Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, October 3, 2011

അഴിമതി രഹിത ഇന്ത്യ – അണ്ണാ ഹസാരെ സംഘത്തിന്റെ സമരം - ഒരു വിലയിരുത്തല്‍

അണ്ണാഹസാരെ മുന്‍ സൈനികനാണു്. പിന്നീടു് ഗാന്ധിയനായി. റാലേഗാവോണ്‍ സിദ്ധിയിലെ ഗ്രാമീണരെ സംഘടിപ്പിച്ചു് വികസനത്തിന്റെ ഒരു ബദല്‍ മാതൃക സൃഷ്ടിച്ചു. അതേതായാലും ആധുനിക മുതലാളിത്തം മുന്നോട്ടു് വെയ്ക്കുന്ന ദുരാഗ്രഹത്തിലും ഉപഭോഗ തൃഷ്ണയിലും അധിഷ്ഠിതമല്ല. അതേ സമയം ഒട്ടേറെ വൈകല്യങ്ങളുള്ളതുമാണു്. ഏകാധിപത്യപരമാണു് അണ്ണയുടെ സമീപനം. ഒറ്റപ്പെട്ട ഗ്രാമീണ സമ്പദ്ഘടന തുടരാമെന്ന കാഴ്ചപ്പാടിലൂടെ സാമൂഹ്യ പുരോഗതിയുടെ ചക്രം പുറകോട്ടു് പിടിക്കുക എന്ന സമീപനം അനുവര്‍ത്തിക്കുന്നുണ്ടു്. ഇതൊക്കെയാണെങ്കിലും മുതലാളിത്ത ദുരാഗ്രഹങ്ങള്‍ക്കെതിരായ സമത്വത്തിന്റേതായ ചില ഉട്ടോപ്യന്‍ ആശയങ്ങള്‍ അതിനു് പിന്നിലുണ്ടു്. നിലവില്‍ മുതലാളിത്തത്തിന്റെ തേരോട്ടത്തിനിടയില്‍, നിലവിലുള്ള വ്യവസ്ഥിതിക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന, ഏതു് മാതൃകകള്‍ക്കും അത്തരം ഉട്ടോപ്യന്‍ സ്വഭാവമേ ഉണ്ടാകൂ എന്നതും കാണാതെ പോയിക്കൂടാ.

അങ്ങിനെയുള്ള അണ്ണാ ഹസാരെയാണു് ഈ സമരത്തിന്റെ മുന്‍പന്തിയില്‍ സമരക്കാരുടെ നേതൃത്വത്തില്‍ എത്തിപ്പെട്ടതു്. എങ്ങിനെയെത്തി എന്നതിനുത്തരം എനിക്കറിയില്ല. ഒരു പക്ഷെ, സാമ്രാജ്യത്വ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ അദ്ദേഹത്തെ കണ്ടെത്തി ഉയര്‍ത്തി കൊണ്ടുവന്നതാകാം. മാധ്യമങ്ങള്‍ പൊക്കിക്കൊണ്ടു് വന്നതാകാം. ഭരണാധികാരികള്‍ പ്രോത്സാഹിപ്പിച്ചു് കൊണ്ടു് വന്നതാകാം. ആര്‍ എസ് എസോ ബിജെപിയോ കൊണ്ടുവന്നതാകാം. ഇക്കാര്യത്തില്‍ ശരിയായ നിഗമനം രൂപപ്പെടുത്താനാവശ്യമായ വസ്തു നിഷ്ഠ വിവരം എന്‍റെ പക്കലില്ല. ഈ ഭാഗം, ചരിത്രകാരന്മാര്‍ പഠിച്ചു് പറയട്ടെ. അവരതിനു് പകരം, അണ്ണാ സമരം ഇടതു് പക്ഷത്തിനെതിരാണെന്ന, സമൂഹത്തിനെതിരാണെന്ന തോതിലുള്ള രാഷ്ട്രീയ നിഗമനങ്ങള്‍ നിരത്തുകയാണു് ഈ സമരകാലത്തു് ചെയ്തതു്. അതാണു് ഇടതു് പക്ഷ ബുദ്ധിജീവികളെ സ്വാധീനിച്ചതും, വഴി തെറ്റിച്ചതും. ഏതായാലും, ഇടതു് പ്രസ്ഥാനങ്ങളുടെ വസ്തു നിഷ്ഠമായ വിലയിരുത്തല്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ സത്യം നമുക്കറിയാം.

ഏതായാലും സമരം നടന്നു. അതു് നമുക്കൊന്നു് വിശകലനം ചെയ്യേണ്ടതുണ്ടു്. സമരത്തിനു് പിന്തുണയുമായി ബിജെപിയെത്തി. അവരുടെ നേതാക്കളെ വേദിയിലിരിക്കാന്‍ അണ്ണാ ഹസാരെ സമ്മതിച്ചില്ല. താല്പര്യമുണ്ടെങ്കില്‍ അവര്‍ക്കു് ജനങ്ങളോടൊപ്പം സമരത്തില്‍ പങ്കെടുക്കാം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേതു്. അതോടെ അവര്‍ രംഗത്തു് നിന്നു് മാറി. അവസാനം സമരം തീരുന്നതിന്റെ തലേന്നു്, ബിജെപി എംപി വരുണ്‍ ഗാന്ധി അവിടെയെത്തി സമരത്തിനു് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു് മടങ്ങി. പാര്‍ലമെണ്ടില്‍ സമരത്തെ ന്യായീകരിച്ചും പുകഴ്ത്തിയും ബിജെപിക്കു് വേണ്ടി വരുണ്‍ ഗാന്ധി സംസാരിച്ചു. അതു് മാത്രമാണു് സമരത്തിന്റെ നേട്ടത്തിന്റെ നേരവവകാശികളായി സ്വയം പ്രഖ്യാപിക്കാന്‍ ബിജെപിയക്കു് കിട്ടിയ തുരുപ്പു് ചീട്ടു്. ബിജെപി അണ്ണാ ഹസാരെ സംഘം മുന്നോട്ടു് വെച്ച ആവശ്യങ്ങളില്‍ ഒട്ടേറെ ചാഞ്ചാട്ടം നടത്തി. അവസാനം പൊതു ധാരണയ്ക്കു് വഴങ്ങി പ്രമേയത്തെ പിന്താങ്ങുകയാണുണ്ടായതു്. അല്ലാതെ, പൂര്‍ണ്ണ സമ്മതത്തോടെയല്ല, ആത്മാര്‍ത്ഥതയോടെയുമല്ല.

കോണ്‍ഗ്രസാകട്ടെ, അണ്ണാ ഹസാരേയുമായി അനുരഞ്ജന ചര്‍ച്ചയ്ക്കു് എടുത്തു് ചാടി തയ്യാറായതാണു് പലരേയും ആശയക്കുഴപ്പത്തിലാക്കിയതു്. അറബ് നാടുകളില്‍ നടക്കുന്ന സമരം പോലെ തങ്ങള്‍ക്കു് തലവേദനയാകുമോ എന്ന പേടി സമരങ്ങള്‍ കണ്ടും നേരിട്ടും അനുഭവപ്രജ്ഞരല്ലാത്ത യുപിഎ നേതൃത്വത്തിനുണ്ടായെന്നതു് നേരു്. അതു കൊണ്ടാണു് അവര്‍ സമരം ഒത്തു് തീര്‍പ്പാക്കാന്‍ അത്ര വേഗം ചാടിപ്പുറപ്പെട്ടതു്. ഇതേ ഗതി ഇതിലേറെ പ്രകടമാക്കപ്പെട്ടതു് ബാബ രാംദേവിന്റെ നിരാഹാരത്തിലാണു്. ആറു് മന്ത്രിമാരാണു് അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയതു്. അയാളെ, പക്ഷെ, പോലീസിനെ ഉപയോഗിച്ചു് കൈകാര്യം ചെയ്തു് ഡെല്‍ഹിക്കു് പുറത്താക്കാന്‍ സര്‍ക്കാരിനു് കഴിഞ്ഞു. അണ്ണാഹസാരേയുടെ കാര്യത്തില്‍ അതു് നടക്കാതെ പോയതു് അണ്ണയ്ക്കു് കുറേക്കൂടി സംഘ ബലം ഉണ്ടായതു് കൊണ്ടും കൂട്ടായ ഒരു നേതൃനിര ഉണ്ടായതു് കൊണ്ടും കൂറേക്കൂടി സുതാര്യമായി ജനശ്രദ്ധക്കു് മുമ്പില്‍ തന്നെ നിലകൊള്ളാന്‍ കഴിഞ്ഞതു കൊണ്ടുമാണു്. സര്‍ക്കാരെടുത്ത നിലപാടും മന്ത്രിമാരുടെ ധാര്‍ഷ്ഠ്യവുമെല്ലാം തിരിച്ചടിയായി. അവസാനം, സമരം അവസാനിപ്പിക്കാന്‍ അണ്ണാഹസാരെ സംഘം മുന്നോട്ടു് വെച്ച അടിയന്തിര മൂന്നിന പരിപാടി പൂര്‍ണ്ണമായും അംഗീകരിക്കേണ്ടി വന്നു. നിരാഹാരം അവസാനിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദം അണ്ണാഹസാരേ സംഘത്തിനു് മേലും ഉണ്ടായി. സ്വാഭാവികമായും സമരം അവസാനിപ്പിക്കാന്‍ അടിയന്തിരാവശ്യങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ക്കു് അണ്ണാ സംഘവും തയ്യാറായി.

ജനങ്ങള്‍ക്കു് സര്‍ക്കാരിനോടുള്ള രോഷം വഴിമാറ്റി വിടുകയാണു്, പ്രഷര്‍ കുക്കറിന്റെ സേഫ്റ്റിവാല്‍വു് പൊട്ടിത്തെറി ഒഴിവാക്കുന്നതു് പോലെ സര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ മര്‍ദ്ദം കുറച്ചു് സര്‍ക്കാരിന്റെ പതനവും ബദല്‍ സംവിധാനം വരുന്നതും ഒഴിവാക്കി ആ സര്‍ക്കാരിനെ സഹായിക്കുന്നതാണു് ഈ സമരം എന്ന വാദഗതി ചില കോണുകളില്‍ നിന്നുയരുകയുണ്ടായി. ഈ വാദഗതി സര്‍ക്കാരിന്റെ താല്പര്യത്തില്‍ ശരിയാണു്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതു് പോലെ തന്നെ കാര്യങ്ങള്‍ നടന്നാല്‍. സമരങ്ങളോടുള്ള തൊഴിലാളി വര്‍ഗ്ഗ നിലപാടിനെ മുതലെടുക്കാന്‍ ചില മാനേജ്മെന്റു് വിദഗ്ദ്ധര്‍ പറയാറുള്ള ഒരു വാദഗതിയാണതു്. കമ്പിത്തപാല്‍ തൊഴിലാളികളായ ഞങ്ങളുടെ സമ്മേളനത്തില്‍ വന്നു് 1987 ല്‍ ടെലികോം വകുപ്പിലെ സംയുക്ത ചര്‍ച്ചാവേദിയുടെ ചാര്‍ജ്ജുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞും ഞാന്‍ ഇതു് കേട്ടിട്ടുണ്ടു്. പക്ഷെ, ജനങ്ങളേയും തൊഴിലാളി വര്‍ഗ്ഗത്തേയും സംബന്ധിച്ചിടത്തോളം സമരം ഒരു തുടര്‍ പ്രക്രിയയാണു്. ചില ഘട്ടങ്ങളില്‍ ഒത്തു് തീര്‍പ്പുകള്‍ വേണ്ടിവരും. ചില സമരങ്ങള്‍ വിജയമായിരിക്കും. ചില സമരങ്ങള്‍ പരാജയപ്പെടും. വിജയമായാല്‍ അതിന്റെ നേട്ടം ഉപയോഗിച്ചും പരാജയപ്പെട്ടാല്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടും വീണ്ടും വര്‍ദ്ധിച്ച വീറോടെ സമര രംഗത്തിറങ്ങാന്‍ വര്‍ഗ്ഗ ഭരണം നിലനില്‍ക്കുവോളം ജനങ്ങളും തൊഴിലാളികളും നിര്‍ബന്ധിതരാണു്. അതിനാല്‍, ഏതു് സമരത്തേയും ഭരണ വര്‍ഗ്ഗത്തിനു് ആശ്വാസം പകരുന്ന ഒന്നായിട്ടും കാണാം. ഭരണ വര്‍ഗ്ഗത്തെ പരാജയപ്പെടുത്തി, ഭരണാധികാരം തൊഴിലാളി വര്‍ഗ്ഗം പിടിച്ചെടുക്കുന്ന സമരത്തെ പോലും അത്തരത്തില്‍ ആശ്വാസം പകരുന്നതായി അവതരിപ്പിക്കാം. പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചു് കഴിഞ്ഞല്ലോ ? ഇനി കൂടുതല്‍ അപകടം, ഇനിയൊരു പൊട്ടിത്തെറി ഒഴിവാകുമല്ലോ ? എന്നിങ്ങെനെയും ചിന്തിക്കാം!

സമരത്തെ തൊഴിലാളി വര്‍ഗ്ഗ പക്ഷത്തു് നിന്നു് വിലയിരുത്തുന്ന രീതി പ്രഷര്‍ കുക്കര്‍ ഉദാഹരണത്തിലൂടെയല്ല. അഥവാ പ്രഷര്‍ കുക്കര്‍ ഉപമ ഉപയോഗിക്കുകയാണെങ്കില്‍, അതിനു് മറ്റൊരു വ്യാഖ്യാനമാണുള്ളതു്. പ്രഷര്‍ കുക്കര്‍ ബഹജന സമരമോ തൊഴിലാളി സമരമോ മാത്രമല്ല, മൊത്തം മുതലാളിത്ത വ്യവസ്ഥിതി തന്നെയാണു്. അതിനുള്ളില്‍ വര്‍ഗ്ഗ മര്‍ദ്ദനത്തിന്റേയും വര്‍ഗ്ഗ ചൂഷണത്തിന്റേയും വര്‍ഗ്ഗ സമരത്തിന്റേയും അമിതോല്പാദന പ്രതിസന്ധിയുടേയും വ്യാപാര മാന്ദ്യത്തിന്റേയും കോളനി വെട്ടിപ്പിടുത്തത്തിന്റേയും ലോക മഹായുദ്ധങ്ങളുടേയും ഉല്പാദന ശക്തികളുടെ വളര്‍ച്ചയുടേയും ബോധപൂര്‍വ്വമുള്ള നശീകരണത്തിന്റേയും ഭ്രാന്തന്‍ പ്രക്രിയകളാണു് നടക്കുന്നതു്. ചിലപ്പോള്‍ പുറത്തേയ്ക്കു് നീരാവി ചീറ്റും. അങ്ങിനെ ചീറ്റി പോകുന്ന അവസരങ്ങളാണു് മുകളില്‍ പറഞ്ഞ പല നിര്‍ണ്ണായക പ്രതിസന്ധികളും. തൊഴിലാളി സമരങ്ങള്‍ മാത്രമല്ല. പ്രഷര്‍ കുക്കറിന്റെ സുരക്ഷാ വാല്‍വിന്റെ ധര്‍മ്മം പൊട്ടിത്തെറി ഒഴിവാക്കുകയാണെന്നതു് മുതലാളിത്തത്തിന്റെ സൌകര്യമാണു്. അതേ സൌകര്യത്തെ, പൊട്ടിത്തെറി ആസൂത്രിതമായി നടത്താന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് ഉപയോഗിക്കാനും കഴിയും. വാല്‍വിനു് മേല്‍ ചെറിയ മര്‍ദ്ദം കൊടുത്തു് അകത്തെ മര്‍ദ്ദം എത്ര വേണമെങ്കിലും ഉയര്‍ത്താനും തങ്ങള്‍ നിശ്ചയിക്കുന്ന സന്ദര്‍ഭത്തില്‍ മുതലാളിത്ത വ്യവസ്ഥയെന്ന പ്രഷര്‍ കുക്കര്‍ പൊട്ടിച്ചു് കളയാനും പുതിയ വ്യവസ്ഥിതി കെട്ടിപ്പടുക്കാനും തൊഴിലാളി വര്‍ഗ്ഗത്തിനുള്ള സൌകര്യം ഒരുക്കുന്നതിനാലാണതു് കഴിയുന്നതു്. മുതലാളിത്ത പൊതു പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ നടക്കുന്ന തൊഴിലാളികളുടെ ഐക്യ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ അത്തരത്തിലുള്ളതായിരിക്കും. അത്തരം ഒരു ഉദ്ദിഗ്ന ദശാസന്ധിയുടെ സൂചനകളാണു് നമുക്കിന്നു് ലോകമെമ്പാടും നിന്നുള്ള വാര്‍ത്തകളില്‍ നിന്നു് കിട്ടിക്കൊണ്ടിരിക്കുന്നതു്. ഏതായാലും ഇക്കാര്യത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രഷര്‍കുക്കര്‍ തിയറി ബഹുജന സമരത്തോടോ തൊഴിലാളി വര്‍ഗ്ഗ സമരത്തോടോ ഉള്ള തൊഴിലാളി വര്‍ഗ്ഗ വ്യാഖ്യാനത്തിനു് നിരക്കുന്നതല്ല. അണ്ണാ സംഘം നയിച്ച അഴിമതി വിരുദ്ധ സമരം കൊണ്ടു് യുപിഎ സര്‍ക്കാരിനു് നേട്ടമല്ല, കോട്ടമാണു് ഉണ്ടായിട്ടുള്ളതു്, മുതലാളിത്തത്തിനു് മൊത്തത്തില്‍ ഇനിയും ഉണ്ടാകാന്‍ പോകുന്നതും നേട്ടമല്ല.

ബഹുജന സമരങ്ങളെ ഇത്തരത്തില്‍ അപലപിക്കുകയോ ഇകഴ്ത്തിക്കാട്ടുകയോ ചെയ്യുക എന്നതു് തൊഴിലാളിവര്‍ഗ്ഗ കാഴ്ചപ്പാടല്ല. അതൊരു പെറ്റീബൂര്‍ഷ്വാ പൊങ്ങച്ചം പറച്ചിലിന്റെ ഭാഗമാണു്. അരോ പറഞ്ഞതു് പോലെ അസൂയയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണാ വാദം. ഇന്ത്യന്‍ സാഹചര്യത്തില്‍, എത്രമാത്രം പരിമിതികളോടെയാണെങ്കിലും അണ്ണാ ഹസാരെ സംഘം നടത്തിയ സമരം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണു്. ഒന്നാമതായി അതു് യുപിഎ സര്‍ക്കാരിന്റേയും ബിജെപി സംസ്ഥാന സര്‍ക്കാരുകളുടേയും മാത്രമല്ല, ബീജെപി നയിച്ച മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റേയും പൊതു മുതല്‍ ധൂര്‍ത്തടക്കമുള്ള അഴിമതികളോടുള്ള ജനങ്ങളുടെ രോഷ പ്രകടനമാണു്. യുപിഎ സര്‍ക്കാരിനു് മാത്രമല്ല, മൊത്തം ഭരണ വര്‍ഗ്ഗത്തേയും സാമ്രാജ്യത്വത്തേപ്പോലും നേരിട്ടു് പ്രതികൂലമായി ബാധിക്കുന്നതാണാ സമരത്തിന്റെ ഗതിവിഗതികളും പരിണിതികളും. വരാന്‍ പോകുന്ന നാളുകളുടെ സൂചനകള്‍ ആ സമരത്തില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു. ജനകീയ കൂട്ടായ്മയുടെ, ജനാധിപത്യ വികാസത്തിന്റെ, സുതാര്യതയുടെ, ജനകീയ ഇടപെടലിന്റെ, വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാദ്ധ്യതകളുടെ തുടങ്ങി ഒട്ടേറെ പുതിയ സങ്കല്പങ്ങളും മൂര്‍ത്തമായ മാതൃകകളും ആ സമരം മുന്നോട്ടു് വെച്ചിട്ടുണ്ടു്. വരും കാലങ്ങളില്‍ അവയെല്ലാം അധികാര കുത്തക മാത്രം അടിസ്ഥാനപ്പെടുത്തി നിലനില്‍ക്കാന്‍ കഴിയുന്ന മുതലാളിത്തത്തിന്റെ ഉറക്കം കെടുത്തുകയും ജനാധിപത്യത്തിന്റെ വികാസത്തിലൂടെ മാത്രം കൈവരിക്കാന്‍ കഴിയുന്ന സോഷ്യലിസത്തിന്റെ ഉദയം പ്രഖ്യാപിക്കുകയും ചെയ്യുന്നവയാണു്.

അണ്ണാ ഹസാരെ സംഘം നയിച്ച സമരത്തെ ഉള്‍ക്കൊള്ളാനും പരിമിതപ്പെടുത്താനും തങ്ങള്‍ക്കുനുകൂലമാക്കി മാറ്റുകയോ സമരസപ്പെടുത്തുകയോ അടിച്ചമര്‍ത്തുകയോ ചെയ്യാനും നിലവിലുള്ള വ്യവസ്ഥിതിയുടെ വക്താക്കള്‍ ശ്രമിക്കുക എന്നതു് തികച്ചും മറ്റൊരു കാര്യമാണു്. അതവരുടെ താല്പര്യമാണു്. അവര്‍ ചെയ്യുന്നതിനു് സമരത്തേയോ സമരക്കാരേയോ കുറ്റം പരഞ്ഞിട്ടു് കാര്യമില്ല. സമര നേതൃത്വം സാദ്ധ്യമായ നേട്ടം ഉണ്ടാക്കാമായിരുന്നിട്ടും ഭരണക്കാര്‍ക്കു് വിട്ടു് വീഴ്ച ചെയ്യാത്തിടത്തോളം കാലം മറ്റുള്ളവരുടെ മുതലെടുപ്പു് ശ്രമത്തിനു് സമര നേതൃത്വത്തെ കുറ്റം പറയുന്നതില്‍ യുക്തിയില്ല.

അതിനര്‍ത്ഥം സമരം വന്‍ വിജയമായിരുന്നു എന്നോ കോട്ടങ്ങളൊന്നും ഇല്ല എന്നോ ഇനിയാരും ഒന്നും ചെയ്യേണ്ടതില്ല എന്നോ അല്ല. ഒത്തു് തീര്‍പ്പു് വ്യവസ്ഥകള്‍ കൊണ്ടു് മാത്രം ഫലപ്രദമായ ലോക്പാല്‍ ബില്‍ നിയമമാക്കപ്പെടില്ല. കാരണം, ബിജെപിയോ കോണ്‍ഗ്രസോ നല്ല മനസോടെയല്ല, ആത്മാര്‍ത്ഥമായല്ല, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടും സമരം ഒത്തു് തീര്‍പ്പാക്കി എത്തിപ്പെട്ട ഗതികേടില്‍ നിന്നു് തലയൂരേണ്ട ആവശ്യകതയും കൊണ്ടാണു് ഒത്തു് തീര്‍പ്പു് പ്രമേയം അംഗീകരിച്ചതു്. അവരുടെ വര്‍ഗ്ഗ താല്പര്യം അഴിമതിക്കു് ഫലപ്രദമായ തടയിടാന്‍ അനുവദിക്കില്ല. എങ്ങിനെയെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടു് തള്ളിയതു് പോലെ ഇനിയും സമയം കളയാന്‍ അവര്‍ കൂട്ടായി തന്ത്രങ്ങള്‍ മെനയും. നിയമം കൊണ്ടു് വന്നാല്‍ തന്നെ അതില്‍ പഴുതുകള്‍ ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കും. അഴിമതിക്കെതിരെ സമരം ശക്തമായി മുന്നോട്ടു് കൊണ്ടു് പോകുമെന്നു് ഹസാരെ പറഞ്ഞിട്ടുണ്ടു്. ശക്തമായ ഐക്യ സമരം ഉയര്‍ന്നു് വരേണ്ടതുണ്ടു്. അഴിമതി അവസാനിപ്പിക്കുന്നതില്‍ താല്പര്യമുള്ള ജനവിഭാഗങ്ങളുടെ ഐക്യ സമര പ്രസ്ഥാനം ഉയര്‍ന്നു് വരണം.

അണ്ണാ ഹസാരെ സംഘത്തിലുള്ളവരില്‍ പലരും പല സന്നദ്ധസംഘടനകളുടേയും പ്രധാന പ്രവര്‍ത്തകരായിരുന്നു. മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളുടെ നേതാക്കളാരും അതിലുണ്ടായിരുന്നില്ല. അതാണു് സമരത്തെ അരാഷ്ട്രീയക്കാരുടെ സമരമാക്കിയതു്. രാഷ്ട്രീയത്തോടു് നാളിതു് വരെ മുഖം തിരിച്ചു് നിന്ന ഒരു വിഭാഗം അഭ്യസ്ത വിദ്യരും സാങ്കേതിക വിദഗ്ദ്ധരുമായിരുന്നു അവരില്‍ പലരും. അവരാണു് ആധുനിക വിവര സാങ്കേതിക സിദ്ധികളുപയോഗിച്ചു് രാജ്യമാകെ അവരുടെ കൂട്ടായ്മയുടെ ശൃംഖല സൃഷ്ടിച്ചതു്. ഇന്റന്‍നെറ്റു് പ്രാപ്യതയുള്ളവരായിരുന്നു ഓരോ കോന്ദ്രത്തിലേയും കൂട്ടായ്മകള്‍ക്കു് നേതൃത്വം നല്‍കിയതു്. നേതൃത്വം തങ്ങളുടെ കയ്യില്‍ കേന്ദ്രീകരിക്കാന്‍ സന്നദ്ധസംഘടനകളുടേയും വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടേയും ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടു്. വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇടതു് പക്ഷ ചിന്താഗതിക്കാര്‍ സമരത്തെ ദൂരെ നിന്നു് വിമര്‍ശന ബുദ്ധിയോടെ നോക്കിക്കാണുകയും ചര്‍ച്ച ചെയ്യുകയും മാത്രമാണുണ്ടായതു്. ഇടപെടാന്‍ തീരുമാനിച്ചു്, വിവര വിനിമയ ശൃംഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്റര്‍നെറ്റു് ഉപയോഗിക്കുന്ന ഇടതു് പക്ഷ പുരോഗമന ചിന്താഗതിക്കാര്‍ തയ്യാറായിരുന്നെങ്കില്‍ അണ്ണാ സമരത്തിനു് വലതു് പക്ഷ-വര്‍ഗ്ഗീയ-സന്നദ്ധ പ്രവര്‍ത്തകര്‍ നെയ്തെടുത്തതിനേക്കാള്‍ വിപുലമായ ശൃംഖല നിലവില്‍ വരുത്താന്‍ കഴിയുമായിരുന്നു.

ഇടതു് പക്ഷ പാര്‍ടികളും സിഐടിയു പോലുള്ള സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളും സമരത്തിനു് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു. സമരത്തെ ജനാധിപത്യ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ നേരിടാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഇടതു് പക്ഷം അഖിലേന്ത്യാ തലത്തില്‍ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്തു. സമരക്കാര്‍ ഒത്തു് തീര്‍പ്പിനു് ഉന്നയിച്ച ഏറ്റുവും കുറഞ്ഞ ആവശ്യങ്ങള്‍ അംഗീകരിച്ചു് സമരം ഒത്തു് തീര്‍പ്പാക്കാനും ഇടതു് പക്ഷം അതിന്റെ പങ്കു് പാര്‍ലമെണ്ടിലും പുറത്തും നിര്‍വ്വഹിച്ചു.

അണ്ണാ ഹസാരയുടേയും കൂട്ടരുടേയും ആദ്യ ഘട്ടത്തിലെ മുദ്രാവാക്യങ്ങളില്‍ 'ഇങ്ക്വിലാബ് സിന്ദാബാദ്' ഉള്‍പ്പെട്ടിരുന്നില്ല. പക്ഷെ, രണ്ടാം ഘട്ടത്തില്‍ അതും ഉള്‍പ്പെടുത്തപ്പെട്ടതു് സമരത്തിന്റെ വളര്‍ച്ചയുടെ ദിശ കാട്ടുന്നതായിരുന്നു. മാത്രമല്ല, സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഭഗത് സിങ്ങും രാജ്ഗുരുവും അവരുടെ ത്യാഗങ്ങളും അനുസ്മരിക്കപ്പെടുകയും ചെയ്തു് പോന്നു. സമരത്തിന്റെ നേതൃ നിരയില്‍ നിന്നു് ഇടതു് പക്ഷത്തിനെതിരായ യാതൊരു പരാമര്‍ശവും ഉണ്ടായതായി കണ്ടില്ല. മറിച്ചു് കോണ്‍ഗ്രസിനും ബിജെപിക്കും അവര്‍ പിന്തുടര്‍ന്നു് പോന്ന ആഗോളവല്കരണ നയങ്ങള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനം നേതൃതലത്തില്‍ നിന്നു് തന്നെ ഉയരുകയുണ്ടായി. അവസാനം ഒത്തു് തീര്‍പ്പിനു് ബിജെപി തടസ്സമാകുകയും ചില മന്ത്രിമാര്‍ ഇടങ്കോലിടുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം തന്നെ സമര നേതാക്കളുടെ ഭാഗത്തു് നിന്നുണ്ടായി. സമര നേതാക്കള്‍ ഇടതു് പക്ഷത്തെ ബഹുമാനത്തോടെയേ പരാമര്‍ശിച്ചിട്ടുള്ളു.

അണ്ണാഹസാരേയോടു് ഒരു യുവ പത്ര പ്രവര്‍ത്തക "അങ്ങേയ്ക്കു് ദൈവത്തില്‍ വിശ്വാസമുണ്ടോ" എന്നു് ചോദിച്ചപ്പോള്‍ അണ്ണാ ഹസാരേയുടെ മറുപടി "ഭഗവാനില്‍ വിശ്വാസമുണ്ടു്, പക്ഷെ, ക്ഷേത്രത്തില്‍ വിശ്വാസമില്ല" എന്നായിരുന്നു. ആദ്യ ഭാഗം കൊണ്ടു് ചോദ്യത്തിനുത്തരമായിരുന്നെങ്കിലും രാം മന്ദിറിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയോടുള്ള അകല്‍ച്ച ബോധപൂര്‍വ്വം പ്രകടിപ്പിക്കുകയായിരുന്നു, ഉത്തരത്തിന്റെ രണ്ടാം ഭാഗത്തിലൂടെ. സമര നേതൃത്വത്തിന്റെ മതേതര വിശ്വാസ്യതയ്ക്കു് ഇതു് മതിയായ സൂചനയാണു്. അഥവാ അതു് സമരൈക്യം നിലനിര്‍ത്താനായി ബോധപൂര്‍വ്വമായ പ്രസ്താവനയാണെങ്കില്‍ തന്നെയും അതു് മതേതരവാദികള്‍ക്കു് സ്വീകാര്യമാകേണ്ടതാണു്. അത്തരത്തില്‍ തന്നെയാണു് മതേതരത്വത്തിലേയ്ക്കു് അല്ലാത്തവരെത്തുന്നതു്.

അഴിമതി വിരുദ്ധ സമരത്തില്‍ അണ്ണാ ഹസാരെ സംഘത്തിനു് പിന്നില്‍ അണിനിരന്ന അരാഷ്ട്രീയ ജന വിഭാഗങ്ങളില്‍ കൂടുതലും ആധുനിക വ്യവസായമേഖലകളിലെ തൊഴിലാളികളാണെന്നു് കാണാം അവരെ സാമാന്യേന മധ്യവര്‍ഗ്ഗം എന്നു് അടുത്തകാലത്തായി പരാമര്‍ശിച്ചു് പോരാറുണ്ടു്. കാരണം, അവര്‍ ഉയര്‍ന്ന ശമ്പളം പറ്റുന്നവരാണു്. വിവര സാങ്കേതിക വിദ്യാ വ്യവസായം, വിവര സാങ്കേതിക വിദ്യ വര്‍ദ്ധിച്ച തോതില്‍ ഉപയോഗിക്കുന്ന പുതുതലമുറ ടെലികോം, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഷെയര്‍ മാര്‍ക്കറ്റു്, റിയല്‍ എസ്റ്റേറ്റു്, മാധ്യമം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളാണവര്‍. അവരാകട്ടെ, സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നിലനില്‍ക്കുന്ന നിയമന നിരോധനത്തിന്റെ ഫലമായി ജോലി കിട്ടാനുള്ള അവസരം നിഷേധിക്കപ്പെട്ടവരാണു്. അവര്‍ക്കു് ജോലി കിട്ടിയതു്, ആഗോള ധന മൂലധനത്തിന്റെ കുത്തൊഴുക്കിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും ഫലമായി ഉയര്‍ന്നു് വന്ന പുതു തലമുറ വ്യവസായങ്ങളിലാണു്. അവരെല്ലാം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരാണു്. പൊതു മേഖലയോടോ സര്‍ക്കാര്‍ ജോലിയോടോ യാതൊരു മമതയും അവര്‍ക്കില്ല. പൊതുമേഖലാ തൊഴിലാളികള്‍ അനുഭവിക്കുന്ന തൊഴില്‍ സുരക്ഷിതത്വത്തില്‍ അവര്‍ക്കു് അസൂയയുണ്ടു്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതിയില്‍ അവര്‍ക്കു് അതിയായ രോഷമുണ്ടു്. പൊതു മേഖല തകര്‍ത്തു് തൊഴിലവസരം നശിപ്പിച്ചതു് മൂലമാണു് അവര്‍ക്കു് അവിടെ തൊഴില്‍ കിട്ടാത്തതെന്നും അതിനു് പകരം ധനമൂലധനം പടുത്തുയര്‍ത്തുന്ന പുതു തലമുറ സ്ഥാപനങ്ങളില്‍ അവര്‍ക്കു് തൊഴില്‍ സുരക്ഷിതത്വം ഇല്ലെന്നും അതു് മൂലധന ചൂഷണത്തിന്റെ ഭാഗമാണെന്നും അവര്‍ ചിന്തിക്കാതെയും കാണാതെയും പോകുന്നു. അതിനാല്‍ തന്നെ, ധന മൂലധനത്തോടും ഉദാരവല്‍ക്കരണത്തോടും അവര്‍ക്കു് പ്രത്യേകിച്ചു് എതിര്‍പ്പും ഉണ്ടായിരുന്നില്ല. അതുകൊണ്ടുവര്‍ താരതമ്യേന വലതു് പക്ഷ ചിന്താഗതിക്കാരാണു്. അവര്‍ നേരിടുന്ന വിദേശി മാനേജ്മെന്റുകളോടുള്ള അസ്വാരസ്യം അവരെ അല്പ സ്വല്പം വര്‍ഗ്ഗീയമായി ചിന്തിക്കാനും അണിചേരാനും പ്രേരിപ്പിക്കുന്നുണ്ടു്. അമേരിക്കയിലെ വിശ്വഹിന്ദുപരിഷത്തുകാരേപ്പോലെയാണവര്‍ പലപ്പോഴും. പകലന്തിയോളം പടിഞ്ഞാറന്മാര്‍ക്കു് വേണ്ടി പണിയെടുക്കുന്നു. വൈകുന്നേരങ്ങളില്‍ അവരോടുള്ള രോഷം തീര്‍ക്കാന്‍ തീവ്ര ഹിന്ദുത്വം ചര്‍ച്ച ചെയ്യുന്നു.

പക്ഷെ, ഉയര്‍ന്ന ശമ്പളം പറ്റുന്നവരെങ്കിലും, ഈ മദ്ധ്യവര്‍ഗ്ഗമെന്നു് വിവക്ഷിക്കപ്പെടുന്നവര്‍ ആധുനിക തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാഗമാണു്. തൊഴിലാളികളെന്ന നിലയില്‍ വര്‍ഗ്ഗപരമായി സംഘടിതരല്ലെങ്കിലും അവര്‍ വലിയതോതില്‍ വിവര വിനിമയ ശൃംഖലയാല്‍ സ്വയം ബന്ധിതരാണു്. അവരിന്നു് അനുഭവിക്കുന്ന തൊഴിലിന്റെ സുരക്ഷിതത്വമില്ലായ്മ അത്തരമൊരാവശ്യത്തിന്മേല്‍ സമര രംഗത്തിറങ്ങാന്‍ അവരെ വര്‍ഗ്ഗപരമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ലായിരിക്കാം. പക്ഷെ, അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അവര്‍ രോഷാകുലരാണു്. അവരുടെ കൂട്ടായ്മ വളരെ എളുപ്പത്തില്‍ വളരുന്നു. ആവശ്യ സമയങ്ങളില്‍ സജീവമായിത്തീരുന്നു. അതാണു് അണ്ണാസമരകാലത്തു് നാം കണ്ടതു്. അവരുടെ സംഘാടന രീതികള്‍ പുതുമയുള്ളവയായിരുന്നു. അതിനാല്‍ തന്നെ, മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ അവര്‍ക്കു് കഴിഞ്ഞു. മാധ്യമ രംഗത്തുള്ളവരും സമരത്തിന്റെ ഭാഗം തന്നെയായിരുന്നതു് മാധ്യമ ശ്രദ്ധ നേടാന്‍ സഹായകവുമായി. മാധ്യമ ഉടമകളാകട്ടെ, കമ്പോളം പിടിക്കാനായി പരസ്പരം മത്സരിച്ചു് വാര്‍ത്ത സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇതും ഉപയോഗപ്പെടുത്തി. ആതാണു് ഇവിടെ പലരും പരാതിപ്പെടുന്ന മാധ്യമ ശ്രദ്ധയുടെ കാരണം. കൂട്ടത്തില്‍, ഇടതു് പക്ഷത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമവും ഉണ്ടാകാം. പക്ഷെ, ഈ മദ്ധ്യവര്‍ഗ്ഗം, സ്വയം വര്‍ഗ്ഗബോധം ഉള്‍ക്കൊണ്ടിട്ടില്ലെങ്കിലും, മുതലാളിത്തത്തിന്റെ അന്തകനാകാന്‍ വിധിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏറ്റവും ആധുനിക വിഭാഗമാണു്. അതിനാല്‍ തന്നെ, അവര്‍, സ്വയം, സഹജ സ്വഭാവത്താല്‍, വിപ്ലവകാരിയായ വര്‍ഗ്ഗത്തിന്റെ ഭാഗമാണു്.

സമരത്തിന്റെ അലകള്‍ പട്ടണങ്ങളില്‍ നിന്നു് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും അടിച്ചതായി റിപ്പോര്‍ടുകളുണ്ടു്. കേരളം, ബംഗാള്‍, ത്രിപുര തുടങ്ങിയ ഇടതു് പക്ഷത്തിന്റെ സ്വാധീനം കൂടുതലായുള്ള മേഖലകളില്‍ അതുണ്ടായിട്ടില്ല. മറ്റിടങ്ങളില്‍ ജനങ്ങള്‍, സ്വയം, അണ്ണാഹസേരേയ്ക്കനുഭാവവുമായി രംഗത്തിറങ്ങി. ഇടതു് പക്ഷ സംസ്ഥാനങ്ങളേക്കാള്‍ അഴിമതിയുടെ കൂത്തരംഗായിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങാനും ചോദിക്കാനും ഭയപ്പെട്ടിരുന്നു എന്നാണു് റിപ്പോര്‍ടു് ചെയ്യപ്പെടുന്നതു്. അത്രമാത്രം അലകള്‍ അണ്ണാഹസാരെ സമരം സൃഷ്ടിച്ചിട്ടുണ്ടു്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയാണു് ജനങ്ങള്‍ നേരിട്ടനുഭവിച്ചു് പോന്നതു്. പൊതു മുതല്‍ കൊള്ളയുടെ ഫലം പരോക്ഷമാണു്. അതാണു് പക്ഷെ, പാപ്പരീകരണത്തിന്റെ നേരിട്ടുള്ള കാരണം. പൊതുമുതല്‍ കൊള്ളയ്ക്കു് ഒത്താശ ചെയ്യപ്പെടുന്നതിനുള്ള പ്രേരണ മാത്രമാണു് കൈക്കൂലി. ഉയര്‍ന്ന തലങ്ങളില്‍ പലപ്പോഴും കൈക്കൂലി പോലും പ്രത്യക്ഷമല്ല താനും. പ്രധാനമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി അപ്പപ്പോള്‍ കിട്ടുകയല്ല. പൊതു മുതല്‍ കൊള്ളയുടെ പ്രത്യേക ഇടപാടുമായി യാതൊരു ബന്ധവുമില്ലാതെ തന്നെ സ്ഥാനമാനങ്ങളായും പ്രത്യേക പരിഗണനകളായും സാര്‍വ്വദേശീയ സ്ഥാപനങ്ങളിലുള്ള ഉദ്യോഗങ്ങളായും പെന്‍ഷനു് ശേഷമുള്ള നിയമനങ്ങളായും മറ്റം കൈക്കൂലി വളരെ പരോക്ഷമായാണെങ്കിലും കിട്ടുന്നുണ്ടു്. അവരും കൈക്കൂലി പറ്റുന്നവര്‍ തന്നെയാണു്. പക്ഷെ, ജനങ്ങള്‍ നേരിട്ടു് കാണുന്നതു് സാധാനണക്കാരായ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ കൈക്കൂലിയാണു്. പൊതുമുതല്‍ കൊള്ളയല്ല. അതിനാല്‍ തന്നെ, പൊതുമുതല്‍ കൊള്ളയിലൂന്നിയുള്ള അഴിമതിക്കെതിരായ ഇടതു് പക്ഷ മുദ്രാവാക്യങ്ങളേക്കാള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതു് സാധാരണക്കാരുടെ ദൈനന്തിന ജീവിതാനുഭവത്തിന്റെ ഭാഗമായി അവര്‍ നേരിടുന്ന കൈക്കൂലി തന്നെയാണു്. അതുപയോഗപ്പെടുത്തിയ അണ്ണാ സംഘത്തിനു് പൊതു മുതല്‍ ധൂര്‍ത്തിനേക്കുറിച്ചു് ധാരണയില്ലെന്നൊന്നും പറയാനാവില്ല. സമരത്തില്‍ ജനങ്ങളെ രംഗത്തിറക്കാന്‍ അവര്‍ക്കു് കഴിഞ്ഞു എന്നതു് അംഗീകരിച്ചേ തീരൂ.

താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ അഴിമതിയല്ല, ധന മൂലധനത്തിന്റെ നിലനില്പിനും വികാസത്തിനും വേണ്ടി നടത്തപ്പെടുന്ന പൊതു മുതല്‍ കൊള്ള തന്നെയാണു് അഴിമതി വിരുദ്ധ സമരത്തിന്റെ പ്രേരണ. അണ്ണാ സംഘം അവരുടെ ചര്‍ച്ചകളില്‍ പൊതു മുതല്‍ കൊള്ള പരാമര്‍ശച്ചിരുന്നു. എന്നാല്‍ അതിനു് പിന്നിലുള്ള അര്‍ത്ഥശാസ്ത്ര വിശകലനമോ രാഷ്ട്രീയ വിശകലനമോ അവര്‍ നടത്തിയിരുന്നില്ലെന്നതു് ശരിയാണു്. അതു് നടത്താന്‍ അവര്‍ ഇടതു് പക്ഷക്കാരായിരുന്നില്ല. അവര്‍ അക്കാര്യത്തില്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തവരല്ല. അതു് കൊണ്ടു് അവരുടെ സമരത്തിന്റെ സാമൂഹ്യ പ്രസക്തി കുറച്ചു് കണ്ടിട്ടു് കാര്യമില്ല. ഇടതു് പക്ഷം വളര്‍ന്നു് വികസിച്ചു് ഇന്ത്യയില്‍ ജനാധിപത്യ വികാസം ഉണ്ടാകുമെന്നു് വിശ്വസിച്ചിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ വലതു് പക്ഷം തുടര്‍ച്ചയായി ഭരിക്കുന്ന വിശാലമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടു്. കേരളത്തിലേയും ബംഗാളിലേയും ഇടതു് പക്ഷ പിന്നോട്ടടി വലിയൊരളവില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ മറ്റിടങ്ങളിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നുമുണ്ടു്. അതും അണ്ണാ സമരത്തിനു് കിട്ടിയ സ്വീകാര്യതയുടെ ചെറിയൊരു കാരണമാകാം.

മേല്പറഞ്ഞതൊന്നും ഇടതു് പക്ഷത്തിന്റെ വീഴ്ചയോ കുറവോ ആയി കാണേണ്ടതല്ല. അണ്ണാ ഹസാരെ സമരം ഇടതു് പക്ഷത്തിനെതിരുമായിരുന്നില്ല. ആ സമരം അഴിമതിയുടെ വേലിയേറ്റം മൂലം സമൂഹത്തിലുണ്ടായ കോണ്‍ഗ്രസ് വിരോധത്തിന്റെ മര്‍ദ്ദം അഴിച്ചു് വിടാനായി കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയതാണെങ്കിലും, പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ മുതലെടുപ്പു് നടത്താനോ അതല്ല, തങ്ങളുടെ സംസ്ഥാന തല അഴിമതികളില്‍ നിന്നു് ജന ശ്രദ്ധ തിരിച്ചു് വിടാനോ വേണ്ടി ബിജെപിയുടെ ബുദ്ധിരാക്ഷസന്മാര്‍ ആസൂത്രണം ചെയ്തതായാലും അതല്ല, ഉദാരവല്കരണക്കാര്യത്തില്‍ അമേരിക്കന്‍ താല്പര്യത്തിനു് ആഗ്രഹിക്കുന്നത്ര വഴങ്ങാത്ത മന്‍മോഹന്‍ സിങ്ങിനു് തല വേദനയുണ്ടാക്കി ഉദാരവല്‍ക്കരണത്തിനു് വേഗത കൂട്ടാന്‍ അമേരിക്കന്‍ പണം പറ്റുന്ന സന്നദ്ധസംഘടനകള്‍ നടത്തിയതായാലും സമരത്തിന്റെ ആഘാതം വലതു് പക്ഷത്തിനാണു് അനുഭവിക്കേണ്ടി വരിക. അഴിമതി നടത്തിയതവരാണു്. അതിനു് കാരണമായ നയം കൊണ്ടുവന്നവര്‍ അവരാണു്. ബിജെപിയാണു് ഉദാര നയത്തിന്റെ എക്കാലത്തേയും വക്താക്കള്‍. വാജ്പെയ് സര്‍ക്കാരാണു് പല സ്വകാര്യവല്കരണ പരപാടികളും തുടങ്ങിവെച്ചതു്. കോണ്‍ഗ്രസാണു് നയം കൂടുതല്‍ കാലത്തും കൂടുതല്‍ വേഗത്തിലും കൂടുതല്‍ അളവിലും നടപ്പാക്കിയതും. നയത്തിന്റെ പ്രേരണ ആഗോള ധനമൂലധനത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും ഭാഗത്തു് നിന്നാണു്. മേല്പറഞ്ഞവരെല്ലാം പ്രതിനിധാനം ചെയ്യുന്ന ധന മൂലധന ഉടമകളാണു് ഈ അഴിമതിയുടെയെല്ലാം ഗുണഭോക്താക്കള്‍. അതിനാല്‍, അണ്ണാ സമരത്തിന്റെ അടിയന്തിര ഫലം വലതു് പക്ഷത്തിന്റെയാകെ വിശ്വാസ്യത നശിക്കുക എന്നതു് തന്നെയാണു്. അത്തരത്തില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ ഇടതു് പക്ഷം രംഗത്തിറങ്ങിയാല്‍ കൂടുതല്‍ ഗുണം ഉണ്ടാകും. അതിനു് അണ്ണാസമരത്തെ തള്ളിപ്പറയുകയല്ല, അണ്ണാ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കുകയാണു് വേണ്ടതു്. അതിലൂടെ ഇടതു് പക്ഷത്തിന്റെ പ്രസക്തി ഉറപ്പിക്കാനും കഴിയും. അതല്ല, സമരത്തെ തള്ളിപ്പറഞ്ഞു് മാറി നിന്നാല്‍ ഇടതു് പക്ഷത്തിനു് ഗുണമൊന്നും ഉണ്ടാകാനുമില്ല, ഇടതു് പക്ഷ ഇടപെടല്‍ മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച പ്രചരണ-പ്രക്ഷോഭങ്ങളിലൂടെ ഉണ്ടാകുമായിരുന്ന ബഹുജന അവബോധം ഉണ്ടാകാതെ പോകുന്നതിനാല്‍ ഇതറിയാതെ പോകുന്ന ജനങ്ങളുടെ രോഷത്തില്‍ നിന്നെങ്കിലും ഭരണ പക്ഷം രക്ഷപ്പെടുകയും ചെയ്യും.

ഈ സമരത്തിലൂടെ അഴിമതി ചെറിയൊരു ശതമാനമെങ്കിലും നിയന്ത്രണ വിധേയമായാല്‍ അതു് ധനമൂലധനം ആഗോളമായും അതതു് ദേശ രാഷ്ട്രങ്ങളിലും നേരിടുന്ന പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കും. ഒരു കാരണവശാലും അഴിമതിക്കെതിരായ സമരത്തെ മുതലാളിത്തമോ സാമ്രാജ്യത്വമോ പൊറുപ്പിക്കുകയോ അഴിമതി കുറയ്ക്കുകയോ ചെയ്യാന്‍ സ്വമനസാലെ തയ്യാറാവില്ല. വര്‍ദ്ധിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി അഴിമതി നടത്താന്‍ മൂലധനാധിപത്യത്തിനു് കഴിയാതെ വന്നാല്‍ മുതലാളിത്തത്തിന്റെ തന്നെ അന്ത്യമായിരിക്കും നാം കാണുക. കാരണം, അഗോള വ്യാപാര മാന്ദ്യത്തിന്റേയും ധന പ്രതിസന്ധിയുടയും പരിഹാരം ഇന്നു് കാണുന്നതു് പ്രാകൃത മൂലധന സമാഹരണത്തിലൂടെയാണു്. അതൊഴിവാക്കിയാല്‍ ഇന്നു് മിക്ക കമ്പനികളുടേയും ലാഭം കുത്തനെ ഇടിയും. ഓഹരി കമ്പോളത്തിലെ അവയുടെ സ്ഥിതി പരുങ്ങലിലാകും. ഓഹരി കമ്പോളം തകരും. അതിനാല്‍ അഴിമതിക്കെതിരായ സമരം ഇന്നു് ധന മൂലധനാധിപത്യത്തിനെതിരായ സമരത്തിന്റെ കേന്ദ്ര ബിന്ദുവായി മാറിയിരിക്കുന്നു.

ജോസഫ് തോമസ്,

അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം.

02-10-2011

No comments:

Blog Archive