Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, December 6, 2015

ടെലികോംരംഗവും കുത്തകകള്‍ക്ക് - കെ മോഹനന്‍



Courtesy : Deshabhimani - 03-December-2015

'നല്ല ദിനങ്ങള്‍' വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന മോഡി സര്‍ക്കാര്‍ നല്ല ദിനങ്ങളെല്ലാം വന്‍കിട കോര്‍പറേറ്റുകള്‍ക്കായി നീക്കിവയ്ക്കുകയാണ്. ഒരുവശത്ത് കോര്‍പറേറ്റുകളെ സഹായിക്കുകയും മറുവശത്ത് വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്തേകുകയും ചെയ്യുന്നു. ശക്തമായ വര്‍ഗീയധ്രുവീകരണത്തിന് കളമൊരുക്കുന്ന നടപടികളാണ് അധികാരത്തിന്റെ പിന്‍ബലത്തോടെ ഹിന്ദുത്വശക്തികള്‍ തുടരുന്നത്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആഹാരരീതികളെയും സംഭാഷണങ്ങളെപ്പോലും നിയന്ത്രിക്കുന്ന തരത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ ഉറഞ്ഞുതുള്ളുകയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം ശക്തിപ്പെടുന്നു. സ്വതന്ത്രമായ ആശയപ്രകാശനം നിഷേധിക്കുന്നു. സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകശിലാരൂപത്തിലേക്ക് ആവാഹിക്കാനാണ് സവര്‍ണ– ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് നമ്മുടെ കടമ.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തും മോഡിസര്‍ക്കാരിനില്ല. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം ജലരേഖയായി മാറി. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളിലും വിദേശമൂലധനാധിപത്യത്തിന് അവസരമുണ്ടാക്കുകയും അതിനനുസൃതമായ നിയമനിര്‍മാണങ്ങള്‍ നടത്തുകയുംചെയ്യുന്നു. പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടുവന്ന് സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമം. ഓഹരിവില്‍പ്പനയിലൂടെ 65,000 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപനം. കോള്‍ ഇന്ത്യാ ലിമിറ്റഡിലെ 10 ശതമാനം ഓഹരി വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സര്‍ക്കാര്‍നയത്തിന്റെ ഇരകളാവുകയാണ്.

ഇന്ത്യന്‍ ടെലികോംരംഗം ഏതാണ്ട് മുഴുവനായും സ്വകാര്യമേഖല കൈയടക്കിക്കഴിഞ്ഞു. 2015 സെപ്തംബറിലെ കണക്കനുസരിച്ച് പൊതുമേഖലാ ടെലികോംകമ്പനികളുടെ വിപണിവിഹിതം ഒമ്പതുശതമാനത്തില്‍ താഴെമാത്രം. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വകാര്യ ടെലികോംകമ്പനികള്‍ സജീവമായി. സര്‍ക്കാരിന്റെ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പദ്ധതികളും ഡിജിറ്റല്‍ ഇന്ത്യാ പ്രഖ്യാപനങ്ങളും ആവേശംനല്‍കുന്നത് ടെലികോം സ്വകാര്യകമ്പനികള്‍ക്കുതന്നെ.

മൂന്നാം ടെലികോംനയം നടപ്പാക്കാന്‍ ആരംഭിച്ചതോടെ ടെലികോംകമ്പോളത്തിന്റെ നിയന്ത്രണം സ്വകാര്യകമ്പനികള്‍ക്കുമാത്രമായി. ടെലികോംരംഗത്ത് കുത്തകവല്‍ക്കരണം ശക്തിപ്രാപിക്കുകയും ചെയ്തു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരവോടെ നാലോ അഞ്ചോ കമ്പനികള്‍മാത്രം ടെലികോംരംഗത്ത് അവശേഷിക്കുമെന്ന പ്രഖ്യാപനമാണ് എയര്‍ടെല്‍ മേധാവി നടത്തിയത്. കേന്ദ്രസര്‍ക്കാര്‍നയങ്ങളാകട്ടെ, കുത്തകവല്‍ക്കരണത്തിന് അനുകൂലവും പൊതുമേഖലാ വിരുദ്ധവുമാണുതാനും. സര്‍ക്കാരിന്റെ നയങ്ങള്‍ പൊതുമേഖലയെ പടിപടിയായി ദുര്‍ബലമാക്കി. വരുമാനത്തിലും വിപണിപങ്കാളിത്തത്തിലും സ്വകാര്യകമ്പനികള്‍ ഏറെ മുന്നിലാണ്. 2012–13ല്‍ 3,87,298 കോടിയായിരുന്നു ടെലികോംരംഗത്തെ വരുമാനം. 2013–014ല്‍ ഇത് 4,29,087 കോടിയായി വര്‍ധിച്ചു. ഇതില്‍ പൊതുമേഖലയുടെ വിഹിതം എട്ട് ശതമാനം മാത്രം. അതായത്, പൊതുമേഖലാസ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും സ്വകാര്യമേഖലയ്ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണനയംതന്നെയാണ് മോഡിസര്‍ക്കാരും ടെലികോംരംഗത്ത് സ്വീകരിക്കുന്നത്.

മൂന്നാം ടെലികോംനയം മുന്നോട്ടുവച്ച എല്ലാ കാര്യവും ഒന്നിനുപിറകെ ഒന്നായി നടപ്പാക്കുകയാണ്. കമ്പനികള്‍ തമ്മിലുള്ള ലയനപ്രക്രിയ ഉദാരമാക്കുന്നു. സ്പെക്ട്രം പരസ്പരം കൈമാറാനും കച്ചവടം ചെയ്യാനും അനുവാദം നല്‍കുന്നു. വിദേശമൂലധനാധിപത്യം 100 ശതമാനമായി വര്‍ധിപ്പിക്കുന്നു. അനര്‍ഹമായ സൌജന്യങ്ങളും സഹായങ്ങളും നയപരമായ തീരുമാനങ്ങളുംകൊണ്ട് സ്വകാര്യമേഖലയെ സമ്പുഷ്ടമാക്കുന്ന സര്‍ക്കാര്‍ പൊതുമേഖലയെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നത്. പൊതുമേഖലാ ടെലികോംകമ്പനികള്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ടെലികോംകമ്പോളത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സാമ്പത്തികപ്രതിസന്ധി തടസ്സമാവുകയാണ്. ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല. ആധുനിക സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ടെലികോംരംഗത്ത് മത്സരിച്ച് മുന്നേറാനുള്ള അവസരം നിഷേധിക്കപ്പെട്ടു. അര്‍ഹമായ സാമ്പത്തിക സഹായംപോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. വിവിധയിനങ്ങളിലായി 15,000 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍, അത് നിഷേധിക്കുകയും വരുമാനം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്നു. ബിഎസ്എന്‍എല്ലിന്റെ 65,000 ടവര്‍ പ്രത്യേക കമ്പനി രൂപീകരിച്ച് കൈമാറാന്‍ തീരുമാനിച്ചു. സാമ്പത്തികബാധ്യത നേരിടുന്ന എംടിഎന്‍എല്‍, ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കാന്‍ ശ്രമം തുടരുന്നു. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗ്ളൂരിനെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞു. ബിഎസ്എന്‍എല്ലിന്റെ ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവ ഔട്ട്സോഴ്സ് ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകളിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും കരാര്‍നിയമനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സ്ഥാപനത്തിന്റെ സംരക്ഷണമല്ല, മറിച്ച് സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യമെന്ന് വ്യക്തം. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനനയങ്ങള്‍ക്കെതിരെ പൊതുവിലും ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രത്യേകിച്ചും ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് നമ്മുടെ കടമ.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ജീവനക്കാരുടെ പ്രശ്നങ്ങളോട് നിഷേധാത്മക സമീപനം മാനേജ്മെന്റ് തുടരുകയാണ്. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ല.

സംഘടനാപ്രവര്‍ത്തനസ്വാതന്ത്യ്രത്തിനും കരാര്‍ത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുംവേണ്ടി മാസങ്ങളോളം നടന്ന പ്രക്ഷോഭം വിജയകരമായി പര്യവസാനിച്ച സന്ദര്‍ഭത്തിലാണ് കോഴിക്കോട്ട് സമ്മേളനം ചേരുന്നത്. തൊഴിലാളിസംഘടനകളെ ശത്രുക്കളായി കണക്കാക്കുകയും വെല്ലുവിളിക്കുകയും ജനാധിപത്യപരമായ പ്രവര്‍ത്തനസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയുംചെയ്ത കേരളത്തിലെ സര്‍ക്കിള്‍ മാനേജ്മെന്റിനും അതിന് നേതൃത്വം നല്‍കിയ എം എസ് എസ് റാവുവിനും അര്‍ഹമായ മറുപടി നല്‍കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ചൂഷണംചെയ്യപ്പെടുന്ന കരാര്‍ത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ജീവനക്കാരും ഓഫീസര്‍മാരും കൈകോര്‍ത്ത് നടത്തിയ സമരവും അതിന്റെ വിജയവും ചരിത്രം രേഖപ്പെടുത്തും.

നമ്മുടെ രാജ്യത്തിന്റെ ഭാവിയും ജനങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടങ്ങളില്‍ പങ്ക് ചേരുകയെന്ന ദൌത്യം വീണ്ടും ശക്തമായി തുടരുമെന്ന് സമ്മേളനം പ്രഖ്യാപിക്കും. സാമ്രാജ്യത്വത്തിനും ഭീകരവാദത്തിനും എതിരെയുള്ള സമരങ്ങളില്‍ പങ്കെടുക്കുകയെന്ന നമ്മുടെ പാരമ്പര്യം ഈ സമ്മേളനത്തിലും ആവര്‍ത്തിക്കും.

രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാനും പൊതുമേഖലയുള്‍പ്പെടെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും മൂലധനത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് ചെറുക്കാനും നടക്കുന്ന പോരാട്ടങ്ങളില്‍ കണ്ണിചേരുകയെന്ന ദൌത്യവും നിര്‍വഹിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും കോഴിക്കോട്ടുണ്ടാകും

(ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

- See more at: http://deshabhimani.com/news-articles-all-latest_news-521393.html#sthash.NDEeYYeg.dpuf

No comments:

Blog Archive