അറിവു്, ചരിത്രപരമായി, സ്വതന്ത്രമായിരുന്നു. സമൂഹം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടതോടെയാണു്, അറിവിന്റെ കുത്തകവല്‍ക്കരണത്തിനും വളച്ചു കെട്ടലിനുമുള്ള ശ്രമം ആരംഭിച്ചതു്. അതോടൊപ്പം തന്നെ അറിവിന്റെ സ്വാതന്ത്ര്യത്തിനുള്ള, ജനകീയവല്‍ക്കരണത്തിനുള്ള സമരവും തുടങ്ങിയിരുന്നു. ജനാധിപത്യ വികാസത്തിനൊപ്പം അറിവിന്റെ ജനകീയവല്‍ക്കരണവും നടക്കുന്നു. എന്നാല്‍, ജനാധിപത്യം ആണയിടുന്ന ഇന്നത്തെ മുതലാളിത്ത സമൂഹത്തിലും ജനാധിപത്യം ആഴത്തില്‍ വേരോടാത്തതു കൊണ്ടു തന്നെ, അറിവിന്റെ വ്യാപനവും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കഴിഞ്ഞിട്ടില്ല. ആ പരിമിതിയോടെയെങ്കിലും പരമ്പരാഗത വിജ്ഞാനത്തിന്റെ സങ്കേതങ്ങള്‍ ഒട്ടേറെ വ്യാപിച്ചു് വരുന്നതും അതിലൂടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ പ്രാപ്തരാകുന്നതും ചൂഷക വര്‍ഗ്ഗങ്ങളെ ഒട്ടൊന്നുമല്ല അലട്ടിയതു്.
അപ്പോഴാണു് പുതിയ വിജ്ഞാന വിനിമയ സങ്കേതങ്ങള്‍ അവര്‍ക്കു് കൈവന്നതു്. മൂലധന ശേഷിയുടെ അടിസ്ഥാനത്തില്‍ തന്നെ പുതിയൊരു വിഭജനം സാദ്ധ്യമായി. ആവര്‍ത്തിച്ചുപയോഗിക്കുന്നതില്‍ പരമ്പരാഗത വിവര കൈകാര്യ രീതികളുടെ പരിമിതികള്‍ പുതിയ സങ്കേതങ്ങള്‍ കൊണ്ടു് മറികടക്കാനുമായി. വിവരം എളുപ്പത്തില്‍ ആവര്‍ത്തിച്ചെടുത്തുപയോഗിക്കാനുള്ള പുതിയ സങ്കേതങ്ങളുടെ കഴിവു് വിവര വിസ്ഫോടനത്തിനു് വഴി വെച്ചു. അതാകട്ടെ, പുതിയ സങ്കേതങ്ങളുടെ സ്വീകാര്യത കുത്തനെ ഉയര്‍ത്തി. പുതിയ വിഭജനം ഈ സങ്കേതങ്ങള്‍ ലഭ്യമാകുന്നവരും അവ ലഭ്യമായവരും അല്ലാത്തവരുമെന്ന നിലയിലായി. ചൂഷണ സാധ്യതയും വിഭജനവും നിലനിര്‍ത്താനുള്ള പരിശ്രമം പരമ്പരാഗത അറിവിന്റെ നിഷേധമെന്നപോലെ പുതിയ സങ്കേതങ്ങളുടെ സ്വകാര്യ ഉടമസ്ഥത എന്ന മാര്‍ഗ്ഗത്തിനു് വഴി വെച്ചു. ഇതേ കാലത്തു്, ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തില്‍ പുതിയ കമ്പോളങ്ങള്‍ക്കു് വേണ്ടിയുള്ള തിരച്ചില്‍ പുതിയ ചരക്കുകളിലേയ്ക്കും എത്തി. സേവനങ്ങള്‍ ചരക്കുകളാക്കപ്പെട്ടു. അവയില്‍ കുത്തകാവകാശം സ്ഥാപിക്കാന്‍ പുതിയ സ്വത്തുടമസ്ഥതാ നിയമങ്ങളാവശ്യമായി വന്നു. അതാണു്, ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലേയ്ക്കും സോഫ്റ്റ്‌വെയറിന്റെ അടക്കം കുത്തകവല്‍ക്കരണത്തിലേക്കും നയിച്ചതു്.
ഈ പുതിയ സങ്കേതങ്ങള്‍ മൂലധനശക്തികളാണു് വ്യാപകമായി ഉപയോഗിച്ചു് തുടങ്ങിയതു്. അവരതു് തൊഴിലും കൂലിയുമടക്കം ഉല്പാദനച്ചെലവു് കുറയ്ക്കാനാണു് ഉപയോഗപ്പെടുത്തിയതു്. സമഗ്രവും ചടുലവുമായ വിവര വിനിമയ ശൃംഖല മൂലധനത്തിന്റെ ചലനാത്മകത വര്‍ദ്ധിപ്പിച്ചു. പ്രാദേശികവും ദേശീയവുമായ കെട്ടുപാടുകളില്‍ നിന്ന് മൂലധനത്തെ അത് മോചിപ്പിച്ചു. നടത്തിപ്പ്, ഉല്‍പ്പാദനം, വിപണനം, അസംസ്കൃത വസ്തുക്കളുടേയും ഉല്‍പ്പന്നങ്ങളുടേയും നീക്കം എന്നിവയിലെല്ലാം ചടുലത കൈവരിച്ചും ചെലവ് കുറച്ചും വ്യവസായ ലാഭം ഉയര്‍ത്താന്‍ അത് കുത്തകകളെ സഹായിച്ചു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദന കേന്ദ്രവുമടക്കം സര്‍വ്വ പ്രവര്‍ത്തനങ്ങളും വിവര ശൃംഖലവഴി സമന്വയിപ്പിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റ്റോക്ക് കുറച്ച്, മൂലധന നിക്ഷേപം കുറച്ചും ക്ലാസിക്കല്‍ മുതലാളിത്തഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും, പലപ്പോഴും പുറം പണി നല്കിക്കൊണ്ടും, സ്ഥിരം തൊഴില്‍ ഒഴിവാക്കിയും, പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും, അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘാടന സാധ്യതയും സംഘടിത ശേഷിയും കുറച്ചും, കൂലി കുറച്ചും, തൊഴില്‍ സമയം കൂട്ടിയും, ലാഭം ഉയര്‍ത്താന്‍ മൂലധന ശക്തികളെ അത് പ്രാപ്തമാക്കി. തൊഴില്‍ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചും അല്ലാത്തവരുടെ എണ്ണം കൂട്ടിയും കൂലി കുറയ്ക്കാനും സഹായിക്കുന്നു. ബഹുഭൂരിപക്ഷത്തേയും കരാര്‍ തൊഴിലാളികളാക്കി അവരുടെ സംഘാടനശേഷി ക്ഷീണിപ്പിക്കാനും കഴിയുന്നു.
വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും ഈ പുതിയ വിവര സങ്കേതങ്ങള്‍ക്കു് പ്രയോഗ സാധ്യത ഉണ്ടു്. പക്ഷെ, ഈ രംഗം ആഗോള കുത്തകകളുടെ കൈപ്പിടിയിലാണിന്ന്. അവര്‍ക്ക് ലൈസന്‍സ് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടു മിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ മേഖലയിലേയ്ക്കും അവികസിത-വികസ്വര നാടുകളില്‍ നിന്ന് വികസിത നാടുകളിലേയ്ക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്റെ ഒരു മാര്‍ഗമായി ഇത് മാറി. സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണത്തിന്റെ ദൂഷ്യ ഫലങ്ങള്‍ എല്ലാ മേഖലകളിലും പ്രകടമാണ്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ്‌വെയറിനു് ഉപയോഗ സാദ്ധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണം, പക്ഷെ, നേരിട്ടു് ബാധിച്ചതു് അതു് നാളതു് വരെ കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളേയാണു്. തങ്ങളുടെ കണ്‍മുമ്പില്‍ തങ്ങളുപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ പിടിച്ചു പറിക്കപ്പെട്ടപ്പോള്‍ സാങ്കേതിക വൈദഗ്ദ്ധ്യത്തില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടെ പ്രതികരണം തീക്ഷ്ണമായതു് സ്വാഭാവികം. അവര്‍ സ്വകാര്യ സ്വത്തിന്റെ പുതിയ രൂപത്തിനെതിരെ പൊതു സ്വത്തിന്റെ പുതിയ രൂപം സൃഷ്ടിച്ചു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാമൂഹ്യ ഉടമസ്ഥതയിലുള്ളവയില്‍ നിന്നു് കവര്‍ന്നെടുക്കപ്പെടുന്നവയും ജയില്‍ സമാനമായ കോര്‍പ്പറേറ്റു് സ്ഥാപനങ്ങളിലെ കൂലിയ്ക്കെടുത്ത പരിമിതമായ തലച്ചോറുകള്‍ മെച്ചപ്പെടുത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്നവയോ ആണു് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍. ആഗോള വിവര വിനിമയ ശൃഖലയില്‍ കോര്‍ത്തിണക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ സ്വതന്ത്രമായ ചുറ്റുപാടില്‍ സ്വന്തം താല്പര്യത്തില്‍ സ്വന്തം ജീവിത മാര്‍ഗ്ഗത്തിനായി ഉണ്ടാക്കുന്നവയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. അവര്‍ അതിന്റെ ഉടമസ്ഥത സമൂഹത്തിനു് വിട്ടുകൊടുക്കുന്നു. ബൌദ്ധിക സ്വത്തവകാശമല്ല, തങ്ങളുടെ ബൌദ്ധിക സ്വത്താണു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരുടെ വരുമാന മാര്‍ഗ്ഗം.
സമൂഹത്തില്‍ നിന്നു് അവര്‍ വിജ്ഞാനം എടുക്കുന്നു. അതുപയോഗിച്ചു്, അതിനോടു് പുതിയ മൂല്യം കൂട്ടിച്ചേര്‍ത്തു് പുതിയവ ഉല്പാദിപ്പിക്കുന്നു. അവര്‍ ഉല്പാദിപ്പിച്ച പുതിയ സമ്പത്തു്, കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ മൂല്യം, അവര്‍ക്കു് വരുമാനം ഉറപ്പാക്കുന്നു. അവര്‍ പുതിയ ഉല്പന്നത്തിന്റെ നിര്‍മ്മാണ രീതി സമൂഹവുമായി പങ്കുവെയ്ക്കുന്നു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉടമകളെപ്പോലെ അവരതു് രഹസ്യമായി സൂക്ഷിച്ചു് സമൂഹത്തെ തുടര്‍ച്ചയായി കൊള്ളയടിക്കുന്നില്ല. അതുകൊണ്ടു് സമൂഹത്തിന്റെ സഹായം അവര്‍ക്കും കിട്ടുന്നു. കറവുകള്‍ ആദ്യം കാണുന്നതോ, ആദ്യം അറിയുന്നതോ, ആദ്യം കഴിയുന്നതോ ആയ ആള്‍ തന്നെ പരിഹരിക്കുന്നു. അങ്ങിനെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേഗത്തില്‍ മെച്ചപ്പെടുന്നു. വൈറസ് ബാധയില്ല. ഉയര്‍ന്ന വിവര സുരക്ഷ. തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചതായതില്‍, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ നാളുകള്‍ എണ്ണപ്പെട്ടതില്‍ അതിശയമില്ല. ഒരു പഠനമനുസരിച്ചു് ഇന്നത്തെ നിരക്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വര്‍ദ്ധിക്കുകയും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം കുറയുകയും ചെയ്താല്‍ ഈ വര്‍ഷം അവ ഒപ്പമെത്തുകയും 2017 ഓടെ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ രംഗം ഒഴിയുകയും ചെയ്യും.
സാമൂഹ്യോടമസ്ഥതയുടെ മേന്മ വെളിപ്പെടുത്തുന്ന മാതൃകയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ലിക് ലൈസന്‍സും (General Public Licence – GPL). ഈ പ്രസ്ഥാനത്തിനു് രൂപം കൊടുക്കുകയും അതിന്റെ നിയമാവലി രൂപപ്പെടുത്തുകയും ചെയ്തു എന്നതു് (1985) ശ്രീ റിച്ചാര്‍ഡ് എം സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും സമൂഹത്തിനു് നല്‍കിയ മഹത്തായ സംഭാവനയാണു്. യുണിക്സിനു് സമാനമായ ലിനക്സിന്റെ മൂല രൂപം സൃഷ്ടിച്ചുകൊണ്ടും (1991) അതു് സമൂഹത്തിനു് സമര്‍പ്പിച്ചുകൊണ്ടും ഫിന്‍ലണ്ടു് കാരനായ തൊഴിലാളിയുടെ മകന്‍ ലിനസ് ടോര്‍വാള്‍ഡ് ഈ പ്രസ്ഥാനത്തിന്റെ പ്രായോഗിക സാദ്ധ്യത തെളിയിച്ചു. വിജയം ഉറപ്പാക്കി. അറിവിന്റെ ഇതര മേഖലകളിലേയ്ക്കു് ഈ കാഴ്ചപ്പാടു് വ്യാപിച്ചു് വരുന്നു. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍ (Open Hardware), ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ്സ് (Open Standards), ഓപ്പണ്‍ അക്സസ് ജേര്‍ണല്‍സ് (Open Access Journals), ക്രീയേറ്റീവ് കോമണ്‍സു് (Creative Commons) തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു് വികാസത്തിന്റെ പല ഘട്ടങ്ങളിലാണിന്നുള്ളതു്.
പൊതു സ്വത്തായിരുന്ന ഭൂമി വളച്ചു് കെട്ടി സ്വകാര്യ സ്വത്താക്കിയതു് പോലെ, മധ്യകാല ഘട്ടത്തിലെ കൈത്തൊഴിലുകാരുടെ സ്വന്തമായിരുന്ന തൊഴിലുപകരണങ്ങള്‍ ഫാക്ടറി മുതലാളിമാര്‍ കയ്യടക്കിയതു് പോലെ, സോഫ്റ്റ്‌വെയര്‍ കയ്യടക്കാനുള്ള ആധുനിക സാമ്രാജ്യത്വ കുത്തകകളുടെ ശ്രമമാണു് ഇവിടെ പരാജയപ്പെടുത്തപ്പെട്ടതു്. ഈ തിരിച്ചടി മൂതലാളിത്ത കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നു കൂടിയാണു്. ലോക മുതലാളിത്ത സാമ്പത്തിക ക്രമം അതി ഗുരുതരമായ പ്രതിസന്ധി നേരിടുകയാണു്. ഒരു തകര്‍ച്ചയുടെ വക്കിലാണതു്. ഇതു് ഉല്പാദനോപാധികളുടെ സാമൂഹ്യോടമസ്ഥതയിലൂന്നിയുള്ള എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന സാമ്പത്തിക ക്രമം സാധ്യമാണെന്നും അതു് കൂടുതല്‍ കൂടുതല്‍ അടിയന്തിരവും അനിവാര്യവുമായിക്കൊണ്ടിരിക്കുന്നു എന്നും വെളിപ്പെടുത്തുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്ക് മാറിയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ചെറുകിട സംരംഭകരുടെ ബിസിനസ് സാധ്യതകളും വരുമാന സാധ്യതകളും വര്‍ദ്ധിക്കും. ഇന്ത്യന്‍ സേവന ദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോളകുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവര വിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മാനേജ് മെന്‍റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവ് മൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ്‌വെയറില്‍ യഥാര്‍ത്ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപകരിക്കും. ഇന്നവര്‍ പ്രൊപ്രൈറ്റി സോഫ്റ്റ്‌വെയറുകളുടെ ഉള്ളറകള്‍ കാണാതെ പുറംമോടിയും അവയുടെ ഉപയോഗ ക്രമവും മാത്രമാണ് പഠിക്കുന്നത്. മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്കാകട്ടെ, നിലവില്‍ സോഫ്റ്റ്‌വെയറിന്റെ ചെലവ് താങ്ങാനാവത്തത് മൂലം ബന്ധപ്പെട്ട മേഖലകളുടെ പഠനത്തിന് ആവശ്യമായവ ലഭിക്കാതെ പോകുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പോലും അവയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അലകള്‍ ഇന്ത്യയിലും ആഞ്ഞടിച്ചു. 1990 കളുടെ അവസാന പാദത്തില്‍ തന്നെ ചെറു ചെറു ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്തു് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും എറണാകുളത്തു് ജനകീയാസൂത്രണ പ്രോജക്ടുമായി ബന്ധപ്പെട്ടും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടന്നു. എറണാകുളത്തു് 2000 ജൂലൈ മാസത്തില്‍ ഒഎസ്എസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന പ്രൊഫഷണലുകളുടെ വ്യവസായ സഹകരണ സംഘം സ്ഥാപിതമായി. 2001 ല്‍ തിരുവനന്തപുരത്തു് റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചു് എഫ്എസ്എഫ് ഇന്ത്യ സ്ഥാപിതമായി. കേരള സര്‍വകലാശാലയില്‍ ആദ്യത്തെ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തിയത് സ്റ്റാള്‍മാന്‍ ആയിരുന്നു. ആന്ധ്രയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തെലുഗു പ്രാദേശികവല്‍ക്കരണ രംഗത്തു് സ്വേച്ഛ എന്ന സ്ഥാപനം നിലവില്‍ വന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് എന്ന കൂട്ടായ്മ കേരളത്തിലും നിലവില്‍ വന്നു. കര്‍ണ്ണാടകത്തില്‍ കര്‍ണ്ണാടക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് സ്ഥാപിതമായി. ബംഗാളിലും മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും രാജസ്ഥാനിലും മറ്റു് പല സംസ്ഥാനങ്ങളിലും കൂട്ടായ്മകള്‍ രൂപപ്പെട്ടു. ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ പ്രധാന പട്ടണങ്ങളിലെല്ലാം സജീവമായി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇത്തരത്തില്‍ വികേന്ദ്രീകൃതമായി മുന്നേറുക തന്നെയാണു്. അവയ്ക്കു് ഒരധികാര കേന്ദ്രത്തിന്റെ ആവശ്യമില്ല. പരസ്പര ബന്ധം ഇന്റര്‍നെറ്റിലൂടെ നിലനില്‍ക്കുന്നുണ്ടു്. പല ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും വിവിധ ചെറു ഗ്രൂപ്പുകളുടെ വിപുലമായ കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ടു്.
പക്ഷെ, ഇവ ഏറെയും പ്രാദേശിക ചെറുകൂട്ടായ്മകളായോ സൈബര്‍ രംഗത്തു് മാത്രമായോ ഒതുങ്ങുകയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക സാദ്ധ്യതകള്‍ അതുപയോഗിച്ചു തുടങ്ങാത്ത വലിയൊരു ജനവിഭാഗത്തിലേയ്ക്കെത്തിക്കാന്‍ ആവശ്യമായത്ര ഇടപെടല്‍ ശേഷി അവയ്ക്കില്ല. ഇന്നും നമ്മുടെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകിലാണു്. കേരളം മാത്രമാണു് ഐടി@സ്കൂള്‍, വൈദ്യുതി വകുപ്പിലെ ഒരുമ, സ്പേസിന്റെ ഇന്‍സൈറ്റു്, മലയാളം കമ്പ്യൂട്ടിങ്ങു്, സിഡിറ്റിന്റെ മലയാളം പ്രോജക്ടുകള്‍, കാറ്റ്ഫോസ് തുടങ്ങിയവയിലൂടെ മുന്നേറ്റം കുറിച്ചിട്ടുള്ളതു്. ഐടി@സ്കൂള്‍ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് മാറ്റപ്പെട്ടതു് സ്കൂള്‍ അദ്ധ്യാപകരുടെ സമര സംഘടനയായ കെ. എസ്. ടി. എ നടത്തിയ സമരത്തിന്റെ ഫലമായാണു്. വൈദ്യുതി വകുപ്പില്‍ തൊഴിലാളി സംഘടനകളുടെ മുന്‍കൈയിലാണു് ഒരുമ രൂപപ്പെട്ടതു്. പ്രാദേശിക പദ്ധതികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ കുത്തക പ്രീണനത്തിന്റെ ഭാഗമായ ഭിഷണി നിലനില്‍ക്കുകയാണു്. അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകള്‍ക്കു് മാത്രമല്ല, ഐകെഎം അടക്കമുള്ളവയ്ക്കും ബാധകമാണു്. JNURM തുടങ്ങിയ കേന്ദ്ര പദ്ധതികളിലൂടെ കോര്‍പ്പറേഷനുകളുടെ ഇ-ഭരണ പദ്ധതികള്‍, പ്രൊപ്രൈറ്ററി പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും സേവനങ്ങളുടെ രഹസ്യം സൂക്ഷിച്ചു് കുത്ത ലാഭം എടുക്കുകയും ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളിലേയ്ക്കു് കൈമാറപ്പെടുകയാണു്. പ്രാദേശിക ശാക്തീകരണം ഉറപ്പാക്കാന്‍ ഐകെഎം അടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് മാറുകയും കേന്ദ്ര ഏജന്‍സികളുടെ കുത്തകാനുകൂല പദ്ധതികള്‍ക്കു് ജനകീയ-പ്രാദേശിക ബദലുകള്‍ ഉയര്‍ത്തപ്പെടുകയുമാണു് വേണ്ടതു്. അതിനാകട്ടെ, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയുകയുമുള്ളു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്നതു് പ്രാദേശിക-ദേശീയ ശാക്തീകരണത്തിനുള്ള അവസരമാണു്. അതുപയോഗപ്പെടുത്താതെ പോയാല്‍ കുത്തകകളുടെ പിടി മുറുകും. ആഗോളമായി ഇന്നു് ഗൂഗിളും ആമസോണും മറ്റും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടു്. പക്ഷെ, അവ ആഗോള കുത്തകകള്‍ തന്നെയാണു്. കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ വിവരാവശ്യങ്ങള്‍ നിറവേറ്റാന്‍ മൈക്രോസോഫ്റ്റുമായി അപലപനീയമായ കരാറിലേര്‍പ്പെട്ട നോവലിനേക്കാള്‍ അപകടകരമായ പാതയിലാണവര്‍ മുന്നേറുന്നതു്. അവ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ ഹാര്‍ഡ് വെയറും നെറ്റ്‌വര്‍ക്കും മറ്റിതര പശ്ചാത്തല സൌകര്യങ്ങളോടുമടക്കം സോഫ്റ്റ്‌വെയറും കൂടി ചേര്‍ത്തു് സേവനം നല്‍കുന്ന മാതൃകകള്‍ സൃഷ്ടിക്കുകയാണു്. ക്ലൌഡ് കമ്പ്യൂട്ടിങ്ങു് എന്ന ഓമനപ്പേരിലാണതറിയപ്പെടുന്നതു്. സോഫ്റ്റ്‌വെയര്‍ ഒരു സേവനമായി (SaaS), പ്ലാറ്റ്ഫോം ഒരു സേവനമായി (PaaS), പശ്ചാത്തലം ഒരു സേവനമായി (IaaS) എന്നൊക്കെയാണവ അറിയപ്പെടുന്നതു്. ഇവ നിലവിലുള്ള സൌകര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുകയാണു് എന്നാണു് പറയുന്നതു്. സഹകരണത്തിന്റെ ഉദാത്ത മാതൃകകളായി അവ വിശേഷിപ്പിക്കപ്പെടുന്നു. ചെലവു് കുറയ്ക്കാനാണീ സഹകരണവും പങ്കുവെയ്പും. ചരക്കുകളുടെ കുറഞ്ഞ വില എക്കാലത്തും ആധിപത്യത്തിന്റെ ഉപകരണമായിരുന്നു. ഇവിടെ ഈ സേവനങ്ങളുടെ കുറഞ്ഞ ചെലവു് കമ്പോളം പിടിച്ചെടുക്കാന്‍ ഉപകരിക്കും. പക്ഷെ, ഫലം സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം പോലും അപ്രസക്തമാക്കപ്പെടുന്നു എന്നതാണു്. ഇതാണു്, ഇന്നു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനവും അതു കൊണ്ടു് തന്നെ പൊതു സമൂഹവും നേരിടുന്ന കുത്തകവല്കരണ ഭീഷണി.
ഈ ഭീഷണി മറികടക്കാന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കാണിച്ചു തന്ന മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം. എന്നാല്‍, അതു് ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ചെറു ഗ്രൂപ്പുകള്‍ക്കോ മാത്രമായി ചെയ്യാവുന്നതല്ല. പൊതു സമൂഹത്തിന്റെ ഇടപെടലുകള്‍ തന്നെ ആവശ്യമാണു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെന്ന പോലെ സ്വകാര്യ 'ക്ലൌഡുകള്‍ക്കു്' പകരം പൊതു 'ക്ലൌഡുകള്‍' (സാമൂഹ്യ ഉടമസ്ഥതയിലുള്ളവ) നിലവില്‍ വരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇക്കാര്യത്തില്‍ വലിയൊരു പങ്കു് വഹിക്കാന്‍ കഴിയും. അതു് ജനാധിപത്യ വികാസത്തിനു്, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനു്, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനു്, പൊതു സമൂഹത്തിന്റെ ക്രമാനുഗതവും ചടുലവുമായ പുരോഗതിക്കു് വഴിയൊരുക്കും.
ഇതാണു്, കേരളത്തില്‍ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും (Democratic Alliance for Knowledge Freedom) അതടക്കം ചേര്‍ന്നു് രൂപം നല്‍കിയ അഖിലേന്ത്യാ വേദിയായ ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും (Free Software Movement of India) മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു്. ഇവ രണ്ടും കൂട്ടായ്മകളുടെ കൂട്ടായ്മകളാണു്. ഈ വലിയ കൂട്ടായ്മയില്‍ ചേരുന്ന ചെറു കൂട്ടായ്മകള്‍ക്കു് അവയുടെ തനതു് വ്യക്തിത്വം നിലനിര്‍ത്താമെന്നതാണു് വസ്തുത. യാതൊരു വിധ മേധാവിത്വവും കേന്ദ്ര സംഘടന ചെലുത്തുന്നില്ല. വളരെ കൃത്യമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണു് കൂട്ടായ്മയുടെ ലക്ഷ്യം. അവ മറ്റൊരു ജനകീയ കൂട്ടായ്മക്കും എതിരല്ല. സജീവമായ മറ്റൊരു ജനകീയ കൂട്ടായ്മയേയും അതു് അപ്രസക്തമാക്കില്ല. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം വിജ്ഞാന സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങള്‍ക്കായി ആരുമായും കൂട്ടായ പ്രവര്‍ത്തനത്തിനു് DAKF ഉം FSMI യും എപ്പോഴും തയ്യാറായിരിക്കും.
ജോസഫ് തോമസ്, പ്രസിഡണ്ടു്, FSMI.
25-03-2010
Thursday, June 10, 2010
ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം - സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വേണ്ടിയുള്ള സമര-ഐക്യ വേദി
Subscribe to:
Post Comments (Atom)
Blog Archive
-
▼
2010
(22)
-
▼
June
(9)
- വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും ...
- FSMI Note on Draft Policy on Open Standards for e-...
- Press Note National Conference on Free Software 2010
- Free Software Movement of India, Tasks & Challeng...
- Free Software, FSMI & DAKF - Social relevance
- ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്...
- Formation of Free Software Movement of India – ful...
- ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം - സോ...
- Free Software Movement of India Instituted.
-
▼
June
(9)
No comments:
Post a Comment