Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Saturday, January 28, 2017

സ്വതന്ത്രവിജ്ഞാന സമൂഹത്തിലേക്ക് - ജോസഫ് തോമസ്


Courtesy : Deshabhimani  Thursday Jan 26, 2017


ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ രണ്ടാം അഖിലേന്ത്യാസമ്മേളനം ജനുവരി 26മുതല്‍ 29വരെ ചെന്നൈയില്‍ ബി എസ് അബ്ദുറഹ്മാന്‍ സര്‍വകലാശാലയില്‍ നടക്കുകയാണ്്. സാര്‍വദേശീയമായി, സ്വതന്ത്ര സോഫ്റ്റ്വെയര്‍ മുന്നേറ്റത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേള കൂടിയാണിത്. ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചത് 1990കളുടെ തുടക്കത്തിലാണ്. ഇന്റര്‍നെറ്റിന്റെ അതിദ്രുതവ്യാപനം ഈ മാറ്റങ്ങള്‍ക്ക് അടിത്തറയേകി. ധനമൂലധനം അതിന്റെ പ്രാദേശിക ബന്ധനങ്ങളില്‍നിന്ന് വിടുതല്‍നേടി ആഗോളവിന്യാസവും വ്യാപനവും കേന്ദ്രീകരണവും ഇതിലൂടെ സാധ്യമാക്കി. മുതലാളിത്ത ഉല്‍പ്പാദനശാലകളുടെ കേന്ദ്രീകരണം ഒഴിവാക്കിത്തുടങ്ങി. ലാഭം കുന്നുകൂട്ടാനുള്ള കമ്പോളങ്ങള്‍, കുറഞ്ഞ വിലയ്ക്ക് അസംസ്കൃത പദാര്‍ഥങ്ങളുടെയും തൊഴില്‍ശേഷിയുടെയും ലഭ്യത എന്നിവ നോക്കിയും മറുവശത്ത് തൊഴില്‍ശേഷിയുടെ കേന്ദ്രീകരണം ഒഴിവാക്കിയും ഉല്‍പ്പാദനത്തിന്റെ വിതരിതവിന്യാസം സാര്‍വദേശീയ ധനമൂലധനം സുഗമമാക്കി. സോഷ്യലിസത്തിന് ചില രാജ്യങ്ങളില്‍ താല്‍ക്കാലികമായി ഉണ്ടായ പിന്നോട്ടടി ആഗോള ധനമൂലധന കുത്തൊഴുക്കിന് രാഷ്ട്രീയസഹായമേകി. ഇന്ത്യയില്‍ ഈ കാലഘട്ടത്തിലാണ് നവ ഉദാരവല്‍ക്കരണത്തിന് തുടക്കംകുറിച്ചത്. ഇങ്ങനെയുള്ള ഒട്ടേറെ മുതലാളിത്ത അനുകൂല മാറ്റങ്ങള്‍ക്കിടയില്‍, തികച്ചും വേറിട്ട് നിന്ന ഒരു കൂട്ടായ്മയാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം. സാമൂഹ്യപുരോഗതിയുടെ കുതിപ്പ് ലക്ഷ്യംവച്ചുള്ള ഒരുപറ്റം കണ്ടെത്തലുകളുടെ സംഭാവനകളാണ് തൊണ്ണുറുകളുടെ തുടക്കത്തില്‍ ആരംഭിച്ച സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ വിജയകരമായ മുന്നേറ്റചരിത്രം.


ആവശ്യമുള്ളവര്‍ക്ക് സ്വതന്ത്രമായി എടുത്ത് ഉപയോഗിക്കാവുന്ന ഗ്നൂ/ലിനക്സ് സോഫ്റ്റ്വെയറുകള്‍ സൃഷ്ടിക്കപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയ്ക്കുപകരം പൊതു ഉടമസ്ഥത ഈ രംഗത്ത് നിര്‍മിക്കപ്പെട്ടു. ജനറല്‍ പബ്ളിക് ലൈസന്‍സ് എന്നപേരില്‍ പുതിയൊരു നിയമവ്യവസ്ഥയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമൂഹംതന്നെ സൃഷ്ടിച്ച് സമൂഹത്തിന് നല്‍കി. ‘ഭരണ കൂടത്തിന്റെയോ നിയമനിര്‍മാണസഭയുടെയോ പങ്കാളിത്തമില്ലാതെ സൃഷ്ടിക്കപ്പെട്ടതും കോടതികളുടെ ഇടപെടലില്ലാതെ സമൂഹം പൊതുസമ്മതപ്രകാരം നടപ്പാക്കിപ്പോരുന്നതുമാണ് ഈ നിയമം. സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനും പകര്‍ത്താനും പഠിക്കാനും മാറ്റം വരുത്താനും പങ്കുവയ്ക്കാനും കൈമാറാനും വില്‍ക്കാനുമുള്ള അളവില്ലാത്ത സ്വാതന്ത്യ്രം അനുവദിക്കുന്ന നിയമവ്യവസ്ഥയാണത്. സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങളുടെ വ്യാപനത്തിലും ഇന്റര്‍നെറ്റിന്റെയും സാമൂഹ്യമാധ്യമങ്ങളുടെയും വികാസത്തിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ നല്‍കിയ സംഭാവന അളവറ്റതാണ്. എല്ലാ ഉപകരണങ്ങളെയും ബന്ധിപ്പിച്ച് അവയുടെ വിദൂര മാനേജ്മെന്റ് സാധ്യമാക്കുന്ന ‘ഇന്റര്‍നെറ്റ് ഓഫ് തിങ്സ്’ എന്ന സങ്കല്‍പ്പംവരെ സാധ്യമാകുംവിധം ശൃംഖല വിപുലമാക്കപ്പെടുകയാണ്. വിഭവങ്ങളുടെ പൊതു ഉടമസ്ഥത ഒരുക്കുന്ന മേന്മകളും സാധ്യതകളും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ചൂണ്ടിക്കാട്ടുന്നു.


സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സാങ്കേതിക സ്വാംശീകരണം നേടുകയാണ് വികസ്വരഅവികസിത നാടുകളടക്കം ലോകമാകെ ജനങ്ങള്‍ക്ക് വിവരസാങ്കേതിക മുന്നേറ്റം ഒരുക്കുന്ന സാധ്യതകള്‍ അനുഭവവേദ്യമാക്കുന്നതിനുള്ള മാര്‍ഗം. നവഉദാരവല്‍ക്കരണഘട്ടത്തില്‍ ആഗോളമൂലധനം നടപ്പാക്കുന്ന ഉല്‍പ്പാദനത്തിന്റെ വിതരിതഘടനമൂലം തൊഴിലാളി വര്‍ഗം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്വാംശീകരണവും സംഘാടനത്തിലടക്കം അതുപയോഗിച്ചുള്ള സ്വതന്ത്രമായ ശൃംഖലയുടെ വിപുലമായ ഉപയോഗവുമാണ്.


സോഫ്റ്റ്വെയര്‍രംഗത്ത് സാങ്കേതികവിദ്യ സ്വതന്ത്രമാക്കപ്പെട്ടെങ്കിലും അതിന്റെ ഉപയോഗം ഇന്നും വ്യാപകമായിട്ടില്ല. ഉപകരണങ്ങളുടെ രംഗത്തും ശൃംഖലയുടെ രംഗത്തും കുത്തക നിലനില്‍ക്കുന്നു. ടെലികോം രംഗത്ത് ബിഎസ്എന്‍എല്‍ അടക്കം ഇന്ത്യന്‍ കമ്പനികളാകെ അവയ്ക്കാവശ്യമായ ഉപകരണങ്ങളും വ്യവസ്ഥകളും 87 ശതമാനം ഇറക്കുമതിചെയ്യുകയാണ്. ഇറക്കുമതിച്ചെലവിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ പൊതുകമ്പോളത്തില്‍നിന്നുവാങ്ങുന്ന കംപ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സന്നിവേശിപ്പിച്ച് പുതുതലമുറ ടെലിഫോണ്‍ എക്സ്ചേഞ്ചുകളും മറ്റുപകരണങ്ങളും ആഭ്യന്തരമായിത്തന്നെ ഉല്‍പ്പാദിപ്പിക്കാവുന്നതാണ്. ‘ഡിജിറ്റല്‍ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വെറും കാപട്യങ്ങളാണ്. അവയുടെപേരില്‍ മൂലധനത്തിന്റെ കുത്തൊഴുക്ക് അനുവദിക്കപ്പെടുകമാത്രമാണ് നടക്കുന്നത്. സാങ്കേതികവിദ്യ സ്വാംശീകരിക്കപ്പെടുന്നില്ല. ആഭ്യന്തരമായി ഉല്‍പ്പാദനം വര്‍ധിക്കുന്നുമില്ല. ആഗോള ധനമൂലധനാധിപത്യത്തിന്റെ മേധാവിത്വം ഇന്ത്യയിലും അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.


അതിന്റെ ‘ഭാഗമായി ‘ഭരണപരിഷ്കാരം സാധ്യമാക്കുന്ന ഇ‘ഭരണം, ഇ സ്ഥാപന‘ഭരണം, ഇ ബാങ്കിങ് തുടങ്ങി മറ്റിതര ഇ സേവനങ്ങള്‍ക്കെല്ലാം ഏറിയകൂറും നിലവില്‍ സ്വകാര്യ കുത്തക സോഫ്റ്റ്വെയറുകളാണ് വിന്യസിക്കപ്പെടുന്നത്. ദേശീയവിഭവം പുറത്തേക്കൊഴുകുന്നു, സാങ്കേതികാടിമത്തം സ്ഥായിയാക്കപ്പെടുന്നു. മുകളില്‍ പ്രതിപാദിച്ച മേഖലകളിലൊക്കെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ സാങ്കേതികസ്വാംശീകരണം സാധിക്കാം. ആഭ്യന്തരമായി തൊഴില്‍ സൃഷ്ടിക്കാം. നമ്മുടെ ജനാധിപത്യാഭിലാഷങ്ങള്‍ക്കനുസരിച്ചുള്ള ‘ഭരണ പരിഷ്കാരം കൊണ്ടുവരാം. സോഫ്റ്റ്വെയറിലും അതുപയോഗിച്ചുള്ള ഉപകരണങ്ങളിലും തുടങ്ങി ക്രമേണ കംപ്യൂട്ടറിന്റെ മൈക്രോപ്രോസസറുകളും മദര്‍ബോര്‍ഡുകളും അടക്കം ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിച്ചുതുടങ്ങാം.

ചൈന വിവരസാങ്കേതികരംഗത്ത് നടത്തിയ മുന്നേറ്റം ഇന്ത്യക്കും മാതൃകയാക്കാവുന്നതാണ്. സര്‍ക്കാരിന്റെ സര്‍വതോമുഖമായ പിന്തുണയാണ് ഈ രംഗത്ത് ചൈന കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയായി വര്‍ത്തിച്ചത്. സാങ്കേതിക സ്വാംശീകരണം നേരിടുന്ന പ്രശ്നം സാങ്കേതികവിദ്യയുടെ അഭാവമോ ലഭ്യതക്കുറവോ അല്ല, മറിച്ച് സാധ്യതകള്‍ ബോധ്യപ്പെടുന്നതിന്റെയും ഇച്ഛാശക്തിയുടെയും സംഘാടനത്തിന്റെയും സാമൂഹ്യപിന്തുണയുടെയും കുറവ് മാത്രമാണ്. മുതലാളിത്തത്തിന്റെ അടിത്തറയായ സ്വകാര്യ സ്വത്തുടമാവകാശത്തോടും മത്സരത്തോടും സ്വകാര്യ കുത്തക സോഫ്റ്റ്വെയറിനോടുമുള്ള ആരാധനയും അവമാത്രം ഉപയോഗിക്കുന്നതും സാങ്കേതികാടിമത്തത്തിന് വഴിവയ്ക്കുന്നു എന്നതാണ് സ്ഥിതി. പകരം പൊതുഉടമസ്ഥതയോടും കൂട്ടായ്മയോടും പങ്കാളിത്തത്തോടും സഹകരണത്തോടും ആഭിമുഖ്യമുണ്ടായാല്‍ സ്വതന്ത്ര സോഫ്റ്റ്വെയറും സ്വതന്ത്രവിജ്ഞാനവും ഉപയോഗിച്ച് വന്‍മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനാകും.


നിലവിലുള്ള നാണയവ്യവസ്ഥതന്നെ എത്രമാത്രം സ്വേച്ഛാപരമായി ഉപയോഗിക്കാമെന്നാണ് നോട്ടുനിരോധനത്തിലൂടെ കാട്ടിത്തന്നത്. ഈ സാഹചര്യത്തില്‍ നാണയാധിഷ്ഠിത ഡിജിറ്റല്‍ ബാങ്കിങ് എത്രമാത്രം സ്വേച്ഛാപരമാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. നാണയവ്യവസ്ഥയ്ക്കുപകരം ‘ഭാവിയില്‍ ഡിജിറ്റല്‍ നാണയങ്ങള്‍ (ബിറ്റ് കോയിന്‍ പോലുള്ളവ) നടപ്പായാല്‍ അത്തരം വ്യവസ്ഥകളിന്മേല്‍ ജനങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. ജനങ്ങള്‍ ഇരകള്‍ മാത്രമാകും. ശൃംഖലയുടെ കേന്ദ്രീകൃതഘടന ഉപയോഗിച്ച് ‘ഭരണകൂടത്തിന്റെ വരുതിക്കുനില്‍ക്കുന്ന സമൂഹത്തെ സൃഷ്ടിക്കുകയാണ് മുതലാളിത്തത്തിന്റെ സമകാലിക തന്ത്രം.


അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ശൃംഖലാ വിഭവങ്ങള്‍ (സെര്‍വര്‍, വിവരസംഭരണി, മെമ്മറി ഫാം തുടങ്ങിയവ) ജനങ്ങളാകെ ഉപയോഗിക്കുന്നു എന്നതാണ് നിലവില്‍ ശൃംഖലയുടെ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനം. ശൃംഖലയ്ക്ക് സ്വതവേ വിതരിത ഘടനയാണുള്ളത്. വ്യക്തിപരമായോ പ്രാദേശികമായോ സ്ഥാപനാടിസ്ഥാനത്തിലോ സൃഷ്ടിക്കുന്ന ഏത് ഒറ്റപ്പെട്ട ശൃംഖലയായാലും അതിനെ ഇന്റര്‍നെറ്റിനോട് ബന്ധിപ്പിച്ചാല്‍ അത് ഇന്റര്‍നെറ്റിന്റെ ‘ഭാഗമാണ്. അത്തരം സ്വതന്ത്ര ശൃംഖലകളില്‍ അതിന്റെ ഉടമയ്ക്ക് നിയന്ത്രണമുണ്ടാകും. ശൃംഖലയുമായി ബന്ധിപ്പിച്ച് സാര്‍വദേശീയമായി ഉപയോഗിക്കുകയുംചെയ്യാം. യഥാര്‍ഥത്തില്‍ ഓരോ രാജ്യത്തും ശൃംഖലാവിഭവങ്ങളായ റൂട്ടറുകളും പരസ്പരബന്ധങ്ങളും സൃഷ്ടിക്കുന്നത് തദ്ദേശീയ കമ്യൂണിക്കേഷന്‍ സേവനദാതാക്കളാണ്. കാലിഫോര്‍ണിയയിലെ ആഗോളകേന്ദ്രം ആര്‍ക്കും ഒരു സേവനവും നല്‍കുന്നില്ല. ദേശീയശൃംഖലകളെ ബന്ധിപ്പിക്കുന്നു എന്നതുമാത്രമാണവര്‍ ചെയ്യുന്നത്. ഉപയോഗിക്കുന്നവര്‍ പ്രാദേശിക ജനവിഭാഗമാണ്. വിഭവങ്ങളും പ്രാദേശികമാണ്. പരസ്പരബന്ധംമാത്രം ആഗോളം. അതാണ് നിലവിലുള്ള കേന്ദ്രീകൃതശൃംഖല. മെയില്‍ സെര്‍വറുകളും വിവരസംഭരണികളും തദ്ദേശീയമായി സ്ഥാപിച്ചുപയോഗിക്കാതെ സാമ്രാജ്യത്വകേന്ദ്രീകരണത്തിന് നിന്നു കൊടുക്കുന്നു എന്നതാണ് നിലവില്‍ ശൃംഖലയുടെ കേന്ദ്രീകരണസ്വഭാവത്തിന്റെ കാരണം.

ധനമൂലധനമേധാവിത്വത്തിന്റെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുള്ള ബദല്‍ പ്രാദേശികസമൂഹങ്ങളുടെ സാര്‍വദേശീയ ശൃംഖലാബന്ധമാണ്. സ്വതന്ത്ര സോഫ്റ്റ്വെയറും അത് സാധ്യമാക്കുന്ന സാങ്കേതികവിദ്യയുടെ സാമൂഹ്യസ്വാംശീകരണവും വിതരിതശൃംഖലയും അതിനുള്ള ഉപാധികളാണ്. കാലഹരണപ്പെട്ട മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന അന്ധവും വിഭജിതവുമായ ഡിജിറ്റല്‍ സമൂഹത്തില്‍ നിന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യസമൂഹത്തിലേക്കുള്ള പ്രയാണത്തിന്റെ പാതയാണിത്.

(എഫ്എസ്എംഐ പ്രസിഡന്റാണ് ലേഖകന്‍)

Read more: http://www.deshabhimani.com/articles/free-software-movement-in-india/619541

No comments:

Blog Archive