Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Saturday, August 27, 2011

അഴിമതി വിരുദ്ധ സമരം, ഒരു വിപ്ലവം തന്നെയാണു്, അതു് ജനങ്ങളുടെ ഉത്സവമാണു്, ശരിയാണു് എന്നെല്ലാം തെളിയിക്കുന്നു.

ഇവിടെ ഒരു വലിയ സമരം, ഒരു ചെറിയ വിപ്ലവം തന്നെ നടക്കുകയാണു്.

സമര സമിതിക്കുള്ളിലുള്ള വ്യക്തികളും സമര സമിതിയും മറ്റിതര സംഘടനകളും വ്യക്തികളും തമ്മിലും കൂടി സമരം നടക്കുക തന്നെയാണു്.

അതു് നടക്കുമ്പോള്‍ സമര സമിതിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ചിലര്‍ വിട്ടു് പോകാം. ചിലര്‍ മറുപക്ഷം ചേരാം. അതെല്ലാം സമരം ഉന്നയിക്കുന്ന വിഷയങ്ങളോടു് അവര്‍ക്കുള്ള പ്രതിബദ്ധതയും അവരുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും പ്രായോഗിക താല്പര്യങ്ങളും അനുസരിച്ചിരിക്കും.

ഈ സമരത്തേക്കുറിച്ചു് കേവലമായ നിരീക്ഷണം നടത്തുന്നവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍, ഈ സമരം ശരിയായ ഉദ്ദേശ ശുദ്ധിയുള്ളവരല്ല നടത്തുന്നതു്, ഇവര്‍ക്കു് പിന്നില്‍ സാമ്രാജ്യത്വമുണ്ടു്, ഇവര്‍ക്കു് പിന്നില്‍ മാധ്യമ സിണ്ടിക്കേറ്റുണ്ടു്, ഇവര്‍ക്കു് പിന്നില്‍ ബിജെപിയുണ്ടു്, ഇവര്‍ക്കു് ഭൂരിപക്ഷ പിന്തുണയില്ല, ഭൂരിപക്ഷം നിഷ്ക്രിയമാണു് തുടങ്ങിയ വിമര്‍ശനങ്ങള്‍ ഭാഗികമായി മാത്രം ശരിയും തെറ്റുമാണെന്നു് കൂടി കാണിക്കുന്ന സംഭവ വികാസങ്ങളില്‍ ഒന്നു് മാത്രമാണു് സമരസമിതിയില്‍ തന്നെ ഇപ്പോളുണ്ടായിരിക്കുന്നു എന്നു് പറയപ്പെടുന്ന അഭിപ്രായ വ്യത്യാസവും അഗ്നിവേശിന്റെ പിന്‍വലിയലും.

സമരത്തില്‍ ഇതു് സ്വാഭാവികമാണു്. സമരം മുന്നേറുന്നതും സമരഫലം ഉരുത്തിരിയുന്നതും അതുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും കരണ പ്രതികരണങ്ങളുടെ ആകെത്തുകയായിട്ടാണെന്നതു് ഉറപ്പാക്കപ്പെടുന്നതു് ഇത്തരം ആഭ്യന്തരവും ബാഹ്യവുമായ ശക്തികളുടെ പരസ്പര ഏറ്റുമുട്ടലിലൂടെ തന്നെയാണു്. അതു് കൊണ്ടാണു് വിപ്ലവം ആത്യന്തികമായി ശരിയാണെന്നു് പറയുന്നതു്. ശരി എന്നതു് വസ്തു നിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനമാണു്.

സമര സമിതി മുന്നോട്ടു് വെച്ചിട്ടുള്ള ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെടുക എന്നതല്ല സമരത്തിന്റെ ഫലമായുണ്ടാകുന്നതു്.

സമര സംഘടനയുടെ ശക്തി, അതിനുള്ള ജന പിന്തുണ, അവരുന്നയിക്കുന്ന ആവശ്യങ്ങളുടെ ശരി, അവയുടെ ജനങ്ങള്‍ക്കുള്ള സ്വീകാര്യത, എതിര്‍ക്കുന്നവരുടെ ശക്തി, അവരുടെ ജനപിന്തുണ, അവരെടുക്കുന്ന നിലപാടുകളുടെ ശരി, അവയുടെ ജനങ്ങള്‍ക്കുള്ള സ്വീകാര്യത തുടങ്ങി ഒട്ടേറെ ഘടകങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയുടെ ഫലമാണു് സമരത്തിന്റെ അവസാനം ഉണ്ടാകുക.

സമരം തുടങ്ങിയാല്‍ പിന്നെ നടക്കുന്ന ചലനങ്ങള്‍ അതിനു് വഴിയൊരുക്കുന്ന മുന്‍കാലത്തുണ്ടായതിനേക്കാള്‍ വേഗത്തിലും അളവിലും അവയുടെ ഫലത്തിലും വലിയ മാറ്റങ്ങളാണുണ്ടാവുക.

ഇവിടെ നടക്കുന്ന സമരത്തില്‍ അണ്ണാഹസാരെ സംഘം ഉണ്ടാക്കിയ ലോക്പാല്‍ ബില്ലില്‍ അവര്‍ കൊണ്ടുവന്ന വകുപ്പുകളില്‍ വളരെയേറെ മാറ്റങ്ങള്‍ക്കു് പുറമേ നിന്നുള്ള തിരുത്തലുകള്‍ നിര്‍ദ്ദേശിക്കപ്പെടുകയും (അവയില്‍ മിക്കവയും ഇടതു് പക്ഷത്തിന്റെ സംഭാവനയാണു് !) അവ സമര സമിതി തന്നെ അംഗീകരിക്കുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്തിരിക്കുന്നു. 

ഇന്നലെ രാഹുലിന്റെ ലോകസഭാ പ്രസംഗം നാടകീയമായി അവതരിപ്പിച്ചു് കോണ്‍ഗ്രസ് മുന്‍കൈ എടുക്കാനുള്ള ശ്രമം ഉണ്ടായതു് ശ്രദ്ധിക്കുക. അതു് സ്വാഭാവികമാണു്. യുപിഎ ഇന്നു് ഭരണത്തിലാണു്. അവരാണു് ആത്യന്തികമായി സമര സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതും സമരം ഒത്തു തീര്‍പ്പാക്കേണ്ടതും. അല്ലാത്തപക്ഷം, ഒന്നുകില്‍ അടിച്ചമര്‍ത്തപ്പെടണം അല്ലെങ്കില്‍ യുപിഎ പുറത്തു് പോകണം. ഇതിലേതെങ്കിലും ഒന്നു് ഉണ്ടായേ തീരൂ. ഏതായാലും സമരം ശരിയും വിജയവും ജനങ്ങളുടെ ഉത്സവവും മാറ്റത്തിന്റെ നാന്ദിയും ആയിക്കഴിഞ്ഞിരിക്കുന്നു.

യുപിഎയ്ക്കു് നാളിതു് വരെ പിടിപ്പുകേടും സ്ഥാപിത താല്പര്യങ്ങളും മൂലം ഇക്കാര്യത്തിലുണ്ടായിട്ടുള്ള വീഴ്ചകളും നാണക്കേടും പിന്നോട്ടടിയും മറച്ചു് പിടിച്ചു് അവരുടെ പിന്തുണക്കാരെ പിടിച്ചു് നിര്‍ത്താനായി ശ്രമിക്കുക എന്നതു് സ്വാഭാവികമാണു്. അതിനുള്ള ശ്രമമാണു് രാഹുലിന്റെ നാടകീയ പ്രസംഗം. അതിനുള്ള പ്രാപ്തിയോ കഴിവോ ഇല്ലാത്തയാളെക്കൊണ്ടു് നിര്‍ബ്ബന്ധിച്ചു് ചെയ്യിപ്പിച്ചതിന്റെ എല്ലാ പോരായ്മകളുമുണ്ടായെങ്കിലും കോണ്‍ഗ്രസിന്റേയും യുപിഎ യുടേയും സ്വാഭാവികമായ ഇടപെടലായിരുന്നു അതു്. അതു് രാഹുലിനെക്കൊണ്ടു് ചെയ്യിച്ചതു് തന്നെ യുപിഎ യുടെ പിടിപ്പുകേടും അതിലുള്ള ആഭ്യന്തരക്കുഴപ്പങ്ങളും ഭിന്നതകളും തന്നെയാണു് വെളിച്ചത്തു് കൊണ്ടുവരുന്നതു്. രാഹുലിനെ നേതാവായി അവതരിപ്പിക്കാനാണു് ശ്രമമെങ്കില്‍ ഇതിലും എത്രയോ മെച്ചപ്പെട്ട രീതിയില്‍ കഴിയുമായിരുന്നു. ഇതിലും മെച്ചപ്പെട്ട ഇടപെടല്‍ സാദ്ധ്യമായിരുന്നുവെന്നു് നമുക്കു് തോന്നാമെങ്കിലും കോണ്‍ഗ്രസിന്റെ സംഘടനാ ദൌര്‍ബ്ബല്യം പ്രകടമായതു് സ്വാഭാവികം മാത്രം.

അതിലൂടെ യുപിഎ ശ്രമിക്കുന്നതു് സമര സമിതി പറയുന്നതിനപ്പുറം, ഇടതു് പക്ഷം മുന്നോട്ടു് വെച്ച നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ പൊതുവെ സ്വീകാര്യമാകാവുന്നതും എന്നാല്‍ യുപിഎയുടെ വ്യക്തിത്വത്തിന്റെ സ്റ്റാമ്പു് ഉണ്ടെന്നു് പറയാവുന്നതുമായ ഒരു നിര്‍ദ്ദേശം ഉരുത്തിരിക്കാനും അതിലൂടെ അവസാന തീരുമാനത്തിലേക്കെത്താനും സമര സമതിയല്ല, യുപിഎ ആണു് ജയിച്ചതെന്നു് വരുത്താനുമാണു്.

ആ പ്രസംഗത്തില്‍ ലോക്പാല്‍ ബില്ലിനെ മറ്റൊരു തലത്തിലേക്കു് ഉയര്‍ത്തുക മാത്രമല്ല, സമരക്കാരെ ജനാധിപത്യ സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും അവമതിക്കുന്നതിന്റെ പേരില്‍ ആക്രമിക്കാനും ആക്ഷേപിക്കാനും ശ്രമിക്കുക കൂടി ചെയ്തു. അതു് സ്വാഭാവികവും ആവശ്യവും കൂടിയാണു്.

നോക്കൂ, രാഹുലിന്റെ ലോക്പാല്‍ നിര്‍ദ്ദേശം മെച്ചപ്പെട്ടതാണു്. അതിനു് നിയമപരമായ (Statutory) പരിരക്ഷമാത്രമല്ല, അതിലുപരി ഭരണഘടനാ പരിരക്ഷ കൊടുക്കാമെന്നാണു് ആ നിര്‍ദ്ദേശം. ശേഷന്‍ അപ്പോള്‍ തന്നെ അത്തരമൊരു രോഖയുടെ കരടുമായി രംഗത്തെത്തിക്കഴിഞ്ഞു. പക്ഷെ, ഇതെല്ലാമായാലും യുപിഎയുടെ (കോണ്‍ഗ്രസിന്റേയും) ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും ചോദ്യ ചിഹ്നങ്ങളാണു്. അവ നടപ്പാക്കപ്പെടുമോ എന്നതു് വലിയ ചോദ്യം തന്നെയാണു്.

അതാണു് ഹസാരെ ഉറപ്പിനായി ബലം പിടിക്കുന്നതിനു് കാരണവും.

ലോക്പാല്‍ നിയമ നിര്‍മ്മാണത്തിന്റെ കഴിഞ്ഞ 42 വര്‍ഷക്കാലത്തെ ചരിത്രത്തിലുടനീളം ഉണ്ടാകാത്ത മാറ്റങ്ങളും വൈപുല്യവും ആഴവും കരുത്തും ഈ സമരത്തിന്റെ 11 ദിവസങ്ങളില്‍ അതു് കൈവരിച്ചിരിക്കുന്നു. ഇതാണു് വിപ്ലവത്തിന്റെ (സാമൂഹ്യ മാറ്റം നടക്കുന്ന വലിയ വിപ്ലവമൊന്നുമല്ലെങ്കിലും ഒരു വിപ്ലവത്തിന്റെ എല്ലാ പാഠങ്ങളും കിട്ടുന്ന ചെറിയ ഒന്നു്) നേട്ടം.

ഏതൊരു വിപ്ലവവും അതില്‍ പങ്കെടുക്കുന്നവരേയും നയിക്കുന്നവരേയും എതിര്‍ക്കുന്നവരേയും കാഴ്ചക്കാരേയും എല്ലാം പങ്കെടുപ്പിക്കുന്നതും മാറ്റിത്തീര്‍ക്കുന്നതുമാണു്.

സമരമെന്നതു്, വിപ്ലവമെന്നതു് ഏക പക്ഷീയമല്ല. കേവലമായ മാറ്റത്തിന്റെ ഒരു പ്രക്രിയയല്ല. മാറ്റത്തിന്റെ എല്ലാ നിയമങ്ങളും ബാധകമായതും അവ വെളിപ്പെടുത്തുന്നതുമായ വൈരുദ്ധ്യാത്മക പ്രക്രിയയാണു്. 

നമ്മുടെ യുവ വിപ്ലവ ബുദ്ധി ജീവികള്‍ക്കു് ഇത്തരം വിപ്ലവങ്ങള്‍ക്കു് സാക്ഷ്യം വഹിക്കാനുള്ള ആദ്യ അവസരം കിട്ടി എന്നതും അണ്ണാ ഹസാരെ സമരത്തിന്റെ ഗുണഫലമാണു്. 

അതു് കൊണ്ടു് മാധ്യമങ്ങളുടെ ഇടങ്കോലിടലുകള്‍ക്കുള്ള ലക്ഷ്യങ്ങളും മാനങ്ങളും കാണുന്നതോടൊപ്പം അവയാല്‍ നയിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകാതെ നോക്കേണ്ടതും സമരത്തെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ പഠിക്കേണ്ടതുമുണ്ടു്.

സമരം ആരു് തുടങ്ങിയെന്നതോ, ആരു് നേതൃത്വത്തിലിരിക്കുന്നു എന്നതോ ആരു് പിന്നില്‍ കളിക്കുന്നു എന്നതോ മാത്രമല്ല അന്തിമ ഫലം നിര്‍ണ്ണയിക്കുന്നതു്. അതെല്ലാത്തിനും പങ്കുണ്ടാവാം. അവസാന ഫലം നിര്‍ണ്ണയിക്കുന്നതു് സമരത്തിലണിനിരന്നിരിക്കുന്നതും തുടര്‍ന്നു് അണിനിരിക്കുന്നതുമായ വര്‍ഗ്ഗ ശക്തികളുടെ ബലാബലം തന്നെയാണു്.

ഇവിടെ മുതലാളിത്തത്തിനു് ഉള്ളില്‍ തിരുത്തല്‍ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതും കാണാതെ പോയിക്കൂടാ. സാമൂഹ്യ മാറ്റം തടയുക തന്നെയാണു് അത്തരം തിരുത്തലുകളുടെ യുക്തി. അത്തരം പ്രവര്‍ത്തനങ്ങളും ഇടപെടലുകളും അവരെ സംബന്ധിച്ചിടത്തോളമെങ്കിലും ശരിയും സമൂഹത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന മെച്ചവുമാണു്.

ഒന്നും നടക്കാതിരിക്കുന്നതിനേക്കാള്‍ മെച്ചമാണു്, നിലവിലുള്ള ഗതികേടില്‍ നിന്നുള്ള എത്രമാത്രം ഭാഗികവും ചെറുതുമെങ്കിലും മോചനം. കൂടുതല്‍ മെച്ചപ്പെട്ട മാറ്റവും മോചനവും ആവശ്യപ്പെടുന്നവര്‍ ഇടപെടുകയും സമരം മുന്നോട്ടു് നയിക്കുകയുമാണു് വേണ്ടതു്. അല്ലാതെ, കാഴ്ചക്കാരായും വിമര്‍ശകരായും മാത്രം നില്‍ക്കുകയല്ല.

ജോസഫ് തോമസ്.

1 comment:

Vivara Vicharam said...

ഈ സമരത്തേക്കുറിച്ചു് കേവലമായ നിരീക്ഷണം നടത്തുന്നവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍, ഈ സമരം ശരിയായ ഉദ്ദേശ ശുദ്ധിയുള്ളവരല്ല നടത്തുന്നതു്, ഇവര്‍ക്കു് പിന്നില്‍ സാമ്രാജ്യത്വമുണ്ടു്, ഇവര്‍ക്കു് പിന്നില്‍ മാധ്യമ സിണ്ടിക്കേറ്റുണ്ടു്, ഇവര്‍ക്കു് പിന്നില്‍ ബിജെപിയുണ്ടു്, ഇവര്‍ക്കു് ഭൂരിപക്ഷ പിന്തുണയില്ല, ഭൂരിപക്ഷം നിഷ്ക്രിയമാണു് തുടങ്ങിയ വിമര്‍ശനങ്ങള്‍ ഭാഗികമായി മാത്രം ശരിയും തെറ്റുമാണെന്നു് കൂടി കാണിക്കുന്ന സംഭവ വികാസങ്ങളില്‍ ഒന്നു് മാത്രമാണു് സമരസമിതിയില്‍ തന്നെ ഇപ്പോളുണ്ടായിരിക്കുന്നു എന്നു് പറയപ്പെടുന്ന അഭിപ്രായ വ്യത്യാസവും അഗ്നിവേശിന്റെ പിന്‍വലിയലും.

സമരത്തില്‍ ഇതു് സ്വാഭാവികമാണു്. സമരം മുന്നേറുന്നതും സമരഫലം ഉരുത്തിരിയുന്നതും അതുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും കരണ പ്രതികരണങ്ങളുടെ ആകെത്തുകയായിട്ടാണെന്നതു് ഉറപ്പാക്കപ്പെടുന്നതു് ഇത്തരം ആഭ്യന്തരവും ബാഹ്യവുമായ ശക്തികളുടെ പരസ്പര ഏറ്റുമുട്ടലിലൂടെ തന്നെയാണു്. അതു് കൊണ്ടാണു് വിപ്ലവം ആത്യന്തികമായി ശരിയാണെന്നു് പറയുന്നതു്. ശരി എന്നതു് വസ്തു നിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനമാണു്.

Blog Archive