Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, July 23, 2014

കോര്‍പറേറ്റ് ബജറ്റും സാധാരണക്കാരും - പ്രൊഫ. കെ എന്‍ ഗംഗാധരന്‍


(ദേശാഭിമാനി - 21-July-2014) വ്യക്തവും ലളിതവുമാണ് കേന്ദ്രബജറ്റിന്റെ പൊതുസമീപനം; ഒപ്പം അപകടകാരിയും. മനുഷ്യനേക്കാള്‍ പ്രധാനമാണ് മൂലധനം. വിതരണത്തേക്കാള്‍ പ്രധാനമാണ് സാമ്പത്തികവളര്‍ച്ച. അതിനാല്‍, വന്‍തോതില്‍ മൂലധനിക്ഷേപം നടക്കണം. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസം പാടില്ല. മുതല്‍മുടക്കാന്‍ കഴിയുന്ന കോര്‍പറേറ്റുകളുടെ കരങ്ങള്‍ക്ക് കരുത്തുപകരുകയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം. ദേശീയവരുമാനം ഉയര്‍ന്നാല്‍ പട്ടിണി ഒഴിയും, തൊഴിലില്ലായ്മ കടംകഥയാകും, വിലക്കയറ്റം വിദൂരസ്വപ്നമാകും. ഇപ്പോഴത്തെ 4.7 ശതമാനം വളര്‍ച്ചനിരക്ക് രണ്ടുമൂന്ന് വര്‍ഷത്തിനകം എട്ട് ശതമാനത്തിലേക്ക് എത്തിക്കുകയേ വേണ്ടൂ. ഇതാണ് കേന്ദ്രബജറ്റിന്റെ പൊതുസമീപനം. ഈ പൊതുസമീപനത്തിന്റെ അടിസ്ഥാനത്തിലുള്ള ബജറ്റ് അടങ്കലിന്റെ വീതംവയ്പാണ് അരുണ്‍ ജെയ്റ്റ്ലി നടത്തിയത്. സ്ത്രീകളും കുട്ടികളും ഏറ്റവുമധികം പീഡനമേല്‍ക്കുന്ന നാളില്‍ സ്ത്രീസുരക്ഷയ്ക്ക് 150 കോടിയും പട്ടേല്‍ പ്രതിമയ്ക്ക് 200 കോടിയും! ഒരു ഐഐടി പൂര്‍ണരൂപത്തിലെത്തിക്കാന്‍ 1800 കോടി രൂപ വേണമെന്നിരിക്കെ, അഞ്ച് ഐഐടികളും അഞ്ച് ഐഐഎമ്മുകളും തുടങ്ങാന്‍ 450 കോടി രൂപ!. സാമ്പത്തികവളര്‍ച്ച തൊഴിലില്ലായ്മ കുറയ്ക്കുമോ? ഇല്ല എന്നു സാക്ഷ്യപ്പെടുത്തുന്നത് സാമ്പത്തിക സര്‍വേതന്നെ (സര്‍വേ പേജ് 5). സാമ്പത്തികവളര്‍ച്ചയും തൊഴില്‍ ലഭ്യതയും തമ്മിലെ പൊരുത്തക്കേട് അതില്‍ ചേര്‍ത്തിട്ടുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പഠനവിവരങ്ങളാണ് ഉദ്ധരിച്ചിട്ടുള്ളത്. 2004-05ല്‍ അവസാനിച്ച ഏഴുവര്‍ഷം ആണ്ടില്‍ 5.3 ശതമാനം നിരക്കില്‍ സാമ്പത്തികവളര്‍ച്ചയുണ്ടായി. അക്കാലയളവില്‍ ആറുകോടി പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം ആണ്ടില്‍ 8.6 ശതമാനം നിരക്കില്‍ സാമ്പത്തികവളര്‍ച്ച. തൊഴിലവസരങ്ങളുടെ വര്‍ധന ഒന്നരക്കോടി. സാമ്പത്തികവളര്‍ച്ച ഒരു വഴി; തൊഴില്‍വളര്‍ച്ച മറുവഴി. തൊഴിലവസരം ഉയരാന്‍ സാമ്പത്തികവളര്‍ച്ച കുറഞ്ഞിരിക്കണമെന്നല്ല ഇതിന്റെ സന്ദേശം. തൊഴിലിനും സാധാരണക്കാരന്റെ വരുമാനവളര്‍ച്ചയ്ക്കും ഉതകുന്ന നിക്ഷേപങ്ങളും അതിനുസരണമായ സാമ്പത്തിക സമീപനവും ഉണ്ടാകണമെന്നാണ്. വന്‍തോതിലുള്ള നിക്ഷേപങ്ങളും ഉയര്‍ന്ന സാങ്കേതികവിദ്യകളും തൊഴില്‍ലഭ്യത ഇടിക്കും. ചെറുകിട- ഇടത്തരം കൃഷിയും വ്യവസായവും തൊഴില്‍ലഭ്യത കൂട്ടും; വാങ്ങല്‍ശേഷി വളര്‍ത്തും. മിനിമം ഭക്ഷ്യ ഊര്‍ജത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ദരിദ്രരെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയവും അപരിഷ്കൃതവുമായ മാനദണ്ഡമാണ്. കിട്ടുന്നത് ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തിപ്പോന്ന കാട്ടുജാതിക്കാരുടെ കാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ മാനദണ്ഡം. ഭക്ഷണം, വസ്ത്രം, വീട്, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, കുടിവെള്ളം, പാചകത്തിനുള്ള ഇന്ധനം, സാമൂഹ്യസുരക്ഷ ഇവയെല്ലാം ആധുനികസമൂഹത്തിന് ഒഴിവാക്കാന്‍ കഴിയുന്നതല്ല. ഇപ്പറഞ്ഞ ഘടകങ്ങള്‍ മാനദണ്ഡമാക്കി മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനപ്രകാരം ഗ്രാമങ്ങളില്‍ 44 ശതമാനവും (17.1 കോടി), പട്ടണങ്ങളില്‍ 61 ശതമാനവും (50.9 കോടി) ദരിദ്രരാണ്. അതായത്, മൊത്തം 56 ശതമാനം, അഥവാ 68 കോടി ഇന്ത്യക്കാര്‍. ഇതുവരെയുണ്ടായ സാമ്പത്തികവളര്‍ച്ച അടിത്തട്ടിലെ 77 ശതമാനത്തെ സ്പര്‍ശിച്ചില്ല എന്ന അര്‍ജുന്‍സെന്‍ ഗുപ്ത കമ്മിറ്റിയുടെ നിഗമനം പൂര്‍ണമായും ശരിവയ്ക്കുകയല്ലേ മേല്‍ പഠനം? സാധാരണക്കാര്‍ക്ക് ഭൂമിയോ തൊഴിലോ വരുമാനമോ ഉറപ്പാക്കാതെ, എങ്ങനെയാണ് വിദേശമൂലധനവും ഓഹരിക്കമ്പോളവും കോര്‍പറേറ്റ് നിക്ഷേപവും അവരെ രക്ഷപ്പെടുത്തുക? വിലക്കയറ്റം ബുള്ളറ്റ് ട്രെയിനിന്റെ വേഗത്തില്‍ കുതിക്കുകയാണ്. ഭക്ഷ്യവിലക്കയറ്റമാണ് ഏറെ രൂക്ഷം. അരിയുടെയും ഗോതമ്പിന്റെയും ഉല്‍പ്പാദനം സര്‍വകാല റെക്കോഡില്‍ (26.4 കോടി ടണ്‍) എത്തിയ വര്‍ഷംതന്നെ വിലക്കയറ്റം ഉച്ചസ്ഥായിയില്‍ (10 ശതമാനം) എത്തി. ഇതൊരു വൈപരീത്യമാണ്. ഉല്‍പ്പാദനം വര്‍ധിച്ചാലും വില കുറയില്ല; ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയാലേ വില കുറയൂ എന്നാണിതിന്റെ സന്ദേശം. കരിഞ്ചന്തയും പൂഴ്ത്തിവയ്പും അവധിവ്യാപാരവും വിലക്കയറ്റത്തിനിടയാക്കുന്നു എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ അടുത്തനിമിഷം അരിയുടെയും ഗോതമ്പിന്റെയും വില കുറയ്ക്കാം. എഫ്സിഐ ഗോഡൗണുകളില്‍ 3.19 കോടി ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കരുതല്‍ശേഖരം (ബഫര്‍ സ്റ്റോക്ക്) മതി. ഉള്ളത് 6.98 കോടി ടണ്‍. ആവശ്യമായതിനേക്കാള്‍ 118 ശതമാനം കൂടുതല്‍. കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും വിതരണംചെയ്യാന്‍ സര്‍ക്കാരിന് ധൈര്യമില്ല. മില്ലുടമകളുടെയും മൊത്തവ്യാപാരികളുടെയും എതിര്‍പ്പുതന്നെ കാരണം. മാത്രമല്ല, മിനിമം താങ്ങുവിലയ്ക്ക് സംഭരിച്ച ഭക്ഷ്യധാന്യം കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യുമ്പോഴുണ്ടാകുന്ന സബ്സിഡിച്ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. സബ്സിഡി വഹിക്കുന്നതിനേക്കാള്‍ പ്രധാനം മില്ലുടമകളുടെയും കുത്തക വ്യാപാരികളുടെയും ലാഭവും അവരുടെ രാഷ്ട്രീയ പിന്തുണയുമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒറ്റ നിര്‍ദേശമേ ബജറ്റിലുള്ളൂ. അതാകട്ടെ, വിലകള്‍ ഉയര്‍ത്തുന്നതും! ഭക്ഷ്യധാന്യങ്ങള്‍ പൊതുകമ്പോളത്തില്‍ സര്‍ക്കാര്‍തന്നെ ലേലംചെയ്യുന്ന രീതി (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം) മുന്‍ സര്‍ക്കാര്‍ പിന്തുടര്‍ന്നുപോന്നതാണ്. അതു തുടരാനാണ് നിര്‍ദേശം. മൊത്തവ്യാപാരികളും കയറ്റുമതിക്കാരുമാണ് ലേലത്തിലെ പങ്കാളികള്‍. അവര്‍ പരസ്പരധാരണയോടെ ലേലസംഖ്യ കുറച്ച് (മദ്യഷാപ്പുകളുടെയും കൂപ്പുലേലത്തിന്റെയും അതേ രീതി), ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നു. കയറ്റുമതിയും നടത്തുന്നു. രണ്ടായാലും ഫലം വിലനിയന്ത്രണമല്ല, വിലക്കയറ്റമാണ്. ആഭ്യന്തര നിക്ഷേപ ദൗര്‍ലഭ്യംമൂലമാണ് വിദേശ മൂലധനം സ്വാഗതംചെയ്യുന്നതെന്ന വാദം നിരര്‍ഥകമാണ്. പ്രതിരോധ മേഖലയും ഇന്‍ഷുറന്‍സും ചില്ലറ വ്യാപാരവും റെയില്‍വേയും മറ്റും തങ്ങള്‍ക്കുമുന്നില്‍ തുറന്നിടണമെന്ന വിദേശ മൂലധനത്തിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണ്. അതിനുള്ള തൊടുന്യായമാണ് ആഭ്യന്തരനിക്ഷേപത്തിലെ കുറവ്. ആഭ്യന്തര നിക്ഷേപത്തിന്റെ സ്രോതസ്സുകള്‍ രണ്ടാണ്. സര്‍ക്കാരും സ്വകാര്യമേഖലയും. നിക്ഷേപിക്കാനുള്ള സര്‍ക്കാരിന്റെ കഴിവ് ചലനമറ്റതല്ല. വര്‍ധിപ്പിക്കാന്‍ കഴിയും. നികുതിഘടന പരിഷ്കരിച്ചും നികുതിനിരക്ക് ഉയര്‍ത്തിയും വരുമാനവര്‍ധന സാധ്യമാണ്. നികുതിവരുമാനവും ദേശീയവരുമാനവും തമ്മിലെ അനുപാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പത്തുശതമാനമാണ് അനുപാതം. ഇംഗ്ലണ്ടില്‍ 26.9 ശതമാനവും നോര്‍വേയില്‍ 27.3 ശതമാനവും ഡെന്മാര്‍ക്കില്‍ 34.1 ശതമാനവും ബെല്‍ജിയത്തില്‍ 25.7 ശതമാനവുമാണിത്. അനുപാതം ഉയര്‍ത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ട്. പക്ഷേ, നിര്‍ദേശങ്ങളില്ല. വഞ്ചനാപരമാണ് നിര്‍ദേശം എന്നര്‍ഥം. കുറഞ്ഞ നികുതിനിരക്കുകളും ഇളവുകളും വെട്ടിപ്പുകളുമാണ് നികുതിസമാഹരണം കുറയാന്‍ കാരണം. 2013-14 സാമ്പത്തികവര്‍ഷം 5.73 ലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയെന്ന് ബജറ്റ് വെളിപ്പെടുത്തുന്നു. 2014-15 വര്‍ഷത്തെ പദ്ധതി അടങ്കല്‍ 5.75 ലക്ഷം കോടി രൂപയാണ്. അതായത് പദ്ധതിച്ചെലവിന്റെ അത്രതന്നെ തുക നികുതി ഇളവായി നല്‍കുന്നു. കോര്‍പറേറ്റ് നികുതിയിളവു മാത്രം 76,116 കോടി രൂപ. കോര്‍പറേറ്റ് നികുതി ഇളവ് ഉപേക്ഷിച്ച്, പതിനായിരം കോടി രൂപകൂടി ചെലവിട്ടാല്‍ പെട്രോളിയം സബ്സിഡി (85,480 കോടി രൂപ) നിലനിര്‍ത്താം. പെട്രോളും ഡീസലും പാചകവാതകവും മണ്ണെണ്ണയും നിലവിലെ വിലയ്ക്ക് തുടര്‍ന്നും നല്‍കാം. മൊത്തം നികുതി ഇളവുകള്‍ (5.73 ലക്ഷം കോടി രൂപ) ഒഴിവാക്കിയാല്‍ ധനകമ്മി (5.28 കോടി) തുടച്ചുമാറ്റാം. എല്ലാത്തരം സബ്സിഡികളും തുടരാം. പക്ഷേ, ഇവയെല്ലാം സങ്കല്‍പ്പനങ്ങള്‍ മാത്രം. സര്‍ക്കാര്‍ നയം അതല്ല; നികുതിസമാഹരണം ദുര്‍ബലപ്പെടുത്തുകയും സബ്സിഡികള്‍ ഒഴിവാക്കുകയുമാണ്. ഇന്ത്യയില്‍ സ്വകാര്യമേഖല ശക്തമാണ്. ഭൂമിയും വ്യവസായങ്ങളും ധനകാര്യസ്ഥാപനങ്ങളും അവ കൈയടക്കുന്നു; അല്ലെങ്കില്‍ നിയന്ത്രിക്കുന്നു. സ്ഥാപനങ്ങള്‍ വന്‍ ലാഭമുണ്ടാക്കുന്നുണ്ട്. സര്‍ക്കാരില്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ച 6,18,806 കമ്പനികളില്‍ 2,84,697 എണ്ണം ഒരു പൈസപോലും നികുതിയടച്ചില്ല. നഷ്ടമെന്നാണ് വാദം. 3,34,109 (53.99 ശതമാനം) കമ്പനികള്‍ 10.87 ലക്ഷം കോടി രൂപ ലാഭം റിപ്പോര്‍ട്ട് ചെയ്തു. എല്ലാത്തരം ഇളവുകള്‍ക്കും വെട്ടിപ്പുകള്‍ക്കും ശേഷം അവ സ്വയമേവ സമര്‍പ്പിച്ച ടാക്സ് റിട്ടേണുകള്‍ പ്രകാരമാണ് ഈ ലാഭത്തുക. യഥാര്‍ഥ ലാഭം എത്രയോ വലുതായിരിക്കുമെന്ന് ഊഹിക്കുകയേ നിര്‍വാഹമുള്ളൂ. ലാഭവും അവിഹിതമാര്‍ഗങ്ങളിലൂടെ കൈയടക്കുന്ന വരുമാനവും വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്നു. ലാഭം ഇന്ത്യയില്‍ത്തന്നെ പുനര്‍നിക്ഷേപിച്ച് ഉല്‍പ്പാദനം വളര്‍ത്തല്‍ അജന്‍ഡയിലില്ല. നിഷേപത്തിനുള്ള മൂലധനം വിദേശവായ്പകളായി സമാഹരിക്കുന്നു. കാരണം വിദേശവായ്പയ്ക്ക് പലിശനിരക്ക് വളരെ കുറവാണ്. രാജ്യത്തിന്റെ മൊത്തം വിദേശ കടബാധ്യതയുടെ 33.3 ശതമാനം അത്തരം വായ്പകളാണെന്നു സാമ്പത്തികസര്‍വേ പറയുന്നു. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നുണ്ട്. സ്വകാര്യ-പൊതുപങ്കാളിത്ത (പിപിപി) സംരംഭങ്ങള്‍ക്കുള്ള മൂലധന നിക്ഷേപത്തില്‍ സ്വകാര്യമേഖലാ നിക്ഷേപം ബാങ്കുവായ്പയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വന്‍കിട സ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നു. അവസാനം പ്രവര്‍ത്തനക്ഷമമല്ലാത്ത ആസ്തി ആയി അവ എഴുതിത്തള്ളുന്നു. ബാങ്കിങ് മേഖലയുടെ മൊത്തം വായ്പയില്‍ 2011 മാര്‍ച്ചില്‍ 2.36 ശതമാനം കിട്ടാക്കടമായിരുന്നു. 2014 മാര്‍ച്ചില്‍ അത് 3.9 ശതമാനമായി ഉയര്‍ന്നു. ശതമാനക്കണക്ക് പറഞ്ഞാല്‍ ശരിയായ രൂപം ലഭിക്കുകയില്ല. 2,04,249 കോടിയായി ഉയര്‍ന്നു എന്നു പറഞ്ഞാല്‍ ഏകദേശരൂപം കിട്ടും. വിദേശ മൂലധനം ഉല്‍പ്പാദനവും തൊഴിലവസരങ്ങളും ഉയര്‍ത്തുമെന്നു കരുതേണ്ട. ഓഹരിക്കമ്പോളത്തിലേക്കാണ് മൂലധനമെത്തുന്നത്. റെയില്‍വേയുടെയും പ്രതിരോധ ഫാക്ടറികളുടെയും എല്‍ഐസിയുടെയും പൊതുമേഖലാ ബാങ്കുകളുടെയുമെല്ലാം ഓഹരികള്‍ വിദേശ കരങ്ങളിലെത്തുന്നതോടെ ആ മേഖലകളുടെ നിയന്ത്രണവും വിദേശ മൂലധനത്തിനാവും. ഓഹരി ഇടപാടിലാണ് ധനമൂലധനം നിക്ഷേപിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം എത്തിച്ചേര്‍ന്നത് 27.58 ശതകോടി ഡോളറിന്റെ ധനമൂലധനം. ഇക്കൊല്ലമത് 35 ശതകോടി ഡോളറാകുമെന്ന് അസോചം കണക്കാക്കുന്നു. ലാഭം ദേശീയവും വിദേശീയവുമായ ഓഹരി ഇടപാടുകാര്‍ക്ക് ചെന്നുചേരും. ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഒരു ഉദാഹരണം. ജൂലൈ 7നും 14നും ഇടയില്‍ ഇന്‍ഫോസിസിന്റെ ഓഹരി വില 86.6 രൂപ കണ്ട് വര്‍ധിച്ചു. കോടിക്കണക്കിന് ഓഹരികള്‍ കൈമാറ്റപ്പെടുമ്പോള്‍ ലാഭമെത്രയെന്ന് ഊഹിച്ചാല്‍ മതി. - See more at: http://deshabhimani.com/dbnew/news-articles-all-latest_news-385248.html#sthash.Mpyrymxs.dpuf

No comments:

Blog Archive