1999 ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച യു. ആര്‍ റാവു അദ്ധ്യക്ഷനായുള്ള ദൌത്യ സംഘത്തിന്റെ റിപ്പോര്‍ടാണു് ഈ ഹൈസ്കൂളുകളില്‍ ഐടി പഠനം ഏര്‍പ്പെടുത്തുക എന്ന നിര്‍ദ്ദേശം മുന്നോട്ടു് വെച്ചതു്. 2000 നവമ്പര്‍ 22 നു് നല്‍കിയ റിപ്പോര്‍ടിലെ (IT in Education - Vision 2010) ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ 2001 സെപ്റ്റമ്പറില്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഐടി പഠനം ഉള്‍പ്പെടുത്തിക്കൊണ്ടു് സര്‍ക്കാര്‍ ഉത്തരവായി. ഹൈസ്കൂള്‍ അദ്ധ്യപകര്‍ക്കു് തന്നെ ഐടി പരിശീലനം നല്‍കിക്കൊണ്ടു് പദ്ധതി നടപ്പാക്കുകയായിരുന്നു. 2001 ല്‍ തന്നെ 108 അദ്ധ്യാപകര്‍ക്കു് മാസ്റ്റര്‍ പരിശീലകരായി പരിശീലനം നല്‍കപ്പെട്ടു. അവര്‍ മറ്റുള്ളവര്‍ക്കു് പരിശീലനം നല്‍കി. 2002 ജനുവരി 11 നു് മുഖ്യമന്ത്രി ശ്രീ. എ. കെ. ആന്റണി ഐടി@സ്കൂള്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. 2002-2003 വര്‍ഷം മുതല്‍ കേരളത്തിലെ ഹൈസ്കൂളുകളില്‍ 8-ആം ക്ലാസില്‍ ഐടി പഠനം ആരംഭിച്ചു. തുടര്‍ന്ന വര്‍ഷങ്ങളില്‍ 9, 10 ക്ലാസുകളിലേയ്ക്കു് അതു് വ്യാപിപ്പിക്കുകയായിരുന്നു പരിപാടി. പ്രൊപ്രൈറ്റി പ്ലാറ്റു്ഫോമിലാണു് ആദ്യം ഐറ്റി@സ്കൂള്‍ പ്രോജക്ടു് ആരംഭിച്ചതു്. 250 സര്‍ക്കാര്‍ സ്കൂളുകള്‍ക്കു് ഒരു ലക്ഷം രൂപ വീതം പശ്ചാത്തല സൌകര്യം ഒരുക്കുന്നതിനായി നല്‍കപ്പെട്ടു. ഹൈസ്കൂളുകളില്‍ 50,000 കമ്പ്യൂട്ടറുകള്‍ നല്‍കിക്കൊണ്ടു് ഐടി പഠനം നിര്‍ബ്ബന്ധമാക്കപ്പെട്ടു. ഇതോടെ കേരളത്തിലെ നാട്ടിന്‍ പുറങ്ങളിലടക്കം വിവര സാങ്കേതിക വിദ്യയുടെ സൌകര്യങ്ങള്‍ ലഭ്യമായി. 2003 ല്‍ എസ്. എസ്. എല്‍. സി പരീക്ഷാഫലം ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടതു് ചരിത്ര സംഭവമായിരുന്നു. 2004 ല്‍ എല്ലാ സ്കൂളുകളിലും ഐടി കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചുകൊണ്ടു് ഉത്തരവായി. എല്ലാ ജില്ലകളിലും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുമായി.
2004 ല്‍ അദ്ധ്യാപക സംഘടനയായ KSTA യുടെ ശക്തമായ സംഘടിത ഇടപെടല്‍ മൂലം ഐടി@സ്കൂള്‍ പ്രോജക്ടു് സ്വതന്ത്ര സോഫ്റ്റു്വെയറിലേയ്ക്കു് മാറിയതു് ലോകം അത്ഭുതാദരങ്ങളോടെയാണു് നോക്കിക്കാണുന്നതു്. കേരളത്തിലെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗത്തിന്റേയും വ്യാപനത്തിന്റേയും ഏറ്റവും വലിയ പദ്ധതിയായി അതു് തുടരുന്നു. ലോകത്താകെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന വിദ്യാഭ്യാസ പദ്ധതികളില്‍ ഏറ്റവും വലുതുമാണതു്.
പഠനവും പരിശീലനവും നടത്തുന്നതിനപ്പുറം സ്വന്തമായി സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനും പ്രോജക്ടു് ശ്രദ്ധിച്ചു. 2004 ഡിസംബറില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താം ക്ലാസിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയിലെ ഐടി പ്രാക്ടിക്കല്‍ നടത്തിയതു് സോഫ്റ്റ് എക്സാം 3.0എന്ന സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു്. 2005 ല്‍ എസ്. എസ്. എല്‍. സി യുടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയതും സോഫ്റ്റു്വെയര്‍ ഉപയോഗിച്ചാണു്. ഐടി@സ്കൂള്‍ പ്രോജക്ടിന്റെ ഭാഗമായി ഫ്രീസോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റേയും കേരള സംസ്ഥാന ഐടി മിഷന്റേയും സഹായ സഹകരണങ്ങളോടെ കേരളത്തിലാദ്യമായി ഗ്നൂ/ലിനക്സിന്റെ വിതരണം ആരംഭിക്കപ്പെട്ടു. 2008 മുതല്‍ എസ്. എസ്. എല്‍. സി. പരീക്ഷാഫലപ്രഖ്യാപനം പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു് നടക്കുന്നതു്. പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിച്ചാണു് ചെയ്യുന്നതു്. ഉച്ചഭക്ഷണ പരിപാടി, അദ്ധ്യാപകരുടെ സ്ഥലംമാറ്റം (ഒട്ടേറെ പരാതികള്‍ക്കും അരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്ന വാര്‍ഷിക സ്ഥലം മാറ്റം സുതാര്യമായും പരാതിരഹിതമായും നടപ്പാക്കപ്പെടുന്നു. ഇതു് മറ്റു് വകുപ്പുകള്‍ക്കും മാതൃകയാക്കാവുന്നതാണു്), സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതി, പാഠപുസ്തക വിതരണം, സ്കോളര്‍ഷിപ്പിനു് അര്‍ഹരായവരെ തെരഞ്ഞെടുക്കല്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടന്നു് വരുന്നു.
തുടര്‍ന്നു് അപ്പര്‍ പ്രൈമറി ക്ലാസികളിലും ഐടി പഠനം ഏര്‍പ്പെടുത്തപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേയ്ക്കു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിച്ചുള്ള ഐടി പഠനം ആരംഭിക്കാനുള്ള തീരുമാനവും ആയിക്കഴിഞ്ഞിരിക്കുന്നു. എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിതമായിരിക്കുന്നു.
അടുത്തഘട്ടമെന്ന നിലയില്‍ 2010-2011 വര്‍ഷം മുതല്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ കണക്കു്, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പാക്കേജുകളുപയോഗിച്ചു് പഠിപ്പിക്കാനുള്ള പരിപാടിയും ആരംഭിച്ചു് കഴിഞ്ഞു.
അദ്ധ്യാപകരില്‍ നിന്നു് സ്വയം തയ്യാറായി വന്നവര്‍ക്കു് പരിശീലനം നല്‍കിക്കൊണ്ടു് അവരെ മാസ്റ്റര്‍ ട്രെയിനിമാരായി നിയമിക്കുകയും അവര്‍ ജില്ലാ തല പരിശീലകരെ പരിശീലിപ്പിക്കുകയും തുടര്‍ന്നു് അവര്‍ സ്കൂള്‍ തല പരിശീലകരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന രീതിയാണു് അനുവര്‍ത്തിച്ചതു്. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ തന്നെ നയിക്കുന്ന ഈ പരിശീലകരുടെ നിരയാണു് കേരളത്തിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതിയുടെ നട്ടെല്ലു്. 200 മാസ്റ്റര്‍ ട്രെയിനര്‍മാരും 5600 ഐടി കോ-ഓര്‍ഡിനേറ്റര്‍മാരുമാണുള്ളതു്. അവരിന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ വൈദഗ്ദ്ധ്യം നേടിയ ഏറ്റവും വലിയ കൂട്ടായ്മയായി മാറിയിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരണത്തിനും വ്യാപന പരിപാടികള്‍ക്കുമുള്ള സന്നദ്ധ സേവനമടക്കം കേരള സമൂഹത്തിനു് ഒട്ടേറെ സേവനങ്ങളാണു് അവര്‍ നല്‍കിക്കൊണ്ടിരിക്കുന്നതു്. മറ്റു് വകുപ്പുകള്‍ക്കു് വിവര ശേഖരം സൃഷ്ടിക്കുന്നതില്‍ സാങ്കേതികോപദേശവും പരിശീലനവും നല്‍കുന്നു. ഇ-ഭരണ പദ്ധതികള്‍ക്കു് സഹായം നല്‍കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന-വേതന സംവിധാനമായ "സ്പാര്‍ക്കു്" പാക്കേജില്‍ അവര്‍ക്കു് പരിശീലനം നല്‍കിയതു് ഐടി@സ്കൂള്‍ പരിശീലകരാണു്. ഇ-ഭരണവുമായി ബന്ധപ്പെട്ട ഒട്ടേറെ സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ ഇവര്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ടു്. മനുഷ്യവിഭവ ശേഷി വികസിപ്പിക്കുന്നതില്‍ ഐടി@സ്കൂളിന്റെ ഈ മാതൃക ഏതു് വകുപ്പിനും സ്ഥാപനത്തിനും അനുകരണീയമാണു്. ആവശ്യമായിടങ്ങളില്‍ സോഫ്റ്റ്‌വെയര്‍ പരിഹാരം ഐടി സേവനദാതാക്കളില്‍ നിന്നു് വാങ്ങേണ്ടി വരാം. അക്കാര്യത്തിലും അതതു് വകുപ്പികളില്‍ പരിശീലനം നേടിയ സ്വന്തം ജീവനക്കാരും സേവനദാതാക്കളും ചേര്‍ന്നുള്ള സംയുക്ത സംഘം സോഫ്റ്റ്‌വെയര്‍ പരിഹാരം വികസിപ്പിക്കുക എന്ന രീതി കൂടി അനുവര്‍ത്തിച്ചാല്‍ മതിയാകും.
വിക്ടേഴ്സ് എന്ന പേരില്‍ സ്വന്തമായൊരു ടിവി ചാനല്‍ ഈ പദ്ധതിയുടെ ഭാഗമായി നിലവിലുണ്ടു്. അതിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേഷണം ചെയ്തു വരുന്നു. ഇന്റര്‍നെറ്റ് സൌകര്യം സ്കൂളുകളിലെത്തിക്കുന്നതിനും ഈ പദ്ധതിക്കായി. സ്കൂള്‍ വിക്കി സംരംഭത്തിലൂടെ കേരളത്തിലെ എല്ലാ സ്കൂളുകളുടേയും ചരിത്രവും പൊതു വിവരങ്ങളും ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ ലഭ്യമാക്കി വരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മാത്രമായി ഐടി മേള സംഘടിപ്പിച്ചു് വരുന്നു. ദേശീയ ഇ-ഭരണ പുരസ്കാരമടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ പദ്ധതി നേടിയിട്ടുണ്ടു്. ശ്രീ. അന്‍വര്‍ സാദത്തു് അതിന്റെ ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു.
Monday, January 17, 2011
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
January
(10)
- വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം
- കേരളത്തിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐട...
- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകള്‍
- ഐടി@സ്കൂള്‍ പദ്ധതി.
- സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം ഇന്ത്യയില്‍
- വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമ ചരിത്രം
- വിവര വിനിമയ ശൃംഖല തൊഴിലാളി വര്‍ഗ്ഗത്തിനു് സമരായുധം
- നേട്ടങ്ങള്‍ കൊയ്യുന്നതു് മുതലാളിത്തം.
- വിവര വിനിമയ സാങ്കേതിക വിദ്യ
-
▼
January
(10)
No comments:
Post a Comment