Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, January 5, 2012

വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യവല്‍ക്കരണം

വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളര്‍ന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞിട്ടുണ്ടാവുക. തുടര്‍ന്നു്, നിയതമായ അര്‍ത്ഥം അരോപിക്കപ്പെട്ട വാക്കുകള്‍ രൂപപ്പെട്ടിട്ടുണ്ടാവും. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞിരിക്കും. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വളര്‍ന്നു് വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങള്‍ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങള്‍ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങള്‍. അച്ചടി, ടൈപ്പു് റൈറ്റര്‍, തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികള്‍. മാധ്യമങ്ങളായി ഇലകള്‍, കടലാസ്, പഞ്ചു് കാര്‍ഡ്, കാമറ, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍, ഡിജിറ്റല്‍ യന്ത്രങ്ങള്‍. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റര്‍, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. വിശകലനത്തിനായി അബാക്കസ്, കണക്കു് കൂട്ടല്‍ യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍, സൂക്ഷമ വിശകലിനികള്‍. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളര്‍ന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവില്‍ വന്നിരിക്കുന്നു.

വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങള്‍ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങള്‍ക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാര്‍വ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു എന്നതാണു്. വിദൂര വിവര വിനിമയത്തിന്റെ മാധ്യമങ്ങളുപയോഗിച്ചു് ഉപകരണങ്ങളുടെ ശൃംഖല സൃഷ്ടിക്കപ്പെടുന്നു. വിവിധ ശൃംഖലകളെ ബന്ധപ്പിക്കുന്നതിലൂടെ സാര്‍വ്വദേശീയ ശൃംഖലയും. പരസ്പര ബന്ധിതമായ ഉപകരണങ്ങളുടേയും വിവരശേഖരങ്ങളുടേയും ശൃംഖലകളുടേയും ശൃംഖലയാണു് ഇന്റര്‍നെറ്റു്. അതു് സമൂഹത്തില്‍ നടക്കുന്ന എല്ലാ കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിവര വിനിമയ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി ഉപകരിക്കപ്പെടുന്നു. മനുഷ്യ കൂട്ടായ്മയ്ക്കു് ഭൌതിക സാമൂഹ്യ ഇടത്തിനു് സമാന്തരമായി ഒരു പ്രതിഫലിത സാമൂഹ്യ ഇടം (Virtual Space) സമഗ്ര വിവര വിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു. ഇതു് വിവരം ഉള്‍പ്പെടുന്ന എല്ലാ സാമൂഹ്യ പ്രക്രിയകളും പുതിയൊരു രീതിയില്‍ തത്സമയ വിവര കൈമാറ്റത്തിലൂടെയും വിശകലനത്തിലൂടെയും നടത്താന്‍ സമൂഹത്തെ സഹായിക്കുന്നു.

ബഹുമാധ്യമം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നു

യന്ത്ര ഭാഷയാണു് ബൈനറി. യന്ത്രത്തിനു് ഏതെങ്കിലും രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. രണ്ടില്‍ കൂടുതലായാല്‍ യന്ത്രത്തിനു് തിരിച്ചറിയാനാവില്ല. മനുഷ്യനു് (ജീവ ജാലങ്ങള്‍ക്കു് പൊതുവെ) മാത്രമേ ആ കഴിവുള്ളു. ബൈനറി എന്നതു് രണ്ടു് അക്കങ്ങള്‍ മാത്രമുപയോഗിച്ചു് രൂപപ്പെടുത്തിയ ഭാഷയും സംഖ്യാ സംവിധാനവുമാണു്. ബൈനറി ഒരേ സമയം ഭാഷയും സംഖ്യാ ക്രമവുമായി ഉപയോഗിക്കപ്പെടുന്നതായതിനാലാണു് കമ്പ്യൂട്ടറിനു് ഭാഷയും കണക്കും കൈകാര്യം ചെയ്യാനായതു്. ബൈനറിയുടെ ഇല്ല, ഉണ്ടു് എന്ന രണ്ടു് വ്യതിരിക്താവസ്ഥകള്‍ വെളിച്ചമില്ല, വെളിച്ചമുണ്ടു് എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യിക്കുന്നതിലൂടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാമെന്നായി. അതേ പോലെ തന്നെ ശബ്ദമുണ്ടു് ശബ്ദമില്ല എന്നീ അവസ്ഥകളുടെ സങ്കലനത്തിലൂടെ ശബ്ദവും കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. അങ്ങിനെ കമ്പ്യൂട്ടറും (സൂക്ഷ്മ വിശകലിനി ഉപയോഗിക്കുന്ന ഏതു് ഉപകരണവും) വിവര വിനിമയ ശൃംഖലയും ബഹുമാധ്യമം (Multi-media) ആയി മാറി.


കമ്പ്യൂട്ടര്‍ ഭാഷകള്‍

ബൈനറി ഉപയോഗിക്കുമ്പോള്‍ അവര്‍ത്തിച്ചു് അക്കങ്ങള്‍ യന്ത്രത്തിലേക്കു് കൊടുക്കുക എന്നതു് വളരെയേറെ സമയമെടുക്കുന്ന പണിയാണു്. മനുഷ്യാദ്ധ്വാനം (അദ്ധ്വാന സമയം) കുറയ്ക്കാനായി യന്ത്ര ഭാഷയ്ക്കു് മേല്‍ വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. സി, കോബോള്‍, ഫോര്‍ട്രാന്‍ തുടങ്ങിയ അത്തരം ഭാഷകളും സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നു്, വിവിധ കമ്പ്യൂട്ടര്‍ ഭാഷകളിലേതെങ്കിലും ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധനങ്ങളും പ്രത്യേകോപയോഗ സോഫ്റ്റ്‌വെയറുകളും ബ്രാണ്ടു് ചെയ്തു് വിറ്റുതുടങ്ങി. അവയില്‍ സ്വകാര്യ ഉടമസ്ഥത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എന്ന നിലയില്‍ പകര്‍പ്പവകാശം ബാധകമായിരുന്നു.

അഭൂത പൂര്‍വ്വമായ ഈ സാങ്കേതിക വികാസത്തിനു് മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും സമൂഹം കടപ്പെട്ടിരിക്കുന്നു. പക്ഷെ, മുതലാളിത്തം അതിന്റെ നാശത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ സംവിധാനമാണു് ഇതിലൂടെ ഒരുക്കിയിരിക്കുന്നതു്. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്. ആ മാറ്റങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങളായി സാമൂഹ്യ മാറ്റത്തിന്റെ അലയൊലികള്‍ സാര്‍വ്വത്രികമായി വ്യാപരിക്കുന്ന ഒരു ഉദ്ദിഗ്ന ദശാ സന്ധിയിലാണു് സമൂഹമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തി പ്രദാനം ചെയ്യുന്നതു് സമൂഹത്തില്‍ ഉരുത്തിരിയുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണെന്നു് തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം വിശദമാക്കിയിട്ടുണ്ടു്. ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു് വളര്‍ന്നു് വികസിക്കുന്ന മാറ്റങ്ങളെ ത്വരിപ്പിക്കുകയോ തളര്‍ത്തുകയോ മാത്രമാണു് ബാഹ്യ ശക്തികളുടെ ഇടപെടലുകളിലൂടെ നടക്കുന്നതു്. അതു് ശരിയാണെന്നു് ഇന്നു് ലോകത്തു് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു.


ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങിലുണ്ടാകുന്ന മാറ്റങ്ങള്‍ അവയുമായി ബന്ധപ്പെട്ട സാമൂഹ്യ ശക്തികളെ പരസ്പരം ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നു. മുതലാളിത്തത്തില്‍ മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലാണു് വര്‍ഗ്ഗ സമരം നടക്കുന്നതു്. നിരന്തരം തീക്ഷ്ണമാകുന്ന വര്‍ഗ്ഗ സമരം മാറ്റത്തിലേയ്ക്കു്, വികാസത്തിലേയ്ക്കു് നയിക്കുന്നു. ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതു് നിലവിലുള്ള ഉല്പാദന ക്ഷമതയും ഉല്പാദനക്കഴിവുമാണു്. അവ നിര്‍ണ്ണയിക്കുന്നതാകട്ടെ, ഉല്പാദന ശക്തികളുടേയും ഉല്പാദനോപകരണങ്ങളുടേയും അതതു് കാലത്തെ വികാസത്തിന്റെ നിലവാരവുമാണു്. ഉല്പാദനോപകരണങ്ങളില്‍, അതിന്റെ സാങ്കേതിക വികാസപരിണാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണു് വിവര സാങ്കേതിക വിദ്യ. മേല്പറഞ്ഞ പ്രധാന ഘടകങ്ങളോടൊപ്പം മറ്റനേകം ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവര്‍ത്തിച്ചുമാണു് സാമൂഹ്യ വികാസം സാധ്യമാകുന്നതു്. വിവര സാങ്കേതിക വിദ്യ സാമൂഹ്യമാറ്റത്തില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒരു ഘടകമാണു്. ചരിത്രത്തിലുടനീളം അതായിരുന്നു സ്ഥിതി.

സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതതു് കാലത്തു് നിലനിന്ന ഉല്പാദന ബന്ധങ്ങള്‍ക്കും അതനുസരിച്ചു് രൂപപ്പെട്ട സാമൂഹ്യ ഘടനയ്ക്കും അനുരൂപമായ തരത്തിലുള്ള പുരോഗതിയാണു് വിവര കൈകാര്യ സങ്കേതങ്ങളില്‍ ഉണ്ടായിട്ടുള്ളതു്. മറുവശത്തു്, അതതു് കാലഘട്ടത്തില്‍ സാധ്യമായ വിവര വിനിമയ സങ്കേതങ്ങള്‍ക്കനുസരിച്ചു് സാധ്യമായ ഉല്പാദന ബന്ധങ്ങളായിരുന്നു നിലവില്‍ വന്നതു്. അച്ചടിയും ടൈപ്പ് റൈറ്ററുമില്ലാതെ വന്‍കിട ഉല്പാദന ശാലകള്‍ വളരുകയോ വികസിക്കുകയോ വന്‍കിട ഉല്പാദന ശാലകളില്ലായിരുന്നെങ്കില്‍ അച്ചടിയും ടൈപ്പു് റൈറ്ററും വികസിക്കുകയോ വ്യാപകമാകുകയോ ചെയ്യുമായിരുന്നില്ല. ടെലിഗ്രാഫും ടെലിപ്രിന്ററും ടെലിഫോണുമില്ലാതെ ചരക്കു് കമ്പോളമോ ആധുനിക വ്യവസായമോ നിലവില്‍ വരുമായിരുന്നില്ല. മറിച്ചും. ആധുനിക വിവര വിനിമയ ശൃംഖലയില്ലാതെ ആഗോള ധന മൂലധന വ്യവസ്ഥയോ ആഗോള ധന മൂലധന വ്യവസ്ഥ രൂപപ്പെടാതെ ആധുനിക വിവര വിനിമയ ശൃംഖലയോ നിലവില്‍ വരുമായിരുന്നില്ല. വിവര സാങ്കേതിക വിദ്യയും സാമ്പത്തികോല്പാദന വിതരണ ക്രമവും സാമൂഹ്യ ഘടനയും തമ്മില്‍ പാരസ്പര്യം നിലനിന്നിരുന്നു. അതു് തുടരുകയും ചെയ്യുന്നു.


തത്സമയ പ്രക്രിയകള്‍, സമഗ്രമായ ആസൂത്രണ, നിര്‍വഹണ, പരിശോധനാ സാധ്യതകള്‍

വിവര വിനിമയം ഉള്‍പ്പെടുന്ന എല്ലാ പ്രക്രിയകളും തല്‍സമയം നടത്താന്‍ വിവര വിനിമയ ശൃംഖല സഹായിക്കുന്നു. രാജ്യ ഭരണവും സ്ഥാപന ഭരണവും സംഘടനാ നടത്തിപ്പും സാമൂഹ്യ സംഘടനകളും അതിനാവശ്യമായ വിവര-വിവരാധിഷ്ടിത പ്രവര്‍ത്തനങ്ങളുമെല്ലാം തത്സമയം നടത്താനും പരിശോധിക്കാനും ആസൂത്രണം ചെയ്യാനും കഴിയുമെന്നായിരിക്കുന്നു. ഓരോ സ്ഥാപനത്തിലും ലാഭക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു് കൃത്യമായ ആസൂത്രണം നടത്തുന്നതിനായി വിവര ശൃംഖലയുടെ സാദ്ധ്യതകള്‍ ഉപയോഗിയ്ക്കപ്പെടുന്നു. ഇതു് ചെയ്യാന്‍ ലാഭ പ്രേരണ മൂലം ഉടമസ്ഥര്‍ തയ്യാറാകുന്നുണ്ടു്. അതിലൂടെ ഒരു മുതലാളി നേടുന്ന അധിക ലാഭം മറ്റൊരാളുടെ നഷ്ടമാണു്. എല്ലാ സംരംഭങ്ങളിലും കാര്യക്ഷമമായ ആസൂത്രണം സാധ്യമായാല്‍ പിന്നെ, ലാഭമെന്നതു് ഉല്പാദനത്തില്‍ തൊഴിലാളിയുടെ അദ്ധ്വാന ശേഷി ചൂഷണം ചെയ്തുണ്ടാക്കുന്നതു് മാത്രമായിരിക്കും. ഒരോ സംരംഭത്തിലും ആസൂത്രണം നടക്കുമ്പോഴും അവ തമ്മിലുള്ള അന്തരമാണു് മത്സരത്തിനും ചിലരുടെ അധിക ലാഭത്തിനും മറ്റു് ചിലരുടെ നഷ്ടത്തിനും ഭൂരിപക്ഷത്തിന്റേയും പതനത്തിനും കുറച്ചെണ്ണത്തിന്റെ വളര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നതു്.


ഇന്നു് വിവര സാങ്കേതിക വിദ്യയും ചൂഷണോപാധി

ഇന്നു് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നതു് ഉല്പാദനപ്രവര്‍ത്തനങ്ങളിലെ വിവിധ പ്രക്രിയകള്‍ ആസൂത്രണം ചെയ്തു് തൊഴിലാളിയുടെ ഉല്പാദന ക്ഷമത കൂട്ടി, കൂലി കുറച്ചു്, ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണത്തിലേയും വിനിമയത്തിലേയും ആസൂത്രണം വഴി സ്വകാര്യമായ സ്വായത്തമാക്കല്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുമാണു്. അതായതു് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനും മുതലാളിമാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നതിനും മാത്രമാണു്. അതിലൂടെ തൊഴിലാളികള്‍ മൊത്തത്തിലും യഥാര്‍ത്ഥ സംരംഭകരായ ചെറുകിട-ഇടത്തരം മുതലാളിമാരില്‍ വലിയ വിഭാഗങ്ങളും പാപ്പരാക്കപ്പെടുന്നു.

ഇന്നു് നടപ്പാക്കപ്പെടുന്ന പുന സംഘടനയുടെ ഫലമായി തൊഴിലാളികളുടെ കേന്ദ്രീകരണം ഒഴിവാക്കപ്പെടുന്നു. പുന സംഘടിപ്പിക്കപ്പെട്ട ഉല്പാദന-വിതരണ-വിനിമയ-സേവന മേകലകളിലെല്ലാം തൊഴില്‍ നിയമങ്ങല്‍ ബാധകമല്ലാതാക്കുന്നു. തൊഴിലാളി സംഘടനകള്‍ പുതിയ മേഖലകളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു. അതിലൂടെയെല്ലാം അദ്ധ്വാന ശേഷിയുടെ അമിതമായ ചൂഷണമാണു് നടക്കുന്നതു്. ചുരുക്കത്തില്‍, കൂടുതല്‍ കാര്യക്ഷമമായ സ്വകാര്യമായ സ്വായത്തമാക്കല്‍ ഒരു വശത്തു് സമ്പത്തിന്റെ അതി കേന്ദ്രീകരണവും മറുവശത്തു് ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു.

സാമൂഹ്യ പുനസംഘടന

പേപ്പറും അച്ചടിയും ആധാരമാക്കിയ വിവര വിനിമയ സംവിധാനത്തിന്റെ കാല-ദൂര-അളവു് പരിമിതികള്‍ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആഗോള വിവരശൃംഖലയിലൂടെയാണതു് സാധ്യമായതു്. എത്ര അളവിലും വിവരം എത്ര ദൂരേയ്ക്കും തത്സമയം എത്തിക്കാന്‍ കഴിയുന്നു. ഉല്പാദനവും വിതരണവും വിനിമയവും സേവനങ്ങളും ഉല്ലാസ മാധ്യമങ്ങളും എല്ലാം ഈ ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. അടിത്തറയായ സാമ്പത്തിക ഉല്പാദന-വിനിമയ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം അതിന്റെ മേല്പുരയായ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും സ്വാഭാവികമായി പ്രതിഫലിക്കും. അതായതു്, സമൂഹം തന്നെ പുതിയൊരു രീതിയില്‍ സംഘടിപ്പിക്കപ്പെടാമെന്നായിരിക്കുന്നു. അത്തരത്തില്‍ സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വ്യത്യാസങ്ങളില്‍ നിന്നും വര്‍ഗ്ഗ ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ ഇന്നു് നിലവില്‍ മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനം നേടാനാവില്ല. ഇതാണു് മാര്‍ക്സിസത്തിന്റെ സാരം. ഇതാണു് ലോകം ഇന്നഭിമൂഖീകരിക്കുന്ന പ്രശ്നത്തിന്റെ കാതല്‍. അത്തരം സമഗ്രമായ സാമൂഹ്യ പുന സംഘടനയുടെ പശ്ചാത്തല സംവിധാനം വിവര സാങ്കേതിക ശൃംഖല രൂപപ്പെടുത്തിയിരിക്കുന്നു.


ആഗോള ധന മൂലധന വ്യവസ്ഥ സാധ്യമാക്കി

മൂലധനം അതിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടതു് ആധുനിക വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയാണു്. ആഗോള ധന കമ്പോളവും ഓഹരി കമ്പോളവും സൃഷ്ടിക്കപ്പെടുന്നതില്‍ അതു് നിര്‍ണ്ണായക പങ്കു് വഹിച്ചു. ആഗോള വിവര വിനിമയ ശൃംഖലകൊണ്ടാണു് ആഗോള ധന മൂലധന വ്യവസ്ഥ സുസാധ്യമായതു്. ഉല്പാദനം വികേന്ദ്രീകരിക്കുന്നതിനും ചെറുകിട ഉല്പാദന യുണിറ്റുകളുടെ പരസ്പര ബന്ധിത ശൃംഖലയിലൂടെ ഉല്പാദനത്തിന്റെ അതിവിപുലമായ കേന്ദ്രീകരണത്തിനും വഴിയൊരുക്കി. അസംസ്കൃത പദാര്‍ത്ഥ ലഭ്യതയോ തൊഴില്‍ ശക്തിയോ കമ്പോളമോ ഏതാണു് കൂടുതല്‍ ചെലവു് കുറയ്ക്കാന്‍ സഹായിക്കുന്നതു് എന്നു് നോക്കി അതനുസരിച്ചു് ഉല്പാദന കേന്ദ്രം നിശ്ചയിച്ചു് സൌകര്യം പോലെ കൂട്ടിയിണക്കി കമ്പോളത്തിയ്ക്കാന്‍ വിവര ശൃംഖല സഹായിക്കുന്നു. ഉല്പന്നങ്ങളുടെ പ്രതീകങ്ങള്‍ കാട്ടി വില്പനയ്ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച ശേഷം മാത്രം ചരക്കുകളുടെ ഉല്പാദനം സാധ്യമായി. അതിലൂടെ ഉല്പന്നങ്ങളുടെ ശേഖരം കുറച്ചു്, മൂലധനാവശ്യം കുറച്ചു് ലാഭ ക്ഷമത ഉയര്‍ത്താന്‍ ഓരോ വ്യവസായ യൂണിറ്റുകളേയും സഹായിച്ചു. ചരക്കുകളുടെ വിപണനവും ക്രയവിക്രയവും സേവനങ്ങളുമെല്ലാം പുതിയ രൂപത്തില്‍ പുന സംഘടിപ്പിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ഭരണവും പൊതു മേഖലാ ഭരണവും സര്‍ക്കാര്‍ ഭരണവും ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിവര-വിവരാധിഷ്ഠിത-വിവരാനുബന്ധ പ്രക്രിയകള്‍ ശൃംഖലയിലൂടെ തത്സമയം നടത്തപ്പെടുകയാണു് ചെയ്യുക. ആഗോള കമ്പോളം നിലവില്‍ വന്നു.


തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിനും

അതേപോലെ തന്നെ, തൊഴിലാളി സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും വിവര വിനിമയ സിദ്ധികള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരണം സാധ്യമായിരിക്കുന്നു. സംഘടന വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയും. വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടക്കുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി അസംഘടിതരാക്കപ്പെടുന്ന തൊഴിലാളികളുടെ സംഘാടനത്തിനും ഇതുപയോഗിക്കാം. വ്യക്തിപരമായ ഉപയോഗത്തിന്റെ ചെലവു് കുറയ്ക്കാന്‍ സാമൂഹ്യ കേന്ദ്രങ്ങള്‍ വഴി കഴിയും. തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും അവരുടെ സമഗ്ര വിവര ശേഖരമുപയോഗിച്ചു് ട്രേഡ് അടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലും വ്യവസായാടിസ്ഥാനത്തിലും, പ്രാദേശികമായും ദേശീയമായും സാര്‍വ്വദേശീയമായും, ഉള്ള കേന്ദ്രീകരണവും സാധ്യമായിരിക്കുന്നു.


ജനാധിപത്യ വികാസത്തിന്റെ ഉപകരണം

അതേസമയം, അര്‍ക്കും ആരുമായും - വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും - പരസ്പരം ആശയ വിനിമയം നടത്താന്‍ കഴിയുമെന്നായിരിക്കുന്നു. പരിമിതികളില്ലാത്തത്ര വ്യാപകമായ ആശയ വിനിമയം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അഭിപ്രായ രൂപീകരണവും വോട്ടെടുപ്പും എളുപ്പവും എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ആയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു് വിളിക്കുകയും പുതിയ പ്രതിനിധിയെ അപ്പപ്പോള്‍ തെരഞ്ഞെടുക്കുകയും എന്നതു് ഒരു പ്രായോഗിക സാധ്യതയായിരിക്കുന്നു.അച്ചടിയിലധിഷ്ഠിതമായി വളര്‍ന്നു് വികസിച്ച പാര്‍ലമെണ്ടറി ജനാധിപത്യ വ്യവസ്ഥ പക്ഷെ, ആറു് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും ജനാധിപത്യത്തിനു് അനുരൂപമായ ഘടന കൈവരിച്ചിട്ടില്ല. കാരണം, മുതലാളിത്തത്തിന്റെ വര്‍ഗ്ഗാധിപത്യം നിലനിര്‍ത്താന്‍ ഫ്യൂഡലിസത്തില്‍ രൂപപ്പെട്ട പിരമിഡിന്റെ കുത്തനേ മുകളില്‍ നിന്നു് താഴേക്കു് പല അട്ടികളടങ്ങുന്ന ശ്രേണീ ഘടനയാണെന്നു് അവര്‍ കണ്ടു. ഇന്നും ജന സാമാന്യത്തിലടക്കം സാധ്യമായ അധികാര ഘടന പിരമിഡല്‍ തന്നെയെന്ന ധാരണ നിലനില്‍ക്കുകയാണു്. തിരശ്ചീന ഘടനയും ചടുലമായ വിവിര കൈമാറ്റ സംവിധാനവും ചേര്‍ന്നാല്‍ ജനാധിപത്യത്തിന്റെ ഏറെ മെച്ചപ്പെട്ട സാമൂഹ്യ ഘടന സാധ്യമാകും. അതിനും പശ്ചാത്തലം ഒരുങ്ങിയിരിക്കുന്നു. തത്സമയം തെരഞ്ഞെടുപ്പിനും, ആശയ പ്രചരണത്തിനും, വിദ്യാഭ്യാസത്തിനും, ജന പ്രതിനിധികളെ തിരിച്ചു് വിളിക്കാനും എല്ലാം ഈ പശ്ചാത്തല സൌകര്യം ഉപയോഗിക്കുമ്പോള്‍ സോഷ്യലിസ്റ്റു് ജനാധിപത്യം സാധ്യമാകും.


സോഷ്യലിസത്തില്‍ സമഗ്രമായ ആസൂത്രണം സാധ്യമാക്കുന്നു

സമൂഹത്തില്‍ മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യാനും ശൃംഖല ഉപകരിക്കും. എന്നാല്‍ അതിനു് മുതലാളിത്തം തയ്യാറാകുന്നില്ല. തയ്യാറാകുകയുമില്ല. കാരണം, ലാഭേച്ഛ തന്നെ. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായി നടത്തിയാല്‍ പിന്നെ ആര്‍ക്കും ലാഭമുണ്ടാകില്ല. ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയുമില്ല. അതോടെ, സ്വായത്തമാക്കല്‍ സാമൂഹ്യമായിരിക്കും. സാമൂഹ്യമായ സമ്പത്തുല്പാദനവും അവയുടെ സ്വകാര്യമായ സ്വായത്തമാക്കലും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് സമ്പദ്ഘടന തികച്ചും ആസൂത്രിതമാക്കിയാല്‍ അതു് സോഷ്യലിസമായി. അതിനെതിരു് നില്കുന്നതു് ദുരമൂത്ത കുത്തക മുതലാളിത്തമാണു്, ധന മൂലധന ശക്തികളാണു്. മുതലാളിത്തത്തിന്റെ കോട്ടം കമ്പോളത്തിലെ അരാജകത്വമാണു്. ഒരോ ഫാക്ടറിയിലും സ്ഥാപനത്തിലും പരിപൂര്‍ണ്ണ ആസൂത്രണം സാധിക്കുന്നുണ്ടു്. പക്ഷെ, മൊത്തം ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും ആസൂത്രണം നടത്താന്‍ അതിനു് കഴിയില്ല. അതിനാല്‍ ഒന്നുകില്‍ ആരാജകത്വവും അതിന്റെ ഫലമായുണ്ടാകുന്ന കെടുതികളുമായി മുതലാളിത്തം തുടരാം അല്ലെങ്കില്‍ സമഗ്രാസൂത്രണം സാദ്ധ്യമാക്കിക്കൊണ്ടു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാം. സോഷ്യലിസത്തില്‍ മൂലധനം (ഈട്ടം കൂടിയ അദ്ധ്വാനം, മൃതാദ്ധ്വാനം, കഴിഞ്ഞകാലാദ്ധ്വാനം) ജീവിക്കുന്ന അദ്ധ്വാന ശേഷിയ്ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. മുതലാളിത്തം തുടരുന്നതിലൂടെ വര്‍ദ്ധിക്കുന്ന കാടത്തത്തോളമെത്തുന്ന അരാജകത്വമോ സാമൂഹ്യ പ്രക്രിയകളെ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സോഷ്യലിസമോ ഏതു് വേണമെന്ന തെരഞ്ഞെടുപ്പാണു് ഈ കാലഘട്ടത്തെ ഉദ്ദിഗ്നമാക്കുന്നതു്.

അറിവിന്റെ സാമൂഹ്യ ഉടമസ്ഥത

എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിനു് നിഷേധിക്കുന്ന പ്രവണതയാണു് അതു് രഹസ്യമാക്കി വെച്ചു് കുത്തക ലാഭം കൊയ്യാനുള്ള ശ്രമത്തിലൂടെ ഉണ്ടായതു്. ഭാഷയും ഗണിതവും അടക്കം അറിവിന്റെ വിവിധ രൂപങ്ങള്‍ എല്ലാക്കാലത്തും പൊതു മണ്ഡലത്തില്‍ സ്വതന്ത്രമായി ലഭ്യമായിരുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപപ്പെട്ട വിവിധ ഭാഷകളോ വിദൂര വിവര വിനിമയത്തിനായി ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ട മോഴ്സ് കോഡോ (അതും ഒരു ഭാഷയായിരുന്നു), തുടര്‍ന്നു് രൂപപ്പെടുത്തപ്പെട്ട യന്ത്ര ഭാഷയായ (കമ്പ്യൂട്ടര്‍ ഭാഷ) ബൈനറിയോ ആരുടേയും സ്വകാര്യ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നില്ല. അവയെല്ലാം പൊതു മണ്ഡലത്തില്‍ ലഭ്യമായിരുന്നു. ആര്‍ക്കും എടുത്തുപയോഗിക്കാമായിരുന്നു.

സോഫ്റ്റ്‌വെയര്‍ പേറ്റന്റു് സാമ്രാജ്യത്വ തന്ത്രം

കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി വന്നപ്പോള്‍, സോഫ്റ്റ്‌വെയറിനു് വ്യാപാര മൂല്യം സൃഷ്ടിക്കാമെന്നായപ്പോള്‍ മാത്രമാണു്, തുടര്‍ന്നു്, പേറ്റന്റു് നിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടതു്. അതോടെ, സാമൂഹ്യ ഉടമസ്ഥതയില്‍ നിന്നെടുത്ത അറിവുപയോഗിച്ചു് ഒരിക്കല്‍ രൂപപ്പെടുത്തിയ പുതിയ അറിവിന്റെ പകര്‍പ്പു് നല്‍കി ദീര്‍ഘകാലം പണം സമ്പാദിക്കുന്ന തട്ടിപ്പു് നിലവില്‍ വന്നു. പുതിയ കണ്ടു് പിടുത്തം പ്രോത്സാഹിപ്പിക്കാനാണീ നിയമം എന്നാണു് അവകാശവാദം. എങ്കിലും, യഥാര്‍ത്ഥത്തില്‍, പുതിയ കണ്ടുപിടുത്തം തടയപ്പെടുന്നതിനാണു് ഈ നിയമ വ്യവസ്ഥ ഇടയാക്കിയതു്. മാത്രമല്ല, കണ്ടു് പിടുത്തം നടത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല, കമ്പനി ഉടമകള്‍ക്കാണു് അതു് കൊണ്ടുള്ള പ്രയോജനം കിട്ടുന്നതു്. അവര്‍ തങ്ങളുടെ ലാഭം കാലാകാലം നിലനിര്‍ത്താനായി മറ്റു് പുതിയ കണ്ടുപിടുത്തങ്ങള്‍ തടയുന്നതിനു് പേറ്റന്റു് നിയമം ഉപയോഗിക്കുകയാണിന്നു്.


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തൊഴിലാളികളുടെ മുന്‍കൈ

സോഫ്റ്റ്‌വെയറിന്റെ സ്വകാര്യവല്കരണം പ്രതികൂലമായി ബാധിച്ചതു് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയാണു്. അവര്‍ക്കു് അവര്‍ മുമ്പു് കണ്ടു് പിടിച്ചതിന്റെ തുടര്‍ച്ചയായി പുതിയ കണ്ടു്പിടുത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അവരുടെ അറിവു് അവര്‍ക്കു് സ്വന്തമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവര്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിങ്ങു് നിയമത്തിനെതിരെ നടത്തിയ കലാപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും രൂപം നല്‍കി. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു് രൂപം കൊടുത്ത ഗ്നൂ ഫൌണ്ടേഷന്‍ വികസിപ്പിച്ച വിവിധ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും സംവിധാനങ്ങളും മി. ലിനക്സു് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി സ്വന്തം ആവശ്യത്തിനായി രൂപപ്പെടുത്തിയ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പും ചേര്‍ന്നതാണു് ഗ്നൂ ലിനക്സു് എന്നറിയപ്പെടുന്ന ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നറിയപ്പെടുന്നതു്. ഗ്നൂ ലിനക്സിനെ ചുറ്റിപ്പറ്റിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവന മേഖലയും വളര്‍ന്നു് വരുന്നതു്.

ഉപയോഗത്തിനു് നിയന്ത്രണമുള്ളതും നിര്‍മ്മാണ രഹസ്യം മറ്റാര്‍ക്കും നല്‍കാതെ സൂക്ഷിക്കുന്നതുമായ സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം, സ്വതന്ത്രമായി, ആര്‍ക്കും എടുത്തു്, എത്ര വേണമെങ്കിലും ഉപയോഗിക്കുകയും പകര്‍ത്തുകയും മാറ്റം വരുത്തുകയും വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും കൈമാറുകയും വിലയ്ക്കു് വില്കുകയും ചെയ്യാവുന്ന, എല്ലാ ഉപയോഗ സ്വാതന്ത്ര്യങ്ങളുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ലഭ്യമാണു്. അതുപയോഗിച്ചു് എല്ലാ വിവര വിനിമയാവശ്യങ്ങളും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താം. സര്‍ക്കാരിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കടുത്ത ചൂഷണത്തില്‍ നിന്നു് മോചനമായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക ദേശീയ വ്യവസായാടിത്തറ സൃഷ്ടിക്കുന്നതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത നാടുകള്‍ക്കും സോഷ്യലിസം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു് മുന്നേറാനാവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിജയം അറിവിന്റെ രംഗത്തു് പൊതു ഉടമസ്ഥത സാധ്യമാണെന്നു് തെളിയിച്ചിരിക്കുന്നു. പൊതു ഉടമസ്ഥതയുടെ മേന്മകളും തെളിയിക്കപ്പെട്ടിരിക്കുന്നു.


ലോകമാകെ ഉയര്‍ന്നു് വരുന്ന പുത്തന്‍ സമര വേലിയേറ്റം

വിവര ശൃംഖലയുടേയും അതൊരുക്കുന്ന സമാന്തര മാധ്യമത്തിന്റേയും സാധ്യതകള്‍ അടുത്ത കാലത്തായി ഉയരുന്ന സമരങ്ങളില്‍ ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ വര്‍ദ്ധിച്ച ജനകീയ പ്രയോഗം ഭരണാധികാരികളെ വിറ കൊള്ളിച്ചിരിക്കുന്നു. വിവര സാങ്കേതിക ചട്ടങ്ങള്‍ 2011 ലൂടെ സമാന്തര മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമം നടത്തുകയാണെന്നു് കേന്ദ്ര മന്ത്രി കബില്‍ സിബലിന്റെ പ്രഖ്യാപനം കാണിക്കുന്നു. അറബു് ജനാധിപത്യ മുന്നേറ്റത്തില്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ പശ്ചാത്തലത്തിലാണു് യുഎസ് ഭരണാധികാരികള്‍ ഇന്റര്‍ നെറ്റിനെ പ്രാദേശികമായി തകര്‍ക്കാന്‍ കഴിയുന്ന 'കില്ലര്‍ സ്വിച്ചു്' ഏര്‍പ്പെടുത്തുന്നതിനേക്കുറിച്ചു് പറയുന്നതു്. മാനവ രാശിക്കെതിരായ സാമ്രാജ്യത്വ ഗൂഢാലോചനകളുടെ രേഖകള്‍ പുറത്തു് കൊണ്ടു് വന്ന 'വിക്കിലാക്സിനു്' വിസ, പേ-പാല്‍, ഡിഎന്‍എസ് (ഡൊമൈന്‍ നേമ് സര്‍വ്വര്‍) തുടങ്ങിയ സേവനങ്ങള്‍ അതതു് കമ്പനികളേക്കൊണ്ടു് സാമ്രാജ്യത്വം നിഷേധിപ്പിച്ചു. സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖലകളില്‍ കുത്തകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍. സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ഭാവി കാലിഫോര്‍ണിയയിലെ (അമേരിക്ക) വിവരസംഭരണിയുടെ ഉടമകളായ അമേരിക്കന്‍ കുത്തക മൂലധന ശക്തികളുടെ ദയാദാക്ഷിണ്യത്തിലാണിന്നു്. അതിനു് മാറ്റം വരുത്താനായി കുത്തക മൂലധന നിയന്ത്രണത്തിലുള്ള വലിയ സര്‍വ്വറുകളെ ആശ്രയിക്കാതെ തന്നെ വ്യക്തികള്‍ തമ്മില്‍ വിവര വിനിമയം സാധ്യമാക്കുന്നതിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന 'സ്വാതന്ത്ര്യപ്പെട്ടി' (FreedomBox) എന്ന പേരില്‍ വില കുറഞ്ഞ ചെറിയ സെര്‍വറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു് എബന്‍ മോഗ്ലന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു സംഘം ഏര്‍പ്പെട്ടിട്ടുള്ളതു്.


സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം

സോഫ്റ്റ്‌വെയറിന്റെ രംഗത്തു് രൂപപ്പെട്ട ഈ സ്വാതന്ത്ര്യ പ്രസ്ഥാനം അറിവിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണു്. ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ക്രയേറ്റീവു് കോമണ്‍സ്, കോമണ്‍ അക്സസ് ജേര്‍ണല്‍സ് തുടങ്ങി പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു് വികസിച്ചു് വരുന്നു. ഇതു്, ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണം മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധിയുടേയും അതിന്റെ ഫലമായി ആഗോള മൂലധനാധിപത്യത്തിനെതിരായി ഉയരുന്ന സമര വേലിയേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഭൌതിക സ്വത്തിന്റെ മേഖലയിലും പൊതു ഉടമസ്ഥതയുടെ ആവശ്യകതയിലേയ്ക്കും സാധ്യതയിലേയ്ക്കും മേന്മയിലേക്കും ചൂണ്ടുകയും ചെയ്യുന്നു.

വിവര സാങ്കേതിക വിദ്യയുടെ ശൃംഖല, ഉപകരണനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഇന്നും കുത്തകാധിപത്യം നിലനില്‍ക്കുകയാണു്. അവിടെയും സ്വാതന്ത്രയത്തിനു് വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ വളര്‍ന്നു് വരുന്നുണ്ടു്. സോഫ്റ്റ്‌വെയറിന്റേയും, പൊതുവെ അറിവിന്റേയും, രംഗത്തു് സാമൂഹ്യവല്ക്കരണം സാധ്യമായിക്കഴിഞ്ഞു. ഇനിയതു് തൊഴിലാളി വര്‍ഗ്ഗവും സമൂഹവും ഉപയോഗപ്പെടുത്തുകയേ വേണ്ടൂ. അതിലൂടെ നടക്കുന്ന ശാക്തീകരണം ഇതര മേഖലകളിലും തൊഴിലാളി വര്‍ഗ്ഗാധിപത്യം ഉറപ്പിക്കാനും മൂലധനാധിപത്യം അവസാനിപ്പിച്ചു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാനും കഴിയും എന്നു് ഈ രംഗത്തെ നേട്ടങ്ങള്‍ തെളിയിച്ചിരിക്കുന്നു. പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യോല്പാദനത്തോടൊപ്പം ഉല്പന്നങ്ങളുടെ സാമൂഹ്യമായ സ്വായത്തമാക്കലുമാണു് സോഷ്യലിസം

ചുരുക്കത്തില്‍, സ്വത്തുടമസ്ഥാവകാശമല്ല, മറിച്ചു് വിഭവങ്ങളുടെ ലഭ്യതയും പ്രാപ്യതയും അവയുടെ കൈകാര്യശേഷിയുമാണു് പ്രധാനം എന്നു് സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനത്തിന്റെ പ്രായോഗിക വിജയം തെളിയിക്കുന്നു. മുതലാളിമാര്‍ക്കു് കൃത്രിമമായി അടിച്ചേല്പിച്ച ഉടമസ്ഥാവകാശം മാത്രമാണുള്ളതു്. തൊഴിലാളികളെ ആശ്രയിച്ചു് മാത്രമേ കുന്നു കൂട്ടിയ സമ്പത്തു് ഉല്പാദനപരമാക്കാനാകൂ. തൊഴിലാളികള്‍ക്കാകട്ടെ, ജനാധിപത്യത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ചു് ഓരോരുത്തര്‍ക്കും ആവശ്യമുള്ള വിഭവങ്ങള്‍ (സാമൂഹ്യ ഉടമസ്ഥതയിലുള്ള ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും വിവരവും) ഉപയോഗിച്ചു് അവരവരുടെ കഴിവനുസരിച്ചു് ഉല്പാദിപ്പിക്കാനും അവരവരുടെ അദ്ധ്വാനത്തിനനുസരിച്ചു് ഉല്പന്നങ്ങള്‍ സ്വായത്തമാക്കാനും കഴിയും. ഈ പ്രക്രിയയില്‍ മുതലാളിക്കു് പങ്കില്ല. തൊഴിലാളിക്കേ പങ്കുള്ളു. അവിടെ നിലവിലുള്ള മുതലാളി തൊഴിലാളി ബന്ധം അപ്രസക്തമാകും. ഓരോരുത്തരും സംരംഭകരായിമാറും. ഇന്നത്തെ തൊഴിലാളികളുടെ ഭാവി രൂപം സാമൂഹ്യ സംരംഭകരുടേതായിരിക്കും.

സാമൂഹ്യ മാറ്റം തനിയെ നടന്നു കൊള്ളുമെന്ന വിധി വദമല്ലിതു്. സാമൂഹ്യ ഉടമസ്ഥത സ്ഥാപിക്കുക എന്നതു് ഇന്നു് ദുരിതം പേറുന്ന തൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ ദുരിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുകയല്ലാതെ അവര്‍ക്കു് മുന്നില്‍ മറ്റു് മാര്‍ഗ്ഗമൊന്നുമില്ല എന്നിടത്താണു് അനിവാര്യത. മാറ്റത്തിന്റെ ഭാഗമായി കുത്തക സ്ഥാപനങ്ങളെ സാമൂഹ്യ ഉടമസ്ഥതയില്‍ കൊണ്ടുവരിക മാത്രമേ ചെയ്യേണ്ടതുള്ളു. മറ്റിതര ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടരുക തന്നെ ചെയ്യണം. കാര്‍ഷിക രംഗത്തു് ഭൂപ്രഭുത്വം മാത്രം അവസാനിപ്പിക്കുകയും കൃഷി ഭൂമി കൃഷിക്കാര്‍ക്കു് വിതരണം ചെയ്യുകയും കാര്‍ഷിക പരിഷ്കരണം നടപ്പാക്കുകയും വേണം. ഉല്പാദനം മുതല്‍ വിതരണവും ഉപഭോഗവും അടക്കം മൊത്തം കമ്പോളം സമഗ്രമായി (കേന്ദ്രീകൃതമല്ല) ആസൂത്രിതമാക്കുമ്പോള്‍ കമ്പോളം മനുഷ്യരെ നിയന്ത്രിക്കുന്നതിനു് പകരം കമ്പോളത്തെ സമൂഹത്തിനു് നിയന്ത്രിക്കാനാകും. ഇത്തരം സമഗ്ര മാറ്റമല്ലാതെ സമൂഹത്തിനു് മുമ്പില്‍ മറ്റു് മാര്‍ഗ്ഗമില്ല. ഒന്നുകില്‍ സാമ്രാജ്യത്വത്തിന്റെ തിട്ടൂരങ്ങള്‍ക്കനുസരിച്ചു് അടിമകളേപ്പോലെ ജീവിക്കാം. അപ്പോഴും തനി കാടത്തത്തിലേക്കാണു് അവര്‍ സമൂഹത്തെ നയിക്കുന്നതു്. അതൊഴിവാക്കാന്‍ സ്വാതന്ത്ര ലോകം സൃഷ്ടിക്കാന്‍ തൊഴിലാളി വര്‍ഗ്ഗ നേതൃത്വം അംഗീകരിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. ഇക്കാര്യം കര്‍ഷകരേയും ചെറുകിട ഇടത്തരം സംരംഭകരേയും ബോദ്ധ്യപ്പെടുത്തുന്ന മുറയ്ക്കു് അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പദ്ധതി അംഗീകരിക്കും. ഇതാണു് മുതലാളിത്തം അവസാനിപ്പിക്കുന്നതിനാവശ്യമായ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉള്ളടക്കം. അതു് ആശയ രൂപത്തില്‍ മാര്‍ക്സും ഏംഗത്സും അവതരിപ്പിച്ചതു് ഇന്നു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏറ്റവും മുമ്പന്തിയില്‍ (വര്‍ഗ്ഗബോധത്തിലോ സംഘടനാ ബോധത്തിലോ അല്ല, ധൈഷണികമായും സാങ്കേതികമായും മാത്രം) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പ്രായോഗികമാക്കിയിരിക്കുന്നു. ഗ്നൂ ലിനക്സും വിക്കീപീഡിയയും വിക്കീ ലീക്സും എല്ലാം അതു് തൊളിയിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്റ്‌വെയറുകളേക്കാള്‍ മേന്മ എല്ലാ രംഗത്തും വികാസനിരക്കില്‍, ഗുണമേന്മയില്‍ തെളിയിച്ചു് കഴിഞ്ഞു. അതെടുത്തുപയോഗിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി അവര്‍ അവയുടെ മൂലകോഡുകളടക്കം സ്വതന്ത്രമായ ഉപയോഗത്തിനു് നല്‍കിയിരിക്കുന്നു. ഇതാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം വന്നാല്‍ സമൂഹത്തിലൂണ്ടാകുന്ന മാറ്റമെന്നു് അതു് ഉദാഹരിക്കുന്നു. സാമൂഹ്യ ഉടമസ്ഥതയുടെ എല്ലാ മേന്മകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രകടിപ്പിക്കുന്നു.

അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം. ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. മാര്‍ക്സു് ചൂണ്ടിക്കാണിച്ച പ്രാകൃത മൂലധന സഞ്ചയം എന്ന നഗ്നമായ പിടിച്ചു പറിയിലൂടെയും കൊള്ളയിലൂടെയും മാത്രമാണു് ഇന്നു് മൂലധന ശക്തികള്‍ ലാഭം കാണിക്കുന്നതു്. ആ വ്യവസ്ഥയുടെ നിലനില്പിന്റെ ന്യായീകരണമായ പുതിയ സമ്പത്തുല്പാദനവും മിച്ച മുല്യ സൃഷ്ടിയും പോലും അതിനു് കഴിയാതായിരിക്കുന്നു. പുതിയ സമ്പത്തും മൂല്യവും സൃഷ്ടിക്കാതെ കൊള്ളയിലൂടെ മാത്രം ഒരു വ്യവസ്ഥയ്ക്കു് നിലനില്‍ക്കാനാവില്ല. അതിന്റെ അന്തകരായ തൊഴിലാളി വര്‍ഗ്ഗം സ്വയം ശാക്തീകരണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലും എത്തിയിരിക്കുന്നു. സ്വതന്ത്ര വിജ്ഞാന സംരംഭകര്‍ വര്‍ഗ്ഗ ബോധം ഉള്‍ക്കൊള്ളുകയും തൊഴിലാളി വര്‍ഗ്ഗം സാങ്കേതികമായും ധൈഷണികമായും ശാക്തീകരിക്കപ്പെടുകയും സംരംഭകത്വം ആര്‍ജ്ജിക്കുകയും വേണം. അതിനാവശ്യമായ കൂട്ടായ്മകളാണു് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും അതിന്റെ അഖിലേന്ത്യാ സംഘടനയായ ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും. തൊഴിലാളി വര്‍ഗ്ഗത്തിന്റേയും ജനങ്ങളുടേയും സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങളുടേയും പരസ്പര സഹകരണം സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ നിര്‍ണ്ണായക ഘടകമാണു്. സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും തകര്‍ച്ച ആസന്നമായെന്നതിന്റേയും ജനങ്ങള്‍ അവയ്ക്കെതിരെ അതി ദ്രൂതം സംഘടിതരാകുന്നതിന്റേയും അലയൊലികളാണു് വാള്‍സ്ട്രീറ്റു് സമരത്തിലും അറബ് വസന്തത്തിലും അണ്ണാ ഹസാരെ സമരത്തിലും നാം കേള്‍ക്കുന്നതു്. അവയ്ക്കൊക്കെ അവയുടേതായ പരിമിതികളുണ്ടു്. പക്ഷെ, പുതിയൊരു ലോകം ആവശ്യമാണെന്ന അവബോധത്തിലേയ്ക്കു് കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ എത്തുന്നു എന്നു് അവ ചൂണ്ടിക്കാട്ടുന്നു. പുതിയൊരു ലോകം, ഉല്പാദന-വിതരണ-ഉപഭോഗ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ആസൂത്രണത്തിലൂടെ മുതലാളിത്തത്തിന്റെ ദുഷ്ടുകളെല്ലാം ഒഴിവാക്കുകയും സമൂഹം നാളിതു് വരെ നേടിയ മേന്മകളെല്ലാം ഉപയോഗിക്കുകയും ചെയ്തു് കൊണ്ടു് മുതലാളിത്തത്തെ ബഹുദൂരം പിന്തള്ളാന്‍ കെല്പുള്ള സോഷ്യലിസ്റ്റു് സമ്പദ്ഘടന വിവര സാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നു.


ജോസഫ് തോമസ്
പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ
9447738369
thomasatps@gmail.com

1 comment:

Vivara Vicharam said...

ഇന്നത്തെ ആഗോള പ്രതിസന്ധിക്കു് പരിഹാരം മുതലാളഇത്തം സാദ്ധ്യമാക്കിയ സാമൂഹ്യമായ ഉല്പാദനത്തോടൊപ്പം ഉല്പന്നങ്ങളുടെ സ്വായത്തമാക്കലും സാമൂഹ്യമാക്കുകകയാണു്, സോഷ്യലിസം സ്ഥാപിക്കുകയാണു്. അതു് അടിയന്തിരവും അനിവാര്യവുമായിരിക്കുന്നു.

സാമൂഹ്യമാറ്റം അനിവാര്യമാണെന്നതു് അതു് തനിയെ നടന്നു കൊള്ളുമെന്ന വിധി വദമല്ല. സാമൂഹ്യ ഉടമസ്ഥത സ്ഥാപിക്കുക എന്നതു് ഇന്നു് ദുരിതം പേറുന്ന തൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ ദുരിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുകയല്ലാതെ അവര്‍ക്കു് മുന്നില്‍ മറ്റു് മാര്‍ഗ്ഗമൊന്നുമില്ല എന്നിടത്താണു് അനിവാര്യത. മാറ്റത്തിന്റെ ഭാഗമായി കുത്തക സ്ഥാപനങ്ങളെ സാമൂഹ്യ ഉടമസ്ഥതയില്‍ കൊണ്ടുവരിക മാത്രമേ ചെയ്യേണ്ടതുള്ളു. മറ്റിതര ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടരുക തന്നെ ചെയ്യണം. കാര്‍ഷിക രംഗത്തു് ഭൂപ്രഭുത്വം മാത്രം അവസാനിപ്പിക്കുകയും കൃഷി ഭൂമി കൃഷിക്കാര്‍ക്കു് വിതരണം ചെയ്യുകയും കാര്‍ഷിക പരിഷ്കരണം നടപ്പാക്കുകയും വേണം. ഉല്പാദനം മുതല്‍ വിതരണവും ഉപഭോഗവും അടക്കം മൊത്തം കമ്പോളം സമഗ്രമായി (കേന്ദ്രീകൃതമല്ല) ആസൂത്രിതമാക്കുമ്പോള്‍ കമ്പോളം മനുഷ്യരെ നിയന്ത്രിക്കുന്നതിനു് പകരം കമ്പോളത്തെ സമൂഹത്തിനു് നിയന്ത്രിക്കാനാകും. ഇത്തരം സമഗ്ര മാറ്റമല്ലാതെ സമൂഹത്തിനു് മുമ്പില്‍ മറ്റു് മാര്‍ഗ്ഗമില്ല. ഒന്നുകില്‍ സാമ്രാജ്യത്വത്തിന്റെ തിട്ടൂരങ്ങള്‍ക്കനുസരിച്ചു് അടിമകളേപ്പോലെ ജീവിക്കാം. അപ്പോഴും തനി കാടത്തത്തിലേക്കാണു് അവര്‍ സമൂഹത്തെ നയിക്കുന്നതു്. അതൊഴിവാക്കാന്‍ സ്വാതന്ത്ര ലോകം സൃഷ്ടിക്കാന്‍ തൊഴിലാളി വര്‍ഗ്ഗ നേതൃത്വം അംഗീകരിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. ഇക്കാര്യം കര്‍ഷകരേയും ചെറുകിട ഇടത്തരം സംരംഭകരേയും ബോദ്ധ്യപ്പെടുത്തുന്ന മുറയ്ക്കു് അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പദ്ധതി അംഗീകരിക്കും. ഇതാണു് മുതലാളിത്തം അവസാനിപ്പിക്കുന്നതിനാവശ്യമായ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉള്ളടക്കം. അതു് ആശയ രൂപത്തില്‍ മാര്‍ക്സും ഏംഗത്സും അവതരിപ്പിച്ചതു് ഇന്നു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏറ്റവും മുമ്പന്തിയില്‍ (വര്‍ഗ്ഗബോധത്തിലോ സംഘടനാ ബോധത്തിലോ അല്ല, ധൈഷണികമായും സാങ്കേതികമായും മാത്രം) നില്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പ്രായോഗികമാക്കിയിരിക്കുന്നു. ഗ്നൂ ലിനക്സും വിക്കീപീഡിയയും വിക്കീ ലീക്സും എല്ലാം അതു് തൊളിയിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്റ്‌വെയറുകളേക്കാള്‍ മേന്മ എല്ലാ രംഗത്തും വികാസനിരക്കില്‍, ഗുണമേന്മയില്‍ തെളിയിച്ചു് കഴിഞ്ഞു. അതെടുത്തുപയോഗിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി അവര്‍ അവയുടെ മൂലകോഡുകളടക്കം സ്വതന്ത്രമായ ഉപയോഗത്തിനു് നല്‍കിയിരിക്കുന്നു. ഇതാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം വന്നാല്‍ സമൂഹത്തിലൂണ്ടാകുന്ന മാറ്റമെന്നു് അതു് ഉദാഹരിക്കുന്നു. സാമൂഹ്യ ഉടമസ്ഥതയുടെ എല്ലാ മേന്മകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രകടിപ്പിക്കുന്നു.

Blog Archive