Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, July 15, 2014

നവ ലിബറലിസത്തിന്റെ ദുഷ്ടമായ പിടിക്കുള്ളില്‍ : സി പി ചന്ദ്രശേഖര്‍


(Courtesy : Deshabhimani - Posted on: 10-Jul-2014 11:24 PM) ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരിനെ മുന്‍ഗാമിയായ യുപിഎ സര്‍ക്കാരില്‍നിന്ന് വേര്‍തിരിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായാലും സാമ്പത്തികനയം അതില്‍പ്പെടുന്നില്ല. ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി തീര്‍ച്ചയോടെ വോട്ടുചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയതുതന്നെ. ഇതാണ് ശരിയെങ്കില്‍ 2014-15 സാമ്പത്തിക വര്‍ഷത്തിലേക്കായി അവതരിപ്പിച്ച ഈ ആദ്യ ബജറ്റ് കൊണ്ടുതന്നെ മാറ്റത്തിനുവേണ്ടി ആഗ്രഹിച്ച ജനങ്ങള്‍ നിരാശരായിട്ടുണ്ടാകണം. സാമ്പത്തിക നയരംഗത്ത് കാര്യമായി ഒന്നും മാറിയതായി തോന്നുന്നില്ല. മുമ്പത്തെപ്പോലെതന്നെ ധനമന്ത്രിയുടെ പ്രസംഗം ശ്രമകരവും നിസ്സാരതകള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. ആദ്യഭാഗം ദീര്‍ഘവും രണ്ടാംഭാഗം ഹ്രസ്വവും. നിലവിലുള്ള പദ്ധതികള്‍ പുനഃസംഘടിപ്പിച്ചുണ്ടാക്കിയതോ നേരത്തെതന്നെ നിലനില്‍ക്കുന്നവ പുതിയ പേരില്‍ അവതരിപ്പിച്ചതോ ആയിരുന്നു ചില നിര്‍ദേശങ്ങള്‍. ഇവ കൂടി ഉള്‍പ്പെട്ടതും വാര്‍ഷിക പൊതുബജറ്റിന്റെ പരിധിയില്‍ പെടാത്തതുമായ കൊച്ചുകൊച്ചു നടപടികള്‍ നിരത്താനാണ് ഏറെ സമയവുമെടുത്തത്. മറ്റുള്ളവയാകട്ടെ, വന്‍ തുക ആവശ്യമുള്ളയിടത്ത് തുച്ഛമായ തുക മാത്രം നീക്കിവച്ച് നിരര്‍ഥകമാക്കിയിട്ടുള്ളവയായിരുന്നു. യുപിഎയേക്കാള്‍ പരിഷ്കരണവാദികളും ബിസിനസ് അനുകൂലികളുമാണ് എന്‍ഡിഎ എന്ന് വിദേശനിക്ഷേപകരോടും ഇന്ത്യയിലെതന്നെ വന്‍കിട മൂലധനശക്തികളോടും പ്രഖ്യാപിക്കുക എന്നതായിരുന്നു ഈ അഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ. അതുകൊണ്ടുതന്നെ, ഇന്‍ഷുറന്‍സ്-പ്രതിരോധ ഉല്‍പ്പാദന രംഗങ്ങളിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തി. മൂലധന കമ്പോളത്തിലെ നിക്ഷേപകര്‍ക്ക് സുപ്രധാന ഇളവുകള്‍ നല്‍കി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വാണിജ്യ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് ആനുകൂല്യം നല്‍കി. വ്യവസായങ്ങള്‍ക്ക് വിശാലമാക്കപ്പെട്ട നിക്ഷേപ അലവന്‍സ് പദ്ധതി ഉള്‍പ്പെടെ ഇളവുകളും സൗജന്യങ്ങളും നല്‍കി. പക്ഷേ, പ്രശ്നം മറ്റൊരിടത്താണ്. ഈ നടപടികളൊന്നും തന്നെ രാജ്യത്തിനാവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ വികസനത്തെ ത്വരിതപ്പെടുത്തുകയോ ചെയ്യില്ല എന്നിടത്താണ്. വളര്‍ച്ചാനിരക്ക് മുമ്പോട്ടുകൊണ്ടുപോകണമെങ്കില്‍ സര്‍ക്കാര്‍ ഗ്രാമ-നഗര അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പണം ചെലവാക്കണം; വിവിധങ്ങളായ തരത്തില്‍ നിക്ഷേപം നടത്തണം. ചെലവാക്കാന്‍ വേണ്ട പണത്തിനുള്ള വിഭവസ്രോതസ്സ് കണ്ടെത്തണം. എന്‍ഡിഎയുടെ ധനമന്ത്രിയാകട്ടെ, വിഭവങ്ങള്‍ കണ്ടെത്താനുള്ള ഒരു താല്‍പ്പര്യവും പ്രകടിപ്പിക്കുന്നില്ല. പകരം മുന്‍ സര്‍ക്കാരുകളെ അനുകരിച്ചുകൊണ്ട് അദ്ദേഹം മധ്യവിഭാഗ നികുതിദായകര്‍ക്ക് വിപുലീകൃതമായ ആദായനികുതി പരിധി, അല്‍പ്പം ഉയര്‍ന്ന സമ്പാദ്യബന്ധിത സൗജന്യങ്ങള്‍ എന്നിങ്ങനെയുള്ള സാധാരണ നടപടികളിലൂടെ നിശ്ചിത വരുമാനക്കാര്‍ക്ക് അല്‍പ്പം ചിലതു നല്‍കി. അതിലൂടെ, ഇന്ത്യയിലെ അതിസമ്പന്ന വിഭാഗങ്ങള്‍ കുന്നുകൂട്ടുന്ന വമ്പന്‍ മിച്ചങ്ങള്‍ക്കുമേല്‍ നികുതി ചുമത്താതിരിക്കുന്നതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിട്ടു. നികുതി ചുമത്തലിലൂടെ വിഭവസമാഹരണം നടത്തുന്നില്ലെങ്കില്‍ അധികച്ചെലവുകള്‍ സര്‍ക്കാരിന്റെ കമ്മി വര്‍ധിപ്പിക്കും. എന്‍ഡിഎയ്ക്ക് ആവശ്യം മുന്‍ഗാമികളേക്കാള്‍ വലിയ പരിഷ്കരണവാദികളായി സ്വയം അവതരിപ്പിക്കലാണെന്നതുകൊണ്ടുതന്നെ അവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന വഴിയല്ല ഇത്. ധനകാര്യ അച്ചടക്കത്തിനും പണസമാഹരണത്തിനും കാര്യമായ നിലയിലുള സാമ്പത്തിക ഇടപെടലുകള്‍ വഴിതെളിച്ചുകൊള്ളുമെന്നാണ് ധനമന്ത്രി ആണയിടുന്നത്. അങ്ങനെ ദേശീയവരുമാനത്തിന്റെ 4.1 ശതമാനം ധനകമ്മി എന്ന ഇടക്കാല ബജറ്റിലെ ലക്ഷ്യത്തിലദ്ദേഹം ഉറച്ചുനില്‍ക്കുന്നു. ഇത് ധ്വനിപ്പിക്കുന്നത് പരിമിതമായ സാമ്പത്തികമേഖലയെ തങ്ങള്‍ക്ക് നവഉദാരവല്‍ക്കരണ നയങ്ങള്‍ അനുവദിച്ചു തരുന്നുള്ളൂ എന്നും തങ്ങള്‍ അതില്‍ പെട്ടുപോയിരിക്കുന്നു എന്നുമുള്ള സത്യമാണ്. അക്കങ്ങള്‍ കൊണ്ടുള്ള കളികളിലൂടെ ധനകാര്യ സംബന്ധിയായി പെരുമാറാനുള്ള അല്‍പ്പം ഇടം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തനിക്കുതന്നെ അനുവദിച്ചുനല്‍കുന്നുണ്ട്. ഉയര്‍ന്ന പ്രത്യക്ഷനികുതി സമ്പ്രദായം, സിഗരറ്റ് അടക്കം ചിലവയിലുള്ള പരോക്ഷ നികുതി പരിഷ്കാരം എന്നിവയിലൂടെ മൊത്തം നികുതിവരുമാനം 2014-15ല്‍ 2013-14ലെ 1,22,700നെ അപേക്ഷിച്ച് 2014-15ല്‍ 2,20,000 കോടി കണ്ട് ഉയര്‍ത്താമെന്ന് അദ്ദേഹം കരുതുന്നു. നേരത്തെ പറഞ്ഞ നികുതിയിളവുകളെല്ലാം ഉണ്ടായിരിക്കെത്തന്നെയാണിത്. എന്നാല്‍, ഇപ്പറഞ്ഞ വിധമുള്ള ഊതിപ്പെരുപ്പിച്ച നികുതിവരുമാന നിരക്ക് ഉണ്ടായാലും സര്‍ക്കാരിന് ഒരു പ്രശ്നമുണ്ട്. സര്‍ക്കാര്‍ സ്വയം നിജപ്പെടുത്തിയിരിക്കുന്ന കര്‍ക്കശമായ കമ്മി പരിധി എന്ന ലക്ഷ്യംകൊണ്ട് ഉണ്ടാവുന്നതാണിത്. ധനമന്ത്രിയുടെ പക്കലുള്ള പണത്തിന്റെ വലിയ ഒരുഭാഗം വ്യക്തമായ കാര്യത്തിനുവേണ്ടി ചെലവാക്കാന്‍ ബാധ്യസ്ഥമായുള്ളതാണ്. മുന്‍കാലത്തെ കടബാധ്യതയ്ക്ക് പലിശയടയ്ക്കണം. പ്രതിരോധച്ചെലവ് കുറയ്ക്കാനാകാത്തതാണ്. സബ്സിഡികള്‍ എളുപ്പത്തില്‍ കുറയ്ക്കാനാകുന്നതല്ല. അങ്ങനെ വരുമ്പോള്‍, ഭക്ഷ്യസുരക്ഷാനിയമം മുന്‍നിര്‍ത്തിയുള്ള വാഗ്ദാനം ഒരുപരിധി വരെയെങ്കിലും പാലിക്കാന്‍ 2013-14ലെ 92,000 കോടിയില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന 1,15,000 കോടിയുടെ സബ്സിഡി ഭക്ഷ്യരംഗത്തുവേണം. എന്നാല്‍, ചെലവുകള്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രകടമാണ്. തൊഴിലുറപ്പുനിയമം വേണ്ടത്ര വ്യാപിച്ചിട്ടില്ല. അതുപ്രകാരം ഉണ്ടാകേണ്ട തൊഴില്‍ ഉല്‍പ്പാദനലക്ഷ്യങ്ങള്‍ സാധിച്ചിട്ടുമില്ല. എന്നിട്ടും അതിനുള്‍പ്പെടെയായി ഗ്രാമവികസനത്തിന് നീക്കിവച്ചിട്ടുള്ളത് 80,000 കോടി രൂപയാണ്; 2013-14ലെ ബജറ്റിലേതിനെ അപേക്ഷിച്ച് 5,500 കോടി മാത്രം കൂടുതല്‍. ഇത്തരം നടപടികളിലൂടെ റവന്യൂ ചെലവ് വര്‍ധന 2014-15ലേക്കുള്ള ബജറ്റ് 1,50,514 കോടി എന്നു കണക്കാക്കുന്നു. 2013-14ലെ 1,56,000 കോടിയെ അപേക്ഷിച്ച് ശ്രദ്ധേയമായ തോതിലല്ലെങ്കിലും കുറവുതന്നെയാണിത്. 2013-14ലെ 24,036 കോടിയുടേതില്‍നിന്ന് താഴ്ന്ന 2014-15ലെ 22,266 കോടിയുടെ മൂലധനച്ചെലവ് വര്‍ധന കൂടി ഇതോടെ ചേര്‍ത്തുവച്ചാല്‍ ബജറ്ററി ചെലവ് 2013-14ലെ 13 ശതമാനത്തെ അപേക്ഷിച്ച് 2014-15ല്‍ 11 ശതമാനമെന്ന് താരതമ്യേന കുറഞ്ഞ തോതിലാണെങ്കിലും ഉയരുന്നു എന്ന് കാണാം. ഇപ്പോഴത്തെ പണപ്പെരുപ്പ വര്‍ധന നിരക്കുകൂടി കണക്കാക്കിയാല്‍ മൊത്തം ചെലവില്‍ നേരിയ തോതിലുള്ള യഥാര്‍ഥ വര്‍ധനയുണ്ടാകുന്നു. അങ്ങനെ നോക്കുമ്പോള്‍, സാധാരണ മട്ടിലുള്ള കാര്യം നടത്തിപ്പ് എന്നതിനപ്പുറം ബജറ്റ് ഒരു മാറ്റത്തെയും കുറിക്കുന്നില്ല എന്ന് കാണാം. അതിനുമപ്പുറം, വരുമാനലക്ഷ്യങ്ങള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് വരുമെന്നിരിക്കെ ചെലവ്ചെയ്യല്‍ ബജറ്റില്‍ പറയുന്ന തലത്തിനും താഴെ എത്തിനില്‍ക്കുകയാകും ഉണ്ടാവുക. മരവിച്ചുനില്‍ക്കുന്ന സമ്പദ്ഘടനയെ ത്വരിതപ്പെടുത്തുന്നതിനോ 7-8 ശതമാനത്തിന്റെ തുടര്‍വികസനത്തിലേക്കുള്ള യാത്ര തുടങ്ങുന്നതിനോ ഇന്നത്തെ ധനില പര്യാപ്തമല്ല എന്ന് പലരും വാദിച്ചേക്കാം. അരുണ്‍ ജെയ്റ്റ്ലി ഇത് അംഗീകരിക്കുന്നുണ്ട്. ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങളെല്ലാം മന്ത്രിസഭയുണ്ടാക്കി 45 ദിവസത്തിനുള്ളിലവതരിപ്പിക്കുന്ന ആദ്യ ബജറ്റില്‍ പ്രതീക്ഷിക്കുന്നത് ബുദ്ധിയല്ല എന്ന് അദ്ദേഹം മുന്നറിയപ്പ് നല്‍കുന്നുകൂടിയുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വന്‍ പ്രതീക്ഷ സൃഷ്ടിച്ചുകൊണ്ട് ഇന്നത്തെ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നവരാണിവര്‍. അതുകൊണ്ടുതന്നെ രാഷ്ട്രം കാത്തിരിക്കട്ടെ എന്ന് പറഞ്ഞാലത് കുറച്ച് കടന്ന കൈയായിപ്പോകും. ജെയ്റ്റ്ലി നവമധ്യവിഭാഗം എന്നു വിശേഷിപ്പിക്കുന്നവരോ, പാവപ്പെട്ടവരോ അതില്‍ സന്തുഷ്ടരാകാന്‍ പോകുന്നില്ല. ഒപ്പം, മോഹിച്ച "വന്‍കിട" സൗജന്യങ്ങള്‍ കിട്ടാത്തതില്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന വമ്പന്‍ ബിസിനസുകാര്‍ കുപിതരാവുകയും ചെയ്യും. - See more at: http://deshabhimani.com/newscontent.php?id=479764#sthash.WrlLhSAl.dpuf

No comments:

Blog Archive