Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, December 1, 2019

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണംബി.എസ്.എന്‍.എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി.എസ്.എന്‍.എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക്കുന്നു. അതാണു് ആസ്തി വില്പനയും ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പദ്ധതികളും അടങ്ങുന്ന സര്‍ക്കാര്‍ പദ്ധതി വെളിപ്പെടുത്തുന്നതു്. തൊഴിലാളി സംഘടനകള്‍ സ്വയം വിരമിക്കല്‍ പോലെ ചില കാര്യങ്ങളില്‍ എതിര്‍പ്പു് പ്രകടിപ്പിക്കുമ്പോഴും ആസ്തി വില്പനയടക്കം മറ്റു് പരിപാടികള്‍ അംഗീകരിക്കുന്നതായി കാണുന്നു. അതുകൊണ്ടൊന്നും ബി.എസ്.എന്‍.എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കാനാവില്ല. ബി.എസ്.എന്‍.എല്‍ ന്റെ ഇന്നത്തെ പതനത്തിനു് കാരണം മാനേജ്മെന്റു് അനാസ്ഥയും പിടിപ്പു് കേടും ആണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല. പക്ഷെ, അക്കാര്യം മറച്ചു് വെച്ചു് തൊഴിലാളികളുടെ എണ്ണവും ശമ്പള ബില്ലും മറ്റുമാണു് നഷ്ടത്തിനു് കാരണമെന്ന വാദം നഷ്ടത്തിനുത്തരവാദികളായ സര്‍ക്കാരും മാനേജ്മെന്റും ഉന്നയിക്കുന്നുണ്ടു്. ഇക്കാര്യത്തില്‍ വാദകോലഹലങ്ങളല്ല പ്രായോഗിക നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനവുമാണു് ബി.എസ്.എന്‍.എല്‍ ന്റെ നിലനില്പിനു് ആവശ്യമായിട്ടുള്ളതു്. ബി.എസ്.എന്‍.എല്‍ രംഗത്തു് നിന്നു് നിഷ്ക്രമിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നതു് സ്വകാര്യ കുത്തകയാണു്. അതു് സര്‍ക്കാരിനും സമൂഹത്തിനും ഉപഭോക്താക്കള്‍ക്കും ഗുണകരമല്ല. അതിനാല്‍ സ്വകാര്യ കുത്തക തകര്‍ന്നാലും ബി.എസ്.എന്‍.എല്‍ നിലനില്കണം. അതിനാവശ്യമായ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറാകണം.

ചില മുന്‍കാല മാതൃകകളും ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന മാതൃകകളും ആധാരമാക്കി ഇതിനാവശ്യമായ ഒരു രൂപരേഖ അവതരിപ്പിക്കുകയാണിവിടെ ചെയ്യുന്നതു്. ഇവ വളരെ പരിമിതവും സൂക്ഷ്മരൂപത്തിലുമാണെങ്കിലും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചില ദിശാസൂചികയായി കാണാവുന്നതാണു്.

ബി.എസ്.എന്‍.എല്‍ അഖിലേന്ത്യാ വ്യാപകമായ വ്യവസായമാണു്. അതിനാല്‍ മാറ്റങ്ങള്‍ കേന്ദ്രത്തില്‍ നിന്നു് വരണമെന്ന ഒരു ധാരണ നിലനില്കുന്നുണ്ടു്. അതു് ഒരു പരിധി വരെ ശരിയാണു്. കേന്ദ്രത്തില്‍ തുടങ്ങിയാല്‍ വളരെ എളുപ്പത്തില്‍ പരക്കെ നടപ്പാക്കാം. പക്ഷെ, അത്തരം നീക്കങ്ങള്‍ക്കു് മാനേജ്മെന്റു് തയ്യാറാകാത്ത സാഹചര്യത്തില്‍ കീഴ്ത്തട്ടു് മാതൃകകള്‍ അഖിലേന്ത്യാ മാനേജ്മെന്റിനു് പോലും അവഗണിക്കാനാവാത്ത സ്ഥിതി സൃഷ്ടിക്കാന്‍ പോന്നവയാകും. അത്തരം ഇടപെടലുകള്‍ വികേന്ദ്രീകൃത ജനാധിപത്യ വ്യവസ്ഥയില്‍ അസ്ഥാനത്തല്ല. പ്രായോഗികമാണു് താനും. അതാണു് ഈ നിര്‍ദ്ദേശങ്ങളുടെ യുക്തി.

ബി.എസ്.എന്‍.എല്‍ ആദായകരമാക്കാനുള്ള നിര്‍ദ്ദേശങ്ങളില്‍ ചിലവ
  1. കഴിഞ്ഞ പത്തു് വര്‍ഷത്തിലേറെയായി ഉപഭോക്തൃ ശൃംഖല ചെമ്പു് കമ്പിയില്‍ നിന്നു് ഫൈബറിലേക്കു് മാറ്റാനുള്ള പദ്ധതി പരാജയപ്പെട്ടതു് ബി.എസ്.എന്‍.എല്‍ എടുത്തു് പോന്ന പുറം കരാര്‍ സമീപനം മൂലമാണെന്നതു് മാനേജ്മെന്റു് തന്നെ സമ്മതിക്കുന്ന കാര്യമാണു്. അതിനാലാണല്ലോ ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ ലില്‍ നിന്നു് പിരിഞ്ഞു് പോയവര്‍ക്കും ജീവനക്കാരുടെ ബന്ധുക്കള്‍‍ക്കും പുറം കരാര്‍ നല്‍കാമെന്ന ഉത്തരവും പദ്ധതിയുമായി മാനേജ്മെന്റു് വന്നിട്ടുള്ളതു്. ഇതു് ബി.എസ്.എന്‍.എല്‍ ജീവനക്കാരെ പൊതുജനങ്ങള്‍ക്കു് മുമ്പില്‍ അവഹേളനാ പാത്രങ്ങളാക്കുന്നതാണെങ്കില്‍ പോലും ആ സാധ്യത ഉപയോഗിച്ചു് എങ്ങിനെ ഈ പ്രശ്നം പരിഹരിക്കാമെന്നുള്ള പരിശോധനയാണു് ഒരു ബദല്‍ പരിപാടിയുടെ ഉള്ളടക്കം. ഇതിനൊരു മാതൃക തൃശൂരും (അന്നമനട) എറണാകുളം (വൈറ്റില) ജില്ലകളില്‍ ഇപ്പോള്‍ നടന്നു് വരുന്നു. ബി.എസ്.എന്‍.എല്‍ നിലനിന്നു് കാണാനാഗ്രഹിക്കുന്നവര്‍ ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരായി രജിസ്റ്റര്‍ ചെയ്തു് ബി.എസ്.എന്‍.എല്‍ ടെലികോം സേവന ദാതാക്കളായി കരാര്‍ വെച്ചു് ഫൈബര്‍ ടു ഹോം പദ്ധതി പ്രകാരമുള്ള കണക്ഷനുകള്‍ നല്‍കുകയാണു് ചെയ്യുന്നതു്. ബി.എസ്.എന്‍.എല്‍ ലെ ഓഫീസര്‍മാരുടെ സംഘടനയുടെ (എസ് എന്‍ ഇ എ) സംസ്ഥാന ഘടകത്തിന്റെ തീരുമാനപ്രകാരം എറണാകുളത്തു് അത്തരം ഒരു യൂണിറ്റു് വൈറ്റിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ബി.എസ്.എന്‍.എല്‍ നല്‍കുന്ന കണക്ഷനുകള്‍ വെറും ഡാറ്റയും ഫോണും മാത്രമാണു്. ഈ പുതിയ പരീക്ഷണത്തില്‍ അവയ്ക്കൊപ്പം ഐപി ടിവിയും വേവ് ഫോണും (വൈഫൈ പരിധിയില്‍ മൊബൈല്‍‌ ഫോണ്‍ ഉപയോഗിക്കാനുള്ള സൌകര്യം) നല്‍കപ്പെടുന്നു. ഇതു് ബി.എസ്.എന്‍.എല്‍ പ്ലാനുകളെ കൂടുതല്‍ ആകര്‍ഷകമാക്കും. സമാനമായി ജിയോ നല്‍കുന്ന സേവനങ്ങളേക്കാള്‍ ആകര്‍ഷകവും ഉപഭോക്താക്കള്‍ക്കു് ആദായകരവുമാണിതു്. അതേ സമയം ബി.എസ്.എന്‍.എല്‍ ന്റെ കണക്ടിവിറ്റിയും വരുമാനവും ഉയര്‍ത്തുകയും ചെയ്യും. സമാന പ്രവര്‍ത്തനങ്ങള്‍ വിവിധ ജില്ലകളില്‍ ആരംഭിച്ചു് വരുന്നു. ഇവയെല്ലാം ക്രോഡീകരിച്ചു് ഒരു സഹകരണ പ്രസ്ഥാനമായി ബി.എസ്.എന്‍.എല്‍ ന്റെ നിലനില്പിനുള്ള മൂര്‍ത്തമായ ബദലായി രൂപപ്പെടുത്താവുന്നതാണു്.
  2. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡാറ്റാ സെന്ററുകള്‍ക്കായി കോടാനുകോടി തുക ചെലവാക്കി വരുന്നു. അവയ്ക്കു് ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചു് നടത്താനുള്ള സാങ്കേതിക മികവോ പരചയമോ ഇല്ല. ആവശ്യമായതിലും പതിന്മടങ്ങു് തുകയാണു് ഇത്തരത്തില്‍ സ്വദേശി-വിദേശി കുത്തകകള്‍ ഇതിലൂടെ രാജ്യത്തു് നിന്നു് ചോര്‍ത്തുന്നതു്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാവശ്യമായ ഡാറ്റാ സെന്ററുകളായി ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണു്. കുറഞ്ഞ ചെലവിലും വര്‍ദ്ധിച്ച കാര്യക്ഷമതയിലും. എക്സ്ചേഞ്ചുകളിലുള്ള ഇടതടവില്ലാത്ത വൈദ്യുതി ലഭ്യതയും അവ നല്‍കുന്ന കണക്ടിവിറ്റിയുമാണു് ഡാറ്റാ സെന്ററുകളുടെ (മെമ്മറി ഫാമും സെര്‍വ്വര്‍ഫാമും) അവശ്യ പശ്ചാത്തല സൌകര്യങ്ങള്‍. വിവരം കുടികൊള്ളുന്നതും കൂടുതല്‍ ഉപയോഗിക്കുന്നതും പ്രാദേശികമായാണു്. അവയെ അവിടെത്തന്നെ കൈകാര്യം ചെയ്യുകയും അവയുടെ വിതരിത ശൃംഖല (Distributed Architecture) സ്ഥാപിക്കുകയും ചെയ്താല്‍ പ്രാദേശിക ഭരണ കൂടവും ബിസിനസും മുതല്‍ കേന്ദ്ര ഭരണവും കേന്ദ്രീകൃത ഉല്പാദനവും വിനിമയവും വരെയുള്ള എല്ലാ തലങ്ങള്‍ക്കും കുറഞ്ഞ ചെലവിലും വര്‍ദ്ധിച്ച കാര്യക്ഷമതയിലും വിവര വിനിമയാവശ്യങ്ങളും ഓണ്‍ലൈന്‍ മാനേജ്മെന്റും സാധ്യമാകും. വിഭവം പാഴാകുന്നതു് ഒഴിവാക്കാം. വിവരം ചോരുന്നതു് ഒഴിവാക്കാം. രാഷ്ട്രസുരക്ഷയും വിവര സുരക്ഷയും ഉറപ്പാക്കാം. സര്‍ക്കാര്‍ വിവരങ്ങള്‍ ചോരാതെ നോക്കാം. ജനങ്ങളുടെ സ്വകാര്യത കച്ചവടച്ചരക്കാക്കാതെ നോക്കാം.
  3. ഇതിന്റെ വികസിത രൂപവും സമാനവുമായ മറ്റൊന്നാണു് നിലവില്‍ ക്ലൌഡ് സേവനങ്ങള്‍ക്കായി വിദേശ കോര്‍പ്പറേറ്റുകളെ ആശ്യയിക്കുന്നതിനു് ബദലായി ക്ലൌഡ് സേവനങ്ങള്‍ ബി.എസ്.എന്‍.എല്‍ തന്നെ നല്‍കുക എന്നതു്. ഇതും ബഹുകോടി തുകയുടെ കമ്പോളമാണു് ബി.എസ്.എന്‍.എല്‍ നു് തുറന്നു് തരുന്നതു്. ആഗോള കുത്തകകളുടെ മേച്ചില്‍ പുറമാണു്.
  4. മറ്റൊന്നു് ബി.എസ്.എന്‍.എല്‍ ന്റെ ആഭ്യന്തര ഓപ്പറേഷന്‍സും മാനേജുമെന്റും നടത്താനായി തനതു് വ്യവസ്ഥ ഉണ്ടാക്കുക എന്നതാണു്. നിലവില്‍ ഇസ്രയേലില്‍ സ്ഥാപിതമായ ബഹുരാഷ്ട്ര കമ്പനിയുടെ 'സാപ്' (SAP) എന്ന വ്യവസ്ഥയാണു് ബി.എസ്.എന്‍.എല്‍ അടക്കം ഉപയോഗിക്കുന്നതു്. ആറായിരം കോടി രൂപ ഒറ്റത്തവണയും വാര്‍ഷിക ചെലവു് ആയിരം കോടിയോളവും ചെലവാകുന്ന അതു് തികച്ചും വെള്ളാനയാണു്. അതിന്റെ സൌകര്യങ്ങളുടെ നാലിലൊന്നു് പോലും ഉപയോഗിക്കുന്നില്ല. കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്നുമില്ല. നിലവില്‍ വാര്‍ഷിക മെയിന്റനന്‍സ് തുകയുടെ പകുതി കൊണ്ടു് രണ്ടു് വര്‍ഷത്തിനുള്ളില്‍ ബി.എസ്.എന്‍.എല്‍ നു് സ്വന്തമായി 'സാപ്പി'നേക്കാളും മെച്ചപ്പെട്ട വ്യവസ്ഥ സ്ഥാപിച്ചെടുക്കാവുന്നതാണു്. മാത്രമല്ല, അത്തരത്തില്‍ സ്ഥാപിക്കപ്പെടുന്ന സ്വന്തം ശൃംഖലയോടു് മറ്റു് ഒറ്റപ്പെട്ട ഓപ്പറേഷന്‍സ് ശൃംഖലകള്‍ ഉല്‍ഗ്രഥിപ്പിച്ചു് സമഗ്ര സേവന വ്യവസ്ഥ സ്ഥാപിക്കാവുന്നതുമാണു്. ഇതിന്റെ മാതൃക 2007-2009 കാലത്തു് എറണാകുളം എസ് എസ് ഏയില്‍ 'ആസ്തി മാനേജ്മെന്റെ'ന്ന (Asset Management) പേരില്‍ പ്രയോഗത്തിലിരുന്നതാണു്. അത്തരം വ്യവസ്ഥ നിലവില്‍ വന്നാല്‍, രാജ്യത്തുള്ള മറ്റു് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും സമാനമായ സമഗ്ര സേവന വ്യവസ്ഥ സ്ഥാപിച്ചു് നല്‍കാന്‍ ബി.എസ്.എന്‍.എല്‍ നു് കഴിയും. അതിലൂടെ ബി.എസ്.എന്‍.എല്‍ ന്റെ വരുമാനം ഉയര്‍ത്തുകയും ചെയ്യാം.
  5. മേല്പറഞ്ഞവയോരോന്നും ബി.എസ്.എന്‍.എല്‍ ന്റെ കണക്ടിവിറ്റിയുടെ മാര്‍ക്കറ്റിങ്ങു് നടത്തുന്നതിന്റേയും വരുമാന വര്‍ദ്ധനവിന്റേയും പ്രവര്‍ത്തനങ്ങളായി കൂടി കാണാവുന്നതാണു്.
  6. മേല്പറഞ്ഞവയടക്കം സമാനമായ ഒട്ടേറെ സാധ്യതകള്‍ സാങ്കേതിക വിദ്യ ഒരുക്കി തരുന്നുണ്ടു്. അവ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.എസ്.എന്‍.എല്‍ മാനേജ്മെന്റും തയ്യാറായിരുന്നെങ്കില്‍ ഇന്നത്തെ പതനം ഒഴിവാക്കാമായിരുന്നു. അതിനു് കോര്‍പ്പറേറ്റു് പ്രീണനം മുഖമുദ്രയായ സര്‍ക്കാരുകള്‍ തയ്യാറാകാതിരുന്നതാണു് ബി.എസ്.എന്‍.എല്‍ ന്റെ പ്രതിസന്ധിക്കു് കാരണം. പരിഹാരം തൊഴിലാളികള്‍ അവരുടെ സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട അവകാശ പത്രികയുടെ ഭാഗമായി മേല്പറഞ്ഞവയടക്കം മാനേജ്മെന്റു് വിഷയങ്ങളും ഉന്നയിക്കുകയും അവ നടപ്പാക്കാന്‍ സര്‍ക്കാരിലും മാനേജ്മെന്റിലും ജനകീയ സമ്മര്‍ദ്ദം സൃഷ്ടിക്കുകയുമാണു്.
  7. സര്‍ക്കാര്‍ അതിനു് തയ്യാറാകുന്നില്ലെങ്കില്‍ ബി.എസ്.എന്‍.എല്‍ മാനേജ്മെന്റു് തൊഴിലാളികളുടെ കൂട്ടായ്മകള്‍ ഏറ്റെടുക്കുക എന്ന മുദ്രാവാക്യം മുന്നോട്ടു് വെയ്ക്കുകയും അതു് പ്രാവര്‍ത്തികമാക്കുകയും വേണം. അതാകട്ടെ, കാലഘട്ടം ആവശ്യപ്പെടുന്ന ജനാധിപത്യ വികാസത്തിന്റെ ഉപാധിയും സാമൂഹ്യ ക്ഷേമത്തിന്റെ മാര്‍ഗ്ഗവും കൂടിയാണു്.
  8. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും പശ്ചാത്തല സൌകര്യങ്ങളെല്ലാം ബി.എസ്.എന്‍.എല്‍ ധാരാളമുണ്ടു്. ഒന്നാമതു് പറഞ്ഞ ഫൈബര്‍ കണക്ടിവിറ്റി എറണാകുളത്തു് ആവശ്യമായത്ര നല്‍കാനുള്ള ഫൈബര്‍ കേബിളുകള്‍ ലഭ്യമാണു്. അവ ഇനിയുണ്ടാക്കേണ്ടതില്ല. സമാന്തരമായി ജിയോ വലിച്ചിരിക്കുന്ന കേബിളുകളേക്കാള്‍ കുറ്റമറ്റതായി അവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. ഇവ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കു് കൈമാറാതെ തൊഴിലാളി കൂട്ടായ്മകള്‍ ഏറ്റെടുത്തു് നടത്തിയാല്‍ മാത്രം മതി. ബി.എസ്.എന്‍.എല്‍ ലാഭകരമാക്കാം. ജനങ്ങള്‍ക്കു് കുറഞ്ഞ ചെലവില്‍ സേവനം നല്‍കാം. കുത്തകകളുടെ കൊള്ളയില്‍ നിന്നു് സമൂഹത്തെ രക്ഷിക്കാം.

ബന്ധപ്പെട്ടവര്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നു് പ്രതീക്ഷിക്കുന്നു. വിശദമായ ചര്‍ച്ചയ്ക്കും പഠനത്തിനും പ്രായോഗിക ഇടപെടലിനും ആവശ്യമായ വൈദഗ്ദ്ധ്യവും വിവരവും നല്‍കാന്‍ ഈ രംഗത്തു് പ്രവര്‍ത്തിക്കുന്ന അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും സമൂഹെന്ന സഹകരണ സ്ഥാപനവും അടക്കം സാമൂഹ്യ സംരംഭകരുടെ കൂട്ടായ്മകള്‍ തയ്യാറാണു്.


ജോസഫ് തോമസ്,
മുന്‍ സര്‍ക്കിള്‍ സെക്രട്ടറി, ടെലിഗ്രാഫ് ക്ലാസ് ത്രീ യൂണിയന്‍, (എന്‍എഫ്‌പിടിഇ), കേരള
9447738369, thomasatps@gmail.com

No comments:

Blog Archive