Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, December 1, 2019

ബി.എസ്.എന്‍.എല്‍ അന്യാധീനപ്പെടുത്തരുതു്, തൊഴിലാളികള്‍ക്കു് കൈമാറണം.


ബി.എസ്.എന്‍.എല്‍ തകരുകയാണെന്നു് തോന്നിപ്പിക്കുന്ന പല സംഭവ വികാസങ്ങളും ആ സ്ഥാപനത്തില്‍ കുറേക്കാലമായി നടന്നു് വരികയാണു്. മാസങ്ങളായി നിത്യനിദാന ചെലവുകള്‍ക്കു് പോലും പണം ലഭ്യമാക്കുന്നില്ല. ലൈനുകളുടേയും ഉപകരണങ്ങളുടേയും കേടുപാടുകള്‍ നീക്കുന്നതിനു് പോലും ആവശ്യമായ പണം നല്‍കുന്നില്ല. വൈദ്യുതി കുടിശിക അടയ്ക്കാത്തതു് മൂലം ടവറുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന സ്ഥിതി നിലനില്കുന്നു. വൈദ്യുതി കിട്ടാതാകുമ്പോള്‍ പകരം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഡീസല്‍ ലഭ്യമാക്കപ്പെടുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കേരളമൊഴിച്ചു് പല സംസ്ഥാനങ്ങളിലും ശമ്പളം കൊടുക്കാന്‍ ആഴ്ചകളോളം വൈകി. വീണ്ടും, സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ കേരളത്തിലടക്കം മൂന്നു് ആഴ്ച വൈകി. ഇവയൊന്നും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നടക്കേണ്ട കാര്യങ്ങളല്ല. ഇവയോടു് ഒത്തു് പോകുന്ന തീരുമാനങ്ങളാണു് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതു്. അവയിലൂടെ പുനരുജ്ജീവനത്തിനുള്ള മാര്‍ഗ്ഗമല്ല, മറിച്ചു് നാശത്തിനും വില്പനയ്ക്കുമുള്ള മാര്‍ഗ്ഗങ്ങളാണു് തുറക്കപ്പെടുന്നതു്. ഇവയിലൂടെയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കാര്യ നിര്‍വ്വഹണ ശേഷിയോ സദുദ്ദേശങ്ങളോ അല്ല വെളിവാകുന്നതു്. പകരം, പിടിപ്പു് കേടും കെടുകാര്യസ്ഥതയും ബോധപൂര്‍വ്വമായ സ്ഥാപിത താല്പര്യ സംരക്ഷണത്വരയും ഒക്കെയാണു് വെളിവാക്കപ്പെടുന്നതു്.

കേന്ദ്ര സര്‍ക്കാര്‍ ഉടമയായുള്ള കമ്പനിയില്‍ ഈ സ്ഥിതി നിലനില്‍ക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനു് തന്നെയാണു്. മന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും മന്ത്രി സഭയുടേയും സര്‍ക്കാരിന്റേയും കെടുകാര്യസ്ഥതയാണു് ഇവിടെ വെളിപ്പെടുന്നതു്. ബി.എസ്.എന്‍.എല്‍ ന്റെ പക്കലുണ്ടായിരുന്ന 48,000 കോടി രൂപ വരുന്ന മിച്ചം പല പേരു് പറഞ്ഞു് കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുത്തതിന്റെ ഫലമായാണു് ഈ ഗതി സ്ഥാപനത്തിനുണ്ടായതു്. റിസര്‍വ്വു് ബാങ്കിന്റെ കരുതല്‍ ധനം കവര്‍ന്നെടുത്തതും ഫുഡ് കോര്‍പ്പറേഷനെ ദേശീയ സമ്പാദ്യ നിധിയില്‍ നിന്നു് കടമെടുക്കാന്‍ അനുവദിച്ചുകൊണ്ടു് അതിനു് അര്‍ഹതപ്പെട്ട ബഡ്ജറ്ററി സഹായം നിഷേധിച്ചതും അടക്കം വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടേയും സ്വയംഭരണ സ്ഥാപനങ്ങളുടേയും വിഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാലത്തു് കൈക്കലാക്കിയിട്ടുണ്ടു്. സ്പെക്ട്രവും കല്‍ക്കരിപ്പാടങ്ങളും‍ എണ്ണപ്പാടങ്ങളും‍ വിറ്റു് നേടിയ ലക്ഷോപലക്ഷം കോടികള്‍ വേറെ. ഇതെല്ലാം എവിടെ പോയി എന്ന കാര്യം പരിശോധിക്കുമ്പോള്‍, സ്വകാര്യ കുത്തകകളുടെ കടം എഴുതി തള്ളാന്‍ ബാങ്കുകളെ സഹായിച്ചതിന്റേയും അവര്‍ക്കു് അമിത ലാഭമുണ്ടാക്കാന്‍ അവരുടെ നികുതി ഇളവു് ചെയ്തതിന്റേയും അവയുടെ കെടുകാര്യസ്ഥതമൂലമുണ്ടായ തകര്‍ച്ചയില്‍ നിന്നു് രക്ഷിക്കാന്‍‍ ജാമ്യ പാക്കേജുകള്‍ നടപ്പാക്കിയതിന്റേയും കണക്കുകളാണു് കാണാന്‍ കഴിയുന്നതു്. സാധാരണക്കാരായ കൃഷിക്കാരേയോ തൊഴിലാളികളേയോ സ്വയം തൊഴില്‍ സംരംഭകരേയോ സഹായിച്ചതിന്റെ കണക്കുകള്‍ വളരെ അപ്രസക്തമാണു്.

ബി.എസ്.എന്‍.എല്‍ പൂട്ടാറായി എന്ന സന്ദേശം നല്‍കുന്ന ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതിനിടയില്‍ പുനരുജ്ജീവന പാക്കേജെന്ന പേരില്‍ ചില തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പഠിക്കാന്‍ ഏല്പിച്ച ഐ..എം അഹമ്മദാബാദ് അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതു് അഞ്ചു് വര്‍ഷം കൂടി തുടരാന്‍ ബി.എസ്.എന്‍.എല്‍ നെ അനുവദിക്കണമെന്നും അതിനു് ശേഷം യുക്തമായ തീരുമാനം എടുക്കാമെന്നുമാണു്. ഇവിടെ ഉദ്ദേശിക്കുന്ന യുക്തമായ തീരുമാനമെന്നാല്‍, പൂട്ടുകയോ ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്കു് കൈമാറുകയോ ചെയ്യുക എന്നതാണു്. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണു് ആ റിപ്പോര്‍ടു് മുന്നോട്ടു് വെയ്ക്കുന്നതു്. ആ റിപ്പോര്‍ടു് അംഗീകരിച്ചിരിക്കുന്നു എന്ന വിധം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും വന്നിരിക്കുന്നു. അതില്‍ ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പദ്ധതിയും തല്ക്കാലാശ്വാസത്തിനു് മൂലധന സമാഹരണത്തിനായി ഭൂമി വില്പനയും 4ജി സ്പെക്ട്രം അനുവദിക്കലും ഒക്കെയുണ്ടു്. ആസ്തി വില്പനയ്ക്കു് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരണം എന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ പഠനവും റിപ്പോര്‍ടും ഭാഗിക യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം ആധാരമാക്കിയുള്ളതാണെന്നു് വ്യക്തം. എല്ലാക്കാര്യങ്ങളും പഠിച്ചിരുന്നെങ്കില്‍ റിപ്പോര്‍ടു് മറ്റൊന്നാകുമായിരുന്നു. ബി.എസ്.എന്‍.എല്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സേവനങ്ങളുടെ വൈവിദ്ധ്യവല്കരണത്തിനുള്ള നിര്‍ദ്ദേശങ്ങളൊന്നും അവരുടെ പഠനത്തില്‍ കാണുന്നില്ല. തീരുമാനങ്ങളിലുമില്ല. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബി.എസ്.എന്‍.എല്‍ ലാഭകരമാക്കുക മാത്രമല്ല, സമ്പദ്ഘടനയുടെ പല രംഗങ്ങളിലേയും സാമ്പത്തിക പരാധീനതകളും സാങ്കേതിക പിന്നോക്കാവസ്ഥയും മറികടക്കാനാവും വിധം ബി.എസ്.എന്‍.എല്‍ നെ വളര്‍ത്താനാവുമെന്നതാണു് വസ്തുത. പ്രത്യേകിച്ചും ടെലികോം ഉപകരണങ്ങളും വ്യവസ്ഥകളും ഇറക്കുമതി ചെയ്യുന്നതും വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടതുമായ മേഖലകളില്‍ രാഷ്ട്രത്തിന്റെ വിഭവം പുറത്തേയ്ക്കൊഴുകുന്നതു് കുറയ്ക്കുന്നതിനുള്ള വമ്പിച്ച സാധ്യതകള്‍ നിലനില്കുന്നു. വിവര സാങ്കേതിക സ്വാംശീകരണത്തിന്റെ സാധ്യതകളും ഏറെയുണ്ടു്. അത്തരം കാര്യങ്ങളൊന്നും റിപ്പോര്‍ടിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളിലും‍ കാണാത്തതു് ആ വശം, ബോധപൂര്‍വ്വം തന്നെയെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു, പഠിക്കാത്തതു് കൊണ്ടാണു്.

സ്വകാര്യ കുത്തകകമ്പനികള്‍ നഷ്ടത്തിലേയ്ക്കു് കൂപ്പു് കുത്തുന്നതിനേക്കുറിച്ചു് മൌനം പാലിക്കുന്ന സര്‍ക്കാരും വിദഗ്ദ്ധരും ബി.എസ്.എന്‍.എല്‍ ന്റെ കാര്യം വന്നപ്പോള്‍ ജീവനക്കാരുടെ ശമ്പളച്ചെലവാണു് പ്രശ്നമായി പറയുന്നതു്. അതാണെങ്കില്‍, വാദത്തിനു് വേണ്ടി അതാണെന്നു് സമ്മതിച്ചാല്‍ തന്നെ, അതിനു് പരിഹാരം കാണേണ്ട ഉത്തരവാദിത്വം ഉടമ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനു് തന്നെയായിരുന്നു. അതു് എന്തു് കൊണ്ടു് നാളിതു് വരെ ചെയ്തില്ലെന്നതിനു് ഭരണാധികാരികള്‍ ഉത്തരം പറഞ്ഞേ തീരൂ.

എന്നാല്‍, അതല്ല പ്രശ്നം. ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും സമാന പൊതുമേഖലാ ജീവനക്കാരുടേയും ശമ്പള ഘടനയുമായി പൊരുത്തപ്പെടുന്നതു് തന്നെയാണു്. പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ മാനേജര്‍മാരുടേയും ജീവനക്കാരുടേയും ശമ്പള ഘടനയേക്കാളും ജനപ്രതിനിധികളുടെ പ്രതിഫലത്തേക്കാളും എത്രയോ താഴെയാണു് ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ ശമ്പള ഘടന. എന്തിനേറെ പറയുന്നു, കഴിഞ്ഞ പത്തു് വര്‍ഷത്തിലേറെയായി ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കു് ബോണസ് നിഷേധിക്കപ്പെട്ടിരിക്കുകയാണു്. കാരണമെന്തെന്നോ ? സ്ഥാപനം നഷ്ടത്തിലാണെന്നാണു് വാദം. ആരാണീ നഷ്ടത്തിനു് ഉത്തരവാദികള്‍ ? ജീവനക്കാരല്ല, അവരുടെ എണ്ണവുമല്ല. കാരണം, അവ കൈകാര്യ ചെയ്യേണ്ട ഉത്തരവാദിത്വം ഭരണാധികാരികളുടേതാണ്. ഈ പതനത്തിന്റെ ഉത്തരവാദിത്വം, ബി.എസ്.എന്‍.എല്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഭരണപരമായ നടപടികള്‍ എടുക്കാതിരുന്ന ഭരണാധികാരികള്‍ക്ക് തന്നെയാണു്.

സ്ഥാപനം നഷ്ടത്തിലാകുന്നതു് ചെലവു് കൂടുകയും വരവു് കുറയുകയും ചെയ്യുമ്പോഴാണെന്നതു് ഏതു് കച്ചവടക്കാരനും പറഞ്ഞു് തരും. ചെലവു് കുറച്ചും വരവു് കൂട്ടിയുമാണു് ലാഭം ഉണ്ടാക്കേണ്ടതു്. വരവു് കൂട്ടാനുള്ള സേവന വൈവിദ്ധ്യവല്കരണം ബി.എസ്.എന്‍.എല്‍ ആലോചിച്ചിട്ടേയില്ല. അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍‍ ബി.എസ്.എന്‍.എല്‍ മാനേജ്മെന്റു് തയ്യാറാകാതിരുന്നതാണു് കാരണമെങ്കില്‍ അവരെ നയിക്കാനും നിയന്ത്രിക്കാനും ശാസിക്കാനും നേര്‍വഴി നടത്താനും കേന്ദ്ര ഭരണാധികാരികള്‍ക്കു് കഴിയേണ്ടതായിരുന്നു. അതു് ചെയ്യാത്തതു് ഭരണത്തിലിരുന്നവരുടേയും ഇരിക്കുന്നവരുടേയും പിടിപ്പു് കേടാണു് വെളിവാക്കുന്നതു്. പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നതു്, ബി.എസ്.എന്‍.എല്‍ ന്റെ പ്രവര്‍ത്തന മിച്ചം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗം കാണുന്നില്ല എന്നു് വിവിധ ഉദ്യോഗതല കമ്മിറ്റികളും മന്ത്രിതല കമ്മിറ്റികളും വിലപിക്കുന്നതായാണു്.

ബി.എസ്.എന്‍.എല്‍ ന്റെ ആസ്തി പരിശോധിച്ചാല്‍ ലോകോത്തര വിവര സാങ്കേതിക ശൃംഖലയും ഇതര സംവിധാനങ്ങളും സ്ഥാപിച്ചു് നല്‍കിയും നടത്തിച്ചും വരുമാനം കൂട്ടാനുള്ള സാധ്യതകളേറെയുണ്ടെന്നു് കാണാം. വെറും മൊബൈല്‍ ഫോണും ടെലിഫോണ്‍ കണക്ഷനും ഡാറ്റാ കണക്ഷനും നല്‍കാന്‍ മാത്രമല്ല, അവ ഉതകുക. മറിച്ചു് ലോകമാകെ വിന്യസിക്കപ്പെട്ടിട്ടുള്ള ആഗോള വിവര വിനിമയ ശൃംഖലയുടെ കേന്ദ്രമായ കാലിഫോര്‍ണിയയിലേയും സിലിക്കണ്‍ വാലിയിലേയും സെര്‍വ്വര്‍ കേന്ദ്രങ്ങള്‍ക്കും വിവര സംഭരണികള്‍ക്കും സമാനം മാത്രമല്ല, അവയേക്കാള്‍ കാര്യക്ഷമമായ രീതിയില്‍ അവ നല്‍കാനുള്ള പശ്ചാത്തല സൌകര്യമാണു് ഓരോ ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചുകളിലുമുള്ളതു്. അവ, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യതയും (യുപിഎസ്) കണക്ടിവിറ്റിയുമാണു്. ഇന്ത്യയിലെ ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചുകളില്‍ സ്ഥാപിക്കപ്പെടുന്ന വിവര സംഭരണികളും സെര്‍വ്വറുകളും പരസ്പരം ബന്ധിപ്പിച്ചു് പ്രവര്‍ത്തിപ്പിച്ചാല്‍ ലോകത്തേതു് സമാന ശൃംഖലകളേക്കാളും ശേഷിയും കാര്യക്ഷമതയും നേടാനാവും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ക്ലൌഡ് സേവനങ്ങളും ഡാറ്റാ സെന്ററുകളും സ്ഥാപിച്ചു് നല്‍കുക എന്ന സേവന കമ്പോളം കോടാനുകോടി തുകയുടേതാണു്. അതെല്ലാം വിദേശ ബഹുരാഷ്ട്ര കുത്തകകളെ ഏല്പിച്ചിരിക്കുകയാണു്. സ്ഥലം വില്പന, ടവര്‍ ഷെയറിങ്ങ്, കെട്ടിടം വാടകയ്ക്കു് നല്‍കല്‍ തുടങ്ങിയവയുടെ പേരു് പറഞ്ഞു് ജീവനക്കാരുടെ സംഘടനകളുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന മാനേജ്മെന്റും അവരെ ശരിയായ ദിശയില്‍ പ്രവര്‍ത്തിപ്പിക്കാന്‍‍ കെല്പില്ലാത്ത കേന്ദ്ര ഭരണാധികാരികളുമാണു് ബി.എസ്.എന്‍.എല്‍ ന്റെ ഇന്നത്തെ പതനത്തിനു് കാരണം. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു് പകരം വിത്തെടുത്തു് കുത്തുകയാണവര്‍ ചെയ്യുന്നതു്. ആസ്തികളും അധികാരവും കയ്യടക്കി വെച്ചു്, അവരുണ്ടാക്കുന്ന നഷ്ടത്തിനു് ജീവനക്കാരെ കുറ്റം പറയുന്ന രാഷ്ട്രീയക്കരോടും ഉദ്യോഗസ്ഥരോടും ഒന്നേ പറയേണ്ടതുള്ളു. ഭരിക്കാനറിയില്ലെങ്കില്‍ ഇറങ്ങി പോകുക. പകരം ഇക്കാര്യം നടത്താനറിയുന്ന തൊഴിലാളികളുടെ കൂട്ടായ്മകളെ ഭരണം ഏല്പിക്കുക. അതു് പറയാന്‍ ബന്ധപ്പെട്ട തൊഴിലാളി സംഘടകള്‍ തയ്യാറായതായി കാണുന്നില്ല.

1984 മുതല്‍ നിയമന നിരോധനം അടിച്ചേല്പിച്ചതു് തൊഴിലാളികളെ കുറയ്ക്കാനും പകരം പുറം കരാറിലൂടെ പണി നടത്തിച്ചു് കൂലിച്ചെലവു് കുറയ്ക്കാനുമാണു്. ഇന്നു് 35 വര്‍ഷം കഴിഞ്ഞു് തിരിഞ്ഞു് നോക്കുമ്പോള്‍ ബോധ്യമാകുന്ന കാര്യം, നേരിട്ടു് നല്‍കിയിരുന്ന സേവനങ്ങള്‍ പുറം കരാറിലേയ്ക്കു് മാറ്റപ്പെട്ടതാണു് തകര്‍ച്ചയുടെ പ്രധാന കാരണമെന്നാണു്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വേറെ. ബി.എസ്.എന്‍.എല്‍ ന്റെ ഫൈബര്‍ കണക്ഷന്‍ കൊടുക്കാന്‍ ഏല്പിക്കപ്പെട്ട പുറം കരാറുകാരായ ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മറ്റു് കമ്പനികളുടെ കണക്ഷന്‍ നല്‍കാന്‍ വേണ്ടി ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ ബോധപൂര്‍വ്വം നല്‍കാതിരിക്കുകയാണു്. കേരളത്തിലെ ലോക്കല്‍‍ കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ കൈവിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണു് നൂറിലേറെ ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ നല്‍കിയിട്ടുള്ളതു്. പകരം അവരില്‍ ബഹുഭൂരിപക്ഷവും ബി.എസ്.എന്‍.എല്‍ ന്റെ ഏജന്‍സിയായി രജിസ്റ്റര്‍ ചെയ്യുകയും അതിലൂടെ മറ്റുള്ളവര്‍ ഏജന്‍സി എടുക്കുന്നതു് തടയുകയും കണക്ഷന്‍ കൊടുക്കാതിരിക്കുകയുമാണു് ചെയ്യുന്നതു്. ഇത്തരുണത്തിലാണു് ബി.എസ്.എന്‍.എല്‍ ന്റെ മാത്രം ഏജന്‍സികളെ പ്രോത്സാഹിപ്പിക്കാന്‍ മാനേജ്മെന്റു് ചില പദ്ധതികള്‍ കൊണ്ടു് വന്നിട്ടുള്ളതു്. അവ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ബന്ധുക്കള്‍ക്കും വിരമിച്ചവര്‍ക്കും ഏജന്‍സി എടുക്കാമെന്നതാണു്. ജീവനക്കാരേയും വിരമിച്ചവരേയും സമൂഹത്തിനു് മുമ്പില്‍ പരിഹാസ്യ പാത്രങ്ങളാക്കുന്ന ഒരു പരിഹാര നടപടിയാണതു്. അതും പ്രയോഗത്തിലെത്തുന്നില്ല. എങ്കിലും അതു് നിലവില്‍ ബി എസ് എന്‍ എല്‍ നിലനിര്‍ത്താനാവശ്യമായ ശരിയായ നടപടിയുടെ ഒരു രൂപം സൂചിപ്പിക്കുന്നുണ്ടു്. തൊഴിലാളികളുടെ കൂട്ടായ്മകളെ ബി എസ് എന്‍ എല്‍ ന്റെ നടത്തിപ്പു് ഏല്പിക്കുക എന്നതാണതു്.

മുകള്‍ തട്ടിലും താഴെ തട്ടിലും മത്സരം നിലനില്കുന്നു. ഈ രംഗത്തു് മത്സരം അനാവശ്യമാണു്. വിഭവം പാഴാക്കുന്നതിനാണു് മത്സരം കളമൊരുക്കുന്നതു്. യഥാര്‍ത്ഥത്തില്‍ സ്വകാര്യ മേഖലയും പൊതു മേഖലയും തമ്മില്‍ മത്സരം നിലനില്കുന്നില്ല. സ്വകാര്യ കുത്തകകള്‍ക്കു് പൊതു സമ്പത്തു് ചോര്‍ത്തി കൊടുത്താണു് മത്സരം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതു്. കോര്‍പ്പറേറ്റ് വായ്പ ആതാണു് കാണിക്കുന്നതു്. സ്വകാര്യ കുത്തകകള്‍ക്കു് എല്ലാ വിധ സ്വാതന്ത്ര്യങ്ങളും അനുവദിക്കുകയും സര്‍വ്വ മാനദണ്ഡങ്ങളും മറികടന്നു് വാരിക്കോരി വായ്പ നല്‍കുയും ചെയ്യുമ്പോമ്പോള്‍ ബി.എസ്.എന്‍.എല്‍ ന് ആവശ്യമായ നിക്ഷേപവും സേവനങ്ങളുടെ വൈവിധ്യവല്കരണവും അനുവദിക്കാതെയും അതിന്റെ കൈവശമുണ്ടായിരുന്ന 48,000 കോടി രൂപ വരുന്ന മിച്ചം, നാളത് വരെ വിലയില്ലാതിരുന്ന സ്പെക്ട്രത്തിനു് വിലയിട്ടും നികുതി കൂട്ടിയും ബി.എസ്.എന്‍.എല്‍ ന് കിട്ടേണ്ടിയിരുന്ന സേവന വരുമാന നിരക്കുകള്‍ കുറച്ചും ഉപകരണങ്ങള്‍ വാങ്ങാനുള്ള അനുവാദം നിഷേധിച്ചും മറ്റും ‍കൈകാലുകള്‍ കെട്ടിയിട്ടുമാണു് മത്സരത്തിനിറക്കി വിട്ടതു്. താഴെ തട്ടില്‍ ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെ നിയമനം 35 വര്‍ഷക്കാലമായി നടത്തിയിരുന്നില്ല. പകരം, പുറം കരാര്‍. അവരാകട്ടെ, ബി.എസ്.എന്‍.എല്‍ ന്റെ വരുമാനം ചോര്‍ത്തി സ്വകാര്യ കമ്പനികള്‍ക്കു് നല്‍കുകയും. മാനേജ്മെന്റ് ഇതിനെല്ലാം കൂട്ടും. ഇതാണു്, ബി.എസ്.എന്‍.എല്‍ ന്റെ ഇന്നത്തെ പതനത്തിനു് കാരണം.

ബി.എസ്.എന്‍.എല്‍ നെ രക്ഷപ്പെടുത്തണമെങ്കില്‍ അതിന്റെ ഗുണഭോക്താക്കളായ ജനങ്ങള്‍ തന്നെ രംഗത്തിറങ്ങേണ്ട സ്ഥിതിയാണുള്ളതു്. കാരണം, ജിയോ നിലനില്കുകയും ബി.എസ്.എന്‍.എല്‍ പൂട്ടപ്പെടുകയോ ജിയോയ്ക്കു് കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താല്‍ ജിയോയുടെ കുത്തക നിലനിലവില്‍ വരികയാണു് ചെയ്യുക. കമ്പോളത്തില്‍ അവരുടെ കൊള്ളയാണു് പിന്നീടു് നടക്കുക. ബി.എസ്.എന്‍.എല്‍ ന്റെ ആസ്തികളുടെ കമ്പോള വില പത്തു് ലക്ഷം കോടി രൂപ വരും. സഞ്ചിത നഷ്ടം വെറും പതിനയ്യായിരം കോടിയും. പക്ഷെ, ജിയോ ഒന്നര ലക്ഷം കോടി രൂപ ബാങ്കു് വായ്പ എടുത്താണു് ശൃംഖല കെട്ടിപ്പടുത്തിരിക്കുന്നതു്. ബി.എസ്.എന്‍.എല്‍ പൂട്ടാതെ ജിയോക്കു് ആ കടം വീട്ടാന്‍ കഴിയില്ല. റിലയന്‍സ് സാമ്രാജ്യം തകര്‍ച്ചയുടെ വക്കിലാണു്. വികസനമെന്ന പേരില്‍ അരാംകോ എന്ന സൌദി കമ്പനിക്കു് കാല്‍ പങ്കു് ഓഹരി വില്കുന്നതു് റിലയന്‍സ് സാമ്രാജ്യം കടം കൊണ്ടു് കുടി കെട്ടിയിട്ടാണു്. ഇവിടെ പ്രസക്തമായ ചോദ്യം ബി.എസ്.എന്‍.എല്‍ നിലനില്കണമോ ജിയോ നിലനില്കണമോ എന്നതാണു്. ജനങ്ങളുടെ താല്പര്യം ബി.എസ്.എന്‍.എല്‍ നിലനില്കുകയാണു്. കോര്‍പ്പറേറ്റുകളുടേയും ഭരണക്കാരുടേയും സ്ഥാപിത താല്പര്യം ജിയോ നിലനില്കുക എന്നതാണു്.

ഇപ്പോള്‍ ജിയോ ടെലിഫോണും ഇന്റര്‍നെറ്റും ഐപി ടിവിയും അടക്കം ത്രിവിധ സേവനങ്ങളുടെ പാക്കേജുമായി രംഗത്തെത്തിയതിനെ പലരും സ്വാഗതം ചെയ്തു് കാണുന്നു. എറണാകുളത്തു് 2001 ജനുവരി 26 നു് അന്നത്തെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ശ്രീ എ. കെ. സാക്സേനയടക്കം ഓഫീസര്‍മാരേയും ഈ മേഖലയിലെ മുഴുവന്‍ സംഘടനാ പ്രതിനിധികളേയും പങ്കെടുപ്പിച്ചു് കമ്പനിയാക്കി മാറ്റപ്പെട്ട ബി.എസ്.എന്‍.എല്‍ ന്റെ ഭാവി എങ്ങിനെ ഉറപ്പാക്കാമെന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ഇതടക്കം ഒട്ടേറെ വൈവിദ്ധവല്കരണ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു് വന്നിരുന്നു. സേവനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഐപി ടിവികൂടി കൊടുക്കുക എന്നതു് ബി.എസ്.എന്‍.എല്‍ നു് ബുദ്ധിമുട്ടുള്ള കാര്യമല്ല. ടെലിഫോണ്‍ ശൃംഖലയുടെ കാര്യക്ഷമതയെ ബാധിക്കാതെ തന്നെ, ജിയോ നല്‍കുന്നതിനേക്കാള്‍ മെച്ചപ്പെട്ട തരത്തില്‍, ഉപഭോക്താക്കള്‍ക്കു് ഐപി ടിവി കണക്ഷന്‍ നല്‍കാന്‍,‍ വിവിധങ്ങളായ പശ്ചാത്തല സൌകര്യങ്ങളുള്ള ബി.എസ്.എന്‍.എല്‍ നു് കഴിയും. എന്നാല്‍ അതും പുറം കരാര്‍ കൊടുത്തു് നടപ്പാക്കപ്പെടാതെ പോകുകയാണു് ചെയ്തതു്. ചുരുക്കത്തില്‍, ഓപ്ടിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കാനാകുന്നില്ല. പഴയ ചെമ്പുകമ്പി കേബിളുകള്‍ നന്നാക്കാനുള്ള സംവിധാനം തകരാറിലാക്കുകയും ചെയ്തു. ഇതാണു് ബി.എസ്.എന്‍.എല്‍ ന്റെ വരുമാനം ഇടിയാനുണ്ടായ പ്രധാന കാരണം.

മറ്റൊന്നു് 4G സേവനം നല്‍കുന്നതില്‍ ബി.എസ്.എന്‍.എല്‍ നു് മാനേജ്മെന്റ് വരുത്തിയതു് കുറ്റകരമായ അനാസ്ഥയാണു്. സ്പെക്ട്രം കിട്ടിയില്ലെന്നതും തന്നില്ലെന്നതുമാണു് കാരണം പറയുന്നതു്. അതില്‍, ബി.എസ്.എന്‍.എല്‍ നെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ വിവേചന നയമുണ്ടു്. പക്ഷെ, സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നിലവില്‍ ലഭ്യമായ സ്പെക്ട്രം ഉപയോഗിച്ചു് തന്നെ 4G സേവനം അത്യാവശ്യക്കാര്‍ക്കു് പരിമിതമായെങ്കിലും നല്‍കാന്‍ കഴിയുമായിരുന്നു. തെളിവു്, ഇടുക്കിയിലും തൃശൂരിലും ഇത്തരത്തില്‍ ഇപ്പോള്‍ 4G സേവനം നല്‍കുന്നതു് തന്നെ. മാത്രമല്ല, 2G യും 3G യും അടക്കം കാലഹരണപ്പെടുന്നില്ല. അവയ്ക്കു് അവയുടേതായ മേന്മകളും ഗുണങ്ങളുമുണ്ടു്. പലമേഖലകളിലും പ്രയോഗ സാധ്യതകളുണ്ടു്. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ് (IoT) പോലുള്ള ഭാവി സേവനങ്ങള്‍ക്കു് അവയും ഉപയോഗപ്പെടുത്താവുന്നതാണു്. ഇത്തരം പല കാര്യങ്ങളും പറയാനുണ്ടു്. അതായതു്, സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലും അതുപയോഗിച്ചു് സേവനങ്ങള്‍ വൈവിധ്യവല്കരിക്കുന്നതിലുമുള്ള മാനേജ്മെന്റിന്റെ വിഴ്ചകളും സ്വകാര്യ കുത്തകകളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടലുകളുമാണു് ബി.എസ്.എന്‍.എല്‍ ന്റെ ഇന്നത്തെ പതനത്തിനു് കാരണം.

മൊത്തത്തില്‍, വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യവും സാധ്യവുമായ വൈവിധ്യവല്കരണം നടപ്പാക്കാനുള്ള ആര്‍ജ്ജവം കാട്ടിയില്ല. ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും നടത്തിപ്പു് ചെലവു് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വെറും 500 കോടി രൂപയ്ക്കു് നടപ്പാക്കാമായിരുന്ന ഇആര്‍പി മാനേജ്മെന്റു് വ്യവസ്ഥ നാളിതു് വരെ മുഴുവനായി നടപ്പാക്കപ്പെടാതെ തന്നെ 6000 കോടി രൂപ ഒറ്റത്തവണ ചെലവും ഇന്നു് 1000 കോടിയോളം വരുന്ന വാര്‍ഷിക മെയിന്റനന്‍സ് ചെലവും നല്‍കുന്ന മാനേജ്മെന്റിനും സര്‍ക്കാരിനും നഷ്ടത്തിന്റെ ഉത്തരവാദിത്വം ജീവനക്കാരുടെ ശമ്പളത്തിന്റെ പേരു് പറഞ്ഞു്‍ കയ്യൊഴിയാനാവില്ല.

നിലവില്‍ പുനരുജ്ജീവന പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള രണ്ടു് തീരുമാനങ്ങള്‍ ബിഎസ്എന്‍എല്‍ നെ നാശത്തിലേയ്ക്കാണു് നയിക്കുക. അവയിലൊന്നു് സ്വയം പിരിഞ്ഞു് പോകുന്നവര്‍ക്കുള്ള പ്രോത്സാഹനമാണു്. അതു് ബിഎന്‍എന്‍എല്‍ ന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന സന്ദേശമാണു് നല്‍കുന്നതു്. കഴിവും പരിചയവും ആത്മാര്‍ത്ഥതയുമുള്ളവരും പണിയെടുക്കുന്നവരുമായ ജീവനക്കാര്‍ സ്വയം പിരിഞ്ഞു് പോകും. അതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇനിയുമേറെ അവതാളത്തിലാകും. രണ്ടാമത്തേതു്, ആസ്തി വില്പനയാണു്. ആസ്തികളുടെ മൂല്യവര്‍ദ്ധന നേടും വിധം ഉപയോഗിച്ചു് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്കു് പകരമാവില്ല, സ്ഥലവും കെട്ടിടവും വില്ക്കുന്നതും വാടകയ്ക്കു് കൊടുക്കുന്നതും. പുനരുജ്ജീവന പാക്കേജിലെ മറ്റുള്ള നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തവുമാണു്.

ഭരണാധികാരികള്‍ ഉന്നയിക്കുന്ന വാദങ്ങളും തട്ടിപ്പടച്ചുണ്ടാക്കുന്ന റിപ്പോര്‍ടുകളും അവയനുസരിച്ചെടുക്കുന്ന നടപടികളും ബിഎസ്എന്‍എല്‍ എന്ന സ്ഥാപനത്തെ തകര്‍ത്തു് കുത്തകകള്‍ക്കു് അതിന്റെ ആസ്തികളും കമ്പോളവും നിലവില്‍ അങ്ങേയറ്റത്തെ കമ്പോള പ്രതിസന്ധിയില്‍ ഉഴലുന്ന സ്വകാര്യ കുത്തകകള്‍ക്കു് അടിയറ വെയ്ക്കാനുള്ള ഉപാധികളായാണു് നടപ്പാക്കപ്പെടുന്നതു്. അടുത്ത അഞ്ചു് വര്‍ഷം കൊണ്ടു് ബിഎസ്എന്‍എല്‍ വില്പനയ്ക്കു് ഒരുങ്ങുക എന്ന ഐഐഎം റിപ്പോര്‍ടനുസരിച്ചാണു് ഇത്തരം നടപടികളെല്ലാം. ആ റിപ്പോര്‍ടാകട്ടെ, സര്‍ക്കാരും കോര്‍പ്പറേറ്റുകളും ചേര്‍ന്നു് തങ്ങളുടെ സ്ഥാപിത താല്പര്യത്തില്‍ ഉണ്ടാക്കപ്പെട്ടതാണു്.

ബി.എസ്.എന്‍.എല്‍ നിലനില്പിന്റെ മാര്‍ഗ്ഗം നിലവിലുള്ള സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കുകയും അനാവശ്യ ചെലവുകള്‍ കുറയ്ക്കുകയും സ്ഥലവും കെട്ടിടവും സ്വിച്ചും യുപിഎസും കേബിളുകളും ടവറുകളും അടക്കം മുഴുവന്‍ ആസ്തികളും ഫലപ്രദമായി ഉപയോഗിച്ചു് രാജ്യത്തിനാവശ്യമായ ടെലികോം-ഡാറ്റാ-വിവരവിനിമയ സേവനങ്ങളും പശ്ചാത്തല സൌകര്യങ്ങളും നല്‍കുകയും അതിലൂടെ മൂല്യ വര്‍ദ്ധന നേടുകയും ചെയ്യുക എന്നതാണു്. അതിനാവശ്യമായ വൈദഗ്ദ്ധ്യവും പശ്ചാത്തല സൌകര്യവും ബി.എസ്.എന്‍.എല്‍ ലിനുണ്ടു്. അതു് ഉപയോഗപ്പെടുത്താന്‍ തയ്യാറും ആത്മാര്‍ത്ഥതയുമുള്ള മാനേജ്മെന്റും ഭരണ സംവിധാനവും ഉണ്ടാവണം.

നിലവില്‍ സാങ്കേതിക വിദ്യ വളരെയേറെ ജനകീയമായിക്കഴിഞ്ഞിരിക്കുന്നു. രണ്ടു് പതിറ്റാണ്ടിനു് മുമ്പു് കാലഹരണപ്പെട്ട ടെലിഗ്രാഫ്, -മെയിലിനും എസ്.എം.എസിനും സാമൂഹ്യ മാധ്യമങ്ങള്‍ക്കും വഴിമാറിയതു് പോലെ ടെലിഫോണ്‍-ഡാറ്റാ-ടിവി ശൃംഖലയും ജനങ്ങള്‍ക്കു് നേരിട്ടു് നടത്താനാവും എന്ന സ്ഥിതി സംജാതമായിരിക്കുകയാണു്. ഉപകരണങ്ങള്‍ കമ്പോളത്തില്‍ കിട്ടും. ശൃംഖല പ്രാദേശികമായി സ്ഥാപിക്കുകയോ ബി.എസ്.എന്‍.എല്‍ ന്റേത് ഏറ്റെടുത്തു് ഉപയോഗിക്കുകയോ ചെയ്യാം. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ അവര്‍ തന്നെ നടത്തുമ്പോള്‍ സ്വകാര്യതയും രഹസ്യ സ്വഭാവവും നഷ്ടപ്പെടുന്നതിന്റെ പ്രശ്നം അപ്രസക്തമാണു്. മറിച്ചു്, സര്‍ക്കാരിനും വന്‍കിട സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ക്കാണു് വിവര സുരക്ഷയും സംരക്ഷിത ശൃംഖലയും ആവശ്യമായിട്ടുള്ളതു്. അതു് ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ബി.എസ്.എന്‍.എല്‍ നെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയുമാണു് ബുദ്ധി. പകരം, ജനങ്ങള്‍ക്കു് ആവശ്യമായ സേവനങ്ങള്‍ക്കു് വേണ്ടി ജനങ്ങളുടെ കൂട്ടായ്മകള്‍ക്കു് പ്രാദേശികമായോ സംസ്ഥാനാടിസ്ഥാനത്തിലോ ബി.എസ്.എന്‍.എല്‍ ആസ്തികള്‍ ഏറ്റെടുത്തോ അല്ലാതെയോ ശൃംഖല സ്ഥാപിച്ചു് സേവനം സ്വയം ലഭ്യമാക്കുന്നതിനേക്കുറിച്ചും നടത്തുന്നതിനേക്കുറിച്ചും ആലോചിക്കാവുന്നതാണു്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളാണു് ഇതിനു് മുന്‍കൈ എടുക്കേണ്ടതു്. ബി.എസ്.എന്‍.എല്‍ ആസ്തികളിന്മേല്‍ തങ്ങള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി അവര്‍ അവകാശ വാദം ഉന്നയിക്കണം. ഏറ്റെടുത്ത് നടത്താന്‍ തയ്യാറാകണം. വില്കാനോ കോര്‍പ്പറേറ്റുകള്‍ക്കു് അടിയറ വെയ്ക്കാനോ‍ അനുവദിച്ചു് കൂടാ.

ജോസഫ് തോമസ്,
മുന്‍ സര്‍ക്കിള്‍ സെക്രട്ടറി, ടെലിഗ്രാഫ് ക്ലാസ് ത്രീ യൂണിയന്‍, (എന്‍എഫ്‌പിടിഇ), കേരള
9447738369, thomasatps@gmail.com

No comments:

Blog Archive