Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, June 10, 2010

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ രൂപീകരണം - തികച്ചും ജനാധിപത്യപരമായ നടപടി

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പിളര്‍ത്തിക്കൊണ്ടാണു് ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ (Free Software Movement of India - FSMI)) രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്നു് വളരെ വ്യാപകമായ ദുഷ്‌പ്രചരണം നടക്കുന്നതിനാലാണു് ഇത്തരം ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നതു്. ബാംഗ്ലൂരില്‍ മാര്‍ച്ചു് 20-21 തിയതികളില്‍ ചേര്‍ന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടേയും പ്രവര്‍ത്തകരുടേയും ഉപയോക്താക്കളുടേയും സമ്മേളന വേദിയില്‍ വെച്ചാണു് FSMI രൂപീകരിക്കപ്പെട്ടതു്. ബാംഗ്ലൂരില്‍ നടന്ന FSMI യുടെ രൂപീകരണം തികച്ചും ആസൂത്രിതമോ തികച്ചും യാദൃച്ഛികമോ അല്ല. കഴിഞ്ഞ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ഫലപ്രദമാക്കാമെന്ന കൂട്ടായ ചിന്തയുടെ ഉല്പന്നം തന്നെയാണതു്. എന്നാല്‍, സംഘടന എന്നു്, എങ്ങിനെ, രൂപം എന്തു് എന്നുള്ളതിനെക്കുറിച്ചൊന്നും വ്യക്തമായ ധാരണ സമ്മേളന വേദിയിലെത്തുന്നതു് വരെ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. അവിടെ നടന്ന കൂട്ടായ ചര്‍ച്ചകളുടെ ഫലമായാണതു് ഉരുത്തിരിഞ്ഞതു്. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ സംഘടനയുടെ നിയമാവലി തയ്യാറാക്കാനും ചാര്‍ട്ടര്‍ തയ്യാറാക്കുന്നതിനും സഹായിക്കുന്ന വിധത്തില്‍ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിര്‍വചിക്കുന്ന ഒരു സമ്മേളനം അംഗീകരിക്കുക മാത്രമാണുണ്ടായതു്.

നാലു് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന അനൌപചാരിക ബന്ധമാണു് സംഘടനയുടെ രൂപീകരണത്തിനു് വഴിയൊരുക്കിയതു്. ആന്ധ്രപ്രദേശിലെ സ്വേച്ഛ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തെലുഗു പ്രാദേശികവല്‍ക്കരണത്തിനു് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന മുന്‍കൈയെടുത്തു് 2007 ല്‍ ഹൈദരാബാദില്‍ ഒരു സമ്മേളനം ചേര്‍ന്നു. അതിലേയ്ക്കു്, മറ്റു് സംസ്ഥാനങ്ങളില്‍ നിന്നും അവരുടെ അറിവില്‍ പെട്ട സംഘടനകളേയും വ്യക്തികളേയും ക്ഷണിച്ചിരുന്നു. കേരളത്തില്‍ നിന്നു് ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍, വസുന്ധര, അന്‍വര്‍ സാദത്തു്, അരുണ്‍ എം, ജോസഫ് മാത്യു തുടങ്ങിയവര്‍ അതില്‍ പങ്കെടുത്തു. പലര്‍ക്കും പലകാരണങ്ങള്‍ കൊണ്ടും പോകാന്‍ കഴിഞ്ഞില്ല. എഴുന്നൂറിലധികം ആളുകള്‍ അതില്‍ പല പരിപാടികളിലായി പങ്കാളികളായി. തുടര്‍ന്നു്, സ്വേച്ഛ തന്നെയാണു് അടുത്തൊരു സമ്മേളനം കേരളത്തില്‍ ചേരുന്നതിനെക്കുറിച്ചു് നിര്‍ദ്ദേശം മുന്നോട്ടു് വെച്ചതു്. 2008 ലാണതു്. ഡിസംബറില്‍ തിരുവനന്തപുരത്തു് FSFI യും കേരള സ്റ്റേറ്റു് IT Mission ഉം ചേര്‍ന്നു് സാര്‍വ്വ ദേശീയ സമ്മേളനം പ്രഖ്യാപിച്ച ശേഷമായിരുന്നു അതു്. അതിനാല്‍, സമ്മേളന സ്ഥലം കൊച്ചിയായി നിശ്ചയിക്കപ്പെട്ടു. അതേറ്റെടുത്തു് നടത്താന്‍ കൊച്ചി സാങ്കേതിക സര്‍വ്വകലാശാലയും ഐടി@സ്കൂള്‍ പ്രോജക്ടും അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും (ATPS) ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ സോല്യൂഷന്‍സ് വ്യവസായ സഹകരണ സംഘവും (OSS ICS Ltd No. S. IND E. 245) തയ്യാറായി. സമ്മേളനം വന്‍ വിജയമായി. 1514 ആളുകളുടെ പങ്കാളിത്തമുണ്ടായി. എറണാകുളം ജില്ലയില്‍ നിന്നു് 889 പേരും കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു് 379 പേരും മറ്റു് 9 സംസ്ഥാനങ്ങളില്‍ നിന്നു് 208 പേരും പങ്കെടുത്തു. അവരില്‍ 336 പേര്‍ ഐടി മേഖലയില്‍ നിന്നും 549 വിദ്യാര്‍ത്ഥികളും 108 പേര്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും 142 അദ്ധ്യാപകരും 126 കുസാറ്റു് ഫാക്കല്‍റ്റിയും 55 പേര്‍ ഐടി@സ്കൂള്‍ പ്രോജക്ടില്‍ നിന്നും 78 പേര്‍ പൊതുമമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 75 പേര്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും 45 ഇതര മേഖലകളില്‍ നിന്നും ഉള്ളവരായിരുന്നു. വിഷയം അവതരിപ്പിക്കാന്‍ ക്ഷണിതാക്കളായെത്തിയ മറ്റു് സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 പേരടക്കം 120 വിദഗ്ദ്ധരും വിവിധ ചര്‍ച്ചാ വേദികളും ശില്പശാലകളും കൈകാര്യം ചെയ്ത 66 കുസാറ്റു് അദ്ധ്യാപകരും 300 വൊളണ്ടിയര്‍മാരും സമ്മേളന നടത്തിപ്പില്‍ പങ്കാളികളായി. എക്സിബിഷന്‍ കണ്ടു പോയ സ്കൂള്‍ കോളേജു് വിദ്യാര്‍ത്ഥികളും ജനങ്ങളും മേല്‍ കൊടുത്ത കണക്കുകളില്‍ പെടുന്നില്ല.

ഇങ്ങിനെ നോക്കിയാല്‍, ബാംഗ്ലൂരില്‍ ചേര്‍ന്നതു് മൂന്നാം സമ്മേളനമാണു്. അവിടെ കൂടുതല്‍ പങ്കാളിത്തമുണ്ടായി. 1800 ഓളം. അതില്‍ കൂടുതലും ബാംഗ്ലൂരിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളായിരുന്നു, 1000. ഇതര 11 സംസ്ഥാനങ്ങളില്‍ നിന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹനവുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിക്കുന്ന 16 സംഘടനകളില്‍ നിന്നായി 286 പേര്‍ പങ്കെടുത്തു. ഈ സമ്മേളനങ്ങളുടെ വൈപുല്യവും പങ്കാളിത്തവും ജനങ്ങളിലേയ്ക്കു് അതു് എത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യമെന്ന ശക്തമായ ആശയവും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉടമകളെ മാത്രമല്ല, എല്ലാ സ്ഥാപിത താല്പര്യങ്ങളേയും ഭയവിഹ്വലരാക്കിയതിന്റെ ലക്ഷണമാണു് ഈ പുതിയ കൂട്ടായ്മക്കും അതിന്റെ ജനറല്‍ സെക്രട്ടറിക്കുമെതിരെ പച്ചക്കള്ളം വരെ പ്രചരിപ്പിക്കാന്‍ ചില പത്ര മാധ്യമങ്ങള്‍ തയ്യാറായി എന്നതു്. പക്ഷെ, ഇതിനു് അരു നില്‍ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചിലരെങ്കിലും തയ്യാറായി എന്നതു് കൌതുകകരമാണു്. എന്താണവരുടെ ഉദ്ദേശ-ലക്ഷ്യങ്ങളെന്നു് വെളിവാക്കപ്പെടാനിരിക്കുന്നതേയുള്ളു. അവര്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തോടാണു് പ്രതിബദ്ധതയെങ്കില്‍ അങ്ങിനെ ചെയ്യുമായിരുന്നില്ല. കാരണം, മറ്റെന്തെല്ലാം കുറവുകളുണ്ടെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുകയും അതിനായി കൂടുതല്‍ ആളുകളെ കൂട്ടുകയുമാണു് ഈ സമ്മേളനങ്ങളും പുതിയ അഖിലേന്ത്യാ കൂട്ടായ്മയും ചെയ്തതു്. അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തോടു് കൂറുള്ളവരെ സന്തോഷിപ്പിക്കുക മാത്രമേയുള്ളു.

ഈ പുതിയ കൂട്ടായ്മ 'നോവല്‍' എന്ന കമ്പനിയുമായി സഹകരിച്ചാണു്, അവരുടെ സാമ്പത്തിക സഹായം സ്വീകരിച്ചാണു് സമ്മേളനങ്ങള്‍ നടത്തിയതെന്നതു് മാത്രമാണു് ഒരു പരിധിവരെയെങ്കിലും ന്യായീകരിക്കാവുന്ന ഒരേ ഒരു ആരോപണം. നോവല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘടനകള്‍ക്കിടയില്‍ കരിങ്കാലി എന്നറിയപ്പെടുന്ന സ്ഥാപനമാണു്. അവര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കു് വേണ്ട സേവനങ്ങള്‍ നല്‍കാനായി, മൈക്രോസോഫ്റ്റുമായി സഹകരണ കരാറുണ്ടാക്കി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങള്‍ക്കു് അവമതിപ്പുണ്ടാക്കി. മൈക്രോസോഫ്റ്റുമായുള്ള 'നോവലി'ന്റെ കരാറിനെ FSMI അണിനിരന്നിട്ടുള്ള സംഘടനകളും അംഗീകരിക്കുന്നില്ല. അപലപിക്കുകയുമാണു് ചെയ്യുന്നതു്. പക്ഷെ, അവര്‍ ഇന്നും ഒട്ടേറെ സേവനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് നല്‍കുന്നുണ്ടെന്നതു് കാണാതെ പോയിക്കൂടാ. കുസാറ്റു് സമ്മേളന സമയത്തു്, അത്യാവശ്യ ചെലവു് നിര്‍വഹിക്കാന്‍ പോലും പണം തികയാതെ വന്നപ്പോള്‍ സമ്മേളനത്തിന്റെ നാലു് ദിവസം മുമ്പു് മാത്രമാണു് നോവല്‍ എന്ന കമ്പനിയില്‍ നിന്നു് സ്പോണ്‍സര്‍ഷിപ്പു് ലഭ്യമാക്കാമെന്നു് സംഘാടക സമിതിയുമായി ബന്ധപ്പെട്ട ചിലര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിനായി ശ്രമിച്ചു തുടങ്ങിയതു്. സമ്മേളന തലേന്നു് മാത്രമാണു് സ്പോണ്‍സര്‍ഷിപ്പു് ഉറപ്പായതു്. അന്നു് തന്നെ പണം കിട്ടുകയും ചെയ്തു. ഈ പണത്തിനു് പിറകില്‍ സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി കമ്പനിയുടെ പരസ്യങ്ങളല്ലാതെ യാതൊരു ചരടുകളുമില്ല. അവര്‍ക്കു് പരസ്യം നല്‍കുന്നതേ ശരിയല്ല എന്നതാണു് മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളെടുക്കുന്ന നിലപാടു്. അതു് പക്ഷെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കവശ്യം ആവശ്യമായ പരമാവധി ശക്തി സമാഹരിക്കുക എന്ന ദൌത്യം പരാജയപ്പെടുത്തുകയാണു്. ഇതു് ആരെയാണു് സഹായിക്കുക എന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകള്‍ കാണേണ്ടതുണ്ടു്. FSF നു് നോവലിന്റെ സംഭാവനകള്‍ ലഭിക്കാറുണ്ടു്. ബാംഗ്ലൂര്‍ സമ്മേളനത്തിനു് നോവലിന്റെ സ്പോണ്‍സര്‍ഷിപ്പു് സ്വീകരിച്ചതു് ശ്രീ റിച്ചാര്‍ഡു് മാത്യൂ സ്റ്റാള്‍മാന്‍ അടക്കം അറിഞ്ഞുകൊണ്ടു് തന്നെയാണു്. ഇക്കാര്യത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ FSMI ഒറ്റുകൊടുത്തു എന്നും മറ്റും പറയുന്നതു് കടന്ന കൈയ്യാണു്.

പുതിയ സംഘടനക്കെതിരെ ഉയര്‍ന്നിരിക്കുന്ന മറ്റൊരു വിമര്‍ശനം അതു് സി.പി.ഐ. എം. മുന്‍കൈയെടുത്തു് സ്ഥാപിച്ചതാണു് എന്നതാണു്. സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും ഇതിലും ഇതിന്റെ പല ഘടക സംഘടനകളിലും സജീവമാണെന്നതു് യാഥാര്‍ത്ഥ്യമാണു്. അവരുടെ പിന്തുണ ഈ സംഘടനയ്ക്കു് ആവശ്യവുമാണു്. അവരെ തള്ളിപ്പറഞ്ഞു് സംഘടനയുടെ ശക്തി ചോര്‍ത്തുക എന്നതു് അനാവശ്യമായതിനാല്‍ അതിനു് FSMI മുതിരേണ്ടതില്ലല്ലോ. മറ്റു് മിക്ക രാഷ്ട്രീയ പാര്‍ടികളില്‍ വിശ്യസിക്കുന്നവരും ഈ സംഘടനയില്‍ പങ്കാളികളാണു്. മറ്റെല്ലാ രാഷ്ട്രീയ പാര്‍ടികളുടേയും പിന്തുണ ഈ സംഘടനയ്ക്കു് ആവശ്യമുണ്ടു്. FSMI എല്ലാവരുടേയും പിന്തുണയും സഹായവും സഹകരണവും പങ്കാളിത്തവും ആവശ്യപ്പെടുന്നുമുണ്ടു്. രാഷ്ട്രീയ പാര്‍ടികള്‍ മാത്രമല്ല, എല്ലാ മേഖലകളിലേയും കൂട്ടായ്മകളുടെ പിന്തുണയും സഹായവും സഹകരണവും പങ്കാളിത്തവും FSMI അഭ്യര്‍ത്ഥിക്കുന്നു. അവരെയൊക്കെ FSMI സമീപിക്കുകയും ചെയ്യും.

മറ്റൊരു വിമര്‍ശനം പുതിയ സംഘടനയുടെ രൂപീകരണം നിലവിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പിളര്‍ത്തുന്നു എന്നതാണു്. ഈയൊരു വിമര്‍ശനത്തില്‍ തെല്ലും കഴമ്പില്ല. കാരണം, ഏതൊരു സംഘടനയും അതില്‍ അണിനിരക്കുന്നവരുടെ കൂട്ടായ്മയും ചേരാത്തവര്‍ക്കു് അന്യവുമായിത്തന്നെയാണു് നിലവില്‍ വരുന്നതു്. അന്യമാണെന്നതു് കൊണ്ടു് അവര്‍ക്കു് എതിരാവണമെന്നില്ല. പലപ്പോഴും സഹായകരമാവുകയും ചെയ്യും. സഹായകരമോ എതിരോ എന്നതു് സംഘടന മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടും ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുമാണു് നിര്‍ണ്ണയിക്കുന്നതു്. അതു് മാത്രമേ ഇവിടെയും സംഭവിച്ചിട്ടുള്ളു. FSMI സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനത്തിനായി നിലകൊള്ളുന്നു എന്നതു് അര്‍ത്ഥ ശങ്കക്കിടമില്ലാതെ പ്രഖ്യാപിച്ചിട്ടുമുണ്ടു്. മാത്രമല്ല, FSMI യില്‍ ചേര്‍ന്ന സംഘടനകള്‍ പോലും അവയുടെ തനതു് വ്യക്തിത്വം നഷ്ടപ്പെടുത്തുന്നില്ല. മറിച്ചു്, സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനവും വിവര വിടവു് നികത്തലും എന്ന പൊതു ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനത്തിനു് മാത്രമാണു് ഈ കൂട്ടായ്മയില്‍ ചേര്‍ന്നിരിക്കുന്നതു്. അപ്പോള്‍ പിന്നെ, മറ്റു് സംഘടനകള്‍, പ്രത്യേകിച്ചും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനത്തിനായി നിലകൊള്ളുന്നവ ആശങ്കപ്പെടേണ്ടതില്ലല്ലോ.

ഇനിയുമൊരു വിമര്‍ശനം ഉയര്‍ന്നിരിക്കുന്നതു്, ഈ പുതിയ കൂട്ടായ്മയില്‍ അണിചേര്‍ന്നിരിക്കുന്നവരില്‍ ആരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസന കൂട്ടായ്മകളില്‍ പെട്ടവരല്ലെന്നതാണു്. അതായതു്, സ്വതന്ത്ര സോഫ്റ്റു്വെയര്‍ വികസിപ്പിക്കുന്നവരുണ്ടെങ്കില്‍ മാത്രമേ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘടനയാവൂ പോലും ! FSMI യില്‍ ആരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പാക്കാനറിയുന്നവരായി ഇല്ലെന്നു് തന്നെ ഇരിക്കട്ടെ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരോടു് വിമര്‍ശകരുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളുടെ നിലപാടെന്താണു് ? സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരില്ലാത്ത കമ്യൂണിറ്റികള്‍ അവ ഉപയോഗിക്കരുതെന്നാണോ നിലപാടു് ? നാളിതു് വരെ വികസിപ്പിക്കാത്തവര്‍ ഇനി മേലാല്‍ അതു് പഠിച്ചു് തുടങ്ങാന്‍ പാടില്ലെന്നാണോ പറയുന്നതു് ? എന്തോ ഒരു വല്ലാത്ത പന്തികേടില്ലേ ഈ വാദഗതിയില്‍ ? പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ ആരാധകര്‍ പോലും നാണിച്ചു പോകുന്ന കുത്തകാധിപത്യ സ്വഭാവമാണോ ഇതിലൂടെ വെളിവാക്കപ്പെടുന്നതു് ? അതോ സങ്കുചിത മുന്‍വിധികളോ ? അതോ ബാല ചാപല്യമോ ? ഏറ്റവും കുറഞ്ഞതു്, FSMI യില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍വികസിപ്പിക്കാനറിയുന്നവരില്ലെങ്കില്‍ തീര്‍ച്ചയായും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതലാളുകള്‍ ഉപയോഗിച്ചു് തുടങ്ങുമ്പോള്‍ വിമര്‍ശകരെ തന്നെ ആശ്രയിക്കുമല്ലോ ? അങ്ങിനെയായാലും, FSMI യെ അവര്‍ക്കു് വേണ്ടി പണിയെടുക്കുന്നവരായി കണ്ടാല്‍ പോരേ ? അവഹേളിക്കേണ്ടതുണ്ടോ ?

FSMI യുടെ വിമര്‍ശകര്‍ കാണുന്നതിനേക്കാള്‍ ആദരവോടെയാണു് FSMI സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ നോക്കിക്കാണുന്നതു്. സാമൂഹ്യോടമസ്ഥതയുടെ മേന്മ വെളിപ്പെടുത്തുന്ന മാതൃകയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ലിക് ലൈസന്‍സും (General Public Licence – GPL). ഈ പ്രസ്ഥാനത്തിനു് രൂപം കൊടുക്കുകയും അതിന്റെ നിയമാവലി രൂപപ്പെടുത്തുകയും ചെയ്തു എന്നതു് (1985) ശ്രീ റിച്ചാര്‍ഡ് എം സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും സമൂഹത്തിനു് നല്‍കിയ മഹത്തായ സംഭാവനയാണു്. യുണിക്സിനു് സമാനമായി ലിനക്സിന്റെ മൂല രൂപം സൃഷ്ടിച്ചുകൊണ്ടും (1991) അതു് സമൂഹത്തിനു് സമര്‍പ്പിച്ചുകൊണ്ടും ഫിന്‍ലണ്ടു് കാരനായ തൊഴിലാളിയുടെ മകന്‍ ലിനസ് ടോര്‍വാള്‍ഡ് ഈ പ്രസ്ഥാനത്തിന്റെ പ്രായോഗിക സാദ്ധ്യത തെളിയിച്ചു. വിജയത്തിനു് അടിത്തറയിട്ടു. Gnu Foundation പ്രസ്ഥാനത്തെ വിജയത്തിന്റെ ഉയരങ്ങളിലേക്കു് നയിച്ചു. അറിവിന്റെ ഇതര മേഖലകളിലേയ്ക്കു് ഈ കാഴ്ചപ്പാടു് വ്യാപിച്ചു് വരുന്നു. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍ (Open Hardware), ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ്സ് (Open Standards), ഓപ്പണ്‍ അക്സസ് ജേര്‍ണല്‍സ് (Open Access Journals), ക്രീയേറ്റീവ് കോമണ്‍സു് (Creative Commons) തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു് വികാസത്തിന്റെ പല ഘട്ടങ്ങളിലാണിന്നുള്ളതു്.

പൊതു സ്വത്തായിരുന്ന ഭൂമി വളച്ചു് കെട്ടി സ്വകാര്യ സ്വത്താക്കിയതു് പോലെ, മധ്യകാല ഘട്ടത്തിലെ കൈത്തൊഴിലുകാരുടെ സ്വന്തമായിരുന്ന തൊഴിലുപകരണങ്ങള്‍ ഫാക്ടറി മുതലാളിമാര്‍ കയ്യടക്കിയതു് പോലെ, സോഫ്റ്റ്‌വെയര്‍ കയ്യടക്കാനുള്ള ആധുനിക സാമ്രാജ്യത്വ കുത്തകകളുടെ ശ്രമമാണു് ഇവിടെ പരാജയപ്പെടുത്തപ്പെട്ടതു്. ഈ തിരിച്ചടി മൂതലാളിത്ത കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നു കൂടിയാണു്. ലോക മുതലാളിത്ത സാമ്പത്തിക ക്രമം അതി ഗുരുതരമായ പ്രതിസന്ധി നേരിടുകയാണു്. ഒരു തകര്‍ച്ചയുടെ വക്കിലാണതു്. ഇതു് ഉല്പാദനോപാധികളുടെ സാമൂഹ്യോടമസ്ഥതയിലൂന്നിയുള്ള എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന സാമ്പത്തിക ക്രമം സാധ്യമാണെന്നും അതു് കൂടുതല്‍ കൂടുതല്‍ അടിയന്തിരവും അനിവാര്യവുമായിക്കൊണ്ടിരിക്കുന്നു എന്നും വെളിപ്പെടുത്തുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ FSMI കാണുന്നതു് ഒരു വൈകാരിക പ്രശ്നമായി മാത്രമല്ല, മറിച്ചു്, മൂര്‍ത്തമായ മാനവ വിമോചനത്തിന്റെ കൈവഴിയായിക്കൂടിയാണു്. അറിവു്, ചരിത്രപരമായി, സ്വതന്ത്രമായിരുന്നു. സമൂഹം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടതോടെയാണു്, അറിവിന്റെ കുത്തകവല്‍ക്കരണത്തിനും വളച്ചു കെട്ടലിനുമുള്ള ശ്രമം ആരംഭിച്ചതു്. അതോടൊപ്പം തന്നെ അറിവിന്റെ സ്വാതന്ത്ര്യത്തിനുള്ള, ജനകീയവല്‍ക്കരണത്തിനുള്ള സമരവും തുടങ്ങിയിരുന്നു. ജനാധിപത്യ വികാസത്തിനൊപ്പം അറിവിന്റെ ജനകീയവല്‍ക്കരണവും നടക്കുന്നു. എന്നാല്‍, ജനാധിപത്യം ആണയിടുന്ന ഇന്നത്തെ മുതലാളിത്ത സമൂഹത്തിലും ജനാധിപത്യം ആഴത്തില്‍ വേരോടാത്തതു കൊണ്ടു തന്നെ, അറിവിന്റെ വ്യാപനവും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കഴിഞ്ഞിട്ടില്ല. ആ പരിമിതിയോടെയെങ്കിലും പരമ്പരാഗത വിജ്ഞാനത്തിന്റെ സങ്കേതങ്ങള്‍ ഒട്ടേറെ വ്യാപിച്ചു് വരുന്നതും അതിലൂടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ പ്രാപ്തരാകുന്നതും ചൂഷക വര്‍ഗ്ഗങ്ങളെ ഒട്ടൊന്നുമല്ല അലട്ടിയതു്.

അപ്പോഴാണു് പുതിയ വിജ്ഞാന വിനിമയ സങ്കേതങ്ങള്‍ അവര്‍ക്കു് കൈവന്നതു്. മൂലധന ശേഷിയുടെ അടിസ്ഥാനത്തില്‍ തന്നെ പുതിയൊരു വിഭജനം സാദ്ധ്യമായി. ആവര്‍ത്തിച്ചുപയോഗിക്കുന്നതില്‍ പരമ്പരാഗത വിവര കൈകാര്യ രീതികളുടെ പരിമിതികള്‍ പുതിയ സങ്കേതങ്ങള്‍ കൊണ്ടു് മറികടക്കാനുമായി. വിവരം എളുപ്പത്തില്‍ ആവര്‍ത്തിച്ചെടുത്തുപയോഗിക്കാനുള്ള പുതിയ സങ്കേതങ്ങളുടെ കഴിവു് വിവര വിസ്ഫോടനത്തിനു് വഴി വെച്ചു. അതാകട്ടെ, പുതിയ സങ്കേതങ്ങളുടെ സ്വീകാര്യത കുത്തനെ ഉയര്‍ത്തി. പുതിയ വിഭജനം ഈ സങ്കേതങ്ങള്‍ ലഭ്യമാകുന്നവരും അവ ലഭ്യമായവരും അല്ലാത്തവരുമെന്ന നിലയിലായി. ചൂഷണ സാധ്യതയും വിഭജനവും നിലനിര്‍ത്താനുള്ള പരിശ്രമം പരമ്പരാഗത അറിവിന്റെ നിഷേധമെന്നപോലെ പുതിയ സങ്കേതങ്ങളുടെ സ്വകാര്യ ഉടമസ്ഥത എന്ന മാര്‍ഗ്ഗത്തിനു് വഴി വെച്ചു. ഇതേ കാലത്തു്, ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തില്‍ പുതിയ കമ്പോളങ്ങള്‍ക്കു് വേണ്ടിയുള്ള തിരച്ചില്‍ പുതിയ ചരക്കുകളിലേയ്ക്കും എത്തി. സേവനങ്ങള്‍ ചരക്കുകളാക്കപ്പെട്ടു. അവയില്‍ കുത്തകാവകാശം സ്ഥാപിക്കാന്‍ പുതിയ സ്വത്തുടമസ്ഥതാ നിയമങ്ങളാവശ്യമായി വന്നു. അതാണു്, ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലേയ്ക്കും സോഫ്റ്റ്‌വെയറിന്റെ അടക്കം കുത്തകവല്‍ക്കരണത്തിലേക്കും നയിച്ചതു്.

ഈ പുതിയ സങ്കേതങ്ങള്‍ മൂലധനശക്തികളാണു് വ്യാപകമായി ഉപയോഗിച്ചു് തുടങ്ങിയതു്. അവരതു് തൊഴിലും കൂലിയുമടക്കം ഉല്പാദനച്ചെലവു് കുറയ്ക്കാനാണു് ഉപയോഗപ്പെടുത്തിയതു്. സമഗ്രവും ചടുലവുമായ വിവര വിനിമയ ശൃംഖല മൂലധനത്തിന്റെ ചലനാത്മകത വര്‍ദ്ധിപ്പിച്ചു. പ്രാദേശികവും ദേശീയവുമായ കെട്ടുപാടുകളില്‍ നിന്ന് മൂലധനത്തെ അത് മോചിപ്പിച്ചു. നടത്തിപ്പ്, ഉല്‍പ്പാദനം, വിപണനം, അസംസ്കൃത വസ്തുക്കളുടേയും ഉല്‍പ്പന്നങ്ങളുടേയും നീക്കം എന്നിവയിലെല്ലാം ചടുലത കൈവരിച്ചും ചെലവ് കുറച്ചും വ്യവസായ ലാഭം ഉയര്‍ത്താന്‍ അത് കുത്തകകളെ സഹായിച്ചു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദന കേന്ദ്രവുമടക്കം സര്‍വ്വ പ്രവര്‍ത്തനങ്ങളും വിവര ശൃംഖലവഴി സമന്വയിപ്പിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റ്റോക്ക് കുറച്ച്, മൂലധന നിക്ഷേപം കുറച്ചും ക്ലാസിക്കല്‍ മുതലാളിത്തഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും, പലപ്പോഴും പുറം പണി നല്കിക്കൊണ്ടും, സ്ഥിരം തൊഴില്‍ ഒഴിവാക്കിയും, പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും, അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘാടന സാധ്യതയും സംഘടിത ശേഷിയും കുറച്ചും, കൂലി കുറച്ചും, തൊഴില്‍ സമയം കൂട്ടിയും, ലാഭം ഉയര്‍ത്താന്‍ മൂലധന ശക്തികളെ അത് പ്രാപ്തമാക്കി. തൊഴില്‍ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചും അല്ലാത്തവരുടെ എണ്ണം കൂട്ടിയും കൂലി കുറയ്ക്കാനും സഹായിക്കുന്നു. ബഹുഭൂരിപക്ഷത്തേയും കരാര്‍ തൊഴിലാളികളാക്കി അവരുടെ സംഘാടനശേഷി ക്ഷീണിപ്പിക്കാനും കഴിയുന്നു.

വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും ഈ പുതിയ വിവര സങ്കേതങ്ങള്‍ക്കു് പ്രയോഗ സാധ്യത ഉണ്ടു്. പക്ഷെ, ഈ രംഗം ആഗോള കുത്തകകളുടെ കൈപ്പിടിയിലാണിന്ന്. അവര്‍ക്ക് ലൈസന്‍സ് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടു മിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ മേഖലയിലേയ്ക്കും അവികസിത-വികസ്വര നാടുകളില്‍ നിന്ന് വികസിത നാടുകളിലേയ്ക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്റെ ഒരു മാര്‍ഗമായി ഇത് മാറി. സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണത്തിന്റെ ദൂഷ്യ ഫലങ്ങള്‍ എല്ലാ മേഖലകളിലും പ്രകടമാണ്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ്‌വെയറിനു് ഉപയോഗ സാദ്ധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണം, പക്ഷെ, നേരിട്ടു് ബാധിച്ചതു് അതു് നാളതു് വരെ കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളേയാണു്. തങ്ങളുടെ കണ്‍മുമ്പില്‍ തങ്ങളുപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ പിടിച്ചു പറിക്കപ്പെട്ടപ്പോള്‍ സാങ്കേതിക വൈദഗ്ദ്ധ്യത്തില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടെ പ്രതികരണം തീക്ഷ്ണമായതു് സ്വാഭാവികം. അവര്‍ സ്വകാര്യ സ്വത്തിന്റെ പുതിയ രൂപത്തിനെതിരെ പൊതു സ്വത്തിന്റെ പുതിയ രൂപം സൃഷ്ടിച്ചു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാമൂഹ്യ ഉടമസ്ഥതയിലുള്ളവയില്‍ നിന്നു് കവര്‍ന്നെടുക്കപ്പെടുന്നവയും ജയില്‍ സമാനമായ കോര്‍പ്പറേറ്റു് സ്ഥാപനങ്ങളിലെ കൂലിയ്ക്കെടുത്ത പരിമിതമായ തലച്ചോറുകള്‍ മെച്ചപ്പെടുത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്നവയോ ആണു് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍. ആഗോള വിവര വിനിമയ ശൃഖലയില്‍ കോര്‍ത്തിണക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ സ്വതന്ത്രമായ ചുറ്റുപാടില്‍ സ്വന്തം താല്പര്യത്തില്‍ സ്വന്തം ജീവിത മാര്‍ഗ്ഗത്തിനായി ഉണ്ടാക്കുന്നവയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. അവര്‍ അതിന്റെ ഉടമസ്ഥത സമൂഹത്തിനു് വിട്ടുകൊടുക്കുന്നു. ബൌദ്ധിക സ്വത്തവകാശമല്ല, തങ്ങളുടെ ബൌദ്ധിക സ്വത്താണു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരുടെ വരുമാന മാര്‍ഗ്ഗം.

സമൂഹത്തില്‍ നിന്നു് അവര്‍ വിജ്ഞാനം എടുക്കുന്നു. അതുപയോഗിച്ചു്, അതിനോടു് പുതിയ മൂല്യം കൂട്ടിച്ചേര്‍ത്തു് പുതിയവ ഉല്പാദിപ്പിക്കുന്നു. അവര്‍ ഉല്പാദിപ്പിച്ച പുതിയ സമ്പത്തു്, കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ മൂല്യം, അവര്‍ക്കു് വരുമാനം ഉറപ്പാക്കുന്നു. അവര്‍ പുതിയ ഉല്പന്നത്തിന്റെ നിര്‍മ്മാണ രീതി സമൂഹവുമായി പങ്കുവെയ്ക്കുന്നു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉടമകളെപ്പോലെ അവരതു് രഹസ്യമായി സൂക്ഷിച്ചു് സമൂഹത്തെ തുടര്‍ച്ചയായി കൊള്ളയടിക്കുന്നില്ല. അതുകൊണ്ടു് സമൂഹത്തിന്റെ സഹായം അവര്‍ക്കും കിട്ടുന്നു. കറവുകള്‍ ആദ്യം കാണുന്നതോ, ആദ്യം അറിയുന്നതോ, ആദ്യം കഴിയുന്നതോ ആയ ആള്‍ തന്നെ പരിഹരിക്കുന്നു. അങ്ങിനെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേഗത്തില്‍ മെച്ചപ്പെടുന്നു. വൈറസ് ബാധയില്ല. ഉയര്‍ന്ന വിവര സുരക്ഷ. തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചതായതില്‍, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ നാളുകള്‍ എണ്ണപ്പെട്ടതില്‍ അതിശയമില്ല. ഒരു പഠനമനുസരിച്ചു് ഇന്നത്തെ നിരക്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വര്‍ദ്ധിക്കുകയും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം കുറയുകയും ചെയ്താല്‍ ഈ വര്‍ഷം അവ ഒപ്പമെത്തുകയും 2017 ഓടെ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ രംഗം ഒഴിയുകയും ചെയ്യും.

സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്ക് മാറിയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ചെറുകിട സംരംഭകരുടെ ബിസിനസ് സാധ്യതകളും വരുമാന സാധ്യതകളും വര്‍ദ്ധിക്കും. ഇന്ത്യന്‍ സേവന ദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോളകുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവര വിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മാനേജ് മെന്‍റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവ് മൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ്‌വെയറില്‍ യഥാര്‍ത്ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപകരിക്കും. ഇന്നവര്‍ പ്രൊപ്രൈറ്റി സോഫ്റ്റ്‌വെയറുകളുടെ ഉള്ളറകള്‍ കാണാതെ പുറംമോടിയും അവയുടെ ഉപയോഗ ക്രമവും മാത്രമാണ് പഠിക്കുന്നത്. മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്കാകട്ടെ, നിലവില്‍ സോഫ്റ്റ്‌വെയറിന്റെ ചെലവ് താങ്ങാനാവത്തത് മൂലം ബന്ധപ്പെട്ട മേഖലകളുടെ പഠനത്തിന് ആവശ്യമായവ ലഭിക്കാതെ പോകുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പോലും അവയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ കുത്തക FSMI അവകാശപ്പെടുന്നില്ല. ഇന്ത്യയിലെ പ്രസ്ഥാനത്തെ യാഥാര്‍ത്ഥ്യബോധത്തോടെ തന്നെയാണു് FSMI സമീപിക്കുന്നതു്. ഇന്ത്യയില്‍ 1990 കളുടെ അവസാന പാദത്തില്‍ തന്നെ ചെറു ചെറു ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു. ബാംഗ്ലൂരില്‍ IISc ല്‍ ശ്രീ ഗോപിനാഥും കൂട്ടുകാരും അദ്യ പഥികരാണു്. കേരളത്തില്‍ ശ്രീ ജ്യോതിജോണിന്റെ മുന്‍കൈയ്യില്‍ IHRD യുടെ കീഴിലുള്ള മോഡല്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ മൊത്തം ലാബു് ലിനക്സിലേക്കു് മാറ്റപ്പെട്ടു. കുസാറ്റില്‍ ശ്രീ ഇഗ്നേഷ്യസ് കുഞ്ഞുമോന്റെ ഇടപെടല്‍ മൂലം ലിനക്സു് ഉപയോഗിച്ചു തുടങ്ങി. തിരുവനന്തപുരത്തു് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും എറണാകുളത്തു് ജനകീയാസൂത്രണ പ്രോജക്ടുമായി ബന്ധപ്പെട്ടും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടന്നു. എറണാകുളത്തു് 2000 ജൂലൈ മാസത്തില്‍ ഒഎസ്എസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന പ്രൊഫഷണലുകളുടെ വ്യവസായ സഹകരണ സംഘം സ്ഥാപിതമായി. 2001 ല്‍ തിരുവനന്തപുരത്തു് റിച്ചാര്‍ഡ്‌ മാത്യു സ്റ്റാള്‍മാന്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചു് എഫ്എസ്എഫ് ഇന്ത്യ സ്ഥാപിതമായി. കേരള സര്‍വകലാശാലയില്‍ ആദ്യത്തെ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തിയത് സ്റ്റാള്‍മാന്‍ ആയിരുന്നു. ആന്ധ്രയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തെലുഗു പ്രാദേശികവല്‍ക്കരണ രംഗത്തു് സ്വേച്ഛ എന്ന സ്ഥാപനം നിലവില്‍ വന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് എന്ന കൂട്ടായ്മ കേരളത്തിലും നിലവില്‍ വന്നു. കര്‍ണ്ണാടകത്തില്‍ കര്‍ണ്ണാടക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് സ്ഥാപിതമായി. ബംഗാളിലും മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും രാജസ്ഥാനിലും മറ്റു് പല സംസ്ഥാനങ്ങളിലും കൂട്ടായ്മകള്‍ രൂപപ്പെട്ടു. ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ പ്രധാന പട്ടണങ്ങളിലെല്ലാം സജീവമായി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇത്തരത്തില്‍ വികേന്ദ്രീകൃതമായി മുന്നേറുക തന്നെയാണു്. അവയ്ക്കു് ഒരധികാര കേന്ദ്രത്തിന്റെ ആവശ്യമില്ല. പരസ്പര ബന്ധം ഇന്റര്‍നെറ്റിലൂടെ നിലനില്‍ക്കുന്നുണ്ടു്. പല ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും വിവിധ ചെറു ഗ്രൂപ്പുകളുടെ വിപുലമായ കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ടു്.

പക്ഷെ, ഇവ ഏറെയും പ്രാദേശിക ചെറുകൂട്ടായ്മകളായോ സൈബര്‍ രംഗത്തു് മാത്രമായോ ഒതുങ്ങുകയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക സാദ്ധ്യതകള്‍ അതുപയോഗിച്ചു തുടങ്ങാത്ത വലിയൊരു ജനവിഭാഗത്തിലേയ്ക്കെത്തിക്കാന്‍ ആവശ്യമായത്ര ഇടപെടല്‍ ശേഷി അവയ്ക്കില്ല. ഇന്നും നമ്മുടെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകിലാണു്. കേരളം മാത്രമാണു് ഐടി@സ്കൂള്‍, വൈദ്യുതി വകുപ്പിലെ ഒരുമ, സ്പേസിന്റെ ഇന്‍സൈറ്റു്, മലയാളം കമ്പ്യൂട്ടിങ്ങു്, സിഡിറ്റിന്റെ മലയാളം പ്രോജക്ടുകള്‍, കാറ്റ്ഫോസ് തുടങ്ങിയവയിലൂടെ മുന്നേറ്റം കുറിച്ചിട്ടുള്ളതു്. ഐടി@സ്കൂള്‍ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് മാറ്റപ്പെട്ടതു് സ്കൂള്‍ അദ്ധ്യാപകരുടെ സമര സംഘടനയായ കെ. എസ്. ടി. എ നടത്തിയ സമരത്തിന്റെ ഫലമായാണു്. വൈദ്യുതി വകുപ്പില്‍ തൊഴിലാളി സംഘടനകളുടെ മുന്‍കൈയിലാണു് ഒരുമ രൂപപ്പെട്ടതു്. പ്രാദേശിക പദ്ധതികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ കുത്തക പ്രീണനത്തിന്റെ ഭാഗമായ ഭിഷണി നിലനില്‍ക്കുകയാണു്. അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകള്‍ക്കു് മാത്രമല്ല, ഐകെഎം അടക്കമുള്ളവയ്ക്കും ബാധകമാണു്. JNURM തുടങ്ങിയ കേന്ദ്ര പദ്ധതികളിലൂടെ കോര്‍പ്പറേഷനുകളുടെ ഇ-ഭരണ പദ്ധതികള്‍, പ്രൊപ്രൈറ്ററി പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും സേവനങ്ങളുടെ രഹസ്യം സൂക്ഷിച്ചു് കുത്ത ലാഭം എടുക്കുകയും ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളിലേയ്ക്കു് കൈമാറപ്പെടുകയാണു്. പ്രാദേശിക ശാക്തീകരണം ഉറപ്പാക്കാന്‍ ഐകെഎം അടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് മാറുകയും കേന്ദ്ര ഏജന്‍സികളുടെ കുത്തകാനുകൂല പദ്ധതികള്‍ക്കു് ജനകീയ-പ്രാദേശിക ബദലുകള്‍ ഉയര്‍ത്തപ്പെടുകയുമാണു് വേണ്ടതു്. അതിനാകട്ടെ, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയുകയുമുള്ളു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്നതു് പ്രാദേശിക-ദേശീയ ശാക്തീകരണത്തിനുള്ള അവസരമാണു്. അതുപയോഗപ്പെടുത്താതെ പോയാല്‍ കുത്തകകളുടെ പിടി മുറുകും. ആഗോളമായി ഇന്നു് ഗൂഗിളും ആമസോണും മറ്റും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടു്. പക്ഷെ, അവ ആഗോള കുത്തകകള്‍ തന്നെയാണു്. കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ വിവരാവശ്യങ്ങള്‍ നിറവേറ്റാന്‍ മൈക്രോസോഫ്റ്റുമായി അപലപനീയമായ കരാറിലേര്‍പ്പെട്ട നോവലിനേക്കാള്‍ അപകടകരമായ പാതയിലാണവര്‍ മുന്നേറുന്നതു്. അവ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ ഹാര്‍ഡ് വെയറും നെറ്റ്‌വര്‍ക്കും മറ്റിതര പശ്ചാത്തല സൌകര്യങ്ങളോടുമടക്കം സോഫ്റ്റ്‌വെയറും കൂടി ചേര്‍ത്തു് സേവനം നല്‍കുന്ന മാതൃകകള്‍ സൃഷ്ടിക്കുകയാണു്. ക്ലൌഡ് കമ്പ്യൂട്ടിങ്ങു് എന്ന ഓമനപ്പേരിലാണതറിയപ്പെടുന്നതു്. സോഫ്റ്റ്‌വെയര്‍ ഒരു സേവനമായി (SaaS), പ്ലാറ്റ്ഫോം ഒരു സേവനമായി (PaaS), പശ്ചാത്തലം ഒരു സേവനമായി (IaaS) എന്നൊക്കെയാണവ അറിയപ്പെടുന്നതു്. ഇവ നിലവിലുള്ള സൌകര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുകയാണു് എന്നാണു് പറയുന്നതു്. സഹകരണത്തിന്റെ ഉദാത്ത മാതൃകകളായി അവ വിശേഷിപ്പിക്കപ്പെടുന്നു. ചെലവു് കുറയ്ക്കാനാണീ സഹകരണവും പങ്കുവെയ്പും. ചരക്കുകളുടെ കുറഞ്ഞ വില എക്കാലത്തും ആധിപത്യത്തിന്റെ ഉപകരണമായിരുന്നു. ഇവിടെ ഈ സേവനങ്ങളുടെ കുറഞ്ഞ ചെലവു് കമ്പോളം പിടിച്ചെടുക്കാന്‍ ഉപകരിക്കും. പക്ഷെ, ഫലം സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം പോലും അപ്രസക്തമാക്കപ്പെടുന്നു എന്നതാണു്. ഇതാണു്, ഇന്നു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനവും അതു കൊണ്ടു് തന്നെ പൊതു സമൂഹവും നേരിടുന്ന കുത്തകവല്കരണ ഭീഷണി.

ഈ ഭീഷണി മറികടക്കാന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കാണിച്ചു തന്ന മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം. എന്നാല്‍, അതു് ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ചെറു ഗ്രൂപ്പുകള്‍ക്കോ മാത്രമായി ചെയ്യാവുന്നതല്ല. പൊതു സമൂഹത്തിന്റെ ഇടപെടലുകള്‍ തന്നെ ആവശ്യമാണു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെന്ന പോലെ സ്വകാര്യ 'ക്ലൌഡുകള്‍ക്കു്' പകരം പൊതു 'ക്ലൌഡുകള്‍' (സാമൂഹ്യ ഉടമസ്ഥതയിലുള്ളവ) നിലവില്‍ വരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇക്കാര്യത്തില്‍ വലിയൊരു പങ്കു് വഹിക്കാന്‍ കഴിയും. അതു് ജനാധിപത്യ വികാസത്തിനു്, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനു്, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനു്, പൊതു സമൂഹത്തിന്റെ ക്രമാനുഗതവും ചടുലവുമായ പുരോഗതിക്കു് വഴിയൊരുക്കും.

ഇതാണു്, കേരളത്തില്‍ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും (Democratic Alliance for Knowledge Freedom) അതടക്കം ചേര്‍ന്നു് രൂപം നല്‍കിയ അഖിലേന്ത്യാ വേദിയായ ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും (Free Software Movement of India) മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു്. ഇവ രണ്ടും കൂട്ടായ്മകളുടെ കൂട്ടായ്മകളാണു്. ഈ വലിയ കൂട്ടായ്മയില്‍ ചേരുന്ന ചെറു കൂട്ടായ്മകള്‍ക്കു് അവയുടെ തനതു് വ്യക്തിത്വം നിലനിര്‍ത്താമെന്നതാണു് വസ്തുത. യാതൊരു വിധ മേധാവിത്വവും കേന്ദ്ര സംഘടന ചെലുത്തുന്നില്ല. വളരെ കൃത്യമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണു് കൂട്ടായ്മയുടെ ലക്ഷ്യം. അവ മറ്റൊരു ജനകീയ കൂട്ടായ്മക്കും എതിരല്ല. സജീവമായ മറ്റൊരു ജനകീയ കൂട്ടായ്മയേയും അതു് അപ്രസക്തമാക്കില്ല. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം വിജ്ഞാന സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങള്‍ക്കായി ആരുമായും കൂട്ടായ പ്രവര്‍ത്തനത്തിനു് DAKF ഉം FSMI യും എപ്പോഴും തയ്യാറായിരിക്കും


ജോസഫ് തോമസ്, പ്രസിഡണ്ടു്, FSMI.
27-03-2010

No comments:

Blog Archive