Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, October 20, 2011

അറബ് വസന്തം ശിശിരമാക്കാന്‍ യുഎസ് - പി ഗോവിന്ദപ്പിള്ള


(Courtesy Deshabhimani : Posted on: 15-Oct-2011 02:07 PM)

ഉത്തരാഫ്രിക്കയിലെ ടുണീഷ്യ എന്ന അറബ് രാഷ്ട്രത്തില്‍ അഴിമതിക്കാരനായ പ്രസിഡന്റ് സൈന്‍ എല്‍ അബ്ദീന്‍ ബെന്‍ അലിയുടെ വാഴ്ചയ്ക്കെതിരായി വിജയകരമായ ജനകീയ പ്രക്ഷോഭം നടന്നു. ബെന്‍ അലി നാടുവിട്ട് സൗദി അറേബ്യയില്‍ അഭയംതേടി. ടുണീഷ്യയില്‍ ജനാധിപത്യ പ്രക്രിയ ആരംഭിച്ചതിനെക്കുറിച്ചും അതിന്റെ അലയൊലികള്‍ മറ്റ് അറബ് രാഷ്ട്രങ്ങളിലേക്ക് വ്യാപിക്കുന്നതിനെക്കുറിച്ചും ഈ പംക്തിയില്‍ (ജനുവരി 22) വിശദീകരിച്ചിട്ടുണ്ട്. ഈജിപ്തിലെ സ്വേച്ഛാധിപതി ഹോസ്നി മുബാറക്കിനെതിരായ പ്രക്ഷോഭത്തെയും പംക്തിയില്‍ വിവരിച്ചു (ജനുവരി 29). പൊതുവെ ഈ ജനകീയ പരിവര്‍ത്തനങ്ങള്‍ക്ക് അറബ് വസന്തം എന്നാണ് പരാമര്‍ശിച്ചുവരുന്നത്.

അമേരിക്കന്‍ മാധ്യമങ്ങളും പ്രസിഡന്റ് ബറാക് ഒബാമയും അറബ് വസന്തത്തെ സ്വാഗതംചെയ്യുന്നതായി നടിച്ച് പ്രസ്താവനകള്‍ ഇറക്കി. എന്നാല്‍ , ആ സ്വാഗതംചെയ്യല്‍ ആത്മാര്‍ഥതയോടെയായിരുന്നില്ല. പൊതുവെ ശത്രുപക്ഷത്തുകാണുന്ന അറബി നാടുകളില്‍ കലാപങ്ങള്‍ ഉണ്ടാകുന്നത് അമേരിക്കയ്ക്ക് സന്തോഷമുള്ള കാര്യമാണെങ്കിലും അവ തങ്ങള്‍ നിശ്ചയിച്ച പരിധിക്കപ്പുറം പോകുന്നത് ഇഷ്ടമല്ല. അതുകൊണ്ട് ഈ ജനകീയ കലാപങ്ങളില്‍ ഇടപെട്ട് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാക്കാനും അതു കഴിഞ്ഞില്ലെങ്കില്‍ അവയെ താറുമാറാക്കാനും പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തോടെ അമേരിക്ക ശ്രമിച്ചുവരുന്നു. അതിനുദാഹരണമാണ് ലിബിയയിലെ ജനകീയ കലാപത്തില്‍ അവിടത്തെ സ്വേച്ഛാധിപതി മു അമ്മര്‍ ഗദ്ദാഫിയെ എതിര്‍ക്കാനെന്ന മട്ടില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളും സൈനികമായി ഇടപെട്ടുകൊണ്ടിരിക്കുന്നത്. അറബ് വസന്തം എന്ന ജനകീയ കലാപങ്ങള്‍ മിക്കവാറും അമേരിക്കന്‍ അനുകൂല ഭരണങ്ങള്‍ക്കെതിരാണെന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ഈജിപ്തിലെ ഹോസ്നി മുബാറക്കിനെപ്പോലുള്ള സ്വേച്ഛാധിപതികളെ ജനങ്ങള്‍ സ്ഥാനഭ്രഷ്ടരാക്കുമ്പോഴും പകരം വരുന്നവര്‍ തങ്ങളുടെ പക്ഷക്കാരായിരിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുകയും അതിനുവേണ്ട ഉപജാപങ്ങള്‍ നടത്തുകയും ചെയ്യുന്നത്.

ഈജിപ്തിലെ വര്‍ഗീയ കലഹം

1981ല്‍ വധിക്കപ്പെട്ട പ്രസിഡന്റ് അന്‍വര്‍ സാദത്തിനുശേഷം ഹോസ്നി മുബാറക് എന്ന സൈന്യാധിപന്‍ ഈജിപ്തില്‍ അധികാരത്തിലെത്തുകയും 30 വര്‍ഷം ഭരിക്കുകയും ചെയ്തു. അഴിമതിയും അതിക്രമവും, അമേരിക്കന്‍ കല്‍പ്പനപ്രകാരം ഇസ്രയേലിനോടുള്ള വേഴ്ചയുമായിരുന്നു മുബാറക്കിന്റെ ഭരണനടപടികളില്‍ പ്രതിഫലിച്ചത്. മുബാറക്കും കുടുംബാംഗങ്ങളും സമ്പാദിച്ച സ്വകാര്യ സ്വത്തിന് അളവില്ല. അങ്ങനെയാണ് ടുണീഷ്യന്‍ മാതൃകയില്‍ 2011 ജനുവരി 25ന് ഹോസ്നി മുബാറക്കിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ ടുണീഷ്യയിലെ ഭരണാധികാരി ബെന്‍ അലി സൗദി അറേബ്യയില്‍ അഭയംകണ്ടതുപോലെ പെരുമാറാന്‍ മുബാറക് തയ്യാറായില്ല. മര്‍ദനവാഴ്ചയും മറ്റു നടപടിയുംകൊണ്ട് ജനങ്ങളെ ഒതുക്കാമെന്ന വ്യാമോഹമായിരുന്നു മുബാറക്കിനുണ്ടായിരുന്നത്. ജനങ്ങള്‍ക്കെതിരെ പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും ഒടുവില്‍ പത്തൊമ്പതാമത്തെ മുന്തിയ അടവുതന്നെ പ്രയോഗിക്കാന്‍ നിര്‍ബന്ധിതനായി.

അങ്ങനെ സ്ഥാനമൊഴിഞ്ഞ മുബാറക്കിനുശേഷം അധികാരത്തിലെത്തിയ സിവിലിയന്‍ സര്‍ക്കാരുകളില്‍ പല മാറ്റങ്ങളുമുണ്ടായി. ഒടുവില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് പട്ടാളമേധാവിയായ ഫീല്‍ഡ് മാര്‍ഷല്‍ മൊഹമ്മദ് ഹുസൈന്‍ തന്‍താവിയായിരുന്നു. ഹുസൈന്‍ പട്ടാളക്കാരനായിരുന്നെങ്കിലും സൈനികവാഴ്ച സ്ഥാപിച്ച് മുബാറക്കിന്റെ വഴി പിന്തുടരാന്‍ തയ്യാറായില്ല.

ഭരണഘടനാ നിര്‍മാണം

ജനാധിപത്യ ഭരണഘടനയുണ്ടാക്കി അതിന്‍പ്രകാരം തെരഞ്ഞെടുപ്പ് നടത്തി അധികാരം ഒഴിയുമെന്ന് ഹുസൈന്‍ പ്രഖ്യാപിച്ചു. വിവിധ ഗ്രൂപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഭരണഘടനാ നിര്‍മാണസഭ രൂപീകരിക്കുകയും ചെയ്തു. ഈ ഒക്ടോബറില്‍ ഭരണഘടന പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹുസൈന്റെ നിര്‍ദേശം. പക്ഷേ, ഭരണഘടനാ നിര്‍മാണം എങ്ങുമെത്തിയില്ല. അതിനുള്ള പ്രധാന തടസ്സങ്ങളിലൊന്ന് ആഭ്യന്തര അസ്വാസ്ഥ്യങ്ങളും വര്‍ഗീയ കലാപങ്ങളുമാണ്. അറബ് വസന്തം തങ്ങള്‍ നിശ്ചയിച്ച പരിധി കടന്നുപോകുന്നെന്ന് ആശങ്കപ്പെടുന്ന അമേരിക്കയാണ് ഈജിപ്ഷ്യന്‍ വസന്തത്തെ ശിശിരത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇതിന് അവര്‍ അവലംബിക്കുന്ന മാര്‍ഗം ഈജിപ്തിലെ മുസ്ലിം ഭൂരിപക്ഷത്തെയും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെയും തമ്മില്‍ കലഹിപ്പിക്കുക എന്നതാണ്. നൈല്‍നദിയിലെ അസ്വാന്‍ അണക്കെട്ടിനു സമീപമുള്ള ക്രിസ്ത്യന്‍പള്ളി അറബികള്‍ നശിപ്പിച്ചെന്ന പരാതി ഉയര്‍ത്തി ക്രിസ്തുമത അനുയായികള്‍ ഈജിപ്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍വക ടെലിവിഷന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ക്കെതിരെ ഈജിപ്ഷ്യന്‍ സൈന്യം ആക്രമണം നടത്തിയതില്‍ മുന്നൂറില്‍പരം പേര്‍ക്ക് പരിക്കുപറ്റി എന്നാണ് അറബി അനുകൂല ചാനലായ അല്‍ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്ത് പ്രധാനമന്ത്രി എസ്സാം ഷറാഫ് ഈ സംഭവങ്ങളില്‍ വിദേശ ഇടപെടല്‍ ഉണ്ടെന്ന് ആരോപിക്കുന്നു. അവിടെ വിദേശ ഇടപെടലിന്് കഴിവുള്ളത് അമേരിക്കയ്ക്ക് മാത്രമാണ്. പ്രധാനമന്ത്രി അമേരിക്കയുടെ പേര് എടുത്തുപറഞ്ഞില്ലെന്നുമാത്രം.

ഈ സംഭവങ്ങള്‍ ഈജിപ്തിന്റെ ജനാധിപത്യവല്‍ക്കരണപ്രകിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു എന്നത് സാധാരണ ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. സ്ഥാനമൊഴിഞ്ഞ ഹോസ്നി മുബാറക്കിന്റെ അനുഭാവികള്‍ ഇപ്പോഴും പട്ടാളത്തിലുണ്ട്. അതുകൊണ്ടായിരിക്കാം പട്ടാളമേധാവികള്‍ ഇത്തരത്തിലുളള വിഭാഗീയപ്രവര്‍ത്തനങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്നത്. ഇതിനു പുറമെ മുബാറക്കിന്റെ കാലത്ത് അഴിമതിയും അക്രമവും നടത്തിയ 12,000 സൈനികര്‍ കുറ്റവിചാരണ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ഈജിപ്തിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയരാകുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷം ഈ പീഡനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നില്ല എന്നതിന്റെ തെളിവാണ് അവരുടെ പ്രകടനം. അതേസമയം, മുസ്ലിങ്ങള്‍ക്കിടയിലും മതനിരപേക്ഷതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ വളരെയുണ്ട്. മുബാറക് വിരുദ്ധ പ്രക്ഷോഭകാലത്ത് ഇരുവിഭാഗവും കൈകോര്‍ത്ത് "ഞങ്ങള്‍ ഒന്നാണ്" എന്ന് പ്രഖ്യാപിച്ചായിരുന്നു പ്രകടനങ്ങള്‍ നടത്തിയത്. ആ ഐക്യമാണ് ഇപ്പോള്‍ വിദേശ ഇടപെടല്‍മൂലം തകരാറിലായിരിക്കുന്നത്. ഭരണഘടനാ നിര്‍മാണം നീണ്ടുപോകുന്നതിനും കാരണം അതുതന്നെ. മുസ്ലീംസമുദായത്തിന്റെ ആത്മീയ നേതാവ് ഇമാം അഹമ്മദ് എല്‍ തായേബ്, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവനായിരുന്ന ഈജിപ്തുകാരന്‍ എല്‍ ബറാദി തുടങ്ങിയവര്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഈ അതിക്രമങ്ങളെ അപലപിച്ചിട്ടുണ്ട്. തങ്ങളുടെ ചോരയിലും നീരിലും കൂടി ഉയര്‍ന്ന ഈജിപ്ഷ്യന്‍ ജനാധിപത്യ വസന്തം സര്‍വാധിപത്യ ശിശിരത്തിലേക്ക് വഴുതിവീഴുമോ എന്നാണ് സാധാരണക്കാരുടെ ആശങ്ക.

No comments:

Blog Archive