Monday, January 17, 2011
വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമ ചരിത്രം
വിവര വിനിമയം പ്രകൃതിയിലും സമൂഹത്തിലും എല്ലാക്കാലത്തും നടന്നു് പോന്നിട്ടുണ്ടു്. പ്രകൃതി പ്രതിഭാസങ്ങളിലെല്ലാം വിവര വിനിമയം നടക്കുന്നുണ്ടു്. സൂര്യോദയവും സൂര്യസ്തമയവുമടക്കം സൂര്യന്റെ പ്രയാണവും അതു് സൃഷ്ടിക്കുന്ന ദിന രാത്രങ്ങളും ആവര്‍ത്തിച്ചു് മാറിവരുന്ന കാലാവസ്ഥയും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും പ്രകൃതിയിലാകെ വിവര വിനിമയം നടത്തുന്നുണ്ടു്. വൃക്ഷ ലതാദികളുടെ വൃദ്ധിക്ഷയങ്ങളും പൂക്കാലവും പഴക്കാലവും ചുറ്റുപാടുകളില്‍ പ്രതിഫലിക്കുന്നതു് ഭൌതികാഘാതങ്ങള്‍ പോലെ തന്നെ വിവര വിനിമയത്തിലൂടെ കൂടിയാണു്.
സമൂഹത്തിലാകട്ടെ, എല്ലാക്കാലത്തും അന്നുണ്ടായിരുന്ന വിവര വിനിമയ രീതിക്കു് അതിന്റേതായ സങ്കേതങ്ങളും ഉണ്ടായിരുന്നു. സങ്കേതങ്ങള്‍ പല ഘട്ടങ്ങളിലും നവീകരിക്കപ്പെടുകയും അതനുസരിച്ചു് പുതിയ രീതികള്‍ ഉരുത്തിരിയുകയും ചെയ്തു് പോന്നിട്ടുണ്ടു്. ആദ്യഘട്ടത്തില്‍ അസ്പഷ്ടമായ ശബ്ദങ്ങളും ശരീര ചേഷ്ടകളുമായിരിക്കണം പരസ്പര വിവര വിനിമയം സാധ്യമാക്കിയതു്. തുടര്‍ന്നു് നിയതമായ അര്‍ത്ഥമുള്ള ശബ്ദങ്ങളും ആംഗ്യങ്ങളുമായി അവ വികസിച്ചിരിക്കും. ശരീരചലനങ്ങളും കൈമുദ്രകളും ചുവടുകളും ഈണത്തിലുള്ള ശബ്ദങ്ങളും സാധന സാമഗ്രികളില്‍ തട്ടിയും മുട്ടിയുമുണ്ടാക്കുന്ന ശബ്ദങ്ങളും വിവര വിനിമയോപാധികളായി ഉപയോഗിക്കാമെന്നു് സഹസ്രാബ്ദങ്ങളിലൂടെ പ്രാകൃത സമൂഹം മനസിലാക്കിയിരിക്കണം. വ്യത്യസ്ത ഘടകങ്ങളുടെ സമ്മേളനം വിവിധ കലാരൂപങ്ങളായി വികസിച്ചിരിക്കും. കല്ലിലോ ഗുഹാഭിത്തികളിലോ കോറിയിട്ട വരകളും ചിത്രങ്ങളും ക്രമേണ ലിപികളുടേയും ചിഹ്നങ്ങളുടേയും രൂപീകരണത്തിനു് വഴിവെച്ചിരിക്കും. അക്ഷരങ്ങളും വാക്കുകളും ഭാഷയും സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ടിട്ടുണ്ടാകും. എഴുത്തോലയും എഴുതാനുള്ള ഇതര പ്രതലങ്ങളും വിവരങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്നതിനും ദൂരേയ്ക്കെത്തിക്കുന്നതിനും ഉപകരിച്ചു. പരിഷ്കരിക്കപ്പെട്ട വാദ്യോപകരണങ്ങളും തീയും പുകയും കൊടികളും ദൂരേയ്ക്കു് വിവരം എത്തിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. പക്ഷികളേയും മൃഗങ്ങളേയും ഉപയോഗിച്ചും മനുഷ്യര്‍ തന്നെ കൊണ്ടുപോയി കൊടുത്തും ദൂരേയ്ക്കു് വിവരം എത്തിക്കാന്‍ കഴിയുമെന്നായി. ക്രമേണ കടലാസ് കണ്ടു പിടിക്കപ്പെട്ടു. എഴുത്തും വായനയും വിവര കൈമാറ്റം എളുപ്പമാക്കി. തുടര്‍ന്നു് അച്ചടി കണ്ടുപിടിക്കപ്പെട്ടു. ആദ്യം എത്ര പ്രാകൃതമെങ്കിലും അതു് വിപ്ലവകരമായിരുന്നിരിക്കും. വിവിധ ഘട്ടങ്ങളില്‍ ഒട്ടേറെ തവണ പല രൂപങ്ങളില്‍ പരിഷ്കരിക്കപ്പെട്ടെങ്കിലും അടുത്ത കാലം വരെ കടലാസിലും അച്ചടിയിലും അധിഷ്ഠിതമായ വിവര കൈകാര്യ സംവിധാനമായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നതു്. ക്രമമായും ചിട്ടയായും വിദൂര വിവര വിനിമയം സാധ്യമാക്കുന്നതിനു് വേണ്ടിയുള്ള ശ്രമം സംഘടിത തപാല്‍ സംവിധാനത്തിലേക്കെത്തിച്ചു.
മേല്പറഞ്ഞവയിലോരോന്നിനും സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും ഉണ്ടായിരുന്നെന്നു് കാണാം. ആംഗ്യത്തിനു് ശരീര ഭാഗം ഹാര്‍ഡ്‌വെയറും അര്‍ത്ഥം സോഫ്റ്റ്‌വെയറുമാണു്. കടലാസും ഉള്ളടക്കവും, വാദ്യോപകരണവും അവ പുറപ്പെടുവിക്കുന്ന നാദവീചികളില്‍ അരോപിക്കപ്പെടുന്ന അര്‍ത്ഥവും, കത്തും അതിന്റെ ഉള്ളടക്കവും, ക്രമപ്രകാരം അവയുടെ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ആയിരുന്നു. തപാലുരുപ്പടികളില്‍ അയക്കുന്ന ആളിന്റെ മേല്‍വിലാസവും കിട്ടേണ്ട ആളിന്റെ മേല്‍വിലാസവും എവിടെ എഴുതണം, സ്റ്റാമ്പു് എവിടെ ഒട്ടിക്കണം, എങ്ങിനെ കവറൊട്ടിക്കണം, എവിടെ എങ്ങിനെ പോസ്റ്റു് ചെയ്യണം തുടങ്ങിയ നടപടിക്രമങ്ങള്‍ തപാല്‍ വിവര വിനിമയത്തിന്റെ പ്രോട്ടോകോള്‍ ആയിരുന്നു. അവയും സോഫ്റ്റ്‌വെയര്‍ തന്നെ.
സമയവും ദൂരവും കീഴടക്കാനും വേഗം കൈവരിക്കാനും അദ്ധ്വാനം ലഘൂകരിക്കാനും വേണ്ടിയുള്ള തെരച്ചില്‍ അപ്പോഴേക്കും സാധ്യമായ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുപയോഗിച്ചുള്ള മോഴ്സ് ടെലിഗ്രാഫിയിലേക്കെത്തി. ഒറ്റക്കമ്പിയില്‍ കീയും സൌണ്ടറും ബാറ്ററിയും കോര്‍ത്തു. രണ്ടറ്റവും ഭൂമിയിലേക്കു് കൊടുത്തു് ഭൂമി തിരിച്ചുള്ള പാതയാക്കിയാണു് ടെലിഗ്രാഫി പ്രവര്‍ത്തിപ്പിച്ചതു്. ടെലിഗ്രാഫിക്കു് ഉപയോഗിച്ച മോഴ്സ് കോഡ് ആണു് ആദ്യത്തെ വിദൂര വിവര വിനിമയ സോഫ്റ്റ്‌വെയര്‍. പക്ഷെ, അതു് മനുഷ്യനു് മാത്രം തിരിച്ചറിയാവുന്നതായിരുന്നു. വ്യത്യസ്ഥ നീളമുള്ള ശബ്ദമുപയോഗിച്ചായിരുന്നു ആ കോഡ് രൂപപ്പെടുത്തിയതു്. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ വിവരം എത്തിക്കാന്‍ യന്ത്രവല്കരണം ആവശ്യമായിരുന്നു. അതിനാകട്ടെ യന്ത്രത്തിനു് തിരിച്ചറിയാന്‍ കഴിയുന്ന ഭാഷയും. രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രം ഉള്ള ബൈനറി എന്ന യന്ത്രഭാഷ ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കപ്പെട്ടു. ദൂരേയ്ക്കു് വിവരം എത്തിക്കാന്‍ ബൈനറി ഉപയോഗിക്കുന്ന ടെലിപ്രിന്റര്‍ സാധ്യമായി.
ബൈനറി ഒരേ സമയം ഒരു ഭാഷയായും (ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവ പോലെയോ) അതേ സമയം സംഖ്യാക്രമമായും (ദശാംശ സംഖ്യാക്രമം, അഷ്ടാംശ സംഖ്യാക്രമം, ഹെക്സാഡെസിമല്‍ സംഖ്യാക്രമം എന്നിവ പോലെയോ) ഉപയോഗിക്കാന്‍ പര്യാപ്തമായിരുന്നു. അതിനാല്‍ കമ്പ്യൂട്ടറിനു് കണക്കും ഭാഷയും ഒരേ പോലെ കൈകാര്യ ചെയ്യാമെന്നായി. ഭാഷയുടേയും കണക്കിന്റേയും ഉല്‍ഗ്രഥനം സാധിച്ചു. ബൈനറിയിലുപയോഗിച്ച രണ്ടു് അടിസ്ഥാന ചിഹ്നങ്ങള്‍ 0, 1 (ഇല്ല, ഉണ്ടു്) എന്നിവയായിരുന്നു. ഈ ചിഹ്നങ്ങളുപയോഗിച്ചു് ചിത്രവും (0 = നിഴല്‍ & 1 = വെളിച്ചം) ശബ്ദവും (0 = നിശ്ശബ്ദം & 1 = ശബ്ദം) കൈകാര്യ ചെയ്യാമെന്ന സാധ്യത ശബ്ദ-ചിത്ര-ലിപി സംയോജനം തന്നെ സാധ്യമാക്കി. വിവര വിനിമയ വികാസത്തിനായി പല കൈവഴികളായി പിരിഞ്ഞു് വളര്‍ന്നു് വികസിച്ച ശബ്ദ വിനിമയ സാങ്കേതിക വിദ്യയും ചിത്ര വിനിമയ സാങ്കേതിക വിദ്യയും ലിപി വിനിമയ സാങ്കേതികവിദ്യയും അച്ചടി സാങ്കേതിക വിദ്യയും ഇവിടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ എത്തിച്ചേര്‍ന്നു. ബഹുമാധ്യമ (Multi-media) സംവിധാനങ്ങള്‍ - ഉപകരണങ്ങളും ശൃംഖലകളും സോഫ്റ്റ്‌വെയറുകളും - നടപ്പായി.
സ്വത്തുടമസ്ഥതയും സ്വത്തുടമാവകാശവും
അറിവു് സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അത് തന്നെ സ്ഥിതി. പക്ഷെ, പലതും വളച്ചു് കെട്ടി കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ്‌വെയര്‍ അത്തരമൊന്നാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റു്വെയറിന്റെ പ്രാഗ് രൂപമെന്നു് പറയാവുന്ന മോഴ്സു് കോഡോ, തുടര്‍ന്നു വന്ന ടെലിപ്രിന്റര്‍ കോഡോ, കമ്പ്യൂട്ടര്‍ മെഷീന്‍ ഭാഷയായ ബൈനറിയോ തുടര്‍ന്നു് രൂപപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാം ഭാഷകളോ ഒന്നും പ്രൊപ്രൈറ്ററി ആയിരുന്നില്ല. പൊതുസ്വത്തായാണു് കൈകാര്യം ചെയ്യപ്പെട്ടിരുന്നതു്. 1980 കള്‍ വരെ അതായിരുന്നു സ്ഥിതി. സേവനങ്ങളേക്കൂടി ചരക്കായി കണക്കാക്കണമെന്ന ഉറുഗ്വേ വട്ട വ്യാപാര ചര്‍ച്ചയ്ക്കും കരാറിനും അനുരോധമായാണു് സോഫ്റ്റ്‌വെയര്‍ പേറ്റന്‍റിങ്ങ് ആരംഭിച്ചത്. Q-DOS വാങ്ങിയ മൈക്രോസോഫ്റ്റു് അതു് MS-DOS ആയി പായ്ക്കു് ചെയ്തു് വിറ്റു തുടങ്ങി. തുടര്‍ന്നു് മറ്റു് പലതും രംഗത്തു് വന്നു. പൊതു സ്വത്തായിരുന്ന ഭൂമി വളച്ചു് കെട്ടി സ്വകാര്യമാക്കിയതു് പോലെ, മധ്യകാലഘട്ടത്തിലെ കൈത്തൊഴില്‍കാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചുപറിച്ച് ആധുനിക മുതലാളിത്തം ഉരുത്തിരിഞ്ഞതു പോലെ മൂലധന രൂപീകരണത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു സവിശേഷ ഘട്ടത്തെയാണിത് സൂചിപ്പിക്കുന്നത്.
നാളതു് വരെ സോഫ്റ്റു്വെയര്‍ പ്രൊഫഷനലുകളുടെ അറിവായിരുന്നു. അവരുടെ പണിയായുധമായിരുന്നു സോഫ്റ്റു്വെയര്‍. കവര്‍ന്നെടുക്കപ്പെട്ടത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ സ്വാഭാവിക സമ്പത്തായ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു. തങ്ങളുടെ സ്വന്തമായിരുന്ന സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങള്‍ തങ്ങളുടെ കണ്‍മുമ്പില്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ അവരുടെ സ്വാഭാവിക പ്രതികരണവും ഉടനുണ്ടായി. സഹസ്രാബ്ദങ്ങള്‍കൊണ്ടു് നടന്ന ഭൂമിയുടെ വളച്ചു് കെട്ടല്‍ ഒട്ടേറെ എതിര്‍പ്പുകളും കലാപങ്ങള്‍ക്കും ഇടയാക്കിയെങ്കിലും ജനങ്ങളുടെയാകെ ഐക്യപ്പെടലിനുള്ള പശ്ചാത്തലം ഒരുങ്ങാതിരുന്നതു് മൂലം ഫലപ്രദമായി ചെറുക്കപ്പെടാതെ പോയി. അത്തരം ഒരു പശ്ചാത്തല സൃഷ്ടിക്കു് തന്നെ ഉല്പാദന ശേഷി വര്‍ദ്ധനവും അതിനായി വ്യക്തികളുടെ സംരംഭക ശേഷി വര്‍ദ്ധനവും മുന്‍കൈയും ആവശ്യമായിരുന്നു താനും. അതേപോലെ, മധ്യകാലഘട്ടത്തിലെ കൈത്തൊഴില്‍കാരുടെ സ്വന്തമായിരുന്ന ഉല്പാദനോപകരണങ്ങള്‍ നശിപ്പിച്ചുകൊണ്ടു് മൂലധന ഉടമകള്‍ വന്‍കിട യന്ത്രശാലകള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ ഫലപ്രദമായി ചെറുക്കാനും അവരശക്തരായിരുന്നു. ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ടു് നടന്ന ഈ പ്രക്രിയക്കെതിരായ സമരം വിജയിക്കാനവശ്യം ആവശ്യമായിരുന്ന പശ്ചാത്തലം അന്നും ഒരുക്കപ്പെട്ടിരുന്നില്ല.
എന്നാലിന്നു്, പിടുച്ചുപറിക്കപ്പെട്ടവര്‍ - സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാര്‍ - സമൂഹത്തില്‍ വൈദഗ്ദ്ധ്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ടവരും അവരില്‍ തന്നെ ഏറ്റവും സംഘടിതരും (ട്രേഡ് യൂണിയനുകളിലല്ലെങ്കിലും വിവര ശൃംഖലയില്‍) ശാക്തീകരിക്കപ്പെട്ടവരും (വിവര സാങ്കേതിക വിദ്യയില്‍) ധനികരും (വിവര സമ്പത്തില്‍) ആയിരുന്നു. അവരാകട്ടെ സംരംഭകത്വത്തില്‍ മറ്റേതൊരു വിഭാഗത്തേക്കാളും മുമ്പന്തിയിലുമാണു്. അവരുടെ ചെറുത്തു് നില്പു് വിജയിക്കുക തന്നെ ചെയ്തു. കാരണം അതിനുള്ള പശ്ചാത്തലം ബൂര്‍ഷ്വാസി തന്നെ ഒരുക്കിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ഇവിടെ സമരം സ്വാഭാവികമായി ബൌദ്ധികസ്വത്തുടമകളായ തൊഴിലാളികളും പിടിച്ചുപറിയിലൂടെ (ബൌദ്ധിക സ്വത്തു് സ്വന്തമായില്ലാതെ) സ്വത്തുടമാവകാശികളായ ബൂര്‍ഷ്വാസിയും തമ്മിലായിരുന്നു. നൈസര്‍ഗ്ഗികവും സ്വാഭാവികമായ സമ്പത്തിന്റെ ഉടമസ്തര്‍ വര്‍ഗ്ഗ പക്ഷപാതപരമായ നിയമങ്ങളാല്‍ സ്ഥാപിക്കപ്പെട്ട സ്വത്തുടമാവകാശികള്‍ക്കു് മേല്‍ വിജയം നേടുക എന്നതു് അത്രമേല്‍ സ്വാഭാവികവും അനിവാര്യവുമായിരുന്നു.
മൈക്രോസോഫ്റ്റിന്റെ മേധാവി ബില്‍ഗേറ്റ്സിന്റെ സമകാലികനും സമശീര്‍ഷനുമായ റിച്ചാര്‍ഡു് മാത്യു സ്റ്റാള്‍മാന്‍ തന്നെ സോഫ്റ്റു്വെയര്‍ സ്വകാര്യമാക്കുന്നതിനെതിരായ പ്രസ്ഥാനത്തിനു് തുടക്കമിട്ടു. 1983 ല്‍ പൊതു ഉടമസ്ഥതയിലൊരു ഓപ്പറേറ്റിങ്ങു് സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ GNU Project ആരംഭിച്ചു. അതിനായി 1984 ല്‍ GNU Foundation എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനത്തിനായി റിച്ചാര്‍ഡു് സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും കൂടി 1985 ല്‍ രൂപം നല്‍കിയതാണു് Free Software Foundation (FSF – www.fsf.org). സോഫ്റ്റു്വെയര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ഒരു നിയമ ചട്ടക്കൂടായി General Public Licence (GPL) സമ്പ്രദായം ഈ പ്രസ്ഥാനത്തിന്റെ സംഭാവനയാണു്. ഗ്നൂ പ്രോജക്ടിനു് പുതിയൊരു ഓപ്പറേറ്റിങ്ങു് സംവിധാനം പൂര്‍ണ്ണമായി സൃഷ്ടിക്കാനായില്ലെങ്കിലും ഓപ്പറേറ്റിങ്ങു് സംവിധാനത്തിനു് ആവശ്യമായ ഒട്ടേറെ ഘടകങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
ഏതാണ്ടിതേ കാലത്തു് Unix എന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ ദുര്‍വഹമായ വില കാരണം തന്റെ പഠനാവശ്യത്തിനു് അതു് വാങ്ങാന്‍ കഴിയാതിരുന്ന ലിനസു് ടോര്‍വാള്‍ഡ്സ് എന്ന, ഫിന്‍ലണ്ടുകാരനായ തൊഴിലാളിയുടെ മകനായ, സോഫ്റ്റു്വെയര്‍ വിദ്യാര്‍ത്ഥി യുണിക്സിനു് സമാനമായ ഒരു ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പു് (Kernel) രൂപപ്പെടുത്തി. അതു്, 1991 ല്‍, അപ്പോഴേയ്ക്കും വ്യാപകമായി വന്ന ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുകയും അതു് പരിഷ്കരിച്ചു് വിപുലപ്പെടുത്തി നല്ലൊരു ഓപ്പറേറ്റിങ്ങു് സംവിധാനമാക്കി മാറ്റി ഉപയോഗിക്കാന്‍ ലോകത്താകമാനമുള്ള സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരോടു് ആഹ്വാനം ചെയ്യുകയും ചെയതു. GNU Foundation (www.gnu.org) ആ കടമ ഏറ്റെടുത്തു. അതിനു് നേതൃത്വം നല്‍കി. അതു് വികസിപ്പിച്ചെടുത്ത സൌകര്യങ്ങളും കൂടി ചേര്‍ത്തു് വികസിപ്പിക്കപ്പെട്ടതാണു് GNU/Linux എന്ന അപ്രതിരോധ്യമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധാനം. തുടര്‍ന്നിങ്ങോട്ടു് Unix ന്റെ ശൃംഖലാ സാധ്യതകളും മൈക്രോസോഫ്റ്റിന്റെ ഡെസ്കു്ടോപ്പു് സൌകര്യങ്ങളും ഒരുപോലെ നല്‍കുന്ന സ്വതന്ത്ര സോഫ്റ്റു്വെയര്‍ മേഖല വികസിച്ചു് വരുന്നു.
ലോകത്താകെ പരന്നു് കിടക്കുന്ന ആഗോള വിവര വിനിമയ ശൃംഖലയാല്‍ കോര്‍ത്തിണക്കപ്പെടുന്ന സാമൂഹ്യബോധവും സാങ്കേതിക മികവും കൈമുതലായ എണ്ണമറ്റ സോഫ്റ്റു്വെയര്‍ വിദഗ്ദ്ധരുടെ സമൂഹമാണു് സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ മികവിനും വികാസത്തിനും പിന്നിലെ ചാലക ശക്തി. അവര്‍ സ്വന്തം ആവശ്യത്തിനായി, സ്വന്തം വരുമാനത്തിനു് വേണ്ടി കണ്ടുപിടിക്കുന്നതും സൃഷ്ടിക്കുന്നതും നിര്‍മ്മിക്കുന്നതുമായ സോഫ്റ്റു്വെയര്‍ ഉപകരണങ്ങളും പാക്കേജുകളും സൌകര്യങ്ങളും സമൂഹവുമായി പങ്കു് വെയ്ക്കുന്നു. അവ സ്വതന്ത്ര സോഫ്റ്റു്വെയര്‍ മേഖലയ്ക്കു് മുതല്‍ക്കൂട്ടാകുന്നു. പ്രശ്നങ്ങളും കുറവുകളും കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ അതറിയുന്ന സൌകര്യമുള്ള ആദ്യത്തെ ആള്‍ അതിനു് പരിഹാരം കണ്ടെത്തിയിരിക്കും. സ്വകാര്യ കുത്തക കമ്പനികള്‍ക്കു് ഊഹിക്കാന്‍ പോലും കഴിയാത്തത്ര മികവാണു് ഇതിലൂടെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ മേഖല കൈവരിക്കുന്നതു്. അറിവിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ അവരില്‍ നിന്നു് തട്ടിപ്പറിക്കപ്പെട്ട ഉടമസ്ഥാവകാശം തിരിച്ചു പിടിച്ചു എന്നതാണു് ഇവിടെ നടന്നതു്.
വര്‍ഗ്ഗ സമരത്തിന്റെ പുതിയ മുഖം
നാളിതു് വരെ നടന്നു വന്നിരുന്ന വര്‍ഗ്ഗസമരത്തിന്റെ ഉള്ളടക്കം മിച്ചമൂല്യം പങ്കു വെക്കുക എന്നതായിരുന്നു. സ്വാഭവികമായും, അതു്, പരിമിതമായ വിഭവങ്ങളുടെ പങ്കുവെയ്പിനു് വേണ്ടിയുള്ളതായിരുന്നു. എന്നാല്‍, സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ നടന്നതു് പരിമിതമായതിന്റെ പങ്കു് പിടിച്ചു പറ്റുകയായിരുന്നില്ല. മറിച്ചു്, അറിവായിരുന്നതിനാല്‍ തന്നെ, പുതിയ അറിവു് സൃഷ്ടിച്ചുകൊണ്ടു്, അതിനെ അതിനു് മുമ്പുണ്ടായിരുന്നതിനേക്കാളെല്ലാം മെച്ചപ്പെടുത്തിക്കൊണ്ടു് പഴമയുടെ മേല്‍ പുതിയ ശക്തിയുടെ നിര്‍ണ്ണായക വിജയം ഉറപ്പിക്കുക തന്നെയായിരുന്നു. വര്‍ദ്ധിച്ച പുതിയ മൂല്യം ഉല്പാദിപ്പിച്ചുകൊണ്ടു് പഴയ കുറഞ്ഞമൂല്യത്തെ അപ്രസക്തമാക്കുകയായിരുന്നു. സജീവമായ, ജീവത്തായ അദ്ധ്വാനശേഷി, സഞ്ചിതമായ, മൃതമായ അദ്ധ്വാനത്തിനു് മേല്‍, മൂലധനത്തിനു് മേല്‍ അതിന്റെ ചരിത്രത്തിലാദ്യമായി നിര്‍ണ്ണായകമായ വിജയം നേടുക എന്നതാണിവിടെ നടന്നിരിക്കുന്നതു്. സ്വാഭാവികമായും ഇനി വിജയങ്ങളുടെ പരമ്പരകള്‍ സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും. കാരണം, ഈ പരാജയം മൂലധനത്തിന്റെ ആത്മവീര്യം കെടുത്തുന്നതും അദ്ധ്വാന ശേഷിയുടെ ആത്മാഭിമാനം ഉയര്‍ത്തുന്നതുമാണു്. സ്വകാര്യ ഉടമസ്ഥതയുടെ വൈകല്യങ്ങള്‍ സ്വകാര്യ സോഫ്റ്റ്‌വെയര്‍ വെളിവാക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റു്വെയര്‍ സാമൂഹ്യോടമസ്ഥതയുടെ സ്വാഭാവിക മേന്മകള്‍ ഉയര്‍ത്തിക്കാട്ടുന്നതാണു്. ഉല്പാദനോപാധികളുടേയും ഉല്പാദനോപകരണങ്ങളുടേയും രംഗത്തും ഇതേ സാദ്ധ്യതകള്‍ നിലനില്കുന്നു എന്ന കാര്യം സമൂഹത്തിനെ എളുപ്പം ബോദ്ധ്യപ്പെടുത്താന്‍ ഈ വിജയ ഗാഥ വഴിതുറക്കും.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
January
(10)
- വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം
- കേരളത്തിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐട...
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകള്‍
- ഐടി@സ്കൂള്‍ പദ്ധതി.
- സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം ഇന്ത്യയില്‍
- വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമ ചരിത്രം
- വിവര വിനിമയ ശൃംഖല തൊഴിലാളി വര്‍ഗ്ഗത്തിനു് സമരായുധം
- നേട്ടങ്ങള്‍ കൊയ്യുന്നതു് മുതലാളിത്തം.
- വിവര വിനിമയ സാങ്കേതിക വിദ്യ
-
▼
January
(10)
No comments:
Post a Comment