(ധന മൂലധനവും അഴിമതിയും സംബന്ധിച്ചു് ഇ. ബാലാനന്ദന്‍ റിസര്‍ച്ചു് ഫൌണ്ടേഷനും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും ചേര്‍ന്നു് സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ രണ്ടാം ഭാഗം. ഒന്നാം ഭാഗം തൊട്ടു് മുമ്പു് കാണുക. അതില്‍ ധന മൂലധനത്തിന്റെ ഘട്ടത്തില്‍ മുതലാളിത്തം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി വരച്ചു് കാട്ടുന്നു. ഇവിടെ പ്രതിസന്ധിക്കു് പരിഹാരമായി നടത്തുന്ന പൊതു മുതലിന്റെ കൊള്ളയും അഴിമതിക്കെതിരായ സമരവും വിലയിരുത്തുന്നു.)
അടുത്ത കാലത്തു് അഴിമതി എന്ന വിഷയത്തിന്മേല്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചതു്, ഒരു പക്ഷെ യാദൃച്ഛികമായിരിക്കാം, അഴിമതിക്കു് കാരണവും കൂടുതല്‍ അടിസ്ഥാന പ്രതിഭാസവുമായ 'പ്രാകൃത മൂല സഞ്ചയനം' എന്ന പ്രക്രിയയില്‍ നിന്നു് ജനശ്രദ്ധ തിരിച്ചു് വിട്ടു. അഴിമതി എന്ന വിഷയത്തേക്കുറിച്ചു് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയക്കു് തുടക്കമിട്ട, 1988 ലെ അഴിമതി തടയല്‍ നിയമപ്രകാരം അഴിമതി യുടെ നിര്‍വ്വചനം പൊതു പ്രവര്‍ത്തകര്‍ അവര്‍ക്കു് അര്‍ഹതപ്പെട്ട പ്രതിഫലത്തേക്കാള്‍ കൂടുതലായി പാരതോഷികം (പണം മാത്രമല്ല) പറ്റുക എന്നതാണു്. ഈ നിര്‍വ്വചനത്തിനു്, പക്ഷെ, ഒരു ദൌര്‍ബ്ബല്യമുണ്ടു്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ഒരു സ്വകാര്യ സ്ഥാപനത്തേയോ വ്യക്തിയേയോ പൊതു സ്വത്തു് കയ്യടക്കാന്‍ അനുവദിക്കുകയും പാരിതോഷികം പറ്റാതിരിക്കുകയും ചെയ്താല്‍ അതു് അഴിമതിയല്ല, മറിച്ചു് അതിനു് പാരിതോഷികം പറ്റിയാല്‍ അഴിമതിയാകും. പൊതു ഖജനാവിനേയും അതിനാല്‍ തന്നെ പൊതു ജനങ്ങളേയും സംബന്ധിച്ചിടത്തോളം രണ്ടും സമാനമാണു്. പക്ഷെ, പൊതു സ്വത്തിന്റെ തട്ടിപ്പിനു് കൂട്ടു നില്‍ക്കുന്ന പൊതു പ്രവര്‍ത്തകന്‍ കൈക്കൂലി വാങ്ങിയാല്‍ മാത്രമേ അതു് അഴിമതിക്കേസാകൂ. എന്തിനേറെ, പൊതു പ്രവര്‍ത്തകന്‍ നേരിട്ടുള്ള പാരിതോഷികം പറ്റാതിരിക്കുകയും പരോക്ഷമായി പല രീതികളിലും പ്രതിഫലം പറ്റുകയും ചെയ്താല്‍ പോലും അതു് അഴിമതിയായി പരിഗണിക്കപ്പെടില്ല.
ഉദാഹരണത്തിനു്, പൊതു പ്രവര്‍ത്തകരാരെങ്കിലും നേരിട്ടു് കൈക്കൂലി പറ്റാതെ പൊതു സ്വത്തു് തുച്ഛമായ വിലയ്ക്കു് സ്വകാര്യവല്ക്കരിച്ചാല്‍ കുത്തക മാധ്യമങ്ങളും ബ്രെറ്റന്‍വുഡ് സ്ഥാപനങ്ങളും ആഗോള ധനസമൂഹവും അയാളെ തീര്‍ച്ചയായും ദീര്‍ഘദര്‍ശിയായും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ആളായും ഉദാര ചിത്തനായ ആധുനികനായുമൊക്കെ വിശേഷിപ്പിക്കും. അതിന്റെ തുടര്‍ച്ചയായി 'ഏഷ്യയിലെ ഏറ്റവും നല്ല മന്ത്രി' (എന്നപോലെ പലതും), പ്രസംഗ പര്യടനങ്ങള്‍, ലോകബാങ്കു് ജോലി, കോര്‍പ്പറേറ്റു് മാനേജ്മെന്റു് പദവികള്‍, വലിയ ശമ്പളമുള്ള ഉപദേശക പദവികള്‍ തുടങ്ങി വിരമിച്ച ശേഷമുള്ള ജോലികളും അടക്കം ഒട്ടേറെ സ്ഥാനമാനങ്ങളും സമ്മാനങ്ങളും അദ്ദേഹത്തെ തേടിയെത്തും. അവയൊന്നും, പക്ഷെ, അഴിമതിയായി പരിഗണിക്കപ്പെടില്ല. ചുരുക്കത്തില്‍, നേരിട്ടു് വാങ്ങുന്ന കൈക്കൂലി മാത്രമായി അഴിമതിയെ ചുരുക്കിക്കാണുന്നു, മൊത്തം വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന വളരെ വലിയ അഴിമതികള്‍ പോലും കുറ്റകരമായി പരിഗണിക്കപ്പെടുന്നില്ല. ഇന്നു് നടക്കുന്ന അഴിമതിവിരുദ്ധ കുരിശുയുദ്ധം മൊത്തം അഴിമതി നിറഞ്ഞ വ്യവസ്ഥിതി തിരിച്ചറിയപ്പെടാതെ പോകുന്നതിനിടയാക്കുന്നു. അതു് കാടു് കാണാതെ മരം കാണുന്നതു് പോലെയാണു്. തീര്‍ച്ചയായും മരങ്ങളെ അവഗണിക്കാന്‍ പാടില്ല, അതിനാല്‍ അഴിമതിക്കെതിരായ നിയമനിര്‍മ്മാണം ഈ പരിമിതമായ അര്‍ത്ഥത്തിലും പ്രധാനപ്പെട്ടതാണു്. പക്ഷെ, കാടു് കാണാതെ പോകുന്നതു് ക്ഷന്തവ്യമല്ല. കാടാകട്ടെ, മാര്‍ക്സ് സൂചിപ്പിച്ചപോലെ, പ്രാകൃത മൂലധന സമാഹരണമാണു്.
പ്രാകൃത മൂലധന സമാഹരണം എന്നതു് കൊണ്ടര്‍ത്ഥമാക്കുന്നതു് കൃഷിക്കാരും ബഹുജനങ്ങളും അടങ്ങുന്ന ചെറു ഉല്പാദകരുടെ സ്വത്തുക്കള്‍ വലിയ മൂലധന ഉടമകള്‍ കയ്യടക്കുന്നതിനേയാണു്. ഉദാഹരണങ്ങള്‍, പൊതു ഭൂമി വളച്ചു് കെട്ടുക, ബഡ്ജറ്ററി സ്രോതസുകള്‍ ചോര്‍ത്തുക, സര്‍ക്കാര്‍ ഉടമയിലുള്ള ആസ്തികള്‍ തുഛമായ വിലയ്ക്കു് വാങ്ങുക തുടങ്ങി പലതുമാകാം. ആ പ്രക്രിയയെ പ്രാകൃത മൂലധന സഞ്ചയനം എന്നു് വിളിക്കുന്നതു്, അതു് സാധാരണ മുതലാളിത്ത മൂലധന സമാഹരണ പ്രക്രിയ അല്ലാത്തതിനാലാണു്. അതിനു് മിച്ചമൂല്യത്തിലൂടെ സമാഹരിച്ച മുതല്‍ വീണ്ടും മുടക്കേണ്ട ആവശ്യമില്ല. അതു് മുതലാളിത്തേതര വിഭാഗം ജനങ്ങളുടെ ആസ്തി കയ്യടക്കലാണു്. കര്‍ഷകര്‍, ചെറുകിട ഉല്പാദകര്‍, ഭരണ കൂടം, സമൂഹം തുടങ്ങിയ സാധാരണക്കാരുടെ ആസ്തികളാണു് കയ്യടക്കപ്പെടുന്നതു്. അഴിമതി തന്നെ പ്രാകൃത മൂലധന സമാഹരണമാണു്. ഉദാഹരണത്തിനു്, പൊതു ജന സേവകന്‍ സാധാരണ ജനങ്ങളില്‍ നിന്നു് കൈക്കൂലി ആവശ്യപ്പെടുന്നു. പക്ഷെ, ഈയടുത്തകാലത്തു് നടക്കുന്ന വലിയ അഴിമതികള്‍, സ്വയം പ്രാകൃത മൂലധന സഞ്ചയനമല്ല, അതു് തുടര്‍ പ്രക്രിയയായി നടന്നു് കൊണ്ടിരിക്കുന്ന പ്രാകൃത മൂലധന സഞ്ചയത്തിനു് മേല്‍ നിര്‍ബ്ബന്ധിത ലെവി പിരിക്കലാണു്.
കര്‍ണ്ണാടകയിലെ അനധികൃത ഖനനത്തിന്റെ കാര്യമെടുക്കാം. അനധികൃതമായി ധാതു വിഭവങ്ങള്‍ കുഴിച്ചെടുക്കുകയും സര്‍ക്കാര്‍ ഖജനാവിനെ വഞ്ചിക്കുകയും ചെയ്യുന്ന മൈന്‍ ഉടമകളാണു് പ്രാകൃത മൂലധന സമാഹരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതു്. അനധികൃത ഖനനക്കാരെ സഹായിച്ചു് കോഴ പറ്റിയ അന്നത്തെ കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്കെതിരെ കൊള്ള മുതലിന്റെ പങ്കു് പറ്റിയെന്ന കുറ്റം ആരോപിക്കാവുന്നതാണു്. അതായതു് മുഖ്യമന്ത്രി പ്രാകൃത മൂലധന സഞ്ചയനത്തിനു് മേല്‍ തനിക്കു് വേണ്ടി ഒരു ലെവി ഏര്‍പ്പെടുത്തുകയാണു് ചെയ്തതു്.
അതേപോലെ, 2ജി സ്പെക്ട്രം കേസിലെ പ്രാകൃത മൂലധന സഞ്ചയനം ശരിയായ ലേലത്തിലൂടെ പൊതു ഖജനാവിലും അതിലൂടെ ജനങ്ങളിലേക്കും എത്തേണ്ട വിഭവം ആദ്യം വന്നവര്‍ക്കു് ആദ്യം എന്ന തത്വപ്രകാരം ഏതാനും മൂലധന ഉടമകള്‍ക്കു് കൈമാറിയതാണു്. അന്നത്തെ ടെലികോം മന്ത്രി അതില്‍ നിന്നു് ഓരോഹരി പറ്റിയെന്നു് അരോപിക്കപ്പെടുമ്പോള്‍ അതു് അദ്ദേഹത്തിനു് വേണ്ടിയും അദ്ദേഹത്തിന്റെ അടുത്ത ആള്‍ക്കാര്‍ക്കു് വേണ്ടിയും പ്രാകൃത മൂലധന സഞ്ചയനത്തിനു് മേല്‍ ലെവി ഏര്‍പ്പെടുത്തുക എന്നതാണു് നടന്നതായി ആരോപിക്കപ്പെടുന്നതു്. ജനങ്ങള്‍ കൊള്ളയടിക്കപ്പെട്ടതു് അഴിമതിയിലൂടെയല്ല, മറിച്ചു് പ്രാകൃത മൂലധന സമാഹരണത്തിലൂടെയാണു്. ടെലികോം മന്ത്രി നേരിട്ടു് ഒരു നയാപൈസ പോലും കൈക്കൂലി വാങ്ങാതെ ആദ്യം വന്നവര്‍ക്കു് ആദ്യം എന്ന തത്വപ്രകാരം സ്പെക്ട്രം വില്പന നടത്തിയാലും പൊതു ഖജനാവില്‍ നിന്നുള്ള കവര്‍ച്ച സമാനമായ അളവില്‍ത്തന്നെ നടക്കുമായിരുന്നു. അതാകട്ടെ, അവ ശരിയായി ലേലം നടത്തിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന വിലയും ഇപ്പോള്‍ കിട്ടിയ വിലയും തമ്മിലുള്ള വ്യത്യാസമാണു്. കൈക്കൂലിയിലൂടെ നിര്‍ണ്ണയിക്കപ്പെട്ടതു് ആരൊക്കെയാണു് ഈ കവര്‍ച്ചയുടെ ഗുണഭോക്താക്കളെന്നും ആരുമായൊക്കെ അതു് പങ്കു് വെയ്ക്കപ്പെടണമെന്നതും മത്രമാണു്.
ഇതു് വളരെ ലളിതവും പ്രകടവുമായ കാര്യമാണു്. പക്ഷെ, കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഉന്നതര്‍ ഇക്കാര്യം മറച്ചു് പിടിക്കാനായി നേരല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണു്. പൊതു സമ്പത്തിന്റെ കവര്‍ച്ചയുടെ മാര്‍ഗ്ഗം ആദ്യം വരുന്നവര്‍ക്കു് ആദ്യം എന്ന മാനദണ്ഡം അനുവര്‍ത്തിച്ചതായതിനാല്‍, നേരിട്ടു് കൈക്കൂലി വാങ്ങിയാലും ഇല്ലെങ്കിലും പൊതു മുതല്‍ ചോര്‍ച്ചയ്ക്കു് ഇടവരുത്തിയ ഈ മാര്‍ഗ്ഗം അനുവര്‍ത്തിച്ച എല്ലാ രാഷ്ട്രീയ നേതാക്കളും കുറ്റക്കാരാണു്. (അവരെ ആ സ്ഥാനങ്ങളില്‍ എത്തിച്ചും തുടരാന്‍ അനുവദിച്ചും ഈ നയം അംഗീകരിച്ചും അതിനു് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ പാര്‍ടി തന്നെയും കുറ്റ കൃത്യത്തില്‍ പങ്കാളികളാണു്). ഇതു് പ്രകാരം, രാജയ്ക്കു് മുമ്പു് ടെലികോം മന്ത്രാലയത്തില്‍ ഈ മാര്‍ഗ്ഗം അനുവര്‍ത്തിക്കുകയും രാജയുടെ തീരുമാനത്തിനു് കൂട്ടു നില്‍ക്കുകയും ചെയ്ത ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ഒട്ടനവധി നേതാക്കള്‍ സര്‍ക്കാര്‍ ഖജനാവു് ചോര്‍ത്തുന്ന പൊതു മുതല്‍ കൊള്ളയ്ക്കു് കൂട്ടു് പ്രതികളാണു്. ഈ ആരോപണം ഒഴിവാക്കാനാണു്, 'നയം ശരിയായിരുന്നു, രാജ അതു് നടപ്പാക്കിയതിലാണു് പിഴവു്' എന്നു് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും കൂടാരത്തില്‍ പെട്ടവര്‍ ചേര്‍ന്നു് കൂട്ടപ്പാട്ടു് നടത്തുന്നതു്. മറ്റു് പല അഴിമതി വിരുദ്ധ കുരിശുയുദ്ധക്കാരുടേയുമെന്ന പോലെ അവരുടെ ശ്രദ്ധ കൈക്കൂലിയില്‍ മാത്രമാണു്, പൊതുജനങ്ങളെ കൊള്ളയടിക്കുന്ന പ്രാകൃത മൂലധന സഞ്ചയനത്തിലല്ല. ആ മൊത്തം തുകയില്‍ നിന്നാണു് കൈക്കൂലി പങ്കു് വെക്കപ്പെടുന്നതു്. ആ മൊത്തം തുകയക്കു് വേണ്ടിയാണു് കൈക്കൂലി ഉത്ഭവിക്കുന്നതു് തന്നെ. അതു് മറച്ചു് പിടിക്കപ്പെടുകയാണു്.
പ്രാകൃത മൂലധന സമാഹരണം പൊതുമുതല്‍ കൊള്ളയുടെ സ്വാഭാവികമായ തുടര്‍ച്ചയാണു്. അതിനാല്‍, സ്വത്തുടമസ്ഥതാ സമ്പ്രദായത്തില്‍ മാറ്റം വരുത്തുമ്പോഴൊക്കെ പൊതു മുതല്‍ കൊള്ള പെരുകും. ആധുനിക കാലത്തെ ഏറ്റവും നാണംകെട്ട പ്രാകൃത മൂലധന സമാഹരണം നടന്നതു് സോവിയറ്റു് യൂണിയന്റെ തകര്‍ച്ചയുടെ ഘട്ടത്തിലാണു്. സോഷ്യലിസ്റ്റു് സമ്പത്തിന്റെ സ്വകാര്യവല്കരണം സോഷ്യലിസ്റ്റു് സമ്പത്തിന്റെ വന്‍തോതിലുള്ള കൊള്ളയ്ക്കും സാക്ഷ്യം വഹിച്ചു. ഒറ്റ രാത്രികൊണ്ടു് അനേകം കോടീശ്വനന്മാര്‍ ഉയര്‍ന്നു് വന്നു. ശൂന്യതയില്‍ നിന്നു് പുതിയൊരു മുതലാളി വര്‍ഗ്ഗം ആവാഹിച്ചെടുക്കപ്പെട്ടു. അതേ പോലെ ഇന്ത്യയിലും നവ ഉദാര നയചട്ടക്കൂടിന്റെ ഭാഗമായ സ്വകാര്യവല്‍ക്കരണ പ്രക്രിയയോടൊപ്പം വലിയ തോതിലുള്ള പ്രാകൃത മൂലധന സമാഹരണം നടക്കുകയാണു്. ആ നയം ഈ പൊതു മുതല്‍ കൊള്ളയ്ക്കുള്ള സാഹചര്യം ഒരുക്കിയിരിക്കുകയാണു്. നാമിന്നു് കാണുന്നതു് ആ കൊള്ളയോടൊപ്പം അരങ്ങേറുന്ന അതിന്മേല്‍ തഴച്ചു് വളരുന്ന അഴിമതിയുടെ പെരുപ്പമാണു്.
മുമ്പുണ്ടായിരുന്ന, ലൈസന്‍സ്-ക്വോട്ടാ-പെര്‍മിറ്റു് രാജ് എന്ന പേരില്‍ ഇകഴ്ത്തപ്പെട്ട, നിയന്ത്രിത സമ്പദ്ഘടനയിലെ നിയന്ത്രണങ്ങളുടെ സ്ഥാനത്തു് സ്വതന്ത്ര കമ്പോളത്തിന്റെ വരവോടെ അഴിമതി പാടെ തുടച്ചു് മാറ്റപ്പെടുമെന്നായിരുന്നു അവകാശവാദം. ആ അവകാശവാദം തികച്ചും തള്ളിക്കളയാനാവുന്നതുമായിരുന്നില്ല. കമ്പോളവിലയേക്കാള്‍ കുറഞ്ഞ വിലയുള്ള റേഷന്‍ സമ്പ്രദായം, കഴിവുള്ളവര്‍ക്കു് കൈക്കൂലിയിലൂടെ, തങ്ങള്‍ക്കനുകൂലമാക്കി വിതരണം ക്രമീകരിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നു. പാവങ്ങള്‍ക്കു് റേഷന്‍ ലഭ്യത ഇല്ലാതാക്കുമെന്നതിനാല്‍ അവര്‍ക്കെതിരും അതിനാല്‍ എതിര്‍ക്കപ്പെടേണ്ടതുമാണെങ്കിലും കമ്പോളത്തെ സ്വതന്ത്രമാക്കിയതും റേഷനിങ്ങു് നീക്കിയതും, തീര്‍ച്ചയായും, കൈക്കൂലിയുടേയും അതിനാല്‍ തന്നെ അഴിമതിയുടേയും ആവശ്യം കുറച്ചു് കൊണ്ടുവരേണ്ടതുമാണു്. ഇക്കാരണം കൊണ്ടു് അഴിമതി കുറച്ചു് കൊണ്ടുവരുമെന്നു് പ്രതീക്ഷിക്കപ്പെട്ട നവ ഉദാര നയങ്ങളുടെ നടത്തിപ്പു് പക്ഷെ, അതിനൊപ്പം അടുത്ത കാല ചരിത്രത്തിലൊന്നും സമാനതകളില്ലാത്ത വിധത്തില്‍ അഴിമതിയുടെ കുത്തനെയുള്ള വര്‍ദ്ധനവാണുണ്ടാക്കിയിട്ടുള്ളതു്. കമ്പോളം സ്വതന്ത്രമാക്കുന്നതോടൊപ്പം സ്വത്തുടമാ വ്യവസ്ഥയില്‍ വരുത്തിയ മാറ്റമാണതിനു് കാരണമായതു്. സ്വതന്ത്ര കമ്പോളത്തോടൊപ്പം സ്വകാര്യവല്‍ക്കരണത്തിനു് നല്‍കിയ ഊന്നലാണു് പ്രാകൃത മൂലധന സമ്പാദനത്തിനും അതു് വളം വെയ്ക്കുന്ന അഴിമതിക്കും പ്രോത്സാഹനം നല്‍കിയതു്.
അടുത്ത കാലത്തുണ്ടായ അഴിമതിയുടെ വേലിയേറ്റം ചൂണ്ടുന്നതു് നവ ലിബറലിസം കെട്ടഴിച്ചു് വിട്ട പ്രാകൃത മൂലധന സമാഹരണ പ്രക്രിയ ബൂര്‍ഷ്വാ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും വ്യാപകമായും കൂട്ടായും ഉപയോഗിച്ചതിലേക്കാണു്, പ്രാകൃതമായ മാര്‍ഗ്ഗങ്ങളിലൂടെ സമാഹരിച്ച മൂലധനം അവര്‍ പങ്കിട്ടെടുത്തു. കുത്തകകള്‍ മാത്രമല്ല, ധനാധിപത്യവും, ഭൂമാഫിയയും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും മാത്രമല്ല, സര്‍ക്കാരിന്റെ ഉന്നത ശ്രേണികളിലുള്ള ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കാരും പുതുതായി ഉയര്‍ന്നു് വന്ന രാഷ്ട്രീയ വര്‍ഗ്ഗത്തില്‍ നിന്നു് തെരഞ്ഞെടുക്കപ്പെട്ടു്, നിയമിക്കപ്പെട്ട ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും പ്രാകൃത മൂലധന സമാഹരണത്തിന്റെ ഫലം കൊയ്തെടുക്കുകയാണു്.
പക്ഷെ, കാര്യം അതിലും വഷളാണു്. ഭരണ വര്‍ഗ്ഗ രാഷ്ട്രീയക്കാരിലെ അഴിമതിക്കാരല്ലാത്ത, അതായതു് പ്രാകൃത മൂലധനം വെട്ടിപ്പിടിക്കുന്നതിനു് അനുമതി നല്‍കി നേരിട്ടു് കൈക്കൂലി വാങ്ങാത്ത, വിഭാഗങ്ങളിലെ ഗണ്യമായ ഒരു കൂട്ടരും സക്രിയമായിത്തന്നെ ഈ പ്രാകൃത മൂലധന പ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ടു്. അവര്‍ പ്രാകൃത മൂലധന സമാഹരണം നടത്തുന്ന വ്യവസ്ഥയുടെ ഭാഗമാണു്. ആ വ്യവസ്ഥയുടെ നേട്ടം പരോക്ഷമായി അനുഭവിക്കുന്നവരാണു്. ചുരുക്കത്തില്‍, വളരെ കുറച്ചു് മാന്യ ദേഹങ്ങളെ മാറ്റി നിര്‍ത്തി, അതിലാകട്ടെ ഇടതു് പക്ഷക്കാരാണു് കൂടുതലും, ബാക്കി മുഴുവന്‍ രാഷ്ട്രീയ വര്‍ഗ്ഗത്തേയും ഈ അഴിമതി വ്യവസ്ഥയിലേക്കു് കൂട്ടിച്ചേര്‍ത്തു കൊണ്ടു് പ്രാകൃത മൂലധന സമാഹരണ വ്യവസ്ഥയെ നമ്മള്‍ സ്ഥാപനവല്‍ക്കരിക്കുകയാണു്.
ഇതു് മൂലം ജനാധിപത്യത്തിനു് ഗുരുതരവും അപകടകരവുമായ പ്രത്യാഘാതങ്ങളാണുള്ളതു്. ജനാധിപത്യം സാര്‍ത്ഥകമാകണമെങ്കില്‍ സാമ്പത്തിക വ്യവസ്ഥയ്ക്കു് മേല്‍ രാഷ്ട്രീയത്തിനു് സ്ഥനം ഉണ്ടാകണം. ജനങ്ങള്‍ക്കു്, സാമ്പത്തിക വ്യവസ്ഥയുടെ സഹജ ഫലങ്ങളുടെ വെറും നിര്‍ഭാഗ്യരായ ഇരകളായി മാറാതെ അത്തരം പ്രവണതകള്‍ക്കെതിരെ കൂട്ടായി പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയണം. ഇതു കൊണ്ടാണു്, യഥാര്‍ത്ഥ ജനാധിപത്യം മുതലാളിത്തത്തിനു് പൊരുത്തപ്പെടുന്നതല്ല എന്നു് പറയുന്നതു്. കാരണം, മുതലാളിത്തത്തിന്റെ സഹജ പ്രവണതകള്‍ ജനങ്ങളുടെ കൂട്ടായ ജനാധിപത്യ ഇടപെടലുകളിലൂടെ തടയപ്പെട്ടാല്‍ മുതലാളിത്ത വ്യവസ്ഥ പ്രവര്‍ത്തിക്കാതാകും. യുദ്ധാനന്തര കാലഘട്ടത്തിലെ കെയ്‌നീഷ്യന്‍ ക്ഷേമരാഷ്ട്ര വ്യവസ്ഥ തകര്‍ന്നടിഞ്ഞതു് അതാണു് കാണിക്കുന്നതു്. രാഷ്ട്രീയ വ്യവസ്ഥയുടെ മേല്‍ക്കൈ ഉറപ്പാക്കപ്പെടണമെങ്കില്‍ രാഷ്ട്രീയ-സാമ്പത്തിക മേഖലകളുടെ വ്യതിരിക്തത ഉറപ്പാക്കപ്പെടണം. രാഷ്ട്രീയം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കപ്പെടാന്‍ പാടില്ല. സമ്പദ്ഘടയുടെ ഗതിവിഗതികള്‍ ജനങ്ങള്‍ക്കു് മേല്‍ ഏല്പിക്കുന്ന ദൂഷ്യ ഫലങ്ങള്‍ സ്വയമേവ ഇടപെട്ടു് തിരുത്താന്‍ രാഷ്ട്രീയ വ്യവസ്ഥയ്ക്കു് കഴിയണം. രാഷ്ട്രീയ വ്യവസ്ഥ സാമ്പത്തിക വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിരുന്നാല്‍, തലതിരിഞ്ഞ പ്രാകൃത മൂലധന സഞ്ചയന ക്രമത്തില്‍ അവ തമ്മിലുള്ള വ്യതിരിക്തത അപ്രത്യക്ഷമായാല്‍, ജനാധിപത്യത്തിന്റെ ഗുരുതരമായ ശോഷണമാണുണ്ടാകുന്നതു്.
ഓസ്ട്രിയന്‍ സാമ്പത്തിക വിദഗ്ദ്ധന്‍ റുഡോള്‍ഫു് ഹില്‍ഫെര്‍ഡിങ്ങിനെ ഉദ്ധരിച്ചു് കൊണ്ടു് ലെനിന്‍, കുത്തക മൂലധന കാലഘട്ടത്തില്‍, ധന-വ്യവസായ മേഖലകളിലെ മേധാവികളുടേയും ഭരണ കൂടത്തിന്റെ ഉന്നത ശ്രേണികളിലുള്ളവരുടേയും വ്യക്തിഗത കൂട്ടായ്മയേക്കുറിച്ചു് പറയുന്നുണ്ടു്. ഈ വ്യക്തിഗത കൂട്ടായ്മ വളരെയേറെ ചുവടുകള്‍ മുന്നോട്ടു് പോയിട്ടാണു് പ്രാകൃത മൂലധന സഞ്ചയന വ്യവസ്ഥ നിലനിര്‍ത്തുന്നതു്. ആ വ്യക്തിഗത കൂട്ടായ്മയുടെ ഫലം രാഷ്ട്രീയത്തിന്റെ ജനാധിപത്യ ഉള്ളടക്കം നഷ്ടപ്പെടുത്തുന്നതിലേക്കാണു് നയിക്കുക. ഇവിടെ പ്രസക്തമാകുന്ന ചോദ്യം : എങ്ങിനെയാണു്, നാമിതിനെ പ്രതിരോധിക്കുക എന്നതാണു്?
അഴിമതിക്കെതിരായ സമരം പ്രധാനമാണു്, പക്ഷെ, അപൂര്‍ണ്ണമാണു്, മതിയാവുന്നതല്ല. കാരണം, അതു് അഴിമതിയെ പ്രാകൃത മൂലധന സഞ്ചയന പ്രക്രിയയില്‍ നിന്നു് ഒറ്റപ്പെടുത്തി കാണുന്നു എന്നതാണു്, അതിലൂടെ, നേരിട്ടുള്ള കൈക്കൂലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും വ്യവസ്ഥയുടെ ഭാഗമായ പരോക്ഷ കൈക്കൂലികളെ അവഗണിച്ചും, അഴിമതിയെ തന്നെ, അതിന്റെ നിര്‍വ്വചനം തന്നെ, ചുരുക്കി കാണുന്നു എന്നതാണു്. എന്തിനേറെ, കൈക്കൂലി വാങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ടും പ്രാകൃത മൂലധന സമാഹരണത്തിനെതിരെ ഒന്നും ചെയ്യാതെയുമുള്ള അഴിമതി വിരുദ്ധ സമരം വിജയിക്കുക പോലുമില്ല.
പൊതു സ്വത്തിന്റെ ഭാരം നിലനില്‍ക്കേ തന്നെ, ചൈനയില്‍ പോലും പ്രാകൃത മൂലധന സമാഹരണത്തിന്റെ പ്രക്രിയ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇടയ്ക്കിടെ അപകടവും മരണവും വിതയ്ക്കുന്ന അനധികൃത ഖനനം ഒരു സാധാരണ പ്രതിഭാസമായി. അഴിമതിക്കാര്‍ക്കു് മരണ ശിക്ഷ നിലവിലുണ്ടായിട്ടു് പോലും അത്തരം പ്രാകൃത മൂലധന സമാഹരണവുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കാനായിട്ടില്ല. ശിക്ഷാ നടപടികള്‍ കൊണ്ടു മാത്രം മതിയാവില്ല. അഴിമതി തടയുന്നതിനു് പ്രാകൃത മൂലധന പ്രക്രിയ തന്നെ ഒഴിവാക്കപ്പെടണം.
ഏറ്റവും കുറഞ്ഞതു്, ഒരു തുടക്കമെന്ന നിലയില്‍, മൂന്നു് ചുവടുകള്‍ ഇതിനാവശ്യമാണു്. ഒന്നാമത്തേതു് അഴിമതി വിരുദ്ധ നിയമ നിര്‍മ്മാണം. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതു് പോലെ, നിലവിലുള്ള പ്രധാനമന്ത്രിയേയോ ഉന്നത നീതിപീഠത്തേയോ അത്തരം നിയമത്തിന്റെ പരിധിയില്‍ നിന്നു് ഒഴിവാക്കേണ്ടതിനു് യാതൊരു ന്യായീകരണവുമില്ല. പക്ഷെ, അവരെ അത്തരം നിയമത്തിന്റെ പരിധിയില്‍ പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളും അവര്‍ക്കെതിരായ പരാതികളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും, നീതി പീഠങ്ങള്‍ക്കു് ജുഡീഷ്യല്‍ കമ്മീഷന്‍ പോലെ പ്രത്യേക സംവിധാനം വേണമോ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണു്.
രണ്ടാമത്തെ ചുവടു് പൊതു ആസ്തികളുടെ സ്വകാര്യവല്കരണം, വേണമെങ്കില്‍ തന്നെ, വളരെ വിരളമായി മാത്രം, അത്തരം ഓരോ സന്ദര്‍ഭങ്ങളും പാര്‍ലമെണ്ടിന്റെ വിശദമായ പരിശോധനയ്ക്കു് വിധേയമായിരിക്കണം. നീതിയുക്തമായ ലേലം നടത്താതെ ഒരു പൊതു സ്വത്തിന്റേയും സ്വകാര്യ കൈമാറ്റം, ആദ്യം വരുന്നവര്‍ക്കാദ്യം തുടങ്ങി ഏതു് മാനദണ്ഡവും നിയമപ്രകാരം ഒഴിവാക്കേണ്ടതാണു്. അത്തരം ഒഴിവാക്കലുകള്‍ പാര്‍ലമെണ്ടിന്റെ പരിശോധനയ്ക്കു് വിധേയമാക്കുകയും വേണം.
മൂന്നാമത്തെ ചുവടു്, കാലാന്തരത്തില്‍ ശോഷിച്ചു് വരുന്ന വിഭവങ്ങളുടെയെല്ലാം ഉടമസ്ഥതയും നടത്തിപ്പും സര്‍ക്കാരില്‍ നിക്ഷിപ്തമാകണം. ധാതു ദ്രവ്യങ്ങളുടെ സര്‍ക്കാര്‍ ഉടമസ്ഥത മാത്രം പോലും മതിയാവില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൈനുകള്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറുമ്പോള്‍, അനധികൃത ഖനനത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇതു് തടയാന്‍ ഖനനം തന്നെ ഭരണ കൂടത്തിന്റെ ഉത്തരവാദിത്വമായിരിക്കണം. ഇതായിരുന്നു അടുത്ത കാലം വരെ ഇന്ത്യയുടെ ഔദ്യോഗിക നയം. അതേപോലെ, ഭൂമി പോലെ പരിമിതമായ വിഭവങ്ങളുടെ ഉപയോഗത്തില്‍ സാമൂഹ്യ നിയന്ത്രണം ഉണ്ടായാല്‍ മാത്രം പോര, മറിച്ചു്, പരിമിത വിഭവങ്ങളുടെ കൊടുക്കല്‍ വാങ്ങള്‍ നടക്കുമ്പോള്‍ ഭരണകൂടത്തിനു് യുക്തമായ ഭരണകൂട ഏജന്‍സി വഴി മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട തത്വങ്ങള്‍ക്കനുസരിച്ചു് നിശ്ചയിക്കുന്ന ന്യായ വിലയ്ക്കു് ആദ്യ വാങ്ങല്‍ കാരനാകാന്‍ കുത്തകാവകാശം കൂടി വേണം. ഇതു്, അഴിമതിയുടെ ഒരു പ്രധാന സ്രോതസായ ഭൂമിയിന്മേലുള്ള ഊഹക്കച്ചവടം അവസാനിപ്പിക്കാന്‍ സഹായിക്കും. അതു് കൃഷിക്കാരുടെ ഭൂമി പിടിച്ചു് പറിക്കുന്ന പ്രാകൃതമൂലധന സഞ്ചയത്തിനു് മേല്‍ ഒരു തടസ്സമായും പ്രവര്‍ത്തിക്കും.
ഭൂമിയുടെ ദേശസാല്‍ക്കരണമെന്ന ആവശ്യത്തിനു് വളരെ പഴക്കമുണ്ടു്. ജോര്‍ജ്ജു് ബര്‍നാഡ്ഷാ, ഹെന്‍റി ജോര്‍ജ്ജിന്റെ സ്വാധീനം മൂലം അതിനായി വാദിച്ചു. അതു് ഫാബിയന്‍ പരിപാടിയുടെ പ്രധാന ഘടകമായിരുന്നു. ഫ്രഡറിക് ഏംഗല്‍സ് ഫാബിയന്മാരെ കൂടുതല്‍ മുന്നോട്ടു് പോകാത്തതിനാണു് വിമര്‍ശിച്ചതു്. ഭൂമിയിടെ ഒരു പങ്കിന്റെ ദേശസാല്കരണം പുരോഗമനപരമായ സാമൂഹ്യ മാറ്റത്തിന്റെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഘടകമായിരിക്കേണ്ടതുണ്ടു്. പ്രാകൃത മൂലധന സഞ്ചയനം തടയാന്‍, പക്ഷെ, ഇതും ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. ഭൂമിയുടെ വിനിയോഗത്തിന്മേലുള്ള ഭരണ കൂട നിയമ നിര്‍മ്മാണവും ഭൂമി കൈമാറ്റത്തിന്മേലുള്ള ഭരണ കൂട നിയന്ത്രണവും അതിനു് പര്യാപ്തമായിരിക്കും. അതെല്ലാം ആദ്യ വാങ്ങല്‍ അവകാശം ഭരണകൂടത്തിനു് ഉണ്ടായിരിക്കുക വഴി പ്രാബല്യത്തിലാക്കാവുന്നതേയുള്ളു.
ഒരു ചോദ്യം ഉന്നയിക്കപ്പെട്ടേക്കാം : ഭരണകൂട നിര്‍വാഹകര്‍ തന്നെ പ്രാകൃത മൂലധന സമാഹരണത്തിലേര്‍പ്പെട്ടാല്‍ എങ്ങിനെയാണു് ഭരണ കൂടം വഴി അതു് പ്രാബല്യത്തിലാക്കുക ? പ്രത്യേകിച്ചും, ഭരണകൂട നിയന്ത്രണവും നിയമ നിര്‍മ്മാണവും അഴിമതിയില്‍ മുങ്ങിക്കുളിച്ച അതേ രാഷ്ട്രീയ വര്‍ഗ്ഗത്തെ തന്നെ അതു് തടയാന്‍ ഏല്പിക്കുക എന്നതു് വിചിത്രമായി തോന്നാം. പക്ഷെ, നാമിവിടെ പറയുന്നതു് അഴിമതിക്കെതിരായ നിയമ നിര്‍മ്മാണം അടക്കമുള്ള വിവിധ നടപടികളുടെ ഒരു പാക്കേജാണു്. ചുരുക്കത്തില്‍, ഭരണ കൂട നിയന്ത്രണം നിര്‍ദ്ദേശിക്കപ്പെടുന്നതു് ഭരണാധികാരികളുടെ അഴിമതി നിയന്ത്രണത്തോടൊപ്പമാണു്.
അവസാനമായി, പക്ഷെ, പ്രാകൃത മൂലധന സഞ്ചയനവും അഴിമതിയും തടയാനുള്ള മാര്‍ഗ്ഗം ജനങ്ങളുടെ ഇടപെടല്‍ തന്നെയാണു്. അതു് കൊണ്ടു് തന്നെ, ഇതു്, രാഷ്ട്രീയ വര്‍ഗ്ഗത്തെക്കൂടി ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രാകൃത മൂലധന സഞ്ചയനത്തിലൂടെ ജനാധിപത്യത്തെ അവമതിക്കുന്നതിനെതിരായ ജനാധിപത്യത്തിന്റെ ഊന്നലാണു്. പ്രാകൃത മൂലധന സഞ്ചയനത്തിനെതിരെ ഒരു ശക്തമായ ബഹുജന പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ടു്, അതു് മാത്രമായിരിക്കും ജനാധിപത്യ സംരക്ഷണത്തിനുള്ള സംരക്ഷണ ഭിത്തി. ജനങ്ങള്‍ക്കു് പകരം തങ്ങളെതന്നെ പകരം വെയ്ക്കുകയും ജനകീയ ഇടപെടലിന്റെ ആവശ്യം ഒഴിവാക്കുകയും ചെയ്യുന്ന അഴിമതി വിരുദ്ധ മിശിഹാമാരുടെ 'മരണം വരെയുള്ള ഉപവാസം', എത്ര നല്ല ഉദ്ദേശലക്ഷ്യങ്ങളോടെയുള്ളതാണെങ്കിലും സമഗ്രമായ നിയമം ഉണ്ടാക്കുന്നതില്‍ എത്രമാത്രം വിജയം കൈവരിച്ചാലും, അതു്, അഴിമതിയോ പ്രാകൃത മൂലധന സഞ്ചയനമോ ഒഴിവാക്കുന്ന കാര്യത്തില്‍ വിജയിക്കില്ല.
(Courtesy : EBRF_CUSAT_Seminar)
തര്‍ജ്ജമ - ജോസഫ് തോമസ്
Thursday, October 6, 2011
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
October
(26)
- മുതലാളിത്തം സോഷ്യലിസത്തിനു് വഴിമാറിയേ തീരൂ.
- എന്തു് കൊണ്ടു് പൊതുമുതല്‍ കൊള്ളയും ക്ഷേമ പദ്ധതികളു...
- ധനമൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തി - പ്രൊഫ. കെ എന്‍...
- നവഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭം - കെ വ...
- വിടവാങ്ങല്‍ വെല്ലുവിളിച്ചും കീഴടങ്ങിയും
- കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട പോക്ക്
- System Error Capitalism Is Crashed! Install New Sy...
- സൂക്കോട്ടി പാര്‍ക്കും പിങ്ക് സ്ലിപ്പും - റെജി പി ജ...
- അറബ് വസന്തം ശിശിരമാക്കാന് യുഎസ് - പി ഗോവിന്ദപ്പിള്ള
- അമേരിക്കയിലെ "മൂലധനം തിരിച്ചു് പിടിക്കല്‍" സമരം
- വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം - പ...
- കോര്‍പറേറ്റ് ഉടമകള്‍ക്ക് പ്രത്യേക നീതിയോ?
- കുത്തക കമ്പനികളുടെ തട്ടിപ്പുകളും അവ മൂടിവെക്കുന്നത...
- ഒരു പ്രാകൃത മൂലധന സഞ്ചയന വ്യവസ്ഥ - പ്രൊ. പ്രഭാത് പ...
- മുതലാളിത്തത്തിനു് ദശാമാറ്റത്തിന്റെ കാലം - പ്രൊ. പ്...
- For an Effective Lokpal: Government has to Respond...
- Stand of the Communist Party of India (Marxist) -...
- Finance Capital made Capitalism Redundant
- The Finance Capital and Plunder of Social assets
- അഴിമതി രഹിത ഇന്ത്യ – അണ്ണാ ഹസാരെ സംഘത്തിന്റെ സമരം ...
- CORRUPTION: CHALLENGE TO INDAN DEMOCRACY - K.N.PAN...
- Corruption and Development - Anupama Jha, Executiv...
- Corporate frauds and role of media in the cover up...
- THE RAPE OF BELLARY (KARNATAKA)
- A REGIME OF PRIMITIVE ACCUMULATION - Prabhat Patnaik
- A CLIMACTERIC FOR CAPITALISM - Prabhat Patnaik
-
▼
October
(26)
No comments:
Post a Comment