Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, November 11, 2016

മൂലധനാന്തര വൈരുദ്ധ്യങ്ങള്‍ - താല്കാലികമായി പുറകോട്ടു് പോകുന്നു, പക്ഷെ, വിപ്ലവ സാഹചര്യം കൂടുതല്‍ പരിപക്വമായിരിക്കുന്നു



കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സാമ്രാജ്യത്വത്തിനകത്തും അതും ഇതര മുതലാളിത്ത കത്തകകൾക്കുമിടയിലുള്ള വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുന്നില്ല എന്ന നിരീക്ഷണം പൊതുവെ വരുന്നുണ്ടു്. അതു് ശരിയാണ്. സാമ്രാജ്യത്വം ആഗോള ധന മൂലധനാധിപത്യമായി വികസിക്കുന്ന പ്രക്രിയയിൽ സാമ്രാജ്യേതര കുത്തകളെ സാമ്രാജ്യത്വത്തിന്റെ ഭാഗമാക്കിക്കൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ നിലനില്പ് = സാമ്രാജ്യത്യത്തിന്റെ നിലനില്പ് = ആഗോള ധന മൂലധനാധിപത്യത്തിന്റെ നിലനില്പ് എന്ന സമവാക്യം രൂപപ്പെട്ടതിന്റെ ഫലമാണ്. സോവിയറ്റ് യൂണിയനുണ്ടായ പിന്നോട്ടടിയും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. . . . . . .

പക്ഷെ, അതുമൂലം വിപ്ലവ സാഹചര്യം മൂർച്ഛിക്കുന്നില്ല എന്നു പറയുന്നത് ശരിയായ വിലയിരുത്തലല്ല. വരാൻ പോകുന്ന  വിപ്ലവം മുതലാളിത്ത വിപ്ലവമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? ഉണ്ടാവില്ല. സോഷ്യലിസ്റ്റ് വിപ്ലവം നടത്തുന്നത് സാമ്രാജ്യത്വവുമല്ല, ഇതര കുത്തകകളുമല്ല, തൊഴിലാളി വർഗമാണ്. അതാകട്ടെ സാമാജ്യത്യവും ദേശീയ കുത്തകകളുമടങ്ങുന്ന മുതലാളിത്തത്തിന് മൊത്തത്തിലെതിരായ വിപ്ലവമാണ്. സാമ്രാജ്യത്വത്തിന്റെ ആഗോള ധന മൂലധനാധിപത്യത്തിലേക്കുള്ള വികാസം തന്നെ ആഗോളമായി മുതലാളിത്തവും തൊഴിലാളി വർഗവും അവര്‍ ലക്ഷ്യമിടുന്ന സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിച്ചതിന്റെ അനന്തരഫലവും അതിന്റെ പ്രതിഫലനവും തെളിവുമാണ്. . . . . . .

പക്ഷെ, നമ്മുടെ പല സാമ്പത്തികോപദേഷ്ടാക്കളും അവരുടെ പണി ചെയ്യാതെ വികലമായ രാഷ്ട്രീയ വിശകലനം കൊണ്ട് നമ്മെ വഴി തെറ്റിക്കുന്നുണ്ട്. . . .. ...

അവർ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ആഗോള ധന മൂലധനാധിപത്യ ഘട്ടത്തിലെ മൂലധന പ്രതിസന്ധിയും അതിന്റെ ആഴവും പരപ്പും ഫലവും പ്രത്യാഘാതങ്ങളും കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു. അവരത് ചെയ്യുന്നില്ല. തോമസ് പിക്കറ്റിയേപ്പോലുള്ളവർ ചെയ്യുന്ന പണി പോലും ഇവർ ചെയ്യുന്നില്ല. പിക്കറ്റിയുടെ വിശകലനം വിപ്ലവ സാഹചര്യം രൂപപ്പെടുന്നതിന്റെ സാമ്പത്തികാടിത്തറ സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെ വരച്ചുകാണിക്കുന്നുണ്ട്. . . . . .

മൂലധന വികാസവും കൂലിയുടെ സങ്കോചവും 21-)0 നൂറ്റാണ്ടിലെത്തിയപ്പോൾ വർദ്ധിക്കുന്നതായി കണക്കുകളിലൂടെ അദ്ദേഹം തെളിയിക്കുന്നു. സമൂഹത്തില്‍ നടക്കുന്ന സാമ്പത്തിക വികാസത്തിന്റെ നിരക്കിനേക്കാൾ ഉയർന്നതോതിലാണ് മൂലധനം തട്ടിയെടുക്കുന്ന സമ്പത്തിന്റെ ഓഹരിയിലുണ്ടാകുന്ന വളര്‍ച്ചയെന്ന് അദ്ദേഹം കാണിക്കുന്നു. .  . . 

ഇവയുടെ ഇന്നത്തെ നിരക്കുകളുടെ അനുപാതം 19 താം നൂറ്റാണ്ടിൽ നിലനിന്നതിനോടാണ് താരതമ്യം ചെയ്യപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ സോവിയറ്റു് സോഷ്യലിസ്റ്റ് വിപ്ലവാനന്തരം സാമ്പത്തിക വികാസത്തിന്റേയും മൂലധന സമാഹരണത്തിന്റേയും നിരക്കുകള്‍ തമ്മിലുള്ള വിടവു് കുറഞ്ഞുവെന്നും അവതരിപ്പിക്കപ്പെട്ട കണക്കുകൾ വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ ആ വിടവു് 19-)o നൂറ്റാണ്ടിലേതിനു് സമാനമായി വര്‍ദ്ധിക്കുന്നതു് വിപ്ലവ സാഹചര്യം വീണ്ടും രൂപപ്പെടുന്നതിന്റെ തെളിവാണ്.   . . . . .

അദ്ദേഹവും കാണാതെ പോകുന്നൊരു പുതിയ പ്രവണതയുണ്ട്. മുതലാളിത്ത പ്രതിസന്ധിയുടെ ആഴം അത് കാണിക്കുന്നു.. . . . ..

ഓഹരിക മ്പോളത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട  കമ്പനികളൊന്നും നഷ്ടം കാണിക്കുന്നില്ല. ലാഭം നിരന്തരം കാണിക്കുകയും ചെയ്യുന്നു. വ്യാപാര പ്രതിസന്ധി അവയെ ബാധിക്കുന്നില്ലേ? . . . . .. .

നിലവിൽ മിക്ക കോർപ്പറേറ്റുകളും ലാഭം കാട്ടുന്നത് 'പ്രവർത്തന മിച്ച'ത്തിൽ നിന്നല്ല, മറിച്ച് 'ആസ്തി മൂല്യം' ഉയർത്തിക്കാട്ടിയാണ്. അതിന്റെ അടിത്തറ ഏറിയ കൂറും ഓഹരി വിലയുമാണ്‌. ഇതാണ് ഇന്ന വര്‍ദ്ധിച്ചുവരുന്ന ധനമൂലധന തട്ടിപ്പിന്റേയും അതുവഴിയുണ്ടാകുന്ന ധനമൂലധന വികാസത്തിന്റേയും അടിസ്ഥാനം.

ഓഹരി വില കൂട്ടി ലാഭം കാണിക്കുന്നു. ലാഭം കാണിച്ച് ഓഹരി വില കയറ്റുന്നു. ഇനി അഥവാ ഇതു കൊണ്ടും ലാഭം ഇല്ലാതായാ ലാ ണ് സർക്കാർ ജാമ്യ പാക്കേജും നികുതി ഇളവുകളും. അതിനുമപ്പുറം പൊതു സ്വത്തുക്കൾ കൈമാറി കോർപറേറ്റുകളുടെ ആസ്തി കൂട്ടികൊടുക്കുന്നു. . . . . .

ഇത്തരത്തിൽ കള്ളക്കണക്കും സർക്കാർ ഇളവുകളും പൊതു സ്വത്തിന്റെ കൈമാറ്റവുമാണ് നിലവിൽ കോർപ്പറേറ്റ് ലാഭത്തിന്റെ അടിത്തറ...............

തൊഴില്‍ രഹിത വളര്‍ച്ചയെന്ന പ്രതിഭാസവും വ്യാപാര മാന്ദ്യഘട്ടത്തിലും കാണിക്കുന്ന മൂലധന വളര്‍ച്ചയും മറ്റും ഈ വസ്തുത വിശദീകരിക്കുന്നുണ്ടു്.

ഇതിനെ പ്രാകൃത മൂലധന സമാഹരണമെന്നും മറ്റും ശരിയായി തന്നെ വിമർശിക്കുന്ന സാമ്പത്തിക വിദഗ്ദ്ധര്‍, പക്ഷെ, സമകാലീന മുതലാളിത്തം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി, ലാഭ നിരക്കിടിയുന്ന പ്രവണതയും കള്ളക്കണക്കു കൊണ്ട് ഓഹരി ഉടമകളെ കബളിപ്പിക്കുന്ന കാര്യവുമൊന്നും വേണ്ടത്ര നമ്മെ ധരിപ്പിക്കുന്നില്ല. . . . .. ..

യഥാര്‍ത്ഥ മൂല്യമില്ലാതെ, പൊള്ളയായ കണക്കുകളിലെ കളികള്‍ കൊണ്ടു് ആസ്തി കൂട്ടിക്കാണിക്കുന്നതിലെ അപകടം മൂലധന ഉടമകള്‍ക്കറിയാം. പക്ഷെ, അതൊഴിവാക്കാനവര്‍ക്കാവില്ല. ഒഴിവാക്കിയാല്‍ ഫലം ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചയും മുതലാളിത്ത വ്യവസ്ഥിതിയുടെ തന്നെ അന്ത്യവുമാണു്.

ചുരുക്കത്തില്‍, മൂതലാളിത്തം അതിന്റെ സ്വാഭാവിക പ്രവര്‍ത്തന ലക്ഷ്യവും അതിന്റെ ചടുലതയ്ക്കും പ്രോത്സാഹനത്തിനും നിലനില്പിനും തന്നെ ആധാരവുമായ ലാഭവും അതിലൂടെ നേടേണ്ട മൂലധന വളര്‍ച്ചയും ഉണ്ടാക്കാന്‍ മുതലാളിത്തത്തിനു് നിലവില്‍ കഴിയുന്നില്ല. അത്രമേല്‍ ആഴത്തിലുള്ള പ്രതിസന്ധിയിലാണു് ആഗോള മുതലാളിത്തം എത്തിപ്പെട്ടിട്ടുള്ളതു്.

ഇതിന് പകരം വെക്കാനുള്ള വ്യവസ്ഥ സോഷ്യലിസമാണെന്ന കാര്യത്തില്‍ യുക്തിബോധമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍, കേന്ദ്രീകൃത ജനാധിപത്യം അനുവദിക്കുന്ന അമിതാധികാരത്തിന്റെ തണലില്‍ വളരുന്ന മുതലാളിത്തത്തെ നേരിടാനും നവജാത സോഷ്യലിസത്തെ പരിരക്ഷിക്കാനും വേണ്ടി മുതലാളിത്തത്തിന്റെ പ്രവര്‍ത്തന രീതിയായ കേന്ദ്രീകൃത ജനാധിപത്യം തന്നെ അനുവര്‍ത്തിച്ച സോഷ്യലിസത്തിനേറ്റ പിന്നോട്ടടിയില്‍ ഹതാശരായിരിക്കുന്ന വിപ്ലവ പ്രസ്ഥാനം ഇക്കാര്യം പതിയെയാണെങ്കിലും മനസിലാക്കി വരുന്നുണ്ടു്.

ഇക്കാര്യം ബോധ്യപ്പെടുന്ന പക്ഷം, വിപ്ലവ മുന്നേറ്റത്തിന് തൊഴിലാളി വർഗത്തിന് തുറന്നു കിട്ടുന്ന പുത്തൻ പാതകൾ കണ്ടെത്താനാകും. പണിമുടക്കുകളേക്കാളും ഉയർന്ന മാനത്തിലുള്ള പുതിയ വിപ്ലവ സമാനമായ സമര രൂപങ്ങൾ കണ്ടെത്താനും സോഷ്യലിസ്റ്റ് വിപ്ലവത്തെ മുന്നോട്ടു നയിക്കാനുമാകും. . . .  .

ആധുനിക വിപ്ലവമാര്‍ഗ്ഗം സൈനികമോ അക്രമത്തിലൂടെയുള്ള അധികാര പ്രാപ്തിയോ ഒന്നുമാകണമെന്നില്ല. സ്വാഭാവിക കടമകള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത മുതലാളിത്തത്തിന്റെ അന്ത്യം ഉറപ്പാക്കാന്‍ അതിന്റെ ലാഭത്തിലുള്ള ഇടിവു്, സാധാരണ ഗതിയില്‍ നടക്കേണ്ട മൂലധന സമാഹരണത്തിലുള്ള ഇടിവു്, വ്യാപാരമാന്ദ്യം, തുടങ്ങിയ പ്രതിഭാസങ്ങള്‍ മൂര്‍ച്ഛിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയും. നിലവിലുള്ള സ്വാഭാവിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കാന്‍ തൊഴിലാളിവര്‍ഗ്ഗത്തിനു് കമ്പോളത്തെ തന്നെ ഒരു സമരായുധമാക്കാന്‍ കഴിയും.

അതായതു്, സമൂഹത്തെ അടക്കി ഭരിക്കാന്‍ മുതലാളിത്തം സൃഷ്ടിച്ചു് വളര്‍ത്തിയ ആഗോള കമ്പോളം തന്നെ, മുതലാളിത്തത്തിന്റെ അന്ത്യം ഉറപ്പാക്കുന്ന ആയുധവുമാണു്. മുതലാളിത്തം തൊഴിലാളി വര്‍ഗ്ഗത്തെ അടക്കി നിര്‍ത്താന്‍ ഉപയോഗിച്ച ഉപഭോഗാസക്തി എന്ന മാന്ത്രിക വടി തന്നെ മുതലാളിത്തത്തെ താഴെയിറക്കാനുള്ള ആയുധമായി തൊഴിലാളി വര്‍ഗ്ഗത്തിനുപയോഗിക്കാം. കമ്പോളത്തില്‍ നിന്നു് സംഘടിത തൊഴിലാളിവര്‍ഗ്ഗം താല്കാലികമായി പോലും പിന്മാറിയാല്‍ അതുണ്ടാക്കുന്ന ആപേക്ഷികമായ ചോദനക്കുറവു് കമ്പോളത്തെ അപരിഹാര്യമായ കുഴപ്പത്തിലേയ്ക്കും മുതലാളിത്ത ഓഹരി കമ്പോളത്തെ തകര്‍ച്ചയിലേയ്ക്കും മുതലാളിത്തത്തെ അതിന്റെ അന്ത്യത്തിലേയ്ക്കും നയ്ക്കും.

തൊഴിലാളി വര്‍ഗ്ഗം ഐക്യം ഊട്ടി ഉറപ്പിച്ചു് സഖ്യശക്തികളെ ഐക്യപ്പെടുത്തി സടകുടഞ്ഞെണീറ്റാല്‍ സോഷ്യലിസ്റ്റു് വിപ്ലവം പടിവാതില്‍ക്കലാണു്.

No comments:

Blog Archive