Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, November 4, 2015

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക



ഭൂപ്രഭുക്കളുമായും സാമ്രാജ്യത്വവുമായും കൂട്ടു് കൂടി മുതലാളിത്ത വളര്‍ച്ച ലക്ഷ്യം വെച്ചു് ധന മൂലധന കുത്തകകള്‍ നയിക്കുന്ന മുതലാളിത്ത ഭരണകൂടത്തിന്റെ രണ്ടു് രാഷ്ട്രീയ ഉപകരണങ്ങളാണു് കോണ്‍ഗ്രസും ബിജെപിയും. അതു് കൊണ്ടു് തന്നെ അവ രണ്ടും ധന മൂലധനത്തോടു് ഏറ്റുമുട്ടുന്ന സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ പാര്‍ടികള്‍ വളരുന്നതിനെ ഭീതിയോടെ നോക്കി കാണുന്നു. അവ പരസ്പരം സഹകരിച്ചു് ഇടതു് പക്ഷത്തെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നു. അതാണു് ബംഗാളില്‍ നാം കണ്ടതു്. അവയ്ക്കു് രണ്ടും ഒറ്റയ്ക്കും കൂട്ടായും ശ്രമിച്ചിട്ടും ഇടതു് പക്ഷത്തെ തകര്‍ക്കാനായില്ല. യാതൊരു തത്വദീക്ഷയുമില്ലാതെ ഇടതു് പക്ഷത്തെ നേരിടുന്ന മറ്റൊരു ഉപകരണമെന്ന നിലയില്‍ തൃണമൂലിനെ വളര്‍ത്തിയെടുത്താണു് ഇടതു് പക്ഷത്തെ അവിടെ അധികാരത്തില്‍ നിന്നിറക്കിയതു്. ഭസ്മാസുരനു് വരം കൊടുത്തപ്പെലെ തൃണമൂല്‍ ഇന്നു് എല്ലാവര്‍ക്കും ഭീഷണിയായിരിക്കുന്നു. അമേരിക്ക തങ്ങളെ ചോദ്യം ചെയ്യുന്ന ഇറാനേയും ഇറാക്കിനേയും അഫ്ഘാനിസ്ഥാനേയും മറ്റും തകര്‍ക്കാനായി ഇസ്ലാമിക തീവ്രവാദികളെ വളര്‍ത്തിയതു് പോലെ, ഇന്ത്യയില്‍ പഞ്ചാബിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഇന്ദിരാഭരണ കാലത്തു് ഭിന്ദ്രന്‍ വാലയെ വളര്‍ത്തിയതു് പോലെ, തീവ്രവാദികളെ വളര്‍ത്തുന്നതു് വളര്‍ത്തുന്നവര്‍ക്കടക്കം സമൂഹത്തിനാകെ ദോഷമാണെന്നു് സങ്കുചിത താല്പര്യം മൂലം കാണാതെ പോകുന്നു.

കേരളത്തിലും സമാന പരീക്ഷണങ്ങള്‍ക്കാണു് വെള്ളാപ്പള്ളി അടക്കം സമൂദായ നേതാക്കളെ ഉപയോഗപ്പെടുത്തി ബിജെപി ശ്രമിക്കുന്നതു്. സങ്കുചിത താല്പര്യം മൂലം ഉമ്മന്‍ ചാണ്ടിയും അതിനു് കൂട്ടു് നില്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ തല്കാല ലക്ഷ്യം ഇടതു് പക്ഷത്തെ തളര്‍ത്തി അധികാരം നിലനിര്‍ത്തുകയും കോണ്‍ഗ്രസിലെ അധികാര വടംവലിയില്‍ മേല്‍ക്കൈ നേടുകയും ചെയ്യുകയാണു്.

പക്ഷെ, ദീര്‍ഘകാലത്തില്‍, കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബംഗാളിലെ സ്ഥിതി തന്നെയാണു് കേരളത്തിലും ഉണ്ടാകാന്‍ പോകുന്നതു്. ഇടതു് പക്ഷം ഏതറ്റം വരെ തളര്‍ന്നാലും, സാമ്രാജ്യത്വത്തേയും മൂലധനത്തിന്റെ സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളേയും നേരിട്ടു് വളരുക തന്നെ ചെയ്യും അതല്ലാതെ സമൂഹത്തിന്റെ മുന്നേറ്റത്തിനു് മറ്റു് മാര്‍ഗ്ഗങ്ങളില്ല. മൂലധനത്തെ സമൂഹത്തിനു് വിധേയമാക്കുകയും, കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യത്തിനനുസരിച്ചു് ആസൂത്രിതമായി ഉപയോഗിക്കുകയുമല്ലാതെ മുതലാളിത്തത്തിന്റെ നേതൃത്വത്തില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കു് പരിഹാരമില്ല. അതു് ചെയ്യാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് മാത്രമേ കഴിയുകയുമുള്ളു.

ഇതു് മനസിലാക്കി, ജനങ്ങള്‍ ഇടതു് പക്ഷത്തെ പിന്തുണയ്ക്കുകയാണു് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും അഴിമതിയില്‍ നിന്നും ജനദ്രോഹ നയങ്ങളില്‍ നിന്നും വര്‍ഗ്ഗീയവിപത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. ഇടതു് പക്ഷം മാത്രമാണു് തദ്ദേശ സ്വയംഭരണത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ജനങ്ങളുടെ സ്വയംഭരണ സംവിധാനമായി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറുള്ളതു്. കഴിഞ്ഞ രണ്ടു് പതിറ്റാണ്ടിലെ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും നിലപാടുകള്‍ ഇക്കാര്യം തെളിയിക്കുന്നു. മാത്രമല്ല, സ്വയംഭരണ സമൂഹങ്ങളാണു് ധന മൂലധനാധിപത്യത്തേയും സാമ്രാജ്യാധിപത്യത്തേയും നേരിടാനുള്ള പ്രായോഗിക ബദലുകള്‍.

വരുമാനം ഉയര്‍ത്തുക, ജീവിത ചെലവു് കുറയ്ക്കുക, അതിനായി പ്രാദേശികമായി ജീവിതാവശ്യങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക, കുറഞ്ഞ ചെലവില്‍ അതതു് പ്രദേശത്തു് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും വിവര വിനിമയവും ജനകീയ മാധ്യമ ശൃംഖലയും മറ്റിതര അവശ്യ സേവനങ്ങളും ഒരുക്കുക തുടങ്ങി ജന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബദലുകള്‍ സാധ്യമാണു്. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു് പക്ഷത്തെ വിജയിപ്പിക്കുക. യുഡിഎഫിനെ തറപറ്റിക്കുക. ബിജെപിയെ വളര്‍ത്താതിരിക്കുക. സമൂദായസംഘടനകളും ഭൂരിപക്ഷ-ന്യൂനപക്ഷ മത സംഘടനകളും രാഷ്ട്രീയത്തില്‍ നിന്നു് അകന്നു് നില്കുക. അവയുടെ അംഗങ്ങള്‍ മതേതര പാര്‍ടികളില്‍ പ്രവര്‍ത്തിക്കട്ടെ. അതിനു് തയ്യാറല്ലാത്തവയെ ഭരണ രംഗത്തു് നിന്നും ഒഴിവാക്കുവാന്‍ അതതു് സംഘടനാംഗങ്ങള്‍ തന്നെ തയ്യാറാകുക. രാഷ്ട്രീയം തികച്ചും മതേതരമാക്കുക.

No comments:

Blog Archive