Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, May 1, 2012

ചില മെയ് ദിന ചിന്തകള്‍, 2012.

മറ്റൊരു മെയ് ദിനം, 2012, മെയ് ഒന്നു്


1886 ലെ 8 മണിക്കൂര്‍ തൊഴില്‍ ദിനാവശ്യം നേടാനുള്ള,

തൊഴിലാളി സമരത്തിന്റെ ഓര്‍മ്മ പുതുക്കല്‍.

തൊഴിലാളി നേട്ടങ്ങളുടെ ആവേശം ഉറപ്പിക്കല്‍.

തൊഴിലാളി സ്വപ്നങ്ങളുടെ പൊടിതട്ടിയെടുക്കല്‍.



ഇന്നു് പതിവു് പോലെ തൊഴിലാളി സംഘടനകള്‍

പ്രകടനവും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു,

തൊഴിലാളികള്‍ ഒത്തുകൂടുന്നു,

ചര്‍ച്ചകളിലും പഠനങ്ങളിലും ഏര്‍പ്പെടുന്നു.



ഇക്കാലത്തെ പ്രത്യേകത, 2008 ലാരംഭിച്ച

ആഗോള വ്യാപാര മാന്ദ്യം പരിഹാരമില്ലാതെ തുടരുന്നു എന്നതാണു്.

ലോക മുതലാളിത്ത പ്രതിസന്ധി സ്ഥായിയായി തുടരുന്നു.

വിപ്ലവ സാഹചര്യം ഇടതടവില്ലാതെ നിലനില്‍ക്കുന്നു.



ധന മൂലധന വ്യവസ്ഥയില്‍

മൊത്തം ലാഭനിരക്കു് നിരന്തരം ഇടിയുന്നു.

ലാഭം കൂട്ടാന്‍ ആസ്തികള്‍ പെരുപ്പിക്കുന്നു.

അതിനായി പൊതു സ്വത്തു് കൊള്ളയടിക്കുന്നു.

അതു് മൂലധനം വീണ്ടും കൂട്ടുന്നു, ലാഭ നിരക്കു് വീണ്ടും ഇടിയ്ക്കുന്നു.

വീണ്ടും ആസ്തി വര്‍ദ്ധന, അതിനായി കള്ളക്കണക്കു്,

പൊതു മുതല്‍ കൊള്ള, നികുതി ഇളവു്, മൂലധനപ്പെരുപ്പം

വീണ്ടും ഇടിയുന്ന ലാഭനിരക്കു്.

ഈ വിഷമ വൃത്തം ധന മൂലധനത്തിന്റെ സഹജ സ്വഭാവമാണു്.

മുതലാളിത്തത്തേയും കൊണ്ടേ അതു് പോകൂ.



ഓഹരി ഉടമകള്‍ കബളിപ്പിക്കപ്പെടുകയാണു്.

ലാഭ പ്രഖ്യാപനങ്ങളും ഓഹരി വിലക്കയറ്റവും കൃത്രിമ സൃഷ്ടിയാണു്.



ധന മൂലധനാധിപത്യം മിച്ചമൂല്യം സൃഷ്ടിക്കുന്നില്ല.

മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന മിച്ചം കൊള്ളയടിക്കുക മാത്രമാണു്.

തൊഴില്‍ രഹിത വളര്‍ച്ചയാണു് നടക്കുന്നതു്.

തൊഴിലാളികളികളില്‍ നിന്നാണു് മിച്ചമൂല്യം കിട്ടേണ്ടതു്.

അവരെ കൂലിക്കെടുക്കാത്തതു് മൂലം മിച്ചം മൂല്യത്തിന്റെ സൃഷ്ടി പരിമിതപ്പെട്ടിരിക്കുന്നു.

പകരം, കര്‍ഷകര്‍ കൂടുതലായി കൊള്ളയടിക്കപ്പെടുന്നു.

സ്വയം തൊഴില്‍ സംരംഭകര്‍ കൂടുതലായി കൊള്ളയടിക്കപ്പെടുന്നു.

ചെറുകിട, ഇടത്തരം സംരംഭകരും കൊള്ളയടിക്കപ്പെടുന്നു.

കൊള്ള മുതലാളിത്തം ആര്‍ക്കാണാവശ്യം ?



ധന മൂലധനം മുതലാളിത്ത ചേരിയുടെ ഐക്യം സാധിച്ചു

എല്ലാവരും ഒത്തൊരുമിച്ചു് ചൂഷണ വ്യവസ്ഥ നിലനിര്‍ത്തുന്നു.

എല്ലാവരും ചേര്‍ന്നു് തൊഴിലാളികളേയും കൃഷിക്കാരേയും

സംരംഭകരേയും കൊള്ളയടിക്കുന്നു.



ധന മൂലധന കൊള്ള വര്‍ദ്ധിപ്പിക്കാനായി

മിഥ്യാ ചരക്കുകള്‍ സൃഷ്ടിക്കുന്നു,

അവയുടെ പെരുപ്പത്തിലൂടെ വ്യവസായ വികാസത്തിന്റെ കുമിളകളുണ്ടാക്കുന്നു

ഇടയ്ക്കിടെ അതു് പൊട്ടി വ്യവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നു.

എങ്കിലും അത്തരം കുമിളകള്‍ വ്യാപകമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വിവര സാങ്കേതിക വിദ്യാ രംഗത്തു് അദൃശ്യാസ്തികളുടെ ആവര്‍ത്തിച്ചുള്ള വില്പന,

വിവര സാങ്കേതിക വിദ്യാ രംഗത്തു് നടക്കുന്ന വീര്‍പ്പിക്കല്‍

ബാങ്കിങ്ങു് രംഗത്തു് ധനകാര്യോപകരണങ്ങളുടേയും

അവയുടെ വകഭേദങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പന,

ഭൂമിയിലും കെട്ടിടങ്ങളിലുമുള്ള ഊഹക്കച്ചവടം,

അവശ്യ വസ്തുക്കളിലുള്ള ഊഹക്കച്ചവടം

ഓഹരികളുടെ ആവര്‍ത്തിച്ചുള്ള വില്പനയും ഊഹക്കച്ചവടവും,

കലാ-കായിക രംഗങ്ങളില്‍ നടക്കുന്ന വാതു വെപ്പുകളും മേളകളും,

ദൃശ്യ മാധ്യമ രംഗത്തു് വാര്‍ത്തകളിലും ഉല്ലാസ പരിപാടികളിലും ഉള്ള പെരുപ്പിക്കല്‍,

വിദ്യാഭ്യാസ രംഗത്തുള്ള സ്വകാര്യ തള്ളിക്കയറ്റവും പെരുപ്പിക്കലും,

ആരോഗ്യ, ഔഷധ നിര്‍മ്മാണ രംഗങ്ങളിലുള്ള പെരുപ്പിക്കല്‍,

എന്നിങ്ങിനെ ഏതു് മേഖല എടുത്താലും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കുമിളകള്‍.

അവ മൊത്തത്തില്‍ മിഥ്യാ സമ്പദ്ഘടന തന്നെ സൃഷ്ടിച്ചു.



മിഥ്യാ സമ്പദ്ഘടനയും മിച്ചം ഉണ്ടാക്കുന്നില്ല.

അവിടെ കാണുന്ന ഒരു കൂട്ടരുടെ ലാഭം മറ്റുള്ളവരുടെ നഷ്ടമാണു്.

ധന മുതലാളിമാരുടേ തന്നെ നഷ്ടമാണു്.

അവരുടെ ലാഭവും നഷ്ടവും തട്ടിക്കിഴിച്ചാല്‍

മൊത്തം മിഥ്യ സമ്പദ്ഘടനയുടെ ആഭ്യന്തര ഇടപാടുകളില്‍ ലാഭമൊന്നുമില്ല, ബാക്കിയൊന്നുമില്ല.



പക്ഷെ, മൊത്തം മിഥ്യാ സമ്പദ്ഘടന യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു്,

സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്പന്നങ്ങളും സേവനങ്ങളും

ഉല്പാദിപ്പിക്കുന്ന സമ്പദ്ഘടനയില്‍ നിന്നു്

സമ്പത്തു് ഊറ്റിയെടുക്കുകയാണു്.

യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ തൊഴിലാളികളും കര്‍ഷകരും സൃഷ്ടിക്കുന്ന സമ്പത്തും

ചെറുകിട-ഇടത്തരം സംരംഭകര്‍ തൊഴിലാളികളേയും കര്‍ഷകരേയും ചുഷണം ചെയ്തെടുക്കുന്ന മിച്ചവും

സ്വയം തൊഴില്‍ സംരംഭകരുണ്ടാക്കുന്ന സമ്പത്തും

കൊള്ളയടിക്കുക മാത്രമാണു് മിഥ്യാ സമ്പദ്ഘടന ചെയ്യുന്നതു്.

അവിടെ കുറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്.

പക്ഷെ, അതു് യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വലിച്ചെടുക്കപ്പെടുന്ന

സമ്പത്തിന്റെ അളവിന്റെ വളരെ അഗണ്യമായ ഒരു ഭാഗം മാത്രമാണു്

അതിലൂടെ മിഥ്യാ സമ്പദ്ഘടനയുടെ നിലനില്പു് ന്യായീകരിക്കപ്പെടുന്നില്ല.

പിന്നെ, ആര്‍ക്കാണീ കൊള്ള മുതലാളിത്തത്തിന്റെ ആവശ്യം ?



കഴിഞ്ഞ വര്‍ഷത്തെ പ്രത്യേകത, 2011 സെപ്തംബര്‍ 17 നാരംഭിച്ച

“വാള്‍സ്ട്രീറ്റ് കയ്യടക്കല്‍” സമരമാണു്.

മെയ് ദിനത്തില്‍ ലോകത്തെമ്പാടും "കയ്യടക്കല്‍" സമരം നടത്തുന്നു.



നമ്മള്‍ തൊഴിലാളികള്‍, പണിയെടുക്കുന്നവര്‍,

തൊഴിലാളികളായി, കഷ്ടപ്പെടുന്നവരായി,

ചൂഷണ വിധേയരായി തന്നെ തുടര്‍ന്നാല്‍ മതിയോ ?

ഇങ്ങിനെ, എത്ര കാലം തുടരാനാവും ?



ഇന്നിതാ ഈ മെയ്ദിനാഘോഷത്തില്‍,

തൊഴിലാളികള്‍ മാത്രമല്ല, കര്‍ഷകരും സ്വയം സംരംഭകരും

ചെറുകിട-ഇടത്തരം സംരംഭകരും ഗവേഷകരും ശാസ്ത്രജ്ഞരും

എല്ലാം അടങ്ങുന്ന, 99 % പങ്കാളികളാകുന്നു, തെരുവിലിറങ്ങുന്നു.



തൊഴിലാളിവര്‍ഗ്ഗം മുതലാളിത്തം അവസാനിപ്പിച്ചു്

തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ചു്

സോഷ്യലിസത്തിലേയ്ക്കു് നീങ്ങുമെന്നു്

മാര്‍ക്സിസം ഒന്നര നൂറ്റാണ്ടു് മുമ്പു് പഠിച്ചുറപ്പിച്ചു.



ആമാറ്റം കൊണ്ടുവരാന്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളും

ആ മാറ്റം ഒഴിവാക്കാന്‍ മുതലാളിത്തവും നാളിതു് വരെ ശ്രമിച്ചു് പോന്നു.

ആ മാറ്റം നീണ്ടു് പോകും തോറും മുതലാളിത്തത്തിന്റെ പ്രതിസന്ധികളും

ജനങ്ങളുടെ ജീവിത പ്രശ്നവും വഷളാകുകയാണു്.



കുറേക്കാലമായി പലയിടങ്ങളിലും തൊഴിലാളി വര്‍ഗ്ഗം അധികാരത്തിലിരിക്കുന്നു,

പല പുരോഗതികളും കൈവരിക്കുന്നു,

സോവിയറ്റു് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും പിന്നോട്ടടിയുമുണ്ടായി.

മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വര്‍ഗ്ഗ സമരമാണു് നടക്കുന്നതു്.

മുതലാളിത്തം വലിയ പ്രതിസന്ധിയിലാണു്,

വിപ്ലവ സാഹചര്യം സ്ഥായിയായി നിലനില്‍ക്കുന്നു,

പക്ഷെ, മുതലാളിത്തം ഇന്നും ശക്തമായി തുടരുന്നു,

കാരണമോ, അത്തു് രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗം മുതലാളിത്തം അവസാനിപ്പിച്ചു്

അധികാരം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.



മുതലാളിത്തം അവസാനിപ്പിക്കാന്‍ കഴിയുന്നതാണോ എന്നു്

തൊഴിലാളി വര്‍ഗ്ഗത്തിനു് ഇന്നും സംശയമുള്ളതുകൊണ്ടാണോ അതു് ?



നാളെയെക്കുറിച്ചുള്ള ആശങ്കകള്‍ കൊണ്ടാണോ ?



ആശങ്കാകുലമായ, എന്തെന്നറിയാത്ത നാളെയേക്കാള്‍

ദുരിത പൂര്‍ണ്ണമെങ്കിലും അറിയുന്ന ഇന്നിനെ

ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്യുകയാണോ ?



ഇന്നിന്റെ ദുരിതം അസഹനീയമായി തീരുമ്പോള്‍,

നാളെയേക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍ ജന മനസുകളെ ആവേശിക്കുമ്പോഴാണു്

വിപ്ലവം യാഥാര്‍ത്ഥ്യമാകുന്നതു്.



ആ സ്വപ്നങ്ങള്‍ ആരു് നെയ്യും ?

ആ സ്വപ്നങ്ങള്‍ ആരു് കാണും ?

ആ സ്വപ്നങ്ങള്‍ ആരു് യാഥാര്‍ത്ഥ്യമാക്കും ?



മൂലധനാധിപത്യം അവസാനിപ്പിച്ചാല്‍,

മുതലാളിത്തം ഇല്ലാതാക്കിയാല്‍, മുതലാളിമാരില്ലാതായാല്‍,

തൊഴിലാളിയുടെ സ്ഥിതിയെന്തു് ?



ഇന്നത്തെ തൊഴിലാളികള്‍ അന്നു് തൊഴിലാളികളല്ലാതാകില്ലേ ?

മുതലാളിയില്ലാതെ എങ്ങിനെ തൊഴിലാളിയുണ്ടാകും ?

ആരു് വ്യവസായം നടത്തും ?

ആരു് സമൂഹത്തേ നയിക്കും ?



തൊഴിലാളി വര്‍ഗ്ഗം എന്തായിതീരും ?

തൊഴിലാളി വര്‍ഗ്ഗം എന്തായി തീരണം ?

ഇന്നത്തെ തൊളിലാളിയുടെ സോഷ്യലിസ്റ്റു് ഘട്ടത്തിലെ രൂപമെന്തു് ?

ഇതറിഞ്ഞാലല്ലാതെ, ഇതു് സമ്മതമായാലല്ലാതെ,

എങ്ങിനെ തൊഴിലാളികള്‍ പോലും വിപ്ലവത്തെ സ്വാഗതം ചെയ്യും ?



ഇതിനുള്ള ഉത്തരം, ഒരു പക്ഷെ, വീണ്ടും സ്വപ്നമാകാം -

സ്വപ്നം കാണാതെ പ്രവര്‍ത്തിക്കാനാവില്ലല്ലോ ? -

ഇന്നത്തെ തൊഴിലാളികള്‍ നാളത്തെ സംരംഭകരാണു്.

അവര്‍ എല്ലാവര്‍ക്കും പണി കൊടുക്കും.

ആര്‍ക്കെങ്കിലും പണിയില്ലെങ്കില്‍ തന്റെ പണി അവര്‍ക്കു് നല്‍കും.

സ്വയം വേറെ പണിയെടുക്കും

അവര്‍ സ്വകാര്യ സംരംഭകരല്ല, സാമൂഹ്യ സംരംഭകരാണു്.



ഓരോരുത്തരും തന്റെ അദ്ധ്വാന ശേഷി പരമാവധി ഉപയോഗപ്പെടുത്തി

സാമൂഹ്യ സമ്പത്തു് വര്‍ദ്ധിപ്പിക്കുന്നതിനു് നിരന്തരം ശ്രമിക്കും.

അവര്‍ സാമൂഹ്യമായ ഉല്പാദന പ്രക്രിയകളുടെ നടത്തിപ്പു് ഏറ്റെടുക്കും.

അവര്‍ സാമൂഹ്യമായി ഉല്പന്നങ്ങള്‍ സ്വകാര്യമായി കയ്യടക്കുകയല്ല,

മറിച്ചു് സാമൂഹ്യോടമസ്ഥതയില്‍ നിലനിര്‍ത്തും,

സമൂഹത്തിന്റെ ഉപയോഗത്തിനു് വിട്ടു് കൊടുക്കും.

തന്റെ ആവശ്യത്തിനുള്ളതോ തന്റെ അദ്ധ്വാനത്തിനു് ആനുപാതികമായതോ

ഏതാണോ കുറവു് അതു് മാത്രം സ്വന്തമായെടുക്കും.



ഉല്പാദനത്തിന്റെ സംഘാടനം, കമ്പോളത്തിന്റെ നിയന്ത്രണം,

സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുതലാളിത്തത്തിലേതിനേക്കാള്‍

മെച്ചപ്പെട്ട രീതിയില്‍ നിറവേറ്റാന്‍ തൊഴിലാളികള്‍ക്കാവും

കാരണം, ശാരീരികാദ്ധ്വാന ശേഷി പോലെ തന്നെ

ബൌദ്ധികാദ്ധ്വാന ശേഷിയും

ഭരണ നിര്‍വ്വഹണ ശേഷിയും

ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ ശഷിയും

അവരുടെ സ്വന്തമാണു്, അതു് മുതലാളിക്കില്ല,

മുതലാളി അതെല്ലാം കൂലിക്കെടുക്കുകയാണു്.



ബൌദ്ധിക ശേഷികള്‍ കുത്തകയാക്കി വെയ്ക്കാനായി

അവയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുകയാണു് മുതലാളി ചെയ്യുന്നതു്.

ഉടമസ്ഥാവകാശം അയഥാര്‍ത്ഥമാണു്, കൃത്രിമമാണു്,

തൊഴിലാളികളുടെ ബോദ്ധിക സ്വത്തു് യഥാര്‍ത്ഥമാണു്, സ്വാഭാവികമാണു്.



എത്ര ബൌദ്ധിക സ്വത്തിന്റെ അവകാശം മുതലാളി സ്ഥാപിച്ചെടുത്താലും

അവ പ്രയോഗിക്കാന്‍ അതറിയുന്ന തൊഴിലാളിയില്ലാതെ കഴിയില്ല,

മുതലാളിക്കു് എന്തു് അറിവുണ്ടായാലും അതു് പ്രയോഗിക്കണമെങ്കില്‍

അതറിയുന്ന തൊഴിലാളിയെ കൂലിക്കെടുക്കണം.

ഒരാള്‍ക്കു് പ്രയോഗിക്കാവുന്ന ബൌദ്ധിക സ്വത്തിനു് മാത്രമേ പ്രസക്തിയുള്ളു.

ബൌദ്ധിക സ്വത്തു് കൂട്ടി വെച്ചാലും

തൊഴിലാളിയെക്കൂടാതെ അതു് പ്രായോഗികമാകില്ല.

അതേ സമയം ബൌദ്ധിക സ്വത്തു് സ്വന്തമായുള്ള തൊഴിലാളിക്കു്

മുതലാളി നടത്താറുള്ള സംഘാടനം സ്വയം ചെയ്യാം.

മുതലാളിയുടെ ആവശ്യമില്ല.



അതായതു്, ബൌദ്ധിക സ്വത്തു് തൊഴിലാളിക്കാണു് ഉപയോഗിക്കാന്‍ കഴിയുന്നതു്.

തൊഴിലാളികളുടെ ഈ സ്വാഭാവികമായ ശാരീരിക-ബൌദ്ധികാദ്ധ്വാന ശേഷിയാണു്,

ഭരണ നിര്‍വ്വഹണ ശേഷിയാണു്, ആസൂത്രണ ശേഷിയാണു്,

ഉപകരണോപയോഗ ശേഷിയാണു്, ആയുധ പ്രയോഗ ശേഷിയാണു്

തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ.



തൊഴിലാളി വര്‍ഗ്ഗത്തിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യത്തിന്റെ

സാധുതയും സൂചനയുമാണു് "ഞങ്ങള്‍ 99%”,

“1% ന്റെ കുത്തകാധിപത്യം അഗീകരിക്കാനാവില്ല"

എന്ന വാള്‍ സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിന്റെ മുദ്രാവാക്യം നല്‍കുന്നതു്.



മുതലാളിത്തത്തിനു് സഹജമായ അമിതോല്പാദന കുഴപ്പവും

അതില്‍ നിന്നുരുത്തിരിയുന്ന ചാക്രിക കുഴപ്പവും മാത്രമല്ല,

കഴിഞ്ഞ നാലു് വര്‍ഷമായി തുടരുന്ന ആഗോള മാന്ദ്യത്തിന്റേതു് മാത്രമല്ല,

അതിലുപരി, ധന മൂലധന വ്യവസ്ഥ നേരിടുന്ന സഹജ പ്രതിസന്ധിയുടേയും

നിരന്തരം ഇടിയുന്ന ലാഭ നിരക്കിന്റേയും

അതു് മൂലം നിക്ഷേപങ്ങള്‍ക്കു് ലാഭം കിട്ടാത്തതിന്റേയും

അതു് കൊടുക്കാന്‍ സമൂഹ സമ്പത്തു് കൊള്ളയടിക്കേണ്ടി വന്നതിന്റേയും

സര്‍ക്കാരുകളെ ഉപയോഗിച്ചു് ജനങ്ങളെ പാപ്പരാക്കുന്നതിന്റേയും

അങ്ങിനെ മുതലാളിത്തം മിച്ചമൂല്യ സൃഷ്ടിക്കു് പകരം

കൊള്ളയില്‍ അഭയം പ്രാരിച്ചിരിക്കുന്നതിന്റേയും ഫലമായി

സ്ഥായിയായി നിലനില്‍ക്കുന്ന വിപ്ലവ സാഹചര്യം

ഉപയോഗിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയണം.



തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇടപെടല്‍ ശേഷി ഉയര്‍ത്തുവാന്‍

ബൌദ്ധിക സ്വത്തു് വര്‍ദ്ധിപ്പിക്കുക, സംഘാടന ശേഷി ഉയര്‍ത്തുക.

അതു് സംഘടിത തൊഴിലാളികള്‍ക്കു് എളുപ്പമാണു്,

കാരണം, അവര്‍ സുസംഘടിതരാണു്.

ആധുനിക വിവിര സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുക,

മുതലാളിത്ത കപട തന്ത്രങ്ങളെ ആശ്രയിക്കാതിരിക്കുക,

സ്വതന്ത്രമായ ആഗോള ശൃംഖല സ്ഥാപിക്കുക,

മുതലാളിത്തത്തിന്റെ ബൌദ്ധിക സ്വത്തവകാശം അപ്രസക്തമാക്കുക,

അതിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുക.

ഇതാകട്ടെ ഇപ്രാവശ്യത്തെ മെയ് ദിന പ്രതിജ്ഞ.



തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും

അതുപയോഗിച്ചു് സോഷ്യലിസവും കെട്ടിപ്പടുക്കുമ്പോള്‍

ജനങ്ങളുടെ ഓരോ വിഭാഗത്തിന്റേയും ഭാവിയെന്തായിരിക്കും ?

ഈ മെയ് ദിനം ഒരു വാഗ്ദാനവും കൂടി നല്‍കുന്നു.



"ഭാവി സംവിധാനത്തില്‍ എല്ലാവര്‍ക്കും പണി കൊടുക്കും.

അതിനായി പണിയെടുക്കാനുള്ള ഉപാധികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും

ഓരോരുത്തര്‍ക്കും അവരുടെ അദ്ധ്വാനത്തിനു്

ആനുപാതികമായി സാമൂഹ്യോല്പന്നങ്ങള്‍ ലഭ്യമാക്കും

കൃഷിക്കാര്‍ക്കും സ്വയം സംരംഭകര്‍ക്കും

എല്ലാ വിധ പരിഗണനകളും ഉറപ്പാക്കും

ചെറുകിട ഇടത്തരം സംരംഭകര്‍ക്കു് കുത്തകാധിപത്യാവകാശമൊഴിച്ചു്

എല്ലാ പ്രവര്‍ത്തന സ്വാതന്ത്ര്യവും ലഭ്യമാക്കും.”



മെയ്ദിന പ്രവര്‍ത്തന പരിപാടി വേണം.

തൊഴിലാളി വര്‍ഗ്ഗ ഐക്യം, തൊഴിലാളി കര്‍ഷക-സ്വയം സംരംഭക സഖ്യം

തൊഴിലാളി-കര്‍ഷക-സംരംഭക മുന്നണിയും

അവരുടെ മുന്‍കൈയ്യില്‍ ജനകീയ ജനാധിപത്യവും.



മെയ് ദിനാശംസകളോടെ



ജോസഫ് തോമസ്.

No comments:

Blog Archive