സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം 2008 നവമ്പര്‍ 15,16 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടക്കുകയാണ്. സ്വതന്ത്ര സോഫ്റ്റ് വേറിന്‍റെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവായ മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്ചുതാനന്ദന്‍ തന്നെ അത് ഉല്‍ഘാടനം ചെയ്യുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാരും വിവിധ വകുപ്പുദ്യോഗസ്ഥരും പൊതുമേഖലാ നടത്തിപ്പുകാരും വ്യവസായ പ്രമുഖരും ട്രേഡ് യൂണിയന്‍ നേതാക്കളും ബഹുജന സംഘടനാ പ്രവര്‍ത്തകരും വിദഗ്ദ്ധരും പ്രൊഫഷണലുകളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും സോഫ്റ്റ് വേര്‍ കുത്തകവല്‍ക്കരണത്തിന്‍റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കുന്നവരായതിനാല്‍ അവയുടെയൊക്കെ പ്രതിനിധികളെ ഈ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം ഉണ്ടാകും. സ്വാഭാവികമായും സോഫ്റ്റ് വേര്‍ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുള്ള നിയമ നിര്‍മ്മാതാക്കളും ഭരണ കര്‍ത്താക്കളും ഈ സമ്മേളനത്തില്‍ പങ്കാളികളാകും. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ് വേറിന് ഉപയോഗ സാദ്ധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ് വേറിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
പുതുതായി നേടുന്ന ഏത് ശാസ്ത്ര സാങ്കേതിക സിദ്ധികളും അവയുടെ ഗുണഫലങ്ങളും എത്രയും വേഗം സമൂഹത്തിലെത്തിക്കുകയും അതുവഴി സാമ്പത്തിക മേഖലയ്ക്ക് സഹായം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൊച്ചി സര്‍വ്വകലാശാലയാണ് സംഘാടകരില്‍ ഒന്ന്. സമ്മേളനവേദിയും അതാണ്. ഐടി@സ്കൂള്‍ പ്രോജക്ടാണ് സംഘാടനച്ചുമതല പങ്കിടുന്ന മറ്റൊരു സ്ഥാപനം. അദ്ധ്യാപകരുടെ സംഘടിത ശേഷിയുടെ ഇടപെടലിലൂടെ സ്വതന്ത്ര സോഫ്റ്റ് വേറിലേയ്ക്ക് മാറിയതു മൂലം ലോകം അത്ഭുതാദരങ്ങളോടെ നോക്കി കാണുന്ന ഒന്നാണത്. ബൈലോ പ്രകാരം തന്നെ സ്വതന്ത്ര സോഫ്റ്റ് വേറില്‍ മാത്രം സോഫ്റ്റ് വേര്‍ നിര്‍മ്മാണം നടത്തുകയും സേവനം നല്‍കുകയും ചെയ്യുന്നതിനായി 2000 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനമായ ഓപ്പണ്‍ സോഫ്റ്റ് വേര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘവും സംഘാടകരില്‍ ഒന്നാണ്. 1998 മുതല്‍ വിവര സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകള്‍ പഠിക്കുന്നതിനായി ജനകീയ ഐടി പഠനം സംഘടിപ്പിച്ച് ഈ രംഗത്തേയ്ക്ക് വന്നവരും എറണാകുളം ജില്ലാ പഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതിയില്‍ സ്വതന്ത്ര സോഫ്റ്റ് വേര്‍ ഉപയോഗിക്കുന്നതിന് കാരണക്കാരായവരും ഓപ്പണ്‍ സോഫ്റ്റ് വേര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം പ്രൊമോട്ടര്‍മാരും ചേര്‍ന്ന് 2001 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം എന്ന സന്നദ്ധ സംഘടനയും സംഘാടകരിലൊന്നാണ്. അത് ഒഎസ്എസിന്‍റെ സാങ്കേതിക-സാമ്പത്തിക പിന്തുണാ സംവിധാനമായും പ്രവര്‍ത്തിച്ചുവരുന്നു.
ഈ സമ്മേളനത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വ കലാശാല സ്വതന്ത്ര സോഫ്റ്റ് വേര്‍ വികസനത്തിലും വ്യാപനത്തിലും മുന്‍കൈയ്യെടുക്കുകയും ആ പ്രസ്ഥാനത്തിന് വലിയൊരു മുന്നേറ്റമുണ്ടാക്കുകയും ചെയ്യും. ഇവിടെ നിലവിലുള്ള വിവര വിനിമയ ശൃംഖലാ കേന്ദ്രം ശക്തിപ്പെടുത്തുകയും ആഗോള സ്വതന്ത്ര സോഫ്റ്റ വേര്‍ പ്രവര്‍ത്തകരായ പ്രൊഫഷണലുകളുടെ സമൂഹവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അവരുടെ സ്വതന്ത്ര സോഫ്റ്റ് വേര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും അവരുടെ നേട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ അപ്പപ്പോള്‍ ലഭ്യമാക്കുകയും ചെയ്യും. ഈ നേട്ടങ്ങളുടെ വര്‍ദ്ധനവിനും വ്യാപനത്തിനുമായി മറ്റിതര സര്‍വ്വകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും പൊതുമേഖലാ സ്ഥാപനങ്ങളുമായും ധനകാര്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങളുമായും വിവര വിനിമയ-മാദ്ധ്യമ സ്ഥാപനങ്ങളുമായും ശൃംഖലാ ബന്ധം സ്ഥാപിക്കും. സ്വതന്ത്ര സോഫ്റ്റ് വേര്‍ മേഖലയില്‍ ഇത്തരമൊരു ബന്ധം സ്ഥാപിച്ചെടുക്കുക എന്നത് ഈ സമ്മേളനത്തിന്‍റെ സുപ്രധാന ലക്ഷ്യവും നേട്ടവുമായിരിക്കും. ആയതിലേയ്ക്ക് നയ രൂപീകരണവും ഭരണ നിര്‍വ്വഹണവുമടക്കം മേല്‍പ്പറഞ്ഞ മുഴുവല്‍ മേഖലകളുടേയും പ്രതിനിധികളെ ഈ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമം സംഘാടക സമിതി നടത്തുന്നതാണ്.
അറിവ് സമൂഹത്തിന്‍റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അത് തന്നെ സ്ഥിതി. പക്ഷെ, പലതും പിടിച്ച് വെച്ച് കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ് വേര്‍ അത്തരമൊന്നാണ്. 1980 കള്‍ വരെ അതും സാമൂഹ്യ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. തുടര്‍ന്നാണ് സോഫ്റ്റ് വേര്‍ പേറ്റന്‍റിങ്ങ് ആരംഭിച്ചത്. ഇന്ത്യയില്‍ ഇന്നും സോഫ്റ്റ് വേര്‍ പേറ്റന്‍റ് നിയമത്തിന്‍റെ പരിധിയിലല്ല. പരിധിയിലാക്കാനുള്ള ശ്രമം കുത്തകകളുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. അതിനെതിരെ സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രവര്‍ത്തകരും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും രംഗത്തുണ്ട്.
പക്ഷെ, സോഫ്റ്റ് വേര്‍ രംഗം ആഗോള കുത്തകകളുടെ കൈപ്പിടിയിലാണിന്ന്. അവര്‍ക്ക് ലൈസന്‍സ് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടു മിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ് വേര്‍ സേവനങ്ങള്‍ നല്‍കുന്നത്. സ്വതന്ത്ര സോഫ്റ്റ് വേറിലേയ്ക്ക് മാറിയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. അതിലൂടെ മൊത്തം ചെലവിലുണ്ടാകുന്ന കുറവ് ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ഇന്ത്യന്‍ സേവന ദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോളകുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാനേജ് മെന്‍റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവ് മൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്.
സ്വതന്ത്ര സോഫ്റ്റ് വേറിന്‍റെ മികവ് മേല്‍പ്പറഞ്ഞ നേരിട്ടുള്ള സാമ്പത്തിക നേട്ടങ്ങളില്‍ ഒതുങ്ങുന്നില്ല. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ് വേറില്‍ യഥാര്‍ത്ഥ അറിവ് നേടാന്‍ അതുപകരിക്കും. ഇന്നവര്‍ പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകളുടെ ഉള്ളറകള്‍ കാണാതെ പുറം മോടിയും അവയുടെ ഉപയോഗ ക്രമവും മാത്രമാണ് പഠിക്കുന്നത്. മറ്റ് മേഖലകളിലെ കുട്ടികള്‍ക്കാകട്ടെ, നിലവില്‍ സോഫ്റ്റ് വേറിന്‍റെ ചെലവ് താങ്ങാനാവത്തത് മൂലം ബന്ധപ്പെട്ട മേഖലകളുടെ പഠനത്തിന് ആവശ്യമായവ ലഭിക്കാതെ പോകുന്നു. സ്വതന്ത്ര സോഫ്ട് വേറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും. നമ്മുടെ കുട്ടികള്‍ക്ക് മൂല്യവത്തായ മെച്ചപ്പെട്ട അറിവ് പകര്‍ന്ന് നല്‍കാനും അവരുടെ ഭാവി കൂടുതല്‍ ശോഭനമാക്കാനും ഇതുപകരിക്കും. അവരുടെ തൊഴില്‍ സാധ്യതകളും ഉയര്‍ത്തും.
സ്വതന്ത്ര സോഫ്റ്റ് വേറിന്‍റ മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പോലും അവയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്. കാരണം, സ്വകാര്യ കമ്പനികള്‍ക്കുള്ളിലെ ജയില്‍ സമാനമായ പരിതോവസ്ഥയില്‍ പണിയെടുക്കുന്ന പരിമിതമായ മനുഷ്യ വിഭവത്തിനുണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തിലും കാര്യക്ഷമതയിലും സ്വതന്ത്രമായ ചുറ്റുപാടില്‍ തങ്ങളുടെ സൃഷ്ടിപരമായ കഴിവ് വിനിയോഗിക്കുന്ന എണ്ണമില്ലാത്ത സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രൊഫഷണലുകളുടെ കൂട്ടായ്‍മക്ക് പ്രശ്ന പരിഹാരം കാണാനും സോഫ്റ്റ് വേര്‍ വികസിപ്പിക്കാനും കഴിയും. സ്വാതന്ത്ര്യത്തിന്‍റ മേന്മയും അത് നല്‍കുന്ന ഭൌതിക നേട്ടവും വെളിപ്പെടുത്തുന്ന ഒരുദാഹരണം കൂടിയാണിത്.
ശൃംഖലാ സുരക്ഷിതത്വവും വിവര സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതില്‍ സ്വതന്ത്ര സോഫ്റ്റ വേറിനുള്ള സാധ്യത പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകള്‍ക്കില്ല. യുണിക്സ് സമാനമായ ലിനക്സിന്‍റെ സ്വതസിദ്ധമായ സുരക്ഷാ മികവുകള്‍ മറ്റേത് പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകളേയും വെല്ലുന്നതാണ്. അത് കൂടാതെ സാങ്കേതിക വിദ്യയും മൂല കോഡുകളും (Source Code) പഠനത്തിനും ഉപയോഗത്തിനും ലഭ്യമായതിനാല്‍ അതുപയോഗിക്കുന്നവര്‍ക്ക് പുറത്താര്‍ക്കും അറിയാത്ത സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാം. ഉപയോഗിക്കാം.
പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകളുടെ സുരക്ഷാസംവിധാനങ്ങള്‍ രഹസ്യമാണ്, സ്ഥിരമാണ്. ഉപയോക്താക്കള്‍ക്കത് പഠിക്കാനാവില്ല. പക്ഷെ, സുരക്ഷാ ഭംഞ്ജകര്‍ക്കത് കഴിയുകയും ചെയ്യും. ഉപയോക്താക്കള്‍ക്ക് സുരക്ഷിതത്വമടക്കം ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ചെറുകിട സംരംഭകരുടെ സാധ്യതകളും സ്വാതന്ത്ര്യത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും മേന്മകളും ഇത് വെളിവാക്കുന്നു.
ഇക്കാരണങ്ങളാല്‍ സമ്മേളനം എല്ലാ വിഭാഗം ജനങ്ങളുടേയും ശ്രദ്ധ ആവശ്യപ്പെടുന്നു.
ജോസഫ് തോമസ്
കണ്‍വീനര്‍
04-10-2008.
1 comment:
Why BSNL management is not acting upon this proposal. The proposed training is a must for BSNL officers as they are unable to market BSNL services due to their ignorance. I myself went to BSNL customer service centre at Kalathiparambil road near south over bridge for getting an internet access facility. They guided me to Panampilly nagar housing board building. They have registered me for the same and directed me to JTO Udayamperoor. That officer informed me that the connection will be given when my turn comes.
After a waiting of 4 months now I have taken the connection from Asianet. They gave me a dialup connection accessible through my BSNL phone number 2792980.
Later on I came to know that BSNL too have dialup access services like netone and prepaid cards.
Why didnot the customer service centres guide me on the availability of dialup facility. They require training.
Post a Comment