Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, November 5, 2012

വേണ്ടാത്ത ലിപി പരിഷ്കരണവും മലയാളം സര്‍വ്വകലാശാലയുടെ ഉത്തര വാദിത്വത്തില്‍ പെടുന്നു



മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സിനേക്കുറിച്ചു് മാതൃഭൂമി പറയുന്നതു് -

"സര്‍വകലാശാലയുടെ ചുമതലയായി ഒന്നാമത് പറഞ്ഞിരിക്കുന്നത് ഇതാണ് : മലയാള ഭാഷയിലും സാഹിത്യത്തിലും തര്‍ജമയിലും താരതമ്യസാഹിത്യത്തിലും നാടോടി, ശാസ്ത്രീയ, അനുഷ്ഠാന കലകളിലും ഗോത്രസംസ്‌കാരത്തിലും പാരമ്പര്യ വിജ്ഞാന സമ്പ്രദായങ്ങളിലും കളരി പഠനത്തിലും മാധ്യമ പഠനത്തിലും ബോധനം നല്‍കുക. മലയാള ലിപി കമ്പ്യൂട്ടര്‍ ഉപയോഗത്തിന് അനുയോജ്യമാക്കുക, സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കുക, സ്വാതിതിരുനാള്‍, രാജാരവിവര്‍മ, കുമാരനാശാന്‍, സി.വി.രാമന്‍പിള്ള, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, എന്നിവരുടെ പേരില്‍ തുടക്കത്തില്‍ ചെയറുകള്‍ തുടങ്ങുക എന്നിവയും സര്‍വകലാശാലയുടെ ചുമതലയില്‍ ഉള്‍പ്പെടുന്നു. “

മറ്റേതെങ്കിലും സര്‍വ്വ കലാശാലകള്‍ക്കു് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും കാര്യം മേല്പറഞ്ഞ കൂട്ടത്തിലുണ്ടോ ആവോ ? ഇതിലൂടെ മലയാളം സര്‍വ്വ കലാശാലയുടെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തില്‍ ഒട്ടെല്ലാ സര്‍വ്വകലാശാലകളിലും മലയാളവും വിവരസാങ്കേതിക വിദ്യയും അടക്കം മേല്‍ പട്ടികയില്‍ വരുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ വകുപ്പുകളും സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ടു് മിക്കവയും പഠന വിഷയമാണു്. ഗവേഷണ വിഷയവുമാകാം. ഏതെങ്കിലും വിഷയം പഠനത്തിനോ ഗവേഷണത്തിനോ വിധേയമല്ലെങ്കില്‍ അവയും തുടങ്ങാവുന്നതേയുള്ളു. ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ 'മലയാളത്തനിമ' ലിപിപരിഷകരണം ഒരിക്കല്‍ നടത്തിയതല്ലേ ? മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് കമ്പ്യൂട്ടറിനു് മലയാളത്തെ അനുയോജ്യമാക്കുകയാണോ മലയാളത്തില്‍ വിവര വിനിമയോപാധികള്‍ പ്രയോഗിക്കാന്‍ തയ്യാറാവുകയാണോ വേണ്ടതു് ?

ഇക്കാര്യത്തില്‍ ഈ സര്‍ക്കാരിനെ ആരാണു് ഉപദേശിക്കുന്നതു് ? വിവര സാങ്കേതിക കച്ചവടക്കാരെയാകാം ഉപദേശികളായി കാണുന്നതു്. അതുമല്ലെങ്കില്‍ കച്ചവടക്കാര്‍ പറയുന്നതു് മാത്രം കേട്ടു് പാഠ്യ പദ്ധതി തയ്യാറാക്കി പഠിപ്പിക്കുന്ന അക്കാഡമിക് വിദഗ്ദ്ധരാകാം.

ഒരു കാര്യം സര്‍ക്കാരും അക്കാഡമിക് വിദഗ്ദ്ധരും സമൂഹവും കാണണം. കച്ചവടക്കാര്‍ ഒരിക്കലും പുതുതായി ഒന്നും സൃഷ്ടിക്കുന്നില്ല. മറ്റുള്ളവര്‍, പ്രത്യേകിച്ചും സാമൂഹ്യ സംരംഭകര്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയാലോ തങ്ങളുടെ ജീവിതാവശ്യങ്ങളാലോ പ്രേരിപ്പിക്കപ്പെട്ടു് സൃഷ്ടിക്കുന്നവ അനുകരിച്ചു് ചരക്കാക്കി വില്കുകയാണു് കച്ചവടക്കാര്‍ ചെയ്യുന്നതു്. കച്ചവടം ആവശ്യമാണു്. വിതരണത്തിനുള്ള ഒരുപാധിയെന്ന നിലയില്‍. പക്ഷെ, അവരെ ആശ്രയിച്ചു് അവര്‍ക്കു് വേണ്ടി മാത്രം, അവരാണു് ഏറ്റവും വലിയ സംരംഭകരെന്ന ധാരണയില്‍ ഭരിക്കാന്‍ പോയാല്‍ ഇത്തരം വിഡ്ഡി വേഷം കെട്ടേണ്ട ഗതികേടു് ഭരണാധികാരികള്‍ക്കുണ്ടാകും.

തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും ഇക്കാര്യത്തില്‍ സമാന സ്ഥിതിയിലാണോ ? അവരും ഐടി കച്ചവടക്കാരുടെ ഉപദേശത്താലാണോ നയിക്കപ്പെടുന്നതു്. എങ്കില്‍ അവരുടെ ഉദ്യോഗസ്ഥ പ്രമത്തതയും അധികം കാലം നിലനില്‍ക്കില്ല. ഐടി കച്ചവടക്കാര്‍ നടപ്പാക്കുന്ന ഇ-ഭരണവും ഇ-സ്ഥാപനഭരണവും അവരെ കച്ചവടക്കാരുടെ ഏറാന്‍ മൂളികളാക്കും. ഭരണത്തില്‍ അവര്‍ക്കുള്ള പങ്കു് ശിപായികളുടേതു് മാത്രമാകും. ഭരണം - നയരൂപീകരണം, ആസൂത്രണം, പരിപാടി, നിര്‍വ്വഹണം, സേവനം എല്ലാം അവരെഴുതിക്കൊണ്ടുവരുന്ന സോഫ്റ്റ്‌വെയര്‍ കോഡായിരിക്കും നിര്‍ണ്ണയിക്കുക. വിവര സാങ്കേതിക വിദ്യ ജനകീയമാകേണ്ടതിന്റെ, സമൂഹത്തിന്റെ പൊതു വിജ്ഞാനമായിത്തീരേണ്ടതിന്റെ, ആവശ്യകതയാണിതു് ചൂണ്ടിക്കാണിക്കുന്നതു്.

അതു് ഉറപ്പാക്കുന്നതു് കച്ചവടക്കാര്‍ കൊണ്ടുവരുന്ന സങ്കേതങ്ങളല്ല, സ്വതന്ത്രമായി സമൂഹത്തിനു് എടുത്തുപയോഗിക്കാവുന്നതും ഉപയോഗിക്കുന്ന ആരുടേയും സാങ്കേതിക വൈദഗ്ദ്ധ്യ പോഷണത്തിനുതകുന്നതുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.

മലയാളത്തിന്റെ വികാസത്തിനു് ആവശ്യമായതു് ലിപി പരിഷ്കരണമല്ല, മലയാളത്തില്‍ വിവര വിനിമയ സങ്കേതങ്ങളായ വിവര്‍ത്തനവും ലിപിമാറ്റലും (രണ്ടും മലയാളത്തിലേയ്ക്കും മറ്റു് ഭാഷകളിലേയ്ക്കും), വായ്മൊഴി എഴുത്തായും എഴുത്തു് വായ്മൊഴിയായും മാറ്റുക തുടങ്ങിയവ സമൂഹമാകെ ഉപയോഗിക്കുവാനുള്ള പശ്ചാത്തലമൊരുക്കുക എന്നതാണു് എന്ന കാര്യം പല ചര്‍ച്ചകളിലും ഉന്നയിക്കപ്പെട്ടതാണു്. ശരിയായ ഭാഷോപകരണങ്ങളുടെ വ്യാപകമായ ഉപയോഗത്തിലൂടെ മലയാളം മറ്റു് ഭാഷകളുമായി തത്സമയ ആദാന-പ്രദാനത്തിലൂടെ വളര്‍ന്നു് വരും. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും എല്ലാം ഭാഷയായി വളരും. ബോധന മാധ്യമമായി മലയാളം ഉപയോഗിക്കാറാകും. മലയാളികള്‍ മലയാളം മാധ്യമത്തിലേയ്ക്കു് തിരിച്ചു് വരുന്നതാണു് തങ്ങളുടെ താല്പര്യത്തിനു് നല്ലതെന്നു് സ്വയം ബോധ്യപ്പെടും. ഭാഷോപകരണങ്ങളുടേയും വിശ്വ വിവര വലയുടേയും വ്യാപകമായ ഉപയോഗത്തിലുടെ സാധ്യമാകുന്ന ഭാഷകള്‍ തമ്മിലുള്ള ആദാന-പ്രദാനത്തിനു് പകരമാവില്ല സര്‍ക്കാര്‍ വകുപ്പുകളോ സ്ഥാപനങ്ങളോ ഭാഷാ വിദഗ്ദ്ധരോ സാഹിത്യകാരന്മാരോ ഒറ്റപ്പെട്ടു് നടത്തുന്ന വിവര്‍ത്തനവും മറ്റും.

ഇക്കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാതെ ഭരണാധികാരികളും ജാതി മത വര്‍ഗ്ഗിയ സംഘടനകളും കേരള സമൂഹത്തില്‍ സ്വന്തം ഭാഷ മോശമാണെന്ന ധാരണ പരത്തി. ഒരു തലമുറയേയാകെ ഇംഗ്ലീഷ് മീഡിയത്തിലേയ്ക്കു് തള്ളിയിട്ടു് കൊടുത്തു. ഇംഗ്ലീഷ് മീഡിയത്തിന്റെ വളര്‍ച്ചയ്ക്കായി സ്വകാര്യ-സ്വാശ്രയ മേഖല വ്യാപിപ്പിച്ചു. കേന്ദ്ര സ്കൂളുകള്‍ വ്യാപകമാക്കി. മറു ഭാഷാ മാധ്യമത്തിന്റെ പേരില്‍ അതിലേയ്ക്കു് സാധാരണക്കാരുടെ കുട്ടികളേയും വ്യാപകമായി ആകര്‍ഷിച്ചു. ഇതാ പുതിയ മനുഷ്യ വിഭവ ശേഷി മന്ത്രി കേരളത്തിനു് ഇനിയും കുറേയേറെ കേന്ദ്ര വിദ്യാലയങ്ങള്‍ ദാനം നല്‍കാന്‍ പോകുന്നു പോലും.

ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസമാണു് മലയാളികളുടെ ഇന്നത്തെ പതനത്തിനു് കാരണം. മലയാളിക്കു് ഭാഷ നഷ്ടമായിക്കൊണ്ടിരിക്കുന്നു. സംസ്കാരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മറുഭാഷാ മാധ്യമത്തിലൂടെ പഠിക്കുന്നതൊന്നും ശരിയായി സ്വാശീകരിക്കപ്പെടുന്നില്ല. ആശയ വിനിമയം എന്ന ഭാഷയുടെ ഉപയോഗം ഇംഗ്ലീഷിലൂടെയും ഏതു് മറുഭാഷയിലൂടെയും നടക്കാം. അമൂര്‍ത്തമായ ചിന്തയുടെ ഉപകരണമെന്ന ഭാഷയുടെ ഉപയോഗം മാതൃഭാഷ ബോധന മാധ്യമം ആകുമ്പോഴാണു് പൂര്‍ണ്ണതയിലെത്തുക. ഈ ഗുണം പുതിയതലമുറയ്ക്കു് ലഭിക്കാതെ പോകുന്നു. ജനാധിപത്യത്തിന്റേയും സ്വയംഭരണത്തിന്റേയും ഉയരങ്ങളിലേയ്ക്കെത്താന്‍ കഴിയാതെ സ്വന്തം ഭാഷയില്ലാത്ത സമൂഹമെന്ന നിലയില്‍ മലയാളികള്‍ നാളെ വിശ്വ സംസ്കാരത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്കു് തള്ളപ്പെടുകയും ചെയ്യും.

ഇതിനു് കാരണക്കാരായ മേല്പറഞ്ഞവരെല്ലാം മലയാളികളോടു് സമസ്താപരാധം ഏറ്റു് പറഞ്ഞു് മാപ്പിരക്കേണ്ടവരാണു്. അതിനു് പകരം അതെല്ലാം തിരികെ പിടിക്കാനെന്ന പേരില്‍ ഉത്സവ തട്ടിപ്പുകള്‍ അരങ്ങേറുകയും പല വിഷയങ്ങളുടേയും പേരില്‍ സര്‍വ്വ കലാശാലകള്‍ മുളപ്പിക്കുകയും ചെയ്യുന്നു.

ഈ സര്‍വ്വകലാശാല എന്ന ആശയത്തിന്റെ പിന്നിലുള്ള സങ്കല്പം മലയാളത്തിന്റെ ഭാവിയ്ക്കു് ഭാഷാ വിദഗ്ദ്ധരുടെ മുന്‍കൈ മാത്രം മതി എന്നതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസനത്തിനു് ICFOSS എന്നു് മുന്‍ സര്‍ക്കാരിന്റെ കാലത്തു് ഐടി വകുപ്പും ഐടി മിഷനും കണ്ടതു് പോലെ തന്നെയാണിതും. യഥാര്‍ത്ഥത്തില്‍ വേണ്ടതു് സമഗ്ര സമീപനമാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് ഭാഷയിലും സാങ്കേതിക വിദ്യയിലും ഉല്പാദനത്തിലും വിതരണത്തിലും ഉല്ലാസത്തിലും ഉപഭോഗത്തിലും പങ്കുള്ളതു് പോലെ ഭാഷയ്ക്കു് വിവര സാങ്കേതിക വിദ്യയിലും മറ്റെല്ലാ മേഖലകളിലും പങ്കുണ്ടു്. സര്‍വ്വകലാശാലകളും കച്ചവട സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്നതിന്റെ കെടുതിയാണിതു്.

എസ്എംസി മലയാളം ഭാഷോപകരണങ്ങളുടെ രംഗത്തു് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്. വളരെ വ്യക്തമായ പല ധാരണകളും രൂപപ്പെടുത്തിയിട്ടുണ്ടു്. വളരെ ശക്തമായ നിലപാടെടുത്തിട്ടുമുണ്ടു്. എന്നിട്ടും ആസ്ഥാന വിദഗ്ദ്ധരും ഭാഷാ സമൂഹവും വിവര ദോഷം മാത്രം പറയുകയും കാണിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഭാഗത്തു് നിന്നു് ഒട്ടൊരു വികാര വിക്ഷോഭം ഉണ്ടാകുന്നതു് സ്വാഭാവികം മാത്രമാണു്. ഇത്ര കാലമായിട്ടും ഇക്കാര്യം ശ്രദ്ധിക്കാനും പഠിക്കാനും നമ്മുടെ ഭരണ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭാഷാ വിദഗ്ദ്ധര്‍ക്കും കഴിയാതെ പോയി എന്നു് വിശ്വസിക്കാനാവില്ല. അറിവില്ലായ്മ, അറിയാനുള്ള അവസരം കിട്ടാതെ പോകുന്നതു് മൂലമായാല്‍ കുറ്റകരമല്ല. പക്ഷെ, അറിഞ്ഞിട്ടും പഠിക്കാതിരിക്കുന്നതു് അഹങ്കാരമാണു്, ക്ഷമയോ മാപ്പോ അര്‍ഹിക്കുന്നതുമല്ല.

ഏതായാലും ഈ മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സ് കേരള ഭരണത്തിന്റേയും കേരള നിയമനിര്‍മ്മാണ സഭയുടേയും ഗവര്‍ണ്ണറുടേയും ധാരണകളിലേയ്ക്കും നിലപാടുകളിലേയ്ക്കും സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നതിനു് അവസരം ഒരുക്കിയിരിക്കുന്നു.

മലയാളം ആധുനികമാക്കാന്‍ ലിപി പരിഷ്കരണമോ ഭാഷാ പരിഷ്കരണമോ അല്ല വേണ്ടതു് എന്നകാര്യം അറിയാത്തവരാണു് ഈ ഓര്‍ഡിനന്‍സിറക്കിയ കേരള ഭരണം നയിക്കുന്നതു് എന്നതു് കേരളീയര്‍ക്കും മലയാളത്തിനും ഭൂഷണമായില്ല.

ഭാഷയും ലിപിയും സാങ്കേതിക വിദ്യയ്ക്കു് വഴങ്ങണമെന്ന കാഴ്ചപ്പാടു് ഭാഷയെ വികലമാക്കും. ഇതു് അടിമ ബോധത്തില്‍ നിന്നുരുത്തിരിയുന്ന കാഴ്ചപ്പാടാണു്. ഈ അടിമത്തം സാങ്കേതിക വിദ്യയോടായാലും ഇംഗ്ലീഷിനോടായാലും നമ്മുടെ ഭരണാധികാരികള്‍ മാപ്പര്‍ഹിക്കുന്നില്ല. മറിച്ചു്, സാങ്കേതിക വിദ്യ എന്നു് പറയുന്നതു് തന്നെ ശാസ്ത്രത്തിന്റെ പ്രത്യേക രംഗങ്ങളിലെ പ്രയോഗമെന്ന നിലയില്‍ ഭാഷയ്ക്കു് വഴങ്ങാന്‍ നിര്‍ബ്ബന്ധിതമാണു്. ആവശ്യമായ സങ്കേതങ്ങള്‍ കണ്ടെത്തുകയോ വികസിപ്പിക്കുകയോ ചെയ്യുക എന്നതാണു് സമൂഹം ചെയ്യേണ്ടതു്. അല്ലാതെ ആരെങ്കിലും ഉണ്ടാക്കിയ ഉപകരണങ്ങള്‍ക്കു് നമ്മുടെ ഭാഷയെ പരുവപ്പെടുത്തുകയല്ല. എത്രയോ വര്‍ഷമായി നമ്മള്‍ മലയാളം അതിന്റെ എല്ലാ തനിമയോടെയും കമ്പ്യൂട്ടറില്‍ ഉപയോഗിച്ചു് പോരുന്നു. സാങ്കേതിക വിദ്യാ കച്ചവടക്കാരാണു് ഭാഷയെ വികലമാക്കി തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ നേടാനായി തെറ്റായ ഉപദേശം നല്‍കുന്നതു്. ആണവ ചില്ലിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ താല്പര്യം സംരക്ഷിക്കാനായി കുഴപ്പമുണ്ടാക്കിയതു് ഉദാഹരണം. (യുണീകോഡ് കണ്‍സോര്‍ഷ്യത്തില്‍ മലയാളത്തിനു് പ്രാതിനിധ്യമില്ലെന്നതു് മറ്റൊരു പ്രശ്നം.)

ഭരണാധികരികള്‍ക്കു് ആവശ്യമായ ഉപദേശം കിട്ടാതെ പോയതു് കൊണ്ടാണു് ഇങ്ങിനെ ഉണ്ടായതെന്നു് ഇനിയെങ്കിലും പറയാതിരിക്കാന്‍ ഭരണാധികാരികള്‍ക്കു് മൊത്തത്തില്‍ ഒരു നിവേദനം തയ്യാറാക്കി കൊടുക്കേണ്ടതുണ്ടു്. അതില്‍ വിവര സാങ്കേതിക വിദ്യ ഭരണരംഗത്തും ആസൂത്രണത്തിലും ഭാഷാവികസനത്തിലും ഒരുക്കുന്ന സാധ്യതകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മേന്മകളും സാധ്യതകളും ഭാഷാ വികസനത്തിനാവശ്യമായ നടപടികള്‍, അവ നടപ്പാക്കാനാവശ്യമായ മൂര്‍ത്തമായ പരിപാടികള്‍, നടപ്പാക്കുന്നതില്‍ സഹകരണത്തിന്റേയും ജന പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റേയും ആവശ്യകത തുടങ്ങിയവ ഉണ്ടായിരിക്കണം.

എസ് എം സി യോ ഡിഎകെഎഫോ മുന്‍കൈ എടുക്കണം. എല്ലാവരും സഹകരിക്കണം. കരടു് പ്രസിദ്ധീകരിച്ചു് ചര്‍ച്ചയിലൂടെ പുഷ്ടിപ്പെടുത്തി സമയ ബന്ധിതമായി അധികാരികള്‍ക്കു് ഓണ്‍ലൈനായും അച്ചടിച്ചും കൊടുക്കണം. പൊതു ചര്‍ച്ചയ്ക്കും വിടണം.

ജോസഫ് തോമസ്.

No comments:

Blog Archive