Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, March 30, 2010

ബിഎസു്എന്‍എല്‍ നു് അവസാന പ്രഹരം നല്‍കാന്‍ വീണ്ടും സാം പിത്രോദ.

ടെലികോം വ്യവസായത്തില്‍ പൊതുമേഖലയില്‍ നിലനില്കുന്ന ബിഎസ്എന്‍എല്‍ നേക്കൂടി സ്വകാര്യ മൂലധനത്തിനു്, ആഗോള പടുമൂലധനത്തിനും, വിഹരിക്കാനായി വിട്ടുകൊടുക്കുക എന്നതാണു് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിപാടി. സാം പിത്രോദ കമ്മിറ്റി സര്‍ക്കാര്‍ തട്ടിക്കൂട്ടിയതു് ഈ ലക്ഷ്യത്തോടെയാണു്. കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയ ചട്ടക്കൂടുമായി പൊരുത്തപ്പെടുന്നതാണിതു്. സാം പിത്രോദ തന്നെ കമ്മിറ്റി ചെയര്‍മാനായതിലും ഒട്ടും അതിശയിക്കാനില്ല. കാരണം, ഇതടക്കം ഇതിനേക്കാള്‍ വലിയ ലക്ഷ്യങ്ങളോടെ ഇന്ത്യയുടെ അധികാരത്തിന്റെ ഇടനാഴികളില്‍ കഴിഞ്ഞ മൂന്നു് പതിറ്റാണ്ടായി വിഹരിക്കുന്ന ആളാണു് സാം പിത്രോദ. ഈ ദിശയില്‍, സാമ്രാജ്യത്വത്തിനായി, ഒട്ടേറെ സേവനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുമുണ്ടു്. സാമ്രാജ്യത്വ താല്പര്യങ്ങളുടെ കേളീ രംഗമായി ഇന്ത്യന്‍ ടെലികോം മേഖല മാറിക്കഴിഞ്ഞിരിക്കുന്നു.
സ്വാതന്ത്ര്യാനന്തര നാളുകളില്‍ ഇന്ത്യന്‍ ടെലികോം മേഖല വളര്‍ന്നു് വികസിച്ചതു് കോളനി ഭരണക്കാലത്തു് സ്വീകരിച്ചു തുടങ്ങിയ ബ്രിട്ടീഷു് സാങ്കേതികവിദ്യകളോടൊപ്പം അമേരിക്കയൊഴിച്ചു് മറ്റിതര സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യകളും കൂടി ഉപയോഗിച്ചായിരുന്നു. അമേരിക്കയുടെ കമ്യൂണിക്കേഷന്‍ സിഗ്നലിങ്ങ് സംവിധാനം ഇന്ത്യ ഉപയോഗിച്ചിരുന്ന യൂറോപ്യന്‍ സംവിധാനത്തില്‍ നിന്നു് വ്യത്യസ്തമായതാണു്, അമേരിക്കന്‍ സാങ്കേതിക വിദ്യ തീരെ സ്വീകരിക്കാതിരുന്നതിനു് കാരണം. ഇതിനു് മാറ്റം വരുത്തിയതു്, അമേരിക്കയില്‍ നിന്നു് സാങ്കേതികവിദ്യ സ്വീകരിക്കുന്ന സ്ഥിതി സൃഷ്ടിക്കുന്നതില്‍ വിജയകരമായി ഇടപെട്ടതു്, സാം പിത്രോദയാണു്. അദ്ദേഹം ടെലികോം കമ്മീഷന്‍ (ബിഎസ്എന്‍എല്‍ ന്റെ മുന്‍ രൂപം) മറ്റു് പല സാങ്കേതിക മിഷനുകളുടേയും ചെയര്‍മാനായി കടന്നു വന്ന 1980 കളില്‍ അദ്ദേഹം തുടങ്ങിവെച്ച സീഡോട്ട് എന്ന സ്ഥാപനത്തിനു് ആദ്യമായി അമേരിക്കന്‍ സാങ്കേതിക വിദ്യ സ്വീകരിച്ചുകൊണ്ടാണു് ഇതു് നടപ്പാക്കപ്പെട്ടതു്. സീഡോട്ടു് സ്വിച്ചുകള്‍ ടെലികോം പൊതുമേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അവ ഗുണമേന്മയുള്ളവ തന്നെയായിരുന്നു. ടെലികോം കമ്മീഷനില്‍ നിന്നു് ശമ്പളം പറ്റാതെ അദ്ദേഹം നിര്‍വഹിച്ച ദൌത്യം ഇന്ത്യന്‍ ടെലികോം മേഖല അമേരിക്കന്‍ സാങ്കേതിക വിദ്യയ്ക്കു് ആദ്യമായി തുറന്നു കൊടുക്കുക എന്നതായിരുന്നു. യൂറോപ്യന്‍ മാനദണ്ഡങ്ങളപയോഗിച്ചു വന്ന ഇന്ത്യന്‍ ടെലികോം മേഖലയില്‍ വ്യത്യസ്തമായ മാനദണ്ഡങ്ങളുപയോഗിക്കുന്ന അമേരിക്കന്‍ സാങ്കേതികോപകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പല തിക്ത ഫലങ്ങളും ഇന്നും ഇന്ത്യ അനുഭവിക്കുന്നുണ്ടു്. വോയ്സു് സൌകര്യമുള്ളതെങ്കിലും അമേരിക്കന്‍ നിര്‍മ്മിത മോഡങ്ങളില്‍ വോയ്സു് സേവനങ്ങള്‍ കിട്ടാതെ വരുന്നതു് അതിലൊന്നാണു്. മോഡത്തിന്റെ വിലയില്‍ കോടികളാണു് ഇന്ത്യന്‍ കമ്പോളത്തില്‍ നിന്നു് അനാവശ്യമായി ഒഴുകിപ്പോകുന്നതു്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍, അങ്ങേയറ്റത്തെ തകര്‍ച്ചുയുടെ വക്കത്തെത്തിയ സാമ്രാജ്യത്വ അതിജീവനത്തിനു് ഉതകുന്നതായിരുന്നു, ഇന്ത്യന്‍ ടെലികോം കമ്പോളം അമേരിക്കക്കു് വിട്ടുകൊടുത്ത ഈ നടപടി. സീഡോട്ടു് ഇന്ത്യന്‍ ടെലികോമിന്റെ തദ്ദേശീയവല്‍ക്കരണമായാണു് അന്നു് പ്രകീര്‍ത്തിക്കപ്പെട്ടതു്.
കമ്യൂണിക്കേഷന്‍ മേഖലയുടെ വളര്‍ച്ചയുടേയും വികാസത്തിന്റേയും ഫലമാണു് ഇന്നു് നാം കാണുന്ന വിവര സാങ്കേതിക വിദ്യാ വികാസം. എന്നാല്‍, വിവര സാങ്കേതിക വിദ്യയെ കമ്യൂണിക്കേഷന്‍ വ്യവസായത്തിനു് തികച്ചും അന്യമായ ഒന്നായി അവതരിപ്പിച്ചു് അതിനെ കമ്പ്യൂട്ടറിന്റേയും സോഫ്റ്റു്വെയറിന്റേയും മാത്രം മേഖലയാക്കി ചുരുക്കിയെടുത്തതും പെരുപ്പിച്ചു്, പതപ്പിച്ചു്, വളര്‍ത്തിയെടുത്തതും അതിലൂടെ ഒരു പുതിയ വ്യവസായ സാമ്രാജ്യം സൃഷ്ടിച്ചതും ആധുനിക സാമ്രാജ്യത്വം നേരിട്ട ഏറ്റവും ഗുരുതരമായ പ്രതിസന്ധിയില്‍ നിന്നു് കരകയറാനുള്ള മാര്‍ഗ്ഗമായി ഉപകരിക്കപ്പെട്ടു. ഒറ്റയടിക്കു് സാങ്കേതിക വിദ്യ, ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ എന്നിവയെല്ലാം അമേരിക്കന്‍ കുത്തകാധിപത്യത്തിന്‍ കീഴിലായതാണു് ഈ മാറ്റത്തിന്റെ കാതല്‍. ഇന്ത്യയില്‍ പൊതുവെ, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വളര്‍ന്ന കമ്യൂണിക്കേഷന്‍ മേഖലയുടെ ചെലവില്‍, കുറഞ്ഞ നിരക്കില്‍ കണക്ടിവിറ്റി നല്‍കുമ്പോള്‍ അവ ഉപയോഗിച്ചു് കൂടിയ വിലയീടാക്കുന്ന വിവര സാങ്കേതിക സേവനങ്ങള്‍ സ്വകാര്യ മേഖലയില്‍ വളര്‍ത്തപ്പെട്ടു. തിരിച്ചു്, കമ്യൂണിക്കേഷന്‍ മേഖലയ്ക്കു് വേണ്ട ഉപകരണങ്ങളും സോഫ്റ്റു്വെയര്‍ സേവനങ്ങളും കൂടിയ മോഹവിലയ്ക്കു് നല്കപ്പെടുകയുമാണു്.
സോഫ്റ്റ്‌വെയറിനെ പ്രൊപ്രൈറ്ററിയാക്കി കൊള്ള ലാഭമടിക്കുന്ന മാര്‍ഗ്ഗം വിജയകരമായി നടപ്പാക്കിയതാണു് സാമ്രാജ്യത്വ അതിജീവനത്തിനുപകരിച്ച മറ്റൊരു മാറ്റം. അതിനെതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ശക്തമായ ബദല്‍ സൃഷ്ടിച്ചു് മുന്നേറുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടെലികോം മേഖല അതൊന്നും കാര്യമായി ശ്രദ്ധിച്ചിട്ടേയില്ല. മാത്രമല്ല, സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം അപ്രസക്തമാക്കുന്ന തരത്തില്‍ സോഫ്റ്റു്വെയര്‍ മാത്രമല്ല അതോടൊപ്പം ഹാര്‍ഡ്‌വെയറും നെറ്റ്‌വര്‍ക്കും പ്ലാറ്റ്‌ഫോമും ചേര്‍ത്തു് സംയോജിത സേവനങ്ങളാണു് ക്ലൌഡ് കമ്പ്യൂട്ടിങ്ങു് കുത്തകകള്‍ നല്‍കിവരുന്നതു്. പശ്ചാത്തല സൊകര്യം പങ്കുവെയ്ക്കുകയാണെന്നാണു് പറയപ്പെടുന്നതു്. സേവനങ്ങളുടെ വില കുറയ്ക്കാന്‍ ഏതായാലും ഇതു് വഴി കഴിയും. ചെറുകിട ഐടി കമ്പനികളേയെല്ലാം ഒറ്റയടിക്കു് പാപ്പരീകരിക്കാന്‍ പോന്ന തന്ത്രങ്ങളാണു് ഗൂഗിളും ആമസോണും പയറ്റിക്കൊണ്ടിരിക്കുന്നതു്. ചരക്കിന്റെ കുറഞ്ഞവില കമ്പോളാധിപത്യത്തിന്റെ ഉപകരണമായതു കൊണ്ടു്, ഇവിടെയും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം വിജയിച്ചുകൊണ്ടിരിക്കുന്നു.
ഈ സാമ്രാജ്യത്വ അതിജീവന പദ്ധതിയുടെ ഭാഗം തന്നെയാണു് മൈക്രോസോഫ്റ്റുമായുള്ള ബി.എസു്.എന്‍.എല്‍. ന്റെ കരാര്‍. ഈ കരാറിനൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണു് മൈക്രോസോഫ്റ്റു് ഇന്ത്യയില്‍ pay-per use എന്ന സേവനത്തിനു് പേറ്റന്റു് അപേക്ഷ നല്‍കിയിരിക്കുന്നു എന്ന വസ്തുത. ഹാര്‍ഡു് വെയര്‍ സേവനങ്ങളും സോഫ്റ്റു്വെയര്‍ സേവനങ്ങളും ഒരു റിമോട്ടു് കേന്ദ്രത്തില്‍ നിന്നു് ഉപഭോക്താവിനു് ലഭ്യമാക്കുന്നതിനു് ഫീ ഈടാക്കുകയാണിവിടെ നടക്കുക. പക്ഷെ, അങ്ങിനെ സേവനം നല്‍കുന്ന വിദ്യ മൈക്രോസോഫ്റ്റു് മാത്രമേ ഉപയോഗിക്കാവൂ എന്നതാണീ പേറ്റന്റു് അനുവദിക്കപ്പെട്ടാലുണ്ടാവുക. ഇതില്‍ മൈക്രോസോഫ്റ്റിന്റെ പുതിയ കണ്ടുപിടുത്തമൊന്നുമില്ല. ഇന്നും പലരും ക്ലൌഡ് കമ്പ്യൂട്ടിങ്ങ് എന്ന പേരില്‍ കൊടുത്തുകൊണ്ടിരിക്കുന്ന സേവന രീതിയാണിതു്. മറ്റുള്ളവരെ തടഞ്ഞു് തങ്ങളുടെ കുത്തക സ്ഥാപിക്കുകയാണു് മൈക്രോസോഫ്റ്റു് ലക്ഷ്യം. ഇത്തരം തട്ടിപ്പിനു് ബി.എസു്.എന്‍.എല്‍. നേക്കൂടി കക്ഷിയാക്കുകയാണു് മൈക്രോസോഫ്റ്റു്-ബി.എസു്.എന്‍.എല്‍. കരാറിലൂടെ അവര്‍ ലക്ഷ്യമിടുന്നതു്. ഇന്ത്യപോലുള്ള രാജ്യങ്ങളിലെ പുതുതായി വികസിച്ചു് വരുന്ന വലിയ കമ്പ്യൂട്ടര്‍ കമ്പോളം മാത്രമല്ല, പരമ്പരാഗത ടെലിഫോണ്‍ മേഖലയുടെ കമ്പോളവും ഇതര സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നു് അമേരിക്ക പിടിച്ചെടുത്തു.
ബിഎസ്എന്‍എല്‍ തൊഴിലാളി സംഘടനകള്‍ അതി ശക്തമായ സമരങ്ങളിലൂടെ ഈ മേഖലയുടെ നിലനില്‍പ്പിനായി പോരാടുന്നതു് കൊണ്ടു് നാളിതു് വരെ സര്‍ക്കാരിനു് അതിനെ പൂര്‍ണ്ണമായി പൊളിച്ചടുക്കാനായിട്ടില്ല. പക്ഷെ, ചെകുത്താന്‍ ഉറങ്ങുന്നില്ലെന്നു് പറയുന്നതു പോലെ കേന്ദ്ര ഭരണാധികാരികള്‍ ബിഎസു്എന്‍എല്‍ പൂട്ടിക്കാനായി ഓരോരോ നടപടികളും പിന്നാമ്പുറങ്ങളില്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണു്. അതിന്റെ ഭാഗം തന്നെയാണു് സാം പിത്രോദ കമ്മിറ്റി റിപ്പോര്‍ടും.
അതു് മുന്നോട്ടു് വെയ്ക്കുന്ന 18 നിര്‍ദ്ദേശങ്ങളില്‍ 6 എണ്ണവും മാനേജു്മെന്റു് പുനസംഘടനയുമായി ബന്ധപ്പെട്ടവയാണു്. അതില്‍ 4 എണ്ണവും നിലവിലുള്ള ബ്യൂറോക്രാറ്റുകളെ മാറ്റി പ്രൊഫഷണലുകളെ ബിഎസ്എന്‍എല്‍ ന്റെ തലപ്പത്തു് കൊണ്ടുവരിക എന്നതാണു്. അഞ്ചാമത്തേതു് രാഷ്ട്രീയ ഇടപെടല്‍ മന്ത്രിസഭയും ബോര്‍ഡും തമ്മിലുള്ള ബന്ധത്തിലൂടെ മാത്രമാകണം എന്നതാണു്. ആറാമത്തേതു് അഡ്വൈസറി ബോര്‍ഡ് സ്ഥാപിക്കുക എന്നതാണു്. ഈ നിര്‍ദ്ദേശങ്ങള്‍ പൊതുവെ പരിഗണിക്കപ്പെടേണ്ടതാണു്. കുറെ വ്യക്തികളെ മാറ്റി വേറെ കുറെ വ്യക്തികളെ പ്രതിഷ്ഠിക്കുക എന്നതിനപ്പുറം ബിഎസ്എന്‍എല്‍ മാനേജു്മെന്റ് സംവിധാനത്തിന്റെ പുനസംഘാടനം (System re-engineering) ഈ നിര്‍ദ്ദേശങ്ങളിലൊന്നും പ്രതിഫലിക്കുന്നതേയില്ല.
4 നിര്‍ദ്ദേശങ്ങള്‍ ജീവനക്കാരുമായി ബന്ധപ്പെട്ടവയാണു്. അതിലൊന്നു് ജീവനക്കാര്‍ ആവശ്യപ്പെടുന്ന കാര്യമാണു്, ITS കാരുടെ ലയനം. രണ്ടെണ്ണം പുതിയ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളെ ലഭ്യമാക്കുന്നതിനുള്ളതും ഒരെണ്ണം ഒരു ലക്ഷം ജീവനക്കാരെ VRS നല്‍കി പറഞ്ഞുവിണമെന്നതുമാണു്. ഇതിനുള്ള ന്യായീകരണമായി കണക്ഷനും ജീവനക്കാരും തമ്മലുള്ള അനുപാത കാര്യത്തില്‍ മത്സര രംഗത്തുള്ള മറ്റു് ടെലികോം കമ്പനികളുമായുള്ള താരതമ്യം ഇവിടെ അസ്ഥാനത്താണു്. കാരണം മറ്റു് കമ്പനികള്‍ അവരുടെ മിക്ക സേവനങ്ങളുടം പുറം കരാര്‍ കൊടുത്തിരിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ സ്വന്തം ജീവനക്കാരെക്കൊണ്ടാണു് ചെയ്യിക്കുന്നതു്. പുറം കരാര്‍ കൊടുത്താല്‍ അതിനു് വേറെ പണച്ചിലവുണ്ടു്. സേവനങ്ങളുടെ കാര്യക്ഷമത ഇടിയുകയുമായിരിക്കും ഫലം. അതിന്റെ മുന്‍കാലാനുഭവങ്ങള്‍ ബിഎസു്എന്‍എല്‍ ലിനുണ്ടു്.
3 നിര്‍ദ്ദേശങ്ങള്‍ ബിഎസ്എന്‍എല്‍ സ്ഥാപനത്തിന്റെ ഘടനയുമായി ബന്ധപ്പെട്ടവയാണു്. 30% ഷെയര്‍ വില്പന, പ്രവര്‍ത്തന മേഖലാടിസ്ഥാനത്തിലുള്ള ഘടന, പശ്ചാത്തല സൌകര്യം പങ്കുവെയ്ക്കുന്നതിനുള്ള സബ്സിഡയറി കമ്പനിയും ഭൂമി ബാങ്കുമാണവ. ഇവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലക്കെതിരായ നയ ചട്ടക്കൂടിന്റെ ഭാഗം മാത്രമാണു്. തള്ളിക്കളയേണ്ടവയാണു്. പകരം ബിഎസു്എന്‍എല്‍ ന്റെ ആസ്ഥികള്‍ പൊതു സ്വത്തായി നിലനിര്‍ത്തിക്കൊണ്ടു് ആദായകരമായി ഉപയോഗിക്കുക എന്നതു് ബിഎസു്എന്‍എല്‍ മാനേജു്മെന്റിന്റെ ഉത്തരവാദിത്വമായി നിരവചിക്കപ്പെടുകയാണാവശ്യം.
5 നിര്‍ദ്ദേശങ്ങള്‍ ബിസിനസ് പ്രൊമോഷനും ഓപ്പറേഷനുമായി ബന്ധപ്പെട്ടവയാണു്. അവസാന പാദ കോപ്പര്‍ വയര്‍ മറ്റുള്ള സേവനദാതാക്കളുമായി പങ്കുവെയ്ക്കുക, നിലവില്‍ ഉപകരണങ്ങളും മറ്റും വാങ്ങുന്ന രീതി മാറ്റുക (ഇ-ടെണ്ടറിങ്ങിലൂടെയും മറ്റും), പുതിയ കമ്പോള പ്രവേശ മാര്‍ഗ്ഗങ്ങളിലൂടെ കമ്പോള വിഹിതം ഉയര്‍ത്തുക, പുതിയ കമ്പോള വ്യാപനത്തിനായി പരിശ്രമിക്കുക, 3വര്‍ഷത്തിനുള്ളില്‍ 30 ദശലക്ഷം ബ്രോഡ്ബാന്റു് കണക്ഷനുകള്‍ നല്‍കുക എന്നിവയാണവ. പശ്ചാത്തല സൌകര്യങ്ങള്‍ പങ്കുവെയ്ക്കുക, ഉപകരണങ്ങള്‍ വാങ്ങുന്ന രീതിയിലുള്ള മാറ്റം തുടങ്ങിയവ പൊതുമേഖലയില്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിര്‍വചിക്കപ്പെടേണ്ടവയാണു്. ബാക്കിയുള്ള ബിസിനസു് വിപുലീകരണ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാണു്.
മേല്‍പ്പറഞ്ഞ നാലു് വിഭാഗങ്ങളിലും സ്വീകാര്യവും അസ്വീകാര്യവുമായ നിര്‍ദ്ദേശങ്ങളുണ്ടു്. അതില്‍ വ്യക്തമായി പറയാത്ത ഒളിഞ്ഞിരിക്കുന്നവയുമുണ്ടെന്നു് വേണം കരുതാന്‍. ഉദാഹരണത്തിനു്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം തടഞ്ഞുവെക്കപ്പെട്ടിരുന്ന 93 ദശലക്ഷം മൊബൈല്‍ ലൈന്‍ വാങ്ങാനുള്ള ടെണ്ടര്‍ ഉപേക്ഷിക്കാന്‍ പിത്രോദ കമ്മിറ്റി നിര്‍ദ്ദേശിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ടു് ചെയ്തിരുന്നതു് ഇന്നു് എങ്ങും പറഞ്ഞു് കേള്‍ക്കുന്നില്ല. ബിഎസു്എന്‍എല്‍ നേരിട്ടു് ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കേണ്ടതില്ലെന്നും ഉപകരണ നിര്‍മ്മാതാക്കള്‍ അവ സ്ഥാപിക്കുകയും ബിഎസു്എന്‍എല്‍ ഉപയോഗിക്കുന്നതിനു് പണം കൊടുക്കുകയും ചെയ്യുന്ന തരത്തിലുള്ള ബിസിനസ് മാതൃക അനുവര്‍ത്തിക്കുക എന്നതാണു് കമ്മിറ്റിയുടെ ഇക്കാര്യത്തിലെ നിലപാടെന്നും റിപ്പോര്‍ടു് ചെയ്യപ്പെട്ടിരുന്നു.
മൊത്തത്തില്‍, ബിഎസു്എന്‍എല്‍ ന്റെ പൊതുമേഖലായായുള്ള നിലനില്പിനു് ഉതകുന്ന ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഒട്ടു മിക്കവയും സ്വകാര്യ മേഖലയുടേയും സ്വകാര്യ മേഖലയ്ക്കു വേണ്ടി വാദിക്കുന്നവരുടേയും കൈകളിലേയ്ക്കു് ബിഎസു്എന്‍എല്‍ നെ എത്തിക്കുന്നതിനുള്ള ശുപാര്‍ശകളാണു് കമ്മിറ്റി നല്‍കിയിട്ടുള്ളതെന്നു് കാണാം.
എന്നാല്‍, ഒരു പൊതു മേഖലാ സ്ഥാപനമായി നിലനിന്നു കൊണ്ടു് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെയ്ക്കാനുതകുന്നതരത്തില്‍ സര്‍ക്കാരും ടെലികോം വകുപ്പും ബിഎസു്എന്‍എല്‍ മാനേജ്മെന്റും ജീവനക്കാരും എന്തു് ചെയ്യണമെന്ന കാര്യത്തിലേയ്ക്കു് പിത്രോദ കമ്മിറ്റി ശ്രദ്ധ തിരിച്ചിട്ടേയില്ല. അത്തരം ഒരു പരിശോധനാ വിഷയമായിരുന്നിരിക്കില്ല, കമ്മിറ്റിക്കു് നല്‍കിയിരുന്നതു്. പക്ഷെ, ഇന്നും ബിഎസ്എന്‍എല്‍ പൊതുമേഖലയില്‍ നിലനില്‍ക്കേണ്ടതു് രാജ്യത്തിന്റേയും ജനങ്ങളുടേയും തൊഴിലാളികളുടേയും ഉപഭോക്താക്കളുടേയും താല്പര്യം സംരക്ഷിക്കുന്നതിനു് ആവശ്യമാണു്.
അതിനാല്‍ പിത്രോദ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണമെന്നും ബിഎസ്എന്‍എല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി ശക്തിപ്പെടുത്താന്‍ വേണ്ടി മത്സരക്ഷമമാക്കണമെന്നും അതിനുതകുന്ന ചടുലമായ മാനേജു്മെന്റു് സംവിധാനം രൂപപ്പെടുത്തണമെന്നും ഓരോ അധികാര സ്ഥാനത്തിരിക്കുന്നവരുടേയും പ്രവര്‍ത്തനവും ഉത്തരവാദിത്വവും കൃത്യമായും തുടര്‍ച്ചയായും വിലയിരുത്താനുള്ള മോണിട്ടറിങ്ങു് സംവിധാനം സ്ഥാപിക്കണമെന്നും മൊബൈല്‍ ഫോണടക്കം ആധുനിക സേവനങ്ങള്‍ക്കുള്ളതു് പോലെ ലാന്റ്‌ലൈനും ബ്രോഡ്ബാന്റും അടക്കം പരമ്പരാഗത സേവനങ്ങളും ആവശ്യക്കാര്‍ക്കു് തല്‍ക്ഷണം നല്‍കാനുള്ള സംയോജിത വിവര സാങ്കേതികാധിഷ്ഠിത സംവിധാനങ്ങള്‍ (ബഹുരാഷ്ട്ര കുത്തകകളുടെ സമഗ്ര പരിഹാരങ്ങള്‍ ബിഎസ്എന്‍എല്‍ ലിന്റെ നിയന്ത്രണം അവരുടെ കൈക്കലാകാന്‍ ഇടയാക്കുമെന്നതിനാല്‍) ബിഎസ്എന്‍എല്‍ ആഭ്യന്തരമായി രൂപപ്പെടുത്തണമെന്നും അതിനായി സാങ്കേതികവിദ്യാ സ്വാംശീകരണം സാധ്യമാക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ് വിവര ഘടനയും പരമാവധി ഓപ്പണ്‍ ഹാര്‍ഡ്‌വെയറുകളും ഉപയോഗിച്ചു തുടങ്ങണമെന്നും അവയുപയോഗിച്ചു് കസ്റ്റമര്‍ സേവനങ്ങള്‍ അവര്‍ക്കടുത്തു് കൂടുതല്‍ സമയം നല്‍കാന്‍ സംവിധാനമൊരുക്കണമെന്നും ഒരു വിധത്തിലുള്ള കരാര്‍ തൊഴിലും ഏര്‍പ്പെടുത്താതെ സ്ഥിരം തൊഴിലാളികളെ നിയമിച്ചു് നിലവിലുള്ള സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കുണമെന്നും സേവനരംഗം വിപുലീകരിക്കുക, പുതിയ വിവര സാങ്കേധികാധിഷ്ഠിത സംവിധാനങ്ങളുടെ സിദ്ധികളൊരുക്കുന്ന പുതിയ സേവനങ്ങള്‍ ജനങ്ങള്‍ക്കടുത്തു് എത്തിക്കുക, സമഗ്ര വിവര വിനിമയ സംവിധാനങ്ങള്‍ സ്ഥാപനങ്ങള്‍ക്കു് ഒരുക്കിക്കൊടുക്കുക, മൈക്രോസോഫ്റ്റുമായുള്ള കരാറില്‍ നിന്നു് പിന്മാറി തദ്ദേശീയ സോഫ്റ്റ്‌വെയര്‍ വൈദഗ്ദ്ധ്യം സമാഹരിച്ചു് പബ്ലിക് ക്ലൌഡുകള്‍ സ്ഥാപിക്കുക, ക്ലൌഡ്കമ്പ്യട്ടിങ്ങു് സേവനങ്ങളും പബ്ലിക് പോര്‍ടലുകളും ലഭ്യമമാക്കുക തുടങ്ങി രാജ്യത്തിന്റെ പരമാധികാരവും ആഭ്യന്തര സുരക്ഷയും വിവര സുരക്ഷയും ഉറപ്പാക്കിക്കൊണ്ടു് പൊതുമേഖലാ കമ്യൂണിക്കേഷന്‍ സ്ഥാപനത്തില്‍ നിന്നു് പൊതു സമൂഹം പ്രതീക്ഷിക്കുന്നതായ എല്ലാ സേവനങ്ങളും ഏറ്റെടുക്കണമെന്നും ഇക്കാര്യങ്ങളില്‍ തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു് അവരുടെ കൂടി സമ്മതത്തോടെ പരിഷ്കാരങ്ങള്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാരിനോടും ബിഎസ്എന്‍എല്‍ മാനേജ്മെന്റിനോടും അഭ്യര്‍ത്ഥിക്കുന്നു.

No comments:

Blog Archive