Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, October 6, 2011

മുതലാളിത്തത്തിനു് ദശാമാറ്റത്തിന്റെ കാലം - പ്രൊ. പ്രഭാത് പട്നായിക്.



നിലവില്‍ വികസിത മുതലാളിത്ത രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി നാളിതു് വരെ അവ നേരിടേണ്ടിവന്ന പ്രതിസന്ധികളില്‍ നിന്നു് തുലോം വ്യത്യസ്തമാണു്, മുതലാളിത്തത്തിനു് ഇതൊരു ദശാമാറ്റത്തിന്റെ കാലമാണു്, അതിന്റെ ചരിത്രത്തില്‍ ഒരു വലിയ വഴിത്തിരിവാണു്. ചരിത്രത്തിലാദ്യമായി മുതലാളിത്തത്തിനു് പ്രതിസന്ധി മുറിച്ചു് കടക്കാന്‍ ആശ്രയിക്കാവുന്ന ഒരു മാര്‍ഗ്ഗവും അതിന്റ മുമ്പിലില്ലെന്നു് മാത്രമല്ല, സാധ്യമായ മാര്‍ഗ്ഗങ്ങളൊന്നും ചക്രവാളത്തില്‍ പോലും കാണാന്‍ കഴിയുന്നുമില്ല.

ഉദാര മുതലാളിത്തത്തിനു് ഏതായാലും സ്വയം പ്രതിസന്ധി അവസാനിപ്പിക്കാനും പുതിയ കുതിപ്പു് തുടങ്ങാനും ആഭ്യന്തരമായി സംവിധാനങ്ങളൊന്നുമില്ല. ഉല്പാദനത്തിന്റേയും തൊഴിലിന്റേയും നിലവാരം, അത്തരം സമ്പദ്ഘടനകളില്‍ മൂലധന ഉടമകളുടെ ലാഭ ശുഭ പ്രതീക്ഷയെ ആശ്രയിച്ചാണിരിക്കുന്നതു്. അവരുടെ ശൂഭ പ്രതീക്ഷ ഇടിഞ്ഞിരിക്കുമ്പോള്‍ അവര്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നു് പിന്‍വലിയും, നിക്ഷേപ സാമഗ്രികളുടെ ഉല്പാദനവും തൊഴിലും ഇടിയും, അതു് ഉപഭോഗവസ്തുക്കളുടെ ചോദനവും അതിനാല്‍ ഉല്പാദനവും തൊഴിലും ഇടിയാന്‍ വഴിവെക്കും. അങ്ങിനെ സമ്പദ്ഘടനയിലെ മൊത്തം ഉല്പാദനവും തൊഴിലും നിയന്ത്രിക്കുന്നതു് മൂലധന ഉടമകളുടെ ലാഭത്തേക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണു്, പ്രതിസന്ധിയുടെ ആഴം നിര്‍ണ്ണയിക്കുന്നതു് ശുഭാപ്തി വിശ്വാസത്തിന്റെ ഇടിവിന്റെ തോതാണു്. അത്തരം പ്രതിസന്ധിയില്‍ പെടുന്ന ഉദാര മുതലാളിത്ത സമ്പദ്ഘടനയില്‍ ഇടിയുന്ന ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാന്‍ ആഭ്യന്തരമായി മാര്‍ഗ്ഗങ്ങളൊന്നുമില്ല, അതിനാല്‍ പ്രതിന്ധി അവസാനിപ്പിക്കാനും പുതിയ കുതിപ്പു് സൃഷ്ടിക്കാനും കഴിയില്ല.

പ്രതിസന്ധിയുണ്ടോ ഇല്ലയോ എന്നു് നോക്കാതെ എല്ലാക്കാലത്തും പുതിയ മുന്‍കൈകള്‍ ഉണ്ടാകാറുണ്ടെന്നും പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നതോടെ മത്സര രംഗത്തുള്ള എതിരാളികളെ വെല്ലുന്ന ലാഭ സാധ്യതക്കായി പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രയോഗിക്കുകയും നിക്ഷേപവും ഉല്പാദനവും തൊഴിലും പ്രതിസന്ധിയിലകപ്പെട്ട ഉദാര മുതലാളിത്തത്തിലും ഉയരുമെന്നും പറഞ്ഞു് ചിലര്‍ ഇതിനെതിരായി വാദിച്ചേക്കാം. ഈ വാദഗതി നിലനില്‍ക്കില്ല, പുതിയ മുന്‍കൈകളും പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും മാത്രം കൊണ്ടു്, പ്രതിസന്ധി ഘട്ടത്തില്‍ ശുഭാപ്തിവിശ്വാസമില്ലാതെ നിക്ഷേപവും ഉല്പാദനവും തൊഴിലും തനിയെ ഉയരില്ല. ഉദാഹരണത്തിനു് യുദ്ധങ്ങളുടെ ഇടവേളകളില്‍ ഒട്ടേറെ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലെ വലിയ ഇടിവിനെ മറികടക്കത്തക്ക വിധം അവ പ്രയോഗിക്കപ്പെട്ടില്ല. അതിനാല്‍, പ്രതിസന്ധിയിലകപ്പെട്ട ഉദാര മുതലാളിത്തത്തിനു് പ്രതിസന്ധി മുറിച്ചു് കടക്കാന്‍ മാര്‍ഗ്ഗമില്ലെന്ന വാദം നിലനില്‍ക്കുന്നു.

ചരിത്രപരമായി, മുതലാളിത്തം പ്രതിസന്ധിയെ കുറഞ്ഞ കാലത്തിനുള്ളില്‍ മറികടന്നിട്ടുണ്ടെന്നതു് അതു് പാഠ പുസ്തകങ്ങളില്‍ പറയുന്ന തരത്തില്‍ ഉദാരമായിരുന്നില്ലെന്നതിനാലാണു്. അതിനു് പ്രതിസന്ധി മറികടക്കാന്‍ മറ്റു് പുറം പരിഹാരത്തിനു് വഴികള്‍ കെണ്ടെത്തി ഉപയോഗിക്കുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു് മുമ്പുള്ള ഘട്ടത്തില്‍ കോളനി വ്യവസ്ഥ പുറം പരിഹാരമാര്‍ഗ്ഗം പ്രദാനം ചെയ്തു. ഇന്ത്യ മാതിരിയുള്ള കോളനി കമ്പോളം ലഭ്യമായിരുന്നു. പ്രാദേശിക ഉല്പന്നങ്ങളുടെ ചെലവില്‍ ബ്രിട്ടീഷ് ചരക്കുകള്‍ എളുപ്പത്തില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് കമ്പോളം യൂറോപ്യന്‍ ഉല്പന്നങ്ങള്‍ക്കു് ലഭ്യവുമായിരുന്നു. ഇന്ത്യയില്‍ നിന്നു് കിട്ടിയ മിച്ചം, അതായതു് അതു് ഉപയോഗിച്ചതില്‍ ഉപരിയായി ഇന്ത്യയില്‍ നിന്നു് കിട്ടിയതു്, യുറോപ്യന്മാര്‍ കുടിയേറിയിരുന്ന പ്രദേശങ്ങളിലെ ബ്രിട്ടീഷ് വിദേശ നിക്ഷേപമായി മാറുകയും ചെയ്തു. ഒന്നാം ലോക മഹാ യുദ്ധത്തോടെ മറു മാര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യാനുള്ള കോളനി വ്യവസ്ഥയുടെ കഴിവു് ഗണ്യമായി കുറഞ്ഞു. രണ്ടാം ലോക മഹായുദ്ധാനന്തര ഘട്ടത്തില്‍ മെയ്‌നാര്‍ഡ് കെയ്‌ന്‍സ് നിര്‍ദ്ദേശിച്ച 'ചോദന മാനേജ്മെന്റില്‍ ഭരണ കൂട ഇടപെടല്‍' (state intervention in demand management), പെട്ടെന്നു് തന്നെ നവജാത പ്രതിസന്ധി തരണം ചെയ്യാനുള്ള മറു വഴി പ്രദാനം ചെയ്തു. യഥാര്‍ത്ഥത്തില്‍, യുദ്ധങ്ങള്‍ക്കിടയിലുണ്ടായ വലിയ തകര്‍ച്ച ആഴത്തിലുള്ളതും ദീര്‍ഘിച്ചതും വേദനാജനകവുമാകാന്‍ കാരണം മുതലാളിത്തം അക്കാലത്തു് രണ്ടു് പുറം പരിഹാരങ്ങള്‍ക്കിടയിലായിരുന്നു എന്നതും അന്നു് മറ്റൊരു മറുവഴി നിലവിലില്ലായിരുന്നു എന്നതുമാണു്.

ഇന്നത്തെ പ്രതിസന്ധിക്കു് യുദ്ധ ഇടവേളകളിലെ വലിയ തകര്‍ച്ചയുമായുള്ള താരതമ്യം മറു വഴികളില്ല എന്നതാണെങ്കില്‍, രണ്ടും തമ്മില്‍ താരതമ്യമില്ലാതാക്കുന്നതു് ഇന്നത്തെ പ്രതിസന്ധിക്കു് മറുവഴികള്‍ ചക്രവാളങ്ങളില്‍ പോലും ദര്‍ശിക്കാനാവുന്നില്ല എന്നതാണു്. ഇന്നു് ധനക്കമ്മി കുറവു് ചെയ്യാന്‍ ഒബാമ റിപ്പബ്ലിക്കന്മാരുമായുണ്ടാക്കിയ കരാറും ആ പരിഹാരം പോലും തൃപ്തികരമല്ലാത്തതിനാല്‍ യുഎസിനു് വായ്പയെടുക്കാനുള്ള കഴിവിലുണ്ടായ ഇടിവും S&P അമേരിക്കയുടെ പൊതുക്കടവുമായി ബന്ധപ്പെട്ട റേറ്റിങ്ങു് കുറച്ചതും കാരണം, മുന്‍കാലത്തു്, യുഎസ്എയ്ക്കു് പുറത്തു് മാത്രം നിരോധിക്കപ്പെട്ടിരുന്ന 'ചോദന മാനേജ്മെന്റില്‍ സര്‍ക്കാരിടപെടല്‍' എന്ന മറുവഴി, യുഎസില്‍ തന്നെയും കുഴിച്ചു് മൂടപ്പെട്ടിരിക്കുകയാണു്. അതോടെ മറുവഴികളൊന്നും ലഭ്യമല്ലാതായിരിക്കുന്നു.

ചോദന മാനേജ്മെന്റില്‍ സര്‍ക്കാരിടപെടല്‍ തന്നെയും എളുപ്പമല്ലാതായി കഴിഞ്ഞിരുന്നു. ധനകമ്മി ഉപയോഗിച്ചു് നടപ്പാക്കപ്പെടുന്ന വര്‍ദ്ധിച്ച പൊതു മരാമത്തു് പണിയിലൂടെ തൊഴിലില്ലായ്മക്കു് പരിഹാരം കാണുക എന്ന പദ്ധതി, 1929 ല്‍ കെയ്‌ന്‍സ് അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ടി നേതാവായിരുന്ന ലോയിഡ് ജോര്‍ജ്ജിലൂടെ മുന്നോട്ടു് വെയ്ക്കുമ്പോള്‍, തൊഴിലില്ലായ്മ വന്‍ തകര്‍ച്ച പാരമ്യത്തിലെത്തിയപ്പോഴുണ്ടായതിന്റെ പകുതി മാത്രമായിരുന്നു.

പക്ഷെ, സര്‍ക്കാരുകള്‍ ബഡ്ജറ്റു് സന്തുലിതമായി നിലനിര്‍ത്തിക്കൊണ്ടു് ധനകാര്യവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കണമെന്ന തത്വത്തിന്റെ ലംഘനം ഉല്പാദന ക്ഷമമല്ലെന്ന പേരില്‍ ബ്രിട്ടീഷ് ധന മൂലധനത്തിന്റെ ആസ്ഥാനമായ 'സിറ്റി'യുടെ അധീനതയിലുള്ള ബ്രിട്ടീഷ് ട്രഷറി മേല്പറഞ്ഞ നിര്‍ദ്ദേശം തള്ളിക്കളയുകയാണുണ്ടായതു്. ഇക്കാലത്തു്, ആ തത്വപ്രകാരം ധനകാര്യ മാനേജ്മെണ്ടിനുള്ള ഉത്തരവാദിത്വം എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ (GDP) ഒരു ചെറിയ ശതമാനം ധന കമ്മി അനുവദിക്കുകയാണു് ചെയ്യുന്നതു്. കെയ്‌ന്‍സാകട്ടെ, 'ധനകാര്യ വ്യവസ്ഥയുടെ ആരോഗ്യ' മെന്ന ആ തത്വം ചീത്ത സാമ്പത്തിക ശാസ്ത്ര തത്വമായാണു് കണ്ടതു്. പക്ഷെ, ഈ ചീത്ത സാമ്പത്തിക ശാസ്ത്രതത്വത്തിന്റെ പിറകില്‍ വര്‍ഗ്ഗ താല്പര്യമാണുള്ളതു്.

സുഗമമായ പ്രവര്‍ത്തനത്തിനു് ഭരണ കൂടത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഏതു് വ്യവസ്ഥയും ആഭ്യന്തരമായി ദൌര്‍ബ്ബല്യമുള്ളതാണു്. ഭരണ കൂടത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നംഗീകരിക്കുന്നതു് തന്നെ മുതലാളിത്തത്തിന്റെ സാധുത ഇല്ലെന്നു് സമ്മതിക്കുകയാണു്. അതായതു്, മറ്റു് തരത്തില്‍ നേടാന്‍ കഴിയാത്ത പൂര്‍ണ്ണമായ തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍, യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നതിനു് വിരുദ്ധമായി, ഭരണ കൂടത്തിനു് സ്വയം കഴിയുമെങ്കില്‍ സംരംഭങ്ങള്‍ നടത്താനും അതിനു് കഴിയും. അപ്പോള്‍ പിന്നെ മുതലാളി വര്‍ഗ്ഗത്തിന്റെ ആവശ്യമില്ലാതാകും, അവരുടെ ശുഭാപ്തി വിശ്വാസം ഒരു പരിഗണനാവിഷയമല്ലാതാകും. മുതലാളിമാര്‍ക്കിടയില്‍ ഗണ്യമായി ഊഹക്കച്ചവടത്തിലേര്‍പ്പെട്ടിട്ടുള്ള ധനം കൈകാര്യം ചെയ്യുന്ന വിഭാഗം മൂലധനാധിപത്യത്തിന്റെ സാമൂഹ്യ പ്രസക്തി ചോദ്യ ചെയ്യപ്പെടുമ്പോള്‍ വിഷമത്തിലാകും, കാരണം, കെയ്‌ന്‍സ് പറഞ്ഞത് പോലെ കര്‍ത്തവ്യമില്ലാത്ത നിക്ഷേപകരുടെ വര്‍ഗ്ഗമാണതിലുള്ളതു്.

അതിനാല്‍, മൂലധനത്തിനു് മേല്‍ കൂടുതലായ നികുതിയൊന്നും വരുന്നില്ലെങ്കില്‍ പോലും ധന കമ്മിയുടെ സഹായത്തോടെ നടത്തപ്പെടുന്ന വര്‍ദ്ധിച്ച സര്‍ക്കാര്‍ ചെലവിലൂടെ ഉണ്ടാകുന്ന ഭരണകൂട ഇടപെടലിനെ ധന മൂലധനം, പ്രത്യേകിച്ചും, എതിര്‍ക്കും. ഈ എതിര്‍പ്പു് പ്രകടിപ്പിക്കുന്ന 'ധനവ്യവസ്ഥയുടെ ആരോഗ്യം' എന്ന തത്വത്തെ ജോവന്‍ റോബിന്‍സണ്‍ ഉചിതമായിത്തന്നെ ധന വ്യവസ്ഥയുടെ അതിക്രമം (“the humbug of finance”) എന്നാണു് വിളിച്ചതു്.

സാമൂഹ്യ സാധുത ചോദ്യം ചെയ്യപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ധന മൂലധനാധിപത്യത്തിന്റെ മേധാവിത്വത്തിനെതിരായ ഭീഷണി അപ്രസക്തമാകുമെങ്കില്‍, ഒരു പക്ഷെ, വര്‍ദ്ധിച്ച സര്‍ക്കാര്‍ ചെലിവിനു് നേരെയുള്ള ധന മൂലധനത്തിന്റെ എതിര്‍പ്പും അപ്രത്യക്ഷമാകും. അതു് പക്ഷെ, നടക്കുക, ഭരണകൂടത്തിനു് മേല്‍ നേരിട്ടു് നിയന്ത്രണമുള്ളതും 'കലേക്കി' പറഞ്ഞതു് പോലെ ബദല്‍ ഗവണ്മേണ്ടിനു് സാധ്യതയില്ലാത്തതുമായ ഫാസിസത്തിനു് കീഴിലാണു്. യുദ്ധ സംവിധാനം സൃഷ്ടിക്കുന്നതിനായി വലിയ തോതില്‍ സര്‍ക്കാര്‍ ചെലവു് ഉണ്ടാകുകയും അങ്ങിനെ മുപ്പതുകളിലെ വലിയ പ്രതിസന്ധിയില്‍ നിന്നു് ആദ്യമായി കരകയറുകയും ചെയ്തതു് മിലിറ്ററി ഫാസിസ്റ്റു് ജപ്പാനും നാസി ജര്‍മ്മനിയും ആയതു് ഇക്കാര്യം വിശദീകരിക്കുന്നു. ഉദാര മുതലാളിത്ത രാജ്യങ്ങള്‍ക്കിടയില്‍ റൂസ്‌വെല്‍റ്റിനു് കീഴില്‍ അമേരിക്ക സര്‍ക്കാര്‍ ചെലവിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള 'പുതിയ ഇടപാടു്' (New deal) തുടങ്ങുക തന്നെ ചെയ്തു. എന്നാല്‍, ചെറിയതോതിലുള്ള വീണ്ടെടുപ്പു് ഉണ്ടായപ്പോള്‍ തന്നെ ധന മൂലധനത്തിന്റെ ഭാഗത്തു് നിന്നുണ്ടായ സമ്മര്‍ദ്ദഫലമായി റൂസ്‌വെല്‍റ്റിനു് ധന കമ്മി കുറയ്ക്കേണ്ടി വരികയും 1937 ല്‍ രണ്ടാമതൊരു മാന്ദ്യത്തിലേക്കു് സമ്പദ്ഘടന കൂപ്പുകുത്തുകയും ഉണ്ടായി. അതില്‍ നിന്നു്, മറ്റു് ഉദാര മുതലാളിത്ത സമ്പദ്ഘടനകളോടൊപ്പമാണു്, ഫാസിസ്റ്റു് ഭീഷണിക്കെതിരായ യുദ്ധ തയ്യാറെടുപ്പുകള്‍ കൊണ്ടു് മാത്രമാണു് കരകയറാനായതു്. യുദ്ധത്തിനു് ശേഷം മാത്രമാണു്, മുന്നോക്ക രാജ്യങ്ങളില്‍ സോഷ്യല്‍ ഡെമോക്രസിയുടെ ഉദയം സൂചിപ്പിക്കുന്നതു് പോലെ രാഷ്ട്രീയമായി ശക്തമായ തൊഴിലാളി വര്‍ഗ്ഗം ഉയര്‍ന്നു് വന്ന ശേഷം മാത്രമാണു് ചോദന പ്രോത്സാഹനത്തില്‍ ഭരണ കൂട ഇടപെടല്‍ വ്യവസ്ഥാപിതമായതു്. അപ്പോള്‍ പോലും, ഈ രാജ്യങ്ങളെയെല്ലാം കൂട്ടായെടുത്താല്‍, മൊത്തം സര്‍ക്കാര്‍ ഇടപെടലിലെ ഏറ്റവും വലിയ ഘടകം അമേരിക്കയുടെ യുദ്ധച്ചെലവായിരുന്നു. അതിനോടാകട്ടെ, കുത്തക-ധന മൂലധനത്തിനു് കുറഞ്ഞ തോതിലുള്ള എതിര്‍പ്പേ ഉള്ളു താനും.

ഈ കാലഘട്ടത്തിലെ സമരസപ്പെട്ടുള്ള (Synchronous) ആഗോള ധന മൂലധനത്തിന്റെ ഒഴുക്കിലൂടെ നടക്കുന്ന മൂലധന കേന്ദ്രീകരണത്തിന്റേയും അതിലൂടെ ആഗോള ധനമൂലധനത്തിന്റെ രൂപീകരണത്തിന്റേയും പ്രക്രിയ മേല്പറഞ്ഞ ഭരണകൂട ഇടപെടലിനെ തന്നെയും പുറകോട്ടടിപ്പിച്ചു. ഇതില്‍ ബന്ധപ്പെടുന്ന ഭരണകൂടങ്ങള്‍ ദേശീയ രാഷ്ട്രങ്ങളായിരുന്നതിനാലും ധനമൂലധനം ആഗോളമായിരുന്നതിനാലും മൂലധനത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ചെറുക്കാന്‍ ഭരണ കൂടങ്ങള്‍ക്കു് കഴിയുമായിരുന്നില്ല. ആഗോള ധന മൂലധനത്തിന്റെ ഇംഗിതങ്ങള്‍ക്കു് വഴങ്ങാത്ത നയങ്ങളുള്ള ദേശ രാഷ്ട്രങ്ങളില്‍ നിന്നു് മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കുണ്ടാകുമെന്ന അപകടം മൂലം ലിക്വിഡിറ്റി പ്രതിസന്ധി നേരിടേണ്ടിവരുമായിരുന്നു. രാഷ്ട്രങ്ങള്‍, അതിനാല്‍, ധനമൂലധനത്തെ പ്രീണിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ കാട്ടുന്നതിനും പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ ചോദനം വര്‍ദ്ധിപ്പിക്കാനുള്ള കഴിവു് കുറയുന്ന അവസ്ഥ സൃഷ്ടിക്കുന്നതാണെങ്കില്‍ പോലും 'ധനവ്യവസ്ഥയുടെ ആരോഗ്യം' കാത്തു സൂക്ഷിക്കുന്നതിനും നിര്‍ബ്ബന്ധിതരായി.

എങ്കിലും ഇതിനൊരപവാദമുണ്ടായിരുന്നു, അതു് അമേരിക്കയാണു്. ബ്രെറ്റന്‍വുഡ് വ്യവസ്ഥയുടെ പതനത്തോടെ ഡോളറും സ്വര്‍ണ്ണവും തമ്മില്‍ നിയമപരമായ ബന്ധം വേര്‍പെടുത്തിയശേഷവും, അമേരിക്കന്‍ നാണയം ലോകത്തിലെ സ്വത്തുക്കളിലേറെയും സൂക്ഷിക്കപ്പെട്ടിരുന്ന മാധ്യമമായിരിക്കേ, സ്വത്തു് സൂക്ഷിക്കുന്നവര്‍ അതിന്റെ നാണയം സ്വര്‍ണ്ണത്തിനു് തുല്യമായി കണക്കാക്കിയിരിക്കെ, യുഎസില്‍ നിന്നു് പുറത്തേയ്ക്കു് ഗണ്യമായ അളവില്‍ മൂലധനത്തിന്റെ സ്ഥായിയായ ഒഴുക്കു് ഊഹിക്കാന്‍ പോലും കഴിയാത്തതിനാല്‍ തന്നെ ആ രാഷ്ട്രത്തിനു് മറ്റൊരു മുതലാളിത്ത രാഷ്ട്രത്തിനും ഇല്ലാത്ത സ്വാതന്ത്ര്യം ധന കമ്മിയുടെ കാര്യത്തില്‍ അനുവദിക്കപ്പെട്ടിരുന്നു. ആ രാജ്യം ആ സ്വാതന്ത്ര്യം ഉപയോഗിച്ചോ ഇല്ലയോ എന്നതിലുപരി അതിനതുണ്ടായിരുന്നു : ധന വ്യവസ്ഥയ്ക്കു് കമ്മി കുറച്ചു് നിര്‍ത്താന്‍ രാഷ്ട്രീയമായി അമേരിക്കന്‍ നയത്തെ സ്വാധീനിക്കാമെങ്കിലും അതിനായി അമേരിക്കന്‍ ഭരണകൂടെത്തെ കണ്ണുരിട്ടി കാട്ടി അതു് ചെയ്യിക്കാനാവുമായിരുന്നില്ല. 2008 ലെ പ്രതിസന്ധിയെത്തുടര്‍ന്നു്, താരതമ്യേന വളരെ ചെറുതെങ്കിലും മുന്നോക്ക നാടുകള്‍ക്കിടയില്‍ ഏറ്റവും ഗണ്യമായ ഉത്തക പാക്കേജു് അമേരിക്ക നടപ്പാക്കിയെന്നതില്‍ അത്ഭുതമില്ല.

ഈ ഉത്തേജക പാക്കേജും, പക്ഷെ, ഇപ്പോള്‍ പിന്‍വലിക്കപ്പെടുകയാണു്. ഭരണകൂടം ഇടപെട്ടു് ചോദനം ഉയര്‍ത്തി ഉല്പാദനവും തൊഴിലും വളര്‍ത്തുന്ന കാര്യത്തില്‍ താരതമ്യേന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്ന സമ്പദ്ഘടനയിലും ആ നടപടിയെടുത്തുവന്ന യുഗം അവസാനിക്കുകയാണു് അമേരിക്കയിലെ ഈ മാറ്റത്തിലൂടെ നടക്കുന്നതു്. അമേരിക്കയിലെ രണ്ടു് പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ടികളിലൂടെ ചെലുത്തപ്പെടുന്ന ധന മൂലധനത്തിന്റെ സമ്മര്‍ദ്ദം മൂലം ഒബാമയും റിപ്പബ്ലിക്കന്‍ പാര്‍ടിയും തമ്മില്‍ ഒരു ട്രില്ല്യന്‍ ഡോളറിന്റെ കമ്മി സര്‍ക്കാര്‍ നടപടികളിലൂടെയും മറ്റൊരു 1.2 ട്രില്ല്യന്‍ ഡോളറിന്റെ കമ്മി കോണ്‍ഗ്രസിന്റെ ബൈപാര്‍ടിസാന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളിലൂടെയും നടപ്പാക്കാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുകയാണു്. ബുഷ് കാലഘട്ടത്തിലെ പണക്കാര്‍ക്കുള്ള ടാക്സ് ഇളവുകള്‍ തുടരുമെന്നു് ഒബാമ വാഗ്ദാനം നല്‍കിക്കഴിഞ്ഞിരിക്കുന്നതിനാല്‍ ഈ കുറവുകള്‍ അധികവും വരുത്തുക പാവപ്പെട്ടവരുടെ ചെലവിലായിരിക്കും. അതോടൊപ്പം 2008 പ്രതിസന്ധിയെ തുടര്‍ന്നു് ധന മൂലധനത്തിനു് വേണ്ടി നടപ്പാക്കിയ വലിയ പുനരുജ്ജീവന പാക്കേജും (bailout package) ചേര്‍ന്നു് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ കടത്തേയാണു് ധന മൂലധനം വലിയവായില്‍ എതിര്‍ക്കുന്നതെന്നതാണു് വൈപരീത്യം. ഈ കാരാറുണ്ടായിട്ടും S&P എന്ന ക്രെഡിറ്റു് റേറ്റിങ്ങ് ഏജന്‍സി അമേരിക്കന്‍ സര്‍ക്കാരിനെ ക്രെഡിറ്റു് റേറ്റിങ്ങില്‍ തരം താഴ്ത്തി. കാരണം, കരാറും അമേരിക്കന്‍ ധനനയം മൊത്തത്തിലും അപര്യാപ്തമാണെന്നാണു് അവര്‍ കാണുന്നതു്. S&P ധനമൂലധനത്തിന്റെ കാവല്‍ നായ സ്ഥാപനമായിരുന്നില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ അവര്‍ അസംതൃപ്തരാണെന്നതു് ചിരിയുണര്‍ത്തുന്ന ചെറിയൊരു കാര്യമായിരുന്നേനെ. S&P യുടെ കഴിവില്ലായ്മ ചരിത്ര പ്രസിദ്ധമാണു്. കാരണം, ഹൌസിങ്ങു് കുമിള വീര്‍പ്പിച്ചെടുത്തതിനും അതിന്റെ തുടര്‍ച്ചയായുണ്ടായ ഭീമമായ തകര്‍ച്ചയ്ക്കും കാരണമായ ആശാസ്യമല്ലാത്ത ആസ്തികള്‍ക്കു് (toxic assets) ഉയര്‍ന്ന റേറ്റിങ്ങ് നല്‍കുകയുണ്ടായി. പക്ഷെ, ആ സ്ഥാപനം ധനമൂലധനത്തിന്റെ കണ്ണും കാതുമാണു്. അതു് അമേരിക്കന്‍ പൊതു കടത്തിന്റെ റേറ്റിങ്ങു് കുറച്ച നടപടി, അതിനാല്‍, മനസില്ലാ മനസോടെയെങ്കിലും തുടര്‍ന്നും ധന കമ്മി കുറയ്ക്കുന്ന നടപടിയ്ക്കിടയാക്കും വെയ്ക്കുക.

ഈ സ്ഥിതി, പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളും ഇതേ ഗതികേടില്‍ പെട്ടിരിക്കുകയാണെന്നതിനാല്‍, അമേരിക്കയുടേയും അതിനാല്‍ ലോകത്തിന്റെ തന്നേയും മാന്ദ്യം വഷളാക്കാന്‍ ഇടയാക്കുമെന്ന വസ്തുത ഉറപ്പാണു്. അവരും വന്‍തോതിലുള്ള സാമൂഹ്യാസ്വാസ്ഥ്യങ്ങള്‍ക്കു് ഇടവരുത്തിക്കൊണ്ടു് കടുത്ത ചെലവു് ചുരുക്കല്‍ നടപടികളിലൂടെ ധന കമ്മി കുറക്കുകയാണു്. പ്രധാനപ്പെട്ടകാര്യം, പക്ഷെ, സര്‍ക്കാര്‍ ചെലവു് കുറച്ചുകൊണ്ടിരിക്കുമ്പോഴും സ്വകാര്യ ചെലവുകള്‍ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങളൊന്നും കാട്ടാതിരിക്കുമ്പോഴും (എന്തെങ്കിലുമുണ്ടെങ്കില്‍, ലോക സമ്പദ്ഘടനയുടെ ഗതികേടു് മൂലം കൂടുതല്‍ ചെലവു് കുറയ്ക്കല്‍ ഉണ്ടാകുമെന്നതാണു്) സര്‍ക്കാര്‍ ചെലവിനു് പകരം വെയ്ക്കാന്‍ മറുവഴികളൊന്നും ലഭ്യമല്ലെന്നതാണു്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ 'സര്‍ക്കാര്‍ ചെലവുകള്‍' മറുവഴിയായി കിട്ടിയിരുന്നു, അതിന്റെ സാധ്യതകള്‍ ചക്രവാളത്തില്‍ കാണാമായിരുന്നു. അത്തരം മറുവഴികളൊന്നും ഇന്നു് ചക്രവാളത്തില്‍ കാണാനില്ല.

മുകളില്‍ നാം കണ്ടതു് പോലെ, പുതിയ കണ്ടുപിടുത്തങ്ങള്‍ പുതിയ വളര്‍ച്ചയ്ക്കു് കാരണമാകുന്നതിനു് പകരം വളര്‍ച്ചയുണ്ടായാല്‍ മാത്രമേ ഉപയോഗിക്കപ്പെടുകയുള്ളു. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ സര്‍ക്കാരിടപെടല്‍ കഴിഞ്ഞകാല കഥ മാത്രമാണു്. ജനങ്ങളുടെ ക്രയശേഷി ഉയര്‍ത്തുന്ന സര്‍ക്കാര്‍ ചെലവിലൂടെ ചൈനീസ് ആഭ്യന്തര കമ്പോളത്തിലുണ്ടാകുന്ന വമ്പിച്ച വികാസം ലോക സമ്പദ്ഘടനയിലാകെ ഉത്തേജനം ഉണ്ടാക്കിയേക്കാം. യഥാര്‍ത്ഥത്തില്‍ പ്രസിദ്ധ ധനതത്വശാസ്ത്രജ്ഞന്‍, ഓസ്കാര്‍ ലാംഗേയുടെ അഭിപ്രായത്തില്‍ സോവിയറ്റു് യൂണിയനില്‍ നിന്നും മറ്റിതര കേന്ദ്രീകൃതാസൂത്രിത സമ്പദ്ഘടനകളില്‍ നിന്നും മുതലാളിത്ത ലോകത്തിന്റെ അസ്ഥിരതകളൊന്നും ബാധിക്കാതെ തുടര്‍ന്ന ചോദനമാണു് യുദ്ധാനന്തര കാലഘട്ടത്തില്‍ മുതലാളിത്തത്തിന്റെ സുസ്ഥിരതക്കു് കാരണമായതു്. അത്തരത്തിലൊരു ഫലം പ്രായോഗത്തില്‍ എത്ര ചെറുതാണെങ്കിലും തത്വത്തിലെങ്കിലും നിഷേധിക്കാനാവുന്നതല്ല. പക്ഷെ, നിലവില്‍ ചൈനിസ് കമ്പോളത്തെ സക്രിയമാക്കിയിരിക്കുന്നതു് ദേശീയ-നവ-കച്ചവട താല്പര്യമാണെന്നതു് മറികടക്കുകയാണെങ്കില്‍ പോലും, മുതലാളിത്ത ലോകത്തെ ഉത്തേജിപ്പിക്കാന്‍ ചൈനയ്ക്കുള്ള കഴിവു് ഇപ്പോഴും വളരെ പരിമിതമാണു്. അതിനാല്‍, വീണ്ടെടുപ്പിനുള്ള ഒരേ ഒരു സാധ്യത പുനരുല്പാദിപ്പിക്കപ്പെടാവുന്ന ഏതെങ്കിലും ആസ്തികളില്‍ പുത്തന്‍ കുമിളകള്‍ സൃഷ്ടിക്കുക എന്നതോ അത്തരം ആസ്തികളില്‍ ഉടമസ്തത സ്ഥാപിക്കുകയോ എന്നതോ മാത്രമാണു്. പക്ഷെ, അത്തരം കുമിളകള്‍ സൃഷ്ടിക്കപ്പെടുക സാധ്യമാണെങ്കില്‍ തന്നെ, അതിന്റെ സമയക്രമത്തിന്റെ കാര്യത്തില്‍ ഉറപ്പില്ല, മാത്രമല്ല, അതു് സൃഷ്ടിക്കപ്പെടുകയും അതിലൂടെ വീണ്ടെടുപ്പു് നടക്കുകയുമാണെങ്കില്‍ തന്നെ, അതിന്റെ തുടര്‍ന്നുള്ള തകര്‍ച്ച വ്യവസ്ഥിതിയെ തിരിച്ചു് പ്രതിസന്ധിയിലേക്കു് തള്ളിവിടുക തന്നെയാണുണ്ടാവുക. മുതലാളിത്ത സമ്പദ്ഘടനയ്ക്കു് കലവറയിലുള്ളതു്, ഉയര്‍ന്ന നിരക്കിലുള്ള ശരാശരി തൊഴിലില്ലായ്മയെ ആധാരമാക്കി ഇടക്കിടെ കുമിളകളുണ്ടാക്കിയുള്ള വീണ്ടെടുപ്പും അതേത്തുടര്‍ന്നുണ്ടാകുന്ന തകര്‍ച്ചയും മാത്രമാണു്. ജോണ്‍ മെയ്‌നാര്‍ഡ് കെയ്‌ന്‍സ് സര്‍ക്കാര്‍ ഇടപെടലിലൂടെ, വ്യക്തമായും അതേതരത്തിലുള്ള സര്‍ക്കാരില്‍ നിന്നു്, വ്യവസ്ഥയെ രക്ഷപ്പെടുത്താനാഗ്രഹിച്ചു, കാരണം, അദ്ദേഹത്തിനുണ്ടായിരുന്ന ധാരണ "ഇന്നത്തെ മൂലധനാധിഷ്ഠിത വ്യക്തിവാദവുമായി ബന്ധപ്പെട്ടിരിക്കുന്ന തൊഴിലില്ലായ്മ ലോകം അധിക കാലം പൊറുക്കില്ല" എന്നും ഈ വ്യവസ്ഥ, അതിനാല്‍ തന്നെ, സോഷ്യലിസ്റ്റു് വെല്ലുവിളിയെ അതിജീവിക്കില്ല എന്നുമാണു്. കെയ്‌ന്‍സിന്റെ പദ്ധതി നടപ്പാക്കപ്പെടാതിരിക്കെ, ഈ വെല്ലുവിളി ഏറ്റെടുക്കുക എന്നതു് സജിവ പരിഗണനാവിഷയമായി മുന്നോട്ടു് വരുന്നു.

(Courtesy : EBRF_CUSAT_Seminar_Paper)

തര്‍ജ്ജമ - ജോസഫ് തോമസ്

No comments:

Blog Archive