Tuesday, October 25, 2011
ധനമൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തി - പ്രൊഫ. കെ എന്‍ ഗംഗാധരന്‍
(Courtesy : Deshabhimani : Posted on: 24-Oct-2011 11:28 PM)
സാമ്പത്തിക പ്രതിസന്ധി പലതരത്തില്‍ പ്രത്യക്ഷപ്പെടാം. ഉല്‍പ്പാദിപ്പിച്ച ചരക്കുകള്‍ വില്‍ക്കാതെ വന്നാല്‍ അത് പ്രതിസന്ധിയാണ്. വാങ്ങിയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതും പ്രതിസന്ധിയാണ്. ഓഹരിമൂല്യം ഇടിയുന്നതും പ്രതിസന്ധിയാണ്. ഈ പ്രതിസന്ധികളൊന്നുംതന്നെ തുടങ്ങിയ മേഖലകളില്‍ അവസാനിക്കുന്നില്ല. മറ്റ് മേഖലകളിലേക്കും ആളിപ്പടരുന്നു. രാജ്യാതിര്‍ത്തികള്‍ കടന്ന് ആഗോളമാനം കൈവരിക്കുന്നു. പകര്‍ച്ചവ്യാധിപോലെ പടരുന്നതാണ് പ്രതിസന്ധി.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൊന്നായ ഗ്രീസ് ഒരു ഉദാഹരണമാണ്. കടബാധ്യതയില്‍ ആടിയുലയുകയാണ് ആ രാജ്യം. 312 ശതകോടി ഡോളറാണ് ദേശീയ വരുമാനം. കടബാധ്യത 486 ശതകോടി ഡോളറും. അതായത് ദേശീയ വരുമാനത്തിന്റെ 155 ശതമാനം കടബാധ്യത. ബജറ്റ് കമ്മിയാണെങ്കില്‍ 15 ശതമാനവും. ഗ്രീസിനെ പണയപ്പെടുത്തിയാലും കടംതീരില്ല. ഇനിയാരും കടം നല്‍കില്ല. നല്‍കുന്നവരാകട്ടെ ചോര കിനിയാതെ പകരം ഒരു റാത്തല്‍ ഇറച്ചി ദേഹത്തുനിന്ന് ആവശ്യപ്പെട്ട ഷൈലോക്കിനെപ്പോലെ പെരുമാറുന്നു. 110 ശതകോടി ഡോളര്‍ വായ്പ നല്‍കിയ ഐഎംഎഫും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ ഗ്രീസ് ശ്വാസംമുട്ടുന്നു.
വാസ്തവത്തില്‍ മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സ്വയംകൃതാനര്‍ഥമാണ്. തൊഴിലവസരങ്ങള്‍ വളര്‍ത്താനുള്ള കഴിവില്ലായ്മയും അതുകാരണമുണ്ടാകുന്ന വരുമാനത്തകര്‍ച്ചയുമാണ് മൂലകാരണം. വരുമാനമില്ലെങ്കില്‍ ചരക്കുകള്‍ വില്‍ക്കപ്പെടില്ല. വിറ്റില്ലെങ്കില്‍ ലാഭവും നിക്ഷേപവും കുറയും. മുതലാളിത്ത വളര്‍ച്ചയുടെ പ്രേരകശക്തിതന്നെ ലാഭമാണ്. വില്‍ക്കണമെങ്കില്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൈയില്‍ പണം വേണം. വായ്പ നല്‍കി പണം സൃഷ്ടിക്കുകയാണ് സ്വീകരിക്കപ്പെട്ട മാര്‍ഗം. അങ്ങനെ കടം പെരുകി. കടത്തിന്റെ പൊയ്ക്കാലില്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പൊക്കി. ഇപ്പോള്‍ കടം തിരിഞ്ഞുകൊത്താന്‍ തുടങ്ങിയിരിക്കുന്നു. വീട്ടാന്‍ നിവൃത്തിയില്ല. ഇറക്കുമതി നടത്താനോ ദൈനംദിന സര്‍ക്കാര്‍ ചെലവുകള്‍ നിര്‍വഹിക്കാനോപോലും കഴിയുന്നില്ല. ഉല്‍പ്പാദനം മരവിച്ചു. ദേശീയ വരുമാനം ഇടിഞ്ഞു. തൊഴിലില്ലായ്മ പെരുകി.
ഉല്‍പ്പാദനത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയാണ് മുതലാളിത്ത രീതിയെങ്കില്‍ മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നപ്പോള്‍ ഓഹരി നിക്ഷേപമായി ലാഭത്തിന്റെ മാര്‍ഗം. ഉല്‍പ്പാദന മൂലധനത്തിന്റെ സ്ഥാനം ഓഹരി മൂലധനം ഏറ്റെടുത്തു. മുതലാളിത്തം വളര്‍ന്നപ്പോള്‍ വ്യവസായങ്ങള്‍ മാത്രമല്ല വികസിച്ചത്. ബാങ്കിങ് സ്ഥാപനങ്ങളും വളര്‍ന്നു. എണ്ണംകൊണ്ടും വണ്ണംകൊണ്ടും. വ്യവസായങ്ങള്‍ക്ക് മൂലധനം വേണം. അത് ബാങ്കുകള്‍ നല്‍കി. വ്യവസായങ്ങളുടെ ലാഭം ബാങ്കുകളിലേക്കൊഴുകി. ബാങ്കുകള്‍തന്നെ വ്യവസായങ്ങള്‍ ആരംഭിച്ചു. വ്യവസായികള്‍ ബാങ്കുകളും.
വ്യവസായങ്ങളുടെ നിയന്ത്രണം ബാങ്കുകള്‍ കൈക്കലാക്കിയപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണം വ്യവസായികളും കൈയടക്കി. വ്യവസായ മൂലധനവും ബാങ്ക് മൂലധനവും ഇഴുകിച്ചേര്‍ന്നു. വിഭജനരേഖ ഇല്ലാതായി. രണ്ടും ചേര്‍ന്ന് ധനമൂലധനമായി മാറി.
വന്‍കിട വ്യവസായ-ബാങ്ക് ഉടമകളാണ് ധനമൂലധനത്തിന്റെ അധിപന്‍മാര്‍ . കൊള്ളലാഭമാണ് അവരുടെ ലക്ഷ്യം. ഉല്‍പ്പാദനത്തില്‍ മൂലധനം നിക്ഷേപിച്ച് ബുദ്ധിമുട്ടുകള്‍ പേറി ദീര്‍ഘകാലം കാത്തിരിക്കാനൊന്നും അവര്‍ തയ്യാറല്ല. ഉടന്‍ലാഭം, അധികലാഭം- അതാണ് ഉന്നം. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് ചരക്കുവിപണി വിപുലീകരിക്കുന്നതിലോ അസംസ്കൃത വിഭവങ്ങള്‍ക്കു വേണ്ടി പടയോട്ടം നടത്തുന്നതിലോ താല്‍പ്പര്യമില്ല. യുദ്ധം കൂടാതെ ആഗോളവിപണി തുറന്നുകിട്ടുമെങ്കില്‍ പിന്നെ യുദ്ധമെന്തിന്?!
വിവിധ ഉറവിടങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന ധനമൂലധനം ഊഹക്കച്ചവടത്തിലേക്ക് തിരിച്ചുവിടുന്ന സ്ഥാപനങ്ങളുടെ സാന്നിധ്യവും വളര്‍ച്ചയും ധനമൂലധനത്തിന്റെ വികാസത്തോടെയാണുണ്ടായത്. വാണിജ്യബാങ്കുകള്‍ , ഇന്‍ഷുറന്‍സ് കമ്പനികള്‍ , മര്‍ച്ചന്റ് ബാങ്കുകള്‍ , നിക്ഷേപ ബാങ്കുകള്‍ , മ്യൂച്ചല്‍ ഫണ്ടുകള്‍ , പെന്‍ഷന്‍ ഫണ്ടുകള്‍ , ഭവനവായ്പാ സ്ഥാപനങ്ങള്‍ എല്ലാം അങ്ങനെ ജന്മംകൊണ്ടതാണ്. ധനമൂലധനം ലാഭകരമായി നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കുന്ന ഇടത്തട്ടുകാരാണ് ധനകാര്യ സ്ഥാപനങ്ങള്‍ . സ്വന്തം പണംകൊണ്ടല്ല ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങുന്നതും നടത്തുന്നതും. അവര്‍ ഓഹരികളും കടപ്പത്രങ്ങളും പുറപ്പെടുവിച്ച് മൂലധനം സമാഹരിക്കുന്നു.
ലോകമെമ്പാടുമുള്ള ആര്‍ത്തിപ്പണ്ടാരങ്ങളായ ധനമൂലധന ഉടമകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് ഊഹക്കച്ചവടത്തിലും അവധി വ്യാപാരത്തിലും ഇടപെടുന്നത്. ധനമൂലധനം ഇന്ന രാജ്യത്ത് എന്നില്ല. ഏതുരാജ്യത്തെയുമാകാം. പ്രത്യേക ഉറവിടമില്ല. അതിന് ആഗോള സ്വഭാവമാണുള്ളത്. ബ്രിട്ടീഷ് ധനമൂലധനമെന്നോ ഫ്രഞ്ച് ധനമൂലധനമെന്നോ വിശേഷിപ്പിക്കാറില്ലല്ലോ. ലെനിന്‍ "സാമ്രാജ്യത്വം-മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം" (1917) എന്ന പ്രശസ്ത ഗ്രന്ഥം രചിക്കുമ്പോള്‍ , മൂലധനം ഇന്നത്തെ സ്വഭാവം കൈവരിച്ചിരുന്നില്ല. ബ്രിട്ടീഷ് മൂലധനം ഓസ്ട്രേലിയയിലോ കനഡയിലോ ഇന്ത്യയിലോ നിക്ഷേപിക്കുന്നതിനെയാണ് ലെനിന്‍ ആഗോള മൂലധനം എന്ന് വിശേഷിപ്പിച്ചത്. ഇപ്പോഴാകട്ടെ ധനമൂലധനത്തിന് പ്രത്യേകമായ ഉറവിടമോ പ്രത്യേക നിയന്ത്രണമോ ഇല്ല. ലാഭം കിട്ടുന്ന എവിടേക്കും അത് ഒഴുകിയെത്തും. എവിടെനിന്നും തിരിച്ചൊഴുകും. ഉല്‍പ്പാദനത്തിലല്ല താല്‍പ്പര്യം; ഊഹവ്യാപാരത്തിലാണ്.
ഒരു ധനകാര്യ സ്ഥാപനമോ സ്ഥാപനങ്ങളോ പുറപ്പെടുവിച്ച കടപ്പത്രങ്ങളോ ഓഹരികളോ മാത്രമല്ല കമ്പോളത്തില്‍ വിപണനം ചെയ്യപ്പെടുന്നത്. ആദ്യം പുറപ്പെടുവിച്ചവയുടെ പിന്‍ബലത്തില്‍ പുതിയ ഒരുകൂട്ടം സൃഷ്ടിക്കപ്പെടും. അവയുടെ അടിസ്ഥാനത്തില്‍ ഇനിയും പുതിയവയും അവയുടെ അടിസ്ഥാനത്തില്‍ വീണ്ടും വീണ്ടും പുതിയവയും സൃഷ്ടിക്കപ്പെടും. നൂറു ഡോളറിന്റെ കടപ്പത്രം ലക്ഷം ഡോളറിന്റെ കടപ്പത്രമായി വളരുമെന്നര്‍ഥം. തലകീഴായി നിര്‍ത്തിയ പിരമിഡ് കണക്കെയാണ് വളരുന്നത്. പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങളുടെമേലുള്ള വിശ്വാസമല്ലാതെ മറ്റൊന്നും ഈ കടപ്പത്രങ്ങള്‍ക്കും ഓഹരികള്‍ക്കുമില്ല. ഇവയെ ഡെറിവേറ്റീവുകള്‍ എന്ന് വിളിക്കുന്നു. പാലില്‍നിന്ന് തൈരും തൈരില്‍നിന്ന് വെണ്ണയും ഉണ്ടാകുന്നതുപോലെയാണ് ഡെറിവേറ്റീവുകളുടെ ജനനം. വായ്പകളും ഡെറിവേറ്റീവുകള്‍ക്ക് ആധാരമാണ്. അമേരിക്ക ധാരാളമായി നല്‍കിയ ഭവനവായ്പകളുടെ അടിസ്ഥാനത്തിലാണല്ലോ കടപ്പത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.
അവധിവ്യാപാരം ധനമൂലധനത്തിന്റെ മറ്റൊരു വിഹാരകേന്ദ്രമാണ്. സ്വര്‍ണം, വെള്ളി, ഉരുക്ക്, ക്രൂഡ് ഓയില്‍ , പ്രകൃതിവാതകം, കാര്‍ഷികോല്‍പ്പന്നങ്ങള്‍ , കറന്‍സികള്‍ എന്നിവയുടെ അവധിവ്യാപാരത്തിലും അവയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഡെറിവേറ്റീവുകളുടെ വ്യാപാരത്തിലും വന്‍തോതില്‍ മൂലധനം നിക്ഷേപിക്കപ്പെടുന്നു. ക്രൂഡ് ഓയില്‍ ലാഭകരമല്ലെന്നു കണ്ടാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കും. സ്വര്‍ണം ലാഭകരമല്ലെന്നു കണ്ടാല്‍ ഡോളറില്‍ നിക്ഷേപിക്കും. ഈ ചരക്കുകളുടെ വിലകളിലെ ചാഞ്ചാട്ടത്തിനു മുഖ്യകാരണം അവധിവ്യാപാരമാണ്. ഇന്ത്യയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിദേശ ഓഹരിമൂലധന നിക്ഷേപം ഇരട്ടിയായി വര്‍ധിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. 2009 ജൂണിലെ നില(ആകെയല്ല, നിക്ഷേപവും പിന്‍വലിക്കലും തിട്ടപ്പെടുത്തിയ ശേഷമുള്ള സ്ഥിതി) അനുസരിച്ച് 76 ശതകോടി ഡോളറായിരുന്നു നിക്ഷേപം. 2011 ജൂണില്‍ അത് 142 ശതകോടി ഡോളറായി വളര്‍ന്നു.
ഒരു ചരക്കില്‍നിന്ന് മറ്റൊന്നിലേക്ക്, ഒരു ഡെറിവേറ്റീവില്‍നിന്ന് മറ്റൊന്നിലേക്ക്, കറന്‍സികള്‍ തമ്മിലുള്ള വ്യത്യാസവും രാജ്യാര്‍ത്തികളും നിഷ്പ്രഭമാക്കി, ധനമൂലധനം ആഗോളമായി സഞ്ചരിക്കുകയാണ്. ആധുനിക മുതലാളിത്തം എന്ന് പറഞ്ഞാല്‍ ആഗോളമുതലാളിത്തമാണ്. എവിടേക്കും തടസ്സങ്ങളില്ലാതെ പ്രവേശിക്കാനും തടസ്സങ്ങളില്ലാതെ തിരിച്ചുപോകാനും കഴിയുംവിധം ലോകവിപണിയെ പുനഃസംഘടിപ്പിക്കുകയാണ് ആഗോളവല്‍ക്കരണം. ആഗോളമൂലധന വ്യവസ്ഥയാണിത്.
ധനമൂലധന ശൃംഖലയില്‍ എവിടെയെങ്കിലും ഇഴപൊട്ടിയാല്‍ പകര്‍ച്ചവ്യാധിപോലെ പ്രതിസന്ധി പടരും. ഭവനവായ്പയുടെ കാര്യത്തില്‍ അതാണ് അമേരിക്കയില്‍ സംഭവിച്ചത്. ചരക്കുകള്‍ വിറ്റഴിക്കാനായി വായ്പവാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. സര്‍ക്കാരും കടംവാങ്ങി. പലിശനിരക്ക് പൂജ്യത്തോളം താഴ്ത്തി. വായ്പാ നിബന്ധനകള്‍ ഉദാരമാക്കി. ഭവനവായ്പയെടുക്കുന്നത് ഏറ്റവും വലിയ രാജ്യസേവനമായി അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. ആവശ്യക്കാര്‍ക്കും അല്ലാത്തവര്‍ക്കും- തിരിച്ചടവുശേഷിയുള്ളവര്‍ക്കും അതില്ലാത്തവര്‍ക്കും- ആവശ്യത്തിനും അനാവശ്യത്തിനും- വിദ്യാര്‍ഥികള്‍ക്കുപോലും യാതൊരു നിബന്ധനയും ഇല്ലാതെ വായ്പകള്‍ വിശേഷിച്ചും ഭവനവായ്പകള്‍ നല്‍കപ്പെട്ടു. രാജ്യം പുരോഗമിക്കുകയാണെന്ന ധാരണ വളര്‍ന്നു. നീര്‍ക്കുമിളയുടെ പുറത്താണ് പുരോഗതിയെന്നു തിരിച്ചറിഞ്ഞതുമില്ല. വലുപ്പംകൊണ്ട് അഞ്ചാം സ്ഥാനത്തുനിന്ന വായ്പാസ്ഥാപനമായ ബെയര്‍ സ്റ്റേണ്‍സിന്റെ ഓഹരികളുടെ കെട്ടുറപ്പിനെക്കുറിച്ച് സംശയം ഉയര്‍ത്തുന്നതോടെ പിന്നോട്ടുപോക്ക് ആരംഭിച്ചു. ഓഹരികള്‍ കൈവശം വച്ചിരുന്ന വിവിധ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ അവ കൈയൊഴിഞ്ഞ് നഷ്ടം കുറയ്ക്കാന്‍ ധൃതികൂട്ടി. ഓഹരിവില ഇടിഞ്ഞു. ഓഹരിക്കമ്പോളം തകര്‍ന്നു. ധനകാര്യസ്ഥാപനങ്ങള്‍ ഒന്നൊന്നായി നിലംപൊത്തി-ആഗോളമായിത്തന്നെ.
ഗ്രീസ് കടുത്ത ബാധ്യതയില്‍ ഉഴലുകയാണ്. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്പെയിന്‍ , പോര്‍ച്ചുഗല്‍ - എല്ലാം പ്രതിസന്ധിയുടെ നടുക്കടലിലാണ്. സഹായഹസ്തവുമായി എത്തിയവരുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ ഗ്രീസ് ഉള്‍പ്പെടെയുള്ളവ വിറപൂണ്ട് നില്‍പ്പാണ്. 2008-09ലെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ ജോര്‍ജ് ബുഷും തുടര്‍ന്ന് ഒബാമയും കണ്ടുപിടിച്ച മാര്‍ഗം അഴിമതിയും കെടുകാര്യസ്ഥതയും കാണിച്ച വന്‍കിട ബാങ്കുകള്‍ക്ക് ധനസഹായം നല്‍കുകയായിരുന്നു! ഗ്രീസ് സ്വീകരിക്കുന്ന മാര്‍ഗവുംവിഭിന്നമല്ല. മൂല്യത്തകര്‍ച്ച നേരിട്ട ഓഹരികള്‍ വാങ്ങി ഓഹരിക്കമ്പോളത്തെ ഉത്തേജിപ്പിക്കുകയാണ് സ്വീകരിക്കപ്പെടുന്ന മാര്‍ഗം. അതിനായി ഒന്നാംഘട്ടമെന്ന നിലയില്‍ ഐഎംഎഫില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും കടുത്ത നിബന്ധനകളോടെ വായ്പ സ്വീകരിച്ചു. ആ നിബന്ധനകള്‍ക്കെതിരായ ഗ്രീസിനെ പ്രക്ഷോഭഭൂമിയായി മാറ്റിയിരിക്കുന്നു. ചെലവുചുരുക്കല്‍ നടപടികളാണ് ഏറ്റവും പ്രധാനം. അതിന്റെ ഭാഗമായി പെന്‍ഷന്‍പ്രായം 65 ആക്കി. നേരത്തെ സ്ത്രീകള്‍ക്ക് 60 വയസ്സില്‍ വിരമിക്കാമായിരുന്നു. ആ അവകാശം നിഷേധിച്ചു. സാമൂഹ്യ സുരക്ഷാ സൗകര്യങ്ങള്‍ കിട്ടണമെങ്കില്‍ തൊഴിലാളികള്‍ 37- 40 വര്‍ഷം പണിയെടുക്കണം. 2011 അവസാനത്തോടെ പെന്‍ഷന്‍തന്നെ എടുത്തുകളയും. പൊതുമേഖല ജീവനക്കാരുടെ ശമ്പളം ഏഴ് ശതമാനം വെട്ടിക്കുറച്ചു. പൊതുമേഖലയില്‍ പത്തുപേര്‍ വിരമിക്കുമ്പോള്‍ പകരം ഒരാളെ വീതംമാത്രം നിയമിക്കുമെന്ന് വ്യവസ്ഥചെയ്തു. പല ആനുകൂല്യങ്ങളും നിര്‍ത്തലാക്കി. ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചു. സാമൂഹ്യസുരക്ഷാ ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇവയ്ക്കെല്ലാമെതിരായ പ്രതിഷേധം ശക്തമാണ്. പണിമുടക്കുകളും പ്രക്ഷോഭങ്ങളും യൂറോപ്പില്‍ പതിവുകാഴ്ചകളാണ്.
ദുരമൂത്ത ആഗോളമൂലധനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയുമാണ് പ്രതിസന്ധിക്കു കാരണം. ഐഎംഎഫിന്റെ പരിഹാര നിര്‍ദേശങ്ങള്‍ പ്രതിസന്ധിക്ക് ആക്കംകൂട്ടുകയാണ് ചെയ്ത്.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
October
(26)
- മുതലാളിത്തം സോഷ്യലിസത്തിനു് വഴിമാറിയേ തീരൂ.
- എന്തു് കൊണ്ടു് പൊതുമുതല്‍ കൊള്ളയും ക്ഷേമ പദ്ധതികളു...
- ധനമൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തി - പ്രൊഫ. കെ എന്‍...
- നവഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭം - കെ വ...
- വിടവാങ്ങല്‍ വെല്ലുവിളിച്ചും കീഴടങ്ങിയും
- കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട പോക്ക്
- System Error Capitalism Is Crashed! Install New Sy...
- സൂക്കോട്ടി പാര്‍ക്കും പിങ്ക് സ്ലിപ്പും - റെജി പി ജ...
- അറബ് വസന്തം ശിശിരമാക്കാന് യുഎസ് - പി ഗോവിന്ദപ്പിള്ള
- അമേരിക്കയിലെ "മൂലധനം തിരിച്ചു് പിടിക്കല്‍" സമരം
- വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം - പ...
- കോര്‍പറേറ്റ് ഉടമകള്‍ക്ക് പ്രത്യേക നീതിയോ?
- കുത്തക കമ്പനികളുടെ തട്ടിപ്പുകളും അവ മൂടിവെക്കുന്നത...
- ഒരു പ്രാകൃത മൂലധന സഞ്ചയന വ്യവസ്ഥ - പ്രൊ. പ്രഭാത് പ...
- മുതലാളിത്തത്തിനു് ദശാമാറ്റത്തിന്റെ കാലം - പ്രൊ. പ്...
- For an Effective Lokpal: Government has to Respond...
- Stand of the Communist Party of India (Marxist) -...
- Finance Capital made Capitalism Redundant
- The Finance Capital and Plunder of Social assets
- അഴിമതി രഹിത ഇന്ത്യ – അണ്ണാ ഹസാരെ സംഘത്തിന്റെ സമരം ...
- CORRUPTION: CHALLENGE TO INDAN DEMOCRACY - K.N.PAN...
- Corruption and Development - Anupama Jha, Executiv...
- Corporate frauds and role of media in the cover up...
- THE RAPE OF BELLARY (KARNATAKA)
- A REGIME OF PRIMITIVE ACCUMULATION - Prabhat Patnaik
- A CLIMACTERIC FOR CAPITALISM - Prabhat Patnaik
-
▼
October
(26)
No comments:
Post a Comment