Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Saturday, May 5, 2012

ഭരണ നിര്‍വ്വഹണം കോര്‍പ്പറേറ്റുകള്‍ക്കു് ആകാമെങ്കില്‍ എന്തു് കൊണ്ടു് ജനങ്ങള്‍ക്കതായിക്കൂടാ ?



ധന മൂലധനാധിപത്യത്തില്‍ ഭരണ കൂട നടത്തിപ്പു് കോര്‍പ്പറേറ്റുകള്‍ക്കു് ഏല്പിച്ചു് കൊടുക്കപ്പെടുകയാണു്. അതിനു് ബദലാകട്ടെ, ഭരണ കൂടം ജനങ്ങള്‍ പിടിച്ചെടുത്തു് ജനങ്ങള്‍ നേരിട്ടു് സമൂഹത്തിന്റെ മാനേജ്മെന്റു് നടത്തുകയാണു്. അതു് സാധ്യമാണെന്നും അടിയന്തിരമാണെന്നും അനിവാര്യമാണെന്നും കോര്‍പ്പറേറ്റുകളുടെ ഭരണ കൂട കയ്യേറ്റം തന്നെ തെളിയിക്കുന്നു.

അടുത്തിട വന്ന ചില വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

1. ഇന്ത്യയില്‍ ഐടി ആക്ടിന്റെ മറവില്‍ നിര്‍മ്മിച്ചു് പുറത്തിറക്കിയ ഐടി ചട്ടം 2011, ഉള്ളടക്ക പരിശോധന നടത്താനുള്ള ഭരണ കൂടത്തിന്റെ ഉത്തരവാദിത്വം ഐടി സേവനം നല്‍കുന്ന മധ്യവര്‍ത്തികളെ ഏല്പിക്കുന്നു. (പരിശോധനയുടെ വ്യാപ്തിയും അനുവദനീയമല്ലാത്ത ഉള്ളടക്കത്തിന്റെ വ്യാപിതിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നതും അവ നിയമത്തേയും ഭരണ ഘടനാ വ്യവസ്ഥകളേയും ലംഘിക്കുന്നു എന്നതും മറ്റൊരു വിഷയം)

2. മാല്‍ വെയര്‍ (വൈറസും മറ്റും) സൃഷ്ടിക്കുന്ന ക്രിമിനല്‍ സ്ഥാപനങ്ങളെ മൈക്രോസോഫ്റ്റ് കമ്പനി ഓണ്‍ലൈനായി റെയ്ഡ് നടത്തുകയും തുടര്‍ന്നു് കോടതി ഉത്തരവിന്റേയും കോടതി മാര്‍ഷലുകളുടേയും പിന്‍ബലത്തോടെ നേരിട്ടുള്ള റെയ്ഡ് നടത്തി ഹാര്‍ഡ് വെയറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.

3.  ആഭ്യന്തര മന്ത്രി ചിദംബരം നാസ്കോമിനു് സൈബര്‍ സുരക്ഷയുടെ ചുമതല ഏല്പിച്ചു് കൊടുക്കുന്നതിനേക്കുറിച്ചു് വാചാലനായിരിക്കുന്നു.

മേല്പറഞ്ഞ വാര്‍ത്തകളെല്ലാം ഭരണ നിര്‍വ്വഹണാധികാരം ഐടി കോര്‍പ്പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്നതിന്റെ സൂചനകളാണു് നല്‍കുന്നതു്. ധന മൂലധന കുത്തകകള്‍ക്കു് പൊതു മേഖലാ ആസ്തികള്‍, പ്രകൃതി വിഭവങ്ങള്‍, ബഡ്ജറ്റു് സഹായം തുടങ്ങി നേരിട്ടു് കൈമാറുന്നതിന്റേയും ചെറുകിട-ഇടത്തരം സംരംഭകരേയും കര്‍ഷകരേയും സ്വത്തുടമകളേയും കൊള്ളയടിക്കാനുള്ള ഭരണ കൂട ഒത്തശകളുടേയും വിവരം നമുക്കു് ധാരാളം ലഭ്യമായി പോന്നിട്ടുള്ളതാണു്. ഇന്നത്തെ ഘട്ടം, ജനാധിപത്യം ഔപചാരികമായി നിലനിര്‍ത്തിക്കൊണ്ടു്, ഭരണ കൂടത്തിന്റെ നിയന്ത്രണം തന്നെ മൂലധന കുത്തകകളെ ഏല്പിക്കുന്നതിന്റേതാണു്.

ഐടി വികസനത്തിന്റേയും പ്രയോഗത്തിന്റേയും കഴിഞ്ഞ കാല ചരിത്രം പരിശോധിച്ചാല്‍ ഇ-ഭരണം (സര്‍ക്കാരിലും സ്ഥാപനങ്ങളിലും) ഐടി കുത്തകകള്‍ ഏറ്റെടുക്കുകയും രാഷ്ട്രീയ ഭരണാധികാരികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥാപന മേധാവികളും (എത്ര ഉന്നതരും) ഐടി കുത്തകകളുടെ വരുതിക്കു് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാകുകയും ചെയ്തു് വരുന്നതായി കാണാം. ഇതു് സാങ്കേതിക പ്രധാനമായ പ്രവര്‍ത്തനമായതിനാല്‍ അങ്ങിനെയേ കഴിയൂ എന്ന ഒഴിവു് കഴിവു് പല മൂലകളില്‍ നിന്നും കേള്‍ക്കാം. ചുരുക്കത്തില്‍ ഭരണവും സ്ഥാപന നടത്തിപ്പും കമ്പോള നിയന്ത്രണവും എല്ലാം കുത്തക ഐടി സ്ഥാപനങ്ങളില്‍ (ധന മൂലധന കുത്തകകളില്‍) കേന്ദ്രീകരിക്കുകയാണു് ചെയ്തു് വരുന്നതു്.

ഇതിനെതിരെ വ്യക്തികളായ രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും മാനേജര്‍ മാരിലും ഉടലെടുത്ത രോഷാഗ്നിയാണു് നാളിതു് വരെ ഐടി വ്യാപനത്തിനു് തടസ്സമായി നില നിന്നിരുന്നതു്. ഇന്നും തടസ്സമായി നിലനല്‍ക്കുന്നതും അതാണു്. തൊഴില്‍ നഷ്ടത്തിന്റെ പേരില്‍ ആദ്യ കാലത്തു് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്‍ത്ത തൊഴിലാളികളെ അന്നു് കളിയാക്കുകയും ഭത്സിക്കുകയും ചെയ്ത ഭരണ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാനേജര്‍മാരും കഴിഞ്ഞ രണ്ടു് പതിറ്റാണ്ടായി യാതൊരു ഒച്ചപ്പാടും ബഹളവും കൂട്ടാതെയും മാധ്യമ ശ്രദ്ധയിലെത്താതെയും ഐടി പ്രയോഗം തടഞ്ഞു് നിര്‍ത്തുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണു് മന്ത്രിസഭയോ നിയമ നിര്‍മ്മാണ സഭയോ വകുപ്പുകളോ ഉദ്യോഗസ്ഥ പ്രമുഖരോ ഒന്നും അറിയാതെയും സമ്മതം മൂളാതെയും യുഐഡി പദ്ധതി നടപ്പാക്കാന്‍ ധന മൂലധനത്തിന്റെ ഏറ്റവും ഉറ്റ തോഴനായ മന്‍മോഹന്‍ സിങ്ങു് ഐടി കുത്തകകളുടെ മാനസ പുത്രനായ നന്ദന്‍ നിലേക്കനിയെ ഏല്പിച്ചു് കൊടുത്തതു്. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലും അവ നയിക്കുന്ന മന്ത്രിമാര്‍ തമ്മിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

പക്ഷെ, ധന മൂലധന വ്യവസ്ഥയും അതിലൂടെ മുതലാളിത്തവും നില നില്‍ക്കണമെങ്കില്‍ ഈ പ്രക്രിയയിലൂടെ കടന്നു് പോകുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ലെന്ന തിരിച്ചറിവിലേയ്ക്കു് മൂലധനാധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്നവര്‍ എത്തിച്ചേരുകയാണു്. അതാണു് ആധാറിനെ എതിര്‍ത്ത ചിദംബരം വരെ നാസ്കോം പദ്ധതിക്കു് അനുകൂലമായി പറഞ്ഞു് തുടങ്ങിയിരിക്കുന്നതു്.

ചുരുക്കത്തില്‍, കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ വിവര സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചു് നേരിട്ടു് ഭരണം നിയന്ത്രിക്കുന്ന പുതിയൊരു കോര്‍പ്പറേറ്റു് ഭരണകൂട മാതൃകയിലേയ്ക്കുള്ള മാറ്റമാണിവിടെ നടക്കുന്നതു്. ഭരണ കൂടത്തിന്റെ വിവിധ വിഭാഗങ്ങളുടെ ജനാധിപത്യപരവും ഭരണ ഘടനാധിഷ്ഠിതവുമായ ഉള്ളടക്കത്തെ തികച്ചും കോര്‍പ്പറേറ്റു് ഭരണ നിര്‍വ്വഹണ രീതി കൊണ്ടു് മാത്രമല്ല, കോര്‍പ്പറേറ്റു് ധനാധിപത്യ താല്പര്യം കൊണ്ടും കൂടി പകരം വെയ്ക്കപ്പെടുകയാണു്. അതായതു് ജനാധിപത്യം ഉപയോഗിച്ചു് ധന മൂലധനാധിപത്യം നടപ്പാക്കുകയാണു്. ഇതില്‍ ജനാധിപത്യ സ്ഥാപനങ്ങളുടേയും ജന പ്രതിനിധികളുടേയും രാഷ്ട്രീയക്കാരുടേയും പങ്കു് കോര്‍പ്പറേറ്റു് നിര്‍ദ്ദേശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ഭരണ ഘടനയുടേയും ജനങ്ങളുടേയും മേലൊപ്പു് വെയ്ക്കുക എന്നതു് മാത്രമാണു്. ഭരണ ശൃംഖല കൈകാര്യം ചെയ്യുന്ന ഐടി കുത്തകകള്‍ പറയുന്നിടത്തു് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒപ്പിട്ടേ തീരൂ. കാരണം അവരാരും ഈ സാങ്കേതിക വിദ്യ പഠിച്ചിട്ടില്ല. കഴിഞ്ഞ കാലത്തു് പഠിക്കാന്‍ വിസമ്മതിച്ചതു് കൊണ്ടാണീ സ്ഥിതി ഉണ്ടായതു്.

പാര്‍ലമെണ്ടറി ജനാധിപത്യം (മുതലാളിത്ത ജനാധിപത്യം) വികസിച്ചതു് എഴുത്തും വായനയും ജനങ്ങളാകെ പഠിച്ചതു് കൊണ്ടാണു്. ആ സാങ്കേതിക വിദ്യ പഠിച്ചു് ഉപയോഗിച്ചതിലൂടെയാണു്. അത്രയേറെ ബുദ്ധിമുട്ടു് ഈ പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ ആവശ്യമില്ല എന്നതാണു് വസ്തുത. പക്ഷെ, മുതലാളിത്ത തന്ത്രത്തിനു് നിന്നു് കൊടുക്കാന്‍ സമ്മതമുള്ളവരും അല്ലാത്തവരും ഈ കാര്യത്തില്‍ ഒരേ പോലെ പിന്നോട്ടു് പോയി. ഒരു വശത്തു്, നിവിലുള്ള വ്യവസ്ഥ നിലനിര്‍ത്തണമെങ്കില്‍, ഇന്നു് സാമ്രാജ്യത്വത്തിനു് വിധേയമായി പ്രവര്‍ത്തിക്കുക എന്ന ഒറ്റ മാര്‍ഗ്ഗം മാത്രമേ ഉള്ളു എന്ന സ്ഥിതി ഉരുത്തിരിഞ്ഞിരിക്കുകയാണു്. അതിനു് ജനങ്ങള്‍ പൊതുവെ തയ്യാറാകില്ല. സാമ്രാജ്യത്വത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നവര്‍ കേവലം 1% ലും താഴെയേ വരൂ. മറുവശത്തു്, സാമ്രാജ്യത്വ ധന മൂലധന താല്പര്യത്തിനെതിരെ പൊരുതണമെങ്കില്‍ ആധികാരം ജനങ്ങള്‍ ഏറ്റെടുക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ലെന്നു് വന്നിരിക്കുന്നു. ചുരുക്കത്തില്‍, 99% വും വ്യവസ്ഥാ മാറ്റത്തെ അനുകൂലിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന സാഹചര്യം ഉരുത്തിരിയുകയാണു്. വ്യവസ്ഥാമാറ്റം അനിവാര്യമായി തീരുന്നു.

കോര്‍പ്പറേറ്റു് തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഭരണ രാഷ്ട്രീയത്തിലെ ഏതാനും ഉന്നതരും ചേര്‍ന്ന കൂട്ടുകെട്ടാണു് ധന മൂലധനാധിപത്യത്തില്‍ രാഷ്ട്ര ഭരണം നിയന്ത്രിക്കുന്നതെന്നു് കുറേക്കാലമായി നാം കാണുന്നു. ഇന്നു് അതിനെ വ്യവസ്ഥാപിതമാക്കുകയാണു് വിവര സാങ്കേതിക വിദ്യാ കുത്തകകള്‍ക്കു് ഭരണ നിര്‍വ്വഹണം ഏല്പിച്ചു് കൊടുക്കുന്നതിലൂടെ നടക്കുന്നതു്. അവരുപയോഗിക്കുന്ന സാങ്കേതിക വിദ്യ രഹസ്യമാക്കി വെച്ചു് പോന്നു. ബഹു ഭൂരിപക്ഷം ഐടി വിദഗ്ദ്ധരും "തത്തമ്മേ പൂച്ച പൂച്ച" എന്ന പോലെ ഉരുവിട്ടു് പഠിച്ചതല്ലാതെ സാങ്കേതിക കഴിവു് നേടിയവരല്ല. അവരെ ശമ്പളത്തിനുപയോഗിക്കാം. നിയന്ത്രണം ധന മൂലധന കുത്തകകളില്‍ നിലനിര്‍ത്താം. ജനാധിപത്യം ആഗ്രഹിക്കുന്നവരെല്ലാം ഇതിനെ എതിര്‍ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു.

പക്ഷെ, ബദല്‍ മാര്‍ഗ്ഗമെന്തു് ?

വിവര സാങ്കേതിക വിദ്യയേ വേണ്ട എന്നാണോ ?

അതോ, മറ്റു് മാര്‍ഗ്ഗമില്ലെന്നു് ധരിച്ചു്, ധനമൂലധനാധിപത്യം ഉറപ്പിച്ചെടുക്കുന്ന ഈ ജനദ്രോഹ വ്യവസ്ഥയ്ക്കു് മേല്‍ അവര്‍ കല്പിച്ചു് തരുന്ന ആനുകൂല്യങ്ങള്‍ പറ്റി ജനങ്ങളെ കൊള്ളയടിക്കാന്‍ തുടര്‍ന്നും നിന്നു് കൊടുക്കുകയാണോ ?

അതുമല്ല, വിപ്ലവത്തിലൂടെ ഈ വ്യവസ്ഥ മാറ്റി അധികാരം ഏറ്റെടുത്ത ശേഷം മാത്രം ഇക്കാര്യമെല്ലാം ചിന്തിക്കുകയും പഠിക്കുകയും ചെയ്താല്‍ മതി എന്ന ധാരണയോടെ ആലസ്യത്തിലാണ്ടു് കഴിയുകയും ധനമൂലധനാധിപത്യത്തിനു് നിന്നു് കൊടുക്കുകയുമാണോ ?



ആ വിപ്ലവം നടക്കണമെങ്കില്‍ തന്നെ അതു് സാദ്ധ്യവും ഭാവി ആശാവഹവുമാണെന്നു് ജനങ്ങള്‍ക്കു് തോന്നണം. അതിനാവശ്യമായ സാദ്ധ്യവും സ്വീകാര്യവുമായ ബദലുകള്‍ ജനങ്ങളുടെ മുമ്പില്‍ വെയ്ക്കണം. അതുണ്ടെങ്കില്‍ തന്നെ രഹസ്യമായി സൂക്ഷിച്ചിട്ടു് കാര്യമില്ല.



വിജ്ഞാനത്തിന്റെ മേഖലയില്‍, കഴഞ്ഞ ആറു് നൂറ്റാണ്ടില്‍, ഭാഷ - സംസാരവും എഴുത്തും വായനയും - ജനകീയമാക്കിയതു് പോലെ ഇന്നത്തെ ഘട്ടത്തിലെ വിവര സാങ്കേതിക വിദ്യയും ജനകീയമാക്കണം. അതിനായി പഠിക്കാന്‍ സാദ്ധ്യത ഒരുക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എല്ലാവരും ഉപയോഗിക്കുകയും പഠിക്കുകയും വേണം. അതുപയോഗിച്ചു് കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള സങ്കേതങ്ങളെ അപ്രസക്തമാക്കാം.

രാഷ്ട്രീയമായി, ഭരണ കൂടാധികാരം കോര്‍പ്പറേറ്റുകള്‍ക്കല്ല, ജനങ്ങള്‍ക്കാണു് കൈമാറേണ്ടതെന്ന മുദ്രാവാക്യം ഉയര്‍ത്തണം. അതു് ഏതെങ്കിലും പാര്‍ടിക്കല്ല. മറിച്ചു് ജനങ്ങള്‍ക്കാണു് കൈമാറപ്പെടേണ്ടതു്. അതു് ആരെങ്കിലും ദാനം നല്‍കുകയല്ല. മറിച്ചു് ജനങ്ങള്‍ പിടിച്ചെടുക്കുകയാണു് വേണ്ടതു്. അതിലേയ്ക്കാണു് ലോകം നീങ്ങുന്നതു്. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. ഇന്നു് നിലവിലുള്ള കോര്‍പ്പറേറ്റു് ഭരണവും കോര്‍പ്പറേറ്റു് ആസൂത്രണവും കോര്‍പ്പറേറ്റു് നിയന്ത്രിത കമ്പോളവും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് എളുപ്പത്തില്‍ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കാന്‍ ജനങ്ങള്‍ക്കു് കഴിയും. അമിത കേന്ദ്രീകരണത്തിന്റെ മുന്‍കാലാനുഭവങ്ങള്‍ ജനങ്ങളെ ആശങ്കപ്പെടുത്തേണ്ടതില്ല. ഇവിടെ വിവര സാങ്കേതിക വിദ്യയുടെ സുതാര്യത, ചടുലത തുടങ്ങിയ സിദ്ധികള്‍ കേന്ദ്രീകരണത്തിനും സ്വജന പക്ഷപാതത്തിനും മറുപടിയാണു്.

അധികാരം ജനങ്ങള്‍ക്കു്.

ആയുധമേന്തിയ ജനങ്ങള്‍.

ജനകീയ പോലീസും പട്ടാളവും.

ജനകീയാസൂത്രണം.

ജനകീയ നിയന്ത്രണത്തിലുള്ള കമ്പോളം.

ഉല്പാദനത്തിന്റേയും വിതരണത്തിന്റേയും ഉപഭോഗത്തിന്റേയും സമഗ്രമായ ആസൂത്രണം

ജനകീയ ഭരണ നിര്‍വ്വഹണം.

തത്സമയ സേവനങ്ങള്‍

തത്സമയ പരാതി പരിഹാരം

ജനകീയ വികസന പദ്ധതികള്‍.

ജനകീയ പരിശോധനാ സംവിധാനങ്ങള്‍.

ജനകീയ കോടതികള്‍.

തത്സമയ നീതി.

ജനകീയ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍.

ജനകീയ കായികാരോഗ്യ പ്രവര്‍ത്തനങ്ങള്‍

ജനകീയ വിദ്യാഭ്യാസം

ജനകീയാരോഗ്യ വ്യവസ്ഥ



മിഥ്യാ സമ്പദ്ഘടനയുടെ (Virtual Economy) എല്ലാ രൂപങ്ങളും തകര്‍ത്തു് ആവശ്യമായ ആശയോപകരണങ്ങളും വ്യവസ്ഥകളും ജനകീയമായി യഥാര്‍ത്ഥ സമ്പദ്ഘടനയുമായി ഉള്‍ഗ്രഥിക്കപ്പെടും.



പണിയെടുക്കുന്നവരുടെ നാളുകളായിരിക്കും. അവര്‍ പണിയെടുക്കും. അവര്‍ മുന്‍കൈയ്യെടുക്കും. അവര്‍ സമൂഹത്തെ സ്വയം നയിക്കും.

മേല്പറഞ്ഞതെല്ലാം അരാജകത്വം വരുത്തിവെയ്ക്കുമെന്ന മൂലധന-കോര്‍പ്പറേറ്റു് കാഴ്ചപ്പാടുകള്‍ ജനങ്ങളേറ്റെടുക്കേണ്ടതില്ല. കോര്‍പ്പറേറ്റുകള്‍ ഉന്നയിക്കുന്ന ഭീകരവാദ-അരാജകവാദ ഭീഷണി ശരിയെന്നു് തെളിയിക്കാനായി ചില അരാജകവാദികള്‍ രംഗത്തുണ്ടെന്നതു് മേല്പറഞ്ഞ ജനകീയ ബദല്‍ മുന്നോട്ടു് വെയ്ക്കുന്നതിനു് തടസ്സമായിക്കൂടാ. ഭീകരവാദവും-അരാജകവാദവും കോര്‍പ്പറേറ്റ് സൃഷ്ടികളാണു്. അവ നേരിടുന്നതില്‍ നിലവിലുള്ള കേന്ദ്രീകൃത ഭരണ കൂടം പരാജയപ്പെട്ടിരിക്കുകയാണു്. ആയൂധമേന്തിയ ജനങ്ങള്‍ക്കു് അതു് നിഷ്പ്രയാസം കൈകാര്യം ചെയ്യാനാവും. സ്വാതന്ത്ര്യമെന്നതു് അരാജകത്വത്തിന്റെ ബദലാണു്. ഭീകരവാദത്തിന്റേയും ബദലാണു്. അടിച്ചമര്‍ത്തലും ചൂഷണവും അരാജകത്വവും ഭീകരവാദവും ഇല്ലാത്തിടത്തേ സ്വാതന്ത്ര്യം ഉണ്ടാവൂ. സ്വാതന്ത്ര്യം ഒരിക്കലും അരാജകത്വത്തിനു് വഴിവെയ്ക്കില്ല. അരാജകത്വവും ഭീകര പ്രവര്‍ത്തനവും അമിതാധികാരത്തിന്റെ കൂടെപ്പിറപ്പാണു്.

സ്വയം ആയുധമേന്തിയ (ബൌദ്ധികവും ഭൌതികവും) ജനങ്ങള്‍ ഇന്നു് സാദ്ധ്യമാണു്.

ഭരണ കൂടം കൊഴിഞ്ഞു് പോകുന്നതിനേക്കുറിച്ചു് മാര്‍ക്സു് പറഞ്ഞതു് ശരിയും സാധ്യവും അനിവാര്യവുമാണെന്നു് ഇന്നു് കൂടുതല്‍ കൂടുതല്‍ തെളിയിക്കപ്പെടുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടില്‍ ക്രമാനുഗതമായി നടന്ന (എണ്ണത്തിലുണ്ടായ മാറ്റം) ജനാധിപത്യ വികാസം, ജനകീയ ഇടപെടലുകള്‍, ജനകീയ വിദ്യാഭ്യാസം ഇന്നു് കുതിച്ചു് ചാട്ടത്തിനു് (ഗുണപരമായ മാറ്റത്തിനു്) സാഹചര്യം ഒരുക്കിയിരിക്കുന്നു. ക്രമാനുഗത മാറ്റങ്ങളെ മൂലധനാധിപത്യം തടഞ്ഞതു് മൂലം അതിന്റെ ഗുണ ഫലം ജനകീയമായി ലഭിക്കാതെ പോകുകയാണുണ്ടായതു്.

അതു് ലഭ്യമാകാന്‍ ജനങ്ങള്‍ സംഘടിതമായി ഇടപെടുന്ന വിപ്ലവം അനിവാര്യമായിരിക്കുന്നു.

മൂലധന കുത്തകാധിപത്യ കേന്ദ്രീകരണത്തിനു് ബദല്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമാണു്. പക്ഷെ, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഇന്നു് തന്നെ 99% ജനങ്ങളുടേയും സര്‍വ്വാധിപത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്നതു് സംഘടിത തൊഴിലാളികളുടെ സര്‍വ്വാധിപത്യമല്ല. തീര്‍ച്ചയായും അവര്‍ മുന്നണി പോരാളികളാണു്. അവര്‍ക്കാണു് ആ കടമ നിര്‍വ്വഹിക്കാനാവുക. മറ്റുള്ളവരെ മുമ്പോട്ടു് കൊണ്ടുവരാന്‍ അവര്‍ക്കാണു് കഴിയുക. അവരുടെ പേരില്‍ ധന മൂലധനാധിപത്യത്തിന്റെ ഭരണ കൂടോപകരണങ്ങള്‍ തുടരുക എന്നതല്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം മുഴുവന്‍ പണിയെടുക്കുന്നവരുടേയും ഭരണമാണു്. ഇന്നത്തെ പ്രാതിനിധ്യ ജനാധിപത്യവുമായി അതിനു് വിദൂര ബന്ധങ്ങള്‍ മാത്രമേ ഉണ്ടാവൂ. അതു് നേരിട്ടുള്ള ജനാധിപത്യമാണു്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉള്ളടക്കം ആശയപരമായും ഭൌതികമായും ആയുധല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ആധിപത്യമാണു്. അവരെ തൊഴിലാളികളെന്നു് വിളിക്കുക പോലും ശരിയല്ല. കാരണം അന്നു് മുതലാളി ഉണ്ടാവില്ല. ആരുടേയും കൂലി അടിമകളല്ല അന്നത്തെ ജനങ്ങള്‍. അവര്‍ യഥാര്‍ത്ഥ സംരംഭകരാണു്. സാമൂഹ്യ പുരോഗതിക്കായി മുന്‍കൈയ്യെടുക്കുന്നവരാണു്. സമൂഹാവശ്യങ്ങള്‍ നിറവേറ്റാനായി ഉല്പാദനം സംഘടിപ്പിക്കുന്നവരാണു്. വിതരണം നടത്തുന്നവരണു്. കാര്യ നിര്‍വ്വഹണം നടതക്തുന്നവരാണു്. ആസൂത്രണം നടത്തുന്നവരാണു്.

അധികാരം കോര്‍പ്പറേറ്റുകളുടെ കയ്യില്‍ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള, കോര്‍പ്പറേറ്റു്-ഉദ്യോഗസ്ഥ-രാഷ്ട്രീയ മേധാവികളുടെ കൂട്ടു് കെട്ടു് ഭരണം സ്ഥാപനവല്‍ക്കരിക്കുന്ന തരത്തിലുള്ള വിവര സാങ്കേതിക വിദ്യയുടെ പ്രയോഗം എതിര്‍ക്കപ്പെടണം, തടയപ്പെടണം. പകരം ജനകീയ ബദലുകള്‍ ഉയര്‍ത്തപ്പെടണം.

അധികാരം കോര്‍പ്പറേറ്റുകള്‍ക്കല്ല, ജനങ്ങള്‍ക്കാണു് കൈമാറപ്പെടേണ്ടതു്.

സംഘടിത തൊഴിലാളി വര്‍ഗ്ഗം ഈ മുദ്രാവാക്യം മുന്നോട്ടു് വെച്ചു് ജനങ്ങളെ സംഘടിപ്പിക്കണം.
ജോസഫ് തോമസ്.

No comments:

Blog Archive