Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Saturday, June 19, 2010

വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും - സ്വയം ശാക്തീകരണത്തിനും പ്രാദേശിക-ദേശീയ ശാക്തീകരണത്തിനും


വിവര സാങ്കേതിക രംഗത്തു് നടക്കുന്ന കുതിച്ചു് ചാട്ടം, അഭൂതപൂര്‍വ്വമാണു്. വിവര വിസ്ഫോടനം നടക്കുന്നു. വിവര വിടവു് വര്‍ദ്ധിപ്പിക്കുന്നു. സമ്പത്തുല്‍പ്പാദന-വിതരണ-വിപണന മേഖലകളുടെ പുനസംഘടനയ്ക്കു് വഴിയൊരുക്കുന്നു. എല്ലാ മേഖലകളേയും അതു് ഇളക്കി മറിക്കുന്നു. ഒരു മേഖലയേയും വെറുതേ വിടുന്നില്ല. തുടങ്ങിയ പ്രതികരണങ്ങള്‍ അത്ഭുതാദരങ്ങളോടെയും ഭയാശങ്കകളോടെയും പല കോണുകളില്‍ നിന്നും നാം കേള്‍ക്കുന്നു. കൃഷിമുതല്‍ പൊതു ഭരണം വരേയും കലയും സാഹിത്യവും മുതല്‍ വിവിധ ശാസ്ത്ര-സാങ്കേതിക മേഖലകള്‍ വരേയുമുള്ള സര്‍വ്വ മേഖലകളിലും വിവരം കൈകാര്യം ചെയ്യുന്നുണ്ടു്. അവിടെയെല്ലാം വിവര സാങ്കേതിക വിദ്യയ്ക്കു് പ്രയോഗ സാധ്യതകളുണ്ടു്. അവയേയെല്ലാം അത് സ്വാധീനിക്കുന്നു. ആ മേഖലകളിലെ പ്രക്രിയകളെല്ലാം പുതിയ രീതിയില്‍ നടത്താമെന്നു് വരുന്നു. വിവര സാങ്കേതിക വികാസം നിലവിലുള്ള സമൂഹ ഘടനയിന്മേല്‍ നശീകരണാത്മകവും നവീകരണാത്മകവുമായ ഫലങ്ങള്‍ ഉളവാക്കുന്നുണ്ടു്.



വിവര വിനിമയം സമൂഹത്തോടൊപ്പം

വ്യക്തികള്‍ തമ്മിലുള്ള വിവര വിനിമയം സമൂഹത്തോടൊപ്പം പിറന്നു. അതിനൊപ്പം വളര്‍ന്നു് വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അടുത്തു് നിന്നവരുമായിപ്പോലും ഫലപ്രദമായി വിവര വിനിമയം ചെയ്യാന്‍ കഴിയാതിരുന്ന ആദ്യ കാലത്തു് നിന്നു് ലോകത്തെവിടെയുമുള്ള ആരുമായും എത്ര വിവരവും സമയ-ദൂര പരിധികളില്ലാതെ കൈമാറാന്‍ കഴിയുമാറായിരിക്കുന്നു. ഈ മഹാ പ്രയാണം ശബ്ദം, ചിത്രം, ലിപി എന്നീ മൂന്നു് പ്രധാന കൈവഴികളിലായി ഭാഷണം, ഉച്ചഭാഷണം, പാട്ടു്, സംഗീതം, അവയുടെ വിദൂര വിനിമയ രീതികള്‍ (Telephony – Both ways, circuit switching, Radio – One way broadcast), ചിത്ര ലേഖനം, ഫോട്ടോഗ്രാഫി, അഭിനയം, ചലച്ചിത്രം, ചിഹ്നം, ലിപി, അക്ഷരം, അക്കം, അച്ചടി, വിദൂര വിവര വിനിമയം (Morse Telegraphy, Teleprinter, Telex, മെസ്സേജു് സ്വിച്ചിങ്ങ്), ഇവയില്‍ പലതിന്റേയും സംയോജിത രൂപങ്ങളായ വിവിധ കലാരൂപങ്ങള്‍, സിനിമ, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലൂടെ കടന്നു് ഇന്നു് ഇവയുടെയെല്ലാം ഉല്‍ഗ്രഥിത രൂപമായ ആധുനിക ബഹു-മാധ്യമ വിവര വിനിമയ ശൃംഖലയിലെത്തി നില്‍ക്കുന്നു. മേല്‍പ്പറഞ്ഞവയോരോന്നും അതതു് കാലത്തു് സമൂഹ പുരോഗതിയെ നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുള്ള വലിയ കുതിച്ചു ചാട്ടങ്ങളായിരുന്നു. ഉല്‍ഗ്രഥനം നടന്നതു് ശബ്ദ-ചിത്ര-ലിപി സംയോജനം സാദ്ധ്യമാക്കിയ ഡിജിറ്റല്‍ വിവര ഘടനയിലൂടെയാണു്. ശബ്ദവും ചിത്രവും അക്ഷരവും അക്കവും ഡിജിറ്റല്‍ ചിഹ്നങ്ങളായി പരിവര്‍ത്തിപ്പിച്ചു് കൈകാര്യം ചെയ്യുന്നു. ഇതിന്റെ ഭാഷ ബൈനറിയാണു്. അതാകട്ടെ, ഒരേ സമയം ചിത്രലേഖന മാധ്യമവും സംഖ്യാ സംവിധാനവും ഭാഷയുമാണു്. ചിത്രവും ഭാഷയും കണക്കും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായി. മൈക്രോപ്രോസസര്‍ ഡിജിറ്റല്‍ ചിഹ്നങ്ങളെ കമ്പ്യൂട്ടറിനുള്ളിലെ വിവിധ ഘടകങ്ങള്‍ തമ്മിലും കമ്പ്യൂട്ടറുകള്‍ (ഇതില്‍ ടെലിഫോണും, മൊബൈല്‍ ഫോണും അടക്കം മൈക്രോപ്രോസസറുകളുപയോഗിക്കുന്ന വിവിധങ്ങളായ ഉപകരണങ്ങളും പെടും) തമ്മിലും കൈമാറുന്നു. ഇതിലൂടെ വിവരങ്ങളുടെ വിനിമയവും വിശകലനവും വിവിധങ്ങളായ ഉപയോഗവും സാധിക്കുന്നു.



മേല്പറഞ്ഞവ വിവര വിനിമയ സംവിധാനങ്ങളുടെ കാര്യമാണു്. അവയുടെ വികാസം വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭൌതികോപകരണങ്ങളുമായി ബന്ധപ്പെട്ടും വിവരങ്ങളുമായി തന്നെ (ഉള്ളടക്കം) ബന്ധപ്പെട്ടും ഉണ്ടായ പുരോഗതിയുടെ ആകെത്തുകയാണു്.



ഉപകരണങ്ങളുടെ വികാസം (Hardware)

ഉപകരണങ്ങളുടെ (Hardware) രംഗത്തും സമാന്തരമായി മാറ്റങ്ങളുണ്ടായിട്ടുണ്ടു്. മെക്കാനിക്കല്‍ (അച്ചടി, ടൈപ്പ്‌റൈറ്റിങ്ങ്, കാമറ), ഇലക്ട്രോ മെക്കാനിക്കല്‍ (Morse Key, Sounder and circuit connecting them, Teleprinter, Electric typewriter, printer etc), ഇലക്ട്രോണിക് (Eletronic typewriter, Electronic Teleprinter etc), ഡിജിറ്റല്‍ (ആധുനിക കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ കാമറ, മൊബൈല്‍ ഫോണ്‍, തുടങ്ങി ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളെല്ലാം) എന്നീ ഘട്ടങ്ങളിലൂടെ കടന്നു പോന്നിട്ടുണ്ടു്. ഇലക്ട്രോ മെക്കാനിക്കല്‍ യുഗത്തില്‍ ഇലക്ട്രോ മാഗ്നറ്റും ഇലക്ട്രോണിക് യുഗത്തില്‍ സെമികണ്ടക്ടറും ഡിജിറ്റല്‍ യുഗത്തില്‍ ട്രാന്‍സിസ്റ്ററും ഉപയോഗിക്കപ്പെടുന്നു. ഉപകരണങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക്-ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ക്കായി കേബിളുകള്‍ക്കു് പകരം പ്രിന്റഡ് സര്‍ക്യൂട്ടുകളുപയോഗിച്ചു. ഇലക്ട്രോണിക്സിന്റെ അടിസ്ഥാന ഘടകങ്ങളായ റസിസ്റ്റര്‍, ഡയോഡ്, ട്രാന്‍സിസ്റ്റര്‍ തുടങ്ങിയവയും ഇലക്ട്രിക്കല്‍ ഘടകങ്ങളായ ട്രാന്‍സ്ഫോര്‍മര്‍, ഇന്‍ഡക്ടന്‍സ്, കപ്പാസിറ്റര്‍ തുടങ്ങിയവയും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന കേബിളുകളും അടങ്ങുന്ന ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ സാധ്യമായി. തുടര്‍ന്നു് മൈക്രോപ്രോസസറുകളും രംഗത്തെത്തി. ഒരു ക്ലോക്കു് സിഗ്നലിനനുസരിച്ചു് വിവര ഖണ്ഡങ്ങളെ ഒരിടത്തു് നിന്നു് മറ്റൊരിടത്തേയ്ക്കു്, സ്രോതസില്‍ നിന്നു് സംഭരണിയിലേയ്ക്കോ ഒരു സംഭരണിയില്‍ നിന്നു് മറ്റൊന്നിലേയ്ക്കോ ലക്ഷ്യത്തിലേയ്ക്കോ, മാറ്റുക എന്നതു് മാത്രമാണു് മൈക്രോപ്രോസസറുകള്‍ ചെയ്യുന്നതു്. വിവരം എടുക്കുകയും കൊടുക്കുകയും ചെയ്യുക എന്ന മൈക്രോപ്രോസസറുകളുടെ ഈ ലളിതമായ പ്രവര്‍ത്തനത്തെ നിര്‍ദ്ദേശങ്ങളിലൂടെ (സോഫ്റ്റ്‌വെയര്‍) സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുകയാണു് ചെയ്യുന്നതു്. മൈക്രോപ്രോസസറുകളുടെ ഉള്ളിലുള്ള രജിസ്റ്ററില്‍ ഒരക്കത്തെ വലത്തേയ്ക്കോ ഇടത്തേയ്ക്കോ മാറ്റുന്നതിലൂടെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക എന്ന ഓപ്പറേഷന്‍ നടക്കുന്നു. അവയുടെ ആവര്‍ത്തനത്തിലൂടെ ഗുണനവും ഹരണവും അടക്കമുള്ള എല്ലാ ക്രീയകളും സാധ്യമാകുന്നു.



വിവര ഘടകങ്ങളുടെ (Software) വികാസം

ഉള്ളടക്കമാകട്ടെ, വിവരം (Content), വിവിര വിനിമയ രീതികള്‍ (Protocols), വിവര വിനിമയോപകരണങ്ങള്‍ (Programs or Instruction sets) എന്നതെല്ലാം ചേര്‍ന്നതാണു്. ടെലിഗ്രാഫി ആദ്യം മോഴ്സ് കോഡുപയോഗിച്ചു. ആദ്യത്തെ സോഫ്റ്റ്‌വെയര്‍. അതു് യന്ത്രങ്ങളുപയോഗിച്ചു് ദൂരെയിരിക്കുന്ന മനുഷ്യര്‍ തമ്മില്‍ വിവരം കൈമാറിയ യന്ത്ര ഭാഷയായിരുന്നു. യന്ത്രങ്ങള്‍ക്കു് തമ്മില്‍ വിവരം കൈമാറാന്‍ ആ ഭാഷ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അതു് മനുഷ്യനു് മാത്രം വ്യവച്ഛേദിച്ചെടുക്കാന്‍ കഴിയുന്നതായിരുന്നു. അതു് വ്യത്യസ്ഥ സമയ ദൈര്‍ഘ്യമുള്ള രണ്ടു് വിവര ഖണ്ഡങ്ങള്‍ ചേര്‍ന്നതായിരുന്നു. അവയുടെ വ്യത്യസ്ത എണ്ണം വിവര ഖണ്ഡങ്ങളുപയോഗിച്ചായിരുന്നു അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമെല്ലാം സൃഷ്ടിച്ചതു്. യന്ത്രങ്ങള്‍ക്കു് ഏതെങ്കിലും ഒരു വ്യതിരിക്തത മാത്രമേ വ്യവച്ഛേദിച്ചെടുക്കാന്‍ കഴിയൂ. അതിനാല്‍ യന്ത്ര ഭാഷ വേറെ വേണ്ടി വന്നു. ടെലിപ്രിന്ററിനും കമ്പ്യൂട്ടറിനും പറ്റിയ ബൈനറി രൂപപ്പെട്ടു. കറണ്ടു് ഇണ്ടു്, കറണ്ടു് ഇല്ല. അല്ലെങ്കില്‍ +ve, -ve എന്നീ വ്യതിരിക്താവസ്ഥകളുപയോഗിച്ചു. അവയെ 0, 1 എന്നിവ കൊണ്ടു് അഭിസംബോധന ചെയ്തു. ബൈനറി ഉപയോഗിക്കുന്ന ഒട്ടേറെ ഭാഷകള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി രൂപപ്പെടുത്തപ്പെട്ടിട്ടുണ്ടു്. ടെലിപ്രിന്ററിനു് 5 സ്ഥാനങ്ങളുള്ള CCITT No II ഭാഷ ഉപയോഗിച്ചു. കമ്പ്യൂട്ടറിനു് 8 സ്ഥാനങ്ങളുള്ള ASCII ഉപയോഗിച്ചു. ഇന്നു് ലോക ഭാഷകളെയെല്ലാം ഉള്‍ക്കൊള്ളാനാവശ്യമായത്ര കോഡുകള്‍ സാധ്യമാക്കുന്നതിനു് Unicode ഉപയോഗിക്കുന്നു. മലയാളത്തിനും അതിലൊരു സ്ഥാനമുണ്ടു്. ഈ ഭാഷകളുപയോഗിച്ചു് യന്ത്രങ്ങളോടു് വിവര വിനിമയം നടത്തുന്നതിനു് ചില ക്രമീകരണങ്ങളും നിയമങ്ങളും ആവശ്യമാണു്. അവയെ പ്രോട്ടോകോള്‍ എന്നു് പറയുന്നു. കത്തെഴുതുമ്പോള്‍ കവറില്‍ അയക്കുന്ന ആളുടേയും കിട്ടേണ്ട ആളുടേയും മേല്‍വിലാസം എവിടെ എഴുതണം എന്നതു് ക്രമീകരിക്കപ്പെടുന്നതു് പോലെ. യന്ത്രത്തിനു് വിവരവും നിര്‍ദ്ദേശവും ക്രമീകരണങ്ങളും പറഞ്ഞു് കൊടുക്കാന്‍ ആദ്യകാലത്തു് 0 ങ്ങളും 1 കളും ആവര്‍ത്തിച്ചു് ടൈപ്പു് ചെയ്തു് കൊടുക്കുകയായിരുന്നു. സമയവും അദ്ധ്വാനവും ലഘൂകരിക്കാന്‍ മറ്റു് കമ്പ്യൂട്ടര്‍ ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. അവയില്‍ ടൈപ്പു് ചെയ്യുന്നതു് യന്ത്ര ഭാഷയിലേയ്ക്കു് പരിവര്‍ത്തിപ്പിച്ചു് കൊടുക്കാന്‍ പ്രത്യേകം ഇന്റര്‍പ്രറ്ററുകളോ കമ്പയിലറുകളോ ഉപയോഗിച്ചു. ഇന്നു് മനുഷ്യഭാഷയും അക്കങ്ങളും ചിഹ്നങ്ങളും നേരിട്ടുപയോഗിക്കുന്നത്ര ആ ഭാഷകള്‍ വികസിപ്പിക്കപ്പെട്ടു. ഇവയെല്ലാം ചേര്‍ന്ന വിവര പ്രപഞ്ചമാണു് സോഫ്റ്റ്‌വെയറിന്റേതു്.



വിവര വിനിമയ വേഗം

ക്ലോക്കിന്റെ വേഗം വര്‍ദ്ധിക്കുന്നതിനനുസരിച്ചു് ഡിജിറ്റല്‍ വിവര ഖണ്ഡങ്ങളുടെ വലിപ്പം കുറയ്ക്കുകയും വിനിമയ വേഗം വര്‍ദ്ധിക്കുകയും സമയം കുറയ്ക്കുകയും ചെയ്യുന്നു. വിവര വിനിമയത്തിലെ സമയ-ദൂര പരിമിതികള്‍ ഇതിലൂടെ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ വിവരങ്ങളുടെ ഇലക്ട്രോണിക് സംഭരണ സാധ്യത പേപ്പര്‍ സംവിധാനങ്ങള്‍ അറിവിനു് മേല്‍ ചെലുത്തിയിരുന്ന ഉപഭോഗ പരിമിതികളും (പേപ്പറില്‍ പരത്തിയെഴുതി സൂക്ഷിച്ച വിവരങ്ങള്‍ എടുത്തുപയോഗിക്കുന്നതിനാവശ്യമായ വര്‍ദ്ധിച്ച അദ്ധ്വാനവും സമയവും) മറികടക്കാന്‍ സഹായിച്ചു. എത്ര വിവരവും എത്ര നാളത്തേയ്ക്കും സൂക്ഷിച്ചു വെയ്ക്കാം. വിവരം അതിവേഗം എടുത്തുപയാഗിക്കാം. എത്ര വിവരവും പരസ്പരം കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും താരതമ്യം ചെയ്തും വിശകലനം ചെയ്യാം. അതിലൂടെ പഴയ വിവരങ്ങള്‍ നഷ്ടപ്പെടുത്താതെ പുതിയ വിവരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇതാണു് ഇന്നു് നടക്കുന്ന വിവര വിസ്ഫോടനത്തിന്റെ നാള്‍വഴി.


പൊതു ഉടമസ്ഥതയില്‍ നിന്നു് സ്വകാര്യ ഉടമസ്ഥതയിലേയ്ക്കു്

ഈ ഘട്ടം വരെ സോഫ്റ്റ്‌വെയറുകള്‍ക്കു് സ്വകാര്യ ഉടമസ്ഥത ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തില്‍ കമ്പ്യൂട്ടറുകളുടെ വിവിധ ഘടകങ്ങളെ കൂട്ടിയോജിപ്പിച്ചു് പ്രവര്‍ത്തിപ്പിക്കുന്നതിനുപയോഗിച്ച ഡിസ്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം (DOS) വിലയ്ക്കു് വാങ്ങി മൈക്രോസോഫ്റ്റും കത്തെഴുതാനും കണക്കു് കൂട്ടാനും മറ്റും പ്രത്യേകോപയോഗങ്ങള്‍ക്കുള്ള പാക്കേജുകളുണ്ടാക്കി മറ്റു് പലരും പകര്‍പ്പവകാശം സ്ഥാപിച്ചു് ലൈസന്‍സ് ഫീ ഈടാക്കിത്തുടങ്ങി. ഇതിനൊരു ന്യായീകരണവുമില്ലെന്നു് കണ്ടു്, അന്നേ വരെ സോഫ്റ്റ്‌വെയര്‍ അറിവു് പരസ്പരം യഥേഷ്ടം കൈമാറി ഉപയോഗിച്ചു പോന്ന പ്രോഗ്രാമര്‍മാര്‍ ഈ പുതിയ സ്വകാര്യ ഉടമസ്ഥതയോടു് കലഹിച്ചു. അവര്‍ നിര്‍മ്മിക്കുന്നവ പൊതു ഉടമസ്ഥതയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. ഇതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. ലോകത്താകെ ശൃംഖലാ ബന്ധിതരായ അവര്‍ സ്വന്തം ജീവിത വൃത്തിക്കു് വേണ്ടി സൃഷ്ടിക്കുന്നവ സമൂഹവുമായി പങ്കു് വെയ്ക്കുന്നു. അവ രഹസ്യമാക്കി വെച്ചിട്ടു് അവര്‍ക്കൊരു ഗുണവുമില്ല. സമൂഹവുമായി പങ്കുവെക്കുമ്പോളാകട്ടെ, സമൂഹം അതു് മെച്ചപ്പെടുത്തുകയും അവര്‍ക്കു് തിരിച്ചു് ഗുണം ലഭിക്കുകയും ചെയ്യുന്നു. പങ്കുവെയ്ക്കലിന്റെ ഈ പുതിയ സംസ്കാരം സാമൂഹ്യമായ എല്ലാ നന്മകളുടേയും ഉറവിടമാണെന്നതിനാല്‍ ആതു് വിജയക്കൊടി പാറിക്കുന്നു. നാല് ലക്ഷത്തിലേറെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. ഒരു പഠനം അനുസരിച്ചു് ഇന്നത്തെ നിരക്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കുള്ള മാറ്റം തുടര്‍ന്നാല്‍ 2017 എത്തുമ്പോള്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ അരങ്ങൊഴിഞ്ഞിരിക്കും. ഇതിനെതിരെ ആഗോള ഭീമന്മാര്‍ പുതിയ കുതന്ത്രങ്ങള്‍ മെനയുന്നുണ്ടു്.



വിവര സാങ്കേതിക വിദ്യാ വികാസത്തിന്റെ സാമൂഹ്യ മാനങ്ങള്‍

വിവര സാങ്കേതിക രംഗത്തു് നടക്കുന്ന കുതിച്ചു കയറ്റം ഉയര്‍ത്തിവിടുന്ന എല്ലാ സാധ്യതകളും പ്രത്യാഘാതങ്ങളും ഒട്ടേറെ വെളിവായിട്ടുണ്ടെങ്കിലും നാളിതു് വരെ മുഴുവന്‍ വെളിവാക്കപ്പെട്ടിട്ടില്ല. ഒളിഞ്ഞിരിക്കുന്ന ഉപയോഗങ്ങളും ദൂഷ്യങ്ങളും ഇനിയും കണ്ടെത്താനും അനുഭവിക്കാനുമാണിരിക്കുന്നതു്. സാമ്പത്തിക പ്രവര്‍ത്തന മേഖലകളായ കൃഷി, നിര്‍മ്മാണം, വിപണനം, ധനകാര്യം, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയോ ഭരണമോ കല, സാഹിത്യം, സംസ്കാരം തുടങ്ങിയ സാമൂഹ്യ മേഖലകളോ ഏതുമാകട്ടെ, വിവര സാങ്കേതിക മുന്നേറ്റത്തിന്റെ നശീകരണാത്മകവും പുനരുജ്ജീവനാത്മകവുമായ ഫലങ്ങള്‍ നേരിടുകയാണു്. ഫലം നശീകരണാത്മകമോ പുനരുജ്ജീവനാത്മകമോ എന്നതു് ആരു് എന്തിനു് വേണ്ടിയാണു് ഈ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതു് എന്നതിനെ വളരെയേറെ ആശ്രയിച്ചിരിക്കുന്നു. ഇന്നവ ഏറിയകൂറും ഉപയോഗിക്കുന്നതു് മുതലാളി വര്‍ഗ്ഗമാണു്. ലക്ഷ്യം ലാഭവുമാണു്.



എല്ലാ പ്രക്രയികളേയും കാര്യക്ഷമമാക്കി, അദ്ധ്വാനവും അതിലൂടെ കൂലിയും പരമാവധി കുറയ്ക്കുകയാണവര്‍ ചെയ്യുന്നതു്. ഇതാണു് പുതു തലമുറ സ്ഥാപനങ്ങളുടെ മുഖ മുദ്ര. സ്വാഭാവികമായും പഴയ തലമുറ സ്ഥാപനങ്ങളും തൊഴിലാളികളും നശീകരണാത്മകമായ ഫലം അനുഭവിക്കുകയാണു്. പുതു തലമുറ സ്ഥാപനങ്ങളെ പുനരുജ്ജീവനാത്മക ഫലത്തിന്റെ മാതൃകകളായി ഉയര്‍ത്തിക്കാട്ടാന്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ വക്താക്കള്‍ ശ്രമിക്കുന്നുണ്ടു്. അതല്ലെന്നതാണു് വസ്തുത. അവയും നശീകരണാത്മക ഫലത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്. കാരണം, സാമൂഹ്യ പുരോഗതിയോ ക്ഷേമമോ അല്ല, ലാഭം മാത്രമാണവയുടെ ഉന്നം. ഇതില്‍ ഏതു് ജയിക്കുമെന്നതു് ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാതായിരിക്കുന്നു. കാരണം രണ്ടും മൂലധനത്തിന്റെ താല്പര്യമാണിന്നു് സംരക്ഷിക്കുന്നതു്. ജനങ്ങളെ കൊള്ളയടിക്കുകക തന്നെയാണു് രണ്ടും ചെയ്യുന്നതു്. രാഷ്ട്രാന്തരീയ കുത്തകകളേയും ബഹുരാഷ്ട്ര മൂലധനത്തേയും നേരിടുന്ന കാര്യം പരിഗണിക്കുമ്പോളാകട്ടെ പൊതുമേഖലയും പുതു തലമുറ സ്ഥാപനങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടു് താനും. അങ്ങിനെ നോക്കുമ്പോള്‍ പൊതുമേഖലയുടെ നിലനില്പു് പ്രാദേശിക-ദേശീയ സാമൂഹത്തിന്റെ അടിയന്തിരാവശ്യമായി ഭവിക്കുന്നു. പക്ഷെ, ആഗോള മൂലധന താല്പര്യവുമായി സ്വയം താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുന്ന ദേശീയ കുത്തക മുതലാളിത്തമാണു് നയിക്കുന്നതെന്നതിനാല്‍ പൊതു മേഖലയുടെ മേല്പറഞ്ഞ ദൌത്യം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നില്ല. കാരണം അവയുടെ ഉടമസ്ഥത കയ്യാളുന്ന തദ്ദേശീയ മൂലധനത്തിനു് ഇനി മേലാല്‍ അതാവശ്യമില്ലാതായിരിക്കുന്നു. അതിനാല്‍ കുത്തകകള്‍ക്കും ബഹുരാഷ്ട്ര മൂലധനത്തിനും വേണ്ടി പൊതു മേഖല പോലും ഉപയോഗിക്കപ്പെടുകയോ പൊളിച്ചടുക്കപ്പെടുകയോ ആണു് ഇന്നു് നടക്കുന്നതു്. ഇതു് സമൂഹ സമ്പത്തിന്റെ എല്ലാ രൂപങ്ങള്‍ക്കും ബാധകവുമാണു്. പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയുമെല്ലാം മുച്ചൂടും നശിപ്പിക്കപ്പെടുകയാണു്. ആന കരിമ്പിന്‍ കാട്ടില്‍ കയറിയെന്നു് പറയുന്ന അവസ്ഥയിലാണു് ആഗോള മൂലധനത്തിന്റെ വാഴ്ച. ലോകത്തെമ്പാടുമെത്താനും ചൂഷണം നടത്താനും വിവര സാങ്കേതിക വിദ്യ അവരെ സഹായിച്ചു.



പൊതു മേഖലയുടേയും പൊതു സ്വത്തുക്കളുടേയും സംരക്ഷണം

പക്ഷെ, പൊതുമേഖലയ്ക്കു് അവയിലെ ജീവനക്കാരുടെ നിലനില്പുമായി ബന്ധപ്പെട്ടു് ഇന്നും പ്രസക്തിയുണ്ടു്. പൊതുവെ മറ്റു് തൊഴിലാളികള്‍ക്കു്, അവരുടെ കൂലിയും സേവന വ്യവസ്ഥകളുമായി ബന്ധപ്പട്ടു് പൊതു മേഖലയ്ക്കു് പ്രസക്തിയേറുകയാണു്. പ്രത്യേകിച്ചും, കൂലിക്കും തൊഴില്‍ ദിനത്തിനും, തൊഴിലിനു തന്നെയും ഒരു വ്യവസ്ഥയുമില്ലാതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഘട്ടത്തില്‍. ബഹുജനങ്ങള്‍ക്കാകട്ടെ, ആഗോള-ദേശീയ കുത്തകകള്‍ കമ്പോളാധിപത്യം സ്ഥാപിച്ചു് ചൂഷണം നടത്തുന്നതിനെതിരായ ഉപകരണങ്ങളെന്ന നിലയില്‍ പൊതു മേഖലയ്ക്കു് ഇന്നും പ്രസക്തിയുണ്ടു്. ഇനിയങ്ങോട്ടു്, ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റേയോ ഭരണകൂടത്തിന്റേയോ പിന്തുണയില്ലാതെ പൊതു മേഖലയുടെ സംരക്ഷണവും ശാക്തീകരണവും തൊഴിലാളികളും ബഹുജനങ്ങളും ചേര്‍ന്നു് ഏറ്റെടുക്കുക എന്ന കടമ നിര്‍വ്വഹിക്കാനാവുമോ എന്നതാണു് പൊതു മേഖലയുടെ നിലനില്പു് നേരിടുന്ന വെല്ലുവിളി. ഭരണകൂട പിന്തുണയില്ലാതെ അതു് സാധിക്കില്ല. ഭരണകൂടമാകട്ടെ, അതിനെ പിന്തുണയ്ക്കുകയുമില്ല. പൊതു മേഖല സംരക്ഷിക്കാന്‍ ഭരണാധികാരം തന്നെ ലക്ഷ്യമിടേണ്ട ഘട്ടത്തിലെത്തിയിരിക്കുന്നു. പൊതു സമ്പത്തിന്റെ മറ്റെല്ലാ രൂപങ്ങള്‍ക്കും പരിസ്ഥിതിക്കും ഇതു് ബാധകമാണു്.



വൈദഗ്ദ്ധ്യ ശോഷണം മറികടക്കണം

വിവരം കൈകാര്യം ചെയ്യുന്നതിലെ പുതിയ സാങ്കേതങ്ങള്‍ സ്വായത്താമാക്കാത്ത എല്ലാ വിഭാഗം ജനങ്ങളും പിന്നോക്കം തള്ളപ്പെടുന്നു. സാമൂഹ്യ പുരോഗതിയുടെ ഉന്നത ശ്രേണികളില്‍ മൂലധന ശക്തികളാണുള്ളതു്. പക്ഷെ, വിദ്യാസമ്പന്നരും തൊഴില്‍ വൈദഗ്ദ്ധ്യം നേടിയവരും സംഘടിതരുമെന്ന നിലയില്‍ തൊഴിലാളി വര്‍ഗത്തിലെ അംഗങ്ങള്‍ താരതമ്യേന ഉയര്‍ന്ന പടവുകളിലെത്തിയിരുന്നു. എന്നാല്‍ അവര്‍ നാളിതു് വരെ സ്വായത്തമാക്കിയിരുന്ന വിവര സങ്കേതങ്ങള്‍ അപ്രസക്തമായി മാറുമ്പോള്‍ അവരും പിന്നോക്ക വിഭാഗങ്ങളുടെ അണികളിലേയ്ക്കു് തള്ളപ്പെടുന്നു. തീര്‍ച്ചയായും സംഘടിതരെന്ന നിലയ്ക്കു് അവര്‍ക്കു് ഏറ്റവും എളുപ്പം ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയുക തന്നെ ചെയ്യും. എന്നാല്‍, അവര്‍ക്കു് പുതിയൊരു ദൌത്യം കൂടി ഏറ്റെടുക്കേണ്ടതായി വന്നിരിക്കുന്നു. തങ്ങള്‍ക്കെതിരെ നിലയുറപ്പിച്ചിരിക്കുന്ന മുതലാളി വര്‍ഗ്ഗത്തെ തള്ളി താഴെയിട്ടു് കൊണ്ടല്ലാതെ ഇനിയൊരു പടവു് കയറാനാവാത്ത ഘട്ടത്തിലെത്തിയിരിക്കുന്നതിനാല്‍ ആ വര്‍ഗ്ഗപരമായ കടമ നിര്‍വഹിക്കാന്‍ അവര്‍ പിന്നോക്കം നില്കുന്ന മറ്റെല്ലാവരേയും തങ്ങളോടൊപ്പം ശാക്തീകരിക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. സ്വയം ശാക്തീകരണവും പ്രാദേശിക ശാക്തീകരണവും ദേശീയ ശാക്തീകരണവും അവരുടെ അജണ്ടയില്‍ മുഖ്യ ഇനങ്ങളായി വരുന്നു. ഭാഷാ പഠനം, കണക്കു് പഠനം, ലോക വിവര ഭണ്ഡാഗാരം ഉപയോഗിക്കാനുള്ള കഴിവു് നേടല്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പുതിയൊരു ശാക്തീകരണം ആവശ്യമായി വന്നിരിക്കുന്നു. തൊഴിലാളികളുടെ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ഈ കടമ നിറവേറ്റാനുപകരിക്കും.



ഭരണ പാടവം നേടണം

ഇവിടെ പൊതുമേഖലയിലെ തൊഴിലാളികള്‍ക്കു് ഒരു അധിക കടമ ഏറ്റെടുക്കേണ്ടി വരും. രാഷ്ട്ര ഭരണം കയ്യാളാന്‍ തൊഴിലാളി വര്‍ഗ്ഗം സ്വയം ശാക്തീകരിക്കപ്പെടുന്നതിന്റെ മാര്‍ഗ്ഗമായി പൊതു മേഖലാ ഭരണം കയ്യാളണം. സ്ഥാപന ഭരണത്തില്‍ തൊഴിലാളി പങ്കാളിത്തമെന്ന മുന്‍ നിലപാടില്‍ നിന്നു് ഒട്ടേറെ മുന്നോട്ടു് പോകേണ്ടതുണ്ടു്. പൊതു മേഖലാ ഭരണം തൊഴിലാളികള്‍ തന്നെ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സ്ഥാപന ഭരണം ജനാധിപത്യപരമായി പുനസംഘടിപ്പിക്കപ്പെടണം. കണക്കു് സൂക്ഷിപ്പും ആസൂത്രണവും കമ്പോളം കണ്ടെത്തലും ഉല്പന്ന-സേവന-സ്ഥാപന വൈവിദ്ധ്യവല്‍ക്കരണവും വികസനവും അടക്കം എല്ലാ കാര്യങ്ങളും തൊഴിലാളികള്‍ കൂട്ടായി ഏറ്റെടുക്കണം. ചുരുക്കത്തില്‍, നാളിതു് വരെ പൊതുമേഖല സ്റ്റേറ്റ് മുതലാളിത്തത്തിന്റെ ഉപകരണമായിരുന്നു എന്ന അവസ്ഥ മാറി അവ ശരിയായ സാമൂഹ്യ ഉടമസ്ഥതയിലേയ്ക്കു് വരണം. ഇതാവണം, കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു് വെയ്ക്കുന്ന 'ഷെയര്‍ വില്പനയിലൂടെ സാമൂഹ്യ ഉടമസ്ഥത' എന്ന മൂലധന പ്രീണന പരിപാടിക്കു് ബദല്‍ മുദ്രാവാക്യം. ഇവിടെ ഷെയറോ ഉടമസ്ഥതയോ മാറേണ്ട കാര്യമില്ല. ഇന്നു് തന്നെ അവ പൊതു ഉടമസ്ഥതയിലാണുള്ളതു്. മാനേജു്മെന്റു് മാറിയാല്‍ മതി. അതു് തൊഴിലാഴികള്‍ ഏറ്റെടുക്കണം. മേല്‍നോട്ടം സ്ഥാപനം നിലനില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളും വഹിക്കണം. അവയുടെ നിലനില്പില്‍ താല്പര്യമുള്ള തൊഴിലാളികളേയും ബഹുജനങ്ങളേയും തന്നെ മാനേജ്മെന്റ് ഏല്പിക്കുമ്പോള്‍ അവര്‍ അതിനെ നിലനിര്‍ത്തുകയും ശാക്തീകരിക്കുകയും ചെയ്യും.



വിവര സാങ്കേതിക വിദ്യ പുതിയ സാമൂഹ നിര്‍മ്മിതിയുടെ ഉപകരണം

ഇത്തരത്തില്‍ തൊഴിലാളികള്‍ ഭരണം ഏറ്റെടുക്കമ്പോള്‍ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ അവര്‍ക്കു് ഭരണം നടത്താന്‍ സഹായകമാകും. എളുപ്പത്തില്‍ കണക്കു് സൂക്ഷിക്കാനും എല്ലാ വിഭവങ്ങളുടേയും വിവരം ഉപയോഗിച്ചു് അതതു് സമയത്തു് ആവശ്യാനുസരണം ഉല്പന്നങ്ങള്‍ ഉണ്ടാക്കുകയും വിപണനം നടത്തുകയും സേവങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്ന രീതിയില്‍ പ്രക്രിയകളെയെല്ലാം പുനര്‍ നിര്‍മ്മിക്കാനും അങ്ങിനെ സ്ഥാപന ഭരണം കാര്യക്ഷമമാക്കാനും വിവര സാങ്കേതിക വിദ്യ അവരെ സഹായിക്കും. ഇവിടെ തൊഴിലാളി ക്ഷേമവും സാമൂഹ്യ ക്ഷേമവും മാത്രമായിരിക്കും മാറ്റങ്ങളുടെയെല്ലാം ലക്ഷ്യം.



കണക്കു് സൂക്ഷിപ്പു്

വിവര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള മുന്‍ വിവരണത്തിന്‍ നിന്നു് ഉത്ഭൂതമാകുന്ന അറിവു് ഉപയോഗിച്ചു് സ്ഥാപന ഭരണം പുനക്രമീകരിക്കാന്‍ തൊഴിലാളി നേതൃത്വത്തിനു് എളുപ്പം സാധിക്കും. കണക്കു് സൂക്ഷിപ്പാണു് വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തോടെ സമൂലമായി പരിഷ്കരിക്കപ്പെടുന്ന ഒരു മേഖല. നാളിതു് വരെ, പരിപാവനമായി കണ്ടിരുന്ന, അടിസ്ഥാന രേഖകളെന്നു് വ്യവഹരിക്കപ്പെട്ടിരുന്ന, കാഷ് ബുക്കും ലെഡ്ജറുകളും പുതിയ സംവിധാനത്തില്‍ വെറും റിപ്പോര്‍ടുകള്‍ മാത്രമാണു്. സ്ഥാപനത്തിന്റെ സാമ്പത്തികാരോഗ്യസ്ഥിതി അറിയാന്‍ വര്‍ഷാവസാനം വരേയോ മാസാവസാനം വരേയോ പോലും കാത്തിരിക്കേണ്ടതില്ല. ഏതു് സമയത്തും ബലന്‍സ് ഷീറ്റും ലാഭ നഷ്ടങ്ങളും കാണിക്കുന്ന റിപ്പോര്‍ടുകള്‍ എടുക്കാനും കാണാനും കഴിയും. അടിസ്ഥാന രേഖകള്‍ പണവും സാധന സാമഗ്രികളും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നതിന്റെ രേഖകള്‍ മാത്രമാണു്. അവ കൃത്യമായും സുരക്ഷിതമായും വിവര വ്യവസ്ഥയുമായി ബന്ധപ്പെടുത്തുന്ന നമ്പറിട്ടു് ക്രമ പ്രകാരം വെയ്ക്കുകയും അവയുടെ വിവരങ്ങള്‍ വിവര സംവിധാനത്തിലേയ്ക്കു് നല്‍കുകയും ചെയ്യുക എന്നതാണു് പുതിയ സംവിധാനം. കാഷ്ബുക്കും ലെഡ്ജറുകളും, ആവശ്യാനുസരണം, പ്രിന്റ് എടുത്തു് ബന്ധപ്പട്ട ഉത്തരവാദപ്പെട്ടവര്‍ പരിശോധിച്ചു് സാക്ഷ്യപ്പെടുത്തി രോഖകളായി സൂക്ഷിക്കാവുന്നതാണു്. ഡബിള്‍ അക്കൌണ്ടിങ്ങ് തുടങ്ങി കണക്കു് സൂക്ഷിപ്പിലെ എല്ലാ സങ്കീര്‍ണ്ണതകളും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവര്‍ക്കു് പോലും മനസിലാകത്തക്ക തരത്തില്‍ കണക്കു് പഠനം ഇതോടെ ലളിതമാകും. ഇന്നു് കണക്കു് സൂക്ഷിപ്പു് ഏതാനും ചിലരുടെ കുത്തകയും ബഹുഭൂരിപക്ഷത്തിനും ബാലികേറാമലയുമായിരിക്കുന്ന സ്ഥിതി മാറ്റാന്‍ പുതിയ ലളിതമായ കണക്കു് സൂക്ഷിപ്പു് സംവിധാനവും രീതിയും ഉപകരിക്കുകയും ചെയ്യും.



സ്ഥാപന ഭരണം (e-governance, ERP)

സ്ഥാപനത്തിലെ എല്ലാ വിഭവങ്ങളുടേയും (തൊഴിലാളികള്‍, ഉപഭോക്താക്കള്‍, സേവന ദാതാക്കള്‍, സ്ഥലം, കെട്ടിടം, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍‌ തുടങ്ങി എല്ലാം) വിവരം ശേഖരിച്ചു്, സംഭരിച്ചു്, ഉപയോഗിച്ചു് എല്ലാ പ്രവര്‍ത്തനങ്ങളും ചടുലമായി നടത്താന്‍ കഴിയും എന്നതാണു് വിവര സാങ്കേതിക വിദ്യയുടെ സാധ്യത. അതിനു് കമ്പ്യൂട്ടറുകള്‍ക്കോ സോഫ്റ്റ്‌വെയറിനോ അമിത പ്രാധാന്യം കല്‍പ്പിക്കേണ്ട ആവശ്യമില്ല. അത്യാവശ്യത്തിനു് അവ ഉപയോഗിക്കുകയും വേണം. വിവരം ശേഖരിച്ചു് വെയ്ക്കാന്‍ അവ ആവശ്യമാണു്. നല്ലൊരു വിവര സംഭരണി (RDBMS) വേണം. അതു് തൊഴിലാളികള്‍ക്കു് വഴങ്ങുന്നതാവണം. വിവരം കൊടുക്കാനും എടുക്കാനും മാറ്റാനും കഴിയണം. ഇവയ്ക്കുള്ള ഇന്റര്‍ ഫേസു് സ്ക്രീനുകള്‍ നിര്‍മ്മിക്കലാണു് ഇന്നു് സോഫ്റ്റു്വെയര്‍ വികസനം എന്ന പേരില്‍ നമ്മുടെ വിഭവം തട്ടിച്ചു് കൊണ്ടു പോകുന്ന ഐടി കമ്പനികള്‍ ചെയ്യുന്നതും എന്നാല്‍ മറ്റള്ളവര്‍ക്കു് അറിയാത്തതുമായ പണി. വിവര ഘടന ഉണ്ടാക്കാന്‍ അതതു് സ്ഥാപനത്തിലെ തൊഴിലാളികളുടെ വൈദഗ്ദ്ധ്യം തന്നെയാണു് വേണ്ടതു്. പ്രക്രിയകള്‍ കണ്ടെത്തി അവയിലൂടെ നടക്കുന്ന വിവര മാറ്റങ്ങള്‍ നിര്‍ണ്ണയിക്കാനും സ്ഥാപനത്തിലെ തൊഴിലാളികളുടെ പ്രവര്‍ത്തന പരിചയം തന്നെയാണു് ഏതു് ഐടി കമ്പനിയും ഉപയോഗിക്കുന്നതു്. പിന്നെന്തു് കൊണ്ടു് സ്ഥാപന തലത്തില്‍ തന്നെ തൊഴിലാളികള്‍ക്കും മാനേജു്മെന്റിനും കൂടി അതു് ചെയ്തു കൂടാ ? രണ്ടു് കൂട്ടരും ഇക്കാര്യത്തില്‍ ഒരേ പടവിലാണു്. അവരെ ചൂഷണം ചെയ്യുകയാണു് കഴുത്തറുപ്പന്മാരായ ഐടി കുത്തകകള്‍. കാര്യക്ഷമതയും നവീകരണവും ശാക്തീകരണത്തോടൊപ്പം മതിയെന്നു് തീരുമാനിക്കണം. അല്ലാത്ത പക്ഷം അടിമത്തമായിരിക്കും ഫലം. ആദ്യം പേപ്പര്‍ അധിഷ്ഠിത സംവിധാനത്തിനു് പകരം വിവരാധിഷ്ഠിത ഭരണ സംവിധാനം ഉപയോഗിച്ചു് തുടങ്ങണം. അതിനു് വലിയ ചെലവോ ബഹുരാഷ്ട്ര കുത്തകകളുടെ സഹായമോ ആവശ്യമില്ല. ക്രമേണ, വൈദഗ്ദ്ധ്യം ഉയരുന്ന മുറയ്ക്കു്, കാഴ്ചക്കു് ഇമ്പമുള്ളതും പ്രയോഗിക്കാന്‍ എളുപ്പമുള്ളതുമായ സംവിധാനങ്ങള്‍ സ്വതന്ത്രമായി ലഭിക്കുന്നവ ഉപയോഗിക്കുകയോ സ്വയം വികസിപ്പിക്കുകയോ ചെയ്യാം. വൈദഗ്ദ്ധ്യ പോഷണത്തിനു് ഈ വിവിധ ഘട്ടങ്ങളിലൂടെ കടന്നു് പോകേണ്ടതുണ്ടു്.



ഭരണ വ്യവസ്ഥാ പുനസൃഷ്ടി (System re-engineering)

മറ്റൊന്നു്, സ്ഥാപന ഭരണ വ്യവസ്ഥ എങ്ങിനെ വേണമെന്നതാണു്. ഒരു സ്ഥാപനം എങ്ങിനെയായിത്തീരണം എന്നു് നിശ്ചയിക്കുക എന്നതു് മറ്റാരെങ്കിലും ചെയ്യുന്നതിനേക്കാള്‍ നല്ലതു് ആ സ്ഥാപനം തന്നെ തീരുമാനിക്കുന്നതാണു്. അതിനു് ഒരു ഐടി കമ്പനിയുടെ സേവനമല്ല, മാനേജു്മെന്റു് ഉപദേശകരുടെ സേവനമാണു് വേണ്ടതു്. തീര്‍ച്ഛയായും ഇക്കാര്യത്തില്‍ ലോകത്തു് നടക്കുന്ന കാര്യങ്ങള്‍ കണ്ണും കാതും തുറന്നു് പഠിക്കാന്‍ തയ്യാറായാല്‍ ആര്‍ക്കും ചെയ്യാവുന്നതേയുള്ളു. ആവശ്യമെങ്കില്‍, പൊതു മേഖലയോടു് കൂറുള്ള, സ്ഥാപന ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഉപദേഷ്ടാക്കളെ കണ്ടെത്തി അവരുടെ സേവനം ഉപയോഗിക്കുകയുമാകാം. അതതു് സ്ഥാപനത്തില്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മാത്രം പുറം കരാറിലൂടെ ചെയ്യിക്കുകയുമാകാം. അത്തരം കാര്യങ്ങള്‍ സാങ്കേതിക കൈമാറ്റം നടത്താന്‍ തയ്യാറുള്ളവരെക്കൊണ്ടു് മാത്രമേ ചെയ്യിക്കാന്‍ പാടുള്ളു. കഴുത്തറുപ്പന്‍ ചൂഷകരുടെ മേല്‍ ആശ്രിതത്വം ഉണ്ടാകാതിരിക്കാന്‍ പൊതു വിവര ഘടനകളും (Open Document Formats) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ (Free Software) ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. ഇതിലൂടെ തൊഴിലാളി ശാക്തീകരണവും മാനേജ്മെന്റ് ശാക്തീകരണവും മൊത്തത്തില്‍ സ്ഥാപന ശാക്തീകരണവും നടക്കും. ഇത്തരത്തില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍, സ്വാഭാവികമായും, വിവര സാങ്കേതിക വിദ്യയുടെ പുനരുജ്ജീവനാത്മക ഫലം സമൂഹത്തിനു് അനുഭവവേദ്യമാക്കും.



കേരള സമൂഹം ഇക്കാര്യത്തിലും പരീക്ഷണത്തിനിറങ്ങണം

കേരളത്തില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണു് ഭരിക്കുന്നതെന്നതിനാല്‍ മേല്പറഞ്ഞ രീതിയിലുള്ള പൊതു മേഖലാ മാനേജു്മെന്റു് സംവിധാനവും വിവര സാങ്കേതിക വിദ്യാപ്രയോഗവും സ്വതന്ത്ര വിജ്ഞാനോപയോഗവും പരീക്ഷണ വിധേയമാക്കാന്‍ കഴിയണം. നമ്മുടെ പൊതു മേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കാനും നിലനിര്‍ത്താനും അതുപകരിക്കും. നമ്മുടെ പൊതു സേവനത്തുറകളുടെ കാര്യക്ഷമതയും ഗുണമേന്മയും ഉയര്‍ത്താനും കഴിയും. പൊതുവിദ്യാഭ്യാസ രംഗം, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ രംഗം അതിനനുസരിച്ചു് മാറാന്‍ തയ്യാറാകണം. ഗവേഷണ രംഗത്തും സ്വതന്ത്ര വിജ്ഞാന സങ്കല്പങ്ങള്‍ ഉപയോഗിക്കാന്‍ നമുക്കു് കഴിയണം. സാമ്രാജ്യത്വ ആഗോളവല്‍ക്കരണ ഘട്ടത്തില്‍ ബഹുരാഷ്ട്ര മൂലധനത്തിന്റെ കുത്തൊഴുക്കിനെതിരെ പ്രാദേശിക ജനസമൂഹത്തിന്റെ ചെറുത്തു് നില്പിനുള്ള സാംസ്കാരികവും ബൌദ്ധികവും സാങ്കേതികവും സാമ്പത്തികവുമായ പശ്ചാത്തലമൊരുക്കാനും വിജയത്തിലേക്കുള്ള പാത വെട്ടിത്തുറക്കാനും പൊതുമേഖലയുടേയും പൊതു സ്വത്തിന്റേയും പ്രകൃതിയുടേയും പരിസ്ഥിതിയുടേയും സംരക്ഷണം ഉറപ്പാക്കാനും ഇത്തരം ഒരു പരിവര്‍ത്തനം ഉപകരിക്കും.



ജോസഫ് തോമസ്,

പ്രസിഡണ്ടു്, എഫ്. എസ്. എം. ഐ 16-06-2010


No comments:

Blog Archive