(Courtesy : http://www.deshabhimani.com/index.php/articles/news-articles-03-03-2016/543083)
ജെഎന്‍യു വിദ്യാര്‍ഥിനേതാവ് കനയ്യകുമാറും അഭിഭാഷകന്‍ വിക്രം ചൌഹാനും പരസ്പരം അറിയുകപോലുമില്ല. എന്നിട്ടും എന്തിന് ചൌഹാന്‍ കനയ്യകുമാറിനെ മര്‍ദിച്ചു? ചൌഹാന്‍ രാജ്യസ്നേഹിയും കനയ്യകുമാര്‍ രാജ്യദ്രോഹിയുമായതുകൊണ്ടാണോ ഇത്?എങ്ങനെയാണ് രാജ്യസ്നേഹിയും രാജ്യദ്രോഹിയുമുണ്ടാകുന്നത്?
ആരാണ് രാജ്യസ്നേഹി? ഗാന്ധിയുടെ നെഞ്ചിലേക്ക് കാഞ്ചി വലിച്ച നാഥുറാം വിനായക് ഗോഡ്സെയോ? ഗോഡ്സെയുടെ ചരമ ദിനം ബലിദിനമായി ആചരിക്കണമെന്നു പറഞ്ഞ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി മുന്നകുമാര്‍ ശര്‍മയോ? ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ യോഗി ആദിത്യനാഥ് എംപിയോ? ഹിന്ദുസ്ത്രീകളോട് ശക്തി നിലനിര്‍ത്താന്‍ നാല് കുട്ടികളെയെങ്കിലും പ്രസവിക്കാന്‍ പറഞ്ഞ സാക്ഷി മഹാരാജ് എംപിയോ? എന്തിന് നാല്, പുലിക്കുട്ടിയെപ്പോലെ ഒന്നിനെ പ്രസവിച്ചാല്‍ പോരേ എന്ന് ചോദിച്ച ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയോ? ഗോഹത്യ നടത്തുന്നവരെ കൊന്നുകളയണമെന്നു പറഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ അന്തര്‍ദേശീയ തലവന്‍ പ്രവീണ്‍ തൊഗാഡിയയോ? ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മയക്കുമരുന്നിന്റെയും ഗര്‍ഭനിരോധന ഉറകളുടെയും സംഭരണശാലയാണെന്നു പറഞ്ഞ എംഎല്‍എ ജ്ഞാനദേവ് അഹൂജയോ? പുസ്തകപ്രകാശനത്തിന് മുന്‍ പാക് വിദേശമന്ത്രിയെ വിളിച്ച സുധീന്ദ്ര കുല്‍ക്കര്‍ണിയെ കറുത്ത മഷിയില്‍ കുളിപ്പിച്ചവരോ?
രാജ്യസ്നേഹം വെറുപ്പ് ഉല്‍പ്പാദിപ്പിക്കാനുള്ള ഫാക്ടറിയല്ല. വെറുപ്പ് തീറ്റിച്ച് കൊഴുപ്പിച്ചെടുക്കുന്ന കാളക്കൂറ്റന്മാരുടെ കൊമ്പില്‍ കോര്‍ക്കാനുള്ളതല്ല ദേശീയപതാക. ഏകഭാവത്തോടെ, ഏകോദരജാതന്മാരെപ്പോലെ, കൈകഴുകിത്തുടച്ച് എടുക്കേണ്ടതാണ് ആ കൊടി (വള്ളത്തോള്‍). അത് പാകിസ്ഥാനെ ചൂണ്ടിക്കാണിച്ച് ആക്രമണത്വര ഉണ്ടാക്കാനുള്ള ആയുധവിദ്യ അല്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ പ്രകടനം നടത്തുന്നതും ഗുലാം അലിയെ പാടാന്‍ അനുവദിക്കാത്തതും രാജ്യസ്നേഹമല്ല. സിഖുകാരന്‍ പ്രധാനമന്ത്രിയും മുസ്ളിം രാഷ്ട്രപതിയും ഭരിക്കുന്ന പാര്‍ടിയുടെ അധ്യക്ഷയായി ക്രിസ്ത്യാനിയും ഇവിടെയുണ്ടായിരുന്നു. അന്നും ഇവിടെ സൂര്യനുദിച്ചിരുന്നു. വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്ന ഏകകണ്ണി മതംമാത്രമല്ല. മതങ്ങളുടെ കൂട്ടായ്മയല്ല ലോകം. ഒരാള്‍ ഒരേസമയം കേരളീയനാണ്, ഇന്ത്യക്കാരനാണ്, ഏഷ്യക്കാരനാണ്. അതേസമയംതന്നെ തൊഴിലാളിയാകാം, അധ്യാപകനാകാം, എഴുത്തുകാരനാകാം, മാംസഭുക്കാകാം, സസ്യഭുക്കാകാം. ഒരു പ്രത്യേക വിഭാഗത്തില്‍മാത്രമല്ല അയാള്‍ക്ക് ജീവിതത്തില്‍ അംഗത്വം. വ്യത്യസ്ത അഭിരുചികളില്‍, വ്യത്യസ്ത വിശ്വാസങ്ങളില്‍, വ്യത്യസ്ത താല്‍പ്പര്യങ്ങളില്‍ മനുഷ്യന്‍ ജീവിക്കുന്നു. മുന്‍ഗണനകള്‍ വ്യക്തിയുടെ സ്വാതന്ത്യ്രമാണ്. ഇതാണ് വൈവിധ്യം, ഇതാണ് സൌന്ദര്യം. നിന്റെ വിശ്വാസത്തില്‍ വിശ്വസിക്കാത്തവന്‍ നിന്റെ ശത്രുവാണ് എന്ന മതബോധത്തില്‍തന്നെ ഹിംസ പതിയിരിക്കുന്നു.
ദേശീയത മതത്തിന്റെ പര്യായമല്ല. വട്ടമേശസമ്മേളനത്തിന് ലണ്ടനിലെത്തിയ ഗാന്ധിയെ സവര്‍ണരുടെ പ്രതിനിധിയായി കണ്ട ബ്രിട്ടീഷുകാരോട് അദ്ദേഹം പറഞ്ഞ മറുപടി 'ഞാന്‍ ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന 85 ശതമാനം മനുഷ്യരുടെ പ്രതിനിധി'യാണെന്നാണ്. ബ്രാഹ്മണന്റെ പ്രതിനിധിയായിരുന്നില്ല ഗാന്ധി. മതംമാത്രമാണ് സുരക്ഷാകവചമെന്നും അത് മാറ്റിയാല്‍ അരക്ഷിതമായിരുക്കുമെന്നും ഉരുവിടുന്നവര്‍ പച്ചിലകള്‍ കാട്ടി കലാപഭൂമിയിലേക്ക് നയിക്കുകയാണ്.
സ്നേഹത്തിന് പരിശീലനക്ളാസ് വേണ്ട. അടുത്തുനില്‍ക്കുന്നവനെ കാണാത്തവന് ഈശ്വരനെ കാണാനാകില്ല (ഉള്ളൂര്‍). വെറുപ്പിന് പക്ഷേ ഒരു പാഠ്യപദ്ധതിയും ബോധനരീതിയും വേണം. അല്ലെങ്കില്‍ കാദര്‍ മിയയെ എന്തിന് കൊന്നു? കാദര്‍ മിയയുടെ ജീവിതംപറഞ്ഞത് അമര്‍ത്യസെന്നാണ്. സെന്നിന്റെ കുട്ടിക്കാലത്ത്, 1940ലാണ് സംഭവം. സെന്നിന്റെ വീട്ടിലേക്ക് ഒരാള്‍ ഓടിവന്നു. നെഞ്ചില്‍ കുത്തേറ്റിട്ടുണ്ട്. അയാള്‍ വെള്ളം ചോദിച്ചു. സെന്നിന്റെ പിതാവ് കാദര്‍ മിയയെയുംകൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. വണ്ടിയിലിരുന്ന് അയാള്‍ സംഭവം പറഞ്ഞു. മൂന്ന് നാല് ദിവസമായി വീട് പട്ടിണിയിലാണ്. അടുത്തസ്ഥലത്തേക്ക് കൂലിപ്പണിക്ക് പോയതാണ്. വീട്ടുകാര്‍ വിലക്കി. വര്‍ഗീയകലാപം നടക്കുകയാണ്. ആപത്തുണ്ട്. പക്ഷേ, വകവച്ചില്ല. തനിക്ക് ആരും അവിടെ ശത്രുക്കളില്ല. കലാപകാരികള്‍ക്ക് പക്ഷേ ശത്രുവിനെത്തന്നെ വേണമെന്നില്ല. ഒരു പേര് മതി. കാദര്‍ മിയ. കഠാരകൊണ്ട് ഒരു മരണസര്‍ട്ടിഫിക്കറ്റെഴുതാന്‍ ആ പേര് ധാരാളം. ആശുപത്രിയിലെത്തുംമുമ്പേ അയാള്‍ മരിച്ചു. തിരിച്ചും സംഭവിച്ചിട്ടുണ്ട്.
അങ്ങനെ 1940 ജൂണ്‍മുതല്‍ തന്റെ ഗ്രാമത്തില്‍ ഹിന്ദുവും മുസല്‍മാനുമുണ്ടായി എന്ന് അമര്‍ത്യസെന്‍. വെറുപ്പിന്റെ പാഠശാലകള്‍ അങ്ങനെയാണ് അക്ഷരംകുറിക്കുന്നത്. ഒരാള്‍ ജൂതനാകുന്നത് ജൂതവിരുദ്ധന്റെ കണ്ണിലാണെന്ന് ജീന്‍പോള്‍ സാര്‍ത്ര്. ഹിറ്റ്ലറുടെ കണ്ണില്‍ ജൂതന്‍ ഒരു നീചദൃശ്യമാണ്. അതുമതി ഒരാള്‍ക്ക് ജീവിക്കാനുള്ള അനര്‍ഹതയ്ക്ക്. ഹിറ്റ്ലറും രാജ്യസ്നേഹിയായിരുന്നു! ഫ്രഞ്ച് എഴുത്തുകാരന്‍ ആന്ദ്രെ മല്‍റോ ജവാഹര്‍ലാല്‍ നെഹ്റുവിനോട് ചോദിച്ചു, സ്വതന്ത്രഭാരതത്തില്‍ നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു? മതപരമായ രാജ്യത്ത് മതനിരപേക്ഷമായ രാജ്യം സൃഷ്ടിക്കലാണ് ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി– ഇതായിരുന്നു നെഹ്റുവിന്റെ ഉത്തരം.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ മതം എത്രയോ ചുരുങ്ങിയ സമയംമാത്രമാണ് ഇടപെടുന്നത്! ജനനം, വിവാഹം, മരണം തുടങ്ങി ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന കാര്യങ്ങളിലാണ് മതത്തെയും അതിന്റെ ആചാരത്തെയും ആദരപൂര്‍വം ക്ഷണിക്കാറുള്ളത്. ഒരു മനുഷ്യന്‍ ദൈനംദിനം എന്തെല്ലാം കാര്യങ്ങളില്‍ ഇടപെടുന്നു. ഗുമസ്തന്‍ ഫയല്‍നോക്കുമ്പോള്‍ എവിടെയാണ് മതം? രോഗി ഡോക്ടറെ തേടുമ്പോള്‍ എവിടെയാണ് മതം? അരിയും പലവ്യഞ്ജനങ്ങളും വാങ്ങുമ്പോള്‍ എവിടെയാണ് മതം? സിനിമ കാണാന്‍ തിയറ്ററിലിരിക്കുമ്പോള്‍ എവിടെയാണ് മതം? ക്രിസ്ത്യാനികള്‍ക്കുമാത്രം ആസ്വദിക്കാനുള്ളതാണോ യേശുദാസിന്റെ ഗാനം? ഹിന്ദുക്കള്‍ക്കുമാത്രം ആസ്വദിക്കാനുള്ളതാണോ കലാമണ്ഡലം ഗോപിയുടെ ആട്ടം? ലയണല്‍ മെസി ഫ്രീകിക്കെടുക്കുമ്പോള്‍ അത് ആസ്വദിക്കുന്നത് ബൈബിള്‍ വായിച്ചിട്ടല്ല. വായിക്കാന്‍ ഒരു പുസ്തകം കൈയിലെടുക്കുന്നത് മതം നോക്കിയിട്ടല്ല. സിത്താറിന്റെയും സരോദിന്റെയും തന്ത്രികളില്‍ മതമില്ല. കുഴിയില്‍ വീണവനെ രക്ഷിക്കാന്‍ ചാടി മരിച്ചുപോയവരുടെ മതം നോക്കാന്‍ വെള്ളാപ്പള്ളി നടേശനേ കഴിയൂ; മനുഷ്യര്‍ക്ക് കഴിയില്ല.
വ്യക്തിയുടെ ഭാവനകളില്‍, സര്‍ഗാത്മകതയില്‍, ജീവിക്കാനുള്ള വെമ്പലുകളില്‍, അധ്വാനത്തില്‍, ദൈനംദിന ജീവിതവ്യാപാരത്തില്‍ മതം കാര്യമായി കടന്നുവരാറില്ല. ആത്മസംഘര്‍ഷത്തില്‍,ആശങ്കകളില്‍, അനിശ്ചിതത്വങ്ങളിലാണ് വിശ്വാസവും ദൈവവും ആശ്രയമായി കടന്നുവരുന്നത്. നന്മയുടെ പക്ഷം തോറ്റുപോകുമ്പോഴും ദൈവമേ എന്ന വിളിയുണ്ടാകും. എന്നിട്ടും രാഷ്ട്രീയത്തെ, ദേശസ്നേഹത്തെ, മതത്തിന്റെ കുപ്പായം ധരിപ്പിക്കുന്നത് എന്തിനാണ്? മതംകൊണ്ട് നിര്‍മിച്ച പാകിസ്ഥാന്‍ 1947നു ശേഷം ഉറങ്ങിയിട്ടില്ല. അവിടെ അധികാരത്തിന്റെ ഇടനാഴികളില്‍ സ്ഥാപിച്ച തൂക്കുമരങ്ങള്‍ വിശ്രമിച്ചിട്ടില്ല.
ജനാധിപത്യം ചിഹ്നവും വോട്ടുംമാത്രമല്ല. അത് തുറന്ന ചര്‍ച്ചയും അഭിപ്രായപ്രകടനവുമാണ്. എതിര്‍ശബ്ദത്തെ എങ്ങനെ കാണുന്നു എന്നതാണ് ജനാധിപത്യത്തിന്റെ മൂല്യം. സമ്പന്നമാണ് ഇന്ത്യ ഇതില്‍. പ്രാചീനകാലത്ത് ഇവിടെ ഉണ്ടായ ബുദ്ധകൌണ്‍സിലുകള്‍ തുറന്ന സംവാദവേദികളായിരുന്നു. 'നമ്മുടെ പാരമ്പര്യം സഹിഷ്ണുത പഠിപ്പിക്കുന്നു, നമ്മുടെ ദര്‍ശനങ്ങള്‍ സഹിഷ്ണുത ഉപദേശിക്കുന്നു, നമ്മുടെ ഭരണഘടന സഹിഷ്ണുത പ്രഖ്യാപിക്കുന്നു. ഇതില്‍ വെള്ളം ചേര്‍ക്കരുത്'– സുപ്രീംകോടതി ജഡ്ജി ചിന്നപ്പ റെഡ്ഡിയുടെ 1986ലെ ഒരു വിധിവാചകമാണ് ഇത്.യഹോവസാക്ഷിയായ വിദ്യാര്‍ഥിക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചത് റദ്ദാക്കിയുള്ള വിധിയാണ് അത്.
ഭരണഘടനയിലെ ദേശദ്രോഹത്തിന്റെ വകുപ്പ് ചൂണ്ടി പകയുടെ കൊടുവാള്‍ രാകുന്നവര്‍ മനപ്പൂര്‍വം മറന്ന ഒരു കാര്യമുണ്ട്. 1787ല്‍ ഫിലാഡല്‍ഫിയയില്‍ തുടങ്ങിയ ഭരണഘടനാരചനയുടെ ചരിത്രത്തില്‍ ഏറ്റവും ബൃഹത്തായത് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണമാണ്. സ്വതന്ത്രമായ ചര്‍ച്ചയായിരുന്നു അതിന്റെ ജീവന്‍. മൂന്നുവര്‍ഷംകൊണ്ടാണ് അത് പൂര്‍ത്തീകരിച്ചത്. അതിന്റെ ഓരോ വകുപ്പും കമ്പോട് കമ്പ് ചര്‍ച്ചചെയ്യാന്‍ കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളി 11 തവണയായി 165 ദിവസം ചേര്‍ന്നു. ഇതിന്റെ നടപടിക്രമം മുഴുവന്‍ ആയിരത്തിലധികം പേജുള്ള 11 വാള്യങ്ങളുണ്ട്. ഈശ്വരവിശ്വാസികള്‍, നിരീശ്വരവാദികള്‍, ഹിന്ദു മഹാസഭക്കാര്‍ തുടങ്ങി എല്ലാ വിഭാഗക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തു. പൊതുജനങ്ങളോടും നിര്‍ദേശം സമര്‍പ്പിക്കാന്‍ പറഞ്ഞു. പരസ്പരവിരുദ്ധമായ ആയിരത്തിലേറെ നിര്‍ദേശങ്ങളാണ് തീപറന്ന ചര്‍ച്ചയിലുണ്ടായത്. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളി ചേരുന്ന 1946–49 കാലം സംഘര്‍ഷഭരിതവുമായിരുന്നു. പട്ടിണി, വര്‍ഗീയകലാപം, അഭയാര്‍ഥിപ്രവാഹം– അങ്ങനെ ഇന്ത്യ ഉരുകുകയായിരുന്നു. മൌലികാവകാശങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പുറത്ത് മൌലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയായിരുന്നു. ഇതേ സമയത്താണ് ജപ്പാന്റെ ഭരണഘടനയും തയ്യാറായത്. അതുപക്ഷേ, അടഞ്ഞ മുറിയില്‍ 24 വിദേശികളിരുന്നാണ് എഴുതിയുണ്ടാക്കിയത്.
ഭരണഘടന തയ്യാറാക്കിയശേഷം അംബേദ്കര്‍ നടത്തിയ ഉപസംഹാര പ്രസംഗത്തില്‍ രണ്ട് മുന്നറിയിപ്പ് നല്‍കി. ഒന്ന്– നേതൃത്വത്തിന്റെ ആകര്‍ഷണവലയത്തില്‍ ചിന്താശൂന്യമായി ചാടരുത്. ജെ എസ് മില്ലിനെയാണ് അംബേദ്കര്‍ ഉദ്ധരിച്ചത്. വലിയ മനുഷ്യരുടെ മുന്നില്‍ സ്വന്തം സ്വാതന്ത്യ്രം കാഴ്ചവയ്ക്കരുത്. അവര്‍ ജനാധിപത്യസ്ഥാപനങ്ങളെ അട്ടിമറിക്കും. ഇന്ത്യയിലെ ഭക്തിയുടെ പാരമ്പര്യം രാഷ്ട്രീയത്തിലും തുടര്‍ന്നാല്‍ അതുണ്ടാക്കുന്ന ആഘാതം ചിന്തിക്കാനാകാത്തതായിരിക്കും.
രണ്ട്– നാം നേടിയത് 'രാഷ്ട്രീയ ജനാധിപത്യം'മാത്രം. സാമൂഹിക– സാമ്പത്തിക രംഗത്ത് അസമത്വം തുടരുന്നു. ഇത് പരസ്പര വൈരുധ്യങ്ങളുടെ സമൂഹമാണ്. മേല്‍ക്കോയ്മകള്‍ നിലനില്‍ക്കുകയാണ്.'
കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളിയില്‍ ജയ്പാല്‍ സിങ് പ്രസംഗിച്ചത് മറ്റൊരു രൂപത്തില്‍ പറയുകയായിരുന്നു അംബേദ്കര്‍. 1928ല്‍ ഇന്ത്യക്ക് ഒളിമ്പിക് ഹോക്കി സ്വര്‍ണം സമ്മാനിച്ച ടീമിനെ നയിച്ച ജയ്പാല്‍ സിങ്. 'ഒരു ആദിവാസിയായ എനിക്ക് ഇവിടെ അവതരിപ്പിച്ച പ്രമേയത്തിലെ സങ്കീര്‍ണതകള്‍ അറിയില്ല. സര്‍, ഇന്ത്യയില്‍ എന്റെ ജനങ്ങളെപ്പോലെ ഇത്രയേറെ അപമാനിക്കപ്പെട്ടിട്ടുള്ളവര്‍ വേറെ ആരുമില്ല. ആറായിരം വര്‍ഷമായി ചവിട്ടി അരയ്ക്കുകയാണ്, അവഗണിക്കുകയാണ് എന്റെ ജനങ്ങളെ. പുതുതായി കടന്നുവന്നവര്‍ സിന്ധുനദീതട തീരത്തുനിന്ന് ഞങ്ങളെ കാട്ടിലേക്ക് ആട്ടിയോടിച്ചു. എന്റെ ജനങ്ങളുടെ ചരിത്രം നിരന്തരമായ ചൂഷണത്തിന്റെയും പലായനത്തിന്റേതുമാണ്...'. ഏഴുപതിറ്റാണ്ടുകള്‍ക്കുശേഷം, ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പും ഇതിനോടൊപ്പം വായിക്കാവുന്നതാണ്. 'ശപിക്കപ്പെട്ട ജന്മം' എന്നെഴുതി രോഹിത് ജീവിതം അവസാനിപ്പിച്ചു. ശാസ്ത്ര എഴുത്തുകാരനാകാന്‍ കൊതിച്ച് ആത്മഹത്യക്ക് അടിക്കുറിപ്പെഴുതി പേന മടക്കിയ ജീവിതം.
തയ്യല്‍ക്കാരിയുടെ മകനാണ് രോഹിത്. അങ്കണവാടിജീവനക്കാരിയുടെ മകനാണ് കനയ്യകുമാര്‍. നരേന്ദ്ര മോഡിയുടെ 'ടീം ഇന്ത്യ'യില്‍ ഇവര്‍ക്ക് സ്ഥാനമുണ്ടാകുമോ?
പക്ഷേ, കാപട്യങ്ങളുടെ ലോകം വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നു. വെറുപ്പിന്റെ രീതിശാസ്ത്രങ്ങളും വികസനത്തിന്റെ ചാണക്യതന്ത്രങ്ങളും തീര്‍ക്കുന്ന സാമൂഹിക അസമത്വങ്ങള്‍ യൌവനചിന്തകളില്‍ നിറയുന്നു. നീതിക്കും സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള പോരാട്ടം ഭൂതകാലനന്മ മാത്രമായിരുന്നു എന്ന ഗൃഹാതുര ചിന്തയെ കുട്ടികള്‍ തെരുവില്‍ തിരുത്തുന്നു. അലസഗമനത്തിന്റെ പാതയോരങ്ങളില്‍നിന്ന് പടയോട്ടത്തിന്റെ കുളമ്പടികള്‍ ഉയരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍, അലഹബാദ് സര്‍വകലാശാലയില്‍, ചെന്നൈ ഐഐടിയില്‍– ശബ്ദങ്ങള്‍ ഉയരുന്നു. അവര്‍ സ്വപ്നങ്ങളെ തിരിച്ചുകൊണ്ടുവരികയാണ്.
No comments:
Post a Comment