Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, March 6, 2016

പോരാട്ടം തുടരുകതന്നെ ചെയ്യും



ജയില്‍മോചിതനായ കനയ്യകുമാര്‍ വ്യാഴാഴ്ച രാത്രി ജെഎന്‍യു ക്യാമ്പസില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ജെഎന്‍യുവില്‍ ഇന്നിവിടെ ഒത്തുകൂടിയ എല്ലാവര്‍ക്കും, വിദ്യാര്‍ഥിയോ തൊഴിലാളിയോ അധ്യാപകരോ കച്ചവടക്കാരോ കടകളില്‍ തൊഴിലെടുക്കുന്നവരോ ആകട്ടെ, എല്ലാവര്‍ക്കും ഞാന്‍ എന്റെ വിപ്ളവാഭിവാദ്യങ്ങള്‍ നേരുന്നു. ജെഎന്‍യു എസ്യു പ്രസിഡന്റ് എന്ന നിലയ്ക്ക്, ഇവിടെ എത്തിച്ചേര്‍ന്ന മാധ്യമങ്ങള്‍വഴി ഈ ദേശത്തുള്ള എല്ലാവര്‍ക്കും, ലോകത്തെമ്പാടും ജെഎന്‍യുവിനോടൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും എന്റെ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജെഎന്‍യുവിനോടൊപ്പം നിന്ന, രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാന്‍ പോരാടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗമായവര്‍ക്കും രാഷ്ട്രീയ– അരാഷ്ട്രീയവാദികള്‍ക്കും ഞാനീ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ, പാര്‍ലമെന്റില്‍ ഇരുന്ന് ശരിതെറ്റുകള്‍ നിര്‍ണയിച്ച മഹാനുഭാവന്മാര്‍ക്കും അവരുടെ പൊലീസിനും അവരുടെ ചാനലുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ആരോടും ഞങ്ങള്‍ക്ക് വെറുപ്പില്ല. എബിവിപിയോടുപോലും. ജെഎന്‍യുവിലെ എബിവിപി പുറത്തുള്ള എബിവിപിയേക്കാളും യുക്തിയുള്ളവരാണ്. ഇവിടെ രാഷ്ട്രീയവിചക്ഷണരെന്ന് സ്വയം നടിക്കുന്നവരോട് കഴിഞ്ഞവര്‍ഷത്തെ എബിവിപി സ്ഥാനാര്‍ഥി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ നടത്തിയ പ്രസംഗം ഒന്ന് കേള്‍ക്കാന്‍ അഭ്യര്‍ഥിക്കുകയാണ്; എങ്ങനെയാണ് ഞങ്ങള്‍ ആ പ്രസംഗത്തെ വാദിച്ച് തറപറ്റിച്ചതെന്നും. ഞങ്ങള്‍ എബിവിപിയെ ശത്രുക്കളായല്ല, മറിച്ച് പ്രതിപക്ഷമായാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ജനാധിപത്യവാദികളാകുന്നതും.

ശരിയെ ശരിയായും തെറ്റിനെ തെറ്റായും കാണാന്‍ നമ്മളെ പഠിപ്പിച്ച ജെഎന്‍യുവിനെ ഞാന്‍ അഭിവാദ്യംചെയ്യുന്നു. ഞാനീ ചെയ്യുന്ന അഭിവാദ്യംപോലും എന്റെയുള്ളില്‍നിന്ന് വരുന്നതാണ്. ഇതാണ് നമ്മളും എല്ലാം പ്ളാന്‍ചെയ്ത് ചെയ്യുന്ന എബിവിപിയും തമ്മിലുള്ള വ്യത്യാസം.

ഈ രാജ്യത്തിന്റെ വ്യവസ്ഥിതിയിലും നിയമങ്ങളിലും ഇവിടുത്തെ നീതിന്യായവ്യവസ്ഥിതിയിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ രാജ്യവും ഇവിടുത്തെ ഭരണഘടനയും ഉറപ്പുനല്‍കുന്ന എല്ലാത്തിനോടും–ജനാധിപത്യം, മതനിരപേക്ഷത, സമത്വം–എല്ലാത്തിലും ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നു– സത്യമേവ ജയതേ എന്ന്. എനിക്ക് അങ്ങയോടു പറയാനുള്ളതും അതു തന്നെ– 'സത്യമേവ ജയതേ'. അതെ, സത്യം മാത്രമേ ജയിക്കൂ. ഇവിടെയിന്ന് ഒരു വിദ്യാര്‍ഥിയെയാണ് ദേശദ്രോഹക്കുറ്റം ചുമത്തി നിങ്ങളൊരു രാഷ്ട്രീയ ഉപകരണമാക്കിയിരിക്കുന്നത്.

ഞാന്‍ ഒരു പ്രസംഗം നടത്താനല്ല, മറിച്ച് എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരുകാര്യം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ഐശ്വര്യം കൊണ്ടുവരുമെന്നു പറയുന്ന മോതിരങ്ങള്‍ വില്‍ക്കാന്‍ ഒരാള്‍ വരാറുണ്ട്. നമ്മളെന്താഗ്രഹിച്ചാലും അത് സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മോതിരങ്ങള്‍. ഇതുപോലെയാണ് ഇവിടെ ചില നേതാക്കള്‍ പറയുന്നത് കള്ളപ്പണം തിരികെവരുമെന്ന്. നമ്മള്‍ ഇന്ത്യക്കാരുടെ ഒരു ഗുണം നമ്മള്‍ എന്തും പെട്ടെന്ന് മറക്കുമെന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ അങ്ങനെയൊന്നു സംഭവിച്ചതുമില്ലതാനും. അങ്ങനെയിരിക്കുമ്പോള്‍ ഗവണ്‍മെന്റിന് പെട്ടെന്ന് ഇത് മറക്കാന്‍ ഒരു ബുദ്ധി ഉദിക്കുകയാണ്– ഗവേഷണവിദ്യാര്‍ഥികളുടെ ഫെലോഷിപ് നിര്‍ത്തിവയ്ക്കുക. വിദ്യാര്‍ഥികള്‍ ഇതിനെതിരെ സമരംചെയ്യുമ്പോള്‍ ഔദാര്യംപോലെ ഇപ്പോള്‍ ലഭിക്കുന്ന തുക തുടര്‍ന്നും ലഭിക്കുമെന്ന് വ്യവസ്ഥചെയ്യുക. ഫെലോഷിപ് തുക കൂട്ടണമെന്ന സമരത്തിനെ അങ്ങനെ വഴിതിരിച്ചു വിടാം.

ഈ സര്‍ക്കാരിന്റെ സൈബര്‍സെല്‍ പ്രവര്‍ത്തിക്കുന്ന രീതി വളരെ മനോഹരമാണ്– അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജവീഡിയോകള്‍ നിര്‍മിക്കും. നിങ്ങള്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തും. മാത്രമല്ല, നിങ്ങളുടെ ചവറ്റുകുട്ടയില്‍ എത്ര കോണ്ടമുണ്ടെന്നുവരെ അവര്‍ എണ്ണിത്തിട്ടപ്പെടുത്തും. പക്ഷേ, ഇപ്പോള്‍ നല്ല സമയമാണ്. ജെഎന്‍യുവിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ അധിനിവേശം ഒക്കുപൈ യുജിസി സമരത്തെ താറടിച്ചുകാണിക്കാനും രോഹിത് വെമുലയ്ക്ക് നീതിതേടിയുള്ള സമരത്തെ വഴിതിരിച്ചുവിടാനുമുള്ള ആസൂത്രിതമായ പദ്ധതിയാണോ എന്ന് നാം ഈയവസരത്തില്‍ത്തന്നെ ആലോചിക്കേണ്ടതുണ്ട്.

ഈ പ്രശ്നത്തെ ആദ്യമായി പ്രൈംടൈമില്‍ അവതരിപ്പിച്ച എന്റെ പ്രിയപ്പെട്ട മുന്‍ ആര്‍എസ്എസ് സുഹൃത്തേ, നിങ്ങള്‍ക്കുവേണ്ടിയിരുന്നത് ഒരു കാര്യമാണ്. കള്ളപ്പണം തിരിച്ചുപിടിക്കുകവഴി ഓരോ ഇന്ത്യക്കാരനും ലഭിക്കേണ്ടിയിരുന്ന പതിനഞ്ചുലക്ഷം രൂപയുടെ കാര്യം അവരുടെ ഓര്‍മയില്‍നിന്ന് മായ്ച്ചുകളയുക. പക്ഷേ, ഒരുകാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. ജെഎന്‍യുവില്‍ പ്രവേശനം കിട്ടുക അത്ര എളുപ്പമല്ല; ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നടക്കുന്നതെല്ലാം മറക്കുക എന്നതും. ഞങ്ങളിതൊക്കെ മറന്നുപോകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി. ഞങ്ങള്‍ വീണ്ടുംവീണ്ടും നിങ്ങളെ അതോര്‍മിപ്പിച്ച് കൊണ്ടേയിരിക്കും. കാരണം, എപ്പോഴൊക്കെ ഈ രാജ്യത്തിന്റെ ആത്മാവിനുനേരെ ആക്രമണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജെഎന്‍യുവും പ്രകമ്പനംകൊണ്ടിട്ടുണ്ട്. ഞങ്ങളുടെ പോരാട്ടവീര്യം കുറയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല.

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ യുവാക്കള്‍ മരിച്ചുവീഴുന്നു എന്ന് ഒരു ബിജെപി നേതാവ് ലോക്സഭയില്‍ പറഞ്ഞു. എല്ലാ ബഹുമാനത്തോടുംകൂടി ഞാന്‍ ആ സൈനികരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍, ആ നേതാവിനോട് ഒരുകാര്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ രാജ്യത്തിനുള്ളില്‍ ആത്മഹത്യചെയ്യുന്ന, നമുക്കും ഈ സൈനികര്‍ക്കും ഭക്ഷണംനല്‍കുന്ന, പല സൈനികരുടെയും പിതാക്കള്‍തന്നെയായ കര്‍ഷകരെക്കുറിച്ച് നിങ്ങളെന്തേ ഒന്നും പറയുന്നില്ല? അവരും ഈ രാജ്യത്തിന്റെ രക്തസാക്ഷികള്‍തന്നെയാണ്. എന്റെ അച്ഛന്‍ കര്‍ഷകനാണ്, എന്റെ സഹോദരന്‍ സൈനികനും. ദയവുചെയ്ത് നിങ്ങളിത്തരം ദേശസ്നേഹികള്‍, ദേശദ്രോഹികള്‍ എന്നിങ്ങനെയുള്ള സ്വത്വങ്ങള്‍ ഉണ്ടാക്കി പൊള്ളയായ സംവാദം തുടങ്ങിവയ്ക്കരുത്. പാര്‍ലമെന്റില്‍ ഇരുന്ന് നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ഈ മരിച്ചുവീഴുന്ന സൈനികരുടെ ഉത്തരവാദിത്തം ആര്‍ക്കാണ്? ഞാന്‍ പറയുന്നു–യുദ്ധം ചെയ്യുന്നവരല്ല, അവരെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്നവരാണ് ഇതിനുത്തരവാദികള്‍.

ദേശത്തിനുള്ളില്‍തന്നെയുണ്ടാകുന്ന പ്രശ്നങ്ങളില്‍നിന്ന് സ്വാതന്ത്യ്രം വേണമെന്ന് പറയുന്നതാണോ തെറ്റ്? ആരുടെ അടുത്തു നിന്നാണ് സ്വാതന്ത്യ്രം വേണമെന്ന് ആവശ്യപ്പെടുന്നത്? ഭാരതം ആരെയെങ്കിലും അടിമയാക്കിവച്ചിട്ടുണ്ടോ? എന്നാല്‍, ഞാന്‍ പറയട്ടെ സുഹൃത്തേ, ഭാരതത്തില്‍നിന്നല്ല, ഭാരതത്തിനുള്ളിലാണ് സ്വാതന്ത്യ്രം വേണമെന്ന് പറയുന്നത്.

രാജ്യത്ത് ആരാണ് പൊലീസ് കോണ്‍സ്റ്റബിളിന്റെ ജോലിചെയ്യുന്നത്? ദരിദ്രകുടുംബങ്ങളില്‍നിന്ന് വരുന്ന, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കളായ ചെറുപ്പക്കാര്‍. ഞാനും അവരെപ്പോലെയാണ്. ഈ രാജ്യത്തെ ഏറ്റവും പിന്നോക്കംനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറില്‍നിന്നാണ് ഞാന്‍ വരുന്നത്. ഞാനും അവരെപ്പോലെതന്നെ ദരിദ്രകര്‍ഷക കുടുംബാംഗമാണ്.

ജയിലില്‍വച്ച് അങ്ങനെയുള്ള ഒരു പൊലീസുകാരന്‍ എന്നോട് ചോദിച്ചു. 'നിങ്ങളെന്തിനാണ് എപ്പോഴും ലാല്‍സലാമെന്നും ഇങ്ക്വിലാബ് സിന്ദാബാദ് എന്നുമൊക്കെ പറയുന്നത്?' ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി– 'ലാല്‍ എന്നാല്‍ വിപ്ളവം, വിപ്ളവത്തിന് സലാം എന്നാണുദ്ദേശിക്കുന്നത്. ഇങ്ക്വിലാബ് എന്നാല്‍ ഉര്‍ദുവില്‍ വിപ്ളവം എന്നാണര്‍ഥം.' അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, 'പിന്നെ എന്തുകൊണ്ടാണ് എബിവിപി ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്ന'തെന്ന്. ഞാന്‍ മറുപടി കൊടുത്തു– 'അവരുടെ ഇങ്ക്വിലാബ് കള്ളമാണ്, ഞങ്ങള്‍ വിളിക്കുന്ന ഇങ്ക്വിലാബ് സത്യമുള്ളതും'.

സംഘടിച്ചേക്കാമെന്ന് നിങ്ങള്‍ ഭയക്കുന്ന ആ ശബ്ദങ്ങളെ, അതിര്‍ത്തിയില്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ ശബ്ദങ്ങളെ, വയലുകളില്‍ ജീവന്‍തന്നെ മറന്ന് അധ്വാനിക്കുന്നവരുടെ ശബ്ദങ്ങളെ, അല്ലെങ്കില്‍ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ജെഎന്‍യുവില്‍നിന്നുള്ള ശബ്ദങ്ങളെ മൂടിക്കെട്ടാന്‍ നിങ്ങളാഗ്രഹിക്കുന്നു. ലെനിന്‍ പറഞ്ഞു– 'ജനാധിപത്യം സോഷ്യലിസത്തിന് ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്'. ഇതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്, അഭിപ്രായസ്വാതന്ത്യ്രത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് ഒരു പ്യൂണിന്റെ മകനും രാഷ്ട്രത്തലവന്റെ മകനും ഒരുമിച്ച് ഒരു സ്കൂളില്‍ പഠിക്കുന്ന സാഹചര്യംവരണമെന്ന് ഞങ്ങളാവശ്യപ്പെടുന്നത്; അതിനുവേണ്ടി പോരാടുന്നത്.

ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്യ്രം പട്ടിണിമരണങ്ങളില്‍നിന്നും ദാരിദ്യ്രത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രമാണ്. ചൂഷണത്തില്‍നിന്നും അക്രമത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രമാണ്. ഈ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്യ്രം നേടിയെടുക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റുവഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി!! ഇതായിരുന്നു ബാബസാഹെബ് അംബേദ്കറുടെ സ്വപ്നം. ഇതുതന്നെയായിരുന്നു രോഹിത് വെമുല കണ്ട സ്വപ്നവും. അതെ, നിങ്ങള്‍ കൊന്ന രോഹിത്, നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആ പ്രക്ഷോഭവും. അതിപ്പോള്‍ എത്രത്തോളം വലുതായെന്നു നോക്കൂ.

ജയിലിലായിരുന്നപ്പോള്‍ ഒരു സ്വയംവിമര്‍ശം നടത്താന്‍ എനിക്ക് സാധിച്ചു. അത് നിങ്ങളോട് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ കടുകട്ടിപ്രയോഗങ്ങള്‍മാത്രം നിറഞ്ഞ ഭാഷയിലൂടെ സംവദിക്കുന്നവരാണ്. എന്നാല്‍, നമ്മള്‍ പറയുന്നത് സാധാരണക്കാര്‍ക്ക് മനസ്സിലാകില്ല, അതവര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടല്ല. ഈ വാചാടോപം അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണ്. പക്ഷേ, ഇതിനുപകരം അവരുടെ കൈയില്‍ എത്തുന്നതെന്താണ്? ഒരു ആധികാരികതയുമില്ലാത്ത ഒരു കൂട്ടം വാട്സാപ് ഫോര്‍വേഡുകള്‍.

ജയിലില്‍നിന്ന് എനിക്ക് രണ്ടു പാത്രങ്ങള്‍ ലഭിച്ചു. ഒന്ന് നീല നിറത്തില്‍, രണ്ടാമത്തേത് ചുവന്ന നിറത്തിലും. ഞാന്‍ ഇരുത്തി ചിന്തിച്ചു. എനിക്ക് വിധിയില്‍ വിശ്വാസമില്ല. ദൈവത്തെ എനിക്കറിയുകപോലുമില്ല. പക്ഷേ, ഈ രാജ്യത്ത് നല്ലതെന്തോ നടക്കാന്‍ പോകുന്നു എന്നെനിക്ക് തോന്നിത്തുടങ്ങി. ആ നീലനിറമുള്ള പാത്രത്തില്‍ ഞാന്‍ അംബേദ്കറുടെ പ്രസ്ഥാനത്തെയാണ് കണ്ടത്. ചുവന്ന പാത്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും.

ആദരണീയ പ്രധാനമന്ത്രിജി, ഇന്ന് അങ്ങ് സ്റ്റാലിനെക്കുറിച്ചും ക്രൂഷ്ചേവിനെക്കുറിച്ചും സംസാരിക്കുന്നത് കേട്ടു. ആ ടിവിയുടെ ഉള്ളിലേക്ക് കയറിച്ചെന്ന് അങ്ങയോട് 'ഹിറ്റ്ലറെക്കുറിച്ചുകൂടി ഒന്ന് സംസാരിക്കണേ' എന്ന് പറയാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ചു. നിങ്ങളുടെ ഗുരുവായ ഗോള്‍വാള്‍ക്കര്‍ നേരില്‍ചെന്ന് കണ്ട മുസ്സോളിനിയെക്കുറിച്ചുകൂടി നിങ്ങളെന്തെങ്കിലും പറയണേ എന്ന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ 'മന്‍ കി ബാത്' നടത്താറല്ലേയുള്ളൂ, കേള്‍ക്കാറില്ലല്ലോ.

ജയിലില്‍നിന്ന് വന്നശേഷം ഞാന്‍ എന്റെ അമ്മയോട് സംസാരിച്ചു, ഏകദേശം മൂന്നുമാസത്തിനുശേഷം. അമ്മ പറഞ്ഞു– മോഡിജിയും ഒരമ്മയുടെ മകനാണ്. എന്റെ മകനെയോ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയും. 'മന്‍ കി ബാത്' നടത്തുന്ന അദ്ദേഹത്തിന് ഇടയ്ക്ക് 'മാ കി ബാത്' കൂടി നടത്തിക്കൂടേ. ഇതിനു മറുപടി പറയാന്‍ എന്റെ കൈയില്‍ വാക്കുകളില്ലായിരുന്നു.

ഈ രാജ്യത്തിനുള്ളില്‍ ഇപ്പോള്‍ കാണുന്നത് വളരെയധികം ആപല്‍ക്കരമായ പ്രവണതകളാണ്. ഇതുകൊണ്ടാണ് ഞാന്‍ ഒരു പാര്‍ടിയെക്കുറിച്ചുമാത്രം സംസാരിക്കാത്തത്. ഒരു പ്രത്യേക ടിവി ചാനലിനെക്കുറിച്ചുമാത്രം പറയാത്തത്. ഞാന്‍ മുഴുവന്‍ രാജ്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഇവിടത്തെ എല്ലാ ജനങ്ങളെക്കുറിച്ചും. ഈ പ്രശ്നത്തില്‍ ജെഎന്‍യുവിനോടൊപ്പംനിന്ന എല്ലാവരെയും വീണ്ടുംവീണ്ടും നമ്മള്‍ സല്യൂട്ട് ചെയ്യണം. ജെഎന്‍യു എന്നു പറയുന്നത് സംവരണനയം നടപ്പാക്കുന്ന, ഇനി അതിലെന്തെങ്കിലും പിഴവുകള്‍ ഉണ്ടെങ്കില്‍ത്തന്നെ അത് നേടിയെടുക്കാന്‍ സമരംചെയ്യാനുള്ള സ്വാതന്ത്യ്രം നല്‍കുന്ന ഒരു മാതൃകാ വിദ്യാഭ്യാസകേന്ദ്രമാണ്.

ഇവിടെ വരുന്ന പല വിദ്യാര്‍ഥികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ഞാന്‍ ഈ കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, നിങ്ങള്‍ക്കാര്‍ക്കും അറിയാനും വഴിയില്ല. എന്റെ കുടുംബം ഒരു മാസം ജീവിക്കുന്നത് 3000 രൂപകൊണ്ടാണ്. എനിക്ക് മറ്റുള്ള വലിയ സര്‍വകലാശാലകളില്‍ പിഎച്ച്ഡി ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇങ്ങനെയുള്ള ഒരു സര്‍വകലാശാലയ്ക്ക് നേരെ ആക്രമണം വന്നപ്പോള്‍ അതോടൊപ്പംനിന്ന എല്ലാവര്‍ക്കുമെതിരെയും ദേശദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു രാഷ്ട്രീയപാര്‍ടിയുടെയും പക്ഷം പിടിച്ചല്ല ഞാനിതു പറയുന്നത്. എനിക്ക് എന്റേതായ പ്രത്യയശാസ്ത്രമുണ്ട്.

സീതാറാം യെച്ചൂരിക്കെതിരെ ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിക്കും ഡി രാജയ്ക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ കേസ് എടുത്തു. ഇവരൊന്നും ജെഎന്‍യുവിന്റെ പക്ഷംപിടിച്ചവരല്ല, മറിച്ച് ശരിയെ ശരി എന്നും തെറ്റിനെ തെറ്റെന്നും വിവേചിച്ചറിഞ്ഞവരാണ്. ഇവര്‍ക്കെതിരെ പുലഭ്യം പറച്ചിലുകള്‍ തുടരുന്നു. വധഭീഷണികള്‍ കൂടിവരുന്നു. ഇതെന്തുതരം സ്വയംപ്രഖ്യാപിത ദേശീയതയാണ് സുഹൃത്തുക്കളേ? ഈ രാജ്യത്തെ 69 ശതമാനം ആള്‍ക്കാരും നിങ്ങള്‍ക്കെതിരെയാണ് വോട്ട് ചെയ്തിരിക്കുന്നത്.

എപ്പോഴും നിങ്ങളുടെ ഭാഗത്താവും ജയമെന്നു കരുതരുത്. ഒരു നുണതന്നെ നൂറുവട്ടം പറഞ്ഞാല്‍ സത്യമാകുമെന്നും കരുതരുത്. സൂര്യനെ നൂറുവട്ടം ചന്ദ്രന്‍ എന്ന് ആവര്‍ത്തിച്ച് പറഞ്ഞതു കൊണ്ടൊന്നും അതൊരിക്കലും ചന്ദ്രനാവില്ല. നിങ്ങള്‍ക്ക് സത്യത്തെ കള്ളമാക്കാനും കഴിയില്ല.

പുതിയ പുതിയ അജന്‍ഡകളാണ് ഇവരെ മുന്നോട്ടുനയിക്കുന്നത്. യുജിസിക്കെതിരായ പ്രക്ഷോഭം നടക്കുമ്പോള്‍ ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ രോഹിത് വെമുലയെ നിങ്ങള്‍ കൊല്ലാക്കൊലചെയ്ത് കൊന്നു. അതിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴേക്കും ഇതാ വരുന്നു അടുത്തത്. ' ജെഎന്‍യു...!! ദേശദ്രോഹികളുടെ താവളം'. പക്ഷേ, ഇതും അധികകാലം ഓടില്ല... അടുത്തതായി ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ നിങ്ങള്‍ രാംമന്ദിര്‍ നിര്‍മിക്കാനുള്ള ഒച്ചപ്പാട് തുടങ്ങും.

ആര്‍എസ്എസിന്റെ മുഖപത്രം ജെഎന്‍യുവിനെ അവഹേളിച്ച് ഒരുപാട് എഴുതുകയുണ്ടായി. ഇവിടെയുള്ള എബിവിപി പ്രവര്‍ത്തകരോട് എന്റെ വിനീതമായ അപേക്ഷയാണ്, ദയവുചെയ്ത് ഇത്രയുമൊക്കെ എഴുതിയ ആ സ്വാമിജിയെ ജെഎന്‍യുവിലേക്ക് കൊണ്ടുവരിക. എനിക്ക് ജനാധിപത്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. നമുക്ക് ഇവിടെയിരുന്ന് മുഖാമുഖം നോക്കി ചര്‍ച്ച നടത്താം. തികച്ചും ആരോഗ്യപരമായ ചര്‍ച്ച. അതിന്റെ അവസാനം എന്തുകൊണ്ട് നാലുമാസത്തേക്ക് ജെഎന്‍യു അടച്ചുപൂട്ടണമെന്ന് നിങ്ങള്‍ക്ക് യുക്തിയുക്തം തെളിയിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഞാന്‍ അതിനോട് യോജിക്കാം.

ഇവര്‍ ഒന്നും ആലോചിക്കാതെയാണ് ഓരോന്ന് ചെയ്തുകൂട്ടുന്നത്. ഇവരുടെ പരിപാടികള്‍ക്കൊക്കെ ഒരൊറ്റ പോസ്റ്ററായിരിക്കും. അതിന്റെ ഡിസൈനിലോ ഉള്ളടക്കത്തിലോ ഒന്നും ഒരു മാറ്റവും വരുത്താതെ ഹിന്ദുക്രാന്തി സേനയും എബിവിപിയും എക്സ് ആര്‍മിമെന്‍ അസോസിയേഷനും ഉപയോഗിക്കും. ഇതിന്റെയൊക്കെ ബുദ്ധികേന്ദ്രം നാഗ്പുരില്‍നിന്നാണെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാം.

ചില കാര്യങ്ങളുണ്ട്. അസ്വസ്ഥതയുണര്‍ത്തുന്ന ചില സത്യങ്ങള്‍. ചില ശ്രമങ്ങള്‍. ഈ രാജ്യത്തിനകത്തുനിന്നുയരുന്ന പ്രതിഷേധത്തിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍, ഈ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളെ ജനശ്രദ്ധയില്‍നിന്ന് അകറ്റാന്‍, നമ്മുടെ ക്യാമ്പസിനുള്ളില്‍ പോരാടുന്ന ഉമറിനെയും അനിര്‍ബാരനെയും അശുതോഷിനെയും ആനന്ദിനെയും കനയ്യയെയും ഇവിടെയുള്ള മറ്റെല്ലാവരെയും ദേശദ്രോഹിയെന്ന് ചാപ്പകുത്തി അടിച്ചമര്‍ത്താന്‍, ജെഎന്‍യുവിനെ താറടിച്ചുകാണിക്കാന്‍, ഈ സമരത്തെ ഇല്ലായ്മചെയ്യാന്‍. പക്ഷേ, ഞാന്‍ നിങ്ങളോട് പറയുന്നു, ഈ സമരത്തെ നിങ്ങള്‍ക്കൊരിക്കലും തകര്‍ക്കാനാകില്ല. നിങ്ങളെത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഞങ്ങള്‍ വീണ്ടും വീണ്ടും ഈ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.

ഇതൊരു നീണ്ട പോരാട്ടമാണ് സഖാക്കളേ. ഒരിക്കല്‍പ്പോലും നിലയ്ക്കാതെ, തലകുനിക്കാതെ, ശ്വാസംകഴിക്കാതെ ഈ പോരാട്ടത്തെ നമുക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. പുറത്ത് ഈ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ എബിവിപിക്കും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നമ്മള്‍ നിലകൊള്ളും, ജെഎന്‍യു നിലകൊള്ളും, ചരിത്രം നിലകൊള്ളും. ഒക്കുപൈ യുജിസി സമരം തുടങ്ങിവച്ച, രോഹിത് വെമുല തുടങ്ങിവച്ച, നമ്മളെല്ലാവരും ഈ രാജ്യത്തിനകത്തെ സാധാരണക്കാര്‍ ഒന്നടങ്കവും തുടങ്ങിവച്ച ഈ പോരാട്ടം നമ്മള്‍ തുടരുകതന്നെചെയ്യും. എനിക്കതില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇന്നിവിടെ ഒത്തുചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു..

നന്ദി,

ഇങ്ക്വിലാബ് സിന്ദാബാദ്..!!

സാമാജിക് ന്യായ് സിന്ദാബാദ്...!!

സംഘര്‍ഷ്് കരേംഗേ, ജീതെംഗെ..!!

(തയ്യാറാക്കിയത്: ഹെയ്ദി സാന്ത് മറിയം, എംഫില്‍ വിദ്യാര്‍ഥിനി, ജെഎന്‍യു)

Courtesy : http://www.deshabhimani.com/index.php/articles/news-editorial-05-03-2016/543600

Saturday, March 5, 2016

നാടിന്റെ വികസനം വാക്കുകളില്‍ - അനുഭവം നേതാക്കളുടെ കീശ വീര്‍പ്പിക്കല്‍



ജനങ്ങള്‍ക്കു് നല്ല ജീവിത സാഹചര്യം ലഭിക്കുകയാണു് നാട്ടില്‍ വികസനം കൊണ്ടുണ്ടാകേണ്ടതു്. അതിനു് ഗുണമേന്മയുള്ളതും സുരക്ഷിതവും ആരോഗ്യ ദായകവുമായ നിത്യോപയോഗ സാധനങ്ങള്‍, മെച്ചപ്പെട്ട സേവനങ്ങള്‍, തൊഴില്‍, വരുമാനം തുടങ്ങിയവ വേണം.

അവ ലഭ്യമാക്കാന്‍ കേരളം ഉല്പാദന രംഗത്തും മുന്നേറണം. സ്വന്തമായി ഉല്പാദനശേഷി നേടാത്തതു് കൊണ്ടാണു് വിഷം കുത്തി നിറച്ച നിത്യോപയോഗ സാധനങ്ങള്‍ കഴിച്ചു് ആരോഗ്യം നശിച്ചു് മരുന്നിനടിമകളായി മലയാളികള്‍ മാറുന്നതു്. തൊഴിലിന്നായി പുറം നാടുകളിലേയ്ക്കു് പോകേണ്ടി വരുന്നതു്. വിദേശത്തുനിന്നുള്ള പണത്തെയാശ്രയിച്ചു് ജീവിക്കേണ്ടി വരുന്നതു്. അവ മൂലമുള്ള തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതു്.

ഉല്പാദനം ഉയര്‍ത്താന്‍ അവശ്യം ആവശ്യമായ പശ്ചാത്തല സൌകര്യമാണു് ഊര്‍ജ്ജം - അതില്‍ പ്രധാനം വൈദ്യുതി.

സൂര്യതാപം വൈദ്യൂതിയാക്കി മാറ്റുന്നതാണു് ഇന്നു് ഏറ്റവും എളുപ്പവും ആകര്‍ഷകവും സ്ഥായിയും സുരക്ഷിതവും പരിസ്ഥിതി സൌഹൃദവുമായ ഊര്‍ജ്ജ സ്രോതസ്. ചെലവു് താരതമ്യേന കൂടുതലാണെന്നതു് മാത്രമാണു് കുറവു്. അതു് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഈ രംഗത്തു് വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കി സോളാര്‍ വൈദ്യൂതി ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നു.

അതുപയോഗിച്ചു് കേരളത്തില്‍ സോളാര്‍ വൈദ്യുതി ഉല്പാദനം ഉയര്‍ത്താമായിരുന്നു. അതില്ലാതാക്കിയെന്നതാണു് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു് ഈ ഭരണകാലത്തു് നടത്തപ്പെട്ട സോളാര്‍ കുംഭകോണത്തിന്റെ ബാക്കി പത്രം.

വികസനവാദികളായി സ്വയം കൊട്ടി ഘോഷിക്കുന്ന കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നേതാക്കള്‍ സോളാര്‍ രംഗത്തു് കേരളം പിന്നോട്ടു് പോയതിനു് ഉത്തരം പറയണം. സോളാര്‍ ഇടപാടില്‍ അഴിമതി ഇല്ലെന്നും സര്‍ക്കാരിനു് നഷ്ടം ഉണ്ടായിട്ടില്ലെന്നും പറഞ്ഞു് അതിനു് തെളിവു് ചോദിക്കുന്നവര്‍ക്കു് തെളിവിതാ.

കേരളത്തിന്റെ സൌരോര്‍ജ്ജ വൈദ്യുതി ശേഷി ഇന്ത്യയുടെ ശേഷിയുടെ വെറും 0.23% മാത്രമാണു്. 15-ആം സ്ഥാനത്താണു് കേരളം. മറ്റിതര തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം കേരളത്തേക്കാള്‍ പതിന്മടങ്ങു് മുമ്പിലാണു്. കേരളം ഈ രംഗത്തു് പിന്തള്ളപ്പെട്ടു എന്നതാണു് സോളാര്‍ കുംഭകോണത്തിന്റെ ഫലം.

Srl State -----------MW[13]

1 Rajasthan ---------1264.35

2 Gujarat -----------1024.15

3 Madhya Pradesh -----678.58

4 Tamil Nadu ---------418.945

5 Maharashtra --------383.7

6 Andhra Pradesh -----357.34

7 Telangana ----------342.39

8 Punjab -------------200.32

9 Uttar Pradesh ------140

10 Karnataka ---------104.22

11 Chhattisgarh ------73.18

12 Odisha ------------66.92

13 Jharkhand ---------16

14 Haryana -----------12.8

15 Kerala ------------12.03

16 West Bengal --------7.21

17 Delhi --------------6.71

18 Andaman & Nicobar --5.1

19 Chandigarh ---------5.041

20 Uttarakhand --------5

21 Tripura ------------5

22 Daman & Diu --------4

23 Others -------------0.79

24 Lakshadweep --------0.75

25 Arunachal Pradesh --0.27

26 Puducherry ---------0.03

ഇക്കാര്യം പരിശോധിച്ചാല്‍, കേരളത്തിന്റെ വികസനം മുരടിപ്പിക്കുകയാണു് കഴിഞ്ഞ അഞ്ചു് വര്‍ഷക്കാലത്തെ യുഡിഎഫ് ഭരണത്തിലുണ്ടായതെന്ന കാര്യം ആര്‍ക്കും ബോധ്യപ്പെടും.

ഇതു് യുഡിഎഫിന്റെ വികസന വായ്ത്താരിയുടെ പൊള്ളത്തരം വെളിവാക്കുന്നു.

Thursday, March 3, 2016

വഴി മാറൂ...സ്വപ്നങ്ങള്‍ തിരിച്ചുവരുന്നു - എം എം പൌലോസ്



(Courtesy : http://www.deshabhimani.com/index.php/articles/news-articles-03-03-2016/543083)

ജെഎന്‍യു വിദ്യാര്‍ഥിനേതാവ് കനയ്യകുമാറും അഭിഭാഷകന്‍ വിക്രം ചൌഹാനും പരസ്പരം അറിയുകപോലുമില്ല. എന്നിട്ടും എന്തിന് ചൌഹാന്‍ കനയ്യകുമാറിനെ മര്‍ദിച്ചു? ചൌഹാന്‍ രാജ്യസ്നേഹിയും കനയ്യകുമാര്‍ രാജ്യദ്രോഹിയുമായതുകൊണ്ടാണോ ഇത്?എങ്ങനെയാണ് രാജ്യസ്നേഹിയും രാജ്യദ്രോഹിയുമുണ്ടാകുന്നത്?

ആരാണ് രാജ്യസ്നേഹി? ഗാന്ധിയുടെ നെഞ്ചിലേക്ക് കാഞ്ചി വലിച്ച നാഥുറാം വിനായക് ഗോഡ്സെയോ? ഗോഡ്സെയുടെ ചരമ ദിനം ബലിദിനമായി ആചരിക്കണമെന്നു പറഞ്ഞ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി മുന്നകുമാര്‍ ശര്‍മയോ? ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ യോഗി ആദിത്യനാഥ് എംപിയോ? ഹിന്ദുസ്ത്രീകളോട് ശക്തി നിലനിര്‍ത്താന്‍ നാല് കുട്ടികളെയെങ്കിലും പ്രസവിക്കാന്‍ പറഞ്ഞ സാക്ഷി മഹാരാജ് എംപിയോ? എന്തിന് നാല്, പുലിക്കുട്ടിയെപ്പോലെ ഒന്നിനെ പ്രസവിച്ചാല്‍ പോരേ എന്ന് ചോദിച്ച ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയോ? ഗോഹത്യ നടത്തുന്നവരെ കൊന്നുകളയണമെന്നു പറഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ അന്തര്‍ദേശീയ തലവന്‍ പ്രവീണ്‍ തൊഗാഡിയയോ? ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മയക്കുമരുന്നിന്റെയും ഗര്‍ഭനിരോധന ഉറകളുടെയും സംഭരണശാലയാണെന്നു പറഞ്ഞ എംഎല്‍എ ജ്ഞാനദേവ് അഹൂജയോ? പുസ്തകപ്രകാശനത്തിന് മുന്‍ പാക് വിദേശമന്ത്രിയെ വിളിച്ച സുധീന്ദ്ര കുല്‍ക്കര്‍ണിയെ കറുത്ത മഷിയില്‍ കുളിപ്പിച്ചവരോ?

രാജ്യസ്നേഹം വെറുപ്പ് ഉല്‍പ്പാദിപ്പിക്കാനുള്ള ഫാക്ടറിയല്ല. വെറുപ്പ് തീറ്റിച്ച് കൊഴുപ്പിച്ചെടുക്കുന്ന കാളക്കൂറ്റന്മാരുടെ കൊമ്പില്‍ കോര്‍ക്കാനുള്ളതല്ല ദേശീയപതാക. ഏകഭാവത്തോടെ, ഏകോദരജാതന്മാരെപ്പോലെ, കൈകഴുകിത്തുടച്ച് എടുക്കേണ്ടതാണ് ആ കൊടി (വള്ളത്തോള്‍). അത് പാകിസ്ഥാനെ ചൂണ്ടിക്കാണിച്ച് ആക്രമണത്വര ഉണ്ടാക്കാനുള്ള ആയുധവിദ്യ അല്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ പ്രകടനം നടത്തുന്നതും ഗുലാം അലിയെ പാടാന്‍ അനുവദിക്കാത്തതും രാജ്യസ്നേഹമല്ല. സിഖുകാരന്‍ പ്രധാനമന്ത്രിയും മുസ്ളിം രാഷ്ട്രപതിയും ഭരിക്കുന്ന പാര്‍ടിയുടെ അധ്യക്ഷയായി ക്രിസ്ത്യാനിയും ഇവിടെയുണ്ടായിരുന്നു. അന്നും ഇവിടെ സൂര്യനുദിച്ചിരുന്നു. വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്ന ഏകകണ്ണി മതംമാത്രമല്ല. മതങ്ങളുടെ കൂട്ടായ്മയല്ല ലോകം. ഒരാള്‍ ഒരേസമയം കേരളീയനാണ്, ഇന്ത്യക്കാരനാണ്, ഏഷ്യക്കാരനാണ്. അതേസമയംതന്നെ തൊഴിലാളിയാകാം, അധ്യാപകനാകാം, എഴുത്തുകാരനാകാം, മാംസഭുക്കാകാം, സസ്യഭുക്കാകാം. ഒരു പ്രത്യേക വിഭാഗത്തില്‍മാത്രമല്ല അയാള്‍ക്ക് ജീവിതത്തില്‍ അംഗത്വം. വ്യത്യസ്ത അഭിരുചികളില്‍, വ്യത്യസ്ത വിശ്വാസങ്ങളില്‍, വ്യത്യസ്ത താല്‍പ്പര്യങ്ങളില്‍ മനുഷ്യന്‍ ജീവിക്കുന്നു. മുന്‍ഗണനകള്‍ വ്യക്തിയുടെ സ്വാതന്ത്യ്രമാണ്. ഇതാണ് വൈവിധ്യം, ഇതാണ് സൌന്ദര്യം. നിന്റെ വിശ്വാസത്തില്‍ വിശ്വസിക്കാത്തവന്‍ നിന്റെ ശത്രുവാണ് എന്ന മതബോധത്തില്‍തന്നെ ഹിംസ പതിയിരിക്കുന്നു.

ദേശീയത മതത്തിന്റെ പര്യായമല്ല. വട്ടമേശസമ്മേളനത്തിന് ലണ്ടനിലെത്തിയ ഗാന്ധിയെ സവര്‍ണരുടെ പ്രതിനിധിയായി കണ്ട ബ്രിട്ടീഷുകാരോട് അദ്ദേഹം പറഞ്ഞ മറുപടി 'ഞാന്‍ ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന 85 ശതമാനം മനുഷ്യരുടെ പ്രതിനിധി'യാണെന്നാണ്. ബ്രാഹ്മണന്റെ പ്രതിനിധിയായിരുന്നില്ല ഗാന്ധി. മതംമാത്രമാണ് സുരക്ഷാകവചമെന്നും അത് മാറ്റിയാല്‍ അരക്ഷിതമായിരുക്കുമെന്നും ഉരുവിടുന്നവര്‍ പച്ചിലകള്‍ കാട്ടി കലാപഭൂമിയിലേക്ക് നയിക്കുകയാണ്.

സ്നേഹത്തിന് പരിശീലനക്ളാസ് വേണ്ട. അടുത്തുനില്‍ക്കുന്നവനെ കാണാത്തവന് ഈശ്വരനെ കാണാനാകില്ല (ഉള്ളൂര്‍). വെറുപ്പിന് പക്ഷേ ഒരു പാഠ്യപദ്ധതിയും ബോധനരീതിയും വേണം. അല്ലെങ്കില്‍ കാദര്‍ മിയയെ എന്തിന് കൊന്നു? കാദര്‍ മിയയുടെ ജീവിതംപറഞ്ഞത് അമര്‍ത്യസെന്നാണ്. സെന്നിന്റെ കുട്ടിക്കാലത്ത്, 1940ലാണ് സംഭവം. സെന്നിന്റെ വീട്ടിലേക്ക് ഒരാള്‍ ഓടിവന്നു. നെഞ്ചില്‍ കുത്തേറ്റിട്ടുണ്ട്. അയാള്‍ വെള്ളം ചോദിച്ചു. സെന്നിന്റെ പിതാവ് കാദര്‍ മിയയെയുംകൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. വണ്ടിയിലിരുന്ന് അയാള്‍ സംഭവം പറഞ്ഞു. മൂന്ന് നാല് ദിവസമായി വീട് പട്ടിണിയിലാണ്. അടുത്തസ്ഥലത്തേക്ക് കൂലിപ്പണിക്ക് പോയതാണ്. വീട്ടുകാര്‍ വിലക്കി. വര്‍ഗീയകലാപം നടക്കുകയാണ്. ആപത്തുണ്ട്. പക്ഷേ, വകവച്ചില്ല. തനിക്ക് ആരും അവിടെ ശത്രുക്കളില്ല. കലാപകാരികള്‍ക്ക് പക്ഷേ ശത്രുവിനെത്തന്നെ വേണമെന്നില്ല. ഒരു പേര് മതി. കാദര്‍ മിയ. കഠാരകൊണ്ട് ഒരു മരണസര്‍ട്ടിഫിക്കറ്റെഴുതാന്‍ ആ പേര് ധാരാളം. ആശുപത്രിയിലെത്തുംമുമ്പേ അയാള്‍ മരിച്ചു. തിരിച്ചും സംഭവിച്ചിട്ടുണ്ട്.

അങ്ങനെ 1940 ജൂണ്‍മുതല്‍ തന്റെ ഗ്രാമത്തില്‍ ഹിന്ദുവും മുസല്‍മാനുമുണ്ടായി എന്ന് അമര്‍ത്യസെന്‍. വെറുപ്പിന്റെ പാഠശാലകള്‍ അങ്ങനെയാണ് അക്ഷരംകുറിക്കുന്നത്. ഒരാള്‍ ജൂതനാകുന്നത് ജൂതവിരുദ്ധന്റെ കണ്ണിലാണെന്ന് ജീന്‍പോള്‍ സാര്‍ത്ര്. ഹിറ്റ്ലറുടെ കണ്ണില്‍ ജൂതന്‍ ഒരു നീചദൃശ്യമാണ്. അതുമതി ഒരാള്‍ക്ക് ജീവിക്കാനുള്ള അനര്‍ഹതയ്ക്ക്. ഹിറ്റ്ലറും രാജ്യസ്നേഹിയായിരുന്നു! ഫ്രഞ്ച് എഴുത്തുകാരന്‍ ആന്ദ്രെ മല്‍റോ ജവാഹര്‍ലാല്‍ നെഹ്റുവിനോട് ചോദിച്ചു, സ്വതന്ത്രഭാരതത്തില്‍ നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു? മതപരമായ രാജ്യത്ത് മതനിരപേക്ഷമായ രാജ്യം സൃഷ്ടിക്കലാണ് ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി– ഇതായിരുന്നു നെഹ്റുവിന്റെ ഉത്തരം.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ മതം എത്രയോ ചുരുങ്ങിയ സമയംമാത്രമാണ് ഇടപെടുന്നത്! ജനനം, വിവാഹം, മരണം തുടങ്ങി ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന കാര്യങ്ങളിലാണ് മതത്തെയും അതിന്റെ ആചാരത്തെയും ആദരപൂര്‍വം ക്ഷണിക്കാറുള്ളത്. ഒരു മനുഷ്യന്‍ ദൈനംദിനം എന്തെല്ലാം കാര്യങ്ങളില്‍ ഇടപെടുന്നു. ഗുമസ്തന്‍ ഫയല്‍നോക്കുമ്പോള്‍ എവിടെയാണ് മതം? രോഗി ഡോക്ടറെ തേടുമ്പോള്‍ എവിടെയാണ് മതം? അരിയും പലവ്യഞ്ജനങ്ങളും വാങ്ങുമ്പോള്‍ എവിടെയാണ് മതം? സിനിമ കാണാന്‍ തിയറ്ററിലിരിക്കുമ്പോള്‍ എവിടെയാണ് മതം? ക്രിസ്ത്യാനികള്‍ക്കുമാത്രം ആസ്വദിക്കാനുള്ളതാണോ യേശുദാസിന്റെ ഗാനം? ഹിന്ദുക്കള്‍ക്കുമാത്രം ആസ്വദിക്കാനുള്ളതാണോ കലാമണ്ഡലം ഗോപിയുടെ ആട്ടം? ലയണല്‍ മെസി ഫ്രീകിക്കെടുക്കുമ്പോള്‍ അത് ആസ്വദിക്കുന്നത് ബൈബിള്‍ വായിച്ചിട്ടല്ല. വായിക്കാന്‍ ഒരു പുസ്തകം കൈയിലെടുക്കുന്നത് മതം നോക്കിയിട്ടല്ല. സിത്താറിന്റെയും സരോദിന്റെയും തന്ത്രികളില്‍ മതമില്ല. കുഴിയില്‍ വീണവനെ രക്ഷിക്കാന്‍ ചാടി മരിച്ചുപോയവരുടെ മതം നോക്കാന്‍ വെള്ളാപ്പള്ളി നടേശനേ കഴിയൂ; മനുഷ്യര്‍ക്ക് കഴിയില്ല.

വ്യക്തിയുടെ ഭാവനകളില്‍, സര്‍ഗാത്മകതയില്‍, ജീവിക്കാനുള്ള വെമ്പലുകളില്‍, അധ്വാനത്തില്‍, ദൈനംദിന ജീവിതവ്യാപാരത്തില്‍ മതം കാര്യമായി കടന്നുവരാറില്ല. ആത്മസംഘര്‍ഷത്തില്‍,ആശങ്കകളില്‍, അനിശ്ചിതത്വങ്ങളിലാണ് വിശ്വാസവും ദൈവവും ആശ്രയമായി കടന്നുവരുന്നത്. നന്മയുടെ പക്ഷം തോറ്റുപോകുമ്പോഴും ദൈവമേ എന്ന വിളിയുണ്ടാകും. എന്നിട്ടും രാഷ്ട്രീയത്തെ, ദേശസ്നേഹത്തെ, മതത്തിന്റെ കുപ്പായം ധരിപ്പിക്കുന്നത് എന്തിനാണ്? മതംകൊണ്ട് നിര്‍മിച്ച പാകിസ്ഥാന്‍ 1947നു ശേഷം ഉറങ്ങിയിട്ടില്ല. അവിടെ അധികാരത്തിന്റെ ഇടനാഴികളില്‍ സ്ഥാപിച്ച തൂക്കുമരങ്ങള്‍ വിശ്രമിച്ചിട്ടില്ല.

ജനാധിപത്യം ചിഹ്നവും വോട്ടുംമാത്രമല്ല. അത് തുറന്ന ചര്‍ച്ചയും അഭിപ്രായപ്രകടനവുമാണ്. എതിര്‍ശബ്ദത്തെ എങ്ങനെ കാണുന്നു എന്നതാണ് ജനാധിപത്യത്തിന്റെ മൂല്യം. സമ്പന്നമാണ് ഇന്ത്യ ഇതില്‍. പ്രാചീനകാലത്ത് ഇവിടെ ഉണ്ടായ ബുദ്ധകൌണ്‍സിലുകള്‍ തുറന്ന സംവാദവേദികളായിരുന്നു. 'നമ്മുടെ പാരമ്പര്യം സഹിഷ്ണുത പഠിപ്പിക്കുന്നു, നമ്മുടെ ദര്‍ശനങ്ങള്‍ സഹിഷ്ണുത ഉപദേശിക്കുന്നു, നമ്മുടെ ഭരണഘടന സഹിഷ്ണുത പ്രഖ്യാപിക്കുന്നു. ഇതില്‍ വെള്ളം ചേര്‍ക്കരുത്'– സുപ്രീംകോടതി ജഡ്ജി ചിന്നപ്പ റെഡ്ഡിയുടെ 1986ലെ ഒരു വിധിവാചകമാണ് ഇത്.യഹോവസാക്ഷിയായ വിദ്യാര്‍ഥിക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചത് റദ്ദാക്കിയുള്ള വിധിയാണ് അത്.

ഭരണഘടനയിലെ ദേശദ്രോഹത്തിന്റെ വകുപ്പ് ചൂണ്ടി പകയുടെ കൊടുവാള്‍ രാകുന്നവര്‍ മനപ്പൂര്‍വം മറന്ന ഒരു കാര്യമുണ്ട്. 1787ല്‍ ഫിലാഡല്‍ഫിയയില്‍ തുടങ്ങിയ ഭരണഘടനാരചനയുടെ ചരിത്രത്തില്‍ ഏറ്റവും ബൃഹത്തായത് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണമാണ്. സ്വതന്ത്രമായ ചര്‍ച്ചയായിരുന്നു അതിന്റെ ജീവന്‍. മൂന്നുവര്‍ഷംകൊണ്ടാണ് അത് പൂര്‍ത്തീകരിച്ചത്. അതിന്റെ ഓരോ വകുപ്പും കമ്പോട് കമ്പ് ചര്‍ച്ചചെയ്യാന്‍ കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളി 11 തവണയായി 165 ദിവസം ചേര്‍ന്നു. ഇതിന്റെ നടപടിക്രമം മുഴുവന്‍ ആയിരത്തിലധികം പേജുള്ള 11 വാള്യങ്ങളുണ്ട്. ഈശ്വരവിശ്വാസികള്‍, നിരീശ്വരവാദികള്‍, ഹിന്ദു മഹാസഭക്കാര്‍ തുടങ്ങി എല്ലാ വിഭാഗക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തു. പൊതുജനങ്ങളോടും നിര്‍ദേശം സമര്‍പ്പിക്കാന്‍ പറഞ്ഞു. പരസ്പരവിരുദ്ധമായ ആയിരത്തിലേറെ നിര്‍ദേശങ്ങളാണ് തീപറന്ന ചര്‍ച്ചയിലുണ്ടായത്. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളി ചേരുന്ന 1946–49 കാലം സംഘര്‍ഷഭരിതവുമായിരുന്നു. പട്ടിണി, വര്‍ഗീയകലാപം, അഭയാര്‍ഥിപ്രവാഹം– അങ്ങനെ ഇന്ത്യ ഉരുകുകയായിരുന്നു. മൌലികാവകാശങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പുറത്ത് മൌലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയായിരുന്നു. ഇതേ സമയത്താണ് ജപ്പാന്റെ ഭരണഘടനയും തയ്യാറായത്. അതുപക്ഷേ, അടഞ്ഞ മുറിയില്‍ 24 വിദേശികളിരുന്നാണ് എഴുതിയുണ്ടാക്കിയത്.

ഭരണഘടന തയ്യാറാക്കിയശേഷം അംബേദ്കര്‍ നടത്തിയ ഉപസംഹാര പ്രസംഗത്തില്‍ രണ്ട് മുന്നറിയിപ്പ് നല്‍കി. ഒന്ന്– നേതൃത്വത്തിന്റെ ആകര്‍ഷണവലയത്തില്‍ ചിന്താശൂന്യമായി ചാടരുത്. ജെ എസ് മില്ലിനെയാണ് അംബേദ്കര്‍ ഉദ്ധരിച്ചത്. വലിയ മനുഷ്യരുടെ മുന്നില്‍ സ്വന്തം സ്വാതന്ത്യ്രം കാഴ്ചവയ്ക്കരുത്. അവര്‍ ജനാധിപത്യസ്ഥാപനങ്ങളെ അട്ടിമറിക്കും. ഇന്ത്യയിലെ ഭക്തിയുടെ പാരമ്പര്യം രാഷ്ട്രീയത്തിലും തുടര്‍ന്നാല്‍ അതുണ്ടാക്കുന്ന ആഘാതം ചിന്തിക്കാനാകാത്തതായിരിക്കും.

രണ്ട്– നാം നേടിയത് 'രാഷ്ട്രീയ ജനാധിപത്യം'മാത്രം. സാമൂഹിക– സാമ്പത്തിക രംഗത്ത് അസമത്വം തുടരുന്നു. ഇത് പരസ്പര വൈരുധ്യങ്ങളുടെ സമൂഹമാണ്. മേല്‍ക്കോയ്മകള്‍ നിലനില്‍ക്കുകയാണ്.'

കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളിയില്‍ ജയ്പാല്‍ സിങ് പ്രസംഗിച്ചത് മറ്റൊരു രൂപത്തില്‍ പറയുകയായിരുന്നു അംബേദ്കര്‍. 1928ല്‍ ഇന്ത്യക്ക് ഒളിമ്പിക് ഹോക്കി സ്വര്‍ണം സമ്മാനിച്ച ടീമിനെ നയിച്ച ജയ്പാല്‍ സിങ്. 'ഒരു ആദിവാസിയായ എനിക്ക് ഇവിടെ അവതരിപ്പിച്ച പ്രമേയത്തിലെ സങ്കീര്‍ണതകള്‍ അറിയില്ല. സര്‍, ഇന്ത്യയില്‍ എന്റെ ജനങ്ങളെപ്പോലെ ഇത്രയേറെ അപമാനിക്കപ്പെട്ടിട്ടുള്ളവര്‍ വേറെ ആരുമില്ല. ആറായിരം വര്‍ഷമായി ചവിട്ടി അരയ്ക്കുകയാണ്, അവഗണിക്കുകയാണ് എന്റെ ജനങ്ങളെ. പുതുതായി കടന്നുവന്നവര്‍ സിന്ധുനദീതട തീരത്തുനിന്ന് ഞങ്ങളെ കാട്ടിലേക്ക് ആട്ടിയോടിച്ചു. എന്റെ ജനങ്ങളുടെ ചരിത്രം നിരന്തരമായ ചൂഷണത്തിന്റെയും പലായനത്തിന്റേതുമാണ്...'. ഏഴുപതിറ്റാണ്ടുകള്‍ക്കുശേഷം, ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പും ഇതിനോടൊപ്പം വായിക്കാവുന്നതാണ്. 'ശപിക്കപ്പെട്ട ജന്മം' എന്നെഴുതി രോഹിത് ജീവിതം അവസാനിപ്പിച്ചു. ശാസ്ത്ര എഴുത്തുകാരനാകാന്‍ കൊതിച്ച് ആത്മഹത്യക്ക് അടിക്കുറിപ്പെഴുതി പേന മടക്കിയ ജീവിതം.

തയ്യല്‍ക്കാരിയുടെ മകനാണ് രോഹിത്. അങ്കണവാടിജീവനക്കാരിയുടെ മകനാണ് കനയ്യകുമാര്‍. നരേന്ദ്ര മോഡിയുടെ 'ടീം ഇന്ത്യ'യില്‍ ഇവര്‍ക്ക് സ്ഥാനമുണ്ടാകുമോ?

പക്ഷേ, കാപട്യങ്ങളുടെ ലോകം വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നു. വെറുപ്പിന്റെ രീതിശാസ്ത്രങ്ങളും വികസനത്തിന്റെ ചാണക്യതന്ത്രങ്ങളും തീര്‍ക്കുന്ന സാമൂഹിക അസമത്വങ്ങള്‍ യൌവനചിന്തകളില്‍ നിറയുന്നു. നീതിക്കും സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള പോരാട്ടം ഭൂതകാലനന്മ മാത്രമായിരുന്നു എന്ന ഗൃഹാതുര ചിന്തയെ കുട്ടികള്‍ തെരുവില്‍ തിരുത്തുന്നു. അലസഗമനത്തിന്റെ പാതയോരങ്ങളില്‍നിന്ന് പടയോട്ടത്തിന്റെ കുളമ്പടികള്‍ ഉയരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍, അലഹബാദ് സര്‍വകലാശാലയില്‍, ചെന്നൈ ഐഐടിയില്‍– ശബ്ദങ്ങള്‍ ഉയരുന്നു. അവര്‍ സ്വപ്നങ്ങളെ തിരിച്ചുകൊണ്ടുവരികയാണ്.

ആട്ടിന്‍തോലില്‍ ചെന്നായ - പ്രൊഫ. കെ എന്‍ ഗംഗാധരന്‍



(Courtesy : http://www.deshabhimani.com/index.php/articles/news-articles-03-03-2016/543084)

കോര്‍പറേറ്റുകളുടെ സര്‍ക്കാര്‍ എന്ന വിലയിരുത്തല്‍ വസ്തുനിഷ്ഠമാണ്. അത്തരം വിമര്‍ശങ്ങള്‍ക്ക് മറയിടാനുള്ള ശ്രമമുണ്ട് കേന്ദ്രബജറ്റില്‍. ഉറുമ്പിനെ പിന്മാറ്റാന്‍ പഞ്ചസാരഭരണിക്ക് കാപ്പിപ്പൊടി ലേബലൊട്ടിക്കുന്നതുപോലെയാണത്. എന്നിട്ടും ഒളിപ്പിക്കാന്‍ കഴിയുന്നില്ല കോര്‍പറേറ്റുകളോടുള്ള പക്ഷപാതിത്വം. 6,11,128.31 കോടി രൂപയാണ് നികുതിയിളവുകളും ആനുകൂല്യങ്ങളുമായി കോര്‍പറേറ്റുകള്‍ക്ക് സമ്മാനിച്ചത്. മുന്‍വര്‍ഷമത് 5,54,349.04 കോടിരൂപയായിരുന്നു. 56,696.27 കോടി രൂപ അധികം. ആകെ സബ്സിഡിയേക്കാള്‍ 144 ശതമാനം കൂടുതലാണ് നികുതി ആനുകൂല്യങ്ങള്‍.

കോര്‍പറേറ്റ് നികുതിനിരക്ക് 30ല്‍നിന്ന് 25 ശതമാനമാക്കി കുറയ്ക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം അദ്ദേഹം ഒരു പ്രഖ്യാപനംകൂടി നടത്തി. നിലവിലുള്ള നികുതി ആനുകൂല്യങ്ങളും ഇളവുകളും പിന്‍വലിക്കും. അതിന്റെ കഥയാണ് മേല്‍കൊടുത്തത്.

വന്‍കിട കമ്പനികള്‍ കൂടുതല്‍ നികുതി കൊടുക്കുമെന്നല്ലേ പൊതുധാരണ. മറിച്ചാണ് സംഭവം. അവര്‍ക്കാണ് കൂടുതല്‍ ഇളവ്. ഒരുകോടി രൂപയില്‍ താഴെ വാര്‍ഷികലാഭമുള്ള കമ്പനികള്‍ 29.37 ശതമാനം നികുതി നല്‍കുമ്പോള്‍, 500 കോടിയിലേറെ വാര്‍ഷികലാഭമുള്ള കമ്പനികള്‍ 22.88 ശതമാനം നികുതിയേ നല്‍കേണ്ടതുള്ളൂ. അഞ്ചുകോടിരൂപയില്‍ കുറഞ്ഞ ലാഭമുള്ള കമ്പനികള്‍ നല്‍കേണ്ട നികുതിനിരക്ക് 29 ശതമാനമായി ഇപ്പോഴത്തെ ബജറ്റില്‍ കുറച്ചിട്ടുമുണ്ട്.

സാധാരണക്കാരായ കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ചെറുകിട– ഇടത്തരം വ്യവസായികള്‍ക്കും വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. വായ്പകള്‍ക്ക് മുന്‍ഗണനാക്രമവും നിര്‍ണയിക്കപ്പെട്ടു. സ്വകാര്യബാങ്കുകള്‍ ലാഭത്തില്‍ ഊന്നുമ്പോള്‍, പൊതുമേഖലാബാങ്കുകള്‍ സാമൂഹ്യലക്ഷ്യംകൂടി ഉയര്‍ത്തിപ്പിടിക്കുന്നു. പൊതുമേഖലാബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ശക്തമായ സാന്നിധ്യമാണ് ആഗോളമാന്ദ്യത്തില്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ ആടിയുലഞ്ഞപ്പോള്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്നത്. പൊതുമേഖലാബാങ്കുകള്‍ ഇന്ന് പ്രതിസന്ധിയിലാണ്. അവയുടെ ലാഭനിരക്ക് കുറയുകയാണ്. ഒപ്പം ബാങ്കുകളുടെ ഓഹരിവിലകളും. അമേരിക്കന്‍ ബാങ്കുകളെപ്പോലെ പലിശനിരക്ക് കുറച്ചതല്ല കാരണം. പലിശനിരക്ക് ഏറെക്കുറെ സുസ്ഥിരമാണ്. കൊടുത്ത വായ്പകള്‍ കോര്‍പറേറ്റുകള്‍ തിരിച്ചടയ്ക്കുന്നില്ല എന്നതാണ് പ്രശ്നം. കിട്ടാക്കടം പെരുകുകയാണ്. കോര്‍പറേറ്റുകള്‍ നികുതി ആനുകൂല്യങ്ങള്‍ വഴി ഖജനാവ് ചോര്‍ത്തുന്നതുപോലെ, പൊതുമേഖലാബാങ്കുകളില്‍നിന്നും കോടികള്‍ ചോര്‍ത്തുന്നു. വരുമാനരഹിത വായ്പയും പുനഃക്രമീകൃതവായ്പയും ചേര്‍ത്ത് 8.47 ലക്ഷം കോടി രൂപയിലേറെ കിട്ടാക്കടമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം 1,61,018 കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി. 2014–15ല്‍മാത്രം 60,000 കോടി രൂപയാണ് എഴുതിത്തള്ളിയത്. വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപകര്‍ ആരെന്ന് വെളിപ്പെടുത്താത്തതുപോലെ, കിട്ടാക്കടം വരുത്തിയ കോര്‍പറേറ്റുകള്‍ ആരെന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ആഗോളമാന്ദ്യത്തില്‍ ആടിയുലഞ്ഞ അമേരിക്കന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയതിന് സമാനമായ രീതിയാണ് ഇന്ത്യാഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്നത്. ബാങ്കുകളുടെ മൂലധനാടിത്തറ ശക്തിപ്പെടുത്താന്‍ 25,000 കോടിയാണ് ബജറ്റ് അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷവും നല്‍കി 25,000 കോടി രൂപ. ആകെ 70,000 കോടി നല്‍കാനാണ് പദ്ധതി.

കള്ളപ്പണക്കാര്‍ക്കിത് ശുക്രന്റെ കാലമാണ്. അല്‍പ്പം കൈക്കൂലി സര്‍ക്കാരിന് നല്‍കിയാല്‍ മതി. പകല്‍ വെളിച്ചത്തില്‍ കൈയുംവീശിനടക്കാം. അവശേഷിക്കുന്ന പണം എങ്ങനെ കിട്ടിയെന്നുചോദിക്കില്ല. നികുതിവെട്ടിപ്പില്‍ ജയിലിലും പോകേണ്ട. ജൂണ്‍ മുതല്‍ നാലുമാസമാണ് കാലാവധി. അതിനുമുമ്പ് അപേക്ഷ കൊടുക്കണം. കള്ളപ്പണത്തിന്റെ 30 ശതമാനം നികുതി, 7.5 ശതമാനം സര്‍ചാര്‍ജ്, 7.5 ശതമാനം പിഴ, എല്ലാംകൂടി 45 ശതമാനം. എങ്കിലെന്ത്? നൂറുലക്ഷം കോടി രൂപ കള്ളപ്പണമായി ഒതുക്കിവച്ചിട്ടുണ്ടെങ്കില്‍ 55 ലക്ഷംകോടി ലാഭം. സര്‍ക്കാരിനും ലാഭം. ട്വന്റി–ട്വന്റി എന്നര്‍ഥം. ഇതുപോലൊരു സൌജന്യപദ്ധതി പ്രഖ്യാപിച്ചിരുന്നു. മൂന്നുമാസമായിരുന്നു കാലാവധി. കാലാവധി അവസാനിച്ച 2015 സെപ്തംബര്‍ 30 വരെ. 644 'ശുദ്ധാത്മാക്കള്‍' കള്ളപ്പണം (പൂര്‍ണമായല്ല) വെളിപ്പെടുത്തി. സര്‍ക്കാരിന് 4164 കോടി രൂപ കിട്ടി. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടുപ്രകാരം 2004–2013കാലത്ത് ഇന്ത്യയില്‍നിന്ന് വിദേശബാങ്കുകളിലേക്ക് ഒഴുകിപ്പോയ കള്ളപ്പണം 510 ശതകോടി ഡോളറാണ്. ഡോളറൊന്നിന് 66 രൂപ കണക്കാക്കിയാല്‍ 33,66,000 കോടി രൂപ. പക്ഷേ സാരമില്ല, അതില്‍ 392 ശതകോടി ഡോളര്‍ (25,87,200 കോടി രൂപ) വിദേശനിക്ഷേപരൂപത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 12 ലക്ഷം ജനസംഖ്യയും ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ നൂറിലൊന്നുപോലും വരുമാനവുമില്ലാത്ത മൊറീഷ്യസില്‍നിന്നാണ് 34 ശതമാനവും എത്തിയത്. 'ഇന്ത്യന്‍ മേഡ് ഫോറിന്‍ ലിക്കര്‍'പോലെയാണ് ഇന്ത്യക്കാരായ വിദേശികളുടെ വിദേശനിക്ഷേപം. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ സാമ്രാജ്യത്വരാജ്യങ്ങളുടെ ധനമൂലധനവും എത്തുന്നത് മൊറീഷ്യസും സിംഗപ്പുരും വഴിതന്നെ. ഇരട്ടനികുതി ഒഴിവാക്കല്‍ നിയമത്തിന്റെ ചിറകിലേറിയാണ് വിദേശനിക്ഷേപത്തിന്റെ വരവ്. ഏറ്റവും പുതിയ സാമ്പത്തികസര്‍വേ പ്രകാരം, 2015 ഏപ്രില്‍–ഡിസംബറില്‍ 29.5 ശതകോടി ഡോളര്‍ വിദേശനിക്ഷേപമെത്തി. 60 ശതമാനവും മൊറീഷ്യസില്‍നിന്നും സിംഗപ്പുരില്‍നിന്നുമാണ്. ചൈനയുമായി മൊറീഷ്യസ് ഇരട്ടനികുതികരാറില്‍ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, ചൈന പത്തുശതമാനം നികുതി ചുമത്തുന്നു. ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ഗുരുത്വം അല്‍പ്പമൊന്നുകുറയ്ക്കാന്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി 2012ല്‍ ഒരു വൃഥാശ്രമം നടത്തി. 'നികുതി ഒഴിവാക്കലിനെതിരായ ചട്ടം' എന്നായിരുന്നു അതിന്റെ പേര്. പക്ഷേ, വന്‍കിടക്കാരുടെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ ധൈര്യപ്പെട്ടില്ല.

ദുര്‍ബലമാകുന്ന ആഗോളസമ്പദ്വ്യവസ്ഥയിലെ തിളക്കത്തിന്റെ അടയാളം എന്നത്രേ ഐഎംഎഫ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ധനമന്ത്രി അത് പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ട്. 1991ലെ ഐഎംഎഫ് കുറിപ്പടിയാണ് ഇന്ത്യയെ പടുകുഴിയില്‍ തള്ളിയതെന്ന വസ്തുത വിസ്മരിച്ചതുപോലെ. എന്താണീ പ്രശംസയ്ക്ക് അടിസ്ഥാനം? 2015–16ല്‍ ഇന്ത്യ 7.6 ശതമാനം വളര്‍ച്ചനിരക്ക് കൈവരിച്ചു. മുന്‍വര്‍ഷത്തെ 7.2 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച. 0.4 ശതമാനം കൂടുതല്‍. പക്ഷേ, ലക്ഷ്യമിട്ടത് 8.5 ശതമാനമായിരുന്നു. അഥവാ 0.9 ശതമാനം കുറച്ചേ നേടിയുള്ളൂ. ബജറ്റ് വായിക്കുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. പണ്ട് കെ എം മാണി തന്റെ ബജറ്റ്, മിച്ചമെന്നോ കമ്മിയെന്നോ പറയാമെന്ന് പ്രഖ്യാപിച്ചല്ലോ!

ദേശീയവരുമാനം 7.6 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവനോപാധിയായ കാര്‍ഷികമേഖല തളര്‍ച്ചയില്‍ തുടര്‍ന്നു. 1.1 ശതമാനം വളര്‍ച്ചയാണ് കാര്‍ഷികമേഖല കൈവരിച്ചത്.

'കുഴിക്കുകൂലി' എന്ന് നരേന്ദ്ര മോഡി (ഫെബ്രുവരി, 2015) അപഹസിച്ച തൊഴിലുറപ്പുപദ്ധതിയുടെ സ്ഥിതിയെന്താണ്? നൂറുദിവസത്തിന്റെ സ്ഥാനത്ത് 40 ദിവസം തൊഴിലും കോടിക്കണക്കിനു രൂപയുടെ കൂലികുടിശ്ശികയുമാണ് പശ്ചാത്തലം. 34,699 കോടി രൂപയാണ് കഴിഞ്ഞ ബജറ്റ് വകയിരുത്തിയത്. സര്‍ക്കാരിന്റെ വരുമാനമുയരുകയാണെങ്കില്‍ (ഉയര്‍ന്നു; പെട്രോള്‍, ഡീസല്‍ തീരുവകള്‍ ഉയര്‍ത്തിയല്ലോ) 5000 കോടി രൂപ അധികമായി അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. അങ്ങനെ ആകെ 39,699 കോടി രൂപ. 2016–17ലെ ബജറ്റ് വകയിരുത്തുന്നത് 38,500 കോടി രൂപമാത്രം. 2015 ഡിസംബര്‍ 30 വരെ ചെലവഴിച്ചത് 31,830 കോടി രൂപമാത്രമായിരുന്നു എന്നോര്‍ക്കുമ്പോള്‍ തൊഴിലുറപ്പുപദ്ധതിപോലെ പാവങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതിയോടുള്ള രാഷ്ട്രീയസമീപനം വ്യക്തമാകും.

അല്‍പ്പം ഉപ്പുചേര്‍ത്തേ രുചിക്കാവൂ എന്നൊരു ശൈലിയുണ്ടല്ലോ. അപ്പാടെ വിശ്വസിക്കരുതെന്നാണ് സൂചന. ബജറ്റ് കണക്ക് അതുപോലെയാണ്. ഓവര്‍ലാപ്പിങ് ധാരാളമുണ്ട്. ഗ്രാമീണവികസനത്തിന് 8,59,695 കോടി വകയിരുത്തുമ്പോള്‍ അതില്‍ തൊഴിലുറപ്പുപദ്ധതിക്കും ഗ്രാമീണ വൈദ്യുതീകരണത്തിനും മറ്റുമുള്ള തുക ഉള്‍പ്പെടുമെന്ന് മനസ്സിലാക്കണം. അതുപോലെയാണ് ആരോഗ്യം– കുടുംബക്ഷേമം എന്നിവയുടെ കാര്യം. 36,881 കോടിയാണ് വിഹിതം. അതില്‍ വനിത– ശിശുക്ഷേമം, സംയോജിത ശിശുവികസനപദ്ധതി തുടങ്ങിയവയ്ക്കുള്ള തുകയും ഉള്‍പ്പെടും. ഏറ്റവും കുറച്ചുമാത്രമാണ് ഇപ്രാവശ്യത്തെ ബജറ്റ് ആരോഗ്യമേഖലയ്ക്ക് നല്‍കുന്നത്. ആരോഗ്യസുരക്ഷ ഐസിയുവില്‍ എന്നാണ് ഒരു പ്രമുഖപത്രം വിശേഷിപ്പിച്ചത്. 2015–16ല്‍ ദേശീയവരുമാനത്തിന്റെ 1.3 ശതമാനമാണ് ആരോഗ്യമേഖലയില്‍ ചെലവിട്ടത്.

ധനകമ്മി 3.9 ശതമാനം എന്ന ലക്ഷ്യത്തില്‍ പിടിച്ചുനിര്‍ത്താനായി എന്ന് ബജറ്റ് മേനിനടിക്കുന്നു. വിവിധ മന്ത്രാലയങ്ങളുടെ ചെലവുകള്‍ വെട്ടിക്കുറച്ചും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഉയര്‍ത്തിയുമാണ് ലക്ഷ്യംനേടിയത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പതുവട്ടം എക്സൈസ് തീരുവ കൂട്ടി, 27,000 കോടി രൂപ ഖജനാവിലേക്ക് മുതല്‍കൂട്ടി. 2014 ജൂണില്‍ ഒരു വീപ്പ ക്രൂഡ് ഓയിലിന്റെ വില 110 ഡോളറായിരുന്നു. ഇപ്പോള്‍ 33 ഡോളര്‍. പെട്രോളിയം ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാനായി. അടുത്തവര്‍ഷം ധനകമ്മി 3.5 ശതമാനമാക്കുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ധനകമ്മി കുറയ്ക്കുക ആവശ്യമാണ്, അത്യാവശ്യമല്ല. ഏതുവിധേനയും ധനകമ്മി കുറയ്ക്കേണ്ടതില്ല. വിദഗ്ധര്‍ക്കിടയിലും വ്യവസായികള്‍ക്കിടയിലും അഭിപ്രായഭിന്നതയുണ്ട്. രണ്ട് രീതിയില്‍ കമ്മി കുറയ്ക്കാം. ചെലവുചുരുക്കി, സര്‍ക്കാര്‍ പിന്മാറിക്കൊണ്ട്. അല്ലെങ്കില്‍ നികുതികൂട്ടി, പൊതുമേഖലാ ഓഹരി വിറ്റഴിച്ച്. രണ്ടും നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ധനകമ്മി കുറയ്ക്കുകയെന്നാല്‍ സര്‍ക്കാര്‍ പിന്മാറുക എന്നാണര്‍ഥം. പൊതുചെലവ് കുറയ്ക്കുകയെന്നും. പണച്ചുരുക്കം സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കും.

കയറ്റുമതി വര്‍ധിപ്പിക്കല്‍ സമീപസാധ്യതയല്ല. 2015–16ല്‍ കയറ്റുമതി 17.6 ശതമാനമാണ് ഇടിഞ്ഞത്. അമേരിക്കയും യൂറോപ്യന്‍യൂണിയനും സാമ്പത്തികക്കെടുതിയിലാണ്. ആഭ്യന്തര ഡിമാന്‍ഡ് വളര്‍ത്തുകയാണ് മാര്‍ഗം. കമ്പനികളുടെ ലാഭം വര്‍ധിച്ചെങ്കിലും അവര്‍ നിക്ഷേപത്തിന് മടിക്കുന്നുവെന്ന് സാമ്പത്തികസര്‍വേ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കണം. ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്ന് സാമ്പത്തികസര്‍വേ പറയുന്നു. വര്‍ധിച്ചത് ധനികരുടെയും ഇടത്തരക്കാരില്‍ മേല്‍ത്തട്ടുകാരുടെയും ഉപഭോഗമാണ്. അത് പരിമിതമാണ്. വിപണി വിപുലപ്പെടണം. അതിന് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം ഉയരണം. കാര്‍ഷികമേഖലയിലെ 35,968 കോടി രൂപ പ്രശ്നത്തിന്റെ അരികുതൊടുന്നതേയുള്ളൂ

Blog Archive