Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, November 9, 2012

മലയാള ഭാഷാ വികസനത്തിനു് ഒരു കര്‍മ്മ പരിപാടി - മലയാള സര്‍വ്വകലാശാലയ്ക്കും



മലയാളം സര്‍വ്വകലാശാലയേക്കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങളും നിലനില്കേ തന്നെ, അതു് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. മലയാള ഭാഷയുടെ വികസനത്തിനു് ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളേക്കുറിച്ചും സ്ഥാപനങ്ങളേക്കുറിച്ചും നിലവിലുള്ള സര്‍വ്വകലാശാലകളേക്കുറിച്ചും ഒട്ടേറെ വിമര്‍ശനങ്ങള്‍ നിലവിലുണ്ടു്. അവയുടെ എല്ലാം അടിസ്ഥാനത്തില്‍ പുതിയ സര്‍വ്വകലാശാല എങ്ങിനെ മലയാളം ഭാഷയെ പുഷ്ടിപ്പെടുത്തി കാലികമാക്കി ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാക്കണമെന്നതിനു് ഒരു പ്രവര്‍ത്തന പരിപാടി ഇവിടെ മുന്നോട്ടു് വെയ്ക്കുകയാണു്. ഇതു് ഒരു രൂപ രേഖ മാത്രമാണു്. ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനത്തിന്റെ അഭാവത്തില്‍ ഇതു് സമഗ്രമാകില്ലെന്നുറപ്പു്. പക്ഷെ, വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കുറേയേറെ അനുഭവിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്നു് തയ്യാറാക്കിയതാണു്. കണക്കും സംഗീതവും പോലെ ഇനിയും ശ്രദ്ധിക്കാതെ കിടക്കുന്ന ഒട്ടേറെ മേഖലകളുണ്ടാകാം. പരിപാടിയില്‍ ചില വിടവുകളുണ്ടാകാം. പക്ഷെ, പരിപാടിയുടെ രൂപ രേഖ അവതരിപ്പിക്കുകയാണു്.

സര്‍വ്വകലാശാലകള്‍ കൊണ്ടു് മലയാളം രക്ഷപ്പെടാനായിരുന്നെങ്കില്‍ നേരത്തേ തന്നെ അതു് നടക്കുമായിരുന്നു. കാരണം, ഇന്നീ സര്‍വ്വകലാശാലയുടെ ഉദ്ദേശലക്ഷ്യങ്ങളായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും ഇവിടെ മറ്റു് സര്‍വ്വ കലാശാലകളിലോ സ്ഥാപനങ്ങളിലോ ആയി നടത്തപ്പെട്ടു് പോന്നവയോ നടത്തപ്പെടാവുന്നവയോ മാത്രമാണു്. പുതിയ വകുപ്പുകള്‍, സ്കൂളുകള്‍, കോഴ്സുകള്‍, ചെയറുകള്‍ തുടങ്ങിയവ ഏതു് സര്‍വ്വകലാശാലയിലാണെന്നതു് വലിയ അന്തരം ഉണ്ടാക്കുന്നില്ല. സംസ്കൃത സര്‍വ്വകലാശാലയുടെ അനുഭവവും നമ്മുടെ മുമ്പിലുണ്ടു്. ഇന്നു് നമ്മുടെ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും നടക്കുന്ന തരത്തിലുള്ള പഠനവും ഗവേഷണവും പ്രവര്‍ത്തനവുമാണു് പുതിയ സര്‍വ്വകലാശാലയിലും നടത്താന്‍ പോകുന്നതെങ്കില്‍ അതു് കൊണ്ടും ഗുണമൊന്നും ഉണ്ടാകുമെന്നു് വിശ്വസിക്കാന്‍ നാളിതു് വരേയുള്ള അനുഭവം അനുവദിക്കുന്നില്ല.

വേണ്ടതു് നിലവിലുള്ള അവസ്ഥയേക്കുറിച്ചും അതില്‍ നിന്നു് എന്തു് മാറ്റങ്ങളാണു് വേണ്ടതെന്നതിനേക്കുറിച്ചും സമഗ്രമായ ധാരണയും ഉല്‍ഗ്രഥിതവും എന്നാല്‍ സ്വതന്ത്രവുമായ പ്രവര്‍ത്തന ശൈലിയും തുറന്നതും സഹകരണാത്മകവുമായ സമീപനവുമാണു്. അത്തരത്തില്‍ തീര്‍ച്ചയായും സര്‍വ്വകലാശാലകള്‍ക്കു് വിവിധ മേഖലകളില്‍ പുതിയ വഴിത്താരകള്‍ വെട്ടിത്തെളിക്കുന്നതില്‍ നല്ല പങ്കു് വഹിക്കാന്‍ കഴിയും. മലയാളം സര്‍വ്വകലാശാലയെങ്കിലും പഴയ വഴിത്താരകളില്‍ തന്നെ ചെന്നു് പെടാതെ മലയാളത്തിന്റെ വികസനത്തിനു് വിവര സാങ്കേതിക വിദ്യയും അതില്‍ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറും അടക്കം വിജ്ഞാനത്തിന്റെ വിവിധ മേഖലകളുടെ നേട്ടങ്ങളെ കോര്‍ത്തിണക്കി സമഗ്രമായ കാഴ്ചപ്പാടോടെ ഉല്‍ഗ്രഥിത പഠനത്തിനും ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കും അക്കാഡമിക് വിദഗ്ദ്ധരുടേയും ഭാഷാ വിദഗ്ദ്ധരുടേയും വിദ്യാര്‍ത്ഥികളുടേയും ബഹുജനങ്ങളുടേയും സ്ഥാപനങ്ങളുടേയും കൂട്ടായ പരിശ്രമത്തിനു് ഏകോപന വേദിയായി മാറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ക്ലാസിക്കല്‍ പദവി കൊണ്ടും കുറേക്കൂടി പണം കേന്ദ്രത്തില്‍ നിന്നു് ലഭ്യമാക്കുകയോ ചെലവഴിക്കുകയോ ചെയ്യാമെന്നല്ലാതെ പ്രത്യേകിച്ചു് നേട്ടത്തിനുള്ള മാര്‍ഗ്ഗമൊന്നും അതും തുറന്നു് തരികയോ കൊണ്ടുവരികയോ ചെയ്യുന്നില്ല.

ഇക്കാര്യത്തില്‍ അല്പ കാലത്തിനുള്ളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരായ ഞങ്ങളുടെ ശ്രദ്ധയില്‍ വന്ന ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു് താഴെ പറയുന്ന സ്ഥിതി വിശകലനവും ലക്ഷ്യങ്ങളും പ്രവര്‍ത്തന പരിപാടിയും മുന്നോട്ടു് വെയ്ക്കുന്നതു്. മറ്റൊട്ടേറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടാവാം. ബന്ധപ്പെട്ടവരെല്ലാം ഇതു് ചര്‍ച്ച ചെയ്തു് മെച്ചപ്പെടുത്തി പ്രയോഗ ക്ഷമമാക്കണം.

നിലവില്‍ മലയാളത്തിന്റെ അവസ്ഥ

ശാസ്ത്രവിഷയങ്ങളോ സാങ്കേതിക വിദ്യയോ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഭാഷയായി മലയാളം വികസിച്ചിട്ടില്ല. എന്തിനേറെ കണക്കിന്റെ ഭാഷയാണോ എന്നു് പോലും സംശയം ജനിക്കുന്നു. കാരണം കണക്കിന്റെ യുക്തി പോലും ശരിയായി നമ്മുടെ കുട്ടികള്‍ക്കു് മനസിലാക്കി കൊടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിനു് ഇന്നും കഴിയുന്നില്ല. വളരെ ചുരുക്കം ചിലര്‍ പെട്ടു് പിഴച്ചു് അവ മനസിലാക്കുന്നില്ല എന്നല്ല. മറിച്ചു് നാം ചെലവഴിക്കുന്ന വിഭവവും അദ്ധ്വാനവും അനുസരിച്ചു് ശാസ്ത്രവും സാങ്കേതിക വിദ്യയും കണക്കും സ്വാംശീകരിക്കാന്‍ നമ്മുടെ സമൂഹത്തിനു് കഴിയുന്നില്ല. അതേ സമയം ഇവയെല്ലാം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ ഗുമസ്തരേയും മറ്റുള്ളവര്‍ പറയുന്ന പണി എളുപ്പത്തില്‍ ചെയ്തു് തീര്‍ക്കുന്ന വിവര-വിജ്ഞാന സാങ്കേതിക തൊഴിലാളികളേയും നാം ധാരാളമായി സൃഷ്ടിക്കുന്നുമുണ്ടെന്നതു് കാണാതെയല്ല ഇതു് പറയുന്നതു്. കിട്ടിയ വിവരം ദഹിപ്പിച്ചു് ബോധ നിലവാരം ഉയര്‍ത്തി പുതിയ വിവരവും വിജ്ഞാനവും സൃഷ്ടിക്കുന്ന തലത്തിലേയ്ക്കുയരാന്‍ കഴിയുന്ന സമൂഹമായി വളരുന്നില്ല. വിദ്യാഭ്യാസ രംഗത്തും വൈജ്ഞാനിക രംഗത്തും സാങ്കേതിക വൈദഗ്ദ്ധ്യ പോഷണ രംഗത്തും മുരടിപ്പു് അനുഭവപ്പെടുന്നു. അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നുണ്ടു് എന്നു് മാത്രം. ജനാധിപത്യ വ്യവസ്ഥ തുറന്നു് തരുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്കു് കഴിയാതെ പോകുന്നു. എന്തിനേറെ കിട്ടുന്ന വിവരം ശരിയായി വിശകലനം ചെയ്തു് ശരിയായ നിലപാടുകളെടുക്കാന്‍ പോലും നമുക്കു് കഴിയാതെ പോകുന്നു.

ശാസ്ത്രീയ സംഗീതത്തെ നാം കര്‍ണാടക സംഗീതമെന്നു് പറയുന്നു. അതു് ശരിയാണു്. പക്ഷെ, കര്‍ണാടക സംഗീത വ്യവസ്ഥയും അതിന്റെ നിയമങ്ങളും മലയാളത്തില്‍ പഠിപ്പിക്കുന്നതാണു് മലയാളികള്‍ക്കു് മനസിലാക്കാനും ആസ്വദിക്കാനും പഠനം ആഹ്ലാദകരമാകാനും ഫലപ്രദമാകാനും നല്ലതു് എന്ന കാര്യം നമ്മുടെ പരിഗണനാ വിഷയമായിട്ടില്ല. ശാസ്ത്രീയ സംഗീതാഭ്യസനത്തിനു് ഒരു മലയാളം വ്യവസ്ഥ നാളിതു് വരെ ഇല്ല എന്നതും അതു് മൂലം ശാസ്ത്രീയ സംഗീതാഭ്യസനം വളരെ വലിയ പീഢനവും വിരസവുമായി വിദ്യാര്‍ത്ഥികള്‍ക്കു് അനുഭവപ്പെടുന്നു എന്നതും നാം കാണാതെ പോയി. പലരും പഠനം പാതി വഴി ഉപേക്ഷിക്കുന്നു. സംഗീത പാഠ്യ ക്രമം രണ്ടു് വിധത്തിലാകാം. അതിലൊന്നു് അമൂര്‍ത്ത സങ്കല്പനങ്ങളായ സപ്ത സ്വരങ്ങള്‍ പഠിച്ചും അവയുടെ വിവിധ ചേരുവകള്‍ ഹൃദിസ്ഥമാക്കിയും സാധകം ചെയ്തുമാണു്. തുടര്‍ന്നു് ഗീതങ്ങളും കീര്‍ത്തനങ്ങളും പാടി പഠിച്ചു് സ്വര സ്ഥാനങ്ങളും ശൃതിയും താളവും ലയവും രാഗങ്ങളും ഹൃദിസ്ഥമാക്കി സ്വാംശീകരിച്ചു് സംഗീത വിദ്വാന്മാരായി മാറുകയാണു്. ഇതാണു് പലപ്പോഴും അനുവര്‍ത്തിക്കപ്പെടുന്ന രീതി. അതാകട്ടെ വിരസമാണു്. രണ്ടാമത്തെ രീതി, നേരെ ഗീതങ്ങളും മറ്റു് അഭ്യാസ ഗാനങ്ങളും പഠിച്ചു് (കളിസ്കൂളില്‍ കുട്ടികള്‍ കളിപ്പാട്ടുകള്‍ പഠിക്കുന്നതു് പോലെ, അതിന്റെ ഈണവും അര്‍ത്ഥവും അറിഞ്ഞു് അതില്‍ ലയിച്ചു് ഹൃദിസ്ഥമാക്കുന്നതു് പോലെ) അതില്‍ നിന്നു് അവയുടെ രാഗവും താളവും സ്വരങ്ങളും തിരിച്ചറിഞ്ഞു് സംഗീതത്തിന്റെ നിയമങ്ങളിലേയ്ക്കെത്തുകയാണു്. ഇതു് കൂടുതല്‍ രസകരമാകും. കാരണം ആദ്യ പാഠങ്ങള്‍ സാധകം ചെയ്യുമ്പോള്‍ തന്നെ താളത്തിനും ശൃതിക്കും ലയത്തിനുമൊപ്പം ഗീതങ്ങളും മറ്റു് അഭ്യാസ ഗാനങ്ങളും നല്‍കുന്ന ആശയങ്ങള്‍ കൂടി ആകര്‍ഷകത വര്‍ദ്ധിപ്പിക്കുന്നു, വിരസത അകറ്റുന്നു. പക്ഷെ, പാഠ്യക്രമം ഏതായാലും അഭ്യാസത്തിനുപയോഗിക്കുന്ന ഗീതങ്ങളും മറ്റും കാലികമായതോ കാലാതീതമായതോ ആയ എന്തെങ്കിലും ആശയം പകര്‍ന്നു് നല്‍കാത്ത മറുഭാഷയിലായിരിക്കുന്നതു് കൊണ്ടു് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്കു് വിരസമാകുകയും പഠനം ഉപേക്ഷിക്കാന്‍ കാരണമാകുകയുമാണു്. ഭക്തിയെ അധികരിച്ചു് മാത്രമാണു് ചിലരെങ്കിലും ഈ പഠനം തുടരുന്നതു്. സംഗീതത്തിന്റെ താള-ശൃതി-ലയങ്ങളില്‍ ആകൃഷ്ടരായ ചിലര്‍ മാത്രം അവസാനം സംഗീതജ്ഞരായി തീരുകയാണു്. ഇതു് നമ്മുടെ സംസ്കാരികാഭിവൃദ്ധിയെ കുറേയെങ്കിലും പ്രതികൂലമായി ബാധിക്കുന്നുണ്ടു്. മലയാള ഭാഷയുടെ വികാസം മുരടിച്ചു് നില്‍ക്കാന്‍ ഇതും വഴിവെയ്ക്കുന്നുണ്ടു്.

ഇതിനൊരു പരീഹാരമെന്ന നിലയില്‍, നമ്മുടെ സംഗീതജ്ഞരും ഭാഷാ വിദഗ്ദ്ധരും കവികളും സാഹിത്യകാരന്മാരും സര്‍ക്കാരും ഭാഷാ പോഷക സ്ഥാപനങ്ങളും ശ്രമിച്ചാല്‍‌ മലയാളത്തില്‍ തന്നെ സംഗീതം പഠിക്കാനാവശ്യമായത്ര ആശയ സമ്പുഷ്ടവും ലളിതവും മലയാള തനിമയുമുള്ള അഭ്യാസ ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അവര്‍ തന്നെയാണല്ലോ നല്ല നല്ല സിനിമാ ഗാനങ്ങള്‍ കഥാവസരത്തിനൊത്തു് സൃഷ്ടിക്കുന്നതു്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ മലയാളത്തിനു് ഒരു ശാസ്ത്രീയ സംഗീത ശാഖ വളരുമായിരുന്നു. അതിന്റെ കടപ്പാടു് നമുക്കു് കര്‍ണ്ണാടക സംഗീതത്തോടുണ്ടായിരിക്കുകയും ചെയ്യും. തിരിച്ചു് കര്‍ണ്ണാടക സംഗീതത്തിന്റെ വികാസത്തിലും നമുക്കു് പങ്കു് വഹിക്കാനുമാകും. മലയാള ഭാഷയും അങ്ങിനെ വികസിക്കുമായിരുന്നു. ഇതേ കാര്യം കണക്കിനും ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും ബാധകമാണു്.

പക്ഷെ, സംഗീതത്തിന്റെ അവസ്ഥ കണക്കിന്റേയും ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും സാമൂഹ്യ ശാസ്ത്രങ്ങളുടേയും കാര്യത്തിലേയ്ക്കെത്തുമ്പോള്‍ ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭാവിയേത്തന്നെ ബാധിക്കുന്നതാകും. കണക്കിന്റെ കാര്യം നോക്കുക. കണക്കു് പഠനത്തിനു് അതിന്റെ എല്ലാ യുക്തിയും മനസിലാക്കത്തക്ക തരത്തിലുള്ള അഭ്യസന രീതിയല്ല നമ്മള്‍ ഉപയോഗിക്കുന്നതു്. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ പല സാധനങ്ങളുടേയും ചിത്രങ്ങള്‍ ഉപയോഗിച്ചു് എണ്ണത്തേക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തുകയും സംഖ്യാ ബോധം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടു്. പക്ഷെ, എണ്ണത്തിന്റേയും അക്കങ്ങളുടേയും അക്ക വിന്യാസത്തിന്റേയും സംഖ്യയുടേയും അവ പകര്‍ന്നു് തരുന്ന മൂല്യ വ്യവസ്ഥയുടേയും യുക്തി ശരിയായി ഉറയ്ക്കത്തക്കതരത്തില്‍ തുടര്‍ച്ചയായ അഭ്യസനത്തിനുള്ള ഉപാധികള്‍ നാം ഉപയോഗിക്കുന്നില്ല. പകരം മൂല്യം അരോപിക്കപ്പെട്ട, അമൂര്‍ത്തമായ അക്ക വ്യവസ്ഥയെ മാത്രം ആശ്രയിച്ചു് ഗണിത ക്രിയകള്‍ പഠിപ്പിക്കുകയാണു് ചെയ്യുന്നതു്. അക്കങ്ങളുപയോഗിച്ചുള്ള കൂട്ടലും കുറയ്ക്കലും ഗുണനവും ഹരണവും വളരെ വിരസമായി കുട്ടികള്‍ക്കനുഭവപ്പെടുന്നു. അവര്‍ കണക്കിന്റെ യുക്തി ശരിയായി സ്വാംശീകരിക്കുന്നില്ല. വെറും അനുകരണങ്ങളുടെ തലത്തില്‍ മാത്രമേ അവരതു് ഉള്‍ക്കൊള്ളുന്നുള്ളു. കണക്കിലെ വ്യത്യസ്ത ക്രിയകള്‍ യഥാര്‍ത്ഥത്തില്‍ എണ്ണുക എന്ന ഒരേ ഒരു അടിസ്ഥാന ക്രിയയുടെ വിവിധ രീതികളാണെന്നതു് പോലും കുട്ടികള്‍ ഗ്രഹിക്കാതെ പോകുന്നു. സ്വാഭാവികമായും ഭിന്നവും ദശാംശവും ശതമാനവും അനുപാതവും തുടങ്ങി ത്രികോണ ഗണിതവും ഇന്റഗ്രേഷനും ഡിഫറന്‍ഷ്യേഷനും വരേയുള്ള ഗണിത സങ്കല്പനങ്ങള്‍ ദുര്‍ഗ്രഹമായ ഒറ്റപ്പെട്ട കാര്യങ്ങളായാണു് ഇന്നു് ബഹുഭൂരിപക്ഷവും ധരിച്ചു് വശായിട്ടുള്ളതു്. അതിന്റേയെല്ലാം പൊതു യുക്തി മനസിലാക്കിയവര്‍ വളരെ ചുരുക്കമായി ഇന്നും തുടരുന്നു. ഏതു് ക്രിയയായാലും എണ്ണവും അളവും മൂല്യവും കാണുവാനുള്ളതാണെന്ന പൊതു യുക്തി കുട്ടികള്‍ക്കു് ലഭിക്കാതെ പോകുന്നു. ഫലമോ, കണക്കു് ഇന്നും ബഹുഭൂരിപക്ഷത്തിനും ദഹിക്കാത്ത വിഷയമായി തുടരുന്നു. ജനാധിപത്യത്തിന്റെ അര നൂറ്റാണ്ടത്തെ അനുഭവത്തിനു് ശേഷവും സര്‍ക്കാരിന്റെ കണക്കോ ബജറ്റോ പദ്ധതികളോ മനസിലാക്കി അവയുടെ ആസൂത്രണത്തിലും വിലയിരുത്തലിലും പരിശോധനയിലും ഇടപെടാന്‍ പോലും പ്രാപ്തിയില്ലാത്ത സമൂഹമായി നാം തുടരുന്നു. എന്തിനേറെ, നാട്ടിന്‍ പുറങ്ങളിലടക്കം വ്യാപകമായി നടക്കുന്ന പൊതു മരാമത്തു് പണികളുടെ സാങ്കേതിക വിശദാംശങ്ങള്‍ പോലും അറിയാത്തവരും അവ പരിശോധിക്കാനും അവയിലെ അഴിമതിയും വിഭവ ചോര്‍ച്ചയും തടയാന്‍ പോലും കഴിയാത്ത സമൂഹമായി നാം തുടരുന്നു. ബജറ്റു് നയത്തിലൂടെയും പൊതു സ്വത്തിന്റെ കൈമാറ്റത്തിലൂടെയും വില നിര്‍ണ്ണയത്തിലൂടെയും നടക്കുന്ന തട്ടിപ്പുകളുടെ മാനം പോലും മനസിലാക്കാനാവാത്ത സമൂഹമായി നാം മുരടിച്ചു് നില്കുന്നു.

മൂര്‍ത്തമായ വസ്തുക്കളുപയോഗിച്ചു് കണക്കു് അഭ്യസിക്കാനുള്ള പല സംവിധാനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ടു്. നമ്മുടെ നാട്ടില്‍ ജ്യോതിഷികളുപയോഗിക്കുന്ന കവടിയും കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന കല്ലും ഒക്കെ ഇതിന്റെ പ്രാഗ് രൂപങ്ങളാണു്. ഒരു വ്യവസ്ഥയെന്ന നിലയില്‍ പൊതുവെ നമ്പര്‍ ലൈനും ചൈനക്കാര്‍ സംഖ്യകളുടെ മൂല്യം വരകളിലൂടെ പ്രകടിപ്പിച്ചു് അവയെ ഖണ്ഡിക്കുന്ന ബിന്ദുക്കള്‍ എണ്ണി ഗുണനം നടത്തുന്ന ലളിതമായ രീതിയും മുതല്‍ കുരുക്കള്‍ക്കു് സ്ഥാന മൂല്യം നല്‍കി എണ്ണം മാത്രമല്ല സങ്കലനവും വ്യവഹലനവും ഗുണനവും ഹരണവും ഇതര ക്രിയകളും ചെയ്യുന്ന അബാക്കസിന്റെ വിവിധങ്ങളായ വ്യവസ്ഥകള്‍ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗത്തിലുണ്ടു്. നമ്മള്‍ പക്ഷെ, ഇന്നും അക്കത്തിന്റെ അമൂര്‍ത്തമായ മൂല്യത്തേയാശ്രയിച്ചു് ഗണിത ക്രിയകള്‍ പഠിപ്പിച്ചു് പോരുന്നു. ഫലമോ കുട്ടികള്‍ക്കു് ഏതെങ്കിലും ഒരു ഘട്ടം മനസിലാകാതെ പോയാല്‍ മൊത്തം കണക്കു് അരോചകമാകുകയും അവരതിനോടു് വെറുപ്പു് വെച്ചു് പുലര്‍ത്തുന്നവരായി മാറുകയും ചെയ്യുന്നു.

പൊതുവെ വിജ്ഞാനാര്‍ജ്ജനത്തിനു് സംഗീതത്തിന്റേയും കണക്കിന്റേയും കാര്യത്തിലെന്നതു് പോലെ അനുകരണം (പകര്‍ത്തല്‍), സംവേദനം, സ്വാംശീകരണം, വിശകലനം, വിജ്ഞാന സൃഷ്ടി, വിജ്ഞാന വ്യാപനം തുടങ്ങി പല ഘട്ടങ്ങളും പ്രക്രിയകളും ഉണ്ടു്. ഒന്നും രണ്ടും ഘട്ടങ്ങള്‍ ഏതു് ഭാഷയില്‍ അഭ്യസിച്ചാലും സാധ്യമായേക്കാം. മാതൃഭാഷയില്‍ പഠിച്ചാലേ മൂന്നാമത്തേതു് മുതലുള്ള ഘട്ടങ്ങള്‍ പ്രയോഗ സാധ്യമാകൂ. വിജ്ഞാന സംഭരണവും കൈമാറ്റവും സംവേദനവും മാത്രമല്ല ഭാഷയുടെ ധര്‍മ്മങ്ങള്‍. വിജ്ഞാനത്തിന്റെ സ്വാംശീകരണവും വിശകലനവും പുതിയ വിജ്ഞാന സൃഷ്ടിയും അതിന്റെ വ്യാപനവും ഭാഷയുടെ ധര്‍മ്മത്തില്‍ പെടും. അവയെല്ലാം നടക്കുന്നതു് അമൂര്‍ത്തമായ ചിന്തയുടെ ഉപകരണമെന്ന നിലയില്‍ ഭാഷ ഉപയോഗിക്കപ്പെടുമ്പോഴാണു്. അത്തരത്തില്‍ ഭാഷയുടെ എല്ലാ ധര്‍മ്മങ്ങളും അനുഭവവേദ്യമാക്കപ്പെടുന്നതു് മാതൃഭാഷയില്‍ അറിവു് ലഭ്യമാകുമ്പോള്‍ മാത്രമാണു്. ഇതു് മറ്റേതെങ്കിലും ഭാഷ പഠിക്കുന്നതിനോടുള്ള വിരോധമാകേണ്ടതില്ല. മറ്റു് ഭാഷകള്‍ പഠിക്കാന്‍ പോലും മാതൃഭാഷയിലുള്ള പ്രാവീണ്യം സഹായിക്കും. അതായതു്, മാതൃഭാഷ എല്ലാ വിഷയങ്ങള്‍ക്കും ബോധന മാധ്യമം ആയിരിക്കേണ്ടതു് സമൂഹത്തിന്റെ വൈജ്ഞാനികാഭിവൃദ്ധിക്കും വൈദഗ്ദ്ധ്യ പോഷണത്തിനും ജനാധിപത്യ വികാസത്തിനും സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക പുരോഗതിക്കും ആവശ്യമാണു്.

മലയാളത്തിന്റെ വികാസത്തിനുള്ള അവശ്യോപാധി എല്ലാ തലങ്ങളിലും പ്രയോഗിക്കപ്പെടുക എന്നതു് തന്നെയാണു്. ബോധന മാധ്യമം ആകണം. ഭരണ ഭാഷയാകണം. കോടതി ഭാഷയാകണം. മലയാളം ബോധന മാധ്യമം ആയി സമൂഹം അംഗീകരിക്കണമെങ്കില്‍ അതു് ഭരണത്തിലും കോടതികളിലും തൊഴിലിലും മറ്റും പ്രയോജനപ്പെടണം. അതെല്ലാം നടക്കണമെങ്കില്‍ അതു് ബോധന മാധ്യമം ആകണം. ഇതിലേതു് ആദ്യം നടക്കും എന്നതു് ഇന്നു് നാം നേരിടുന്ന വിഷമ വൃത്തമാണു്. ഈ വിഷമ വൃത്തം മുറിച്ചു് കടക്കാനാവണം.

പ്രയോഗത്തിലൂടെയാണു് ഏതു് ഭാഷയും വളരുന്നതു്. പ്രയോഗത്തില്‍ മലയാളം ഇന്നും പിന്നിലാണെന്നതാണു് നമ്മുടെ പ്രശ്നം. സാഹിത്യ കൃതികളുണ്ടാകുന്നില്ലെന്നോ അവയുടെ ഗുണമേന്മ കുറവാണെന്നതോ സാഹിത്യ മൂല്യം കുറവാണെന്നതോ ഒന്നുമല്ല ഇവിടെ പ്രശ്നം. അതെല്ലാം വളരെ ഉയര്‍ന്നതാണു്. നമ്മുടെ സാഹിത്യം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. പക്ഷെ, മലയാളത്തിലുള്ള സൃഷ്ടികള്‍ വേണ്ടത്ര വായിക്കപ്പെടുന്നില്ല. മലയാള സാഹിത്യം ആസ്വദിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇതിനു് പരിഹാരം ഉണ്ടാകണം. ഭാഷാ സമൂഹം ഒന്നടങ്കം മലയാളം ഉപയോഗിക്കണം. മറ്റു് ഭാഷകളിലേയ്ക്കു് മലയാളം കൃതികള്‍ ആനായാസം വിവര്‍ത്തനം ചെയ്യപ്പെടണം. അതിനു് യാന്ത്രിക വിവര്‍ത്തനം വികസിക്കണം. സ്വാഭാവികമായും വിവര്‍ത്തനം ഇതര ഭാഷകളില്‍ നിന്നു് മലയാളത്തിലേയ്ക്കും അതിദ്രുതം നടക്കണം. മലയാളികള്‍ക്കു് പുറത്തു് പോയി ജോലി ചെയ്യണം. മറ്റുള്ളവരുമായി ആശയ വിനിമയം നടത്തണം. ബന്ധ ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിനും ദേശീയ ഭാഷയെന്ന നിലയില്‍ ഹിന്ദിക്കും പ്രാധാന്യം നല്‍കുന്നതു് തുടരണം. അവയും മാതൃഭാഷയോടൊപ്പം മാതൃഭാഷയിലൂടെ പഠിക്കണം. പക്ഷെ, ലോകമാകെ കൂടു് കൂട്ടുന്ന മലയാളിയ്ക്കു് ബന്ധ ഭാഷയുടെ ധര്‍മ്മം നിറവേറ്റുന്നതില്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനും പോലും പരിമിതികളുണ്ടു്. ഏതു് ഭാഷക്കാരുമായും സംവദിക്കാന്‍ മലയാളിയ്ക്കു് കഴിയണം. അതിനു് യാന്ത്രിക വിവര്‍ത്തനവും മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുന്ന സങ്കേതങ്ങളും തത്സമയം പ്രയോഗിക്കാന്‍ കഴിയണം. അതിനുള്ള സാങ്കേതിക വിദ്യ തയ്യാറാണു്. മലയാളത്തിനുള്ള സങ്കേതങ്ങള്‍ നാം തന്നെ വികസിപ്പിച്ചാലേ നടക്കൂ. അതിനാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ നമ്മെ പ്രാപ്തരാക്കൂ. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ പ്രാദേശിക സാങ്കേതിക സ്വാംശീകരണം അനുവദിക്കുന്നില്ല. മൂലകോഡുകള്‍ ലഭ്യവുമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറാകട്ടെ സ്വതന്ത്രമായ ഉപയോഗവും പകര്‍ത്തലും പഠനവും മാറ്റം വരുത്തലും വികസനവും കൈമാറലും വ്യാപനവും വില്പനയും പോലും അനുവദിക്കുന്നു. അതേ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും അനുവദിക്കണമെന്നു് മാത്രമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് വ്യവസ്ഥ അനുശാസിക്കുന്നതു്. ഇതു് പരിഗണിക്കുമ്പോള്‍, വിവര സാങ്കേതിക സ്വാംശീകരണത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങേണ്ടതു് ആവശ്യമാണു്.

നിലവില്‍ ഹിന്ദിക്കും ഗുജറാത്തിക്കും ബംഗാളിക്കും തെലുങ്കിനും കന്നടയ്ക്കും തമിഴിനും ഈ സൌകര്യങ്ങള്‍ ഗൂഗിള്‍ വിവര്‍ത്തനം നല്‍കുന്നുണ്ടു്. മലയാളത്തിനു് അതു് പോലുമില്ല. ഇക്കാര്യം ആര്‍ക്കും കണ്ടു് ബോധ്യപ്പെടാവുന്നതാണു്.

ചുരുക്കത്തില്‍, മലയാളം മലയാളികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാകണം. അതില്ലാതെ, എല്ലാവരും മലയാളം മാധ്യമത്തില്‍ പഠിക്കണമെന്നു് ആഗ്രഹിച്ചിട്ടു് കാര്യമില്ല. ജനങ്ങള്‍ അവരുടെ ജീവിതാവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണു് മാതൃഭാഷയേയും കാണുന്നതു്. നാട്ടില്‍ ജോലിയില്ല. ജോലിക്കു് വിദേശത്തു് പോകണം. ഭരണത്തില്‍ ഇംഗ്ലീഷിനു് പ്രാമുഖ്യം. കോടതിയിലും കോളേജുകളിലും അതു് തന്നെ. അപ്പോള്‍ പിന്നെ ആദ്യം മുതലേ ഇംഗ്ലീഷ് മാധ്യമം നല്ലതാണെന്ന കാഴ്ചപ്പാടിലേയ്ക്കു് ജനങ്ങളെത്തി. അതിനു് രാഷ്ട്രീയ സംഘടനകളും ജാതി-മത-വര്‍ഗ്ഗീയ സംഘടനകളും കൂട്ടു് നിന്നു. അതാണു് മലയാളം ഇന്നു് നേരിടുന്ന മുരടിപ്പിന്റെ പശ്ചാത്തലം. പഴയ മലയാളം സ്വപ്നം കാണുന്നതു് കൊണ്ടോ പഴമയേക്കുറിച്ചു് ഊറ്റം കൊള്ളുന്നതു് കൊണ്ടോ മലയാള ഭാഷ ഇന്നു് നേരിടുന്ന മുരടിപ്പു് മാറില്ല. ഭാഷ വളരണം. പുതിയ വിവര സാങ്കേതിക വിദ്യ തുറന്നു് തരുന്ന സാധ്യതകള്‍ പരമാവധി ഉപയോഗിക്കപ്പെടണം. ഇംഗ്ലീഷാണു് വിവിര സാങ്കേതിക വിദ്യയുടെ ഭാഷ എന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ടു്. അതു് മാറണം. കമ്പ്യൂട്ടറിന്റേയും എല്ലാ ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളുടേയും ആഗോള വിവര വിനിമയ ശൃംഖലയുടേയും ഭാഷ ബൈനറിയാണു്. അതിനു് മുകളിലാണു് ഇംഗ്ലീഷ് വരുന്നതു്. ഇംഗ്ലീഷ് പോലെ തന്നെ മലയാളവും ഉപയോഗിക്കാം. ഇംഗ്ലീഷിനു് അക്ഷരങ്ങള്‍ കുറവായതു് ഒരു മേന്മയായി ടൈപ്പു് റൈറ്ററിന്റേയും അച്ചു് നിരത്തി അച്ചടി നടത്തിയിരുന്ന ഘട്ടത്തിലും കമ്പ്യൂട്ടറില്‍ തന്നെ പരിമിതമായ എണ്ണം കോഡുകളുള്ള ASCII ഉപയോഗിച്ചിരുന്ന ഘട്ടത്തിലും, മുന്‍കാലത്തു്, അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അനന്ത സാധ്യതകളുള്ള യൂണീകോഡിന്റെ പ്രയോഗത്തോടെ ഇംഗ്ലീഷിന്റെ ആ മേന്മ അപ്രസക്തമായി. ഇംഗ്ലീഷിനു് എഴുതുന്നതും വായിക്കുന്നതും വ്യത്യസ്തമാണെന്ന കുറവു് അതിന്റെ പഠനം ബുദ്ധിമുട്ടാക്കുമ്പോള്‍ എഴുതുന്നതു് തന്നെ വായിക്കുന്ന മലയാളമടക്കം ഇന്‍ഡിക് ഭാഷകളുടെ പഠനവും യാന്ത്രിക സങ്കേതങ്ങളിലെ പ്രയോഗവും എളുപ്പമാക്കുന്നു. മലയാളത്തിന്റെ മുരടിപ്പു് മാറ്റാന്‍ അതിനെ ആധുനിക വിവര സങ്കേതങ്ങളുപയോഗിച്ചു് പരിപോഷിപ്പിക്കണം. അതിനായി ഭാഷയിലോ ഭാഷാ നിയമങ്ങളിലോ ലിപിവ്യവസ്ഥയിലോ മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഭാഷയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു് തന്നെ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മതി. സ്വകാര്യ സോഫ്റ്റ്‌വെയറുകളില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണു് അതൊഴിവാക്കി ഭാഷയും ലിപിയും മാറ്റണമെന്നു് അതിന്റെ വക്താക്കള്‍ വാദിക്കുന്നതു്.

അത്തരത്തില്‍ തത്സമയ വിവര്‍ത്തനം മൊഴിമാറ്റം തുടങ്ങിയവയിലൂടെ ഏതു് പുതിയ വിവരവും തത്സമയം മലയാളത്തിലെത്തുകയും മലയാളത്തിലേതു് ഏതു് ലോക ഭാഷയിലും ലഭ്യമാകുകയും മലയാളി മറ്റേതു് ഭാഷക്കാരനുമായി മലയാളത്തില്‍ പറയുന്നതു് മറ്റേയാളുടെ ഭാഷയില്‍ അയാള്‍ക്കും അയാള്‍ അയാളുടെ ഭാഷയില്‍ പറയുന്നതു് മലയാളിക്കു് മലയാളത്തിലും ലഭ്യമാകുന്ന സ്ഥിതി സൃഷ്ടിക്കണം. ഇതേ സങ്കേതങ്ങള്‍ ഉപയോഗിച്ചു് ഭരണത്തിലും കോടതികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആര്‍ക്കും ഏതു് ഭാഷയും ഉപയോഗിക്കാമെന്ന സ്ഥിതി വരണം. അപ്പോള്‍ മലയാളം ബോധന മാധ്യമവും ഭരണ ഭാഷയും കോടതി ഭാഷയുമാക്കി മാറ്റുന്നതില്‍ ആര്‍ക്കും ന്യായമായ ഒരെതിര്‍ വാദവും ഉന്നയിക്കാനുള്ള അവസരം ഉണ്ടാകില്ല. മലയാളം മലയാളികള്‍ നെഞ്ചോടേറ്റും. മലയാളി മലയാളിയായി തന്നെ വിശ്വ പൌരനായി അറിയപ്പെടും.

പ്രവര്‍ത്തന പരിപാടി

നമുക്കു് നമ്മുടെ ഭാഷ വികസിപ്പിച്ചു് അതുപയോഗിക്കുകയാണു് നമ്മുടെ പുരോഗതിക്കു് നല്ലതു് എന്ന കാഴ്ചപ്പാടു് ഉണ്ടാകണം. അതിനായി നമ്മുടെ ഭാഷ പരമാവധി ഉപയോഗിക്കാന്‍ തയ്യാറാകണം. നാലാം ക്ലാസ് വരേയെങ്കിലും എല്ലാ വിഷയങ്ങളുടേയും പഠന മാധ്യമം ഇപ്പോള്‍ തന്നെ നിര്‍ബ്ബന്ധമായും മലയാളമാക്കണം. ഇക്കാലയളവില്‍ തന്നെ മറ്റു് ഭാഷകളും പഠിച്ചു് തുടങ്ങാം. തുടര്‍ന്നു് പത്താം തരം വരെ തൊഴിലധിഷ്ഠിത പഠനവും തുടര്‍ന്നു് ഉന്നത പഠനവും ഗവേഷണവും താഴെ പറയുന്ന പരിപാടികള്‍ ഫല പ്രാപ്തിയിലെത്തുന്നതു് വരെ നിലവിലുള്ളതു് പോലെ യുക്തമായ ഭാഷകളില്‍ തുടരട്ടെ.

അതേ സമയം, ഭാഷാ പോഷക വകുപ്പുകളും സ്ഥാപനങ്ങളും മലയാളത്തില്‍ ഭാഷോപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും സംഗീതമടക്കം (ഇനിയേതെങ്കിലും മേഖലയില്‍ മലയാളം പാഠാവലി ഇല്ലെങ്കില്‍ അവയും) വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള മലയാളം പാഠാവലി തയ്യാറാക്കുന്നതിനുമുള്ള ശ്രമം ആരംഭിക്കണം. യാന്ത്രിക വിവര്‍ത്തനം മൊഴിമാറ്റം തുടങ്ങിയ ഭാഷോപകരണങ്ങള്‍ മലയാളത്തിനായി വികസിപ്പിക്കാന്‍ ഭാഷാ വിദഗ്ദ്ധരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരും അടങ്ങുന്ന കൂട്ടായ്മകളെ ഏല്പിക്കണം. മലയാളത്തില്‍ പാഠാവലി ഇല്ലാത്ത എല്ലാ വിഷയങ്ങളുടെ കാര്യത്തിലും ബന്ധപ്പെട്ട വിദഗ്ദ്ധരുടെ കൂട്ടായ്മകളെ ഏല്പിക്കണം. ഇന്നത്തെ സാഹചര്യത്തില്‍, പ്രത്യേകിച്ചും വിദൂര വിദ്യാഭ്യാസവും വിവര സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസവും സാധ്യമായിരിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ സേവനവും വ്യത്യസ്ത വിഷയ സമിതികള്‍ ഉപയോഗിക്കുന്നതു് നന്നായിരിക്കും. ഒരേ സമയം ക്ലാസ് മുറി പഠനത്തിനും മേല്പറഞ്ഞ വിവര സാങ്കേതികാധിഷ്ഠിത-വിദൂര വിദ്യാഭ്യാസ മേഖലകളിലും പാഠ്യക്രമവും പഠനസാമഗ്രികളും തയ്യാറാക്കാന്‍ അതുപകരിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഭാഷാ സങ്കേതിക വിദ്യയിലും (Natural Language Processing) പ്രാവീണ്യം നേടിയവരുടെ കുറവു് പരിഹരിക്കാന്‍ പരിശീലന പരിപാടി സമാന്തരമായി നടക്കണം. വിവര സാങ്കേതിക രംഗത്തെ എഞ്ചിനിയറിങ്ങു് ബിരുദ ധാരികളെ തിരഞ്ഞെടുത്തു് സാങ്കേതിക പരിശീലനം നല്‍കണം. മൂന്നു് മാസം മതിയാകും. ഭാഷാ വിദഗ്ദ്ധര്‍ക്കു് വിവര ശൃംഖലയുടെ പ്രയോഗ പരിചയവും സാങ്കേതിക വിദ്യയുടെ പൊതു ധാരണയും സാധ്യതകളും പകര്‍ന്നു് നല്‍കുന്നതിനുള്ള പരിശീലനം ആവശ്യമാണു്. ഭാഷാ സങ്കേതങ്ങളുടേയും പാഠാവലിയുടേയും മറ്റും പ്രാഗ് രൂപങ്ങള്‍ സമയ ബന്ധിതമായി (പ്രാഥമിക ഘട്ടം ആറു് മാസം) സൃഷ്ടിച്ചു് സമൂഹത്തിനു് പരിശോധനയ്ക്കും ഉപയോഗത്തിനുമായി നല്‍കണം. അവയെല്ലാം സ്വതന്ത്രമായ ഉപയോഗാവകാശത്തോടെ പൊതു വിവര വിനിമയ ശൃംഖലയില്‍ ലഭ്യമാക്കണം. അദ്ധ്യാപകരും വിദ്യാര്‍ത്തികളും അവ ഉപയോഗിച്ചു് അവരുടെ അനുഭവങ്ങള്‍ തിരിച്ചു് നല്‍കണം. അതനുസരിച്ചു് യുക്തമായ മാറ്റങ്ങള്‍ വരുത്തണം. ഒരു നല്ല ശതമാനം തൃപ്തികരമായി ഉപയോഗിക്കാറായാല്‍ പൊതുവായി ഉപയോഗിച്ചു് തുടങ്ങാം. ഏതാണ്ടു് ആറു് മാസക്കാലം കൊണ്ടു് ഈ ഘട്ടം കടക്കാം. ബാക്കി കുറവുകള്‍ പ്രയോഗത്തിലൂടെ ഉരുത്തിരിയുന്ന പ്രശ്നങ്ങളും സാധ്യതകളും ഉപയോഗിച്ചു് വിവര സാങ്കേതിക വിദ്യയുടെ സിദ്ധികള്‍ ഒരുക്കിത്തരുന്ന സങ്കേതങ്ങളും പശ്ചാത്തല സൌകര്യങ്ങളും ഉപയോഗിച്ചു് ഒരു വിദഗ്ദ്ധ സംഘം പരിഹരിക്കും. അത്തരം തിരുത്തലുകളിലൂടെ ആ വ്യവസ്ഥ മെച്ചപ്പെടുത്തപ്പെടും. ഒരു വര്‍ഷം കൊണ്ടു് ഈ ഘട്ടം തരണം ചെയ്യാം.

ലോക ഭാഷകളിലുള്ള വിജ്ഞാനം വലിയ തോതില്‍ മലയാളത്തില്‍ ലഭ്യമാക്കുക എന്നതായിരിക്കണം ആദ്യ ഘട്ട പ്രവര്‍ത്തനം. അതിലൂടെ വിവിധ മേഖലകളില്‍ മലയാളം പുഷ്ടിപ്പെടണം. മലയാളത്തില്‍ ഇല്ലാത്ത വാക്കുകള്‍ വേറെ ഭാഷകളില്‍ നിന്നു് ഏറ്റവും അനുയോജ്യമായവ എടുത്തു് ആദ്യഘട്ടത്തില്‍ ഉപയോഗിക്കണം. വിവിധങ്ങളായ അത്തരം കണ്ടെത്തലുകളില്‍ നിന്നു് മെച്ചപ്പെട്ടവ തിരഞ്ഞെടുക്കാനുള്ള ഒരു ഭാഷാ വിദഗ്ദ്ധ സമിതി രൂപീകരിക്കണം. അവര്‍ക്കു് ആവശ്യമെങ്കില്‍ മലയാളത്തനിമയോടെ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിക്കാം. തുടര്‍ന്നു് പ്രയോഗത്തിലൂടെ നല്ലതെന്നു് പൊതുവെ അംഗീകരിക്കപ്പെടുന്നതും മലയാളത്തിനു് കൂടുതല്‍ ഇണങ്ങുന്നതുമായവ മാനകങ്ങളായി അംഗീകരിക്കപ്പെടണം. വിവര ശൃംഖലയില്‍ അവയെല്ലാം എല്ലാവര്‍ക്കും ലഭ്യമാകും. അവയുടെ പ്രയോഗത്തിലൂടെ അംഗീകാരം നേടും. ഇത്തരത്തില്‍ മലയാള ഭാഷ ഏതു് വിഷയവും കൈകാര്യം ചെയ്യാനുതകുന്ന ഭാഷയായി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരും. ഇതിന്റെ കാല ദൈര്‍ഘ്യം നിര്‍ണ്ണയിക്കപ്പെടുന്നതു് മലയാളികള്‍ ഇതെല്ലാം എത്ര കണ്ടു് ഉപയോഗിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കും. ക്രമേണ ഏതു് വിഷയവും മലയാളത്തിനു് വഴങ്ങും. ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാസവും മലയാളം മാധ്യമത്തിലേയ്ക്കു് മാറ്റാം. ആര്‍ക്കെങ്കിലും മറ്റേതു് ഭാഷയെങ്കിലും വേണമെന്നു് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ അവര്‍ക്കു് അവരുടെ ഭാഷയില്‍ പഠിക്കാനുള്ള സംവിധാനം വിവര സാങ്കേതിക സൌകര്യങ്ങളുടെ സഹായത്തോടെ ലഭ്യമാക്കാം. മറ്റു് ഭാഷക്കാരുമായുള്ള സംവേദനത്തിനും അതേ സൌകര്യങ്ങള്‍ ഉപകരിക്കും. ലോകത്തു് ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ അടക്കം ഏതു് വിഷയങ്ങളിലും ഉണ്ടാകുന്ന ഏതു് പുതിയ സൃഷ്ടികളും വിജ്ഞാനവും തത്സമയം മലയാളത്തിലും ലഭ്യമാകും. മറ്റൊരു ഭാഷയ്ക്കും പിന്നിലാകാതെ മലയാളം വളര്‍ന്നു് കൊണ്ടിരിക്കും. മലയാളം ലോക ഭാഷയായി ഉയരും. ഓരോ മലയാളിയും മറ്റു് രണ്ടു് ഭാഷകളെങ്കിലും കൂടി പഠിക്കും. അവ നന്നായി പഠിക്കാനും മലയാളം മാധ്യമത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം അവരെ സഹായിക്കും. ക്രമേണ ഇന്നു് കാണുന്ന ഇംഗ്ലീഷ് പ്രേമം ഇല്ലാതാകും. മലയാളികള്‍ മലയാളികളായി തന്നെ വിശ്വ പൌരന്മാരായി തല ഉയര്‍ത്തി നടക്കും.

മേല്പറഞ്ഞതിനു് സമാന്തരമായി, നമ്മുടെ വിവര സാങ്കേതിക പഠനത്തിന്റെ ദിശ മാറ്റി, അവയെല്ലാം മലയാളത്തിന്റെ വികാസത്തിനാവശ്യമായ കാര്യങ്ങളിലേയ്ക്കു് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാകണം. ഭാഷോപകരണങ്ങളോടൊപ്പം ഭരണോപകരണങ്ങളും വ്യവസായോപകരണങ്ങളും വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമവും ഉണ്ടാകണം. അതിലൂടെ പഠിതാക്കളുടെ വൈദഗ്ദ്ധ്യപോഷണം നടത്തണം. സമാന്തരമായി മേല്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ വിശകലനത്തിലൂടെ അമൂര്‍ത്തമായ തലത്തില്‍ വിവര സാങ്കേതിക വിദ്യയും അതിന്റെ നിയമങ്ങളും ഉള്ളടക്കവും സ്വായത്തമാക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം.

ഭാഷാ വികസന ശ്രമത്തിന്റെ ഭാഗമായി അടിയന്തിരമായി നമുക്കു് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണു് മലയാളത്തില്‍ ശാസ്ത്രീയ സംഗിത പഠനത്തിനുള്ള വ്യവസ്ഥ (നല്ല അര്‍ത്ഥ പൂര്‍ണ്ണമായ ഉള്ളടക്കവുമുള്ള പാഠങ്ങളും പാഠ്യ ക്രമവും പഠന രീതിയും അടങ്ങിയതു്) സൃഷ്ടിക്കുക എന്നതു്. നമ്മുടെ സര്‍വ്വ കലാശാലകളും സംഗീത കോളേജുകളും അവിടെയുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഭരണാധികാരികളും ശ്രദ്ധിക്കേണ്ട ഒരു മേഖലയാണിതു്. സംഗീത-കലാ പോഷക സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഏകോപനത്തിനു് തയ്യാറാകണം. മലയാള കവി-സാഹിത്യ പ്രതിഭകളേയും സംഗീത വിദഗ്ദ്ധരേയും മൊത്തത്തില്‍ ഒരു വേദിയില്‍ കൊണ്ടു് വന്നു് അവരുടെ സര്‍ഗ്ഗ സൃഷ്ടികള്‍ കൊണ്ടു് സംഗിത പാഠാവലി തയ്യാറാക്കാന്‍ ശ്രമിക്കാം. ഇത്തരം വിപുലമായ പ്രവര്‍ത്തനങ്ങള്‍ വിവര സാങ്കേതിക ശൃംഖലയിലൂടെ ഏകോപിപ്പിക്കണം.

ഇതേ രീതിയില്‍ കണക്കിനും ശാസ്ത്രത്തിന്റെ വിവിധ മേഖലകള്‍ക്കും സാങ്കേതിക വിദ്യയ്ക്കും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി തന്നെ വിവിധ വിഷയ വിദഗ്ദ്ധരുടെ സമിതികള്‍ രൂപീകരിച്ചു് നടത്താം. അവയിലെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ സഹായവും ലഭ്യമാക്കണം. ലോക വിജ്ഞാന ശേഖരവുമായുള്ള ആദാന-പ്രദാനങ്ങളിലൂടെ മലയാളത്തെ വികസിപ്പിക്കുക എന്നതാണു് നടത്തേണ്ടതു്. അതിനായി മേല്പറഞ്ഞ വിവര സാങ്കേതികോപകരണങ്ങളും ശൃംഖലയും അതില്‍ ലഭ്യമാകുന്ന ഉള്ളടക്കവും ഉപയോഗിക്കുക എന്നതാണു് സമീപനം. ആവശ്യമായിടത്തു് മറ്റു് സര്‍വ്വ കലാശാലകളുമായുള്ള കൊടുക്കല്‍ വാങ്ങലും ബന്ധങ്ങളും ഉപയോഗപ്പെടുത്താം.

സമഗ്ര സമീപനം ആവശ്യം - മൊത്തത്തില്‍, എല്ലാ മേഖലകള്‍ക്കും ബാധകമായ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ടു്. തോന്നിയതു് പോലെ ഗവേഷണ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു് പകരം ഗവേഷണ മേഖലകള്‍ (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ അധിഷ്ഠിതമായ മലയാളം വിവര്‍ത്തനോപകരണങ്ങള്‍, മൊഴിമാറ്റോപകരണങ്ങള്‍, സ്വതന്ത്ര വിജ്ഞാനത്തിലധിഷ്ഠിതമായ ജൈവ സാങ്കേതിക വിദ്യ തുടങ്ങി കാലിക പ്രധാനമായ വിഷയങ്ങള്‍) സര്‍ക്കാരും സമൂഹവും നിര്‍ണ്ണയിക്കുക, ഒരു തുടര്‍ച്ചയുണ്ടാകത്തക്കവിധം എല്ലാ ഗവേഷണ വിവരങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സൂക്ഷിക്കുകയും തുടര്‍ ഗവേഷണം ക്രമീകരിക്കുകയും ചെയ്യുക, അത്തരത്തില്‍ മുന്‍ ഗവേഷണങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുക, വളരെ നീതീകരണമുള്ള വിഷയങ്ങള്‍ക്കു് മാത്രം ഇക്കാര്യത്തില്‍ ഇളവു് നല്‍കുക, മേല്പറഞ്ഞ എല്ലാ പരിപാടികളിലും വിവിധ വിജ്ഞാന മേഖലകളിലെ സ്ഥാപനങ്ങളുടേയും സംരംഭകരുടേയും വിദഗ്ദ്ധരുടേയും പൊതു സമൂഹത്തിന്റേയും കൂട്ടായ ഇടപെടല്‍ ഉറപ്പാക്കുക, അവരുടെയെല്ലാം ബാധ്യതാ നിര്‍വ്വഹണത്തിനൊപ്പം തന്നെ സാമൂഹ്യ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ കാര്യങ്ങളും പ്രധാനമാണു്. ഒരു പങ്കാളിത്ത ജനാധിപത്യ വ്യവസ്ഥയുടെ സൃഷ്ടിക്കു് സമഗ്രമായ സമീപനം ഉരുത്തിരിച്ചെടുക്കുകയും വേണം.

മേല്പറഞ്ഞ വിവിധ പരിപാടികളുടെ സന്തുലിതമായ നിര്‍വ്വഹണത്തിലൂടെ നമുക്കു് ആവശ്യമായ ഭാഷോപകരണങ്ങളും ഭാഷയും വിജ്ഞാന ശേഖരവും വികസിപ്പിച്ചെടുക്കുകയും മാതൃ ഭാഷാ മാധ്യമത്തിലൂടെ വിവിധ വിഷയങ്ങളുടെ പഠനം ഉറപ്പാക്കുകയും നമ്മുടെ സമൂഹത്തിന്റെ ഗണിത, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, വിജ്ഞാന നിലവാരം ഉയര്‍ത്തുകയും ചെയ്യാം.

ജോസഫ് തോമസ്

പ്രസിഡണ്ടു് ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ.

08-11-2012.

Monday, November 5, 2012

വേണ്ടാത്ത ലിപി പരിഷ്കരണവും മലയാളം സര്‍വ്വകലാശാലയുടെ ഉത്തര വാദിത്വത്തില്‍ പെടുന്നു



മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സിനേക്കുറിച്ചു് മാതൃഭൂമി പറയുന്നതു് -

"സര്‍വകലാശാലയുടെ ചുമതലയായി ഒന്നാമത് പറഞ്ഞിരിക്കുന്നത് ഇതാണ് : മലയാള ഭാഷയിലും സാഹിത്യത്തിലും തര്‍ജമയിലും താരതമ്യസാഹിത്യത്തിലും നാടോടി, ശാസ്ത്രീയ, അനുഷ്ഠാന കലകളിലും ഗോത്രസംസ്‌കാരത്തിലും പാരമ്പര്യ വിജ്ഞാന സമ്പ്രദായങ്ങളിലും കളരി പഠനത്തിലും മാധ്യമ പഠനത്തിലും ബോധനം നല്‍കുക. മലയാള ലിപി കമ്പ്യൂട്ടര്‍ ഉപയോഗത്തിന് അനുയോജ്യമാക്കുക, സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കുക, സ്വാതിതിരുനാള്‍, രാജാരവിവര്‍മ, കുമാരനാശാന്‍, സി.വി.രാമന്‍പിള്ള, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, എന്നിവരുടെ പേരില്‍ തുടക്കത്തില്‍ ചെയറുകള്‍ തുടങ്ങുക എന്നിവയും സര്‍വകലാശാലയുടെ ചുമതലയില്‍ ഉള്‍പ്പെടുന്നു. “

മറ്റേതെങ്കിലും സര്‍വ്വ കലാശാലകള്‍ക്കു് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും കാര്യം മേല്പറഞ്ഞ കൂട്ടത്തിലുണ്ടോ ആവോ ? ഇതിലൂടെ മലയാളം സര്‍വ്വ കലാശാലയുടെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തില്‍ ഒട്ടെല്ലാ സര്‍വ്വകലാശാലകളിലും മലയാളവും വിവരസാങ്കേതിക വിദ്യയും അടക്കം മേല്‍ പട്ടികയില്‍ വരുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ വകുപ്പുകളും സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ടു് മിക്കവയും പഠന വിഷയമാണു്. ഗവേഷണ വിഷയവുമാകാം. ഏതെങ്കിലും വിഷയം പഠനത്തിനോ ഗവേഷണത്തിനോ വിധേയമല്ലെങ്കില്‍ അവയും തുടങ്ങാവുന്നതേയുള്ളു. ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ 'മലയാളത്തനിമ' ലിപിപരിഷകരണം ഒരിക്കല്‍ നടത്തിയതല്ലേ ? മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് കമ്പ്യൂട്ടറിനു് മലയാളത്തെ അനുയോജ്യമാക്കുകയാണോ മലയാളത്തില്‍ വിവര വിനിമയോപാധികള്‍ പ്രയോഗിക്കാന്‍ തയ്യാറാവുകയാണോ വേണ്ടതു് ?

ഇക്കാര്യത്തില്‍ ഈ സര്‍ക്കാരിനെ ആരാണു് ഉപദേശിക്കുന്നതു് ? വിവര സാങ്കേതിക കച്ചവടക്കാരെയാകാം ഉപദേശികളായി കാണുന്നതു്. അതുമല്ലെങ്കില്‍ കച്ചവടക്കാര്‍ പറയുന്നതു് മാത്രം കേട്ടു് പാഠ്യ പദ്ധതി തയ്യാറാക്കി പഠിപ്പിക്കുന്ന അക്കാഡമിക് വിദഗ്ദ്ധരാകാം.

ഒരു കാര്യം സര്‍ക്കാരും അക്കാഡമിക് വിദഗ്ദ്ധരും സമൂഹവും കാണണം. കച്ചവടക്കാര്‍ ഒരിക്കലും പുതുതായി ഒന്നും സൃഷ്ടിക്കുന്നില്ല. മറ്റുള്ളവര്‍, പ്രത്യേകിച്ചും സാമൂഹ്യ സംരംഭകര്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയാലോ തങ്ങളുടെ ജീവിതാവശ്യങ്ങളാലോ പ്രേരിപ്പിക്കപ്പെട്ടു് സൃഷ്ടിക്കുന്നവ അനുകരിച്ചു് ചരക്കാക്കി വില്കുകയാണു് കച്ചവടക്കാര്‍ ചെയ്യുന്നതു്. കച്ചവടം ആവശ്യമാണു്. വിതരണത്തിനുള്ള ഒരുപാധിയെന്ന നിലയില്‍. പക്ഷെ, അവരെ ആശ്രയിച്ചു് അവര്‍ക്കു് വേണ്ടി മാത്രം, അവരാണു് ഏറ്റവും വലിയ സംരംഭകരെന്ന ധാരണയില്‍ ഭരിക്കാന്‍ പോയാല്‍ ഇത്തരം വിഡ്ഡി വേഷം കെട്ടേണ്ട ഗതികേടു് ഭരണാധികാരികള്‍ക്കുണ്ടാകും.

തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും ഇക്കാര്യത്തില്‍ സമാന സ്ഥിതിയിലാണോ ? അവരും ഐടി കച്ചവടക്കാരുടെ ഉപദേശത്താലാണോ നയിക്കപ്പെടുന്നതു്. എങ്കില്‍ അവരുടെ ഉദ്യോഗസ്ഥ പ്രമത്തതയും അധികം കാലം നിലനില്‍ക്കില്ല. ഐടി കച്ചവടക്കാര്‍ നടപ്പാക്കുന്ന ഇ-ഭരണവും ഇ-സ്ഥാപനഭരണവും അവരെ കച്ചവടക്കാരുടെ ഏറാന്‍ മൂളികളാക്കും. ഭരണത്തില്‍ അവര്‍ക്കുള്ള പങ്കു് ശിപായികളുടേതു് മാത്രമാകും. ഭരണം - നയരൂപീകരണം, ആസൂത്രണം, പരിപാടി, നിര്‍വ്വഹണം, സേവനം എല്ലാം അവരെഴുതിക്കൊണ്ടുവരുന്ന സോഫ്റ്റ്‌വെയര്‍ കോഡായിരിക്കും നിര്‍ണ്ണയിക്കുക. വിവര സാങ്കേതിക വിദ്യ ജനകീയമാകേണ്ടതിന്റെ, സമൂഹത്തിന്റെ പൊതു വിജ്ഞാനമായിത്തീരേണ്ടതിന്റെ, ആവശ്യകതയാണിതു് ചൂണ്ടിക്കാണിക്കുന്നതു്.

അതു് ഉറപ്പാക്കുന്നതു് കച്ചവടക്കാര്‍ കൊണ്ടുവരുന്ന സങ്കേതങ്ങളല്ല, സ്വതന്ത്രമായി സമൂഹത്തിനു് എടുത്തുപയോഗിക്കാവുന്നതും ഉപയോഗിക്കുന്ന ആരുടേയും സാങ്കേതിക വൈദഗ്ദ്ധ്യ പോഷണത്തിനുതകുന്നതുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.

മലയാളത്തിന്റെ വികാസത്തിനു് ആവശ്യമായതു് ലിപി പരിഷ്കരണമല്ല, മലയാളത്തില്‍ വിവര വിനിമയ സങ്കേതങ്ങളായ വിവര്‍ത്തനവും ലിപിമാറ്റലും (രണ്ടും മലയാളത്തിലേയ്ക്കും മറ്റു് ഭാഷകളിലേയ്ക്കും), വായ്മൊഴി എഴുത്തായും എഴുത്തു് വായ്മൊഴിയായും മാറ്റുക തുടങ്ങിയവ സമൂഹമാകെ ഉപയോഗിക്കുവാനുള്ള പശ്ചാത്തലമൊരുക്കുക എന്നതാണു് എന്ന കാര്യം പല ചര്‍ച്ചകളിലും ഉന്നയിക്കപ്പെട്ടതാണു്. ശരിയായ ഭാഷോപകരണങ്ങളുടെ വ്യാപകമായ ഉപയോഗത്തിലൂടെ മലയാളം മറ്റു് ഭാഷകളുമായി തത്സമയ ആദാന-പ്രദാനത്തിലൂടെ വളര്‍ന്നു് വരും. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും എല്ലാം ഭാഷയായി വളരും. ബോധന മാധ്യമമായി മലയാളം ഉപയോഗിക്കാറാകും. മലയാളികള്‍ മലയാളം മാധ്യമത്തിലേയ്ക്കു് തിരിച്ചു് വരുന്നതാണു് തങ്ങളുടെ താല്പര്യത്തിനു് നല്ലതെന്നു് സ്വയം ബോധ്യപ്പെടും. ഭാഷോപകരണങ്ങളുടേയും വിശ്വ വിവര വലയുടേയും വ്യാപകമായ ഉപയോഗത്തിലുടെ സാധ്യമാകുന്ന ഭാഷകള്‍ തമ്മിലുള്ള ആദാന-പ്രദാനത്തിനു് പകരമാവില്ല സര്‍ക്കാര്‍ വകുപ്പുകളോ സ്ഥാപനങ്ങളോ ഭാഷാ വിദഗ്ദ്ധരോ സാഹിത്യകാരന്മാരോ ഒറ്റപ്പെട്ടു് നടത്തുന്ന വിവര്‍ത്തനവും മറ്റും.

ഇക്കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാതെ ഭരണാധികാരികളും ജാതി മത വര്‍ഗ്ഗിയ സംഘടനകളും കേരള സമൂഹത്തില്‍ സ്വന്തം ഭാഷ മോശമാണെന്ന ധാരണ പരത്തി. ഒരു തലമുറയേയാകെ ഇംഗ്ലീഷ് മീഡിയത്തിലേയ്ക്കു് തള്ളിയിട്ടു് കൊടുത്തു. ഇംഗ്ലീഷ് മീഡിയത്തിന്റെ വളര്‍ച്ചയ്ക്കായി സ്വകാര്യ-സ്വാശ്രയ മേഖല വ്യാപിപ്പിച്ചു. കേന്ദ്ര സ്കൂളുകള്‍ വ്യാപകമാക്കി. മറു ഭാഷാ മാധ്യമത്തിന്റെ പേരില്‍ അതിലേയ്ക്കു് സാധാരണക്കാരുടെ കുട്ടികളേയും വ്യാപകമായി ആകര്‍ഷിച്ചു. ഇതാ പുതിയ മനുഷ്യ വിഭവ ശേഷി മന്ത്രി കേരളത്തിനു് ഇനിയും കുറേയേറെ കേന്ദ്ര വിദ്യാലയങ്ങള്‍ ദാനം നല്‍കാന്‍ പോകുന്നു പോലും.

ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസമാണു് മലയാളികളുടെ ഇന്നത്തെ പതനത്തിനു് കാരണം. മലയാളിക്കു് ഭാഷ നഷ്ടമായിക്കൊണ്ടിരിക്കുന്നു. സംസ്കാരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മറുഭാഷാ മാധ്യമത്തിലൂടെ പഠിക്കുന്നതൊന്നും ശരിയായി സ്വാശീകരിക്കപ്പെടുന്നില്ല. ആശയ വിനിമയം എന്ന ഭാഷയുടെ ഉപയോഗം ഇംഗ്ലീഷിലൂടെയും ഏതു് മറുഭാഷയിലൂടെയും നടക്കാം. അമൂര്‍ത്തമായ ചിന്തയുടെ ഉപകരണമെന്ന ഭാഷയുടെ ഉപയോഗം മാതൃഭാഷ ബോധന മാധ്യമം ആകുമ്പോഴാണു് പൂര്‍ണ്ണതയിലെത്തുക. ഈ ഗുണം പുതിയതലമുറയ്ക്കു് ലഭിക്കാതെ പോകുന്നു. ജനാധിപത്യത്തിന്റേയും സ്വയംഭരണത്തിന്റേയും ഉയരങ്ങളിലേയ്ക്കെത്താന്‍ കഴിയാതെ സ്വന്തം ഭാഷയില്ലാത്ത സമൂഹമെന്ന നിലയില്‍ മലയാളികള്‍ നാളെ വിശ്വ സംസ്കാരത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്കു് തള്ളപ്പെടുകയും ചെയ്യും.

ഇതിനു് കാരണക്കാരായ മേല്പറഞ്ഞവരെല്ലാം മലയാളികളോടു് സമസ്താപരാധം ഏറ്റു് പറഞ്ഞു് മാപ്പിരക്കേണ്ടവരാണു്. അതിനു് പകരം അതെല്ലാം തിരികെ പിടിക്കാനെന്ന പേരില്‍ ഉത്സവ തട്ടിപ്പുകള്‍ അരങ്ങേറുകയും പല വിഷയങ്ങളുടേയും പേരില്‍ സര്‍വ്വ കലാശാലകള്‍ മുളപ്പിക്കുകയും ചെയ്യുന്നു.

ഈ സര്‍വ്വകലാശാല എന്ന ആശയത്തിന്റെ പിന്നിലുള്ള സങ്കല്പം മലയാളത്തിന്റെ ഭാവിയ്ക്കു് ഭാഷാ വിദഗ്ദ്ധരുടെ മുന്‍കൈ മാത്രം മതി എന്നതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസനത്തിനു് ICFOSS എന്നു് മുന്‍ സര്‍ക്കാരിന്റെ കാലത്തു് ഐടി വകുപ്പും ഐടി മിഷനും കണ്ടതു് പോലെ തന്നെയാണിതും. യഥാര്‍ത്ഥത്തില്‍ വേണ്ടതു് സമഗ്ര സമീപനമാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് ഭാഷയിലും സാങ്കേതിക വിദ്യയിലും ഉല്പാദനത്തിലും വിതരണത്തിലും ഉല്ലാസത്തിലും ഉപഭോഗത്തിലും പങ്കുള്ളതു് പോലെ ഭാഷയ്ക്കു് വിവര സാങ്കേതിക വിദ്യയിലും മറ്റെല്ലാ മേഖലകളിലും പങ്കുണ്ടു്. സര്‍വ്വകലാശാലകളും കച്ചവട സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്നതിന്റെ കെടുതിയാണിതു്.

എസ്എംസി മലയാളം ഭാഷോപകരണങ്ങളുടെ രംഗത്തു് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്. വളരെ വ്യക്തമായ പല ധാരണകളും രൂപപ്പെടുത്തിയിട്ടുണ്ടു്. വളരെ ശക്തമായ നിലപാടെടുത്തിട്ടുമുണ്ടു്. എന്നിട്ടും ആസ്ഥാന വിദഗ്ദ്ധരും ഭാഷാ സമൂഹവും വിവര ദോഷം മാത്രം പറയുകയും കാണിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഭാഗത്തു് നിന്നു് ഒട്ടൊരു വികാര വിക്ഷോഭം ഉണ്ടാകുന്നതു് സ്വാഭാവികം മാത്രമാണു്. ഇത്ര കാലമായിട്ടും ഇക്കാര്യം ശ്രദ്ധിക്കാനും പഠിക്കാനും നമ്മുടെ ഭരണ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭാഷാ വിദഗ്ദ്ധര്‍ക്കും കഴിയാതെ പോയി എന്നു് വിശ്വസിക്കാനാവില്ല. അറിവില്ലായ്മ, അറിയാനുള്ള അവസരം കിട്ടാതെ പോകുന്നതു് മൂലമായാല്‍ കുറ്റകരമല്ല. പക്ഷെ, അറിഞ്ഞിട്ടും പഠിക്കാതിരിക്കുന്നതു് അഹങ്കാരമാണു്, ക്ഷമയോ മാപ്പോ അര്‍ഹിക്കുന്നതുമല്ല.

ഏതായാലും ഈ മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സ് കേരള ഭരണത്തിന്റേയും കേരള നിയമനിര്‍മ്മാണ സഭയുടേയും ഗവര്‍ണ്ണറുടേയും ധാരണകളിലേയ്ക്കും നിലപാടുകളിലേയ്ക്കും സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നതിനു് അവസരം ഒരുക്കിയിരിക്കുന്നു.

മലയാളം ആധുനികമാക്കാന്‍ ലിപി പരിഷ്കരണമോ ഭാഷാ പരിഷ്കരണമോ അല്ല വേണ്ടതു് എന്നകാര്യം അറിയാത്തവരാണു് ഈ ഓര്‍ഡിനന്‍സിറക്കിയ കേരള ഭരണം നയിക്കുന്നതു് എന്നതു് കേരളീയര്‍ക്കും മലയാളത്തിനും ഭൂഷണമായില്ല.

ഭാഷയും ലിപിയും സാങ്കേതിക വിദ്യയ്ക്കു് വഴങ്ങണമെന്ന കാഴ്ചപ്പാടു് ഭാഷയെ വികലമാക്കും. ഇതു് അടിമ ബോധത്തില്‍ നിന്നുരുത്തിരിയുന്ന കാഴ്ചപ്പാടാണു്. ഈ അടിമത്തം സാങ്കേതിക വിദ്യയോടായാലും ഇംഗ്ലീഷിനോടായാലും നമ്മുടെ ഭരണാധികാരികള്‍ മാപ്പര്‍ഹിക്കുന്നില്ല. മറിച്ചു്, സാങ്കേതിക വിദ്യ എന്നു് പറയുന്നതു് തന്നെ ശാസ്ത്രത്തിന്റെ പ്രത്യേക രംഗങ്ങളിലെ പ്രയോഗമെന്ന നിലയില്‍ ഭാഷയ്ക്കു് വഴങ്ങാന്‍ നിര്‍ബ്ബന്ധിതമാണു്. ആവശ്യമായ സങ്കേതങ്ങള്‍ കണ്ടെത്തുകയോ വികസിപ്പിക്കുകയോ ചെയ്യുക എന്നതാണു് സമൂഹം ചെയ്യേണ്ടതു്. അല്ലാതെ ആരെങ്കിലും ഉണ്ടാക്കിയ ഉപകരണങ്ങള്‍ക്കു് നമ്മുടെ ഭാഷയെ പരുവപ്പെടുത്തുകയല്ല. എത്രയോ വര്‍ഷമായി നമ്മള്‍ മലയാളം അതിന്റെ എല്ലാ തനിമയോടെയും കമ്പ്യൂട്ടറില്‍ ഉപയോഗിച്ചു് പോരുന്നു. സാങ്കേതിക വിദ്യാ കച്ചവടക്കാരാണു് ഭാഷയെ വികലമാക്കി തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ നേടാനായി തെറ്റായ ഉപദേശം നല്‍കുന്നതു്. ആണവ ചില്ലിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ താല്പര്യം സംരക്ഷിക്കാനായി കുഴപ്പമുണ്ടാക്കിയതു് ഉദാഹരണം. (യുണീകോഡ് കണ്‍സോര്‍ഷ്യത്തില്‍ മലയാളത്തിനു് പ്രാതിനിധ്യമില്ലെന്നതു് മറ്റൊരു പ്രശ്നം.)

ഭരണാധികരികള്‍ക്കു് ആവശ്യമായ ഉപദേശം കിട്ടാതെ പോയതു് കൊണ്ടാണു് ഇങ്ങിനെ ഉണ്ടായതെന്നു് ഇനിയെങ്കിലും പറയാതിരിക്കാന്‍ ഭരണാധികാരികള്‍ക്കു് മൊത്തത്തില്‍ ഒരു നിവേദനം തയ്യാറാക്കി കൊടുക്കേണ്ടതുണ്ടു്. അതില്‍ വിവര സാങ്കേതിക വിദ്യ ഭരണരംഗത്തും ആസൂത്രണത്തിലും ഭാഷാവികസനത്തിലും ഒരുക്കുന്ന സാധ്യതകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മേന്മകളും സാധ്യതകളും ഭാഷാ വികസനത്തിനാവശ്യമായ നടപടികള്‍, അവ നടപ്പാക്കാനാവശ്യമായ മൂര്‍ത്തമായ പരിപാടികള്‍, നടപ്പാക്കുന്നതില്‍ സഹകരണത്തിന്റേയും ജന പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റേയും ആവശ്യകത തുടങ്ങിയവ ഉണ്ടായിരിക്കണം.

എസ് എം സി യോ ഡിഎകെഎഫോ മുന്‍കൈ എടുക്കണം. എല്ലാവരും സഹകരിക്കണം. കരടു് പ്രസിദ്ധീകരിച്ചു് ചര്‍ച്ചയിലൂടെ പുഷ്ടിപ്പെടുത്തി സമയ ബന്ധിതമായി അധികാരികള്‍ക്കു് ഓണ്‍ലൈനായും അച്ചടിച്ചും കൊടുക്കണം. പൊതു ചര്‍ച്ചയ്ക്കും വിടണം.

ജോസഫ് തോമസ്.

Blog Archive