര്‍ഷത്തിനിടെ നഗരപരിധിയിലെ 15 പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത മയക്കുമരുന്ന് കേസുകളില്‍ ഏറിയ പങ്കും ബീച്ച് ഉള്‍ക്കൊള്ളുന്ന ടൗണ്‍ സ്റ്റേഷനില്‍. ഈ വര്‍ഷംമാത്രം 17 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ചെയ്തു. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, വേദനസംഹാരി ഗുളികകളായ സ്പാസ്മോ പ്രോക്സിവോന്‍, ഡൈസൈക്ലാമീന്‍, നൈട്രാവേറ്റ് എന്നിവമയക്കുമരുന്നിന്റെ വകഭേദങ്ങള്‍. ട്രെയിന്‍മാര്‍ഗവും ട്രാവല്‍ഏജന്‍സി വാഹനങ്ങളുടെ സീറ്റിനടിയിലും ഉത്തരേന്ത്യയില്‍നിന്നെത്തുന്ന മാര്‍ബിള്‍-ഗ്രാനൈറ്റ് വണ്ടികളില്‍ സാധനങ്ങള്‍ക്കിടയില്‍ തിരുകിയുമാണ് ഇവയില്‍ ഭൂരിഭാഗവും എത്തുന്നത്. കൂടാതെ അതിര്‍ത്തികടന്നെത്തുന്ന കോഴിവണ്ടികളില്‍ കോഴിയുടെ ചിറകിനടിയില്‍ ഒളിപ്പിച്ചുവച്ചും മയക്കുമരുന്നുകള്‍ നഗരത്തിലെത്തുന്നു. ഇടുക്കി, കമ്പം, തേനി, ഉഡുമല്‍പേട്ട്, ബൈരക്കുപ്പ, മുംബൈ, എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് എത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് 10,000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ഒരു ലക്ഷം രൂപയ്ക്കാണ് നഗരത്തില്‍ വിറ്റുപോകുന്നത്. പത്തു മുതല്‍ 25ഗ്രാം വരെയുള്ള ചെറിയ പൊതികള്‍ക്ക് 100 മുതല്‍ 500 രൂപവരെയാണ് ഈടാക്കുക. ഗോവ, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുന്ന ബ്രൗണ്‍ഷുഗര്‍ "പൊട്ട്" എന്ന പേരില്‍ ചെറിയ പൊതികളിലാക്കിയാണ് നഗരത്തിലെ വില്‍പ്പന. ഒരു പൊട്ടിന് 500 രൂപമുതല്‍ 5,000 രൂപ വരെയാണ് വില. മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് വേദനസംഹാരി ഗുളികകളായ സ്പാസ്മോ പ്രോക്സിവോന്‍, ഡൈസൈക്ലാമീന്‍, നൈട്രാവേറ്റ് എന്നിവയെത്തുന്നത്. അവിടെ 10 രൂപയ്ക്കു വാങ്ങുന്ന 12 എണ്ണമുള്ള ഒരു ഷീറ്റ് ഗുളിക ഇവിടെ 300 രൂപ മുതല്‍ 2000 രൂപയ്ക്കാണ് വില്‍ക്കുന്നത്. മണമുണ്ടാകില്ലയെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ബൈക്കിലും കാറിലുമാണ് ഇവ കടത്തുന്നത്. കോഴിക്കോട്ടെ മാളുകള്‍ കേന്ദ്രീകരിച്ച് മയക്കുഗുളിക വില്‍പ്പന സജീവം. വിദ്യാര്‍ഥികളുടെയും പുതുതലമുറയുടെയും സിരാകേന്ദ്രങ്ങളായ മാളുകളില്‍ ഇതിനായി "ന്യൂജനറേഷന്‍ അങ്കിള്‍സ്" പ്രവര്‍ത്തിക്കുന്നുണ്ട്. വൈറ്റ്നര്‍, ഫെവിക്യുക്ക് എന്നിവയില്‍ ലഹരി കണ്ടെത്തുന്ന സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്. ക്ലാസ് മുറികളെയും വിടില്ല """സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടിയിട്ടുണ്ട്. 2013വരെ സ്കൂളുകള്‍ക്ക് പുറത്തായിരുന്നു ഉപയോഗമെങ്കില്‍ ഇപ്പോള്‍ ക്ലാസ് മുറികളില്‍വരെ അത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. നഗരത്തിലെ ഫെവിക്യുക്കിന്റെ വില്‍പ്പനയില്‍ ക്രമാതീതമായ വര്‍ധനയാണുള്ളത്. ഇത് ആശങ്കജനകമാണ്"".- നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമീഷണര്‍ സി അരവിന്ദാക്ഷന്‍ പറഞ്ഞു. നിരോധിത പാന്‍ഉല്‍പ്പന്നങ്ങളുടെ കേന്ദ്രമായും ബീച്ച് മാറുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികളിലും ട്രാവല്‍ ഏജന്‍സി ബസുകളിലുമാണ് ഇവയെത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയി വരുമ്പോഴും പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെയെത്തിക്കുന്നു. മധു, ചൈനിഖൈനി, ഹാന്‍സ്, ശംഭു തുടങ്ങിയ പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ സുലഭം. ഒന്നുമുതല്‍ അഞ്ചുവരെ രൂപയ്ക്ക് വാങ്ങുന്ന പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ 20 മുതല്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിദേശ വിനോദസഞ്ചാരികള്‍ക്ക് മാത്രമായി കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘവും നഗരത്തില്‍ സജീവം. കൊച്ചിയില്‍നിന്ന് ട്രാവല്‍ഏജന്‍സികളുടെ വാഹനങ്ങളിലാണ് വിദേശികളെ കോഴിക്കോട്ട് എത്തിക്കുന്നത്. കഞ്ചാവ് പഞ്ഞിയിലും കടലാസിലും പൊതിഞ്ഞ് സിഗരറ്റുകള്‍ ഉണ്ടാക്കുന്ന നൂതന യന്ത്രങ്ങളും ഇക്കൂട്ടരുടെ പോക്കറ്റിലുണ്ടാകും. അതേസമയം ബംഗ്ലാദേശ് കോളനിയില്‍ ഇപ്പോള്‍ മയക്കുമരുന്ന് കച്ചവടം അപൂര്‍വം. സൈക്കിള്‍ പ്രദീപനെപ്പോലുള്ള അവിടത്തുകാരില്‍ ചിലര്‍ കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ കച്ചവടത്തില്‍ ഇന്നും സജീവമാണെങ്കിലും കോളനി കേന്ദ്രീകരിച്ചല്ല വില്‍പ്പന. ബോബ് മാര്‍ലി അംബാസഡറോ? കേരളത്തിലെ മരുന്നടിക്കാരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആരാണെന്നു ചോദിച്ചാല്‍ പൊലീസിന് അധികം ആലോചിക്കേണ്ട ആവശ്യമില്ല. വിശ്വപ്രസിദ്ധ ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയാണത്രേ ലഹരിയെ ഉപാസിക്കുന്നവരുടെ ആരാധനാകഥാപാത്രം. സ്വാഭാവികമായും മാര്‍ലിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകളും റസ്തഫാരിയന്‍ മതവിശ്വാസപ്രകാരമുള്ള മഞ്ഞ, പച്ച, കറുപ്പ്, ചുവപ്പ് വര്‍ണങ്ങളും പൊലീസിന്റെ കണ്ണില്‍ കരടായി. അതുകൊണ്ടുതന്നെ മാര്‍ലിയുടെ ചിത്രങ്ങളോ മേല്‍പ്പറഞ്ഞ വര്‍ണങ്ങളോ ഉള്ള ടീഷര്‍ട്ടുകളും ബാഗുകളും കീചെയിനുകളും ബ്രേസ്ലേറ്റുകളും കൈവശം വയ്ക്കുന്നവര്‍ കഞ്ചാവ് കച്ചവടക്കാരോ ലഹരി ഉപയോഗിക്കുന്നവരോ ആണെന്ന നിഗമനത്തില്‍ പൊലീസ് കാടടച്ച് വെടിവയ്ക്കല്‍ തുടങ്ങി. കൊച്ചിയില്‍ തുടങ്ങിയ വേട്ട ക്രമേണ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രധാനകണ്ണികളെ തൊടാന്‍പോലും കഴിയാതെയുള്ള ഈ പരാക്രമം കേരളത്തിലെ ലഹരിവ്യാപാരത്തെ പ്രതികൂലമായി ബാധിച്ചോയെന്ന ചോദ്യത്തിന് മൗനമായിരിക്കും ഉന്നതഉദ്യോഗസ്ഥരുടെ മറുപടി. - See more at: http://www.deshabhimani.com/newscontent.php?id=481243#sthash.ExthHKaR.dpuf

അമേരിക്കന്‍ ഇടപെടലും മോഡിസര്‍ക്കാരും : പ്രകാശ് കാരാട്ട്


(Courtesy : Deshabhimani - Posted on: 09-Jul-2014 10:47 PM) ലോകത്തിലെ 193 രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ (എന്‍എസ്എ) അധികാരപ്പെടുത്തിയതായി പ്രസ്തുത രേഖ ഉദ്ധരിച്ച് അമേരിക്കയിലെ പ്രമുഖ ദിനപത്രം "വാഷിങ്ടണ്‍ പോസ്റ്റ്" റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ 193 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പെടും. മറ്റ് രാജ്യങ്ങളിലെ എല്ലാ സാമ്പത്തിക- രാഷ്ട്രീയ വിവരങ്ങളും ചോര്‍ത്തുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം; അതുവഴി തങ്ങളുടെ വിദേശനയം രൂപപ്പെടുത്തുക എന്നതും. മറ്റു രാജ്യങ്ങളെയും സംഘടനകളെയും വ്യക്തികളെയും എന്‍എസ്എ എങ്ങനെയാണ് നിരീക്ഷിക്കുന്നത് എന്ന എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുന്നതാണ് ഈ വാര്‍ത്ത. ന്യൂയോര്‍ക്കിലെ യുഎന്‍ സ്ഥിരംമിഷനിലും വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലും എങ്ങനെയാണ് എന്‍എസ്എ ചാരപ്രവര്‍ത്തനം നടത്തിയതെന്ന് സ്നോഡന്‍ ഫയലുകള്‍ വെളിപ്പെടുത്തുകയുണ്ടായി. മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍, വിദേശ രഹസ്യ നിരീക്ഷണ കോടതിയുടെ 2010 ജൂലൈയിലെ ഉത്തരവനുസരിച്ച് ലോകത്തിലെ ആറ് രാഷ്ട്രീയ കക്ഷികളെ നിരീക്ഷിക്കാന്‍ എന്‍എസ്എയെ അധികാരപ്പെടുത്തി എന്നതാണ്. ഈ രാഷ്ട്രീയ പാര്‍ടികളില്‍ ഒന്ന് ബിജെപിയാണ്. കോടതി നല്‍കിയ യഥാര്‍ഥ ഉത്തരവും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു. ഉയര്‍ന്ന യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കലുമായിരുന്നു ഈ വാര്‍ത്തയോടുള്ള മോഡി സര്‍ക്കാരിന്റെ പ്രതികരണം. ഈ പ്രതിഷേധംകൊണ്ടൊന്നും അമേരിക്ക ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നുവെന്നതുമാത്രമല്ല ഇവിടത്തെ പ്രശ്നം; ഫോണ്‍കോള്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് വാര്‍ത്താവിനിമയങ്ങളും ഇ മെയിലുകളും ഇന്റര്‍നെറ്റും ആസൂത്രിതമായ നിരീക്ഷണത്തിന് വിധേയമാക്കുന്നു എന്നതുകൂടിയാണ്. ഇന്ത്യന്‍ പൗരന്മാരെമാത്രമല്ല, രാഷ്ട്രത്തിന്റെ പരാമാധികാരത്തെയും ഇത് ദോഷകരമായി ബാധിക്കും. ഇത്തരം ചാരപ്രവര്‍ത്തനം ഇനി ഇന്ത്യയില്‍ നടത്തുകയില്ലെന്ന ഉറപ്പാണ് മോഡി സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരില്‍നിന്ന് വാങ്ങേണ്ടത്. ഇത്തരം ഉറപ്പ് ലഭിക്കാത്ത പക്ഷം അത് ഉഭയകക്ഷിബന്ധത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ഈ വിഷയത്തില്‍ ഇന്ത്യന്‍സര്‍ക്കാര്‍ കണക്കിലെടുക്കാത്ത മറ്റൊരു വശമുണ്ട്. ഇതിനകംതന്നെ ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങള്‍ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ് ശൃംഖല ചോര്‍ത്താനും ചാരപ്രവര്‍ത്തനം നടത്താനും എന്‍എസ്എയെ സഹായിക്കാമെന്നു പറഞ്ഞ് അമേരിക്കയുമായി മൂന്നാംകക്ഷി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ 33 രാജ്യങ്ങളുടെ പട്ടിക സ്നോഡന്‍ ഫയലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ മൂന്നാംകക്ഷി കരാര്‍ ഒപ്പിട്ടത്. ഇതുവഴി എന്‍എസ്എക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാര്‍ടികളെയും ഇന്ത്യയിലെ ജനങ്ങളെയും നിരീക്ഷിക്കാന്‍ കഴിഞ്ഞു. ഈ വിവരങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി പങ്കുവയ്ക്കുകയുംചെയ്തു. സ്നോഡന്റെ വെളിപ്പെടുത്തലിനുശേഷമാണ് അമേരിക്ക ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരവും പുറത്തുവന്നത്. അന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ പറഞ്ഞത് സുരക്ഷയെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും അമേരിക്ക ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുന്നില്ലെന്നാണ്. ഇന്ത്യയില്‍ നിരീക്ഷണം നടത്തുന്നതിന് അനുമതി തേടിയ സാഹചര്യത്തില്‍ നല്‍കിയ ചെറിയ ഈ വാഗ്ദാനംപോലും അമേരിക്ക പാലിച്ചിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും പരമാധികാരം അമേരിക്ക ലംഘിക്കുകയാണ്. അതോടൊപ്പം ഈ രാജ്യങ്ങളിലെ പൗരന്മാരുടെ സ്വകാര്യതയെയും അവര്‍ കടന്നാക്രമിക്കുന്നു. ആത്മാഭിമാനമുള്ള ഏതൊരു സര്‍ക്കാരും ഇത്തരത്തിലുള്ള ചാരപ്രവര്‍ത്തനത്തിന് അന്ത്യമിടുകയാണ് വേണ്ടത്. മുന്‍ സര്‍ക്കാര്‍ അമേരിക്കയുമായി മൂന്നാംകക്ഷി കരാര്‍ ഒപ്പിട്ടെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. പരമാധികാരത്തെ അടിയറവച്ചെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇത്. കടുത്ത ഭാഷയില്‍ത്തന്നെ ഇത് അപലിക്കപ്പെടണം. ഇത്തരമൊരു മൂന്നാംകക്ഷി കരാര്‍ ഉണ്ടോ എന്ന കാര്യം പരസ്യമാക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം. അത്തരമൊരു കരാര്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണം. ഇന്ത്യയില്‍ നടത്തുന്ന എല്ലാ ചാരപ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായാലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരായാലും അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കുന്നതിലും സൈനികബന്ധം സ്ഥാപിക്കുന്നതിലും അതീവ തല്‍പ്പരരാണ്. പ്രതിരോധമേഖലയില്‍ എത്രമാത്രം വിദേശനിക്ഷേപം അനുവദിക്കണമെന്ന കാര്യമാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. സായുധ പ്രതിരോധ ഉല്‍പ്പാദനത്തില്‍ പങ്കാളിത്തംവേണമെന്ന അമേരിക്കയുടെ ശക്തമായ സമ്മര്‍ദം നിലനില്‍ക്കെയാണ് ഈ നീക്കം. അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യവും ഇന്ത്യയാണ്. "ദേശീയവാദിയായ" ബിജെപിക്ക് എന്നും അമേരിക്കന്‍ അനുകൂല ഭാവമുണ്ട്. അമേരിക്കയുടെ സ്വാഭാവിക സഖ്യകക്ഷിയാണ് ഇന്ത്യയെന്നു പറഞ്ഞത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണെന്ന കാര്യം ഓര്‍മിക്കുക. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ച് ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് അടുത്തിടെ ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിന് സമര്‍പ്പിച്ച വാര്‍ത്ത പുറത്തുവന്നു. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ദോഷകരമായി ബാധിക്കുന്ന മേഖലയിലേക്കുപോലും വിദേശമൂലധനത്തെ ഹൃദയപൂര്‍വം ക്ഷണിക്കുന്നത് കേന്ദ്രസര്‍ക്കാര്‍തന്നെയാണെന്നതാണ് ഇതിലെ വിരോധാഭാസം. പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തയാഴ്ച ബ്രസീലിലേക്ക് പോവുകയാണ്. ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. ബ്രിക്സില്‍ ഇന്ത്യക്കൊപ്പമുള്ള നാലു രാഷ്ട്രങ്ങളും അവരുടെ രാജ്യത്ത് അമേരിക്കയെ ചാരപ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചുള്ള മൂന്നാംകക്ഷി കരാര്‍ ഒപ്പുവച്ചിട്ടില്ല. ഇന്ത്യയെപ്പോലെ വികസ്വര രാഷ്ട്രങ്ങളായ ബ്രസീലും ദക്ഷിണാഫ്രിക്കയും അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങാതെ സ്വന്തം കാലില്‍നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നരേന്ദ്രമോഡി തയ്യാറാകണം. - See more at: http://www.deshabhimani.com/newscontent.php?id=479199#sthash.bMpySCX3.dpuf

ഇടതുപക്ഷത്തിന്റെ ഇടങ്ങള്‍ : പ്രൊഫ. എം എം നാരായണന്‍


(Courtesy : Deshabhimani Posted on: 14-Jul-2014 10:15 PM) മോഡി അധികാരത്തില്‍ വന്നതോടെ കേവലം ഭരണമാറ്റമല്ല, ഭരണവ്യവസ്ഥയുടെതന്നെ മൗലികമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ബ്രിട്ടീഷ് അധികാരികളോട് ഇടഞ്ഞും ഇണങ്ങിയും സ്വയം വളരാന്‍ മെയ്വഴക്കം കാട്ടിയ മൂന്നാംലോകത്തെ മൂപ്പെത്തിയ മുതലാളിത്തമാണ് ഇന്ത്യയിലുള്ളത്. മുമ്പൊക്കെ ചക്രവര്‍ത്തിമാരും സുല്‍ത്താന്മാരും പിന്നീട് കൊളോണിയലിസ്റ്റുകളും ജനങ്ങളുടെ പിന്തുണയോടെയല്ല, സ്വന്തം കൈക്കരുത്തിനെ അമിതമായി അവലംബിച്ചാണ് രാജ്യം ഭാരിച്ചത്. എന്നാല്‍, ഇന്ത്യന്‍ കുത്തകകള്‍ നയിച്ച സ്വതന്ത്രഭാരതഭരണം വമ്പിച്ച ജനപിന്തുണ നേടിയാണ് അധികാരത്തില്‍ വന്നത്. ജനാധിപത്യത്തിന്റെയും ദേശീയതയുടെയും മതേതരത്വത്തിന്റെയും പ്രത്യയശാസ്ത്രമാണ് മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. അന്ന് കോണ്‍ഗ്രസിന്റെ മുഖ്യ പ്രതിദ്വന്ദി കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ സോഷ്യലിസത്തിനും കമ്യൂണിസത്തിനും അഭൂതപൂര്‍വമായ ഒരാകര്‍ഷണവലയം കൈവന്നു. കമ്യൂണിസത്തെ കൈകാര്യംചെയ്യാനാണ് ജവാഹര്‍ലാല്‍ നെഹ്റു സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം, പഞ്ചവത്സരപദ്ധതി, പഞ്ചശീലങ്ങള്‍, ചേരിചേരാ പ്രസ്ഥാനം, സ്വതന്ത്രവും സാമ്രാജ്യവിരുദ്ധവുമായ വിദേശനയം തുടങ്ങിയ ബഹുവിധ തന്ത്രങ്ങള്‍ ആസൂത്രണംചെയ്തത്. പിന്നീട് ദേശീയ സാര്‍വദേശീയ രംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍ക്കനുരോധമായി ഇന്ത്യയില്‍ ഭരണവര്‍ഗ നയങ്ങളിലും മാറ്റംവന്നു. ഭരണഘടനയുടെ രജതജൂബിലി വര്‍ഷത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ജനാധിപത്യത്തെയും 90കളില്‍ ദേശീയതയെയും ഇപ്പോള്‍ മോഡിവാഴ്ചയില്‍ മതേതരത്വത്തെയും ഭരണവര്‍ഗം കൈയൊഴിഞ്ഞിരിക്കുന്നു. മോഡിയെ ആദ്യം തങ്ങളുടെ "സിഇഒ" ആയും പിന്നെ പ്രധാനമന്ത്രിയായും നിശ്ചയിച്ചത് കോര്‍പറേറ്റുകളാണ്. ആര്‍എസ്എസിനും ബിജെപിക്കും എന്‍ഡിഎയ്ക്കും മോഡി ആദ്യം അത്ര സ്വീകാര്യനായിരുന്നില്ല. 2009ലെ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിമാരെ നിശ്ചയിക്കാനും അവര്‍ക്കുള്ള വകുപ്പുകള്‍ തെരഞ്ഞെടുക്കാനും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ നടത്തിയ അണിയറനീക്കങ്ങള്‍ പിന്നീട് പുറത്തുവന്നു. എന്നാലിപ്പോള്‍ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രധാനമന്ത്രി ആരാവണമെന്ന് സ്വയം നിശ്ചയിച്ച് എല്ലാ മന്ത്രിമാരെയും നിശ്ചയിക്കാനുള്ള അവകാശം ഒറ്റയടിക്ക് കോര്‍പറേറ്റുകള്‍ കൈവശപ്പെടുത്തുകയാണുണ്ടായത്. മോഡിയെ അക്ഷരംപ്രതി അനുസരിക്കുകയും ആശ്രയിച്ചുനില്‍ക്കുകയും ചെയ്യുന്നവരെമാത്രമാണ് മന്ത്രിമാരാക്കിയത് എന്നു കാണാന്‍ പ്രയാസമില്ല. അദ്വാനി, ജോഷി തുടങ്ങി അറിവും അനുഭവവുമുള്ളവരെ ആദ്യമേ ഒഴിവാക്കി. തന്റെ ഭക്തനായ രാജ്നാഥ്സിങ്ങിനെ ആഭ്യന്തരമന്ത്രിയാക്കി. ജനപിന്തുണയില്ലാത്ത, തെരഞ്ഞെടുപ്പില്‍ തോറ്റുതൊപ്പിയിട്ട അരുണ്‍ ജെയ്റ്റ്ലിക്ക് ധനകാര്യവും പ്രതിരോധവും നല്‍കി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട, മതിയായ വിദ്യാഭ്യാസമോ വിശ്വാസ്യതയോ ഇല്ലാത്ത ടെലിവിഷന്‍ താരമായ സ്മൃതി ഇറാനിയാണ് മാനവവിഭവവകുപ്പ് കൈകാര്യംചെയ്യുന്നത്. ഇരുപത്തിനാല് എംപിമാരുള്ള രാജസ്ഥാനില്‍നിന്ന് സ്ത്രീപീഡനത്തില്‍ പ്രതിയായ നിഹാല്‍ചന്ദിനെയാണ് മന്ത്രിയാക്കിയത്. അഴിമതി പുറത്തായതോടെ ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്ന ഗഡ്കരിക്കും മന്ത്രിസഭയില്‍ ഇടംനല്‍കി. ചുരുക്കത്തില്‍ ആത്മവിശ്വാസത്തോടെ, തന്റേടത്തോടെ തന്റെ മുന്നില്‍ തലനിവര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന ഒരാളും മന്ത്രിസഭയില്‍ ഇല്ലെന്ന് മോഡി ഉറപ്പുവരുത്തി. ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടവരെ മന്ത്രിസഭയിലെടുക്കുന്നതിന് നിയമതടസ്സമൊന്നുമില്ല. എന്നാല്‍, ലോക്സഭാംഗമാകാനുള്ള മത്സരത്തില്‍ ജനങ്ങള്‍ തോല്‍പ്പിച്ചവരെ തെരഞ്ഞുപിടിച്ച് മന്ത്രിസഭയിലെടുത്ത് ജനവിധി തനിക്ക് പുല്ലാണെന്ന് മോഡി പ്രഖ്യാപിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടിനടയില്‍ നമസ്കരിച്ചാണ് മോഡി സെന്‍ട്രല്‍ ഹാളില്‍ പ്രവേശിച്ചത്. എന്നാല്‍, പാര്‍ലമെന്ററി ഭരണരീതിയുടെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും കീഴ്വഴക്കങ്ങളെയും ഒട്ടും വിലവയ്ക്കുന്നില്ലെന്ന് റെയില്‍ നിരക്ക് വര്‍ധനയടക്കമുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിക്കൊണ്ട് മോഡി സുവ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്കസ് ക്യൂറി ആയിരുന്നുകൊണ്ട് തന്റെ വലംകൈയായ അമിത്ഷായ്ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് സുപ്രീംകോടതി ജഡ്ജിമാരുടെ പാനലില്‍നിന്ന് ഏകപക്ഷീയമായി വെട്ടിക്കളഞ്ഞ് ജുഡീഷ്യറിയുടെ "വരിയുടച്ച്" തനിക്ക് വിധേയമാക്കാനുള്ള വൃത്തികെട്ടി ധൃതിയും മോഡി പ്രകടിപ്പിച്ചു. തന്നെ പ്രധാനമന്ത്രിയാക്കി നിശ്ചയിച്ച കോര്‍പറേറ്റുകളുടെ കല്‍പ്പനകള്‍ ഏറ്റെടുത്ത് ഒന്നൊന്നായി അതിവേഗം നടപ്പാക്കുകയാണ് മോഡി. സത്യപ്രതിജ്ഞ ചെയ്തനിമിഷം മുതല്‍ ഇന്ധനവില വധിപ്പിക്കാന്‍, റെയില്‍വേ നിരക്ക് കുത്തനെ കൂട്ടാന്‍, പ്രതിരോധ മേഖലയില്‍പോലും നൂറുശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ ഒക്കെ മോഡി ധൈര്യം കാട്ടി. പത്തുകൊല്ലംകൊണ്ട് ഉദാരവല്‍ക്കരണത്തിന്റെ "ഉസ്താദ്" ആയ മന്‍മോഹന്‍സിങ്ങിനു കഴിയാത്തത് വെറും പത്തുദിവസംകൊണ്ട് മോഡി സാധിച്ചെടുത്തു. ഏതായാലും മോഡി വന്നാല്‍ എല്ലാം ശുഭമാവുമെന്നു കരുതിയ ശുദ്ധാത്മാക്കള്‍പോലും വ്യാമോഹമുക്തരായിരിക്കുന്നു. മോഡിസര്‍ക്കാരിനും സാധാരണ ജനങ്ങള്‍ക്കും ഇടയിലുള്ള വൈരുധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പിന്തുണച്ച ജനങ്ങളെ ഇത്രവേഗം ശത്രുക്കളാക്കി മാറ്റിയ ഒരു പ്രധാനമന്ത്രിയെ ഇന്ത്യ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടും സീറ്റും കുറഞ്ഞതില്‍ ചിലരൊക്കെ വലിയ ആഹ്ലാദത്തിലാണ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മാത്രമാണോ പരാജയപ്പെട്ടത്? ദളിതരുടെ പാര്‍ടിയായ ബിഎസ്പിക്ക് ഒറ്റ സീറ്റും കിട്ടിയില്ല. മുലായംസിങ്ങും ലാലുപ്രസാദും നിതീഷ്കുമാറുമൊക്കെ നയിക്കുന്ന മറ്റു പിന്നോക്കജാതി പാര്‍ടികളുടെയും തോല്‍വി ദയനീയമായിരുന്നു. ന്യൂനപക്ഷങ്ങള്‍, മതനിരപേക്ഷവാദികള്‍, തൊഴിലാളികള്‍, ഗ്രാമീണ ദരിദ്രര്‍ ഇവര്‍ക്കൊന്നും പാര്‍ലമെന്റിനകത്ത് വേണ്ടത്ര പ്രാതിനിധ്യം ഇല്ല. വിരലിലെണ്ണാവുന്ന ഇടതുപക്ഷ എംപിമാരെ മാറ്റിനിര്‍ത്തിയാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുഴുവനും കോടീശ്വരന്മാരാണ്. ഭരണമാറ്റമല്ല നയംമാറ്റമാണ് രാജ്യത്തിനാവശ്യമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മാധ്യമപിന്തുണയോടെ പ്രതിലോമശക്തികള്‍ സൃഷ്ടിച്ച നിരര്‍ഥകമായ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ വേറിട്ട ആ സ്വരം വേണ്ടത്ര കേള്‍ക്കാതെപോയി. കണ്ടാലറിയാത്തവര്‍ കൊണ്ടാലറിഞ്ഞു തുടങ്ങുമല്ലോ. പുത്തന്‍ ഭരണത്തിന്റെ ആദ്യ നടപടികള്‍ കൊണ്ടുതന്നെ, മാറേണ്ടതു കേവലം ഭരണമല്ല, ഭരണനയങ്ങളാണെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ തോറ്റുപോയെങ്കിലും ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും വര്‍ധിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്നു. എന്നാല്‍, ഇന്ത്യന്‍ കോര്‍പറേറ്റുകളും അവരുടെ രാഷ്ട്രീയമുഖമായ മോഡിയും ഇടതുപക്ഷത്തിനും അതിന്റെ നേതൃത്വത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ക്കും വഴിതുറക്കുന്ന ഈ സാഹചര്യത്തെ നിഷ്ക്രിയമായി നോക്കിനില്‍ക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. അത്യന്തം ജനവിരുദ്ധമായ ഉദാരവല്‍ക്കരണ നയങ്ങള്‍ ഊക്കോടെ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍തന്നെ അതില്‍ അസംതൃപ്തരായ ജനങ്ങളുടെ ബദലുകള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ അവര്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യും. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്ക് സമാന്തരമായി സമൂഹത്തെ വര്‍ഗീയമായി വിഭജിച്ച് ജനകീയ ഐക്യം അസാധ്യമാക്കുകയും ജനസമരങ്ങള്‍ അലസിപ്പിക്കുകയും ചെയ്യാനുള്ള അസാധാരണമായ സാമര്‍ഥ്യവും മോഡിക്കും കൂട്ടര്‍ക്കുമുണ്ട്. മന്‍മോഹന്‍സിങ്ങില്‍നിന്ന് നരേന്ദ്രമോഡി വ്യത്യസ്തനാകുന്നത് ഈ മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുപിയിലും ബിഹാറിലും പശ്ചിമബംഗാളിലും വികസനത്തിന്റെയല്ല വര്‍ഗീയതയുടെ "കാര്‍ഡ്" ആണ് ബിജെപി പുറത്തിറക്കിയത്. പശ്ചിമ ബംഗാളില്‍ പല കാലങ്ങളിലായി പാര്‍ത്തുവരുന്ന ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥികളില്‍ ദുര്‍ഗാപൂജ നടത്തുന്നവര്‍ക്ക് ഇവിടെ കഴിയാമെന്നും മറ്റുള്ളവര്‍ ഉടന്‍ കെട്ടുകെട്ടണമെന്നും മോഡി പ്രസംഗിച്ചു. ആഗോളവല്‍ക്കരണവും യുദ്ധങ്ങളും കലാപങ്ങളും ലോകമെങ്ങും അഭയാര്‍ഥിപ്രവാഹങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ അഭയംതേടിയ നാടുകളിലെല്ലാം അഭയാര്‍ഥികളെ ശത്രുക്കളായി മുദ്രകുത്തി ആക്രമിക്കുന്ന പ്രവണതയും ശക്തിപ്പെടുന്നു. എന്നാല്‍, കടന്നുപോയ ദശകങ്ങളില്‍ പശ്ചിമ ബംഗാള്‍, അവിടത്തെ ഇടതുമുന്നണി ഭരണം, അഭയാര്‍ഥി പ്രശ്നം ഒരു തീപ്പൊരിപോലും വീഴാതെ കൈകാര്യം ചെയ്തുവരികയായിരുന്നു. അവര്‍ക്കിടയിലാണ് മതവര്‍ഗീയതയുടെയും സങ്കുചിത ദേശീയതയുടെയും വിഷവിത്ത് മോഡി വിതയ്ക്കുന്നത്. രാജ്യരക്ഷയുടെ ചെലവില്‍പോലും വിദേശ മൂലധനത്തെ സ്വാഗതംചെയ്യുന്ന നാവുകൊണ്ടാണ് അഗതികളും അനാഥരുമായ അഭയാര്‍ഥികളെ ഹിന്ദുക്കളും മുസ്ലിങ്ങളുമായി വേര്‍തിരിച്ച് മുസ്ലിങ്ങളെ വിദേശികളായി വിശേഷിപ്പിച്ച് ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷവിഷം വമിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുകയും ഭരണ-നിയമ നടപടികളിലൂടെ അക്കൂട്ടരെ വിചാരണചെയ്ത് ശിക്ഷിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന ഇന്ത്യാ ബന്ധുവായ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെക്കൂടി മോഡിയുടെ ഈ നയം പ്രതിസന്ധിയിലാക്കും. മാത്രമല്ല, ബംഗ്ലാദേശിലെ ഇന്ത്യാവിരുദ്ധരായ മതമൗലികവാദികള്‍ക്ക് ശക്തിപ്പെടാന്‍ അവസരം നല്‍കുകയും ചെയ്യും. ഇറ്റലിയില്‍ മുസ്സോളിനി വന്ന വഴികളെപ്പറ്റി പറയുമ്പോള്‍ പഴയതിന് ജീവിക്കാനോ പുതിയതിന് ജനിക്കാനോ കഴിവില്ലാത്ത ഇടവേളകളില്‍ പലതരം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് അന്റോണിയോ ഗ്രാംഷി എഴുതിയിട്ടുണ്ട്. പഴയ കോണ്‍ഗ്രസ് പാടെ തകരുകയും ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം തുടരുകയും ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരിടവേളയാണിത്. ഈ ഇടവേളയില്‍ തലകാട്ടുന്ന രോഗലക്ഷണമല്ല, മാരകരോഗം തന്നെയാണ് നരേന്ദ്രമോഡി. അതുകൊണ്ടുതന്നെ, ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും മാത്രമല്ല, രാജ്യത്തോടും ജനങ്ങളോടുമുള്ള അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തവും വര്‍ധിച്ചുവരികയാണ്. - See more at: http://www.deshabhimani.com/newscontent.php?id=481340#sthash.iB1fFnCV.dpuf

Blog Archive