പൊതു ഉടമസ്ഥതയിലായിരുന്ന, ഈ രംഗത്തെ പ്റൊഫഷണലുകളുടെ അറിവായിരുന്ന, സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ കൈയ്യടക്കി, അവയെ നിഗൂഢവല്‍ക്കരിച്ച്, അവയില്‍ കുത്തകാധിപത്യം സ്ഥാപിച്ച്, നിലനിര്ത്തി, തനത് മേഖലയിലെ മേലേക്കിടയിലുള്ള ഒരു ചെറിയ വിഭാഗം തൊഴിലാളികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട കൂലി കൊടുത്തുകൊണ്ട് ആ മേഖലയിലെ തന്നെ ബഹുഭൂരിപക്ഷത്തേയും ഇതര മുഴുവന്‍ മേഖലകളേയും കടുത്ത ചൂഷണത്തിനിരയാക്കുകയാണ് ഇന്ന് സാമ്റാജ്യത്വം ചെയ്തുവരുന്നത്. പൊതുസ്വത്തായിരുന്ന തങ്ങളുടെ ഉപകരണങ്ങള്‍ തട്ടിയെടുത്ത് ചൂഷണോപധിയാക്കിയ, തങ്ങളുടെ കണ്‍മുന്പില്‍ നടക്കുന്ന, സാമ്റാജ്യത്വ കുടിലതയ്ക്കെതിരെ ആഗോളമായി വിവര സങ്കേതിക വിദ്യാ തൊഴിലാളികളുടെ സ്വാഭാവിക പ്റതികരണമായാണ് സ്വതന്ത്റ സോഫ്റ്റ്‌വെയര്‍ കൂട്ടയ്മ ഉയര്‍ന്നു വന്നത്.
ഇരുപതാം നൂറ്റാണ്ടിന്‍റ്റെ അവസാന പതിറ്റാണ്ട് വരെ സോഫ്റ്റ്‌വെയര്‍ സാമൂഹ്യ ഉടമസ്ഥതയില്‍ തുടര്‍ന്നിരുന്നു. അടിസ്ഥാന സോഫ്റ്റ്‌വെയറുകളില്‍ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി അവയ്ക്ക് പേറ്റെന്‍റ്റ് നേടി പണമുണ്ടാക്കാനുള്ള മാര്‍ഗം തെളിഞ്ഞത് ഉറുഗ്വേ വട്ടം ഗാട്ട് ചര്ച്ചയുടേയും അതില്‍ ധാരണ ഉണ്ടാകാതെ വന്നപ്പോള്‍ സാമ്റാജ്യത്വ ശക്തികള്‍ പടച്ചുണ്ടാക്കിയ ലോക വ്യാപാര സംഘടനയുടേയും കുടക്കീഴിലാണ്. ഭൂമിയിലോ മറ്റുല്‍പാദനോപാധികളിലോ സ്വകാര്യ ഉടമസ്ഥത നൂറ്റാണ്ടുകള്‍കൊണ്ട് ഉരുത്തിരിഞ്ഞ് വന്നതും നൂറ്റാണ്ടുകളായി നിലനില്ക്കുന്നതുമാണെന്നതിനാല്‍ ഇന്നത്തേ തലമുറയ്ക്ക് പൊതു ഉടമസ്ഥത നിലനിന്നിടത്ത് അക്കാലഘട്ടത്തിന്‍റ്റെ ആവശ്യമെന്ന നിലയില്‍ സ്വകാര്യ ഉടമസ്ഥതയുടെ പുതിയ ബന്ധങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതാണെന്നും തുടര്‍ന്ന് വളച്ചുകെട്ടലിലൂടെയും ബലപ്റയോഗത്തിലൂടെയും ശക്തിപ്പെട്ടതാണെന്നും മാറിയ ചുറ്റുപാടില്‍ പൊരുത്തപ്പെടാത്ത ഈ ബന്ധം മാറ്റപ്പെടാവുന്നതണെന്നും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ, എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി നടന്ന സോഫ്റ്റ്‌വെയറിന്‍റ്റെ രംഗത്തെ സ്വകാര്യ വെട്ടിപ്പിടുത്തവും അതിന്‍റ്റെ ഫലങ്ങളും സോഫ്റ്റ്‌വെയര്‍ രംഗത്തു തന്നെ പണിയെടുത്തുകൊണ്ടിരുന്ന പ്റൊഫഷണലുകള്‍ നേരില്‍ കണ്ടറിയുകയാണിന്ന്.
മുതലാളിത്തം വളര്‍ന്നത് അക്കാലഘട്ടത്തിലെ കൈത്തൊഴിലുകാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചു പറിച്ചുകൊണ്ടായിരുന്നു. അവരുടെ വ്യക്തിസ്വത്തായിരുന്ന ചെറു ഉപകരണങ്ങള്‍ക്ക് പകരം വന്‍കിട യന്ത്റങ്ങള്‍ സ്ഥാപിച്ചുകൊണ്ടൂള്ള കൂറ്റന്‍ ഫാക്ടറികള്‍ പടുത്തുയര്‍ത്തിക്കൊണ്ടും അവയില്‍ നിന്നിറക്കിയ ഉല്പ്പന്നങ്ങളുടെ കുറഞ്ഞ വില എന്ന ആകര്‍ഷണം ഉപയോഗിച്ച് അവരെ രംഗത്തു നിന്ന് നിഷ്ക്റമിപ്പിച്ചുകൊണ്ടുമായിരുന്നു. കൈത്തൊഴിലുകാര്‍ ചിതറിക്കിടന്ന അസംഘടിതരായിരുന്നു, വെട്ടിപ്പിടുത്തം പരോക്ഷമായിരുന്നു, അന്ന് പിടിച്ചുപറിക്കപ്പെട്ടത് ഭൌതികോപകരണങ്ങളായിരുന്നു, ബൌദ്ധിക സ്വത്തവകാശം അന്ന് ബാധകമായിരുന്നുമില്ല. ഇന്നാകട്ടെ, രംഗം വിവരവിനിമയമാണ്, ഇരകള്‍ പ്റൊഫെഷണലുകളാണ്, അവരൊഴിച്ച് മറ്റാര്‍ക്കും നാളിതുവരേ വഴങ്ങാത്ത വിവരവിനിമയ ശ്റുംഖലയാകട്ടെ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു, അതുപയോഗിക്കാനും മറ്റാരേക്കാളും അവര്‍ക്കാണ് കഴിയുക, ഔപചാരികമായതെങ്കിലും, ജനാധിപത്യം, പൂര്ണ്ണമായല്ലെങ്കിലും വളരെയേറെ വികസിച്ചിരിക്കുന്നു, സാമ്റാജ്യത്വം തങ്ങളുടെ താല്പ്പര്യത്തില്‍ ബൌദ്ധിക സ്വത്തവകാശം നിലവില്‍ വരുത്തിയിരിക്കുന്നു, സ്വത്തവകാശം സമൂഹത്തിനുമാകാം, പുറംപോക്കുപോലെ, നദികള്‍ പോലെ, മേച്ചില്‍സ്ഥലം പോലെ, റോഡുകള്‍ പോലെ. പൊതു ഉടമസ്ഥതയിലായിരുന്ന, പ്റൊഫെഷനലുകളുടെ അറിവായിരുന്ന സോഫ്റ്റ്‌വെയറും വളച്ചുകെട്ടപ്പെടാത്ത വിധത്തില്‍ പൊതു ഉടമസ്ഥതയില്‍ നിലനിര്ത്താനാവശ്യമായ നിയമ ചട്ടക്കൂടാണ് ജി.പി.എല്‍. സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്റൊഫെഷണലുകലുടെ പ്റതികരണം ചടുലവും ശക്തവും തീക്ഷ്ണവുമായത് സ്വഭാവികം മാത്റമാണ്.
ഇന്ന് നമ്മുടെ നാട്ടില്‍ ഭൂമി പുറംപോക്കുകള്‍ പോലും വളച്ചുകെട്ടപ്പെടുന്ന അവസ്ഥയില്‍ പൊതു ഉടമസ്ഥതയുടെ പ്റശ്നം, മറ്റുമേഖലകളിലും അതിന്‍റ്റെ പ്റയോഗ സാധ്യത, ഉല്പ്പാദനോപാധികളുടെ പൂര്‍ണ്ണമായ പൊതു ഉടമസ്ഥതയിലേക്കുള്ള പരിവര്‍ത്തനതിന്‍റ്റെ ഗതിവേഗം കൂട്ടുന്നതിനുള്ള സാധ്യതകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സജീവമാകാന്‍ ഈ വിഷയത്തിന്മേലുള്ള ചര്‍ച്ചകള്‍ വഴിയൊരുക്കുന്നു.
സോഫ്റ്റ്‌വെയര്‍ രംഗത്തെ ഇത്തരം പ്റവണതകള്‍, ഉല്പ്പദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയില്‍ അധിഷ്‌ഠിതമായ മുതലാളിത്തം മാറ്റി പൊതു ഉടമസ്ഥതയില്‍ അധിഷ്‌ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാന്‍ നിലകൊള്ളുന്ന പ്റസ്ഥാനങ്ങള്‍ക്ക് പ്റചോതനമേകുന്നതാണ്. തൊഴിലാളി വര്‍ഗത്തിന്‍റ്റെ ഭാഗമെങ്കിലും നാളിതുവരേ തൊഴിലാളികളെന്ന് സ്വയം വിശേഷിപ്പിക്കാന്‍ തയ്യാറാകാതിരുന്ന, ഇന്നും അതിന് പൂര്‍ണ്ണമായി തയ്യറായിക്കഴിഞ്ഞിട്ടില്ല, ബൌദ്ധിക തൊഴിലാളികള്‍ സംഘടിത തൊഴിലാളികള്‍ക്കൊപ്പം അണിചേരുന്നതിന്‍റ്റെ വ്യക്തമായ സൂചനകൂടിയാണിത്. അദ്ധ്വാനശക്തിയുടെ ചരക്ക് രൂപവും സന്പത്തിന്‍റ്റെ പണരൂപവും മിച്ചമൂല്യം സ്വയത്തമാക്കുന്നതിലൂടെയുള്ള പരോക്ഷമായ ചൂഷണവും അത് സാധരണ തൊഴിലാളികളില്‍ നിന്ന് മറച്ചുപിടിക്കാന്‍ മുതലാളിത്തത്തിനെ സഹായിക്കുന്നുണ്ട്. പക്ഷേ, ബൌദ്ധിക തൊഴിലാളികളായ വിവര സങ്കേതിക വിദ്യാ രംഗത്തെ പ്റൊഫെഷണലുകളുടെ കാര്യത്തില്‍ അവരുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച ഉപകരണങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടുന്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ക്ന്പനികള്‍ക്കെതിരേ നില്ക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയാണ്. ലോകവ്യാപകമായി പ്റൊഫഷണലുകളുടെ കൂട്ടായ്മ കെട്ടിപ്പടുക്കാനും അവരുടെ അദ്ധ്വാനവും കഴിവുകളും പരസ്പര പൂരകമായി പ്റയോജനപ്പെടുത്താനും അതിലൂടെ കുത്തക സോഫ്റ്റ്‌വെയര്‍ കന്പനികളേക്കാള്‍ വിപുലമായ വിഭവങ്ങള്‍ സമാഹരിക്കാനും കുത്തകകള്‍ക്കെതിരേ ശക്തമായി പ്റതികരിക്കാനും അവരുടേതിനേക്കാള്‍ മെച്ചപ്പെട്ട സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാനും തങ്ങളുടെ വരുതിയിലുള്ള വിവര വിനിമയ ശ്റുംഖലയും അതിലൂടെ കോര്‍ത്തിണക്കപ്പെടുന്ന പ്റൊഫെഷണലുകളുടെ ആഗോള കൂട്ടായ്മയും അവര്‍ക്ക് സഹായകമാകും. മുതലാളിത്ത ആഗോളവല്‍ക്കരണത്തിനെതിരേ തൊഴിലാളി വര്‍ഗ സാര്‍വദേശീയതയുടെ ഒരു രൂപരേഖ ഇവിടെ തെളിയുന്നു.
കൊച്ചി,
11-07-2008