Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, December 6, 2015

സംവരണത്തിന്റെ സാമൂഹ്യപ്രസക്തി - കെ രാധാകൃഷ്ണന്‍



Courtesy : Deshabhimani - 04-December-2015

സ്വന്തം ജീവിതംകൊണ്ട് ചരിത്രംസൃഷ്ടിച്ച ഡോ. അംബേദ്കറുടെ 125–ാം ജന്മവാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ രാജ്യത്തെ ദളിതരുടെ അവസ്ഥ വിശകലംചെയ്യുന്നത് ഉചിതമാകും. അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്റെ വികാരങ്ങളെ ലോകജനതയ്ക്ക് ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അനിര്‍വചനീയമാണ്. സംവരണത്തിന്റെ സാമൂഹ്യപ്രസക്തി ചോദ്യംചെയ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സ്മരണ മുന്‍നിര്‍ത്തി പാര്‍ലമെന്റിലും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന നിയമസഭകളിലും പ്രത്യേക ചര്‍ച്ച നടക്കുന്നു എന്നത് ഏറെ ശ്രദ്ധേയം. അംബേദ്കറുടെ ചരമദിനംകൂടിയാണ് ഡിസംബര്‍’ആറ്.

ദളിതരെ ശാക്തീകരിക്കുന്നതോടൊപ്പം അവരെ പ്രാന്തത്തില്‍നിന്ന് കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അംബേദ്കര്‍ ഒരു പ്രായോഗികവാദിയും ആശയവാദിയുമായിരുന്നു; സാമൂഹ്യ വിപ്ളവകാരിയും. ദളിതന് അറിവും അധികാരവും സമ്പത്തും നിഷേധിക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായ മനുസ്മൃതി കത്തിച്ച് അദ്ദേഹം തുടങ്ങിവച്ച പോരാട്ടത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്. ഹിന്ദുകോഡ് ബില്‍ പാസാക്കാന്‍ ജവാഹര്‍ലാല്‍ നെഹ്റുവിനോടും ഡോ. രാജേന്ദ്രപ്രസാദിനോടും അദ്ദേഹം അപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുകയുണ്ടായി. തന്റെ വലിയ സ്വപ്നം നടക്കാതെപോയതില്‍ വിഷണ്ണനായ അദ്ദേഹം പറഞ്ഞു– മതജീര്‍ണതയുടെയും ജാതി ഉച്ചനീചത്വങ്ങളുടെയും പുറത്ത് നമ്മള്‍ കെട്ടിപ്പടുക്കാന്‍പോകുന്നത് വെറും ചാണകക്കുന്നിലെ കൊട്ടാരമായിരിക്കുമെന്ന്. മറ്റൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കി– ഭാവി ഇന്ത്യയെ നയിക്കാന്‍പോകുന്നത് മിലിറ്റന്റ് ഹിന്ദുത്വമായിരിക്കുമെന്ന്. ആ ക്രാന്തദര്‍ശി പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാകുന്ന കാഴ്ചയാണ് ഇന്ന്.

സ്വാതന്ത്യം ലഭിച്ച് 68 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ഗ്രാമങ്ങളില്‍ ജാതിവിവേചനത്തിന്റെ ഭാഗമായുള്ള കൂട്ടക്കശാപ്പുകളും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയാകുന്നു. ജനസംഖ്യയുടെ 25 ശതമാനത്തിലേറെ വരുന്ന ദളിതര്‍ മുമ്പത്തേക്കാള്‍ ഭീകരമാംവിധം ജാതിവിവേചനങ്ങള്‍ക്ക് ഇരയാകുന്നത് ഭരണാധികാരികളില്‍ ഒരു അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല എന്നുമാത്രമല്ല, ജാതിസ്പര്‍ധ വര്‍ധിപ്പിക്കുന്ന പ്രസ്താവനകളാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും. ഹരിയാനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ജാതിവെറിയന്മാര്‍ ജീവനോടെ ചുട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വി കെ സിങ് അഭിപ്രായപ്പെട്ടത്, പട്ടിയെ കല്ലെറിഞ്ഞാല്‍ ആരെങ്കിലും മറുപടി പറയാറുണ്ടോ എന്നാണ്. മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ കുമാരി ഷെല്‍ജയ്ക്ക് ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തില്‍വച്ചുണ്ടായ ജാതീയ വിവേചനത്തിന്റെ വാര്‍ത്തയും പുറത്തുവന്നു. ഇതാണ് ആധുനിക ഇന്ത്യയിലെ ദളിതരുടെ അവസ്ഥ.

ദളിത് ജനവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതിനായാണ് ഭരണഘടനയില്‍ സംവരണം എന്ന പ്രത്യേക പരിരക്ഷ എഴുതിച്ചേര്‍ത്തത്. എന്നാല്‍, സംവരണം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമം ഇന്ന് രാജ്യത്ത് നടക്കുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഉന്നത നീതിപീഠവും ഇത്തരക്കാര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് അടുത്തകാലത്തായി കൈക്കൊള്ളുന്നത്. 68 വര്‍ഷമായുള്ള സംവരണം ഒഴിവാക്കാറായില്ലേ എന്നാണ് സുപ്രീംകോടതിപോലും ചോദിച്ചത്. സംവരണത്തിന്റെ ചരിത്രംപോലും സുപ്രീംകോടതിയിലെ മേലാളന്മാര്‍ മനസ്സിലാക്കിയിട്ടില്ല എന്നാണോ? അതോ ബോധപൂര്‍വം മറക്കുകയാണോ? സംവരണത്തെക്കുറിച്ച് പുനര്‍ചിന്തനം വേണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ചിന്താഗതിയില്‍നിന്നാണ് ഇത്തരം ചര്‍ച്ചകള്‍ ഉത്ഭവിക്കുന്നത്. ഇവര്‍ പറയുന്ന എല്ലാവിധ സംവരണം ഉണ്ടായിട്ടും രാജ്യത്തെ ദളിതരുടെ സ്ഥിതി ഇതാണെങ്കില്‍ അതുകൂടി ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

രാജ്യതെ എഴുപത്തേഴ് ശതമാനം ദളിതരും ജാതിവിവേചനത്തിനും അയിത്തത്തിനും വിധേയമായി ജീവിക്കുന്നവരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. ജാതിവിവേചനത്തിന്റെ ഭാഗമായി ഓരോ 18 മിനിറ്റിലും ഒരു ദളിതന്‍ ക്രൂരമായി കൈയേറ്റം ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ദിവസം ശരാശരി മൂന്ന് ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ആഴ്ചയില്‍ ആറ് ദളിതരെയെങ്കിലും തട്ടിക്കൊണ്ടുപോകുകയോ കൊല്ലുകയോ ചെയ്യുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അയിത്താചാര നിരോധന നിയമങ്ങള്‍ പാഴ്വാക്കായി അവശേഷിക്കുന്നു. ദേശീയതലത്തില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവും തൊഴില്‍സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍, അവ ഇന്നേവരെ പൂര്‍ണമായും കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യയിലെ 11 സംസ്ഥാനത്ത് തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. 38 ശതമാനം സ്കൂളുകളില്‍ ജാതിവിവേചനമുണ്ട്. 27 ശതമാനം ദളിത് ജനതയ്ക്ക് പൊലീസ് സ്റ്റേഷനിലും 25 ശതമാനംപേര്‍ക്ക് റേഷന്‍കടയിലും കയറാന്‍ സ്വാതന്ത്യ്രമില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ ദളിതരുടെ താമസസ്ഥലത്തേക്ക് പോകാന്‍ വിസമ്മതിക്കുന്നു. ദളിതര്‍ക്കുള്ള എഴുത്തുകള്‍ വീട്ടിലെത്തിക്കാന്‍ ഉത്തരേന്ത്യന്‍മേഖലയിലെ തപാല്‍ജീവനക്കാര്‍ തയ്യാറാകുന്നില്ല. പല പഞ്ചായത്ത് ഓഫീസുകളിലും ദളിതര്‍ക്ക് പ്രവേശനമില്ല. അവരുടെ വിവാഹഘോഷയാത്ര പൊതുവഴിയിലൂടെ നീങ്ങിയാല്‍ ആക്രമിക്കപ്പെടും. മൃതദേഹം സ്വന്തം കൂരയ്ക്കുള്ളില്‍ സംസ്കരിക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടാകുന്നു. മണ്‍മറഞ്ഞുപോയ ജാതിമേധാവിത്ത ചരിത്രം ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുന്നു. നീതിയോ, നിയമമോ, ശിക്ഷയോ ഒന്നും ജാതിവെറിയന്മാര്‍ക്ക് പ്രശ്നമല്ല. ഭരണഘടനയുടെ അനുശാസനങ്ങള്‍ മത/ജാത്യാചാരങ്ങള്‍ക്ക് വഴിമാറുന്നു. നിയമ/നീതിപാലകര്‍ ഈ നരവേട്ടയ്ക്കെതിരെ വിരലനക്കാനാകാതെ മാറിനില്‍ക്കുന്നു. ഗ്രാമാന്തരങ്ങളില്‍ സമാന്തര ഫ്യൂഡല്‍അധികാരിവര്‍ഗങ്ങള്‍ നിയമപാലകരായി വിരാജിക്കുന്ന കാഴ്ച. അധികാരവികേന്ദ്രീകരണത്തിന്റെ കളിത്തൊട്ടിലായ തദ്ദേശഭരണസ്ഥാപനങ്ങള്‍ ജാതി– മതാതിഷ്ഠിത അനാചാരങ്ങളുടെ മുന്നില്‍ മുട്ടുകുത്തുന്നു.

ജാതിലഹളയുടെ ഭാഗമായി ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. 2001നും 2012 നുമിടയില്‍ 26,378 പേരാണ് കൊല്ലപ്പെട്ടത്. 10,845 പേരുടെ കൊലപാതകവുമായി തമിഴ്നാട് തൊട്ടുപുറകിലുണ്ട്. മഹാരാഷ്ട്ര, ബിഹാര്‍, ഹരിയാന,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സവര്‍ണമേധാവിത്തത്തിന്റ കൊടുംക്രൂരത അരങ്ങേറുന്നു. ചെറിയ സംഭവങ്ങള്‍ സര്‍ക്കാരിന്റെ രേഖയിലോ മാധ്യമശ്രദ്ധയിലോ വരാറില്ല. പുറംലോകം അറിഞ്ഞവ ഒരിക്കലും മറക്കാന്‍ കഴിയുന്നതുമല്ല. 2006ല്‍ മധ്യപ്രദേശിലെ ഖൈര്‍റാഞ്ചിയില്‍ ദളിത് കുടുംബത്തിലെ നാലുപേരെ കൊന്നൊടുക്കിയത് അവര്‍ വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിച്ചു എന്നതിനാലാണ്. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബിഹാറില്‍ ഭൂവുടമകളുടെ ഗുണ്ടാസംഘം രണ്‍വീര്‍സേന നിരന്തരം ദളിത്വേട്ട നടത്തുന്നു. ദളിതനായ മുഖ്യമന്ത്രി സന്ദര്‍ശിച്ച അമ്പലത്തിലെ വിഗ്രഹങ്ങള്‍ കഴുകിത്തുടച്ച് സവര്‍ണര്‍ ശുദ്ധികലശം നടത്തിയ വാര്‍ത്ത പുറത്തുവന്നു. തെഞ്ഞെടുപ്പില്‍ സംവരണ സീറ്റില്‍ മത്സരിച്ചതിന് ബിഹാറിലെ ഭോജ്പുരില്‍ അഞ്ചു സ്ത്രീകളെ കുടിയൊഴിപ്പിച്ചു. പഞ്ചാബില്‍ താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചു. കോണ്‍ഗ്രസും ബിജെപിയും ജാതിഭേദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പാര്‍ടികളെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ ഒരുപോലെ എതിര്‍ക്കുന്നു. അടുത്തകാലത്ത് കേരളത്തിലും ജാതിധ്രുവീകരണവും അസഹിഷ്ണുതയും വര്‍ധിച്ചതായി കാണാം. വിലക്കേര്‍പ്പെടുത്തുന്ന ആരാധനാലയങ്ങളും മിശ്രവിവാഹത്തെ പരസ്യമായി എതിര്‍ക്കുന്ന പുരോഹിതന്മാരും സ്ത്രീകള്‍ രണ്ടാംതരമെന്ന് പരസ്യമായി പ്രസ്താവിക്കാന്‍ മടികാണിക്കാത്ത മതപണ്ഡിതന്മാരും സമൂഹത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നത് വലിയ ആപത്തുകളാണ്.

മണ്‍മറഞ്ഞുപോയ ദുഷിപ്പുകളാകെ തിരികെക്കൊണ്ടുവരാന്‍ വെമ്പല്‍കൊള്ളുന്ന ആര്‍എസ്എസ്, ദളിതന്റെ സാമൂഹ്യക്രമത്തിന് കാതലായ മാറ്റത്തിന് വഴിതെളിച്ച സംവരണംതന്നെ എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നു. സമത്വമുന്നേറ്റ യാത്ര എന്ന ജാതിയാത്ര സംഘടിപ്പിക്കാന്‍ ഇവിടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടു. പാളേല്‍ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന അവസ്ഥയ്ക്കെതിരെ പാളേല്‍ കഞ്ഞി കുടിക്കില്ല, തമ്പ്രാനെന്ന് വിളിക്കില്ല എന്ന് ചങ്കൂറ്റത്തോടെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാടാണ് നമ്മുടേത് എന്ന ചരിത്രം ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണഗുരു അടക്കമുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അതിനു ഘടകവിരുദ്ധമായ സന്ദേശവുമായാണ് മഹാപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഇറങ്ങിത്തിരിക്കുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരക്കാരുടെ ബോധപൂര്‍വമായ പരിശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല.

കേരളത്തിലെ ദളിത് ജനവിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കായി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നിരവധി കാര്യങ്ങള്‍ നടപ്പാക്കി. അതിന്റെ ഫലമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പട്ടികജാതി– പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടു. ദളിത് ജനവിഭാഗത്തിനായി നിരവധി കാര്യങ്ങള്‍ചെയ്തു എന്ന് യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, 35 ലക്ഷത്തില്‍പ്പരം വരുന്ന ഈ ജനവിഭാഗത്തിന്റെ അവസ്ഥ ഏറെ പിന്നോക്കംപോകുകയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തൊഴുത്തിന് സമാനമായ വീടുകളില്‍ ആടുജീവിതം നയിക്കുന്നതും കുട്ടികള്‍ വിശപ്പടക്കാന്‍ മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തേടുന്നതുമായ വാര്‍ത്തകള്‍ പുറത്തുവരുന്നു.

ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയതുമൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് ദളിത് വിഭാഗമാണ്. പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ കുറയുകയും സ്വകാര്യ മേഖല ശക്തിപ്പെടുകയും ചെയ്യുന്നു. സ്വകാര്യ– എയ്ഡഡ് മേഖലകളിലെ തൊഴിലിന് ഒരു സംവരണതത്വവും നിലവിലില്ല. എയ്ഡഡ് മേഖലയിലെ ജോലിക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി പരാമര്‍ശത്തിന് നാളിതുവരെ ഈ സര്‍ക്കാര്‍നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിന്മേലുള്ള നിലപാട് സംബന്ധിച്ച ചോദ്യത്തിന് ഉത്തരംനല്‍കാന്‍ കൂട്ടാക്കാത്തത് സര്‍ക്കാരിന്റെ കള്ളക്കളി വെളിവാക്കുന്നു.

ഡോ. അംബേദ്കറുടെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ ആറ് സംവരണ സംരക്ഷണദിനമായി ആചരിക്കാന്‍ ദേശീയതലത്തില്‍ദളിത് ശോഷണ്‍മുക്തി മഞ്ചും കേരളത്തില്‍ പട്ടികജാതി ക്ഷേമ സമിതിയും തീരുമാനിച്ചിരിക്കുകയാണ്. ദളിതരും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളും ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ സമാന ചിന്താഗതിക്കാരുടെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്

(ദളിത് ശോഷണ്‍മുക്തി മഞ്ച് കണ്‍വീനറാണ് ലേഖകന്‍)

- See more at: http://deshabhimani.com/news-articles-all-latest_news-521814.html#sthash.NsM4DKth.dpuf

No comments:

Blog Archive