Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, October 6, 2011

കുത്തക കമ്പനികളുടെ തട്ടിപ്പുകളും അവ മൂടിവെക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കും - ജെ. ഗോപീകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റു്, ദി പയനിയര്‍)



ആഹാരം കഴിക്കാനോ ഉറങ്ങാനോ വിസമ്മതിക്കുന്ന കുട്ടികളോടു് കുതിരപ്പുറത്തു് വരുന്ന കൊള്ളക്കാരേക്കുറിച്ചു് മുന്‍കാലത്തു് മുതിര്‍ന്നവര്‍ പറയുമായിരുന്നു. പക്ഷെ, ഇപ്പോള്‍, പകുതി വെന്തതോ സൌകര്യ പൂര്‍വ്വം നടപ്പാക്കപ്പെടുന്നതോ ആയ ഉദാരവല്‍ക്കരണമെന്നു് പറയപ്പെടുന്ന പരിപാടിയുടെ വരവോടെ, കഴിഞ്ഞ രണ്ടു് പതിറ്റാണ്ടുകളായി കുതിരകള്‍ കോടികളുടെ വിലമതിക്കുന്ന വാഹനങ്ങളോ സ്വകാര്യ ജെറ്റുകളോ ആയിരിക്കുന്നു. കുത്തക കമ്പനികള്‍ ധാതുക്കള്‍, വാതകം, സ്പെക്ട്രം തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്ന രീതി നോക്കൂ.

മുന്‍കാലങ്ങളില്‍, അഴിമതി കണ്ടു് പിടിക്കപ്പെടുമ്പോള്‍, കുറ്റാരോപിതരുടെ കൂട്ടത്തില്‍ മൂന്നു് കൂട്ടരായിരുന്നു കണ്ടിരുന്നതു്. സ്വാഭാവികമായി, ഒന്നു്, ഭരണത്തിലുള്ള രാഷ്ട്രീയക്കാരായിരുന്നു. എന്നാലിന്നു് പ്രതിപക്ഷത്തുള്ളവരും ആ ശൃംഖലയില്‍ ഉള്‍പ്പെടുന്നതായി കാണുന്നതു് സങ്കടകരവും ഞെട്ടിക്കുന്നതുമാണു്. അഴിമതി വെളിവാക്കപ്പെടാതിരിക്കാനായി പ്രതിപക്ഷത്തുള്ളവരേക്കുടി ആ ശൃംഖലയില്‍ പെടുത്തുക എന്നതു് പുതിയ രീതിയായിരുക്കുന്നു.

എയര്‍ ഇന്ത്യ, കെജി ബേസിന്‍ ഇടപാടുകളില്‍ നടന്ന നഗ്നമായ കൊള്ളയേക്കുറിച്ചുള്ള സിഏജി റിപ്പോര്‍ടുകള്‍ പാര്‍ലമെണ്ടില്‍ വന്നപ്പോള്‍ അത്തരം അവിശുദ്ധ ബന്ധങ്ങളുടെ ഉദാഹരണങ്ങളാണു് പുറത്തായതു്. ഈ രണ്ടു് റിപ്പോര്‍ടുകളും പാര്‍ലമെണ്ടിന്റെ മേശപ്പുറത്തു് വെച്ചതു് 2011 സെപ്തംബര്‍ 9 നു് പാര്‍ലമെണ്ടു് മണ്‍സൂണ്‍ സമ്മേളനം പിരിയുന്നതിനു് ഏതാണ്ടു് ഒരു മണിക്കൂര്‍ മുമ്പു് മാത്രമാണു്.

കെജി ബേസിന്‍ ഇടപാടിനേക്കുറിച്ചുള്ള സിഎജി റിപ്പോര്‍ടു് മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പു് എങ്ങിനെ രാജ്യത്തെ കൊള്ളയടിച്ചു എന്നും അത്തരം കൊള്ളയ്ക്കു് അധികാരത്തിലുള്ളവരുടെ ഒത്താശയും വെളിച്ചത്തു് കൊണ്ടുവരുന്നു. എയര്‍ ഇന്ത്യാ ഇടപാടിനേക്കുറിച്ചുള്ള സിഏജി റിപ്പോര്‍ടാകട്ടെ, മാനേജ് മെന്റും സര്‍ക്കാരിലുള്ളവരും കൂടി ചേര്‍ന്നു് ദേശീയ സ്ഥാപനത്തെ രോഗഗ്രസ്തമാക്കിക്കൊണ്ടു് ജെറ്റു് എയര്‍വേസിനേയും കിങ്ങ് ഫിഷറിനേയും എമിറേറ്റ്സിനേയും എങ്ങിനെ സഹായിച്ചു എന്നു് പുറത്തു് കൊണ്ടുവന്നു. അനാവശ്യമായി 111 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യാ ഗവണ്മേണ്ടു് അനുവദിച്ചപ്പോള്‍ ബോയിങ്ങു് കമ്പനി എങ്ങിനെ വന്‍ നേട്ടമുണ്ടാക്കി എന്നും അതു് തുറന്നു് കാണിക്കുന്നു. ഈ രാജ്യത്തു് ഇടതു് പക്ഷമൊഴികെ പ്രതിപക്ഷത്തുള്ള നേതാക്കളില്‍ നിന്നു് നാം ഇക്കാര്യങ്ങളേക്കുറിച്ചു് വല്ല എതിര്‍പ്പും കേള്‍ക്കുകയുണ്ടായോ ? അണ്ണാ ഹസാരെ പ്രതിഷേധം ആരംഭിച്ച ശേഷം 'പാര്‍ലമെണ്ടിനാണു് പരമാധികാരം' എന്ന കൂട്ടായ അര്‍പ്പു് വിളി നാം പലപ്പോഴും കേള്‍ക്കുകയാണു്. നമ്മള്‍, ജനങ്ങളുണ്ടാക്കിയ ഭരണ ഘടനയ്ക്കാണു് പരമാധികാരമെന്ന കാര്യം അവര്‍ സൌകര്യപൂര്‍വ്വം അവഗണിക്കുകയാണു്.

പാര്‍ലമെണ്ടിനെ ബഹളത്തില്‍ മുക്കി ഈ നിര്‍ണ്ണായകവും സ്ഫോടനാത്മകവുമായ രണ്ടു് സിഏജി റിപ്പോര്‍ടുകളുടെ ചര്‍ച്ച ഒഴിവാക്കിയതു് പ്രതിപക്ഷത്തുള്ള ചിലരും സര്‍ക്കാരിലെ സ്ഥിരം അഴിമതിക്കാരും തമ്മിലുള്ള രഹസ്യ ഇടപാടു് വെളിവാക്കുന്നു. 2ജി സ്പെക്ട്രം അഴിമതിയേക്കുറിച്ചുള്ള സിഏജി റിപ്പോര്‍ടു് പാര്‍ലമെണ്ടില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയതും അതു് മൂലം അതിനേക്കുറിച്ചുള്ള പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി റിപ്പോര്‍ടു് ചീറ്റിപ്പോയതും നാം കണ്ടു. കുത്തക കമ്പനികള്‍ എങ്ങിനെയാണു് പാര്‍ലമെണ്ടു് ചര്‍ച്ച നിയന്ത്രിക്കുന്നതെന്നും ചില എംപിമാരെ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള പട്ടികയില്‍ നിന്നു് ഒഴിവാക്കുന്നതെന്നും നീരാ റാഡിയ ടേപ്പു് നമ്മോടു് പറയുന്നു. കെജി ബേസിന്‍ തര്‍ക്കവും വാതക വില നിശ്ചയിക്കുന്നതിനേക്കുറിച്ചുമുള്ള രാജ്യ സഭാ ചര്‍ച്ച തുടങ്ങിവെയ്ക്കേണ്ടിയിരുന്ന അരുണ്‍ ഷൂറി ഒഴിവാക്കപ്പെട്ടു. നീരാ റാഡിയയും ഉദ്യോഗസ്ഥനായി മാറിയ മുന്‍ രാജ്യ സഭാ എംപി എന്‍ കെ സിങ്ങും തമ്മിലുള്ള ചര്‍ച്ച എങ്ങിനെയാണു് പാര്‍ലമെണ്ടു് ചര്‍ച്ചകള്‍ കുത്തക കമ്പനികള്‍ നിയന്ത്രിക്കുന്നതെന്നു് വെളിവാക്കി. കെജി ബേസിന്‍ ഇടപാടിന്റെ ഉള്ളുകള്ളികള്‍ അരുണ്‍ ഷൂറി പുറത്താക്കുമെന്നു് ഭയന്നു്, ചര്‍ച്ച തുടങ്ങി വെയ്ക്കേണ്ടിയിരുന്ന അദ്ദേഹത്തെ അഞ്ചാം സ്ഥാനത്തേക്കു് മാറ്റി. അഞ്ചാമത്തെ പ്രാസംഗികന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു് വളരെ കുറച്ചു് സമയം മാത്രമാണു് ലഭിച്ചതു്. ബിജെപി നേതാവു് വെങ്കയ്യ നായിഡുവിനെ ചര്‍ച്ച നയിക്കാന്‍ ഏര്‍പ്പാടാക്കിയതെങ്ങിനെയെന്നു് നീരാ റാഡിയ ടേപ്പു് പറയുന്നു. പ്രതിപക്ഷ പാര്‍ടികളും എങ്ങിനെയാണു് അഴിമതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതു്. ഇതു് ജനാധിപത്യ സംവിധാനത്തിനു് അപകടം വരുത്തിവെക്കുന്ന കാര്യമാണു്. അഴിമതിക്കേസുകളില്‍ കുറ്റാരോപിതരായ രണ്ടാമത്തെ കൂട്ടര്‍ അഴിമതിക്കാരായ ഭരണക്കാര്‍ക്കു് വേണ്ടി അഴിമതി നടപ്പാക്കുകയോ നടപ്പാക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരാണു്. ചില കേസുകളില്‍ നിരപരാധികളേയോ പകരക്കാരേയോ ബലിയാടുകളാക്കി യഥാര്‍ത്ഥ കുറ്റവാളികള്‍ രംക്ഷപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടു്.

മൂന്നാമത്തെ കൂട്ടര്‍ കൈക്കൂലി കൊടുക്കുന്നവരാണു്. മുനിസിപ്പാലിറ്റി തലത്തിലെ ചെറുകിട കോണ്‍ട്രാക്ടര്‍മാര്‍ മുതല്‍ രാജ്യത്തിന്റെ പൊതു സമ്പത്തു് കൊള്ളയടിക്കുന്ന വന്‍ കുത്തക കമ്പനികള്‍ വരെ അക്കൂട്ടത്തിലുണ്ടു്.

എന്നാല്‍, 2ജി സ്പെക്ട്രം അഴിമതി, അപ്രതീക്ഷിതമായി, മറ്റു് രണ്ടു് കൂട്ടരുടെ പങ്കു് പുറത്തു് കൊണ്ടു് വന്നു. അതു് എങ്ങിനെയാണു് നീതിന്യായ രംഗത്തും മാധ്യമ രംഗത്തുമുള്ള ചിലര്‍ കുത്തക കമ്പനികളുടെ പൊതു മുതല്‍ കൊള്ളയില്‍ സഹകരിക്കുന്നതെന്നു് വെളിവാക്കി. കുത്തക മൂലധനാധിപതികളുടെ പണക്കൊഴുപ്പില്‍ മറ്റു് സ്ഥാപനങ്ങളൊക്കെ സ്വാധീനിക്കപ്പെടുമ്പോഴും ജനങ്ങള്‍ ആശ്രയമായി കരുതിയിരുന്ന നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും അഴിമതിയുടെ ഭാഗമായതു് ഖേദകരവും ദൌര്‍ഭാഗ്യകരവുമായ കാര്യമാണു്.

എങ്ങിനെയാണു് വിധിന്യായങ്ങള്‍ ഉണ്ടാക്കപ്പെടുന്നതെന്നു് നീരാ റാഡിയ ടേപ്പു് നമ്മോടു് പറയുന്നു. മദിരാശി ഹൈക്കോടതിയിലെ ജസ്റ്റിസ് രഘുപതിയുടെ മേല്‍ മുന്‍ കേന്ദ്ര മന്ത്രി എ രാജ സമ്മര്‍ദ്ദം ചെലുത്തിയ കേസില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സത്യം മൂടിവെച്ചതു് ഇന്ത്യന്‍ ജുഡീഷ്യറിയുടെ കറുത്ത അദ്ധ്യായമാണു്. ഇടക്കാലത്തു്, ഇന്ത്യന്‍ കോടതികള്‍ പൊതു താല്പര്യ ഹര്‍ജികള്‍ നിരസിക്കുന്ന പ്രവണത കാട്ടിയതു് കുത്തക കമ്പനികളുടെ പ്രകൃതി വിഭവ കൊള്ളയുടെ കാര്യത്തില്‍ വലിയ പ്രോത്സാഹനമായി ഭവിച്ചിട്ടുണ്ടു്. ഒരു ഘട്ടത്തില്‍, പൊതു താല്പര്യ ഹര്‍ജിക്കാരെ കുത്തക കമ്പനികളുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ നിന്നു് താക്കീതു് ചെയ്തു് കൊണ്ടു് വിലക്കുക പോലുമുണ്ടായി. ഏതായാലും, എസ് എഛ് കപാഡിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായതോടെ ഈ പ്രവണത ഏതാണ്ടു് പൂര്‍ണ്ണമായിത്തന്നെ തിരുത്തപ്പെട്ടിരിക്കുന്നു. ഭാഗ്യവശാല്‍, ഇന്ത്യന്‍ കോടതികളുടെ ഇക്കാര്യത്തിലുള്ള സമീപനം മാറുകയാണിപ്പോള്‍.

2ജി സ്പെക്ട്രം അഴിമതിയുടെ പ്രഭവ കേന്ദ്രം അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കും നീതിന്യായ വ്യവസ്ഥയിലെ അഴിമതിക്കാരായവര്‍ക്കും കുത്തക മൂലധനാധിപത്യവുമായുള്ള അവിശുദ്ധ ബന്ധമാണു്. ഇക്കാര്യത്തില്‍ ഏറ്റവും ഖേദകരവും ദൌര്‍ഭാഗ്യകരവുമായ ഭാഗം ഈ വന്‍ കൊള്ളയോടു് മാധ്യമ രംഗം ദീക്ഷിച്ച കുറ്റകരമായ മൌനമാണു്.

2007 ല്‍ ലേലം ഇല്ലാതെ, ആറു് വര്‍ഷക്കാലം മുമ്പത്തെ നിരക്കില്‍ അംബാനിയുടെ റിലയന്‍സിനും രത്തന്‍ ടാറ്റയുടെ ടാറ്റാ ടെലി സര്‍വ്വീസസിനും ജിഎസ്എം ലൈസന്‍സ് കിട്ടിയപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിച്ചു. ചുളു വിലയ്ക്കു്, വെറും 1658 കോടി രൂപയ്ക്കു്, ടെലികോം ലൈസന്‍സ് കിട്ടി ആറു് മാസത്തിനുള്ളില്‍ ടാറ്റ അതിന്റെ 26 ശതമാനം ഓഹരി ജപ്പാന്‍ കമ്പനിയായ ഡോകോമോ യ്ക്കു് 13,000 കോടി രൂപയ്ക്കാണു് വിറ്റതു്. അതേ വിധത്തില്‍ ലാഭം ഉണ്ടാക്കാനുള്ള അനിലിന്റെ ശ്രമം അദ്ദേഹത്തിന്റെ ശത്രുവായ സഹോദരന്‍ മുകേഷ് പരാജയപ്പെടുത്തിയതു് മൂലം നടക്കാതെ പോയി. സുപ്രീം കോടതിയെ പൊതു താല്പര്യ ഹര്‍ജിയുമായി സമീപിച്ചവരെ ഭീഷണിപ്പെടുത്തി വിട്ടു. മാധ്യമരംഗത്തേയും നീതിന്യായ രംഗത്തേയും ചിലരുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടു്, ആറു് മാസത്തിനുള്ളില്‍, മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കു് 2 ജി സ്പെക്ട്രം അഴിമതി ഇടപാടുകളുമായി പൂര്‍ണ്ണ തോതില്‍ മുന്നോട്ടു് പോകാനുള്ള ധൈര്യം നല്‍കി. ഇന്ത്യയുടെ പ്രകൃതി സമ്പത്തിന്റെ ഈ പകല്‍ കൊള്ളയ്ക്കു് നേരെ എല്ലാവരും കണ്ണടച്ചപ്പോഴും ഈ കൊള്ളക്കാരെ നിയമത്തിനു് മുമ്പില്‍ കൊണ്ടു് വന്നതിനു് സുബ്രഹ്മണ്യം സ്വാമിയോടും പ്രശാന്തു് ഭൂഷണോടും നന്ദി പറയണം.

തൊണ്ണൂറുകളുടെ മധ്യത്തോടെ, കുത്തക മൂലധനം ഫണ്ടു് നല്‍കുകയോ നിക്ഷേപം നടത്തുകയോ ചെയ്തു് നുഴഞ്ഞു് കടന്നതോടെ, ഇന്ത്യന്‍ മാധ്യമം ഒരു ഗുരുതരമായ പ്രശ്നം നേരിട്ടു് തുടങ്ങി. 2005 ഓടെ അംബാനി സഹോദരന്മാര്‍ ശത്രുക്കള്‍ക്കെതിരെ ചെളി വാരിയെറിയാന്‍ മാധ്യമങ്ങളെ ഉപയോഗിച്ചു് തുടങ്ങിയപ്പോള്‍ ഈ പ്രശ്നം വഷളായി. ബിസിനിസില്‍ പ്രായേണ ധാര്‍മ്മികത പുലര്‍ത്തുന്നവരെന്നറിയപ്പെട്ടു് പോന്ന ടാറ്റാ ഗ്രൂപ്പും ഇതേ വഷളന്‍ പ്രയോഗങ്ങള്‍ അനുവര്‍ത്തിക്കാന്‍ പതിയെ നിര്‍ബ്ബന്ധിതരായി. ക്രമേണ, കുത്തക മൂലധനാധിപതികള്‍ ആസൂത്രിതമായിത്തന്നെ തങ്ങള്‍ക്കനുകൂലമായവയും ശത്രുക്കള്‍ക്കെതിരായവയുമായ റിപ്പോര്‍ടുകള്‍ സൃഷ്ടിക്കാനോ എതിരായ റിപ്പോര്‍ടുകള്‍ ഒതുക്കുന്നതിനോ വേണ്ടി ഉടമകള്‍ മുതല്‍ പത്രാധിപന്മാരേയും റിപ്പോര്‍ടര്‍മാരേയും വരെയുള്ള മാധ്യമ പ്രവര്‍കരേയും വിലയ്ക്കെടുത്തു് തുടങ്ങി.

കുത്തക മൂലധനാധിപതികള്‍ക്കെതിരായ കോടതി വിധികളും കുറ്റപ്പെടുത്തുന്ന സിഏജിയുടേയും സിവിസിയുടേയും റിപ്പോര്‍ടുകളും മാധ്യമങ്ങള്‍ പൂഴ്ത്തി. ആദ്യമൊക്കെ കുത്തക മൂലധനാധിപത്യം മൂലധനം നിക്ഷേപിക്കുകയോ സഹായ വ്യവസ്ഥയിലുള്ള വായ്പ നല്‍കുകയോ തിരിച്ചു് നല്‍കേണ്ടതില്ലാത്ത ഫണ്ടു് നല്‍കുകയോ ആണു് ചെയ്തിരുന്നതെങ്കില്‍ തുടര്‍ന്നു് മാധ്യമപ്രവര്‍ത്തകരെ വിലയ്ക്കെടുക്കുകയും ഇപ്പോള്‍, തങ്ങളുടെ ആളുകളെ തന്നെ മാധ്യമപ്രവര്‍ത്തകരും എഡിറ്റര്‍മാരും ആക്കുകയുമാണു് ചെയ്യുന്നതു്. ഇന്നിപ്പോള്‍, മാധ്യമ സ്ഥാപനങ്ങള്‍ തന്നെ ഏറ്റെടുക്കുകയും മാധ്യമ പ്രവര്‍ത്തകരെ ചെറുപ്പത്തിലേ പിടികൂടി പരിശീലിപ്പിച്ചെടുക്കുക എന്ന റിക്രൂട്ടു്മെന്റു് നയം തന്നെ അനുവര്‍ത്തിക്കുന്നു.

കഴിഞ്ഞ രണ്ടു് പതിറ്റാണ്ടുകളായി വിദേശ നിക്ഷേപത്തേക്കുറിച്ചും ഫണ്ടു് വരവിനേക്കുറിച്ചുമുള്ള വലിയ വായിലുള്ള അവകാശവാദങ്ങള്‍ നാം കേള്‍ക്കുന്നുണ്ടു്. എവിടെ നിന്നാണു് ഈ ഫണ്ടു് വരുന്നതു് ? അതു് വരുന്നതു് വലിയ സമ്പത്തുള്ള വികസിത രാജ്യങ്ങളായ അമേരിക്കയില്‍ നിന്നോ മദ്ധ്യ പൂര്‍വ്വ ദേശത്തു് നിന്നോ യൂറോപ്പില്‍ നിന്നോ ആണോ ? അതു് വരുന്നതു് കേട്ടു് കേഴ്വി പോലുമില്ലാത്ത നികുതി രഹിത താവളങ്ങളെന്നറിയപ്പെടുന്ന മൌറീഷ്യസ്, സൈപ്രസ്, കായ്മാന്‍ ദ്വീപുകള്‍, ഗ്യൂണ്‍സേ, ലക്സംബര്‍ഗു് അല്ലെങ്കില്‍ ബ്രിട്ടീഷു് വെര്‍ജിന്‍ ദ്വീപുകള്‍ തുടങ്ങിയ ചെറു രാജ്യങ്ങളില്‍ നിന്നാണു്. ഈ അറിയപ്പെടാത്ത ചെറു് രാജ്യങ്ങള്‍ക്കു് ഇന്ത്യയുമായി യാതൊരിടപാടുമില്ലെന്നു് പരക്കെ അറിവുള്ള കാര്യമാണു്. അവിടെ നിന്നു് വരുന്ന പണം അവരുടെ വിലപ്പെട്ട സമ്പാദ്യവുമല്ല. ഈ വരുന്ന പണം അഴിമതിയിലൂടെയും കൊള്ളയിലൂടെയും ചോര്‍ത്തിയെടുത്ത ഇന്ത്യന്‍ സമ്പത്തു് മറ്റു് പേരുകളില്‍ തിരിച്ചു് കൊണ്ടു് വരുന്നതാണു്. മറ്റു് വാക്കുകളില്‍ പറഞ്ഞാല്‍ ഈ പണമൊഴുക്കിന്റെ പ്രക്രിയ കള്ളപ്പണം വെളുപ്പിക്കുന്നതിന്റേതാണു്. ഇന്ത്യയിലെ കള്ളപ്പണക്കാരും കുത്തക മൂലധന കൊള്ളക്കാരും ഈ പണം കൊണ്ടുവരുന്നതു് വീണ്ടും ഇന്ത്യയിലെ നികുതി വെട്ടിക്കുന്നതിനും കൊള്ളമുതലും തട്ടിപ്പിലൂടെയുണ്ടാക്കിയതുമായ കള്ളപ്പണം വെളുപ്പിക്കാനും വേണ്ടിയാണു്.

മുന്‍കാലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനം നടത്തപ്പെട്ടിരുന്നതു് സിങ്കപ്പൂരിലൂടെയോ മദ്ധ്യപൂര്‍വ്വേഷ്യയിലൂടെയോ ആയിരുന്നു. ഇപ്പോള്‍ അവിടങ്ങളില്‍ കര്‍ശനമായ നിയമങ്ങളുണ്ടു്. ഇത്തരം ഇടപാടുകള്‍ നികുതി രഹിത താവളങ്ങളെന്നറിയപ്പെടുന്ന രാജ്യങ്ങളിലേക്കു് മാറി. 2001 ല്‍ മൌറീഷ്യസുമായുണ്ടാക്കിയ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ എന്നറിയപ്പെടുന്ന സംശയാസ്പദമായ കരാറിലൂടെ ഇന്ത്യാ ഗവണ്മേണ്ടു് അവിടെ നിന്നുള്ള പണത്തിന്റെ കുത്തൊഴുക്കു് നിയമ വിധേയമാക്കുകയും നികുതി ഒഴിവാക്കിക്കൊടുക്കുകയുമാണുണ്ടായതു്. ഈ സംശയാസ്പദമായ കരാറാണു് ഇന്ത്യയിലേക്കുള്ള സംശയാസ്പദമായ പണമൊഴുക്കിന്റെ സ്രോതസു്.

ഇന്ത്യയില്‍ നിന്നു് തട്ടിപ്പിലൂടെ കിട്ടിയ, കൊള്ളയടിച്ച അല്ലെങ്കില്‍ കോഴയായി കിട്ടിയ പണം അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഇടനിലക്കാരും കുത്തക മൂലധനാധിപതികളും ആദ്യം ഇന്ത്യയില്‍ നിന്നു് പുറത്തു് കടത്തി ഏതെങ്കിലും നികുതി രഹിത കേന്ദ്രങ്ങളില്‍ കള്ള സ്ഥാപനത്തില്‍ എത്തിക്കുന്നു. ഈ നിയമം ലംഘിച്ചുള്ള പണം കടത്തു് പലപ്പോഴും സാര്‍വ്വ ദേശീയ ലഹരി കടത്തുകാരിലൂടെയും ഭീകരര്‍ക്കുള്ള പണക്കൈമാറ്റ മാര്‍ഗ്ഗങ്ങളിലൂടെയുമാണു് നടക്കുന്നതു്. ഈ നികുതി രഹിത കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നതു് തന്നെ ഇത്തരത്തില്‍ വന്നു് ചേരുന്ന പണത്തില്‍ നിന്നു് വസൂലാക്കുന്ന ചെറിയ ശതമാനം സേവന ചാര്‍ജ്ജു് കൊണ്ടാണു്.

നികുതി രഹിത കേന്ദ്രങ്ങളില്‍ നിന്നുള്ള ഈ കള്ളപ്പണമാണു് മാന്യമായ ആഗോള മൂലധന നിക്ഷേപമായി ഇന്ത്യയിലേക്കൊഴുകുന്നതു്. നികുതി രഹിത രാജ്യങ്ങളില്‍ നിന്നു് ഇന്ത്യയിലേക്കു് പണമൊഴുക്കുന്ന സ്ഥാപനങ്ങളുടെ പേരു് നോക്കുക. അവയ്ക്കു് മോഹപ്പേരുകളാണുള്ളതു്. ABCD ഇന്‍വെസ്റ്റ്മെന്റ്സ്, XYZ ഇന്‍വെസ്റ്റ്മെന്റ്സ്, ABCD ഇന്ത്യാ ഇക്വിറ്റി ഫണ്ടു്, XYZ ഫ്യൂച്ചര്‍ ഇന്ത്യ ഫണ്ടു് തുടങ്ങിയവയാണവ. 2ജി സ്പെക്ട്രം അഴിമതിയില്‍ സീബ്രാ ഇന്‍വെസ്റ്റ്മെന്റ്സ്, ജിറാഫ് കണ്‍സള്‍ടന്റ്സ്, പാരറ്റു് ഇന്‍വെസ്റ്റ്മെന്റ്സ്, ടൈഗര്‍ ട്രസ്റ്റീസ്, ചീറ്റാ കണ്‍സോര്‍ഷ്യം, സ്വാന്‍ ടെലികോം തുടങ്ങിയ ദുരൂഹത ഉണര്‍ത്തുന്ന പേരുകള്‍ നാം കണ്ടു. അവയുടെ ഒഹരി ഘടന പരിശോധിക്കുക. ആരാണു് ഈ കമ്പനിയുടെ ഉടമ എന്നു് ആര്‍ക്കുമറിയില്ല. സര്‍ക്കാരതു് ചോദിക്കുന്നുമില്ല. ആരാണു് സീബ്രായുടെ ഉടമ. ഉത്തരം ജിറാഫും പാരറ്റും അടങ്ങിയ കണ്‍സോര്‍ഷ്യം എന്നാണു്. ആരുടേതാണു് ആ കമ്പനികള്‍ എന്നു് ചോദിച്ചാലോ ? ജിറാഫിന്റെ ഉടമസ്ഥത പാരറ്റും ടൈഗറും ചേര്‍ന്നും പാരറ്റിന്റെ ഉടമസ്ഥത ടൈഗറും ചീറ്റായും ചേര്‍ന്നുമാണെന്നായിരിക്കും. അതേ വിധം ഈ കോര്‍പ്പറേറ്റുകളും പറയുക, ടൈഗറിന്റെ ഉടമ ചീറ്റായും സ്വാനും ചേര്‍ന്നാണെന്നായിരിക്കും. അതേപോലെ, അവര്‍പറയുക ചീറ്റായുടെ ഉടമസഥത സ്വാനിനും ജിറാഫിനുമാണെന്നാണു്. ആരാണു് സ്വാനിന്റെ ഉടമ. സ്വാഭാവികമായും സീബ്രായും ടൈഗറും ചേര്‍ന്നാണു്. ഈ മൃഗങ്ങളുടെ പേരിലുള്ള കമ്പനികളുടെ ഉടമ അനില്‍ അംബാനിയാണെന്നു് എല്ലാവര്‍ക്കുമറിയാമെങ്കിലും ഇന്ത്യന്‍ കമ്പനി-ധനകാര്യ രേഖകളില്‍ ഈ കമ്പനികള്‍ക്കു് പുറകിലുള്ള മനുഷ്യ മുഖങ്ങള്‍ കണ്ടെത്താനാവശ്യമായത്ര സുതാര്യതയില്ല. ടൈഗര്‍ ട്രസ്റ്റികള്‍ സ്വാനിന്റെ ഓഹരികള്‍ മൌറീഷ്യസിലെ ഡെല്‍ഫി ഇന്‍വെസ്റ്റ്മെന്റ്സിനു് വിറ്റതായി തങ്ങള്‍ കണ്ടെത്തിയെന്നു് സിബിഐ വൃത്തങ്ങള്‍ പറയുന്നു. തന്റെ ടൈഗര്‍ വാങ്ങിയ ഡെല്‍ഫി ആരുടേതാണെന്നു് അറിയില്ലെന്നു് പറയാന്‍ അനില്‍ അംബാനി ധൈര്യം കാട്ടുന്നു. ഡെല്‍ഫി സിങ്കപ്പൂരിലുള്ള മാവി കണ്‍സള്‍ടന്റിനു് വിറ്റതായി സിബിഐ പറയുന്നു. മാവിയാകട്ടെ സ്വാനുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത്തരം സംശയാസ്പദമായ പേരുകളോടുകൂടിയ കമ്പനികള്‍ അനില്‍ അംബാനിയുടേതാണെന്നു് കാണാന്‍ അതിയായ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല.

പക്ഷെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം കാരണം അദ്ദേഹത്തെ തൊടാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കാവില്ല. മുഖം രക്ഷിക്കാന്‍ സിബിഐ അനില്‍ അംബാനിയുടെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനെ ബലിയാടാക്കുന്നു. സ്പെക്ട്രം അഴിമതി ചാര്‍ജ്ജു് ഷീറ്റില്‍ എന്തു കൊണ്ടാണു് അനില്‍ അംബാനിയുടേയും രത്തന്‍ ടാറ്റയുടേയും പേരുകളില്ലാത്തതു്. ആളുകള്‍ പരസ്പരം രഹസ്യം പറയും, നമ്മുടെ ഓഹരി കമ്പോളം ഇടിയുമെന്നു്. ഓഹരി കമ്പോളം ഇടിഞ്ഞാല്‍ എന്തു് പറ്റും ? നിയമാനുസൃതമായി ജീവിക്കുന്ന നിങ്ങള്‍ക്കും എനിക്കും ഒന്നും പറ്റാനില്ല. ഓഹരി കമ്പോളത്തിലെ ചൂതാട്ടക്കാരേയും സംശയാസ്പദമായ കൂട്ടു് കരാര്‍ രേഖകളുപയോഗിച്ചു് (Participatory Notes) ഓഹരി കമ്പോളത്തില്‍ കള്ള കച്ചവടം നടത്തുന്നവരേയും മാത്രമേ ഓഹരി കമ്പോളത്തിന്റെ തകര്‍ച്ച പ്രതികൂലമായി ബാധിക്കുകയുള്ളു.

ആര്‍ക്കാണു് ഇത്തരം കൂട്ടു് കരാര്‍ രേഖകളുള്ളതു് ? ഇന്ത്യന്‍ അധികാരികളും നിയന്ത്രണാധികാരികളും പറയുക ഇന്ന നികുതി രഹിത രാജ്യത്തെ XYZ കണ്‍സോര്‍ഷ്യം എന്നും അതു് മറ്റൊരു നികുതി രഹിത രാജ്യത്തെ ABCD കണ്‍സോര്‍ഷ്യത്തിന്റേതാണെന്നുമായിരിക്കും. ഒറ്റ പൈസ പോലും നികുതി അടയ്ക്കേണ്ടതില്ലാത്ത ഈ തമാശപ്പേരുകളുള്ള കമ്പനികളുടെ യഥാര്‍ത്ഥ ഉടമകളാരെന്നു് നമ്മുടെ സര്‍ക്കാര്‍ നമ്മോടു് ഒരിക്കലും പറയില്ല. 2009 ല്‍, സെബിയുടെ (The SEBI) വെബ്ബു് സൈറ്റു് വിദേശ സ്ഥാപന നിക്ഷേപകരുടെ പട്ടിക നല്‍കിയിരുന്നു. അതില്‍ ഓമനപ്പേരുകളുള്ള 50-60 കമ്പനികളില്‍ 35 എണ്ണവും മൌറീഷ്യസില്‍ ഒരേ മേല്‍വിലാസവും ഒരേ ഫോണ്‍ നമ്പരും പങ്കിടുന്നവയായിരുന്നു. യഥാര്‍ത്ഥ ഉടമയുടെ പേരു് വെളിവാക്കിയതേയില്ല.

ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതെല്ലാം അറിഞ്ഞിട്ടുണ്ടു്. എന്നാല്‍, അവയുടെ ഹൃദയത്തിലും തലച്ചോറിലും നിക്ഷേപത്തിലൂടെയും ആളുകളിലൂടെയും നുഴഞ്ഞു കയറിയിട്ടുള്ള കുത്തക മൂലധനാധിപത്യം അവയെ നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണു്.

മുംബെ നഗരത്തിന്റെ ഹൃദയത്തില്‍ 28 നിലകളുള്ള മുകേഷ് അംബാനിയുടെ വീടിനെ പുകഴ്ത്തിപ്പറയാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു് യാതൊരുളുപ്പുമില്ല. എങ്ങിനെയാണു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്‍ഡിങ്ങു് ചട്ടങ്ങള്‍ അനുസരിച്ചു് 28 നിലകളുള്ള കെട്ടിടം വീടിന്റെ നിര്‍വചനത്തില്‍ പെടുക ? ആരും ഈ പ്രസക്തമായ ചോദ്യം ചോദിക്കുന്നതേയില്ല.

നൂറുകണക്കിനു് അനാഥ കുട്ടികള്‍ ജീവിച്ചുകൊണ്ടിരുന്ന അനാഥാലയം ഇടിച്ചു് നിരത്തി വഖഫ് ബോര്‍ഡിന്റെ സ്ഥലം കൊട്ടാരം കെട്ടാനായി മുകേഷ് അംബാനി കൈക്കലാക്കിയതാണെന്ന കാര്യം അവര്‍ സൌകര്യ പൂര്‍വ്വം അവഗണിക്കുന്നു. ഈ ഇടപാടു്, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല, മത നേതാക്കളും മൂലധനാധിപത്യത്തിനു് മുമ്പില്‍ വില്പന ചരക്കുകളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നു് കാണിക്കുന്നു. ഒരു മുസ്ലിം എം പി മാത്രമാണു് ഇക്കാര്യത്തേക്കുറിച്ചു് പാര്‍ലമെണ്ടില്‍ ഒച്ചപ്പാടുണ്ടാക്കിയതു്. ഹൈദരാബാദില്‍ നിന്നുള്ള അസാദുദിന്‍ ഒവൈസിയുടെ പ്രസംഗം, പക്ഷെ, ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒഴിവാക്കി. വളരെ ചുരുക്കം പത്രങ്ങള്‍ മാത്രമാണു് 'മി. മുകേഷ് താങ്കള്‍ക്കെങ്ങിനെയാണു് അശരണരായ നൂറുകണക്കിനു് കുട്ടികള്‍ ഉറങ്ങിയിരുന്ന അനാഥാലയം ഇടിച്ചു് പൊളിച്ചു് പടുത്തുയര്‍ത്തിയ കൊട്ടാരത്തില്‍ ഉറങ്ങാനാവുക' എന്ന ഒവൈസിയുടെ പ്രസംഗം റിപ്പോര്‍ടു് ചെയ്തതു്. ഭാഗ്യവശാല്‍ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ ആ അനാഥ കുട്ടികളുടെ താല്പര്യം ഏറ്റെടുത്തിട്ടുണ്ടു്. നമുക്കു് അവര്‍ക്കു് വിജയം ആശംസിക്കുകയും ആ ഭ്രാന്തന്‍ കെട്ടിടം നിരപ്പാക്കാനായി ജെസിബികള്‍ അയയ്ക്കപ്പെടുന്ന ഒരു ദിനം സ്വപ്നം കാണുകയും ചെയ്യാം. ഈ രാജ്യം നിയന്ത്രിക്കുന്ന ഉന്നതരും ശക്തരും മുകേഷിന്റെ സ്വകാര്യ ജെറ്റു് വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം അറിയപ്പെടുന്ന രഹസ്യമാണു്. അങ്ങിനെയിരിക്കെ, ഈ ഉന്നതരുടേയും ശക്തരുടേയും സഹായികളാലും വൈതാളികരാലും നിറഞ്ഞിരിക്കുന്ന ഇന്ത്യന്‍ പാര്‍ലമെണ്ടു് എങ്ങിനെയാണു് മുകേഷ് അംബാനിയുടെ കെജി ബേസിന്‍ കൊള്ള തുറന്നു് കാട്ടുന്ന സിഎജി റിപ്പോര്‍ടു് ചര്‍ച്ച ചെയ്യുക ! അതിനാല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ കെ ജി ബേസിന്‍ കൊള്ളയും എയര്‍ ഇന്ത്യയുടെ വിമാന ഇടപാടിലെ അഴിമതിയും തുറന്നു് കാട്ടുന്ന സിഎജി റിപ്പോര്‍ടു് പിരിയാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെ നമ്മുടെ മഹത്തായ ഇന്ത്യന്‍ പാര്‍ലമെണ്ടിന്റെ മേശപ്പുറത്തു് വെയ്ക്കപ്പെട്ടു !

മൂലധനാധിപത്യം എല്ലാം വിലയ്ക്കെടുക്കും. ഇടതു് പക്ഷ തീവ്ര വാദികളേപ്പോലും. അവര്‍ ഛത്തിസ്ഗഢിലേയും ഝാര്‍ഖണ്ഡിലേയും ധാതു നിക്ഷേപങ്ങള്‍ നിര്‍ബാധം കൊള്ള ചെയ്യാനായി മാവോയിസ്റ്റു് തീവ്ര വാദികള്‍ക്കും പണം നല്‍കുന്നു. മൂലധനാധിപത്യത്തിനു് പൊതു ധാരാ രാഷ്ട്രീയക്കാര്‍ക്കും നക്സലുകള്‍ക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ആരാണു് ബന്ധപ്പെട്ട മേഖല നിയന്ത്രിക്കുന്നതു് എന്നതു് മാത്രമാണവരുടെ പരിഗണനാ വിഷയം. ഛത്തിസ്ഗഢിലേയും ഝാര്‍ഖണ്ഡിലേയും ധാതു നിക്ഷേപങ്ങള്‍ കൈക്കലാക്കാന്‍ കൊടുക്കേണ്ടിവരുന്ന കൈക്കൂലിയേക്കുറിച്ചുള്ള രത്തന്‍ ടാറ്റയുടെ സംഭാഷണം നീരാ റാഡിയ ടേപ്പു് നമ്മോടു് പറയുന്നു. തങ്ങളുടെ തേയില തോട്ട ബിസിനസ് സംരക്ഷിക്കാനായി ഉത്തര പൂര്‍വ്വ ദേശത്തെ ഉള്‍ഫാ തീവ്രവാദികള്‍ക്കും എല്‍ടിടിഇ യ്ക്കും പണം നല്‍കിയതിനു് ടാറ്റാ ഗ്രൂപ്പു് പല പ്രാവശ്യം പിടിക്കപ്പെടുകയുണ്ടായി. രണ്ടാഴ്ച മുമ്പു്, എസ്സാര്‍ ഗ്രൂപ്പിന്റെ ജീവനക്കാരന്‍ ധാതു നിക്ഷേപ ബിസിനസിനായി ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റുകള്‍ക്കു് പണം നല്‍കിയതിനു് പിടിക്കപ്പെട്ടു.

ലോക്പാല്‍ ബില്ലും ജുഡീഷ്യല്‍ അക്കൌണ്ടബിലിറ്റി ബില്ലും ചര്‍ച്ച ചെയ്യാന്‍ പോകുന്ന പാര്‍ലമെന്റു് സ്റ്റാന്റിങ്ങു് കമ്മിറ്റിയിലേക്കു് ജയിലില്‍ കിടക്കുന്ന അമര്‍ സിങ്ങിനെ വീണ്ടും നാമ നിര്‍ദ്ദേശം ചെയ്യാന്‍ പാര്‍ലമെണ്ടിനു് യാതൊരു ഉളുപ്പുമുണ്ടായില്ല. പാര്‍ലമെണ്ടിലെ ഓരോ സ്റ്റാന്റിങ്ങു് കമ്മിറ്റിയുടേയും ചേരുവ ഒന്നു് പരിശോധിച്ചു് നോക്കൂ. തീര്‍ച്ചയായും, ഓരോന്നിലും, ഓരോ കുത്തക മൂലധന ലോബിയുടേയും മൂന്നു് നാലു് അംഗങ്ങള്‍ വീതം നുഴഞ്ഞു് കയറിയിട്ടുള്ളതായോ ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉള്‍പ്പെടുത്തിയിട്ടുള്ളതായോ നിങ്ങള്‍ക്കു് കാണാം. അടുത്തകാലത്തായി, വോട്ടു് ചെയ്ത ശേഷം മിണ്ടാതിരിക്കാനും പാര്‍ലമെണ്ടു് കല്പിക്കുന്നതു് അനുസരിക്കാനും നമ്മോടു് കല്പിക്കാന്‍ ചില രാഷ്ട്രീയക്കാര്‍ ധൈര്യം കാട്ടുന്നതായി കാണാം. എന്തായാലും, എന്തൊക്കെ വിമര്‍ശനങ്ങളുണ്ടായാലും, അണ്ണാ ഹസാരേയുടെ സമരത്തിന്റെ വിജയം നമ്മുടെ ജനാധിപത്യത്തില്‍ തിരുത്തല്‍ ശക്തികളുടെ സാന്നിദ്ധ്യത്തേക്കുറിച്ചു് നമുക്കു് ഒരു വിധത്തിലുള്ള ആശയ്ക്കു് വക നല്‍കി.

അതേസമയം, വലിയൊരു ഉത്തരവാദിത്വമാണു് നമുക്കുള്ളതു്. നമ്മുടെ രാഷ്ട്രത്തിനു് വേണ്ടി നാമതു് നിറവേറ്റണം. അതു് വളരെ ചെറിയൊരു കാര്യമാണു്. അടുത്ത പ്രാവശ്യം തീര്‍ച്ചയായും പോളിങ്ങു് ബൂത്തിലേയ്ക്കു് പോകുകയും ജാതി-സമുദായ പരിഗണനകള്‍ക്കുപരിയായി നീതി പൂര്‍വ്വം വോട്ടു് ചെയ്യുകയും വേണം. സംശുദ്ധമായ ഭരണത്തിനു് സംശുദ്ധരായവരെ തെരഞ്ഞെടുക്കുക. ഇതു് മാത്രമാണു് നമ്മുടെ രാജ്യത്തു് സുതാര്യത കൊണ്ടുവരാനുള്ള ആദ്യത്തെ പടി.

(Courtesy - EBRF_CUSAT_Seminar)

തര്‍ജ്ജമ - ജോസഫ് തോമസ്

1 comment:

dragon said...

Is this write up available in english, somewhere in the web? If not could you please prepare..?

Blog Archive