കേരളത്തിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ് ഭൂപടം തയ്യാറാക്കാന്‍ പ്രശസ്ത സെര്‍ച്ച് യന്ത്രമായ 'ഗൂഗിള്‍' 'കേരള മാപ്പിങ് പാര്‍ട്ടി' നടത്തുന്നതായും റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന് സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ് പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് ഇന്റലിജന്‍സ് മേധാവി ഡോ സിബി മാത്യൂസ് അറിയിച്ചതായും വാര്‍ത്ത വന്നിരിക്കുന്നു
ഇക്കാര്യത്തില്‍ മൂന്നു് നിലപാടുകളാണു് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒന്ന്, ഭൂപട മാപ്പിംഗ് നടത്തുന്നതും അതിലെ വിവരങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും, അതിനാല്‍ ഈ വിവരം സര്‍ക്കാരിന്റെ പ്രതിരോധ-രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങള്‍ക്കു് മാത്രമേ ശേഖരിക്കാനും സംഭരിക്കാനും അനുവദനീയമാകാവൂ, സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഭൂപട മാപ്പിങ്ങു് നടത്തുന്നതും വിവരം കൈവശം വെയ്ക്കുന്നതും അനുവദനീയമല്ല എന്നതാണു്. രണ്ട്, ഗൂഗിള്‍ എന്ന ബഹുരാഷ്ട്ര ഭീമനുമായി ചേര്‍ന്നു് സംയുക്ത ഭൂപട മാപ്പിങ്ങു് നടത്തുന്നതിലൂടെ രാജ്യത്തിനു് ഗുണകരമായ വിവരങ്ങള്‍ ലഭ്യമാക്കാനും സാങ്കേതിക ജ്ഞാനം കൈവരിക്കാനും കഴിയുമെന്നതാണു്. മൂന്നാമത്തെ നിലപാടു്, ഭൂപട മാപ്പിങ്ങില്‍ തെറ്റില്ല, വിവരം സാമൂഹ്യ ഉടമസ്ഥതയിലായിരിക്കണമെന്നും അതു് സമൂഹത്തില്‍ എല്ലാവര്ക്കും ഒരേ പോലെ ലഭ്യമായിരിക്കണം എന്നതുമാണു്.
ഒന്നാമത്തെ വാദഗതി അംഗീകരിച്ചാല്‍, സര്‍ക്കാരിന്റെ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പു് പദ്ധതിയടക്കം അനുവദിക്കാന്‍ പാടില്ലെന്ന് വരും. പഞ്ചായത്തു് തല മാപ്പിങ്ങിനെ പറ്റി നേരത്തെ വിവാദങ്ങള്‍ ഉണ്ടായിട്ടുള്ളതാണു്. വിവരം ശേഖരിച്ചാല്‍ അതു് സാമ്രാജ്യത്വം കൊണ്ടുപോകും അതിനാല്‍ അവ ശേഖരിക്കപ്പെടാനും ഉപയോഗിക്കപ്പെടാനും പാടില്ല എന്നതു് വരെയെത്തുന്നു ആ വാദഗതി. വസ്തുതയാകട്ടെ, ഏറ്റവുമേറെ മൂലധനശക്തിയുള്ളതും ലോകത്തിലെ ഏറ്റവും വലിയ ഭികരവാദികളുമായ സാമ്രാജ്യത്വത്തിനു് ഈ വിവരങ്ങള്‍ അവരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണെന്നതാണു്. ആകാശത്തുനിന്നെടുക്കുന്ന മാപ്പില്‍ ഒരു മീറ്ററിനു് താഴെ കൃത്യതയില്‍ ചിത്രം (വിവരം തന്നെയാണു്) ഇന്നു് ലഭ്യമാണു്. എന്നാല്‍, അവയെ നാമകരണമടക്കം കൃത്യവും സുസംഘടിതവുമായ വിവരമാക്കി മാറ്റുക എന്നതാണു് ഭൂപട മാപ്പിങ്ങിലൂടെ നടക്കുന്നതു്. അത്തരത്തില്‍ വിവരം സ്വന്തമാക്കുന്നതിനും കുത്തക സ്ഥാപിക്കുന്നതിനും ധന സമ്പാദനത്തിനായി ഉപയോഗിക്കുന്നതിനുമാണു് ഗൂഗിളിന്റെ ശ്രമം. അത്രത്തോളം കൃത്യതയില്ലെങ്കിലും പ്രതിരോധ-തന്ത്രപ്രധാന സ്ഥാനങ്ങളുടെ വിവരങ്ങള്‍ ആകാശ മാപ്പില്‍ അടയാളപ്പെടുത്തിയാണു് ഇന്നു് ഉപയോഗിക്കുന്നതു്. സാമ്രാജ്യത്വ രാജ്യങ്ങളിലെ മാത്രമല്ല, മിക്കവാറും വികസിത നാടുകളിലെ ബഹിരാകാശ വിഭാഗവും പ്രതിരോധ-സൂരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങളും ഇപ്പോള്‍ തന്നെ അത്തരം വിവരം ഉപയോഗിച്ചാണു് പ്രവര്‍ത്തിക്കുന്നതു്. സാമ്രാജ്യത്വ ഭീകരവാദത്തിന്റെ മറുപുറവും അവരുടെ തന്നെ സൃഷ്ടികളുമായ ഇതര ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും ഈ വിവരത്തിനു് ഒരു പഞ്ഞവുമില്ല. അമേരിക്കയുടെ അഭിമാനസ്തംഭമായ ലോകവ്യാപാര കേന്ദ്രം തകര്‍ക്കാന്‍ അവര്‍ക്കു് കഴിഞ്ഞു. മുംബെ ആക്രമണവും നമുക്കു് നേരിടേണ്ടി വന്നു. നമ്മുടെ സുരക്ഷാ സംവിധാനത്തേക്കാള്‍ കൃത്യമായ വിവരം ഭീകരന്മാര്ക്കു് ലഭ്യമായിരുന്നു എന്നു് കാണാം. ഈ വാദഗതി അംഗീകരിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കും ഇത്തരം വിവരവും അതുപയോഗിച്ചുള്ള സൌകര്യങ്ങളും ലഭിക്കാതെ പോകുമെന്നതു് മാത്രമല്ല, നമ്മുടെ പ്രതിരോധ-സുരക്ഷാ വിഭാഗങ്ങള്‍ക്കും വേണ്ടത്ര കൃത്യതയുള്ള വിവരം വേണ്ട സമയത്തു് ലഭിക്കാതെ പോകുക മാത്രമാണു് ഫലം.
രണ്ടാമത്തെ വാദഗതി, സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്തു് നിന്നു് തന്നെയാണെന്നതു് വിചിത്രമായി തോന്നാം. സര്‍ക്കാരിന്റെ തന്നെ വിവിധ ഘടകങ്ങളായ പ്രതിരോധ-സുരക്ഷാ-രഹസ്യാന്വേഷണ വകുപ്പുകളും സിവിലിയന്‍ വകുപ്പുകളും തമ്മിലുള്ള ഈ വിവര വിടവു് വിവര സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടവും അതിലൂടെ വിസ്ഫോടനവും നടന്നു് കഴിഞ്ഞിരിക്കുന്ന ഇക്കാല ഘട്ടത്തിലും നിലനില്ക്കുന്നു എന്നതു് പരിതാപകരമായ അവസ്ഥ തന്നെയാണു്. സിവിലിയന്‍ വിവരങ്ങളും പ്രതിരോധ തന്ത്ര പ്രധാനമായ വിവരങ്ങളും പ്രത്യേകം സൂക്ഷിക്കാന്‍ വിവര സാങ്കേതിക വിദ്യയുടെ തന്നെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതു് അവയെ ഇന്നും അലട്ടിയിട്ടില്ലെന്നു് തോന്നുന്നു. അതല്ല, ഇവിടെ പ്രസക്തമായ വിഷയം. ഗൂഗിളുമായി ചേര്‍ന്നുള്ള സംയുക്തമാപ്പിങ്ങു് പ്രോജക്ടിലൂടെമാത്രമേ വിവരവും സാങ്കേതിക പ്രവര്‍ത്തന ജ്ഞാനവും പരിചയവും ലഭിക്കുകയുള്ളു എന്ന നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരമില്ലായ്മയാണു് രണ്ടാം വാദഗതിയില്‍ മുഴച്ചു നില്ക്കുന്നതു്. ഗൂഗിളിനു് രണ്ടു് കാര്യങ്ങളാണു് സ്വന്തമായുള്ളതു്. ഒന്നു്, സോഫ്റ്റു്വെയറടക്കം വിവരം കൈകാര്യം ചെയ്യുന്നതിന്റെ സാങ്കേതിക ജ്ഞാനം. രണ്ടു് മൂലധന ശേഷി. ഒന്നാമത്തേതു്, സാങ്കേതിക ജ്ഞാനം, ഗൂഗിളിനേപ്പോലെ തന്നെ ഇന്ത്യയിലും കേരളത്തിലും ലഭ്യമാണു്, പ്രത്യേകിച്ചും സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിക്കുന്നവര്‍ക്കു്. ഏതെങ്കിലും വിഷയത്തില്‍ പരിചയമില്ലെങ്കില്‍ അതു് പ്രയോഗിച്ചു് പഠിക്കേണ്ടവയാണു്. അതു് ചെയ്താല്‍ മതി. നമ്മുടെ താല്പര്യം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടുണ്ടെങ്കില്‍ ഗൂഗിളിന്റെ മൂലധന ശേഷിക്കു് പുറകേ നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും പോകാന്‍ പാടില്ല.
മൂന്നാമത്തെ വാദഗതി, ഭൂപട മാപ്പിങ്ങു് ആരു് നടത്തുന്നതിലും തെറ്റില്ലെന്നും, എന്നാല്‍, വിവരം സാമൂഹ്യ ഉടമസ്ഥതയിലായിരിക്കണം എന്ന വ്യവസ്ഥയോടെ മാത്രമേ പാടുള്ളു എന്നതുമാണു്. നിലവിലുള്ള സാങ്കേതിക സാധ്യതകളും സുതാര്യതാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ താരതമ്യേന ഏറ്റവും സ്വീകാര്യമായ നിലപാടിതായിരിക്കും. എന്നാല്‍ ഗൂഗിളും ഈ പൊതു ഉടമസ്ഥത എന്ന നിബന്ധന അംഗീകരിക്കാം. കാരണം, അവര്‍ക്കു് അതിലൂടെ കൃത്യതയുള്ള, സാങ്കേതികമായും പ്രായോഗികമായും പ്രാദേശിക സമൂഹത്തിന്റേ മാത്രം വകയായ, വിലപിടിച്ച വിവരം കൈവശമാവുകയാണു്. അതവര്‍ക്കു്, അവരുടെ ധന ശേഷി ഉപയോഗിച്ചു് കൂടുതല്‍ ധന സമാഹരണത്തിനു് ഉപയോഗപ്പെടുത്താവുന്നതാണു്. മാത്രമല്ല, അവരുടെ നിയമപരമായ വിധേയത്വം അമേരിക്കന്‍ സര്‍ക്കാരിനോടു് മാത്രമാണെന്ന വസ്തുത കണക്കിലെടുക്കമ്പോള്‍, രാജ്യങ്ങള്‍ തമ്മിലും ജനസമൂഹങ്ങള്‍ തമ്മിലും സാമ്പത്തിക-സാങ്കേതിക-സാമൂഹ്യ രംഗങ്ങളില്‍ ഭീമമായ അന്തരം നിലനില്‍ക്കുന്ന, ഇന്നത്തെ, വര്‍ഗ വിഭജിത സമൂഹത്തില്‍, കേവലമായ സാങ്കേതിക സാധ്യതകളും സുതാര്യതാ മാനദണ്ഡങ്ങളും മാത്രം കണക്കിലെടുത്തുള്ള നിലപാടു് പ്രാദേശിക-ദേശീയ താല്പര്യത്തിനു് അനുയോജ്യമാകില്ല.
നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ശേഖരിക്കുന്ന വിവരം ഒരു കാരണവശാലും ഗൂഗിള്‍ പോലൊരു കുത്തകയുടെ കയ്യിലേയ്ക്കു് പോകുന്നതു് ഉചിതമല്ല. സര്‍ക്കാരിന്റെ വിഭവ ശേഷി ഉപയോഗിച്ചു് ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ സര്‍ക്കാരിന്റെ സംഭരണിയില്‍ തന്നെയുണ്ടായിരിക്കണം. നമ്മുടെ നാടിനെ കുറിച്ചു് നമ്മളാര്ജ്ജിച്ചെടുക്കുന്ന വിവരത്തിന്റെ അവകാശം നമ്മുടെ പൊതുസ്വത്താകണം. സിവില്‍ സമൂഹത്തിനും അതിന്റെ ഗുണം ലഭിക്കുകയും വേണം. സാമ്രാജ്യത്വം കൈക്കലാക്കും എന്ന കാരണം പറഞ്ഞു് വിവരം ശേഖരിക്കുന്നതിനേയും ഉപയോഗിക്കുന്നതിനേയും അപ്പാടെ എതിര്‍ക്കുന്നതും യുക്തിസഹമല്ല. കാരണം, അവര്‍ക്കു് ആവശ്യമുള്ള വിവരം നിലവിലുള്ള സാങ്കേതിക സാധ്യതകള്‍ ഉപയോഗിച്ചു് തന്നെ നമുക്കുള്ളതിനേക്കാള്‍ കൃത്യതയോടെ കൈവശമാക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. ഇന്നത്തെ ചാര ഉപഗ്രഹങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍ നല്കാന് കഴിയും. ഇതുതടയാന്‍ നമുക്ക് സാധ്യവുമല്ല. GPS ഉപകരണവും കമ്പ്യുട്ടറും ഉണ്ടെങ്കില്‍ പേരു് വിവരവും കൃത്യമായ സ്ഥാനവും അടക്കം പ്രാദേശികമായി മാത്രം ലഭ്യമാകുന്ന ഏതു് വിവരവും ആരുടേയും ശ്രദ്ധയില്‍ പെടാതെ ശേഖരിക്കാനും ഉപഗ്രഹമെടുത്ത മാപ്പില്‍ വിന്യസിക്കാനും കഴിയും. ഇക്കാര്യത്തില്‍, നമ്മുടെ നഗരങ്ങള്‍ക്കും തന്ത്ര പ്രധാനമായ സ്ഥലങ്ങള്‍ക്കും ഒരു സംരക്ഷണവും സാധ്യമല്ല. ഇത്തരം നിയന്ത്രണങ്ങള്‍ സിവില്‍ ഉപയോഗങ്ങള്‍ക്ക് മാത്രമേ തടസ്സമാകു. ഭീകരന്മാര്ക്കും മുതലാളിത്ത ശക്തികള്‍ക്കും വിവരം ആവശ്യത്തിനു കിട്ടുകയും ചെയ്യും. ഗൂഗിളിന്റെ അമേരിക്കന്‍ വിധേയത്വം അമേരിക്കയോടും മറ്റു് രാഷ്ട്രങ്ങളോടും അവര്‍ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടില്‍ നിന്നും വ്യക്തമാണു്. വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന അസ്വീകാര്യമായ നിലപാടു്, ഗൂഗിള്‍ മാപ്പിന്റെ അവകാശപ്രഖ്യാപനത്തില്‍ നിന്നും മനസ്സിലാക്കാം.
സാധ്യമായ, ഏറ്റവും സ്വീകാര്യമായ നിലപാടു്, അപകടമുള്ളതിനാല്‍ വിവരം ശേഖരിക്കാതെയും ഉപയോഗിക്കാതെയും ഇരിക്കുക എന്നതല്ല, മറിച്ചു്, നാം തന്നെ നമ്മുടെ വിവരങ്ങള്‍ ശേഖരിക്കുകയും സംഭരിക്കുകയും ആവശ്യക്കാര്‍ക്കു് ആവശ്യമുള്ള വിവരം ക്രമീകൃതമായും നിയന്ത്രിതമായും എടുത്തുപയോഗിക്കാന്‍ പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ടു്, ലഭ്യമാക്കുക എന്നതുമാണു്. ഇതിനു്, ഏറ്റവും യുക്തമായ സംവിധാനം വിവരങ്ങള്‍ അവയുടെ യഥാര്‍ത്ഥ ഉടമകളായ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ശേഖരിച്ചു് സംഭരിച്ചു് സൂക്ഷിക്കുകയും നിരന്തരം ഉപയോഗത്തിലൂടെ കാലാനുസൃതമാക്കി സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണു്. വ്യത്യസ്ഥ ആവശ്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ അതതു് രംഗത്തുള്ളവര്ക്കു് ലഭ്യമാകത്തക്ക തരത്തിലുള്ള ഉപഭോക്തൃമാനദണ്ഡങ്ങളോടെ (user rights) വിവരം എടുത്തുപയോഗിക്കാനുള്ള ക്രമീകരണം ഉണ്ടായിരിക്കണം. വിവര ഘടനയും, മാനദണ്ഡങ്ങളും, ക്രമീകരണങ്ങളും കേന്ദ്രീകൃതമായി തീരുമാനിക്കുകയും എല്ലാ സംഭരണികള്‍ക്കും അതു് ബാധകമാക്കുകയും വേണം. എന്നാല്‍ പ്രാഥമിക വിവരം തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ മാത്രം സൂക്ഷിക്കുകയും മറ്റിതര വകുപ്പുകളും സര്‍ക്കാര്‍ തലങ്ങളുമടക്കം ഉപയോക്താക്കളെല്ലാം അവിടെ നിന്നു് ശൃംഖലയിലൂടെ എടുത്തുപയോഗിക്കുകയും ചെയ്യുന്ന തരത്തിലുള്ള വികേന്ദ്രീകൃത വിവര വ്യവസ്ഥയായിരിക്കണം (Distributed data system) നിലവില്‍ വരുത്തേണ്ടതു്. ഇതിനായി സാമൂഹ്യ ഉടമസ്ഥതയിലുള്ള സ്വതന്ത്ര സോഫ്റ്റു്വെയറുകളും ഓപ്പണ്‍ ഡോക്യൂമെന്റു് ഫോര്‍മാറ്റുകളും മാത്രം ഉപയോഗിക്കുകയും വേണം. ഇതിനായി പ്രാദേശിക-ദേശീയ വൈദഗ്ദ്ധ്യം ആര്‍ജ്ജിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യണം. അത്തരം ഒരു വിവര സംഭരണി ശൃംഖല, നിലവില്‍ ഉയര്‍ത്തപ്പെടുന്ന മിക്കവാറും എല്ലാ ആശങ്കകളും പരിഹരിക്കും, എല്ലാ സാധ്യതകളും തുറന്നു് തരികയും ചെയ്യും. പുതുതായി ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാനും സാധ്യതകള്‍ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനും കഴിയും.
യാത്രയുമായും ടൂറിസവുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പു് പ്രൊജക്ടിനു് ലഭ്യമാകണം. വൈദ്യൂതി വിതരണ ശൃംഖലയ്ക്കു് വേണ്ടതു് അവര്‍ക്കു് കിട്ടണം. റെയില്വേയ്ക്കുള്ളതു് അവര്‍ക്കും. സര്‍വെ വകുപ്പിനു് ആവശ്യമായ വിവരം അവര്‍ക്കും രജിസ്ട്രേഷന് വകുപ്പിനു് വേണ്ടതു് അവര്‍ക്കും കിട്ടണം. പ്രതിരോധ-സുരക്ഷാ-തന്ത്രപ്രധാന സ്ഥാപനങ്ങളുടേയും സ്ഥാനങ്ങളുടേയും വിവരങ്ങള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കു് മാത്രമായി ലഭിക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നു് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നാഷണല്‍ യുണിക്കു് ഐഡി പ്രോജക്ടിനും ബാധകമാണു്. കേന്ദ്രീകൃത വിവര വ്യവസ്ഥ അതീവ ഗുരുതരമായ പ്രശ്നങ്ങളായിരിക്കും സൃഷ്ടിക്കുക.
പ്രാദേശികവും ദേശീയവുമായ, ഇത്തരത്തിലുള്ള, എത് സംരംഭങ്ങളെയും സാമ്രാജ്യത്വ ഭീഷണി ഉയര്‍ത്തി തടയുന്ന രീതിയും അതേസമയം തുറന്ന സമീപനത്തിന്റേയും സുതാര്യതയുടേയും സാങ്കേതിക സാധ്യതകളുടേയും പേരില്‍ എല്ലാ രംഗത്തും മേധാവിത്വം നിലനിര്‍ത്തുന്ന സാമ്രാജ്യത്വ താല്പര്യം സംരക്ഷിക്കുക എന്ന രീതിയും ശരിയല്ല. മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ചു് യുക്തമായ നിലപാടുകളായിരിക്കണം ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതു്. ഇന്റര്‍നെറ്റ് ഭുപടം ഉണ്ടാക്കുന്നതില്‍ പേടിച്ചിട്ടു് കാര്യമില്ല. കേവലാര്‍ത്ഥത്തില്‍ എതിര്‍ക്കേണ്ടതുമില്ല. കാരണം, അതിന്നൊരു യാഥാര്‍ത്ഥ്യമാണു്. എന്നാല്‍, ഗൂഗിള്‍ നടത്തുന്ന അറിവിന്റെ കുത്തകവല്‍ക്കരണം വിജ്ഞാന സ്വാതന്ത്ര്യത്തിനു് വിലങ്ങിടലാണു്. നമ്മുടെ സര്‍ക്കാര്‍ വിഭവശേഷിയും പ്രാദേശികമായി മാത്രം ലഭ്യമായ സാധ്യതകളും അതിനായി ഉപയോഗിക്കുന്നതിനുള്ള ശ്രമത്തോടാണു് ഇവിടെ എതിര്‍പ്പു് പ്രകടിപ്പിക്കേണ്ടതു്. അത്തരം പരിശ്രമങ്ങള്‍ ഒഴിവാക്കപ്പെടുക തന്നെ വേണം. പ്രാദേശിക-ദേശീയ താല്പര്യത്തിലുള്ള ബദല്‍ പരിശ്രമങ്ങള്‍ ഉണ്ടാകുകയും വേണം.
ജോസഫു് തോമസു്
കണ്‍വീനര്‍, വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി.