Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, October 27, 2011

മുതലാളിത്തം സോഷ്യലിസത്തിനു് വഴിമാറിയേ തീരൂ.

- ജോസഫ് തോമസ് -

ലോകത്താകെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കു് വേണ്ടിയും കൂടുതല്‍ ജനാധിപത്യാവകാശത്തിനു് വേണ്ടിയും ജനങ്ങള്‍ വ്യാപകമായി സമരത്തിനിറങ്ങുന്ന കാഴ്ചയാണു് നാം കാണുന്നതു്. ആഗോളമായി ധനമൂലധനാധിപത്യത്തിന്റെ താല്പര്യപ്രകാരം നവ ഉദാരവല്‍ക്കരണം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണു് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു് വന്നിരിക്കുന്നതെന്നു് സമരത്തില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ധന മൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തിയ്ക്കെതിരേയാണു് ജനങ്ങളുടെ രോഷം അണപൊട്ടിയൊഴുകുന്നതു്. ഉദാരവല്‍ക്കരണത്തിനെതിരായ സമരങ്ങളുടെ ദിശയെന്താണു് ? എന്തായിരിക്കണം ? എന്തു കൊണ്ടാണു് ഉദാരവല്‍ക്കരണം എന്നു് മനസിലാക്കിയാല്‍ എന്താണു് പരിഹാരം എന്നതു് കണ്ടെത്താന്‍ എളുപ്പമാകും.

ഉയര്‍ന്നു് വരുന്ന പ്രക്ഷോഭത്തിന്നു് പിന്നില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും പാപ്പരീകരണമാണെന്നും അതിനു് കാരണമായി ഭവിച്ചിട്ടുള്ളതു് ധന മൂലധനം ആഗോളമായി അനുവര്‍ത്തിച്ചിട്ടുള്ള ഉദാരവല്‍ക്കരണ നയമാണെന്നും അതിന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ ധന മൂലധനത്തിനു് നല്‍കപ്പെടുന്ന അളവില്ലാത്ത സ്വാതന്ത്ര്യവും പൊതു മുതല്‍ കൊള്ളയും ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നതുമാണെന്നും സമരാവശ്യങ്ങളിലൂടെ വിശദമാക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി ഒരു വശത്തു് മൂലധനം കുന്നു് കൂടുമ്പോള്‍ മറുവശത്തു് ജനങ്ങളില്‍ ബഹു ഭൂരിപക്ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നു് വ്യക്തം.

ധന മൂലധന രൂപീകരണത്തേക്കുറിച്ചു് വളരെ ലളിതമായ വിശദീകരണം പ്രൊ. കെ എന്‍ ഗംഗാധരന്‍ തന്റെ ലേഖനത്തില്‍ (Deshabhimani Dated 25-Oct-2011 ) നല്‍കിയിട്ടുണ്ടു്. "ഉല്‍പ്പാദനത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയാണ് മുതലാളിത്ത രീതിയെങ്കില്‍ മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നപ്പോള്‍ ഓഹരി നിക്ഷേപമായി ലാഭത്തിന്റെ മാര്‍ഗം. ഉല്‍പ്പാദന മൂലധനത്തിന്റെ സ്ഥാനം ഓഹരി മൂലധനം ഏറ്റെടുത്തു. മുതലാളിത്തം വളര്‍ന്നപ്പോള്‍ വ്യവസായങ്ങള്‍ മാത്രമല്ല വികസിച്ചത്. ബാങ്കിങ് സ്ഥാപനങ്ങളും വളര്‍ന്നു. എണ്ണംകൊണ്ടും വണ്ണംകൊണ്ടും. വ്യവസായങ്ങള്‍ക്ക് മൂലധനം വേണം. അത് ബാങ്കുകള്‍ നല്‍കി. വ്യവസായങ്ങളുടെ ലാഭം ബാങ്കുകളിലേക്കൊഴുകി. ബാങ്കുകള്‍തന്നെ വ്യവസായങ്ങള്‍ ആരംഭിച്ചു. വ്യവസായികള്‍ ബാങ്കുകളും. വ്യവസായങ്ങളുടെ നിയന്ത്രണം ബാങ്കുകള്‍ കൈക്കലാക്കിയപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണം വ്യവസായികളും കൈയടക്കി. വ്യവസായ മൂലധനവും ബാങ്ക് മൂലധനവും ഇഴുകിച്ചേര്‍ന്നു. വിഭജനരേഖ ഇല്ലാതായി. രണ്ടും ചേര്‍ന്ന് ധനമൂലധനമായി മാറി."

വ്യവസായത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുന്ന മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ലാഭത്തിനടിസ്ഥാനം വ്യവസായ തൊഴിലാളികളില്‍ നിന്നു് വലിച്ചെടുക്കപ്പെടുന്ന മിച്ചമൂല്യമാണു്. കൂലി കൊടുത്തു് അദ്ധ്വാന ശേഷി വിലയ്ക്കു് വാങ്ങി അദ്ധ്വാനത്തിന്റെ ഉല്പന്നം കൈക്കലാക്കി, അവ കമ്പോളത്തില്‍ വിറ്റു് കിട്ടുന്ന തുകയില്‍ നിന്നു് മൂലധനച്ചെലവുകളും അസംസ്കൃത സാധനങ്ങളുടെ വിലയും കൂലിയും കഴിച്ചു് ബാക്കി വരുന്നതാണു് വ്യവസായ മൂലധനത്തിന്റെ ലാഭം. ഉല്പന്നത്തിന്റെ ചരക്കു് രൂപവും കൂലിയുടെ പണരൂപവും കൂലിവ്യവസ്ഥയിലടങ്ങിയ ചൂഷണം മറച്ചു് വെയ്ക്കാന്‍ മുതലാളിത്തത്തെ സഹായിക്കുന്നു. വ്യവസായത്തില്‍ നടക്കുന്ന മൂല്യ വര്‍ദ്ധനവിനടിസ്ഥാനം തൊഴിലാളിയുടെ അദ്ധ്വാനശേഷിയെന്ന ഒരേ ഒരു സജീവ ഘടകമാണു്. മറ്റെല്ലാം മുന്‍കാലാദ്ധ്വാനം ഈട്ടം കൂടിയതോ പ്രകൃതി വിഭവങ്ങളോ മാത്രമാണു്. അവയൊന്നും മൂല്യവര്‍ദ്ധന വരുത്തുന്നില്ല. അതിനാല്‍, ആ ഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ തൊഴിലാളികളെ പണിക്കു് വെച്ചു് കൂടുതല്‍ കൂടുതല്‍ ഉല്പാദനം നടത്തിച്ചു് കൂടുതല്‍ കൂടുതല്‍ കമ്പോളം കണ്ടെത്തി കൂടുതല്‍ കൂടുതല്‍ ചരക്കു് വിറ്റു് കൂടുതല്‍ കൂടുതല്‍ മുച്ചമൂല്യം നേടുക എന്നതായിരുന്നു പ്രവര്‍ത്തന രീതി. കിട്ടുന്ന മിച്ചമൂല്യം ഭൂവുടമയുടെ വാടകയായും ബാങ്കു് വായ്പയ്ക്കു് പലിശയായും സര്‍ക്കാരിനു് നികുതിയായും ഉദ്യോഗസ്ഥനു് കൈക്കൂലിയായും ബാക്കി വ്യവസായ മുതലാളി തന്റെ ലാഭമായും പങ്കു് വെച്ചു. ലാഭത്തില്‍ നിന്നു് ഭാവി നിക്ഷേപമൂലധനം സ്വരൂപിക്കുകയും ചെയ്തു. ഇതിലൂടെയാണു് മൂലധനവും ഉല്പാദനക്കഴിവും ഉല്പാദനക്ഷമതയും ഉല്പാദനവും വളര്‍ന്നതു്. ഈ ഘട്ടത്തില്‍ മുതലാളിത്തം പുരോഗമന പരമായിരുന്നു. കൂടുതള്‍ സമ്പത്തുല്പാദിപ്പിച്ചു. കൂടുതല്‍ ജനങ്ങള്‍ക്കു് തൊഴില്‍ നല്‍കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി. കൂടുതല്‍ ചരക്കുകള്‍ കമ്പോളത്തിലെത്തിച്ചു. ഒട്ടേറെ പുതിയ ചരക്കുകള്‍ ഉല്പാദിപ്പിച്ചു് ലഭ്യമാക്കുന്നതിലൂടെ പൊതുവെ സമൂഹത്തിന്റെ ക്ഷേമത്തിനു് കാരണമായിട്ടുണ്ടു്.

ധന മൂലധനം രൂപപ്പെട്ടപ്പോള്‍ മൂലധന ഘടനയിലും മൂലധന വിന്യാസത്തിലുമുണ്ടാക്കിയ മാറ്റം മുതലാളിത്ത വ്യവസ്ഥയോടു് അവരുടെ കൂട്ടായ ഉത്തരവാദിത്വത്തിനും മൊത്തം മൂലധന വ്യവസ്ഥയുടെ നിലനില്പിനും വ്യക്തികളായ മുതലാളിമാരുടെ സംരക്ഷണത്തിനുമൊക്കെ ഉപകരിച്ചപ്പോഴും പുതിയൊരു പ്രതിസന്ധിയുടെ വിത്തും അതു് സൃഷ്ടിച്ചു. നാളതു് വരെ വ്യവസായത്തില്‍ നിക്ഷേപിച്ച മൂലധനത്തിനു് മാത്രം മിച്ചമൂല്യം കിട്ടിയാല്‍ മതിയായിരുന്നു. കെട്ടിക്കിടക്കുന്ന മൂലധനത്തിനു് മിച്ച മൂല്യം കിട്ടില്ലായിരുന്നു. അന്നു് അതായിരുന്നു മൂലധനത്തെ സജീവമാക്കുന്നതിനുള്ള പ്രേരക ഘടകം. ലാഭം കിട്ടണമെങ്കില്‍ വ്യവസായത്തില്‍ നിക്ഷേപിക്കണം. സംരംഭകത്വം കാട്ടണം. ധനമൂലധനം രൂപപ്പെട്ടതോടെ മൊത്തം മൂലധനത്തിനുമായി ലാഭം വീതിക്കേണ്ടി വന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ലാഭം കാണിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഓഹരി കമ്പോളത്തില്‍ അതു് പ്രതിസന്ധി സൃഷ്ടിക്കും. മുതലാളിത്തത്തിന്റെ പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഓഹരി കമ്പോള തകര്‍ച്ചയ്ക്കും തുടര്‍ന്നു് വ്യവസ്ഥാ പ്രതിസന്ധിയ്ക്കും അതു് കാരണമാകും.

അതേ സമയം, തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതു് പോലെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യം മുതലാളിത്തത്തിന്റെ സുഗമമായ പുരോഗതിക്കു് തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഉല്പാദന-വിതരണ-വിനിമയ പ്രവര്‍ത്തനങ്ങളിലൂടെ കമ്പോളത്തിലേക്കു് കൂടുതലായി എത്തുന്നതിനേക്കാളധികം വിഭവം ചരക്കുകളുടെ വിലയായി തിരിയെ പിടിച്ചാണു് മേല്പറഞ്ഞ മിച്ചവും അതില്‍ നിന്നു് ലാഭവും അതിലൂടെ മൂലധനവും സ്വരൂപിക്കുന്നതെന്നതിനാല്‍ വര്‍ദ്ധിച്ച ഉല്പദനത്തിലൂടെ കമ്പോളത്തിലെത്തിയ ചരക്കുകളെല്ലാം വിറ്റഴിയപ്പെടാതാകും. ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളും ഉല്പാദനം കുറയ്ക്കാന്‍ വ്യവസായ മുതലാളിയും നിര്‍ബ്ബന്ധിതരാകും. കമ്പോള മാന്ദ്യം നേരിടും. വിദേശ കമ്പോളം കുറേക്കാലം പരിഹാരമായിരുന്നു. വിവിധ മൂലധന വിഭാഗങ്ങള്‍ വിദേശ കമ്പോളം കയ്യടക്കി കോളനികളാക്കി അധിക ചൂഷണവും നടത്തി. ഇതെല്ലാം സംഭവിച്ചുകൊണ്ടേയിരുന്നു. ആവര്‍ത്തിച്ചു് പ്രത്യക്ഷപ്പെടുന്ന പ്രതിസന്ധി പല മുതലാളിമാരേയും ദീവാളി കുളിപ്പിച്ചു് കൊണ്ടുമിരുന്നു.

വ്യക്തികളായ മുതലാളിമാര്‍ പാപ്പരാകാതെ തടിതപ്പാനുള്ള മാര്‍ഗ്ഗം കമ്പനി രൂപീകരണത്തിലൂടെ കണ്ടെത്തിയിരുന്നു. നഷ്ടം ഉണ്ടായാല്‍ ഓഹരി ഉടമകള്‍ക്കു് മാത്രമായും അതിന്റെ പരിധി ഓഹരി നിക്ഷേപത്തോളം മാത്രവും എന്നതായിരുന്നു ലിമിറ്റഡ് കമ്പനിയുടെ തത്വം. എത്ര നഷ്ടമുണ്ടായാലും ഓഹരിയില്‍ കൂടുതല്‍ ബാധ്യത നിക്ഷേപകനില്ല. ലാഭമുണ്ടെങ്കില്‍ ഓഹരി ഉടമകള്‍ക്കു് വീതിച്ചു് കിട്ടും. പക്ഷെ, കമ്പനിയുടെ യഥാര്‍ത്ഥ നില അറിയുന്ന നടത്തിപ്പുകാര്‍ നഷ്ടമുണ്ടാകുന്നതിനോ നഷ്ടം പ്രഖ്യാപിക്കുന്നതിനോ മുമ്പേ തങ്ങളുടെ ഓഹരി കൈമാറി തടി കഴിച്ചിലാക്കും. അവസാന നഷ്ടം കമ്പനിയുമായി ബന്ധമില്ലാത്ത ഓഹരി ഉടമകള്‍ക്കു് മാത്രമായി ചുരുങ്ങും. കമ്പനികളില്‍ നിന്നു് സമ്പത്തു് ചോര്‍ത്തിയെടുത്തു് മൂലധനം പെരുപ്പിക്കാന്‍ നടത്തിപ്പുകാരെ സഹായിക്കുന്നതുമായി മാറി ഈ സംവിധാനം. വ്യവസ്ഥാ പ്രതിസന്ധി തരണം ചെയ്യാനായി നടന്ന ശ്രമമാണു് ധന മൂലധനത്തിന്റെ രൂപീകരണത്തിലേക്കു് നയിച്ചതു്. അതിലൂടെ മുതലാളിത്തം ഒരൊറ്റ സ്ഥാപനമെന്ന നിലയില്‍ പ്രതിസന്ധി നേരിടാമെന്നതായിരുന്നു നോട്ടം.

മറ്റൊരു വശത്തു്, ഓഹരി കൈമാറ്റങ്ങളിലൂടെയും സംയോജനത്തിലൂടെയും ഏറ്റെടുക്കലിലൂടെയും വ്യവസായ സാമ്രാജ്യങ്ങള്‍ രൂപപ്പെട്ടപ്പോള്‍ ഓരോ വിഭാഗവും തങ്ങളുടെ നിലനില്പിനായി മത്സരത്തിലേര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരായി. വിവിധ മുതലാളിത്ത വിഭാഗങ്ങള്‍ തമ്മില്‍ കമ്പോളത്തിനായി കടിപിടി കൂടി. കമ്പോളത്തിനു് വേണ്ടിയുള്ള മത്സരം മാത്രമല്ല, ആയുധമെടുത്തുള്ള പോരാട്ടങ്ങല്‍ തന്നെ നടത്തി. അതിന്റെ ഭാഗമായി പ്രാദേശിക യുദ്ധങ്ങളിലും തുടര്‍ന്നു് രണ്ടു് ലോക മഹാ യുദ്ധങ്ങളിലും മുതലാളിത്തം ഏര്‍പ്പെട്ടതു് നാം കണ്ടു. സാമ്രാജ്യത്വ ഘട്ടത്തില്‍ റഷ്യയില്‍ തൊഴിലാളി വര്‍ഗ്ഗം അധികാരം പിടിച്ചെടുത്തതു് കുറേ കമ്പോളം നഷ്ടപ്പെടാനിടയാക്കി. പ്രതിസന്ധി മൂര്‍ച്ഛിക്കാനതു് കാരണമായി. മാത്രമല്ല, സോഷ്യലിസത്തിന്റെ ഉദയം തൊഴിലാളി ക്ഷേമം ഉറപ്പാക്കാനുള്ള സമ്മര്‍ദ്ദവും ലോകത്താകെ മുതലാളിത്തത്തിനു് മേല്‍ ചെലുത്തി. ക്ഷേമ ചെലവു് പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗമായി കെയിന്‍സിനേപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നോട്ടു് വെയ്ക്കുകയുമുണ്ടായി.

രണ്ടാം ലോക യുദ്ധാനന്തരം സോഷ്യലിസ്റ്റു് ചേരി വിപുലപ്പെടുകയും കോളനി വ്യവസ്ഥ അവസാനിക്കുകയും ചെയ്തതു് മുതലാളിത്ത കമ്പോളം വീണ്ടും ചുരുങ്ങാനിടയാക്കി. മുതലാളിത്തത്തിന്റേയും ആഗോള ധന മൂലധനത്തിന്റെ കേന്ദ്രീകരണമായ സാമ്രാജ്യത്വത്തിന്റേയും ഇടപെടല്‍ ശേഷി ഗണ്യമായി പരിമിതപ്പെട്ടു. മാത്രമല്ല, ഉല്പാദന-വ്യാപാര മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും ഓഹരി കമ്പോള പ്രതിസന്ധിയുമൊന്നും ഇനിമേല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചെലവില്‍ പരിഹരിക്കാനാവില്ല എന്ന സ്ഥിതിയും സൃഷ്ടിച്ചു. കാരണം, ബദല്‍ വ്യവസ്ഥ ശക്തമായി നിലവില്‍ വന്നു. അതിനാല്‍ പ്രതിസന്ധി ഉണ്ടാകാതെ നോക്കാനും അതോടൊപ്പം പ്രതിസന്ധി ഉണ്ടായാല്‍ അതു് മറച്ചു് പിടിക്കാനുമുള്ള തന്ത്രങ്ങള്‍ അവിഷ്കരിക്കാന്‍ മുതലാളിത്തം നിര്‍ബ്ബന്ധിതമായി. അദൃശ്യാസ്തികളും അദൃശ്യ ചരക്കുകളും അടങ്ങുന്ന സമാന്തര സമ്പദ്ഘടന തന്നെ രൂപപ്പെടുത്തപ്പെട്ടു. അതു് പിറകേ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ടു്.

തുടര്‍ന്നിങ്ങോട്ടു് മുതലാളിത്തത്തിന്റെ പ്രയാണം വലിയ പ്രതിസന്ധി രഹിതമായിട്ടാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇടക്കിടെ പ്രതിസന്ധി രൂപപ്പെട്ടിരുന്നെങ്കിലും അവയില്‍ നിന്നു് കരകയറിയുമിരുന്നു. ഇടയ്ക്കിടെ ചെറിയ കുതിപ്പു് രേഖപ്പെടുത്തിയിരുന്നെങ്കിലും മുതലാളിത്തത്തെ പ്രതിസന്ധി വിട്ടൊഴിയാതെ തുടര്‍ന്നു പോന്നു. എങ്കിലും അതില്‍ നിന്നൊക്കെ കരകയറാന്‍ മുതലാളിത്തം പ്രാപ്തമാണെന്ന സന്ദേശം ലോകത്തിനു് നല്‍കപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധാനന്തര ഘട്ടത്തില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സാമ്പത്തിക സഹായം കൊടുക്കുന്നുവെന്ന പേരിലുള്ള ഉപാധികളിലൂടെ അവരുടെ കമ്പോളത്തില്‍ പ്രവേശനം നേടി മുതലാളിത്ത കുതിപ്പു് സൃഷ്ടിക്കാനോ പ്രതിസന്ധി തല്കാലത്തേയ്ക്കു് ഒഴിവാക്കാനോ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സമ്പത്തിന്റെ ഒഴുക്കു് അവികസിത-വികസ്വര നാടുകളില്‍ നിന്നു് വികസിത നാടുകളിലേയ്ക്കായിരുന്നു. അതു് പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചിട്ടുണ്ടു്. തുടര്‍ന്നു് ഒരു ഘട്ടത്തില്‍ സേവനങ്ങളെല്ലാം ചരക്കുകളായി കണക്കാക്കണമെന്നും അവയിലുള്ള വ്യാപാരത്തിനും കമ്പോളം തുറന്നു് കിട്ടണെന്നുമുള്ള വാദഗതി ഉയര്‍ത്തി കമ്പോളം വികസിപ്പിച്ചു.

ശക്തമായൊരു സോഷ്യലിസ്റ്റു് ചേരിയുടെ നിലനില്പും അതിന്റെ സഹായത്തോടെ ശക്തിപ്പെട്ടു് വികസിച്ചു് വന്ന ചേരിചേരാതെ നിന്ന രാജ്യങ്ങളുടെ സമ്പദ്ഘടനകളും അക്കാലത്തെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടിന്റെ തുടക്കത്തില്‍ സോവിയറ്റു് വ്യവസ്ഥയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലെ സോഷ്യലിസ്റ്റു് ഭരണങ്ങള്‍ക്കും ഏറ്റ തിരിച്ചടി ധനമൂലധനാധിപത്യത്തിനു് വലിയൊരാശ്വാസമായി. അതോടെ ഏക ധ്രുവ ലോക ക്രമം സാധ്യമായെന്ന ഹുങ്കോടെ സാമ്രോജ്യത്വ കടന്നാക്രമണം ശക്തമാക്കപ്പെട്ടു.

എന്നാല്‍ മുതലാളിത്ത കമ്പോളത്തിലേയ്ക്കു് കൂട്ടിച്ചേര്‍ക്കപ്പെട്ട സോവിയറ്റു്-കിഴക്കന്‍ യൂറോപ്യന്‍ നാടുകള്‍ ധനമൂലധന ചൂഷണത്തിനു് പ്രതീക്ഷിച്ചതു് പോലെ പ്രയോജനപ്പെട്ടില്ല. അവയുടെ നിലനില്പിനു് സഹായം കൊടുക്കേണ്ട ഗതികേടിലായി സാമ്രാജ്യത്വം. അവയില്‍ പലതും സാമ്രാജ്യത്വ ചൂഷണത്തിനു് നിന്നു് കൊടുക്കാന്‍ തയ്യാറായില്ല. അവിടങ്ങളിലെ സാമൂഹ്യ സമ്പത്തു് കൊള്ളയടിച്ചു് രൂപപ്പെട്ട പുത്തന്‍ മൂലധന മാഫിയകള്‍ സാമ്രാജ്യത്വത്തിനു് ബാദ്ധ്യതകളാകുന്ന സ്ഥിതിയും ഉണ്ടായി.

അതേ സമയം, സാമ്രാജ്യത്വ നായകനായ അമേരിക്കയുടെ അടുക്കള മുറ്റമായി പരിഗണിക്കപ്പെട്ടിരുന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഇക്കാലത്തു് സാമ്രാജ്യത്വ ചൂഷണത്തിന്റെ കാഠിന്യം മൂലം അതിനെതിരായ ജനകീയ മുന്നേറ്റങ്ങളിലൂടെ സാമ്രാജ്യത്വ സ്വാധീനത്തിനു് പുറത്തു് കടന്നു.

ഇതെല്ലാം ധനമൂലധനാധിപത്യത്തിന്റെ മേധാവിത്വം പണ്ടേപ്പോലെ നിലനിര്‍ത്താന്‍ കഴിയാത്ത ലോക സാഹചര്യം സൃഷ്ടിച്ചു. ലോകമാകെ നിലനിര്‍ത്തിപ്പോന്ന സൈനിക കേന്ദ്രങ്ങളും സംഘര്‍ഷ മേഖലകളും സാമ്രാജ്യത്വ നേതൃത്വത്തിനു് വലിയ ബാധ്യതകളായി മാറി. സാമ്രാജ്യത്വ നേതൃത്വം തന്നെ ഇന്നു് അമേരിക്കയക്കു് ബാദ്ധ്യതയായിരിക്കുന്നു. അതാണു് അമേരിക്കയെ ഏറ്റവും വലിയ കടക്കാരനായി മാറ്റിയതും കടം കൊള്ളാനുള്ള വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കിയതും.

അതാണു്, ഇന്നു് ക്ഷേമ നടപടികള്‍ വെട്ടിക്കുറച്ചതിനു് പിന്നിലും അതിലൂടെ ''വാള്‍സ്ട്രീറ്റു് കയ്യടക്കല്‍'' സമരത്തിലേയ്ക്കു് അമേരിക്കന്‍ ജനതയെ തള്ളി വിട്ടതിനു് പിന്നിലുമുള്ള ചരിത്ര യാഥാര്‍ത്ഥ്യം.

നഗ്നമായ പൊതു മുതല്‍ കൊള്ളയും അതിനു് ഭരണാധികാരികള്‍ കൂട്ടു് നില്‍ക്കുന്നതും എന്തുകൊണ്ടെന്നു് മനസിലാക്കാന്‍ മുതലാളിത്തത്തിന്റെ ആന്തരിക പ്രവര്‍ത്തന രീതിയെക്കുറിച്ചും അതിലൂടെ മുതലാളിത്തം ഇന്നെത്തിച്ചേര്‍ന്നിട്ടുള്ള പതനത്തേക്കുറിച്ചും കൂടി നാം പഠിക്കേണ്ടതുണ്ടു്. അവര്‍ത്തിച്ചുണ്ടാകുന്ന പ്രതിസന്ധി മറച്ചു് പിടിച്ചു് ഓഹരി മൂലധന ഉടമകളെ കബളിപ്പിച്ചു് ഓഹരി കമ്പോളം പ്രതിന്ധി കൂടാതെ മുന്നോട്ടു് കൊണ്ടുപോകാനായി മുതലാളിത്തം പ്രയോഗിച്ച അദൃശ്യ സമ്പദ്ഘടനയുടെ സൃഷ്ടിയുടെ ചരിത്രമാണതു് വെളിവാക്കുന്നതു്.

പുതിയ ഉപഭോഗ ചരക്കുകള്‍ സൃഷ്ടിക്കുക എന്നതും നിലവിലുള്ള ചരക്കുകള്‍ക്കു് പുതിയ ഗുണ മേന്മകള്‍ ഏര്‍പ്പെടുത്തി വര്‍ദ്ധിച്ച മൂല്യത്തിനു് വിറ്റും അത്തരത്തില്‍ ധനവാന്മാരുടെ ഉപഭോഗത്തിനായുള്ള വില്പനയും അവര്‍ ഉപേക്ഷിക്കുന്നവ താഴെത്തട്ടിലുള്ളവരുടെ ഉപഭോഗാവശ്യം നിര്‍വഹിക്കുന്നതിനുള്ള തുടര്‍ വില്പനയും നടത്തിയും അത്തരത്തില്‍ കമ്പോളം സജീവമാക്കുകയും വികസിപ്പിക്കുകയും എന്നതും മുതലാളിത്തം എല്ലാക്കാലത്തും ഉപയോഗിച്ചു് പോന്നൊരു മാര്‍ഗ്ഗമാണു്. ആധുനിക ഉപഭോഗ വസ്തുക്കളിലെല്ലാം ഈ പ്രവണത കാണാം.

പുതിയ ചരക്കുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാറ്റിനേയും വില്പന ചരക്കാക്കുക എന്നതു് മുതലാളിത്തത്തിന്റെ സ്വഭാവമാണു്, അതിന്റെ നിലനില്പിന്റെ ഉപാധിയാണു്. അതാണു് മുതലാളിത്തത്തിന്റെ സജീവതയ്ക്കു് നിദാനമായി ചൂണ്ടിക്കാട്ടപ്പെടുന്നതു്. അതു് മൂലം ഒട്ടേറെ നേട്ടങ്ങള്‍ സമൂഹത്തിനു് ഉണ്ടായിട്ടുമുണ്ടു്. അതേ സമയം അതു് സമൂഹത്തെ കുത്തി കവരുന്നതിനുള്ള ചൂഷണ മാര്‍ഗ്ഗമായി ഉപയോഗിച്ചു് സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും ദരിദ്രരാക്കുകയും ചെയ്യുന്നു. എല്ലായിടത്തും ലഭ്യവും വിലയില്ലാതെ സമൂഹ സമ്പത്തായി കണക്കാക്കി പരക്കെ ഉപയോഗിക്കപ്പെടുന്നതുമായ ഭൂമി മാത്രമല്ല, പ്രകൃതി വിഭവങ്ങളായ വെള്ളവും സ്പെക്ട്രവും അത്തരത്തില്‍ ചരക്കാക്കി കഴിഞ്ഞു. മുതലാളിത്തം ഇനിയൊരു പതിറ്റാണ്ടു് തുടര്‍ന്നാല്‍ ശ്വാസവായുവും അത്തരത്തിലുള്ള ചരക്കായി നമുക്കു് കാണാം. ജല മലിനീകരണം കുടിവെള്ള വ്യവസായത്തിനു് ആക്കം കൂട്ടിയതു് പോലെ, വര്‍ദ്ധിച്ചു് വരുന്ന വായു മലിനീകരണം ശുദ്ധവായുവിന്റെ ആവശ്യകത ഉയര്‍ത്തുന്നുണ്ടു്. കച്ചവടം ലക്ഷ്യം വെച്ചു് ജല സ്രോതസുകളുടേയും വായുവിന്റേയും മലിനീകരണം വര്‍ദ്ധിപ്പിക്കുകയോ കുറഞ്ഞതു് അവയുടെ മലിനീകരണം ബോധപൂര്‍വ്വം തടയാതിരിക്കുകയോ ചെയ്യുന്നതു് പുതിയ ചരക്കിന്റെ ആവശ്യകത സൃഷ്ടിക്കുന്നതിനുള്ള തന്ത്രമായിട്ടില്ലേ എന്നതു് പഠനാര്‍ഹമായ വിഷയമാണു്.

ധനകാര്യ മേഖലയില്‍ ഈ വിദ്യ പ്രയോഗിച്ചതാണു് 2008 ലെ അമേരിക്കന്‍ ധനകാര്യ പ്രതിസന്ധിക്കു് കാരണം. ധനകാര്യ മേഖല വളര്‍ന്നു് വികസിച്ചു്, പല വകുപ്പുകളായോ മേഖലകളായോ വിഭജിക്കപ്പെട്ടു. തുടര്‍ന്നു് ഓരോ മേഖലയിലും വിവിധങ്ങളായ സേവനങ്ങള്‍ ധനകാര്യ ഉല്പന്നങ്ങളായി (Financial Instruments) കണക്കാക്കി അവയുടെ രേഖകളുടെ ക്രയ വിക്രയം ആരംഭിച്ചു. അവയെ ധനകാര്യ ഉപകരണങ്ങളെന്നു് വിളിച്ചു. ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, ബില്ലുകള്‍, കടപ്പത്രങ്ങള്‍, നിക്ഷേപ രേഖകള്‍, ഓഹരി സര്‍ടിഫിക്കറ്റുകള്‍ തുടങ്ങി മൂല്യമുള്ള ഏതു് ധനകാര്യ രേഖയും ആവര്‍ത്തിച്ചു് വില്പന നടത്തുന്ന രീതി നിലവില്‍ വന്നു. പുതിയ രേഖകളെ ഡെറിവേറ്റീവ്സ് (Derivatives) എന്നു് വിളിച്ചു് വരുന്നു. ഓരോ വില്പനയും കമ്പോള ക്രയവിക്രയമായും ഉല്പന്നങ്ങളുടെ കൈമാറ്റമായും അതിനാല്‍ സമൂഹത്തില്‍ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ കണക്കില്‍ പെടുത്തുന്ന ഒന്നായും കണക്കാക്കിത്തുടങ്ങി. അവ കടലാസില്‍ മാത്രമുള്ള അദൃശ്യാസ്തികളായി കണക്കാക്കപ്പെട്ടു.

ഇത്തരത്തില്‍ അടുത്ത കാലത്തായി അറിവിന്റെ വിവിധ രൂപങ്ങളേയും ചരക്കാക്കി മാറ്റിത്തുടങ്ങി. അങ്ങിനെയും കമ്പളം വികസിപ്പിച്ചു. വിവര സാങ്കേതിക വിദ്യയെന്ന പേരില്‍ എല്ലാ മേഖലയിലും വിവരം കൈകാര്യ ചെയ്തിരുന്ന സ്ഥിതിക്കു് മാറ്റം വരുത്തി വിവര സാങ്കേതിക സേവനത്തെ ഒരു പ്രത്യേക വ്യവസായമായി പുന സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി അറിവു് മാത്രമായിരുന്ന സോഫ്റ്റ്‌വെയര്‍ തനിയെ ഒരു വ്യവസായ മേഖലയായി. അവിടെ ആര്‍ക്കെങ്കിലും വേണ്ടി അതിന്റെ ചെലവു് വാങ്ങി വികസിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ മറ്റാവശ്യക്കാര്‍ക്കായി അവര്‍ത്തിച്ചു് പകര്‍ത്തി വില്ക്കുന്ന രീതി വര്‍ദ്ധിച്ച ലാഭത്തിനു് സാധ്യതയൊരുക്കി. മാത്രമല്ല, അത്തരം സേവനങ്ങളെ ചരക്കാക്കി മാറ്റിയപ്പോള്‍ ഭാവിയില്‍ വില്കാനുള്ള ചരക്കെന്ന നിലയില്‍ അതിനു് മൂല്യമിട്ടു് അദൃശ്യാസ്തികളാക്കി (Intangible Assets) മൂലധനക്കണക്കില്‍ പെടുത്തി. ഇതു് വ്യാപാര മാന്ദ്യം മൂലം ലാഭത്തിലുണ്ടായ ഇടിവിനു് പകരം ലാഭ വര്‍ദ്ധന കാട്ടാനുള്ള മാര്‍ഗ്ഗവുമായും തരപ്പെട്ടു.

ഉപഭോഗ ചരക്കുകളേപ്പോലെ തന്നെ ധനകാര്യ രേഖകളുടേയും വിജ്ഞാനോപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും മൊത്തം ഉല്പാദന വര്‍ദ്ധനവിന്റെ കണക്കില്‍ പെടുത്തി ഉല്പാദന വര്‍ദ്ധനവും കമ്പോള വികാസവും ലാഭ വര്‍ദ്ധനയും കണക്കില്‍ കാണിച്ചു് മുതലാളിത്ത വളര്‍ച്ച പെരുപ്പിച്ചു് കാണിച്ചു് പോന്നു. അതാണു് കഴിഞ്ഞ അര നൂറ്റാണ്ടു് കാലത്തു്, തൊഴില്‍ നഷ്ടവും കൂലിക്കുറവും വിലക്കയറ്റവും അടക്കം പ്രതിസന്ധിയുടെ കയ്പേറിയ ഫലങ്ങള്‍ ബഹുഭൂരിപക്ഷം ജനങ്ങളും നേരിട്ടു് അനുഭവിക്കുമ്പോഴും, ഇടത്തരക്കാരായ ഒരു വിഭാഗത്തെ സൃഷ്ടിച്ചു് അവര്‍ക്കു് മെച്ചപ്പെട്ട അവസരമൊരുക്കി, പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ടു്, കണക്കില്‍ ഉല്പാദന വര്‍ദ്ധനവും ലാഭവും ഓഹരി കമ്പോള വികാസവും കാണിച്ചു്, മുതലാളിത്ത പ്രതിസന്ധി മറച്ചു് പിടിക്കാന്‍ മുതലാളിത്തത്തെ സഹായിച്ചതു്. കമ്യൂണിസ്റ്റു് പാര്‍ടികള്‍ ഈ പ്രവണതയും അതിന്റെ യുക്തി രാഹിത്യവും അപ്പഴേ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ, പുതുതായി ഉയര്‍ന്നു് വന്ന മധ്യവര്‍ഗ്ഗം സാമ്രാജ്യത്വത്തിന്റെ ജിഹ്വകളായി ഇടതു് പക്ഷത്തിന്റെ വാദങ്ങളെ അവഹേളിച്ചു് പ്രചരണം നടത്തി സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു.

സാധാരണക്കാരുടെ ഉപഭോഗോല്പന്നങ്ങളും ധനകാര്യ ഉപകരണങ്ങളും വിജ്ഞാനോപകരണങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടു്. ഉപഭോഗോല്പന്നങ്ങളുടെ കാര്യത്തില്‍ മൂല്യ വര്‍ദ്ധന ഉണ്ടാകുന്നതു് മനുഷ്യാദ്ധ്വാനം ചെലുത്തിയാണു്. സ്വാഭാവികമായും അവിടെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. അതിനായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്. അതു് ജനങ്ങളിലേക്കു് സമ്പത്തിന്റെ ചെറിയൊരോഹരിയെങ്കിലും കിനിഞ്ഞിറങ്ങുന്നതിനു് കാരണമാകുന്നുണ്ടു്. മിച്ചമൂല്യവും സൃഷ്ടിക്കപ്പെടുന്നുമുണ്ടു്. അതിനാല്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നുണ്ടു്. ധന കാര്യ ഉപകരണങ്ങളുടെ കാര്യത്തില്‍ യാതൊരു മൂല്യവും കൂട്ടിച്ചേര്‍ക്കപ്പെടുന്നില്ല. അവയുടെ തുടര്‍ വില്പനയ്ക്കാവശ്യമായ ഓഫീസ് സംവിധാനം നിലനിര്‍ത്താനുള്ള തൊഴില്‍ മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളു. അതിനാല്‍ കാര്യമായി തൊഴിലവസരമോ കൂലിയോ മുച്ചമൂല്യമോ യഥാര്‍ത്ഥ ലാഭമോ സൃഷ്ടിക്കപ്പെടുന്നില്ല. ആധുനിക വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തോടെ വിപണന സംവിധാനത്തിനുള്ള തൊഴിലും ഗണ്യമായി കുറഞ്ഞു.

വിജ്ഞാനോപകരണങ്ങളുടെ കാര്യത്തിലാകട്ടെ, ആദ്യമായി വികസിപ്പിക്കുമ്പോള്‍ വളരെയേറെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. കുറേയേറെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നുണ്ടു്. അതു് ഉയര്‍ന്ന കൂലി ലഭ്യമാക്കുന്നതുമാണു്. മിച്ചമൂല്യവും ഉയര്‍ന്നതാണു്. പക്ഷെ, ഒരിക്കല്‍ നിലവില്‍ വന്നവയുടെ ആവര്‍ത്തിച്ചുള്ള വില്പന യാതരു മൂല്യവും കൂട്ടിച്ചേര്‍ക്കപ്പെടാതെയാണു് നടക്കുന്നതു്. അതിനാല്‍ അവിടെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നില്ല. കൂലി കിട്ടുന്നില്ല. മിച്ച മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല.

ഇത്തരത്തില്‍ യഥാര്‍ത്ഥ സമ്പദ്ഘടനയ്ക്കു് സമാന്തരമായി യഥാര്‍ത്ഥ സമ്പദ്ഘടന പോലെ തോന്നിപ്പിക്കുക മാത്രം ചെയ്യുന്ന സമാന്തര സമ്പദ്ഘടനയുടെ (virtual economy) വളര്‍ച്ചയുടെ ചിത്രമാണു് കഴിഞ്ഞ കുറെ പതിറ്റാണ്ടുകളില്‍ മൊത്തം ദേശീയോല്പാദനത്തില്‍ വര്‍ദ്ധനവു് ഉണ്ടാക്കിയതായി അവകാശപ്പെടാന്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ വക്താക്കളെ സഹായിച്ചതു്. യഥാര്‍ത്ത സമ്പദ്ഘടനയില്‍ നിന്നു് സമ്പത്തു് സമാന്തര സമ്പദ്ഘടനയിലേക്കു് ഒഴുകി. യഥാര്‍ത്ഥ സമ്പദ്ഘടന കൂടുതല്‍ തകരാറിലായി. ശോഷിച്ചു. പക്ഷെ മൊത്തം ഉല്പാദനം കൂടിയതായി കണക്കില്‍ കാണും. കച്ചവടം നടന്നതായി കണക്കില്‍ കാണും. ലാഭവും കണക്കില്‍ കാണും. തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. കൂലിയില്ല. മിച്ചമൂല്യമില്ല. യഥാര്‍ത്ഥ ലാഭവുമില്ല. അതു് കൊണ്ടു് തന്നെ തൊഴിലാളിക്കു് ജീവിതമില്ല. ജനങ്ങളിലേയ്ക്കു് സമ്പത്തിന്റെ ഓഹരി കിനിഞ്ഞിറങ്ങുക എന്ന മുതലാളിത്ത വികാസത്തിന്റെ പരിമിതമായ ഗുണഫലം പോലും ഉണ്ടാകുന്നില്ല. മൂലധനം കുന്നു് കൂട്ടാന്‍ സഹായിക്കുന്നു എന്നതു് മാത്രമാണു് നേട്ടമുണ്ടായതു്. ജനങ്ങള്‍ പാപ്പരായി. മലധനം കുന്നു് കൂടി. തൊഴില്‍ രഹിത വളര്‍ച്ചയെന്നു് കഴിഞ്ഞകാലത്തു് വ്യവഹരിക്കപ്പെട്ടതു് ഈ പ്രതിഭാസമാണു്.

ഇത്തരം സമാന്തര സമ്പദ്ഘടനയുടെ (Virtual Economy) മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മിച്ചമൂല്യവും യഥാര്‍ത്ഥ ലാഭവും കിട്ടുന്നില്ല എന്നു് പറയുന്നതിനു് ആ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന മുതലാളിക്കു് നേട്ടമുണ്ടാകുന്നില്ല എന്നര്‍ത്ഥമില്ല. ആ മുതലാളിക്കു് നേട്ടമുണ്ടു്. വളരെയേറെ, ന്യായമായതിലും വളരെയേറെ, പണം അങ്ങോട്ടൊഴുകുന്നുണ്ടു്. അതു്, സാമാന്യ അര്‍ത്ഥത്തില്‍, വ്യക്തികളായ മുതലാളിയേയും സ്ഥാപനത്തേയും സംബന്ധിച്ചിടത്തോളം ലാഭവുമാണു്. അതു്, പക്ഷെ, മറ്റാരുടേയെങ്കിലും, സ്വാഭാവികമായും മറ്റേതെങ്കിലും മുതലാളിയുടെ നഷ്ടമാണു്. ധനകാര്യ ഉപകരണങ്ങളുടേയും വിജ്ഞാനോപകരണങ്ങളുടേയും കാര്യത്തില്‍ ആ നഷ്ടം കൂടുതലും യഥാര്‍ത്ഥ അടിസ്ഥാന സമ്പദ്‌ഘടനയ്ക്കാണു്. കാരണം, അവിടെ നിന്നാണു് ആ മേഖലകളുടെ ലാഭം വലിച്ചെടുക്കപ്പെടുന്നതു്. അടിസ്ഥാന മേഖലയില്‍ ലാഭം ഇടിയുന്ന പ്രവണത കൂടുകയാണു്. അതായതു്, മൊത്തത്തില്‍ മുതലാളിത്ത വ്യവസ്ഥിതി ഇത്തരത്തില്‍ പുതിയ സമ്പത്തോ മുച്ചമൂല്യമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മുതലാളിത്ത കുതിപ്പിന്റെ ചില തുരുത്തുകള്‍ മാത്രമേ അതു് സൃഷ്ടിക്കുന്നുള്ളു. അതു്, അത്രയേറെ വറുതിയുടേയും പിന്നോക്കാവസ്ഥയുടേയും മറ്റു് ചില തുരുത്തുകള്‍ സൃഷ്ടിച്ചു് കൊണ്ടുമാണു്. വികസിത നാടുകളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ചില മേഖലകളും ഇവയ്ക്കുദാഹരണങ്ങളാണു്. ഒരോ രാജ്യത്തും, വികസിത മൂതലാളിത്ത നാടുകളിലടക്കം പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരത്തിലും ഈ പ്രവണത കാണാം.

ഇതിന്റെ ഫലം രണ്ടാണു്.

ഒന്നു്, യഥാര്‍ത്ഥ സമ്പദ്ഘടന വലിയ തോതില്‍ ശോഷിക്കുകയും അതു് സമൂഹത്തെ ഭാവിയില്‍ കടുത്ത പ്രതിസന്ധിയിലേയ്ക്കു് നയിക്കുകയും ചെയ്യും.

രണ്ടു്, അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ (Virtual Economy or Bubble Economy) യഥാര്‍ത്ഥ ഉല്പന്നങ്ങളോ സേവനങ്ങളോ മൂല്യമോ ലാഭമോ ഇല്ലാത്തതിനാല്‍ അതിന്റെ നിലനില്പു് ഏതു് സമയത്തും ചീട്ടു് കൊട്ടാരം പോലെ തകര്‍ന്നടിയാം. അമേരിക്കന്‍ ധനകാര്യ പ്രതിസന്ധിയുടെ ഘട്ടത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച നാം കണ്ടതാണു്. ഇന്നും അതു് തുടരുന്നു.

ഭൌതിക ചരക്കുകളില്‍ നടക്കുന്ന ഊഹക്കച്ചവടവും ഇതേ സ്വഭാവത്തോടെയുള്ളതാണു്. അവധിക്കു് വില പറഞ്ഞു് അയഥാര്‍ത്ഥ മൂല്യം സൃഷ്ടിക്കുകയാണവിടെയും നടക്കുന്നതു്. അതിലൂടെ കുമിള സൃഷ്ടിച്ചു് യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വിഭവം വലിച്ചെടുത്തു് യഥാര്‍ത്ഥ സമ്പദ്‌ഘടനയെ ക്ഷീണിപ്പിക്കുകയും ആണു് ഫലം.

പൊതു മേഖലാ സ്വകാര്യവല്‍ക്കരണത്തിനു് പിന്നിലും ലക്ഷ്യം സ്വകാര്യ മൂലധനത്തിനു് ലാഭകരമായ നിക്ഷേപ മേഖലകള്‍ വികസിപ്പിക്കുക എന്നതായിരുന്നു. നവ സ്വതന്ത്ര രാജ്യങ്ങളിലെല്ലാം സ്വകാര്യ മൂലധനത്തിന്റെ കുറവു് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ മുതല്‍ മുടക്കു് നടത്തി വികസിപ്പിച്ചെടുത്തതാണു് പൊതു മേഖല. അവയെല്ലാം സ്വകാര്യ മൂലധനത്തിനു് കൈമാറുകയോ അതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നുവെങ്കില്‍ ആ മേഖലയിലേയ്ക്കു് സ്വകാര്യ മൂലധനത്തിനു് പ്രവേശനം അനുവദിക്കുകയോ ആണു് മുതലാളിത്ത ഭരണ കൂടങ്ങള്‍ ചെയ്തതു്. ഇതും നാളതു് വരെയുണ്ടായിരുന്നതിലേറെ ഉല്പാദനമോ മിച്ച മൂല്യമോ ലാഭമോ കമ്പോളവികാസമോ സൃഷ്ടിച്ചിട്ടില്ല. തൊഴിലവസരമാകട്ടെ വര്‍ദ്ധിച്ചുമില്ല. സ്ഥിരം തൊഴിലിനു് പകരം താല്കാലിക തൊഴിലും ദിവസക്കൂലിയും മണിക്കൂര്‍ കൂലിയുമാണു് സൃഷ്ടിക്കപ്പെട്ടതു്. പൊതു മേഖലയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ധൂര്‍ത്തും ദുര്‍വ്യയവും ദേശീയ സമ്പത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്തു. ആകെയുണ്ടാകുന്നതു് സമാന്തര കമ്പോള സൃഷ്ടിയിലൂടെയുള്ള മൂലധന പെരുപ്പം മാത്രമാണു്.

ചുരുക്കത്തില്‍ യഥാര്‍ത്ഥ കമ്പോളത്തിലെ ഉല്പാദന-വിതരണ-വിനിമയ പ്രവര്‍ത്തനങ്ങളിലുള്ള മാന്ദ്യം നേരിടാന്‍ സമാന്തര കമ്പോളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുതലാളിത്ത വ്യവസ്ഥയെ സഹായിക്കുന്നില്ല. കാരണം, പുതിയ സമ്പത്തോ മൂല്യ വര്‍ദ്ധനവോ മിച്ചമൂല്യമോ അത്തരം പ്രവര്‍ത്തനങ്ങലിലൂടെ സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ വ്യക്തികളായ മൂലധന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലാഭം കണക്കില്‍ കാണിക്കാന്‍ ഉപകരിക്കുന്നുണ്ടു്. അതു് കള്ളക്കച്ചവടം മാത്രമാണു്. ഒരു മുതലാളിയുടെ ലാഭം മറ്റൊരു മുതലാളിയുടെ നഷ്ടമായിരിക്കും. മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിക്കും പരിഹാരമാകുന്നില്ല. പ്രതിസന്ധി മറച്ചു് വെച്ചു് കൃത്രിമമായി സജീവത കാണിക്കുക മാത്രമാണു് ഇത്തരം പ്രതീകാത്മക കമ്പോളത്തിലൂടെ നടക്കുന്നതു്. പക്ഷെ, ഓഹരി കമ്പോളത്തില്‍ ലാഭം കാണിച്ചു് കമ്പോളത്തകര്‍ച്ച ഒഴിവാക്കാന്‍ കഴിഞ്ഞു. ഓഹരി ഉടമകളില്‍ നിന്നു് പ്രതിസന്ധി അവരറിയാതെ മറച്ചു് പിടിക്കുക മാത്രമാണുണ്ടായതു്. അവരെ ഇരുട്ടില്‍ നിര്‍ത്തി വഞ്ചിക്കുന്ന നടപടി മാത്രമാണതു്. ഏതു് സമയത്തും ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചയുണ്ടാകാം. അതു് ഒട്ടേറെ ഓഹരി ഉടമകളെ പാപ്പരാക്കാം.

അമേരിക്കയില്‍ ധന മേഖലയില്‍ ഈ കപട കമ്പോളപ്പെരുപ്പം അവസാനം തകര്‍ച്ച നേരിട്ടതും ബാങ്കുകളെ രക്ഷിക്കാനായി ലക്ഷക്കണക്കിനു് കോടി ഡോളറിന്റെ ജാമ്യ പദ്ധതികള്‍ ആവിഷ്കരിച്ചു് പൊതുപ്പണം തട്ടിപ്പുകാരായ മൂലധന ഉടമകള്‍ക്കു് കൊടുത്തതും അതിന്റെ വിഭവ സമാഹരണത്തിനായി ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതും നാം കണ്ടു. അമേരിക്കന്‍ ധന മേഖലാ പ്രതിസന്ധി ധന മൂലധനത്തെ പിടിച്ചുലച്ചു. സമാന്തര സമ്പദ്ഘടനയുടെ വിശ്വാസ്യത തകരുന്നതിനതു് ഇടയാക്കി. യഥാര്‍ത്ഥ ലാഭമില്ലാതെ കള്ളക്കണക്കെഴുതി ലാഭം കാണിച്ചു് ഓഹരി ഉടമകളെ കുറേക്കാലത്തേയ്ക്കു് കബളിപ്പിക്കാമെങ്കിലും അധികകാലം അതു് നടപ്പില്ലെന്നു് മുതലാളിമാര്‍ക്കറിയാം. അതിനാല്‍ യഥാര്‍ത്ഥ ആസ്തി ആര്‍ജ്ജിച്ചു് ഓഹരി ഉടമകളുടെ വിശ്വാസം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ മുതലാളിമാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. ഹൈദരാബാദില്‍ സത്യത്തിന്റെ ഭൂമിക്കച്ചവടം അത്തരത്തിലൊന്നായിരുന്നു. ഇന്നു് മിക്ക മൂലധന കുത്തകകളും പ്രകൃതി വിഭവങ്ങളോ ഭൂമിയോ ഖനികളോ ഊര്‍ജ്ജ സ്രോതസുകളോ കയ്യടക്കാനുള്ള ശ്രമത്തിലാണു്. അതിനു് ഒത്താശ ചെയ്തു് കൊടുക്കുകയല്ലാതെ ഭരണാധികാരികള്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഒന്നുകില്‍ വ്യവസ്ഥിതിയുടെ തകര്‍ച്ച നേരിടുക. അല്ലെങ്കില്‍ നാളിതു് വരെ കാണിച്ച കണ്‍കെട്ടു് വിദ്യകളും വഞ്ചനകളും പൂര്‍വ്വാധികം ശക്തിയോടെ തുടരുക. അതു് പൊതു മുതലിന്റെ കൊള്ളയായി ഇന്നു് മാറിയിരിക്കുന്നു. പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സു് പറഞ്ഞതു് പുതിയ രൂപത്തിലിന്നു് നടക്കുന്നു. ഭരണാധികാരികള്‍ അതിനു് കൂട്ടു് നില്ക്കുന്നു. ഇതാണു് ഇന്നു് അഴിമതിയുടേയും പൊതു മുതല്‍ കൊള്ളയുടേയും പിന്നിലുള്ള യുക്തി. ഇതു് വ്യക്തിതല അഴിമതിയല്ല. അതുണ്ടു്. പക്ഷെ, അതിലുപരി മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പിനായുള്ള കൊള്ളയാണു്.

അദൃശ്യാസ്തികള്‍ കാട്ടി ബാലന്‍സ് ഷീറ്റു് ലാഭം കാട്ടിയപ്പോഴും ധനകാര്യ ഉപകരണങ്ങളുടെ അവര്‍ത്തിച്ചുള്ള കച്ചവടത്തിലൂടെയും അവധിക്കച്ചവടത്തിലൂടെയും മറ്റും ഉല്പാദന വര്‍ദ്ധനവു് കാണിച്ചപ്പോഴും ചുരുക്കത്തില്‍ സമാന്തര സമ്പദ്ഘടനയുടെ പ്രവര്‍ത്തനത്തിലൂടെ യഥാര്‍ത്ഥ സാമൂഹ്യ ജീവിതത്തിനാവശ്യമില്ലാത്ത വ്യാപാരത്തിനു് വേണ്ടി നടത്തിയ കപട വ്യാപാരത്തിലൂടെയും പൊതു ആസ്തികളും സാമൂഹ്യാസ്തികളും പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചു് സ്വകാര്യാസ്തികളായി മാറ്റിയപ്പോഴും മൂലധനം പെരുപ്പിക്കുക കൂടിയാണുണ്ടായതു്. ഇതു് മറ്റൊരു പ്രതിസന്ധിക്കു് ആക്കം കൂട്ടുകയാണു് ചെയ്തതു്.

ധന മൂലധന രൂപീകരണത്തോടെ രൂപപ്പെട്ട പുതിയ പ്രതിസന്ധിയുടെ വിത്തിവിടെ ഭീമാകാരം കൈക്കൊള്ളുകയാണു്. വ്യവസായ മൂലധനത്തിനു് മാത്രമല്ല, മുഴുവന്‍ മൂലധനത്തിനും ലാഭം കണ്ടെത്തണമെന്നതു്, കപട ലാഭത്തിലൂടെ പെരുപ്പിക്കപ്പെട്ട മൂലധനത്തിനും കൊള്ളമുതലിലൂടെ സമാഹരിക്കപ്പെട്ട മൂലധനത്തിനും ബാധകമാണു്. വ്യാപാര മാന്ദ്യത്തോടെ യഥാര്‍ത്ഥ ലാഭം ഇടിയുന്നു. തൊഴില്‍ കുറയുന്നു. മിച്ച മൂല്യം കുറയുന്നു. യഥാര്‍ത്ഥ ലാഭം കുറയുന്നു. ഇതു് ഓഹരി കമ്പോളത്തില്‍ പ്രകടമാകാതെ കൃത്രിമമായി ലാഭം കാട്ടി രക്ഷപ്പെടുമ്പോഴെല്ലാം കണക്കില്‍ മൂലധനം പെരുകുകയാണു്. പെരുകുന്ന മൂലധനം ചിലരുടെ ലാഭവും മറ്റെവിടെയെങ്കിലും മറ്റാരുടേയെങ്കിലും നഷ്ടവുമാണു്. പക്ഷെ, ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്താന്‍ അതുപകരിക്കുന്നു. കൂടുതല്‍ കൊള്ള നടത്തി ലാഭം കാട്ടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ഈയൊരു വിഷമ വൃത്തത്തിലാണു് ധന മൂലധന വ്യവസ്ഥ എത്തിപ്പെട്ടിട്ടുള്ളതു്. കൊള്ളയടിക്കുന്തോറും ഇടിയുന്ന ലാഭം. ലാഭം ഇടിയുന്നതിനനുസരിച്ചു് കൂടുതല്‍ കൊള്ളനടത്താന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. കക്കും തോറും മുടിയും. മുടിയും തോറും കക്കും എന്നു് പറഞ്ഞതു് പോലെ മുതലാളിത്തം നാശത്തിലേക്കു് മുതലക്കൂപ്പു് കുത്തുകയാണു്.

ഇല്ലാത്ത ലാഭം ഉണ്ടെന്നു് കാട്ടിയുള്ള കള്ളക്കണക്കിന്റെ ബലത്തില്‍ മേന്മ അവകാശപ്പെട്ടു് യഥാര്‍ത്ഥ ഉല്പാദകരെ വഞ്ചിച്ചു് അവരുടെ സമ്പത്തു് ചോര്‍ത്തിയെടുത്തു് പതപ്പിച്ചു് പെരുമ നിലനിര്‍ത്തിയാണു് മുതലാളിത്തം അതിന്റെ തകര്‍ച്ച അകറ്റിയകറ്റി ഇതു് വരെ എത്തിയതു്. ഓഹരി ഉടമകളെ കബളിപ്പിച്ചു് ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്തിയിരുന്നില്ലെങ്കില്‍ മുതലാളിത്തത്തിന്റെ അന്ത്യം പതിറ്റാണ്ടുകള്‍ക്കു് മുമ്പേ നടക്കേണ്ടതായിരുന്നു.

ചുരുക്കത്തില്‍, മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പു് ഉറപ്പു് വരുത്താന്‍ ബാദ്ധ്യതപ്പെട്ട മുതലാളിത്ത ഭരണാധികാരികള്‍ക്കു് പൊതുമുതല്‍ കൊള്ളയ്ക്കു് കൂട്ടു നില്‍ക്കുകയും ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയുമല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. മുതലാളിത്ത പ്രതിസന്ധിക്കു് മറുവഴികളൊന്നും അവര്‍ക്കു് മുമ്പിലില്ല. പ്രതിസന്ധി മറച്ചു് പിടിക്കാനായി കാട്ടിക്കൂട്ടിയ കാപട്യങ്ങള്‍ പ്രതിസന്ധിയുടെ ആഴം ഒരിക്കലും പരിഹരിക്കാനാവാത്തത്ര ആഴത്തിലുള്ളതാക്കിയിരിക്കുന്നു. സമഗ്രാധിപത്യത്തിലൂടെ ജനങ്ങളേയും തൊഴിലാളികളേയും പട്ടിണിക്കിട്ടു് മൂലധന താല്പര്യം സംരക്ഷിക്കാനാവാത്ത വിധം ജനാധിപത്യാഭിനിവേശം ജനങ്ങളില്‍ സംജാതമായിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്ത ഭരണാധികാരികള്‍ അന്തം വിട്ടു് നില്കുന്ന കാഴ്ചയാണിന്നു് ലോകമാകെ കാണുന്നതു്.

സാമൂഹ്യ സമ്പത്തിന്റേയും പൊതു മേഖലാ ആസ്തികളുടേയും കൊള്ളയിലൂടെമാത്രം, അവയുടെ പുനര്‍ വിതരണത്തിലൂടെ മാത്രം മുതലാളിത്തത്തിന്റെ നിലനില്പിനു് യാതൊരു ന്യായീകരണവുമില്ല. പുതിയസമ്പത്തോ മിച്ചമൂല്യമോ തൊഴിലോ സൃഷ്ടിക്കാന്‍ കഴിയാത്ത മുതലാളിത്തം അതിന്റെ നിലനില്പിന്റെ അര്‍ഹത നഷ്ടപ്പെടുത്തിയിരിക്കുന്നു. കാരണം, സോഷ്ലിസത്തിനെതിരെ മുതലാളിത്തത്തിനു് ഉണ്ടെന്നു് മുതലാളിത്ത വക്താക്കള്‍ പുരപ്പുറത്തു് കയറി നിന്നു് കൂവിയിരുന്ന മേന്മ, ആ വ്യവസ്ഥിതിയ്ക്കുണ്ടെന്നവകാശപ്പെടുന്ന പ്രത്യേക ഗുണമായ സംരംഭകത്വവും അതു് സൃഷ്ടിക്കുന്ന പുതിയ സമ്പത്തും മൂല്യ വര്‍ദ്ധനവും മിച്ചമൂല്യവും തൊഴിലുമായിരുന്നു. സോഷ്യലിസത്തെ സമത്വാധിഷ്ഠിത വിതരണത്തിന്റെ വ്യവസ്ഥയായും മുതലാളിത്തത്തെ സമ്പത്തുല്പാദനത്തിന്റെ വ്യവസ്ഥയായുമാണു് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ വക്താക്കളുടെ വേദികളില്‍ വ്യവഹരിക്കപ്പെട്ടു് പോന്നതു്. മുതലാളിത്തം അതിനുണ്ടെന്നു് അവകാശപ്പെട്ടിരുന്ന എല്ലാ ഗുണങ്ങളും അതിനു് നഷ്ടപ്പെട്ടിരിക്കുന്നു.

ഇന്നത്തെ പ്രതിസന്ധിക്കു് പരിഹാരം വ്യവസ്ഥാ മാറ്റം മാത്രമേയുള്ളുവെന്നു് മേല്പറഞ്ഞ പ്രതിസന്ധിയുടെ കാരണങ്ങളും അതിന്റെ ഘടകങ്ങളും ആഴവും ചൂണ്ടിക്കാട്ടുന്നു. സമ്പത്തുല്പാദനം സാമൂഹ്യമായിക്കഴിഞ്ഞിട്ടു് നാളുകളേറെയായി. അതു് മുതലാളിത്തത്തിന്റെ സംഭാവനയാണു്. ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ സ്വായത്തമാക്കല്‍ കൂടി സാമൂഹ്യമാക്കുക തന്നെയാണു് പരിഹാരമാര്‍ഗ്ഗം. അവ തമ്മിലുള്ള വൈരുദ്ധ്യമാണിന്നു് പ്രതിസന്ധിക്കു് കാരണം. കൂട്ടായി ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ സാമൂഹ്യ ഉടമസ്ഥതയിലാകണം. അതോടെ ചൂഷണം അവസാനിക്കും. ഘടന പൊതു മേഖലയോ സഹകരണ മേഖലയോ പ്രാദേശിക കൂട്ടായ്മയോ അടക്കം ജനകീയ കൂട്ടായ്മകളേതുമാകാം. മുതലാളിത്തത്തില്‍ അതു് നടക്കില്ല. സോഷ്യലിസം തന്നെ വേണമതിനു്. അതിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ ആദ്യ നടപടി കുത്തക ധന മൂലധനം സാമൂഹ്യ ഉടമസ്ഥതയില്‍ കൊണ്ടുവരിക എന്നതാണു്. അതു് മാത്രമേ ഇന്നു് പരിഹാരമുള്ളു. അതേസമയം ചെറുകിട ഉല്പാദകരെ, കാര്‍ഷിക രംഗത്തും വ്യവസായ രംഗത്തും, തുടരാന്‍ അനുവദിക്കാം. അവര്‍ സംരംഭകത്വം പ്രദര്‍ശിപ്പിക്കുന്നുണ്ടു്. അവര്‍ സംരംഭകത്വം പ്രദര്‍ശിപ്പിക്കുവോളം അതു് തുടരുകയും ചെയ്യാം.അവയുടെ മേല്‍ സ്വാഭാവികമായും സമൂഹത്തിന്റെ മേല്‍നോട്ടവും നിയന്ത്രണവും ഉണ്ടായിരിക്കും. പക്ഷെ, അവര്‍ക്കു് ഇന്നു് കുത്തക മൂലധനത്തിനു് കീഴില്‍ അനുഭവിക്കുന്നതിനേക്കാള്‍ അധികം പ്രവര്‍ത്തന സ്വാതന്ത്ര്യവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കും. കുത്തക മൂലധനത്തിനു് കീഴില്‍ ചെറുകിട ഉല്പാദകര്‍ അരക്ഷിതരും ചൂഷണത്തിനു് വിധേയരുമാണു്.

അത്തരത്തില്‍ മുതലാളിത്തം അവസാനിപ്പിച്ചു് സോഷ്യലിസ്റ്റു് ഉല്പാദനക്രമത്തിലേക്കു് മാറുക എന്നതു് മാത്രമേ ധന മൂലധനം നയിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിക്കു് പരിഹാരമുള്ളു. അല്ലാത്ത പക്ഷം, പ്രാകൃത മൂലധന സമാഹരണം തുടരാന്‍ അനുവദിച്ചു് സാമൂഹ്യ സ്വത്തും ചെറുകിട സ്വത്തും മുഴുവന്‍ കുത്തക മുതലാളിമാര്‍ക്കു് വിട്ടു് കൊടുത്തും ജന ക്ഷേമ പദ്ധതികളെല്ലാം ഉപേക്ഷിച്ചു് ജനങ്ങളാകെ പട്ടിണികിടന്നു് പണിയെടുത്തും മുതലാളിത്തം നിലനിര്‍ത്തണം. ലാഭം ഉണ്ടാക്കാന്‍ പോലും കഴിയാത്ത മുതലാളിയെ തീറ്റിപ്പോറ്റേണ്ട ഗതികേടു് കൃഷിക്കാരും തൊഴിലാളികളും ചെറുകിട-ഇടത്തരം സംരംഭകരും ഏതായാലും സ്വന്തം തലയിലെടുത്തു് വെയ്ക്കേണ്ടതില്ല. അതിലൊരു ന്യായവുമില്ല, യുക്തിയുമില്ല.

ഭാവി സമൂഹത്തിന്റെ ഘടനയും നടത്തിപ്പും വികാസവും ഭാവിയും എന്തായിരിക്കുമെന്നതിന്റെ ഒരു ചെറിയ രൂപരേഖ ഇവിടെ ആവശ്യമായിരിക്കുന്നു.

സംരംഭകരാണു് വ്യവസായ നടത്തിപ്പുകാര്‍ എന്നാണു് മുതലാളിത്ത സങ്കല്പം. സംരംഭകത്വം എന്നതു് മുതലാളിത്തത്തിനു് മാത്രം കൈവശമായ ഒരു ഗുണമാണെന്നാണു് അവകാശ വാദം. യഥാര്‍ത്ഥത്തില്‍ വ്യവസായ സംരംഭകത്വം ലാഭത്തെ അധിഷ്ഠിതമാക്കിയതായിരുന്നു എന്നതു് ശരിയാണു്. അതിനു് മുമ്പും സംരംഭകത്വം നിലനിന്നിരുന്നു. എല്ലാ വ്യവസ്ഥതിയിലും അതുണ്ടായിരുന്നു. വ്യവസായത്തിലൂടെ ലാഭം കുന്നുകൂട്ടാനോ സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാനോ തയ്യാറാകാതിരുന്ന എത്രയോ സാമൂഹ്യ സംരംഭകരെ ചരിത്രം സമൂഹത്തിനു് നല്‍കിയിട്ടുണ്ടു്. മാര്‍ക്സും ഏംഗത്സും ഗാന്ധിജിയും എകെജിയും ഇഎംഎസും അടക്കം സാമൂഹ്യ സംരംഭകരുടെ ഒരു വലിയ നിര നമുക്കറിയാം. സംരംഭകത്വം മുതലാളിത്താനന്തര സമൂഹത്തിലും ഉണ്ടാകുകയും ആദരിക്കപ്പെടുകയും തന്നെ ചെയ്യും.

വ്യവസായത്തിന്റെ തുടക്കത്തിലും തുടര്‍ന്നു് ഓരോ ഘട്ടത്തിലും കൂടുതല്‍ വികാസത്തിനും വളര്‍ച്ചയ്ക്കുമായി പുതിയ പരീക്ഷണത്തിനു് പ്രേരിപ്പിക്കുന്ന സവിശേഷ ഗുണമാണു്, സംരംഭകത്വം. വ്യവസായ നിക്ഷേപ മൂലധന ഘട്ടത്തില്‍ സ്വാഭാവികമായും സ്വന്തം മൂലധനമാണു് കൂടുതലായി നിക്ഷേപിക്കപ്പെട്ടിരുന്നതു് എന്നതു് കൊണ്ടു് സംരംഭകത്വം പ്രദര്‍ശിപ്പിക്കേണ്ട ആവശ്യകത വ്യവസായ മൂലധന ഉടമ കൂടിയായ വ്യവസായിക്കുണ്ടായിരുന്നു. അതു് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ടു്. അതിലൂടെയാണു് മുതലാളിത്തം വളര്‍ന്നു് വികസിച്ചതു്. എന്നാല്‍, മുതലാളിത്ത വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം എന്നു് ലെനിന്‍ വിശേഷിപ്പിച്ച ധന മൂലധന രൂപീകരണത്തിന്റേതായ സാമ്രാജ്യത്വ ഘട്ടത്തില്‍ നിക്ഷേപകനും സംരംഭകനും തമ്മില്‍ ഉണ്ടായ വേര്‍തിരിവു് യഥാര്‍ത്ഥ സംരംഭകത്വവും സംരംഭകരും അപ്രത്യക്ഷമാകുന്നതിനു് വഴി വെച്ചു. ഓഹരി കമ്പോളത്തില്‍ നിന്നു് മൂലധനം സമാഹരിക്കാനായി വ്യവസായത്തിന്റെ തുടക്കത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കപ്പെടുന്ന വികലമോ കപടമോ ആയ ഒന്നായി വന്‍കിട കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സംരംഭകത്വം മാറി. മുതലാളിത്തത്തില്‍ എവിടെയെങ്കിലും സാമൂഹ്യ ബോധവും കൂട്ടായ്മയും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു് തൊഴിലാളികള്‍ക്കിടയില്‍ മാത്രമാണെന്നു് മാര്‍ക്സിം ഗോര്‍ക്കി പറഞ്ഞതു് പോലെ ഇന്നു്, എവിടെയെങ്കിലും സംരംഭകത്വം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു് ചെറുകിട വ്യവസായങ്ങളില്‍ മാത്രമാണു്. കോര്‍പ്പറേറ്റു് വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം സംരംഭകര്‍ തൊഴിലാളികള്‍ തന്നെയാണു്. അവര്‍ക്കു് പ്രവര്‍ത്തന സ്വാതന്ത്ര്യം കൊടുത്താല്‍ അവര്‍ ഏതു് പൊതു മേഖലാ സ്ഥാപനവും കോര്‍പ്പറേറ്റു് സ്ഥാപനവും കാര്യക്ഷമമായി നടത്തും. അവരെ മുതലാളിത്താനന്തര സമൂഹവും പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.

മറിച്ചു്, കുത്തക മുതലാളിത്തത്തിന്റെ, ധന മൂലധനത്തിന്റെ, സാമ്രാജ്യത്വത്തിന്റെ ആവിര്‍ഭാവത്തോടെ, യഥാര്‍ത്ഥ സംരംഭകരല്ലാത്ത ഓഹരി മൂലധന ഉടമകളുടെ മേധാവിത്വം ഒഴിവാക്കപ്പെടാവുന്ന ഒരധികപ്പറ്റായി മാറിയിരിക്കുന്നു എന്നാണു് ലെനിന്‍ തന്റെ ''സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടം'' എന്ന കൃതിയില്‍ സ്ഥാപിച്ചിരിക്കുന്നതു്. ഇന്നാകട്ടെ, പുതിയ സമ്പത്തോ മിച്ചമൂല്യമോ യഥാര്‍ത്ഥ ലാഭമോ തൊഴിലോ സൃഷ്ടിക്കാനാവാതെ, സമൂഹത്തിന്റെ ക്ഷേമമോ സുസ്ഥിതിയോ പുരോഗതിയോ കൈവരിക്കാനാവാതെ, സമൂഹത്തെ പൊതുവേയും മറ്റു് മുതലാളിമാരെത്തന്നെയും പാപ്പരാക്കിക്കൊണ്ടു് അവയുടെ സമ്പത്തു് കൊള്ളയടിക്കുന്നതിലൂടെ മാത്രം മൂലധനം പെരുപ്പിക്കുന്ന ധന മൂലധനാധിപത്യം സമൂഹത്തിന്റെ നിലനില്പിനോ പുരോഗതിയ്ക്കോ യാതൊരു തടസ്സവുമുണ്ടാക്കാതെ ഒഴിവാക്കാനും അവസാനിപ്പിക്കാനുമാവും.

സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത വക്താക്കള്‍ ഉത്തരം മുട്ടി ഒളിച്ചോടുന്നു. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത (ഉടമസ്ഥാവകാശമല്ല, അതു് മുതലാളിത്തത്തിന്റേതാണു്) ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. മറിച്ചു്, ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം. എന്നാല്‍, മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അടിയന്തിരമായിരിക്കുന്നു.

സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. മറിച്ചു് ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനു് വിട്ടു്, ഉപയോഗത്തിനുള്ള ഉടമസ്ഥത വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമായുള്ള പുതിയ സ്വത്തുടസ്ഥതാ സമ്പദായം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടാനും ഓരോരുത്തരും സംരംഭകരായി മാറാനും ഇടവരുത്തുകയാണുണ്ടാവുക. അതു് നിലവില്‍ സമ്പത്തിന്റെ ഏതു് രൂപവും ഉപയോഗിച്ചു് ജീവിതം നയിക്കുന്നവര്‍ക്കു്, കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ അവരുടെ സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. മറിച്ചു്, ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, നാളിതു് വരെ നടത്തിയ കൊള്ളയിലൂടെ ഉടസ്ഥാവകാശം സ്ഥാപിച്ചതു് ന്യായമായി നിഷേധിക്കുക മാത്രമാണു് ചെയ്യുന്നതു്. അനര്‍ഹമായ ഉടമസ്ഥാവകാശം മാത്രമേ അവസാനിപ്പിക്കുകയേയുള്ളു. ഇന്നും അവ കൈവശം വെച്ചിരിക്കുന്നതു് തൊഴിലാളികള്‍ തന്നെയാണു്. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് ഈ സാമൂഹ്യമാറ്റത്തിലൂടെ, സോഷ്യലിസ്റ്റു് സാമൂഹ്യ വിപ്ലവത്തിലൂടെ നടക്കുന്നതു്. അതിനു് ഒരു തുള്ളി ചോര പോലും ചിന്തേണ്ടി വരില്ല. മുതലാളിത്തം ധിക്കാരം കാട്ടാതിരുന്നാല്‍.

പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഘലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു് നീക്കുക.പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായിട്ടും ഇന്നും അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹത്തിനു് സ്വന്തമായുള്ളതു്. കാരണം, അതാണു്, ജനാധിപത്യം ആണയിടുന്നവരെങ്കിലും മുതലാളിത്തത്തിന്റെ ആധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരികള്‍, ഇന്നും നിലനിര്‍ത്തി വരുന്നതു്. അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കുന്ന കാഴ്ച അടുത്ത കാലത്തു് നടക്കുന്ന സമരങ്ങളില്‍ നാം ദര്‍ശിക്കുകയാണു്. ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ ഉത്തരവാദിത്വം ഏല്പിക്കുന്ന രീതി വളരെ സുതാര്യമായും ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലും തുടരുകയും ചെയ്യും. വിശദാംശങ്ങളും ബാക്കി കാര്യങ്ങളും ജനങ്ങള്‍ മേല്പറഞ്ഞ തിരശ്ചീന ജനാധിപത്യ കൂട്ടായ്മയിലൂടെയും നിര്‍വ്വഹണ സംവിധാനത്തിലൂടെയും രൂപപ്പെടുത്തിക്കൊള്ളും.

Tuesday, October 25, 2011

എന്തു് കൊണ്ടു് പൊതുമുതല്‍ കൊള്ളയും ക്ഷേമ പദ്ധതികളുടെ വെട്ടിക്കുറവും ? പരിഹാരമെന്തു് ?

- ജോസഫ് തോമസ് -

25-10-2011 ലെ ദേശാഭിമാനിയില്‍ വളരെ കാലിക പ്രസക്തമായ രണ്ടു് ലേഖനങ്ങളുണ്ടു്. ഇന്നു് ലോകത്തു് ജനാധിപത്യത്തിനു് വേണ്ടി നടക്കുന്ന സമരങ്ങളും അവയോടു് വ്യത്യസ്ഥ ചേരികള്‍ അനുവര്‍ത്തിക്കുന്ന നിലപാടുകളും അവയുടെ സങ്കീര്‍ണ്ണതകളും മനസിലാക്കാന്‍ ഇവ രണ്ടും ചേര്‍ത്തു് വായിക്കേണ്ടതാണു്. ഒന്നു്, നവ ഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളേക്കുറിച്ചു് സ. കെ. വരദരാജന്‍ എഴുതിയതാണു്. മറ്റൊന്നു്, മൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തിയേക്കുറിച്ചു് പ്രൊ. കെ. എന്‍ ഗംഗാധരന്‍ എഴുതിയതാണു്. നിലവിലുള്ള സ്ഥിതി നന്നായിത്തന്നെ മേല്‍ ലേഖനങ്ങളില്‍ വിശദമാക്കപ്പെടുന്നുണ്ടു്. ഉദാരവല്‍ക്കരണത്തിനെതിരായ സമരങ്ങളുടെ ദിശയെന്തായിരിക്കണം, ഉയര്‍ത്തപ്പെടേണ്ട മുദ്രാവാക്യമെന്തു്, മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയുടെ പരിഹാരമെന്തു് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത ഉരുത്തിരിയേണ്ടതുണ്ടു്. അതിനായി ധന മൂലധനം എത്തിച്ചേര്‍ന്നിട്ടുള്ള പ്രതിസന്ധിയുടെ ചില പ്രത്യേകതകള്‍ ഒന്നു് കൂടി ആഴത്തില്‍ പരിശോധിക്കുകയാണിവിടെ.

ഒന്നാമത്തെ ലേഖനത്തില്‍ ആഗോളമായി ഉയര്‍ന്നു് വരുന്ന പ്രക്ഷോഭത്തിന്നു് പിന്നില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും പാപ്പരീകരണമാണെന്നും അതിനു് കാരണമായി ഭവിച്ചിട്ടുള്ളതു് ധന മൂലധനം ആഗോളമായി അനുവര്‍ത്തിച്ചിട്ടുള്ള ഉദാരവല്‍ക്കരണ നയമാണെന്നും അതിന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ ധന മൂലധനത്തിനു് നല്‍കപ്പെടുന്ന അളവില്ലാത്ത സ്വാതന്ത്ര്യവും പൊതു മുതല്‍ കൊള്ളയും ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നതുമാണെന്നും വിശദമാക്കപ്പെട്ടു. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി ഒരു വശത്തു് മൂലധനം കുന്നു് കൂടുമ്പോള്‍ മറുവശത്തു് ജനങ്ങളില്‍ ബഹു ഭൂരിപക്ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കുന്നു. അതാണു് പ്രക്ഷോഭ വേലിയേറ്റത്തിന്റെ ഭൌതിക പശ്ചാത്തലമെന്നു് ലേഖനം സമര്‍ത്ഥിക്കുന്നു.

രണ്ടാമത്തെ ലേഖനത്തില്‍ ഉദാരവല്‍ക്കരണത്തിലേക്കു് നയിച്ച ആഗോള ധന മൂലധനത്തിന്റെ രൂപീകരണവും അതും വ്യവസായ മൂലധന ഘട്ടവും തമ്മില്‍ മൂലധന ഘടനയിലും മൂലധന വിന്യാസത്തിലും വന്നിട്ടുള്ള വ്യത്യാസവും അതു് മൂലം മൂലധന വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയും കൂടുതല്‍ ലാഭം നേടാനാവുന്ന ഇടങ്ങളിലേക്കു് ധന മൂലധനത്തിന്റെ ആഗോളമായ ഒഴുക്കും അതിനു് ഒത്താശ ചെയ്യുന്ന ദേശ രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളുടെ നയവും വിശദീകരിക്കപ്പെട്ടിട്ടുണ്ടു്.

രണ്ടാം ലേഖനം പറയുന്നതു് ശ്രദ്ധിക്കുക. "ഉല്‍പ്പാദനത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയാണ് മുതലാളിത്ത രീതിയെങ്കില്‍ മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നപ്പോള്‍ ഓഹരി നിക്ഷേപമായി ലാഭത്തിന്റെ മാര്‍ഗം. ഉല്‍പ്പാദന മൂലധനത്തിന്റെ സ്ഥാനം ഓഹരി മൂലധനം ഏറ്റെടുത്തു. മുതലാളിത്തം വളര്‍ന്നപ്പോള്‍ വ്യവസായങ്ങള്‍ മാത്രമല്ല വികസിച്ചത്. ബാങ്കിങ് സ്ഥാപനങ്ങളും വളര്‍ന്നു. എണ്ണംകൊണ്ടും വണ്ണംകൊണ്ടും. വ്യവസായങ്ങള്‍ക്ക് മൂലധനം വേണം. അത് ബാങ്കുകള്‍ നല്‍കി. വ്യവസായങ്ങളുടെ ലാഭം ബാങ്കുകളിലേക്കൊഴുകി. ബാങ്കുകള്‍തന്നെ വ്യവസായങ്ങള്‍ ആരംഭിച്ചു. വ്യവസായികള്‍ ബാങ്കുകളും. വ്യവസായങ്ങളുടെ നിയന്ത്രണം ബാങ്കുകള്‍ കൈക്കലാക്കിയപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണം വ്യവസായികളും കൈയടക്കി. വ്യവസായ മൂലധനവും ബാങ്ക് മൂലധനവും ഇഴുകിച്ചേര്‍ന്നു. വിഭജനരേഖ ഇല്ലാതായി. രണ്ടും ചേര്‍ന്ന് ധനമൂലധനമായി മാറി."

ഉല്‍പ്പാദനത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുന്ന ആദ്യഘട്ടത്തില്‍ ലാഭത്തിനടിസ്ഥാനം വ്യവസായ തൊഴിലാളികളില്‍ നിന്നു് വലിച്ചെടുക്കപ്പെടുന്ന മിച്ചമൂല്യമാണു്. കൂലി കൊടുത്തു് അദ്ധ്വാന ശേഷി വിലയ്ക്കു് വാങ്ങി അദ്ധ്വാനത്തിന്റെ ഉല്പന്നം കൈക്കലാക്കി, അവ കമ്പോളത്തില്‍ വിറ്റു് കിട്ടുന്ന തുകയില്‍ നിന്നു് മൂലധനച്ചെലവുകളും അസംസ്കൃത സാധനങ്ങളുടെ വിലയും കൂലിയും കഴിച്ചു് ബാക്കി വരുന്നതാണു് വ്യവസായ മൂലധനത്തിന്റെ ലാഭം. ഉല്പന്നത്തിന്റെ ചരക്കു് രൂപവും കൂലിയുടെ പണരൂപവും കൂലിവ്യവസ്ഥയിലടങ്ങിയ ചൂഷണം മറച്ചു് വെയ്ക്കാന്‍ മുതലാളിത്തത്തെ സഹായിക്കുന്നു. വ്യവസായത്തില്‍ നടക്കുന്ന മൂല്യ വര്‍ദ്ധനവിനടിസ്ഥാനം തൊഴിലാളിയുടെ അദ്ധ്വാനശേഷിയെന്ന ഒരേ ഒരു സജീവ ഘടകമാണു്. മറ്റെല്ലാം മുന്‍കാലാദ്ധ്വാനം ഈട്ടം കൂടിയതോ പ്രകൃതി വിഭവങ്ങളോ മാത്രമാണു്. അവയൊന്നും മൂല്യവര്‍ദ്ധന വരുത്തുന്നില്ല. അതിനാല്‍, ആ ഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ തൊഴിലാളികളെ പണിക്കു് വെച്ചു് കൂടുതല്‍ കൂടുതല്‍ ഉല്പാദനം നടത്തിച്ചു് കൂടുതല്‍ കൂടുതല്‍ കമ്പോളം കണ്ടെത്തി കൂടുതല്‍ കൂടുതല്‍ ചരക്കു് വിറ്റു് കൂടുതല്‍ കൂടുതല്‍ മുച്ചമൂല്യം നേടുക എന്നതായിരുന്നു പ്രവര്‍ത്തന രീതി. കിട്ടുന്ന മിച്ചമൂല്യം ഭൂവുടമയുടെ വാടകയായും ബാങ്കു് വായ്പയ്ക്കു് പലിശയായും സര്‍ക്കാരിനു് നികുതിയായും ഉദ്യോഗസ്ഥനു് കൈക്കൂലിയായും ബാക്കി വ്യവസായ മുതലാളി തന്റെ ലാഭമായും പങ്കു് വെച്ചു. ലാഭത്തില്‍ നിന്നു് ഭാവി നിക്ഷേപമൂലധനം സ്വരൂപിക്കുകയും ചെയ്തു. ഇതിലൂടെയാണു് മൂലധനവും ഉല്പാദനക്കഴിവും ഉല്പാദനക്ഷമതയും ഉല്പാദനവും വളര്‍ന്നതു്. ഈ ഘട്ടത്തില്‍ മുതലാളിത്തം പുരോഗമന പരമായിരുന്നു. കൂടുതല്‍ സമ്പത്തുല്പാദിപ്പിച്ചു. കൂടുതല്‍ ജനങ്ങള്‍ക്കു് തൊഴില്‍ നല്‍കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി. കൂടുതല്‍ ചരക്കുകള്‍ കമ്പോളത്തിലെത്തിച്ചു. ഒട്ടേറെ പുതിയ ചരക്കുകള്‍ ഉല്പാദിപ്പിച്ചു് ലഭ്യമാക്കുന്നതിലൂടെ പൊതുവെ സമൂഹത്തിന്റെ ക്ഷേമത്തിനു് കാരണമായിട്ടുണ്ടു്.

ധന മൂലധനം രൂപപ്പെട്ടപ്പോള്‍ മൂലധന ഘടനയിലും മൂലധന വിന്യാസത്തിലുമുണ്ടാക്കിയ മാറ്റം മുതലാളിത്ത വ്യവസ്ഥയോടു് അവരുടെ കൂട്ടായ ഉത്തരവാദിത്വത്തിനും മൊത്തം മൂലധന വ്യവസ്ഥയുടെ നിലനില്പിനും വ്യക്തികളായ മുതലാളിമാരുടെ സംരക്ഷണത്തിനുമൊക്കെ ഉപകരിച്ചപ്പോഴും പുതിയൊരു പ്രതിസന്ധിയുടെ വിത്തും അതു് സൃഷ്ടിച്ചു. നാളതു് വരെ വ്യവസായത്തില്‍ നിക്ഷേപിച്ച മൂലധനത്തിനു് മാത്രം മിച്ചമൂല്യം കിട്ടിയാല്‍ മതിയായിരുന്നു. കെട്ടിക്കിടക്കുന്ന മൂലധനത്തിനു് മിച്ച മൂല്യം കിട്ടില്ലായിരുന്നു. അതായിരുന്നു മൂലധനത്തെ സജീവമാക്കുന്നതിനുള്ള പ്രേരക ഘടകം. ലാഭം കിട്ടണമെങ്കില്‍ വ്യവസായത്തില്‍ നിക്ഷേപിക്കണം. സംരംഭകത്വം കാട്ടണം. ധനമൂലധനം രൂപപ്പെട്ടതോടെ മൊത്തം ധനമൂലധനത്തിനും മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പിലും ഉന്നമനത്തിലും താല്പര്യം എടുക്കേണ്ടി വന്നതു് പോലെ മൊത്തം മൂലധനത്തിനുമായി ലാഭം വീതിക്കേണ്ടിയും വന്നു. മുമ്പു് കെട്ടിക്കിടക്കുന്ന മൂലധനത്തിനു് ലാഭം കിട്ടുമായിരുന്നില്ല. ഇന്നിപ്പോള്‍, ധനമൂലധന ഘട്ടത്തില്‍, മൊത്തം മൂലധനത്തിനും ലാഭ വിഹിതം കണ്ടേതീരൂ. പ്രതിസന്ധി ഘട്ടങ്ങളില്‍ ലാഭം കാണിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഓഹരി കമ്പോളത്തില്‍ അതു് പ്രതിസന്ധി സൃഷ്ടിക്കും. പ്രതിസന്ധി ഓഹരി കമ്പോളത്തില്‍ പ്രതിഫലിക്കുക എന്നാല്‍ മൂലധന പ്രതിസന്ധി അംഗീകരിക്കുക എന്നും ഓഹരി കമ്പോളത്തിന്റെ ഇടിവിനു് അനുവദിക്കുക എന്നുമാണു്. മുതലാളിത്തത്തിന്റെ പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഓഹരി കമ്പോള തകര്‍ച്ചയ്ക്കും തുടര്‍ന്നു് വ്യവസ്ഥാ പ്രതിസന്ധിയ്ക്കും അതു് കാരണമാകും.

അതേ സമയം, തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതു് പോലെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യം മുതലാളിത്തത്തിന്റെ സുഗമമായ പുരോഗതിക്കു് തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഉല്പാദന-വിതരണ-വിനിമയ പ്രവര്‍ത്തനങ്ങളിലൂടെ കമ്പോളത്തിലേക്കു് കൂടുതലായി എത്തുന്ന വിഭവത്തേക്കാള്‍ കൂടുതല്‍ ചരക്കുകളുടെ വിലയായി തിരിയെ പിടിച്ചാണു് മേല്പറഞ്ഞ മിച്ചവും അതില്‍ നിന്നു് ലാഭവും അതിലൂടെ മൂലധനവും സ്വരൂപിക്കുന്നതെന്നതിനാല്‍ വര്‍ദ്ധിച്ച ഉല്പദനത്തിലൂടെ കമ്പോളത്തിലെത്തിയ ചരക്കുകളെല്ലാം വിറ്റഴിയപ്പെടാതാകും. ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളും ഉല്പാദനം കുറയ്ക്കാന്‍ വ്യവസായ മുതലാളിയും നിര്‍ബ്ബന്ധിതരാകും. കമ്പോള മാന്ദ്യം നേരിടും. ഇതെല്ലാം സംഭവിച്ചുകൊണ്ടേയിരുന്നു.

വിദേശ കമ്പോളം കുറേക്കാലം പരിഹാരമായിരുന്നു. വീണ്ടും പ്രതിസന്ധി രൂപപ്പെട്ടു. വിവിധ മൂലധന വിഭാഗങ്ങള്‍ വിദേശ കമ്പോളം കയ്യടക്കി കോളനികളാക്കി. കോളനി ചൂഷണം കുറേക്കാലം കൂടി മുതലാളിത്തത്തിനു് ആയുഷ്കാലം കൂട്ടിക്കൊടുത്തു. പക്ഷെ, പ്രതിസന്ധി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പ്രതിസന്ധി പല മുതലാളിമാരേയും ദീവാളി കുളിപ്പിച്ചു. പ്രതിസന്ധി തരണം ചെയ്യാനായി നടന്ന ശ്രമത്തിന്റെ ഭാഗമാണു് പ്രൊ കെ എന്‍ ഗംഗാധരന്‍ തന്റെ വിശകലനത്തില്‍ ചൂണ്ടിക്കാട്ടിയ ധന മൂലധനത്തിന്റെ രൂപീകരണം. അതിലൂടെ വ്യക്തികളായ മുതലാളിമാര്‍ പാപ്പരാകാതെ തടിതപ്പാനുള്ള മാര്‍ഗ്ഗമാണു് കണ്ടെത്തിയതു്. നഷ്ടം ഉണ്ടായാല്‍ ഓഹരി ഉടമകള്‍ക്കു് മാത്രമായും അതിന്റെ പരിധി ഓഹരി നിക്ഷേപത്തോളം മാത്രവും എന്നതായിരുന്നു ലിമിറ്റഡ് കമ്പനിയുടെ തത്വം. എത്ര നഷ്ടമുണ്ടായാലും ഓഹരിയില്‍ കൂടുതല്‍ ബാധ്യത നിക്ഷേപകനില്ല. ലാഭമുണ്ടെങ്കില്‍ ഓഹരി ഉടമകള്‍ക്കു് വീതിച്ചു് കിട്ടും. പക്ഷെ, കമ്പനിയുടെ യഥാര്‍ത്ഥ നില അറിയുന്ന നടത്തിപ്പുകാര്‍ നഷ്ടമുണ്ടാകുന്നതിനോ നഷ്ടം പ്രഖ്യാപിക്കുന്നതിനോ മുമ്പേ തങ്ങളുടെ ഓഹരി കൈമാറി തടി കഴിച്ചിലാക്കും. അവസാന നഷ്ടം കമ്പനിയുമായി ബന്ധമില്ലാത്ത ഓഹരി ഉടമകള്‍ക്കു് മാത്രമായി ചുരുങ്ങും. കമ്പനികളില്‍ നിന്നു് സമ്പത്തു് ചോര്‍ത്തിയെടുത്തു് മൂലധനം പെരുപ്പിക്കാന്‍ നടത്തിപ്പുകാരെ സഹായിക്കുന്നതുമായി മാറി ഈ സംവിധാനം.

മറ്റൊരു വശത്തു്, ഓഹരി കൈമാറ്റങ്ങളിലൂടെയും സംയോജനത്തിലൂടെയും ഏറ്റെടുക്കലിലൂടെയും വ്യവസായ സാമ്രാജ്യങ്ങള്‍ രൂപപ്പെട്ടപ്പോള്‍ ഓരോ വിഭാഗവും തങ്ങളുടെ നിലനില്പിനായി മത്സരത്തിലേര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരായി. വിവിധ മുതലാളിത്ത വിഭാഗങ്ങള്‍ തമ്മില്‍ കമ്പോളത്തിനായി കടിപിടി കൂടി. കമ്പോളത്തിനു് വേണ്ടിയുള്ള മത്സരം മാത്രമല്ല, ആയുധമെടുത്തുള്ള പോരാട്ടങ്ങല്‍ തന്നെ നടത്തി. അതിന്റെ ഭാഗമായി പ്രാദേശിക യുദ്ധങ്ങളിലും തുടര്‍ന്നു് രണ്ടു് ലോക മഹാ യുദ്ധങ്ങളിലും മുതലാളിത്തം ഏര്‍പ്പെട്ടതു് നാം കണ്ടു. വ്യവസായ മൂലധനവും ബാങ്കിങ്ങു് മുലധനവും കൂടിച്ചേര്‍ന്നു് ധന മൂലധനം രൂപപ്പെട്ടതോടെ മുതലാളിത്തം ഒരുയര്‍ന്ന ഘട്ടത്തിലേക്കു് മാറിയ കാര്യം രണ്ടാം ലേഖനത്തില്‍ വിശദമാക്കപ്പെട്ടിട്ടുണ്ടു്. ആ ഘട്ടത്തില്‍ റഷ്യയില്‍ തൊഴിലാളി വര്‍ഗ്ഗം അധികാരം പിടിച്ചെടുത്തതു് കുറേ കമ്പോളം നഷ്ടപ്പെടാനിടയാക്കി. പ്രതിസന്ധി മൂര്‍ച്ഛിക്കാനതു് കാരണമായി. മാത്രമല്ല, സോഷ്യലിസത്തിന്റെ ഉദയം തൊഴിലാളി ക്ഷേമം ഉറപ്പാക്കാനുള്ള സമ്മര്‍ദ്ദവും ലോകത്താകെ മുതലാളിത്തത്തിനു് മേല്‍ ചെലുത്തി. ക്ഷേമ ചെലവു് പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗമായി കെയിന്‍സിനേപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നോട്ടു് വെയ്ക്കുകയുമുണ്ടായി.

രണ്ടാം ലോക യുദ്ധാനന്തരം സോഷ്യലിസ്റ്റു് ചേരി വിപുലപ്പെടുകയും കോളനി വ്യവസ്ഥ അവസാനിക്കുകയും ചെയ്തതു് മുതലാളിത്ത കമ്പോളം വീണ്ടും ചുരുങ്ങാനിടയാക്കി. മുതലാളിത്തത്തിന്റേയും ആഗോള ധന മൂലധനത്തിന്റെ കേന്ദ്രീകരണമായ സാമ്രാജ്യത്വത്തിന്റേയും ഇടപെടല്‍ ശേഷി ഗണ്യമായി പരിമിതപ്പെട്ടു. മാത്രമല്ല, ഉല്പാദന-വ്യാപാര മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും ഓഹരി കമ്പോള പ്രതിസന്ധിയുമൊന്നും ഇനിമേല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചെലവില്‍ പരിഹരിക്കാനാവില്ല എന്ന സ്ഥിതിയും സൃഷ്ടിച്ചു. കാരണം, ബദല്‍ വ്യവസ്ഥ ശക്തമായി നിലവില്‍ വന്നു. അതിനാല്‍ പ്രതിസന്ധി ഉണ്ടാകാതെ നോക്കാനും അതോടൊപ്പം പ്രതിസന്ധി ഉണ്ടായാല്‍ അതു് മറച്ചു് പിടിക്കാനുള്ള തന്ത്രങ്ങളും അവിഷ്കരിക്കാന്‍ മുതലാളിത്തം നിര്‍ബ്ബന്ധിതമായി.

തുടര്‍ന്നിങ്ങോട്ടു് മുതലാളിത്തത്തിന്റെ പ്രയാണം വലിയ പ്രതിസന്ധി രഹിതമായിട്ടാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇടക്കിടെ പ്രതിസന്ധി രൂപപ്പെട്ടിരുന്നെങ്കിലും അവയില്‍ നിന്നു് കരകയറിയുമിരുന്നു. ഇടയ്ക്കിടെ ചെറിയ കുതിപ്പു് രേഖപ്പെടുത്തിയിരുന്നെങ്കിലും മുതലാളിത്തത്തെ പ്രതിസന്ധി വിട്ടൊഴിയാതെ തുടര്‍ന്നു പോന്നു. എങ്കിലും അതില്‍ നിന്നൊക്കെ കരകയറാന്‍ മുതലാളിത്തം പ്രാപ്തമാണെന്ന സന്ദേശം ലോകത്തിനു് നല്‍കപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധാനന്തര ഘട്ടത്തില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സാമ്പത്തിക സഹായം കൊടുക്കുന്നുവെന്ന പേരിലുള്ള ഉപാധികളിലൂടെ അവരുടെ കമ്പോളത്തില്‍ പ്രവേശനം നേടി മുതലാളിത്ത കുതിപ്പു് സൃഷ്ടിക്കാനോ പ്രതിസന്ധി തല്കാലത്തേയ്ക്കു് ഒഴിവാക്കാനോ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സമ്പത്തിന്റെ ഒഴുക്കു് അവികസിത-വികസ്വര നാടുകളില്‍ നിന്നു് വികസിത നാടുകളിലേയ്ക്കായിരുന്നു. അതു് പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചിട്ടുണ്ടു്. തുടര്‍ന്നു് ഒരു ഘട്ടത്തില്‍ സേവനങ്ങളെല്ലാം ചരക്കുകളായി കണക്കാക്കണമെന്നും അവയിലുള്ള വ്യാപാരത്തിനും കമ്പോളം തുറന്നു് കിട്ടണെന്നുമുള്ള വാദഗതി ഉയര്‍ത്തി കമ്പോളം വികസിപ്പിച്ചു.

ശക്തമായൊരു സോഷ്യലിസ്റ്റു് ചേരിയുടെ നിലനില്പും അതിന്റെ സഹായത്തോടെ ശക്തിപ്പെട്ടു് വികസിച്ചു് വന്ന ചേരിചേരാതെ നിന്ന രാജ്യങ്ങളുടെ സമ്പദ്ഘടനകളും അക്കാലത്തെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടിന്റെ തുടക്കത്തില്‍ സോവിയറ്റു് വ്യവസ്ഥയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലെ സോഷ്യലിസ്റ്റു് ഭരണങ്ങള്‍ക്കും ഏറ്റ തിരിച്ചടി ധനമൂലധനാധിപത്യത്തിനു് വലിയൊരാശ്വാസമായി. അതോടെ സോവിയറ്റു് യൂണിയനു് കീഴിലായിരുന്ന ഭൂപ്രദേശവും കിഴക്കന്‍ യൂറോപ്പും മുതലാളിത്ത കമ്പോളത്തോടു് കൂട്ടിച്ചേര്‍ക്കപ്പെട്ടു. സോഷ്യലിസത്തിനേറ്റ പിന്നോട്ടടി, ഒരു വശത്തു്, ചേരിചേരാ രാഷ്ട്രങ്ങളെ വരുതിയിലാക്കാന്‍ സാമ്രാജ്യത്വത്തിനെ സഹായിച്ചു. സോവിയറ്റു് സഹായത്തോടെ സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു് നിന്ന രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ അതിനു് കഴിഞ്ഞു. അഫ്ഘാനിസ്ഥാനും ഇറാക്കും ഇപ്പോള്‍ ലിബിയയും അക്കൂട്ടത്തിലുണ്ടു്. ഇവിടെയെല്ലാം എണ്ണ സമ്പത്തു് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യമായിരുന്നു.

എന്നാല്‍ മുതലാളിത്ത കമ്പോളത്തിലേയ്ക്കു് കൂട്ടിച്ചേര്‍ക്കപ്പെട്ട സോവിയറ്റു്-കിഴക്കന്‍ യൂറോപ്യന്‍ നാടുകള്‍ ധനമൂലധന ചൂഷണത്തിനു് പ്രതീക്ഷിച്ചതു് പോലെ പ്രയോജനപ്പെട്ടില്ല. അവയുടെ നിലനില്പിനു് സഹായം കൊടുക്കേണ്ട ഗതികേടിലായി സാമ്രാജ്യത്വം. അവയില്‍ പലതും സാമ്രാജ്യത്വ ചൂഷണത്തിനു് നിന്നു് കൊടുക്കാന്‍ തയ്യാറായില്ല. അവിടങ്ങളിലെ സാമൂഹ്യ സമ്പത്തു് കൊള്ളയടിച്ചു് രൂപപ്പെട്ട പുത്തന്‍ മൂലധന മാഫിയകള്‍ സാമ്രാജ്യത്വത്തിനു് ബാദ്ധ്യതകളാകുന്ന സ്ഥിതിയും ഉണ്ടായി. അതോടെ, റഷ്യയെ അതിന്റെ പാട്ടിനു് വിടാന്‍ സാമ്രാജ്യത്വം നിര്‍ബ്ബന്ധിതമായി. റഷ്യന്‍ ജനത പ്രതീക്ഷിച്ചതു് കിട്ടാതെ പുതിയൊരു തിരിച്ചറിവിന്റെ പാതയിലേയ്ക്കെത്തിക്കൊണ്ടിരിക്കുന്നു.

അതേ സമയം, സാമ്രാജ്യത്വ നായകനായ അമേരിക്കയുടെ അടുക്കള മുറ്റമായി പരിഗണിക്കപ്പെട്ടിരുന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഇക്കാലത്തു് സാമ്രാജ്യത്വ ചൂഷണത്തിന്റെ കാഠിന്യം മൂലം അതിനെതിരായ ജനകീയ മുന്നേറ്റങ്ങളിലൂടെ സാമ്രാജ്യത്വ സ്വാധീനത്തിനു് പുറത്തു് കടന്നു.

ഇതെല്ലാം ധനമൂലധനാധിപത്യത്തിന്റെ മേധാവിത്വം പണ്ടേപ്പോലെ നിലനിര്‍ത്താന്‍ കഴിയാത്ത ലോക സാഹചര്യം സൃഷ്ടിച്ചു. ലോകമാകെ നിലനിര്‍ത്തിപ്പോന്ന സൈനിക കേന്ദ്രങ്ങളും സംഘര്‍ഷ മേഖലകളും സാമ്രാജ്യത്വ നേതൃത്വത്തിനു് വലിയ ബാധ്യതകളായി മാറി. സാമ്രാജ്യത്വ നേതൃത്വം തന്നെ ഇന്നു് അമേരിക്കയക്കു് ബാദ്ധ്യതയായിരിക്കുന്നു. അതാണു് അമേരിക്കയെ ഏറ്റവും വലിയ കടക്കാരനായി മാറ്റിയതും കടം കൊള്ളാനുള്ള വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കിയതും.

അതാണു്, ഇന്നു് ക്ഷേമ നടപടികള്‍ വെട്ടിക്കുറച്ചതിനു് പിന്നിലും അതിലൂടെ വാള്‍സ്ട്രീറ്റു് കയ്യേറ്റ സമരത്തിലേയ്ക്കു് അമേരിക്കന്‍ ജനതയെ തള്ളി വിട്ടതിനു് പിന്നിലുമുള്ള ചരിത്ര യാഥാര്‍ത്ഥ്യം.

നഗ്നമായ പൊതു മുതല്‍ കൊള്ളയും അതിനു് ഭരണാധികാരികള്‍ കൂട്ടു് നില്‍ക്കുന്നതും എന്തുകൊണ്ടെന്നു് മനസിലാക്കാന്‍ മുതലാളിത്തത്തിന്റെ ആന്തരിക പ്രവര്‍ത്തന രീതിയെക്കുറിച്ചും അതിലൂടെ മുതലാളിത്തം ഇന്നെത്തിച്ചേര്‍ന്നിട്ടുള്ള പതനത്തേക്കുറിച്ചും കൂടി നാം പഠിക്കേണ്ടതുണ്ടു്.

പുതിയ ഉപഭോഗ ചരക്കുകള്‍ സൃഷ്ടിക്കുക എന്നതും നിലവിലുള്ള ചരക്കുകള്‍ക്കു് പുതിയ ഗുണ മേന്മകള്‍ ഏര്‍പ്പെടുത്തി വര്‍ദ്ധിച്ച മൂല്യത്തിനു് വില്കുകയും അത്തരത്തില്‍ ധനവാന്മാരുടെ ഉപഭോഗത്തിനായുള്ള വില്പനയും അവര്‍ ഉപേക്ഷിക്കുന്നവ താഴെത്തട്ടിലുള്ളവരുടെ ഉപഭോഗാവശ്യം നിര്‍വഹിക്കുന്നതിനുള്ള തുടര്‍ വില്പനയും നടത്തി മൊത്തത്തില്‍ കമ്പോളം വികസിപ്പിക്കുക എന്നതും മുതലാളിത്തം എല്ലാക്കാലത്തും ഉപയോഗിച്ചു് പോന്നൊരു മാര്‍ഗ്ഗമാണു്. വാഹനങ്ങള്‍, ടിവി, ഫ്രിഡ്ജു്, എയര്‍ കണ്ടീഷനറുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി ആധുനിക ഉപഭോഗ വസ്തുക്കളിലെല്ലാം ഈ പ്രവണത കാണാം.

പുതിയ ചരക്കുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാറ്റിനേയും വില്പന ചരക്കാക്കുക എന്നതു് മുതലാളിത്തത്തിന്റെ സ്വഭാവമാണു്, അതിന്റെ നിലനില്പിന്റെ ഉപാധിയാണു്. അതാണു് മുതലാളിത്തത്തിന്റെ സജീവതയ്ക്കു് നിദാനമായി ചൂണ്ടിക്കാട്ടപ്പെടുന്നതു്. അതു് മൂലം ഒട്ടേറെ നേട്ടങ്ങള്‍ സമൂഹത്തിനു് ഉണ്ടായിട്ടുമുണ്ടു്. അതേ സമയം അതു് സമൂഹത്തെ കുത്തി കവരുന്നതിനുള്ള ചൂഷണ മാര്‍ഗ്ഗമായി ഉപയോഗിച്ചു് സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും ദരിദ്രരാക്കുകയും ചെയ്യുന്നു. എല്ലായിടത്തും ലഭ്യവും വിലയില്ലാതെ സമൂഹ സമ്പത്തായി കണക്കാക്കി പരക്കെ ഉപയോഗിക്കപ്പെടുന്നതുമായ ഭൂമി മാത്രമല്ല, പ്രകൃതി വിഭവങ്ങളായ വെള്ളവും സ്പെക്ട്രവും അത്തരത്തില്‍ ചരക്കാക്കി കഴിഞ്ഞു. മുതലാളിത്തം ഇനിയൊരു പതിറ്റാണ്ടു് തുടര്‍ന്നാല്‍ ശ്വാസവായുവും അത്തരത്തിലുള്ള ചരക്കായി നമുക്കു് കാണാം. ജല മലിനീകരണം കുടിവെള്ള വ്യവസായത്തിനു് ആക്കം കൂട്ടിയതു് പോലെ, വര്‍ദ്ധിച്ചു് വരുന്ന വായു മലിനീകരണം ശുദ്ധവായുവിന്റെ ആവശ്യകത ഉയര്‍ത്തുന്നുണ്ടു്. കച്ചവടം ലക്ഷ്യം വെച്ചു് ജല സ്രോതസുകളുടേയും വായുവിന്റേയും മലിനീകരണം വര്‍ദ്ധിപ്പിക്കുകയോ കുറഞ്ഞതു് അവയുടെ മലിനീകരണം ബോധപൂര്‍വ്വം തടയാതിരിക്കുകയോ ചെയ്യുന്നതു് ആധുനിക ഭരണകൂടങ്ങളുടെ തന്ത്രമായിട്ടില്ലേ എന്നതു് പരിഗണനാവിഷയമാണിന്നു്. സഹസ്രാബ്ദങ്ങളായി ഏകാധിപതികള്‍ പോലും റോഡ് വക്കില്‍ മരം പിടിപ്പിക്കുകയും കിണര്‍ കുഴിച്ചു് എല്ലാ വര്‍ഷവും വൃത്തിയാക്കി സൂക്ഷിക്കുകയും ചെയ്തിരുന്ന സ്ഥാനത്തു് ഇന്നു് അതൊന്നും ചെയ്യുന്നതില്‍ ആധുനിക ഭരണ കൂടങ്ങള്‍ ശ്രദ്ധിക്കുന്നതേയില്ല. ജല സ്രോതസുകളുടെ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്നതു് കല്ലുകെട്ടോ കോണ്‍ക്രീറ്റു് പണിയോ മാത്രമായി മാറിയിരിക്കുന്നു. അങ്ങിനെയും പുതിയ ചരക്കുകള്‍ കണ്ടെത്താന്‍ മുതലാളിത്തഭരണ കൂടം മുതലാളിത്ത വ്യവസ്ഥിതിയെ സഹായിക്കുന്നു.

ധനകാര്യ മേഖലയില്‍ ഈ വിദ്യ പ്രയോഗിച്ചതാണു് പ്രൊ. കെ എന്‍ ഗംഗാധരന്റെ ലേഖനത്തില്‍ വിശദമായി കൈകാര്യം ചെയ്തിരിക്കുന്ന ഒരു ഭാഗം. വിവിധ ധനകാര്യ മേഖലകളുടെ ആവിര്‍ഭാവത്തിനും തുടര്‍ന്നു് ധനകാര്യ ഉപകരണങ്ങളുടേയും (Financial Instruments) സൃഷ്ടിക്കും വഴിയൊരുക്കിയതിനേക്കുറിച്ചു് അതില്‍ വിശദീകരിച്ചിട്ടുണ്ടു്.. ധനകാര്യ ഉപകരണങ്ങളെന്നാല്‍ ധന ഇടപാടുകളുടെ രേഖകളാണു്. ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, ബില്ലുകള്‍, കടപ്പത്രങ്ങള്‍, നിക്ഷേപ രേഖകള്‍, ഓഹരി സര്‍ടിഫിക്കറ്റുകള്‍ തുടങ്ങി മൂല്യമുള്ള (അതു് ആസ്തിയോ ബാധ്യതയോ സൂചിപ്പിക്കുന്നവയാകാം - ഏതിനും ഒരാളുടെ ബാധ്യത മറ്റൊരാളുടെ ആസ്തിയാണു്) ഏതു് ധനകാര്യ രേഖയും ആവര്‍ത്തിച്ചു് വില്പന നടത്തുന്ന രീതി നിലവില്‍ വന്നു. പുതിയ രേഖകളെ ഡെറിവേറ്റീവ്സ് (Derivatives) എന്നു് വിളിച്ചു് വരുന്നു. ഓരോ വില്പനയും കമ്പോള ക്രയവിക്രയമായും ഉല്പന്നങ്ങളുടെ കൈമാറ്റമായും അതിനാല്‍ സമൂഹത്തില്‍ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ കണക്കില്‍ പെടുത്തുന്ന ഒന്നായും കണക്കാക്കിത്തുടങ്ങി.

ഇത്തരത്തില്‍ അടുത്ത കാലത്തായി ഭൌതികോല്പന്നങ്ങളേയും ധനകാര്യ രേഖകളേയും മാത്രമല്ല, അറിവിന്റെ വിവിധ രൂപങ്ങളേയും ചരക്കാക്കി മാറ്റിത്തുടങ്ങി. അങ്ങിനെയും കമ്പളം വികസിപ്പിച്ചു. വിവര സാങ്കേതിക വിദ്യയെന്ന പേരില്‍ എല്ലാ മേഖലയിലും വിവരം കൈകാര്യ ചെയ്തിരുന്ന സ്ഥിതിക്കു് മാറ്റം വരുത്തി വിവര സാങ്കേതിക സേവനത്തെ ഒരു പ്രത്യേക വ്യവസായമായി പുന സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി അറിവു് മാത്രമായിരുന്ന സോഫ്റ്റ്‌വെയര്‍ തനിയെ ഒരു വ്യവസായ മേഖലയായി. അവിടെ ആര്‍ക്കെങ്കിലും വേണ്ടി അതിന്റെ ചെലവു് വാങ്ങി വികസിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ മറ്റാവശ്യക്കാര്‍ക്കായി അവര്‍ത്തിച്ചു് പകര്‍ത്തി വില്ക്കുന്ന രീതി വര്‍ദ്ധിച്ച ലാഭത്തിനു് സാധ്യതയൊരുക്കി. മാത്രമല്ല, അത്തരം സേവനങ്ങളെ ചരക്കാക്കി മാറ്റിയപ്പോള്‍ ഭാവിയില്‍ വില്കാനുള്ള ചരക്കെന്ന നിലയില്‍ അതിനു് മൂല്യമിട്ടു് അദൃശ്യാസ്തികളാക്കി (Intangible Assets) മൂലധനക്കണക്കില്‍ പെടുത്തി. ഇതു് വ്യാപാര മാന്ദ്യം മൂലം ലാഭത്തിലുള്ള ഇടിവിനു് പകരം ലാഭ വര്‍ദ്ധന കാട്ടാനുള്ള മാര്‍ഗ്ഗമാക്കി.

ഉപഭോഗ ചരക്കുകളേപ്പോലെ തന്നെ ധനകാര്യ രേഖകളുടേയും വിജ്ഞാനോപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും മൊത്തം ഉല്പാദന വര്‍ദ്ധനവിന്റെ കണക്കില്‍ ഇവയെല്ലാം പെടുത്തി ഉല്പാദന വര്‍ദ്ധനവും കമ്പോള വികാസവും ലാഭ വര്‍ദ്ധനയും കണക്കില്‍ കാണിച്ചു് മുതലാളിത്ത വളര്‍ച്ച പെരുപ്പിച്ചു് കാണിച്ചു് പോന്നു. അതാണു് കഴിഞ്ഞ അര നൂറ്റാണ്ടു് കാലത്തു്, തൊഴില്‍ നഷ്ടവും കൂലിക്കുറവും വിലക്കയറ്റവും അടക്കം പ്രതിസന്ധിയുടെ കയ്പേറിയ ഫലങ്ങള്‍ ബഹുഭൂരിപക്ഷം ജനങ്ങളും നേരിട്ടു് അനുഭവിക്കുമ്പോഴും, ഇടത്തരക്കാരായ ഒരു വിഭാഗത്തെ സൃഷ്ടിച്ചു് അവര്‍ക്കു് മെച്ചപ്പെട്ട അവസരമൊരുക്കി, പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ടു്, കണക്കില്‍ ഉല്പാദന വര്‍ദ്ധനവും ലാഭവും ഓഹരി കമ്പോള വികാസവും കാണിച്ചു്, മുതലാളിത്ത പ്രതിസന്ധി ആര്‍ക്കും മനസിലാകാത്ത വിധം മറച്ചു് പിടിക്കാന്‍ മുതലാളിത്തത്തെ പ്രാപ്തമാക്കിയതു്.

എന്നാല്‍ ഇതൊരു കാപട്യവും തല്കാലത്തേയ്ക്കു് ഇരുട്ടു് കൊണ്ടു് ഓട്ടയടയ്ക്കുന്നതു് പോലുള്ള പ്രക്രിയയും മാത്രമാണെന്നു് ആഴത്തിലുള്ള വിശകലനം ബോധ്യപ്പെടുത്തും. സാധാരണക്കാരുടെ ഉപഭോഗോല്പന്നങ്ങളും ധനകാര്യ ഉപകരണങ്ങളും വിജ്ഞാനോപകരണങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടു്. ഉപഭോഗോല്പന്നങ്ങളുടെ കാര്യത്തില്‍ മൂല്യ വര്‍ദ്ധന ഉണ്ടാകുന്നതു് മനുഷ്യാദ്ധ്വാനം ചെലുത്തിയാണു്. സ്വാഭാവികമായും അവിടെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. അതിനായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്. അതു് ജനങ്ങളിലേക്കു് സമ്പത്തിന്റെ ചെറിയൊരോഹരിയെങ്കിലും കിനിഞ്ഞിറങ്ങുന്നതിനു് കാരണമാകുന്നുണ്ടു്. മിച്ചമൂല്യവും സൃഷ്ടിക്കപ്പെടുന്നുമുണ്ടു്. അതിനാല്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നുണ്ടു്. ധന കാര്യ ഉപകരണങ്ങളുടെ കാര്യത്തില്‍ യാതൊരു മൂല്യവും കൂട്ടിച്ചേര്‍ക്കപ്പെടുന്നില്ല. അവയുടെ തുടര്‍ വില്പനയ്ക്കാവശ്യമായ ഓഫീസ് സംവിധാനം നിലനിര്‍ത്താനുള്ള തൊഴില്‍ മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളു. അതിനാല്‍ കാര്യമായി തൊഴിലവസരമോ കൂലിയോ മുച്ചമൂല്യമോ യഥാര്‍ത്ഥ ലാഭമോ സൃഷ്ടിക്കപ്പെടുന്നില്ല ആധുനിക വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തോടെ വിപണന സംവിധാനത്തിനുള്ള തൊഴിലും ഗണ്യമായി കുറഞ്ഞു.

വിജ്ഞാനോപകരണങ്ങളുടെ കാര്യത്തിലാകട്ടെ, ആദ്യമായി വികസിപ്പിക്കുമ്പോള്‍ വളരെയേറെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. കുറേയേറെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നുണ്ടു്. അതു് ഉയര്‍ന്ന കൂലി ലഭ്യമാക്കുന്നതുമാണു്. മിച്ചമൂല്യവും ഉയര്‍ന്നതാണു്. പക്ഷെ, ഒരിക്കല്‍ നിലവില്‍ വന്നവയുടെ ആവര്‍ത്തിച്ചുള്ള വില്പന യാതരു മൂല്യവും കൂട്ടിച്ചേര്‍ക്കപ്പെടാതെയാണു് നടക്കുന്നതു്. അതിനാല്‍ അവിടെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നില്ല. കൂലി കിട്ടുന്നില്ല. മിച്ച മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല.

ഇത്തരത്തില്‍ യഥാര്‍ത്ഥ സമ്പദ്ഘടനയ്ക്കു് സമാന്തരമായി യഥാര്‍ത്ഥ സമ്പദ്ഘടന പോലെ തോന്നിപ്പിക്കുക മാത്രം ചെയ്യുന്ന സമാന്തര സമ്പദ്ഘടനയുടെ (virtual economy) വളര്‍ച്ചയുടെ ചിത്രമാണു് മൊത്തം ദേശീയോല്പാദനത്തില്‍ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളില്‍ വര്‍ദ്ധനവു് ഉണ്ടാക്കിയതായി അവകാശപ്പെടാന്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ വക്താക്കളെ സഹായിച്ചതു്. യഥാര്‍ത്ത സമ്പദ്ഘടനയില്‍ നിന്നു് സമ്പത്തു് സമാന്തര സമ്പദ്ഘടനയിലേക്കു് ഒഴുകി. യഥാര്‍ത്ഥ സമ്പദ്ഘടന കൂടുതല്‍ തകരാറിലായി. ശോഷിച്ചു. പക്ഷെ മൊത്തം ഉല്പാദനം കൂടിയതായി കണക്കില്‍ കാണും. കച്ചവടം നടന്നതായി കണക്കില്‍ കാണും. ലാഭവും കണക്കില്‍ കാണും. തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. കൂലിയില്ല. മിച്ചമൂല്യമില്ല. യഥാര്‍ത്ഥ ലാഭവുമില്ല. അതു് കൊണ്ടു് തന്നെ തൊഴിലാളിക്കു് ജീവിതമില്ല. തൊഴില്‍ രഹിത വളര്‍ച്ചയെന്നു് കഴിഞ്ഞകാലത്തു് വ്യവഹരിക്കപ്പെട്ടതു് ഈ പ്രതിഭാസമാണു്.

ഇത്തരം സമാന്തര സമ്പദ്ഘടനയുടെ (Virtual Economy) മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുതലാളിക്കു് മിച്ചമൂല്യവും മൂലധനത്തിനു് യഥാര്‍ത്ഥ ലാഭവും കിട്ടുന്നില്ല എന്നു് പറയുന്നതിനു് ആ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന മുതലാളിക്കു് നേട്ടമുണ്ടാകുന്നില്ല എന്നര്‍ത്ഥമില്ല. ആ മുതലാളിക്കു് നേട്ടമുണ്ടു്. വളരെയേറെ, ന്യായമായതിലും വളരെയേറെ, പണം അങ്ങോട്ടൊഴുകുന്നുണ്ടു്. അതു്, സാമാന്യ അര്‍ത്ഥത്തില്‍, വ്യക്തികളായ മുതലാളിയേയും സ്ഥാപനത്തേയും സംബന്ധിച്ചിടത്തോളം ലാഭവുമാണു്. അതു്, പക്ഷെ, മറ്റാരുടേയെങ്കിലും, സ്വാഭാവികമായും മറ്റേതെങ്കിലും മുതലാളിയുടെ നഷ്ടമാണു്. ധനകാര്യ ഉപകരണങ്ങളുടേയും വിജ്ഞാനോപകരണങ്ങളുടേയും കാര്യത്തില്‍ ആ നഷ്ടം കൂടുതലും യഥാര്‍ത്ഥ അടിസ്ഥാന സമ്പദ്‌ഘടനയ്ക്കാണു്. കാരണം, അവിടെ നിന്നാണു് ആ മേഖലകളുടെ ലാഭം വലിച്ചെടുക്കപ്പെടുന്നതു്. അടിസ്ഥാന മേഖലയില്‍ ലാഭം ഇടിയുന്ന പ്രവണത കൂടുകയാണു്. അതായതു്, മൊത്തത്തില്‍ മുതലാളിത്ത വ്യവസ്ഥിതി ഇത്തരത്തില്‍ പുതിയ സമ്പത്തോ മുച്ചമൂല്യമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മുതലാളിത്ത കുതിപ്പിന്റെ ചില തുരുത്തുകള്‍ മാത്രമേ അതു് സൃഷ്ടിക്കുന്നുള്ളു. അതു്, അത്രയേറെ വറുതിയുടേയും പിന്നോക്കാവസ്ഥയുടേയും മറ്റു് ചില തുരുത്തുകള്‍ സൃഷ്ടിച്ചു് കൊണ്ടുമാണു്. വികസിത നാടുകളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ചില മേഖലകളും ഇവയ്ക്കുദാഹരണങ്ങളാണു്. ഒരോ രാജ്യത്തും, വികസിത മൂതലാളിത്ത നാടുകളിലടക്കം പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരത്തിലും ഈ പ്രവണത കാണാം.

ഇതിന്റെ ഫലം രണ്ടാണു്.

ഒന്നു്, യഥാര്‍ത്ഥ സമ്പദ്ഘടന വലിയ തോതില്‍ ശോഷിക്കുകയും അതു് സമൂഹത്തെ ഭാവിയില്‍ കടുത്ത പ്രതിസന്ധിയിലേയ്ക്കു് നയിക്കുകയും ചെയ്യും.

രണ്ടു്, അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ (Virtual Economy or Bubble Economy) യഥാര്‍ത്ഥ ഉല്പന്നങ്ങളോ സേവനങ്ങളോ മൂല്യമോ ലാഭമോ ഇല്ലാത്തതിനാല്‍ അതിന്റെ നിലനില്പു് ഏതു് സമയത്തും ചീട്ടു് കൊട്ടാരം പോലെ തകര്‍ന്നടിയാം. അമേരിക്കന്‍ ധനകാര്യ പ്രതിസന്ധിയുടെ ഘട്ടത്തില്‍ കണ്ടതു് പോലെ.

ഭൌതിക ചരക്കുകളില്‍ നടക്കുന്ന ഊഹക്കച്ചവടവും ഇതേ സ്വഭാവത്തോടെയുള്ളതാണു്. അവധിക്കു് വില പറഞ്ഞു് അയഥാര്‍ത്ഥ മൂല്യം സൃഷ്ടിക്കുകയാണവിടെയും നടക്കുന്നതു്. അതിലൂടെ കുമിള സൃഷ്ടിച്ചു് യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വിഭവം വലിച്ചെടുത്തു് യഥാര്‍ത്ഥ സമ്പദ്‌ഘടനയെ ക്ഷീണിപ്പിക്കുകയും ആണു് ഫലം.

പൊതു മേഖലാ സ്വകാര്യവല്‍ക്കരണത്തിനു് പിന്നിലും സ്വകാര്യ മൂലധനത്തിനു് ലാഭകരമായ നിക്ഷേപ മേഖലകള്‍ വികസിപ്പിക്കുക എന്നതായിരുന്നു. നവ സ്വതന്ത്ര രാജ്യങ്ങളിലെല്ലാം സ്വകാര്യ മൂലധനത്തിന്റെ കുറവു് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ മുതല്‍ മുടക്കു് നടത്തി വികസിപ്പിച്ചെടുത്തതാണു് പൊതു മേഖല. അവയെല്ലാം സ്വകാര്യ മൂലധനത്തിനു് കൈമാറുകയോ അതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നുവെങ്കില്‍ ആ മേഖലയിലേയ്ക്കു് സ്വകാര്യ മൂലധനത്തിനു് പ്രവേശനം അനുവദിക്കുകയോ ആണു് മുതലാളിത്ത ഭരണ കൂടങ്ങള്‍ ചെയ്തതു്. ഇതും നാളതു് വരെയുണ്ടായിരുന്നതിലേറെ ഉല്പാദനമോ മിച്ച മൂല്യമോ ലാഭമോ കമ്പോളവികാസമോ സൃഷ്ടിച്ചിട്ടില്ല. തൊഴിലവസരമാകട്ടെ വര്‍ദ്ധിച്ചുമില്ല. സ്ഥിരം തൊഴിലിനു് പകരം താല്കാലിക തൊഴിലും ദിവസക്കൂലിയും മണിക്കൂര്‍ കൂലിയുമാണു് സൃഷ്ടിക്കപ്പെട്ടതു്. പൊതു മേഖലയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ധൂര്‍ത്തും ദുര്‍വ്യയവും ദേശീയ സമ്പത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്തു. ആകെയുണ്ടാകുന്നതു് സമാന്തര കമ്പോള സൃഷ്ടിയിലൂടെയുള്ള മൂലധന പെരുപ്പം മാത്രമാണു്.

ചുരുക്കത്തില്‍ യഥാര്‍ത്ഥ കമ്പോളത്തിലെ ഉല്പാദന-വിതരണ-വിനിമയ പ്രവര്‍ത്തനങ്ങളിലുള്ള മാന്ദ്യം നേരിടാന്‍ സമാന്തര കമ്പോളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുതലാളിത്ത വ്യവസ്ഥയെ സഹായിക്കുന്നില്ല. കാരണം, പുതിയ സമ്പത്തോ മൂല്യ വര്‍ദ്ധനവോ മിച്ചമൂല്യമോ അത്തരം പ്രവര്‍ത്തനങ്ങലിലൂടെ സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ വ്യക്തികളായ മൂലധന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലാഭം കണക്കില്‍ കാണിക്കാന്‍ ഉപകരിക്കുന്നുണ്ടു്. അതു് കള്ളക്കച്ചവടം മാത്രമാണു്. ഒരു മുതലാളിയുടെ ലാഭം മറ്റൊരു മുതലാളിയുടെ നഷ്ടമായിരിക്കും. മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിക്കും പരിഹാരമാകുന്നില്ല. പ്രതിസന്ധി മറച്ചു് വെച്ചു് കൃത്രിമമായി സജീവത കാണിക്കുക മാത്രമാണു് ഇത്തരം പ്രതീകാത്മക കമ്പോളത്തിലൂടെ നടക്കുന്നതു്. പക്ഷെ, ഓഹരി കമ്പോളത്തില്‍ ലാഭം കാണിച്ചു് കമ്പോളത്തകര്‍ച്ച ഒഴിവാക്കാന്‍ കഴിഞ്ഞു. അതു് പക്ഷെ, ഓഹരി ഉടമകളെ, പ്രതിസന്ധി അവരെ അറിയാതെ, ഇരുട്ടില്‍ നിര്‍ത്തി വഞ്ചിക്കുന്ന നടപടിയാണു്. ഏതു് സമയത്തും ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചയുണ്ടാകാം. അതു് ഒട്ടേറെ ഓഹരി ഉടമകളെ പാപ്പരാക്കാം.

അമേരിക്കയില്‍ ധന മേഖലയില്‍ ഈ കപട കമ്പോളപ്പെരുപ്പം അവസാനം തകര്‍ച്ച നേരിട്ടതും ബാങ്കുകളെ രക്ഷിക്കാനായി ലക്ഷക്കണക്കിനു് കോടി ഡോളറിന്റെ ജാമ്യ പദ്ധതികള്‍ ആവിഷ്കരിച്ചു് പൊതുപ്പണം തട്ടിപ്പുകാരായ മൂലധന ഉടമകള്‍ക്കു് കൊടുത്തതും അതിന്റെ വിഭവ സമാഹരണത്തിനായി ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതും നാം കണ്ടു. അമേരിക്കന്‍ ധന മേഖലാ പ്രതിസന്ധി ധന മൂലധനത്തെ പിടിച്ചുലച്ചു. സമാന്തര സമ്പദ്ഘടനയുടെ വിശ്വാസ്യത തകരുന്നതിനതു് ഇടയാക്കി. യഥാര്‍ത്ഥ ലാഭമില്ലാതെ കള്ളക്കണക്കെഴുതി ലാഭം കാണിച്ചു് ഓഹരി ഉടമകളെ കുറേക്കാലത്തേയ്ക്കു് കബളിപ്പിക്കാമെങ്കിലും അധികകാലം അതു് നടപ്പില്ലെന്നു് മുതലാളിമാര്‍ക്കറിയാം. അതിനാല്‍ യഥാര്‍ത്ഥ ആസ്തി ആര്‍ജ്ജിച്ചു് ഓഹരി ഉടമകളുടെ വിശ്വാസം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ മുതലാളിമാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. ഹൈദരാബാദില്‍ സത്യത്തിന്റെ ഭൂമിക്കച്ചവടം അത്തരത്തിലൊന്നായിരുന്നു. ഇന്നു് മിക്ക മൂലധന കുത്തകകളും പ്രകൃതി വിഭവങ്ങളോ ഭൂമിയോ ഖനികളോ ഊര്‍ജ്ജ സ്രോതസുകളോ കയ്യടക്കാനുള്ള ശ്രമത്തിലാണു്. അതിനു് ഒത്താശ ചെയ്തു് കൊടുക്കുകയല്ലാതെ ഭരണാധികാരികള്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഒന്നുകില്‍ വ്യവസ്ഥിതിയുടെ തകര്‍ച്ച നേരിടുക. അല്ലെങ്കില്‍ നാളിതു് വരെ കാണിച്ച കണ്‍കെട്ടു് വിദ്യകളും വഞ്ചനകളും പൂര്‍വ്വാധികം ശക്തിയോടെ തുടരുക. അതു് പൊതു മുതലിന്റെ കൊള്ളയായി ഇന്നു് മാറിയിരിക്കുന്നു. പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സു് പറഞ്ഞതു് പുതിയ രൂപത്തിലിന്നു് നടക്കുന്നു. ഭരണാധികാരികള്‍ അതിനു് കൂട്ടു് നില്ക്കുന്നു.

അദൃശ്യാസ്തികള്‍ കാട്ടി ബാലന്‍സ് ഷീറ്റു് ലാഭം കാട്ടിയപ്പോഴും ധനകാര്യ ഉപകരണങ്ങളുടെ അവര്‍ത്തിച്ചുള്ള കച്ചവടത്തിലൂടെയും അവധിക്കച്ചവടത്തിലൂടെയും മറ്റും ഉല്പാദന വര്‍ദ്ധനവു് കാണിച്ചപ്പോഴും ചുരുക്കത്തില്‍ സമാന്തര സമ്പദ്ഘടനയുടെ പ്രവര്‍ത്തനത്തിലൂടെ യഥാര്‍ത്ഥ സാമൂഹ്യ ജീവിതത്തിനാവശ്യമില്ലാത്ത വ്യാപാരത്തിനു് വേണ്ടി നടത്തിയ കപട വ്യാപാരത്തിലൂടെയും പൊതു ആസ്തികളും സാമൂഹ്യാസ്തികളും പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചു് സ്വകാര്യാസ്തികളായി മാറ്റിയപ്പോഴും മൂലധനം പെരുപ്പിക്കുക കൂടിയാണുണ്ടായതു്. ഇതു് മറ്റൊരു പ്രതിസന്ധിക്കു് ആക്കം കൂട്ടുകയാണു് ചെയ്തതു്.

ധന മൂലധന രൂപീകരണത്തോടെ രൂപപ്പെട്ട പുതിയ പ്രതിസന്ധിയുടെ വിത്തിവിടെ ഭീമാകാരം കൈക്കൊള്ളുകയാണു്. വ്യവസായ മൂലധനത്തിനു് മാത്രമല്ല, മുഴുവന്‍ മൂലധനത്തിനും ലാഭം കണ്ടെത്തണമെന്നതു്, കപട ലാഭത്തിലൂടെ പെരുപ്പിക്കപ്പെട്ട മൂലധനത്തിനും കൊള്ളമുതലിലൂടെ സമാഹരിക്കപ്പെട്ട മൂലധനത്തിനും ബാധകമാണു്. വ്യാപാര മാന്ദ്യത്തോടെ യഥാര്‍ത്ത ലാഭം ഇടിയുന്നു. തൊഴില്‍ കുറയുന്നു. മിച്ച മൂല്യം കുറയുന്നു. യഥാര്‍ത്ഥ ലാഭം കുറയുന്നു. ഇതു് ഓഹരി കമ്പോളത്തില്‍ പ്രകടമാകാതെ കൃത്രിമമായി ലാഭം കാട്ടി രക്ഷപ്പെടുമ്പോഴെല്ലാം കണക്കില്‍ മൂലധനം പെരുകുകയാണു്. പെരുകുന്ന മൂലധനം ചിലരുടെ ലാഭവും മറ്റെവിടെയെങ്കിലും മറ്റാരുടേയെങ്കിലും നഷ്ടവുമാണു്. പക്ഷെ, ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്താന്‍ അതുപകരിക്കുന്നു. കൂടുതല്‍ കൊള്ള നടത്തി ലാഭം കാട്ടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ഈയൊരു വിഷമ വൃത്തത്തിലാണു് ധന മൂലധന വ്യവസ്ഥ എത്തിപ്പെട്ടിട്ടുള്ളതു്.

ഇല്ലാത്ത ലാഭം ഉണ്ടെന്നു് കാട്ടിയുള്ള കള്ളക്കണക്കിന്റെ ബലത്തില്‍ മേന്മ അവകാശപ്പെട്ടു് യഥാര്‍ത്ഥ ഉല്പാദകരെ വഞ്ചിച്ചു് അവരുടെ സമ്പത്തു് ചോര്‍ത്തിയെടുത്തു് പതപ്പിച്ചു് പെരുമ നിലനിര്‍ത്തിയാണു് മുതലാളിത്തം അതിന്റെ തകര്‍ച്ച അകറ്റിയകറ്റി ഇതു് വരെ എത്തിയതു്. ഓഹരി ഉടമകളെ കബളിപ്പിച്ചു് ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്തിയിരുന്നില്ലെങ്കില്‍ മുതലാളിത്തത്തിന്റെ അന്ത്യം പതിറ്റാണ്ടുകള്‍ക്കു് മുമ്പേ നടക്കേണ്ടതായിരുന്നു.

ചുരുക്കത്തില്‍, മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പു് ഉറപ്പു് വരുത്താന്‍ ബാദ്ധ്യതപ്പെട്ട മുതലാളിത്ത ഭരണാധികാരികള്‍ക്കു് പൊതുമുതല്‍ കൊള്ളയ്ക്കു് കൂട്ടു നില്‍ക്കുകയും ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയുമല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. മുതലാളിത്ത പ്രതിസന്ധിക്കു് മറുവഴികളൊന്നും അവര്‍ക്കു് മുമ്പിലില്ല. പ്രതിസന്ധി മറച്ചു് പിടിക്കാനായി കാട്ടിക്കൂട്ടിയ കാപട്യങ്ങള്‍ പ്രതിസന്ധിയുടെ ആഴം ഒരിക്കലും പരിഹരിക്കാനാവാത്തത്ര ആഴത്തിലുള്ളതാക്കിയിരിക്കുന്നു. സമഗ്രാധിപത്യത്തിലൂടെ ജനങ്ങളേയും തൊഴിലാളികളേയും പട്ടിണിക്കിട്ടു് മൂലധന താല്പര്യം സംരക്ഷിക്കാനാവാത്ത വിധം ജനാധിപത്യാഭിനിവേശം ജനങ്ങളില്‍ സംജാതമായിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്ത ഭരണാധികാരികള്‍ അന്തം വിട്ടു് നില്കുന്ന കാഴ്ചയാണിന്നു് ലോകമാകെ കാണുന്നതു്.

സാമൂഹ്യ സമ്പത്തിന്റേയും പൊതു മേഖലാ ആസ്തികളുടേയും കൊള്ളയിലൂടെമാത്രം, അവയുടെ പുനര്‍ വിതരണത്തിലൂടെ മാത്രം മുതലാളിത്തത്തിന്റെ നിലനില്പിനു് യാതൊരു ന്യായീകരണവുമില്ല. പുതിയസമ്പത്തോ മിച്ചമൂല്യമോ തൊഴിലോ സൃഷ്ടിക്കാന്‍ കഴിയാത്ത മുതലാളിത്തം അതിന്റെ നിലനില്പിന്റെ അര്‍ഹത നഷ്ടപ്പെടുത്തിയിരിക്കുന്നു. കാരണം, സോഷ്ലിസത്തിനെതിരെ മുതലാളിത്തത്തിനു് ഉണ്ടെന്നു് മുതലാളിത്ത വക്താക്കള്‍ പുരപ്പുറത്തു് കയറി നിന്നു് കൂവിയുരുന്ന മേന്മ, ആ വ്യവസ്ഥിതിയുടെ സംരംഭകത്വവും അതു് സൃഷ്ടിക്കുന്ന പുതിയ സമ്പത്തും മൂല്യ വര്‍ദ്ധനവും മിച്ചമൂല്യവും തൊഴിലുമായിരുന്നു. സോഷ്യലിസത്തെ സമത്വാധിഷ്ഠിത വിതരണത്തിന്റെ വ്യവസ്ഥയായും മുതലാളിത്തത്തെ സമ്പത്തുല്പാദനത്തിന്റെ വ്യവസ്ഥയായുമാണു് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ വക്താക്കളുടെ വേദികളില്‍ വ്യവഹരിക്കപ്പെട്ടു് പോന്നതു്. മുതലാളിത്തം അതിനുണ്ടെന്നു് അവകാശപ്പെട്ടിരുന്ന എല്ലാ ഗുണങ്ങളും അതിനു് നഷ്ടപ്പെട്ടിരിക്കുന്നു.

ഇന്നത്തെ പ്രതിസന്ധിക്കു് പരിഹാരം വ്യവസ്ഥാ മാറ്റം മാത്രമേയുള്ളുവെന്നു് മേല്പറഞ്ഞ പ്രതിസന്ധിയുടെ കാരണങ്ങളും അതിന്റെ ഘടകങ്ങളും ആഴവും ചൂണ്ടിക്കാട്ടുന്നു. സമ്പത്തുല്പാദനം സാമൂഹ്യമായിക്കഴിഞ്ഞിട്ടു് നാളുകളേറെയായി. അതു് മുതലാളിത്തത്തിന്റെ സംഭാവനയാണു്. ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ സ്വായത്തമാക്കല്‍ കൂടി സാമൂഹ്യമാക്കുക തന്നെയാണു് പരിഹാരമാര്‍ഗ്ഗം. അവ തമ്മിലുള്ള വൈരുദ്ധ്യമാണിന്നു് പ്രതിസന്ധിക്കു് കാരണം. ജനങ്ങളുടെ ക്രയശേഷി ഉയര്‍ത്തണം. ചൂഷണം അവസാനിപ്പിക്കണം. മുതലാളിത്തത്തില്‍ അതു് നടക്കില്ല. കുത്തക ധന മൂലധനം സാമൂഹ്യ ഉടമസ്ഥതയില്‍ കൊണ്ടുവരിക മാത്രമേ ഇന്നു് പരിഹാരമുള്ളു. അതായതു് മുതലാളിത്തം അവസാനിപ്പിച്ചു് സോഷ്യലിസ്റ്റു് ഉല്പാദനക്രമത്തിലേക്കു് മാറുക എന്നതു് മാത്രമേ ധന മൂലധനം നയിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിക്കു് പരിഹാരമുള്ളു. അല്ലാത്ത പക്ഷം, പ്രാകൃത മൂലധന സമാഹരണം തുടരാന്‍ അനുവദിച്ചു് സ്വത്തു് മുഴുവന്‍ മുതലാളിമാര്‍ക്കു് വിട്ടു് കൊടുത്തും ജന ക്ഷേമ പദ്ധതികളെല്ലാം ഉപേക്ഷിച്ചു് ജനങ്ങളാകെ പട്ടിണികിടന്നു് പണിയെടുത്തും മുതലാളിത്തം നിലനിര്‍ത്തണം. ലാഭം ഉണ്ടാക്കാന്‍ പോലും കഴിയാത്ത മുതലാളിയെ തീറ്റിപ്പോറ്റേണ്ട ഗതികേടു് തൊഴിലാളി ഏതായാലും സ്വന്തം തലയിലെടുത്തു് വെയ്ക്കേണ്ടതില്ല. അതിലൊരു ന്യായവുമില്ല, യുക്തിയുമില്ല.

ഭാവി സമൂഹത്തിന്റെ ഘടനയും നടത്തിപ്പും വികാസവും ഭാവിയും എന്തായിരിക്കുമെന്നതിന്റെ ഒരു ചെറിയ രൂപരേഖ ഇവിടെ ആവശ്യമാണു്.

സംരംഭകരാണു് വ്യവസായ നടത്തിപ്പുകാര്‍ എന്നാണു് മുതലാളിത്ത സങ്കല്പം. സംരംഭകത്വം എന്നതു് മുതലാളിത്തത്തിനു് മാത്രം കൈവശമായ ഒരു ഗുണമാണെന്നാണു് അവകാശ വാദം. യഥാര്‍ത്ഥത്തില്‍ വ്യവസായ സംരംഭകത്വം ലാഭത്തെ അധിഷ്ഠിതമാക്കിയതായിരുന്നു എന്നതു് ശരിയാണു്. അതിനു് മുമ്പും സംരംഭകത്വം നിലനിന്നിരുന്നു. എല്ലാ വ്യവസ്ഥതിയിലും അതുണ്ടായിരുന്നു. വ്യവസായത്തിലൂടെ ലാഭം കുന്നുകൂട്ടാനോ സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാനോ തയ്യാറാകാതിരുന്ന എത്രയോ സാമൂഹ്യ സംരംഭകരെ ചരിത്രം സമൂഹത്തിനു് നല്‍കിയിട്ടുണ്ടു്. മാര്‍ക്സും ഏംഗത്സും ഗാന്ധിജിയും എകെജിയും ഇഎംഎസും അടക്കം സാമൂഹ്യ സംരംഭകരുടെ ഒരു വലിയ നിര നമുക്കറിയാം. സംരംഭകത്വം മുതലാളിത്താനന്തര സമൂഹത്തിലും ഉണ്ടാകുകയും ആദരിക്കപ്പെടുകയും തന്നെ ചെയ്യും.

വ്യവസായത്തിന്റെ തുടക്കത്തിലും തുടര്‍ന്നു് ഓരോ ഘട്ടത്തിലും കൂടുതല്‍ വികാസത്തിനും വളര്‍ച്ചയ്ക്കുമായി പുതിയ പരീക്ഷണത്തിനു് പ്രേരിപ്പിക്കുന്ന സവിശേഷ ഗുണമാണു്, സംരംഭകത്വം. വ്യവസായ നിക്ഷേപ മൂലധന ഘട്ടത്തില്‍ സ്വാഭാവികമായും സ്വന്തം മൂലധനമാണു് കൂടുതലായി നിക്ഷേപിക്കപ്പെട്ടിരുന്നതു് എന്നതു് കൊണ്ടു് സംരംഭകത്വം പ്രദര്‍ശിപ്പിക്കേണ്ട ആവശ്യകത വ്യവസായ മൂലധന ഉടമ കൂടിയായ വ്യവസായിക്കുണ്ടായിരുന്നു. അതു് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ടു്. അതിലൂടെയാണു് മുതലാളിത്തം വളര്‍ന്നു് വികസിച്ചതു്. എന്നാല്‍, മുതലാളിത്ത വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം എന്നു് ലെനിന്‍ വിശേഷിപ്പിച്ച ധന മൂലധന രൂപീകരണത്തിന്റേതായ സാമ്രാജ്യത്വ ഘട്ടത്തില്‍ നിക്ഷേപകനും സംരംഭകനും തമ്മില്‍ ഉണ്ടായ വേര്‍തിരിവു് യഥാര്‍ത്ഥ സംരംഭകത്വവും സംരംഭകരും അപ്രത്യക്ഷമാകുന്നതിനു് വഴി വെച്ചു. ഓഹരി കമ്പോളത്തില്‍ നിന്നു് മൂലധനം സമാഹരിക്കാനായി വ്യവസായത്തിന്റെ തുടക്കത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കപ്പെടുന്ന വികലമോ കപടമോ ആയ ഒന്നായി വന്‍കിട കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സംരംഭകത്വം മാറി. മുതലാളിത്തത്തില്‍ എവിടെയെങ്കിലും സാമൂഹ്യ ബോധവും കൂട്ടായ്മയും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു് തൊഴിലാളികള്‍ക്കിടയില്‍ മാത്രമാണെന്നു് മാര്‍ക്സിം ഗോര്‍ക്കി പറഞ്ഞതു് പോലെ ഇന്നു്, എവിടെയെങ്കിലും സംരംഭകത്വം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു് ചെറുകിട വ്യവസായങ്ങളില്‍ മാത്രമാണു്. അവരെ മുതലാളിത്താനന്തര സമൂഹവും പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. മറിച്ചു്, കുത്തക മുതലാളിത്തത്തിന്റെ, ധന മൂലധനത്തിന്റെ, സാമ്രാജ്യത്വത്തിന്റെ ആവിര്‍ഭാവത്തോടെ, യഥാര്‍ത്ഥ സംരംഭകരല്ലാത്ത ഓഹരി മൂലധന ഉടമകളുടെ മേധാവിത്വം ഒഴിവാക്കപ്പെടാവുന്ന ഒരധികപ്പറ്റായി മാറിയിരിക്കുന്നു എന്നാണു് ലെനിന്‍ തന്റെ ''സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടം'' എന്ന കൃതിയില്‍ സ്ഥാപിച്ചിരിക്കുന്നതു്. ഇന്നാകട്ടെ, പുതിയ സമ്പത്തോ മിച്ചമൂല്യമോ യഥാര്‍ത്ഥ ലാഭമോ തൊഴിലോ സൃഷ്ടിക്കാനാവാതെ, സമൂഹത്തിന്റെ ക്ഷേമമോ സുസ്ഥിതിയോ പുരോഗതിയോ കൈവരിക്കാനാവാതെ, സമൂഹത്തെ പൊതുവേയും മറ്റു് മുതലാളിമാരെത്തന്നെയും പാപ്പരാക്കിക്കൊണ്ടു് അവയുടെ സമ്പത്തു് കൊള്ളയടിക്കുന്നതിലൂടെ മാത്രം മൂലധനം പെരുപ്പിക്കുന്ന ധന മൂലധനാധിപത്യം സമൂഹത്തിന്റെ നിലനില്പിനോ പുരോഗതിയ്ക്കോ യാതൊരു തടസ്സവുമുണ്ടാക്കാതെ ഒഴിവാക്കാനും അവസാനിപ്പിക്കാനുമാവും.

സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത വക്താക്കള്‍ ഉത്തരം മുട്ടി ഒളിച്ചോടുന്നു. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത (ഉടമസ്ഥാവകാശമല്ല, അതു് മുതലാളിത്തമാണു്) ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. മറിച്ചു്, മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. മുതലാളിത്തത്തിന്റെ അന്ത്യം അടിയന്തിരമായിരിക്കുന്നു.

സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. മറിച്ചു് ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനു് വിട്ടു്, ഉപയോഗത്തിനുള്ള ഉടമസ്ഥത വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമായുള്ള പുതിയ സ്വത്തുടസ്ഥതാ സമ്പദായം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടാനും ഓരോരുത്തരും സംരംഭകരായി മാറാനും ഇടവരുത്തുകയാണുണ്ടാവുക. അതു് നിലവില്‍ സമ്പത്തിന്റെ ഏതു് രൂപവും ഉപയോഗിച്ചു് ജീവിതം നയിക്കുന്നവര്‍ക്കു്, കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ അവരുടെ സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. മറിച്ചു്, ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, ഉടസ്ഥാവകാശം മാത്രം അവസാനിപ്പിക്കുക മാത്രമേയുള്ളു. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് ഈ സാമൂഹ്യമാറ്റത്തിലൂടെ, സോഷ്യലിസ്റ്റു് സാമൂഹ്യ വിപ്ലവത്തിലൂടെ വരുത്തുന്നതു്.

പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഘലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു് നീക്കുക.പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായിട്ടും ഇന്നും അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹത്തിനു് സ്വന്തമായുള്ളതു്. കാരണം, അതാണു് ജനാധിപത്യം ആണയിടുന്നവരെങ്കിലും മുതലാളിത്തത്തിന്റെ ആധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരികള്‍ ഇന്നും നിലനിര്‍ത്തി വരുന്നതു്. അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കുന്ന കാഴ്ച അടുത്ത കാലത്തു് നടക്കുന്ന സമരങ്ങളില്‍ നാം ദര്‍ശിക്കുകയാണു്. ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ ഉത്തരവാദിത്വം ഏല്പിക്കുന്ന രീതി വളരെ സുതാര്യമായും ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലും തുടരുകയും ചെയ്യും. ബാക്കി കാര്യങ്ങള്‍ ജനങ്ങള്‍ മേല്പറഞ്ഞ തിരശ്ചീന ജനാധിപത്യ കൂട്ടായ്മയിലൂടെ രൂപപ്പെടുത്തിക്കൊള്ളും.

ധനമൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തി - പ്രൊഫ. കെ എന്‍ ഗംഗാധരന്‍


(Courtesy : Deshabhimani : Posted on: 24-Oct-2011 11:28 PM)

സാമ്പത്തിക പ്രതിസന്ധി പലതരത്തില്‍ പ്രത്യക്ഷപ്പെടാം. ഉല്‍പ്പാദിപ്പിച്ച ചരക്കുകള്‍ വില്‍ക്കാതെ വന്നാല്‍ അത് പ്രതിസന്ധിയാണ്. വാങ്ങിയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതും പ്രതിസന്ധിയാണ്. ഓഹരിമൂല്യം ഇടിയുന്നതും പ്രതിസന്ധിയാണ്. ഈ പ്രതിസന്ധികളൊന്നുംതന്നെ തുടങ്ങിയ മേഖലകളില്‍ അവസാനിക്കുന്നില്ല. മറ്റ് മേഖലകളിലേക്കും ആളിപ്പടരുന്നു. രാജ്യാതിര്‍ത്തികള്‍ കടന്ന് ആഗോളമാനം കൈവരിക്കുന്നു. പകര്‍ച്ചവ്യാധിപോലെ പടരുന്നതാണ് പ്രതിസന്ധി.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൊന്നായ ഗ്രീസ് ഒരു ഉദാഹരണമാണ്. കടബാധ്യതയില്‍ ആടിയുലയുകയാണ് ആ രാജ്യം. 312 ശതകോടി ഡോളറാണ് ദേശീയ വരുമാനം. കടബാധ്യത 486 ശതകോടി ഡോളറും. അതായത് ദേശീയ വരുമാനത്തിന്റെ 155 ശതമാനം കടബാധ്യത. ബജറ്റ് കമ്മിയാണെങ്കില്‍ 15 ശതമാനവും. ഗ്രീസിനെ പണയപ്പെടുത്തിയാലും കടംതീരില്ല. ഇനിയാരും കടം നല്‍കില്ല. നല്‍കുന്നവരാകട്ടെ ചോര കിനിയാതെ പകരം ഒരു റാത്തല്‍ ഇറച്ചി ദേഹത്തുനിന്ന് ആവശ്യപ്പെട്ട ഷൈലോക്കിനെപ്പോലെ പെരുമാറുന്നു. 110 ശതകോടി ഡോളര്‍ വായ്പ നല്‍കിയ ഐഎംഎഫും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ ഗ്രീസ് ശ്വാസംമുട്ടുന്നു.

വാസ്തവത്തില്‍ മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സ്വയംകൃതാനര്‍ഥമാണ്. തൊഴിലവസരങ്ങള്‍ വളര്‍ത്താനുള്ള കഴിവില്ലായ്മയും അതുകാരണമുണ്ടാകുന്ന വരുമാനത്തകര്‍ച്ചയുമാണ് മൂലകാരണം. വരുമാനമില്ലെങ്കില്‍ ചരക്കുകള്‍ വില്‍ക്കപ്പെടില്ല. വിറ്റില്ലെങ്കില്‍ ലാഭവും നിക്ഷേപവും കുറയും. മുതലാളിത്ത വളര്‍ച്ചയുടെ പ്രേരകശക്തിതന്നെ ലാഭമാണ്. വില്‍ക്കണമെങ്കില്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൈയില്‍ പണം വേണം. വായ്പ നല്‍കി പണം സൃഷ്ടിക്കുകയാണ് സ്വീകരിക്കപ്പെട്ട മാര്‍ഗം. അങ്ങനെ കടം പെരുകി. കടത്തിന്റെ പൊയ്ക്കാലില്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പൊക്കി. ഇപ്പോള്‍ കടം തിരിഞ്ഞുകൊത്താന്‍ തുടങ്ങിയിരിക്കുന്നു. വീട്ടാന്‍ നിവൃത്തിയില്ല. ഇറക്കുമതി നടത്താനോ ദൈനംദിന സര്‍ക്കാര്‍ ചെലവുകള്‍ നിര്‍വഹിക്കാനോപോലും കഴിയുന്നില്ല. ഉല്‍പ്പാദനം മരവിച്ചു. ദേശീയ വരുമാനം ഇടിഞ്ഞു. തൊഴിലില്ലായ്മ പെരുകി.

ഉല്‍പ്പാദനത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയാണ് മുതലാളിത്ത രീതിയെങ്കില്‍ മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നപ്പോള്‍ ഓഹരി നിക്ഷേപമായി ലാഭത്തിന്റെ മാര്‍ഗം. ഉല്‍പ്പാദന മൂലധനത്തിന്റെ സ്ഥാനം ഓഹരി മൂലധനം ഏറ്റെടുത്തു. മുതലാളിത്തം വളര്‍ന്നപ്പോള്‍ വ്യവസായങ്ങള്‍ മാത്രമല്ല വികസിച്ചത്. ബാങ്കിങ് സ്ഥാപനങ്ങളും വളര്‍ന്നു. എണ്ണംകൊണ്ടും വണ്ണംകൊണ്ടും. വ്യവസായങ്ങള്‍ക്ക് മൂലധനം വേണം. അത് ബാങ്കുകള്‍ നല്‍കി. വ്യവസായങ്ങളുടെ ലാഭം ബാങ്കുകളിലേക്കൊഴുകി. ബാങ്കുകള്‍തന്നെ വ്യവസായങ്ങള്‍ ആരംഭിച്ചു. വ്യവസായികള്‍ ബാങ്കുകളും.

വ്യവസായങ്ങളുടെ നിയന്ത്രണം ബാങ്കുകള്‍ കൈക്കലാക്കിയപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണം വ്യവസായികളും കൈയടക്കി. വ്യവസായ മൂലധനവും ബാങ്ക് മൂലധനവും ഇഴുകിച്ചേര്‍ന്നു. വിഭജനരേഖ ഇല്ലാതായി. രണ്ടും ചേര്‍ന്ന് ധനമൂലധനമായി മാറി.

വന്‍കിട വ്യവസായ-ബാങ്ക് ഉടമകളാണ് ധനമൂലധനത്തിന്റെ അധിപന്‍മാര്‍ . കൊള്ളലാഭമാണ് അവരുടെ ലക്ഷ്യം. ഉല്‍പ്പാദനത്തില്‍ മൂലധനം നിക്ഷേപിച്ച് ബുദ്ധിമുട്ടുകള്‍ പേറി ദീര്‍ഘകാലം കാത്തിരിക്കാനൊന്നും അവര്‍ തയ്യാറല്ല. ഉടന്‍ലാഭം, അധികലാഭം- അതാണ് ഉന്നം. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് ചരക്കുവിപണി വിപുലീകരിക്കുന്നതിലോ അസംസ്കൃത വിഭവങ്ങള്‍ക്കു വേണ്ടി പടയോട്ടം നടത്തുന്നതിലോ താല്‍പ്പര്യമില്ല. യുദ്ധം കൂടാതെ ആഗോളവിപണി തുറന്നുകിട്ടുമെങ്കില്‍ പിന്നെ യുദ്ധമെന്തിന്?!

വിവിധ ഉറവിടങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന ധനമൂലധനം ഊഹക്കച്ചവടത്തിലേക്ക് തിരിച്ചുവിടുന്ന സ്ഥാപനങ്ങളുടെ സാന്നിധ്യവും വളര്‍ച്ചയും ധനമൂലധനത്തിന്റെ വികാസത്തോടെയാണുണ്ടായത്. വാണിജ്യബാങ്കുകള്‍ , ഇന്‍ഷുറന്‍സ് കമ്പനികള്‍ , മര്‍ച്ചന്റ് ബാങ്കുകള്‍ , നിക്ഷേപ ബാങ്കുകള്‍ , മ്യൂച്ചല്‍ ഫണ്ടുകള്‍ , പെന്‍ഷന്‍ ഫണ്ടുകള്‍ , ഭവനവായ്പാ സ്ഥാപനങ്ങള്‍ എല്ലാം അങ്ങനെ ജന്മംകൊണ്ടതാണ്. ധനമൂലധനം ലാഭകരമായി നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കുന്ന ഇടത്തട്ടുകാരാണ് ധനകാര്യ സ്ഥാപനങ്ങള്‍ . സ്വന്തം പണംകൊണ്ടല്ല ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങുന്നതും നടത്തുന്നതും. അവര്‍ ഓഹരികളും കടപ്പത്രങ്ങളും പുറപ്പെടുവിച്ച് മൂലധനം സമാഹരിക്കുന്നു.

ലോകമെമ്പാടുമുള്ള ആര്‍ത്തിപ്പണ്ടാരങ്ങളായ ധനമൂലധന ഉടമകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് ഊഹക്കച്ചവടത്തിലും അവധി വ്യാപാരത്തിലും ഇടപെടുന്നത്. ധനമൂലധനം ഇന്ന രാജ്യത്ത് എന്നില്ല. ഏതുരാജ്യത്തെയുമാകാം. പ്രത്യേക ഉറവിടമില്ല. അതിന് ആഗോള സ്വഭാവമാണുള്ളത്. ബ്രിട്ടീഷ് ധനമൂലധനമെന്നോ ഫ്രഞ്ച് ധനമൂലധനമെന്നോ വിശേഷിപ്പിക്കാറില്ലല്ലോ. ലെനിന്‍ "സാമ്രാജ്യത്വം-മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം" (1917) എന്ന പ്രശസ്ത ഗ്രന്ഥം രചിക്കുമ്പോള്‍ , മൂലധനം ഇന്നത്തെ സ്വഭാവം കൈവരിച്ചിരുന്നില്ല. ബ്രിട്ടീഷ് മൂലധനം ഓസ്ട്രേലിയയിലോ കനഡയിലോ ഇന്ത്യയിലോ നിക്ഷേപിക്കുന്നതിനെയാണ് ലെനിന്‍ ആഗോള മൂലധനം എന്ന് വിശേഷിപ്പിച്ചത്. ഇപ്പോഴാകട്ടെ ധനമൂലധനത്തിന് പ്രത്യേകമായ ഉറവിടമോ പ്രത്യേക നിയന്ത്രണമോ ഇല്ല. ലാഭം കിട്ടുന്ന എവിടേക്കും അത് ഒഴുകിയെത്തും. എവിടെനിന്നും തിരിച്ചൊഴുകും. ഉല്‍പ്പാദനത്തിലല്ല താല്‍പ്പര്യം; ഊഹവ്യാപാരത്തിലാണ്.

ഒരു ധനകാര്യ സ്ഥാപനമോ സ്ഥാപനങ്ങളോ പുറപ്പെടുവിച്ച കടപ്പത്രങ്ങളോ ഓഹരികളോ മാത്രമല്ല കമ്പോളത്തില്‍ വിപണനം ചെയ്യപ്പെടുന്നത്. ആദ്യം പുറപ്പെടുവിച്ചവയുടെ പിന്‍ബലത്തില്‍ പുതിയ ഒരുകൂട്ടം സൃഷ്ടിക്കപ്പെടും. അവയുടെ അടിസ്ഥാനത്തില്‍ ഇനിയും പുതിയവയും അവയുടെ അടിസ്ഥാനത്തില്‍ വീണ്ടും വീണ്ടും പുതിയവയും സൃഷ്ടിക്കപ്പെടും. നൂറു ഡോളറിന്റെ കടപ്പത്രം ലക്ഷം ഡോളറിന്റെ കടപ്പത്രമായി വളരുമെന്നര്‍ഥം. തലകീഴായി നിര്‍ത്തിയ പിരമിഡ് കണക്കെയാണ് വളരുന്നത്. പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങളുടെമേലുള്ള വിശ്വാസമല്ലാതെ മറ്റൊന്നും ഈ കടപ്പത്രങ്ങള്‍ക്കും ഓഹരികള്‍ക്കുമില്ല. ഇവയെ ഡെറിവേറ്റീവുകള്‍ എന്ന് വിളിക്കുന്നു. പാലില്‍നിന്ന് തൈരും തൈരില്‍നിന്ന് വെണ്ണയും ഉണ്ടാകുന്നതുപോലെയാണ് ഡെറിവേറ്റീവുകളുടെ ജനനം. വായ്പകളും ഡെറിവേറ്റീവുകള്‍ക്ക് ആധാരമാണ്. അമേരിക്ക ധാരാളമായി നല്‍കിയ ഭവനവായ്പകളുടെ അടിസ്ഥാനത്തിലാണല്ലോ കടപ്പത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.

അവധിവ്യാപാരം ധനമൂലധനത്തിന്റെ മറ്റൊരു വിഹാരകേന്ദ്രമാണ്. സ്വര്‍ണം, വെള്ളി, ഉരുക്ക്, ക്രൂഡ് ഓയില്‍ , പ്രകൃതിവാതകം, കാര്‍ഷികോല്‍പ്പന്നങ്ങള്‍ , കറന്‍സികള്‍ എന്നിവയുടെ അവധിവ്യാപാരത്തിലും അവയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഡെറിവേറ്റീവുകളുടെ വ്യാപാരത്തിലും വന്‍തോതില്‍ മൂലധനം നിക്ഷേപിക്കപ്പെടുന്നു. ക്രൂഡ് ഓയില്‍ ലാഭകരമല്ലെന്നു കണ്ടാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കും. സ്വര്‍ണം ലാഭകരമല്ലെന്നു കണ്ടാല്‍ ഡോളറില്‍ നിക്ഷേപിക്കും. ഈ ചരക്കുകളുടെ വിലകളിലെ ചാഞ്ചാട്ടത്തിനു മുഖ്യകാരണം അവധിവ്യാപാരമാണ്. ഇന്ത്യയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിദേശ ഓഹരിമൂലധന നിക്ഷേപം ഇരട്ടിയായി വര്‍ധിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. 2009 ജൂണിലെ നില(ആകെയല്ല, നിക്ഷേപവും പിന്‍വലിക്കലും തിട്ടപ്പെടുത്തിയ ശേഷമുള്ള സ്ഥിതി) അനുസരിച്ച് 76 ശതകോടി ഡോളറായിരുന്നു നിക്ഷേപം. 2011 ജൂണില്‍ അത് 142 ശതകോടി ഡോളറായി വളര്‍ന്നു.

ഒരു ചരക്കില്‍നിന്ന് മറ്റൊന്നിലേക്ക്, ഒരു ഡെറിവേറ്റീവില്‍നിന്ന് മറ്റൊന്നിലേക്ക്, കറന്‍സികള്‍ തമ്മിലുള്ള വ്യത്യാസവും രാജ്യാര്‍ത്തികളും നിഷ്പ്രഭമാക്കി, ധനമൂലധനം ആഗോളമായി സഞ്ചരിക്കുകയാണ്. ആധുനിക മുതലാളിത്തം എന്ന് പറഞ്ഞാല്‍ ആഗോളമുതലാളിത്തമാണ്. എവിടേക്കും തടസ്സങ്ങളില്ലാതെ പ്രവേശിക്കാനും തടസ്സങ്ങളില്ലാതെ തിരിച്ചുപോകാനും കഴിയുംവിധം ലോകവിപണിയെ പുനഃസംഘടിപ്പിക്കുകയാണ് ആഗോളവല്‍ക്കരണം. ആഗോളമൂലധന വ്യവസ്ഥയാണിത്.

ധനമൂലധന ശൃംഖലയില്‍ എവിടെയെങ്കിലും ഇഴപൊട്ടിയാല്‍ പകര്‍ച്ചവ്യാധിപോലെ പ്രതിസന്ധി പടരും. ഭവനവായ്പയുടെ കാര്യത്തില്‍ അതാണ് അമേരിക്കയില്‍ സംഭവിച്ചത്. ചരക്കുകള്‍ വിറ്റഴിക്കാനായി വായ്പവാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. സര്‍ക്കാരും കടംവാങ്ങി. പലിശനിരക്ക് പൂജ്യത്തോളം താഴ്ത്തി. വായ്പാ നിബന്ധനകള്‍ ഉദാരമാക്കി. ഭവനവായ്പയെടുക്കുന്നത് ഏറ്റവും വലിയ രാജ്യസേവനമായി അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. ആവശ്യക്കാര്‍ക്കും അല്ലാത്തവര്‍ക്കും- തിരിച്ചടവുശേഷിയുള്ളവര്‍ക്കും അതില്ലാത്തവര്‍ക്കും- ആവശ്യത്തിനും അനാവശ്യത്തിനും- വിദ്യാര്‍ഥികള്‍ക്കുപോലും യാതൊരു നിബന്ധനയും ഇല്ലാതെ വായ്പകള്‍ വിശേഷിച്ചും ഭവനവായ്പകള്‍ നല്‍കപ്പെട്ടു. രാജ്യം പുരോഗമിക്കുകയാണെന്ന ധാരണ വളര്‍ന്നു. നീര്‍ക്കുമിളയുടെ പുറത്താണ് പുരോഗതിയെന്നു തിരിച്ചറിഞ്ഞതുമില്ല. വലുപ്പംകൊണ്ട് അഞ്ചാം സ്ഥാനത്തുനിന്ന വായ്പാസ്ഥാപനമായ ബെയര്‍ സ്റ്റേണ്‍സിന്റെ ഓഹരികളുടെ കെട്ടുറപ്പിനെക്കുറിച്ച് സംശയം ഉയര്‍ത്തുന്നതോടെ പിന്നോട്ടുപോക്ക് ആരംഭിച്ചു. ഓഹരികള്‍ കൈവശം വച്ചിരുന്ന വിവിധ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ അവ കൈയൊഴിഞ്ഞ് നഷ്ടം കുറയ്ക്കാന്‍ ധൃതികൂട്ടി. ഓഹരിവില ഇടിഞ്ഞു. ഓഹരിക്കമ്പോളം തകര്‍ന്നു. ധനകാര്യസ്ഥാപനങ്ങള്‍ ഒന്നൊന്നായി നിലംപൊത്തി-ആഗോളമായിത്തന്നെ.

ഗ്രീസ് കടുത്ത ബാധ്യതയില്‍ ഉഴലുകയാണ്. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്പെയിന്‍ , പോര്‍ച്ചുഗല്‍ - എല്ലാം പ്രതിസന്ധിയുടെ നടുക്കടലിലാണ്. സഹായഹസ്തവുമായി എത്തിയവരുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ ഗ്രീസ് ഉള്‍പ്പെടെയുള്ളവ വിറപൂണ്ട് നില്‍പ്പാണ്. 2008-09ലെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ ജോര്‍ജ് ബുഷും തുടര്‍ന്ന് ഒബാമയും കണ്ടുപിടിച്ച മാര്‍ഗം അഴിമതിയും കെടുകാര്യസ്ഥതയും കാണിച്ച വന്‍കിട ബാങ്കുകള്‍ക്ക് ധനസഹായം നല്‍കുകയായിരുന്നു! ഗ്രീസ് സ്വീകരിക്കുന്ന മാര്‍ഗവുംവിഭിന്നമല്ല. മൂല്യത്തകര്‍ച്ച നേരിട്ട ഓഹരികള്‍ വാങ്ങി ഓഹരിക്കമ്പോളത്തെ ഉത്തേജിപ്പിക്കുകയാണ് സ്വീകരിക്കപ്പെടുന്ന മാര്‍ഗം. അതിനായി ഒന്നാംഘട്ടമെന്ന നിലയില്‍ ഐഎംഎഫില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും കടുത്ത നിബന്ധനകളോടെ വായ്പ സ്വീകരിച്ചു. ആ നിബന്ധനകള്‍ക്കെതിരായ ഗ്രീസിനെ പ്രക്ഷോഭഭൂമിയായി മാറ്റിയിരിക്കുന്നു. ചെലവുചുരുക്കല്‍ നടപടികളാണ് ഏറ്റവും പ്രധാനം. അതിന്റെ ഭാഗമായി പെന്‍ഷന്‍പ്രായം 65 ആക്കി. നേരത്തെ സ്ത്രീകള്‍ക്ക് 60 വയസ്സില്‍ വിരമിക്കാമായിരുന്നു. ആ അവകാശം നിഷേധിച്ചു. സാമൂഹ്യ സുരക്ഷാ സൗകര്യങ്ങള്‍ കിട്ടണമെങ്കില്‍ തൊഴിലാളികള്‍ 37- 40 വര്‍ഷം പണിയെടുക്കണം. 2011 അവസാനത്തോടെ പെന്‍ഷന്‍തന്നെ എടുത്തുകളയും. പൊതുമേഖല ജീവനക്കാരുടെ ശമ്പളം ഏഴ് ശതമാനം വെട്ടിക്കുറച്ചു. പൊതുമേഖലയില്‍ പത്തുപേര്‍ വിരമിക്കുമ്പോള്‍ പകരം ഒരാളെ വീതംമാത്രം നിയമിക്കുമെന്ന് വ്യവസ്ഥചെയ്തു. പല ആനുകൂല്യങ്ങളും നിര്‍ത്തലാക്കി. ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചു. സാമൂഹ്യസുരക്ഷാ ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇവയ്ക്കെല്ലാമെതിരായ പ്രതിഷേധം ശക്തമാണ്. പണിമുടക്കുകളും പ്രക്ഷോഭങ്ങളും യൂറോപ്പില്‍ പതിവുകാഴ്ചകളാണ്.

ദുരമൂത്ത ആഗോളമൂലധനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയുമാണ് പ്രതിസന്ധിക്കു കാരണം. ഐഎംഎഫിന്റെ പരിഹാര നിര്‍ദേശങ്ങള്‍ പ്രതിസന്ധിക്ക് ആക്കംകൂട്ടുകയാണ് ചെയ്ത്.

നവഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭം - കെ വരദരാജന്‍


(Courtesy : Deshabhimani : Posted on: 24-Oct-2011 11:29 PM)

ഇന്ത്യയുടെ പ്ലാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ സമീപകാലത്ത് നടത്തിയ ഒരു പ്രസ്താവന ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. സ്വകാര്യമേഖലയുടെ മൂലധനനിക്ഷേപം ആവശ്യമായിവരുന്ന പദ്ധതികളൊന്നും സിഎജിയുടെ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ പാടില്ലെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ അവയെ ഉള്‍പ്പെടുത്തരുതെന്നുമാണ് ആ പ്രസ്താവനയുടെ രത്നച്ചുരുക്കം. കണക്കുപറയാന്‍ ബാധ്യസ്ഥമായാല്‍ സ്വകാര്യ-കോര്‍പറേഷനുകള്‍ മൂലധനനിക്ഷേപത്തിന് തയ്യാറാകില്ല എന്നാണ് അലുവാലിയയുടെ വാദം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായ കൗശിക് ബസുവും ഇതേ നിലപാടുകാരനാണ്. അഴിമതിയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തണമെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1990കള്‍ മുതല്‍ ഇന്ത്യയില്‍ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയത്തിന്റെ വക്താക്കളാണ് അലുവാലിയയും ബസുവും. ഈ നവലിബറല്‍ നയത്തിന്റെ അന്തഃസത്തയാകട്ടെ സ്വകാര്യമുതലാളിമാര്‍ക്ക് കൊള്ളലാഭമടിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കലാണ്. രാജ്യത്തിന്റെ പൊതു ആസ്തികളും പ്രകൃതിവിഭവങ്ങളും സേവനരംഗങ്ങളുമാകെ സ്വദേശിയും വിദേശിയുമായ സ്വകാര്യമുതലാളിമാര്‍ക്ക് തുച്ഛമായ വിലയ്ക്ക് കൈമാറുക എന്നതാണ് നവലിബറല്‍ മന്ത്രം. ഭരണനയങ്ങള്‍ക്ക് രൂപംനല്‍കുന്ന രാഷ്ട്രീയനേതൃത്വവും അവ നടപ്പാക്കുന്ന ഉന്നതബ്യൂറോക്രസിയും പൊതുസ്വത്ത് കൊളളയടിക്കാന്‍ സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് കൂട്ടുനിന്ന് വിഹിതംപറ്റുന്നു. ഇതാണ് നവലിബറല്‍ കാലഘട്ടത്തിലെ പൊതുപ്രവണത. ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പറേറ്റ് അവിശുദ്ധസഖ്യത്തിനെതിരെ, നിയമസംവിധാനങ്ങളും ജനങ്ങളുമാകെ കണ്ണടയ്ക്കണമെന്നാണ് നവലിബറല്‍ വക്താക്കള്‍ പറയുന്നത്.

സമീപകാലത്തുണ്ടായ 2ജി സ്പെക്ട്രം, എസ് ബാന്‍ഡ്, കല്‍ക്കരി, ഇരുമ്പയിര്, പെട്രോളിയം - പ്രകൃതിവാതക കുംഭകോണങ്ങളെല്ലാം തുച്ഛമായ വിലയ്ക്ക് പൊതുമുതല്‍ സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് കൈമാറിയതിന്റെ നിദര്‍ശനങ്ങളാണ്.

2ജി സ്പെക്ട്രം ഇടപാട് അന്ന് ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരം അറിഞ്ഞിരുന്നുവെന്നും എന്നിട്ടും അത് തടയാന്‍ ഇടപെട്ടില്ല എന്നും വ്യക്തമാക്കുന്ന കത്ത് ധനവകുപ്പ് പ്രധാനമന്ത്രിക്ക് നല്‍കിയത് സംബന്ധിച്ച വിവാദം ചിദംബരവും പ്രണബ് മുഖര്‍ജിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതോടെ അവസാനിച്ചു. ഈ പകല്‍ക്കൊള്ളകളില്‍ കോണ്‍ഗ്രസിന്റെ പരമോന്നത നേതൃത്വത്തിനുള്ള പങ്കിലേക്കാണ് വിവാദവും തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പും വിരല്‍ചൂണ്ടുന്നത്.

സിഎജിയുടെ ഓഡിറ്റും അതിലുപരി വിവരാവകാശനിയമവുമാണ് ഈ പകല്‍കൊള്ളകള്‍ പുറത്തുകൊണ്ടുവരുന്നതിനും അത് പൊതുസമൂഹത്തിലും രാഷ്ട്രീയമണ്ഡലത്തിലും ചര്‍ച്ചാവിഷയമാകാനും അവസരമൊരുക്കിയത്. അതുകൊണ്ടാണ് അലുവാലിയയെയും കൗശിക് ബസുവിനെയുംപോലുള്ള നവലിബറല്‍ ആചാര്യന്മാര്‍ സ്വകാര്യമേഖല ഇടപെടുന്ന പദ്ധതികള്‍ ഓഡിറ്റിങ്ങിനും വിവരാവകാശ നിയമത്തിനും വിധേയമാകാന്‍ പാടില്ല എന്നു വാദിക്കുന്നത്. മാത്രമല്ല, രാജ്യത്തിന്റെ സമ്പത്തിന്റെയാകെ, അവകാശികള്‍ സ്വകാര്യമൂലധനശക്തികളാണെന്നും അവരുടെ നടപടികള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലെന്നുമുള്ള നവലിബറല്‍ ദര്‍ശനവും ഇതിനുപിന്നിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ദുര്‍ബലജനവിഭാഗങ്ങളുടെ ക്ഷേമം, വികസന പ്രവര്‍ത്തനങ്ങള്‍ ഇവയ്ക്കൊന്നും പണം കണ്ടെത്താനാകുന്നില്ലെന്ന് വിലപിക്കുന്ന രാഷ്ട്രീയ-ഭരണനേതൃത്വമാണ് കുത്തക കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ പൊതു ആസ്തികളാകെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്നത്.

രാജ്യത്തിന്റെയാകെ സ്വത്ത് ഈ വിധത്തില്‍മാത്രമല്ല ഭരണരാഷ്ട്രീയനേതൃത്വം കുത്തകകള്‍ക്കായി ചോര്‍ത്തിക്കൊടുക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബജറ്റുകള്‍ പരിശോധിച്ചാല്‍ അവയില്‍ എല്ലാംകൂടി 22.5 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയതായി കാണാം. 2011-12ലെ ബജറ്റില്‍മാത്രം 4.6 ലക്ഷം കോടി രൂപയാണ് കോര്‍പറേറ്റ് നികുതി, സ്വത്ത് നികുതി തുടങ്ങിയ ഇനങ്ങളിലായി സ്വകാര്യകുത്തക കോര്‍പറേറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്. മൂലധനനിക്ഷേപം പ്രോല്‍സാഹിപ്പിക്കാനും സാമ്പത്തികവളര്‍ച്ച കൈവരിക്കാനും വേണ്ടിയാണ് ഇത് എന്നാണ് ഭരണാധികാരികള്‍ നല്‍കുന്ന ന്യായീകരണം.

വമ്പിച്ച നികുതിയിളവുകള്‍ നല്‍കിയിട്ടുപോലും ഖജനാവിലേക്ക് അടയ്ക്കേണ്ട നികുതി പൂര്‍ണമായും കൃത്യമായും ഈ അതിസമ്പന്നവിഭാഗം അടയ്ക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വകാര്യകുത്തകകളുടെ ഇത്തരം നികുതിവെട്ടിപ്പുകള്‍ക്കു നേരെ ഭരണനേതൃത്വം കണ്ണടയ്ക്കുകയും പിന്നീട് എഴുതിത്തള്ളുകയുമാണ്. ബാങ്കുകളില്‍നിന്ന് വായ്പകള്‍ ഏറെയും ലഭിക്കുന്നതും സ്വകാര്യകുത്തകകള്‍ക്കാണ്. അവയില്‍ ഗണ്യമായ ഭാഗം തിരിച്ചടയ്ക്കപ്പെടാതെ കിട്ടാക്കടമായി സര്‍ക്കാര്‍ പ്രതിവര്‍ഷം എഴുതിത്തള്ളുന്നു. ബാങ്കുകളിലേക്ക് പണം എത്തുന്നത് സാധാരണജനങ്ങളുടെ കൊച്ചുകൊച്ചുനിക്ഷേപങ്ങളിലൂടെയാണ്. സാധാരണക്കാരന്റെ നികുതിപ്പണവും സമ്പാദ്യവും കുത്തകകോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമടിക്കാനായി യഥേഷ്ടം ഉപയോഗിക്കുന്നതിന് ഇടനിലക്കാരായി സര്‍ക്കാര്‍ -രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. അധ്വാനിക്കുന്ന വിഭാഗങ്ങളുടെ പെന്‍ഷന്‍ , പ്രോവിഡന്റ് ഫണ്ട് എന്നിവയും ഓഹരി വിപണിവഴി സ്വകാര്യകോര്‍പറേറ്റുകളുടെ കീശയിലെത്തിക്കാനാണ് കരുക്കള്‍ നീക്കുന്നത്. പിഎഫ്-ആര്‍ഡിഎ ബില്‍ അതിനുള്ളതാണ്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഈ വിധത്തില്‍ കോര്‍പറേറ്റുകളെ ശക്തിപ്പെടുത്തിമാത്രമേ സാധ്യമാകൂ എന്നാണ് നവലിബറല്‍ ദര്‍ശനം പറയുന്നത്. എന്നാല്‍ , ഇങ്ങനെയുണ്ടാകുന്ന വളര്‍ച്ചയുടെ ഗുണഫലം ലഭിക്കുന്നതും സ്വകാര്യകുത്തകകള്‍ക്കുതന്നെയാണ്. ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്. മറുവശത്ത് ദരിദ്രരുടെ എണ്ണവും ആരോഗ്യപരിരക്ഷ ലഭിക്കാത്തവരുടെ എണ്ണവും തൊഴിലില്ലായ്മയും വര്‍ധിക്കുകയും ചെയ്യുന്നു.

ഈ നയത്തിന്റെ സ്വാഭാവികമായ മറ്റൊരു വശമാണ് ക്രമാതീതമായി ഉയരുന്ന വിലക്കയറ്റം. പെട്രോളിയം വില അന്താരാഷ്ട്രവിപണിയുമായി ബന്ധപ്പെടുത്തി വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ , അന്താരാഷ്ട്രവിപണിയില്‍ വിലകുറയുമ്പോള്‍ അതനുസരിച്ച് വിലകുറയ്ക്കുന്നില്ല എന്നതാണ് നമ്മുടെ അനുഭവം. ഇങ്ങനെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിക്കുമ്പോള്‍ അതിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ റിലയന്‍സിനെപ്പോലെയുള്ള സ്വകാര്യകുത്തകകളാണ്. ഇവയാകട്ടെ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എണ്ണയാണ് ഏറെയും വില്‍പ്പന നടത്തുന്നത്. അതിനെ ലോകവിപണി വിലയുമായി ഒരുവിധത്തിലും ബന്ധപ്പെടുത്തേണ്ടതില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്വകാര്യ എണ്ണക്കമ്പനികളാണ്. ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച് സ്വകാര്യകുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ .

അവശ്യസാധനങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിയുകയും അവ കുത്തക കോര്‍പറേഷനുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കുകയുംചെയ്തു. പൊതുവെ മുതലാളിത്ത വികസനമാര്‍ഗത്തിന്റെ ഗുണഭോക്താക്കള്‍ സ്വകാര്യമുതലാളിമാരാണെങ്കിലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ മുതലാളിത്തചൂഷണത്തെ അതിന്റെ ഉച്ചകോടിയില്‍ എത്തിച്ചിരിക്കുകയാണ്. ഈ പകല്‍ക്കൊള്ളയുടെ പ്രതിഫലനങ്ങളാണ് സാര്‍വത്രികമായിരിക്കുന്ന കോര്‍പറേറ്റ് അഴിമതിയിലും വിലക്കയറ്റത്തിലും കാണാനാകുന്നത്. പെരുകുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇതേനയത്തിന്റെ തന്നെ അനന്തരഫലങ്ങളാണ്. ജനജീവിതം ദുസ്സഹമാക്കുന്ന ധനമൂലധനത്തിന്റെ ഇത്തരം പകല്‍ക്കൊള്ളകള്‍ക്കെതിരെ ഇന്ന് ലോകവ്യാപകമായി ജനമുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയാണ്. അറബ് വസന്തവും യൂറോപ്പിലും ഗ്രീസിലും മറ്റും നടക്കുന്ന തൊഴിലാളിപ്രക്ഷോഭങ്ങളും ലാറ്റിനമേരിക്കയിലെ ജനകീയ പോരാട്ടങ്ങളും ഇടതുപക്ഷമുന്നേറ്റവും ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ ശക്തിപ്പെടുന്ന മുതലാളിത്തവിരുദ്ധ പ്രക്ഷോഭവും അതിന് ലോകത്തെവിടെയും ലഭിക്കുന്ന പിന്തുണയും ഈ നിലയില്‍ വിലയിരുത്തപ്പെടേണ്ടതാണ്. ഇന്ത്യയിലും തൊഴിലാളിവര്‍ഗ ഐക്യവും യോജിച്ച സമരങ്ങളും കരുത്താര്‍ജിച്ചുവരികയാണ്. തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയുമെല്ലാം ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള ഒരു വലിയ ബഹുജനപ്രസ്ഥാനത്തിനു മാത്രമേ നവലിബറല്‍ ചൂഷണം അവസാനിപ്പിക്കാനാവൂ.

Friday, October 21, 2011

വിടവാങ്ങല്‍ വെല്ലുവിളിച്ചും കീഴടങ്ങിയും


(Courtesy : Deshabhimani : Posted on: 21-Oct-2011 01:36 AM)
മുഅമ്മര്‍ ഗദ്ദാഫി വിടവാങ്ങുമ്പോള്‍ ലോകചരിത്രത്തിലെ അപൂര്‍വതയ്ക്കാണ് വിരാമമാകുന്നത്. സാമ്രാജ്യത്വത്തിന്റെ ആയുധബലത്തിനുമുന്നില്‍ രാജ്യങ്ങളും ഭരണാധികാരികളും കീഴടങ്ങുന്ന കാലത്ത് ലോകജനതയെ ആവേശംകൊള്ളിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് താരപരിവേഷത്തിലേക്കുയര്‍ന്ന ഗദ്ദാഫി ഒടുവില്‍ അവരുടെ പല ആവശ്യങ്ങള്‍ക്കും കീഴടങ്ങിയത് വിനയാവുകയും ചെയ്തു. ബെദൂയിന്‍ (അറബ് നാടോടി) കര്‍ഷകകുടുംബത്തില്‍ 1942 ജൂണ്‍ ഏഴിനായിരുന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജനനം. ഇറ്റലിയുടെ കോളനിവല്‍ക്കരണത്തെ എതിര്‍ത്ത് ജയിലിലായ പോരാളിയുടെ മകന് കുട്ടിക്കാലംമുതല്‍ ദേശീയബോധം രൂപപ്പെട്ടത് സ്വാഭാവികം.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി. അറബ് ദേശീയവാദിയായുള്ള ഗദ്ദാഫിയുടെ രൂപമാറ്റം അവിടെ തുടങ്ങി. ഇതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ട്രിപോളിയിലെ ലിബിയന്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഗദ്ദാഫി, ബെന്‍ഗാസിയിലെ സൈനിക അക്കാദമിയില്‍ പഠിച്ച് പട്ടാളത്തില്‍ ഓഫീസറായി.

1951ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ലിബിയ ദരിദ്രരാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തിയതോടെയാണ് രാജ്യം സാമ്പത്തികമായി മുന്നേറിയത്. രാജ്യം ഭരിച്ച ഇദ്രിസ് രാജാവും കുടുംബാംഗങ്ങളും ഈ സമ്പത്ത് കൈവശപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം എണ്ണപ്പണം കൈക്കലാക്കുകയും ചെയ്തു. ഇതെല്ലാം നാട്ടുകാരെ അസ്വസ്ഥരാക്കി. രാജഭരണത്തോടുള്ള ഈ പ്രതിഷേധമാണ് ഗദ്ദാഫിയെ വളര്‍ത്തിയത്. 1969ല്‍ തന്റെ 27-ആം വയസ്സില്‍ , ഗദ്ദാഫിയുടെ നേതൃത്വത്തില്‍ ഇദ്രിസ് രാജാവിനെ പുറത്താക്കി. അധികാരം പിടിച്ചെടുത്ത ഗദ്ദാഫി 1970കളില്‍ അമേരിക്കയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ പുരോഗമനപാത സ്വീകരിച്ചു. വൈദേശിക ഇടപെടലുകളെ എതിര്‍ത്ത ഗദ്ദാഫി, വിദേശികളെ നാടുകടത്തുകപോലും ചെയ്തു. അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളെ ശക്തമായി നേരിട്ടു. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിക്കുകയും ആഫ്രിക്കയിലെ വിമോചനപോരാട്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ഗദ്ദാഫി, സോവിയറ്റ് യൂണിയനുമായി അടുത്തു. അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ചികിത്സയും വിദ്യാഭ്യാസവും സൗജന്യമാക്കിയതടക്കം മാതൃകാപരമായ പല പദ്ധതിയും ഗദ്ദാഫിഭരണം ലിബിയക്ക് സമ്മാനിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനായും ഗദ്ദാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും മുന്‍കൈ എടുത്തു.

അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ഗദ്ദാഫിയെ, നിരവധിതവണ അവര്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1986ല്‍ ട്രിപോളിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ തലനാരിഴയ്ക്കാണ് ഗദ്ദാഫി രക്ഷപ്പെട്ടത്. വളര്‍ത്തുമകളടക്കം 35 പേര്‍ കൊല്ലപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് ഗദ്ദാഫിയുടെ വീഴ്ചയും ആരംഭിച്ചത്. നിലനില്‍പ്പിനായി അദ്ദേഹത്തിന് അമേരിക്കയ്ക്കുമുന്നില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഗദ്ദാഫിഭരണം ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളുടെയും വിളനിലമായി. ഉപജാപവൃന്ദവും ബന്ധുക്കളുമടങ്ങുന്ന സംഘം ഭരണനിയന്ത്രണം ഏറ്റെടുത്തു. അധികാരവും സമ്പത്തും ഗദ്ദാഫിയുടെയും പുത്രന്മാരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും കുത്തകയായി. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി. രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചു. പട്ടാള അട്ടിമറിക്കുള്ള സാധ്യത ഒഴിവാക്കാന്‍ സ്വന്തം സൈന്യത്തെ ഗദ്ദാഫി ബോധപൂര്‍വം ദുര്‍ബലമാക്കി. അംഗരക്ഷകരായി ആയുധധാരികളായ വനിതകളെയും വിദേശ കൂലിപ്പടയാളികളെയും നിയമിച്ചു. ജനങ്ങളില്‍നിന്ന് അകന്ന ഗദ്ദാഫിയുടെ സാമ്രാജ്യവിരുദ്ധസമീപനത്തിലും അയവുവന്നു. ഏറ്റുമുട്ടലിന്റെ പാതവെടിഞ്ഞ് ഒത്തുതീര്‍പ്പുകള്‍ക്കാണ് അദ്ദേഹം ശ്രമിച്ചത്. അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും 2005ല്‍ അദ്ദേഹം ധാരണയിലെത്തി. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ലിബിയയിലെ ആണവകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി. പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും രാജ്യത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു.

അറബ്വസന്തത്തോടെ ഗദ്ദാഫിയുടെ കുടുംബവാഴ്ചയ്ക്കെതിരെ ലിബിയയിലും വികാരമുയര്‍ന്നു. ഫെബ്രുവരിയില്‍ തുടങ്ങിയ പ്രക്ഷോഭം അത്ര ശക്തമല്ലാതിരുന്നതിനാല്‍ ഒതുക്കാന്‍ ഗദ്ദാഫി ശ്രമിച്ചു. എന്നാല്‍ , അവസരം കാത്തിരുന്ന അമേരിക്കയും യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളും എല്ലാ അന്താരാഷ്ട്രമര്യാദകളും മാറ്റിവച്ച് തുറന്നയുദ്ധം ആരംഭിച്ചു. ഇതോടെ ഭരണകൂടത്തിലെ പല ഉന്നതരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ്ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നൊന്നായി രാജിവച്ച് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. നാറ്റോയുടെ വ്യോമാക്രമണം ഗദ്ദാഫിയുടെ സൈനികശേഷി തകര്‍ത്തതോടെ വിമത മുന്നേറ്റം എളുപ്പമായി. ആഗസ്തില്‍ ട്രിപോളി വീണതോടെ ഗദ്ദാഫി ഒളിവിലുമായി.

കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട പോക്ക്



(Courtesy : Deshabhimani Editorial : Posted on : 20-Oct-2011 11:26 PM)

പൊതുധനം കൊള്ളയടിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ദിനമെന്നോണം പുറത്തുവരുന്നത്. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതിയാണ് ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് ദേവാസ് മള്‍ട്ടി മീഡിയ എന്ന സ്വകാര്യ കമ്പനിക്ക് എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കിയതു വഴി രണ്ടു ലക്ഷം കോടിയുടെ അഴിമതി പുറത്തുവന്നു. പൊതുലേലത്തിലൂടെയാണ് 3ജി സ്പെക്ട്രം വിറ്റതെങ്കിലും സ്വകാര്യ കമ്പനികള്‍ ഒത്തുകളിച്ച് ലേലത്തില്‍ പങ്കെടുത്തതിനാല്‍ സര്‍ക്കാരിന് 40,000 കോടി നഷ്ടമുണ്ടായി. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കി 85,000 കോടി രൂപയുടെ അഴിമതി നടത്തിയതും ഇതേ യുപിഎ സര്‍ക്കാര്‍ തന്നെ. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ച വേളയിലാണ് ഈ അഴിമതി നടന്നത്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ കല്‍ക്കരി-ഇരുമ്പയിര് പാടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയതു വഴി 25 ലക്ഷം കോടി രൂപയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്.

സ്വകാര്യ എണ്ണ പര്യവേക്ഷക കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുക വഴി കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും സിഎജി വെളിപ്പെടുത്തി. കൃഷ്ണ-ഗോദാവരി തീരത്ത് പെട്രോളിയം-പ്രകൃതിവാതക ഉല്‍പ്പന്നങ്ങളുടെ പര്യവേക്ഷണത്തിനുള്ള ചെലവ് പെരുപ്പിച്ചുകാട്ടിയും പര്യവേക്ഷണസ്ഥലം അനധികൃതമായി കൈവശംവച്ചും പതിനായിരക്കണക്ക് കോടി രൂപ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മറ്റ് രണ്ട് കമ്പനികളും തട്ടിയെടുത്തുവെന്നാണ് സിഎജി കണ്ടെത്തിയത്. ഏറ്റവും അവസാനമായി പുറത്തുവന്നത് അനില്‍ അംബാനി ചെയര്‍മാനായ റിലയന്‍സ് പവറിന് ചട്ടങ്ങള്‍ ലംഘിച്ച് കല്‍ക്കരി അനുവദിച്ചതുവഴി കേന്ദ്ര ഖജനാവിന് 1.20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന സിഎജിയുടെ വെളിപ്പെടുത്തലാണ്. 4,000 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്കു മാത്രം നല്‍കുന്ന ഇളവനുസരിച്ച് മധ്യപ്രദേശിലെ സാസന്‍ , ജാര്‍ഖണ്ഡിലെ തിലായിയ താപവൈദ്യുത നിലയങ്ങള്‍ക്ക് പ്രത്യേക കല്‍ക്കരി ഖനികള്‍തന്നെ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ , ലാഭത്തില്‍മാത്രം കണ്ണുനട്ട റിലയന്‍സ് പവര്‍ കമ്പനിയാകട്ടെ ഇളവുകളോടെ ലഭിച്ച കല്‍ക്കരി ഉപയോഗിച്ച് ചിത്തരാംഗി പോലുള്ള മറ്റ് താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ലക്ഷക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് വഴിവിട്ട തീരുമാനത്തിനു പിന്നിലെന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതാണ് പ്രകൃതിവിഭവങ്ങള്‍ എന്ന മുതലാളിത്ത തന്ത്രത്തെ അപ്പടി അംഗീകരിക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയം. അതുകൊണ്ടാണ് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ട പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം ലഭിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രകൃതിവിഭവങ്ങള്‍ വരുംതലമുറയ്ക്കായി സംരക്ഷിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ അവ ചൂഷണംചെയ്യാന്‍ സ്വകാര്യ മുതലാളിമാരെ അനുവദിക്കുകയാണ്. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ 1991 ജൂലൈ 24 ന് അവതരിപ്പിച്ച ബജറ്റിലൂടെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചത്. പൊതുസമ്പത്ത് സ്വകാര്യമേഖലയ്ക്ക് തുച്ഛമായ വിലയ്ക്ക് കൈമാറാന്‍ ആരംഭിച്ചു. അക്കൂട്ടത്തില്‍ പ്രകൃതിവിഭവങ്ങളും ഉള്‍പ്പെട്ടു. അതിന്റെ ഭാഗമായാണ് കല്‍ക്കരി ഖനികളും പ്രകൃതിവാതകവും പെട്രോളിയവും മറ്റും പര്യവേക്ഷണം നടത്താനും ഉല്‍പ്പാദിപ്പിക്കാനും സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ തുടങ്ങിയത്. അതായത് സര്‍ക്കാരിന്റെ നയംതന്നെയാണ് ഈ വന്‍ അഴിമതികള്‍ സൃഷ്ടിക്കുന്നതെന്നര്‍ഥം. ഈ നയം തിരുത്താതെ അഴിമതിക്കഥകള്‍ അവസാനിക്കില്ല. തെറ്റായ നയത്തിന്റെ ഭാഗമായുണ്ടായ അഴിമതിയായതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല. 2007 ല്‍ തന്നെ സിപിഐ എം നേതാവ്സീതാറാം യെച്ചൂരി സ്പെക്ട്രം ലൈസന്‍സില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അന്നത്തെ ടെലികോം മന്ത്രി എ രാജയും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കത്തിടപാടുകളം ഇക്കാര്യം സ്ഥിരീകരിക്കുന്നു. മാര്‍ച്ച് 25ന് പ്രണബ് മുഖര്‍ജി പ്രധാനമന്ത്രികാര്യാലയത്തിന് എഴുതിയ കത്തില്‍ 2008 ലെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന് സ്പെക്ട്രം അഴിമതി തടയാമായിരുന്നുവെന്ന് വെളിപ്പെടുത്തുകയുണ്ടായി.

സര്‍ക്കാരിന് നഷ്ടം വരാതെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ധനമന്ത്രിക്കുണ്ട്. അതില്‍ പി ചിദംബരം വീഴ്ച വരുത്തിയെന്നാണ് മുഖര്‍ജി പറഞ്ഞത്. അങ്ങനെയെങ്കില്‍ അന്വേഷണം പ്രധാനമന്ത്രിയിലേക്കും നീങ്ങും. എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിക്ക് വഴിവച്ച കരാര്‍ ഒപ്പിടുമ്പോഴും ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു. അഴിമതിക്ക് വഴിവച്ച കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യമേഖലയ്ക്ക് തുച്ഛവിലയ്ക്ക് കൈമാറിയപ്പോള്‍ കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തതും പ്രധാനമന്ത്രിയാണ്. അതായത് യുപിഎ നേതൃത്വം അറിഞ്ഞുകൊണ്ട് നടന്ന അഴിമതിയാണ് ഇതെല്ലാം എന്നര്‍ഥം. അതിനാലാണ് ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരാനോ പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയമത്തിന്റെ പരിധിയില്‍പെടുത്താനോ യുപിഎ സര്‍ക്കാര്‍ തയ്യാറാകാത്തത്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

ആറ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ദയനീയമായി തോറ്റു. യുപിഎ സഖ്യകക്ഷികളും കോണ്‍ഗ്രസിനെതിരെ തിരിയുന്നു. എന്‍സിപി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശരദ് പവാറും ഡിഎംകെ നേതാവ് ടി ആര്‍ ബാലുവും സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രംഗത്തുവന്നത് പുതിയ സൂചനകള്‍ നല്‍കുകയാണ്. ജനദ്രോഹവും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാരിന്റെയും യുപിഎ സഖ്യത്തിന്റെയും തകര്‍ച്ച ആരംഭിച്ചു എന്ന സൂചന.

Thursday, October 20, 2011

System Error Capitalism Is Crashed! Install New System





(Courtesy : A Forwarded message)

സൂക്കോട്ടി പാര്‍ക്കും പിങ്ക് സ്ലിപ്പും - റെജി പി ജോര്‍ജ് (ന്യൂയോര്‍ക്കില്‍നിന്ന്)


(Courtesy Deshabhimani - Posted on: 20-Oct-2011 12:29 AM)

അമേരിക്കയുടെ സാമ്പത്തികതലസ്ഥാനമായ ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം വൈകുന്നേരം ഒന്നാംനമ്പര്‍ ട്രെയിനിലാണ് സംഭവം. തിരക്കേറിയ കംപാര്‍ട്ട്മെന്റില്‍ കയറിയ സുന്ദരിയായ യുവതി ആളുകള്‍ക്കിടയിലൂടെ നുഴഞ്ഞ് മധ്യഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കെ എന്തോ ഉറക്കെ പറഞ്ഞ് സകലരുടെയും ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. കൈയില്‍ സ്റ്റാര്‍ബക്കിന്റെ (രാജ്യാന്തരകമ്പനിയുടെ കോഫി) ഒഴിഞ്ഞ ഗ്ലാസ്സുമായി നില ഉറപ്പിച്ച അവള്‍ ട്രെയിന്‍ നീങ്ങിതുടങ്ങിയതോടെ ഉറക്കെ പറഞ്ഞു: "ദയവായി ഞാന്‍ പറയുന്നതിന് ഒന്നു ചെവിതരൂ, രണ്ടുമക്കളുടെ അമ്മയായ വിധവയാണ് ഞാന്‍ . എനിക്കു ജോലി നഷ്ടപ്പെട്ടു. നിങ്ങളുടെ സഹായം ആവശ്യമാണ്! എന്റെ മക്കളെപോറ്റുവാന്‍ , എനിക്കു ജീവിക്കുവാന്‍" അവള്‍ ഒഴിഞ്ഞ ഗ്ലാസ്സ് നീട്ടി യാത്രക്കാരുടെ മുന്നിലേക്ക് എത്തി! ഞെട്ടിപ്പിക്കുന്ന അനുഭവം.

ലോകത്തിന്റെ തന്നെ സാമ്പത്തികതലസ്ഥാനത്ത് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഏറുകയാണ്. പലര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നുപ്പോലും അറിയില്ല. ഭവനവായ്പ അല്ലെങ്കില്‍ മാസ വാടക, ഇന്റര്‍നെറ്റ്-ടിവി-ഫോണ്‍ ബില്ലുകള്‍ എന്നിവ അടയ്ക്കുവാന്‍ ശരാശരി അമേരിക്കക്കാരനു ഒരുമാസം 2500 ഡോളര്‍ എങ്കിലും വേണം. ഇതിനു പുറമേയാണ് ഭക്ഷണം, ഷോപ്പിങ്, കുട്ടികളുടെ സ്കൂള്‍ എന്നിങ്ങനെ മറ്റു ദൈനംദിനചെലവുകള്‍ . നേരം ഇരുട്ടി വെളുക്കുമ്പോള്‍ 'പിങ്ക് സ്ലിപ്പ്' (അതാണ് അമേരിക്കന്‍ ഭാഷയില്‍ ജോലി നഷ്ടപ്പെട്ടു എന്നതിനെ സൂചിപ്പിക്കുന്ന വാക്ക്) കിട്ടുന്നവരുടെ എണ്ണം ഏറിവരികയാണ്.

ജോലി നഷ്ടപ്പെട്ട ഏറ്റവും ഉയര്‍ന്ന ശമ്പളക്കാരനുപ്പോലും സര്‍ക്കാര്‍ നല്‍കുന്ന പരമാവധി തൊഴില്‍രഹിത വേതനം ആഴ്ചയില്‍ 450 ഡോളറാണ്. ഇതുതന്നെ കര്‍ശന വ്യവസ്ഥകളോടെയാണു നല്‍കുന്നത്. തൊഴില്‍രഹിതവേതനം കൈപ്പറ്റുന്ന ഒരാള്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ ബിസിനസ്സ് ക്ലാസ് ഡ്രസ്സുചെയ്തിരിക്കണം! വീട്ടുമുറ്റം വൃത്തിയാക്കുന്നതുപ്പോലും ജോലിയായി കണക്കാക്കി അറിയിച്ചിരിക്കണം! ഏതൊക്കെ സ്ഥാപനങ്ങളില്‍ പുതുതായി ജോലിക്കു ശ്രമിച്ചു എന്ന് അറിയിച്ചുകൊണ്ടിരിക്കണം. എവിടെ എങ്കിലും ഒരു ദിവസമെങ്കിലും ജോലി ചെയ്താല്‍ അതിനുകിട്ടിയ ശമ്പളം കുറച്ചുമാത്രമേ ആ ആഴ്ച തൊഴിലില്ലായ്മ വേതനംകിട്ടൂ. 18 ലക്ഷം തൊഴില്‍രഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കികൊണ്ടിരുന്ന തുച്ഛമായ വേതനത്തിന്റെ കാലാവധി ജനുവരിയോടെ തീരും എന്നതാണ് ഏറെ ദാരുണമായ കാര്യം. 2012 ആകുന്നതോടെ ഏതാണ് 60 ലക്ഷം തൊഴിലില്ലാത്ത അമേരിക്കക്കാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ വേതനം നിലയ്ക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. 2012ല്‍ വാള്‍സ്ട്രീറ്റില്‍ നിന്നുമാത്രം 10,000 പേര്‍ക്ക് പിങ്ക് സ്ലിപ്പുലഭിക്കും. ന്യൂയോര്‍ക്കിന്റെ വരുമാനത്തിന്റെ 20 ശതമാനമാണ് വാള്‍സ്ട്രീറ്റിന്റെ സംഭാവന. ഇതാണ് വാള്‍സ്ട്രീറ്റിന്റെ തകര്‍ച്ചയിലൂടെ നഷ്ടമാകുക.

ഒന്നാം നമ്പര്‍ ട്രെയിനില്‍ കണ്ട വിധവയെ പോലെ പിങ്ക് സ്ലിപ്പ്ജീവിതം താറുമാറാക്കിയ പലരും ഭാവിയെ തുറിച്ചുനോക്കുന്നു. ഇതില്‍ നല്ലൊരുശതമാനത്തിനും പുതിയ ഒരു തൊഴില്‍ കണ്ടെത്താന്‍ തക്ക പരിശീലനം ലഭിച്ചവരല്ല. പ്രായമേറിയവര്‍ക്ക് മുന്നില്‍അനിശ്ചിതത്വം കുളക്കടവിലെ പായല്‍ പോലെ മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇത്തരം നൂറായിരം കഥകള്‍ പറയുവാനുള്ളവര്‍ ഇപ്പോള്‍ മാന്‍ഹട്ടന്‍സിറ്റിയിലെ ഏറ്റവും പ്രശസ്തമായ ബ്രോഡ്വെ റോഡിലൂടെ നീങ്ങുകയാണ്. അവരുടെ ലക്ഷ്യം വേള്‍ഡ് ട്രേഡ് സെന്ററോ, റോയിട്ടറിന്റെ പടുകൂറ്റന്‍ കെട്ടിടമോ വാള്‍സ്ട്രീറ്റോ ഒന്നും അല്ല! മറിച്ച് അതിനൊക്കെ ചേര്‍ന്നു കിടക്കുന്ന ലിബര്‍ട്ടി സ്ക്വയറിലെ സൂക്കോട്ടി പാര്‍ക്കാണ്. ഇന്ന് ലോകം വാള്‍സ്ട്രീറ്റ് എന്നു കേള്‍ക്കുമ്പോള്‍ കാതോര്‍ക്കുന്നത് സൂക്കോട്ടിപാര്‍ക്കില്‍ തടിച്ചുകൂടിയ യുവജനങ്ങളും തൊഴിലില്ലാത്തവരും എന്താണു പറയുന്നത് എന്നാണ്. സൂക്കോട്ടി പാര്‍ക്കിലെത്തുന്ന എല്ലാ പ്രക്ഷോഭകാരികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും പറയുവാന്‍ ഇതേപോലെ ഓരോ കഥ ഉണ്ട്! ആഗോളമുതലാളിത്തത്തിന്റെ പുത്തന്‍ തന്ത്രങ്ങള്‍ക്കുമുന്നില്‍ തകര്‍ന്നുപോയ സ്വപ്നങ്ങളൂടെ കദന കഥകള്‍ .

Blog Archive