Monday, January 17, 2011
വിവര വിനിമയ സാങ്കേതിക വിദ്യ
സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗം അതി വേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണു്. ആധുനിക സമൂഹത്തില്‍ വിവരത്തിന്റെ ഉപയോഗം സാര്‍വത്രികമാണ്. വിവരം ഉപയോഗിക്കുന്നിടങ്ങളിലെല്ലാം വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകളുമുണ്ട്. വിവര സാങ്കേതികവിദ്യയുടെ വികാസവും അതിന്റെ വര്‍ദ്ധിച്ചു് വരുന്ന പ്രയോഗവും മൂലം വ്യക്തികള്‍ തമ്മിലുള്ള ആശയ വിനിമയവും ഉല്ലാസ-വാര്‍ത്താ മാധ്യമങ്ങളും സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളും പുതിയൊരു രീതിയില്‍ പുനസംഘടിപ്പിക്കപ്പെടുകയാണു്. എല്ലാ പ്രക്രിയകളുടേയും പുനരാവിഷ്കരണം നടക്കുകയാണു്. പ്രക്രിയകളുടെ ക്ഷമത വര്‍ദ്ധിക്കുകയാണു്. അവയുടെ വ്യാപ്തിയില്‍, കഴിവില്‍, കാര്യക്ഷമതയില്‍, ഫലപ്രാപ്തിയില്‍ അവ വികസിക്കുകയാണു്.
ഭാഷകള്‍ മാറ്റത്തിനു് വിധേയമാകുന്നു. അച്ചടി വിദ്യ പാടെ മാറ്റത്തിനു് വിധേയമായിരിക്കുന്നു. സാഹിത്യ സൃഷ്ടികളുടെ സ്വഭാവം മാറുന്നു. പുതിയവ രംഗത്തു് വരുന്നു. വായനാ രീതി മാറുന്നു. ശീലം മാറുന്നു. വിവിധ കലാരൂപങ്ങള്‍ മാറ്റത്തിനു് വിധേയമാകുന്നു. പുതിയ കലാരൂപങ്ങള്‍ രംഗത്തു് വരുന്നു. കാലാസ്വാദന രീതിയും ശീലവും മാറ്റത്തിനു് വിധേയമാകുന്നു. സാംസ്കാരിക രംഗം മാറ്റത്തിനു് വിധേയമാകുന്നു. സംസ്കാരം തന്നെ മാറുന്നു.
ഇതര സാങ്കേതിക വിദ്യകളിലും വിവര സാങ്കേതിക വിദ്യയുടെ പങ്കു വര്‍ദ്ധിച്ചു വരുന്നു. യന്ത്രങ്ങള്‍ പരിഷ്കരിക്കപ്പെടുന്നു. അവയുടെ നിയന്ത്രണ സംവിധാനങ്ങള്‍ സ്വയംചലനാത്മകമാകുന്നു. ഉല്പാദന പ്രവര്‍ത്തനങ്ങള്‍ വന്‍കിട ഫാക്ടറികളില്‍ നിന്നു് വികേന്ദ്രീകൃതമാകുന്നു. വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നു. അവയുടെ ആസൂത്രണവും സംയോജനവും ഉല്‍ഗ്രഥനവും നിയന്ത്രണവും വിവര സാങ്കേതിക ശൃംഖലയിലൂടെ എളുപ്പത്തില്‍ നടത്താന്‍ കഴിയുന്നു. ഉല്പന്നങ്ങളുടെ വിപണനം വിവര ശൃംഖലയിലൂടെ നടക്കുന്നു. ക്രയവിക്രയവും വര്‍ദ്ധിച്ച തോതില്‍ വിവര ശൃംഖലയിലൂടെ സാധ്യമാകുന്നു. അവയുടെ വിനിമയമാകട്ടെ കൂടുതല്‍ വേഗവും കാര്യക്ഷമതയും കൈവരിക്കുന്നു.
സേവനങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ വിവരാധിഷ്ഠിതമാകുന്നു. അവ വിവര സാങ്കേതിക ശൃംഖലയില്‍ എവിടെയും ആര്‍ക്കും എത്തിക്കാമെന്നും ലഭ്യമാകുമെന്നും വന്നിരിക്കുന്നു. വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും പുതിയ രീതിയില്‍ പുനസംഘടിപ്പിക്കപ്പെടുന്നു. ആസൂത്രണം എളുപ്പവും സമഗ്രവുമാക്കാന്‍ വിവര സാങ്കേതിക വിദ്യയ്ക്കു് കഴിയും. സര്‍ക്കാര്‍ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും നടത്തിപ്പും തിരിച്ചറിയപ്പെടാത്ത വിധം മാറ്റത്തിനു് വിധേയമാകുന്നു. സര്‍ക്കാരിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും വകുപ്പുകളുടെ ഏകീകരണ-ഉല്‍ഗ്രഥന സാധ്യതകള്‍ അവയുടെ ഘടനയെത്തന്നെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. വ്യക്തി നിഷ്ഠവും സാമൂഹ്യവുമായ എല്ലാ ബന്ധങ്ങള്‍ക്കും കൂട്ടായ്മക്കും പ്രവര്‍ത്തനങ്ങള്‍ക്കും യഥാര്‍ത്ഥ ജീവിതമേഖലയ്ക്കു് അനുബന്ധമായും അതേസമയം സമാന്തരമായും പുതിയൊരു മാധ്യമം, പുതിയൊരിടം, പുതിയൊരു വ്യവഹാര രംഗം തന്നെ - സൈബര്‍ സ്പേസ് - വിവര വിനിമയ ശൃംഖലയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കാനായി വിവിധ ജനസമൂഹങ്ങളുടെ സമത്വാധിഷ്ഠിത കൂട്ടായ്മക്ക് രൂപം നല്‍കാനുള്ള സാധ്യതയും ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ സംഘടനകള്‍ ഈ മാറ്റം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഈ സാങ്കേതിക വിദ്യ സ്വാംശീകരിക്കേണ്ടിയരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ സാങ്കേതിക വിദ്യയുടെ സാമൂഹ്യ സ്വാംശീകരണം സാധ്യമാണു്. അതുപയോഗിച്ചു് സ്വന്തം ശൃഖലാ വിഭവങ്ങളും ശൃംഖലയും സ്ഥാപിച്ചു് സംരക്ഷിച്ചു് ഉപയോഗിക്കാം. അവയുടെ പ്രയോഗത്തിലൂടെ രാഷ്ട്രീയം, സാമ്പത്തികം, ധനകാര്യം, സ്വത്തുടമസ്ഥത, ട്രേഡ് യൂണിയന്‍, ബഹുജന സംഘടനകള്‍ എല്ലാറ്റിലും മാറ്റം അനിവാര്യമായിരിക്കുന്നു. പുതിയ സംഘാടന രീതികള്‍, കര്‍മ്മ പരിപാടികളുടെ പുനര്‍നിര്‍ണ്ണയം, ചടുലവും ആവശ്യാധിഷ്ഠിതവുമായ പ്രവര്‍ത്തന രീതികള്‍, അവയ്ക്കനുയോജ്യമായ ആഭ്യന്തര വിവര വിനിമയരീതികള്‍, പൊതു സമൂഹവുമായുള്ള ആശയ വിനിമയ രീതികള്‍ എന്നിങ്ങനെ പല മാറ്റങ്ങളും ആവശ്യമായിരിക്കുന്നു.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
January
(10)
- വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം
- കേരളത്തിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐട...
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകള്‍
- ഐടി@സ്കൂള്‍ പദ്ധതി.
- സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം ഇന്ത്യയില്‍
- വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമ ചരിത്രം
- വിവര വിനിമയ ശൃംഖല തൊഴിലാളി വര്‍ഗ്ഗത്തിനു് സമരായുധം
- നേട്ടങ്ങള്‍ കൊയ്യുന്നതു് മുതലാളിത്തം.
- വിവര വിനിമയ സാങ്കേതിക വിദ്യ
-
▼
January
(10)
No comments:
Post a Comment