Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, July 23, 2014

രാജ്യരക്ഷയും അടിയറവയ്ക്കുന്നു


(ദേശാഭിമാനി - മുഖപ്രസംഗം - on 20-July-2014) രാജ്യസുരക്ഷയുമായി നാഭീനാള ബന്ധമുള്ള പ്രതിരോധ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിന്റെ ഭാഗമായി, ചരക്കുകടത്ത് വിമാന നിര്‍മാണമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് മോഡിസര്‍ക്കാര്‍. നിലവിലുള്ള 56 ആവ്റോ വിമാനങ്ങള്‍ക്കു പകരം പുതിയ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനാണ് വിദേശ പങ്കാളിത്തത്തോടെ ആഭ്യന്തര സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇതോടെ വ്യോമസേനാ വിമാനിര്‍മാണത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനുള്ള കുത്തകാവകാശം പൂര്‍ണമായും ഇല്ലാതാകും. റിലയന്‍സ്, ടാറ്റ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി തുടങ്ങിയ കമ്പനികള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. വിമാന നിര്‍മാണമേഖലയില്‍ ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനികള്‍ക്കാണ് അനുമതി നല്‍കുന്നത്. അതിനര്‍ഥം ഈ ഇന്ത്യന്‍ കമ്പനികള്‍ വിദേശകമ്പനികള്‍ക്ക് കടന്നുവരാനുള്ള വാഹനം മാത്രമായിരിക്കുമെന്നാണ്. പ്രതിരോധ മേഖലയെ പൂര്‍ണമായും വിദേശ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുന്നതിന്റെ ഭാഗമായുള്ള ഏറ്റവും നിര്‍ണായക തീരുമാനമാണ് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതിയില്‍നിന്ന് ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ കോര്‍പറേറ്റുകള്‍ കോടികള്‍ ഒഴുക്കി നല്‍കിയ പിന്തുണയ്ക്ക് മോഡിസര്‍ക്കാര്‍ രാജ്യരക്ഷയെപ്പോലും പണയംവച്ചു നല്‍കുന്ന പ്രത്യുപകാരമാണ് ഇത്. ഡിആര്‍ഡിഒ, മറ്റ് അഞ്ച് പൊതുമേഖലാ യൂണിറ്റുകള്‍, 39 ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ എന്നിവയെ ക്രമേണ സര്‍ക്കാര്‍ അവഗണിക്കുമെന്നും പുതിയ തീരുമാനം സൂചിപ്പിക്കുന്നു.സങ്കുചിതമായ ദേശീയാഭിമാനബോധം പ്രചരിപ്പിക്കുന്ന ബിജെപി സര്‍ക്കാര്‍തന്നെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രതിരോധ മേഖല സ്വകാര്യ-വിദേശ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തത്. 2001ല്‍ വാജ്പേയി സര്‍ക്കാരാണ് പ്രതിരോധ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്. ഇതോടെ പ്രതിരോധമേഖലയിലെ ആയുധ ഉപകരണങ്ങളുടെ ഇറക്കുമതി കുറയുമെന്ന് വാദിച്ചു. എന്നാല്‍, ഈ രംഗത്ത് കാര്യമായ ഒരു സ്വകാര്യ നിക്ഷേപവും കടന്നുവന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയും വിദേശപങ്കാളിത്തത്തോടെ ഒരു പ്രധാന ഫാക്ടറിപോലും തുറന്നിട്ടില്ല. ബജറ്റ് പ്രസംഗത്തിന് മറുപടി പറയവെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞത് ഇപ്പോഴും 70 ശതമാനം പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന്് ഇറക്കുമതി ചെയ്യുന്നുവെന്നാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് സ്വകാര്യ പങ്കാളിത്തം 49 ശതമാനമായി ഉയര്‍ത്താന്‍ മോഡിസര്‍ക്കാര്‍ തയ്യാറായതത്രെ! അമ്പത്തൊന്ന് ശതമാനം ഓഹരികള്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്കായിരിക്കുമെന്നതിനാല്‍ പ്രതിരോധ നിര്‍മാണം വിദേശ കമ്പനികളുടെ കൈവശമെത്തില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എന്നാല്‍, 26 ശതമാനം വിദേശ പങ്കാളിത്തം അനുവദിച്ചപ്പോള്‍ വിദേശ-സ്വദേശ സ്വകാര്യ പങ്കാളിത്തത്തില്‍ പ്രധാന ഫാക്ടറികളൊന്നും തുറക്കാത്തതുപോലെ 49 ശതമാനം അനുവദിച്ച ഈ ഘട്ടത്തിലും അത് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ മോഡിസര്‍ക്കാരിന് സ്വകാര്യ പങ്കാളിത്തം 76 ശതമാനമോ 100 ശതമാനമോ ആക്കി ഉയര്‍ത്തേണ്ടി വരും. അപ്പോള്‍മാത്രമേ അമേരിക്കയിലെ ബോയിങ്ങും ലോക്ക്ഹീഡ് മാര്‍ട്ടിനും റഷ്യയിലെ ഇല്യൂഷിനും ഉക്രൈനിലെ അന്റോനോവും ഇറ്റലിയിലെ അലേനിയ അയര്‍മാച്ചിയും പോലുള്ള ആയുധക്കമ്പനികള്‍ ഇന്ത്യയില്‍ പ്രതിരോധനിര്‍മാണ യൂണിറ്റുകള്‍ തുറക്കൂ. അതുകൊണ്ടുതന്നെ അടുത്ത അഞ്ചു വര്‍ഷത്തിനകം മോഡിസര്‍ക്കാര്‍ പ്രതിരോധമേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് ഉറപ്പാണ്. അധികാരമേറി രണ്ടുമാസം തികയുന്നതിനു മുമ്പ് 49 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മോഡിക്ക് ഇന്ത്യന്‍ പ്രതിരോധമേഖലയെ പൂര്‍ണമായും വിദേശ കമ്പനികള്‍ക്ക് തീറെഴുതുന്നതിന് ഒരു മടിയുമുണ്ടാകില്ല. ഇക്കാര്യത്തില്‍ മോഡിക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുകയും ചെയ്യും.പ്രതിരോധ നിര്‍മാണം പൂര്‍ണമായും സ്വകാര്യമേഖലയുടെ, വിദേശ ശക്തികളുടെ കൈകളിലാകുന്നത് രാജ്യസുരക്ഷയെ അപകടത്തിലാക്കും. കാര്‍ നിര്‍മാണമോ മറ്റേതെങ്കിലും യന്ത്ര നിര്‍മാണമോ പോലെ ലഘുവായ പ്രശ്നമായി ഇതിനെ കാണാനാവില്ല. മൂന്ന് സൈനികദളങ്ങളാണ് അവര്‍ക്കാവശ്യമുള്ള ആയുധങ്ങളുടെ രൂപകല്‍പ്പനചെയ്യുന്നത്. അതിനുസരിച്ചുള്ള ആയുധങ്ങളാണ് നിര്‍മിക്കേണ്ടത്. ഈ രൂപകല്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറുമ്പോള്‍ ശത്രുരാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറ്റംചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഇവിടെ അപകടത്തിലാകുന്നത് രാജ്യസുരക്ഷതന്നെ. അമേരിക്കയിലേതുപോലെ സൈനിക വ്യവസായ കോര്‍പറേഷന്‍ രൂപീകരണത്തിന് വര്‍ധിച്ച സ്വകാര്യവല്‍കരണം വഴിവയ്ക്കും. ഇത്തരം വ്യവസായ സൈനിക കൂട്ടുകെട്ട് അവരുടെ ലാഭത്തില്‍ മാത്രമാകും ശ്രദ്ധിക്കുക. കൂടുതല്‍ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വേണ്ടി അവര്‍ നിലകൊള്ളും. മധ്യപൗരസ്ത്യ മേഖലകളിലെ സംഘര്‍ഷങ്ങളും അമേരിക്കയിലെ സൈനിക-വ്യവസായ കോംപ്ലക്സുകളും തമ്മിലുള്ള ബന്ധം ഉദാഹരണം. രാജ്യത്തെ വിമതര്‍ക്ക് ആയുധം കൈമാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിദേശകമ്പനികളില്‍നിന്ന് ആയുധം വാങ്ങുന്നതാണ് അഴിമതിക്ക് കാരണമെന്നും വിദേശപങ്കാളിത്തത്തോടെ ഇന്ത്യയില്‍ കമ്പനികള്‍ തുറന്നാല്‍ അഴിമതിക്കുള്ള അവസരം കുറയുമെന്നുമാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. 1980 കളിലെ ബൊഫോഴ്സ് ഇടപാടാണ് പ്രതിരോധ മേഖലയിലെ ഏറ്റവും പ്രധാന അഴിമതി. തുടര്‍ന്ന് കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ ആയുധങ്ങളിലും ശവപ്പെട്ടിയിലും വരെ അഴിമതി നിറഞ്ഞു. അവസാനമായി യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലും. പ്രതിരോധമേഖല സ്വകാര്യ മേഖലയ്ക്ക് കൈമാറിയാല്‍ ഈ അഴിമതി പതിന്മടങ്ങ് വര്‍ധിക്കാനാണ് സാധ്യത. ഇന്ത്യന്‍ പ്രതിരോധരംഗത്തെ സ്വാശ്രയവല്‍ക്കരിക്കാനല്ല; മറിച്ച്, കൂടുതല്‍ വിദേശ ആശ്രിതമാക്കാനും അതുവഴി രാജ്യരക്ഷയെത്തന്നെ അപകടപ്പെടുത്താനുംമാത്രമേ സര്‍ക്കാരിന്റെ പുതിയ തീരുമാനം ഉപകരിക്കൂ. - See more at: http://deshabhimani.com/dbnew/news-editorial-all-latest_news-385154.html#sthash.Vwur1j5r.dpuf

No comments:

Blog Archive