Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, June 6, 2012

ഗൂഢാലോചനക്കേസ് : അന്നും ഇന്നും


(Courtesy : Deshabhimani Daily : Posted on: 06-Jun-2012 12:04 AM) കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയെന്ന കുരുട്ടുവിദ്യ പുതിയതല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യ ഭരിക്കുന്ന കാലംമുതല്‍ പയറ്റിനോക്കിയതാണ് ഈ അടവ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി (കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ) യുടെ പിറവി 1920 ഒക്ടോബര്‍ 17ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്കന്‍ഡിലാണ്. രണ്ടുവര്‍ഷം തികയുന്നതിനുമുമ്പ് ശൈശവദശയിലുള്ള പാര്‍ടിയെ ഞെരിച്ചുകൊല്ലാന്‍ 1922ല്‍ പാര്‍ടി നേതാക്കള്‍ക്കെതിരെ പെഷവാര്‍ ഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചു. നേതാക്കളെ ജയിലിലടച്ചു. 1924ല്‍ കാണ്‍പുര്‍ ഗൂഢാലോചനക്കേസും 1929ല്‍ മീറത്ത് ഗൂഢാലോചനക്കേസും വന്നു. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിനെ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. 1929ലെ മീറത്ത് ഗൂഢാലോചനക്കേസിന്റെ വിചാരണ നാലുവര്‍ഷം നീണ്ടുപോയി. പ്രഗത്ഭരായ അഭിഭാഷകര്‍ കേസ് വാദിച്ചു. കോടതിയില്‍ ആരോപണവിധേയരായ പ്രതികള്‍ എന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ പറഞ്ഞത് അച്ചടിച്ച് രാജ്യത്താകെ ജനങ്ങള്‍ക്കിടയില്‍ പാര്‍ടി പ്രചരിപ്പിച്ചു. പാര്‍ടിയെ തകര്‍ക്കാനാണ് കള്ളക്കേസ് കെട്ടിച്ചമച്ചതെങ്കില്‍ പാര്‍ടി വളര്‍ത്താന്‍ ആ കേസ് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. അടിച്ച വടിതന്നെ പിടിച്ചെടുത്ത് ശത്രുവിനെതിരായി ഉപയോഗിച്ച ചരിത്രമാണ് പാര്‍ടിക്കുള്ളത്. കേസ് വാദിക്കാന്‍ സഹായം നല്‍കാനായി രൂപീകരിച്ച ഡിഫന്‍സ് കമ്മിറ്റിയുടെ അധ്യക്ഷന്‍ മോത്തിലാല്‍ നെഹ്റുവായിരുന്നു എന്നും ഓര്‍ക്കണം. ഗൂഢാലോചനക്കേസില്‍ പാര്‍ടി നേതാവായിരുന്ന ജി അധികാരിയെ ജയിലിലടച്ചു. ശക്തിയായി പ്രതികരിച്ചതിലൊരാള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. ഗൂഢാലോചനക്കേസില്‍ പ്രതിയാക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അനുകൂലമായിട്ടായിരുന്നു ബുദ്ധിജീവികള്‍ പ്രതികരിച്ചത്. ജര്‍മനിയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീവച്ചത് ഭരണക്കാരായിരുന്നു. കമ്യൂണിസ്റ്റുകാരെ പ്രതികളാക്കി ജയിലിലടയ്ക്കാനായിരുന്നു തീവയ്പ് നടത്തിയത്. മെയ് മൂന്നിന് ചിക്കാഗോയില്‍ തൊഴിലാളികളുടെ ഒരു വമ്പന്‍ പൊതുയോഗം ചേര്‍ന്നു. ഭരണാധികാരികള്‍ ക്രിമിനല്‍ സംഘങ്ങളെ നിയോഗിച്ച് പൊതുയോഗത്തിനുനേരെ ബോംബെറിഞ്ഞു. കുറ്റം ചുമത്തി അറസ്റ്റുചെയ്ത് തൂക്കിലേറ്റിയത് തൊഴിലാളി നേതാക്കളെയായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ കമ്യൂണിസ്റ്റ് നേതാക്കളെ വേട്ടയാടാന്‍ കള്ളക്കേസ് കെട്ടിച്ചമച്ചതിന്റെ ചരിത്രം പരിശോധിക്കുന്നത് രസകരമായിരിക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ ലാവ്ലിന്‍ കേസ് കെട്ടിച്ചമച്ചു. കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വിട്ടു. സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. പിണറായി വിജയന്‍ ലാവ്ലിന്‍ കരാറില്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. എന്നാല്‍, ഗൂഢാലോചന നടത്തിയെന്നാണ് കേസുണ്ടാക്കിയത്. ലാവ്ലിന്‍ കേസ് വിചാരണചെയ്യാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയുന്നതല്ല. കേസ് വിചാരണ വര്‍ഷങ്ങള്‍ നീണ്ടുപോകാനിടയുണ്ട്. കേസ് തീരുന്നതുവരെ പിണറായിക്കെതിരെ പുകമറ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കേസുണ്ടാക്കിയവര്‍ കരുതുന്നത്. ഇത്രയും പറയാന്‍ കാരണം ഒഞ്ചിയംകേസാണ്. ആര്‍എംപി എന്നുപറയുന്ന പാര്‍ടിയുടെ നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ അതിക്രൂരമായ രീതിയില്‍ വധിക്കപ്പെട്ടു. ടി പി വധത്തില്‍ സിപിഐ എം പ്രതിഷേധം രേഖപ്പെടുത്തി. ചന്ദ്രശേഖരന്റെ ആകസ്മികമായ കൊലപാതകത്തില്‍ സിപിഐ എം അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊലപാതകത്തിന്റെ അന്വേഷണത്തിനിടയില്‍ പാര്‍ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിക്ക് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ പാര്‍ടി മടിക്കുകയില്ലെന്നും വ്യക്തമാക്കപ്പെട്ടു. അതൊന്നും കേട്ടഭാവമില്ലാതെ സിപിഐ എം നേതാക്കളെ പിടികൂടി ജയിലിലടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും മുഴുകിയിരിക്കുന്നത്. കൊന്നതാരെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. കൊല്ലിച്ചതാരെന്നേ അറിയാന്‍ ബാക്കിയുള്ളൂ എന്നാണ് ഡിജിപി ഒരവസരത്തില്‍ പറഞ്ഞത്. ഈ കൊലപാതകത്തിനു പിറകില്‍ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. അന്വേഷണസംഘം പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നു. കമ്യൂണിസ്റ്റുകാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സംഘവും പറയുന്നത്. മാത്രമല്ല, ആഭ്യന്തരസഹമന്ത്രി ഇത്രകൂടി പറഞ്ഞു: ചന്ദ്രശേഖരനെ കൊന്നവരെ ഉദ്ദേശിച്ച് മുംബൈയിലെ വ്യവസായിയെ തേടി പോകേണ്ടതില്ല. കമ്യൂണിസ്റ്റുകാരാണ് കൊല്ലിച്ചതെന്ന് ടി പിയുടെ വിധവ രമ പറഞ്ഞിരിക്കുന്നു. ഇതിലധികം എന്ത് തെളിവാണ് വേണ്ടതെന്നാണ് മുല്ലപ്പള്ളി ചോദിച്ചത്. സിപിഐ എമ്മിനെ രാഷ്ട്രീയ ശത്രുവായി കരുതുന്ന ഒരാള്‍ പറയുന്ന മൊഴിയാണ് യഥാര്‍ഥ തെളിവെന്നും അതിലപ്പുറം വേറൊരു തെളിവും ആവശ്യമില്ലെന്നും രാമചന്ദ്രന്‍ പറയുന്നു. എങ്കില്‍ പിന്നെ വിദഗ്ധ അന്വേഷണസംഘം എന്താണ് അന്വേഷണം നടത്തേണ്ടത്. അശോകന്‍ ഗൂഢാലോചനക്കേസില്‍ പ്രതിയാണെന്നാണ് പറയുന്നത്. കൃഷ്ണനും ഗൂഢാലോചനക്കേസില്‍ പ്രതിയാണ്. ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കാന്‍ തെളിവൊന്നും വേണ്ട. ഏത് ഘട്ടത്തില്‍ വേണമെങ്കിലും ഏതൊരാളെയും പ്രതിചേര്‍ക്കാം. സിപിഐ എം നേതാക്കളെ മുഴുവന്‍ വേണമെങ്കില്‍ ചേര്‍ക്കാം. കൊല നടത്തിയത് സിപിഐ എമ്മുകാരാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി തുടക്കത്തിലേ പറഞ്ഞുകഴിഞ്ഞു. വ്യവസായിയാണ് കൊലയ്ക്കു പിന്നിലെന്ന സംശയം ബലപ്പെട്ടുവരുമ്പോള്‍ മന്ത്രി പറയുന്നത് വ്യവസായിയെ തേടി മുംബൈയിലേക്ക് പോകേണ്ടതില്ലെന്നാണ്. വമ്പന്‍ സ്രാവുകളെ ഇനിയും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുണ്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സിപിഐ എം നേതാക്കളാണ് മന്ത്രിയുടെ മനസ്സിലുള്ളത്. ബ്രിട്ടീഷുകാര്‍ കള്ളക്കേസ് ചുമത്തി ജയിലിലടച്ചിട്ടും വെറും ശൈശവദശയിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി തകര്‍ന്നുപോയിട്ടില്ല. ഇപ്പോള്‍ ഏതെങ്കിലും കുറ്റം ചുമത്തി സിപിഐ എം നേതാക്കളെ കല്‍ത്തുറുങ്കിലടച്ചിടാനാണ് യുഡിഎഫ് സര്‍ക്കാര്‍ കഠിനമായി ശ്രമിക്കുന്നത്. കള്ളക്കേസ് കൊണ്ട് പാര്‍ടി തകരുമെന്ന് കരുതുന്നത് മൗഢ്യമാണ്. പാര്‍ടി പൂര്‍വാധികം ശക്തിപ്പെടുന്നു എന്നതാണ് സത്യം. പൊതു പരിപാടികളില്‍ തെളിഞ്ഞുകാണുന്ന വന്‍തോതിലുള്ള ജനപങ്കാളിത്തം അതിന് തെളിവാണ്. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളെ പിടികൂടി ജയിലിലടയ്ക്കാനുള്ള ഉപകരണമാണ് ഗൂഢാലോചനക്കേസ് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്കും ഒരുപോലെ. കൂനന്‍ കുത്തിയാല്‍ ഗോപുരം വീഴില്ലെന്നോര്‍ത്താലും.

No comments:

Blog Archive