Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, May 20, 2012

സാംസ്കാരിക നായകര്‍ക്ക് വിലയിടുന്നവര്‍ - പ്രഭാവര്‍മ



Courtesy : Deshabhimani : Posted on: 20-May-2012 01:51 AM

വിമോചനസമര കാലത്തെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള മക്കാര്‍ത്തിയന്‍ മാതൃകയിലുള്ള കമ്യൂണിസ്റ്റുവിരുദ്ധജ്വരം കേരളത്തിലാകെ പടര്‍ത്താനുള്ള വിഷലിപ്തമായ പ്രചാരണങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഇതിന്റെ പ്ലാറ്റ്ഫോം അന്നത്തേതിനേക്കാള്‍ വിശാലമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഏറെ ജാഗ്രത ആവശ്യമാകുന്ന സമയമാണിത്.



സാമ്രാജ്യത്വ ഏജന്‍സികള്‍, വലതുപക്ഷ രാഷ്ട്രീയക്കാര്‍, മുന്‍ നക്സലൈറ്റുകള്‍, അരാഷ്ട്രീയ ബുദ്ധിജീവികള്‍, അരാജക രാഷ്ട്രീയക്കാര്‍, വര്‍ഗീയ ശക്തികള്‍, മാധ്യമ ദുഷ്പ്രഭുക്കന്മാര്‍, മുന്‍ കമ്യൂണിസ്റ്റുകാര്‍, കമ്യൂണിസ്റ്റ് വിരുദ്ധര്‍ എന്നിവരെല്ലാം ഒത്തുചേര്‍ന്ന ഒരു മാര്‍ക്സിസ്റ്റുവിരുദ്ധ മഹാസഖ്യം രൂപപ്പെടുത്തിയെടുക്കാനും സിപിഐ എമ്മിനെ വളഞ്ഞുവച്ച് ആക്രമിക്കാനുമുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ഈ ഒത്തുചേരലിനുള്ള അരങ്ങൊരുക്കാനുള്ളതായിരുന്നോ ടി പി ചന്ദ്രശേഖരന്റെ വധം എന്നുപോലും സംശയിക്കേണ്ട സാഹചര്യം.



ഈ കടന്നാക്രമണത്തിന് ബുദ്ധിജീവിവിഭാഗത്തിന്റെ പിന്തുണ വേണ്ടത്ര കിട്ടാത്തതിലുള്ള അമര്‍ഷമാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എം പി വീരേന്ദ്രകുമാറിനെയും പി സി ജോര്‍ജിനെയുംപോലുള്ളവര്‍ക്ക് കേരളത്തിന്റെ സാംസ്കാരികനായകരെവരെ കടന്നാക്രമിക്കാനുള്ള പ്രകോപനമാകുന്നത്. കേരളത്തിന്റെ ജനാധിപത്യ പൊതുമണ്ഡലത്തില്‍നിന്ന് സിപിഐ എമ്മിനെ നീക്കിനിര്‍ത്തണമെന്ന് ഒരാള്‍. സിപിഐ എമ്മിനെ കേരളത്തില്‍നിന്ന് തുടച്ചുനീക്കണമെന്ന് മറ്റൊരാള്‍. ഈ നീക്കങ്ങള്‍ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, ജനാധിപത്യ മൂല്യങ്ങളെയാകെ അപകടപ്പെടുത്താനുള്ളതും സമൂഹം കൈവരിച്ച പുരോഗതിയെ ഇല്ലാതാക്കി 19-ാംനൂറ്റാണ്ടിനുമുമ്പത്തെ ഇരുട്ടിന്റെ ലോകത്തേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനുള്ളതുമാണ്. ഇത് ഈവിധത്തില്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്; ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ടതുണ്ട്.



തങ്ങള്‍ പടര്‍ത്തുന്ന തീയിലേക്ക് എണ്ണ പകരാന്‍ ഒ എന്‍ വിയും എം ടിയും അടക്കമുള്ള കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകന്മാര്‍ എത്താത്തത് എന്തുകൊണ്ടാകാം എന്ന് സമചിത്തതയോടെ മുഖ്യമന്ത്രിയും കൂട്ടരും അല്‍പ്പമൊന്ന് ആലോചിക്കുമെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയത്തിന്റെ തിമിരം മാറി വിവേകത്തിന്റെ കാഴ്ച തിരിച്ചുകിട്ടും. പക്ഷേ, രാഷ്ട്രീയ ഗൂഢതാല്‍പ്പര്യങ്ങള്‍ അവരെ അതിനുവദിക്കുകയില്ല.



ഈ നാടിനെ ആധുനിക കേരളമാക്കിത്തീര്‍ക്കുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് എന്താണെന്ന് നേരിട്ടറിഞ്ഞിട്ടുള്ളവരാണ് ഒ എന്‍ വിയും എംടിയുമൊക്കെ. സാമുദായികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പരിമിതപ്പെട്ടുനിന്ന നവോത്ഥാനപ്രസ്ഥാന പൈതൃകത്തെ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ കൂടി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കംകൊടുത്ത് മുമ്പോട്ടുകൊണ്ടുപോയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. പാടത്ത് കളകള്‍ക്കൊപ്പം ചവിട്ടിത്താഴ്ത്തപ്പെട്ട കര്‍ഷകത്തൊഴിലാളിക്ക് അന്തിമയങ്ങുന്ന നേരത്ത് കരയ്ക്കുകയറി നട്ടെല്ലുനിവര്‍ത്തി നിന്നുകൊണ്ട് കൂലി ചോദിക്കാനുള്ള പ്രാപ്തിയുണ്ടാക്കിക്കൊടുത്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ഫാക്ടറികളില്‍ പുകയ്ക്കൊപ്പം എരിഞ്ഞുതീര്‍ന്നിരുന്ന വ്യവസായത്തൊഴിലാളികളെ അവകാശബോധമുള്ള സംഘടിതശക്തിയാക്കി വളര്‍ത്തിയെടുത്തത് ഈ പ്രസ്ഥാനമാണ്. അങ്ങനെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയെടുത്തത് ഈ പ്രസ്ഥാനമാണ്. സര്‍ സിപിയുടെ കിരാതഭരണത്തിനെതിരെ അയാളുടെ ചോറ്റുപട്ടാളത്തോട് നെഞ്ചുവിരിച്ചേറ്റുമുട്ടി സായുധസമരം നടത്തിയതും രാജാവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിമിത ജനാധിപത്യഭരണം മതിയെന്ന് കോണ്‍ഗ്രസുപോലും സമ്മതിച്ചിടത്ത്, രാജാവിനെ നീക്കിനിര്‍ത്തിയുള്ള സമ്പൂര്‍ണ ജനാധിപത്യഭരണം വേണമെന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയതും ഈ പ്രസ്ഥാനമാണ്. കേരളത്തിന്റെ ആധുനികകാല ചരിത്രത്തിന് ചാലുകീറിയത് ഈ പ്രസ്ഥാനമാണ്. തെളിഞ്ഞിട്ടില്ലാത്ത ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം അതിന്മേല്‍ വച്ചുകെട്ടി അതിനെ തകര്‍ത്താല്‍ പിന്നെയുള്ളത് വലിയ ഒരു ശൂന്യതയാണ്. വിപല്‍ക്കരമായ ശൂന്യത. ഇത് തിരിച്ചറിയുന്നതുകൊണ്ടുതന്നെയാകാം യുഡിഎഫിന്റെ പ്രചണ്ഡമായ സിപിഐ എം വിരുദ്ധ പ്രചാരണത്തിനുമുമ്പില്‍ ബാനര്‍പിടിക്കാന്‍ പ്രമുഖരായ സാംസ്കാരികനായകര്‍ തയ്യാറാകാത്തത്.



കേരളമെന്താണെന്നും ഇവിടെ നടക്കുന്ന കാര്യങ്ങളെന്താണെന്നും കാണാന്‍ മഹാശ്വേതാദേവിക്ക് അവരെ കണ്ണാടിക്കൂട്ടിലെന്നോണം കൊണ്ടുനടക്കുന്നവര്‍ നീട്ടുന്ന കണ്ണട വേണം. കേരളത്തിന്റെ പ്രമുഖ സാംസ്കാരികനായകരെല്ലാം ഇവിടെ ജനിച്ചുവളര്‍ന്ന് ഇവിടത്തെ എല്ലാ കാര്യങ്ങളും നേരിട്ട് കണ്ടറിഞ്ഞ് കഴിയുന്നവരാണ്. മഹാശ്വേതാദേവിക്ക് കേട്ടറിവുകളെ ആശ്രയിക്കണമെങ്കില്‍ ഇവര്‍ക്ക് കേട്ടറിവിനെയല്ല, കണ്ടറിവിനെത്തന്നെ ആശ്രയിക്കാം. "കണ്ട നീ നില്‍ക്ക്! കേട്ട മഹാശ്വേതാദേവി പറയട്ടെ" എന്ന് സാംസ്കാരിക ദല്ലാളന്മാര്‍ പറയുമ്പോള്‍ അങ്ങനെയാകട്ടെ, എന്ന് തലകുലുക്കി സമ്മതിച്ചുകൊടുക്കാന്‍ ഇവര്‍ക്കാവുകയില്ല. വ്യത്യസ്താഭിപ്രായങ്ങള്‍ പുലര്‍ത്തുന്ന കേരളത്തിന്റെ പൊതുമണ്ഡലവുമായി ഒരുവിധത്തിലും ഇടപഴകാനുവദിക്കാതെ കണ്ണാടിക്കൂട്ടിലടച്ച് എന്നവണ്ണം തങ്ങളുടെ ബ്രീഫിങ്ങുകളാല്‍മാത്രം മനസ്സ് കുത്തിനിറച്ച് കൊണ്ടുനടക്കുകയായിരുന്നു ഇവര്‍ മഹാശ്വേതാദേവിയെ എന്ന് ഓര്‍ക്കുക.



കേരളത്തിലിതാ ആദ്യമായി ഒരു കൊലപാതകമുണ്ടായിരിക്കുന്നുവെന്ന മട്ടില്‍ എം പി വീരേന്ദ്രകുമാറും സംഘവും പ്രചാരണത്തിന്റെ പെരുമ്പറ മുഴക്കുമ്പോള്‍ കേരളത്തില്‍ കൊലപാതകമല്ല, മറിച്ച് അത് മുന്‍നിര്‍ത്തിയുള്ള ഇവരുടെ പെരുമ്പറമുഴക്കലാണ് ആദ്യത്തേത് എന്ന് തിരിച്ചറിയാനുള്ള വിവേകവും ഇതെന്തുകൊണ്ട് ഇപ്പോള്‍ മാത്രമിങ്ങനെ എന്ന് ആരായാനുള്ള ബുദ്ധിയും കേരളത്തിലെ സാംസ്കാരികനായകര്‍ക്കുണ്ട്.



ജീവിച്ച് തുടങ്ങുംമുമ്പ് മുളയിലേ എരിച്ചുകളഞ്ഞ എത്രയോ ജീവനുണ്ടായിട്ടുണ്ടിവിടെ. 20 വയസ്സുപോലും തികയാത്ത ഇളംപ്രായത്തില്‍ കോണ്‍ഗ്രസുകാരാലും വര്‍ഗീയശക്തികളാലും നീചമായി കൊലചെയ്യപ്പെട്ടവര്‍. പന്തളം എന്‍എസ്എസ് കോളേജിലിട്ട് ജി ഭുവനേശ്വരനെ വെട്ടിക്കീറിക്കൊന്നപ്പോള്‍ ആ കുട്ടിക്ക് കഷ്ടിച്ച് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സി വി ജോസ്, തിരുവോണനാളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോള്‍ കൊലചെയ്യപ്പെട്ട എം എസ് പ്രസാദ്, ചിറ്റാറിലെ സ്കൂള്‍വിദ്യാര്‍ഥിയായ അനില്‍, പട്ടാമ്പി കോളേജിലെ സെയ്താലി, മുസ്തഫ അങ്ങനെ എത്രയോ കുട്ടികള്‍. 20 തികയുംമുമ്പ് വെട്ടിക്കീറി കൊല്ലുകയായിരുന്നു ഇവരെയൊക്കെ. നട്ടെല്ലില്‍ കുത്തി രക്തസാക്ഷിത്വത്തിന്റെ വക്കിലുപേക്ഷിച്ചതാണ് സൈമണ്‍ ബ്രിട്ടോയെ. ഇങ്ങനെ എത്രയോപേര്‍. ഇതൊക്കെ ഇവിടെ നടന്ന ഒരു ഘട്ടത്തിലും പ്രതികരിക്കൂ എന്ന വീരേന്ദ്രകുമാറിന്റെ ആക്രോശം കേട്ടില്ലല്ലോ. ദേശീയതലത്തില്‍ പ്രാധാന്യമുള്ള ഔദ്യോഗികപരിപാടി ഉപേക്ഷിച്ച് സംഭവസ്ഥലത്തേക്ക്പറക്കുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടില്ലല്ലോ. അന്നൊക്കെ ഒന്നും കാണാതെയും ഒന്നും കേള്‍ക്കാതെയും മുനിയെപ്പോലിരുന്നവര്‍ ഒഞ്ചിയത്തെ കൊലപാതകഘട്ടത്തില്‍മാത്രം കണ്ണീരൊഴുക്കി വരുന്നതെന്തുകൊണ്ടാണ്? ഈ ചോദ്യം സാംസ്കാരികനായകരുടെ മനസ്സില്‍ മുഴങ്ങുന്നുണ്ടാകാം. ഉമ്മന്‍ചാണ്ടിക്കും വീരേന്ദ്രകുമാറിനും എന്തുണ്ട് മറുപടി? അവരുടെയൊന്നും ചോര ചോരയല്ലേ? അവരുടെയൊന്നും ജീവന്‍ ജീവനല്ലേ? അന്നൊന്നും ഒഴുകാത്ത കണ്ണീര്‍ ഇന്ന് ഒഴുകുന്നുവെങ്കില്‍ അതിനുപിന്നിലുള്ളത് കരുണയല്ല, മറ്റെന്തോ വികാരമാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സാംസ്കാരികനായകര്‍ക്കുണ്ടെന്ന് മനസ്സിലാക്കാന്‍ മുഖ്യമന്ത്രിക്കും വീരേന്ദ്രകുമാറിനും ഉണ്ടാകണം. ടി പി ചന്ദ്രശേഖരന്‍ ജീവിതത്തിന്റെ ഏറിയപങ്കും ഏത് പ്രസ്ഥാനത്തിനുവേണ്ടിയാണോ പ്രവര്‍ത്തിച്ചത്, ആ പ്രസ്ഥാനത്തെത്തന്നെ തകര്‍ക്കാന്‍ ചന്ദ്രശേഖരന്റെ രക്തം ഉപയോഗിക്കാമെന്ന് കരുതുന്നവരാണ് യുഡിഎഫുകാര്‍. അതിന്റെ ആഹ്ലാദമാണ് കൊലപാതകവാര്‍ത്ത കേട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ ഒഞ്ചിയത്തെത്തിച്ചത്. ജീവിതത്തിലുടനീളം ഏത് ശക്തിയെ എതിര്‍ത്തോ അതേശക്തിയുടെ പ്രതീകങ്ങളുടെ അന്ത്യാഞ്ജലിയാണ് അവസാനം ഏറ്റുവാങ്ങേണ്ടിവന്നത് എന്നത് ടി പി ചന്ദ്രശേഖരന്റെ നിര്‍ഭാഗ്യം. യുഡിഎഫുകാര്‍ അര്‍പ്പിച്ച അന്ത്യാഞ്ജലി കേരളം കണ്ട ഏറ്റവും വലിയ കാപട്യം. ഇത് തിരിച്ചറിയാന്‍ കഴിയാത്തവരല്ല കേരളത്തിലെ സാംസ്കാരികസമൂഹത്തിലുള്ളത് എന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചറിയണം.



ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജനങ്ങളില്‍നിന്നുയരുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറാനുള്ള മറയായി ഈ കൊലപാതകത്തെ ഉപയോഗിക്കുകയാണ് യുഡിഎഫ്. അഴിമതിക്കേസുകളില്‍ പ്രതിയായുള്ളവര്‍ മന്ത്രിസഭയില്‍ തുടരുന്നതെങ്ങനെ? അവര്‍ സ്വന്തം അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനുള്ള ആയുധമായി മന്ത്രിസ്ഥാനത്തെ ഉപയോഗിക്കുന്നത് ഉചിതമോ? ഒരുവര്‍ഷംമുമ്പ് ഏത് ചിഹ്നത്തിനെതിരെ മത്സരിച്ചോ അതേചിഹ്നത്തില്‍ വോട്ടുചോദിച്ച് ഇപ്പോള്‍ വരാന്‍ സെല്‍വരാജിന് ലജ്ജയില്ലേ? അത്തരമൊരാളെ കാലുമാറ്റിച്ച് സ്ഥാനാര്‍ഥിയാക്കിച്ചത് രാഷ്ട്രീയമായ പാപ്പരത്തമല്ലേ? മന്ത്രിസ്ഥാനങ്ങള്‍ ജാതിയും മതവും പറഞ്ഞ് വീതംവയ്ക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ചേര്‍ന്നതാണോ? ഇങ്ങനെ കേരളരാഷ്ട്രീയത്തില്‍നിന്നുതന്നെ നൂറുകണക്കിന് ചോദ്യങ്ങള്‍ യുഡിഎഫിനുനേര്‍ക്ക് ഉയരുന്നുണ്ട്. ഒന്നിനും മറുപടിയില്ല.



ഒറ്റ പാര്‍ലമെന്റ് സെഷനിലൂടെ 5,60,000 കോടി രൂപയ്ക്കുള്ള ഇളവുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയതിനെ എങ്ങനെ ന്യായീകരിക്കും? മന്ത്രിമാരെയും അവരുടെ വകുപ്പുകളും നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയല്ല, മറിച്ച് കോര്‍പറേറ്റ് വമ്പന്മാരാണെന്ന് നീരാ റാഡിയ ടേപ്പിലൂടെ തെളിഞ്ഞതിന് എന്ത് സമാധാനം പറയും? വിശ്വാസവോട്ടുഘട്ടത്തില്‍ കൈമാറാനുള്ള കോടികളുടെ നോട്ടുകെട്ടുകള്‍ യുഎസ് എംബസിയിലെ നയതന്ത്രപ്രതിനിധിക്ക് ബോധ്യപ്പെടുത്തിക്കൊടുത്തതിന് എന്ത് സമാധാനം പറയും? സ്പെക്ട്രംമുതല്‍ കല്‍ക്കരിപ്പാടംവരെയുള്ള കുംഭകോണപരമ്പരകള്‍ക്ക് എന്ത് മറുപടി പറയും? ഇറ്റലിക്കാരനായ ഒക്ടോവിയോ ക്വട്റോച്ചിമുതല്‍ ഭീകരനായ ഡേവിഡ് ഹെഡ്ലിവരെയുള്ളവരെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുത്തി വിട്ടതിന് എന്തുണ്ട് വിശദീകരണം? അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ യുദ്ധം ഇന്ത്യന്‍ പട്ടാളത്തെക്കൊണ്ട് ചെയ്യിക്കാമെന്നും ഇറാനെതിരായ അമേരിക്കന്‍ ആക്രമണനീക്കത്തിന് താവളമൊരുക്കിക്കൊടുക്കാമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ബുഷിനോട് സമ്മതിച്ചതിന് എന്ത് ന്യായം പറയും? പെട്രോളിന്റെയും മറ്റും വിലനിര്‍ണയാധികാരം സര്‍ക്കാരില്‍നിന്ന് എണ്ണക്കമ്പനിയിലേക്ക് മാറ്റിയതിന് എന്ത് വിശദീകരണം നല്‍കും? അസൗകര്യകരമായ ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ ദേശീയരാഷ്ട്രീയം മുന്‍നിര്‍ത്തിയും യുഡിഎഫിന് നേരിടേണ്ടിവരും. ഇതിനൊക്കെയുള്ള മറുപടി ഒഴിവാക്കാനാണ് "കൊലപാതകം" എന്ന ഈ മുറവിളിയെന്ന് സാംസ്കാരികനായകര്‍ തിരിച്ചറിയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?



രാഷ്ട്രീയമാനങ്ങളുള്ള കൊലപാതകങ്ങളുടെ പിന്നിലെ സത്യം ലളിതമായ ചിന്തകള്‍കൊണ്ടോ പ്രത്യക്ഷത്തിലുണ്ടാകുന്ന തോന്നലുകള്‍കൊണ്ടോ കണ്ടെത്താനാകുന്നതല്ല. ഏത് കൊലപാതകത്തിനും ഒരു ഗുണഭോക്താവുണ്ടാകും. ആ ഗുണഭോക്താവാകും യഥാര്‍ഥ കൊലപാതകി. ഇവിടെ ഗുണഭോക്താക്കള്‍ ആരെന്ന് കേരളം കാണുന്നുണ്ട്. സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിച്ചുതകര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നവരാണവര്‍. പൊലീസ് ഇപ്പോള്‍ ചോദ്യംചെയ്യുന്നതാരെ എന്ന് നോക്കി കൊലപാതകത്തിന്റെ ശക്തികളെ തിരിച്ചറിയാനാകില്ല. ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തി തെറ്റിദ്ധാരണയുടെ പുകപടലം സൃഷ്ടിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കുള്ള ചട്ടുകങ്ങളാകാം പൊലീസുകാര്‍. ഫോര്‍വേഡ്ബ്ലോക്ക് നേതാവ് ഹേമന്ത് ബസുവിന്റെ കൊലപാതകംമുതല്‍ കേന്ദ്ര റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് നടത്തിയിട്ടുള്ള ഗൂഢപദ്ധതികള്‍വരെ എത്രയോ എണ്ണം ജനങ്ങളുടെ മുമ്പിലുണ്ട്. എല്ലാം രാഷ്ട്രീയലക്ഷ്യത്തോടെ ചെയ്തവ. ഋജുവായ ചിന്തയിലൂടെ സഞ്ചരിക്കുന്ന ലളിതമനസ്കര്‍ക്ക് സങ്കല്‍പ്പിക്കാനാകാത്തതാണിതെല്ലാം. സ്വകാര്യലാഭത്തിനുവേണ്ടി ആരോ ചെയ്തതെന്ന് ഡിജിപി വിശേഷിപ്പിച്ചിടത്തുനിന്ന് കേസ് മറ്റുവഴിക്ക് നയിക്കപ്പെടുന്നതും അതിനിടെ ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഓഫീസര്‍മാരോട് സംസാരിക്കുന്നിടത്ത് പിസിസി പ്രസിഡന്റ് ചെന്നതുമൊക്കെ കൂട്ടിവായിക്കാന്‍ സാംസ്കാരികനായകര്‍ക്ക് കഴിയില്ലെന്ന് കരുതേണ്ടതില്ല.



ആണവക്കരാര്‍ കാര്യത്തില്‍ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ ഇടപെട്ട ഇടതുപക്ഷത്തെ ദേശീയ രാഷ്ട്രീയത്തില്‍നിന്നുതന്നെ തുടച്ചു നീക്കാന്‍ വ്യഗ്രതപ്പെട്ടു നില്‍ക്കുന്ന സാമ്രാജ്യത്വ ഏജന്‍സികളുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു തൊട്ടുമുമ്പ് ചെറുകക്ഷികളുടെ നേതാക്കളെ യുഎസ് എംബസിയിലേക്ക് വിളിപ്പിച്ച് ഇടതുപക്ഷ പിന്തുണയില്ലാത്ത സര്‍ക്കാറുാക്കാന്‍ സഹകരിക്കണമെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് മറക്കാറായിട്ടില്ല. പശ്ചിമ ബംഗാളില്‍ വിദേശ വിമാനം വന്ന് ആയുധങ്ങള്‍ വര്‍ഷിച്ചിട്ടുപോയതും മറക്കാറായിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നുവരെ ഇടതുപക്ഷത്തെയും അതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സിപിഐ എമ്മിനെയും തുടച്ചു നീക്കാന്‍ ദത്തശ്രദ്ധരാണവര്‍. ഈ പശ്ചാത്തലത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കാര്‍ ശ്രമിക്കുന്നത് യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കലാണ് എന്ന് അറിയാനുള്ള വിവേകം കേരളത്തിലെ സാംസ്കാരിക നായകര്‍ക്കുണ്ട്.



മുന്‍ നക്സലൈറ്റുകളും അരാഷ്ട്രീയവാദികളും അരാജകവാദികളും നിഷ്പക്ഷ നിരീക്ഷകരുടെ വേഷമണിഞ്ഞ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് നടത്തുന്ന അഭിപ്രായങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ കഴിയുന്നവരാണവര്‍. സിപിഐ എമ്മിന് വിപ്ലവവീര്യം പോരാ എന്നുപറഞ്ഞ് വഴിമാറി പോയി ഒരു തലമുറയെയാകെ ചോരക്കളങ്ങളിലൂടെ നടത്തിച്ചിട്ട് യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച വ്യക്തിമുതല്‍ "മാതൃഭൂമി"യുടെ ഫണ്ട് ഉപയോഗിച്ച് വിദേശപര്യടനം നടത്തുന്നയാളും മാതൃഭൂമി ഇല്ലെങ്കില്‍ എഴുത്തുകാരനല്ലാതായി പോകുമെന്ന് ഭയക്കുന്നയാളും സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരുമൊക്കെ അടങ്ങുന്ന ഒരു സംഘമാണ് ചാനല്‍ വിളമ്പുകാരായി പറന്നുനടന്ന് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്. ഇവര്‍ സിപിഐ എമ്മിന് അനുകൂലമായി ഒരു വാക്കെങ്കിലും പറയുമെന്ന് ബോധത്തെളിമയുള്ള ആരും കരുതുകയില്ല. അവരുടെ നിരയിലേക്ക് കേരളത്തിന്റെ യശസ്തംഭങ്ങളായ ആത്മാഭിമാനമുള്ള എഴുത്തുകാര്‍ അധഃപതിച്ച് കാണണമെന്ന് മുഖ്യമന്ത്രിക്കും വീരേന്ദ്രകുമാറിനും പി സി ജോര്‍ജിനുമൊക്കെ ആഗ്രഹിക്കാം. എന്നാല്‍, ആ ആഗ്രഹം നിറവേറ്റിക്കൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ആ സാംസ്കാരികനായകര്‍ക്കുണ്ട്. അതിനെ ഭീഷണിപ്പെടുത്തി തകര്‍ക്കാനുള്ള വ്യഗ്രതയെ പ്രബുദ്ധ സാംസ്കാരികകേരളം ചെറുത്തുതോല്‍പ്പിക്കുകതന്നെ ചെയ്യും.

Sunday, May 6, 2012

അധികാരം നിലനിര്‍ത്താനുള്ള കുത്സിത നീക്കം - പ്രഭാവര്‍മ



(Courtesy : Deshabhimani : Posted on: 05-May-2012 10:48 PM)

"ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ" എന്ന നിഗമനം ആധുനിക രാഷ്ട്രീയസാഹചര്യങ്ങളില്‍ ശരിയായിക്കൊള്ളണമെന്നില്ല. ഭീമനെ കുടുക്കാനാഗ്രഹിക്കുന്ന ശത്രുക്കള്‍ക്ക് അതുചെയ്യാം. അങ്ങനെ ചെയ്തതിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ത്തന്നെ ദൃഷ്ടാന്തങ്ങളുണ്ട്.

ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ ആരംഭത്തില്‍ ആ പാര്‍ടിയുടെ ദേശീയനേതാവായിരുന്ന ഹേമന്ത് ബസു കൊല്‍ക്കത്തയില്‍ വധിക്കപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ആദരണീയനായ നേതാവായിരുന്നു ഹേമന്ത് ബസു. എല്ലാവര്‍ക്കും ബഹുമാന്യനായ അദ്ദേഹത്തെ വധിച്ചത് സിപിഐ എം ആണെന്നായിരുന്നു പ്രചാരണം. കോണ്‍ഗ്രസ് നേതാക്കള്‍ അഴിച്ചുവിട്ട ആ പ്രചാരണം ബംഗാളിലെ മിക്ക മാധ്യമങ്ങളും ഏറ്റെടുത്തു. സിപിഐ എം നേതൃത്വം സത്യം ബോധ്യപ്പെടുത്താനാകാതെ വിഷമത്തിലായി. എന്നാല്‍, കേസന്വേഷണം പൂര്‍ത്തിയായപ്പോള്‍ പ്രതിപ്പട്ടികയില്‍ വന്നതൊക്കെ കോണ്‍ഗ്രസുകാര്‍. കേസ് വിചാരണ പൂര്‍ത്തിയായപ്പോള്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടത് കോണ്‍ഗ്രസുകാര്‍. ഇരുട്ടിന്റെ മറവില്‍ ഹേമന്ത് ബസുവിനെ വധിച്ചിട്ട് പകല്‍വെളിച്ചത്തില്‍ വന്ന് സിപിഐ എമ്മിനെ "കൊലയാളിപാര്‍ടി" എന്ന് ആക്ഷേപിക്കുകയാണന്ന് കോണ്‍ഗ്രസ് ചെയ്തത്. കാലം സത്യം തെളിയിച്ചു. 1971ലെ ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഹേമന്ത് ബസുവിന്റെ കൊലപാതകം. അന്ന് ഇടതുമുന്നണിയില്ല. ഫോര്‍വേഡ് ബ്ലോക്കാണെങ്കില്‍ സിപിഐ എമ്മിന് ഒപ്പവുമില്ല. ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മുമായി അടുക്കാതിരിക്കാനും ഇടതുപക്ഷയോജിപ്പുണ്ടാകാതിരിക്കാനും സിപിഐ എമ്മിനെ ജനങ്ങളാല്‍ വെറുക്കപ്പെട്ട കക്ഷിയാക്കി തകര്‍ക്കാനുമുദ്ദേശിച്ചുള്ളതായിരുന്നു കോണ്‍ഗ്രസിന് ഒരു വിരോധവുമില്ലാതിരുന്ന ഹേമന്ത് ബസുവിന്റെ വധം. പശ്ചിമബംഗാളില്‍ നിരവധി വര്‍ഷങ്ങള്‍ തുടര്‍ന്ന കോണ്‍ഗ്രസിന്റെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ച്ചയുടെ തുടക്കംകൂടിയായിരുന്നു അത്. കേന്ദ്രമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേ ബംഗാളില്‍ ക്യാമ്പ്ചെയ്ത് ആസൂത്രിതമായി ഗൂഢപദ്ധതികള്‍ നടപ്പാക്കിയിരുന്ന ഘട്ടം. ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന സിപിഐ എമ്മിനെ മന്ത്രിസഭയുണ്ടാക്കാനുവദിക്കാതെ നിയമസഭ പിരിച്ചുവിടുകയും പിന്നീട് കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ ബൂത്തുപിടിച്ചെടുത്തും കൃത്രിമംകാട്ടിയും മറ്റൊരു തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയുംചെയ്ത ഘട്ടം. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് എന്തുംചെയ്യും എന്നത് വ്യക്തമാകുകയായിരുന്നു അന്ന്.

ഭരണം നിലനിര്‍ത്താന്‍വേണ്ടി അധികാരമത്തുപിടിച്ച യുഡിഎഫും ഇവിടെ എന്തും ചെയ്യുമെന്നായിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തമാണ് കേരളത്തില്‍ സമാനസ്വഭാവത്തോടെ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കഷ്ടിച്ച് ഒരു വര്‍ഷംമാത്രം മുമ്പ് ഏത് ചിഹ്നത്തിനെതിരെ മത്സരിച്ചോ അതേ ചിഹ്നത്തിന് വോട്ടുചോദിച്ച് നെയ്യാറ്റിന്‍കരയില്‍ നടക്കുകയാണ് യുഡിഎഫ് കാലുമാറ്റിച്ചെടുത്ത ഒരാള്‍. രാഷ്ട്രീയസദാചാരത്തെയും ധാര്‍മികതയെയും വിലവയ്ക്കുന്ന ജനസാമാന്യം ആ രാഷ്ട്രീയ അധര്‍മത്തിനെതിരെ വലിയതോതില്‍ പ്രതികരിക്കുന്നു. ഇങ്ങനെപോയാല്‍ തങ്ങളുടെ കണക്കുകൂട്ടല്‍ നടക്കില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നു. അധാര്‍മിക രാഷ്ട്രീയത്തിനെതിരായ ജനവികാരത്തെ മറികടക്കാന്‍ സിപിഐ എമ്മിനെ "കൊല നടത്തുന്ന രാഷ്ട്രീയകക്ഷി"യായി ജനമധ്യത്തില്‍ കരിതേച്ചവതരിപ്പിച്ചാല്‍ മതി എന്നവര്‍ നിശ്ചയിച്ചു. ആ നിശ്ചയത്തിന്റെയും അതിനുപിന്നിലെ ഗൂഢാലോചനയുടെയും ഫലമായാണ് ഒഞ്ചിയത്തും ഇപ്പോള്‍ "ഹേമന്ത് ബസു" ഉണ്ടായത്. ഇതു കാണാന്‍ രാഷ്ട്രീയതിമിരം ബാധിച്ചിട്ടില്ലാത്ത ആര്‍ക്കും വിഷമമുണ്ടാകില്ല. നെയ്യാറ്റിന്‍കരയില്‍ പ്രധാനപ്പെട്ട ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ടി ആ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരായ വന്‍ പ്രചാരണത്തിന് വഴിവയ്ക്കുന്ന ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുമോ? സാമാന്യബുദ്ധി മാത്രം മതി ഇതിനുത്തരം കണ്ടെത്താന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റവാളിയാര് എന്നത് കണ്ടെത്താന്‍ പ്രവൃത്തിയുടെ ഗുണഭോക്താവാര് എന്ന് നോക്കിയാല്‍ മതി. ഗുണഭോക്താവാര് എന്ന് കേരളം കണ്ടുകഴിഞ്ഞു. ഒഞ്ചിയത്തെ കൊലപാതകത്തെക്കുറിച്ച് കേരളം നേരം പുലര്‍ന്നറിയുന്നതിനുമുമ്പുതന്നെ യുഡിഎഫ് നേതാക്കളാകെ അവിടെ എത്തുന്നത് കേരളം കണ്ടു. ഒരു സൂചനയ്ക്കുപോലും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും കേന്ദ്രമന്ത്രിയും ലീഗ്നേതാവും കൊല നടത്തിയത് ഇന്ന പാര്‍ടിയാണെന്ന് കൊല്ലപ്പെട്ടയാളുടെ ചോരയുണങ്ങുംമുമ്പ് വിളംബരം നടത്തുന്നത് കേരളം കേട്ടു.

അപ്പോള്‍ ആരാണ് ഈ പ്രവൃത്തിയുടെ ഗുണഭോക്താവ്? ഉത്തരം പ്രബുദ്ധ കേരളംതന്നെ കണ്ടുപിടിക്കട്ടെ!

വെറുതെ കൈയുംകെട്ടിയിരുന്ന് വിളംബരം നടത്തിയാല്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചിടത്ത് കൊണ്ടുചെന്ന് കെട്ടാനാകില്ലെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ആഭ്യന്തരമന്ത്രി "പോസ്റ്റുമോര്‍ട്ടം" നടക്കുന്ന മോര്‍ച്ചറിയില്‍വരെ ചെന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കി. ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഈ വിഷയത്തില്‍ രഹസ്യചര്‍ച്ച നടത്തുന്ന അടച്ചിട്ട മുറിയില്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശങ്ങള്‍ നല്‍കാനെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ അസാധാരണമാണിതൊക്കെ.

കൊലചെയ്യപ്പെട്ടയാള്‍ക്ക് നേരത്തേതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നു. അത് തങ്ങള്‍ അറിഞ്ഞിരുന്നത്രെ. എങ്കില്‍ പിന്നെ, കൊലചെയ്യപ്പെടാന്‍ പാകത്തില്‍ അദ്ദേഹത്തെ രക്ഷാസംവിധാനമില്ലാതെ നടക്കാന്‍ എന്തുകൊണ്ട് തുടര്‍ന്നും ഇവര്‍ അനുവദിച്ചു? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴും ജനങ്ങള്‍ ചെന്നെത്തുക നേരത്തെ നല്‍കിയ സൂചനകളിലേക്കാണ്. അഞ്ചാംമന്ത്രിസ്ഥാന കാര്യത്തിലും ഭരണ ദുഷ്ചെയ്തിയുടെ കാര്യത്തിലും ജനങ്ങളാല്‍ വെറുക്കപ്പെട്ട് നില്‍ക്കുന്ന ലീഗ് ആഭ്യന്തര പ്രതിസന്ധി നേരിടുന്നു. ഈ പ്രതിസന്ധി കോണ്‍ഗ്രസില്‍ ആഭ്യന്തരക്കുഴപ്പങ്ങളുണ്ടാക്കുന്ന അവസ്ഥയിലേക്കുകൂടി പടരുന്നു. ഇതില്‍നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാന്‍ കോണ്‍ഗ്രസും യുഡിഎഫും ഒഞ്ചിയം സംഭവത്തെ ദുര്‍വ്യാഖ്യാനംചെയ്ത് അവതരിപ്പിക്കുകയും ചെയ്യുന്നു.

ഭരണമില്ലെങ്കില്‍ ജയിലിലായിപ്പോകുന്ന മന്ത്രിമാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭരണം തങ്ങള്‍ക്കെതിരായ കേസുകള്‍ ഇല്ലാതാക്കാനുള്ള സംവിധാനമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുയാണവര്‍. ഒരു മന്ത്രി കോടതിയെ മറികടന്ന് പുനരന്വേഷണത്തിലൂടെ കുറ്റവിമുക്തനാകാന്‍ വ്യഗ്രതപ്പെടുമ്പോള്‍ മുഖ്യമന്ത്രി, തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സില്‍നിന്ന് എഴുതിവാങ്ങുന്നു. ലീഗ് മന്ത്രിമാര്‍ വ്യാജചെക്കുകേസ് മുതല്‍ പെണ്‍വാണിഭ പുനരന്വേഷണ കേസുവരെ തേച്ചുമാച്ചുകളയാനുള്ള ഉപകരണമായി മന്ത്രിസ്ഥാനത്തെ ഉപയോഗിക്കുന്നു. ഈ സംഘത്തിന് ഭരണമില്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതല്ല. ഭരണമാണെങ്കില്‍ നേര്‍ത്ത ഭൂരിപക്ഷത്തിന്റെ നൂലിഴയില്‍ ഏത് നിമിഷവും വീണുപോകാമെന്ന മട്ടില്‍ തൂങ്ങിയാടുന്നു. ഈ അവസ്ഥമാറ്റി അധികാരം സുസ്ഥിരമാക്കാന്‍ വ്യാജമാര്‍ഗങ്ങള്‍ തേടുകയാണിവര്‍. ഈ വഴിക്ക് ഇവര്‍ ഏതറ്റംവരെയും പോകാമെന്നതാണ് കാലുമാറ്റിക്കല്‍ മുതല്‍ കൊലപാതകവിളംബരംവരെയുള്ള കാര്യങ്ങള്‍ കാണിക്കുന്നത്.

Saturday, May 5, 2012

ഭരണ നിര്‍വ്വഹണം കോര്‍പ്പറേറ്റുകള്‍ക്കു് ആകാമെങ്കില്‍ എന്തു് കൊണ്ടു് ജനങ്ങള്‍ക്കതായിക്കൂടാ ?



ധന മൂലധനാധിപത്യത്തില്‍ ഭരണ കൂട നടത്തിപ്പു് കോര്‍പ്പറേറ്റുകള്‍ക്കു് ഏല്പിച്ചു് കൊടുക്കപ്പെടുകയാണു്. അതിനു് ബദലാകട്ടെ, ഭരണ കൂടം ജനങ്ങള്‍ പിടിച്ചെടുത്തു് ജനങ്ങള്‍ നേരിട്ടു് സമൂഹത്തിന്റെ മാനേജ്മെന്റു് നടത്തുകയാണു്. അതു് സാധ്യമാണെന്നും അടിയന്തിരമാണെന്നും അനിവാര്യമാണെന്നും കോര്‍പ്പറേറ്റുകളുടെ ഭരണ കൂട കയ്യേറ്റം തന്നെ തെളിയിക്കുന്നു.

അടുത്തിട വന്ന ചില വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

1. ഇന്ത്യയില്‍ ഐടി ആക്ടിന്റെ മറവില്‍ നിര്‍മ്മിച്ചു് പുറത്തിറക്കിയ ഐടി ചട്ടം 2011, ഉള്ളടക്ക പരിശോധന നടത്താനുള്ള ഭരണ കൂടത്തിന്റെ ഉത്തരവാദിത്വം ഐടി സേവനം നല്‍കുന്ന മധ്യവര്‍ത്തികളെ ഏല്പിക്കുന്നു. (പരിശോധനയുടെ വ്യാപ്തിയും അനുവദനീയമല്ലാത്ത ഉള്ളടക്കത്തിന്റെ വ്യാപിതിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നതും അവ നിയമത്തേയും ഭരണ ഘടനാ വ്യവസ്ഥകളേയും ലംഘിക്കുന്നു എന്നതും മറ്റൊരു വിഷയം)

2. മാല്‍ വെയര്‍ (വൈറസും മറ്റും) സൃഷ്ടിക്കുന്ന ക്രിമിനല്‍ സ്ഥാപനങ്ങളെ മൈക്രോസോഫ്റ്റ് കമ്പനി ഓണ്‍ലൈനായി റെയ്ഡ് നടത്തുകയും തുടര്‍ന്നു് കോടതി ഉത്തരവിന്റേയും കോടതി മാര്‍ഷലുകളുടേയും പിന്‍ബലത്തോടെ നേരിട്ടുള്ള റെയ്ഡ് നടത്തി ഹാര്‍ഡ് വെയറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.

3.  ആഭ്യന്തര മന്ത്രി ചിദംബരം നാസ്കോമിനു് സൈബര്‍ സുരക്ഷയുടെ ചുമതല ഏല്പിച്ചു് കൊടുക്കുന്നതിനേക്കുറിച്ചു് വാചാലനായിരിക്കുന്നു.

മേല്പറഞ്ഞ വാര്‍ത്തകളെല്ലാം ഭരണ നിര്‍വ്വഹണാധികാരം ഐടി കോര്‍പ്പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്നതിന്റെ സൂചനകളാണു് നല്‍കുന്നതു്. ധന മൂലധന കുത്തകകള്‍ക്കു് പൊതു മേഖലാ ആസ്തികള്‍, പ്രകൃതി വിഭവങ്ങള്‍, ബഡ്ജറ്റു് സഹായം തുടങ്ങി നേരിട്ടു് കൈമാറുന്നതിന്റേയും ചെറുകിട-ഇടത്തരം സംരംഭകരേയും കര്‍ഷകരേയും സ്വത്തുടമകളേയും കൊള്ളയടിക്കാനുള്ള ഭരണ കൂട ഒത്തശകളുടേയും വിവരം നമുക്കു് ധാരാളം ലഭ്യമായി പോന്നിട്ടുള്ളതാണു്. ഇന്നത്തെ ഘട്ടം, ജനാധിപത്യം ഔപചാരികമായി നിലനിര്‍ത്തിക്കൊണ്ടു്, ഭരണ കൂടത്തിന്റെ നിയന്ത്രണം തന്നെ മൂലധന കുത്തകകളെ ഏല്പിക്കുന്നതിന്റേതാണു്.

ഐടി വികസനത്തിന്റേയും പ്രയോഗത്തിന്റേയും കഴിഞ്ഞ കാല ചരിത്രം പരിശോധിച്ചാല്‍ ഇ-ഭരണം (സര്‍ക്കാരിലും സ്ഥാപനങ്ങളിലും) ഐടി കുത്തകകള്‍ ഏറ്റെടുക്കുകയും രാഷ്ട്രീയ ഭരണാധികാരികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥാപന മേധാവികളും (എത്ര ഉന്നതരും) ഐടി കുത്തകകളുടെ വരുതിക്കു് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാകുകയും ചെയ്തു് വരുന്നതായി കാണാം. ഇതു് സാങ്കേതിക പ്രധാനമായ പ്രവര്‍ത്തനമായതിനാല്‍ അങ്ങിനെയേ കഴിയൂ എന്ന ഒഴിവു് കഴിവു് പല മൂലകളില്‍ നിന്നും കേള്‍ക്കാം. ചുരുക്കത്തില്‍ ഭരണവും സ്ഥാപന നടത്തിപ്പും കമ്പോള നിയന്ത്രണവും എല്ലാം കുത്തക ഐടി സ്ഥാപനങ്ങളില്‍ (ധന മൂലധന കുത്തകകളില്‍) കേന്ദ്രീകരിക്കുകയാണു് ചെയ്തു് വരുന്നതു്.

ഇതിനെതിരെ വ്യക്തികളായ രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും മാനേജര്‍ മാരിലും ഉടലെടുത്ത രോഷാഗ്നിയാണു് നാളിതു് വരെ ഐടി വ്യാപനത്തിനു് തടസ്സമായി നില നിന്നിരുന്നതു്. ഇന്നും തടസ്സമായി നിലനല്‍ക്കുന്നതും അതാണു്. തൊഴില്‍ നഷ്ടത്തിന്റെ പേരില്‍ ആദ്യ കാലത്തു് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്‍ത്ത തൊഴിലാളികളെ അന്നു് കളിയാക്കുകയും ഭത്സിക്കുകയും ചെയ്ത ഭരണ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാനേജര്‍മാരും കഴിഞ്ഞ രണ്ടു് പതിറ്റാണ്ടായി യാതൊരു ഒച്ചപ്പാടും ബഹളവും കൂട്ടാതെയും മാധ്യമ ശ്രദ്ധയിലെത്താതെയും ഐടി പ്രയോഗം തടഞ്ഞു് നിര്‍ത്തുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണു് മന്ത്രിസഭയോ നിയമ നിര്‍മ്മാണ സഭയോ വകുപ്പുകളോ ഉദ്യോഗസ്ഥ പ്രമുഖരോ ഒന്നും അറിയാതെയും സമ്മതം മൂളാതെയും യുഐഡി പദ്ധതി നടപ്പാക്കാന്‍ ധന മൂലധനത്തിന്റെ ഏറ്റവും ഉറ്റ തോഴനായ മന്‍മോഹന്‍ സിങ്ങു് ഐടി കുത്തകകളുടെ മാനസ പുത്രനായ നന്ദന്‍ നിലേക്കനിയെ ഏല്പിച്ചു് കൊടുത്തതു്. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലും അവ നയിക്കുന്ന മന്ത്രിമാര്‍ തമ്മിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

പക്ഷെ, ധന മൂലധന വ്യവസ്ഥയും അതിലൂടെ മുതലാളിത്തവും നില നില്‍ക്കണമെങ്കില്‍ ഈ പ്രക്രിയയിലൂടെ കടന്നു് പോകുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ലെന്ന തിരിച്ചറിവിലേയ്ക്കു് മൂലധനാധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്നവര്‍ എത്തിച്ചേരുകയാണു്. അതാണു് ആധാറിനെ എതിര്‍ത്ത ചിദംബരം വരെ നാസ്കോം പദ്ധതിക്കു് അനുകൂലമായി പറഞ്ഞു് തുടങ്ങിയിരിക്കുന്നതു്.

ചുരുക്കത്തില്‍, കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ വിവര സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചു് നേരിട്ടു് ഭരണം നിയന്ത്രിക്കുന്ന പുതിയൊരു കോര്‍പ്പറേറ്റു് ഭരണകൂട മാതൃകയിലേയ്ക്കുള്ള മാറ്റമാണിവിടെ നടക്കുന്നതു്. ഭരണ കൂടത്തിന്റെ വിവിധ വിഭാഗങ്ങളുടെ ജനാധിപത്യപരവും ഭരണ ഘടനാധിഷ്ഠിതവുമായ ഉള്ളടക്കത്തെ തികച്ചും കോര്‍പ്പറേറ്റു് ഭരണ നിര്‍വ്വഹണ രീതി കൊണ്ടു് മാത്രമല്ല, കോര്‍പ്പറേറ്റു് ധനാധിപത്യ താല്പര്യം കൊണ്ടും കൂടി പകരം വെയ്ക്കപ്പെടുകയാണു്. അതായതു് ജനാധിപത്യം ഉപയോഗിച്ചു് ധന മൂലധനാധിപത്യം നടപ്പാക്കുകയാണു്. ഇതില്‍ ജനാധിപത്യ സ്ഥാപനങ്ങളുടേയും ജന പ്രതിനിധികളുടേയും രാഷ്ട്രീയക്കാരുടേയും പങ്കു് കോര്‍പ്പറേറ്റു് നിര്‍ദ്ദേശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ഭരണ ഘടനയുടേയും ജനങ്ങളുടേയും മേലൊപ്പു് വെയ്ക്കുക എന്നതു് മാത്രമാണു്. ഭരണ ശൃംഖല കൈകാര്യം ചെയ്യുന്ന ഐടി കുത്തകകള്‍ പറയുന്നിടത്തു് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒപ്പിട്ടേ തീരൂ. കാരണം അവരാരും ഈ സാങ്കേതിക വിദ്യ പഠിച്ചിട്ടില്ല. കഴിഞ്ഞ കാലത്തു് പഠിക്കാന്‍ വിസമ്മതിച്ചതു് കൊണ്ടാണീ സ്ഥിതി ഉണ്ടായതു്.

പാര്‍ലമെണ്ടറി ജനാധിപത്യം (മുതലാളിത്ത ജനാധിപത്യം) വികസിച്ചതു് എഴുത്തും വായനയും ജനങ്ങളാകെ പഠിച്ചതു് കൊണ്ടാണു്. ആ സാങ്കേതിക വിദ്യ പഠിച്ചു് ഉപയോഗിച്ചതിലൂടെയാണു്. അത്രയേറെ ബുദ്ധിമുട്ടു് ഈ പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ ആവശ്യമില്ല എന്നതാണു് വസ്തുത. പക്ഷെ, മുതലാളിത്ത തന്ത്രത്തിനു് നിന്നു് കൊടുക്കാന്‍ സമ്മതമുള്ളവരും അല്ലാത്തവരും ഈ കാര്യത്തില്‍ ഒരേ പോലെ പിന്നോട്ടു് പോയി. ഒരു വശത്തു്, നിവിലുള്ള വ്യവസ്ഥ നിലനിര്‍ത്തണമെങ്കില്‍, ഇന്നു് സാമ്രാജ്യത്വത്തിനു് വിധേയമായി പ്രവര്‍ത്തിക്കുക എന്ന ഒറ്റ മാര്‍ഗ്ഗം മാത്രമേ ഉള്ളു എന്ന സ്ഥിതി ഉരുത്തിരിഞ്ഞിരിക്കുകയാണു്. അതിനു് ജനങ്ങള്‍ പൊതുവെ തയ്യാറാകില്ല. സാമ്രാജ്യത്വത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നവര്‍ കേവലം 1% ലും താഴെയേ വരൂ. മറുവശത്തു്, സാമ്രാജ്യത്വ ധന മൂലധന താല്പര്യത്തിനെതിരെ പൊരുതണമെങ്കില്‍ ആധികാരം ജനങ്ങള്‍ ഏറ്റെടുക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ലെന്നു് വന്നിരിക്കുന്നു. ചുരുക്കത്തില്‍, 99% വും വ്യവസ്ഥാ മാറ്റത്തെ അനുകൂലിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന സാഹചര്യം ഉരുത്തിരിയുകയാണു്. വ്യവസ്ഥാമാറ്റം അനിവാര്യമായി തീരുന്നു.

കോര്‍പ്പറേറ്റു് തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഭരണ രാഷ്ട്രീയത്തിലെ ഏതാനും ഉന്നതരും ചേര്‍ന്ന കൂട്ടുകെട്ടാണു് ധന മൂലധനാധിപത്യത്തില്‍ രാഷ്ട്ര ഭരണം നിയന്ത്രിക്കുന്നതെന്നു് കുറേക്കാലമായി നാം കാണുന്നു. ഇന്നു് അതിനെ വ്യവസ്ഥാപിതമാക്കുകയാണു് വിവര സാങ്കേതിക വിദ്യാ കുത്തകകള്‍ക്കു് ഭരണ നിര്‍വ്വഹണം ഏല്പിച്ചു് കൊടുക്കുന്നതിലൂടെ നടക്കുന്നതു്. അവരുപയോഗിക്കുന്ന സാങ്കേതിക വിദ്യ രഹസ്യമാക്കി വെച്ചു് പോന്നു. ബഹു ഭൂരിപക്ഷം ഐടി വിദഗ്ദ്ധരും "തത്തമ്മേ പൂച്ച പൂച്ച" എന്ന പോലെ ഉരുവിട്ടു് പഠിച്ചതല്ലാതെ സാങ്കേതിക കഴിവു് നേടിയവരല്ല. അവരെ ശമ്പളത്തിനുപയോഗിക്കാം. നിയന്ത്രണം ധന മൂലധന കുത്തകകളില്‍ നിലനിര്‍ത്താം. ജനാധിപത്യം ആഗ്രഹിക്കുന്നവരെല്ലാം ഇതിനെ എതിര്‍ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു.

പക്ഷെ, ബദല്‍ മാര്‍ഗ്ഗമെന്തു് ?

വിവര സാങ്കേതിക വിദ്യയേ വേണ്ട എന്നാണോ ?

അതോ, മറ്റു് മാര്‍ഗ്ഗമില്ലെന്നു് ധരിച്ചു്, ധനമൂലധനാധിപത്യം ഉറപ്പിച്ചെടുക്കുന്ന ഈ ജനദ്രോഹ വ്യവസ്ഥയ്ക്കു് മേല്‍ അവര്‍ കല്പിച്ചു് തരുന്ന ആനുകൂല്യങ്ങള്‍ പറ്റി ജനങ്ങളെ കൊള്ളയടിക്കാന്‍ തുടര്‍ന്നും നിന്നു് കൊടുക്കുകയാണോ ?

അതുമല്ല, വിപ്ലവത്തിലൂടെ ഈ വ്യവസ്ഥ മാറ്റി അധികാരം ഏറ്റെടുത്ത ശേഷം മാത്രം ഇക്കാര്യമെല്ലാം ചിന്തിക്കുകയും പഠിക്കുകയും ചെയ്താല്‍ മതി എന്ന ധാരണയോടെ ആലസ്യത്തിലാണ്ടു് കഴിയുകയും ധനമൂലധനാധിപത്യത്തിനു് നിന്നു് കൊടുക്കുകയുമാണോ ?



ആ വിപ്ലവം നടക്കണമെങ്കില്‍ തന്നെ അതു് സാദ്ധ്യവും ഭാവി ആശാവഹവുമാണെന്നു് ജനങ്ങള്‍ക്കു് തോന്നണം. അതിനാവശ്യമായ സാദ്ധ്യവും സ്വീകാര്യവുമായ ബദലുകള്‍ ജനങ്ങളുടെ മുമ്പില്‍ വെയ്ക്കണം. അതുണ്ടെങ്കില്‍ തന്നെ രഹസ്യമായി സൂക്ഷിച്ചിട്ടു് കാര്യമില്ല.



വിജ്ഞാനത്തിന്റെ മേഖലയില്‍, കഴഞ്ഞ ആറു് നൂറ്റാണ്ടില്‍, ഭാഷ - സംസാരവും എഴുത്തും വായനയും - ജനകീയമാക്കിയതു് പോലെ ഇന്നത്തെ ഘട്ടത്തിലെ വിവര സാങ്കേതിക വിദ്യയും ജനകീയമാക്കണം. അതിനായി പഠിക്കാന്‍ സാദ്ധ്യത ഒരുക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എല്ലാവരും ഉപയോഗിക്കുകയും പഠിക്കുകയും വേണം. അതുപയോഗിച്ചു് കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള സങ്കേതങ്ങളെ അപ്രസക്തമാക്കാം.

രാഷ്ട്രീയമായി, ഭരണ കൂടാധികാരം കോര്‍പ്പറേറ്റുകള്‍ക്കല്ല, ജനങ്ങള്‍ക്കാണു് കൈമാറേണ്ടതെന്ന മുദ്രാവാക്യം ഉയര്‍ത്തണം. അതു് ഏതെങ്കിലും പാര്‍ടിക്കല്ല. മറിച്ചു് ജനങ്ങള്‍ക്കാണു് കൈമാറപ്പെടേണ്ടതു്. അതു് ആരെങ്കിലും ദാനം നല്‍കുകയല്ല. മറിച്ചു് ജനങ്ങള്‍ പിടിച്ചെടുക്കുകയാണു് വേണ്ടതു്. അതിലേയ്ക്കാണു് ലോകം നീങ്ങുന്നതു്. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. ഇന്നു് നിലവിലുള്ള കോര്‍പ്പറേറ്റു് ഭരണവും കോര്‍പ്പറേറ്റു് ആസൂത്രണവും കോര്‍പ്പറേറ്റു് നിയന്ത്രിത കമ്പോളവും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് എളുപ്പത്തില്‍ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കാന്‍ ജനങ്ങള്‍ക്കു് കഴിയും. അമിത കേന്ദ്രീകരണത്തിന്റെ മുന്‍കാലാനുഭവങ്ങള്‍ ജനങ്ങളെ ആശങ്കപ്പെടുത്തേണ്ടതില്ല. ഇവിടെ വിവര സാങ്കേതിക വിദ്യയുടെ സുതാര്യത, ചടുലത തുടങ്ങിയ സിദ്ധികള്‍ കേന്ദ്രീകരണത്തിനും സ്വജന പക്ഷപാതത്തിനും മറുപടിയാണു്.

അധികാരം ജനങ്ങള്‍ക്കു്.

ആയുധമേന്തിയ ജനങ്ങള്‍.

ജനകീയ പോലീസും പട്ടാളവും.

ജനകീയാസൂത്രണം.

ജനകീയ നിയന്ത്രണത്തിലുള്ള കമ്പോളം.

ഉല്പാദനത്തിന്റേയും വിതരണത്തിന്റേയും ഉപഭോഗത്തിന്റേയും സമഗ്രമായ ആസൂത്രണം

ജനകീയ ഭരണ നിര്‍വ്വഹണം.

തത്സമയ സേവനങ്ങള്‍

തത്സമയ പരാതി പരിഹാരം

ജനകീയ വികസന പദ്ധതികള്‍.

ജനകീയ പരിശോധനാ സംവിധാനങ്ങള്‍.

ജനകീയ കോടതികള്‍.

തത്സമയ നീതി.

ജനകീയ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍.

ജനകീയ കായികാരോഗ്യ പ്രവര്‍ത്തനങ്ങള്‍

ജനകീയ വിദ്യാഭ്യാസം

ജനകീയാരോഗ്യ വ്യവസ്ഥ



മിഥ്യാ സമ്പദ്ഘടനയുടെ (Virtual Economy) എല്ലാ രൂപങ്ങളും തകര്‍ത്തു് ആവശ്യമായ ആശയോപകരണങ്ങളും വ്യവസ്ഥകളും ജനകീയമായി യഥാര്‍ത്ഥ സമ്പദ്ഘടനയുമായി ഉള്‍ഗ്രഥിക്കപ്പെടും.



പണിയെടുക്കുന്നവരുടെ നാളുകളായിരിക്കും. അവര്‍ പണിയെടുക്കും. അവര്‍ മുന്‍കൈയ്യെടുക്കും. അവര്‍ സമൂഹത്തെ സ്വയം നയിക്കും.

മേല്പറഞ്ഞതെല്ലാം അരാജകത്വം വരുത്തിവെയ്ക്കുമെന്ന മൂലധന-കോര്‍പ്പറേറ്റു് കാഴ്ചപ്പാടുകള്‍ ജനങ്ങളേറ്റെടുക്കേണ്ടതില്ല. കോര്‍പ്പറേറ്റുകള്‍ ഉന്നയിക്കുന്ന ഭീകരവാദ-അരാജകവാദ ഭീഷണി ശരിയെന്നു് തെളിയിക്കാനായി ചില അരാജകവാദികള്‍ രംഗത്തുണ്ടെന്നതു് മേല്പറഞ്ഞ ജനകീയ ബദല്‍ മുന്നോട്ടു് വെയ്ക്കുന്നതിനു് തടസ്സമായിക്കൂടാ. ഭീകരവാദവും-അരാജകവാദവും കോര്‍പ്പറേറ്റ് സൃഷ്ടികളാണു്. അവ നേരിടുന്നതില്‍ നിലവിലുള്ള കേന്ദ്രീകൃത ഭരണ കൂടം പരാജയപ്പെട്ടിരിക്കുകയാണു്. ആയൂധമേന്തിയ ജനങ്ങള്‍ക്കു് അതു് നിഷ്പ്രയാസം കൈകാര്യം ചെയ്യാനാവും. സ്വാതന്ത്ര്യമെന്നതു് അരാജകത്വത്തിന്റെ ബദലാണു്. ഭീകരവാദത്തിന്റേയും ബദലാണു്. അടിച്ചമര്‍ത്തലും ചൂഷണവും അരാജകത്വവും ഭീകരവാദവും ഇല്ലാത്തിടത്തേ സ്വാതന്ത്ര്യം ഉണ്ടാവൂ. സ്വാതന്ത്ര്യം ഒരിക്കലും അരാജകത്വത്തിനു് വഴിവെയ്ക്കില്ല. അരാജകത്വവും ഭീകര പ്രവര്‍ത്തനവും അമിതാധികാരത്തിന്റെ കൂടെപ്പിറപ്പാണു്.

സ്വയം ആയുധമേന്തിയ (ബൌദ്ധികവും ഭൌതികവും) ജനങ്ങള്‍ ഇന്നു് സാദ്ധ്യമാണു്.

ഭരണ കൂടം കൊഴിഞ്ഞു് പോകുന്നതിനേക്കുറിച്ചു് മാര്‍ക്സു് പറഞ്ഞതു് ശരിയും സാധ്യവും അനിവാര്യവുമാണെന്നു് ഇന്നു് കൂടുതല്‍ കൂടുതല്‍ തെളിയിക്കപ്പെടുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടില്‍ ക്രമാനുഗതമായി നടന്ന (എണ്ണത്തിലുണ്ടായ മാറ്റം) ജനാധിപത്യ വികാസം, ജനകീയ ഇടപെടലുകള്‍, ജനകീയ വിദ്യാഭ്യാസം ഇന്നു് കുതിച്ചു് ചാട്ടത്തിനു് (ഗുണപരമായ മാറ്റത്തിനു്) സാഹചര്യം ഒരുക്കിയിരിക്കുന്നു. ക്രമാനുഗത മാറ്റങ്ങളെ മൂലധനാധിപത്യം തടഞ്ഞതു് മൂലം അതിന്റെ ഗുണ ഫലം ജനകീയമായി ലഭിക്കാതെ പോകുകയാണുണ്ടായതു്.

അതു് ലഭ്യമാകാന്‍ ജനങ്ങള്‍ സംഘടിതമായി ഇടപെടുന്ന വിപ്ലവം അനിവാര്യമായിരിക്കുന്നു.

മൂലധന കുത്തകാധിപത്യ കേന്ദ്രീകരണത്തിനു് ബദല്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമാണു്. പക്ഷെ, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഇന്നു് തന്നെ 99% ജനങ്ങളുടേയും സര്‍വ്വാധിപത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്നതു് സംഘടിത തൊഴിലാളികളുടെ സര്‍വ്വാധിപത്യമല്ല. തീര്‍ച്ചയായും അവര്‍ മുന്നണി പോരാളികളാണു്. അവര്‍ക്കാണു് ആ കടമ നിര്‍വ്വഹിക്കാനാവുക. മറ്റുള്ളവരെ മുമ്പോട്ടു് കൊണ്ടുവരാന്‍ അവര്‍ക്കാണു് കഴിയുക. അവരുടെ പേരില്‍ ധന മൂലധനാധിപത്യത്തിന്റെ ഭരണ കൂടോപകരണങ്ങള്‍ തുടരുക എന്നതല്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം മുഴുവന്‍ പണിയെടുക്കുന്നവരുടേയും ഭരണമാണു്. ഇന്നത്തെ പ്രാതിനിധ്യ ജനാധിപത്യവുമായി അതിനു് വിദൂര ബന്ധങ്ങള്‍ മാത്രമേ ഉണ്ടാവൂ. അതു് നേരിട്ടുള്ള ജനാധിപത്യമാണു്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉള്ളടക്കം ആശയപരമായും ഭൌതികമായും ആയുധല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ആധിപത്യമാണു്. അവരെ തൊഴിലാളികളെന്നു് വിളിക്കുക പോലും ശരിയല്ല. കാരണം അന്നു് മുതലാളി ഉണ്ടാവില്ല. ആരുടേയും കൂലി അടിമകളല്ല അന്നത്തെ ജനങ്ങള്‍. അവര്‍ യഥാര്‍ത്ഥ സംരംഭകരാണു്. സാമൂഹ്യ പുരോഗതിക്കായി മുന്‍കൈയ്യെടുക്കുന്നവരാണു്. സമൂഹാവശ്യങ്ങള്‍ നിറവേറ്റാനായി ഉല്പാദനം സംഘടിപ്പിക്കുന്നവരാണു്. വിതരണം നടത്തുന്നവരണു്. കാര്യ നിര്‍വ്വഹണം നടതക്തുന്നവരാണു്. ആസൂത്രണം നടത്തുന്നവരാണു്.

അധികാരം കോര്‍പ്പറേറ്റുകളുടെ കയ്യില്‍ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള, കോര്‍പ്പറേറ്റു്-ഉദ്യോഗസ്ഥ-രാഷ്ട്രീയ മേധാവികളുടെ കൂട്ടു് കെട്ടു് ഭരണം സ്ഥാപനവല്‍ക്കരിക്കുന്ന തരത്തിലുള്ള വിവര സാങ്കേതിക വിദ്യയുടെ പ്രയോഗം എതിര്‍ക്കപ്പെടണം, തടയപ്പെടണം. പകരം ജനകീയ ബദലുകള്‍ ഉയര്‍ത്തപ്പെടണം.

അധികാരം കോര്‍പ്പറേറ്റുകള്‍ക്കല്ല, ജനങ്ങള്‍ക്കാണു് കൈമാറപ്പെടേണ്ടതു്.

സംഘടിത തൊഴിലാളി വര്‍ഗ്ഗം ഈ മുദ്രാവാക്യം മുന്നോട്ടു് വെച്ചു് ജനങ്ങളെ സംഘടിപ്പിക്കണം.
ജോസഫ് തോമസ്.

Tuesday, May 1, 2012

ചില മെയ് ദിന ചിന്തകള്‍, 2012.

മറ്റൊരു മെയ് ദിനം, 2012, മെയ് ഒന്നു്


1886 ലെ 8 മണിക്കൂര്‍ തൊഴില്‍ ദിനാവശ്യം നേടാനുള്ള,

തൊഴിലാളി സമരത്തിന്റെ ഓര്‍മ്മ പുതുക്കല്‍.

തൊഴിലാളി നേട്ടങ്ങളുടെ ആവേശം ഉറപ്പിക്കല്‍.

തൊഴിലാളി സ്വപ്നങ്ങളുടെ പൊടിതട്ടിയെടുക്കല്‍.



ഇന്നു് പതിവു് പോലെ തൊഴിലാളി സംഘടനകള്‍

പ്രകടനവും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു,

തൊഴിലാളികള്‍ ഒത്തുകൂടുന്നു,

ചര്‍ച്ചകളിലും പഠനങ്ങളിലും ഏര്‍പ്പെടുന്നു.



ഇക്കാലത്തെ പ്രത്യേകത, 2008 ലാരംഭിച്ച

ആഗോള വ്യാപാര മാന്ദ്യം പരിഹാരമില്ലാതെ തുടരുന്നു എന്നതാണു്.

ലോക മുതലാളിത്ത പ്രതിസന്ധി സ്ഥായിയായി തുടരുന്നു.

വിപ്ലവ സാഹചര്യം ഇടതടവില്ലാതെ നിലനില്‍ക്കുന്നു.



ധന മൂലധന വ്യവസ്ഥയില്‍

മൊത്തം ലാഭനിരക്കു് നിരന്തരം ഇടിയുന്നു.

ലാഭം കൂട്ടാന്‍ ആസ്തികള്‍ പെരുപ്പിക്കുന്നു.

അതിനായി പൊതു സ്വത്തു് കൊള്ളയടിക്കുന്നു.

അതു് മൂലധനം വീണ്ടും കൂട്ടുന്നു, ലാഭ നിരക്കു് വീണ്ടും ഇടിയ്ക്കുന്നു.

വീണ്ടും ആസ്തി വര്‍ദ്ധന, അതിനായി കള്ളക്കണക്കു്,

പൊതു മുതല്‍ കൊള്ള, നികുതി ഇളവു്, മൂലധനപ്പെരുപ്പം

വീണ്ടും ഇടിയുന്ന ലാഭനിരക്കു്.

ഈ വിഷമ വൃത്തം ധന മൂലധനത്തിന്റെ സഹജ സ്വഭാവമാണു്.

മുതലാളിത്തത്തേയും കൊണ്ടേ അതു് പോകൂ.



ഓഹരി ഉടമകള്‍ കബളിപ്പിക്കപ്പെടുകയാണു്.

ലാഭ പ്രഖ്യാപനങ്ങളും ഓഹരി വിലക്കയറ്റവും കൃത്രിമ സൃഷ്ടിയാണു്.



ധന മൂലധനാധിപത്യം മിച്ചമൂല്യം സൃഷ്ടിക്കുന്നില്ല.

മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന മിച്ചം കൊള്ളയടിക്കുക മാത്രമാണു്.

തൊഴില്‍ രഹിത വളര്‍ച്ചയാണു് നടക്കുന്നതു്.

തൊഴിലാളികളികളില്‍ നിന്നാണു് മിച്ചമൂല്യം കിട്ടേണ്ടതു്.

അവരെ കൂലിക്കെടുക്കാത്തതു് മൂലം മിച്ചം മൂല്യത്തിന്റെ സൃഷ്ടി പരിമിതപ്പെട്ടിരിക്കുന്നു.

പകരം, കര്‍ഷകര്‍ കൂടുതലായി കൊള്ളയടിക്കപ്പെടുന്നു.

സ്വയം തൊഴില്‍ സംരംഭകര്‍ കൂടുതലായി കൊള്ളയടിക്കപ്പെടുന്നു.

ചെറുകിട, ഇടത്തരം സംരംഭകരും കൊള്ളയടിക്കപ്പെടുന്നു.

കൊള്ള മുതലാളിത്തം ആര്‍ക്കാണാവശ്യം ?



ധന മൂലധനം മുതലാളിത്ത ചേരിയുടെ ഐക്യം സാധിച്ചു

എല്ലാവരും ഒത്തൊരുമിച്ചു് ചൂഷണ വ്യവസ്ഥ നിലനിര്‍ത്തുന്നു.

എല്ലാവരും ചേര്‍ന്നു് തൊഴിലാളികളേയും കൃഷിക്കാരേയും

സംരംഭകരേയും കൊള്ളയടിക്കുന്നു.



ധന മൂലധന കൊള്ള വര്‍ദ്ധിപ്പിക്കാനായി

മിഥ്യാ ചരക്കുകള്‍ സൃഷ്ടിക്കുന്നു,

അവയുടെ പെരുപ്പത്തിലൂടെ വ്യവസായ വികാസത്തിന്റെ കുമിളകളുണ്ടാക്കുന്നു

ഇടയ്ക്കിടെ അതു് പൊട്ടി വ്യവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നു.

എങ്കിലും അത്തരം കുമിളകള്‍ വ്യാപകമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വിവര സാങ്കേതിക വിദ്യാ രംഗത്തു് അദൃശ്യാസ്തികളുടെ ആവര്‍ത്തിച്ചുള്ള വില്പന,

വിവര സാങ്കേതിക വിദ്യാ രംഗത്തു് നടക്കുന്ന വീര്‍പ്പിക്കല്‍

ബാങ്കിങ്ങു് രംഗത്തു് ധനകാര്യോപകരണങ്ങളുടേയും

അവയുടെ വകഭേദങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പന,

ഭൂമിയിലും കെട്ടിടങ്ങളിലുമുള്ള ഊഹക്കച്ചവടം,

അവശ്യ വസ്തുക്കളിലുള്ള ഊഹക്കച്ചവടം

ഓഹരികളുടെ ആവര്‍ത്തിച്ചുള്ള വില്പനയും ഊഹക്കച്ചവടവും,

കലാ-കായിക രംഗങ്ങളില്‍ നടക്കുന്ന വാതു വെപ്പുകളും മേളകളും,

ദൃശ്യ മാധ്യമ രംഗത്തു് വാര്‍ത്തകളിലും ഉല്ലാസ പരിപാടികളിലും ഉള്ള പെരുപ്പിക്കല്‍,

വിദ്യാഭ്യാസ രംഗത്തുള്ള സ്വകാര്യ തള്ളിക്കയറ്റവും പെരുപ്പിക്കലും,

ആരോഗ്യ, ഔഷധ നിര്‍മ്മാണ രംഗങ്ങളിലുള്ള പെരുപ്പിക്കല്‍,

എന്നിങ്ങിനെ ഏതു് മേഖല എടുത്താലും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കുമിളകള്‍.

അവ മൊത്തത്തില്‍ മിഥ്യാ സമ്പദ്ഘടന തന്നെ സൃഷ്ടിച്ചു.



മിഥ്യാ സമ്പദ്ഘടനയും മിച്ചം ഉണ്ടാക്കുന്നില്ല.

അവിടെ കാണുന്ന ഒരു കൂട്ടരുടെ ലാഭം മറ്റുള്ളവരുടെ നഷ്ടമാണു്.

ധന മുതലാളിമാരുടേ തന്നെ നഷ്ടമാണു്.

അവരുടെ ലാഭവും നഷ്ടവും തട്ടിക്കിഴിച്ചാല്‍

മൊത്തം മിഥ്യ സമ്പദ്ഘടനയുടെ ആഭ്യന്തര ഇടപാടുകളില്‍ ലാഭമൊന്നുമില്ല, ബാക്കിയൊന്നുമില്ല.



പക്ഷെ, മൊത്തം മിഥ്യാ സമ്പദ്ഘടന യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു്,

സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്പന്നങ്ങളും സേവനങ്ങളും

ഉല്പാദിപ്പിക്കുന്ന സമ്പദ്ഘടനയില്‍ നിന്നു്

സമ്പത്തു് ഊറ്റിയെടുക്കുകയാണു്.

യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ തൊഴിലാളികളും കര്‍ഷകരും സൃഷ്ടിക്കുന്ന സമ്പത്തും

ചെറുകിട-ഇടത്തരം സംരംഭകര്‍ തൊഴിലാളികളേയും കര്‍ഷകരേയും ചുഷണം ചെയ്തെടുക്കുന്ന മിച്ചവും

സ്വയം തൊഴില്‍ സംരംഭകരുണ്ടാക്കുന്ന സമ്പത്തും

കൊള്ളയടിക്കുക മാത്രമാണു് മിഥ്യാ സമ്പദ്ഘടന ചെയ്യുന്നതു്.

അവിടെ കുറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്.

പക്ഷെ, അതു് യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വലിച്ചെടുക്കപ്പെടുന്ന

സമ്പത്തിന്റെ അളവിന്റെ വളരെ അഗണ്യമായ ഒരു ഭാഗം മാത്രമാണു്

അതിലൂടെ മിഥ്യാ സമ്പദ്ഘടനയുടെ നിലനില്പു് ന്യായീകരിക്കപ്പെടുന്നില്ല.

പിന്നെ, ആര്‍ക്കാണീ കൊള്ള മുതലാളിത്തത്തിന്റെ ആവശ്യം ?



കഴിഞ്ഞ വര്‍ഷത്തെ പ്രത്യേകത, 2011 സെപ്തംബര്‍ 17 നാരംഭിച്ച

“വാള്‍സ്ട്രീറ്റ് കയ്യടക്കല്‍” സമരമാണു്.

മെയ് ദിനത്തില്‍ ലോകത്തെമ്പാടും "കയ്യടക്കല്‍" സമരം നടത്തുന്നു.



നമ്മള്‍ തൊഴിലാളികള്‍, പണിയെടുക്കുന്നവര്‍,

തൊഴിലാളികളായി, കഷ്ടപ്പെടുന്നവരായി,

ചൂഷണ വിധേയരായി തന്നെ തുടര്‍ന്നാല്‍ മതിയോ ?

ഇങ്ങിനെ, എത്ര കാലം തുടരാനാവും ?



ഇന്നിതാ ഈ മെയ്ദിനാഘോഷത്തില്‍,

തൊഴിലാളികള്‍ മാത്രമല്ല, കര്‍ഷകരും സ്വയം സംരംഭകരും

ചെറുകിട-ഇടത്തരം സംരംഭകരും ഗവേഷകരും ശാസ്ത്രജ്ഞരും

എല്ലാം അടങ്ങുന്ന, 99 % പങ്കാളികളാകുന്നു, തെരുവിലിറങ്ങുന്നു.



തൊഴിലാളിവര്‍ഗ്ഗം മുതലാളിത്തം അവസാനിപ്പിച്ചു്

തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ചു്

സോഷ്യലിസത്തിലേയ്ക്കു് നീങ്ങുമെന്നു്

മാര്‍ക്സിസം ഒന്നര നൂറ്റാണ്ടു് മുമ്പു് പഠിച്ചുറപ്പിച്ചു.



ആമാറ്റം കൊണ്ടുവരാന്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളും

ആ മാറ്റം ഒഴിവാക്കാന്‍ മുതലാളിത്തവും നാളിതു് വരെ ശ്രമിച്ചു് പോന്നു.

ആ മാറ്റം നീണ്ടു് പോകും തോറും മുതലാളിത്തത്തിന്റെ പ്രതിസന്ധികളും

ജനങ്ങളുടെ ജീവിത പ്രശ്നവും വഷളാകുകയാണു്.



കുറേക്കാലമായി പലയിടങ്ങളിലും തൊഴിലാളി വര്‍ഗ്ഗം അധികാരത്തിലിരിക്കുന്നു,

പല പുരോഗതികളും കൈവരിക്കുന്നു,

സോവിയറ്റു് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും പിന്നോട്ടടിയുമുണ്ടായി.

മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വര്‍ഗ്ഗ സമരമാണു് നടക്കുന്നതു്.

മുതലാളിത്തം വലിയ പ്രതിസന്ധിയിലാണു്,

വിപ്ലവ സാഹചര്യം സ്ഥായിയായി നിലനില്‍ക്കുന്നു,

പക്ഷെ, മുതലാളിത്തം ഇന്നും ശക്തമായി തുടരുന്നു,

കാരണമോ, അത്തു് രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗം മുതലാളിത്തം അവസാനിപ്പിച്ചു്

അധികാരം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.



മുതലാളിത്തം അവസാനിപ്പിക്കാന്‍ കഴിയുന്നതാണോ എന്നു്

തൊഴിലാളി വര്‍ഗ്ഗത്തിനു് ഇന്നും സംശയമുള്ളതുകൊണ്ടാണോ അതു് ?



നാളെയെക്കുറിച്ചുള്ള ആശങ്കകള്‍ കൊണ്ടാണോ ?



ആശങ്കാകുലമായ, എന്തെന്നറിയാത്ത നാളെയേക്കാള്‍

ദുരിത പൂര്‍ണ്ണമെങ്കിലും അറിയുന്ന ഇന്നിനെ

ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്യുകയാണോ ?



ഇന്നിന്റെ ദുരിതം അസഹനീയമായി തീരുമ്പോള്‍,

നാളെയേക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍ ജന മനസുകളെ ആവേശിക്കുമ്പോഴാണു്

വിപ്ലവം യാഥാര്‍ത്ഥ്യമാകുന്നതു്.



ആ സ്വപ്നങ്ങള്‍ ആരു് നെയ്യും ?

ആ സ്വപ്നങ്ങള്‍ ആരു് കാണും ?

ആ സ്വപ്നങ്ങള്‍ ആരു് യാഥാര്‍ത്ഥ്യമാക്കും ?



മൂലധനാധിപത്യം അവസാനിപ്പിച്ചാല്‍,

മുതലാളിത്തം ഇല്ലാതാക്കിയാല്‍, മുതലാളിമാരില്ലാതായാല്‍,

തൊഴിലാളിയുടെ സ്ഥിതിയെന്തു് ?



ഇന്നത്തെ തൊഴിലാളികള്‍ അന്നു് തൊഴിലാളികളല്ലാതാകില്ലേ ?

മുതലാളിയില്ലാതെ എങ്ങിനെ തൊഴിലാളിയുണ്ടാകും ?

ആരു് വ്യവസായം നടത്തും ?

ആരു് സമൂഹത്തേ നയിക്കും ?



തൊഴിലാളി വര്‍ഗ്ഗം എന്തായിതീരും ?

തൊഴിലാളി വര്‍ഗ്ഗം എന്തായി തീരണം ?

ഇന്നത്തെ തൊളിലാളിയുടെ സോഷ്യലിസ്റ്റു് ഘട്ടത്തിലെ രൂപമെന്തു് ?

ഇതറിഞ്ഞാലല്ലാതെ, ഇതു് സമ്മതമായാലല്ലാതെ,

എങ്ങിനെ തൊഴിലാളികള്‍ പോലും വിപ്ലവത്തെ സ്വാഗതം ചെയ്യും ?



ഇതിനുള്ള ഉത്തരം, ഒരു പക്ഷെ, വീണ്ടും സ്വപ്നമാകാം -

സ്വപ്നം കാണാതെ പ്രവര്‍ത്തിക്കാനാവില്ലല്ലോ ? -

ഇന്നത്തെ തൊഴിലാളികള്‍ നാളത്തെ സംരംഭകരാണു്.

അവര്‍ എല്ലാവര്‍ക്കും പണി കൊടുക്കും.

ആര്‍ക്കെങ്കിലും പണിയില്ലെങ്കില്‍ തന്റെ പണി അവര്‍ക്കു് നല്‍കും.

സ്വയം വേറെ പണിയെടുക്കും

അവര്‍ സ്വകാര്യ സംരംഭകരല്ല, സാമൂഹ്യ സംരംഭകരാണു്.



ഓരോരുത്തരും തന്റെ അദ്ധ്വാന ശേഷി പരമാവധി ഉപയോഗപ്പെടുത്തി

സാമൂഹ്യ സമ്പത്തു് വര്‍ദ്ധിപ്പിക്കുന്നതിനു് നിരന്തരം ശ്രമിക്കും.

അവര്‍ സാമൂഹ്യമായ ഉല്പാദന പ്രക്രിയകളുടെ നടത്തിപ്പു് ഏറ്റെടുക്കും.

അവര്‍ സാമൂഹ്യമായി ഉല്പന്നങ്ങള്‍ സ്വകാര്യമായി കയ്യടക്കുകയല്ല,

മറിച്ചു് സാമൂഹ്യോടമസ്ഥതയില്‍ നിലനിര്‍ത്തും,

സമൂഹത്തിന്റെ ഉപയോഗത്തിനു് വിട്ടു് കൊടുക്കും.

തന്റെ ആവശ്യത്തിനുള്ളതോ തന്റെ അദ്ധ്വാനത്തിനു് ആനുപാതികമായതോ

ഏതാണോ കുറവു് അതു് മാത്രം സ്വന്തമായെടുക്കും.



ഉല്പാദനത്തിന്റെ സംഘാടനം, കമ്പോളത്തിന്റെ നിയന്ത്രണം,

സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുതലാളിത്തത്തിലേതിനേക്കാള്‍

മെച്ചപ്പെട്ട രീതിയില്‍ നിറവേറ്റാന്‍ തൊഴിലാളികള്‍ക്കാവും

കാരണം, ശാരീരികാദ്ധ്വാന ശേഷി പോലെ തന്നെ

ബൌദ്ധികാദ്ധ്വാന ശേഷിയും

ഭരണ നിര്‍വ്വഹണ ശേഷിയും

ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ ശഷിയും

അവരുടെ സ്വന്തമാണു്, അതു് മുതലാളിക്കില്ല,

മുതലാളി അതെല്ലാം കൂലിക്കെടുക്കുകയാണു്.



ബൌദ്ധിക ശേഷികള്‍ കുത്തകയാക്കി വെയ്ക്കാനായി

അവയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുകയാണു് മുതലാളി ചെയ്യുന്നതു്.

ഉടമസ്ഥാവകാശം അയഥാര്‍ത്ഥമാണു്, കൃത്രിമമാണു്,

തൊഴിലാളികളുടെ ബോദ്ധിക സ്വത്തു് യഥാര്‍ത്ഥമാണു്, സ്വാഭാവികമാണു്.



എത്ര ബൌദ്ധിക സ്വത്തിന്റെ അവകാശം മുതലാളി സ്ഥാപിച്ചെടുത്താലും

അവ പ്രയോഗിക്കാന്‍ അതറിയുന്ന തൊഴിലാളിയില്ലാതെ കഴിയില്ല,

മുതലാളിക്കു് എന്തു് അറിവുണ്ടായാലും അതു് പ്രയോഗിക്കണമെങ്കില്‍

അതറിയുന്ന തൊഴിലാളിയെ കൂലിക്കെടുക്കണം.

ഒരാള്‍ക്കു് പ്രയോഗിക്കാവുന്ന ബൌദ്ധിക സ്വത്തിനു് മാത്രമേ പ്രസക്തിയുള്ളു.

ബൌദ്ധിക സ്വത്തു് കൂട്ടി വെച്ചാലും

തൊഴിലാളിയെക്കൂടാതെ അതു് പ്രായോഗികമാകില്ല.

അതേ സമയം ബൌദ്ധിക സ്വത്തു് സ്വന്തമായുള്ള തൊഴിലാളിക്കു്

മുതലാളി നടത്താറുള്ള സംഘാടനം സ്വയം ചെയ്യാം.

മുതലാളിയുടെ ആവശ്യമില്ല.



അതായതു്, ബൌദ്ധിക സ്വത്തു് തൊഴിലാളിക്കാണു് ഉപയോഗിക്കാന്‍ കഴിയുന്നതു്.

തൊഴിലാളികളുടെ ഈ സ്വാഭാവികമായ ശാരീരിക-ബൌദ്ധികാദ്ധ്വാന ശേഷിയാണു്,

ഭരണ നിര്‍വ്വഹണ ശേഷിയാണു്, ആസൂത്രണ ശേഷിയാണു്,

ഉപകരണോപയോഗ ശേഷിയാണു്, ആയുധ പ്രയോഗ ശേഷിയാണു്

തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ.



തൊഴിലാളി വര്‍ഗ്ഗത്തിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യത്തിന്റെ

സാധുതയും സൂചനയുമാണു് "ഞങ്ങള്‍ 99%”,

“1% ന്റെ കുത്തകാധിപത്യം അഗീകരിക്കാനാവില്ല"

എന്ന വാള്‍ സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിന്റെ മുദ്രാവാക്യം നല്‍കുന്നതു്.



മുതലാളിത്തത്തിനു് സഹജമായ അമിതോല്പാദന കുഴപ്പവും

അതില്‍ നിന്നുരുത്തിരിയുന്ന ചാക്രിക കുഴപ്പവും മാത്രമല്ല,

കഴിഞ്ഞ നാലു് വര്‍ഷമായി തുടരുന്ന ആഗോള മാന്ദ്യത്തിന്റേതു് മാത്രമല്ല,

അതിലുപരി, ധന മൂലധന വ്യവസ്ഥ നേരിടുന്ന സഹജ പ്രതിസന്ധിയുടേയും

നിരന്തരം ഇടിയുന്ന ലാഭ നിരക്കിന്റേയും

അതു് മൂലം നിക്ഷേപങ്ങള്‍ക്കു് ലാഭം കിട്ടാത്തതിന്റേയും

അതു് കൊടുക്കാന്‍ സമൂഹ സമ്പത്തു് കൊള്ളയടിക്കേണ്ടി വന്നതിന്റേയും

സര്‍ക്കാരുകളെ ഉപയോഗിച്ചു് ജനങ്ങളെ പാപ്പരാക്കുന്നതിന്റേയും

അങ്ങിനെ മുതലാളിത്തം മിച്ചമൂല്യ സൃഷ്ടിക്കു് പകരം

കൊള്ളയില്‍ അഭയം പ്രാരിച്ചിരിക്കുന്നതിന്റേയും ഫലമായി

സ്ഥായിയായി നിലനില്‍ക്കുന്ന വിപ്ലവ സാഹചര്യം

ഉപയോഗിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയണം.



തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇടപെടല്‍ ശേഷി ഉയര്‍ത്തുവാന്‍

ബൌദ്ധിക സ്വത്തു് വര്‍ദ്ധിപ്പിക്കുക, സംഘാടന ശേഷി ഉയര്‍ത്തുക.

അതു് സംഘടിത തൊഴിലാളികള്‍ക്കു് എളുപ്പമാണു്,

കാരണം, അവര്‍ സുസംഘടിതരാണു്.

ആധുനിക വിവിര സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുക,

മുതലാളിത്ത കപട തന്ത്രങ്ങളെ ആശ്രയിക്കാതിരിക്കുക,

സ്വതന്ത്രമായ ആഗോള ശൃംഖല സ്ഥാപിക്കുക,

മുതലാളിത്തത്തിന്റെ ബൌദ്ധിക സ്വത്തവകാശം അപ്രസക്തമാക്കുക,

അതിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുക.

ഇതാകട്ടെ ഇപ്രാവശ്യത്തെ മെയ് ദിന പ്രതിജ്ഞ.



തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും

അതുപയോഗിച്ചു് സോഷ്യലിസവും കെട്ടിപ്പടുക്കുമ്പോള്‍

ജനങ്ങളുടെ ഓരോ വിഭാഗത്തിന്റേയും ഭാവിയെന്തായിരിക്കും ?

ഈ മെയ് ദിനം ഒരു വാഗ്ദാനവും കൂടി നല്‍കുന്നു.



"ഭാവി സംവിധാനത്തില്‍ എല്ലാവര്‍ക്കും പണി കൊടുക്കും.

അതിനായി പണിയെടുക്കാനുള്ള ഉപാധികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും

ഓരോരുത്തര്‍ക്കും അവരുടെ അദ്ധ്വാനത്തിനു്

ആനുപാതികമായി സാമൂഹ്യോല്പന്നങ്ങള്‍ ലഭ്യമാക്കും

കൃഷിക്കാര്‍ക്കും സ്വയം സംരംഭകര്‍ക്കും

എല്ലാ വിധ പരിഗണനകളും ഉറപ്പാക്കും

ചെറുകിട ഇടത്തരം സംരംഭകര്‍ക്കു് കുത്തകാധിപത്യാവകാശമൊഴിച്ചു്

എല്ലാ പ്രവര്‍ത്തന സ്വാതന്ത്ര്യവും ലഭ്യമാക്കും.”



മെയ്ദിന പ്രവര്‍ത്തന പരിപാടി വേണം.

തൊഴിലാളി വര്‍ഗ്ഗ ഐക്യം, തൊഴിലാളി കര്‍ഷക-സ്വയം സംരംഭക സഖ്യം

തൊഴിലാളി-കര്‍ഷക-സംരംഭക മുന്നണിയും

അവരുടെ മുന്‍കൈയ്യില്‍ ജനകീയ ജനാധിപത്യവും.



മെയ് ദിനാശംസകളോടെ



ജോസഫ് തോമസ്.

Blog Archive