Sunday, October 16, 2011
അമേരിക്കയിലെ "മൂലധനം തിരിച്ചു് പിടിക്കല്‍" സമരം
ലോകത്തെവിടെ പ്രശ്നം ഉണ്ടായാലും അതിലെല്ലാം ഇടപെട്ടു് മുതലെടുപ്പു് നടത്തിപ്പോന്ന അമേരിക്കന്‍ ഭരണാധികാരികള്‍ ഇപ്പോള്‍ സ്വന്തം നാട്ടിലെ ജനങ്ങളുടെ സമരം നേരിടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. സമരക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം 'ഞങ്ങള്‍ 99%' എന്നാണു്. അതായതു് ധനമൂലധന ഉടമകള്‍ വെറും ഒരു ശതമാനം മാത്രമാണെന്നതു് ഓര്‍മ്മപ്പെടുത്തുന്നു. ദൂര മൂത്ത ഒരു ശതമാനത്തിന്റെ ചെയ്തികള്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്നു് അവരെ കരകയറ്റാന്‍ 'ജാമ്യ പാക്കേജു്' എന്ന പേരില്‍ സാമ്പത്തിക സഹായം വാരിക്കോരി നല്‍കുമ്പോള്‍ പ്രതിസന്ധിക്കു് കാരണക്കാരല്ലാത്ത 99% ത്തെ ദുരിതത്തിലേയ്ക്കു് തള്ളിവിടുന്ന സര്‍ക്കാര്‍ നയമാണു് ചോദ്യം ചെയ്യപ്പെടുന്നതു്. ധനമൂലധനത്തിന്റെ ആസ്ഥാനമായ 'വാള്‍സ്ട്രീറ്റു് കയ്യേറുക' എന്നതാണു് സമര മാര്‍ഗ്ഗം. മറ്റിതര പട്ടണങ്ങളിലും ഐക്യദാര്‍ഢ്യ സമരങ്ങള്‍ നടക്കുന്നു. 'വാള്‍സ്ട്രീറ്റു് കയ്യേറുക' എന്നതു് തങ്ങളില്‍ നിന്നു് തട്ടിയെടുത്ത സമ്പത്തു് കുന്നുകൂട്ടിയ മൂലധനം തിരിച്ചു് പിടിക്കുക എന്നതിന്റെ പ്രതീകമാണു്. പ്രതിസന്ധിയ്ക്കു് അമേരിക്കക്കാര്‍ മുന്നോട്ടു് വെയ്ക്കുന്ന പരിഹാരമാര്‍ഗ്ഗം മൂലധനത്തിന്റെ സാമൂഹ്യ ഉടമസ്ഥത പുനസ്ഥാപിക്കുക എന്നതാണെന്നു് സമര മാര്‍ഗ്ഗം ശരിയായി തന്നെ ചൂണ്ടിക്കാട്ടുന്നു.
മുതലാളിത്തത്തിന്റെ പറുദീസയെന്നു് വാഴ്ത്തപ്പെടുന്ന അമേരിക്കയില്‍ 2008 ലാരംഭിച്ച ധനമേഖലാ പ്രതിസന്ധി തുടര്‍ന്നു് ആഗോള വ്യാപാര മാന്ദ്യത്തിലേക്കു് നീങ്ങുന്ന കാഴ്ച ലോകം കണ്ടു. മൂലധന ഉടമകള്‍ക്കു് ലാഭത്തിലും ജനങ്ങള്‍ക്കു് ക്രയശേഷിയിലും ഇടിവായാണു് പ്രതിസന്ധി പ്രത്യക്ഷപ്പെടുന്നതു്. ലാഭമില്ലാതെ മൂലധന സംരംഭങ്ങള്‍ക്കോ ഓഹരി കമ്പോളത്തിനോ നിലനില്‍ക്കാനാവില്ല. കുത്തകകളെ പ്രതിസന്ധിയില്‍ നിന്നു് കരകയറ്റാനായി ജാമ്യ നടപടികള്‍ക്കായി കോടാനുകോടികള്‍ സര്‍ക്കാരുകള്‍ ചെലവഴിക്കുന്നു. വലിയ സ്ഥാപനങ്ങളെ തകരാന്‍ അനുവദിക്കാനാവില്ലെന്ന വാദമാണു് മുതലാളിത്ത സര്‍ക്കാരുകള്‍ ഉയര്‍ത്തുന്നതു്. കുത്തകകള്‍ക്കു് കൊടുത്ത സഹായത്തിനു് വിഭവം കണ്ടെത്താനായി അവരടെ വരുമാനത്തിന്മേല്‍ നികുതി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം പോലും കുത്തകകള്‍ ചെറുക്കുകയാണു്. ആ ചെറുത്തു് നില്പിനും സര്‍ക്കാരുകള്‍ വഴങ്ങുകയാണു്. ഫലമോ, സാധാരണക്കാര്‍ക്കു് ജാമ്യ നടപടി പാക്കേജുകള്‍ ഇല്ലെന്നു് മാത്രമല്ല, കുത്തകകള്‍ക്കു് കൊടുത്ത സഹായത്തിന്റെ വിഭവ സമാഹരണത്തിനായി സാധാരണ ജനങ്ങള്‍ക്കു് നാളിതു് വരെ കൊടുത്തിരുന്ന ക്ഷേമ പദ്ധതികളില്‍ കുറവു് വരുത്തുകയുമാണു് എല്ലാ മുതലാളിത്ത രാജ്യങ്ങളിലും നടക്കുന്നതു്.
മറ്റൊരു വശത്തു് കുത്തകകളുടെ ലാഭം ഉയര്‍ത്തിയാല്‍ മാത്രമേ ഓഹരി കമ്പോളം നിലനിര്‍ത്താനാവൂ എന്ന സ്ഥിതിയും ഉരുത്തിരിയുന്നു. ഓഹരി കമ്പോളം രൂക്ഷമായി ചാഞ്ചാടുകയാണു്. ഉല്പാദനവും വ്യാപാരവും മന്ദീഭവിക്കുമ്പോള്‍ ലാഭം ഉയര്‍ത്താന്‍ മാര്‍ഗ്ഗം കാണാതെ ഉഴറുന്ന മൂലധന ഉടമകളെ അതതു് സര്‍ക്കാരുകള്‍ നികുതി കുറച്ചും ജാമ്യ പാക്കേജു് വഴിയും സഹായിക്കുന്നതു് കൊണ്ടൊന്നും ഓഹരി കമ്പോളത്തിന്റെ വിശ്വാസ്യത പിടിച്ചു് നിര്‍ത്താനാവുന്നില്ല. ഓഹരി കമ്പോളത്തില്‍ വിശ്വാസം ജനിപ്പിക്കാന്‍ വ്യവസായങ്ങള്‍ തനിയെ ലാഭം ഉണ്ടാക്കണം. അതിനു് നിലവിലുള്ള ഭൌതികോല്പാദന മേഖലകളിലൊന്നും മാര്‍ഗ്ഗം തെളിയുന്നില്ല. മുമ്പു് ചെയ്തതു് പോലെ ഉല്പാദന ശക്തികളെ നശിപ്പിച്ചു് സമ്പദ്ഘടനയെ വീണ്ടും ഉയര്‍ത്തെഴുന്നേല്പിക്കാന്‍ ഇനിയൊരു ലോക യുദ്ധം ഉഹിക്കാനാവില്ല. മാത്രമല്ല, അമേരിക്കന്‍ ഇടപെടല്‍ മൂലമുണ്ടാകുന്ന പ്രാദേശിക യുദ്ധങ്ങളിലൂടെ ഉല്പാദന ശക്തികളുടെ നാശവും പുനരുജ്ജീവനവും ഒരു തുടര്‍ പ്രക്രിയയായി ഉപയോഗിക്കപ്പെട്ടു് പോരുന്നുമുണ്ടു്. ഇനി മറ്റൊരു കോളനി ഭരണ വ്യവസ്ഥയും സാദ്ധ്യമാവില്ല. ഇപ്പോള്‍തന്നെ പഴയ കോളനികള്‍ കീഴടക്കപ്പെടാനാവത്ത തരത്തില്‍ ജനാധിപത്യ വികാസം നടന്നിരിക്കുന്നു അല്ലെങ്കില്‍ കവര്‍ന്നെടുക്കപ്പെടാനാവാത്ത വിധം പാപ്പരായികഴിഞ്ഞിരിക്കുന്നു.
മുന്‍കാലത്തു് കണ്ടെത്തിയതു് പോലെ മുതലാളിത്ത പ്രതിസന്ധിക്കു് താല്‍ക്കാലികമായെങ്കിലും പരിഹാരം കാണാനോ പ്രതിസന്ധി മുന്നോട്ടു് തള്ളി മാറ്റാനോ പോലും പുതിയ മറു വഴികളൊന്നും മുതലാളിത്ത മൂലധന ഉടമകളുടെ കണ്‍മുമ്പിലില്ല. തകര്‍ച്ച ഒഴിവാക്കാനായി പ്രാകൃത മൂലധന സമാഹരണ മാര്‍ഗ്ഗം അവലംബിക്കാന്‍ വ്യവസായങ്ങള്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണു്. മുതലാളിത്തത്തിനു് സഹജമായ മൂലധന സമാഹരണ രീതി തൊഴിലാളികളുടെ അദ്ധ്വാന ശേഷി വിലയ്ക്കു് വാങ്ങി പണിയെടുപ്പിച്ചു് കൂലി നല്‍കി ഉല്പന്നങ്ങള്‍ സ്വന്തമാക്കി അതില്‍ നിന്നു് മിച്ച മൂല്യം സ്വന്തമാക്കുന്നതാണു്. പ്രാകൃത മൂലധന സമാഹരണമെന്നാല്‍ തനി കൊള്ള തന്നെയാണു്. പ്രാകൃത മൂലധന സമാഹരണം മുതലാളിത്തത്തിന്റെ ഉത്ഭവകാലത്തു് നടത്തിയതാണു്. പിന്നീടു് ഉല്പാദന രീതികളുടെ മാറ്റത്തിന്റെ ദശാസന്ധികളിലെല്ലാം കൂടുതല്‍ മൂലധനത്തിനായി അതു് പുതിയ രീതികളില്‍ പലപ്പോഴും പരോക്ഷമായ മാര്‍ഗ്ഗങ്ങളില്‍ ആവര്‍ത്തിച്ചിട്ടുമുണ്ടു്. ആദ്യകാലത്തു് മുതലാളിത്തോല്പാദനം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പുറം ലോകത്തു് പോയി കച്ചവടം നടത്തി കൊണ്ടുവരുന്ന സമ്പത്തു് കടലില്‍ വെച്ചു് കപ്പല്‍ കൊള്ളയടിച്ചാണു് തുടര്‍ന്നു് മേധാവിത്വം നേടിയ യൂറോപ്യന്‍ ശക്തികള്‍ മൂലധനം സമാഹരിച്ചതു്. ഓരോ രാജ്യത്തും അതാതിടങ്ങളിലെ കൃഷിക്കാരെ കുടിയിറക്കിയും ഇറങ്ങാന്‍ വിസമ്മതിച്ചവരെ ബലമായി പിടിച്ചിറക്കി കുതിരക്കു് പുറകില്‍ കെട്ടി വലിച്ചു് കൊന്നും ഭൂമി വളച്ചു് കെട്ടിയുമാണു് ഇംഗ്ലണ്ടിലടക്കം പ്രാകൃത മൂലധന സമാഹരണം നടന്നതു്. അത്തരത്തില്‍ കൊള്ളയുടെ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ മുതലാളിത്തം അക്കാലത്തു് കണ്ടു് പിടിച്ചിരുന്നു.
മുതലാളിത്ത ഉല്പാദന പ്രക്രിയയിലൂടെ നടക്കുന്ന മൂലധന വികാസത്തിന്റെ പ്രയാണത്തില്‍ ഇടയ്ക്കിടെ പ്രതിസന്ധികള്‍ രൂപപ്പെട്ടു് വന്നു. ഉല്പാദന പ്രക്രിയയ്ക്കായി വിനിയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൂല്യം ചരക്കുകളുടെ വിലയായി തിരിച്ചു് പിടിക്കുന്നതു് മൂലം കമ്പോളത്തിലെ ഉപഭോക്താക്കളുടെ ക്രയശേഷി ചുരുങ്ങുന്നതാണതിനു് കാരണമായതു്. ഉല്പാദിപ്പിക്കപ്പെടുന്നതെല്ലാം വിറ്റഴിയപ്പെടുന്നില്ല എന്ന സ്ഥിതി വന്നു തുടങ്ങി. ആദ്യമൊക്കെ പുറം കമ്പോളം തേടി പ്രതിസന്ധിക്കു് പരിഹാരം കണ്ടു് തുടങ്ങി. വിദേശ കമ്പോളം കൊണ്ടും പരിഹാരമാകാതെ വരുമ്പോള്‍ തുടര്‍ന്നു് കോളനികള്‍ സൃഷ്ടിച്ചു് അവയെ കൊള്ളയടിച്ചു് പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ രണ്ടു് ലോക മഹായുദ്ധങ്ങള്‍ കോളനി വെട്ടിപ്പിടിക്കാനായി നടത്തി ഉല്പാദന ശക്തികളെ ചുട്ടെരിച്ചു് പ്രതിസന്ധി മറികടന്നു. രണ്ടാം ലോക യുദ്ധാനന്തര ഘട്ടത്തില്‍ ലോകബാങ്കിനേയും ഐഎംഎഫിനേയും ഉപയോഗിച്ചു് വികസ്വര-അവികസിത നാടുകളെ കടക്കെണിയില്‍ പെടുത്തി സംരക്ഷിത കമ്പോളം കണ്ടെത്തി പ്രതിസന്ധിക്കു് പരിഹാരം കണ്ടു. തുടര്‍ന്നു് മൂലധന കയറ്റുമതിയിലൂടെയും പ്രതിസന്ധിക്കു് പരിഹാരം കണ്ടു. ഇതോടെ മൂലധനം തികച്ചും ആഗോളമായി വിന്യസിക്കപ്പെട്ടു് വികസിച്ചു് തുടങ്ങി. ഇതിനു് സഹായിച്ചതു് മൂലധനത്തെ അതിന്റെ പ്രാദേശിക-ദേശീയ ബന്ധനങ്ങളില്‍ നിന്നു് മോചിപ്പിച്ച വിവര സാങ്കേതിക വിദ്യയുടെ പ്രയോഗമായിരുന്നു. തുടര്‍ന്നു് വിവര സാങ്കേതിക വിദ്യതന്നെ പ്രതിസന്ധി മറികടക്കാനുള്ള പുതിയൊരു മേഖലയായി സാമ്രാജ്യത്വത്തിനു് ഉപകരിക്കപ്പെട്ടു.
അറിവു്, സോഫ്റ്റ്‌വെയര്‍, മൂലധനമായി കണക്കാക്കിത്തുടങ്ങിയതോടെ ആ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഉല്പാദന വര്‍ദ്ധനവായി കണക്കാക്കപ്പെട്ടു് തുടങ്ങി. വരുമാനം നേടിക്കൊണ്ടു് നിര്‍മ്മിച്ചു് കൊടുത്ത സോഫ്റ്റ്‌വെയര്‍ വീണ്ടും ആസ്തിയായി കാണിച്ചാണു് സോഫ്റ്റ്‌വെയര്‍കമ്പനികള്‍ ലാഭം പെരുപ്പിച്ചതു്. അങ്ങിനെ കാട്ടിയ ലാഭം യഥാര്‍ത്ഥ ലാഭമാക്കി മാറ്റാനുള്ള ശ്രമമാണു് സത്യം നടത്തിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ അടിസ്ഥാനം. സത്യത്തിന്റെ ആസ്തി തിരിമറി പിടിക്കപ്പെട്ടെങ്കിലും അതോടെ അത്തരം തിരിമറികള്‍ നടക്കുകയോ അഥവാ റിപ്പോര്‍ടു് ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെങ്കിലും അദൃശ്യാസ്തികള്‍ (Intangible assets) ഇന്നും സോഫ്റ്റ്‌വെയര്‍ രംഗത്തെ കൊള്ളയുടെ മാര്‍ഗ്ഗമാണു്. സര്‍ക്കാരിനു് നികുതി കൊടുക്കും. സര്‍ക്കാര്‍ പകരം മറ്റിതര മേഖലകളെ ചൂഷണം ചോയ്യാനുള്ള ഒത്താശ ചെയ്തു് കൊടുക്കും. ഇതാണു് സോഫ്റ്റ്‌വെയര്‍ കോര്‍പ്പറേറ്റുകളുടെ പെരുപ്പിച്ച ലാഭത്തിന്റെ അടിത്തറ.
മൂലധന വികാസത്തിന്റെ ഉയര്‍ന്ന സാമ്രാജ്യത്വ ഘട്ടത്തില്‍ വ്യവസായ മൂലധനവും ബാങ്കിങ്ങു് മൂലധനവും കൂടിക്കലര്‍ന്നാണു് ധന മൂലധനം രൂപപ്പെട്ടതു്. ക്രമേണ ധന മേഖല സ്വതന്ത്രാസ്തിത്വം നേടിയതോടെ ധന ഉരുപ്പടികളില്‍ കച്ചവടം നടത്തിത്തുടങ്ങി. ഓഹരി, നിക്ഷേപ സര്‍ടിഫിക്കറ്റു്, കട സര്‍ടിഫിക്കറ്റു്, ഇന്‍ഷുറന്‍സ് സര്‍ടിഫിക്കറ്റു് എന്തും കച്ചവട ചരക്കാക്കി. അവയെല്ലാം പുതിയ ചരക്കുകളായി കണക്കാക്കി ഉല്പാദനക്കണക്കു് പെരുപ്പിച്ചു് കാട്ടി മുതലാളിത്തം വളരുകയാണെന്നു് വരുത്തി. അവയുടേയെല്ലാം കച്ചവടം ആവര്‍ത്തിച്ചു് നടത്തി ഓരോ കൈമാറ്റവും പുതിയ ചരക്കെന്ന നിലയ്ക്കു് ഉല്പാദന വര്‍ദ്ധനവു് കാണിക്കുകയാണു് അടുത്തകാലത്തു് പ്രതിന്ധിക്കു് പരിഹാരമായി ചെയ്തു് പോന്നതു്.
മൂതലാളിത്ത പ്രതിസന്ധിയുടെ ഓരോ പരിഹാരവും പുതിയ പ്രതിസന്ധിക്കു് വഴിമരുന്നിടുക മാത്രമാണു് ചെയ്യുന്നതു് എന്ന മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും പ്രവചനം അന്വര്‍ത്ഥമാണെന്നു് ഓരോ പ്രതിസന്ധി ഘട്ടവും തെളിയിക്കുന്നു.
അറിവിന്റേയും ധന ഉരുപ്പടികളിലേയും ആവര്‍ത്തിച്ച കച്ചവടം യാഥാര്‍ത്ഥ സമ്പത്തു് ഉല്പാദിപ്പിക്കുന്നില്ല. മറിച്ചു് ഒരാളുടെ ലാഭം മറ്റാരുടേയെങ്കിലും നഷ്ടമായി നിലകൊള്ളുകയാണു്. അതിനാല്‍ അവയെല്ലാം പ്രാകൃതമൂലധന സമ്പാദന മാര്‍ഗ്ഗം പോലെ കൊള്ളയുടെ വകുപ്പില്‍ പെടുന്നതായിരുന്നു. കാരണം സോഫ്റ്റ്‌വെയറിലും മറ്റിതര അദൃശ്യസ്തികളിലും ധന ഉപകരണങ്ങളിലും ആവര്‍ത്തിച്ചു് നടക്കുന്ന കച്ചവടമെല്ലാം പുതിയ ഉല്പാദന വര്‍ദ്ധനവായി കണക്കു് കാണിച്ചു് ഉല്പാദന വര്‍ദ്ധനവുണ്ടെന്നു് വരുത്താന്‍ ശ്രമിക്കുകയാണുണ്ടായതു്. ഉല്പാദനവും ലാഭവും കണക്കില്‍ കാണിക്കാനുപകരിച്ച ഈ കള്ളക്കണക്കു്, പക്ഷെ, തൊഴില്‍ സൃഷ്ടിക്കുന്നതായിരുന്നില്ല. അതിനാല്‍ തന്നെ മിച്ചമൂല്യവും ഉല്പാദിപ്പിച്ചിരുന്നില്ല. അതായതു് യഥാര്‍ത്ഥ ലാഭവും ഉണ്ടാക്കിയിരുന്നില്ല. അദൃശ്യാസ്തികളുടെ കച്ചവടം മിച്ചമൂല്യം ഉല്പാദിപ്പിക്കുന്നില്ല. കാരണം തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഉല്പന്നമല്ല അവ. അവ അദൃശ്യാസ്തികളാണു്. അങ്ങിനെയൊന്നുണ്ടെന്നു് സങ്കല്പിച്ചു് കടലാസുകള്‍ കൈമാറി കച്ചവടം നടത്തുന്ന തനി തട്ടിപ്പാണു്. ഭൂമിയില്‍ കൃഷി നടത്തി പുതിയ സമ്പത്തുണ്ടാക്കുമ്പോള്‍ കൂലി കഴിച്ചു് മിച്ചം തട്ടുന്നതും ഭൂമി ക്രയവിക്രയം നടത്തി (റിയല്‍ എസ്റ്റേറ്റു്) ലാഭം ഉണ്ടാക്കുന്നതും തമ്മിലുള്ള അന്തരം ഇവിടെ കാണാം. അവയുടെ കച്ചവടത്തിനായുള്ള ഓഫീസ് പണി മാത്രമാണു് തൊഴിലുണ്ടാക്കുന്നതു്. ഇക്കാലഘട്ടത്തിലെ വളര്‍ച്ച തൊഴില്‍ രഹിത വളര്‍ച്ചയായി അറിയപ്പെട്ടതു് ശ്രദ്ധിക്കുക. അത്തരത്തില്‍ കൃത്രിമ ഉല്പാദനത്തിലൂടെ ജിഡിപി ഉയര്‍ത്തിക്കാട്ടി ഉണ്ടാക്കിയ വളര്‍ച്ചയിലൂടെ സമ്പത്തു് ജനങ്ങളിലേക്കു് കിനിഞ്ഞിറങ്ങുമെന്നായിരുന്നു ഈ അദൃശ്യാസ്തികള്‍ ചരക്കുകളായി കണക്കാക്കുന്ന ഉദാര സാമ്പത്തിക ക്രമത്തിന്റെ വക്താക്കള്‍ അവകാശപ്പെട്ടിരുന്നതു്. ഈ കച്ചവടം പക്ഷെ, സാധാരണക്കാരിലേക്കുള്ള സമ്പത്തിന്റെ കിനിഞ്ഞിറക്കത്തേക്കാള്‍ മൂലധന ഉടമകളുടെ ആസ്തി വര്‍ദ്ധനവിനു് മാത്രമാണു് വഴിവെക്കുന്നതു്. മാത്രമല്ല, ഒരാളുടെ ലാഭം മറ്റാരുടേയെങ്കിലും നഷ്ടമാണിവിടെ ഉണ്ടാക്കുക. ഇത്തരത്തിലുള്ള കള്ളക്കണക്കിലൂടെ മൂലധന വികാസം കാട്ടിയപ്പോള്‍ തൊഴില്‍ രഹിത വളര്‍ച്ചയെന്ന ഈ പ്രതിഭാസത്തിലൂടെ ഉണ്ടായ ജനങ്ങളുടെ പാപ്പരീകരണമാണു് അമേരിക്കന്‍ ധനമേഖലാ പ്രതിസന്ധിയ്ക്കും ഇന്നത്തെ ആഗോള വ്യാപാര മാന്ദ്യത്തിനും ആഗോള മൂതലാളിത്ത പ്രതിസന്ധിക്കും വഴിവെച്ചതു്.
തൊഴിലാളികളുടെ മിച്ചാദ്ധ്വാനം ചൂഷണം ചെയ്യുന്നതാണു് മുതലാളിയുടെ ലാഭത്തിന്റെ അടിത്തറയെന്ന മാര്‍ക്സിന്റെ മിച്ചമൂല്യ സിദ്ധാന്തം തെറ്റെന്നു് പറഞ്ഞു് നടന്നവര്‍ക്കിന്നു് മിണ്ടാട്ടമില്ല.
അദൃശ്യാസ്തികളിലെ കച്ചവടത്തിന്റെ സ്വാഭാവിക വികാസമാണു്, ധന ഉപകരണങ്ങള്‍ പോലെ, സോഫ്റ്റ്‌വെയര്‍ പോലെ, സ്പെക്ട്രം ചരക്കാക്കി മാറ്റിയതും വില്പന ആരംഭിച്ചതും. പുതിയൊരു ചരക്കു് കണ്ടെത്തി. വറുതെ കിട്ടുന്ന പുതിയ പണം, കച്ചവടം നടത്തിയ രാജയ്ക്കും മറ്റും കുറെ സ്വന്തമായെടുക്കാന്‍ മോഹം വളര്‍ത്തി. അവരതു് ചെയ്യാന്‍ മന്‍മോഹന്‍ സിങ്ങിനോടു് അനുവാദം ചോദിച്ചു. മൌനത്തിലൂടെ അനുവാദം നല്‍കപ്പെട്ടു. ചിദംബരത്തിനു് അത്തരം തുറന്ന പ്രാകൃത കൊള്ള ആവശ്യമായിരുന്നില്ല. കാരണം, അദ്ദേഹത്തിനു് ഏതു് രംഗത്തും ഓഹരി നിക്ഷേപമുണ്ടായിരുന്നു. ഏതു് മൂലധന വിഭാഗത്തിനു് ലാഭം കിട്ടിയാലും അതിന്റെ നേട്ടം അദ്ദേഹത്തിനു് കിട്ടുമായിരുന്നു. അതിനാല്‍ അദ്ദേവും സ്പെക്ട്രം ഇടപാടിനു് മൌനാനുവാദം നല്‍കി. അനുവാദം മൌനത്തിലൂടെയായതിനാല്‍ ജയിലില്‍ പോകാതെ പിടിച്ചു് നില്‍ക്കുന്നു. പക്ഷെ, ചെയ്യേണ്ടതു് ചെയ്യാതിരിക്കുന്നതും (Deliberate Omission) ചെയ്യേണ്ടാത്തതു് ചെയ്യുന്നതും (Deliberate Commission) സര്‍ക്കാരിന്റേയും പൊതു പ്രവര്‍ത്തകരുടേയും ശിക്ഷാ നിയമപ്രകാരം കുറ്റകരമാണു്.
അതേപോലെ തന്നെയുള്ള പ്രാകൃത മൂലധന സമാഹരണ പ്രക്രിയയാണു് പൊതു മേഖലാ ആസ്തികളുടെ സ്വകാര്യ കൈമാറ്റം. ഇക്കൂട്ടത്തില്‍ ടെലികോ മേഖലയും വൈദ്യൂതി മേഖലയും ബാങ്കിങ്ങു് മേഖലയും ഇന്‍ഷുറന്‍സ് മേഖലയും റെയില്‍വേ തുടങ്ങിയ ഗതാഗത മേഖലയും അടക്കം സേവന മേഖലകളെല്ലാം പെടും. പെന്‍ഷന്‍ ഫണ്ടിന്റെ കൈമാറ്റവും ഇത്തരത്തിലുള്ള പ്രാകൃത മൂലധന സമാഹരണത്തിന്റെ ആധുനിക മാര്‍ഗ്ഗമാണു്. അതോടൊപ്പം, പ്രാകൃത മൂലധന സമാഹരണത്തിന്റെ പ്രാകൃത രീതികളും നടക്കുന്നുണ്ടു്. ഖനികളുടെ കൈമാറ്റവും (കെജി ബേസിന്‍), വെട്ടിപ്പിടുത്തവും (യെദ്യൂരപ്പയുടെ ഖനി വളച്ചു് കെട്ടല്‍) തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നവയാണു്. കോണ്‍ഗ്രസും അംബാനിമാരും പരിഷ്കൃത രീതികള്‍ അനുവര്‍ത്തിക്കുമ്പോള്‍ ബിജെപിയും യെദ്യൂരപ്പയും മറ്റും അവരുടെ സ്വഭാവത്തിനിണങ്ങിയ പ്രാകൃത രീതികള്‍ ഉപയോഗിക്കുന്നു. ഇവയ്ക്കെല്ലാം പിന്നില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ വ്യക്തിഗത പ്രോത്സാഹനമായി കൈക്കൂലിയുടെ പ്രേരണ ഉണ്ടാകാം. എന്നാല്‍, അതിലുപരി വ്യവസ്ഥിതിയുടെ നിലനില്പിന്റെ പ്രശ്നം ഇതിലടങ്ങിയിട്ടുണ്ടു്. അതാണു്, ഈ അഴിമതി ആരോപണങ്ങളെല്ലാമുണ്ടായിട്ടും ഇനിയെങ്കിലും അത്തരം അഴിമതികള്‍ ആവര്‍ത്തിക്കില്ലെന്നു് പറയാന്‍ സര്‍ക്കാരിലാരും തയ്യാറാകാത്തതു്. വ്യവസായികളെ അഴിമതിക്കുറ്റത്തിനു് ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെങ്ങിനെ നിക്ഷേപവും വ്യവസായവും വരും എന്ന ചോദ്യമാണു് കേന്ദ്ര മന്ത്രിമാര്‍ ഉന്നയിക്കുന്നതു്.
മുതലാളിത്തം കെട്ടഴിച്ചു് വിട്ട ഉല്പാദന ശക്തികള്‍ ആ വ്യവസ്ഥയെത്തന്നെ തിരിഞ്ഞു് കുത്തുന്നു. ഉല്പാദനം വളരെയേറെ വളര്‍ന്നു. ഉപഭോഗം വളര്‍ത്താനാവുന്നതെല്ലാം ചെയ്തു. പക്ഷെ, മുതലാളിത്തം നടത്തിയ ചൂഷണം മൂലം തന്നെ ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു. ഉല്പാദിപ്പിച്ചവയെല്ലാം വിറ്റഴിയപ്പെടുന്നില്ല. ഉല്പാദനം കുറയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. തൊഴില്‍ കുറയുന്നു. മിച്ചമൂല്യം കുറയുന്നു. ലാഭം കുറയുന്നു. നഷ്ടത്തിലായാല്‍, എന്തിനു്, കൂടുതല്‍ ലാഭം ഉറപ്പില്ലെങ്കില്‍ തന്നെ ഓഹരി വിലയിടിയും. അതൊഴിവാക്കാന്‍ ലാഭം കാണിച്ചേതീരൂ. തൊഴില്‍ കുറയുകയും ഉല്പാദനം കുറയുകയും മിച്ചമൂല്യം കുറയുകയും ചെയ്യുമ്പോഴും കണക്കില്‍ ഉയര്‍ന്ന ലാഭം കാണിക്കപ്പെടുന്നു. ഇതിനുള്ള മാര്‍ഗ്ഗങ്ങളാണു് അദൃശ്യാസ്തികളും അദൃശ്യോല്പന്നങ്ങളും ആസ്തികളുടെ വര്‍ദ്ധിച്ച മൂല്യവും. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കു് അദൃശ്യാസ്തികള്‍ കാട്ടാം. ധനകാര്യ സ്ഥാപനങ്ങള്‍ക്കു് അദൃശ്യോല്പന്നങ്ങള്‍ കാണിക്കാം. പക്ഷെ, ഭൌതികോല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായങ്ങള്‍ക്കു് എന്താണൊരു മാര്‍ഗ്ഗം. ലാഭവും അതിന്റെ ഒരോഹരി കൂട്ടിവെച്ചുണ്ടാക്കുന്ന മൂലധനവും കൊള്ളമുതല്‍ തന്നെയാണു്. പിന്നെന്തുകൊണ്ടു് മറ്റു് തരത്തിലുള്ള കൊള്ളകളും ആയിക്കൂടാ ? പൊതു മേഖലാ ആസ്തികള്‍ കൊള്ളയടിക്കുന്നു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. പൊതു ജനങ്ങളുടെ ആസ്തികള്‍ കയ്യടക്കുന്നു. അതാണിന്നു് അഴിമതിയുടെ പ്രളയത്തിനു് കാരണമായതു്. അഴിമതി ന്യായീകരിക്കുന്നതിനു് ഭരണാധികാരികള്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നതു് മുതലാളിത്ത വ്യവസ്ഥിതിയുടെ നിലനില്പിനു് വേണ്ടിയാണു്.
പക്ഷെ, അദൃശ്യസ്തികളും അദൃശ്യോല്പന്നങ്ങളും കൊള്ളമുതലും കാട്ടി, അവയുടെ മൂല്യം കമ്പോളനിരക്കില്‍ ഒരോ വര്‍ഷവും പെരുപ്പിച്ചു് കാട്ടി കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ ലാഭം കാട്ടുമ്പോള്‍ മൂലധനം ക്രമാതീതമായി പെരുകുക കൂടിയാണു്. ഇതു് മറ്റൊരു പ്രതിസന്ധിയുടെ വിഷമ വൃത്തത്തിലേയ്ക്കു് മുതലാളിത്തത്തെ എടുത്തെറിഞ്ഞിരിക്കുന്നു. പരമ്പരാഗത മുതലാളിത്ത ധാരണയനുസരിച്ചു്, വ്യവസായ നിക്ഷേപം മാത്രമാണു് മൂലധനമായി കണക്കാക്കപ്പെട്ടിരുന്നതു്. നിക്ഷേപിക്കപ്പെടാത്ത ആസ്തികള്‍ മൂലധനമായി കണക്കാക്കാപ്പെട്ടിരുന്നില്ല. അവയ്ക്കു് ലാഭം കിട്ടില്ല. ആദ്യ ഘട്ടത്തില്‍ മൂലധനത്തിനു് കമ്മി അനുഭവപ്പെട്ടിരുന്നതിനാല്‍ ഇതൊരു പ്രശ്നമായി ആരും കണ്ടുമില്ല. വ്യവസായ നിക്ഷേപ മുലധനമാണു് മിച്ചമൂല്യം വലിച്ചെടുക്കുന്നതു്. അതു്, ബാങ്കുകള്‍ക്കു് പലിശയായും സ്ഥലത്തിനു് വാടകയായും സര്‍ക്കാരിനു് നികുതിയായും ഉദ്യോഗസ്ഥര്‍ക്കു് കൈക്കൂലിയായും വ്യവസായത്തിനു് ഭാവി നിക്ഷേപമായും വീതിക്കപ്പെടുകയായിരുന്നു. എന്നാല്‍, ധന മൂലധന രൂപീകരണത്തോടെ, ഓഹരി കമ്പോളം നിലവില്‍ വന്നതോടെ മൂലധനത്തിന്റെ മൊത്തത്തിനും ലാഭം കണ്ടെത്തിയേ തീരൂ എന്ന സ്ഥിതി സംജാതമായി. ഇതും അമിതോല്പാദന പ്രതിസന്ധിയും കൂടിയായപ്പോള്‍ ഇടിയുന്ന ലാഭ പ്രവണത രൂക്ഷമായി. പ്രാകൃത മൂലധന സമാഹരമത്തിലൂടെ, അഴിമതിയിലൂടെ കൂടുതല്‍ ആസ്തി കയ്യടക്കി തനതു് വര്‍ഷം ലാഭം കാട്ടാന്‍ തുടങ്ങിയതോടെ അത്തരത്തില്‍ വര്‍ദ്ധിക്കുന്ന മുഴുവന്‍ മൂലധനത്തിനും അടുത്ത വര്‍ഷം ലാഭം കാണിക്കാനുള്ള ബാദ്ധ്യത ഏറ്റെടുക്കേണ്ടി വന്നു. തനതു് വര്‍ഷത്തെ വര്‍ദ്ധിച്ച ലാഭം അടുത്ത വര്‍ഷത്തെ അധിക ബാധ്യതയായി മാറുന്നു. മൊത്തം മൂലധനത്തിന്മേല്‍ മൊത്തം ലാഭം മൂലധനത്തിന്റെ വര്‍ദ്ധനവിനനുസരിച്ചു് ലാഭം ഉയര്‍ത്താനുള്ള അധിക ബാദ്ധ്യത സൃഷ്ടിക്കുന്നു. കളവും കൈക്കൂലിയും കൊള്ളയും ജയിലുമല്ലാതെ മുതലാളിത്തത്തിനു് മറ്റു് മാന്യമായ മുഖമൊന്നും ബാക്കിയില്ലാതായിരിക്കുന്നു.
പൊതുമുതല്‍ കൊള്ളയടിച്ചു് ലാഭം കാട്ടാനും പൊതു മുതല്‍ ഉപഭോഗം ചെയ്യാനും മുതലാളിത്തത്തിന്റെ ആവശ്യമില്ല. സോഷ്യലിസത്തിനു് മേല്‍ മുതലാളിത്തത്തിന്റെ മേന്മ പറഞ്ഞിരുന്നതു് സംരംഭകത്വമാണു്, ഉല്പാദന ശക്തികളുടെ വികാസമാണു്, ചലനാത്മകതയാണു്, ഉല്പാദന വര്‍ദ്ധനവാണു്, മിച്ചോല്പാദനമാണു്, ലാഭ വര്‍ദ്ധനവാണു്. അതൊന്നും ഉറപ്പാക്കാന്‍ ഇന്നു് മുതലാളിത്തത്തിനു് കഴിയാതായിരിക്കുന്നു. ഇന്നു് പൊതു മുതല്‍ കൊള്ള മാത്രമാണു് മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പിന്നാധാരമായിട്ടുള്ളതു്. മുതലാളിത്തത്തിന്റെ പ്രസക്തി അവസാനിച്ചിരിക്കുന്നു. വിതരണത്തിന്റെ കാര്യത്തില്‍ മേന്മ സോഷ്യലിസത്തിനാണെന്നു് പണ്ടേ മുതലാളിത്ത പണ്ഡിതന്മാര്‍ സമ്മതിച്ചു് തന്നിട്ടുള്ളതാണു്.
മിച്ച മൂല്യത്തിലൂടെയുള്ള മൂലധന രൂപീകരണം ദീര്‍ഘകാലം കൊണ്ടാണു് തൊഴിലാളികളുടെ പാപ്പരീകരണത്തിലൂടെ പ്രതിസന്ധി സൃഷ്ടിക്കുന്നതെങ്കില്‍ കൊള്ളയിലൂടെയുള്ള പ്രാകൃതമൂലധന സമാഹരണം സമൂഹത്തെ മൊത്തത്തില്‍ പൊടുന്നനെ പാപ്പരീകരിക്കുകയും പ്രതിസന്ധി രൂക്ഷമാക്കുകയുമാണു് ചെയ്യുന്നതു്. മുതലാളിത്തത്തിന്റെ ആദ്യകാല പ്രാകൃത മൂലധന സമാഹരണം മുതലാളിത്ത പ്രതിസന്ധിക്കു് വഴിവെക്കുമായിരുന്നില്ല. കാരണം ചരക്കു് കമ്പോളത്തില്‍നിന്നല്ല ആ സമ്പത്തു് അടിച്ചു് മാറ്റപ്പെട്ടിരുന്നതു്. എന്നാല്‍ ഇന്നത്തെ പ്രാകൃത മൂലധന സമാഹരണം, പൊതു മുതല്‍ കൊള്ള ചരക്കു് കമ്പോളത്തില്‍ നിന്നു് ധനം അടിച്ചു് മാറ്റപ്പെടുകയാണു്. അതു് ജനങ്ങളുടെ വാങ്ങല്‍ക്കഴിവു് നേരിട്ടിടിക്കുകയാണു്. പ്രതിസന്ധി അതിവേഗം രൂക്ഷമാക്കുകയാണു്.
ചുരുക്കത്തില്‍, മുതലാളിത്ത പ്രതിസന്ധി മറച്ചു് വെയ്ക്കാനോ തല്‍ക്കാലത്തേക്കെങ്കിലും മുന്നോട്ടു് മാറ്റി വെക്കാനോ ആയി കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്ത മറു വഴികളൊന്നും, വിദേശ കമ്പോളമോ, കോളനികളോ, യുദ്ധമോ, മൂലധന കയറ്റുമതിയോ പുതിയ വ്യവസായ മേഖലയോ പുതിയ കമ്പോളമോ ഒന്നും ഇന്നു് മുതലാളിത്തത്തിനു് ലഭ്യമല്ല. പ്രതിസന്ധി എന്നു് മാറുമെന്നു് പറയാന്‍ പോലും മുതലാളിത്ത പ്രഭുക്കള്‍ക്കിന്നു് കഴിയുന്നില്ല.
ജനങ്ങള്‍ തെരുവിലിറങ്ങാതെ നിവൃത്തിയില്ലാതായിരിക്കുന്നു. അവര്‍ ഇറങ്ങിയിരിക്കുന്നു. ഭരണാധികാരികള്‍ക്ക് ആയുധമെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതായിരിക്കുന്നു. അവരതും ചെയ്യുന്നു. മഹത്തായ സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റെയും പേരില്‍ അഭിമാനിച്ചിരുന്ന അമേരിക്കന്‍ ജനത ഇന്നു് സ്വന്തം ഭരണാധികാരികളുടെ ഭാഗത്തു് നിന്നു് കുരുമുളകു് പൊടി പ്രയോഗം ഏല്ക്കുന്നു.
അമേരിക്കയും ലോകം തന്നെയും മാറ്റത്തിനു് വേണ്ടി ദാഹിക്കുകയാണു്. മാറ്റത്തിന്റെ കാറ്റു് വേഗമേറുന്നു. മുതലാളിത്തം സോഷ്യലിസത്തിനു് വഴിമാറിയേ തീരൂ. കാരണം, സാമൂഹ്യമായ ഉല്പാദനമാണു് മുതലാളിത്തത്തില്‍ നടക്കുന്നതു്. അതിനു് ഒരു വിധത്തിലും പൊരുത്തപ്പെടാത്ത സ്വകാര്യ കയ്യടക്കല്‍ ആണു് പ്രതിസന്ധിയുടെ അടിസ്ഥാനം. സാമൂഹ്യമായ ഉല്പാദനത്തോടൊപ്പം സാമൂഹ്യമായ സ്വായത്തമാക്കലാണു് സോഷ്യലിസം. പ്രതിസന്ധിയില്ലാതെ ഉല്പാദന പ്രക്രിയ മുന്നോട്ടു് കൊണ്ടു് പോകാന്‍ സോഷ്യലിസത്തിനേ കഴിയൂ.
ജോസഫ് തോമസ്
16-10-2011
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
October
(26)
- മുതലാളിത്തം സോഷ്യലിസത്തിനു് വഴിമാറിയേ തീരൂ.
- എന്തു് കൊണ്ടു് പൊതുമുതല്‍ കൊള്ളയും ക്ഷേമ പദ്ധതികളു...
- ധനമൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തി - പ്രൊഫ. കെ എന്‍...
- നവഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭം - കെ വ...
- വിടവാങ്ങല്‍ വെല്ലുവിളിച്ചും കീഴടങ്ങിയും
- കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട പോക്ക്
- System Error Capitalism Is Crashed! Install New Sy...
- സൂക്കോട്ടി പാര്‍ക്കും പിങ്ക് സ്ലിപ്പും - റെജി പി ജ...
- അറബ് വസന്തം ശിശിരമാക്കാന് യുഎസ് - പി ഗോവിന്ദപ്പിള്ള
- അമേരിക്കയിലെ "മൂലധനം തിരിച്ചു് പിടിക്കല്‍" സമരം
- വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം - പ...
- കോര്‍പറേറ്റ് ഉടമകള്‍ക്ക് പ്രത്യേക നീതിയോ?
- കുത്തക കമ്പനികളുടെ തട്ടിപ്പുകളും അവ മൂടിവെക്കുന്നത...
- ഒരു പ്രാകൃത മൂലധന സഞ്ചയന വ്യവസ്ഥ - പ്രൊ. പ്രഭാത് പ...
- മുതലാളിത്തത്തിനു് ദശാമാറ്റത്തിന്റെ കാലം - പ്രൊ. പ്...
- For an Effective Lokpal: Government has to Respond...
- Stand of the Communist Party of India (Marxist) -...
- Finance Capital made Capitalism Redundant
- The Finance Capital and Plunder of Social assets
- അഴിമതി രഹിത ഇന്ത്യ – അണ്ണാ ഹസാരെ സംഘത്തിന്റെ സമരം ...
- CORRUPTION: CHALLENGE TO INDAN DEMOCRACY - K.N.PAN...
- Corruption and Development - Anupama Jha, Executiv...
- Corporate frauds and role of media in the cover up...
- THE RAPE OF BELLARY (KARNATAKA)
- A REGIME OF PRIMITIVE ACCUMULATION - Prabhat Patnaik
- A CLIMACTERIC FOR CAPITALISM - Prabhat Patnaik
-
▼
October
(26)
No comments:
Post a Comment