Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, March 3, 2016

ആട്ടിന്‍തോലില്‍ ചെന്നായ - പ്രൊഫ. കെ എന്‍ ഗംഗാധരന്‍



(Courtesy : http://www.deshabhimani.com/index.php/articles/news-articles-03-03-2016/543084)

കോര്‍പറേറ്റുകളുടെ സര്‍ക്കാര്‍ എന്ന വിലയിരുത്തല്‍ വസ്തുനിഷ്ഠമാണ്. അത്തരം വിമര്‍ശങ്ങള്‍ക്ക് മറയിടാനുള്ള ശ്രമമുണ്ട് കേന്ദ്രബജറ്റില്‍. ഉറുമ്പിനെ പിന്മാറ്റാന്‍ പഞ്ചസാരഭരണിക്ക് കാപ്പിപ്പൊടി ലേബലൊട്ടിക്കുന്നതുപോലെയാണത്. എന്നിട്ടും ഒളിപ്പിക്കാന്‍ കഴിയുന്നില്ല കോര്‍പറേറ്റുകളോടുള്ള പക്ഷപാതിത്വം. 6,11,128.31 കോടി രൂപയാണ് നികുതിയിളവുകളും ആനുകൂല്യങ്ങളുമായി കോര്‍പറേറ്റുകള്‍ക്ക് സമ്മാനിച്ചത്. മുന്‍വര്‍ഷമത് 5,54,349.04 കോടിരൂപയായിരുന്നു. 56,696.27 കോടി രൂപ അധികം. ആകെ സബ്സിഡിയേക്കാള്‍ 144 ശതമാനം കൂടുതലാണ് നികുതി ആനുകൂല്യങ്ങള്‍.

കോര്‍പറേറ്റ് നികുതിനിരക്ക് 30ല്‍നിന്ന് 25 ശതമാനമാക്കി കുറയ്ക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം അദ്ദേഹം ഒരു പ്രഖ്യാപനംകൂടി നടത്തി. നിലവിലുള്ള നികുതി ആനുകൂല്യങ്ങളും ഇളവുകളും പിന്‍വലിക്കും. അതിന്റെ കഥയാണ് മേല്‍കൊടുത്തത്.

വന്‍കിട കമ്പനികള്‍ കൂടുതല്‍ നികുതി കൊടുക്കുമെന്നല്ലേ പൊതുധാരണ. മറിച്ചാണ് സംഭവം. അവര്‍ക്കാണ് കൂടുതല്‍ ഇളവ്. ഒരുകോടി രൂപയില്‍ താഴെ വാര്‍ഷികലാഭമുള്ള കമ്പനികള്‍ 29.37 ശതമാനം നികുതി നല്‍കുമ്പോള്‍, 500 കോടിയിലേറെ വാര്‍ഷികലാഭമുള്ള കമ്പനികള്‍ 22.88 ശതമാനം നികുതിയേ നല്‍കേണ്ടതുള്ളൂ. അഞ്ചുകോടിരൂപയില്‍ കുറഞ്ഞ ലാഭമുള്ള കമ്പനികള്‍ നല്‍കേണ്ട നികുതിനിരക്ക് 29 ശതമാനമായി ഇപ്പോഴത്തെ ബജറ്റില്‍ കുറച്ചിട്ടുമുണ്ട്.

സാധാരണക്കാരായ കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ചെറുകിട– ഇടത്തരം വ്യവസായികള്‍ക്കും വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. വായ്പകള്‍ക്ക് മുന്‍ഗണനാക്രമവും നിര്‍ണയിക്കപ്പെട്ടു. സ്വകാര്യബാങ്കുകള്‍ ലാഭത്തില്‍ ഊന്നുമ്പോള്‍, പൊതുമേഖലാബാങ്കുകള്‍ സാമൂഹ്യലക്ഷ്യംകൂടി ഉയര്‍ത്തിപ്പിടിക്കുന്നു. പൊതുമേഖലാബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ശക്തമായ സാന്നിധ്യമാണ് ആഗോളമാന്ദ്യത്തില്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ ആടിയുലഞ്ഞപ്പോള്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്നത്. പൊതുമേഖലാബാങ്കുകള്‍ ഇന്ന് പ്രതിസന്ധിയിലാണ്. അവയുടെ ലാഭനിരക്ക് കുറയുകയാണ്. ഒപ്പം ബാങ്കുകളുടെ ഓഹരിവിലകളും. അമേരിക്കന്‍ ബാങ്കുകളെപ്പോലെ പലിശനിരക്ക് കുറച്ചതല്ല കാരണം. പലിശനിരക്ക് ഏറെക്കുറെ സുസ്ഥിരമാണ്. കൊടുത്ത വായ്പകള്‍ കോര്‍പറേറ്റുകള്‍ തിരിച്ചടയ്ക്കുന്നില്ല എന്നതാണ് പ്രശ്നം. കിട്ടാക്കടം പെരുകുകയാണ്. കോര്‍പറേറ്റുകള്‍ നികുതി ആനുകൂല്യങ്ങള്‍ വഴി ഖജനാവ് ചോര്‍ത്തുന്നതുപോലെ, പൊതുമേഖലാബാങ്കുകളില്‍നിന്നും കോടികള്‍ ചോര്‍ത്തുന്നു. വരുമാനരഹിത വായ്പയും പുനഃക്രമീകൃതവായ്പയും ചേര്‍ത്ത് 8.47 ലക്ഷം കോടി രൂപയിലേറെ കിട്ടാക്കടമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം 1,61,018 കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി. 2014–15ല്‍മാത്രം 60,000 കോടി രൂപയാണ് എഴുതിത്തള്ളിയത്. വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപകര്‍ ആരെന്ന് വെളിപ്പെടുത്താത്തതുപോലെ, കിട്ടാക്കടം വരുത്തിയ കോര്‍പറേറ്റുകള്‍ ആരെന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ആഗോളമാന്ദ്യത്തില്‍ ആടിയുലഞ്ഞ അമേരിക്കന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയതിന് സമാനമായ രീതിയാണ് ഇന്ത്യാഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്നത്. ബാങ്കുകളുടെ മൂലധനാടിത്തറ ശക്തിപ്പെടുത്താന്‍ 25,000 കോടിയാണ് ബജറ്റ് അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷവും നല്‍കി 25,000 കോടി രൂപ. ആകെ 70,000 കോടി നല്‍കാനാണ് പദ്ധതി.

കള്ളപ്പണക്കാര്‍ക്കിത് ശുക്രന്റെ കാലമാണ്. അല്‍പ്പം കൈക്കൂലി സര്‍ക്കാരിന് നല്‍കിയാല്‍ മതി. പകല്‍ വെളിച്ചത്തില്‍ കൈയുംവീശിനടക്കാം. അവശേഷിക്കുന്ന പണം എങ്ങനെ കിട്ടിയെന്നുചോദിക്കില്ല. നികുതിവെട്ടിപ്പില്‍ ജയിലിലും പോകേണ്ട. ജൂണ്‍ മുതല്‍ നാലുമാസമാണ് കാലാവധി. അതിനുമുമ്പ് അപേക്ഷ കൊടുക്കണം. കള്ളപ്പണത്തിന്റെ 30 ശതമാനം നികുതി, 7.5 ശതമാനം സര്‍ചാര്‍ജ്, 7.5 ശതമാനം പിഴ, എല്ലാംകൂടി 45 ശതമാനം. എങ്കിലെന്ത്? നൂറുലക്ഷം കോടി രൂപ കള്ളപ്പണമായി ഒതുക്കിവച്ചിട്ടുണ്ടെങ്കില്‍ 55 ലക്ഷംകോടി ലാഭം. സര്‍ക്കാരിനും ലാഭം. ട്വന്റി–ട്വന്റി എന്നര്‍ഥം. ഇതുപോലൊരു സൌജന്യപദ്ധതി പ്രഖ്യാപിച്ചിരുന്നു. മൂന്നുമാസമായിരുന്നു കാലാവധി. കാലാവധി അവസാനിച്ച 2015 സെപ്തംബര്‍ 30 വരെ. 644 'ശുദ്ധാത്മാക്കള്‍' കള്ളപ്പണം (പൂര്‍ണമായല്ല) വെളിപ്പെടുത്തി. സര്‍ക്കാരിന് 4164 കോടി രൂപ കിട്ടി. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടുപ്രകാരം 2004–2013കാലത്ത് ഇന്ത്യയില്‍നിന്ന് വിദേശബാങ്കുകളിലേക്ക് ഒഴുകിപ്പോയ കള്ളപ്പണം 510 ശതകോടി ഡോളറാണ്. ഡോളറൊന്നിന് 66 രൂപ കണക്കാക്കിയാല്‍ 33,66,000 കോടി രൂപ. പക്ഷേ സാരമില്ല, അതില്‍ 392 ശതകോടി ഡോളര്‍ (25,87,200 കോടി രൂപ) വിദേശനിക്ഷേപരൂപത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 12 ലക്ഷം ജനസംഖ്യയും ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ നൂറിലൊന്നുപോലും വരുമാനവുമില്ലാത്ത മൊറീഷ്യസില്‍നിന്നാണ് 34 ശതമാനവും എത്തിയത്. 'ഇന്ത്യന്‍ മേഡ് ഫോറിന്‍ ലിക്കര്‍'പോലെയാണ് ഇന്ത്യക്കാരായ വിദേശികളുടെ വിദേശനിക്ഷേപം. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ സാമ്രാജ്യത്വരാജ്യങ്ങളുടെ ധനമൂലധനവും എത്തുന്നത് മൊറീഷ്യസും സിംഗപ്പുരും വഴിതന്നെ. ഇരട്ടനികുതി ഒഴിവാക്കല്‍ നിയമത്തിന്റെ ചിറകിലേറിയാണ് വിദേശനിക്ഷേപത്തിന്റെ വരവ്. ഏറ്റവും പുതിയ സാമ്പത്തികസര്‍വേ പ്രകാരം, 2015 ഏപ്രില്‍–ഡിസംബറില്‍ 29.5 ശതകോടി ഡോളര്‍ വിദേശനിക്ഷേപമെത്തി. 60 ശതമാനവും മൊറീഷ്യസില്‍നിന്നും സിംഗപ്പുരില്‍നിന്നുമാണ്. ചൈനയുമായി മൊറീഷ്യസ് ഇരട്ടനികുതികരാറില്‍ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, ചൈന പത്തുശതമാനം നികുതി ചുമത്തുന്നു. ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ഗുരുത്വം അല്‍പ്പമൊന്നുകുറയ്ക്കാന്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി 2012ല്‍ ഒരു വൃഥാശ്രമം നടത്തി. 'നികുതി ഒഴിവാക്കലിനെതിരായ ചട്ടം' എന്നായിരുന്നു അതിന്റെ പേര്. പക്ഷേ, വന്‍കിടക്കാരുടെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ ധൈര്യപ്പെട്ടില്ല.

ദുര്‍ബലമാകുന്ന ആഗോളസമ്പദ്വ്യവസ്ഥയിലെ തിളക്കത്തിന്റെ അടയാളം എന്നത്രേ ഐഎംഎഫ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ധനമന്ത്രി അത് പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ട്. 1991ലെ ഐഎംഎഫ് കുറിപ്പടിയാണ് ഇന്ത്യയെ പടുകുഴിയില്‍ തള്ളിയതെന്ന വസ്തുത വിസ്മരിച്ചതുപോലെ. എന്താണീ പ്രശംസയ്ക്ക് അടിസ്ഥാനം? 2015–16ല്‍ ഇന്ത്യ 7.6 ശതമാനം വളര്‍ച്ചനിരക്ക് കൈവരിച്ചു. മുന്‍വര്‍ഷത്തെ 7.2 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച. 0.4 ശതമാനം കൂടുതല്‍. പക്ഷേ, ലക്ഷ്യമിട്ടത് 8.5 ശതമാനമായിരുന്നു. അഥവാ 0.9 ശതമാനം കുറച്ചേ നേടിയുള്ളൂ. ബജറ്റ് വായിക്കുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. പണ്ട് കെ എം മാണി തന്റെ ബജറ്റ്, മിച്ചമെന്നോ കമ്മിയെന്നോ പറയാമെന്ന് പ്രഖ്യാപിച്ചല്ലോ!

ദേശീയവരുമാനം 7.6 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവനോപാധിയായ കാര്‍ഷികമേഖല തളര്‍ച്ചയില്‍ തുടര്‍ന്നു. 1.1 ശതമാനം വളര്‍ച്ചയാണ് കാര്‍ഷികമേഖല കൈവരിച്ചത്.

'കുഴിക്കുകൂലി' എന്ന് നരേന്ദ്ര മോഡി (ഫെബ്രുവരി, 2015) അപഹസിച്ച തൊഴിലുറപ്പുപദ്ധതിയുടെ സ്ഥിതിയെന്താണ്? നൂറുദിവസത്തിന്റെ സ്ഥാനത്ത് 40 ദിവസം തൊഴിലും കോടിക്കണക്കിനു രൂപയുടെ കൂലികുടിശ്ശികയുമാണ് പശ്ചാത്തലം. 34,699 കോടി രൂപയാണ് കഴിഞ്ഞ ബജറ്റ് വകയിരുത്തിയത്. സര്‍ക്കാരിന്റെ വരുമാനമുയരുകയാണെങ്കില്‍ (ഉയര്‍ന്നു; പെട്രോള്‍, ഡീസല്‍ തീരുവകള്‍ ഉയര്‍ത്തിയല്ലോ) 5000 കോടി രൂപ അധികമായി അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. അങ്ങനെ ആകെ 39,699 കോടി രൂപ. 2016–17ലെ ബജറ്റ് വകയിരുത്തുന്നത് 38,500 കോടി രൂപമാത്രം. 2015 ഡിസംബര്‍ 30 വരെ ചെലവഴിച്ചത് 31,830 കോടി രൂപമാത്രമായിരുന്നു എന്നോര്‍ക്കുമ്പോള്‍ തൊഴിലുറപ്പുപദ്ധതിപോലെ പാവങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതിയോടുള്ള രാഷ്ട്രീയസമീപനം വ്യക്തമാകും.

അല്‍പ്പം ഉപ്പുചേര്‍ത്തേ രുചിക്കാവൂ എന്നൊരു ശൈലിയുണ്ടല്ലോ. അപ്പാടെ വിശ്വസിക്കരുതെന്നാണ് സൂചന. ബജറ്റ് കണക്ക് അതുപോലെയാണ്. ഓവര്‍ലാപ്പിങ് ധാരാളമുണ്ട്. ഗ്രാമീണവികസനത്തിന് 8,59,695 കോടി വകയിരുത്തുമ്പോള്‍ അതില്‍ തൊഴിലുറപ്പുപദ്ധതിക്കും ഗ്രാമീണ വൈദ്യുതീകരണത്തിനും മറ്റുമുള്ള തുക ഉള്‍പ്പെടുമെന്ന് മനസ്സിലാക്കണം. അതുപോലെയാണ് ആരോഗ്യം– കുടുംബക്ഷേമം എന്നിവയുടെ കാര്യം. 36,881 കോടിയാണ് വിഹിതം. അതില്‍ വനിത– ശിശുക്ഷേമം, സംയോജിത ശിശുവികസനപദ്ധതി തുടങ്ങിയവയ്ക്കുള്ള തുകയും ഉള്‍പ്പെടും. ഏറ്റവും കുറച്ചുമാത്രമാണ് ഇപ്രാവശ്യത്തെ ബജറ്റ് ആരോഗ്യമേഖലയ്ക്ക് നല്‍കുന്നത്. ആരോഗ്യസുരക്ഷ ഐസിയുവില്‍ എന്നാണ് ഒരു പ്രമുഖപത്രം വിശേഷിപ്പിച്ചത്. 2015–16ല്‍ ദേശീയവരുമാനത്തിന്റെ 1.3 ശതമാനമാണ് ആരോഗ്യമേഖലയില്‍ ചെലവിട്ടത്.

ധനകമ്മി 3.9 ശതമാനം എന്ന ലക്ഷ്യത്തില്‍ പിടിച്ചുനിര്‍ത്താനായി എന്ന് ബജറ്റ് മേനിനടിക്കുന്നു. വിവിധ മന്ത്രാലയങ്ങളുടെ ചെലവുകള്‍ വെട്ടിക്കുറച്ചും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഉയര്‍ത്തിയുമാണ് ലക്ഷ്യംനേടിയത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പതുവട്ടം എക്സൈസ് തീരുവ കൂട്ടി, 27,000 കോടി രൂപ ഖജനാവിലേക്ക് മുതല്‍കൂട്ടി. 2014 ജൂണില്‍ ഒരു വീപ്പ ക്രൂഡ് ഓയിലിന്റെ വില 110 ഡോളറായിരുന്നു. ഇപ്പോള്‍ 33 ഡോളര്‍. പെട്രോളിയം ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാനായി. അടുത്തവര്‍ഷം ധനകമ്മി 3.5 ശതമാനമാക്കുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ധനകമ്മി കുറയ്ക്കുക ആവശ്യമാണ്, അത്യാവശ്യമല്ല. ഏതുവിധേനയും ധനകമ്മി കുറയ്ക്കേണ്ടതില്ല. വിദഗ്ധര്‍ക്കിടയിലും വ്യവസായികള്‍ക്കിടയിലും അഭിപ്രായഭിന്നതയുണ്ട്. രണ്ട് രീതിയില്‍ കമ്മി കുറയ്ക്കാം. ചെലവുചുരുക്കി, സര്‍ക്കാര്‍ പിന്മാറിക്കൊണ്ട്. അല്ലെങ്കില്‍ നികുതികൂട്ടി, പൊതുമേഖലാ ഓഹരി വിറ്റഴിച്ച്. രണ്ടും നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ധനകമ്മി കുറയ്ക്കുകയെന്നാല്‍ സര്‍ക്കാര്‍ പിന്മാറുക എന്നാണര്‍ഥം. പൊതുചെലവ് കുറയ്ക്കുകയെന്നും. പണച്ചുരുക്കം സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കും.

കയറ്റുമതി വര്‍ധിപ്പിക്കല്‍ സമീപസാധ്യതയല്ല. 2015–16ല്‍ കയറ്റുമതി 17.6 ശതമാനമാണ് ഇടിഞ്ഞത്. അമേരിക്കയും യൂറോപ്യന്‍യൂണിയനും സാമ്പത്തികക്കെടുതിയിലാണ്. ആഭ്യന്തര ഡിമാന്‍ഡ് വളര്‍ത്തുകയാണ് മാര്‍ഗം. കമ്പനികളുടെ ലാഭം വര്‍ധിച്ചെങ്കിലും അവര്‍ നിക്ഷേപത്തിന് മടിക്കുന്നുവെന്ന് സാമ്പത്തികസര്‍വേ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കണം. ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്ന് സാമ്പത്തികസര്‍വേ പറയുന്നു. വര്‍ധിച്ചത് ധനികരുടെയും ഇടത്തരക്കാരില്‍ മേല്‍ത്തട്ടുകാരുടെയും ഉപഭോഗമാണ്. അത് പരിമിതമാണ്. വിപണി വിപുലപ്പെടണം. അതിന് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം ഉയരണം. കാര്‍ഷികമേഖലയിലെ 35,968 കോടി രൂപ പ്രശ്നത്തിന്റെ അരികുതൊടുന്നതേയുള്ളൂ

1 comment:

Vivara Vicharam said...

വന്‍കിട കമ്പനികള്‍ കൂടുതല്‍ നികുതി കൊടുക്കുമെന്നല്ലേ പൊതുധാരണ. മറിച്ചാണ് സംഭവം. അവര്‍ക്കാണ് കൂടുതല്‍ ഇളവ്. ഒരുകോടി രൂപയില്‍ താഴെ വാര്‍ഷികലാഭമുള്ള കമ്പനികള്‍ 29.37 ശതമാനം നികുതി നല്‍കുമ്പോള്‍, 500 കോടിയിലേറെ വാര്‍ഷികലാഭമുള്ള കമ്പനികള്‍ 22.88 ശതമാനം നികുതിയേ നല്‍കേണ്ടതുള്ളൂ. അഞ്ചുകോടിരൂപയില്‍ കുറഞ്ഞ ലാഭമുള്ള കമ്പനികള്‍ നല്‍കേണ്ട നികുതിനിരക്ക് 29 ശതമാനമായി ഇപ്പോഴത്തെ ബജറ്റില്‍ കുറച്ചിട്ടുമുണ്ട്.
(Courtesy : http://www.deshabhimani.com/index.php/articles/news-articles-03-03-2016/543084)

Blog Archive