Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, June 19, 2018

അപാര്‍ടു്മെന്റു് ഉടമകളുടെ നിയമപരമായ അവകാശം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക - 1983 ലെ അപാര്‍ടു് മെന്റു് ഓണര്‍ഷിപ്പു് ആക്ടു് പ്രകാരം അപാര്‍ടു്മെന്റുടകളുടെ രേഖകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍മാര്‍ക്കു് നിര്‍ദ്ദേശം നല്‍കുക

കേരളത്തിന്റെ പാര്‍പ്പിടാവശ്യവും സ്ഥലപരിമിതിയും ജനസാന്ദ്രതയും കണക്കിലെടുത്തു് ബഹുനില കെട്ടിടങ്ങളിലെ അപാര്‍ടു് മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു് വേണ്ടി അപാര്‍ടു്മെന്റു് ഒരു ആസ്തി ഖണ്ഡമായി കണക്കാക്കി അവയുടെ കൈമാറ്റവും പിന്തുടര്‍ച്ചാവകാശവും ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ചു് നിയമ പുസ്തകത്തില്‍ ഒരു നിയമം എഴുതി ചേര്‍ത്തിട്ടുണ്ടു്. കേരള അപാര്‍ടു്മെന്റു് ഓണര്‍ഷിപ്പു് ആക്ടു് 1983. അപാര്‍ടു്മെന്റിനോടൊപ്പം അതിന്റെ പൊതു ഇടങ്ങളുടെ ഓഹരിയും ഓരോ ഉടമയ്ക്കും കൈമാറ്റം ചെയ്യപ്പെടുന്നു. എന്നാല്‍, ആ ഓഹരികള്‍ കൂട്ടിച്ചേര്‍ത്തു് ഉടമകളുടെ കൂട്ടായ്മ കേരളത്തില്‍ നിലവിലില്ല. പകരം, ധര്‍മ്മ സ്ഥാപനം രജിസ്റ്ററാക്കല്‍ നിയമപ്രകാരമുള്ള കൂട്ടായ്മ സൃഷ്ടിച്ചു് അവയെക്കൊണ്ടു് മെയിന്റനന്‍സും സേവനങ്ങളും നല്‍കിപ്പിച്ചു് പൊതു ആസ്തികളുടെ ഉടമാവകാശം ബിര്‍ഡര്‍മാര്‍ സ്വന്തം കമ്പനിയില്‍ നിലനിര്‍ത്തുകയാണു്. ഓഹരി കൊണ്ടു് ഉടമാവകാശമോ നിയന്ത്രമണോ ഭരണാവകാശമോ ഉടമകള്‍ക്കു് ലഭിക്കുന്നില്ല. അതിനു് ഉടമകളുടെ അസോസിയേഷന്‍ തന്നെ വേണം. ധര്‍മ്മ സ്ഥാപനം മതിയാകില്ല. അതാണു് 1983 ആക്ടു് ഉറപ്പാക്കുന്നതു്. പക്ഷെ, കേരളത്തില്‍ അതു് ഒരിടത്തും നടപ്പാക്കപ്പെട്ടിട്ടില്ല.

കേരളത്തിന്റെ ജനാധിപത്യ വികാസ നിലവാരത്തിനു് നേരെ കൊഞ്ഞനം കുത്തുന്ന ഒന്നാണു് നാളിതു് വരെ നടപ്പാക്കപ്പെടാത്ത ഈ നിയമം. മഹാരാഷ്ട്രയിലെ നിയമത്തിന്റെ പകര്‍പ്പാണിതു്. അവിടെ അതു് ഏറിയും കുറഞ്ഞും നടപ്പാക്കപ്പെടുന്നു. ഇവിടെ ഉദ്യോഗസ്ഥരും ബില്‍ഡര്‍മാരും ചേര്‍ന്നുള്ള കള്ളക്കളിയിലൂടെ ഈ നിയമം നടപ്പാക്കപ്പെടാതെ അപാര്‍ടു്മെന്റു് വാങ്ങുന്ന മുഴുവന്‍ ഉടമകളും കബളിപ്പിക്കപ്പെടുന്നു.

അപാര്‍ടു്മെന്റിരിക്കുന്ന കെട്ടിടത്തിലെ വില്കപ്പെടുന്ന അപാര്‍ടു്മെന്റുകളൊഴിച്ചുള്ള കെട്ടിടത്തിന്റെ പൊതു ഭാഗങ്ങളും അതിരിക്കുന്ന സ്ഥലവും മറ്റു് അനുബന്ധ സൌകര്യങ്ങളും ഈ നിയമം നടപ്പാക്കപ്പെട്ടാല്‍ വാങ്ങുന്നവരുടെ ജനാധിപത്യ കൂട്ടായ്മയുടെ ഉടമസ്ഥതയിലാകും. അതില്ലെങ്കില്‍ അവ ബില്‍ഡറുടേയോ പ്രൊമോട്ടറുടേയോ പേരില്‍ നിലകൊള്ളും. ഭാവിയില്‍ അവ പുനര്‍ നിര്‍മ്മിക്കേണ്ടി വരുമ്പോഴായിരിക്കും ഉടമകള്‍ കബളിപ്പിക്കപ്പെടുക. പഴയ ബില്‍ഡറല്ലാതെ മറ്റാര്‍ക്കും അതു് പുനര്‍നിര്‍മ്മിക്കാനാവില്ല. ഇന്നു് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ജനാധിപത്യ കൂട്ടായ്മകളെല്ലാം ദൈനന്തിന നടത്തിപ്പിനും ക്ഷേമസൌകര്യങ്ങള്‍ ഒരുക്കുന്നതിനും മാത്രം അധികാരമുള്ള ധര്‍മ്മ സ്ഥാപനങ്ങളായാണു് പ്രവര്‍ത്തിപ്പിക്കപ്പെടുന്നതു്. മേല്‍ ആക്ടിന്റെ പരിധിയിലായാല്‍ അത്തരം കൂട്ടായ്മകള്‍ക്കു് സ്വത്തു് കൈകാര്യ ചെയ്യാനും ലാഭം ഉണ്ടെങ്കില്‍ അതു് വീതിക്കാനും അവകാശാധികാരങ്ങളുള്ളപ്പോള്‍ ചാരിറ്റബില്‍ ട്രസ്റ്റു് ആക്ടനുസരിച്ചു് നിലവിലുള്ള കൂട്ടായ്മകള്‍ക്കു് അതിനു് അനുവാദമില്ല. അവ സമൂഹത്തിന്റെ ട്രസ്റ്റി എന്ന നിലയില്‍ മിച്ചം സമൂഹത്തിനു് വേണ്ടി ചെലവാക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു. ഇതൊന്നുമറിയാതെ തങ്ങള്‍ക്കു് പൂര്‍ണ്ണ അധികാരാവകാശങ്ങളുണ്ടെന്ന മിഥ്യാ ബോധം വെച്ചു് പുലര്‍ത്തുന്നവരാണു് ഇന്നു് കേരളത്തിലെ അപാര്‍ടു്മെന്റു് ഉടമകളും അവരുടെ കൂട്ടായ്മകളും. 

ആക്ടിന്റെ പ്രധാന വകുപ്പുകള്‍
==1983 ആക്ടു്  പ്രകാരം അപാര്‍ടു് മെന്റു് ഉടമകളുടെ കൂട്ടായ്മ സൊസൈറ്റിയായോ സഹകരണ സംഘമായോ കമ്പനിയായോ രജിസ്റ്റര്‍ ചെയ്യാവുന്നതാണു്.
== കൂട്ടായ്മയുടെ രൂപമേതായാലും, അതിനു് വേണ്ടതു് മുഴുവന്‍ ഉടമകളും ഈ ആക്ടിന്റെ പരിധിയില്‍ വരാന്‍ സമ്മതമാണെന്നു് പ്രഖ്യാപിക്കുന്ന ആധാരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണു്.
== ആര്‍ക്കും ഈ കൂട്ടായ്മയില്‍ നിന്നു് ഒഴിഞ്ഞു് നില്കാനാവില്ല. കാരണം, അപാര്‍ടു്മെന്റു് വാങ്ങുന്നതിലൂടെ അത്തരം ഒരു കൂട്ടായ്മയില്‍ അവര്‍ സ്വയം ചേരുകയാണു് ചെയ്യുന്നതു്.
== സമ്മത പ്രഖ്യാപനാധാരം (ഫോറം എ) രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം സബ് രജിസ്ട്രാര്‍മാര്‍ക്കാണു് നിയമം നല്‍കിയിരിക്കുന്നതു്. അതിനാവശ്യമായ എല്ലാ രജിസ്റ്ററുകളും ഫോമുകളും ആക്ടിന്റെ അനുബന്ധമായി നിലവില്‍ വന്നിരിക്കുന്ന കേരള അപാര്‍ടു്മെന്റു് ഓണര്‍ഷിപ്പു് ചട്ടം 1994 ല്‍ പറഞ്ഞിട്ടുണ്ടു്. (പക്ഷെ, സബ് രജിസ്ട്രാര്‍മാര്‍ രജിസ്റ്റര്‍ ഇല്ലെന്ന കാരണം പറഞ്ഞു് അവ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല.)
== ബില്‍ഡറോ പ്രൊമോട്ടറോ ഈ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒറ്റ രജിസ്ട്രേഷന്‍ മതി. അവരതു് ചെയ്യുന്നില്ലെങ്കില്‍ വാങ്ങി ഉടമാവകാശം നേടിയ ഓരോ ഉടമയും അതു് രജിസ്റ്റര്‍ ചെയ്യണമെന്നാണു് നിയമം അനുശാസിക്കുന്നതു്. (മൊത്തം ഉടമയോ - Sole Owner അല്ലെങ്കില്‍ എല്ലാ ഉടമകളും - All Owners എന്നതാണു് പദപ്രയോഗം).
== ഫോറം എ (സമ്മത പ്രഖ്യാപനാധാരം) രജിസ്റ്റര്‍ ചെയ്തു് കഴിഞ്ഞാല്‍ ആ വിവരം അതിന്റെ വിശദാംശങ്ങളോടെ അംഗീകരിക്കപ്പെട്ട അധികാരി മുമ്പാകെ സമര്‍പ്പിക്കണം. എറണാകുളത്തു് അതു് ഡെപ്യൂട്ടി കളക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്മെന്റു്) ആണു്.
== അതു് രജിസ്റ്റര്‍ ചെയ്തതിന്റേയും ബന്ധപ്പെട്ട അധികാരിക്കു് സമര്‍പ്പിച്ചതിന്റേയും വിവരങ്ങളടങ്ങുന്നതാണു് അപാര്‍ടു്മെന്റു് സമര്‍പ്പിക്കുന്ന ആധാരം (ഫോറം ബി). അതു് വീണ്ടും സബ് രജിസ്ട്രാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യണം.
== അതേ സമയം തന്നെ ആക്ടില്‍ പറയുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു് അസോസിയേഷന്റെ നിയമാവലി തയ്യാറാക്കി അതും രജിസ്റ്റര്‍ ചെയ്യണം. (ഈ സംഘം ഒരു നിര്‍ബ്ബന്ധിത കൂട്ടായ്മയാണു്. ജനാധിപത്യപരമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്നതിനുള്ള വ്യവസ്ഥകളാണുള്ളതു്. കൂട്ടായ ആവാസ കേന്ദ്രങ്ങളും കൂട്ടായ അടുക്കളകളും കൂട്ടായ കൃഷിസ്ഥലങ്ങളടക്കം ഉല്പാദന കേന്ദ്രങ്ങളും അടങ്ങുന്ന ഭാവി സമൂഹ ജീവിതത്തിന്റെ പ്രാഗ് രൂപമായി ഇതിനെ കാണാം. വ്യക്തി സ്വാതന്ത്ര്യത്തിന്റേയും സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും ഉപാധി അടുക്കളയില്‍ നിന്നുള്ള വ്യക്തികളുടെ സ്വാതന്ത്രമാണെന്നതിനാല്‍ അതിനുള്ള സാധ്യതകളെല്ലാം ഈ സാമൂഹ്യ ജിവിതം ഉറപ്പാക്കുന്ന നിര്‍ബ്ബന്ധിത കൂട്ടായ്മയില്‍ ദര്‍ശിക്കാം)
== അതോടെ പൊതു ഇടങ്ങളും സ്ഥലവും അടക്കം പൊതു ആസ്തികളെല്ലാം ബില്‍ഡറുടേയോ പ്രൊമോട്ടറുടേയോ കൈകളില്‍ നിന്നു് ഉടമകളുടെ കൂട്ടായ്മയുടെ കൈവശമാകും.

പക്ഷെ ഈ നിയമം കേരളത്തില്‍ നടപ്പാക്കപ്പെടാതെ നോക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര്‍ക്കു് ഇതേ വരെ കഴിഞ്ഞു എന്നതാണു് ആശ്ചര്യകരമായിരിക്കുന്നതു്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേധാവികളും ബില്‍ഡര്‍മാരും ചേര്‍ന്നു് അതു് നാളിതു് വരെ സാധിച്ചിരിക്കുന്നു.

ഈ നിയമം നടപ്പാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണു് വൈറ്റിലയിലുള്ള മിസ്റ്റിക് ഹൈറ്റ്സ് 3 എന്ന അപാര്‍ടു്മെന്റു് സമുച്ചയത്തിലെ ഉടമകള്‍ ഏര്‍പ്പെട്ടിട്ടുള്ളതു്.

നിര്‍ദ്ദിഷ്ട അധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ ഉടമകളുടെ അപേക്ഷ അംഗീകരിച്ചു് ബന്ധപ്പെട്ട രേഖകളും അസോസിയേഷനും രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവു് നല്‍കി കഴിഞ്ഞു.

സബ് രജിസ്ട്രാര്‍ തൃപ്പൂണിത്തുറ ഇതിനുള്ള നടപടിക്രമം ആവശ്യപ്പെട്ടു് മേലധികാരിക്കു് ഉടമ നല്‍കിയ അപേക്ഷ  കൈമാറിയിരിക്കുകയാണു്.

രജിസ്ട്രേഷന്‍ നടത്താനുള്ള നിര്‍ദ്ദേശം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്നും ഉടമകള്‍ക്കു് കിട്ടിക്കഴിഞ്ഞിരിക്കുന്നു.  ഫോറം എ യോടൊപ്പം സമര്‍പ്പിക്കേണ്ട രേഖ അംഗീകൃത സൈറ്റു് പ്ലാനും ബില്‍ഡിങ്ങു് പ്ലാനുമാണു്. അതനുസരിച്ചുള്ള പൊതു ആസ്തികളുടെ വിവരങ്ങളാണു് നല്‍കേണ്ടതു്. എന്നാല്‍ അംഗീകൃത പ്ലാനില്‍ നിന്നു് വ്യതിചലിച്ചു് പലതും കാട്ടിക്കൂട്ടി അതെല്ലാം തങ്ങളുടേതാണെന്നു് വരുത്തി ഉടമകള്‍ നല്‍കുന്ന വിവരം ശരിയല്ലെന്നു് വാദിക്കാനാണു് ബില്‍ഡറുടെ ശ്രമം. ഇത്തരം നിയമ ലംഘനങ്ങള്‍ കൈക്കൂലി കൊടുത്തു് ഒതുക്കുകയാണു് ബില്‍ഡര്‍മാര്‍ ചെയ്യുന്നതു്. അതു് പ്രകാരം വരുന്ന മാറ്റങ്ങളുടെ പേരില്‍ ഉടമകള്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്നു് വാദിച്ചു് ജയിക്കാമെന്നാണു് ബില്‍ഡറുടെ ധാരണ. നിയമ ലംഘനങ്ങള്‍ സ്വന്തം കെട്ടിടത്തിലാണെങ്കില്‍ അതയാളെ മാത്രം ബാധിക്കുന്ന പ്രശ്നമാണു്. പക്ഷെ, പണം മുടക്കി അപാര്‍ടു്മെന്റു് വാങ്ങുന്നവര്‍ക്കു് വേണ്ടി കരാര്‍ പ്രകാരം ബില്‍ഡര്‍മാര്‍ നടത്തുന്ന നിര്‍മ്മാണത്തിലെ നിയമ ലംഘനം ഒരു കാരണവശാലും ബില്‍ഡര്‍മാരുടെ രക്ഷയ്ക്കെത്തില്ല. നിയമത്തിന്റെ പിടിയില്‍ അവര്‍ പെടുക തന്നെ ചെയ്യണം. അതേ സമയം ഉടമകള്‍ക്കു് കരാര്‍ പ്രകാരമുള്ള, അംഗീകൃത പ്ലാനുകള്‍ പ്രകാരമുള്ള ആസ്തികളും സൌകര്യങ്ങളും ലഭിക്കുകയും ചെയ്യണം. ഇത്തരം നിയമ ലംഘനങ്ങള്‍ക്കും വഞ്ചനയ്ക്കും തട്ടിപ്പിനുമുള്ള ശിക്ഷ ബില്‍ഡര്‍മാരെ കാത്തിരിക്കുന്നു.

ആയിരക്കണക്കിനു് ബില്‍‍ഡര്‍മാര്‍ക്കു് വേണ്ടി ലക്ഷക്കണക്കിനു് ഉടമകളെ വഞ്ചിക്കുകയാണു് കേരളത്തിലെ ഭരണകൂടവും ഉദ്യോഗസ്ഥരും ബില്‍ഡര്‍മാരും ചേര്‍ന്നു് ചെയ്യുന്നതു്. ഇതിനൊരറുതി വരുത്തുന്ന വളരെ നിര്‍ണ്ണായകവും ദൂരവ്യാപക ഫലങ്ങളുമുളവാക്കുന്ന ഒരു സമര രംഗത്താണു് വൈറ്റില മിസ്റ്റിക് ഹൈറ്റ്സ് 3 ലെ ഉടമകള്‍.

കേരളത്തിലെ ഇടതു് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റേയും അതിനു് നേതൃത്വം നല്‍കുന്ന സിപിഐ(എം) ന്റേയും രജിസ്ട്രേഷന്‍ വകുപ്പു് മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണിതു്. പ്രവാസികളടക്കം ലക്ഷക്കണക്കായ അപാര്‍ടു് മെന്റു് ഉടമകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്ന തീരുമാനവും നടപടികളും ഈ സര്‍ക്കാരില്‍ നിന്നു് അവര്‍ പ്രതീക്ഷിക്കുന്നു.

Blog Archive