Tuesday, October 25, 2011
നവഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭം - കെ വരദരാജന്‍
(Courtesy : Deshabhimani : Posted on: 24-Oct-2011 11:29 PM)
ഇന്ത്യയുടെ പ്ലാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ സമീപകാലത്ത് നടത്തിയ ഒരു പ്രസ്താവന ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. സ്വകാര്യമേഖലയുടെ മൂലധനനിക്ഷേപം ആവശ്യമായിവരുന്ന പദ്ധതികളൊന്നും സിഎജിയുടെ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ പാടില്ലെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ അവയെ ഉള്‍പ്പെടുത്തരുതെന്നുമാണ് ആ പ്രസ്താവനയുടെ രത്നച്ചുരുക്കം. കണക്കുപറയാന്‍ ബാധ്യസ്ഥമായാല്‍ സ്വകാര്യ-കോര്‍പറേഷനുകള്‍ മൂലധനനിക്ഷേപത്തിന് തയ്യാറാകില്ല എന്നാണ് അലുവാലിയയുടെ വാദം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായ കൗശിക് ബസുവും ഇതേ നിലപാടുകാരനാണ്. അഴിമതിയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തണമെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1990കള്‍ മുതല്‍ ഇന്ത്യയില്‍ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയത്തിന്റെ വക്താക്കളാണ് അലുവാലിയയും ബസുവും. ഈ നവലിബറല്‍ നയത്തിന്റെ അന്തഃസത്തയാകട്ടെ സ്വകാര്യമുതലാളിമാര്‍ക്ക് കൊള്ളലാഭമടിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കലാണ്. രാജ്യത്തിന്റെ പൊതു ആസ്തികളും പ്രകൃതിവിഭവങ്ങളും സേവനരംഗങ്ങളുമാകെ സ്വദേശിയും വിദേശിയുമായ സ്വകാര്യമുതലാളിമാര്‍ക്ക് തുച്ഛമായ വിലയ്ക്ക് കൈമാറുക എന്നതാണ് നവലിബറല്‍ മന്ത്രം. ഭരണനയങ്ങള്‍ക്ക് രൂപംനല്‍കുന്ന രാഷ്ട്രീയനേതൃത്വവും അവ നടപ്പാക്കുന്ന ഉന്നതബ്യൂറോക്രസിയും പൊതുസ്വത്ത് കൊളളയടിക്കാന്‍ സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് കൂട്ടുനിന്ന് വിഹിതംപറ്റുന്നു. ഇതാണ് നവലിബറല്‍ കാലഘട്ടത്തിലെ പൊതുപ്രവണത. ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പറേറ്റ് അവിശുദ്ധസഖ്യത്തിനെതിരെ, നിയമസംവിധാനങ്ങളും ജനങ്ങളുമാകെ കണ്ണടയ്ക്കണമെന്നാണ് നവലിബറല്‍ വക്താക്കള്‍ പറയുന്നത്.
സമീപകാലത്തുണ്ടായ 2ജി സ്പെക്ട്രം, എസ് ബാന്‍ഡ്, കല്‍ക്കരി, ഇരുമ്പയിര്, പെട്രോളിയം - പ്രകൃതിവാതക കുംഭകോണങ്ങളെല്ലാം തുച്ഛമായ വിലയ്ക്ക് പൊതുമുതല്‍ സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് കൈമാറിയതിന്റെ നിദര്‍ശനങ്ങളാണ്.
2ജി സ്പെക്ട്രം ഇടപാട് അന്ന് ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരം അറിഞ്ഞിരുന്നുവെന്നും എന്നിട്ടും അത് തടയാന്‍ ഇടപെട്ടില്ല എന്നും വ്യക്തമാക്കുന്ന കത്ത് ധനവകുപ്പ് പ്രധാനമന്ത്രിക്ക് നല്‍കിയത് സംബന്ധിച്ച വിവാദം ചിദംബരവും പ്രണബ് മുഖര്‍ജിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതോടെ അവസാനിച്ചു. ഈ പകല്‍ക്കൊള്ളകളില്‍ കോണ്‍ഗ്രസിന്റെ പരമോന്നത നേതൃത്വത്തിനുള്ള പങ്കിലേക്കാണ് വിവാദവും തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പും വിരല്‍ചൂണ്ടുന്നത്.
സിഎജിയുടെ ഓഡിറ്റും അതിലുപരി വിവരാവകാശനിയമവുമാണ് ഈ പകല്‍കൊള്ളകള്‍ പുറത്തുകൊണ്ടുവരുന്നതിനും അത് പൊതുസമൂഹത്തിലും രാഷ്ട്രീയമണ്ഡലത്തിലും ചര്‍ച്ചാവിഷയമാകാനും അവസരമൊരുക്കിയത്. അതുകൊണ്ടാണ് അലുവാലിയയെയും കൗശിക് ബസുവിനെയുംപോലുള്ള നവലിബറല്‍ ആചാര്യന്മാര്‍ സ്വകാര്യമേഖല ഇടപെടുന്ന പദ്ധതികള്‍ ഓഡിറ്റിങ്ങിനും വിവരാവകാശ നിയമത്തിനും വിധേയമാകാന്‍ പാടില്ല എന്നു വാദിക്കുന്നത്. മാത്രമല്ല, രാജ്യത്തിന്റെ സമ്പത്തിന്റെയാകെ, അവകാശികള്‍ സ്വകാര്യമൂലധനശക്തികളാണെന്നും അവരുടെ നടപടികള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലെന്നുമുള്ള നവലിബറല്‍ ദര്‍ശനവും ഇതിനുപിന്നിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ദുര്‍ബലജനവിഭാഗങ്ങളുടെ ക്ഷേമം, വികസന പ്രവര്‍ത്തനങ്ങള്‍ ഇവയ്ക്കൊന്നും പണം കണ്ടെത്താനാകുന്നില്ലെന്ന് വിലപിക്കുന്ന രാഷ്ട്രീയ-ഭരണനേതൃത്വമാണ് കുത്തക കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ പൊതു ആസ്തികളാകെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്നത്.
രാജ്യത്തിന്റെയാകെ സ്വത്ത് ഈ വിധത്തില്‍മാത്രമല്ല ഭരണരാഷ്ട്രീയനേതൃത്വം കുത്തകകള്‍ക്കായി ചോര്‍ത്തിക്കൊടുക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബജറ്റുകള്‍ പരിശോധിച്ചാല്‍ അവയില്‍ എല്ലാംകൂടി 22.5 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയതായി കാണാം. 2011-12ലെ ബജറ്റില്‍മാത്രം 4.6 ലക്ഷം കോടി രൂപയാണ് കോര്‍പറേറ്റ് നികുതി, സ്വത്ത് നികുതി തുടങ്ങിയ ഇനങ്ങളിലായി സ്വകാര്യകുത്തക കോര്‍പറേറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്. മൂലധനനിക്ഷേപം പ്രോല്‍സാഹിപ്പിക്കാനും സാമ്പത്തികവളര്‍ച്ച കൈവരിക്കാനും വേണ്ടിയാണ് ഇത് എന്നാണ് ഭരണാധികാരികള്‍ നല്‍കുന്ന ന്യായീകരണം.
വമ്പിച്ച നികുതിയിളവുകള്‍ നല്‍കിയിട്ടുപോലും ഖജനാവിലേക്ക് അടയ്ക്കേണ്ട നികുതി പൂര്‍ണമായും കൃത്യമായും ഈ അതിസമ്പന്നവിഭാഗം അടയ്ക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വകാര്യകുത്തകകളുടെ ഇത്തരം നികുതിവെട്ടിപ്പുകള്‍ക്കു നേരെ ഭരണനേതൃത്വം കണ്ണടയ്ക്കുകയും പിന്നീട് എഴുതിത്തള്ളുകയുമാണ്. ബാങ്കുകളില്‍നിന്ന് വായ്പകള്‍ ഏറെയും ലഭിക്കുന്നതും സ്വകാര്യകുത്തകകള്‍ക്കാണ്. അവയില്‍ ഗണ്യമായ ഭാഗം തിരിച്ചടയ്ക്കപ്പെടാതെ കിട്ടാക്കടമായി സര്‍ക്കാര്‍ പ്രതിവര്‍ഷം എഴുതിത്തള്ളുന്നു. ബാങ്കുകളിലേക്ക് പണം എത്തുന്നത് സാധാരണജനങ്ങളുടെ കൊച്ചുകൊച്ചുനിക്ഷേപങ്ങളിലൂടെയാണ്. സാധാരണക്കാരന്റെ നികുതിപ്പണവും സമ്പാദ്യവും കുത്തകകോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമടിക്കാനായി യഥേഷ്ടം ഉപയോഗിക്കുന്നതിന് ഇടനിലക്കാരായി സര്‍ക്കാര്‍ -രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. അധ്വാനിക്കുന്ന വിഭാഗങ്ങളുടെ പെന്‍ഷന്‍ , പ്രോവിഡന്റ് ഫണ്ട് എന്നിവയും ഓഹരി വിപണിവഴി സ്വകാര്യകോര്‍പറേറ്റുകളുടെ കീശയിലെത്തിക്കാനാണ് കരുക്കള്‍ നീക്കുന്നത്. പിഎഫ്-ആര്‍ഡിഎ ബില്‍ അതിനുള്ളതാണ്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഈ വിധത്തില്‍ കോര്‍പറേറ്റുകളെ ശക്തിപ്പെടുത്തിമാത്രമേ സാധ്യമാകൂ എന്നാണ് നവലിബറല്‍ ദര്‍ശനം പറയുന്നത്. എന്നാല്‍ , ഇങ്ങനെയുണ്ടാകുന്ന വളര്‍ച്ചയുടെ ഗുണഫലം ലഭിക്കുന്നതും സ്വകാര്യകുത്തകകള്‍ക്കുതന്നെയാണ്. ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്. മറുവശത്ത് ദരിദ്രരുടെ എണ്ണവും ആരോഗ്യപരിരക്ഷ ലഭിക്കാത്തവരുടെ എണ്ണവും തൊഴിലില്ലായ്മയും വര്‍ധിക്കുകയും ചെയ്യുന്നു.
ഈ നയത്തിന്റെ സ്വാഭാവികമായ മറ്റൊരു വശമാണ് ക്രമാതീതമായി ഉയരുന്ന വിലക്കയറ്റം. പെട്രോളിയം വില അന്താരാഷ്ട്രവിപണിയുമായി ബന്ധപ്പെടുത്തി വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ , അന്താരാഷ്ട്രവിപണിയില്‍ വിലകുറയുമ്പോള്‍ അതനുസരിച്ച് വിലകുറയ്ക്കുന്നില്ല എന്നതാണ് നമ്മുടെ അനുഭവം. ഇങ്ങനെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിക്കുമ്പോള്‍ അതിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ റിലയന്‍സിനെപ്പോലെയുള്ള സ്വകാര്യകുത്തകകളാണ്. ഇവയാകട്ടെ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എണ്ണയാണ് ഏറെയും വില്‍പ്പന നടത്തുന്നത്. അതിനെ ലോകവിപണി വിലയുമായി ഒരുവിധത്തിലും ബന്ധപ്പെടുത്തേണ്ടതില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്വകാര്യ എണ്ണക്കമ്പനികളാണ്. ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച് സ്വകാര്യകുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ .
അവശ്യസാധനങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിയുകയും അവ കുത്തക കോര്‍പറേഷനുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കുകയുംചെയ്തു. പൊതുവെ മുതലാളിത്ത വികസനമാര്‍ഗത്തിന്റെ ഗുണഭോക്താക്കള്‍ സ്വകാര്യമുതലാളിമാരാണെങ്കിലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ മുതലാളിത്തചൂഷണത്തെ അതിന്റെ ഉച്ചകോടിയില്‍ എത്തിച്ചിരിക്കുകയാണ്. ഈ പകല്‍ക്കൊള്ളയുടെ പ്രതിഫലനങ്ങളാണ് സാര്‍വത്രികമായിരിക്കുന്ന കോര്‍പറേറ്റ് അഴിമതിയിലും വിലക്കയറ്റത്തിലും കാണാനാകുന്നത്. പെരുകുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇതേനയത്തിന്റെ തന്നെ അനന്തരഫലങ്ങളാണ്. ജനജീവിതം ദുസ്സഹമാക്കുന്ന ധനമൂലധനത്തിന്റെ ഇത്തരം പകല്‍ക്കൊള്ളകള്‍ക്കെതിരെ ഇന്ന് ലോകവ്യാപകമായി ജനമുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയാണ്. അറബ് വസന്തവും യൂറോപ്പിലും ഗ്രീസിലും മറ്റും നടക്കുന്ന തൊഴിലാളിപ്രക്ഷോഭങ്ങളും ലാറ്റിനമേരിക്കയിലെ ജനകീയ പോരാട്ടങ്ങളും ഇടതുപക്ഷമുന്നേറ്റവും ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ ശക്തിപ്പെടുന്ന മുതലാളിത്തവിരുദ്ധ പ്രക്ഷോഭവും അതിന് ലോകത്തെവിടെയും ലഭിക്കുന്ന പിന്തുണയും ഈ നിലയില്‍ വിലയിരുത്തപ്പെടേണ്ടതാണ്. ഇന്ത്യയിലും തൊഴിലാളിവര്‍ഗ ഐക്യവും യോജിച്ച സമരങ്ങളും കരുത്താര്‍ജിച്ചുവരികയാണ്. തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയുമെല്ലാം ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള ഒരു വലിയ ബഹുജനപ്രസ്ഥാനത്തിനു മാത്രമേ നവലിബറല്‍ ചൂഷണം അവസാനിപ്പിക്കാനാവൂ.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
October
(26)
- മുതലാളിത്തം സോഷ്യലിസത്തിനു് വഴിമാറിയേ തീരൂ.
- എന്തു് കൊണ്ടു് പൊതുമുതല്‍ കൊള്ളയും ക്ഷേമ പദ്ധതികളു...
- ധനമൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തി - പ്രൊഫ. കെ എന്‍...
- നവഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭം - കെ വ...
- വിടവാങ്ങല്‍ വെല്ലുവിളിച്ചും കീഴടങ്ങിയും
- കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട പോക്ക്
- System Error Capitalism Is Crashed! Install New Sy...
- സൂക്കോട്ടി പാര്‍ക്കും പിങ്ക് സ്ലിപ്പും - റെജി പി ജ...
- അറബ് വസന്തം ശിശിരമാക്കാന് യുഎസ് - പി ഗോവിന്ദപ്പിള്ള
- അമേരിക്കയിലെ "മൂലധനം തിരിച്ചു് പിടിക്കല്‍" സമരം
- വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം - പ...
- കോര്‍പറേറ്റ് ഉടമകള്‍ക്ക് പ്രത്യേക നീതിയോ?
- കുത്തക കമ്പനികളുടെ തട്ടിപ്പുകളും അവ മൂടിവെക്കുന്നത...
- ഒരു പ്രാകൃത മൂലധന സഞ്ചയന വ്യവസ്ഥ - പ്രൊ. പ്രഭാത് പ...
- മുതലാളിത്തത്തിനു് ദശാമാറ്റത്തിന്റെ കാലം - പ്രൊ. പ്...
- For an Effective Lokpal: Government has to Respond...
- Stand of the Communist Party of India (Marxist) -...
- Finance Capital made Capitalism Redundant
- The Finance Capital and Plunder of Social assets
- അഴിമതി രഹിത ഇന്ത്യ – അണ്ണാ ഹസാരെ സംഘത്തിന്റെ സമരം ...
- CORRUPTION: CHALLENGE TO INDAN DEMOCRACY - K.N.PAN...
- Corruption and Development - Anupama Jha, Executiv...
- Corporate frauds and role of media in the cover up...
- THE RAPE OF BELLARY (KARNATAKA)
- A REGIME OF PRIMITIVE ACCUMULATION - Prabhat Patnaik
- A CLIMACTERIC FOR CAPITALISM - Prabhat Patnaik
-
▼
October
(26)
No comments:
Post a Comment