Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, April 22, 2019

ഇന്ത്യൻ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണം - പിണറായി വിജയൻ.


സംഘപരിവാറിനും ബിജെപിക്കുമെതിരെ ഒരുമിച്ചു പ്രവർത്തിക്കണമെന്നതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സമീപനം. അത് വൈവിധ്യങ്ങളുടെ വിളഭൂമിയായ ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും യാഥാർഥ്യബോധത്തോടെ കാണുന്ന സമീപനമാണ്

ഇപ്പോൾ നമ്മുടെ രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ സമൂഹത്തിന്റെ ഒരുമയോടെയുള്ള നിലനിൽപ്പിന്റെയും ജനതയുടെയാകെ അവകാശങ്ങളുടെ സംരക്ഷണത്തിന്റെയും കാര്യത്തിൽ നിർണായകമായ ഒന്നാണ്. വർഗീയതയുടെ ആധിപത്യത്തിൽനിന്ന് മതനിരപേക്ഷതയെയും സാമ്രാജ്യത്വ അധിനിവേശ ശ്രമങ്ങളിൽനിന്ന് രാജ്യപരമാധികാരത്തെയും കോർപറേറ്റ‌്–-രാഷ്ട്രീയ ചങ്ങാത്തത്തിൽനിന്ന് സാധാരണക്കാരായ ജനങ്ങളുടെ താൽപ്പര്യങ്ങളെയും രക്ഷപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം. ഇവിടെ വീഴ്ച വന്നുപോയാൽ ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത വിധത്തിലുള്ള നഷ്ടങ്ങളാകും രാജ്യത്തിനും ജനങ്ങൾക്കും ഉണ്ടാകുക. ഈ ഉത്തരവാദിത്തബോധത്തോടെയാകും ജനങ്ങൾ ഇക്കുറി വോട്ടുചെയ്യുക എന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊപ്പം മറ്റു ചിലതുകൂടിയുണ്ട്. കേരളത്തിന്റെ അധികാര അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കുക എന്നത് അതിൽ പ്രധാനമാണ്. ഏറ്റവും വലിയ വൈഷമ്യം നേരിട്ട ഘട്ടത്തിൽപ്പോലും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതിരുന്ന ഒരു രാഷ്ട്രീയസംവിധാനമാണ് കേന്ദ്രത്തിലുണ്ടായിരുന്നത് എന്നത് എല്ലാവർക്കും അറിയാം. ആ സംവിധാനം തെരഞ്ഞെടുപ്പിനുശേഷവും തുടർന്നാൽ കേരളത്തിനുണ്ടാകുന്ന നഷ്ടം എത്രമേൽ ഗുരുതരമായിരിക്കും എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. ഇക്കാര്യവും ഈ തെരഞ്ഞെടുപ്പിനെ വലിയതോതിൽ സ്വാധീനിക്കും.
ബിജെപി വിട്ടുവീഴ്ചയില്ലാത്ത വർഗീയതയുടെ വഴിക്കു സഞ്ചരിക്കുന്നു. ശക്തമായി അതിനെ എതിർത്താൽ തങ്ങൾക്ക് ഭൂരിപക്ഷ വർഗീയ വോട്ടുകൾ നഷ്ടമാകുമോ എന്ന ചിന്തയോടെ മൃദുവർഗീയ സമീപനങ്ങളുമായി കോൺഗ്രസ് സഞ്ചരിക്കുന്നു. അതേസമയം ഇരുകൂട്ടരും ഒരുപോലെ സാമ്രാജ്യത്വാനുകൂലവും കോർപറേറ്റ് പ്രീണനപരവും നിസ്വജനവിഭാഗങ്ങൾക്കു വിരുദ്ധവുമായ രാഷ്ട്രീയ സാമ്പത്തികനയ നടപടികൾ മുമ്പോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി കൂടുതൽ തിളക്കമുള്ളതാകുന്നത്.

എന്തുകൊണ്ട‌് ഇടതുപക്ഷം
കോൺഗ്രസിനോ ബിജെപിക്കോ അല്ലാതെ അവരുടെ അത്ര സീറ്റുകളിൽ മത്സരിക്കാത്ത ഇടതുപക്ഷത്തിന് എന്തിന് വോട്ടുചെയ്യണം എന്നു ചോദിക്കുന്നവരുണ്ട്. കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങൾ തന്നെയാകണം തുടർന്നും നിലനിൽക്കേണ്ടത് എന്ന രാഷ്ട്രീയമാണ് ഇവരെ നയിക്കുന്നത്. ഇന്ത്യൻ യാഥാർഥ്യം കാണാൻ കൂട്ടാക്കാത്ത സമീപനമാണിത‌്.
വിവിധ സംസ്ഥാനങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് അതതു പ്രദേശങ്ങളിൽ സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ചേരിതിരിവിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അതിശക്തമായി ചെറുക്കുന്ന രാഷ്ട്രീയ പാർടികളും സഖ്യങ്ങളുമാണ്. യുപിയിലും ബിഹാറിലും ഒഡിഷയിലും ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ഒക്കെ കോൺഗ്രസോ ബിജെപിയോ അല്ലാത്ത പ്രാദേശിക കക്ഷികളും രാഷ്ട്രീയ സംവിധാനങ്ങളുമാണ് മത്സരരംഗത്ത് മുന്നിട്ടുനിൽക്കുന്നത്. ഇവരാരും തന്നെ കേന്ദ്രത്തിൽ ഒറ്റയ്ക്ക് അധികാരത്തിൽ വരാനുള്ള അത്രയും സീറ്റുകളിൽ മത്സരിക്കുന്നില്ല എന്നതുകൊണ്ട് അവർക്ക‌് വോട്ടുചെയ്യരുത് എന്ന് ഇവർ പറയുമോ? അങ്ങനെ പറഞ്ഞാൽ അത് വർഗീയതയെ വീഴ്ത്താനാണോ വളർത്താനാണോ സഹായിക്കുക?
ഇത്തരത്തിൽ പ്രദേശിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ശക്തികളാകെ സംഘപരിവാറിനും ബിജെപിക്കുമെതിരെ ഒരുമിച്ചു പ്രവർത്തിക്കണമെന്നതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സമീപനം. അത് വൈവിധ്യങ്ങളുടെ വിളഭൂമിയായ ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും യാഥാർഥ്യബോധത്തോടെ കാണുന്ന സമീപനമാണ്; നമ്മുടെ ഫെഡറൽഘടനയെ ശക്തിപ്പെടുത്തുന്നതും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പുത്തൻ ഉണർവേകുന്നതുമാണ്. ഇതിന്റെയാകെ പ്രാതിനിധ്യമുള്ള ദേശീയ മതേതര ബദലാണ് രാജ്യത്ത് ഇനി അധികാരത്തിൽ വരാൻ പോകുന്നത്. അതിൽ ഇടതുപക്ഷത്തിനുള്ള പങ്ക് ചരിത്രത്തിൽത്തന്നെ തെളിയിക്കപ്പെട്ടതാണ്.
ആർഎസ്എസ് നയിക്കുന്ന ബിജെപി വർഗീയത വിതച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തെയാകെ ഛിദ്രീകരിക്കുന്നു എന്നതുമാത്രമല്ല പ്രശ്നം. വർഗീയതയുടെയും തീവ്ര ദേശീയതയുടെയും മറവിൽ അങ്ങേയറ്റം ജനദ്രോഹപരമായ നവ ഉദാരവൽക്കരണ നയങ്ങൾ അതിതീക്ഷ്ണമായി നടപ്പാക്കുന്നു എന്നതുകൂടിയാണ്. രണ്ടാമത്തേത് അതേപടിതന്നെ കോൺഗ്രസും പങ്കിടുന്നുതാനും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ജനദ്രോഹപരമായ ഭരണം കാഴ്ചവച്ച സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളത്.
ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ, കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, എഴുത്തുകാർ, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ബിജെപി ഭരണത്തിന്റെ ദുരന്തം അനുഭവിച്ചവരാണ്. അതുകൊണ്ടുതന്നെ ജാതി–-മത–-ലിംഗ വിവേചനങ്ങൾക്കും വർഗ–-വർണ ഭേദങ്ങൾക്കും ഭാഷയുടെയും പ്രദേശത്തിന്റെ വ്യത്യാസങ്ങൾക്കും അതീതമായി ഇന്ത്യ നാമെല്ലാവരുടേതുമാണ് എന്നുറപ്പുവരുത്താനും എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന മതേതര ജനാധിപത്യ ഇന്ത്യ എന്ന സങ്കൽപ്പം നിലനിർത്തുന്നതിന് ഈ തെരഞ്ഞെടുപ്പിൽ നാം സ്വീകരിക്കുന്ന നിലപാടുകൾക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്.

-----------------------------------------------------------------------------------------------------------------
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന ജിഎസ്ടി എന്ന ആശയം മുന്നോട്ടുവച്ചത് കോൺഗ്രസ‌്. സംസ്ഥാനഭരണത്തിൽ കേന്ദ്രം കൈ കടത്തുന്ന പ്രക്രിയ ആരംഭിച്ചതും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന സമീപനം ആവിഷ‌്കരിച്ചതും കോൺഗ്രസ‌്
------------------------------------------------------------------------------------------------------------------
ബിജെപിക്ക‌് ബദൽ കോൺഗ്രസല്ല
ബിജെപിയുടെ നയങ്ങളിൽനിന്ന് വ്യത്യസ്തമായ എന്തു നിലപാടാണ് കോൺഗ്രസിനുള്ളത്? കാർഷികമേഖലയെ തകർത്ത കരാറുകളിൽ ഏർപ്പെട്ടത് കോൺഗ്രസ‌്. കൃഷിക്കുള്ള സബ്സിഡികൾ വെട്ടിക്കുറച്ചത് കോൺഗ്രസ‌്. വിലക്കയറ്റം അനിയന്ത്രിതമാക്കിയ പെട്രോളിയം പ്രൈസ് ഡീറെഗുലേഷൻ നടപ്പാക്കിയതും കോൺഗ്രസ‌്. തൊഴിലുറപ്പുപദ്ധതിയെ ക്ഷയിപ്പിച്ചതും കോൺഗ്രസ‌്. കോടിക്കണക്കിനാളുകളെ കണക്കിലെ കള്ളത്തരത്തിലൂടെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിച്ച് അവരുടെ ആനുകൂല്യങ്ങൾ അപഹരിച്ചതും കോൺഗ്രസ‌്. വ്യക്തിയുടെ സ്വകാര്യതയിൽ കൈകടത്തിക്കൊണ്ട് ആധാർ നടപ്പാക്കിയതും കോൺഗ്രസ‌്. വ്യവസായമേഖലയെമുതൽ പ്രതിരോധമേഖലയെവരെ അട്ടിമറിച്ച എഫ്ഡിഐ അനുവദിച്ചതും കോൺഗ്രസ‌്. പൊതുമേഖലയെ സ്വകാര്യവൽക്കരിക്കുന്ന പ്രക്രിയ ആരംഭിച്ചതും കോൺഗ്രസ‌്.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന ജിഎസ്ടി എന്ന ആശയം മുന്നോട്ടുവച്ചത് കോൺഗ്രസ‌്. സംസ്ഥാനഭരണത്തിൽ കേന്ദ്രം കൈ കടത്തുന്ന പ്രക്രിയ ആരംഭിച്ചതും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന സമീപനം ആവിഷ‌്കരിച്ചതും കോൺഗ്രസ‌്. സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തു തുടങ്ങിയതും കോൺഗ്രസ‌്. കോൺഗ്രസിന്റെ ഇതേ ജനവിരുദ്ധ നയങ്ങൾ ഇതേപടിയോ ഇതേക്കാൾ ശക്തമായോ മുമ്പോട്ടുകൊണ്ടുപോകുകയാണ് ബിജെപി ഗവൺമെന്റ്. ഒരു വൻകിട സ്വകാര്യകുത്തക നമ്മുടെ സ്വന്തം സ്ഥാപനമാണ് എന്ന് വിശേഷിപ്പിച്ചത് കോൺഗ്രസിനെ. ഭരണത്തിൽ എത്തിയിട്ടുള്ളപ്പോൾ ഒക്കെ അഴിമതിയിൽ മുങ്ങിക്കുളിച്ചതും കോൺഗ്രസ‌്. ഭോപാൽ ഗ്യാസ് ദുരന്തത്തിലൂടെ ഇന്ത്യക്കാരുടെ ജീവനെടുത്ത വാറൻ ആൻഡേഴ്സനെ മുതൽ സിഐഎയുടെയും ഭീകരവാദികളുടെയും ഇരട്ട ഏജന്റായിരുന്ന ഡേവിഡ് ഹെഡ‌്‌ലിയെവരെ രാജ്യത്തിനുപുറത്തേക്ക് രക്ഷപ്പെടാൻ അനുവദിച്ചതും കോൺഗ്രസ‌്.
മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചുതുടങ്ങിയത് കോൺഗ്രസ‌്. ബാബ‌്റി മസ്ജിദ് ആരാധനയ്ക്കായി വർഗീയവാദികളുടെ സമ്മർദത്തിൻ കീഴിൽ വിട്ടുകൊടുത്തത് കോൺഗ്രസ്. അവിടെ ശിലാന്യാസിലൂടെ ക്ഷേത്രത്തിനു തറക്കല്ലിടാൻ അനുവദിച്ചത് കോൺഗ്രസ്. ആ തറക്കല്ല് കർസേവയിലൂടെ ഒരു മണ്ഡപമായി ഉയരാൻ അനുവദിച്ചത് കോൺഗ്രസ്. ബാബ‌്റി മസ്ജിദ് പൊളിക്കുന്നതിന് നിഷ്ക്രിയത്വത്തിലൂടെ അധ്യക്ഷത വഹിച്ചത് കോൺഗ്രസ്. തങ്ങൾ അധികാരത്തിൽ വന്നാലേ അവിടെ രാമക്ഷേത്രനിർമാണം നടക്കൂ എന്ന് ഇപ്പോൾ ഉത്തരേന്ത്യയിലാകെ പ്രചരിപ്പിക്കുന്നത് കോൺഗ്രസ്.
അപ്പോൾ പിന്നെ എവിടെയാണ് കോൺഗ്രസ് ബദലാകുന്നത്? വർഗീയതയുടെ കാര്യത്തിലില്ല, സാമ്പത്തികനയങ്ങളുടെ കാര്യത്തിലില്ല, സാമ്രാജ്യത്വവിധേയത്വത്തിന്റെ കാര്യത്തിലില്ല, കോർപ്പറേറ്റ് പ്രീണനത്തിന്റെ കാര്യത്തിലില്ല. വൻകിട കോർപറേറ്റുകളുടെ ആയിരക്കണക്കിനു കോടിയുടെ ബാധ്യത കോൺഗ്രസ് സർക്കാർ എഴുതിത്തള്ളി, ബിജെപി സർക്കാരും എഴുതിത്തള്ളി. പെട്രോളിയത്തിന്റെ വിലനിയന്ത്രണം സർക്കാരിന്റെ ഉത്തരവാദിത്തത്തിൽനിന്ന് കമ്പനികളുടെ കൈയിലേക്ക് കോൺഗ്രസ് കൈമാറി, ബിജെപി നിത്യേന വില വർധിപ്പിച്ചുകൊണ്ട് ഇതേ നയം തുടർന്നു. ആണവ കരാറിലൂടെയടക്കം കോൺഗ്രസ് സാമ്രാജ്യത്വത്തിന‌് വിടുപണി ചെയ്തു, സംയുക്ത സൈനികാഭ്യാസത്തിലൂടെയും മറ്റും ബിജെപി ഗവൺമെന്റും അതുതന്നെ ചെയ്തു. അപ്പോൾ പിന്നെ ഏത് അർഥത്തിലാണ് തങ്ങളാണ് ബദലെന്ന് കോൺഗ്രസ് പറയുന്നത്? തങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചുള്ളതല്ല എന്ന് പ്രവൃത്തിയിലൂടെ ആവർത്തിച്ച് വ്യക്തമാക്കിയത‌് കോൺഗ്രസ‌്. ഇതേ കാര്യം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു ബിജെപി. അപ്പോൾ പിന്നെ എവിടെയാണ് ബദൽനയം? അവരാണ് ഇപ്പോൾ തങ്ങളെ വീണ്ടും അധികാരത്തിൽ എത്തിക്കണം എന്ന് പറയുന്നത്. പാർലമെന്റിനെ നോക്കുകുത്തിയാക്കി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെട്ടുകൊണ്ട് ഇന്ത്യയുടെ പരമാധികാരം ഇല്ലാതാക്കുന്ന നയസമീപനങ്ങളാണ് രണ്ടുകൂട്ടരിൽനിന്നും ഉണ്ടായിട്ടുള്ളത്.
അതുകൊണ്ടുതന്നെ ദേശീയ മതേതര ബദൽ എന്ന ആശയത്തിന് ഇന്ന് വളരെയധികം പ്രസക്തിയുണ്ട്. അത് വിവിധ സംസ്ഥാനങ്ങളുടെയും സംസ്കാരങ്ങളുടെയും അങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ ബദൽ സംവിധാനമായി നിലകൊള്ളും. അത്തരത്തിൽ ഭൂരിഭാഗം ഇന്ത്യക്കാരുടെയും താൽപ്പര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്ഥിതി രൂപപ്പെടണമെങ്കിൽ ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷം ശക്തിപ്പെട്ടേ മതിയാകൂ.
കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾ അപഹരിക്കപ്പെടാതിരിക്കാൻ ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം മുൻകാലങ്ങളിലെന്നപോലെ ഇന്ത്യൻ പാർലമെന്റിൽ ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവർഷവും ഇവരുടെയൊക്കെ ആവശ്യങ്ങൾ മുൻനിർത്തി നിരന്തരം സമരങ്ങളിൽ ഏർപ്പെട്ടത് ഇടതുപക്ഷമാണ്.
കേരളത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം

കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ കഴിയുന്ന രാഷ്ട്രീയ സംവിധാനം കേന്ദ്രത്തിലുണ്ടാകേണ്ടതുണ്ട്. കോൺഗ്രസിതര–-ബിജെപിയിതര സർക്കാരുകൾ കേന്ദ്രത്തിൽ വന്ന ഘട്ടങ്ങളിലാണ് തീരദേശ റെയിൽവേമുതൽ കേരളത്തെ സംബന്ധിച്ചിടത്തോളം നിർണായക പ്രാധാന്യമുള്ള കാര്യങ്ങളൊക്കെ നേടാൻ കഴിഞ്ഞത് എന്നത് ഓർമിക്കണം. കേന്ദ്രത്തിൽനിന്നുള്ള നികുതി ഓഹരി ന്യായയുക്തമായി ലഭിക്കണം. ഇതര സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന സ്പെഷ്യൽ പാക്കേജ് അടക്കമുള്ള ആനുകൂല്യങ്ങൾ കേരളത്തിനും ലഭിക്കണം. കേരളത്തിന്റെ റബർ, വെളിച്ചെണ്ണ തുടങ്ങിയവ കമ്പോളം കിട്ടാതെ കെട്ടിക്കിടക്കുകയും ഇറക്കുമതി റബർ, പാമോയിൽ തുടങ്ങിയവ കമ്പോളത്തെ കീഴടക്കുകയും ചെയ്യുന്ന ഇറക്കുമതിനയം തിരുത്തപ്പെടണം. നാണ്യവിളകൾക്കും തോട്ടവിളകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും ന്യായവില കിട്ടണം. വിദേശനാണ്യ ശേഖരത്തിലേക്ക് വൻതോതിൽ സംഭാവനചെയ്യുന്ന പ്രവാസി മലയാളികൾക്ക് പുനരധിവാസത്തിൽ സംരക്ഷണം ലഭിക്കണം.
കേരളം വലിയ പുരോഗതി കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ അടുത്തഘട്ടമുന്നേറ്റം ഉറപ്പാക്കാൻ കഴിയുന്ന സഹായം ലഭിക്കണം. ഉണ്ടാക്കിയ നേട്ടത്തിന് ശിക്ഷിക്കപ്പെടുന്ന അവസ്ഥ അവസാനിക്കണം. ഊർജിത നെൽക്കൃഷി പോലെയുള്ള കേന്ദ്രപദ്ധതികളിൽ നെൽക്കൃഷിക്ക് പ്രാധാന്യമുള്ള കേരളത്തിന് പ്രാതിനിധ്യമുണ്ടാകണം. കോച്ച് ഫാക്ടറി മുതൽ എയിംസ് വരെയുള്ള വാഗ്ദാനങ്ങളും ആവശ്യങ്ങളും നിറവേറ്റപ്പെടണം.
ഇന്ത്യൻ മതേതരത്വത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന നിലപാടുകൾ എന്നുമെടുത്തിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ ശക്തികളെ വിജയിപ്പിക്കുന്നതിലൂടെ ഇന്ത്യയെത്തന്നെ വീണ്ടെടുക്കുകയാകും നാം. അടുത്ത അഞ്ചുവർഷത്തേക്ക് ഇന്ത്യൻ ജനാധിപത്യം ഏതു ദിശയിൽ നീങ്ങണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ആ ഉത്തരവാദിത്തം നാം ഇന്ത്യയുടെ ഭാവിക്ക് നല്ലത് എന്തായിരിക്കും എന്ന ചിന്തയോടെ നിറവേറ്റണം.

Read more: https://www.deshabhimani.com/articles/pinarayi-vijayan/795278

ഇന്ത്യൻ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണം - പിണറായി വിജയന്‍

സംഘപരിവാറിനും ബിജെപിക്കുമെതിരെ ഒരുമിച്ചു പ്രവർത്തിക്കണമെന്നതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സമീപനം. അത് വൈവിധ്യങ്ങളുടെ വിളഭൂമിയായ ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും യാഥാർഥ്യബോധത്തോടെ കാണുന്ന സമീപനമാണ്
Read more: https://www.deshabhimani.com/articles/pinarayi-vijayan/795278

Blog Archive